കാലവും ചരിത്രവും അതിരുകളാക്കിഒഴുകുന്ന പുരാവൃത്തങ്ങളാണ് നദികൾ .നദിയുടെ ഗർഭഗൃഹങ്ങളിലാണ് ജീവരാശി പിറന്നത്. നദീതടങ്ങളിൽ വിരിഞ്ഞ നാഗരികതയിലൂടെയാണ് ചരിത്രം ഇന്നോളം സഞ്ചലിച്ചത്. പുഴയേക്കാൾ പകിട്ടോടെ ചരിത്രം പറഞ്ഞു കേൾപ്പിക്കാനാർക്കും കഴിയാറില്ല. നമ്മൾ കാതോർക്കുന്ന കടങ്കഥകളിൽ കാലദേശങ്ങൾ കെട്ടുപിണഞ്ഞു കിടക്കും.
റോമൻ ചക്രവർത്തിയായിരുന്ന ഒറീലിയസ് രണ്ടാം ശതകത്തിലേ എഴുതി: 'കാലം ഒരു നദിയാണ്. പ്രചണ്ഡമായ സംഭവങ്ങൾ അതിൽ കുത്തിയൊഴുകുന്നു '.

അതങ്ങനെ തന്നെയാണ്;ആരുടെ മുന്നിലും പുഴയായൊഴുകുന്നത് ഭൂതകാലമാണ്. കാലത്തിന്റെ ഡയറിയിൽ കുറിക്കാനുള്ള വചനം ജലം തരുന്നു.കാലം പിന്നെയുമൊഴുകിക്കൊണ്ടിരിക്കും-പിരമിഡുകൾക്കരികിലൂടെ നൈലിനെപ്പോലെ. ഷോളോഖോവിന്റെ മുന്നിൽ ശാന്തമായൊഴുകുന്ന ഡോണിനെപ്പോലെ. 'കുറ്റിപ്പുറം പാല'ത്തിന്നടിയിലൂടെ ഇടശ്ശേരി കണ്ട ഭാരതപ്പുഴയായി, അഗസ്ത്യന്റെ കമണ്ഡലുവിൽ നിന്നു് കാവേരിയായി, ഭൂമിക്കടിയിലൊളിച്ച് വ്യാസനിൽ പുനർജനിച്ച സരസ്വതിയുടെ ജലസംഗീതമായി, നക്ഷത്ര ദൈവത്തിന്റെ നദിയായ ബ്രഹ്മപുത്രയായി, ടാഗോറിന്റെ രക്തധമനികളിലേക്കൊഴുകിയ പത്മാനദിയായി, സിന്ധുവായി, വെർജിലിന്റെ മഹാകാവ്യം 'ഇക്കലോഗ്സി'ലെ  മിൻസിയാസായി, ഹോമർ മഹാകവി 'ഇലിയഡി'ൽ നിർമിച്ച ആദിയുമന്തവുമില്ലാത്ത ഒക്ക്യാനോസ് നദിയായി, മാർക് ട്വൈനിന്റെ മിസ്സിസ്സിപ്പിയായി, ജയിംസ് ഡിക്കി 'മോചന'ത്തിൽ ജന്മം കൊടുത്ത 'ശുഭ്ര ജല നദി 'യായി... കാലമൊഴുകിക്കൊണ്ടേയിരിക്കും.
പ്രഥനാനദിയുമൊഴുകി.പൗരാണിക പഥങ്ങളിലൂടെ, ചരിത്രരഥങ്ങളിലൂടെ, ഋതുദേശങ്ങളിലൂടെ.. പിന്നെയും, പിന്നെയും .ജീവന്റെ കണിക ജലത്തിലെന്ന പോലെ, ജീവിതത്തിന്റെ കണിക ജലാശയങ്ങൾക്കരികിലുമാണ് ആവിർഭവിച്ചത്. ലോകത്തെവിടെയും മനുഷ്യ സമുദായത്തിന്റെ ആവാസവ്യവസ്ഥയുടെ ഉദ്ഗമനമുണ്ടായത് നദീതടങ്ങളിലായിരുന്നു.മലമുകളിൽ പിറന്നവരും ഉറവുകൾക്കു പിന്നാലെ നദീതടങ്ങളിലെത്തി നിലയുറച്ചു.

നദീതട സംസ്കാരങ്ങളുടെ മഹിതമായ ബീജാവാപം ലോകത്തിന്റെ പലഭാഗങ്ങളിലാണ്. മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ കഥ ഓരോ ദേശത്തിന്റേയും തനതു സംസ്കൃതിയിലുണ്ട്. പശ്ചിമേഷ്യയിലേയും ദക്ഷിണ പൂർവ യൂറോപ്പിലേയും നദീതടങ്ങളിൽ മൊട്ടിട്ട നാഗരികതകൾ അതിന്റെ പ്രബലമായ തെളിവുകളാണ്. പ്രാചീന ഗ്രീസിന്റെ കനിഷ്ഠനാഗരികതയിലും ക്രീറ്റിലെ പുരാതന നോസ്സസ്സിലും, നൈൽ നദിയും മഹാദേവാലയങ്ങളും സ്ഫിങ്സും വിരാജിച്ച പൗരാണിക ഈജിപ്തിലും, മധ്യധരണ്യാഴിയിലെ മഹാനഗരങ്ങളിലും ഈ തെളിവുകൾ അവശേഷിക്കുന്നു.ബാബിലോണിയ, സുമേറിയ, അസ്സീറിയ,ചാൽഡിയ, നിനേവ് തുടങ്ങിയ ദേശങ്ങളിലും അറബിക്കഥകളുടെ ബാഗ്ദാദിലും മോഹഞ്ജദാരോയിലും സിന്ധു നദീതടങ്ങളിലും ദ്രാവിഡ പഥങ്ങളിലും ചൈനീസ് സംസ്കൃതിയിലും പ്രാചീന നാഗരികതയുടെ വിളനിലം കാണാം. ഏതൻസും സ്പാർടയും തീബ്സും കൊറിന്തും കാർത്തേജും പാലസ്തീനും ഫൊണീഷ്യയും മഹാപഥങ്ങളായി പിറവിയെടുത്തു.
ഓരോ നാഗരികതയും മനുഷ്യവംശഗാഥകൾ നിർമിച്ചു. അതാത് സംസ്കൃതികൾ ദേശാന്തര ങ്ങൾ പിന്നിട്ടു.വിവിധ ജനപദങ്ങൾ അന്യോന്യം ലയിച്ചു.ആദാന പ്രദാനങ്ങളിലൂടെ സങ്കര സംസ്കൃതികളുടെ പരമ്പരകളുണ്ടായി.

അത്തരത്തിൽ തനതു സംസ്കൃതി കാവേരിയും  പ്രഥനയും (വളപട്ടണം പുഴ) പെരിയാറും  രചിച്ചിരിക്കാം.ശ്രീകണ്ഠപുരമെന്ന നാമം ഗോത്രഗീതങ്ങളിലും പ്രാചീനേതി വൃത്തങ്ങളിലും വിശ്വവ്യാപാര ഭൂപടത്തിലും ആസ്ഥാന രാജകീയതകളിലും ആലേഖനം ചെയ്യപ്പെട്ടത് പ്രഥനയുടെ ആശ്ലേഷത്താലാണ്.പ്രഥനാ നദിയുടെ പുരാവൃത്തങ്ങളിൽ പ്രഥമാധ്യായമാണ് ശ്രീകണ്ഠപുരം .ഉറവിടം തൊട്ട് പതനസ്ഥലി വരെ ഇന്നത്തെ വളപട്ടണം പുഴയുടെ പുരാതന നാമമാണ് 'പ്രഥന '.വ്യാപ്തിയേറിയത് എന്നർഥം. യുദ്ധമെന്നും പര്യായമുണ്ട്. അനാദികാലം തൊട്ടുള്ള ഇതിഹാസ സംഗരങ്ങൾക്കെല്ലാം അനാമൃതമായ സാക്ഷിയാണല്ലൊ നദി.

മൂഷികവംശകാവ്യത്തിലെ വർണനയിൽ നിന്ന് മൂഷികത്തിൻ്റെ രാജധാനി പ്രഥനാ നദിക്കരയിൽ സ്ഥാപിക്കപ്പെട്ടതായി മനസ്സിലാക്കാം:

''ഉച്ഛ്റായി സാല വലയം പരിതോഷിത സ്യ,
ഖാതംഗഭീരമരിഭി: കഥമല്യധൃഷ്ട്യം,
ഗാംഭീര്യമന്നതിരിതി പ്രഥയത്യമോഘം,
ഹേതും പരൈർദ്വിതയമേതദലംഘ്യതായാ,
പര്യാകുലേ വിലസതി പ്രഥനാപഗായാ
,ച്ഛായാഗതം പയസി ഗോപുരമുന്നതാഗ്രം,
ഭാവസ്യയസ്ത്ര സകലസ്യ ജഗദ്ധ്യതായാ''
അതേ കാവ്യത്തിലെ  പ്രഥനാ നദിയെപ്പറ്റിയുള്ള  പരാമർശമിതാണ്:
"പൃഥനാ സരിതസ്തീരേ പശ്ചിമേ, പൃഥിവീപതി
അഹീരണേശ്വരം നാമധാമചക്രേ സ ശൂലിന: "


വളപട്ടണമെന്നത് പുഴയുടെ പേരല്ല ,പതനസ്ഥലത്തെ ഒരു ദേശത്തിൻ്റെ പേരു മാത്രമാണ്. പെരിഞ്ചെല്ലൂർ (തളിപ്പറമ്പ) രാജരാജേശ്വര ക്ഷേത്രത്തിൻ്റെ പുരാവൃത്തം വർണിക്കുന്ന 'ചെല്ലൂർ നാഥോദയം ചമ്പു'വിൽ  ഒരു ശ്ലോകവും ഈ നദികളെ പരാമർശിക്കുന്നു.
"എങ്കിൽ കേട്ടാലുമിപ്പോൾ മമ പരമനിയോഗം
വടക്കങ്ങു തെക്കും
ഭംഗ്യാമേവുന്ന കിള്ളാഘൃത തടിനികളെ -
ക്കൊണ്ടൊരുല്ലാസ ധാമാ -
തുംഗശ്രീകേരളക്ഷ്മാതലമണി തിലകം.
ചാരു ചെല്ലൂരനാമാ
മംഗല്യ ഗ്രാമമാദ്യം നൃവര ! വിജയതേ
മൽപ്രസാദൈകരംഗം'' (ഖണ്ഡിക 76)

(ശതസോമൻ്റെ തപസ്സിനെത്തുടർന്ന് പ്രത്യക്ഷനായ ശിവൻ രാജാവിനോടു നടത്തുന്ന പ്രസ്താവനയാണിത്.
'അല്ലയോ രാജാവേ, എൻ്റെ ശ്രേഷ്ഠമായ ആജ്ഞയെ ഇപ്പോൾ കേട്ടാലും, വടക്കുകിള്ളാനദിയ്ക്കും തെക്കു ഘൃതയ്ക്കുമിടയിൽ ശോഭിക്കുന്ന, ഐശ്വര്യാ ഭിവൃദ്ധിയോടു കൂടിയ
കേരളഭൂമിയുടെ തിലകമായ,എൻ്റെ അനുഗ്രഹത്തിനു പാത്രമായ, മംഗല്യത്തോടു കൂടിയ, മനോഹരമായ ചെല്ലൂരെന്ന ദേശം വിജയിക്കുന്നു '.)

valapattanam

മൂഷിക വംശസ്ഥാപകനായ രാമഘടൻ കോലത്തുനിന്ന് ഏഴിമലയിലേക്ക് പോയപ്പോൾ അദ്ദേഹം കിള്ളാ നദീമുഖത്തു മാരാഹി എന്നതുറമുഖം സ്ഥാപിച്ചു എന്നും പ്രാചീനകാവ്യത്തിൽ പരാമർശമുണ്ട്. കിള്ളാനദി തളിപ്പറമ്പുപുഴ (കുപ്പം പുഴ)യാണെന്നു വ്യക്തം.കിള്ളുക (കുഴിക്കുക) എന്ന ക്രിയയിൽ നിന്നുള്ള ഉപപന്നമാണ് കിള്ള. ചോഴ രാജാക്കന്മാർ മാറി മാറി വളവൻ, കിള്ളി എന്നീ കുല ബിരുദങ്ങൾ വഹിച്ചിരുന്നു. ഘൃതമെന്നു പരാമർശിച്ചത് പ്രഥനാനദിയെയാണ്. 'ഘൃത 'എന്ന വിശേഷണം സേചനം നടത്തുന്നതെന്ന അർഥത്തിൽ സംസ്കൃതാധീശന്മാർ ചമച്ച പദമാണ്. പല നദികളുടെ പേരിലും ഈ 'നെയ് ' പ്രയോഗം കാണാം. തിരുവനന്തപുരം ജില്ലയെ തഴുകുന്ന നെയ്യാർ മാത്രമല്ല, ചാലക്കുടിപ്പുഴക്ക് പെരുനെയ് എന്ന വിശേഷണമുണ്ട്.അതുവഴി ചേരമാൻ രാജാവിന് പെരുനെയ്തുറൈൻ എന്ന ബിരുദം ലഭിച്ചിരുന്നു. ചരിത്രത്തിലെ തുറമുഖ നഗരമായ മുചിരി ( കൊടുങ്ങല്ലൂർ)യ്ക്കടുത്ത് നെയ്ത്തറയുണ്ട്. നെയ്ത്തറ അഥവാ നെയ്ക്കൽത്തറയുടെ ഒരു ഗ്രീക്കു രൂപമാണ് നിത്രിയാസ്.
പ്ലിനിയുടെ രേഖ (ഹിസ്റ്റോറിയ നാച്ചുറൽസ് , AD 23-73) പരാമർശിച്ചത് നിത്രിയാസ് എന്നും ടോളമി (AD 95-162) നിത്റയെന്നും രേഖപ്പെടുത്തി.നേത്രാവതിയെന്ന നദിയേയാണ്
ഈ പരാമർശത്തോടു ബന്ധിപ്പിക്കുന്നത്. 'ഘൃത 'യ്ക്ക് നെയ്യ് എന്ന പര്യായവുമുണ്ട്. വളപട്ടണം പുഴയ്ക്ക് 'നെയ്താര' എന്ന വിശേഷണമുള്ളതായി ' കേരളോൽപത്തി ' യും സൂചിപ്പിക്കുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ  പശുവിൻ  നെയ്യുമായി ഇതിനെ ബന്ധിപ്പിക്കുന്നവരുണ്ട്.

ചിറയ്ക്കൽ ടി.ബാലകൃഷ്ണൻ നായർ തന്റെ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങളിൽ 'പ്രഥനാ നദിയെ പരാമർശിക്കുന്നതിങ്ങനെയാണ്:''വടുക വർമയെ പിന്തുടർന്നു വന്ന അഹീരണൻ വളപട്ടണം പുഴ അഥവാ പ്രഥനാ നദിയുടെ പടിഞ്ഞാറു ഭാഗത്ത് 'അഹീരണം' എന്ന ശിവക്ഷേത്രം സ്ഥാപിച്ചു" (അധ്യായം: ഓലയുടെ വില )ചിറക്കൽ.ടി.യുടെ പുസ്തകത്തിലെ 'മൂഷികവംശകാവ്യം'എന്ന അധ്യായം ഇക്കാര്യം കൂടുതൽ വിശദീകരിക്കുന്നു:

"ഒഴുകുന്ന ദേശങ്ങളുടെ പേരുകളെല്ലാം ഈ പുഴയ്ക്കുണ്ടെങ്കിലും മുഖ്യമായ പേർ വളപട്ടണം പുഴയെന്നു തന്നെയാകുന്നു.. പഴയ പാട്ടുകളിൽ ഇതിനു നെയ്യാറ്, നെയ് നിറയാറ് എന്നും സംസ്കൃതീകരിച്ച് പ്രഥനാ, പ്രതനാ, ഘൃത തടിനി, ആജ്യ നദി എന്നും നാമങ്ങൾ കാണാം.ഇതിന്റെ കൈവഴിയാണ് കാട്ടാമ്പള്ളിപ്പുഴ .പ്രഥനയെന്നത് പരുഷ്ണി (പറശ്ശിനി ) യടക്കമുള്ള വളപട്ടണം പുഴയുടെ പൊതു പേരാണല്ലൊ "മൂഷിക വംശം കാവ്യത്തിലെ പ്രഥന കാട്ടാമ്പള്ളിപ്പുഴയാണെന്ന് ചിറക്കൽ.ടി.മറ്റൊരിടത്ത് പരാമർശിക്കുന്നുണ്ടെങ്കിലും അത് ഈ പൊതു പേരിന്റെ ഭാഗമായി കണ്ടുകൊണ്ടാണ്.
സാധാരണ ഏറ്റവും വിസ്തൃതിയുള്ള നദിയാണ് പ്രഥന എന്നു വിളിക്കപ്പെടുക.

വളപട്ടണം പുഴയുടെ പ്രധാന ഉത്ഭവസ്ഥാനം ബ്രഹ്മഗിരി മലനിരകളിലാണ്. പശ്ചിമഘട്ട നിരയുടെ വൈതൽ ചെരിവുകളിൽ നിന്നാണ് മറ്റൊരു പ്രധാന കൈവഴിയുടെ ഉത്ഭവം. രണ്ടും മലപ്പട്ടം മുനമ്പുകടവിൽ ഒന്നു ചേർന്ന് കൊയ്യം, കണ്ടക്കൈ ,പറശ്ശിനിക്കടവ് വഴി വളപട്ടണം കടന്ന് അഴീക്കോട് അഴിമുഖത്ത് അറബിക്കടലിൽ പതിക്കുന്നു. ആ പതന സ്ഥാനത്ത് കുപ്പം പുഴയും കൂടിച്ചേരുന്നു.
പതനസ്ഥാനം പ്രാചീന കാലത്ത് വിശ്വ ശ്രദ്ധ പതിഞ്ഞ വാണിജ്യതുറമുഖം  കൂടിയാണ്.തുറമുഖനാമമായി ഗ്രീക്ക് സഞ്ചാരിയായ മെഗസ്തനീസിൻെറ(BC 302) 'ഇൻഡിക്ക ' യും'പെരിപ്ളസ് ഓഫ് എറിത്രിയൻ സീ' യുടെ കർത്താവും  പരിചയപ്പെടുത്തിയ നൗറ.ഇന്നത്തെ നാറാത്ത് ആണിതെന്നു നിരീക്ഷിക്കുന്നവരുണ്ട് - കടലിറങ്ങിപ്പോയതാവാനുള്ള സാധ്യതകൾ കണക്കിലെടുത്താൽ. ബി.സി. കാലത്തു നിർമിക്കപ്പെട്ട 'പ്യൂട്ടിങ്ങർ ടേബിളി'ലും ( Tabula Peutingeriana ) നൗവുരയെന്ന നാമസൂചന കാണാം. സംഘകൃതി പതിറ്റുപ്പത്തിൻ്റെ ജി. വൈദ്യനാഥയ്യരുടെ പരിഭാഷയോടൊപ്പം ചേർത്ത  ഭൂപടത്തിൽ  നറവ് എന്ന്  രേഖപ്പെടുത്തിയതും ഇതേ സ്ഥാനത്താണ് . ആട്ടുകൊട്ടുപാട്ട് ചേരലാതൻ്റെ സങ്കേതമായ 'വളകിലുക്ക പട്ടണത്തിൻ നദി നറവ് ' ഈ നൗറയെ ബന്ധപ്പെടുത്തിയാണെന്നും നിരീക്ഷിക്കുന്നവരുണ്ട് . നറവ് ഉച്ചാരണവ്യതിയാനത്താൽ നൗറയായും നവുരയായും രൂപഭേദം വരാനും മതി.നറവ് എന്നത് ഒരു നദിയുടെ പേരാകണമെന്നില്ല.പൊതുവിശേഷണവുമാകാം.നവ് (Naw, Nawa) എന്ന പേർഷ്യൻ പദം ഷിപ്പിനെ സൂചിപ്പിക്കുന്നതാണ്. നവീര എന്ന പേരിൽ നന്നൻ ചേന്നൻ്റ നാട്ടിൽ ഒരു  പ്രധാന മലയുണ്ട്. അവിടെ ശിവനായ കാരിയുണ്ടി ദേവൻ്റെ ക്ഷേത്രവുമുണ്ട് അതേപ്പറ്റിയാണ് പത്തുപ്പാട്ടിൽ''മലൊ പടു കടാം കൂത്തരാറ്റുപ്പടൈ- ഹിരണ്യമുട്ടത്ത്  പെരുകുന്റൂർ കൗശികൻ '' എന്നു പാടിയത്. 1912ൽ  Wilfred Harvey Schoff പ്രസിദ്ധപ്പെടുത്തിയ ' പെരിപ്ലസ് ' പതിപ്പിൻ്റെ അനുബന്ധത്തിൽ  നവുരയെ അടയാളപ്പെടുത്തുന്നത് കണ്ണൂരിലാണ്.

വളപട്ടണത്തിന്ഇന്നു കാണുന്ന  കടൽമുഖത്തു നിന്നും ഉള്ളിലേക്കു കയറി നിൽക്കുന്ന ഒരു തുറമുഖദൃശ്യം പണ്ടുണ്ടായിരുന്നു.പശ്ചിമഘട്ടത്തിൻ്റെ ഓരം വരെ കടൽ കിടന്നിരുന്നതായി  ഭൗമ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണങ്ങൾ നിലവിലുണ്ട്. ജലനിരപ്പിന്റെ കാര്യത്തിൽ അറബിക്കടലിന്റെ സ്ഥിരതയ്ക്ക് ഏതാണ്ട് 2000 നും 3000നുമിടയിൽ വർഷത്തിന്റെ ആയുസ്സേയുള്ളു.

അറബിക്കടലിന്റെ പ്രാചീന നാമം  'ഉതിരപ്പെരുവളം' എന്നായിരുന്നു. രക്തനിറമുള്ള സമുദ്രമെന്നാണു സാരം.ഇതേ ആശയമാണ് ,ചെങ്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രമുൾപ്പെടെയുള്ളസമുദ്ര മണ്ഡലത്തെയാകെ  പുരാതനഗ്രീക്കുറോമൻ ഭൗമശാസ്ത്രജ്ഞർ എറിത്രിയൻ സീ എന്ന് വിളിക്കാൻ നിമിത്തമായത്. ചുവപ്പിൻ്റെ ഗ്രീക്കുപദമാണ് എറിത്ര. എറിത്രിയ എന്ന ആഫ്രിക്കൻ രാഷ്ട്രത്തോടു ചേർന്നു കിടക്കുന്ന കടൽ . ഗ്രീക്ക് - റോം പുരാരേഖകൾ ഇപ്പോഴത്തെ ചെങ്കടലും പേർഷ്യൻ ഗൾഫും ഇന്ത്യൻ മഹാസമുദ്രവും സമീപസ മുദ്രങ്ങളുമുൾപ്പെടെ എറിത്രിയൻ കടലായി വിഭാവനം ചെയ്തിരുന്നു. Agatharchides എന്ന ഗ്രീക്കു ചരിത്രകാരൻ്റേതെന്ന് ചിലർ അഭിപ്രായപ്പെടുന്ന Erythraean Sea (about 113 BC) പുസ്തകത്തിൽ  എറിത്രോസിൻ്റെ കടലായിട്ടാണ് എറിത്രിയൻ സീ യെ പരാമർശിക്കുന്നത്. ഇന്നത്തെ ഇറാൻ്റെ പടിഞ്ഞാറൻ മേഖല മെഡെസ് വംശാധിപത്യത്തിലായിരുന്നപ്പോൾ (BC 607-549) ഉണ്ടായിരുന്ന വീരനാവികനായ ഒരു ധനികനായിരുന്നു എറിത്രോസ്. മിയോസ്യൂസിൻ്റെ മകൻ.

ഉതിരപ്പെരുവളം എന്നു വിളിക്കാൻ പാകത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും മലവെള്ളം കുത്തിയിറങ്ങി കടൽ ചുവക്കാറുണ്ടെന്നത് യാഥാർഥ്യം. അതായത് പശ്ചിമഘട്ടവും അറബിക്കടലും തൊട്ടുരുമ്മിക്കഴിഞ്ഞിരുന്നുവെന്ന നിഗമനം തള്ളിക്കളയേണ്ടതല്ല. വയനാടൻ ഭൂഘടനയുടെ ഉപരിതല ചരൽപ്പാളി രണ്ടായിരം അടിയിലധികം ആഴത്തിൽ തേയ്മാനം സംഭവിച്ചത് ഭൂപഠനത്തിലൂടെ തിരിച്ചറിഞ്ഞ വസ്തുതയാണ്. ഭൂഗർഭ വകുപ്പിൻ്റെ മദിരാശിയിലെ ഡെ: സുപ്രണ്ട് മി. W.കിംഗ് അക്കാര്യം പഠനവിധേയമാക്കിയിട്ടുണ്ട്: " ഒരു കാലത്തു പീഠഭൂമികളായി ഒറ്റതിരിഞ്ഞു കിടന്ന ഈ സ്ഥലങ്ങൾ പ്രളയജലം വന്ന് മൂടുകയും മലയിടിഞ്ഞ് ഭൂപ്രകൃതി മാറിമറിയുകയും ചെയ്തിട്ടുണ്ട് ''(ജിയോളജിക്കൽ സർവെ -വാള്യം XV പേജ് 101) സമുദ്രനിരപ്പിലുള്ള താണ നിലങ്ങൾ മലബാറിൽ എമ്പാടുമുണ്ട്. ഹിമയുഗത്തിൽ കടൽനിരപ്പ് വറ്റി താണു.ധ്രുവദേശത്ത് മഞ്ഞുരുകിയപ്പോൾ വീണ്ടും നിറഞ്ഞു. പ്രളയകാലത്ത് മണ്ണൊലിച്ച് മണൽത്തിട്ടകളുയർന്നു.

നാറാത്തിൻ്റെ മറുകരദേശമാണ് പാപ്പിനിശ്ശേരി. ഈ പരിസരങ്ങളെല്ലാം പണ്ടുകാലത്ത് കടലടിയിലായിരുന്നുവെന്ന് വിശ്വസിപ്പിക്കാൻ പാകത്തിലുള്ള  സമുദ്രധാതുക്കളും അവശിഷ്ടങ്ങളും കിണർ കുഴിക്കുമ്പോൾ പലേടത്തും പ്രത്യക്ഷപ്പെടാറുണ്ട്. പൂഴിമണ്ണോ,കക്കയോ  ശംഖോ കലർന്ന പൂഴിമണ്ണോ ഖനനത്തിനിടയിൽ കാണപ്പെടുന്നു. നാറാത്തിനടുത്ത്  പാമ്പുരുത്തി എന്നൊരു ദ്വീപുണ്ട്.
പാപ്പിനിശ്ശേരിയെന്നതും പാമ്പിനിശ്ശേരിയുടെ രൂപാന്തരമാണ്. മൂഷികവംശകാവ്യം  അഹിരേശ്വരിയെന്നാണ് പരാമർശിക്കുന്നത്. അത് ലോപിച്ചതാണ് ഐരാണിക്കുളം.
പുഴയുടെ പടിഞ്ഞാറ് വശത്ത് അഹിരണൻ  സ്ഥാപിച്ച അഹിരണം ശിവക്ഷേത്രത്തെപ്പറ്റിയും കാവ്യത്തിൽ വിവരണമുണ്ട്. ഇപ്പോൾ പുഴയുടെ വടക്കുഭാഗത്താണ് പാപ്പിനിശ്ശേരിയെന്നതും പുഴ പിന്നേയും വളർന്നതിനെ സൂചിപ്പിക്കുന്നു. ഈ അഹിരണമാണ് മലയാളത്തിൽ പാമ്പണിച്ചേരിയും പാപ്പിനിശ്ശേരിയുമായതെന്ന് ചിറക്കൽ ടി.ബാലകൃഷ്ണൻ നായർ നിരീക്ഷിച്ചിട്ടുണ്ട്.
അഹിരാണിയുടെ പ്രാകൃതം അഭീര . ആളുവ വംശം അഭീരർ ,അധീരർ ,അഹികൾ എന്നെല്ലാം വിളിക്കപ്പെട്ടതായി കാണാം. സർപ്പം എന്നർഥമുള്ള ഓഫീസ് എന്ന ഗ്രീക്കു പദത്തിൽ നിന്നുള്ള  സൃഷ്ടിയാണ് അഭീര . പൂർവദിക്കിലെ ഓഫിർ തുറമുഖത്തേക്ക് സോളമൻ ചക്രവർത്തി കപ്പലുകൾ അയച്ചതായി ചരിത്രത്തിലുണ്ട്. അക്കാലത്ത് പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ, തേക്കിൻ തടി, മയിൽ, വാസനദ്രവ്യങ്ങൾ തുടങ്ങി മറ്റൊരു ലോകത്തും കിട്ടാത്ത നമ്മുടെ മലനാടിൻ്റേതു മാത്രമായ സമ്പത്താണ്  കപ്പലുകളിൽ കടത്തപ്പെട്ടത്. ആംസ്റ്റർഡാംകാരനായ  ഡി പൈവ
എഴുതിയ  Notisiaട Dos judeos De cochin എന്ന പുസ്തകത്തിൽ BC 970 ൽ ഇസ്രയേലിലെ സോളമൻ ചക്രവർത്തി  ഫിനീഷ്യരുടെ  നേതൃത്വത്തിൽ അയച്ച വാണിജ്യക്കപ്പൽക്കൂട്ടം പൂർവദിക്കിലെ ഓഫിർ എന്ന തുറമഖത്തു നിന്നും സുഗന്ധ ദ്രവ്യങ്ങൾ കയറ്റിക്കൊണ്ടുപോയതായി പരാമർശിക്കുന്നു. ഇത് കേരളത്തിലാണെന്നും എടുത്തു പറയുന്നു.

ക്രിസ്തുവിനു മുമ്പ് പത്താം നൂറ്റാണ്ടിലേ തുടർന്നുവന്ന വ്യാപാര ബന്ധത്തെപരിഗണിക്കുമ്പോൾ , നാറാത്തും പാപ്പിനിശ്ശേരിയും ഉൾപ്പെടുന്ന ഒരു വിസ്തൃതമായ തുറമുഖത്തിൻ്റെ സാധ്യതകൾ തള്ളിക്കളയാവുന്നതല്ല. ഓഫിർ എന്ന നാമം  പാപ്പിനിശ്ശേരിയുമായി അത്രയേറെ സാദൃശ്യപ്പെട്ടു നിൽക്കുന്നു. വളപട്ടണമെന്നത് മൂഷികരാജാവ് വളഭൻ സ്ഥാപിച്ചതിനാൽ വല്ലഭപത്തനമായി അറിയപ്പെട്ടതായും  പദാന്തരത്തിലൂടെ  വളപട്ടണമായതായും  വാദങ്ങളുണ്ട്. വല്ലഭനെന്നുള്ള ഒരു രാജനാമത്തിൽ നിന്നുതന്നെയാകണമെന്നില്ല അതിന്റെ നിഷ്പത്തി. വളപട്ടണം സ്ഥാപിച്ചതിനാൽ മൂഷികരാജാവായ രാജരാജ വർമൻ  വളഭൻ എന്ന പേരിലറിയപ്പെട്ടതുമാകാം . വളഭനോടു വളപട്ടണം പുഴയുടെ നാമോൽപത്തി ബന്ധിപ്പിക്കുന്നവർക്കു മുമ്പിൽ മറ്റൊരു രാജാവിനെ കൂടി ഹാജരാക്കാം.
പല്ലവരാജാക്കന്മാരുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റം എ.ഡി. ആറ്, ഏഴ് നൂറ്റാണ്ടുകളിലാണ്. കാഞ്ചിപുരം കേന്ദ്രമാക്കിയിരുന്ന സിംഹ വിഷ്ണുവും (AD560-580  മഹേന്ദ്രവർമൻ രണ്ടാമനും (580- 630) തുടർന്ന് നരസിംഹവർമൻ ഒന്നാമനും ( 630-668) ചേര- പാണ്ഡ്യരാജാക്കന്മാരെ തോല്പിക്കുന്നുണ്ട്. അവരുടെ ആക്രമണം ദക്ഷിണേന്ത്യയും  കടന്ന് സിലോണിലോളം വ്യാപിക്കുന്നതായി മഹാവംശ കാവ്യവും പ്രതിപാദിക്കുന്നു. അദ്ദേഹത്തിൻ്റെ പിൻഗാമി നന്ദിവർമൻ രണ്ടാമനും മൂന്നാമനും ഇവിടുത്തെ നാട്ടരചന്മാരെ കൂട്ടുപിടിച്ച് ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. നന്ദിവർമൻ മൂന്നാമനെ തമിഴ് കൃതിയായ 'നന്ദികളംബക 'ത്തിൽ 'കവിരി  വള നന്ദൻ ' എന്നു വിശേഷിപ്പിക്കുന്നുണ്ട്. കാവേരി - വള - നന്ദൻ എന്നാൽ ബ്രഹ്മഗിരിയിൽ നിന്ന് ഇരുപുറങ്ങളിലേക്ക് ഒഴുകുന്ന കാവേരിയുടെയും വളപട്ടണത്തിൻ്റെയും അധിപൻ എന്നർഥം. പ്രാചീന കാലത്തെ രാജപരമ്പരകൾ ഇടവിട്ട് ഒരേ വിശേഷ നാമങ്ങൾ സ്വീകരിച്ചതായി കാണാം. ചേരരാജാക്കന്മാർ രവി എന്നും ഗോദയെന്നും
പാണ്ഡ്യരാജാക്കന്മാർ മാറൻ എന്നും ചടയൻ എന്നും മധ്യകാലത്തെ ചോളരാജാക്കന്മാർ കന്നാരൻ (കൃഷ്ണൻ )എന്നും ആദിത്യൻ എന്നും പ്രാചീനചോളരാജാക്കന്മാർ കിള്ളി എന്നും വളവൻ എന്നും വിശേഷ നാമങ്ങൾ ഇടവിട്ടു സ്വീകരിച്ചു. ചോള രാജാക്കന്മാരുടെ ഈ നാമങ്ങളും കുപ്പംപുഴയുടെ കിള്ളാ എന്ന നാമവും വളപട്ടണമെന്ന നാമവുമായുള്ള സാമ്യം ഒരു കൗതുകത്തിന് ഇവിടെ  ചൂണ്ടിക്കാട്ടുകയാണ്.  പ്രഥന എന്ന നാമവും സംസ്കൃത സൃഷ്ടിയാണ്. 'ന'കാരത്തിൽ  അവസാനിക്കുന്ന വാക്ക് തമിഴിലില്ല. അതിനു മുമ്പേ ഈ നദിക്ക് മറ്റൊരു പേരുണ്ടാവണം. അതറിയാൻ,
മലാരമ്പത്ത് മലപ്പുലവൻ തെയ്യം തോറ്റം ചില സൂചനകൾ തരുന്നു:

''അരിയെന്നിതോരാനന്ദമേ
ആദിമലക്കൊരു സാരഥിയോ
എരിപൊരി ചൂടും വനത്തകത്ത്
തേടിച്ചെന്നൊരു തേൻ കണ്ടാര് ''
അരിയെന്നാൽ ഹരി.ആദിമല ആദിയിലെ മലനാടും.
ആദിമലയിൽ നിന്നൊഴുകുന്ന നദിയും തോറ്റത്തിലുണ്ട്:
''തേനാലൊഴുകിയതോ തിരുവറ് നാഥാ
പാലാലെഴുതിന വളർപുള്ളിയോ''

തിരുവറ് = തിരുവാറ് = തിരു + ആറ് . വളർപുള്ളിയെന്നത് വളപട്ടണം പുഴ തന്നെയല്ലെ.വളഞ്ഞു പുളഞ്ഞൊഴുകുന്നത് എന്ന ദൃഷ്ടിയിൽ . അറബിക്കടലിൻ്റെ ഉതിരപ്പെരുവളം എന്ന പ്രാചീനനാമത്തിൻ്റെ തുടർച്ചയായി പെരുവളപ്പുഴയെന്ന ഒരു പേരു വരാവുന്നതാണ്. വളപട്ടണംപുഴയുടെ മലമ്പ്രദേശത്തോടടുത്തുള്ള തീരപ്രദേശങ്ങളിലോടു ചേർന്ന് പെരുവളത്തുപറമ്പ് എന്ന സ്ഥലനാമമുള്ളതു ശ്രദ്ധിക്കുക . വളൈ എന്ന പദം ഇന്തോനേഷ്യൻ ദ്വീപുകാർ അഗസ്ത്യനു (ശിവൻ) നൽകിയ അപരനാമമാണ്. വളയപതി യെന്ന പേര് തമിഴ് ഭാഷയിൽ ഉപയോഗിച്ചു കാണുന്നു.
തമിഴ് പഞ്ചമഹാസാഹിത്യത്തിൽ ഉൾപ്പെട്ട 'വളയപതി' എന്ന കൃതി ജൈനന്മാരുടെ സംഭാവനയാണ്.

പെരളവും പെരളശ്ശേരിയുമെല്ലാം പെരുവളത്തിൻ്റെ രൂപാന്തരങ്ങളാണ്. പട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ രാജ്യസഞ്ചാരത്തിനിറങ്ങിയപ്പോൾ 'പെരുവള' പ്രതിഷ്ഠിച്ച സ്ഥാനമാണ് പെരളശ്ശേരി എന്ന കഥയും ഇതിൻ്റെ പിന്നിൽ എഴുതിച്ചേർത്തതായി കാണാം. പെരുവെളളമാകാം 'പെരുവള'മായത്. വലിയ പുഴയെ പെരിയാർ എന്ന് വിളിച്ചതു പോലെ. അത് പേരല്ല. പെരിയാറിനെ  ക്ലോഡിയസ് ടോളമി (AD90-168 AD) വിളിച്ചത് Pseudo sto mus flu എന്നാണ്.ചുണ്ട് എന്നു തോന്നിപ്പിക്കുന്ന നദിയെന്നർഥം. മുച്ചിറി - മുചിരി- മുരിചി-മുസിറിസ് തുടങ്ങിയ നാമാന്തരങ്ങളുമായി ആ വിശേഷണത്തെ പിന്നീട് ബന്ധപ്പെടുത്തുകയുണ്ടായി. കൗടില്യൻ്റെ (BC 4)അർഥശാസ്ത്രത്തിൽ പെരിയാറിനെ ചൂർണി എന്നു വിളിച്ചിട്ടുണ്ട്. അകനാനൂറിൽ കവി എരുക്കാട്ടൂർ തായം കണ്ണനാർ ചുള്ളിയെന്ന പെരിയാർ എന്നു പ്രയോഗിച്ചതായും കാണാം. പെരുവളപ്പുഴയെന്നതും വിശേഷണനാമമായി പ്രയോഗിച്ചതാകാം;യഥാർഥ നാമമാകണമെന്നില്ല.
 

valapattanam

പരമശിവനെ കൂട്ടുപിടിച്ച് ബലദേവപട്ടണവുമായി വളപട്ടണത്തെ കൂട്ടിക്കെട്ടുന്ന അഭിപ്രായക്കാരുമുണ്ട്. എ.ഡി. 500 ലെ ജ്യോതിഷ ഗ്രന്ഥമായ വരാഹമിഹിരൻെറ ബൃഹത് സംഹിതയിൽ പറഞ്ഞ ബലദേവപട്ടണം വളപട്ടണമാണെന്നാണ് വാദം. വരാഹമിഹിരനു മുമ്പേ വല്ലഭപത്തനമെന്നു രേഖപ്പെടുത്തപ്പെട്ടതാണ്. വല്ലഭപത്തനമെന്ന നഗരം ചേന്ദമംഗലമാണെന്നും ബലദേവ പട്ടണം കൊല്ലമാണെന്നുമാണ്  കേസരിയുടെ  നിരീക്ഷണം. ബലദേവൻ ബ്രഹ്മാവിന്റെ പര്യായമാണു്.  വേടൻ എന്നർഥമുള്ള വ്റാത്യൻ എന്നും ബ്രഹ്മാവിനെ വിളിക്കും. വേടൻ എന്നതിന്റെ തമിഴ് പര്യായമായ ഇളംബനിൽ നിന്നാണ് കൊല്ലം കുണ്ടറയിലെ ദേശനാമമായ ഇളംബല്ലൂർ ഉടലെടുക്കുന്നത്.. ഈ ദേശമാണ് ടോളമി ഇളംകൂർ എന്നും പെരിപ്ലസ്സുകാരൻ ബലിതയെന്നും പരാമർശിക്കുന്ന ബലദേവപട്ടണമെന്നും അദ്ദേഹം  സമർഥിക്കുന്നു.

കുന്ദവർമ രാജാവ് സ്ഥാപിച്ച നാരായണപുരം എന്ന മഹാവിഷ്ണു ക്ഷേത്രം  സ്ഥിതി ചെയ്തതാണ് ഈ പേരിൻ്റെ പിന്നിലെന്ന് ചിറക്കൽ .ടി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാരായണൻ നാറാണനാവാനും നാറാണത്ത് നാറാത്ത് ആവാനുമുള്ള സാധ്യത  തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ 'നവുര'യുടെ രഹസ്യം തിരയുമ്പോൾ  കേസരിയുടെ വാദവും പ്രസക്തിയുള്ളതാണ്:
'' ലിമരിക്കയിലെ (തമിഴകത്തെ) പ്രഥമ നഗരങ്ങൾ നവൂരയും തിണ്ടിസുമാണെന്ന് 'പെരിപ്ലസ് ' പറയുന്നു.ടോളമിയാകട്ടെ തിണ്ടിസു കൊണ്ടാണ് ലിമരിക്കയിലെ നഗരങ്ങളുടെ പട്ടിക തുടങ്ങുന്നത്.നവൂര കേരളപുത്രത്തിലാണെന്ന് പെരിപ്ലസ് പറയുന്നില്ല. നിത്ര (മംഗളാ പുരാ) ആന്ധ്രഭൃത്യ രാജ്യത്തിലെ നഗരമാണെന്ന് ടോളമി പ്രസ്താവിക്കുന്നുമുണ്ട്. ഈ സംഗതികളിൽ നിന്ന് നവൂരയും നിത്രയും ഒന്നാണെന്നനുമാനിക്കാം. മറ്റുകാരണങ്ങളും ഇതിനില്ലാതില്ല.  ന: എന്നത് ആദി പരശുരാമനായ ഗണേശൻ്റെ ഒരു പര്യായമാണ്. ഇദ്ദേഹം ബുദ്ധമതക്കാരുടെ 'പൂർവ ബുദ്ധ' രിൽ ഒരുവനായ മംഗല ബുദ്ധനാണ്. മഞ്ജുശ്രീ അഥവാ മഞ്ജു ഘോഷ ബോധിസത്വനെന്നും അവരുടെ ഇടയിൽ ഇദ്ദേഹത്തിന് പേരുണ്ട്. നിത്ര എന്നത് നസ്തര എന്നതിൻ്റെ ഒരു തെറ്റായ രൂപമാണ്.... 'പെരിപ്ലസ് ' നവൂര കൊണ്ട് തമിഴക നഗരങ്ങളുടെ ലിസ്റ്റ് തുടങ്ങിയിരിക്കുന്നതിനു കാരണം മംഗലാപുരം വരെ മാത്രമേ അന്ന് തമിഴ് ഭാഷ പ്രചരിച്ചിരുന്നുള്ളു എന്ന സംഗതി നിമിത്തമാണ്.' (കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ.പേജ് 213, വാല്യം ഒന്ന്). ഉറവിടം മുതൽ പതനം വരെ ചരിത്രത്തിൻ്റെ മഹാരേഖകളാണ് പുഴകൾ.ബ്രഹ്മഗിരിയേയും അറബിക്കടലിനേയും കൂട്ടിയിണക്കുന്ന  ഇതിഹാസത്തിൻ്റെ പെരുംധ്വനികൾ മുഴങ്ങുന്നുണ്ട് നമ്മുടെ 'പെരുവളപ്പുഴ'യിലും  അതിൻ്റെ കൈവഴികളിലും .ഈ നദീപ്രവാഹങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ദേശഗാഥകളുടെ
സഹസ്രാബ്ദങ്ങളിലൂടെ രൂപാന്തരപ്പെട്ട ഇതിഹാസ ഭൂപടം ഏതു ദേശത്തിനുമെന്ന പോലെ നമ്മുടെ ദേശത്തിനുമുണ്ടാവും. പ്രാചീന കാലത്ത് ഇവിടെയും ജനപദങ്ങൾ പരിണമിക്കുമെന്ന് അനുമാനിക്കാതിരിക്കാനാവില്ല. പലായനങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയും മാത്രമേ ഇവിടെ ജനഗാഥകൾ രൂപം കൊള്ളുകയുള്ളുവെന്ന് ശഠിക്കുന്നതെന്തിന്? മനുഷ്യന്റെ പരിണാമപ്രക്രിയയുടെ ആദികാണ്ഡം ഈ ആരണ്യകങ്ങളിലും സംഭവിച്ചിട്ടുണ്ടാകാം. ഇവിടെ തനതു ഗോത്രങ്ങൾ ആവിർഭവിക്കാം. മറ്റു ഗോത്രങ്ങളിലേക്ക്  സംക്രമിച്ചുണ്ടായ  തുടർച്ചകളിലൂടെ ലോകം മുഴുവൻ വ്യാപിച്ചിരിക്കാം. എല്ലാലോകവും ഇവിടേക്കും പ്രവഹിച്ചിരിക്കാം. അതിന്റെ  വളർച്ചയും വികാസവും ദേശപരിണാമങ്ങളും അധികാര രൂപീകരണങ്ങളും തുടർച്ചകളും സംഭവിച്ചിരിക്കാം.

ചട്ടമ്പിസ്വാമികൾ തൻ്റെ  'ദ്രാവിഡ മാഹാത്മ്യം' എന്ന രചനയിൽ 'ജനസംഹതി പ്രഥമതഃജന്മസ്ഥലമായി സ്വീകരിച്ച പുണ്യഭൂമി' ആദിദ്രാവിഡദേശമാണെന്ന് ഭൂമി ശാസ്ത്രപരമായും ഭാഷാശാസ്ത്രപരമായും സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. അഗസ്ത്യമുനിയുടെ 'അകത്തിയർ ഞാല നൂൽ' എന്ന കൃതിയെ മുൻനിർത്തിയായിരുന്നു ചട്ടമ്പിസ്വാമികളുടെ  ശ്രമം. ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ ദ്രാവിഡദേശത്താണ് ജനങ്ങൾ ആദ്യമായി ഉണ്ടായതെന്നു കണ്ടെത്താമെന്നും പ്രകൃതിനിയമത്തോട് ഇത്രമാത്രം അടുപ്പം മറ്റൊരു ഭാഷയ്ക്കുമില്ലെന്നും  ദ്രാവിഡപദങ്ങളായ അക്ക, അത്ത, അമ്മ, അപ്പ, അന്ന മുതലായവ പ്രധാനഭാഷാകുടുംബങ്ങളിലെല്ലാം, അർഥത്തിനു വ്യത്യാസം കൂടാതെ ഉപയോഗിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഭൂമിശാസ്ത്രപ്രകാരവും, ആദ്യമായി സകലജീവികളുമുണ്ടായതു ദ്രാവി‌ഡദേശത്താണെന്നു , സമർഥിക്കാൻ അദ്ദേഹം അഗസ്ത്യമുനിയെ ഉദ്ധരിക്കുന്നു:

''ഭൂമിശാസ്ത്രത്തെപ്പറ്റി വിവരിച്ചു കേൾക്കണമെന്നു ശിഷ്യൻ ഗുരുപാദരായ അഗസ്ത്യമഹർഷിയോട് അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ഭൂമിയുടെ ആക‌ൃതിക്കു മാറ്റം ഭവിക്കുന്നതു സ്വാഭാവികമാകയാൽ ഇന്നത്തെ അഭിപ്രായം ഇനിയൊരു കാലത്തു ഭേദപ്പെടുത്തേണ്ടതായി വരും; അപ്പോൾ നമ്മുടെ പിൻഗാമികൾ ആക്ഷേപിച്ചു എന്നു വരാവുന്നതാണ്. എങ്കിലും ഭൂമിയെക്കുറിച്ചുള്ള ശരിയായ തത്വത്തെ ഞാൻ നിനക്കു പറഞ്ഞുതരാം. ദ്രാവിഡദേശത്തെ ശീതോഷ്ണാവസ്ഥ ജന്തുജന്മത്തിന് അന്ന് (സൃഷ്ടിയുടെ ആരംഭത്തിൽ) അനുകൂലമായി ഇരുന്നിരിക്കണം. ആദ്യമായുണ്ടായ ജനങ്ങൾ ജന്മസ്ഥലം വിട്ടു ഫലസമൃദ്ധങ്ങളും വിപുലങ്ങളുമായ മറ്റു പ്രദേശങ്ങളിൽ ക്രമേണ പോകുന്നു; പ്രഥമതഃസൃഷ്ടിയുണ്ടായ ദേശമാകയാലായിരിക്കണം “ചൊരിന്തൊഴുകുമഴകുടയ പാരിതുതാനപ്പാ” എന്ന് അഗസ്ത്യർ പറഞ്ഞിട്ടുള്ളത് '' .

ശീതോഷ്ണങ്ങളുടെ മാത്രാനുഗുണ്യം മുതലായ ലക്ഷണങ്ങൾ തികഞ്ഞ സ്ഥലം സിംഹളദ്വീപിനു ഏതാണ്ടു പശ്ചിമഭാഗത്തു കിടന്നിരുന്ന ദേശത്തെയാണ് പൂർവ ദ്രാവിഡദേശമായി ചൂണ്ടിക്കാട്ടുന്നത്.
''കിട്ടമുട്ട ഒന്റാകെക്കിടന്തഞാലം പട്ട അലൈ കടലാലെ പലതായ് പോച്ച് (അ. ഞ. നൂ) എന്ന പ്രമാണപ്രകാരം ഈ സ്ഥലം ഇപ്പോൾ കടൽകേറി മറഞ്ഞുപോയിരിക്കുന്നു. ഭൂകമ്പം അഗ്നിപർവ്വതസ്ഫോടനം മുതലായവ മൂലം സ്ഥലം ജലവും ജലം സ്ഥലവുമായിപ്പോകാറുണ്ടെന് അഭിനവശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു. അതുകൊണ്ട് അഗസ്ത്യമഹർ‌ഷിയുടെ അഭിപ്രായം സംഭാവ്യം തന്നെ ''എന്നു കൂടി ചട്ടമ്പിസ്വാമികൾ പ്രസ്താവിക്കുന്നു.(ആദിഭാഷ).ഇന്ത്യാസമുദ്രത്തിൽ നടന്ന ഭൂക്ഷോഭത്തിൽ ഡക്കാൻ പ്ലേറ്റ് പൊട്ടിപ്പിളർന്നു്  അറബിക്കടലുണ്ടായതും ഏകദേശം മുപ്പതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രോ-ആസ്ത്രേലിയൻ - അറേബ്യൻ തീരങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തോടു ചേർന്നു കിടന്നിരുന്നതും  പിൽക്കാലത്തെ പഠനങ്ങൾ രേഖപ്പെടുത്തിയത് അഗസ്ത്യമുനിയുടെ ജ്ഞാനപ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ്.

നവീനശിലായുഗത്തിനു ശേഷമുള്ള ലോഹ യുഗത്തിലാണ് ഇവിടെ ജനവാസമുണ്ടായതെന്ന ചിന്താഗതി ചില ചരിത്രകാരന്മാർക്കുണ്ട്. മറ്റു ചിലർ ബ്രാഹ്മണാധിവാസത്തിലൂടെയാണ് ഇവിടെ ജനപദ സംസ്കാരം ഉടലെടുത്തതെന്ന് പ്രചരിപ്പിക്കുന്നു. കെട്ടുകഥകളെ പിൻപറ്റിയുള്ള പഠന രീതിയാണ് അത്തരം നിഗമനങ്ങളിലേക്ക് അത്തരം ചരിത്രകാരന്മാരെ കൊണ്ടുചെന്നെത്തിക്കുന്നത്. പകരമായി, ചരിത്രപരമായ സാമ്പത്തികാപഗ്രഥനവും സാംസ്കാരിക പ്രതിപ്രവണതകളും സാമൂഹ്യശാസ്ത്രപരമായ നിരീക്ഷണ രീതികളും അന്വേഷണത്തിന് അവലംബിച്ചിരുന്നുവെങ്കിൽ മിഴിവുറ്റ ചരിത്രം നമുക്ക് ലഭിച്ചേനെ.