സാമൂഹ്യഘടനയെ ചലിപ്പിക്കുന്നതില്‍ അധികാരത്തിന്റെ കേന്ദ്രവ്യൂഹത്തിനും അവഗണിക്കാനാവാത്ത പങ്കുണ്ട്. ചരിത്രത്തില്‍ മറച്ചു പിടിക്കേണ്ട ചെയ്തികളാണ് അധികാര വംശത്തിന്റെ മുഖ്യസംഭാവനകളെങ്കിലും സംഭവപരമ്പരകളുടെ മുന്‍നിര അലങ്കരിക്കാന്‍ അവ ബദ്ധശ്രദ്ധാലുക്കളായതിനാലും, ചരിത്രത്തിന്റെ ഔദ്യോഗിക ആവിഷ്‌കാരം അധികാര പരമ്പരകളിലൂടെ ആയതിനാലും അവയെ   ചേര്‍ത്തു വയ്ക്കാതെ  ചരിത്രം സമ്പൂര്‍ണമാകില്ല. മൂഷികവംശപരമ്പരകളെ മുന്‍നിര്‍ത്തി ആദിമലനാടിന്റെ തുടര്‍ച്ച പരിശോധിക്കേണ്ടത് സുപ്രധാനമാണ്.

നിരവധി ചരിത്രാന്വേഷണങ്ങള്‍ മൂഷികവംശകാവ്യം, കേരളോല്‍പത്തി തുടങ്ങിയ നിരവധി ഗ്രന്ഥപാഠങ്ങളെ ആശ്രയിച്ചുകൊണ്ടും അല്ലാതെയും ഇവിടെ നടന്നുകഴിഞ്ഞു.
വിവിധ പാഠഭേദങ്ങള്‍ ചരിത്രകാരന്മാര്‍ രചിച്ചിട്ടുണ്ടെങ്കിലും പൊതുവായി അംഗീകരിക്കപ്പെട്ട ചരിത്രം ഇനിയും തെളിഞ്ഞു വന്നിട്ടില്ല.

'മൂഷികവംശകാവ്യ'വും 'കേരളോല്‍പത്തി'യും 'കേരള മാഹാത്മ്യ'വും ഇത്തരം പഠനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. കേരളത്തിന്റെ ഭൂഘടനയും രാഷ്ട്രീയ-സാംസ്‌കാരിക ഉള്ളടക്കവും ഒരേകദേശഘടനയില്‍ പ്രതിഫലിപ്പിക്കുന്ന അത്തരം കൃതികള്‍  സുപ്രധാനമായ ചരിത്രപീഠികകളാണെന്നതിന് സംശയമൊട്ടുമില്ല. അവയൊന്നും അപ്പാടെ തള്ളാനോ കൊള്ളാനോ ഉള്ളതല്ല.അവ തയ്യാറാക്കിയ  കാലത്തെ ഭൂമിശാസ്ത്രപരമായ ജ്ഞാനത്തിന്റെ പരിമിതികളും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തെ വിസ്തരിക്കാനാവശ്യമായ നാനാ തലത്തിലുള്ള സാങ്കേതികതകളുടെ അഭാവവും രചയിതാക്കള്‍ക്ക്  രാജപദത്തോടുള്ള വിധേയത്വവും ഭൂതകാലബോധത്തിന്റെ രീതികളും കണക്കിലെടുത്തേ ആ കൃതികള്‍ നിരീക്ഷിക്കാവൂ എന്നുമാത്രം.അതേസമയം ആദിമകാലത്തെ അടയാളപ്പെടുത്താന്‍ പ്രാചീന സാമഗ്രികളെ ആധാരമാക്കുന്ന ആ കൃതികളുടെ രീതിയെ മുഖവിലയായി കാണണം. 'കേരള മഹാത്മ്യം'പ്രദര്‍ശിപ്പിക്കുന്ന മാതൃക നോക്കൂ: ''ഇപ്രകാരം ഋഷി പ്രോക്തമായിരിക്കുന്ന പരശുരാമായണത്തിങ്കല്‍ അഗസ്ത്യ സംഹിതയില്‍ ആഗ്‌നേയ പുരാണത്തിങ്കല്‍ ഭൂഗോള ഖണ്ഡത്തിങ്കല്‍ വിഷ്ണു രഹസ്യത്തിങ്കല്‍ ഉപദേശകാണ്ഡത്തിങ്കല്‍ ഗര്‍ഗ്ഗ മഹര്‍ഷി ധര്‍മപുത്രരോടു പറഞ്ഞിട്ടുള്ളത് '' (കേരള മാഹാത്മ്യം, 1839-40 , ഹെര്‍മന്‍ ഗുണ്ടര്‍ട് ഗ്രന്ഥശേഖരം, ടൂബിങ്ങന്‍ സര്‍വകലാശാല, ജര്‍മനി)

ചരിത്രകാരനായ കേശവന്‍ വെളുത്താട്ട് കേരളീയരുടെ ചരിത്രബോധത്തിന്റെ സവിശേഷതകളെ നിര്‍ണയിച്ചുകൊണ്ട്  'കേരളോല്‍പത്തി 'യെ വിലയിരുത്തുന്നത് ഇങ്ങനെയാണ്:''മഹോദയപുരത്തെ ചേരമാന്‍പെരുമാക്കന്മാരുടെ കീഴില്‍ കേരളത്തിലുണ്ടായിരുന്ന രാഷ്ട്രീയവ്യവസ്ഥ ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ അതേ കാലത്തുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇവിടെ ബ്രാഹ്മണരുടെ സാന്നിധ്യം കുറേക്കൂടി ശക്തമായിരുന്നു; തന്മൂലം ഇവിടത്തെ സമൂഹത്തിനും രാഷ്ട്രീയത്തിനും വേണ്ടിയിരുന്നത് രാജവംശത്തിന്റെ ഉല്‍പത്തിയോ മഹിമയോ രാജാവിന്റെ വീര്യശൗര്യാദികളോ വാഴ്ത്തുന്നതിലധികം രാജാവിനും രാജവംശത്തിനും ബ്രാഹ്മണരോടുള്ള ഈ കടപ്പാട് എടുത്തു കാണിക്കുകയാണ്. കേരളോല്‍പത്തി ചെയ്യുന്നതും അതാണ് - ബ്രാഹ്മണരോട് പെരുമാക്കന്മാര്‍ക്കുള്ള വിധേയത്വം ചരിത്രത്തിന്റെ സഹായത്തോടെ പുറത്തു കൊണ്ടുവരിക.
കാലഗണനയിലും കാര്യകാരണവിചാരത്തിലും സാമാന്യവത്കരണത്തിലും ഒക്കെ ആധുനിക ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല, കേരളോല്‍പത്തി. അതിലെ കാലഗണനയ്ക്ക് ഒരു തലയുമില്ലെന്നുവേണം പറയാന്‍. കലിദിനങ്ങളിലോ ഗുണ്ടര്‍ട്ടിന്റെ പാഠത്തില്‍ ക്രിസ്തുവര്‍ഷത്തിലോ കാലം കൃത്യമായി പറഞ്ഞേടത്താവട്ടെ, തീയതികള്‍ അത്യബദ്ധമാണ്. മുഹമ്മദ് നബിയും ചേരമാന്‍പെരുമാളും കൃഷ്ണദേവരായരും ഒക്കെ ഒരേ കാലത്തു ജീവിച്ച കഥയാണതു പറയുന്നതെന്നു തോന്നും. ഭൂമിശാസ്ത്രപരമായും ചില്ലറ പിഴവുകളുണ്ടതില്‍'' (സാഹിത്യവും ചരിത്രവും - കേശവന്‍ വെളുത്താട്ട് ).

1843-ല്‍ ഗുണ്ടര്‍ട് താളിയോലയില്‍ നിന്നു പകര്‍ത്തിയ *¹'കെരളോല്പത്തി ' എന്ന ഗ്രന്ഥനാമത്തില്‍ പരശുരാമന്റെ കാലം, പെരുമാക്കന്മാരുടെ കാലം, തമ്പുരാക്കന്മാരുടെ കാലം, താമൂതിരി മഹത്വം എന്നീ അധ്യായങ്ങളാണ് വിവരിക്കപ്പെട്ടത്. ഇത് രാജപരിസരത്തു നിന്നുള്ള ചരിത്രഘട്ടത്തിന്റെ ഏകദേശസ്ഥിതിയാണ്. ഉള്ളടക്കം സമ്പൂര്‍ണമായും ഒരു ബ്രാഹ്മണ നിര്‍മിതിയാണ്. ആദിമലനാടിന്റെ യാതൊരു തരത്തിലുള്ള  പൗരാണിക സ്വഭാവങ്ങളും അതില്‍ സ്ഫുരിക്കുന്നില്ല.
സാമൂതിരിയുടെ കാലഘട്ടം സവിസ്തരമായി പ്രതിപാദിക്കപ്പെടുന്നതിനാല്‍  ആ രാജസഭയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതാകാനാണു കൂടുതല്‍ സാധ്യത .എന്നുവച്ചാല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം തൊട്ടുള്ള ഏതു കാലത്തുമാവാം.
(ക്രിസ്തുവര്‍ഷം 1422-നു മുന്‍പ് യാതൊരു രേഖയിലും സാമൂതിരി എന്ന പേര്‍ ഇല്ല. മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ ദൂതനായ ഇബ്ന്‍ ബത്തൂത്ത 1342 നും 1347നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശന്‍ എന്നോ ആണ് പരാമര്‍ശിച്ചു കാണുന്നത്. എന്നാല്‍ 1422ല്‍ പേര്‍ഷ്യന്‍രാജാവിന്റെ ദൂതനായ അബ്ദുള്‍ റസാഖ്, സാമൂതിരി എന്ന പേര്‍ ഉപയോഗിച്ചതായി കാണുന്നുണ്ട്.).

അതുവരെയുള്ള രാജപരമ്പരകളുടെ ചരിത്രവും കാലഘട്ടവും കേട്ടറിവുകളാല്‍ കെട്ടിച്ചമയ്ക്കുകയല്ലാതെ ആ കൃതിക്കു നിവൃത്തിയില്ല .ഭൂതരായപാണ്ഡ്യരുടെ ഭൂതങ്ങളുടെ കഥയൊക്കെ വിസ്തരിക്കുമ്പോള്‍ ഒരു കഥ പറച്ചിലിന്റെ സ്വഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത്.

മൂലപാഠത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വന്നതും പരിഗണിക്കണം. എഡിറ്റ് ചെയ്തവരുടെ വകയും മാറ്റം വരാം.മക്കത്ത് പോയ പെരുമാള്‍ സംബന്ധിച്ച തര്‍ക്കം രണ്ടാം ഭാഗത്ത് വന്നതൊക്കെ ഒന്നുകില്‍ എഡിറ്റിങ്ങില്‍ കൂട്ടി ചേര്‍ത്തതോ അതല്ലെങ്കില്‍ കൃതിയുടെ രചന അത്തരം തര്‍ക്കങ്ങളുടെ  പശ്ചാത്തലം ഉണ്ടായശേഷമോ ആവണം.

ബ്രാഹ്മണസഭയുടെ കേവലമായ യോഗതീരുമാനങ്ങള്‍ക്കനുസരിച്ച് നിയോഗിക്കപ്പെടുന്ന ഒരു ഭരണക്രമമാണ് ആരംഭം തൊട്ടേ കൃതി വിവരിക്കുന്നത്. ഒരു രാജാവ് കാര്യകര്‍ത്താവായി വേണ്ടിവരുമ്പോള്‍ ഒരു സംഘം പരദേശത്തു പോയി പറ്റിയൊരാളെ  ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു. പാണ്ഡ്യദേശത്തു നിന്നോ  ചോളദേശത്തു നിന്നോ അങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ടയാള്‍  പൂര്‍വദേശത്ത് ആവശ്യം വരുമ്പോള്‍ ഇവിടം ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്യുന്നുണ്ട്.ഒരു ദേശത്ത് രാജവ്യവസ്ഥ രൂപപ്പെടുന്ന ഉല്‍പാദന-സാമ്പത്തിക നിയമങ്ങളോ രാജാവിനെ രൂപപ്പെടുത്തുന്ന സമ്പ്രദായകേന്ദ്രീകരണങ്ങളോ ഒക്കെ പാടെ അവഗണിക്കുന്ന  ,സാമൂഹ്യ സമഗ്രതയെ ഒട്ടുംസ്പര്‍ശിക്കാത്ത ഒരു സ്വഭാവമാണ് ഇക്കാര്യത്തില്‍ പ്രകടമാകുന്നത്.

ബ്രാഹ്മണസഭയുടെ രക്ഷാകര്‍ത്താവായി നിര്‍വഹണ കാര്യത്തില്‍ പരിചിതനായ ഒരാളെ  (മിക്കവാറും ക്ഷത്രിയന്‍) എഴുന്നള്ളിക്കുന്നതാണ് കൃതിയിലെ പൊതു രീതി.അതില്‍ നിന്നുള്ള  വ്യത്യാസം പ്രകടമാകുന്നത് മൂന്നാമത്തെ പെരുമാളിനു ശേഷം ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിനായി രക്ഷാപുരുഷന്മാര്‍ക്കൊപ്പം തളിയാതിരിമാര്‍, ചാത്തിരക്കാര്‍ ( ശാസ്ത്രികള്‍) എന്നിവരെ കൂടി ഉള്‍പ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ്. നാലാമന്റെ കാലത്ത് ബുദ്ധമതത്തിന്റെ സ്വാധീനം മുന്‍കൈ നേടുന്നുണ്ട്. പതിനേഴാമന്‍ കുലശേഖര പെരുമാളിന്റെ കാലത്ത് ഭരണസംവിധാനം കൂടുതല്‍ സമഗ്രമായി, ബ്രാഹ്മണാധിപത്യത്തിന് പിടിമുറുക്കാന്‍ പാകത്തില്‍ പുതുക്കിപ്പണിയുന്നു.

'കേരളോല്‍പത്തി'യില്‍ വിവരിക്കുന്ന 'പെരുമാള്‍'മാരുടെ പരമ്പര ഇങ്ങനെ പോകുന്നു.
ക്രമം :പേര് :ഭരണകാലം: ആസ്ഥാനം:

1. കേയപ്പെരുമാള്‍ *¹7 /
8 വര്‍ഷം 4 മാസം / തളിപ്പറമ്പിന് വടക്ക് തലയൂര്‍ (ഇന്നത്തെ തലോറ ആവാം)

2. ചോളപ്പെരുമാള്‍ /10 വര്‍ഷം 2 മാസം / ചോഴക്കര

3. പാണ്ടിപ്പെരുമാള്‍ /9 വര്‍ഷം / പാണ്ടിവമ്പന 

4. ബാണപ്പെരുമാള്‍ / അല്ലൂര്‍*¹8

5. തുളഭന്‍ (തുളുവന്‍) പെരുമാള്‍ / 6 വര്‍ഷം / കൊടീശ്വരം.

6. ഇന്ദ്രപ്പെരുമാള്‍ / 12 വര്‍ഷം /അല്ലൂര്‍ പെരിങ്കോവിലകം

7. ആര്യപ്പെരുമാള്‍ / 5 വര്‍ഷം

8. കുന്ദന്‍പെരുമാള്‍ / 4 വര്‍ഷം / കന്നേറ്റിയുടെ അടുത്ത് വന്ദിവാകക്കോവിലകം

9. കൊട്ടിപ്പെരുമാള്‍ / 1 വര്‍ഷം / കൊട്ടിക്കൊല്ലം

10. മാടപ്പെരുമാള്‍ / 11 വര്‍ഷം/ മാടായി

11. ഏഴിപ്പെരുമാള്‍ /12 വര്‍ഷം / ഏഴിമല

12. കൊമ്പന്‍പെരുമാള്‍ / 3 വര്‍ഷം 6 മാസം/നെയൂര പുഴക്കര (വളപട്ടണം )

13. വിജയന്‍പെരുമാള്‍ /  / പന്തലായിനികൊല്ലം

14. വളഭന്‍പെരുമാള്‍ /  / വളപട്ടണം

15. ഹരിശ്ചന്ദ്രന്‍പെരുമാള്‍ / /പുരളി മല

16. മല്ലന്‍പ്പെരുമാള്‍ / /മല്ലൂരുമല്ലന്‍ കോട്ട (പഴശ്ശി -മട്ടന്നൂര്‍)

17. കുലശേഖരപ്പെരുമാള്‍ / / ചിത്രകൂടം

18. ആദിരാജാ പെരുമാള്‍ / / വേളാപുരം

19. പാണ്ടിപ്പെരുമാള്‍

20. ചേരമാന്‍ പെരുമാള്‍ / / വളപട്ടണം

കേയപ്പെരുമാളിനു മുമ്പേ ഭരിച്ച ഭൂതരായ പാണ്ഡ്യപ്പെരുമാള്‍ (ബ്രാഹ്മണരുമായി വൈരമുള്ളയാള്‍), കേരളന്‍ (മാടായി തിരുവര്‍കാട് മഹാഭദ്രകാളിക്ഷേത്രം നിര്‍മിച്ചയാള്‍), പാണ്ടിയന്‍ (ചെങ്ങര്‍ ), ചൊഴിയന്‍, കുലശേഖരന്‍ മുതലായവര്‍ രാജസ്ഥാനം വഹിച്ചതായും 'കേരളോല്‍പത്തി' പരാര്‍ശിക്കുന്നു.

ഏഴാമന്‍ രാജ്യത്തിന്റെ അതിരുകള്‍ ചിട്ടപ്പെടുത്തുന്നതായി വിവരിക്കുന്നുണ്ട്. കൃതിയുടെ ആമുഖത്തിലെ അതിരുകളുമായി തീര്‍ത്തും കടകവിരുദ്ധവും രാജ്യം തന്നെ മറ്റൊന്നുമാകുന്നു. ഭൂമിശാസ്ത്ര ധാരണയുടെ അഭാവമോ കഥപറച്ചിലിന്റെ  സൂക്ഷ്മതാ പ്രശ്‌നങ്ങളോ ആവാം. ആകെ 160 കാതമാണ് 'കേരളോല്‍പത്തി ' കല്പിക്കുന്ന വലിപ്പം. തമിഴ് ഐതിഹ്യം 60 കാതമേ നല്‍കുന്നുള്ളു.

''ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു 4 ഖണ്ഡം. ഗോകര്‍ണ്ണത്തില്‍ നിന്നു തുളുനാട്ടില്‍ പെരുമ്പുഴയൊളം തുളുരാജ്യം. പെരുമ്പുഴെക്കല്‍നിന്നു പുതുപട്ടണത്തോളം കൂവരാജ്യം. പുതുപട്ടണത്തില്‍ നിന്നു കന്നെറ്റിയൊളം കേരളരാജ്യം. കന്നെറ്റിയില്‍ നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ 4 ഖണ്ഡത്തിന്റെയും പേര്‍ ''(കേരളോല്‍പത്തി).

ദക്ഷിണ കാനറയിലെ കുന്ദാപൂര്‍ താലൂക്കിലെ ഇന്നത്തെ കോടീശ്വര ഗ്രാമമാണ് ഗോകര്‍ണം . പില്‍ക്കാലത്തെ ഗോകര്‍ണമല്ല. ആര്യപ്പെരുമാളിന്റെ കാലത്തെ  ഭൂപടത്തില്‍ ഗോകര്‍ണം മുതല്‍ പെരുമ്പുഴ വരെ തുളു രാജ്യം; പെരുമ്പുഴ മുതല്‍ പുതുപട്ടണം വരെ കേരളം; പുതുപട്ടണം മുതല്‍ കന്നെറ്റി വരെ മൂഷികം; കന്നെറ്റി മുതല്‍ കന്യാകുമാരി വരെ കൂവളം.
ഈ ഭൂപടത്തിലെ ഒരു ഖണ്ഡം മാത്രമാണ് കേരളം.
ഈ നാലു ഖണ്ഡങ്ങളുമടങ്ങുന്ന ഒരു ദേശത്തിന്റെ ചരിത്രത്തിന് 'കേരളോല്‍പത്തി 'യെന്ന പേരു നല്‍കുന്ന യുക്തിയെന്താവാം?അതുപോലെ 'മൂഷികവംശകാവ്യ 'ത്തിലുള്ളത് മൂഷിക രാജ്യത്തിനു മാത്രം ബാധമാകുന്ന ചരിത്രമല്ല. എന്നിട്ടും 'മൂഷികവംശ'മെന്ന തലക്കെട്ടു വീണു. രാജ്യാതിര്‍ത്തികള്‍ സംബന്ധിച്ച ഭാവനാപരമായ നിര്‍ണയങ്ങളാണ് ഇവയിലെല്ലാം ഇടകലര്‍ന്നിരിക്കുന്നതെന്ന് കാണാന്‍ പ്രയാസമില്ല.

ഈ ഭാവനയുടെ പ്രമേയം വടക്കുദിശയില്‍ നിന്നും വന്നതാണ്. നാടുകള്‍ മാറിമാറി കുടിയേറിയ ദേശാന്തര ജനപദങ്ങള്‍ കൂടെ കൊണ്ടുവന്ന ഇതിവൃത്തത്തില്‍ നിന്നാണ് ഇത്തരത്തിലൊരു ഭൗമോല്‍പത്തിപാഠം കേരളത്തിനു നല്‍കുന്നത്. സഹ്യപര്‍വതനിരകളില്‍ നിന്നും ഇരുപുറങ്ങളിലേക്കും ചരിക്കുന്ന ഒരു ദേശഘടന ആദിമലനാട് രൂപപ്പെടുത്തിയിട്ടുണ്ട്. അതിലേക്കാണ് 'കേരളോല്‍പത്തി ' യിലെ ഭൗമപാഠം ചേര്‍ത്തു വയ്‌ക്കേണ്ടത്. മൗര്യസാമ്രാജ്യത്തിന്റെ തകര്‍ച്ചക്കു ശേഷം ഏകദേശം രണ്ടാം ശതകത്തിന്റെ ആരംഭത്തിലാണ് കുടിയേറ്റത്തിന്റെ ഈയൊരുഘട്ടം ഉടലെടുക്കുന്നത്.

പൗരാണികഥ ചമയ്ക്കുന്നവര്‍ സത്യപുത്രനൃപന്റേയും കേരളപുത്ര റാണിയുടേയും മകനായി ഒരു  രാമഘട മൂഷികനെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അതിനു മുമ്പുതന്നെ നൃപന്മാരുണ്ടെന്ന് അതില്‍ത്തന്നെ വ്യംഗ്യം. ഓരോ അവതരണത്തിലും പരശുരാമനെ കൊണ്ട്  ഒപ്പുവയ്പിക്കാന്‍ മറക്കുന്നില്ല.

പരശുരാമനാല്‍  ഹൈഹയ രാജ്യത്തിന്റെ ക്ഷത്രിയ ഭൂപതി വധിക്കപ്പെടുന്നതായും ചങ്ങാടത്തില്‍ കയറി രക്ഷപ്പെടുന്ന ഗര്‍ഭിണിയായ പത്‌നി കുലാചാര്യന്റെ സഹായത്തോടെ മരക്കലമേറി ഏഴിമല പ്രാപിച്ച ശേഷം ഗുഹയില്‍ പ്രസവിക്കുന്നതുമൊക്കെയായ പ്രമേയം നിറംപിടിപ്പിക്കുന്നുണ്ട് 'കേരളമാഹാത്മ്യ'ത്തില്‍. ആ രാജ്ഞിയിലുണ്ടായ കുമാരനാണ്  രാജ്യാധിപനായി പരശുരാമനാല്‍ അവരോധിക്കപ്പെടുന്ന രാമഘട മൂഷികന്‍. ഭാര്‍ഗവസ്വാമി തന്നെ രണ്ടു പണിയുമെടുക്കുന്നു! ക്ഷത്രിയ രാജാവായ പിതാവിനെ വധിക്കുന്നതും പുത്രനെ മൂഷികരാജ്യത്തിന്റെ അധിപനാക്കുന്നതും  ഗുഹാവാസം എലിയുടെ സംരക്ഷണത്തിലായിരുന്നുവെന്ന കഥ ചേര്‍ത്ത് 'എലിമല'യുടെ ഐതിഹ്യവും അതുമായി ബന്ധിപ്പിച്ച് മൂഷികവംശത്തിന്റെ നാമകരണവും നടത്തിയവരുണ്ട്.

വംശനാമം മൂഷികമെന്നു നല്‍കുന്നത് സംസ്‌കൃതവല്‍ക്കരണത്തിനു ശേഷമാവണം. നെന്മേനിവാകയെ ആരാധിക്കുന്ന വംശപാരമ്പര്യം അതിന്റെ പിന്നിലുണ്ടാവുമെന്നും വാകമരത്തിന്റെ സംസ്‌കൃത പര്യായമാണ് മൂഷികമെന്നും ഏഴിമല ഏറക്കാലം വാകമരങ്ങള്‍ തിങ്ങി വളര്‍ന്ന കാടാണെന്നും ചിറക്കല്‍ ടി. തെരഞ്ഞെടുത്ത പ്രബന്ധങ്ങളില്‍ വിശദീകരിച്ചു കാണുന്നു .ഗുഹയില്‍ പിറന്ന ഈ കുമാരനെ ഭാര്‍ഗവരാമന്‍ അനുഗ്രഹിച്ച് രാജാവാക്കിയെന്നതിലാണ് രാജവംശത്തിന്റെ തുടക്കം.
ഈ ദേശപരിധിയില്‍ അധികാര വ്യവസ്ഥ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ യുക്തികളെല്ലാം റദ്ദു ചെയ്യുന്നതാണ് അത്തരം പുരാണങ്ങള്‍. രാമഘടന്‍ / ഇരാമകുടമൂവര്‍ (പേരൂന്നിക്കാട്ടാനോ, ആദരസൂചകമായോ പ്രയോഗിച്ചതാവാം ഇരാമനെന്ന പ്രയോഗമെന്ന അഭിപ്രായമുണ്ട്. മൂപ്പന്‍ പദവിയുടെ സൂചനയാവാം മൂവര്‍ . മൂവറെന്നതിനെ  ജാതിയുമായി ബന്ധപ്പെടുത്തുന്നവരുമുണ്ട് . മണിയാണി സമുദായത്തിന്റെ ഉപവിഭാഗമായ മൂവാരിയുമായി ബന്ധപ്പെടുത്താവുന്നതുകൊണ്ട്. ഒരു പക്ഷെ, മൂകര്‍ എന്നായിരിക്കാം. കുടകിലെ ക്ഷത്രിയരായ മൂകയസ്വരൂപക്കാരാണ് -മത്സ്യരാജവംശം -ഇരാമകുടമൂകരുടെ പ്രാചീനപൂര്‍വികര്‍.

തുളുനാട്ടിലെ പ്രാചീന ഐതിഹ്യം വിവരിക്കുന്ന 'ഗ്രാമപദ്ധതി' പ്രകാരം പരശുരാമന്‍ ആദ്യം മുക്കുവരെയായിരുന്നു ബ്രാഹ്മണരാക്കിയെടുത്തതെന്ന കാര്യം ഇവിടെ കണക്കിലെടുക്കേണ്ടതാണ്.
നായരെ ബ്രാഹ്മണനാക്കി മാറ്റി രക്ഷാധികാരിയാക്കുന്ന - ഊരരശ് കയ്മള്‍ -ഏര്‍പ്പാട് ഇരിങ്ങാലക്കുട, പെരുഞ്ചെല്ലൂര്‍ ഗ്രാമങ്ങളിലും ഉള്ളതായി 'ചെല്ലൂര്‍ നാഥോദയം ചമ്പു'
പ്രതിപാദിക്കുന്നു. ത്രിമൂര്‍ത്തി സങ്കല്പത്തെ ബന്ധിപ്പിച്ചുള്ള ഒരു പദവിയുമാകാം ഇരാമകുടമൂവര്‍.

'ഇ'ബ്രഹ്മാവിനെ (ഹിരണ്യഗര്‍ഭന്‍) സൂചിപ്പിക്കുന്നു. 'ഹി' എന്നതിന് 'ഇ' എഴുതുന്ന രീതി ഏഴിമല നരയന്‍കണ്ണൂര്‍ അമ്പലത്തിലെ ശിലാരേഖയില്‍ കാണാം.('സ്വസ്തി ശ്രീ (ഇ) രണ്ണ്യഗര്‍ഭന്‍ തേവര് തിരുവടി'). 'രാമ' വിഷ്ണുനാമത്തേയും, കുടം ശിവനാമത്തേയും സൂചിപ്പിക്കുന്നു.

രാമഘടന്‍ തന്റെ ഭരണശേഷം രണ്ടുപുത്രന്മാര്‍ക്കായി രാജാധികാരം വീതം വയ്ക്കുകയാണ്. വടുവിനും വടക്കുദേശവും നന്ദന് തെക്കുദേശവും.  വടക്കുദേശം കിട്ടിയതിനാല്‍ പുത്രന്റെ പേര് വടുവായി. വടുകനെന്നത് ശിവന്റെ പര്യായവുമാണ്. വടക്കുദേശത്തിന്റെ (സത്യയപുത്ര) ആസ്ഥാനം ബലിഗ്രാമ (ബല്‍ഗാം) ത്തിലെ മാഹിഷ് മതി. ഈ ദേശത്തിന്  പിന്നീട് ആന്ധ്രപുത്രമെന്നും ഹൈഹയമെന്നും പേരുകള്‍ സിദ്ധിച്ചു. നന്ദനം കേന്ദ്രമായ തെക്കുദേശം രണ്ടാമത്തെ പുത്രനും കിട്ടി. നന്ദനം ആസ്ഥാനമായതിനാല്‍ നന്ദന്‍ എന്ന പേരും സിദ്ധിച്ചു. തെക്കുദേശം മൂഷികരാജ്യമായി അറിയപ്പെട്ടു. മൂഷികമെന്നു വിളിക്കപ്പെടുന്ന രാജ്യവും പല കാലങ്ങളില്‍ പലതാണ്.

എ.ഡി.ഒന്നാം ശതകത്തില്‍  ഖരവേലന്‍ എന്ന കലിംഗരാജാവിന്റെ ഹാഥി ഗുംഫാ ശാസനത്തില്‍ പരാമര്‍ശിക്കുന്ന ഒരു മൂഷികം (ടോളമി പരാമര്‍ശത്തിലെ 'മയിസിയോലിയ') ആന്ധ്രയിലെ കൃഷ്ണാ ജില്ലയിലാണ്. കൊള്ളേറു (കോളൈ എന്നാണ് മൂഷികന്റെ തമിഴ് പദം) കായലിന്റെ നടുക്കുള്ള ദ്വീപിലെ  പിഥുണ്ഡ്‌റയാണ് രാജധാനി. പിഥുസ് അപ്പോളോ ദേവനാണ്. ശിവനാണെന്നു കേസരി ബാലകൃഷ്ണപ്പിള്ള അഭിപ്രായപ്പെടുന്നു. ഉണ്ഡറാ എന്ന പദം കേരളത്തിന്റെ പര്യായമായി ഹേമചന്ദ്രന്റെ 'അഭിധാനചിന്താമണി'യില്‍ ഉപയോഗിച്ചിട്ടുണ്ട്.
പിഥോഡ് എന്ന ഗ്രീക്ക് പദത്തിന്  കുടം, കുംഭം എന്നൊക്കെ അര്‍ഥം. ശിവന്‍  കുംഭസംഭവനാണ്. അഗസ്ത്യന്‍  എന്ന പര്യായം ശിവനുണ്ടല്ലൊ.
ഉണ്ഡ്‌റാ =ഉന്ദുരു എന്നാല്‍ മൂഷികന്‍.

മൂഷികനെന്നാല്‍ ശിവനാണ്. മൂഷിക വംശത്തിന്റെ പേരിന്റെ ഉല്‍പത്തി മറ്റൊന്നുമാകാന്‍ തരമില്ല. ഗണേശന്റെ വാഹനമായി മൂഷികനെ കല്പിച്ചത് ഗണേശന്റെ പിതാവ് ശിവന്‍ എന്ന ഗണനയിലാണ്. വിഗ്രഹനിര്‍മാണശാസ്ത്ര പ്രകാരം (ഹിന്ദു, ബുദ്ധ) ഒരു ദേവന്റെ ശിരസില്‍ പിതാവിന്റെ ചെറിയ വിഗ്രഹം വയ്ക്കും. വിഷ്ണുവിന്റെ പിതാവായി ഗരുഡന്‍. ബ്രഹ്മാവിന്റേത് ഹംസന്‍ എന്ന ബിരുദമുള്ള മഹാവിഷ്ണു. ശിവന്റേത് കാള (നന്ദി) എന്ന പേരുള്ള ബ്രഹ്മാവ് . ശ്രീകണ്ഠന്റെ വാഹനമായ നന്ദിയുടെ പേരും നന്ദനവുമായി ബന്ധപ്പെടുന്നു. ശിവന് മൂഷികന്‍ എന്നു പര്യായം. മൂഷികവംശം എന്ന പേര് അങ്ങനെയാണ് വന്നത്.

നന്ദന്റെ മൂഷികരാജ്യം ആസ്ഥാനമായി സ്വീകരിച്ചത് നന്ദനമാണ്. ആ രാജധാനി ശ്രീകണ്ഠപുരമാകാനാണ് സാധ്യത.വളപട്ടണം പുഴയുടെ അഴിമുഖവും തീരദേശ നഗരങ്ങളും വിശ്വമറിയുന്ന വാണിജ്യ നഗരങ്ങളായി അതിനു മുമ്പേ മാറിയിരുന്നല്ലൊ. പെരുഞ്ചെല്ലൂരിന് (തളിപ്പറമ്പ്) കിഴക്ക്   നഥനമെന്ന ഒരു പ്രശസ്തനഗരമുള്ളതായി തമിഴ് കൃതികള്‍ ( പതിറ്റുപ്പത്ത് - കാക്കപ്പാടിനിയാര്‍ നച്ചെള്ളൈയാര്‍)
പരാമര്‍ശിച്ചതായ അറിവും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. എടയ്ക്കല്‍ ലിഖിതത്തിലെ 'നന്നു ശക്തി' എന്നതടക്കം  പ്രാചീനലിഖിതങ്ങളില്‍ 'നന്ദന്‍' എന്ന പരാമര്‍ശം ആവര്‍ത്തിച്ചു കാണാം.
ശക്തി എന്നവസാനിക്കുന്ന പേരുകള്‍ (ഭാനു ശക്തി, ആദിത്യ ശക്തി) മൈസൂര്‍-ഹാസന്‍ ജില്ലയില്‍, നാഗവംശത്തിലുള്‍പ്പെട്ട സേന്ദ്രക കുലരാജാക്കന്മാര്‍ക്കുണ്ടായിരുന്നു.

നന്ദന്‍ എന്ന പേര് ഒരു ഗ്രാമീണ ഉദ്യോഗസ്ഥ പദവിയോ പ്രഭു പദവിയോ മാത്രമായിരിക്കാമെന്ന അഭിപ്രായമാണ്  കേസരി പ്രകടിപ്പിച്ചത്. എടയ്ക്കല്‍ ലിപിയില്‍ കുടുംബി വംശത്തിലെ രാജാവായ വിഷ്ണുവര്‍മന്‍ പരാമര്‍ശിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു:

''പ്രാചീന കദംബരാജാവായ രവിവര്‍മന്റെ (ഉദ്ദേശം ബി.സി 497-537) കീഴിലോ അദ്ദേഹത്തിന്റെ സമകാലീനരായ ത്രിപര്‍വത ( ഹലേ ബീഡ്) കദംബരാജാക്കന്മാരായ വിഷ്ണുവര്‍മന്റേയും സിംഹവര്‍മന്റേ
യും കീഴിലോ നാടുവാണിരുന്നിരിക്കാനിടയുണ്ട്. രവിവര്‍മന്റെ ഒരു ചെമ്പു പട്ടയം നിലമ്പൂരില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള വസ്തുതയും രവിവര്‍മന്റെ സാമ്രാജ്യത്തില്‍ വയനാടിനെ തൊട്ടു കിടക്കുന്ന മൈസൂര്‍ ജില്ലയിലെ ഏതാനും ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു എന്നുള്ള സംഗതിയും ഇവിടെ സ്മരണീയമാണ് '' (കേസരിയുടെ ചരിത്ര ഗവേഷണങ്ങള്‍, ഒന്നാംവാള്യം - പേജ് 11 )

സുമേരിയന്‍ ഭാഷയില്‍
സ്വര്‍ഗമെന്ന പദമാണ് 'നം'.
നമ്മിന്റെ പുത്രനാണ് നന്ദന്‍.
അകനാനൂറില്‍ നന്ദന്റെ നാടിനെ വിവരിക്കുന്നതിങ്ങനെയാണ് :
''മധുരക്കള്ളും വേഗമുള്ള തേരും ഉള്ളവനായ നന്ദന്റെ മാനംമുട്ടുന്ന മലയ്ക്കു സമീപമുള്ള സ്വര്‍ണം വിളയുന്ന മല''

keralolpathy

പതിറ്റുപത്തിന്റെ പതിക (ആമുഖം) ത്തില്‍ വിശേഷിപ്പിക്കുന്നത് പെരുവായില്‍നാട്ടിലെ നന്ദന്‍ എന്നാണ്.പെരുവയല്‍ എന്നത് ഇന്നത്തെ വയനാട് (വയല്‍നാട് ) ആവാം.  നീലഗിരി മുതല്‍  ഏഴിമല വരെയുള്ള ആദിമലനാടിന്റെ ഭാഗങ്ങള്‍ നന്ദന്റെ അധീനതയിലായിരുന്ന കാലമുണ്ടായിരിക്കണം. തകടൂരിലെ അതിയമാനുമായും നന്ദന്‍ യുദ്ധം നടത്തിയിട്ടുണ്ട്. നന്ദന്‍ എന്നത് ഒന്നിലേറെ രാജാക്കന്മാര്‍ സ്വീകരിച്ച ഒരു രാജപദവിയാകാമെന്ന നിരീക്ഷണവും പ്രസക്തമാണ്. മുചിരിയിലും തൊണ്ടിയിലും തമ്പടിച്ച  ചേരന്മാരുമായി കദംബര്‍ (നന്ദന്മാര്‍) ക്രിസ്തുവര്‍ഷാരംഭത്തില്‍ വലിയ യുദ്ധങ്ങള്‍ നടത്തിയത് പ്ലിനി രേഖപ്പെടുത്തിയതായി കെ.ശിവശങ്കരന്‍ നായര്‍ എഴുതുന്നു. നന്ദന്‍ പശ്ചിമോത്തര മൈസൂരിലെ ശാന്തരവംശം തുളുനാട്ടിലെ ആളുവ വംശം എന്നെല്ലാം വിളിക്കപ്പെട്ട രാജവംശത്തെ കീഴടക്കിയതായും
പരാമര്‍ശങ്ങളുണ്ട്. നാരായണന്‍ ലോപിച്ചും  നന്ദന്‍ ആവാം. ദേവസങ്കല്പത്തില്‍ ആ പേര് ഉപയോഗിക്കപ്പെട്ടതായി കാണാം. മൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന മക്രേരിലിഖിതം അതിന്റെ സാക്ഷ്യമാണ്.

64 ഗ്രാമങ്ങളായും അവ 64 മഠങ്ങളായും 64 ദേശങ്ങളായും വേര്‍തിരിച്ചുള്ള ഘടനയാണ് അക്കാലത്ത്  ആസൂത്രണം ചെയ്യപ്പെട്ടത്. ദേശവും വസ്തുവും തിരിച്ചുള്ള ഈ ഭരണസംവിധാനം  ബ്രാഹ്മണസമൂഹവുമായി ബന്ധപ്പെട്ടതു മാത്രമാണ്; പൊതു സമൂഹത്തേയും ആ സംവിധാനത്തിനു കീഴിലേക്ക് പില്‍ക്കാലത്ത് കൊണ്ടു വന്നെങ്കിലും .ആധുനിക കാലത്ത് പാര്‍ടികളും സഭകളും അവരുടെ ശാഖകള്‍ പടര്‍ത്തും പോലെ ഒരു പ്രക്രിയയായേ തുടക്കത്തില്‍ ആ രീതിക്ക് പ്രസക്തിയുള്ളു. ഒറ്റയടിക്കല്ല,പല കാലഘട്ടങ്ങളിലായാണ് ആ സംവിധാനം പ്രയോഗിക്കപ്പെട്ടത്.

64 ഗ്രാമങ്ങളില്‍ സുപ്രധാനഗ്രാമം പെരുഞ്ചെല്ലൂരാണെന്ന് ചെല്ലൂര്‍ നാഥോദയം ചമ്പു വിവരിക്കുന്നു:
''ശ്രീമച്ചെല്ലൂരനാമാ ശിവ നിധിഷു ചതു:-
ഷാഷ്ടി സംഖ്യാമൂലാവം
ഗ്രാമേഷു ഖ്യാതി ധാമാ തിലകയതി തരാം
ഗ്രാമസിംഹോ മഹീയാന്‍'' (പദ്യം 24)
(ഗ്രാമങ്ങളില്‍ വച്ചു രാജകീയ പദവിയുള്ളതും  ഐശ്വര്യം തികഞ്ഞതും ചെല്ലൂര്‍ നാമത്തോടു കൂടിയതുമായ ഗ്രാമം, കേരളത്തിലെ 64 ഗ്രാമങ്ങളില്‍ ശ്രേഷ്ഠം, ഇത് കേരളത്തിന്റെ നെറ്റിപ്പൊട്ടാണ് - എന്നു സാരം). മൂവായിരം ബ്രാഹ്മണ ഗൃഹങ്ങളുണ്ടായിരുന്നു. ഓരോ വേദത്തിനും (ഋക്, യജുര്‍, സാമം) ആയിരം വീതം('ശ്രീകോലും ത്രിസഹസ്ര സംഖ്യകലരും ഭൂദേവ സംഘാ' ). ലൗകികവും ആത്മീയവുമായ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തവും സ്വതന്ത്രവുമായ ഗ്രാമമായിരുന്നു പെരുഞ്ചെല്ലൂര്‍. പിന്നീട് കോക്കുന്നത്തു ശിവാങ്ങള്‍ പെരിഞ്ചെല്ലൂരിനെ  തട്ടുമ്മേല്‍, ചേരിമേല്‍ എന്നിങ്ങനെ രണ്ടായി പിരിച്ചു.

ബ്രാഹ്മണസമൂഹങ്ങളുടെ കടന്നുവരവിന്റെ തുടര്‍ച്ചകള്‍ പില്‍ക്കാലത്തും കാണാം.'ഉദയവര്‍മ ചരിതം' ആ പുരാവൃത്തം വിവരിക്കുന്നുണ്ട്. അതിന്റെ  കര്‍ത്താവായ ഒരു രവിവര്‍മത്തമ്പുരാന്‍ ,തന്റെ പൂര്‍വികനായ ഉദയവര്‍മ കോലത്തിരിത്തമ്പുരാന്‍ പെരിഞ്ചെല്ലൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാരുമായി പിണങ്ങുകയും അവരുടെ വൈദിക പ്രഭാവം തളര്‍ത്താന്‍ ഗോകര്‍ണത്തു നിന്ന് 3 അഗ്രഹാരങ്ങളിലെ 237 ഇല്ലങ്ങളെ ചെറുതാഴം ദേശത്ത് കുടിയിരുത്തിയതും പ്രസ്താവിക്കുന്നു.
നീലകണ്ഠ കവി രചിച്ചതാണ് ചെല്ലൂര്‍ നാഥോദയം ചമ്പു. നാരായണീയം, തെങ്കൈല നാഥോദയം രചനകള്‍ കൂടി  അദ്ദേഹത്തിന്റേതായുണ്ട്. ഭാഷാരാമായണം ചമ്പുവും ഭാരത ചമ്പുവും ഇദ്ദേഹത്തിന്റേതാണെന്ന് പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നു. കൈലാസത്തിന്റെ വര്‍ണന, ശതസോമന്റെ തപസ്, ഭഗവദ്ദര്‍ശനം, പ്രതിഷ്ഠ, ക്ഷേത്ര വര്‍ണന എന്നിവയാണ് ചെല്ലൂര്‍ നാഥോദയത്തിന്റെ ഉള്ളടക്കം . പതിനാറാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഈ കൃതി പിന്നീട് കടത്തനാട്ടു പോര്‍ളാതിരി ഉദയവര്‍മ രാജാവിന്റെ നേതൃത്വത്തില്‍ 'കവനോദയ'ത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ചെല്ലൂര്‍,പെരുഞ്ചെല്ലൂര്‍, ലക്ഷ്മീപുരം എന്നെല്ലാം അറിയപ്പെട്ട തളിപ്പറമ്പിന്റെ പരദേവത പരമേശ്വര പ്രതിഷ്ഠയാണ്.(പരമേശ്വരന്റെ അപേക്ഷയനുസരിച്ച് ശ്രീലക്ഷ്മി ചെല്ലൂരില്‍ വന്നു താമസം തുടങ്ങിയെന്നും അതിനാലാണ് ലക്ഷ്മീപുരമെന്നറിയപ്പെട്ടതെന്നും കേരളമാഹാത്മ്യം മുപ്പത്തിനാലാമധ്യായം). മാന്ധാതാവ് പ്രതിഷ്ഠിച്ച ബിംബം ഇന്നത്തെ മാന്ധംകുന്നില്‍. മാന്ധാതാവിന്റേയും ബിന്ദുമതിയുടേയും പുത്രന്‍ മുചുകുന്ദന്‍ രണ്ടാമത് സ്ഥാപിച്ച ബിംബപ്രതിഷ്ഠ ഇന്നത്തെ മുതുകുട.
മൂന്നാമത്തെ പ്രതിഷ്ഠ, ശതസോമനെന്ന മൂഷികരാജാവ് തപസ്സിലൂടെ നേടിയെടുത്തതായി പുരാവൃത്തം സൂചിപ്പിക്കുന്ന ബിംബ പ്രതിഷ്ഠ,തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം.
ശതസോമന്റെ തപസ്സിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ബിംബം നല്‍കുന്നതായാണ് കഥ. നാലുദിക്കുകള്‍ കീഴടക്കിയിട്ടും അഭിവൃദ്ധി പ്രാപിക്കാത്തതിനാലാണ് രാജാവ് തപസ്സിനു തുനിഞ്ഞത്.

ശ്രീകണ്ഠന്റെ ആസ്ഥാനകവിയായ അതുലന്‍ രചിച്ച മൂഷികവംശകാവ്യം രാജാക്കന്മാരുടെ പട്ടിക 118 വരെ  നീട്ടുന്നുണ്ട്. ഒരു രാജാവിന്റെ ഒന്നിലേറെ പദവികളെ വെവ്വേറെ  രാജാക്കന്മാരായി പരിഗണിച്ചതുകൊണ്ട് നീണ്ടതാവാം. മൂഷികരാജ്യത്തിന്റെ സാംസ്‌കാരിക പരിസരത്തൊന്നുമില്ലാത്ത, തുറമുഖ വാണിജ്യത്തിനുള്ള അധികാരം മാത്രം കൈക്കലാക്കിയ ചേരവംശത്തിന്റെ പട്ടികയും ഇതിനൊപ്പം ചേര്‍ത്തു കാണും.

മലനാടു നിരകളിലൊതുങ്ങിക്കഴിഞ്ഞിരുന്ന ആവാസപംക്തിയില്‍ നിന്ന് സഹ്യപര്‍വതത്തിന്റെ ഇരു (പൂര്‍വ - പശ്ചിമ) ഭാഗങ്ങളിലേക്ക് കാലക്രമേണ പടര്‍ന്ന ജനപദങ്ങള്‍ വ്യത്യസ്ത സാംസ്‌കാരിക സാഹചര്യങ്ങളിലേക്ക് വഴിപിരിയുന്നുണ്ട്. മലനാടിന്റെ മലയാളത്തനിമ പിന്തുടര്‍ന്ന് പില്‍ക്കാലത്ത് മലയാളികളായും പൂര്‍വദേശങ്ങളിലേക്ക് പരന്നവര്‍ തമിഴകമായും രൂപപ്പെട്ടു. തമിഴകത്തിന്റെ സാംസ്‌കാരികപൈതൃകത്തിലാണ് ആദിചേരവംശത്തിന്റെ വേരുകള്‍ കിടക്കുന്നത്.മൂഷികരാജ്യവുമായി അവര്‍ക്കുള്ള ബന്ധം പ്രത്യേകവിഷയത്തിലുള്ള ഏതെങ്കിലും യുദ്ധകാലമോ, ക്ഷേത്ര ദര്‍ശനമോ, വ്യാപാര നീക്കങ്ങളോ,തുറമുഖാധികാരമോ, നദീമാര്‍ഗസഞ്ചാരമോ ആകാം. മൂഷിക രാജ്യത്തിനു മേല്‍ അതിലപ്പുറമൊരു ചക്രവര്‍ത്തിപട്ടം എഴുതിക്കൊടുക്കേണ്ടതില്ല.

മൂഷികരാജാക്കന്മാരുടെ പരമ്പര ചുവടെ വിവരിക്കുംവിധത്തിലായിരിക്കുമെന്ന് അനുമാനിക്കുകയാണ്. BC 170 140 കാലത്ത് രാജപദവിയിലിരുന്ന രാമഘടമൂഷികനില്‍ തുടങ്ങുന്നു പരമ്പര. ഓരോ രാജാവിന്റേയും കാലയളവു സംബന്ധിച്ചുണ്ടായ നിഗമനങ്ങള്‍ ഇവിടെ  ചേര്‍ക്കുന്നില്ല. അവ നിഗമനങ്ങളായതുകൊണ്ടും ചരിത്രത്തെ അതൊരു തരത്തിലും ബാധിക്കുന്ന വിഷയമല്ലാത്തതുകൊണ്ടും. അവരുടെ ജീവചരിത്രം എഴുതുന്നവര്‍ക്കു മാത്രമേ അത് അത്യാവശ്യമായി വരൂ.

ക്രമം / പേര്/ അനുബന്ധവിവരങ്ങള്‍
1.രാമഘടന്‍ .
മക്കള്‍ വടു, നന്ദന്‍

2. നന്ദന്‍  (നാരായണഭട്ട ചോഴന്‍) ഇക്കാലത്ത് 146 ബി.സി.യില്‍ തുടങ്ങുന്ന പരശുരാമാബ്ദം സ്ഥാപിച്ചതായും ആദികഴകങ്ങള്‍ രൂപീകരിച്ചതായും മകോതൈ (മഹോദയപുരം) പുതുക്കിയതായും പറയപ്പെടുന്നു.

3. ഉഗ്രന്‍
4. സിംഹസേനന്‍
5. ചന്ദ്രവര്‍മന്‍ ഒന്നാമന്‍
6. ബൃഹല്‍ സുതന്‍
7.ഉഗ്രാശ്വന്‍
8. ബൃഹദ് സേനന്‍ (ചിത്രസേനന്‍)
9.ശതസോമന്‍
(പെരുഞ്ചെല്ലൂര്‍ ക്ഷേത്രം ഉദ്ദേശം
ബി.സി. 16 ല്‍ സ്ഥാപിച്ചു.)

10. വിശ്വപാലന്‍
11. രുദ്രവര്‍മന്‍
12. വ്യാഘ്രസേനന്‍
13. ഭീമവര്‍മന്‍
14. മിത്രസോമന്‍
അപ്പോസ്തലന്‍ തോമസിന്റെ സ്വാധീനത്തില്‍ ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി.അക്കഥയിലെ ഗൊന്ദോഫറസ് (കുന്ദവര്‍മന്‍ ) ഇയാളാണ്. പാലസ്തീനിയന്‍ രാജാവ് ഹെരോദസ് അന്തിപ്പാസിന്റെ ദുര്‍ഭരണത്തില്‍ നിന്നും മോചനം തേടിയാണ് യഹൂദര്‍ കേരളത്തിലെത്തിയത്. യേശുവിനെ ജ്ഞാനസ്‌നാനം ചെയ്യിച്ച സ്‌നാപക യോഹന്നാനെ വധിപ്പിച്ച രാജാവാണ് അന്തിപ്പാസ് .

15. വീരവര്‍മന്‍
16. അര്‍ജുന വര്‍മന്‍
17. വടുകവര്‍മന്‍
വടുകേശ്വരം - വടേശ്വരം -
സ്ഥാപിച്ചതിനാല്‍ (എ.ഡി. 112) വടുകവര്‍മയായി. ആലശുദ്ധിയില്‍ ക്ഷേത്രം നിര്‍മിച്ചതായിട്ടാണ് മൂഷികകാവ്യത്തില്‍ പരാമര്‍ശം.

18. അഹീരണന്‍
അഹീരണക്ഷേത്രം സ്ഥാപിച്ചു .

19. രണഭദ്രന്‍
20. ആര്യഗുപ്തന്‍
21. അചലന്‍
(അചലപ്പട്ടണം സ്ഥാപിച്ചത് - മഞ്ചേശ്വരത്തിന് വടക്ക് ഉയില്‍ ഗ്രാമം.)

22.വിക്രമ സേനന്‍
23. വിനയവര്‍മന്‍
24. രാജവര്‍മന്‍
25. ജയമാനി  (മാനി = സിംഹം )
26. ഉദയവര്‍മന്‍
27. ഉദയാദിത്യന്‍
28. കാലസേനന്‍ (ഭാസ്‌കരഭാനുവര്‍മന്‍ )
കൊംഗുദേശത്തെ പല്ലവരെ തോല്പിച്ചതായും രാജാവിന്റെ പുത്രിയെ വിവാഹം ചെയ്തതായും വിജയസ്മാരകമായി പെരുമാള്‍ അബ്ദം 386 എ.ഡി. യില്‍ സ്ഥാപിച്ചതായും പറയപ്പെടുന്നു. എ.ഡി.378 ല്‍ യഹൂദര്‍ക്ക് നല്‍കിയ ചെമ്പുപട്ടയത്തില്‍ ഭാസ്‌കര രവിവര്‍മന്‍ എന്നാണ് .എരമം ചാലപ്പുറം ലിഖിതം വായിച്ചെടുന്ന ഡോ: എം.ജി.എസ് നാരായണന്‍ ഭാസ്‌കര രവിവര്‍മയെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. എ.ഡി. 1020 ലേതാണ് ലിഖിതമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഡോ: ടി.പവിത്രന്‍ ശിലാലിഖിതത്തിന്റെ മറുപുറത്ത് പല്ലവര്‍ എന്ന പദം കൂടി കണ്ടെത്തുകയുണ്ടായി. ഈ സൂചന ലിഖിതത്തിന്റെ കാലനിര്‍ണയത്തെ പിന്നേയും പുറകോട്ടു വലിച്ചേക്കാം.

29. ശശി ദത്തന്‍
30. നിലാതവര്‍മന്‍
31. ശിവചരിതന്‍
32.ഈശാനവര്‍മന്‍ ഒന്നാമന്‍
(കേയപ്പെരുമാള്‍)    
33.കുഞ്ചിവര്‍മന്‍( ചോഴപ്പെരുമാള്‍)
34.ഈശാനവര്‍മന്‍ രണ്ടാമന്‍ .
കുഞ്ചിവര്‍മന്റെ പുത്രിയുടെ പുത്രന്‍.

രാജ്യഭ്രഷ്ടനായി മൂഷികത്തില്‍ വന്നു പാര്‍ത്തിരുന്ന ചേദി രാജാവിന്റെ  പുത്രി നന്ദിനിയെയാണ് ഈശാനവര്‍മന്‍ കല്യാണം കഴിച്ചത്. ചേദി രാജാവിന് രാജ്യം വീണ്ടെടുത്തു കൊടുത്തു. ഈശാനവര്‍മന്‍ സഹോദരീ ഭര്‍ത്താവും കേരളരാജാവുമായ രഘുപതി ജയരാഗനെ തോല്പിച്ചതായും കഥ. പരുഷ്ണി നദിക്കരയിലാണ് യുദ്ധം.

ബി.സി. 17 ല്‍  ദക്ഷിണ പാഞ്ചാലത്തില്‍ സുദാസന്‍ പഞ്ചാബിലെ പത്തു രാജാക്കന്മാരോട് ദശരാജ്ഞയുദ്ധം നടത്തിയതായി  ഋഗ്വേദ സംഹിത വിവരിക്കുന്ന പരുഷ്ണീനദിഝലംനദിയുടെ പോഷകമാണ്.
(ഇന്നത്തെ തോഹി).
ദോഹ്യം = പാലാര്‍. തെക്കന്‍ കോയമ്പത്തൂരില്‍ ഉദുമല്‍പേട്ടയില്‍ തളിഗ്രാമത്തില്‍ അലിയാറിനോടു ഒരു പാലാര്‍ (പയസ്വിനി ) ചേരുന്നു. ഇതാണ് മൂഷികവംശ കാവ്യത്തിലെ  പരുഷ്ണിയെന്നു ചിലര്‍ നിരീക്ഷിക്കുന്നു.

തന്റെ ഭാര്യ പ്രസവിക്കാത്തതിനാല്‍ ഈശാനവര്‍മന്‍ ഒരു ചോള രാജകുമാരിയേയും കെട്ടി. അതില്‍ നൃപരാമന്‍ ഉണ്ടായി. ആദ്യ രാജ്ഞിക്കും പിന്നീട് പുത്രനും പുത്രിയുമുണ്ടായി. പുത്രനാണ് പാലകന്‍ ഒന്നാമന്‍. ആദ്യം നൃപരാമന്‍ രാജാവായി. അദ്ദേഹം മരിച്ച ശേഷം പാലകന്‍ രാജാവായി.

35.നൃപരാമന്‍ അഥവാ ചന്ദ്രവര്‍മന്‍    

36.പാലകന്‍ ക  (പാണ്ടിയന്‍ / തുളുവന്‍ പെരുമാള്‍).
അതുലന്റെ 'മൂഷികവംശ'ത്തിലെ പാലകന്‍ ഒന്നാമനാണ് മക്കത്തുപോയ ചേരമാന്‍ പെരുമാള്‍ ( എഡി 608-628)എന്ന് കേസരി. തുളുവൈതിഹ്യത്തിലെ ഭുതലപാണ്ഡ്യന്റെ മാതുലനും മുന്‍ഗാമിയുമായ ദേവപാണ്ഡ്യന്‍. ചന്ദ്രവര്‍മന്റെ  അനുജന്‍. പാലകന്‍ വരെ പിതൃപാരമ്പര്യമായിരുന്നു. ശേഷം സഹോദരീപുത്രന്‍ വലിധരന്‍ പദവിയിലേറി.മാതൃപാരമ്പര്യത്തിലേക്കുള്ള മാറ്റം.ദേവപാണ്ഡ്യന്റെ മരുമകന്‍ ഭൂതല പാണ്ഡ്യന്‍ രാജാവാകുന്നതായി തുളുവംശചരിത്രം പറയുന്നു.( വലിധരന്‍ -ബലിധരന്‍ -ഭൂതനാഥനായ കുണ്ഡോദരന് ബലിയര്‍പ്പിക്കാന്‍ ദേവപാണ്ഡ്യന്റെ സഹോദരി സത്യവതി തന്റെ മകനെ നല്‍കുകയുണ്ടായി.പിന്നീട് ബലി വേണ്ടെന്നു വച്ചു. മരുമകനെ രാജ്യം ഏല്പിച്ചു.മരുമക്കത്തായം ആരംഭിച്ചത് അങ്ങനെയാണെന്ന് നിഗമനം.)

37.വലിധരന്‍ (ഇന്ദ്രപ്പെരുമാള്‍, ഭൂതല പാണ്ഡ്യന്‍ ) പാലകന്റെ മരുമകന്‍. ജൈനമതാനുയായി. ചേരചോഴ പാണ്ഡ്യരാജ്യങ്ങള്‍ക്കു പുറമെ മൈസൂരിലെ ഹൈഹയ  രാജ്യവും കയ്യടക്കി.

38. വിക്രമരാമന്‍ (വിക്രമാദിത്യന്‍ )
 
39.ജനമാനി 

40. ശംഖവര്‍മന്‍ (ചെങ്ങല്‍ പെരുമാള്‍)

ഡോ: എസ്.കൃഷ്ണസ്വാമി അയ്യങ്കാരുടെ കൃതി 'ഏര്‍ലി ഹിസ്റ്ററി ഓഫ് വൈഷ്ണവിസം ഇന്‍ സൗത്ത് ഇന്ത്യ'യില്‍ ഇയാള്‍ ദക്ഷിണ ആര്‍ക്കാട്ടിലെ കാട്ടു മന്നനാര്‍ -കോവിലില്‍ മരിച്ചതായി പറയുന്നു. മരിച്ചത് പറശ്ശിനിക്കടവിലാണ്. 'കോട്ടുംപുറത്തു ശിവയോഗിപ്പെരുമാള്‍ മൊക്കംപൂകി ' എന്ന ലിഖിതത്തിന്റെ സാരം മറ്റൊന്നല്ല. പറശ്ശിനിക്കടവിന് തൊട്ടരികില്‍ വളപട്ടണം കോട്ടപ്പുറത്താണ് അടക്കം ചെയ്തത്. (ശിവം: ശുഭം, മൊക്കം : മോക്ഷം)

തൃക്കണാമതിലകം,തൃച്ചംബരം, ഇരിങ്ങാലക്കുട ക്ഷേത്രങ്ങള്‍ പണിയുകയും പെരിഞ്ചെല്ലൂരില്‍ ശതസോമന്‍ സ്ഥാപിച്ച ചന്ദ്രശേഖരക്ഷേത്രം പുതുക്കുകയും ചെയ്തു. 'കോത്രനെല്ലിനൊകുന്തൂര്‍ ' എന്ന നഗരം വിഷ്ണുവിനു കൊടുത്തു എന്ന് പതിറ്റുപത്തില്‍  കാണുന്നുണ്ട്.തിരുനെല്ലിയാകാം. തികഞ്ഞൊരു വിഷ്ണുഭക്തനായ ഇദ്ദേഹത്തെയാണ് പുരളിമല മുത്തപ്പനായി (ശിവസങ്കല്പം) വാഴ്ത്തപ്പെടുന്നതെന്ന് കേസരിയെപ്പോലുള്ളവര്‍ പ്രസ്താവിച്ചതില്‍ സാംഗത്യമില്ല.

42. ചോഴിയകുലശേഖരന്‍ ക.യഥാര്‍ഥ കുലശേഖര ആള്‍വാര്‍ (ആള്‍വാര്‍ = ഗരുഡന്‍).
'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ് സ്തവമാല, മുകുന്ദമാല എന്ന സംസ്‌കൃത വൈഷ്ണവസ്തവം എന്നിവ എഴുതി.

43. വളഭന്‍ ക (പള്ളി ബാണ പെരുമാള്‍) ക്രിസ്തുമതാഭിമുഖ്യം പുലര്‍ത്തി.

44. കുന്ദവര്‍മന്‍ കക (ഭൂതരായന്‍) ജൈനമതാഭിമുഖ്യം. ഇദ്ദേഹത്തിന്റെ മന്ത്രിയായിരുന്നു ക്‌നാനായി തോമസ് (പെരുന്തച്ചന്‍ ) 1500 എ.ഡി. യില്‍ രചിച്ച രവിവര്‍മന്റ ഉദയവര്‍മ ചരിതത്തില്‍ 724 എ.ഡി. യില്‍ ജനിച്ച ദേഹവും കോലസ്വരൂപ സ്ഥാപകനുമായ കേരളവര്‍മന്റെ അമ്മയുടെ പിതാവായി പറഞ്ഞിട്ടുള്ള തുളുവന്‍ പെരുമാള്‍ ഇദ്ദേഹമാണെന്ന് കേസരി.

45. പാലകന്‍ കക (ഇന്ദ്രപ്പെരുമാള്‍)

46. രിപുരാമന്‍(ആര്യ പെരുമാള്‍) നിര്‍മലശേഖരന്‍ പുറപ്പൊരുള്‍ വേമ്പമാലൈ ചെന്തമിഴ് ലക്ഷണ ഗ്രന്ഥം രചിച്ച അയ്യന്‍ ആരിതനാര്‍ ഇയാളാണ്

47. ഗംഭീരന്‍ (കുന്ദന്‍ പെരുമാള്‍)

48.ജയമാനി രാമഘടന്‍

കാസര്‍ക്കോട് കോട്ടിക്കുളത്ത് കോട്ട പണിതതിനാല്‍ കോട്ടിപ്പെരുമാളായി

49. വളഭന്‍ ഹഹ (രാജശേഖരന്‍, മാടപ്പെരുമാള്‍).
മൂപ്പെരുംകോട്ടമൂപ്പന്‍ എന്നറിയപ്പെടുന്ന വളഭന്റെ കാലത്താണ് കടലായി പെരുങ്കോട്ടയും വളപട്ടണംകോട്ടയും നിര്‍മിച്ചത്.കണ്ണൂരിന്റെ തെക്കേ അതിര്‍ത്തിയായ കണ്ണോത്തുംചാലിനു ശേഷമുള്ള കടല്‍ക്കരയായ ആദികടലായിലായിരുന്നു ആദ്യത്തെ കോട്ട.വളപട്ടണംകോട്ടയുടെ ശരിയായ പേര്‍ ശിവേശ്വരംകോട്ടയെന്നാണ്. ആദി തിരുമാന്ധാംകുന്നു, കടലായി, ചെറുകുന്നു ക്ഷേത്രങ്ങളും പണിതു. മാടായിക്കോട്ട പണിയാന്‍ കല്പനയും പുറപ്പെടുവിച്ചു. യുധിഷ്ഠിര വിജയം, ത്രിപുര ദഹനം, ശൗരീകഥ എന്നീ യമകാവ്യങ്ങളെഴുതിയ വാസുദേവഭട്ടതിരിയുടെ സമകാലികന്‍.

50. രാജവര്‍മന്‍ (ശ്രീകണ്ഠന്‍ ,ഏഴിപ്പെരുമാള്‍ )

51. പൂര്‍ണ വര്‍മന്‍ (വിജയന്‍ പെരുമാള്‍).

52. ബാലവര്‍മന്‍

53. ഹരിശ്ചന്ദ്ര പെരുമാള്‍
പുരളി മലയില്‍ ഹരിശ്ചന്ദ്ര കോട്ട കെട്ടി.

54.വിജയരാഗന്‍  മല്ലന്‍ പെരുമാള്‍) ഹരിശ്ചന്ദ്ര പെരുമാളിന്റെ അനുജന്‍. ആസ്ഥാനം പഴശ്ശിഗ്രാമം(മല്ലന്നൂര്‍ -മട്ടന്നൂര്‍ ) .

55. കുലശേഖര പെരുമാള്‍ രണ്ടാമന്‍
 അഞ്ചുവീതം ക്ഷത്രിയര്‍ക്കും സാമന്തര്‍ക്കുമായി ദേശം വീതം വച്ച് വികേന്ദ്രീകരണം നടപ്പാക്കി. ബ്രാഹ്മണമേധാവിത്തത്തിന്റെ വ്യാപനത്തിന് പശ്ചാത്തലമൊരുക്കി.
'തപതീ സംവരണ 'നാടകത്തിന്റെ കര്‍ത്താവ്.

56.ആദിരാജപ്പെരുമാള്‍

57 പാണ്ടിപ്പെരുമാള്‍ കക

58. ചേരമാന്‍ പെരുമാള്‍

ഇദ്ദേഹം എ.ഡി. 1020 നു ശേഷം രാജപദവിയില്‍  നിന്നും അവധിയെടുത്ത് മക്കത്ത് പോയതായി ചില ചരിത്രകാരന്മാരുടെ നിഗമനം. എ.ഡി. 1024 നു ശേഷം ആഭ്യന്തര കലഹം നിമിത്തം മൂഷികരാജവംശം തകര്‍ന്നു. മാഹിഷ്മതിയില്‍ നിന്നു കടന്നു വന്നവര്‍ സ്ഥാപിച്ച മൂഷിക വംശം  സ്വതന്ത്ര നാടുവാഴികളായിരുന്നു. ഏകദേശം എട്ടാം നൂറ്റാണ്ടില്‍ കോലത്തുനാട് എന്ന പേരുകൂടി ഈ ദേശചരിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആദിചേരസാമ്രാജ്യത്തിന്റെ തകര്‍ച്ച. സമ്പന്നമായ റോമാ സാമ്രാജ്യവുമായുള്ള വ്യാപാര ബന്ധത്തിലൂടെ കൈവരിച്ച അഭിവൃദ്ധി ,അധികാര ധൂര്‍ത്തിന്റേയും പകര്‍ച്ചവ്യാധിയുടേയും സാഹചര്യത്തിലുണ്ടായ  റോമന്‍ തകര്‍ച്ചയോടെ ,നിലക്കുന്നുവെന്നതു മാത്രമായിരിക്കില്ല അതിനു കാരണം. അറേബ്യന്‍ശക്തികളുള്‍പ്പെടെ ശക്തമായ  വാണിജ്യശൃംഖലകള്‍ ഈ മേഖലയില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

ചേരന്മാര്‍ സാമ്പത്തികമായി പ്രാബല്യം നേടിയെങ്കിലും രാജ്യസുരക്ഷയേയും ഭാവിയേയും മുന്‍നിര്‍ത്തിയുള്ള ആസൂത്രണങ്ങളുണ്ടായില്ലെന്നതാണ് പ്രമുഖ കാരണം. ആ സാഹചര്യം ശക്തി ക്ഷയത്തിലേക്കാണ്  നയിക്കപ്പെട്ടത്.പടിഞ്ഞാറന്‍ തുറമുഖങ്ങള്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നു. ആ വഴിക്കും  വാണിജ്യം നിലച്ചു. ആശ്രിതന്മാര്‍ക്ക് ദാനം ചെയ്യുന്നതില്‍ യാതൊരു നിയന്ത്രണവും പാലിച്ചില്ല.പണത്തിനു മാത്രമായി സേവനം ചെയ്യുന്ന മറവ സേനയായിരുന്നു അക്കാലത്ത്. അധികാരശക്തികള്‍ തകരുമ്പോള്‍  അവര്‍ പാളയം വിടും. ചേര- ചോള ബന്ധവും ഇതിനിടെ വഷളായി. ഒമ്പതാം ചേരവേന്തന്‍ ചോള രാജ്യത്തെ കടന്നാക്രമിച്ചതെല്ലാം അതിന് ആക്കം കൂട്ടി.ചില വേന്തന്മാര്‍ കവിതയിലും കലയിലും സുകുമാര കലാവിനോദങ്ങളിലും രമിക്കുകയും അധികാര നിര്‍വഹണം മറക്കുകയും ചെയ്തു. സുഖലോലുപത, യുദ്ധ നൈപുണ്യമില്ലായ്മ, സാമ്പത്തിക അച്ചടക്കമില്ലായ്ക എല്ലാം ചേര്‍ന്നപ്പോള്‍ ചേരവംശം നിലംപൊത്തി.

റോമാ ചക്രവര്‍ത്തി കാരക്കള്ളയുടെ കാലത്ത് (എഡി 211-2 17 ) തന്നെയാകണം ചേരവാഴ്ചയുടെ അന്ത്യം. കളഭ്രരും പല്ലവരും മറ്റും ചോളര്‍ക്കും പാണ്ഡ്യര്‍ക്കുമെതിരെ നീങ്ങി.സുസ്ഥിര സംവിധാനങ്ങള്‍ കടപുഴകി. ചെറുനാട്ടുരാജ്യങ്ങളായി ശേഷിച്ചു. കടുനാട് നാടുവാഴി പെരുംകടുങ്കോ അതിലൊരാളായിരുന്നു. ഇദ്ദേഹം കൊങ്ങുനാടും ഭരിച്ചിരിക്കണം. പത്താംചേരവേന്തന്റെ മകനാണയാള്‍. വെറുമൊരു നാടുവാഴിയായി ചുരുങ്ങുകയുണ്ടായി. എല്ലാ രാജവംശങ്ങളുടേയും കാലപഥങ്ങളില്‍ ഇത്തരം ഉയര്‍ച്ചതാഴ്ചകളുടെ രേഖീയഗാഥ കാണാം.

*6 ടുബിങ്ങന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട് ശേഖരത്തില്‍ നിന്ന്.

*7 ചേരമാന്‍-കേരളന്‍ എന്ന പേര്  ബ്രാക്കറ്റില്‍ കൊടുത്തു കാണുന്നു.കേയപുരത്തു നിന്നും വന്നതിനാല്‍ കേയപ്പെരുമാള്‍. യഥാര്‍ഥ പേര് ഈശാനവര്‍മന്‍ ഒന്നാമനാണെന്നും ഭരണകാലം 
എഡി 528-548 ആണെന്നും കേസരി പ്രസ്താവിക്കുന്നു.

*8 ആലൂരാണ് അല്ലൂര്‍ ആയത്.ആലമെന്നാല്‍ തമിഴില്‍ വിഷം എന്നര്‍ഥം. ആലകണ്ഠന്‍ ശിവന്‍.ഇതില്‍ നിന്നാണ്  ആലൂര്‍ എന്ന നാമോല്‍പത്തി. അത്
അല്ലൂരായും - ചെല്ലൂരായും പെരുംചെല്ലൂരായും മാറി.
തളിപ്പറമ്പിന്റെ പ്രാചീനനാമമാണ് - പെരുഞ്ചെല്ലൂര്‍.ചിക്കര്‍പള്ളി ഗ്രാമമെന്ന് തമിഴ് കൃതികള്‍.
ചികരി എന്ന തമിഴ് പദത്തിന് മൂഷികന്‍ എന്നര്‍ഥം. മറ്റൊരു ചെല്ലൂരിനെപ്പറ്റി കൂടി സംഘകൃതിയായ അകനാനൂര്‍ (15) പരാമര്‍ശിക്കുന്നുണ്ട്. 'സത്യം മാത്രം പറയുന്ന കോചരുടെ തുളുനാട്ടില്‍ സമുദ്രത്തിനടുത്തായി 'ഒരു ചെല്ലൂര്‍ ഉണ്ട്. സത്യപുത്ര എന്ന ദേശനാമം അശോക ലിഖിതത്തിലുണ്ടായിരുന്നത് ഇവിടെ പ്രസക്തമാണ്.

*¹ മലയാളം അക്കം നാല്.

(തുടരും)

മുൻഭാഗങ്ങൾ വായിക്കാം

Content Highlights : kerala history a padmanabhan part 9