തുപുതിയ ആശയസംഹിതകളേയും സ്വാംശീകരിക്കുവാന്‍ തക്ക സഹവര്‍ത്തിധാര പണ്ടുമുതലേ ഇവിടെ പ്രകടമാണ്. ബുദ്ധ, ജൈന, ഹിന്ദു, ക്രിസ്തു, ജൂത, ഇസ്ലാം തുടങ്ങി മതദര്‍ശനങ്ങളും ഗാന്ധിസം, മാര്‍ക്‌സിസം, മാവോയിസം തുടങ്ങി രാഷ്ട്രീയ ദര്‍ശനങ്ങളും പാരിസ്ഥിതിക ദര്‍ശനങ്ങളും ചെലുത്തിയ ചരിത്രപരമായസ്വാധീനം ഇവിടെ സവിശേഷമായൊരു സാംസ്‌കാരികഘടന രൂപപ്പെടുത്തിയിട്ടുണ്ട്.

സര്‍വതിനേയും സ്വാഗതം ചെയ്യാന്‍ ശീലിക്കപ്പെട്ട തുറന്ന സാമൂഹിക ശ്രേണിയായിരുന്നു ഈ ദേശത്ത് അടിസ്ഥാനപരമായി വര്‍ത്തിച്ചിരുന്നത്. ''ട്രൈബല്‍ സമൂഹങ്ങള്‍ കാര്‍ഷിക സമൂഹങ്ങളായി വളരുന്ന പ്രക്രിയയുടെ ഭാഗമായി ചില ട്രൈബുകള്‍ ജാതികളായി പരിവര്‍ത്തിക്കപ്പെട്ടിരുന്നെങ്കിലും'' (റൊമീലാ ഥാപ്പര്‍) അത്തരം ജാതികള്‍ സ്ഥായീവല്‍ക്കരിക്കുകയോ സ്ഥാപനവല്‍ക്കരിക്കുകയോ ചെയ്യപ്പെടാതിരുന്നതിനാല്‍ മറ്റു സംസ്‌കാരങ്ങള്‍ക്കും ഇവിടേക്കു വന്നു പതിക്കുവാനായി.

ജൈനമതം ഇവിടെ ചന്ദ്രഗുപ്തമൗര്യന്‍ കാലംതൊട്ട് പ്രചരിച്ചതായി കരുതപ്പെടുന്നു. ബി.സി. നാലാം നൂറ്റാണ്ടില്‍ തന്നെ ജൈനമതം സിലോണിലെത്തിയെന്നത് ചരിത്രകാരന്മാര്‍ അംഗീകരിച്ചതാണ്.
ദക്ഷിണേന്ത്യയിലൂടെയാണ് സിലോണിലേക്കുള്ള സഞ്ചാരപഥം. മതഭിക്ഷുക്കള്‍ എത്തിച്ചേരണമെങ്കില്‍ ഇവിടെ ജനസംസ്‌കാരങ്ങള്‍ പുഷ്ടിപ്പെട്ടിരിക്കണം. കേരളത്തിലെ പ്രാചീന നിര്‍മിതികളിലും മഹാശിലാ ഘട്ടത്തിലെ കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍ തുടങ്ങിയ സ്മാരകങ്ങളിലും ജൈന-ബുദ്ധമത സ്വാധീനങ്ങള്‍ സുവ്യക്തമാണ്.

വയനാട്, മധുര, സേലം, കോയമ്പത്തൂര്‍, കര്‍ണാടക-ശ്രാവണ ബല്‍ഗോള (ഭദ്രബാഹുജൈന സന്ന്യാസി ) ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജൈനമതാവശിഷ്ടങ്ങളുണ്ട്. കുടകു-കൊങ്ങുനാടു പ്രദേശങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്.വയനാട് പനമരത്തിനടുത്ത് പുത്തനങ്ങാടിയിലെ ജൈനക്ഷേത്രം (വിഷ്ണുഗുഡി ) പ്രാചീനകാലത്തു തന്നെ സ്ഥാപിക്കപ്പെട്ടതാണ്.
മധ്യകാലം വരെ ജൈനമതം ഇവിടെ നിലനില്‍ക്കുകയും ചെയ്തു. ജൈനസ്ഥാപനങ്ങള്‍ക്ക് എ.ഡി. 8-9 നൂറ്റാണ്ടിനിപ്പുറത്തേക്കു നീളുന്ന ചരിത്രമില്ലെന്നു പുരാവസ്തു - ലിഖിതങ്ങളെ മുന്‍നിര്‍ത്തി എം.ആര്‍.രാഘവവാരിയര്‍ വാദിക്കുന്നുണ്ട് (കേരളീയത-ചരിത്ര മാനങ്ങള്‍).

അശോക കാലത്തു (ബി സി.മൂന്നാം ശതകം )തന്നെ ബുദ്ധസന്ന്യാസിമാരും ദക്ഷിണാപഥത്തിലേക്കു ലക്ഷ്യമിട്ടു. സിലോണിലേക്കും ബുദ്ധമതം അതേ ഘട്ടത്തില്‍  വ്യാപിച്ചു. ബുദ്ധമതത്തിന്റെ ഹീനയാന ശാഖയായിരുന്നു തുടക്കത്തില്‍ പ്രചരിച്ചത്. പ്രൊഫ: എസ്.അച്യുതവാരിയര്‍ എഴുതുന്നു: '' അശോകന്റെ കാലം മുതല്‍ എ.ഡി.ആറാം ശതകം വരെയുള്ള കാലഘട്ടത്തിലേതെന്നു കരുതാവുന്ന ഒരു ബുദ്ധവിഗ്രഹവും കേരളത്തില്‍ നിന്നു കണ്ടു കിട്ടിയിട്ടില്ല. അതിനു കാരണമുണ്ട്. വിഗ്രഹാരാധന വിധിച്ചിട്ടില്ലാത്ത പിടക ഹീനയാന ബുദ്ധമതമായിരുന്നു അക്കാലം വരെ. ഏഴാം നൂറ്റാണ്ടിലാണ് ചോള പാണ്ഡ്യ ദേശങ്ങളിലെന്നപോലെ കേരളത്തിലും മഹായാനബുദ്ധമതം പ്രചാരത്തിലായത്. അതോടെ ഇവിടേയും ബുദ്ധവിഗ്രഹോപാസനയാരംഭിച്ചു'' (പേജ് 36, കേരള സംസ്‌കാരം).

പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലെത്തിയ മാഹ്വാന്‍, കൊച്ചി, കോഴിക്കോട് രാജാക്കന്മാര്‍ ബുദ്ധമത വിശ്വാസികളാണെന്നും എല്ലാ ദിവസവും രാവിലെ ബുദ്ധവിഗ്രഹത്തിനു മുന്നില്‍ രാജാവ് ദണ്ഡനമസ്‌കാരം ചെയ്യുന്നതായും വിവരിക്കുന്നു. ബ്രാഹ്‌മണ -ജൈനമതങ്ങളെ അപേക്ഷിച്ച് ബുദ്ധമതത്തിന്  കൂടുതല്‍ സ്വാധീനമുണ്ടായിരുന്നുവെന്നാണ്   വിശദാംശങ്ങളോടെ  ഡോ: പി.കെ.ഗോപാലകൃഷ്ണന്‍ 'കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര'ത്തില്‍ (പേജ് 184, 185) സ്ഥാപിക്കുന്നത്.ചേരചക്രവര്‍ത്തി (പള്ളി ബാണപ്പെരുമാള്‍) ബുദ്ധമതം സ്വീകരിച്ചതും  സ്ഥാനത്യാഗത്തിനു മുതിര്‍ന്നതുമടക്കം ശക്തമായ ജീവിതദര്‍ശനമായി അതിവിടെ  പടരുകയുണ്ടായെന്നത് വസ്തുതയാണ്.ബി.സി. മൂന്നാം നൂറ്റാണ്ടു കാലത്ത്  ബുദ്ധമതം തമിഴകത്തു പ്രചരിച്ചതിന് ലിഖിതങ്ങളും തെളിവുകളായുണ്ട്.

മംഗലാപുരം, ഏഴിമല, പന്തലായിനി,കൊടുങ്ങല്ലുര്‍ ,കൊല്ലം എന്നീ തുറമുഖനഗരങ്ങളില്‍ ശക്തമായ ബുദ്ധമത സ്വാധീനകേന്ദ്രങ്ങളുളളതായി എഡി 970 ലെ റഷ്യന്‍ സഞ്ചാരി അല്‍ ബറൂനി ചൂണ്ടിക്കാട്ടുന്നുണ്ട്. വളപട്ടണം, പള്ളിക്കുന്ന് ,മാടായി എന്നിവിടങ്ങളില്‍  ബുദ്ധവിഹാരങ്ങളുയര്‍ന്നു.അത്തരത്തിലൊന്നായ ശ്രീമൂലവാസം ദൂരദേശങ്ങളിലുമറിയപ്പെടുന്ന  തീര്‍ഥാടന കേന്ദ്രമായി മാറി. (അഫ്ഘാനിസ്ഥാനിലെ  ഖാണ്ടഹാറില്‍ നിന്ന് 'ദക്ഷിണാപദേ ശ്രീമൂലവാസ ലോകനാഥ' എന്ന ലിഖിതമുള്ള ഒരു ബുദ്ധപ്രതിമ കണ്ടുകിട്ടിയതായി എം. ഫൗച്ചര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.). ശ്രീമൂലവാസം പിന്നീട് കടലെടുത്തു പോയി. ഇതിന്റെ യഥാര്‍ഥ സ്ഥാനം എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കുമിടയിലായിരിക്കുമെന്നാണ് പാലിയം ശാസനത്തിലെ* സൂചനകളെ മുന്‍നിര്‍ത്തി ഇളംകുളം അനുമാനിക്കുന്നത്.

വിക്രമാദിത്യ വരഗുണന്‍ തിരുമൂലപാദത്തിന് ഭൂമി ദാനം ചെയ്യുന്നതു മാത്രമല്ല രേഖയിലെ പ്രതിപാദ്യം. പരാന്തക ചോളന്റെ കേരളാക്രമണവും ചെപ്പേടിലുണ്ട്. ഒരു മതപ്രചാരകസംഘത്തിന് ഭൂമി ദാനം ചെയ്യുന്നതു കൊണ്ട്, ആ സംഘത്തിന്റെ ആസ്ഥാനകേന്ദ്രം  അതേ രാജാവിന്റെ പരിധിയില്‍ വരണമെന്നുമില്ല. വിക്രമരാമന്‍ കടലാക്രമണത്തില്‍ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകള്‍ അടുക്കി സംരക്ഷിച്ചതായും  വളഭന്‍ എന്ന മൂഷികരാജാവ് ചേര-ചോളയുദ്ധത്തില്‍ പങ്കെടുത്ത് ആസ്ഥാനത്തേക്കു മടങ്ങുമ്പോള്‍ ശ്രീമൂലവാസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായും മൂഷികവംശകാവ്യം  പറയുന്നു.താന്ത്രിക ബുദ്ധമത ഗ്രന്ഥമായ 'ആര്യ മഞ്ജുശ്രീ മൂലകല്പ'ത്തില്‍ ശ്രീമൂല ഗോഷ വിഹാരം എന്നാണ് പരാമര്‍ശം.

വിഹാരദുര്‍ഗം പള്ളിക്കുന്നാണെന്ന് പ്രൊഫ:പി.വിശ്വനാഥന്‍. പള്ളിക്കുന്നിനു പടിഞ്ഞാറ് കടല്‍ക്കരയില്‍ ചാലാട്ടമ്പല (ധര്‍മശാസ്താ ക്ഷേത്രം) മായിരിക്കാം മൂലവാസത്തിന്റെ യഥാസ്ഥാനമെന്ന്  ചിറക്കല്‍.ടി  അഭിപ്രായപ്പെട്ടു. വിഹാര ദുര്‍ഗത്തിലെ യുദ്ധത്തില്‍ നന്നന്‍ ചേരസൈന്യത്തെ തോല്പിച്ചതു കണക്കിലെടുത്താണ് ഈ അനുമാനം. ഓണനാട്ടുകരയാണെന്ന് ഒരു കൂട്ടര്‍. അവലോകിതേശ്വര ബുദ്ധന്‍ പോതാളകത്തില്‍ അവതരിച്ചതിനാല്‍ (ആദിവാസികളുടെ ആരാധനാ മൂര്‍ത്തിയായ അയ്യപ്പനെ സ്വകീകരിച്ച്  ശബരിമലയെ സ്വന്തമാക്കിയെന്നു നിരീക്ഷിക്കുന്നതാവും വസ്തുതാപരം) പോതാളകം ശബരിമലയാണെന്നാണ് കേസരി . എഡി 642 നടുത്ത് ദക്ഷിണേന്ത്യയിലെത്തിയ (കാഞ്ചിപുരത്ത്) ബുദ്ധഭിക്ഷുവായ ഹുയാന്‍ സാങ് തന്റെ സഞ്ചാര ഗ്രന്ഥത്തില്‍ കേട്ടറിവു വച്ച്
ശ്രീമൂലവാസത്തെ പരാമര്‍ശിക്കുന്നുണ്ട്.

Photo Shaleena Sajeev
അണ്ടലൂര്‍ കാവ്‌

കാഞ്ചിയില്‍ നിന്ന് ഉദ്ദേശം 500 മൈല്‍ തെക്ക് 'മൊ-ലൊ-കു-ച' എന്ന രാജ്യത്ത് (ചി -മൊ- ലൊ എന്ന പേരുമുണ്ടെന്ന് ആ ഗ്രന്ഥത്തിന്റെ ചൈനീസ് എഡിറ്ററുടെ കുറിപ്പ്.) മൊ- ല - യെ എന്ന പര്‍വതം സ്ഥിതി ചെയ്യുന്നതായും അതിന്റെ കിഴക്ക് പോതാളകമല സ്ഥിതി ചെയ്യുന്നതായും മുകളില്‍ തടാകമുണ്ടെന്നും ഒരു നദി പുറപ്പെട്ട് ഇരുപതു തവണ വലംവച്ച് ദക്ഷിണ സമുദ്രത്തില്‍ പതിക്കുന്നതായും തടാകത്തിന്റെ സമീപത്ത് ഒരു ശിലാക്ഷേത്രമുള്ളതായും മല ചവിട്ടിപ്പോയി ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നതായും  വടക്കുകിഴക്ക് സിലോണിലേക്ക് കപ്പല്‍ കയറുന്ന തുറമുഖമുണ്ടെന്നും എഴുതിയതിനെ ഉദ്ധരിച്ചാണ് ഇത് മലയ പര്‍വതത്തെപ്പറ്റിയുള്ള സൂചനയാണെന്ന് കേസരി അഭിപ്രായപ്പെട്ടത്. അഗസ്ത്യകൂടത്തിന് പൊതികം എന്ന പര്യായമുള്ളതു കണക്കിലെടുത്ത് പോതാളകം അഗസ്ത്യകൂടമാണെന്ന നിരീക്ഷണവുമുണ്ട്.

ബി.സി. മൂന്നാം ശതാബ്ദത്തിന്റെ മധ്യത്തില്‍ സ്ഥാപിക്കപ്പെട്ട മൂലവാസം എ .ഡി .ആറാം നൂറ്റാണ്ടില്‍ കടലാക്രമണത്താല്‍ നാശഭീഷണി നേരിട്ടെങ്കിലും ഒമ്പതാം നൂറ്റാണ്ടിനു ശേഷം കടല്‍ വിഴുങ്ങിയതായാണ് കരുതപ്പെടുന്നത്. മൂലവാസത്തിന്റെ തിരോധാനം ബുദ്ധമതത്തിന്റെ തിരോഭാവത്തെ കൂടി വെളിപ്പെടുത്തുന്നു. അണ്ടലൂര്‍ താഴെ കാവ് ആണെന്നാണ് തന്റെ  'കോലത്തു പഴമ ' യെന്ന കൃതിയിലൂടെ  എം.പി.കുമാരന്‍ നിര്‍ദേശിക്കുന്നത്. പള്ളിക്കുന്നോ അണ്ടലൂര്‍ താഴെ കാവോ ഏറക്കുറേ അനുകൂലിക്കാവുന്ന നിരീക്ഷണങ്ങളാണ്. മൂഷികവംശകാവ്യത്തിലെ വിശദാംശങ്ങളില്‍ നിന്ന് മൂലവാസം അന്നത്തെ രാജധാനിയായ തൃക്കണാമതിലകത്തിനു തെക്കുവശത്തായി സ്ഥിതി ചെയ്തിരുന്നു.ശ്രീകണ്ഠപുരത്തിന്റെ നാമവും  തൃക്കണാപുരവുമായി സാദൃശ്യം പുലര്‍ത്തുന്നു.ഹുയാന്‍ സാങ് മലയ പര്‍വതത്തിന്റെ പശ്ചാത്തലത്തിലുള്ള മോലൊകുടം ( മലകുടം) രാജ്യത്തിന്റെ ആസ്ഥാനമെന്ന് സുവ്യക്തമായി പരാമര്‍ശിക്കുന്നുമുണ്ട്.

അദ്ദേഹത്തിന്റെ സഞ്ചാരവിവരണത്തില്‍ ഇവിടുത്തുകാര്‍ മതപഠനത്തേക്കാള്‍ അധികം കച്ചവടം ഇഷ്ടപ്പെട്ടിരുന്നതായും ഹിന്ദുക്കളും ജൈനരും ധാരാളമുള്ളതായും ബുദ്ധമതക്കാര്‍ കുറവാണെന്നും സൂചിപ്പിക്കുന്നു. മൂഷിക രാജ്യത്തിന്റെ രാജധാനിയായ ശ്രീകണ്ഠപുരത്തില്‍ നിന്ന് അധികം അകലെയല്ലാതെ തെക്കുഭാഗത്തായി കടലിനടുത്ത ഒരു ദേശത്തെ മൂലവാസമായി അടയാളപ്പെടുത്താമെന്നതേയുള്ളു. അതാണ് കോലത്തു പഴമയില്‍ നിരീക്ഷിച്ച അണ്ടലൂര്‍ താഴെ കാവ്. പലവട്ടം കടല്‍ വിഴുങ്ങിയിരിക്കാവുന്ന ഭൂപ്രദേശങ്ങളാണ് ആ പരിസരം. തൊട്ടടുത്ത ദേശമായ മേലൂര് വെള്ളത്തില്‍ നിന്നും മേലേക്ക് (മുകളിലേക്ക് ) പൊന്തി വന്ന ഊരാണ്.തൊട്ടടുത്താണ് ധര്‍മടം. ബുദ്ധമത ദര്‍ശനത്തിന്റെ ഇരിപ്പിടം ആ നാമത്തില്‍ തന്നെയുണ്ടല്ലൊ.
ഇനി മറ്റൊരടിസ്ഥാനവും കൂടി പരിഗണിക്കാവുന്നതാണ്.

അണ്ടലൂര്‍ ശ്രീരാമക്ഷേത്രമാണ്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ദക്ഷിണേന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്. ബുദ്ധനെ മറികടക്കാനുള്ള ദാര്‍ശനിക സഞ്ചാരമാണല്ലൊ രാമായണം. ബുദ്ധദര്‍ശനത്തെ ഉന്നമിട്ടുകൊണ്ട് ആ ചിന്താപദ്ധതി  പോയ വഴിയിലൂടെയെല്ലാം രാമായണവും പിന്തുടര്‍ന്നു.കള്ളനേക്കാളും നീചനും ജനദ്രോഹിയുമായി ബുദ്ധനെ ചിത്രീകരിക്കുന്നയാളാണ് രാമായണ കര്‍ത്താവെന്ന്  ചരിത്രാന്വേഷകനായ നജീബ് ചോമ്പാല്‍ ചൂണ്ടിക്കാട്ടുന്നു:

''യഥാ ഹി ചോരസ്സ തഥാ ഹി ബുദ്ധ-
സ്തഥാഗതം നാസ്തികമത്ര വിദ്ധി
തസ്മാദ്ധി യഃ ശങ്ക്യ തമഃ പ്രജാനാം
ന നാസ്തികേനാഭിമുഖോ ബുധഃ സ്യാല്‍ (അയോദ്ധ്യാകാണ്ഡം)
(ബുദ്ധനും ചോരനും സമാനരാണ്. എന്നാല്‍, തഥാഗതന്‍ നാസ്തികനുമത്രേ! ആകയാല്‍, അങ്ങ് പ്രജകള്‍ക്ക് ഏറെ ദ്രോഹം ചെയ്യുന്ന നാസ്തികരോട് ആഭിമുഖ്യം കാട്ടരുത്)

രാമകഥയിലെ ശ്ലോകങ്ങളില്‍ വച്ച് ഏറ്റവും മൂല്യവത്തായത് ഇതത്രേ! കാരണം, നമ്മുടെ ചരിത്രവുമായി കാവ്യത്തെ ബന്ധിപ്പിക്കുന്നത് ഇതാണ്. നമുക്കും രാമനുമിടയില്‍ 864,000 സംവത്സരങ്ങള്‍ നീണ്ട ദ്വാപരയുഗം കീറാമുട്ടി കണക്കേ കിടക്കയും, ചുരുങ്ങിയത് 870,000 വര്‍ഷങ്ങള്‍ക്കപ്പുറം 10,000 സംവത്സരം നാട് 'ഐശ്വര്യത്തോടെ' ഭരിക്കയും ചെയ്ത രാമന്‍ വെറും 2,555 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ധര്‍മ്മം പ്രചരിപ്പിച്ചു നടന്ന ഒരാളെ പറ്റി പരാമര്‍ശിച്ച കാവ്യത്തിലെ നായകനും, കവിയുടെ സ്വന്തം ആശ്രമത്തില്‍ നായികയെ ഉപേക്ഷിച്ചവനും ആകുമ്പോള്‍, അത് അടിവരയിട്ടു പറയുന്ന വസ്തുത ഇതത്രേ! ബുദ്ധനോടും ബുദ്ധധര്‍മത്തോടുമുള്ള നിന്ദ മേല്‍പറഞ്ഞ ഒറ്റ ശ്ലോകത്തില്‍ ഒതുങ്ങുന്നതല്ല. രാമായണത്തിലെ പ്രതിനായകന്‍ ലങ്കയിലെ രാജാവാണ്. ബിസി 260-ല്‍ സമ്രാട്ട് അശോകന്‍ മക്കളെ ലങ്കയിലേക്കയച്ച് ബുദ്ധധര്‍മത്തെ അന്നാട്ടില്‍ വേരുറപ്പിച്ചതായി അറിയാമല്ലോ? ലങ്കയിലേക്ക് ഇവര്‍ തെരഞ്ഞെടുത്ത അതേ പാതയാണ് രാമാദികളും പിന്തുടരുന്നത്'' ('രാമരാജ്യത്തിനു സ്വാഗതം' - എഫ്.ബി. കുറിപ്പ് - 5-8-2020)

ഹുയാന്‍ സാങ്ങിന്റെ സഞ്ചാരകാലത്ത് ബുദ്ധമതം ഇവിടെ ക്ഷയോന്മുഖമായ സ്ഥിതിയിലെത്തി നില്‍ക്കുകയാണെന്ന സൂചനയും അദ്ദേഹത്തിന്റെ വിവരണങ്ങളിലുണ്ട്. ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ കൈവരിച്ച  ഹിന്ദുമതത്തിന്റെ ദാര്‍ശനികമായ ഉണര്‍വ് ബുദ്ധമതത്തിന്റെ അപചയത്തിന് പ്രധാന കാരണമിട്ടു. സംഘടിതമായ വേട്ടയാടലിനും ജൈന- ബുദ്ധമതങ്ങള്‍ വിധേയരായി. 63 ശൈവയോഗികളില്‍ ഏറ്റവും പ്രസിദ്ധനായ തിരുജ്ഞാനസംബന്ധമൂര്‍ത്തിയുടെ (ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ പരാമര്‍ശിക്കുന്ന ദ്രാവിഡ ശിശു) പ്രേരണയാല്‍ ജൈനരെ വേട്ടയാടിയ സംഭവം അത്തരത്തില്‍ പെട്ടതാണ്. ജൈനമത ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചതും ആറ്റിലെറിഞ്ഞതും ജൈനരെ തൂക്കിലേറ്റിയതുമായ സംഭവങ്ങളും അരങ്ങേറിയിരുന്നു.

ഉത്സവത്തിലെ യുദ്ധഭേരികള്‍ക്കു പകരം ആനയെഴുന്നള്ളത്തുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടപ്പായതും മൃഗബലിയും മറ്റും  നിരുത്സാഹപ്പെട്ടതും ബുദ്ധമതസ്വാധീനത്താലാണ്. പള്ളികളുംപള്ളിക്കൂടങ്ങളും ബുദ്ധവിഹാരങ്ങളോടു ചേര്‍ന്നു രൂപപ്പെട്ടു. ആതുരശാലകളും ആയുര്‍വേദ ചികിത്സാ പദ്ധതികളും സ്ഥാപിക്കപ്പെട്ടു. അയ്യപ്പആരാധനയുമായി ബന്ധപ്പെട്ട ശരണംവിളികളിലും വ്രതാനുഷ്ഠാനങ്ങളിലും ബുദ്ധമതവിശ്വാസത്തിന്റെ മുദ്രയുണ്ട്.

വിവിധ വിശ്വാസ സമ്പ്രദായങ്ങളും മതസംഹിതകളും ഈ ദേശത്തേക്കു കടന്നു വരികയും സാമൂഹ്യമായി ആഴത്തില്‍ വേരൂന്നുകയും കാതലായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്‌തെങ്കിലും ആദിമലനാടിന്റെ തനതായ ദേശസംസ്‌കൃതിയുടെ മൗലികഘടന സ്വന്തം രീതിയില്‍ തന്നെ മുന്നേറിയിട്ടുണ്ട്. കടന്നുവന്ന ദര്‍ശനങ്ങളുടേയൊക്കെ മൗലിക സ്വഭാവം, ഓരോന്നായി,അതാതിന്റെ ചരിത്രപരമായ സംഭാവനകളര്‍പ്പിച്ച ശേഷം രംഗത്തു നിന്ന് ക്രമേണ തിരോഭവിച്ചുകൊണ്ടിരുന്നതായി കാണാം. ജൈന, ബുദ്ധ, ജൂത, ബ്രാഹ്‌മണ, യൂറോപ്യന്‍അധിനിവേശ പദ്ധതികള്‍ക്കെല്ലാം ഈയൊരു പതനമുണ്ടായിട്ടുണ്ട്. നീണ്ട കാലം സാമൂഹിക സിരകളെ വരുതിയില്‍ നിര്‍ത്തിയ ബ്രാഹ്‌മണഗ്രാമങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നു കാണുക.

അതേസമയം പരസ്പര സമന്വയത്തിലൂടെ ദേശസംസ്‌കൃതി പുതുക്കിപ്പണിയപ്പെട്ടിട്ടുണ്ട്. കാവുകളിലെ അനുഷ്ഠാനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായെങ്കിലും ഗോത്രപരമായ കെട്ടുപാടുകള്‍ അഴിഞ്ഞു വീണു. പിതൃപൂജയും വൃക്ഷാരാധനയും നാഗാരാധനയും ദുര്‍ദേവതാ സങ്കല്പങ്ങളുമൊക്കെ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും അവ ക്ഷേത്രസങ്കല്പങ്ങളിലേക്ക് മാറാനും ദേശാതീത സാമൂഹിക ബന്ധങ്ങളെ സ്വീകരിക്കാനുമിടയായി. സംസ്‌കാരത്തിന്റെ സങ്കരവും തനതുമായ വേര്‍പെടുത്തിക്കാണല്‍ പ്രയാസമാകുംവിധം സംസ്‌കാരങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്.എങ്കിലും  തനതു സംസ്‌കൃതിവേരുകളിലാണ് ഏതു ജനപദങ്ങളുടേയും ആത്മപ്രപഞ്ചം ഊര്‍ജം നേടുക.

സ്വയം അടയാളപ്പെടുത്താനുള്ള ഓരോരാളുടെ ശൈലിയാണ് സാമൂഹ്യമായ സ്വത്വത്തെ പൂരിപ്പിക്കുന്നത്. ഗോത്രങ്ങളോരോന്നും അവരവരുടെ ട്രൈബല്‍ ജീവിതപാറ്റേണുകള്‍ക്ക് ആദിരൂപം നല്‍കുന്നുണ്ട്. ഉദാഹരണമായി ആരാധനാലയങ്ങളെടുത്താല്‍, അവയുടെ പ്രാകൃതമായ ആദിരൂപങ്ങള്‍ തനതായ ചമയങ്ങളിലും ചലനങ്ങളിലും സംവിധാനം ചെയ്യപ്പെട്ടതാവും. മഹാശിലായുഗത്തിലെ ശില്പകല കാലക്രമേണ മനുഷ്യന്റെ ആവാസഘടനയെ ആകെ സൗന്ദര്യവല്‍ക്കരിക്കാന്‍ പ്രയോഗിക്കപ്പെട്ടു. വീടുകളും കെട്ടുകളും കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പില്‍ക്കാലത്ത് സംവിധാനം ചെയ്യുന്നതിലേക്ക് ശില്പബോധം വികസിച്ചു.അതേസമയം ഏതും എന്തിനും ഉപയോഗിക്കുകയെന്ന സാമാന്യ ശൈലി സ്വീകരിച്ചതുമില്ല. പാരിസ്ഥിതികമായ അനുപാതമാണ് നിര്‍മാണരീതികളെ നിര്‍ണയിക്കുന്നത്.

അനുഷ്ഠാനപരത കലരും. വിഗ്രഹങ്ങള്‍ക്കുള്ള ശിലകള്‍ വിഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രം; ആരാധനാലയങ്ങള്‍ക്കുള്ള കല്ലുകള്‍ അവയുടെ നിര്‍മിതിക്കു മാത്രം. അതാത് കാലാവസ്ഥയ്ക്കിണങ്ങും വിധം വീടുകള്‍ തയ്യാറാക്കുന്ന ശൈലിയും പിന്തുടര്‍ന്നു. അതിനായി മണ്‍ചുമരിലും  ഓലപ്പുരകളിലുമൊതുങ്ങുന്ന നിര്‍മാണസാമഗ്രികളെ മാത്രം ആശ്രയിച്ചു. പി. കെ.ബാലകൃഷ്ണന്റെ 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും ' എന്ന കൃതിയുടെ പേജ് 226-ല്‍ അക്കാര്യം പരാമര്‍ശിക്കുന്നു:

''എ.ഡി. ഒമ്പതാം നൂറ്റാണ്ടു മുതലാണ് കല്ലും മരവും ഉപയോഗിച്ചുള്ള 'സ്‌ട്രെക്ചറല്‍ 'നിര്‍മിതികള്‍ കേരളത്തില്‍ നിലവില്‍ വരുന്നത്. ആറാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പല്ലവര്‍ക്കു കീഴില്‍ ഗംഭീരമായ ഏകശിലാ ശില്പങ്ങളും കരിങ്കല്ലുകൊണ്ടുള്ള 'സ്ട്രക്ചറല്‍' ശില്പങ്ങളും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഉണ്ടായപ്പോള്‍ കേരളം സ്ട്രക്ചറല്‍ നിര്‍മിതികളുടെ ഘട്ടത്തിലേക്കു കടന്നിരുന്നില്ല 
എന്നാണല്ലൊ ഇതിനര്‍ഥം. എല്ലാ ദിക്കിലും ചെങ്കല്‍മടകളും മിക്ക ദിക്കിലും പാറക്കൂട്ടങ്ങളുമുള്ള കേരളത്തില്‍, അവയുടെ പ്രാകൃതിക പ്രയോഗം കൊണ്ടുള്ള തൊപ്പിക്കല്ലുകളും നെടുംശിലകളും കല്ലറകളും പരക്കെ രൂപം കൊണ്ടപ്പോള്‍ അവ കൊണ്ടുള്ള കെട്ടിട നിര്‍മാണം (ക്ഷേത്രവും) എന്തുകൊണ്ട് ഇവിടെ ഉണ്ടായില്ല എന്ന ചോദ്യം നാം ഗൗനിക്കേണ്ട ചോദ്യമാണ്.''

നിര്‍മിതികളെ സംബന്ധിച്ച പ്രാചീന മനുഷ്യന്റെ ആശയത്തെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് നിരീക്ഷിക്കേണ്ടതുണ്ട്. പ്രകൃതിക്കെതിരായ ഒരു പദ്ധതിയായി അവര്‍ നിര്‍മാണങ്ങളെ കണ്ടിരുന്നില്ലെന്നു കരുതേണ്ടി വരും. ഒരു നിര്‍മാണത്തിനു വേണ്ടി പ്രകൃതിയില്‍ നിന്നൊരു വിഭവമെടുത്താല്‍, ആ വിഭവം മാത്രമല്ല, അതെടുത്ത ഇടവും അവര്‍ പ്രയോജനപ്രദമാക്കുന്നു. ചെങ്കല്ല് വെട്ടിയെടുത്തു കഴിഞ്ഞാല്‍ അവിടം  ചെങ്കല്ലറകളായി വിനിയോഗിക്കപ്പെട്ടു. കരിമ്പാറകള്‍ പൊട്ടിച്ചെടുത്താലുണ്ടാകുന്ന ശൂന്യതയെ അവര്‍ പാര്‍പ്പിടങ്ങളോ, ഗുഹാഗാലറികളോ ആക്കുന്നു. വീടെന്ന ആശയം പ്രകൃതിക്കെതിരാണെങ്കില്‍ അവര്‍ വീട് വേണ്ടെന്നു വയ്ക്കും. പ്രകൃതിയുടെ സന്തുലനത്തെ അലോസരപ്പെടുത്താത്ത വിധം പാറക്കെട്ടുകള്‍ക്കിടയിലും ഗുഹകളിലും മരപ്പൊത്തുകളിലും ആവാസമൊരുക്കി. വീടും ആരാധനാലയങ്ങളും ശക്തമായി നിര്‍മിക്കുന്ന സമ്പ്രദായങ്ങളിലേക്ക് ചെന്നെത്തിയപ്പോഴും ചില വിഭാഗങ്ങള്‍ ഗുഹകളും പൊത്തുകളും ഒഴിവാക്കിയില്ല. താവളമുറപ്പിക്കാത്തവര്‍ സഞ്ചാരഘടനയെ ആവാസത്തിനുള്ള സങ്കേതമാക്കി. വീട് അഭേദ്യമായ ആശയമായി സംരക്ഷിച്ചില്ല. പ്രകൃതിയെ ഒരാലയമായി സ്വീകരിച്ചു. താമസിക്കുന്ന കുടിയില്‍ ആരെങ്കിലും മരിച്ചാല്‍, മരിച്ചവരോടൊപ്പം വീടും മറവു ചെയ്തിട്ട് അടുത്ത ആവാസം തേടുന്നവരാണ് മലപ്പണ്ടാരങ്ങള്‍.

കലയും ജീവിതവും സാമൂഹ്യ ശൈലികളും തമ്മില്‍ പരസ്പരം വേര്‍പെടുത്താനാവാത്ത സാംസ്‌കാരികബോധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈ കലാ വീക്ഷണം ശില്പ- ചിത്രകലകളില്‍ മാത്രമൊതുങ്ങുന്നതല്ല, സാഹിത്യത്തിന്റെ പ്രകൃതവും മറ്റൊന്നായിരുന്നില്ല. ജീവിതത്തിന്റെ സപര്യയങ്ങളും വിപര്യയങ്ങളും ആവിഷ്‌കരിക്കപ്പെട്ടവയാണ്, പഴഞ്ചൊല്ലുകളും നാടോടിക്കഥകളും നാടന്‍ പാട്ടുകളുമൊക്കെ. നാടിന്റെ  അധികാരപക്ഷത്തിലൂടെ സഞ്ചരിച്ചാണ് സംഘസാഹിത്യങ്ങള്‍ രചിക്കപ്പെട്ടത്. ജനപക്ഷത്തിന്റെ വികാരങ്ങള്‍ മറ്റൊരു ഭാഷയില്‍ ഗോത്രകലകളും പകര്‍ത്തി.വിവിധ ജനവിഭാഗങ്ങള്‍ അവരവരുടെ ജീവിതപഥത്തിനുള്ളില്‍ മിത്തുകളേയും ഐതിഹ്യങ്ങളേയും പകര്‍ത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തു.

ശക്തിദേവതകളുടെ ആരൂഢങ്ങള്‍ പ്രകൃതിയിലെ സ്വാഭാവിക പ്രതീകങ്ങളിലാണ്. മുച്ചിലോട്ട് ഭഗവതിക്ക് കരിമ്പനയും ചോന്നമ്മക്ക് പനയും ഇളയ ഭഗവതിക്ക് ഇലഞ്ഞിയുമായിരുന്നല്ലൊ ഇരിപ്പിടം. പ്രകൃതിയില്‍ നിന്നും വേര്‍തിരിക്കാനാവാത്ത ആത്മീയ ഭൂപടം അന്നത്തെ കാഴ്ചപ്പാടുകളെ നിര്‍ണയിച്ചു.ഇന്നത്തെ മതബോധത്തിന്റെ കോണിലൂടെ  അന്നത്തെ ആത്മീയതയെ വീക്ഷിക്കരുത്.കാവുകള്‍ അധികാരത്തിന്റേയും വിശ്വാസ സംഹിതകളുടേയും പ്രാമാണികസ്ഥാനങ്ങളായി രൂപമെടുത്തപ്പോഴും പ്രകൃതിയോടൊട്ടി നിന്നു.

അധികാരത്തിന്റെ പടര്‍ച്ചയും ശാക്തീകരണവും ചെറുചെറു കാവുകള്‍ ചേര്‍ന്നുള്ള കാവുതട്ടകങ്ങളിലൂടെയാണ് വികസിച്ചത്. ആ ശ്രേണി ഒരു സാമ്പത്തികശൃംഖല കൂടിയായി മാറി. സ്വത്തുനിയമങ്ങള്‍ ദേവക്രിയകളുമായി കൂട്ടിക്കെട്ടിയാണ് സാംസ്‌കാരിക അടിത്തറ ഭദ്രമാക്കിയത്. ഭക്തിയും സമ്പത്തും തമ്മിലുള്ള  അടിസ്ഥാന ബന്ധമൊരുങ്ങി. കാവുശൃംഖലയിലൂടെ വിഭവ സമാഹരണം ശക്തിപ്പെട്ടു. തലപ്പത്ത് ഊരാളന്മാര്‍ ഇരിപ്പുറപ്പിച്ചു. അവര്‍ പിന്നീട് നാടുവാഴികളായി വളരുന്നു.പ്രമുഖ നാടുവാഴികള്‍, എല്ലാം ദേവിയുടെ സ്വത്തായി പ്രഖ്യാപിക്കുകയും വരവുകള്‍ അവര്‍ മാത്രം അനുഭവിക്കുകയും ചെയ്യുന്നു. ഇതേ കണ്ണോടെയാണ്  തറവാടുകളില്‍ കുടുംബ ക്ഷേത്രങ്ങളും പരദേവതാ സങ്കല്പങ്ങളും സ്ഥാപിക്കുന്നത്.

ഇവിടെയൊന്നും ബ്രാഹ്‌മണ സംസ്‌കൃതിയുടെ ഇടപെടലില്ല. അതുണ്ടാവുന്നത് പിന്നീടാണ്. കാവടിസ്ഥാനത്തില്‍ വളര്‍ന്ന സമ്പ്രദായത്തിലൂടെ രൂപപ്പെട്ട നാടുവാഴികളെ പില്‍ക്കാലത്ത് ബ്രാഹ്‌മണ്യ ദര്‍ശനത്തിന് എളുപ്പം പിടികൂടാന്‍ കഴിഞ്ഞു. അതുവഴി സാമൂഹ്യാധികാരവും സുഗമമാക്കി. തറക്കൂട്ടത്തിനും നാട്ടുകൂട്ടത്തിനും അതീതമായി ഒരധികാരശക്തി അങ്ങനെ നിലവില്‍ വന്നു. ഉടൈയവരായും സ്വരൂപങ്ങളായും അധികാരത്തിന്റെ ക്രോഡീകരണങ്ങളുണ്ടായി. ആദിചേരന്മാരുടെ രാഷ്ട്രീയശക്തി കേന്ദ്രീകരിച്ചത്  കാവുകൂട്ടായ്മകള്‍  ശക്തമായിടത്താണെന്നു കാണാം. ബ്രാഹ്‌മണ്യത്തില്‍  കാവുകളിലൊരു ഭാഗം ക്ഷേത്രാധിഷ്ഠിതവുമായി.

''നാടുവാഴി കേന്ദ്രങ്ങളെല്ലാം കുലശേഖര ഭരണം ആരംഭിക്കുന്ന കാലത്ത് കാവുതട്ടകങ്ങളുടെ ക്രോഡീകരണത്തിലൂടെ നാട്ടു ഭരണം നടത്തുന്നുണ്ട് എന്നു വേണം കരുതാന്‍. നാടുകള്‍ പതിനെട്ടുകാവു തട്ടകരൂപത്തിലാണ്. ഭൂവിസ്തൃതി നാടുടയവര്‍ക്കില്ല എന്നാണ് കരുതാവുന്നത്. അതിനാല്‍ ഒരു വലിയ രാഷ്ട്രീയശക്തിയൊന്നുമല്ല ഉടൈയവര്‍മാര്‍ .അതിന്റെ തെളിവാണ് നാടുവാഴി കേന്ദ്രങ്ങളെല്ലാം ഒരു പോലെ കാവു ദേവതയെ പരദേവതയായി കാണുന്ന രീതി. ആദിചേരന്മാരുടെ കീഴില്‍ ഉണ്ടായിരുന്ന കാവുശൃംഖല കാവുതട്ടക ഭരണത്തിലാണെന്നിരിക്കെ ഊരുക്കള്‍ക്ക് പ്രാമാണ്യമുണ്ട്. ഈ ഊരുകള്‍ ബ്രാഹ്‌മണീകരണ കാലത്തും ക്ഷേത്രഭരണഘടകമായി തുടര്‍ന്നു കാണുന്നുണ്ട്...

...... ഉടൈയവരുടെ തുടര്‍ച്ചയാണ് സ്വരൂപങ്ങള്‍. അതിനാല്‍ അടുത്ത പരിണാമം അവരിലൂടെയാണ്. കാവു ക്രോഡീകരണത്തിന്റെ ദിശ ശ്രദ്ധിക്കുക. മാമാങ്കം നടത്തിയിരുന്ന കാലത്ത് സാമൂതിരിക്ക് നൂറ്റിയന്‍പതില്‍പരം കാവുകള്‍ നേരിട്ടുള്ള നടത്തിപ്പിലുണ്ട്. കാര്‍ഷിക ബന്ധമുള്ള അനേകം ഉത്സവങ്ങള്‍ കാണാം.നാനൂറില്‍ പരം ആഘോഷങ്ങളാണ് സാമൂതിരിയുടെ കാവുകളില്‍ നടക്കുന്നത്. സാമൂതിരിമാരുടെ താഴെയുള്ള കാവധികാരികളായ 151 സ്ഥാനി നായന്മാരുള്‍പ്പെടെയുള്ള ബ്രാഹ്‌മണേ തരരായ കാവധികാരികളുണ്ട്. സ്വകാര്യകാവും കാവുതട്ടകവും നൂറുകണക്കിനാണ്. അവര്‍ക്കൊക്കെ ഭൂമിയും അനേകവിധ വരുമാനവുമുണ്ട് ''
(കേരള സംസ്‌കാരം: അകവും പുറവും -എന്‍.എം.നമ്പൂതിരി )

കാവുസങ്കേതങ്ങള്‍ പില്‍ക്കാലത്ത് പിന്തള്ളപ്പെട്ടു. ക്ഷേത്രവല്‍ക്കരണത്തില്‍ ശാക്തേയാരാധനാസ്ഥാനങ്ങള്‍ക്കാണ് പ്രധാനമായും  പരിക്കേറ്റത്. എ.ഡി.നാലാം നൂറ്റാണ്ടില്‍ ചാലൂക്യരാജാവായ മയൂരവര്‍മന്റ സഹായത്തോടെ  പ്രവേശിച്ച ബ്രാഹ്‌മണസമൂഹം കേരളത്തില്‍ പല കാലങ്ങളിലായി  സ്ഥാപിച്ചെടുത്ത 64 ഗ്രാമസമ്പ്രദായത്തില്‍ മൂലധന കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് ക്ഷേത്രരൂപീകരണം ശക്തിപ്പെട്ടത്.

സുമേറിയന്‍ പിരീഡില്‍ തന്നെ (ബി.സി. 3000) ക്ഷേത്ര കേന്ദ്രിത സംസ്‌കാരം ആവിര്‍ഭവിച്ചിരുന്നെങ്കിലും ആദിമലനാടിന്റെ പരിധിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടില്ല. എണ്ണമറ്റ കാവുകളും ക്ഷേത്രങ്ങളും മറ്റ്  ആരാധനാ കേന്ദ്രങ്ങളും, അവിടങ്ങളിലെ നാനാതരം ഉത്സവങ്ങളും ആഘോഷങ്ങളും ആരാധനാലയങ്ങള്‍ക്കു പുറത്തെ സമാന്തര കലാപദ്ധതികളും രൂപപ്പെട്ടുവന്നതിന്റെ സാമൂഹ്യ പശ്ചാത്തലം വരച്ചെടുക്കേണ്ടതാണ്.

പ്രാചീനസമുദായങ്ങളിലൊരു വിഭാഗത്തിന്റെ പ്രത്യേകിച്ചും, പാണര്‍, പറയര്‍, പുലയര്‍ എന്നിവരുടെ വാഴ്ത്തുപാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരിതിവൃത്തമാണ് മഹാബലി.എല്ലാ മാവേലിക്കഥകളും 'ആദി മലനാടി'ന്റെ ഉള്ളറിവുകളിലേക്ക് തുറന്നിടുന്നു. ഭൂമിയെ കന്യകയായി കല്പിക്കുന്നതും മഹാബലിയുടെ മകളായി ഭൂമികന്യകയെ കാണുന്നതുമായ ഇതിവൃത്തങ്ങള്‍  ഭൂമി നഷ്ടപ്പെടുന്നതിന്റേയും പ്രളയത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിന്റേയും പൊരുളുകള്‍ പലവിധത്തില്‍ പറയുന്നതാണ്.

മാവേലിയുടെ നാട് സ്ഥിതിസമത്വത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്യുന്ന ഒരാശയമാണ്. ഒരു ഭാവനാസൃഷ്ടിയോ യാഥാര്‍ഥ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ചരിത്രാഖ്യായികയോ ആവാം.വെറും ഭാവനയാണെങ്കില്‍, കള്ളവും ചതിയും അസമത്വവും നിറഞ്ഞു നില്‍ക്കുന്ന ഒരധികാര  വ്യവസ്ഥാപനത്തിനെതിരായ സര്‍ഗാത്മകപ്രതിഷേധമാവാം. ഇരുണ്ട കാലത്തു നിന്നും വെളിച്ചത്തിന്റെ ലോകം പ്രത്യാശ ചെയ്യലാവാം.

ചരിത്രാഖ്യായികയാണെങ്കില്‍ അതിനുതക്ക ചരിത്ര പ്രതലങ്ങളുണ്ടാവും. മഹാബലിയുടെ ഐതിഹ്യത്തെ സംബന്ധിച്ച് എണ്ണമറ്റ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ആധികാരികമായ ദിശയിലേക്ക് നയിക്കുന്ന ഒരു നിരീക്ഷണം എന്‍.വി.കൃഷ്ണവാരിയരുടേതാണ്.

കാര്‍ഷികവൃത്തിയിലും വിശ്വാസപരമായ സാമൂഹ്യരീതികളിലും ഒട്ടിനില്‍ക്കുന്ന ദ്രാവിഡഘടനയുടെ ഭാവലക്ഷണങ്ങള്‍ മാവേലിചരിതത്തിനുണ്ട്. ബി.സി. പത്താം ശതകത്തിനു മുമ്പ് സുമേറിയയും മെസപ്പെട്ടോമിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അസീറിയന്‍ ചക്രവര്‍ത്തി കീഴടക്കി ഭരിച്ചിരുന്നു. സുമേറിയന്‍, മെസപ്പെട്ടോമിയന്‍ സംസ്‌കാരങ്ങള്‍ വിശ്വപ്രാധാന്യം നേടിയതാണല്ലൊ. അസീറിയന്‍ സാമ്രാജ്യം ശക്തി പ്രാപിച്ചത് അതിന്റെ അവസാന കാലത്താണ്. ചക്രവര്‍ത്തിമാരില്‍ ശ്രേഷ്ഠനായ അസുര്‍ ബലിപാലിനു ശേഷം നിനവേ തലസ്ഥാനമാക്കിയ അസീറിയന്‍ സാമ്രാജ്യം അസ്തമിച്ചതായി പറയപ്പെടുന്നു.

അസുര ബലി പാലിന്റെ പതനത്തിനു ശേഷം പിന്മുറക്കാര്‍ ചേരസാമ്രാജ്യത്തില്‍ സംഘടിതമായി കുടിയേറിയപ്പോള്‍ ,അസുര ബലിയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യവും കൂടെപ്പോന്നതാവാമെന്നും എന്‍.വി. വിശദീകരിക്കുന്നു.പ്രാചീനകാലത്തെ മലനാടുകളിലൊന്നായപറമ്പുമലരാജ്യത്തെ(ഇപ്പോഴത്തെ നാമക്കലിന്റെ കിഴക്കു ഭാഗം) ഭരണാധികാരിയും ദാനപ്രിയനുമായ പാരിയുടെ ജനക്ഷേമകരമായ ഭരണത്തേയും അതിന്റെ പതനത്തേയും ഇതേ ഇതിവൃത്തവുമായി കൂട്ടിയിണക്കിയതാവാമെന്നനിഗമനം ഡോ: ആര്‍.ഗോപിനാഥന്‍ കൂട്ടിച്ചേര്‍ക്കുന്നു.ലോകത്തെമ്പാടുമുള്ള ഐതിഹ്യങ്ങള്‍ മിക്കവയും ഒന്നാണെന്നും ഭാഷാപരവും പ്രാദേശികവുമായ ഭേദങ്ങളോടെ വ്യാഖ്യാനം ചമയ്ക്കുകയാണെന്നുമെന്ന കേസരി യുടെ കണ്ടെത്തല്‍ എന്‍.വി.കൃഷ്ണവാരിയരുടെ  അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.

ഓണം കൊയ്തുത്സവമായിരുന്നു. വൈഷ്ണവമതക്കാര്‍ വിഷ്ണുവിന്റെ ജന്മനക്ഷത്രവുമായി അതിനെ ബന്ധിപ്പിച്ചു.സംഘകാവ്യം 'മതുരൈ കാഞ്ചി'യില്‍ ചിങ്ങത്തിലെ തിരുവോണം വിഷ്ണുവിന്റെ ജന്മനക്ഷത്രമായി കൊണ്ടാടുന്നത് പരാമര്‍ശിക്കുന്നുണ്ട്: ''കണങ്കൊളവുണര്‍ക്കടന്ത പൊലന്താന്‍മായോന്‍ മേയാവോണരുന്നാള്‍....
... ...
പേരിചൈനന്നന്‍ പെരുമ്പെയര്‍ നന്നാട്
ചേരിവഴിവിനാര്‍പ്പെഴുന്താങ്കു
മുന്തൈയാമഞ്ചന്റെ പിന്റൈ ''
(അവുണരെ - രാക്ഷസരെ -തോല്പിച്ച വിഷ്ണുവിന്റെ അഥവ നന്നന്റെ - നാരായണന്‍ - ജന്മദിനമായ ഓണം നാളില്‍നിന്നുണ്ടായ ആര്‍പ്പുവിളിെപ്പറ്റി -)

പ്രാചീന പാരസിക ചരിത്രത്തില്‍, കലീവ് രാജവംശത്തിന്റെ ഒടുവിലത്തെ രാജാവായി ഒരു മഹാബല്‍ ഉണ്ടായിരുന്നു. ഹിരണ്യകശിപു ക്ഷീരസാഗരത്തിന്റെ (കാസ്പിയന്‍ കടല്‍) തെക്ക് ഇന്നത്തെ ടെഹറാന്‍ നഗരത്തിന് വടക്ക് കിടന്ന പണ്ടത്തെ ഹിര്‍കേനിയ രാജ്യം ഭരിച്ചിരുന്നു. പുത്രന്‍ പ്രഹ്ലാദന്‍ പാതാള (പാതാളമെന്നതിന്റെ ഒരര്‍ഥം ഭാരതത്തിന്റെ പശ്ചിമ ഭാഗം / മറ്റൊന്ന് , ബാക്ട്രിയ) ത്തിലെ രാജാവ്. പ്രഹ്ലാദന്റേയും പുത്രന്‍ മഹാബലിയുടേയും കാലത്ത് കാസ്പിയന്‍ കടലിന്റെ തെക്കേക്കരയിലെ സാമ്രാജ്യം ബാക്ട്രിയ വരെ നീണ്ടു നിന്നിരിക്കണം.മഹാബലിയുടെ പുത്രന്‍ ബാണന്റെ രാജധാനി - ത്രിപുരം - ശിവന്‍ നശിപ്പിച്ചതായി പത്മപുരാണം. തപുരി എന്ന വര്‍ഗം അലക്‌സാണ്ടരുടെ കാലത്ത് അവിടെ ഉണ്ടായിരുന്നു.  മഹാബലിയെ വംശസ്ഥാപകരായി കാണുന്ന ആദിമലനാട്ടിലെ ചില വിഭാഗങ്ങള്‍ക്ക്ബൃഹദ് ബാണ രാജവംശവുമായി (ഗുപ്തര്‍ക്കു മുമ്പ് ഇന്ത്യയില്‍ ശക്തമായിരുന്ന ) ബന്ധമുണ്ടായിരുന്നതിനാലാവണം ഇവരും ആഘോഷിച്ചു. മാവേലിക്കു മേല്‍ വേറെ നാടന്‍പാഠങ്ങളുമുണ്ട്.

കുറിച്യര്‍ക്കിടയില്‍ പ്രചാരത്തിലുള്ള വടക്കേരിഭഗവതിയെ സംബന്ധിച്ച ഐതിഹ്യകഥ, ,മലക്കാരി ദേവതയുടെ കഥ, മാപോതിക്കഥ, ഉള്ളാടരുടെ വില്പാട്ടിലെ  ശാസ്താവിന്റെ കഥ, കാണിക്കാരുടെ പൂമാദേവിയമ്മപ്പാട്ട്, പണിയരുടെ പടച്ചോന്‍ ഭൂമിയുണ്ടാക്കിയ പുരാണം, തോറ്റംപാട്ടുകള്‍, മലനാട്ടു പടപ്പാട്ടുകള്‍, മലപ്പുലയരുടെ പാട്ടുകള്‍, പാണവരും പുള്ളുവരും പാടി നടന്നത്, മുളങ്കുറുമരുടെ കിളിപ്പാട്ടുകള്‍, തുടങ്ങി എത്രയോ പുരാവൃത്തങ്ങള്‍  പ്രതിഫലിക്കുന്ന ജൈവപ്രകൃതി ചരിത്രനിരീക്ഷണത്തിന് അടിസ്ഥാനമാക്കാവുന്നതാണ്. മിത്തുകളുടെ ഇതിവൃത്തങ്ങള്‍ പൊതുവെ , സാമൂഹിക ബന്ധങ്ങളുടേയും ജീവിതാതിരുകളുടേയും ദേശ ഘടനകളുടേയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയാകും. കാലദേശങ്ങളെ നിര്‍ണയിക്കാനുള്ള സാംസ്‌കാരികനിരീക്ഷണത്തിന് ഇവയെ ആധാരമാക്കുന്നതില്‍ തെറ്റില്ല.

അതിജീവനപ്രക്രിയകളുമായി തലമുറകളെ ചേര്‍ത്തു നിര്‍ത്താനും പരിശീലിപ്പിക്കാനും അതിന്റെ  സമ്പ്രദായവല്‍ക്കരണം അനിവാര്യമാണ്. ആചാരാനുഷ്ഠാനങ്ങളുടെ ഉള്ളടക്കം മുഖ്യമായും അതിജീവനോദ്ദേശ്യപരമാണ്.

''എയ്യുന്നതുണ്ടു ഞാന്‍ മാനതിന**
എയ്കിലോരമ്പു തറപ്പതുണ്ട്.
വെള്ളപ്പുറമേയോ പോയീതമ്പ്
പന്നിപ്പുറമെയൊന്നാഴ്ന്നീതമ്പു
പന്നിയൊന്നെയ്തു യിടത്തൊഴിച്ചു
മാനുമൊന്നെയ്തു വലത്തൊഴിച്ചു
പൂക്കോട്ടയ്യപ്പാ എന്തു ചെയ് വൂ ''
(മലപ്പുലവന്‍ തോറ്റം).

നായാട്ടുജീവിതത്തെ മാത്രം പതിനെട്ടാചാരവും***പത്ത് അവസ്ഥ****യുമായി സമ്പ്രദായവല്‍ക്കരിച്ചതായി കാണാം.

മൂഷികവംശത്തിന്റെ ആദിമൂലം വിവരിക്കുന്ന ഐതിഹ്യങ്ങളുടെ  ദേശപശ്ചാത്തലം പ്രധാനമായും ആദിമലനാടാണ്. ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് പലായനം ചെയ്ത അരചകുമാരി മലനാട്ടിലെത്തി തേജസ്വിയായ ദേവിയായി അവതരിക്കുന്ന പുരാവൃത്തം നിരവധി ഇതിവൃത്തങ്ങളില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്.പലായനയാത്രയുടെ കപ്പലിലുണ്ടായിരുന്ന മൂന്നുവിഗ്രഹങ്ങള്‍ കൈവശപ്പെടുത്തിയത് അന്നത്തെ പ്രമുഖരായ മൂന്നു നാടുവാഴികളായിരുന്നത്രെ. അതില്‍ അസാധാരണ പ്രഭാവമുള്ള വിഗ്രഹം കൊഴുക്കിലിടം സാമന്തനാണ് കിട്ടിയത്. ഇത്  കരസ്ഥമാക്കാന്‍ കോലത്തിരിക്കോവിലകത്തിനു മോഹമായി. കോലത്തിരിപ്പട സാമന്തനെ പിന്തുടര്‍ന്നു.സാമന്തന്‍ വിഗ്രഹം തുണിയില്‍ പൊതിഞ്ഞ് പലയിടങ്ങളില്‍ മാറ്റി മാറ്റി ഒളിപ്പിച്ചാണ് കടത്തിയത്.കല്യാശ്ശേരി മണക്കുളങ്ങര, എരിഞ്ഞിക്കല്‍, കടമ്പേരി, പുളിമ്പിടാവ്, നിടിയേങ്ങ, നടുവില്‍, വെള്ളാട്, വെള്ളോറ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഒടുവില്‍ ചുഴലി വടക്കേക്കാവില്‍ കുഴിച്ചിട്ടു.കാലം കുറേ കഴിഞ്ഞ് വിഗ്രഹം പുറത്തെടുത്ത് പ്രശ്‌ന വിചാരപ്രകാരം അവിടെ ക്ഷേത്രം പണിതു. ചുഴലി ഭഗവതി ക്ഷേത്രത്തിന്റെ പിറവിയും ചുഴലി ദേശത്തിന്റെ പുരാവൃത്തവും ഇതാണ്.ശ്രീകണ്ഠപുരമുള്‍പ്പെടെ മലനാടിന്റെ വലിയൊരു ഭാഗം സുദീര്‍ഘമായൊരു കാലഘട്ടം ചുഴലി രാജവംശത്തിന്റെ അധീനതയിലായിരുന്നു.

ആത്മീയദര്‍ശനങ്ങളായി പ്രതിഫലിക്കുന്ന സാമൂഹ്യത്തനിമയാര്‍ന്ന ജൈവ സംഘര്‍ഷങ്ങള്‍ക്കു പുറമെ അപരാനുഭവങ്ങളുടെ കുടിയേറ്റവും സംസ്‌കൃതിയെ കാലോചിതമായി സങ്കരമാക്കുന്നുണ്ട്. അനുഷ്ഠാനകലകളിലും ആചാരങ്ങളിലും ആഘോഷങ്ങളിലും ആദേശം ചെയ്യപ്പെടുന്ന ദര്‍ശന സംഹിതകളുടെ നൂറ്റാണ്ടുകളിലൂടെയുള്ള രൂപ വ്യതിയാനങ്ങളാണ് പില്‍ക്കാല സാമൂഹിക മണ്ഡലത്തിന്റെ ആത്മീയ ഘടനയെ നിര്‍ണയിക്കുന്നത്. മതപരവും മതേതരവുമായ വിചാരഗതികളുടെ വരവ് മലനാടിന്റെ ചരിത്രത്തേയും പുതുക്കിയെടുക്കുന്നതായി കാണാം. ആ പുതുക്കലിന്റെ പരിവര്‍ത്തന സൂചിക ഏറ്റവും സൂക്ഷ്മമായി പ്രതിഫലിക്കുന്ന ഒരു മികച്ച  പ്രതലം ഭാഷയാണ്.അനേകം പൂര്‍വ ഭാഷകളുടെ മിശ്രണമായിരിക്കും ഇന്നത്തെ ഓരോ ഭാഷയും. കാലം കടഞ്ഞുകളഞ്ഞ എല്ലാതരം സംസ്‌കാരങ്ങളുടേയും സമ്പ്രദായങ്ങളുടേയും വിശ്വാസങ്ങളുടേയും ഫോസിലുകള്‍ ഭാഷാശില്പത്തില്‍ ശേഷിക്കുന്നുണ്ട്.

ഏതധിനിവേശ സംസ്‌കാരത്തിന്റേയും മുദ്രകള്‍ സ്ഥലനാമങ്ങളായും ആരാധനാചിഹ്നങ്ങളായും അനുഷ്ഠാനങ്ങളായും ഇവിടെ ബാക്കി കിടപ്പുണ്ട്. മതപരമായ പ്രതീകങ്ങളുടെ സാമൂഹ്യവത്കൃതസമന്വയത്തിന്റെ അനേകം മാതൃകകള്‍ നമുക്ക് കണ്ടെത്താവുന്നതാണ്. ക്രിസ്തുമതത്തിന്റേയും ആര്യമതത്തിന്റേയും ഇസ്ലാമിന്റേയും യഹൂദരുടേയും ബ്രാഹ്‌മണരുടേയും  കടന്നുവരവു മാത്രമല്ല, ഒരു പക്ഷെ, അതേക്കാള്‍ പ്രാചീന സംസ്‌കൃതിയെ രൂപപ്പെടുത്തിയ മറ്റു ദര്‍ശനങ്ങളുടെ അടിത്തറയും ഇവിടെ പാകപ്പെട്ടിട്ടുണ്ട്.ആദിദ്രാവിഡ ജൈവികത,തീര്‍ഥാടകദര്‍ശനമായ ബുദ്ധമതത്തിന്റെ സാമൂഹികലയങ്ങള്‍, ജൈന മതത്തിന്റെ ഉയര്‍ച്ചതാഴ്ചകളും ആര്യ- ദ്രാവിഡ ഉദ്ഗ്രഥനത്തിന്റെ സാമ്പ്രദായികഅനുരഞ്ജനങ്ങളും ശൈവ-വൈഷ്ണവ  പ്രതിഷ്ഠാപനങ്ങളും ശാസ്താവിന്റെ ബൗദ്ധഭാവങ്ങളും,പരബ്രഹ്‌മ സേവ, പ്രകൃതി പൂജകള്‍, മാതൃപിതൃപൂജകള്‍, വൃക്ഷാരാധന,  നാഗാരാധനകള്‍, ദുര്‍ദേവതകള്‍, ഭൂതാരാധനകള്‍...ഒക്കെ അതിശക്തമായ പാരമ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ പശ്ചാത്തലവും സുശക്തമായ സാംസ്‌കാരിക ധാരയില്‍ രൂപംകൊള്ളുന്നതാണ്.

ഓണം, വിഷു,ക്രിസ്തുമസ് ,ഈസ്റ്റര്‍, ബക്രീദ്, മിലാദ് - ഇ- ഷെറീഫ് ,മുഹറം, റംസാന്‍, ഉറൂസുകള്‍, നവരാത്രി, തിരുവാതിര, ശിവരാത്രി, അഷ്ടമിരോഹിണി, ദീപാവലി, വിവിധ വ്രതാനുഷ്ഠാനങ്ങള്‍, മണ്ഡലപൂജ, വേടന്‍പാടല്‍...മുതലായവ ആത്മീയവീക്ഷണങ്ങളെ ഉദ്ധരിപ്പിച്ചു. ജീവിതരീതികളേയും വീക്ഷണങ്ങളേയും സാമൂഹ്യവല്‍ക്കരിക്കുന്ന കലാരൂപങ്ങള്‍ വികസിച്ചു. കാര്‍ഷികോത്സവങ്ങള്‍, അനുഷ്ഠാനപരമായ ഉത്സവങ്ങള്‍,നാടോടികലാരൂപങ്ങള്‍, തെയ്യങ്ങള്‍, തീയാട്ടങ്ങള്‍, കൂത്തുകള്‍, നാടകം, നൃത്തം, സംഗീതരൂപങ്ങള്‍, നാടോടി നൃത്തരൂപങ്ങള്‍, പൂരക്കളികള്‍, സംഘകളികള്‍ (  ഗോദാമൂരി , ഒപ്പന, മാര്‍ഗംകളി, തിരുവാതിര, വിവിധ സംഗീത രൂപങ്ങള്‍... ) കളരി വിദ്യകളുള്‍പ്പെടെ ആയോധനകലകള്‍, കളമെഴുത്തുകള്‍,വാസ്തു - ശില്പകലാ-ദാരുശില്പ - ചിത്രകലാ -വിദ്യകള്‍, കൈത്തൊഴില്‍ കലാവേലകള്‍, കൊത്തു പണികള്‍, കരകൗശല വേലകള്‍, മഠങ്ങളും ഗുരുകുലങ്ങളും വിദ്യാലയങ്ങളും പഠനക്കളരികളും ഗ്രന്ഥശാലകളും സാംസ്‌കാരിക സഭ കളുമുള്‍ക്കൊള്ളുന്ന ജ്ഞാനമണ്ഡലങ്ങള്‍, സംസ്‌കൃതം, തമിഴ്, കന്നഡ, തുളു, ഉറുദു ,അറബി, കൊങ്കണി, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ടുഗീസ് ,പേര്‍ഷ്യന്‍, ചൈനീസ്, ഹിന്ദി തുടങ്ങി വിവിധ  ഭാഷാജ്ഞാനങ്ങള്‍...ഇങ്ങനെ  സാമൂഹ്യസംസ്‌കാരത്തിന്റെ ശിലകളായി വര്‍ത്തിച്ചവ നിരവധിയാണ്.

ഉല്‍പാദനാധിഷ്ഠിതവും അല്ലാത്തതുമായ ഏതു സാംസ്‌കാരികമുദ്രയും തനതു ദേശത്തിന്റേയും ദേശാന്തരത്തിന്റേയും സാരാംശങ്ങള്‍ കൂടിക്കലര്‍ന്നതായിരിക്കും. അതുകൊണ്ടു തന്നെ ചരിത്രത്തിന്റെ വഴികാട്ടികളാണ് ഇത്തരത്തില്‍ ഏതു കാര്യവും. അതുപോലെ,ഭൗതിക അടരുകളായ പുരാശിഥിലങ്ങളും പലേടത്തുമവശേഷിക്കുന്നുണ്ട്. ഇവിടെ  വൈതല്‍മലയില്‍ സമതല പ്രദേശത്തൊരിടത്ത് പുരാതനമായ കാവിന്റെ ശിലാമുദ്രകള്‍ തങ്ങി നില്‍ക്കുന്നതായി കണ്ടിരുന്നു.കല്‍ക്കെട്ടും കുളവും അവശിഷ്ടങ്ങളിലുണ്ട്. ഇതിന്റെ പ്രാചീനപശ്ചാത്തലത്തെപ്പറ്റി പലതരത്തിലുള്ള  ഊഹാപോഹങ്ങളാണ്. സമാനമായ ക്ഷേത്രാവശിഷ്ടങ്ങള്‍ ഇതോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടക വനമേഖലകളില്‍ ചിലേടങ്ങളിലും (കത്തിയവാണിലും മറ്റും) കാണപ്പെട്ടിട്ടുണ്ട്.

Photo Madhuraj
ഫോട്ടോ: മധുരാജ്‌

എഡി. നാലാംനൂറ്റാണ്ടില്‍ ആന്ധ്രയിലെ ശ്രീശൈലത്തു നിന്നും ശൈലേശ്വരന്‍ എന്ന രാജാവ് സമുദ്രഗുപ്തന്റെ ആക്രമണം ഭയന്ന് അരങ്ങത്ത് എത്തിയതായും പതിമ്മൂന്നാം നൂറ്റാണ്ടുവരെ ആ വംശം നിലനിന്നതായും വൈതല്‍മലയില്‍ ക്ഷേത്രം പണിതതായും ഒരു കൂട്ടര്‍ കരുതുന്നു. മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെ ഭയന്ന് മലബാറിലെ ഏതോ രാജാവ് ഇവിടെ ഒളിച്ചതാണെന്നാണ് മറ്റൊരഭിപ്രായം. പിഴച്ചുപോയ തമ്പുരാട്ടിയെ ഭ്രഷ്ട് കല്പിച്ച്  ചിറക്കല്‍കൊട്ടാരത്തില്‍ നിന്നു് ഇറക്കിവിടേണ്ടി വന്നപ്പോള്‍,വൈതല്‍മലയില്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടി കെട്ടിയ കോട്ടയാണെന്നുംപറയപ്പെടുന്നു. വൈതല്‍മലയുടെ രഹസ്യവും സുരക്ഷിതവുമായ വലയം പലതിനും പല കാലങ്ങളില്‍ അഭയം കൊടുത്തിരിക്കാം.കുടകിന്റെ പടിഞ്ഞാറേ മലമടക്കുകളില്‍ ആധിപത്യം വഹിച്ചിരുന്ന 'വൈതല്‍ക്കോന്‍ '(ഇതൊരു രാജപദവിയോ, സ്ഥാനപ്പേരോ ആവാം) മാരുടെ ആസ്ഥാനമായിരുന്നു വൈതല്‍മലയെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.കോന്‍ എന്ന വാക്ക് പ്രധാനിയെന്ന അര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടതാണ്.ചെങ്കോലേന്തിയവരാണവര്‍.

വൈതല്‍ ദേശത്തിന്റേയും ചരിത്രത്തിന്റേയും പൂര്‍ണരൂപമറിയാനുള്ള അന്വേഷണങ്ങള്‍ തുടരേണ്ടതാണ്. ഈ വിഷയത്തില്‍ എഴുതപ്പെട്ട  ഒരു പ്രബന്ധത്തില്‍ (കണ്ണൂര്‍ - കുടക് ബന്ധങ്ങള്‍: കുടിയാന്മലയെ അടിസ്ഥാനമാക്കി ഒരു വാമൊഴി പഠനം)ഡോ: പി.ജെ. വിന്‍സെന്റ് വാമൊഴി പാരമ്പര്യത്തെ മുന്‍നിര്‍ത്തി ആ ദേശത്തിന്റെ പുരാവൃത്തങ്ങളേയും ദേവസ്ഥാനങ്ങളേയും അവയുടെ കുടകുബന്ധങ്ങളേയും ശ്രദ്ധാര്‍ഹമാക്കുന്നുണ്ട്. വൈതല്‍മലയില്‍ അമ്പലത്തറ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടക്കാറുള്ള ആഘോഷങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ ലേഖനം പരാമര്‍ശിക്കുന്നതിങ്ങനെയാണ്: ''1960-കള്‍ വരെ അമ്പലത്തറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മകരമാസത്തിലെ കാര്‍ത്തിക നാളില്‍ ചില ആഘോഷങ്ങള്‍ (ഉത്സവം ) നടന്നുവന്നതായി കരിമ്പാലരും ആദ്യകാല കുടിയേറ്റക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നിരവധി പന്തങ്ങള്‍ കത്തിച്ചിരുന്നതായും ചെണ്ടകൊട്ടും പീപ്പിവിളിയും കേട്ടിരുന്നതായും പഴമക്കാര്‍ പറയുന്നു.കത്തിയവാണ - ചാരിക്കുന്ന് വഴി വനത്തിലൂടെ വൈതല്‍മലയിലെത്തുന്ന കുടകരാണ് വര്‍ഷം തോറും പ്രസ്തുത ചടങ്ങുകള്‍ നടത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. കരിമ്പാലര്‍, മാവിലര്‍, പറയര്‍, തീയര്‍ തുടങ്ങിയ കുടിയേറ്റ പൂര്‍വ നിവാസികളല്ലാത്ത ഒരു വിഭാഗമാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഇതേ കാലത്ത് (മകരമാസത്തില്‍) കുടിയാന്മല ടൗണില്‍ നിന്നും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പള്ളിക്കുന്ന് മലകളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു 'ദേവസ്ഥാനം 'ഉണ്ടായിരുന്നതായും അവിടെ എല്ലാ വര്‍ഷവും കുടകര്‍ വന്ന് പൂജ കഴിച്ച് പോവാറുണ്ടായിരുന്നെന്നും പഴമക്കാര്‍ പറയുന്നു.

 വൈതല്‍ മലയുടെ തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചാത്തമലയുടെ മുകളില്‍ അസാമാന്യ വലിപ്പമുള്ള ചോലമരം ഒരു ദേവസ്ഥാനമാണെന്നും അവിടെ നിന്നും വൈതല്‍മലയിലേക്കും പള്ളിക്കുന്നിലേക്കും ചില 'പോക്കുവരവുകള്‍' ഉണ്ടെന്നും പഴമക്കാര്‍ പറയുന്നു. വൈതല്‍മലയില്‍ നിന്നു തുടങ്ങുന്ന 'തേരോടം' ( പോക്കുവരവുകള്‍) പള്ളിക്കുന്ന്, ചോലമരം ഇവ സ്പര്‍ശിച്ച് പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ അവസാനിക്കുന്നു എന്ന് ഒരു ഐതിഹ്യം പറഞ്ഞു കേള്‍ക്കുന്നു. വൈതല്‍മലയില്‍ അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ജനവിഭാഗത്തെ (കുടകര്‍) ചാത്തമലയിലെ ദേവസ്ഥാനം, പള്ളിക്കുന്ന് ദേവസ്ഥാനം, പയ്യാവൂര്‍ ശിവക്ഷേത്രം എന്നിവയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ഈ ഐതിഹ്യത്തിന്റെ പ്രസക്തി ''.

സാമൂഹികമായി രൂപപ്പെട്ടു വന്ന ആചാരക്രമങ്ങളില്‍ നിന്നും ദേശവിഭജനത്തിന്റെ രൂപരേഖകള്‍ വരച്ചെടുക്കാവുന്ന രീതി പ്രയോഗിച്ചു നോക്കുകയാണെങ്കില്‍,മലയാളികളും കുടകരും വ്യത്യസ്ത ദേശങ്ങളിലെ ജനപദങ്ങളല്ലെന്നതിന്റെ സൂക്ഷ്മമായ തിരിച്ചറിവു കിട്ടും. പയ്യാവൂര്‍ ക്ഷേത്രാചാരങ്ങളില്‍ കുടകരുടെ നാഭീ- നാള ബന്ധം അനിഷേധ്യമായ ഒരിതിവൃത്തമാണ്. ക്ഷേത്രോത്സവത്തിന്റെ ദേവഗാഥകളിലൂടെ ചെവിയോര്‍ക്കുകയാണെങ്കില്‍ വാക്കുകളിലൊതുങ്ങാത്ത ഇതിവൃത്തഘടനകളുടെ മുഴക്കം കേള്‍ക്കാം.ഏതൊരു കഥയിലും കുടുങ്ങാത്ത ചിരപരിചിതരായ ഒട്ടേറെ കഥാപാത്രങ്ങള്‍,പിന്‍മാറിയ ചരിത്ര സന്ധികളിലെ പടപ്പിറപ്പുകള്‍ മുന്നിലേക്കു വരും. നിത്യപ്രണയത്തിന്റെ ഹൃദയപരിധിയിലെ ശിവ-പാര്‍വതിമാരുടെ സംഗമവും, ദേശസംസ്‌കൃതിയുടെ അതിര്‍ സ്ഥലികളില്‍ ചിതറിക്കിടന്ന കുടകരുടേയും മലയാളികളുടേയും പൈതൃക കൂട്ടായ്മയില്‍ പരിലസിച്ച പയ്യാവൂരുത്സവപ്പെരുമയുടെ പിന്‍മുദ്രകളും , ഊട്ടുത്സവത്തിന് കാളപ്പുറത്ത് അരിയുമായി എത്തുന്ന കുടകിലെ കടിയത്തു ഗ്രാമത്തിലെ കുടുംബക്കാരും കണ്‍മുന്നിലെത്തും.

കുടകിലെ കാലിയാര്‍ മലയില്‍ നിന്ന് ശിവന്‍ ഇറങ്ങിവന്ന് താപസനായ അര്‍ജുനനെ അനുഗ്രഹിച്ച ഇടമായിട്ടാണ് പയ്യാവൂരിനെ സങ്കല്പിക്കുന്നത്.

''കൈതമല താനോ
കൈതത്താര്‍ മലയിലോ,വേടാ
കൈതമലമേലുണ്ടര്‍ജുനന്‍
തപസ്സിരിപ്പൂ ..''

വേടന്‍പാട്ടില്‍ അര്‍ജുനനെ ഉണര്‍ത്താന്‍ പ്രത്യക്ഷനാവുന്ന ശിവന്‍ മറ്റാരുമല്ല,
അതിയന്‍-ആദിത്യന്‍ - ആണ്.
പാര്‍വതി -ചന്ദ്രിക - യുമുണ്ട് കൂടെ .
'' അതിയരന്‍ മകളേ കുറത്തി ''യെന്ന്
  മലങ്കുറത്തിത്തോറ്റം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് പയ്യാവുരിലും പരിസരദേശങ്ങളിലും അരിക്ഷാമം അതിരൂക്ഷമായപ്പോള്‍ കാലിയാറീശ്വരന്റെ (ശിവന്‍) ഊട്ടുത്സവം മുടങ്ങി. അതേത്തുടര്‍ന്ന് കാലിയാര്‍ കാടുംമലയും കടന്ന് കുടകിലെത്തി. അവിടെ കാലിമേയ്ക്കുന്ന കുട്ടികളെ കണ്ടു. തന്റെ മായവിദ്യയാല്‍ അവര്‍ക്കു പഴങ്ങള്‍ നല്‍കി  ആശ്ചര്യചരിതരാക്കി - വീട്ടില്‍ ചെന്ന് അച്ഛന്മാരെ കൂട്ടി വരാന്‍ പറഞ്ഞു. അപ്രകാരം അച്ഛന്മാരെത്തി. പക്ഷെ അവര്‍ കണ്ടത് ഒരു നരിയെ. വന്നവര്‍ പേടിച്ചോടാന്‍ തുനിഞ്ഞപ്പോള്‍ ദൈവം വിശ്വരൂപം കാട്ടിക്കൊടുത്തു. പിന്നീട് അവരേയും കൂട്ടി രാജാവിന്നടുത്തേക്കു തിരിച്ചു. ഈ ഐതിഹ്യമാണ് കടിയത്തു നാട്ടില്‍ നിന്ന് ഊട്ടുത്സവത്തിന് അരിയുമായി 'എരുതാട്ടി വരുന്ന ' അനുഷ്ഠാനമായി മാറിയതെന്നു പറയപ്പെടുന്നു .കുംഭം പത്തിന്റെ ഉത്സവാന്ത്യത്തില്‍ ചൂളിയാട് ദേശക്കാരുടെ ഓമല്‍ക്കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ കുടകര്‍ കാളകളേയും ഓടിച്ച് തദ്ദേശത്തേക്ക് തിരിക്കുകയാണ്.

ഇതിഹാസങ്ങളിലും കല്പിത കഥകളിലും പൗരാണിക കീര്‍ത്തനങ്ങളിലും നീതിയുടേയും മോചനത്തിന്റേയും സമരമുദ്രകളുടെ ചിലമ്പൊലികളുണ്ടെന്നും തലമുറകളായി പോരടിച്ചു കൊണ്ടിരുന്ന അധ:സ്ഥിത വികാരത്തിന്റെ ആത്മഭാഷയും ആയുധങ്ങളും ചരിത്രത്തെ വിസ്മയം കൊള്ളിച്ചിരുന്നതായും  മിക്ക പുരാവൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.അതിന്റെ ഉത്തമോദാഹരണമാണ് 
ആദിമലനാട്ടിലെ മുത്തപ്പന്റെ ചരിതം.

കണ്ണൂര്‍ ജില്ലയുടെ കിഴക്കനതിര്‍ത്തിയിലാണ് കുന്നത്തൂര്‍മല. പയ്യാവൂരില്‍ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്കുള്ള റോഡരികിലാണ് കുന്നത്തൂര്‍ പാടി ദേവസ്ഥാനമുള്ളത്. മുത്തപ്പന്റെ മാതൃക്ഷേത്രം ഏരുവേശിയിലെ പാടിക്കുറ്റി മഹാദേവി ക്ഷേത്രമാണ്. ചിരപുരാതനമായ കൂവലുകളും കുറുകലുകളും മുഴങ്ങുന്ന കാടിന്റെ കളിത്തട്ടാണ് കുന്നത്തൂര്‍ പാടി. പൗരാണികതയുടെ അപൂര്‍വ ഗൃഹ ദൃശ്യങ്ങളാലനുഗ്രഹീതമായ സഹ്യാദ്രിയുടെ താഴ്‌വരകള്‍. കുന്നത്തൂര്‍ പാടി മഹോത്സവത്തിന്റെ പുരാവൃത്തത്തില്‍ യുഗാന്തരവൃത്താന്തങ്ങളുടെ വരികള്‍ മായാതുണ്ട്.

കേരളത്തിലെ ഏറ്റവും പ്രാചീനഗോത്രമായി പരിഗണിക്കാവുന്ന കാട്ടുനായ്ക്കന്മാരുടെ ആരാധനാമൂര്‍ത്തികളാണ് മാരിയമ്മയും മസ്തി ദൈവവും ഹെത്തപ്പിനും. ഹെത്തപ്പിന്‍ എന്നാല്‍ മുത്തപ്പന്‍. മലയരയരുടേയും അവരുമായി വംശ സാദൃശ്യമുള്ള കാണിക്കാരുടേയും പളിയരുടേയും പ്രധാനമൂര്‍ത്തിയാണ് വേട്ടയാടുന്ന ദൈവം കറുപ്പയ്യ. കറുപ്പയ്യയുടെ വകഭേദമാണ് മുത്തപ്പന്‍. പുലര്‍കോട്ടമയ്യപ്പനായി ജനകേന്ദ്രത്തിലും ശബരമലഅയ്യപ്പനായി  കാനനകേന്ദ്രത്തിലും ഇതേ ദിവ്യമൂര്‍ത്തി കുടികൊള്ളുന്നു. വീരമ്പനാര്‍ (ബീരപത്തിരന്‍)തെയ്യം ഇതിവൃത്തവും മുത്തപ്പന്‍ പുരാവൃത്തത്തില്‍ നിന്ന് വ്യത്യസ്തമല്ല. മുത്തപ്പന്‍കഥ  ചോന്നമ്മയോടും ചേര്‍ന്നു നില്‍ക്കും. കാലിച്ചേകോന്‍ തെയ്യവും ഇതുതന്നെ. അതില്‍ കുട്ടിയുടെ പേര് ബീരപത്തിരനു (വീരഭദ്രന്‍)പകരം 'കുഞ്ഞന്‍ പാടി 'യെന്നായി.

''വീരമ്പനാറ്  നാടാലേ ദൈവമെന്ന്
വീരപ്പേരും നരിക്കിയെറിഞ്ഞു.
നല്ലി പൊടിക്കളം തട്‌ത്ത്യെരിക്ക്
പ്‌ളാത്തുരു വന്ന് ഒരു വിളി കൊണ്ട്
ചാത്തപ്പന്‍ കോട്ടയടുത്തുവരിക്ക്
മാമാനിക്കുന്നത്തു
എഴുന്നള്ളിക്കൊണ്ട്.''
               (വീരഭദ്രന്‍ തോറ്റം)
ഹരിയപുരാന്‍ തിരുവടി,
അയ്യന്‍പുരാന്‍ തിരുവടി എന്നീ നാമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും മുത്തപ്പനാണ്. നാഗരാജാവ്, ബ്രഹ്‌മന്‍, ശൂദ്രന്‍ ,ചേരട്ടവാലന്‍, ചുരുട്ടവാലന്‍, ചെങ്കന്നിക്കണ്ണന്‍, ചവരി വാലന്‍, കിളരവന്‍, പരവനായി എന്നീ നായ്ക്കളുമായാണ് മുത്തപ്പന്റെ സഞ്ചാരം.

ഇതേ  മുത്തപ്പപുരാവൃത്തം
ബ്രാഹ്‌മണവ്യാഖ്യാനത്തിനു ശേഷം
മറ്റൊരു വിധത്തിലായി.

അയ്യങ്കര ഇല്ലത്തിന്റെ അരമനയും ആഡംബരങ്ങളും ഉപേക്ഷിച്ചാണ് മുത്തപ്പന്റെ പുറപ്പാട്. പാടിക്കുറ്റി അന്തര്‍ജനത്തെ, തന്റെ പോറ്റമ്മയെ, മാതൃവാഛയുടെ അവിരാമമായ കിതപ്പുകളിലും വിരഹമൂര്‍ച്ഛയിലും അനാഥമാക്കിയാണ് മുത്തപ്പന്‍ പടിയിറങ്ങിയത്.കാടിന്റെ ഇച്ഛയറിഞ്ഞ്, ആദിവാസി ക്കുടിലുകളിലേക്ക്, തന്റെ ഈറ്റില്ലത്തിലേക്ക് മുത്തപ്പന്‍ തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. കാടിനും നാടിനും കണ്ണിലുണ്ണിയായ കലാപകാരിയായി മാറുന്ന മുത്തപ്പന്റെ പ്രയാണം ഉള്‍ക്കൊള്ളാനാകാതെ പൈതൃക വ്യവസ്ഥ കലിതുള്ളിയപ്പോള്‍ മാതൃത്വത്തിന്റെ സ്‌നേഹവാത്സല്യച്ചരടുകള്‍ മുറിച്ചുമാറ്റി മുത്തപ്പന്‍ തന്റെ പോര്‍ജീവിതം തുടര്‍ന്നു.അനീതിക്കു മുന്നില്‍ മകന്‍ അതിസാഹസികത കാട്ടുമെന്ന് തിരിച്ചറിഞ്ഞ പാടിക്കുറ്റിയമ്മ അവനെ കൊണ്ട് പൊയ്ക്കണ്ണുകെട്ടിച്ച് ആ പോരാളിക്ക് വിവേകത്തിന്റെ യഥാര്‍ഥ കാഴ്ച പകര്‍ന്നു.

ദുഷ്‌കരമായ പ്രതിബന്ധങ്ങള്‍ മുന്നില്‍ നിരന്നു കിടന്നപ്പോള്‍, കണ്ണു മൂടപ്പെട്ട മുത്തപ്പന് വഴികാട്ടിയും തുണയുമായി വെള്ളാട്ടവും അവതരിച്ചുവെന്നാണു വിശ്വാസം. അയ്യങ്കര നിന്നിറങ്ങിയ മുത്തപ്പന്‍ മുഴക്കവള്ളിക്കോട്ട വഴിയാണ് കുന്നത്തൂരിലെത്തിയത്.

കുന്നത്തൂര്‍ മലയിലെത്തിയ മുത്തപ്പന്‍ ഒരു പനയില്‍ കയറി കള്ളു കവര്‍ന്നു കുടിക്കുന്നതു കള്ളിന്റെ അവകാശിയായ അടിയാന്‍ ചന്തന്റെ കണ്ണില്‍ പെട്ടു .കോപാകുലനായ ചന്തന്‍ ശകാരത്തോടെ തന്റെ കയ്യിലുണ്ടായിരുന്ന അമ്പു തൊടുക്കാനൊരുങ്ങിയപ്പോള്‍ ഭഗവാന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊണ്ട് ചന്തനെ ശിലാരൂപനാക്കി മാറ്റി. കാണാതായ ചന്തനെ തേടി പരിഭ്രാന്തയായി അവിടെയെത്തിയ ചന്തന്റെ ഭാര്യ കല്ലായിക്കൊടി അടിയാത്തിയുടെ നിലവിളിയിലും പ്രാര്‍ഥനയിലും കനിവുണ്ടായ ഭഗവാന്‍ ചന്തന് പുനര്‍ജന്മം നല്‍കുന്നു. ആ ദമ്പതികളുടെ പരിചരണത്തിലും ഭക്തിയിലും അലിവു തോന്നിയ മുത്തപ്പന്‍ പ്രകൃതിരമണീയമായ കുന്നത്തൂര്‍ പാടിയെ തന്റെ ആരൂഢസ്ഥാനമായി പ്രതിഷ്ഠിച്ചു.

പയ്യാവൂര്‍ - കാഞ്ഞിരക്കൊല്ലി റോഡില്‍ നിന്ന്് പടവുകള്‍ കയറിച്ചെന്നാണ് മുത്തപ്പന്റെ കനക ഭൂമിയിലെത്തുന്നത്.ആദ്യം കാണാനിടയാകുന്നത് കല്‍ക്കെട്ടിനുള്ളിലെ കലശ സ്ഥാനമാണ്. പടിഞ്ഞാറുദിക്കിന്നഭിമുഖമായി ഒരു ഗുഹയും ഗുഹയ്ക്കു മുന്നില്‍ ഒരു ശിലാപീഠവും ഉള്ളില്‍ ഒരു ശിലയുമുണ്ട്. ഉത്സവകാലത്ത് ഗുഹാമുഖത്ത് ഒരു മടപ്പുര നിര്‍മിക്കും. അതാണ് ശ്രീകോവില്‍ .മുത്തപ്പന്‍ കെട്ടുന്ന അഞ്ഞൂറ്റാന്റെ സ്ഥാനമായ അണിയറ, വാഴുന്നവരുടെ ആസ്ഥാനമായ കങ്കാണിയറ, കോമരത്തിന്റെ കയ്യാല, ചന്തന്റെ കയ്യാല എന്നിവയും ചേര്‍ന്നതാണ് പാടിസങ്കേതം.ഗണപതിക്കു നേദിക്കും പോലെ മുത്തപ്പനെ സംബന്ധിച്ച് ഏതു കാര്യത്തിനും പ്രധാനമാണ് പൈങ്കുറ്റി. പൈങ്കുറ്റി വച്ച ശേഷം വെള്ളാട്ടം.

തുടര്‍ന്നരങ്ങേറുന്ന തിരുവപ്പനക്കും മൂലംപെറ്റ ഭഗവതിക്കും ശേഷം പുലര്‍ച്ചെ വെള്ളാട്ടം ഒരിക്കല്‍ കൂടി രംഗത്തുവരും.തിരുവപ്പനയ്ക്കു സമാനമായ വേഷം ധരിച്ച് ദേഹത്ത് വേരിന്റെ പാടുകളെഴുതി വൃദ്ധ വേഷത്തിലാണ് വെള്ളാട്ടം ഇറങ്ങുന്നത്. കറുത്ത തൂക്കു താടിക്കു പകരം നരച്ച മീശയും കുറ്റിത്താടിയുമാണ്.ചന്ദ്രക്കലയുടെ ആകൃതി തോന്നിക്കുന്ന വെള്ളി കൊണ്ടുണ്ടാക്കിയ കൊടുമുടിയും. കയ്യിലായുധമായി അമ്പുംവില്ലും. തിരുവപ്പന കെട്ടിയാടുന്നത് ആചാരപ്രകാരം പാനൂരിനടുത്തുള്ള വള്ള്യായിയിലെ അഞ്ഞൂറ്റാന്മാരാണ്. ചന്തന്റെ നിര്‍ദേശപ്രകാരം രണ്ട് അടിയാന്മാര്‍ വള്ള്യായിയില്‍ ചെന്ന് അഞ്ഞൂറ്റാനെ കൂട്ടിക്കൊണ്ടുവരണം. ധനുമാസം ഒന്നാം തീയതി അഞ്ഞൂറ്റാന്‍ കുന്നത്തൂരിലെത്തിച്ചേരും.

ധനുരണ്ടിനും മകരം രണ്ടിനും തിരുവപ്പനയും മൂലംപെറ്റ ഭഗവതിയും വെള്ളാട്ടവും പാടിയില്‍ നിര്‍ബന്ധമാണ്. ഇതര ദിവസങ്ങളില്‍ തിരുവപ്പനയുടെ കല്പനയുണ്ടെങ്കിലേ മൂലംപെറ്റ ഭഗവതി കെട്ടിയാടൂ. പെരുവണ്ണാനാണ് ഭഗവതി കെട്ടിയാടുന്നത്.പാടിയില്‍ പ്രവേശിക്കല്‍ തൊട്ടുള്ള ചടങ്ങുകള്‍ ധനു രണ്ടിനാണ് ആരംഭിക്കുന്നത്. കലശമെഴുന്നള്ളത്ത്, മുത്തപ്പനെ പുരളിമലയില്‍ നിന്ന് പാടിയിലേക്ക് വരുത്തുന്ന മലയിറക്കല്‍ ചടങ്ങ് ,മുഖത്തെഴുത്ത്, സന്ധ്യാവേല, കോമരത്തിന്റെ ഉറഞ്ഞു തുള്ളല്‍ മുതലായവ. മുഖത്തെഴുത്തിനു ശേഷം അഞ്ഞൂറ്റാന്‍ താഴത്തെ തറയിലിരുന്ന് കിരീടംവച്ച് ഇടങ്കയ്യില്‍ അമ്പും വില്ലുമേന്തി, വലന്തലയുടേയും ഇലത്താളത്തിന്റേയും വാദ്യസംഗീതത്തോടെ  അയ്യന്‍തോറ്റം പാടുന്നു.

തോറ്റം, മുടിവയ്പ്, വരവിളി, ഭക്തജനങ്ങളോടുള്ള ഉരിയാടലും അനുഗ്രഹവും, മുടിയഴിക്കല്‍, മല കയറ്റല്‍ എന്നീ ചടങ്ങുകള്‍ തിരുവപ്പനക്കും വെള്ളാട്ടത്തിനും മൂലംപെറ്റ ഭഗവതിക്കും യഥാവിധി വേണം. അയ്യന്‍തോറ്റം കഴിഞ്ഞാല്‍ വീത്ത്.അതുകഴിഞ്ഞാല്‍ രണ്ടാം തോറ്റം. മദ്ദളം, ചെണ്ട, ചീനി, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ മുറുകിയ രാഗത്തിലാണ് രണ്ടാം തോറ്റം. ദേവന്റെ നാല് അവസ്ഥകളുടെ പ്രതിരൂപങ്ങളായി നാടുവാഴിശ്ശന്‍ ദൈവം, പുതിയ മുത്തപ്പന്‍, പുറങ്കാല മുത്തപ്പന്‍, തിരുവപ്പന എന്നിവ കെട്ടിയാടുന്നു.തിരുവപ്പനയാണ് നിത്യേനയുള്ള മുത്തപ്പന്‍.

വേട്ടക്കൊരുമകനും ഊര്‍പ്പഴശ്ശിക്കും നാളികേരമുടച്ച ശേഷം കറുത്ത തൂക്കുതാടിയും മീശയും കൊമ്പോലക്കാതും തിരുവാഭരണങ്ങളും അണിഞ്ഞ മുത്തപ്പന്‍ മടപ്പുര വാതില്‍ക്കലെത്തി പൊയ്ക്കണ്ണുകെട്ടി തിരുമുടി വയ്ക്കുന്നു. പള്ളിവേട്ട കഴിഞ്ഞാല്‍ ചൊല്ലി വിളിക്കല്‍, ഊട്ടറിയിക്കല്‍ എന്നീ ചടങ്ങുകളുണ്ട്. ശേഷം ദ്വിഗ്വിജയകഥകള്‍ വിസ്തരിക്കുന്നു. ദക്ഷിണ സ്വീകരിക്കല്‍, ഭക്തരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കല്‍, കുഞ്ഞുങ്ങളുടെ ചോറൂണ്, നാമകരണം, തുലാഭാരം തൂക്കല്‍ തുടങ്ങിയ ചടങ്ങുകളും നടക്കും. തുലാഭാരത്തിന് കാട്ടുകല്ലും ദ്രവ്യമാക്കാമെന്ന സമ്പ്രദായം പാടിയിലുണ്ട്.

തിരുവപ്പനയുടെ കല്പനപ്രകാരം മൂലം പെറ്റ ഭഗവതി കെട്ടിയാടുന്നത് അന്ത്യയാമങ്ങളിലാണ്. കുന്നത്തൂര്‍ പാടിയില്‍ മുത്തപ്പന്‍ പ്രവേശിച്ചപ്പോള്‍ സ്ഥലദേവതയും സൗമ്യമൂര്‍ത്തിയുമായ ഭദ്രകാളി സ്വാഗതം ചെയ്തിരുന്നതിന്റെ അനുഷ്ഠാനമായാണ് ഭഗവതിയുടെ കെട്ടിയാടല്‍ .സൂര്യോദയത്തിനു മുമ്പ് ഭഗവതിയും മുടിയഴിക്കുന്നു. മകരം രണ്ടിന് പുലര്‍ച്ചെ ഉത്സവം സമാപിക്കും. കളിക്കപ്പാട്ടു കഴിഞ്ഞ് പാടിസങ്കേതം ശുചിയാക്കുന്നു. അഞ്ഞൂറ്റാന്‍ മദ്ദളം കൊട്ടിക്കൊണ്ട് ദൈവത്തുംമല കഴിക്കുന്ന കല്ലിന് മൂന്നു പ്രദക്ഷിണത്തോടെ ആചാരം ചെയ്തു കഴിഞ്ഞാല്‍ മുത്തപ്പന്‍ മല കയറി യാത്രയാകുന്നുവെന്നാണ് സങ്കല്പം.

അയ്യങ്കരമന  ഇരിക്കൂറിനടുത്തുള്ള ആയിപ്പുഴ എന്ന സ്ഥലത്താണെന്നും പുഴയോരത്തു വച്ചു പാര്‍വതിക്കുട്ടി അന്തര്‍ജനം ദര്‍ശിച്ച ബാലനാണ് മുത്തപ്പനെന്നും വൃദ്ധ ബ്രാഹ്‌മണ ദമ്പതികള്‍ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇല്ലംവിട്ടിറങ്ങി കുന്നത്തൂരിലെത്തിച്ചേര്‍ന്നതാണെന്നുമുള്ള  കഥാഭേദങ്ങളും കാണാം. വളര്‍ത്തമ്മയായ പാര്‍വതിക്കുട്ടിയാണ് പാടിക്കുറ്റിയമ്മയായി മാറിയതെന്ന കഥാംശവും അതിന്റെ ഭാഗമാണ്. വളര്‍ത്തച്ഛന്‍ എന്തുകൊണ്ട് ആരാധനാമൂര്‍ത്തിയായി  പരിണമിച്ചില്ല,ആ ബാലന്റെ പെറ്റമ്മ എന്തുകൊണ്ട് പുരാവൃത്തത്തില്‍ അനാവൃതമാകുന്നില്ല തുടങ്ങിയ സംശയങ്ങളൊക്കെ ചോദിക്കാനുള്ള ഇട ഐതിഹ്യങ്ങള്‍ തരുന്നില്ല.

കുടകുദേശത്തെ ഒരു ഫ്യൂഡല്‍ പ്രഭുവിന്റെ ആശ്രിതനായ പറയന്‍ ചീനിയാണ് മുത്തപ്പനെന്ന മറ്റൊരു കഥയുമുണ്ട്. മുത്തപ്പന്‍ മലബാര്‍ - കുടകുപ്രദേശങ്ങളിലാകെ ആരാധനാമൂര്‍ത്തിയായും പ്രാക്തന സംസ്‌കൃതിയുടെ പ്രതിഷ്ഠയായും പരിഗണിക്കപ്പെട്ടതിന്റെ അനന്തര പ്രതിഫലനമായിരിക്കണം ഇത്തരം വ്യത്യസ്ത ആഖ്യാനങ്ങള്‍ .ഓരോ ദേശത്തിനും ഓരോ വായനയാവാലൊ. പക്ഷെ ഇക്കഥയിലൊരു കാണാപ്പുറമുണ്ട്.കുടുകും ഇദ്ദേശങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ഒറ്റ മേല്‍ക്കോയ്മയുടെ ഭൂപടം ഈ ഐതിഹ്യങ്ങളില്‍ നിന്നു തെളിഞ്ഞു കിട്ടും.അതേസമയം ഒരു വേലക്കാരനായി മാത്രം പരിഗണിക്കപ്പെട്ട പറയന്‍ രാജാവായി മാറുന്ന സാമൂഹിക വിപ്ലവം എങ്ങനെ അരങ്ങേറിയെന്ന ചോദ്യമൊക്കെ കെട്ടുകഥകളില്‍ അപ്രസക്തമാണ്. രാജാവിന്റെ ഊരാളനായി അധികാരം വഹിച്ച നിലയില്‍  കണ്ടാല്‍ ആ കഥക്കും പ്രസക്തിയുണ്ടാവാം.

തെന്മല, പന്തളം, ഇടുക്കി  ഭാഗങ്ങളില്‍ മധുരയില്‍ നിന്ന് ഒരു രാജാവിനൊപ്പം വന്നവരാണ്, അദ്ദേഹത്തിനു വേണ്ടി ഊരുകളുടെ മേല്‍നോട്ടം വഹിക്കുകയും പിന്നീട് തിരിച്ചു പോകാതെ 'ഊരാളികള്‍ ' എന്ന വിഭാഗമായിത്തീരുകയും ചെയ്തതെന്ന് പറയപ്പെടുന്നു. അത്തരത്തിലൊരു കഥ തള്ളിക്കളയാതിരിക്കുകയുമാവാം.

തപം ചെയ്തവനാണ് തപ്പന്‍. താപസന്മാര്‍ ഒന്നിലേറെയുണ്ടാകും. മുത്തപ്പന്‍ മുപ്പത്താറു കൊല്ലം ഗുഹയ്ക്കകത്തു നിന്നും ദൈവഭജനം നടത്തിയതിനാലാണ് മടപ്പുരയെന്ന പേരു വന്നതത്രെ.308 മടപ്പുരകളില്‍ ഏറ്റവും പുരാതനം കുന്നത്തൂര്‍ പാടിയാണ്. മുത്തപ്പന്റെ ആരൂഢമായി ഇന്നിത് അറിയപ്പെടുന്നു.പുരളിമല  മറ്റൊരു സ്ഥാനമാണ്. വിഷ്ണുമൂര്‍ത്തിയായ മുത്തപ്പന്‍ പുരളിമലയില്‍ നിന്നാണ്   ശിവ (തപനന്‍) മൂര്‍ത്തിയായ  ചെറിയമുത്തപ്പനെ വില്ലുകൊണ്ട് തട്ടിയുണര്‍ത്തുന്നത്. തപോനിദ്രയിലായിരുന്നു. പിന്നീടവര്‍ പുരളിമലചിത്രപീഠം കേന്ദ്രമാക്കി കുടകുമല മുതല്‍ കടലോരം വരെ  നാടു വാണുവെന്നാണ് ഇതിവൃത്തം.

ആരണ്യക സങ്കേതങ്ങളിലെ അതിപ്രാചീന ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ സമൂര്‍ത്തമായി പ്രതിഷ്ഠിച്ചതാണ് ശ്രീമുത്തപ്പന്‍ . ഏരുവേശി പാടിക്കുറ്റി ക്ഷേത്രത്തിന്റേയും കുന്നത്തൂര്‍ പാടി യുടേയും ഐതിഹ്യങ്ങളുടെ ആധാരങ്ങളെ കണ്ണി ചേര്‍ക്കുന്ന ഒരു കഥാതന്തു മാത്രമായി മുത്തപ്പനെ കാണാനാവില്ല. ആദിമ ഗോത്ര വ്യവസ്ഥയ്ക്കും പ്രാചീന രാജ വ്യവസ്ഥക്കുമിടയില്‍ ഉടലെടുത്ത സാമൂഹികവും പാരിസ്ഥിതികവും വിശ്വാസാധിഷ്ഠിതവുമായ വിവിധ തരം സംഘര്‍ഷങ്ങളുടെ അടരുകള്‍ക്കിടയിലാണ് മുത്തപ്പന്റെ സ്വരൂപമുള്ളത്.

കുന്നത്തൂര്‍ എന്ന ദേശനാമം കണ്ണകിയെന്ന ഇതിഹാസ കഥാപാത്രവുമായും ഇഴചേര്‍ന്നു കിടക്കുന്നതു കാണാം. കണ്ണകി കുന്നത്തൂരില്‍ വേങ്ങ മരത്തിന്‍ ചോട്ടിലാണ് മരിച്ചു വീഴുന്നത്. ചിലപ്പതികാരം വഞ്ചികാണ്ഡത്തില്‍, കണ്ണകിയെ ദേവന്മാര്‍ രഥത്തില്‍ കയറ്റി സ്വര്‍ഗത്തിലേക്കു കൊണ്ടുപോകുന്ന രംഗത്ത് കുന്നത്തൂരിന്റെ ചിത്രമുണ്ട് : '' കുരുവിയോപ്പിയും കിളി കടിന്തും 
കുന്റത്തു ച്ചെന്റു വൈകി,
യരുവിയാടിയുംചുനൈ കടൈന്തും
മലവുറ്റു വരുവേ മുന്‍ ,
മലൈ വേങ്കൈ നറുനിഴലില്‍ വള്ളി പോര്‍വീര്‍മനനടുങ്ക,
മുലൈയിഴന്തുവന്തദുനിന്റീര്‍ യാവിരോ വെനമുനിയാതെ,
മണമതു രൈയോടരചു കേട്ടറവില്‍ വിനൈ വന്തുരത്തകാലൈ,
കണവനെയങ്കിഴന്തു പോന്ത കടുവനൈയേന്‍ യാനെന്റാള്‍ ''

(കുരുവികള്‍ ചേക്കയിരിക്കുകയും കിളികള്‍ കളിക്കുകയും ചെയ്യുന്ന കുന്റത്തരുവികളും ഉറവുകളും കടന്ന് മലവഴിയിലൂടെ വന്ന് വേങ്ങമരത്തിന്റെ നറു നിഴലില്‍  മുലയില്ലാതെ വള്ളിയെപ്പോലെ ഭയങ്കരിയായി നില്‍ക്കുന്ന അവിടുന്ന് ആരാണെന്ന്  കോപിക്കാതെ പറയേണമേ) എന്ന് കുന്നത്തു പാര്‍ത്തിരുന്ന കുറവര്‍ കണ്ണകിയോട് അപേക്ഷിക്കുന്നു.

അപ്പോള്‍ കണ്ണകിയുടെ മറുപടി:
''മധുരയിലെ രാജാവിന്റേയും ആ നഗരത്തിന്റേയും അധ:പതനം വന്ന കാലത്ത് മൃതനായ കണവനെ വിട്ടും വച്ചുപോന്ന മഹാപാപിയാണ് ഞാന്‍ ''

''ചിറുകുടിയീരേ,ചിറുകുടിയീരേ,
തെയ്വം കൊള്ളുവിന്‍ ചിറുകുടിയീരേ,
നിറങ്കിളരരുവിപ്പറമ്പില്‍ താഴ്വരൈ
നറുഞ്ചിനൈവേങ്കൈ നന്നിഴര്‍ കീഴോര്‍ 'കണപുരം പൂണ്ടു''

കുലശേഖര ആഴ്വാറിന്റെ 'പെരുമാള്‍ തിരുമൊഴി'യില്‍
''മന്നുവുകള്‍ കൗചലൈ തന്‍ മണി വയറു വായ്ത്തവനേ !,
തെന്നിലങ്കെക്കോന്‍ മുടികള്‍ ചിന്തു വിത്തായ്!
ചെമ്പോന്‍പേര്‍,
കന്നിമാമതിന്‍പുടൈ പുഴ് കണ പുരത്തെന്‍ കരുമണിയേ!,
എന്നുടൈയ  ഇന്നമുതേ! ഇരാകവനെ ! താലേലോ...''

(ലോകമറിയുന്ന കൗസല്യയുടെ മകനായി പിറന്നവനേ, തെക്കന്‍ കോവില്‍ വാഴുന്നവന്റെ  ചെറു സന്താനമേ, കന്നിസൂര്യനായ് ചുവന്നു തുടുക്കുന്ന  കണപുരത്തിന്റെ കുരുന്നേ,
എന്നുടയ അമൃതേ, രാഘവനെ, താലോലം..) കണപുരമെന്ന പരാമര്‍ശങ്ങള്‍  ശ്രീകണ്ഠപുരത്തിന്റെ സൂചനയാണോയെന്നതു ചിന്തിക്കാവുന്നതാണ്.

ഉദ്ദണ്ഡശാസ്ത്രിയുടെ 'കോകില 'സന്ദേശത്തില്‍' നായകന്‍ തൃച്ചമ്പരത്തു ചെന്ന് ദേവനെ ദര്‍ശിക്കുന്നതിനെപ്പറ്റി കോകിലയോട് പറയുന്നുണ്ട്. വളംതലൈ എന്നത് വളപട്ടണംപുഴയാണ്. 'അഞ്ജനവളപുരി 'യെന്ന  പദപ്രയോഗവും കാണാം. ശ്രീവര്‍ധനപുരമെന്ന പരാമര്‍ശം ശ്രീകണ്ഠപുരത്തെയാവാം. കടല്‍ത്തുരുത്തില്‍ പിറന്ന ലക്ഷ്മിയാണ് പ്രതിപാദ്യം. 'സിന്ധു ദ്വീപ് 'എന്ന പ്രയോഗവുമുണ്ട്. തെക്കുമ്പാട് താഴെ കാവിന്റെ പുരാവൃത്തം 'ആഴിതീരം താങ്ങി' യെന്ന തീരമുനമ്പില്‍ മരക്കലത്തില്‍ തോഴിമാരൊപ്പം വന്നിറങ്ങിയ ദേവതയുടെ കഥയാണ്. ആ ദേവത കുടികൊള്ളുന്ന ദേശത്തിന്റെ പരിപ്രേക്ഷ്യമാവാം സിന്ധു ദ്വീപ്.

കണ്ണകിയുടെ ഇതിവൃത്തം ചിലപ്പതികാരത്തില്‍ മാത്രമല്ല, മണിമേഖലയിലും ആറ്റുകാല്‍ പൊങ്കാലയിലും വരെ കാണാം. കൊടുങ്ങല്ലൂരില്‍ ചേരന്‍ ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രവും പരിസരങ്ങളിലെ  ക്രിസ്തീയ ദേവാലയങ്ങളില്‍ ആരാധനാമൂര്‍ത്തിയും സിംഹള നാട്ടിലെ പതിനി എന്ന ദേവതാസങ്കല്പവും കണ്ണകിയുടെ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

കുന്നത്തൂരിനെ ആരൂഢമാക്കി മാത്രമല്ല മുത്തപ്പപുരാവൃത്തമുള്ളത്. കൊംഗുദേശത്തും സുപ്രധാന ദേവതാ സങ്കല്പമായിരുന്നു മുത്തപ്പന്‍. സേലം ജില്ലയിലെ തിരുച്ചംഗോഡിലെ ശങ്കരിദുര്‍ഗ് ആയിരുന്നു ആ പുരാവൃത്തത്തിലെ പുരളിമല. മുത്തപ്പനും ചോന്നമ്മയും തമ്മിലും രണ്ടു ദേവതകള്‍ക്കും കാലിച്ചാന്‍ ദൈവവുമായും ഉള്ള ബന്ധങ്ങളെ പഠനവിധേയമാക്കുന്നത് കൗതുകകരമാണ്. ഉര്‍വരാരാധനയില്‍ പ്രതിഷ്ഠിച്ച ദേവസങ്കല്പമാണ് കാലിച്ചാന്‍ (കാലിച്ചേകോന്‍ ). സേവകനില്‍ നിന്നുമുല്‍പദിച്ചതാണ് ചേകോന്‍ പ്രയോഗം. ഇടയസമൂഹത്തിന്റെ തെയ്യം. ആവാസത്തിന്റെ സ്ഥിരത, വളര്‍ത്തുമൃഗപരിപാലനത്തിന്റെ തുടക്കം, കാര്‍ഷികോല്‍പാദന സംവിധാനങ്ങളുടെ വികാസം, എന്നിവയാല്‍ ബന്ധിതമായ  ചരിത്ര സാഹചര്യത്തില്‍ നിന്നാണ് കാലിച്ചാന്‍ തെയ്യത്തിന്റേയും കോതാമൂരിയാട്ടം ( ഗോദാവരിയാട്ടം) ഉള്‍പ്പെടെയുള്ള മറ്റു കലാരൂപങ്ങളുടേയും ആവിഷ്‌കാരം. സാമൂഹ്യായ്മയുടെ ആരംഭത്തിലെ ആദ്യത്തെ കലാരൂപങ്ങളിലൊന്നാവും ഇത്.പ്രകൃതിയേയും മനുഷ്യനേയും പരസ്പരം പൂരിപ്പിക്കുന്ന അനുഷ്ഠാനപദ്ധതികളില്‍  നിന്നാണ് തെയ്യവും വിഭാവനം ചെയ്യപ്പെട്ടത്. പാരിസ്ഥിതികവ്യവസ്ഥ നിശ്ചയിക്കുന്ന കലാമാനദണ്ഡങ്ങളുടെ സാകല്യം ഈ കലാരൂപത്തിനുണ്ട്.തെയ്യത്തിന്റെ പ്രാക്തനസംസ്‌കൃതിയുമായി ബന്ധപ്പെടുത്തി സാംസ്‌കാരിക പരിസ്ഥിതി പഠനം നടത്തിയാല്‍ ആദിമലനാടിന്റെ രൂപരേഖ വരയ്ക്കാവുന്നതാണ്. അത്തരമൊരു നാടിന്റെ ദേശീയചിഹ്നമായി ജ്വലിക്കേണ്ടത് ആനയോ, അമ്പുംവില്ലോ  തോണിയോ ഒന്നുമല്ല, തെയ്യബിംബമാണ്. അധ്വാനത്തിന്റെ കേവലമൊരുപകരണമെന്നതിനേക്കാള്‍ അധ്വാനത്തിന്റെ സര്‍ഗാത്മകത സ്വതന്ത്രമാവുന്നതിന്റെ സാര്‍വത്രിക ഭാവവും പ്രകൃതിയുടെ ഉര്‍വരതാ ശക്തിയുമാണ് തെയ്യം സ്വാംശീകരിക്കുന്നത്.

കാലിച്ചാന്‍ തെയ്യം അന്നത്തെ ജനതയുടെ സാമൂഹ്യകലയാണ്. വിഭാഗീയതയില്ല. കലാകാരന്മാരിലൂടെ അത് പരമ്പരകളിലേക്ക് പകര്‍ന്നു. പില്‍ക്കാലത്ത്, വ്യത്യസ്ത ദേവതാ സങ്കല്പങ്ങളോടെ ഈ തെയ്യം കെട്ടിയാടുന്നത് 'സാമുദായിക ' വിവക്ഷയില്‍ പറഞ്ഞാല്‍, പുലയരുംവണ്ണാന്മാരുമാണ്. ഈ തെയ്യത്തിന്റെ ഇതിവൃത്തത്തെ മറ്റൊരു ചേരുവയില്‍ ചാലിച്ചതാണ് മുത്തപ്പനും ചോന്നമ്മയും. ഈ സംശയത്തിന് അടിസ്ഥാനവുമുണ്ട്; അതാത് തോറ്റങ്ങളുടെ ജനിതകരേഖകള്‍ നിരീക്ഷിക്കൂ, സമാനതകള്‍ തെളിഞ്ഞു കാണാം. കാലിച്ചാന്‍തോറ്റത്തില്‍,പരമശിവന് പാടിക്കുറ്റിയമ്മയില്‍ പിറന്നതാണ് കാലിച്ചേകോന്‍. നായാട്ടിനിറങ്ങിയ ആഴകന്‍, എഴുപത്തിരണ്ട് പുറമലയും താണ്ടി ,കാവേരിയും കടന്ന് പാടിക്കുറ്റിയില്ലത്തെത്തിയതു വിവരിക്കുന്നുണ്ട്. അത്തമുദിച്ച്, മൂവഞ്ചു പാതിര പിന്നിട്ട നേരത്താണ് ഇല്ലത്തിന്റെ പടിവാതില്‍ക്കല്‍ ചെന്ന് പാടിക്കുറ്റിയമ്മയെ വിളിക്കുന്നത്. അന്നേരം അവര്‍ വാതില്‍ തുറന്നുകൊടുത്തില്ല. ആശാവിജൃംഭിതനായ ശിവന്‍ കോട്ടയ്ക്കകത്തേക്ക് വരക്കല്ലെറിഞ്ഞ് അഗ്‌നിയുണ്ടാക്കിയപ്പോള്‍ അതില്‍ ഭയപ്പെട്ട് പാടിക്കുറ്റിയമ്മക്ക് വാതില്‍ തുറക്കേണ്ടി വന്നു.അന്നത്തെ സല്‍ക്കാരവും അന്തിയുറക്കവും കഴിഞ്ഞ് ശിവന്‍ തിരിച്ചുപോകുമ്പോള്‍, സന്താനമുണ്ടായാല്‍ എന്തു ചെയ്യുമെന്ന് പാടിക്കുറ്റിയമ്മ തിരക്കി. പെണ്ണാണെങ്കില്‍ ഇവിടെ വാഴട്ടെ, പുത്രനെങ്കില്‍ കൈലാസത്തിലേക്ക് അയക്കണമെന്നായിരുന്നു മറുപടി.പാടിക്കുറ്റിയമ്മയ്ക്കു പിറന്നതു പുത്രന്‍.

  'ഭഗവാന്‍ നായാട്ടു കഴിഞ്ഞു വരുന്ന കാലത്ത്
  ശിവന്നുണ്ടായുള്ളോരു കുട്ടിയാണ് നീ '
എന്നു ചൊല്ലി അവനെ ശിവന്നരികിലേക്കു പറഞ്ഞു വിടുന്നു. പിതൃസന്നിധിയിലാണ് പിന്നീടവന്റെ വളര്‍ച്ച. അവിടുത്തെ വാസകാലത്ത്, പിതാവുമായി കലഹത്തിലായി. ശിവന്റെ മന്ത്രപ്പാത്രവും അമൃതും അനുമതിയില്ലാതെ കഴിച്ച കാരണത്താല്‍ പുത്രന്‍ ശാസനയ്ക്കിരയായി. 'തൃക്കണ്ണ് പൊട്ടി തൃക്കായ്ക്ക് വീണു പോട്ടെ' യെന്നു ശപിച്ചു. അതോടെ അന്ധനായ്ത്തീര്‍ന്ന പുത്രന്‍ ഒടുക്കം പിതാവിനു വഴിപ്പെട്ടു. പിന്നീട് അവനെ വെള്ളിക്കണ്ണും പൊയ്ക്കണ്ണും കൊടുത്ത് യാത്രയാക്കുകയാണ് . ഇരിക്കൂര്‍ നഗരവും കടന്ന് കുന്നൂരിലെത്തി ( കുന്നത്തൂര്‍) ഒരു പന്തീരാണ്ടുകാലം അവിടെ കഴിഞ്ഞു. അനന്തരം മലയിറങ്ങി മറുദിക്കുകളിലേക്കു യാത്രയായി. ഇത്രയുമാണ് കാലിച്ചാന്‍ ദൈവത്തിന്റെ തോറ്റം.

ഇതിനോടു സമാനമായ ഇതിവൃത്തമല്ലെ മുത്തപ്പനിലും രൂപപ്പെട്ടിട്ടുള്ളത്. പിതൃവ്യവസ്ഥയോടു കലഹിച്ചാണ് മുത്തപ്പനും അയ്യങ്കര ഇല്ലത്തോടു വിടപറയുന്നത്. കാട്ടാറിലെ കുളക്കടവില്‍ നിന്ന് കണ്ടെത്തിയ ബാലനെ സന്തതികളില്ലാതിരുന്ന പാടിക്കുറ്റിയമ്മ സ്വന്തമാക്കി വളര്‍ത്തുകയായിരുന്നു. മുതിര്‍ന്നപ്പോള്‍, അരമനയും ആഡംബരങ്ങളും ഉപേക്ഷിച്ച് മുത്തപ്പനും പടിയിറങ്ങി. അയ്യങ്കരയില്‍ നിന്നിറങ്ങിയ മുത്തപ്പന്‍ കുന്നത്തൂര്‍മലയിലെത്തിച്ചേരുകയും അവിടെ കരിമ്പനച്ചുവട്ടില്‍, അടിയാന്‍ ചന്തന്റെ ആവാസ പംക്തിയില്‍ ആരൂഢമുറപ്പിക്കുകയും ചെയ്ത ശേഷം പുഴകളും പര്‍വതങ്ങളും പിന്നിട്ടുള്ള ജൈത്രയാത്രയായിരുന്നു ആ ജീവിതം.ഇതേ ഇതിവൃത്തത്തിന്റെ ദേശഭേദങ്ങളോടെയുള്ള ലിംഗപരിഭാഷയാണ് ചോന്നമ്മ.

എറവള്ളിക്കൂലോത്ത് സന്തതികള്‍ പിറക്കാത്തതിനാല്‍ കൂലോത്തമ്മ ഋഷിയാരുടെ മധുവനത്തില്‍ച്ചെന്നു തപസ്സിരിക്കുകയാണ്.നാല്‍പത്തിയൊന്നാം ദിവസം വരസിദ്ധിയുണ്ടായി. മഹര്‍ഷി ജപിച്ചിട്ട പുഷ്പം തിന്ന മാന്‍പേട യാണ് ഗര്‍ഭം ധരിക്കുന്നതും മനുഷ്യക്കുഞ്ഞിനെ പ്രസവിക്കുന്നതും. മലമടയില്‍ അനാഥക്കുട്ടിയെ കണ്ട കുറത്തി ആ കുഞ്ഞിനെ കോലോത്തെത്തിക്കുന്നു. അവരുടെ മകളായി വളരുന്നു. പിത്രാധികാരത്തോടു കലഹിച്ച് അവളും കോവിലകം വിട്ടിറങ്ങുന്നു.

ഈഴോര കരിമ്പനയുടെ മടയിടയില്‍ പിന്നീട് വാസമുറപ്പിക്കുന്നതായാണ് പുരാവൃത്തം. ഇത്തരത്തില്‍ പുരാസങ്കല്പങ്ങളുടെ സമാനത, ഒരു പക്ഷെ, അതിജീവനവ്യവസ്ഥയുടെ വിമോചന പ്രശ്‌നങ്ങളുടെ ഏകതാനതയായിരിക്കാം. പീഡനാനുഭവങ്ങളുടേയും നീതിബോധത്തിന്റേയും സ്വകീയഭാഷയും ആയുധമുദ്രകളുമാണല്ലൊ അധ:സ്ഥിത കലകളില്‍ എക്കാലവും ജ്വലിച്ചുകൊണ്ടിരുന്നത്. കുന്നത്തൂര്‍ പാടിയിലെ മഹോത്സവ രാത്രികളുടെ പുരാവൃത്തങ്ങളില്‍ ദേവഗീതങ്ങളുടെ അനാദിയായ താളങ്ങളാണു തോറ്റമിടുന്നത്. ജനപദങ്ങളുടെ ജീവഹൃദയങ്ങളില്‍ രക്ഷകരായി ഉദിക്കുംമുമ്പ് എത്രയെത്ര ആത്മപരീക്ഷകളും അശാന്തമായ അഗ്‌നിചിത്രങ്ങളും സ്വയം നെഞ്ചേറ്റുവാങ്ങിയിട്ടുണ്ടാവും ഏതു ദൈവവും. പ്രകൃതിയുടെ ഗര്‍ഭഗൃഹത്തില്‍ പൂര്‍ണാവിഷ്‌കാരം നേടുന്നതിനിടയില്‍, കാലത്തിന്റേയും ദേശപ്രപഞ്ചത്തിന്റേയും കണക്കറ്റ കണ്ണീരുകളും കാളകൂടവിഷങ്ങളും കുടിച്ചു വറ്റിച്ചിരിക്കും ഈ അവതാരമൂര്‍ത്തികള്‍.

അതിപുരാതനമായ കാലരഹസ്യങ്ങള്‍ മര്‍മരമിടുന്ന ഈ കാടിന്റെ കളിത്തട്ടിലെ ശീതള ശാന്തിയില്‍ നില്‍ക്കുമ്പോള്‍ ഏതോ അപരിചിതമായ ഭൂതാവേശം ഉള്ളിലെവിടെയോ തോറ്റമിടുന്നതായി തോന്നാം.
ചോന്നമ്മ രക്തചന്ദ്രനാണ്.
'പൊലികയെന്ന് പൊലിയുണര്‍ത്തി
പുകളാകുമ്പളോ '
അന്തിവെളിച്ചം കൊളുത്തി ഏറെ നേരംകഴിഞ്ഞുള്ള ചന്ദ്രന്റെ പൂര്‍ണ മുഖം ദര്‍ശിക്കുകയാണ്. രക്തചന്ദ്രനെന്നത് പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പുനിറത്തിലാവുന്ന ചന്ദ്രബിംബമാണ്.ഗ്രഹണമില്ലെങ്കിലും പാതിര പിന്നിടുന്ന, അകലത്തിലാവുന്ന, പൂര്‍ണചന്ദ്രന് ചുവപ്പാര്‍ന്ന തിളക്കമായിരിക്കും. ചന്ദ്രനെ സൂര്യന്‍ പ്രസവിച്ചതാണെന്ന സങ്കല്പം തുടര്‍പരാമര്‍ശങ്ങളിലുണ്ട്:
'നിനച്ചാരല്ലൊ ഇവരെപ്പെറ്റ
തമ്മരവിയമ്മ '

തമ്മരവിയമ്മയെന്നത് നമ്മ രവി അമ്മയാണ്. തകാരം ഉച്ചാരണ ഭേദത്തിനനുസരിച്ച് തവര്‍ഗത്തിലെ ഏത് വ്യഞ്ജനമായും മാറി വരാം. നല്ലമ്മയെന്നര്‍ഥം. അര്‍ക്കദേവിയാണ്. സൂര്യപുത്രിയായി ചന്ദ്രികയെ (ഇന്ദു) ഭാവന ചെയ്തു. ഇ-റ്റ്‌സിങ്  എ.ഡി. 671 ല്‍ ഇന്ത്യന്‍ യാത്ര നടത്തിയെഴുതിയ 'യാത്രാവിവരണ'ത്തില്‍ വടക്കന്‍ ഗോത്രക്കാരായ മങ്കോളുകള്‍ ഭാരതത്തെ 'ഇന്ദു' എന്നു വിളിച്ചിരുന്നതായും 
ചീനഭാഷയില്‍ ഹിന്ദുവെന്നു പ്രയോഗിച്ചിരുന്നതായും പരാമര്‍ശിക്കുന്നുണ്ട്. ഇന്ദുവില്‍ നിന്ന് തത്ഭവിച്ചതാകാം ഇന്ത്യയും ഹിന്ദുവും. ചൈനയെ ദിവ്യദേശമെന്നും ഇന്ത്യയെ സ്വര്‍ഗീയ വിഭവശാലയായും വിശേഷിപ്പിച്ചു.

വീരമ്പനാര്‍ ദൈവത്തിന്റെ തോറ്റത്തില്‍, കാളിയങ്കാട്ട് കോട്ടയില്‍ തമ്മരവിയമ്മ ആദിനാഥനെ നാല്‍പതു ദിവസം വ്രതം*****നോറ്റുണ്ടായ സന്താനമാണ് വീരമ്പിനാര്‍. സൂര്യതേജസ്സായി വാഴുന്ന ചില അമ്മ കഥാപാത്രങ്ങളായും ഈ പേര് പ്രത്യക്ഷപ്പെടാം. തെക്കന്‍ കരിയാത്തന്‍ തോറ്റത്തില്‍ കരിങ്കുലയ്ക്കല്‍ തമ്മരവിയമ്മയായി അവതരിപ്പിച്ചതു കാണാം.

ചോന്നമ്മയുടേതാകണം മുത്തപ്പനേക്കാള്‍ മുമ്പുണ്ടായ  ഇതിവൃത്തം.  ആദിപ്രകൃതിയില്‍ ,ആകാശവും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രഥമമായ കലാപ്രമേയങ്ങള്‍ സ്ത്രീയുടെ ജാതകത്തില്‍ പൊട്ടി വിടരുന്നതാണ്. അത് പിന്നീട് പുരുഷപ്രമേയമാക്കി മാറ്റാനാണ് സാധ്യതയേറെ; തിരിച്ചല്ല. ചോന്നമ്മയുടെ  കഥ മുത്തപ്പനിലേക്ക് പകര്‍ന്നു. കാലിച്ചാന്‍ കഥ തൊട്ടേ പ്രമേയത്തിന്റെ അണ്ഡാശയത്തെ അമര്‍ച്ച ചെയ്തിരിക്കാം. മലപ്പിലവനും ഇതേ ഇതിവൃത്തശൈലി പിന്തുടര്‍ന്നു. എയ്യനാണ് അയ്യനും അയ്യപ്പനുമായത്. മുത്തപ്പന്‍ വെള്ളാട്ടത്തിന് പറശ്ശിനി കാട്ടിക്കൊടുക്കുന്നത് കുന്നത്തൂരില്‍ നിന്നും അമ്പെയ്താണ്. അമ്പു പതിച്ച സ്ഥലത്താണ് പറശ്ശിനിമഠപ്പുര പ്രതിഷ്ഠിക്കപ്പെട്ടത്;പുഴക്കരയിലാണ്.  അന്ന് സഞ്ചാരം മുഖ്യമായും നദീമാര്‍ഗത്തിലൂടെയാണെന്നതിനാല്‍ അമ്പിന്റെ പ്രയാണമല്ല,ആളുടെ പ്രയാണം തന്നെയാണത്. ഈ അമ്പെയ്ത്ത് അയ്യപ്പനിലുമുണ്ട്.

പന്തളം രാജാവിന്  അയ്യപ്പന്‍ സ്ഥാനം കാട്ടിക്കൊടുക്കുന്നത് അമ്പെയ്താണല്ലൊ. നാല്‍പത്തൊന്നു ദിവസമാണല്ലൊ അയ്യപ്പഭക്തന്മാരുടെ മണ്ഡലകാലവ്രതം. ചോന്നമ്മയും 41 ദിവസമായിരുന്നു തപസ്സിരുന്നത്.

ബുദ്ധമതത്തിന്റെ കടന്നുവരവിനു മുമ്പേ ഉത്ഭവിച്ച ഒരു ഇതിവൃത്തത്തെ സ്വന്തമാക്കാന്‍ അയ്യപ്പനു പകരം ബുദ്ധമതക്കാര്‍ അവലോകിതേശ്വരനെ അയ്യപ്പന്റെ പിതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ശിവപുത്രനാണല്ലൊ ശാസ്താവ്. ബുദ്ധന്റെ പര്യായങ്ങളില്‍ ശാസ്താവിനെപെടുത്തി. വാസ്തവത്തില്‍ ചാത്തനെ ശാസ്താവ് എന്ന്  പരിഷ്‌കരിക്കുകയായിരുന്നു. ചാത്തന്‍ എന്ന ദേവത അതിനു മുമ്പേ ഇവിടുത്തെ മിത്തുകളിലുണ്ട്. ചിലപ്പതികാരത്തില്‍ ആ ദേവതയെ പരാമര്‍ശിക്കുന്നതു കാണാം. അയ്യപ്പന്‍ തമിഴര്‍ക്ക് അയ്യനാരാണ്. ചാത്തനെന്നും വിളിച്ചു.'അയ്യപ്പന്‍ വേദിയ ചാത്തന്‍കോവില്‍' എന്ന് കന്യാകുമാരി ഗുഹാനാഥന്‍ ക്ഷേത്രത്തിലെ (രാജരാജ ചോളന്‍ കാലത്തെ ) ശാസനങ്ങളിലുണ്ട്. വേടനും മുത്തപ്പനും  വേട്ടക്കുറവനും വേട്ടക്കൊരുമകനും അയ്യപ്പനുമൊക്കെ സൃഷ്ടിക്കപ്പെട്ടത് വേട്ടക്കാരന്‍ നക്ഷത്ര(ശബരിഗണം)ത്തെ അടിസ്ഥാനപ്പെടുത്തിയാണ്. നായാട്ടുജീവിതാടിത്തറയില്‍ ആ സങ്കല്പം  അസാധാരണമായ സ്വാധീനം ചെലുത്തി.

ബുദ്ധമതത്തിന്റെ ബൗദ്ധിക നേതൃത്വം ഇവിടെ അത് ഫലപ്രദമായി പ്രയോജനപ്പെടുത്തി. ശാസ്താവിന്റെ പ്രതിഷ്ഠക്കു മുമ്പുതന്നെ (പ്രതിഷ്ഠ നടത്തിയത് പന്തളം രാജാവാണെന്നാണ് പറയപ്പെടുന്നത്. പന്തളം രാജാക്കന്മാര്‍ തിരുവിതാംകൂറില്‍ പ്രവേശിക്കുന്നതു തന്നെ എഡി 904 ലാണെന്നാണ് ശങ്കുണ്ണിമേനോന്‍ 'തിരുവിതാംകൂര്‍ ചരിത്ര'ത്തില്‍  പ്രസ്താവിക്കുന്നത്. ) ശബരിമല ബൗദ്ധതീര്‍ഥാടന കേന്ദ്രമായി മാറിയിരുന്നു. ബുദ്ധമതം പൂര്‍ണമായ താന്ത്രിക രൂപം പൂണ്ടതിനു ശേഷം നടന്ന അയ്യപ്പപ്രതിഷ്ഠയോടു കൂടിയാണ്  അതൊരു ഹിന്ദുതീര്‍ഥ സ്ഥലമായി ഭവിച്ചതെന്ന് കേസരി ചൂണ്ടിക്കാട്ടുന്നുണ്ട്.

മുത്തപ്പന്റെ ഇതിവൃത്തതന്തുവിന്റെ ആവിര്‍ഭാവം പിതൃവ്യവസ്ഥയോടുള്ള നിഷേധത്തില്‍ നിന്നാണെങ്കില്‍ അതേ സാമൂഹികസംഘര്‍ഷത്തിന്റെ ഉറവിടത്തില്‍ നിന്നാണ് കതിവന്നൂര്‍ വീരനും പിറക്കുന്നത് .ഒരേ സന്ദേശത്തിന്റെ തന്നെ  സൃഷ്ടിപരമായ വകഭേദങ്ങളെന്നു സംശയിക്കാവുന്ന വിധം കഥയടുപ്പം ഇവ തമ്മിലുണ്ട്. ഒപ്പം തന്നെ, മലബാറിന്റേയും കുടകിന്റേയും പ്രാചീനആവാസഘടന ഒറ്റ ദേശസത്തയില്‍ നിന്നു പിറവിയെടുത്ത ജീവസംസ്‌കൃതിയെ പിന്‍പറ്റുന്നതാണെന്നു സാക്ഷ്യപ്പെടുത്തുക കൂടിയാണ്  കതിവന്നൂര്‍ വീരന്റെ ഇതിവൃത്തം. കതിവന്നൂര്‍ എന്ന പേര് കുടകിലെ വീരാജ് പേട്ടക്കടുത്തുള്ള കദനൂര്‍ എന്ന ദേശവുമായി ബന്ധപ്പെട്ടുള്ളതാണ്.കദനൂരാണ് കതിവന്നൂര്‍ എന്നു നമ്മള്‍ പറഞ്ഞു വരുന്നത്.

അസുരനെ ഏഴുതുണ്ടമാക്കി വെട്ടിയെറിഞ്ഞ വയല്‍. കദനമെന്നാല്‍ യുദ്ധമെന്നുമര്‍ഥം. ഈ യുദ്ധത്തിന് വിഭിന്ന സാരാംശങ്ങളുണ്ട്. പൈതൃകത്തോടുള്ള ഏറ്റുമുട്ടല്‍, കാര്‍ഷികപംക്തിയുടെ കുത്തക നിര്‍ണയിക്കാനുള്ള അധികാരത്തിനായുള്ള കലഹം, ദാമ്പത്യബന്ധത്തിലെ സംഘര്‍ഷ മൂര്‍ഛകള്‍ എന്നിങ്ങനെ വിവിധമാനങ്ങളില്‍ വായിക്കാവുന്ന ഒരു മിത്താണിത്. ചെമ്മരത്തിയാല്‍ സംശയിക്കപ്പെട്ടതിന്റെ പ്രതിഫലനമായി പുരുഷമാനസികതലം എരിഞ്ഞാളുന്നതിന്റെ ഒരു ഘട്ടമായി ഈ കദനത്തെ നിരീക്ഷിക്കുന്നതാവും കൂടുതല്‍ ഉചിതം.

മാങ്ങാട്ടു നിന്നും കതിവന്നൂരെത്തിയാണ് നമ്മുടെ മന്ദപ്പന്‍ മരണാനന്തരം ദൈവമായത്, കതിവന്നൂര്‍ വീരനെന്ന ദൈവം. 'മനുഷ്യനായി മല കയറിപ്പോയ മന്ദപ്പന്‍ ദൈവമായി ചുരമിറങ്ങുന്നു... മരണാനന്തരം അട്ടഹാസവും അരുളപ്പാടുമായി വെളിപ്പെട്ട ദൈവം. പന്ത്രണ്ട് കരിങ്കലശം ഒറ്റക്കയ്യാലെടുത്തുല്ലസിച്ചിട്ടും ഇടിനാവും മീശക്കുഴിയും നനയാത്ത ദൈവം' (എന്‍.പ്രഭാകരന്‍: കുടകു കുറിപ്പുകള്‍ )
പണ്ടു പണ്ട് ദൈവം നടന്ന വഴിയാണിതെന്ന നിശബ്ദമായ ഭൂതസ്പന്ദനം തുടിക്കുന്ന വഴികളാണ് തോറ്റം വരച്ചിടുന്നത്.

പിതാവായ കുമരപ്പനുമായി കലഹിച്ച് മാങ്ങാട്ടെ വീടുവിട്ടിറങ്ങിയ മന്ദപ്പന്‍ കുടകിലേക്കാണ് നീങ്ങുന്നത്. കുടക് അന്യദേശമല്ല, വാണിജ്യ ബന്ധങ്ങളാലും കുടുംബ ബന്ധങ്ങളാലും ഒട്ടും അപരിചിതവുമല്ല. ചിരപരിചിതമായ സമ്പര്‍ക്കപഥങ്ങളിലൂടെ ജനപദങ്ങള്‍ പരസ്പരം  കണ്ണി ചേര്‍ക്കപ്പെട്ടതാണ്. തോറ്റത്തില്‍ വിവരിക്കുന്ന പ്രകാരം മന്ദപ്പന്റെ സഞ്ചാരപാതയിതാണ്: മാങ്ങാട്ടുനിന്നു യാത്ര തിരിച്ച്, മാങ്ങാട്ടു തെരു എരിഞ്ഞിക്കീല്‍ താവളം,  കാവുമ്പായി വയല്‍, ഏരുവേശ്ശിയിലെ പാടിക്കുറ്റി മഹാദേവി ക്ഷേത്രം, വണ്ണായിക്കടവു വഴി നീണ്ടുപോകുന്ന ആ യാത്ര വന്താര്‍മുടിപ്പുഴ കടന്ന് കുടകിലെ നേരമ്മാവന്റെ വീട്ടിലെത്തിച്ചേരുന്നു.

ഇതേ വഴിത്താരയിലൂടെയാണ് കുടകു നാടോടി ഗാനമായ 'രണ്ടു ദേവതക്കുട്ടികളുടെ പാട്ടി'ല്‍  നായികമാരുടെ സഞ്ചാരവും. ആകാശത്തെ പാല്‍ക്കടല്‍ തീരത്തെ ഒരു പുറ്റില്‍ നിന്നുദ്ഭൂതരായവരാണ് രണ്ടു ദേവതക്കുട്ടികള്‍. ഒരു ചെമ്പരുന്തിനെ വാഹനമാക്കി കണ്ണൂര്‍ കടപ്പുറത്തു വന്നിറങ്ങുന്നു. തിരിച്ച് തൃച്ചംബരം,കാഞ്ഞിരങ്ങാട് ,തളിപ്പറമ്പ് പുണ്യസ്ഥാനങ്ങള്‍ ദര്‍ശിച്ച് വണ്ണായിക്കടവ്, കൊടുമല വഴി കുടകിലെത്തി അവിടെ പ്രതിഷ്ഠിക്കപ്പെടുന്നതായാണ് പ്രമേയം.

ഈ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരന്വേഷിക്ക് ,പാടിപ്പരന്ന ദേവഗീതങ്ങളുടെ അനാദിയായ താളങ്ങള്‍ ഇവിടെയെവിടെയൊക്കെയോ യുഗങ്ങളായി തപം ചെയ്യുന്നതായി തോന്നാം. പിതൃത്വത്തോടു പിണങ്ങി, പെരുമലകള്‍ കയറി കുടകുദേശത്തെത്തി, ധീരമൃത്യു പ്രാപിച്ച്, അനന്തരം പുനപ്പിറവിയെടുത്ത്, കതിവന്നൂര്‍ വീരനെന്ന ദൈവമായി ചുരമിറങ്ങി വന്ന മന്ദപ്പനെന്ന കഥാപാത്രത്തിന്റെ കാലാന്തരങ്ങളിലെ പിന്തുടര്‍ച്ച പോലെ, പിന്നെയുമെത്രയോ ജനപദങ്ങളുടെ ആഗമന പ്രത്യാഗമനങ്ങളുണ്ടായതായി കണ്ടെത്താം.

കുടകുരാജനുമായി തെറ്റിയ മന്ദപ്പനുമായി മുത്താര്‍കുടി കുടകര്‍ ഏറ്റുമുട്ടി. വിജയം മന്ദപ്പന്റെ ഭാഗത്തായിരുന്നു. തിരിച്ചെത്തിയപ്പോള്‍ തന്റെ പീഠമോതിരവും ചെറുവിരലും നഷ്ടപ്പെട്ടിരുന്നതായി മനസ്സിലാക്കി .അതു വീണ്ടെടുക്കാന്‍ പിന്നേയും പടക്കളത്തിലേക്കു നിരായുധനായി ചെന്ന മന്ദപ്പനെ വെട്ടിനുറുക്കുകയായിരുന്നു.
'നമ്മുടെ മന്ദപ്പനെ വിട്ടുപിരിയാന്‍ നേരത്തിങ്കല്‍
ഉച്ചിയിലെന്തൊരു വെള്ളിനക്ഷത്രം നിന്നു കാണുന്നെടോ'
എന്ന ചൊല്ലോടെ ചെമ്മരത്തിയും ചാടി ചിതയിലേക്ക്.
മന്ദപ്പനെ ദഹിപ്പിച്ച ചിതാഗ്‌നിയില്‍.

വയനാട്ടുകുലവന്‍, പുതിയ ഭഗവതി, ചോന്നമ്മ, മുച്ചിലോട്ടു ഭഗവതി, ഭൈരവന്‍, ചാമുണ്ഡി, പുലിമറഞ്ഞ തൊണ്ടച്ചന്‍, പടക്കെത്തി ഭഗവതി (വടക്കെത്തി ഭഗവതി)... എന്നിങ്ങനെ ആദിമലനാടിന്റെ പൈതൃകരേഖകള്‍  പരമ്പരകളായി കൈമാറിക്കൊണ്ടു വന്ന അനുഷ്ഠാനകലകളും സാംസ്‌കാരിക മുദ്രകളും അനവധിയുണ്ട്.

സൂഫിപാരമ്പര്യത്തിന്റെ പ്രാചീന മഹത്വം പ്രകാശിക്കുന്ന ഇടങ്ങളാണ് ഇരിക്കൂര്‍ നിലാമുറ്റവും ആയാര്‍ മുനമ്പും.പുഴയോരത്തെ പുണ്യസ്ഥലത്തിന്റെ പരിവേഷം ഒരു കബര്‍സ്ഥാന്‍ എന്നതിലുപരി പ്രപഞ്ച രഹസ്യങ്ങളില്‍ ലയിച്ചു ചേരാനുള്ള ആത്മീയകവാടമെന്ന മഹത്വമാണ്. പ്രകൃതിയുടെ നിലാപ്പകര്‍ച്ചകളില്‍ വിടരുന്ന ഹൃദയദര്‍ശനങ്ങളാണ്  സൂഫിസത്തെ വേര്‍തിരിക്കുന്നത്. സൂഫിവര്യന്മാരുടെ ആവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു നിലാമുറ്റം.  പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷം കബറിടമായി സ്ഥിരപ്പെട്ടു. ഒരു പക്ഷെ, പോര്‍ച്ചുഗീസ് നരവേട്ടയോ, അതിജീവിക്കാനാവാത്ത മഹാമാരികളോ സൂഫി ആവാസത്തെ തകര്‍ത്തിരിക്കാം. ഒന്നിലധികം പേരെ (കുട്ടികളടക്കം) ഒരേ കബറില്‍ അടക്കം ചെയ്യേണ്ടി വന്ന ഒരു സന്ദിഗ്ധഘട്ടം ഉടലെടുത്തിരുന്നതായി കരുതേണ്ടി വരും. ശത്രുക്കളാല്‍ വധിക്കപ്പെട്ടവരാണെന്നും അല്ലാഹുവിന്റെ കാരുണ്യം ഇവര്‍ക്കു വര്‍ഷിക്കട്ടെയെന്നുമുള്ള ലിഖിതങ്ങള്‍ കബറില്‍ കാണാം. മറ്റൊരു കബര്‍ 'സുല്‍ത്താന്‍ 'പരിഗണന നല്‍കിയിരുന്ന ഒരാളുടേതാണ്. കച്ചവട സംഘത്തിന്റെ തലവന്‍ എന്ന സൂചന ഇബ്‌നു ബത്തൂത്തയുടെ വിവരണത്തിലുണ്ട്. നിലാമുറ്റത്തു മാത്രം കാണാവുന്ന  കാലിഗ്രാഫിയും  കബര്‍ ടെക്‌നോളജിയുമാണ് ഒരു സവിശേഷത. 1524 ഞായര്‍ പുലര്‍ച്ചെ 4 മണിക്ക് അറബിക്കച്ചവടക്കാരെ ആക്രമിച്ചതായ പരാമര്‍ശമുണ്ട്.

''ഇരിക്കൂര്‍ നിലാമുറ്റം എന്ന പ്രദേശത്തിലും വളരെ പൗരാണികതയുള്ള മഖ്ബറകളാലും അത്യപൂര്‍വമായ ലിഖിതങ്ങളാലും നിറഞ്ഞ ഈ പ്രദേശത്തെത്തിയാല്‍ ഏഴാം നൂറ്റാണ്ടിലെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ വളരെ പുരാതനമായ കല്ലറകളുടെ രൂപത്തിലുള്ള മഖ്ബറകള്‍ ഒട്ടേറെ വസ്തുതകള്‍ അന്തര്‍ വഹിക്കുന്നുണ്ട്. ഏക്കറുകളോളം കാടുമൂടികിടക്കുന്ന ഈ പുരാതന ശ്മശാനം ആര്‍ക്കിയോളജി വകുപ്പിന്റെ പങ്കാളിത്തത്തോടെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കുകയാണെങ്കില്‍ ഒട്ടേറെ ചരിത്ര വസ്തുതകള്‍ അനാവരണം ചെയ്യാനാകും'' സി.എന്‍ അഹ്‌മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും തങ്ങളുടെ 'മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി കാണുന്നത് ഇവിടെ ഹിജ്റ എട്ടിലുള്ള കബറുകള്‍ തങ്ങള്‍ കണ്ടുവെന്നാണ്.

ആദിമലനാടിന്റെ സംസ്‌കാരത്തെ വാണിജ്യശക്തികളും  വഴിനയിച്ചതായി കാണാം. കറുവപ്പട്ട ,ഏലം, കുരുമുളക്, ജാതിക്ക, ഗ്രാമ്പു, ഇഞ്ചി ...സുഗന്ധവിളകള്‍  തേടിയെത്തിയ ബാബിലോണിയക്കാര്‍,അറബികള്‍ അസ്സീറിയക്കാര്‍,ദിവ്യദ്രവ്യങ്ങള്‍ക്കെത്തിയ ഈജിപ്തുകാര്‍, ഫിനീഷ്യര്‍, ഇസ്രയേലികള്‍, കുരുമുളകിന് മൂല്യം തിരിച്ചറിഞ്ഞ പ്രാചീന റോമക്കാരും ഗ്രീക്കുകാരും, വ്യാപാര പ്രമുഖകരായ വെനീസുകാര്‍, സുഗന്ധദ്രവ്യ വ്യാപാരത്തിലെ കിഴക്കന്‍ശക്തികളായ ചീനക്കാര്‍ എന്നിവരൊക്കെ ആ ഗണത്തില്‍ വരും.പില്‍ക്കാലത്ത് അധീശശക്തികളായി മാറിയ പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, പറങ്കികള്‍, ബ്രിട്ടീഷുകാര്‍, പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ആക്രമിച്ചെത്തിയ മൈസൂര്‍ സുല്‍ത്താന്മാര്‍ മുതലായവരെല്ലാം വിവിധ സാമൂഹിക ബന്ധങ്ങള്‍ക്കും സാംസ്‌കാരിക പരിണാമങ്ങള്‍ക്കും വഴിയൊരുക്കിയ ശക്തികളാണ്.

മറ്റേതു സ്വാധീനഘടകത്തേക്കാളും കാര്‍ഷികസംസ്‌കൃതികള്‍ സാമൂഹിക മുന്നേറ്റത്തെ അടിസ്ഥാനപരമായി തന്നെ  നിര്‍ണയിക്കുന്നു. അതിപുരാതനമായ മിത്തുകളില്‍ പലതിലും പ്രധാന നായകര്‍ ഇടയന്മാരാണ്. മൃഗപരിപാലനവുമായി ബന്ധപ്പെട്ടാണ് ഇടയന്‍ വരുന്നത്. മൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളായി പരിണമിക്കുന്നതും അവയുടെ  കൂട്ടങ്ങള്‍ രൂപപ്പെടുന്നതും അവയെ  കാര്‍ഷികമായി പരിശീലിപ്പിക്കുന്നതുമായ പരിപാലനക്രിയകള്‍ ദീര്‍ഘകാലത്തിലൂടെ സംഭവിക്കുന്നതാണ്. അതിനൊക്കെ മുമ്പേ മനുഷ്യന്റെ സാമൂഹിക രൂപീകരണങ്ങളാരംഭിച്ചുവെന്നു വ്യക്തം.മൃഗപരിപാലനം പ്രധാനമായും ഊന്നുന്നത് കൃഷിയെയാണ് ; നിലമുഴുവാനും മറ്റും. അതിന്നാവശ്യമായ  ഉപകരണങ്ങളും അനുബന്ധമായി രൂപപ്പെടുന്നു.കരക്കൃഷിയില്‍ നിന്നും പാടക്കൃഷിയിലേക്കുള്ള പരിവര്‍ത്തനം കൊഴുവിന്റെ നീളത്തെ  കുറയ്ക്കുന്നു. മരത്തില്‍ നിന്നും ലോഹത്തിലേക്കുള്ള മാറ്റങ്ങളും സുപ്രധാനമാണ്. കാര്‍ഷികാഭിവൃദ്ധിയ്ക്കനുസരിച്ചാണ് ഉഴവരും വെള്ളാളരും രൂപപ്പെട്ടത്. ഇതിനൊക്കെ മുമ്പേ ആവാസവ്യവസ്ഥ ഉടലെടുത്തുവെന്നു തീര്‍ച്ച. പുതിയ തരം കാര്‍ഷികവിളകളുടേയും യന്ത്രസങ്കേതങ്ങളുടേയും  തോട്ടസമ്പ്രദായങ്ങളുടേയും ആസൂത്രണങ്ങള്‍  ആദിമലനാടിന്റെ  മുഖച്ഛായ  ഉടച്ചുവാര്‍ത്തു.

വിശ്വസംസ്‌കാര സരണികള്‍ക്ക് ആതിഥ്യമേകുന്നതില്‍ പൗരാണികമായ പാരമ്പര്യം എക്കാലവും തുടര്‍ന്നതായി കാണാം. ഇവിടെ രൂപപ്പെട്ട സാംസ്‌കാരികമായ അടിത്തറയാണ് ഇതര ആശയസംഹിതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും കടന്നുവരാന്‍ സാഹചര്യമൊരുക്കുന്നത്. കടന്നുവരുന്ന ദര്‍ശനങ്ങള്‍ക്കൊന്നും ഈ ദേശത്ത്  സര്‍വവ്യാപിയായി മാറാനോ സ്ഥായിയായി നിലനില്‍ക്കാനോ കഴിഞ്ഞില്ലെന്നതിന്റെ പൊരുള്‍, അടിസ്ഥാനസംസ്‌കാരമെന്നു നിര്‍വചിക്കാവുന്ന ഒരു ജനത തനതായ അച്ചുതണ്ടില്‍ ഇവിടെ  വര്‍ത്തിക്കുന്നുണ്ടെന്നതു തന്നെയാണ്. കുടിയേറി വന്ന ദര്‍ശനങ്ങളോ ഭാഷകളോ ഇന്നാട്ടില്‍ എത്രതന്നെ പ്രചരിച്ചിട്ടും അവയോരോന്നും ചില സങ്കരങ്ങള്‍ പ്രദാനം ചെയ്തു കൊണ്ട് തിരോഭവിക്കുകയായിരുന്നു.

ജൈന- ബുദ്ധമത സാഹിത്യങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ശേഷിക്കുന്നത്ര പോലും മലയാളത്തിലില്ല. പാലി,സംസ്‌കൃതം തുടങ്ങിയ ഭാഷകളും മലയാണ്മയുടെ ആത്മാവിലേക്കിറങ്ങാതെ ചില പദോപരിതലത്തില്‍ മാത്രമായി കൂടിക്കലര്‍ന്നു കിടന്നു. പാശ്ചാത്യദര്‍ശനങ്ങളുടേയോ ഭാഷകളുടേയോ സ്വാധീനവും ഒരു പരിധിക്കു മീതെ വാണില്ല. നാലഞ്ചു നൂറ്റാണ്ടുകള്‍ അവര്‍  അധികാരത്തിന്റേയും ആയുധബലത്തിന്റേയും ജ്ഞാന സാങ്കേതികതകളുടേയും സര്‍വ സന്നാഹങ്ങളോടെ ചവിട്ടിമെതിച്ചിട്ടും നൈസര്‍ഗികമായ ഒരച്ചുതണ്ടില്‍ ഈ ദേശസ്വവും സംസ്‌കൃതിയും ഭാഷാസ്വത്വവും അതിന്റെ മുഖ്യഭാവത്തെ  മുറുകെപിടിച്ചു. ഈ അച്ചുതണ്ടിന്റെ പേരാണ് മലയാണ്മ. അതിന്റെ ഭൂപടമാണ് ആദിമലനാട്.

*ശാസനകാലം AD 925 ഡിസമ്പര്‍ 29 ആണെന്ന് ഇളംകുളവും AD898 ഡിസം. 8 ആണെന്ന് എം.ജി.എസ്സും അഭിപ്രായപ്പെടുന്നുണ്ട്.

**'എ'കാരത്തിനു പകരം 'അ'കാരോച്ചാരണം.

***പതിനെട്ടാചാരം :കുന്നു, കോയ്മ, വലിയ, കാടര്‍, വീടര്‍, ആളടിയാന്‍, ചേകവര്‍, വേട്ടക്കുറി, വില്ല്, വല, മെരുദം, ഉളി, അയലൊടി, ഊര്‍പ്പള്ളി, ഊപ്പുര, മണ്ണല, മണി, കൊറ്റുങ്കോള്.

*****പത്ത് അവസ്ഥ:'എങ്കിലോ പത്തവസ്ഥകളേതെന്നു കേട്ടതിനെച്ചൊല്ലുന്നാകില്‍
ആണപ്പടി കേള്‍ക്കാനും പുരപ്പടി
കാപ്പാനുമല്ലൊ
നായ്ക്കള്‍ക്കറിവേറ്റുവതു -
അമ്പൊടി വില്ലൊടി നായാടിയിമ്മൂവരുമല്ലൊ
കൈക്കാര്‍ക്കെഴും ചങ്ങാതികള്‍ -
വാതിലുംചോലയുംപതിനെട്ടുവീതായ
കുന്നിന്റെ കിഴക്കെ വാതിലൂടെയല്ലോ
നായിന കേറ്റേണ്ടത് -
അയ്യപ്പനേംപരദേവതമാരേംകുമ്പിട്ടു-
വേണമല്ലൊ നായാട്ടുകുന്നേറ്റാന്‍ -
നായ്ക്കും വലയ്ക്കും ചേകവര്‍ക്കും
പരിപാലിക്കും തനിക്കും ദോഷമേതും വരുത്തരുതേ -
ഓര്‍ത്തറിഞ്ഞുവെന്നോരുകിലേ കുന്നിന്റെ വാതിലില്‍ നായയെക്കേറ്റാവൂ -
അറിഞ്ഞറിയിക്കയല്ലോ വേണ്ടൂ
നടന്നു നടത്തിക്കയല്ലോ നല്ലൂ
കൊടുത്തു കൊടുപ്പിക്കയല്ലോ ഞായം
കൊന്നു കൊല്ലിക്കയല്ലാ ചേതം.

*******സന്താനലബ്ധിക്കു വേണ്ടി അനുഷ്ഠിക്കുന്ന പ്രധാന വ്രതങ്ങളില്‍ ഒന്നാണ് സ്‌കന്ദഷഷ്ഠി. സുബ്രഹ്‌മണ്യപ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണു ഷഷ്ഠീവ്രതം. ബ്രഹ്‌മാവിനെ ബന്ധിച്ചതിനാല്‍ സര്‍പ്പമായി മാറിയ മകന്‍ സുബ്രഹ്‌മണ്യനെ തിരിച്ചു കിട്ടുന്നതിനായി അമ്മ പാര്‍വതി ഷഷ്ഠീവ്രതം അനുഷ്ഠിച്ചെന്നാണ് ഐതിഹ്യം.

ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights :kerala history a padmanabhan part 16 part 2