സാംസ്‌കാരികജീവിതത്തിന്റെ  തനതുപരിവര്‍ത്തനങ്ങളും സവിശേഷതകളും മനസ്സിലാക്കാനുള്ള പദ്ധതികളിലാണ് ചരിത്രം അതിന്റെ കലാപ്രമേയങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലൂടെ, ദിവ്യകലാപാരമ്പര്യങ്ങളിലൂടെ, മണ്‍മറഞ്ഞതും അല്ലാത്തതുമായ കാവ്യ- കലാരൂപങ്ങളിലൂടെ, നാടോടി സംസ്‌കൃതിയെ പ്രകാശിപ്പിക്കുന്ന ഒട്ടേറെ ഉത്സവങ്ങളിലൂടെ, സാഹിത്യ സൃഷ്ടികളിലൂടെ  ഒക്കെയാണ് നമ്മുടെ സംസ്‌കാരം സംശ്ലേഷിക്കപ്പെട്ടുകൊണ്ടിരുന്നത്. അവയുടെ സംഹിതസാരാംശങ്ങളോട് ഉപേക്ഷ കാട്ടിയാല്‍  ചരിത്രരേഖ തീര്‍ത്തും വികലമായിരിക്കും. സാംസ്‌കാരിക സൂചകങ്ങളെ ചരിത്രത്തെളിവുകളായി രൂപാന്തരപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഡി.ഡി.കോസാംബി എടുത്തു കാട്ടിയതാണ്. അതിനാല്‍ മലനാടിന്റെ ഭൗമവ്യാപ്തിയില്‍ നിര്‍വചിക്കാവുന്ന സാംസ്‌കാരിക മാതൃകകളുടെ ഒരന്വേഷണം കൂടി നമ്മള്‍ നിറവേറ്റേണ്ടതായുണ്ട്.

സംസ്‌കാരമെന്നാല്‍ ജീവിതത്തിന്റെ പാഠഭേദങ്ങളിലൂടെയുള്ള  ജനങ്ങളുടെ പ്രയാണങ്ങളും, സഹവര്‍ത്തിത്തത്തിന്റെ അടയാളങ്ങളും, ഭാഷയായും സാഹിത്യമായും കലയായും ആവിഷ്‌കരിക്കപ്പെടുന്ന അനുഭൂതികളും, അനുഭവ സാരാംശങ്ങളും, സാമാന്യശീലങ്ങളുമെല്ലാം സമരസപ്പെടുന്ന  സാമൂഹ്യമായ ഉള്ളടക്കമാണെങ്കില്‍ ഏതു ജൈവപരിധിയിലും തനതായ മാതൃകകളും സംസ്‌കാരത്തിനുണ്ടാവും. ഉല്‍പാദനരീതികളുടെ ആവിര്‍ഭാവത്തില്‍ തന്നെ വേരൂന്നുന്ന ജൈവബന്ധങ്ങളുടെ അന്തസ്സത്ത സംസ്‌കാരത്തെ നിര്‍ണയിക്കുന്നുണ്ട്.

ജീവിതത്തിന്റെ ജനകീയരീതിയെ വികസിപ്പിക്കുന്ന സാമൂഹികചോദന ഉല്‍പാദന പ്രക്രിയയുടെ മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. കലയും അനുഭൂതിയും വിലയിരുത്തപ്പെടുന്ന സാമൂഹ്യായ്മയുടെ ആത്മമണ്ഡലം കൂടി സംസ്‌കാരത്തിന്റെ സംക്രമണ പരിധിയാണ്. മനുഷ്യന്‍ സ്വീകരിച്ചതും ഉപേക്ഷിച്ചതുമായ സാംസ്‌കാരിക മുദ്രകളെല്ലാം ചരിത്രവായനക്കു പ്രിയപ്പെട്ടതായിരിക്കണം. ഭാഷയിലും കലയിലും സാഹിത്യത്തിലും ഉല്‍പന്നങ്ങളിലും കാര്‍ഷികോപാധികളിലും ഉപഭോഗ രീതികളിലും സകലമാന ഉപകരണങ്ങളിലും നിയമത്തിന്റേയും അധികാരത്തിന്റേയും വ്യവഹാരങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രപരതകളിലും സൗന്ദര്യബോധത്തിലും ഭാവനയുടെ ജനകീയ തലങ്ങളിലും മതസംഹിതകളിലും പ്രത്യയശാസ്ത്ര ദര്‍ശനങ്ങളിലും വിതാനം ചെയ്യപ്പെടുന്ന സാമൂഹ്യവും വ്യക്തിഗതവുമായ സകല പ്രവര്‍ത്തനങ്ങളും സംസ്‌കാരത്തെ സമഗ്രമാക്കുന്നു.

മനുഷ്യന്‍ ജനിച്ചുവളരുന്ന സാഹചര്യത്തിന്റെ സര്‍വതലരൂപവും സാമൂഹിക ബന്ധങ്ങളുടെ സൂക്ഷ്മരൂപ തലങ്ങളും വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും വരച്ചെടുക്കുന്ന സാംസ്‌കാരിക ഗ്രാഫിന് സവിശേഷതകളുടെ ഒരു തനിമയുണ്ടാകും, മറ്റു ഗ്രാഫുകളുമായുള്ള ഏകതാനതയുടെ അപൂര്‍വതയുമുണ്ടാകാം. ഇവ രണ്ടും കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ് ഒരു നാടിന്റെ സാംസ്‌കാരിക ഭൂപടം. ഇത് മലനാടിനുമുണ്ട്. അത് ഇന്നത്തെ അതിരുകള്‍ക്കനുസരിച്ച് വരച്ചുണ്ടാക്കാന്‍ പ്രയാസമായിരിക്കാം.അതിനൊരു കാരണം ചരിത്രം തള്ളിക്കളഞ്ഞ വാസ്തവികാധികാരങ്ങളാണവ. മറ്റൊന്ന്  കാലഹരണപ്പെട്ട ആത്മീയാവകാശങ്ങളുമാണ്. വിസ്മരിച്ചു കൂടാത്ത സാംസ്‌കാരിക മൂലധനം അടച്ചുവച്ച ആ കലവറകള്‍ ചരിത്രകാരന്മാര്‍ക്ക് തുറക്കാവുന്നതാണ്.

photo mathrubhumi

തെക്കന്‍ കരിയാത്തന്‍തോറ്റം അവതരിപ്പിക്കുന്ന തനതായ പ്രപഞ്ചവീക്ഷണം നോക്കൂ:
''ഒന്നിനാലൊരു ദിവസം വാഴ്ക ദൈവമേ
രണ്ടിമ്മല്‍ ശിവശക്തിസ്വരൂപം വാഴ്ക
മൂന്നിമ്മല്‍ ത്രിമൂര്‍ത്തികളും വാഴ്ക
നാലുമ്മല്‍ നാങ്കു വേദവും
അഞ്ചുമ്മല്‍ പഞ്ച കുരിക്കന്മാരും
ആറിമ്മല്‍ അറുവന ജാതികളും
ഏഴിമ്മേല്‍ എഴുവന ജാതികളും
എട്ടുമ്മല്‍ തിരുവെട്ടക്ഷരവും
ഒമ്പതുമ്മല്‍ ഓം നമസ്‌കാരം
പത്തില്‍ പരബ്രഹ്‌മം''

ആദി നാരായണനും, ശിവശക്തിമാരും, ത്രിമൂര്‍ത്തികളും ചതുര്‍വേദങ്ങളും ഗുരുനാഥന്മാരും അറിവജ്ഞരും എഴുത്തുകാരും അക്ഷര-സ്വരരൂപങ്ങളും ചേര്‍ന്ന ജ്ഞാനബ്രഹ്‌മം സൃഷ്ടിക്കപ്പെടുംമുമ്പുള്ള പ്രപഞ്ചനിലയെപ്പറ്റിയാണ് തുടക്കത്തില്‍ തന്നെ തോറ്റം വിവരിക്കുന്നത്:
''അന്ന് അണ്ഡജമില്ല ഭൂമിയില്ല
ഭൂമിയില്‍ ചിങ്ങാമിടമില്ല
ഇളയം മാനുകളില്ല
വെളിയം മാര്‍വെളിവില്ല
ഏറ്റമില്ലയിറക്കമില്ല
ഓട്ടമില്ല ഒഴുക്കമില്ല
ഓടുവതില്ല ഒളിപ്പതില്ല
പാറുവതില്ല, പറക്കതില്ല''

അണ്ഡകടാഹമോ ഭൂമിയോ, സിംഹാസനങ്ങളോ പ്രജകളോ, വെളിച്ചമോ ഇരുട്ടോ, പര്‍വതങ്ങളോ സമുദ്രങ്ങളോ, കാലഗതികളോ പ്രവാഹങ്ങളോ, സ്ഥൂലജീവികളോസൂക്ഷ്മജീവികളോ, പാറ്റകളോ പറവകളോ ഒന്നുമില്ലാത്ത ലോകം. ദൈവത്തെ പ്രകൃതിയുടെ നാനാതലങ്ങളില്‍ നിന്നു നിര്‍മിച്ചെടുക്കുകയായിരുന്നു മനുഷ്യനെന്ന് തോറ്റം അതിസൂക്ഷ്മമായി വെളിപ്പെടുത്തുന്നു:

''എള്ളിലെയെണ്ണ പോലെയും ഉപ്പിന്റെ കൂര്‍മം പോലെയും വാഴപ്പഴത്തിന്റെ മധുരം പോലെയും കത്തുംതീയുടെ ഗാംഭീര്യംപോലെയും ഇരിപ്പിതല്ലോ അന്ന് സാക്ഷാലീശ്വരന്‍ കറക്കണ്ടൃപുരാന്‍ തിരുവടി''
എള്ളിലെഎണ്ണയും ഉപ്പിന്റെ തീവ്രതയുംപഴത്തിന്റെ മധുരവും തീയുടെ പെരുംചൂടും അതുപോലെ എല്ലാറ്റിലുമിരിക്കുന്ന സത്തയെ ചേര്‍ത്തുണ്ടാക്കിയതാണ് ഈശ്വരന്‍.'കറക്കണ്ടൃപുരാന്‍ തിരുവടി' (കരക്കണ്ടന്‍ തിരുവടി)യെന്നാല്‍ നീലകണ്ഠന്‍.

മതപരമെന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ ഗ്രാമീണാനുഷ്ഠാനങ്ങള്‍ എന്നു വിളിക്കാനാവുംവിധം സാംസ്‌കാരിക പ്രമേയങ്ങളടങ്ങിയ പ്രാക്തനരീതികള്‍ നിരവധിയുണ്ടായിരുന്നു. അവ മിക്കവാറും മണ്‍മറഞ്ഞു കഴിഞ്ഞു.പല ഭേദഗതികളോടെ ചിലതു തുടരുന്നു. പുരാവൃത്തങ്ങളിലും തോറ്റങ്ങളിലും ചരിത്രപഥത്തിന്റെ സാരാംശങ്ങളുടെ മാറ്റൊലികളുണ്ട്. അവയുടെ സമാഹരണങ്ങളും പഠനങ്ങളും പല ശാഖകളായി ഇന്നു പുരോഗമിക്കുന്നുണ്ട്. സാംസ്‌കാരിക സ്മാരകങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനപദങ്ങളുടെ ജീവിത പ്രവിശ്യകള്‍ കണ്ടെത്താന്‍ അത്തരം പഠന പദ്ധതികള്‍ സഹായിക്കും. അതിനു പറ്റുന്ന ഏറ്റവും സമൃദ്ധമായ കലവറയാണ് മലനാട് .ആഴമേറിയ കരിങ്കടല്‍ കണക്കെ ചരിത്രത്തിന്റെ നിഗൂഢസാമ്രാജ്യം മുറ്റിനില്‍ക്കുന്ന ഒരു ഭൂമൂലയായിരുന്നു മലനാടെന്ന് ഇന്നവശേഷിക്കുന്ന പ്രാക്തനകലകളെ മാത്രം മാനദണ്ഡമാക്കി നമുക്ക് നിശ്ചയിക്കാം. പ്രാചീന സാംസ്‌കാരികസമ്പത്തിന്റെ ലക്ഷണങ്ങളും സമുദ്രകളും  ഇവയിലൂടെ തെളിഞ്ഞു കാണാം.

photo mathrubhumi

അതിപ്രാചീനഗോത്രകലകളുടേയും സാംസ്‌കാരിക ജീവിതത്തിന്റേയും അടിത്തറ കേവലം ഭൗതിക ജീവിതാന്വേഷണവുമായി ബന്ധപ്പെട്ടു മാത്രം കിടക്കുന്നതല്ല. അതിനപ്പുറത്ത് ജീവിതോപാധികളുമായി ബന്ധപ്പെടുത്താന്‍ കഴിയാത്തവിധം പ്രപഞ്ചത്തെ അടയാളപ്പെടുത്താനുള്ള ഭാവനാതീതവും അമൂര്‍ത്തവുമായ വേലകളുണ്ട്. അത്തരം പൊരുളുകളില്‍ നിന്നു കൂടിയാണ് അവരുടെ കലകള്‍ -ചിത്രകലയും ശില്പനിര്‍മാണവും നൃത്തവും, മന്ത്രവാദങ്ങളുമെല്ലാം പിറന്നത്. ജ്യാമിതീയ രേഖാചിത്രങ്ങളടങ്ങുന്ന കൊത്തുവേലകളില്‍ നിന്നു മനസ്സിലാക്കാവുന്നത്, പ്രാപഞ്ചികവും ഗണിതപരവും ഭൂമിശാസ്ത്രപരവുമായ അഭിവൃദ്ധിയ്‌ക്കൊപ്പം നിഗൂഢദര്‍ശനങ്ങളുടെ വികാസം കൂടിയാണ്.

ജ്ഞാനനിര്‍മിതിയ്ക്കപ്പുറം, ആഭിചാരക്രിയകള്‍ പോലെ അയഥാര്‍ഥലോകത്തിന്റെ അടരുകളിലേക്ക് ഇന്ദ്രിയാനുഭവങ്ങളെ സങ്കീര്‍ണമാക്കാനുള്ള നിഗൂഢോദ്ദേശ്യം മനുഷ്യന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതിന്നര്‍ഥം ശക്തിമത്തായ ഒരു സര്‍ഗപ്രപഞ്ചത്തെ കീഴ്‌പ്പെടുത്താന്‍ ആദിമകാലത്തെ മനുഷ്യവംശത്തിന് സാധിച്ചിട്ടുണ്ടെന്നു തന്നെയാണ്. പൗരാണികചുമര്‍ചിത്രങ്ങളിലെ മാന്ത്രികക്കളങ്ങളും തരംഗമനുഷ്യരുടെ ചിത്രീകരണവുമൊക്കെ സാക്ഷ്യപ്പെടുത്തുന്നത് അതാണ്. അവരുടെ ചികിത്സാമുറകളിലും അതിന്റെ ധാരകള്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. വൈദ്യപരിജ്ഞാനത്തില്‍ അതിസൂക്ഷ്മമായ അന്വേഷണങ്ങള്‍ നടത്തിയവരാണവര്‍. ഔഷധികളുടെ ബൃഹത്തായ കലവറ പ്രകൃതിയില്‍ നിന്നു നിര്‍ണയിച്ചു.മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, മനസ്സിനേയും രോഗാതുരതയില്‍ നിന്നു രക്ഷിക്കാനുള്ള ജ്ഞാനാന്വേഷണങ്ങള്‍ നടത്തി. അതിന്റെ ഫലമായാണ് മന്ത്രവിദ്യകള്‍ ചികിത്സാസമ്പ്രദായങ്ങളില്‍ പ്രയോഗിക്കാനുള്ള രീതികള്‍ വളര്‍ന്നത്.ആധുനിക കാലത്തുപോലും മനുഷ്യരെ ബാധിക്കുന്ന ശാരീരികാസുഖങ്ങളുടെ മാനസിക പശ്ചാത്തലത്തെ ചികിത്സാവിധികള്‍ ലക്ഷ്യമിടാറില്ലെന്നതു കൂടി കാണുക.

അതീന്ദ്രിയസ്പന്ദനങ്ങളെ ഇന്ദ്രിയപരതയുമായി ദൃഢപ്പെടുത്തി ശരീരത്തിന്റെ പൂര്‍വപരത പുനര്‍നിര്‍മിക്കാനുള്ള ശുശ്രൂഷാകര്‍മം തന്നെയാണ് അത്. ചികിത്സയെ അനുഷ്ഠാനപരമാക്കുന്നതിലൂടെ  മരുന്നിന്റെ ഉത്തേജനത്തെ സ്ഥായിയാക്കി.

ഇന്ത്യന്‍ ആന്റി ക്വാറി-1876-ല്‍ മി.വാല്‍ ഹൗസ് എഴുതി: ''മാന്ത്രിക വിദ്യയും ആഭിചാരവും തഴച്ചു വളര്‍ന്ന ഒരു നാടാണ് മലബാര്‍ എന്നത് നമുക്ക് കണക്കിലെടുക്കുക. ഏറ്റവും കരുത്തുള്ള ഭൂതപ്രേതപ്പിശാചുക്കള്‍ നിവസിക്കുന്നത് ഇവിടെയാണ്. മന്ത്രവാദത്തില്‍  മലയാള ഭഗവതിയെ തങ്ങളിലേക്കു എത്തിക്കാന്‍ അഭ്യര്‍ഥിക്കുന്നതു കാണാം. ''ഓം ഹ്രീം ഹ്‌റോം. മലയാള ഭാവതിയേ ഞങ്ങളിലേക്കു പ്രവേശിച്ചാലും...''

സംഗീതം,നൃത്തം, ചിത്രകല തുടങ്ങി എല്ലാതരം സാംസ്‌കാരിക പദ്ധതികളിലും അനുഷ്ഠാനപരതയുടെ ആത്മീയതലം പ്രയോജനപ്പെടുത്തി. സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും കാലത്തെ അതിജീവിക്കുന്ന അതിന്റെ ശേഷി ഇങ്ങനെയുണ്ടായതാണ്. നാടോടിസംസ്‌കൃതിയില്‍ സ്വാംശീകരിക്കപ്പെട്ട സൂക്ഷ്മമായ സാമൂഹ്യസ്പന്ദനങ്ങളെ പരിഗണിച്ചുള്ള സമഗ്രചരിത്രം ഇനിയും വിശദീകരിക്കപ്പെടാനിരിക്കുന്നതേയുള്ളു. സാമൂഹിക ശാസ്ത്രജ്ഞാനത്തിന്റെ രീതി സമ്പ്രദായങ്ങള്‍ ചെന്നെത്താത്ത ഇരുണ്ട ഗോത്രഖനികള്‍ നമ്മുടെ സംസ്‌കൃതിയിലുണ്ട്. നാടോടി വാങ്മയ രൂപങ്ങളായും നാടന്‍ കലകളായും നൂറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരികസമരഭേദങ്ങളുടെ സൂക്ഷ്മവും സ്ഥൂലവുമായ അടയാളങ്ങള്‍ വിശകലന വിധേയമാക്കിക്കൊണ്ട് സാക്ഷാത്കരിക്കേണ്ടതാണത്. അതിജീവനത്തിന്റേയും പ്രതിരോധത്തിന്റേയും ആഖ്യാനങ്ങളായി ആവിഷ്‌കാരം നേടിയ കലാപ സൃഷ്ടികളാണ് പൊതുവെ ആദിവാസി കലാരൂപങ്ങളെങ്കിലും അതിനപ്പുറം പ്രപഞ്ചത്തേയും ജീവരൂപങ്ങളേയും കലാത്മകമാക്കാനും തമ്മില്‍ കൂട്ടിയിണക്കാനും നിഗൂഢത നിര്‍വചിക്കാനുമുള്ള പ്രക്രിയകളാണ്.

നാഗാരാധന ഉദാഹരണമായെടുത്താല്‍, അതിനു പിന്നില്‍  ഇഴജന്തുക്കളോടുള്ള  ഭയമാണെന്നു കാണാനാവില്ല. ഭയപ്പെട്ടതിനെ പൊതുവെ ആരാധിക്കില്ല. നാഗസങ്കല്പത്തിന്റെ പൊരുള്‍ പാമ്പുകള്‍ നിധി കാട്ടിക്കൊടുക്കുമെന്ന പ്രമേയമാണ്. പകിട്ടേറിയ സര്‍പ്പക്കളങ്ങള്‍ വരയ്ക്കപ്പെട്ടത് അക്കാരണത്താലാണ്. പുള്ളുവന്‍ പാട്ടുകളിലുള്‍പ്പെടെ -സര്‍പ്പാരാധന മുറ്റിനില്‍ക്കുന്നതും ജ്യാമിതീയചിത്രകലകളിലും ചുമര്‍വരകളിലും  സര്‍പ്പാകൃതികളുടെ ആധിക്യം കാണപ്പെടുന്നതും പവിത്രമായ ബന്ധത്തിന്റെ സൂചനകളാണ്.

''കാവോടു വള്ളി തന്നില്‍
കളിയാടാന്‍ വാ
പൂവോടു മാലകള്‍ കൊണ്ടാ- രാധിപ്പാന്‍ വാ ''

''ആടുന്ന നാഗങ്ങളെ ചൂടുന്നുണ്ടവരും'' ഇത്തരത്തില്‍  മനോഹരമായ വാഴ്ത്തുകളാണ് നാഗങ്ങളെ ചുറ്റിപ്പറ്റിയുള്ളത്. നാഗസമൂഹങ്ങളോടു പാരമ്പര്യബന്ധം പുലര്‍ത്തുന്ന പ്രാചീന ഗോത്രവര്‍ഗരീതികള്‍ മലനാട്ടിലെ ആദിസമൂഹങ്ങളുടെ വിശ്വാസധാരകളില്‍ ലയിച്ചു കിടക്കുന്നതായി കാണാം.ലോകത്തിലെ ഏറ്റവും പ്രാചീനമായ സാംസ്‌കാരിക പാരമ്പര്യത്തിലേക്ക് ഇവരുടെ വേരുകള്‍ നീണ്ടു കിടക്കുന്നുണ്ടെന്നു തന്നെ കരുതണം.കേവലം ആര്യരും ദ്രാവിഡരും തമ്മിലുള്ള സംഘര്‍ഷ പരിസരത്തു മാത്രം നമ്മുടെ സാംസ്‌കാരിക പാരമ്പര്യം ഒതുങ്ങുന്നില്ല.ആദിദ്രാവിഡരുടെ പൂര്‍വസംസ്‌കൃതി ഹാരപ്പന്‍നാഗരികതയിലും സുമേറിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളിലും വേരുകളാഴ്ത്തുന്നതായി ചരിത്രകാരന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്.

ഇതേ പൂര്‍വികതയാണ് നാഗസംസ്‌കാരത്തേയും ആശ്ലേഷിച്ചത്.സമാനമായി ദ്രാവിഡപൂര്‍വികരുടെ കണ്ണി പൂര്‍വേഷ്യന്‍ ദേശങ്ങളായ സുമാത്ര, ജാവ ,മലേഷ്യ തുടങ്ങിയ ഇടങ്ങളിലേക്കും നീളുന്നു. ഈ ജനസമൂഹങ്ങളുടേയെല്ലാം സങ്കരത്തിന്റെ സ്വാഭാവികത ഭാഷയിലും സംസ്‌കാരത്തിലും പ്രതിഫലിക്കുന്ന ജനപദമാണ് ആദിമലനാടില്‍ വളര്‍ന്നുവന്നത്.

ഗോത്ര സവിശേഷതകളും സ്വത്വരീതികളും പ്രകടമായ മാറ്റങ്ങളില്ലാതെ തുടരുന്നുവെന്നും അഥവാ മാറ്റമുണ്ടെങ്കില്‍ തന്നെ സമൂഹത്തിന്റെ വളര്‍ച്ചയും പുരോഗമനവും മന്ദഗതിയിലായിരിക്കുമെന്ന ഒരു മുന്‍വിധി നമ്മുടെ ചരിത്രകാരന്മാരെ പിടികൂടാറുണ്ട്. അവരെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമങ്ങളിലും ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലും പരിഷ്‌കാരത്തിന്റെ തോത് കൂടുതലാണെന്ന ചിന്താഗതിയും അതിന്റെ അനുബന്ധമായുണ്ട്.പൊതു വികസന സങ്കല്പങ്ങള്‍ക്കും സാമ്പത്തികാഭിവൃദ്ധിയിലൂന്നിയ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് ഇത് വസ്തുതയുമാണ്. ഒരു പക്ഷെ  അമ്പതുവര്‍ഷം കൊണ്ട് നഗരസമൂഹം കൈവരിച്ച വികാസം ആയിരംവര്‍ഷം കൊണ്ടു പോലും ആദിവാസി ഗോത്രങ്ങളില്‍ സംഭവിച്ചിട്ടുമുണ്ടാകില്ല.

അതേസമയം ജീവിത സംസ്‌കാരങ്ങളുടെ മറ്റെല്ലാ മാനദണ്ഡങ്ങളിലും (ഭാഷ,വികാരം, സ്വഭാവം, ഭക്ഷണം, വസ്ത്രധാരണം,വ്യക്തി - കുടുംബബന്ധരൂപീകരണങ്ങള്‍, ജീവിതക്രിയകള്‍, സാമൂഹ്യബന്ധങ്ങള്‍, പെരുമാറ്റ ശൈലികള്‍, ആഘോഷ രീതികള്‍, കല - സാഹിത്യ-ദര്‍ശനാദി രൂപങ്ങള്‍, ചിന്താമണ്ഡലം, അധ്വാനരീതികള്‍, ഉല്‍പാദന- ഉപഭോഗ പ്രക്രിയകള്‍ ) ഒട്ടും പിന്നിലല്ലാത്ത നവീകരണത്തിന് ആ ജനവിഭാഗങ്ങളും വിധേയരായിട്ടുണ്ട്. ഈ മാറ്റം അടുത്തറിയാതെയുള്ള വിശകലന ദിശകളിലാണ്  ചരിത്രകാരന്മാര്‍ മിക്കവരും വ്യാപരിച്ചു കാണുന്നത്.

എഡി.900- 1150-ലെ  ചരിത്രവിവരങ്ങളടങ്ങിയ അല്‍ ഇദ്രിസിയുടെ ബൃഹത്തായ ഭൂമിശാസ്ത്രഗ്രന്ഥം 'കിത്താബ്‌നു സ്സഹത്തുല്‍ മുസ്ത്താഖ് ഫി ഇഖ്ത്താഖില്‍  അഫാഖ് '  മലൈ നാട്ടിലെ ആത്മീയക്രമങ്ങള്‍ വിവരിക്കുന്നു.വിഗ്രഹപൂജ, അഗ്‌നിപൂജ,അഗ്‌നിയില്‍ ആത്മബലി, സൂര്യനമസ്‌കാരം, വൃക്ഷാരാധന, സര്‍പ്പാരാധന തുടങ്ങിയവ അതാത് അനുഷ്ഠാന സൂക്ഷ്മതയോടെ പാലിക്കപ്പെട്ടിരുന്നതായി വിശദീകരിക്കുന്നു. വിഷജന്തുക്കളുടെ സങ്കേതമായ സര്‍പ്പക്കാവുകള്‍ വീട്ടിന്നരികില്‍ തന്നെയാണ് ഒരുക്കിയിരുന്നത്. ഒരു വിഭാഗം മനുഷ്യരാവട്ടെ, യാതൊരു ആരാധനയും നടത്തുന്നില്ല. എല്ലാതരം ആരാധനാ സമ്പ്രദായത്തേയും നിഷേധിക്കുന്നവരും കൂട്ടത്തിലുണ്ട്.

balck magic

മലബാറുകാരുടെ വിഗ്രഹാരാധനയെ മാര്‍ക്കോപോളയും തന്റെ സഞ്ചാര കൃതികളില്‍ എടുത്തുകാട്ടുന്നുണ്ട്. ഗിരിവര്‍ഗം ആരാധിക്കുന്ന വനമൂര്‍ത്തികളും  കാളി, മാരിയപ്പന്‍, ചപ്ലമ്മ, കരിങ്കുട്ടി, ചക്കി, അയ്യ, മലങ്കാരി, കരിയപ്പന്‍ തുടങ്ങിയ പ്രാക്തന ബിംബങ്ങളും കീഴാള സമൂഹത്തിന്റെ പ്രതിരോധത്തിന്റേയും അതിജീവനത്തിന്റേയും സൂക്ഷ്മമായ പ്രതിരൂപങ്ങളാണ്. ഓരോ അനുഷ്ഠാനകലാരൂപവും നവോത്ഥാന -സമര -സാമൂഹിക ബോധത്തിന്റെ അടയാളം കൊത്തപ്പെട്ടതാണ്. പൂമാതൈ പൊന്നമ്മയുടേയും പൊട്ടന്‍ തെയ്യത്തിന്റേയും തോറ്റങ്ങളില്‍ അത് പ്രകടമായി കാണാം. ഇത്തരം കലാസൃഷ്ടികള്‍ അന്നത്തെ സാംസ്‌കാരിക പരിസരത്തിന്റെ പ്രതിച്ഛന്ദമാണ്. 

അതിജീവനസമരങ്ങളുടേയും ഉന്നതമായ സഹവര്‍ത്തനത്തിന്റേയും ആകത്തുകയായ  സാമൂഹികബന്ധങ്ങളുടെ ശ്രേഷ്ഠത കൈവരിക്കാന്‍ അന്നത്തെ ജനവിഭാഗങ്ങള്‍ക്കു സാധിച്ചിരുന്നുവെന്നത് സംശയാതീതമാണ്. ''സദാചാര ബോധത്തില്‍ ഇത്രയും ശുദ്ധമായ നിഷ്‌കര്‍ഷത പാലിക്കുന്ന മലവര്‍ഗക്കാരെ ലോകത്തു മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല.'' ഇതേഴ്‌സണിന്റെ ഈ വാക്കുകള്‍ ( ട്രൈബ്‌സ് ആന്റ് കാസ്റ്റ്‌സ് ഓഫ് സൗത്ത് ഇന്‍ഡ്യ) അതിന്റെ സാക്ഷ്യപത്രമാണ്.

ജീവിതദുരിതവും ദുരന്തവും വംശപ്പേരുകളായി  ഇന്നും അനുഭവിക്കേണ്ടി വരുന്ന, എത്രയോ തലമുറകളായി ഒരേ ചുറ്റുപാടില്‍ കെട്ടിയിടപ്പെട്ടവരായി കഴിയേണ്ടി വരുന്ന വിഭാഗമാണെങ്കിലും മാനസികവും സാംസ്‌കാരികവുമായ ഉന്നതങ്ങളിലെത്തിപ്പെടാന്‍ ആദിവാസിവിഭാഗങ്ങള്‍ക്കു സാധിച്ചിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചേ പറ്റൂ. ഒട്ടേറെ അനുഭവങ്ങളില്‍ ഒന്നു മാത്രം എടുത്തുകാട്ടട്ടെ.

വയനാട്ടില്‍ കബനിപ്പുഴയോരത്തെ ഇരുപതിലേറെ കുടുംബങ്ങള്‍ പൊറുക്കുന്ന ഒരു കോളനിയില്‍ 2018-ലെ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിപ്പെട്ടപ്പോഴായിരുന്നു അനുഭവം. അവരവിടെ  ഭീതിജന്യമായ സ്വന്തം പൈതൃകത്തോടു പോരാടുന്നതായിട്ടാണ് തോന്നിയത്. പോരാട്ടമെന്നു പറയുന്നതു ശരിയായിരിക്കില്ല. കൊമ്പനാന കുടിലിനു വട്ടംചുറ്റുമ്പോള്‍, കുഞ്ഞിന്റെ കൂര്‍ക്കംവലി അമര്‍ത്തിക്കാന്‍ മൂക്കുംവായും പൊത്തിപ്പിടിച്ചെന്നാണ് ആ അമ്മ പറഞ്ഞത്. അതിനെ പോരാട്ടമെന്നു വിളിക്കാമോ! ദുരന്തത്തിന്റെ മദയാനകള്‍ക്കു മുന്നില്‍ മൂന്നു തലമുറകള്‍ ഇങ്ങനെയായിരുന്നുവെന്നാണ് 
കാരണവരായ മാരിയപ്പന്‍ ഓര്‍ത്തെടുത്തത്.

മൂത്തമകന്റെ ചികിത്സക്ക് ചെറിയൊരു തുക കൊടുത്തപ്പോള്‍ ഇരുപത്തിമൂന്നുകാരിയായ സീന സ്‌നേഹഭാവത്തില്‍ നിരസിച്ചു കൊണ്ടു പറഞ്ഞത്, 'അതു വേണ്ട, നിങ്ങള്‍ക്കാവശ്യമുണ്ടാവില്ലെ' എന്നാണ്. ദുരിതക്കെടുതിയില്‍ സ്ഫുടം ചെയ്ത മഹത്വമുണ്ടായിരുന്നു ആ വാക്കുകളില്‍. ഞങ്ങള്‍ക്ക്, ആ പണം അവരെ പിടിപ്പിക്കേണ്ടതായി വന്നു. പണം ആസക്തിയോടെ ചാടിപ്പിടിക്കുന്നവരെ കണ്ടുശീലമുള്ള 'പരിഷ്‌കൃത' വാസികള്‍ നമ്മള്‍ അപരിഷ്‌കൃതരായി മുദ്രകുത്തിയ അവരുടെ ആ നിലപാടിനു മുന്നില്‍ നാണിച്ചുപോകുന്ന സന്ദര്‍ഭം.

നാലു മക്കളുടെ അമ്മയാണ് ആ യുവതി. മൂത്തവന്‍ മനോരോഗി. അവനു വയസ്സ് പത്തായിട്ടും പിടിവിടാവുന്ന പക്വതയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ചികിത്സകള്‍ പലതും ചെയ്തു. തക്കംകിട്ടിയാല്‍, റോഡിലേക്കോടും, വാഹനത്തിനു നേരെ കേറും, കല്ലെറിയും. സദാനേരം അവനെ ഒരു കയ്യില്‍ ഒതുക്കി വേണം, സീനയ്ക്ക് മറ്റു മൂന്നു കുരുന്നുകളെ കാക്കാന്‍,കുടി പുലര്‍ത്താന്‍, കൂലിവേല ചെയ്യാന്‍, ഹൃദ്രോഗിയും കുടിയനുമായ താലികെട്ടിയവനെ താങ്ങാന്‍, കാട്ടാനയെ പേടിച്ചു കൊണ്ട് തല ചായ്ക്കാന്‍, ദിനാന്ത്യം കണ്ണൊന്നണയ്ക്കും മുമ്പ് കണ്ണീര്‍ മറക്കാന്‍...ഈ നിത്യസങ്കടത്തില്‍ നിന്നു കൊണ്ടാണ് ആ പ്രതികരണമുണ്ടായതെന്നു കാണുക.

സംസ്‌കാരമെന്നത് ചരിത്രാത്മകമായ വിവക്ഷയില്‍ രാഷ്ട്രീയ സാമൂഹികജീവിതത്തിന്റെ സാര്‍വത്രികഘടന തന്നെയാണ്. ജീവിതത്തിന്റെ സാരാംശങ്ങളില്‍ മാത്രമല്ല, സമൂഹത്തിന്റെ ഭൂത-വര്‍ത്തമാന - ഭാവിതലങ്ങളുടെ ആത്മരൂപത്തെ സമഗ്രമായി പ്രതിഫലിപ്പിക്കാന്‍ അതിന്റെ നിര്‍വചനത്തിലൂടെ സാധിക്കും. ഒരു ജനതയെ അതിന്റെ ചരിത്രഭാഗധേയത്തോടെ ചൂണ്ടിക്കാട്ടാന്‍ സാംസ്‌കാരിക ഭൂപടത്തേക്കാള്‍ മറ്റൊന്നില്ല. സാംസ്‌കാരികമായ ഏകോപനങ്ങളുടെ ചിഹ്നം വഹിക്കുന്ന ജനതയെ ഭൂപരമായ അതിരുകള്‍ക്കതീതമായി നമുക്ക് നിര്‍വചിക്കാവുന്നതാണ്. ഭരണപരവും ഭാഷാപരവും ഭൂപടപരവുമായ വ്യവഹാരനിര്‍ണയങ്ങളെല്ലാം പല കാലങ്ങളിലായി മാറി മറഞ്ഞു വരുന്നതാണ്. അതിന്റെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രക്രിയകളുണ്ട്.അവ സംസ്‌കരിച്ചെടുക്കുകയെന്നതാണ് ചരിത്രസാമഗ്രികളായ മറ്റേത് ഉപദാനങ്ങളേക്കാളും സുപ്രധാനം.

ശിലാലിഖിതങ്ങളില്‍ അതാത് കാലഘട്ടത്തിലെ മിനുസപ്പെടുത്തിയ അധികാരമുദ്രകള്‍ മാത്രമേ കാണൂ. അന്നത്തെ കലണ്ടറിലെ ചില അക്കങ്ങള്‍ കൃത്യതയോടെ കണ്ടേക്കാം, പക്ഷെ,അന്നത്തെ കാലത്തിന്റെ യഥാര്‍ഥശബ്ദം അതില്‍ നിന്നു കേള്‍ക്കില്ല.

ശാസനങ്ങളുടേയും കല്പനകളുടേയും രാജധ്വനികളില്‍ ജനതയുടെ നിശ്വാസങ്ങളോ സാമൂഹ്യചലനങ്ങളോ മിടിക്കില്ല. അതറിയാന്‍ കാലം രഹസ്യ കോഡുകളായി സൂക്ഷിച്ചു വച്ചിട്ടുള്ള സാഹിത്യ-സാംസ്‌കാരികഅടയാളങ്ങളും മിത്തുകളും ഡീകോഡ് ചെയ്ത് വായിക്കണം.അവയോടു താരതമ്യം ചെയ്യുമ്പോള്‍, നമുക്കു ലഭിച്ചിരിക്കുന്ന ശിലാലിഖിതങ്ങളോ അധികാര ശാസനങ്ങളോ
എത്ര നിസ്സാരമാണെന്നറിയുക.

സമകാലിക സംഭവങ്ങള്‍  നിരീക്ഷിച്ചാല്‍ തന്നെ ശിലാലിഖിതങ്ങളുടെ നിസ്സാരത ബോധ്യപ്പെടും.ഒരു പാലത്തിന്റെ ശിലാഫലകം ആ നിര്‍മിതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ മന്ത്രിയുടെ നാമം പ്രാധാന്യത്തോടെ വഹിക്കുന്നുണ്ടാവാം.ഒരു പക്ഷെ, അധികാരികളുടെ അഴിമതി നിമിത്തം ആ പാലം തകര്‍ന്നു പോയാലൊ, അക്കാര്യം ഔദ്യോഗിക ലിഖിതങ്ങളില്‍ കാണില്ല. ചരിത്രത്തിന്റെ യഥാര്‍ഥ ഗ്രാഫ് രേഖപ്പെടാതെ പോവുന്നു.

തെയ്യങ്ങള്‍ ആദിദൈവങ്ങളുടെ ദൃശ്യപ്രതിരൂപങ്ങളാണ്. ദൈവങ്ങള്‍ക്ക് ഓരോ വ്യക്തിയിലും ഓരോ പ്രതിരൂപങ്ങളുണ്ടാവും. ഒരാള്‍ സങ്കല്പിക്കുന്ന വിഷ്ണുരൂപമല്ല മറ്റൊരാളുടെ വിഷ്ണുവിന്.  ജനങ്ങള്‍ മുപ്പത്തിമുക്കോടിയുണ്ടെങ്കില്‍ അത്രയും ദേവതകളുണ്ടാവും. സ്ഥലകാലങ്ങളാവട്ടെ, ആദിമവും ജീവിതവിഹാരങ്ങളുമായി നിബന്ധിക്കപ്പെട്ടതുമാണ്. കൊട്ടാരമതില്‍ക്കെട്ടുകള്‍ക്കു പുറത്താണ് മിക്ക ദൈവങ്ങളുടേയും ആരൂഢം. തെയ്യം കെട്ടിയിറങ്ങുന്ന ഇടങ്ങള്‍ കാവുകളോ, പള്ളിയറകളോ, മുണ്ട്യകളോ  കോട്ടങ്ങളോ ആണ്. കൊട്ടാരകൊത്തളങ്ങളിലേക്ക് പിന്നീട് പ്രവേശിച്ചതാണ്.

പ്രകൃതിയുടേയും ജനപദങ്ങളുടേയും വിശുദ്ധവിതാനങ്ങളിലാണ് ആരാധനാലയങ്ങള്‍. പ്രകൃതിയുമായാണ് ആരാധനയുടെ ലയം. വൃക്ഷങ്ങളും പക്ഷികളും നാഗങ്ങളും മൃഗങ്ങളുമാണ് മൂര്‍ത്തികള്‍. കല്‍ത്തറകളിലാണ് മൂര്‍ത്തികളുടെ ഇരിപ്പിടം. ശ്രീകോവിലുകള്‍ പിന്നെ വരുന്നതാണ്.മനുഷ്യാരംഭം തൊട്ടേയുള്ള ചരിത്രസാമഗ്രികളാണ് സാംസ്‌കാരികഉപദാനങ്ങള്‍. ആദിപ്രരൂപങ്ങള്‍ തന്നെയാണവ. അനുഷ്ഠാനമെന്നോ കലയെന്നോ നമുക്ക് ഇന്നു വിളിക്കാവുന്ന സാംസ്‌കാരിക ആവിഷ്‌കാരങ്ങളുടെ പഴക്കം ശിലാലിഖിതങ്ങള്‍ക്കോ രാജശാസനങ്ങള്‍ക്കോ ഉണ്ടാവാനും തരമില്ല. രാജാവിനെ മാത്രം പ്രതിഫലിപ്പിക്കുന്നതാണ്  ഒരു ചെപ്പേടെങ്കില്‍  ജനജീവിതത്തെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക സമ്പത്താണ് തോറ്റംപാട്ടുകള്‍. ഒരാളുടെ രചനയും ജനപദങ്ങളുടെ രചനയും തമ്മില്‍ സാമൂഹ്യപരമായ സത്യാവിഷ്‌കാരത്തില്‍ വലിയ അന്തരങ്ങളുണ്ടാവാതെ വയ്യ.

മാതൃത്വമെന്ന ആദിമപ്രമേയത്തിന്റെ ഏറ്റവും പുരാതനമായ പ്രതിച്ഛായകളിലാണ് അമ്മദൈവങ്ങള്‍ രൂപപ്പെടുന്നത്.കാളി,ഭഗവതി, ചാമുണ്ഡി തുടങ്ങി ഒട്ടേറെ തെയ്യങ്ങളുടെ കോലങ്ങളിലും, അതാതിന്റെ തോറ്റങ്ങളിലും (വെളിച്ചപ്പാട്), തോറ്റംപാട്ടുകളിലും, തിറകളുടെ സ്വരൂപങ്ങളിലും, അതിന്റെ വെള്ളാട്ടങ്ങളിലും അനുഷ്ഠാനപരതയ്‌ക്കൊപ്പം ചരിത്രവും കുടികൊള്ളുന്നു. കാല, ദേശങ്ങളുടെ ഭിന്നപ്രകൃതികളെ സൂക്ഷ്മമായി വേര്‍തിരിച്ചു കാട്ടുംവിധം മുന്നൂറില്‍പരം ദേവതമാര്‍ തെയ്യം -തിറകളില്‍ കെട്ടിയാടപ്പെടുന്നുണ്ട്. മുച്ചിലോട്ട് ഭഗവതി, പടക്കെത്തി ഭഗവതി,കണ്ണങ്കാട്ട് ഭഗവതി, പുലിയുരു കാളി, കണ്ണമംഗലത്ത് ഭഗവതി, അഷ്ടമച്ചാല്‍ ഭഗവതി, ഇളമ്പച്ചി ഭഗവതി, ചെമ്പിലോട്ട് ഭഗവതി, മടയില്‍ ചാമുണ്ഡി, കക്കര ഭഗവതി, നരമ്പില്‍ ഭഗവതി, അറത്തില്‍ ഭഗവതി, മൂവാളംകുഴിച്ചാമുണ്ഡി,തായ് പരദേവത, വയനാട്ടുകുലവന്‍, കുണ്ഡോറച്ചാമുണ്ടി, തുളുവീരന്‍ തെയ്യം...ഇങ്ങനെ ഓരോ ദേശത്തും ഓരോ പേരില്‍ ദേവതകളറിയപ്പെടുന്നു.

വനദേവതകളാണ് പ്രമുഖ മൂര്‍ത്തികളിലധികവും. വനത, കൊറ്റവെ, കാട്ടുമടന്ത, മുത്തപ്പന്‍, അയ്യപ്പന്‍, മലപ്പിലവന്‍, പൂവില്ലി, പൂതാടി, തലച്ചില്‍, പുലികണ്ഠന്‍, മാരപ്പുലി, കണ്ടപ്പുലി, വേട്ടയ്‌ക്കൊരു മകന്‍, കൊടുങ്കാളി, മലങ്കുറത്തി തുടങ്ങി  നിരവധിയുണ്ട്. അതിജീവനത്തിന്റെ ഉപാധികളായ നായാട്ടിന്റേയും പുനംകൃഷിയുടേയും കര്‍മരക്ഷയ്ക്കും പരിപാലനത്തിനും ദേവതകളാവശ്യമായി വരുന്നു.

അതിനുമുമ്പേ പ്രകൃതിയുടെ മാതാവായ അമ്മദൈവങ്ങള്‍ ആരാധിക്കപ്പെട്ടു,ആദിപരാശക്തിയായി.ഗോത്രസമൂഹത്തിന്റെ ആദിമൂല ദേവത കാളിയമ്മയാണ്. ഉടമാവകാശസങ്കല്പവും സ്ത്രീകളെ കേന്ദ്രീകരിച്ചാവും ആരംഭിച്ചിരിക്കുക.ആദിയില്‍ മക്കത്തായത്തിനു മുമ്പേ മരുമക്കത്തായമുണ്ടായതും  ഉടമ സ്ത്രീകളായതിനാലാവാം. നാരീനായകത്വമാണ് ഭഗവതീസങ്കല്പങ്ങളുടേയും ആരാധനകളുടേയും ഉറവിടം.

ശ്രീകണ്ഠപുരത്തിന്റെ പരിസരത്തെ ഏറ്റവും പുരാതനമായ ഒരു പ്രാര്‍ഥനാലയം മാമാനിക്കുന്ന് ആണ്. മഹാമുനിക്കുന്ന് ലോപിച്ചതാവാം. പുഴയോരത്ത് ഭദ്രകാളീ സങ്കല്പത്തില്‍ സ്ഥാപിതമായ ഈ  ആരാധനാകേന്ദ്രത്തിന് ആറായിരത്തിലേറെ വര്‍ഷം പഴക്കം കല്പിക്കപ്പെടുന്നു. മഹിഷാസുരനെ നിഗ്രഹിച്ചതിന്റെ കോപമാണ് ഇവിടെ കാളിയുടെ ഭാവം.ശിവന്‍ ശിശുവായി പ്രത്യക്ഷപ്പെട്ട് ആ കോപം മുലപ്പാലിലൂടെ കുടിച്ചുതീര്‍ത്തുവെന്നാണ് ഈ വിശ്വാസത്തിലെ ഭാവന.

ഒരു കാലത്ത് ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാമൂര്‍ത്തിയായിത്തീര്‍ന്ന ഒരു  ഭഗവതിയാണ് കാളി (ഭദ്രകാളി). ശിവപുരാണങ്ങളില്‍ രക്തബീജനെ വധിക്കാന്‍ കാട്ടിയ പാര്‍വതിയുടെ  രൗദ്രതയാണ് മഹാകാളി. സര്‍വരക്ഷയും  മോക്ഷവും നല്‍കുന്ന  ജഗദീശ്വരി തന്നെ കാളികാപുരാണത്തിലെ കാളി.

പ്രാകൃതിക പ്രതിഭാസങ്ങളുടെ ശക്തി സ്വരൂപങ്ങളെ സങ്കല്പിച്ച് അവയെ കുടിയിരുത്തുന്ന പ്രക്രിയയാണ് ആരാധനാലയങ്ങളായി വികസിക്കുന്നത്. ആദിമകാലത്ത് അത്തരത്തില്‍ രൂപം പ്രാപിച്ചവ കാവുകളാണ്. കാവുകളിലെ മൂര്‍ത്തികളായി കാവിലമ്മ, ഭദ്രകാളി, ദുര്‍ഗ, ചാമുണ്ഡി, അന്നപൂര്‍ണേശ്വരി എന്നിങ്ങനെ വിവിധ ഭാവസ്വരൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. കാളി(കൊറ്റവെ), കൂളി, കരിങ്കുട്ടി, മലക്കാരി, മാരിയമ്മ, കരിയപ്പന്‍, ചപ്ലമ്മ, അയ്യ, കാട്ടുഭഗവതി,മറുത, കുട്ടിച്ചാത്തന്‍ തുടങ്ങി കാവിലെ പ്രത്യക്ഷങ്ങള്‍ പലതരമാണ്. ശിശു മാതാവില്‍ അഭയം പ്രാപിക്കുന്നതു പോലെ മനുഷ്യന്‍ പ്രകൃതിയുടെ ചിറകിന്നടിയില്‍ സുരക്ഷ തേടുന്നു. മാതൃസേവയില്‍ നിന്നുണ്ടായ ബൃഹത് രൂപമാണ് ദേവീപൂജകള്‍.സ്ത്രീദേവതകളായിരിക്കണം ആദ്യം സൃഷ്ടിക്കപ്പെട്ടിരിക്കുക.

അമ്മയെ അമാനുഷിയാക്കുന്നതാണ് കാളി. അധീശബോധത്തിന്റെ പ്രതിഫലനപ്രരൂപം തെയ്യക്കോലത്തിലുണ്ട്. സങ്കല്പത്തെ രൂപവല്‍ക്കരിക്കാനുള്ള ശ്രമം. നിറങ്ങള്‍ ബാഹ്യപ്രകൃതിയില്‍ നിന്നു കിട്ടുന്നതു മാത്രമല്ല, അകം ലോകത്തിന്റെ അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതു കൂടിയാണ്. നിറത്തിന്റെ രൂപങ്ങള്‍ തന്നെ ഉള്ളില്‍കടന്നു വരുന്നു.പരിചിത നിറങ്ങളും അപരിചിത നിറങ്ങളുമുണ്ടാവും.

ഇന്ന് മേര്‍ഘഡ് സംസ്‌കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് (ബി.സി. 7000- 3200) അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് (ഇന്നത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍) 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ ആദ്യമായി സ്ത്രീദൈവങ്ങളെ ആരാധിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചത് (ബഷാം;ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ,സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡല്‍ഹി ഇന്ത്യ ).

ആശ്രിതഭാവം മുന്നിട്ടു നില്‍ക്കുന്നതിനാല്‍ സ്ത്രീകളായിരിക്കണം ദേവതകളുടെ ആദ്യസ്രഷ്ടാക്കളും. ഭയത്തിന്റേയും വിശ്വാസത്തിന്റേയും മായികസ്പര്‍ശത്തിനു കീഴ്‌പ്പെടാനുള്ള സാധ്യത    പുരുഷഗണത്തേക്കാള്‍ കൂടുതല്‍ അവര്‍ക്കാണ്. പ്രാക്തനരീതികള്‍ക്കു പൊതുവെ സ്‌ത്രൈണാംശം മുന്നിട്ടു നില്‍ക്കുന്നതു കാണാം. പൂജകള്‍ക്ക്  വിഗ്രഹമോ ക്ഷേത്രസങ്കേതങ്ങളോ വിശേഷിച്ച് ആവശ്യമില്ലെന്നതും ഒരു ഘടകമാണ്.ആരാധനാമൂര്‍ത്തിയെ പൂക്കളോ മണ്ണോ കൊണ്ടു മാത്രം നിര്‍മിക്കുകയുമാവാം. പൂരോത്സവം തന്നെ മികച്ച ഉദാഹരണം. മലനാടിന്റെ സ്വന്തമെന്നു പറയാവുന്ന അനുഷ്ഠാനരൂപമാണ് പൂരോത്സവം.  കാമദേവനെ പൂജിക്കുന്ന ചടങ്ങുകളാണതില്‍ മുഖ്യം.

മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരാഘോഷം. കോപാകുലനായ ശിവന്റെ ദൃശ്യശരത്താല്‍ ഭസ്മമായിപ്പോയ കാമദേവനെ പുനരുജ്ജീവിപ്പിക്കാന്‍ കാമപത്‌നി രതീദേവി  നടത്തിയ അര്‍ച്ചനകളാണ് അതില്‍ പ്രകടമാകുന്നത്. കാമവിഗ്രഹം ഉണ്ടാക്കി പൂജ നടത്തുന്നു. ചാണകം കൊണ്ടോ മണ്ണുകൊണ്ടോ പൂക്കള്‍ കൊണ്ടോ വിഗ്രഹമുണ്ടാക്കി നിരത്തും. അതിനു ചുറ്റും പൂവിടും. മലനാട്ടില്‍ ആ കാലാവസ്ഥയില്‍ വിരിയുന്ന മുരിക്കിന്‍പൂ, നരയന്‍ പൂ, ചെമ്പകം,എരിഞ്ഞി പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുമുണ്ട്.
അനുഷ്ഠാനകലയെ മറ്റു ദേശക്കാര്‍ പകര്‍ത്താതിരിക്കാനുള്ള മുന്‍കരുതലുകളാവാം ഒരു പക്ഷെ അതൊക്കെ. വീടുകളില്‍ മാത്രമല്ല മലനാട്ടിലെ കാവുകളിലും ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ അരങ്ങേറുന്നു. പൂരക്കളികളും പൂരപ്പാട്ടുകളും ഈ കലയെ കൂടുതല്‍ നിറംപിടിപ്പിച്ചു. പ്രകൃതിയുടെ വ്യാകരണവുമായി മനുഷ്യജീവിതത്തെ  ലയിപ്പിക്കുകയെന്നതാണ് ഇത്തരം ആഘോഷങ്ങളുടെ സത്ത.

പ്രകൃതിയെ വരുതിയില്‍ നിര്‍ത്താന്‍ മനുഷ്യന്‍ സ്വീകരിച്ച ആയുധങ്ങള്‍ - തീ, തീപ്പന്തം, വാള്‍, അമ്പും വില്ലും തുടങ്ങിയവ -അവയുടെ പുരാതന പ്രകൃതത്തില്‍ തന്നെയാണ്  തെയ്യങ്ങള്‍ക്കൊപ്പമുള്ളത്. അത്തരം ആയുധങ്ങളുടെ നവീനരൂപങ്ങള്‍ പലതും ഉടലെടുത്തിട്ടും തെയ്യങ്ങള്‍ അവയൊന്നും സ്വീകരിക്കുകയുണ്ടായില്ലെന്നതു സുപ്രധാനമാണ്. കുരുത്തോല തൊട്ടുള്ള ചമയങ്ങളിലും 
മഞ്ഞളും അരിച്ചാന്തുമിട്ടുളള മെയ്യെഴുത്തുകളിലും അവയുടെ അതിപ്രാചീനതയുടെ  ലക്ഷണങ്ങളേ കാണാനാവൂ.

ഔഷധങ്ങള്‍ കണ്ടുപിടിക്കുംമുമ്പേ, രോഗം വിതയ്ക്കുകയും ശമിപ്പിക്കുകയും ചെയ്യുന്ന ദേവതമാര്‍ അവതരിപ്പിക്കപ്പെട്ടത് സുപ്രധാന സംഗതിയാണ്. അതില്‍, രോഗത്തിനെതിരായ ഔഷധമല്ല, രോഗസാഹചര്യത്തെ വരുതിയില്‍ നിര്‍ത്താനുള്ള കരുതലാണുള്ളത്.മാരി,വസൂരി മാല, ദണ്ഡദേവന്‍, പുതിയ ഭഗവതി തുടങ്ങി ഒട്ടേറെ രോഗദേവതമാര്‍ അവതരിച്ചു.മനോപരിചരണത്തെ ഉന്നംവച്ച് മന്ത്രമൂര്‍ത്തികളും പ്രത്യക്ഷപ്പെട്ടു.കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗുളികന്‍, ഉച്ചിട്ട, പൊട്ടന്‍ തെയ്യം, ഘണ്ഠകര്‍ണന്‍, കരിഞ്ചാമുണ്ഡി...

കാര്‍ഷികസമൃദ്ധിക്കും ഉര്‍വരതയ്ക്കും കാലിച്ചേകോന്‍, വിഷ്ണുമൂര്‍ത്തി, കോതാമൂരി ,ഉച്ചാര്‍ ഗുളികന്‍,പുള്ളിക്കുറത്തി (പാര്‍വതി - പര്‍വതത്തിന്റെ പുത്രി), പാര്‍വതി പെറ്റ പൊന്‍മകള്‍ കുത്താര്‍ കുറത്തി (സൂര്യദേവനില്‍ നിന്നു വരം വാങ്ങി ഭൂമിയിലേക്കിറങ്ങിയവള്‍) തുടങ്ങിയവര്‍.

മുപ്പത്തഞ്ചു ദേവതമാരെ പല തോറ്റങ്ങളിലും പ്രകീര്‍ത്തിക്കുന്നു. തമ്പുരാന്‍ മന്ത്രക്കോലപ്പന്‍, തായ് പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി ,ചുഴലി ഭഗവതി, പാടി ക്കുറ്റി, വയത്തൂര്‍ കാലിയാര്‍, കീഴൂര്‍ ശാസ്താവ്, കീഴൂര്‍ വൈരജാതന്‍, മടിയന്‍ ക്ഷേത്രപാലന്‍, വീര ചാമുണ്ഡി, വീരഭദ്രന്‍, മഹാഗണപതി, യക്ഷന്‍, യക്ഷി, കുക്ഷിശാസ്തന്‍, ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍, ഇളം കരുമകന്‍, പൂതൃവാടി, വെമ്മൂരിക്കന്‍, കരിമൂരിക്കന്‍, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, രക്തചാമുണ്ഡി, ഉച്ചിട്ട, കരിവാള്, ഘണ്ഠകര്‍ണന്‍ ,വീരന്‍, പുതിയ ഭഗവതി.

ബി.സി.യുഗത്തില്‍ തന്നെ ഈ ദേശത്തേക്ക് വലിയ പായ്ക്കപ്പലുകള്‍ അടുത്തിട്ടും ഏതാനും തെയ്യങ്ങള്‍ മരക്കല ദേവതമാരായാണ് അറിയപ്പെട്ടത്. ചുഴലി ഭഗവതി, ആയിത്തി ഭഗവതി, ആര്യപ്പൂങ്കന്നി, അസ്രാളന്‍ ദൈവം, ബപ്പിരിയന്‍, പൂമാരുതന്‍...എന്നിവ. പ്രാകൃതയുഗത്തിലെ ജലസഞ്ചാരത്തിന്റെ വൈപുല്യവും പഴക്കമേറിയ ജലയാനങ്ങളുടെ സാധ്യതകളുമാണ് ഇതില്‍ തെളിയുന്നത്.

മരക്കലത്തമ്മത്തോറ്റത്തിലെ വിവരണപ്രകാരം, ആര്യര്‍നാട്ടിലെ പട്ടത്തിയുടെ  മകളായി പിറന്ന് പിതൃഗൃഹത്തിലേക്ക് മരക്കലം വഴി സഞ്ചരിച്ച് നെന്മല (നെല്‍+ മല)നാട്ടില്‍ എത്തിച്ചേര്‍ന്നതാണ് മരക്കലത്തമ്മ (ശ്രീശൂലമില്ലത്ത്  ശൂലകുഠാരിയമ്മ). തമ്മപ്പന്‍ തിരുവടി (നമ്മപ്പന്‍/നല്ലച്ഛന്‍) വ്യാപാരത്തിന് തിരുവാലത്തൂര് എത്തിയപ്പോള്‍ ഒരു വിധവയായ പട്ടത്തിയുടെ വീട്  ഊണുവീടാ (ഭാര്യവീട്)ക്കിയപ്പോഴാണ് പുത്രിയുണ്ടായത്. സമുദ്രയാത്രയുടെ  കപ്പിത്താനായിരുന്നു ബപ്പൂരാന്‍ (അസ്രാളന്‍).

''കാറ്റും വീത് നല്ലെ വൈലും
കുളിത്ത സമയമല്ലിപ്പഴോ
മാഗളന്‍ എന്നൊരു വളര്‍ഭൂമീന്നവര്
കീയുന്ന നേരത്ത് ''

കാറ്റും വെയിലും കുളിരുമുള്ള നേരത്ത് മംഗളനെന്ന സമൃദ്ധിയാര്‍ന്ന ഒരിടത്തു നിന്നിറങ്ങുന്നു എന്നു സാരം.

ആരിയപ്പൂങ്കന്നിത്തെയ്യം ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്കു വന്ന കന്യകയുടെ കഥയാണ്. പൂങ്കന്നിക്കോലത്തിനൊപ്പം ബപ്പൂരാന്‍ കോലവുമുണ്ട്.മാപ്പിളത്തെയ്യമെന്ന വകഭേദമാണ് ആരിയപ്പൂങ്കന്നി. തെയ്യക്കോലത്തിന്റെ തോറ്റത്തില്‍ ശ്രീകണ്ഠപുരം പഴയങ്ങാടിപ്പള്ളി സ്ഥാനം പിടിക്കുന്നുണ്ട്:

''എന്നാറെ അവിടുന്ന്
രണ്ടു കപ്പലായിക്കയറി
പതിനൊന്നു തങ്ങന്മാര്
കൊടുങ്ങല്ലൂര് വന്നിറങ്ങിയല്ലൊ
എന്നിട്ടവര്‍ അവിട നാടുവാഴും
രാജാവിന്റെ സമ്മതത്തോടെ
ഒരു പള്ളിയുണ്ടാക്കി
അതിപ്പിന്നെ മാടായിപ്പള്ളി അബ്ദുറഹിമാന്‍ പ്പള്ളി
മുട്ടത്തു പള്ളി
പന്തലായിനിപ്പള്ളി
സെയിനുദ്ദീന്‍ ഖാദി
ശിരുവംപട്ടണത്തു പള്ളി
ശിഹബുദ്ദീന്‍ ഖാദി
എന്നിങ്ങനെ ആദിയില്‍
പതിനൊന്നു പള്ളിയല്ലൊ
കരിങ്കല്ലാലെ പണി കഴിപ്പിച്ചത്
എന്റെ മാടായി നഗരമേ ..''

ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂരില്‍ നിന്നു കപ്പല്‍കയറിയതും കൊയിലാണ്ടി കൊല്ലം, ധര്‍മപട്ടണം വഴിയുള്ള  സമുദ്രയാത്രക്കു ശേഷം സഹര്‍മുക്കന്‍ ഹയ്യാ എന്ന ബന്തറിലെത്തിയതും ജിദ്ദയില്‍ ചെന്ന് മുഹമ്മദു നബിയെ കണ്ട് മാര്‍ഗം കൂടിയതും താജുദ്ദീനെന്ന  നാമം സ്വീകരിച്ചതും തോറ്റം വിവരിക്കുന്നു. അവിടെ അഞ്ചു വര്‍ഷം പാര്‍ക്കുന്നതിനിടെ  മാലിഖ് ഹബിയാരെന്ന അറബി രാജാവിന്റെ മകള്‍ റിജിയത്തു ഉമ്മാറെ കെട്ടി.തിരികെ മലയാള ദേശത്തേക്കു മടങ്ങുന്നതിനിടെ ദീനം പിടിച്ച് മരണമടഞ്ഞു. അയാള്‍ പുറപ്പെടുവിച്ച എഴുത്തും മുദ്രയുമായി രണ്ടു കപ്പലില്‍ പതിനൊന്നു തണ്ടാന്മാര്‍ ഇവിടെ ദീനും പള്ളിയും സ്ഥാപിക്കാന്‍ മലയാള ദേശത്തെത്തി.അവര്‍ പതിനൊന്നു കരിങ്കല്ലുകള്‍ കൊണ്ടുവന്നതും പതിനൊന്നു പള്ളികളുണ്ടാക്കിയതും തോറ്റത്തിലുണ്ട്. അതില്‍ പറയുന്ന ശിരുവപട്ടണത്ത് പള്ളിയാണ് ശ്രീകണ്ഠപുരം പള്ളി.

സെന്റ് തോമസിന്റെ ആഗമനത്തെ ഇതിവൃത്തമാക്കിയാണ്  മാര്‍ഗംകളികളുണ്ടായത്. സുറിയാനി ക്രിസ്ത്യാനിവിഭാഗം പാരമ്പര്യമായി ആ കളിരൂപം അവതരിപ്പിച്ചു പോന്നു. അനുഷ്ഠാനരൂപത്തിലുള്ള സംഘ കലയാണത്.

തോറ്റങ്ങളിലും അനുഷ്ഠാനങ്ങളിലും കാലദേശാനുസൃതവും ഭാഷാപരവുമായ പല ഭേദഗതികളും വന്നുഭവിച്ചതും അധീശതാല്പര്യം കലര്‍ത്തിയതും, പില്‍ക്കാലങ്ങളിലെ പ്രവണതകളാണ് . അതില്‍ ദൈവത്തിനു പകരം രാജാവിനേയും ഫ്യൂഡല്‍പ്രഭുക്കളേയും പുരോഹിതന്മാരേയും ആസനസ്ഥരാക്കി. ദേവസ്തുതിക്കൊപ്പം തമ്പുരാന്‍ വാഴ്ത്തുകളും മൂലത്തോറ്റങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. വരവിളികളും സ്തുതികളും കീര്‍ത്തനങ്ങളും പൊലിച്ചു പാട്ടുകളും താളവൃത്തങ്ങളും മടക്കോലകളും ഫ്യൂഡല്‍ വ്യാകരണത്തിലാക്കി.
മൂന്നായരീശ്വരന്‍ * തോറ്റത്തില്‍ അസുരനായ ദാരികനെ വധിച്ച ശേഷമുള്ള ഭദ്രകാളിയുടെ**യാത്ര വിവരിക്കുന്നുണ്ട്; വഴിയില്‍, കരിക്കണ്ടന്‍ചാലില്‍ വലിയതോട് എത്തിയപ്പോള്‍ശോഭയാര്‍ന്ന ബാലനെ കണ്ടുമുട്ടുന്നു.വാത്സല്യത്തോടെ എടുത്ത് മുലയൂട്ടുന്നു. ക്ഷേത്രപാലനെന്ന് നാമകരണം നല്‍കുന്നു:
''മികവെഴും ഭൂതലത്തില്‍
നല്ലതോ കോല മന്നന്‍
നാട്ടില്‍ മുമ്പുറ്റ കോവില്‍
ചൊല്ലെഴും തിരുകാടമ്പും''

തിരുകാടമ്പ് - തിരുവര്‍ക്കാട്ടുകാവ് (മാടായിക്കാവ്).കോലത്തിരി രാജാക്കന്മാരുടെ മുഖ്യ ആരാധനാ സങ്കേതമാണ് ഈ കാവ്.'കരിക്കണ്ടന്‍ചാലില്‍ വലിയതോട്' എന്ന ദേശസ്ഥാനം അതേപടി തോട്ടുങ്കര ഭഗവതിയുടെ പുരാണത്തില്‍ കാണാം. കാക്കരത്തോട് കരികണ്ടനമ്പലമെന്ന പേരില്‍. ഒരു നാടുവാഴിയുടെ ക്രൂരതയ്ക്കിരയായി  മരണം വരിക്കേണ്ടി വന്ന സ്ത്രീ കഥാപാത്രമാണ് അതിലെ നായിക.

തെയ്യം തിറയാട്ടങ്ങളിലും തോറ്റങ്ങളിലും രാജസേവക്കാര്‍ നടത്തുന്ന മാറ്റിയെഴുത്തിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്താനാവും.ചില ഫ്യൂഡല്‍ പ്രഭുക്കള്‍ പിറക്കുന്നതിനുമെത്രയോ  നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രചരിച്ചു പോന്ന ഇതിവൃത്തങ്ങളില്‍ പോലും ഇതേ ഫ്യൂഡല്‍ പ്രഭുക്കള്‍ കഥാപാത്രങ്ങളായി കടന്നു കൂടിയിട്ടുള്ള സൃഷ്ടികളും നിരവധിയാണ്. അതുകാരണം, പുരളിമല മുത്തപ്പന്‍ ചേരമാന്‍ കോട്ട നായനാരും അണ്ടലൂര്‍ ദൈവത്താര്‍ ചെങ്കല്‍ പെരുമാളും നമ്പോല മുത്തപ്പന്‍ കുലശേഖര പെരുമാള്‍ ഒന്നാമനുമാണെന്ന കണ്ടുപിടിത്തങ്ങള്‍ വരെ ചില ചരിത്രഗവേഷകര്‍ നടത്തുകയുണ്ടായി! പരമശിവന്റെ  അന്തര്‍സ്വരൂപമാണ് പുരളിമലമുത്തപ്പന്‍ അഥവാ അയ്യന്‍ തിരുവടി. കണ്ണുമൂടപ്പെട്ട ശേഷം ആത്മപരിധിയുടെ അകലോകത്തു വ്യവഹരിക്കേണ്ടി വന്നവന്‍.

കാഴ്ചയുടെ കേന്ദ്രമെന്ന ആശയമാണ് പുരം. പുരളിമലയിലെ തപസ്സിനെ തുടര്‍ന്നാണ് കണ്ണു തുറക്കപ്പെടുന്നത്. ശിവന്റെ മൂന്നാം കണ്ണില്‍ പിറക്കുന്ന അഗ്‌നിയാണ് കാളി.പുരളി ദുര്‍ഗയുടെ പര്യായമായത് അങ്ങനെയാണ്. ആദിമ മനുഷ്യന്‍ തീ കണ്ടു പിടിച്ചതുമായി ചേര്‍ന്നു കിടക്കുന്ന കാലപ്പഴക്കമുള്ള കഥയാണിത്. ഇത് ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള രാജാക്കന്മാരോടു ചേര്‍ത്തുകെട്ടുന്നത് കടന്നകൈ ആണ്. ദ്രാവിഡദൈവമെന്ന് പ്രകീര്‍ത്തിക്കുന്ന ശിവനെപ്പറ്റി ഏറ്റവും ദീര്‍ഘമായ സ്തോത്രം യജുര്‍വേദത്തിലെ രുദ്രാധ്യായമാണെന്നാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അഭിപ്രായം. (കോളനി വീക്ഷണം: വിവേകാനന്ദര്‍ശനം.) ഗ്രീക്ക് ഐതിഹ്യപ്രകാരം ശിവസങ്കല്പത്തിന്റെ പഴക്കം ബി.സി. 5675 തൊട്ടേ തുടങ്ങുന്നു. ശിവനായ ഹെര്‍മെസിന്റെ (ബുധന്‍) ജന്മസ്ഥലം  കില്ലേനയാണ്.സംസ്‌കൃതത്തില്‍  കുതിരയെന്നര്‍ഥമുള്ള കില്ലി എന്ന പദത്തില്‍ നിന്നാണ് ആ പേരുണ്ടായത്.കില്ലേനയാണ് ആദികൈലാസപര്‍വതം. എരിത്രാസിന്റെ സംസ്‌കൃത രൂപമാണ് രുദ്രന്‍ (ശിവന്‍).

റോമാക്കഥകളിലെ രണ്ട് യമന്മാരില്‍ ഇളയവന്റെ പേര് 'കേരന്‍' എന്നാണ്. ശിവനുമായി യോജിച്ചു നില്‍ക്കുന്ന  സങ്കല്പമാണത്.മൂത്തവന്‍ ബ്രഹ്‌മാവും. ജനപദങ്ങളുടേയും സംസ്‌കാരങ്ങളുടേയും മാത്രമല്ല ഒപ്പം പുരാവൃത്തങ്ങളുടെ ദേശാടനവുമുണ്ടായതിന്റെ വ്യക്തമായ അടയാളങ്ങളും നമ്മുടെ പാരമ്പര്യത്തില്‍ പ്രകടമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതാണ്. അയ്യപ്പന്‍ കൂത്തുകാരുടെ തോറ്റത്തില്‍  കന്യാദേവിയുടെ വലത്തെ തുടകീറിയാണ് അയ്യപ്പന്‍ ജനിക്കുന്നത്. മഹാദേവസങ്കല്പമാണ് അയ്യപ്പന്‍.പ്രാചീന ഗ്രീക്കുകാരുടെ മദ്യ ദേവനായ ദിയോനീസസ് (നമ്മുടെ പുരാണത്തിലെ  ഇന്ദ്രന്‍) പിറന്നത് സിയൂസ് ദേവന്റെ തുടയില്‍ നിന്നാണ്.തീബ്‌സിലെ രാജാവ് കദ്മസിന്റെ പുത്രി സെമേലയാണ് ദിയോനീസസിന്റെ മാതാവ്.

സിയൂസിനാല്‍ സെമേല ഗര്‍ഭം ധരിച്ചതറിഞ്ഞപ്പോള്‍ സിയൂസിന്റെ ഭാര്യ ഹേരാദേവി കുഞ്ഞിനെ നശിപ്പിക്കാന്‍ പദ്ധതിയിട്ടു.അതിനുവേണ്ടി സെമേലയെ സമീപിച്ച് തന്നോടെന്ന പോലെ മിന്നലായി സമീപിക്കാന്‍ സിയൂസിനോട് അപേക്ഷിക്കണമെന്ന് നിര്‍ദേശിച്ചു.സെമേല അപ്രകാരം അപേക്ഷിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന്  സിയൂസിന്റെ സ്പര്‍ശമേറ്റ സെമേല ആ നിമിഷം കരിഞ്ഞൊടുങ്ങി. അതിനുമുമ്പേ സിയൂസ് ഭ്രൂണത്തെ മാറ്റി തന്റെ തുടയില്‍ വഹിച്ചിരുന്നു.അങ്ങനെ സംരക്ഷിക്കപ്പെട്ട് പിന്നീട് പുറത്തുവന്ന ശിശുവാണ് ദിയോനീസസ്.

പുരാവൃത്തങ്ങള്‍ പലതും  കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതപ്പെട്ടതായി കാണാം. തെയ്യം,നാടോടി കലാരൂപങ്ങള്‍ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പൊളിച്ചെഴുതപ്പെട്ടതിന്റെ ചരിത്രമാണ് അതില്‍ ഗണ്യമായ ഭാഗം.അതുവഴി പ്രാചീനകലാരൂപങ്ങള്‍ ഇവിടെ  സംരക്ഷിക്കപ്പെട്ടുവെന്ന ഒരു വസ്തുത  കാണാതിരുന്നു കൂട. ഫ്യൂഡല്‍ കരങ്ങള്‍ ഒരു പരിധി വരെ നാടന്‍ കലകളുടെ  പ്രോത്സാഹനമായി നിലകൊണ്ടിട്ടുണ്ട്. പില്‍ക്കാലത്ത് സാംസ്‌കാരികമായ കീഴ്‌പ്പെടുത്തലായി അത്  പരിണമിക്കുകയും ചെയ്തു.

അതേസമയം അത്തരം സാംസ്‌കാരികതന്ത്രങ്ങളെയെല്ലാം മറികടന്ന്  തെയ്യത്തിന്റെ മഹത്തായ പൊരുള്‍ 'അനുഷ്ഠാന കല'യെന്ന കരുത്തുറ്റ കവചത്താല്‍ കാലത്തെ അതിജീവിക്കുകയായിരുന്നു. തോറ്റംപാട്ടുകളുടെ അത്ഭുതാവഹമായ മൂല്യത്തെപ്പറ്റി ഡോ: എം.വി. വിഷ്ണു നമ്പൂതിരി എഴുതുന്നു:''തെയ്യംതിറകളുടെ തോറ്റങ്ങളെല്ലാം കേവല സ്തുതികളല്ല.ദേവതകളുടെ ഉത്ഭവം, മാഹാത്മ്യം, സഞ്ചാരം, രൂപ വിശേഷം, ശക്തിപ്രകടനം, തുടങ്ങിയവ അവയില്‍ വര്‍ണനാവിഷയമാകാറുണ്ട്. മിക്ക ദേവതകള്‍ക്കും ഹ്രസ്വമായ തോറ്റങ്ങളേയുള്ളു. അതേസമയം, ഇതിവൃത്ത പ്രാധാന്യമുള്ള ദീര്‍ഘ ഗാനങ്ങളും കുറവല്ല.ദേവതയായി അവതരിച്ച് മനുഷ്യരായി ജീവിതം നയിച്ചവര്‍, മനുഷ്യരായി ജനിച്ച് മരണാനന്തരം ദൈവികതയിലേക്ക് ഉയര്‍ന്നു ജീവിക്കുന്നവര്‍, മേല്‍ലോകത്തു നിന്ന് കീഴ് ലോകത്തിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്ത് കുടികൊള്ളുന്നവര്‍, ആത്മാഹുതി ചെയ്ത് ദേവലോകം പൂകിയ ശേഷം ദേവതയായി ഭൂമിയിലേക്കു തിരിച്ചു വന്നവര്‍, മൃഗരൂപം ധരിച്ച് സഞ്ചരിക്കുന്ന ദൈവങ്ങള്‍, ദേവതാ രൂപം ധരിച്ച തിര്യക്കുകള്‍, സ്വര്‍ഗം പ്രാപിച്ച് ഭൂമിയിലേക്കു തന്നെ വന്നു ചേര്‍ന്ന പുരാണേതിഹാസ പുരുഷന്മാര്‍, അന്യരക്തം ഊറ്റിക്കുടിക്കുന്ന ഉഗ്ര ദേവതകള്‍, അഗ്‌നിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ചോരയില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പൊട്ടി മുളച്ചവര്‍ എന്നിങ്ങനെ അത്ഭുതവും വൈവിധ്യവും നിറഞ്ഞ ദേവതകളുടെ പുരാവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നവയാണ് മിക്ക തോറ്റംപാട്ടുകളും.''(ഉത്തരകേരളത്തിലെ തോറ്റംപാട്ടുകള്‍- ആമുഖപഠനം)

ഗോത്രസാരാംശമടങ്ങിയ പൗരാണിക കലാരൂപങ്ങളും, കീഴാളസംഘര്‍ഷങ്ങളും പിടച്ചിലുകളും ദമിതമായ തോറ്റങ്ങളും തെയ്യങ്ങളും, വിവിധസമുദായങ്ങളുടെ  ജീവിത സംസ്‌കൃതികളില്‍ നിന്ന് ആവിര്‍ഭവിച്ച പാട്ടുകളും നൃത്തങ്ങളും അനുഷ്ഠാനകലകളും മലനാടിന്റെ സാംസ്‌കാരിക പൈതൃകത്തെ ബൃഹത്താക്കുന്നു. ഓരോ നാടിനും സ്വന്തമായ ചില പ്രത്യേക പ്രാക്തന കലകള്‍ കാണും.അവ മറ്റു ദേശങ്ങളിലും കൊണ്ടാടപ്പെടുമെങ്കിലും അതിനോരോന്നിനും  'ഈറ്റില്ല'ങ്ങളുണ്ടാകും. അനുഷ്ഠാന രൂപത്തിന്റെ  സ്വദേശത്ത് അതിന്റെ പ്രാക്തനവേരുകള്‍ പടര്‍ന്നു കിടക്കും. അവരുടെ ജൈവസംസ്‌കൃതിയില്‍ രൂപം കൊണ്ട ഭൗതികപരമായ ജീവിതാവിഷ്‌കാരങ്ങളും അമൂല്യങ്ങളാണ്. മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചകളതിനുണ്ടുതാനും. കണ്ടെത്തപ്പെട്ട കാര്‍ഷികോപാധികളും സാമഗ്രികളും, ആഹാരത്തിനും ഔഷധത്തിനുമായി സൃഷ്ടിക്കപ്പെട്ട സസ്യങ്ങളും വിത്തുകളും, കരകൗശല സാങ്കേതിക വിദ്യകളും വേലകളും, അമാനുഷികശക്തികളെ നിയന്ത്രിക്കാനുള്ള മന്ത്രതന്ത്രങ്ങള്‍, ഋതുപ്പകര്‍ച്ചകളെ വായിച്ചെടുക്കാനുള്ള അറിവുകള്‍ തുടങ്ങി വിസ്മയകരമായ കലവറ പ്രാചീനസാംസ്‌കൃതി സൂക്ഷിക്കുന്നു.
    ....................
*  വെളിച്ചപ്പാടന്‍ ദൈവം, മുന്നാഴിയരിച്ചോറ് അവകാശം.
** 'ഭദ്രോല്‍പത്തി പ്രകരണത്തില്‍' ശിവപുത്രിയാണ് ഭദ്രകാളിയെന്ന സങ്കല്പമുണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്‌നിയില്‍ നിന്നും അവതരിച്ചതാണ്. ദാരികനെ വധിക്കാന്‍ വേണ്ടിയാണ് അവതാരം. ദാരികന്‍ ഒരു അസുരചക്രവര്‍ത്തിയാണെന്ന് ഭദ്രോല്‍പത്തി പ്രകരണത്തില്‍ കാണാം. സ്ത്രീയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം ഇദ്ദേഹം ബ്രഹ്‌മാവില്‍ നിന്നും നേടി മൂന്നുലോകങ്ങളും കീഴടക്കിയതാണ്. സപ്തമാതാക്കളില്‍ പെടുന്ന ഭഗവതിയാണ് ഭദ്രകാളി.

ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

 Content Highlights: Kerala History A Padmanabhan part 16 part 1