സാംസ്‌കാരികവിനിമയത്തിന്റെ അനുച്ഛേദമാണ് ഭാഷാപരിണാമത്തിന്റെ സവിശേഷതകള്‍. തനതുഭാഷയും ഉച്ചാരണ ശൈലികളും അതിന്റെ പിന്തുടര്‍ച്ചാഭേദങ്ങളും പഠനവിധേയമാക്കിയാല്‍, അനേകം സാമൂഹികഅടരുകളുടെ സഹസ്രാബ്ദങ്ങളായുള്ള രൂപപ്പകര്‍ച്ചകളും ചിഹ്നങ്ങളും തെളിഞ്ഞുവരും. ചരിത്രാന്വേഷണത്തിന്റെ ഏറ്റവും സുപ്രധാനസങ്കേതമാണ് അതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. സാംസ്‌കാരികപരിണാമ ചരിത്രത്തില്‍ നിന്നു ഭാഷയെ  മാത്രമായി ഒറ്റപ്പെടുത്തിയെടുത്തു നിരീക്ഷിക്കാനാവില്ല.

ഏതുഭാഷക്കും അടിസ്ഥാനപരമായ ഒരു സാംസ്‌കാരികസ്വത്വം ഉണ്ടായിരിക്കും. അതിന്റെ നട്ടെല്ലുതകര്‍ത്ത് മറ്റൊരു ഭാഷയ്‌ക്കോ സംസ്‌കാരത്തിനോ ആ സ്ഥാനമേറ്റെടുക്കാനാവില്ല. ഭാഷാടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞു ദര്‍ശിക്കാവുന്ന ഇന്നത്തെ സാമൂഹികചിത്രം വരയ്ക്കാനുപയോഗിച്ച ചായക്കൂട്ടുകള്‍ ചരിത്രാരംഭത്തിലേതെന്നു തന്നെ പറയാം. ഭാഷയുടെ പ്രാചീനരൂപം വെളിപ്പെടുത്തുന്നത് സംസ്‌കാരത്തിന്റെ ആദിമകോശത്തെയാണ്. ഒരു ഭാഷയുടെ പ്രാചീനരൂപത്തെ പരിഭാഷപ്പെടുത്തിയാല്‍ മാത്രമേ പുതിയ രൂപത്തെ തിരിച്ചറിയാനാവൂ എന്ന അവസ്ഥയോളം ഭാഷയ്ക്ക് പരിണാമം സംഭവിച്ചിട്ടുണ്ടെന്നതും ശരി തന്നെ. ആദിമനിവാസികള്‍ ഗോത്രങ്ങളായി ജീവിച്ചിരുന്ന കാലത്ത് ഭാഷയും ഗോത്രത്തനിമ പുലര്‍ത്തി. പരിസരത്തിന്റെ ഓരോ ചിഹ്നവും വാക്കുകളില്‍ കൂടുകെട്ടി. അതാത് ജൈവ - അജൈവ ചിഹ്നത്തിന്റെ ചുരുക്കെഴുത്തായി അതാത് വാക്കുകള്‍ പിറന്നു.

ഗോത്രങ്ങള്‍ ചേര്‍ന്ന് ഗണങ്ങളുണ്ടായപ്പോള്‍ ഭാഷയും സങ്കരമായി. ഗണചിഹ്നങ്ങള്‍ ഭാഷാപരമായി പെരുകി. കാര്‍ഷിക ജീവിതത്തിന്റെ തടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉപാധികള്‍ ഭാഷയിലേക്ക് കടന്നുവന്നത്.
ഭാഷ സംസ്‌കാരത്തിന്റെ ശിലകള്‍ പാകി. കൃഷിയുടെ സമൃദ്ധിയെ സംരക്ഷിക്കാന്‍ ഭൂമിദേവതകള്‍ സങ്കല്പിക്കപ്പെട്ടു. ദേവീപൂജകള്‍ പ്രാധാന്യം നേടി. ദ്രാവിഡര്‍ക്കു മുമ്പേ, പ്രോട്ടോ - ആസ്ത്രലോയിഡ് വംശങ്ങള്‍ തൊട്ടേ ഇത്തരത്തില്‍ വിവിധ പൂജകള്‍ ആവിര്‍ഭവിച്ചു.സംസ്‌കാരങ്ങള്‍ക്കു  രക്തബന്ധം കൃഷിയോടാണെന്നു തീര്‍ച്ച. കാര്‍ഷികാടിത്തറയിലാണ് ഭാഷയും സംസ്‌കാരവും ആവിര്‍ഭവിച്ചതും വികാസം പ്രാപിച്ചിച്ചതും. അതിന്റെ വിശ്വഘടന പ്രാപിതമാകുന്നത് വാണിജ്യത്തിലൂടെയും.

എത്രതന്നെ വിശ്വാര്‍ജിതമായാലും ഓരോ ഭാഷയുടേയും ആദിമഘടന നിര്‍ണായകമാണ്. ഏതു ഭാഷയും അതിന്റെ പ്രാചീന പരിണാമഗതികളും ലോകത്തെ സംബന്ധിച്ച് തുല്യപ്രാധാന്യമാണ്. ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ആദിമൂലഭാഷയായി പരിഗണിച്ചുള്ള അന്വേഷണരീതി അസ്വീകാര്യവുമാണ്.

ഓരോ ദേശത്തിനുമുണ്ട്  തനതുഭാഷയുടെ പ്രാകൃതം. ആ പ്രാകൃതവും പല കൈവഴികളുടെ ഒത്തുചേരലാണ്. ദ്രാവിഡത്തിന് ദ്രാവിഡത്തിന്റേതായ മൂലഘടനയുണ്ടെന്ന് മഹാകവി ഉള്ളൂര്‍ ചൂണ്ടിക്കാട്ടുന്നു:

''കൊച്ചിയിലെ കാടന്മാര്‍, തിരുവിതാങ്കൂറിലെ ഊരാളികള്‍ തുടങ്ങിയ ഏതാനും ജാതിക്കാര്‍ അടങ്ങിയ നീഗ്രിറ്റോയിഡ് എന്ന മനുഷ്യവര്‍ഗമാണ് ദക്ഷിണഭാരതത്തില്‍ ആദ്യമായി നിവസിച്ചിരുന്നതെന്നും, ആ വര്‍ഗത്തെ തോടര്‍, ബഡഗര്‍, കാണിക്കാര്‍ മുതലായ ജാതിക്കാര്‍ ഉള്‍പ്പെട്ട പ്രോട്ടോആസ്ട്രലോയിഡ് വര്‍ഗം കീഴടക്കി എന്നും, ഈ വര്‍ഗം മുണ്ഡാഗോത്രത്തില്‍പ്പെട്ട ഏതെങ്കിലും ഭാഷകള്‍ സംസാരിച്ചിരുന്നിരിക്കാമെന്നും ആണ് ചില പണ്ഡിതന്മാരുടെ അഭ്യൂഹം. എന്നാല്‍ ഇക്കാലത്തു മുണ്ഡാഭാഷകള്‍ ഉത്തരഭാരതത്തില്‍ ചില വനേചരന്മാരുടെ ഇടയില്‍ മാത്രമേ പ്രചരിയ്ക്കുന്നുള്ളൂ. ഗോദാവരിനദിക്കു തെക്ക് അവയില്‍ യാതൊന്നിനും പ്രവേശമില്ല. ആ സ്ഥിതിക്കു പണ്ട് അവയ്ക്കു ദക്ഷിണ ഭാരതത്തില്‍ വ്യാപ്തിയുണ്ടായിരുന്നാലും ഇല്ലെങ്കിലും ദ്രാവിഡത്തെത്തന്നെ ഇവിടത്തെ ആദിമഭാഷയായി പരിഗണിക്കുന്നതു പ്രായോഗികദൃഷ്ട്യാ പ്രമാദമാകുന്നതല്ല '' (കേരള സാഹിത്യ ചരിത്രം )

ഭാഷോല്‍പത്തിയുടെ നരവംശരീതികളും സാമൂഹ്യ വ്യവഹാരപരിണാമങ്ങളും വിരല്‍ ചൂണ്ടുന്നത് ഓരോ ദേശത്തും ഭാഷ രൂപംകൊണ്ടിട്ടുണ്ടാവുമെന്ന പ്രമാണത്തിലേക്കു തന്നെയാണ്.

kudajadri sarvajnapeedam
കുടജാദ്രിയിലെ സര്‍വജ്ഞപീഠം

''സെന്തവെസ്ത എഴുതപ്പെട്ട പാഴ്സിഭാഷ മുതല്‍ ബര്‍മ എന്ന് വിളിക്കപ്പെടുന്ന ബ്രഹ്‌മദേശത്തിലെ ഭാഷവരെയും നേപ്പാളം തൊട്ട് ലങ്കവരേയും ഇന്ത്യയെന്ന ഈ ഉപഭൂഖണ്ഡത്തില്‍ പ്രാചീനകാലത്ത് പതിനേഴ് ഭാഷാഭേദങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ ഓരോ പ്രദേശത്ത് നിലവിലിരുന്ന സംസാരഭാഷകള്‍ ആണെന്ന് കാണാം. പൈശാചിപോലുള്ള ചിലതിന് ജനവര്‍ഗഭാഷ എന്ന നിലയുണ്ടാവാം. ഇക്കൂട്ടത്തില്‍ ഒന്നാണ് വൈദികം. മറ്റൊന്നാണ് ദ്രമിളം അഥവാ ദ്രാവിഡം''(വിഷ്ണുനാരായണന്‍ നമ്പൂതിരി 'കോളനി വീക്ഷണവും -വിവേകാനന്ദ ദര്‍ശനവും).

ദക്ഷിണാപഥത്തിലെ വ്യത്യസ്ത ഭാഷാസരണികളെ, അതിന്റെ ദേശവേരുകളെ സൂക്ഷ്മമായി പരിഗണിക്കാതെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ് ഏറെയും നടന്നത്. വിവിധ വംശാടിത്തറയിലുള്ള സകല ഭാഷകള്‍ക്കുംകൂടി ദ്രാവിഡം എന്ന പൊതുനാമം  നല്‍കിക്കൊണ്ട് ഡോ:കാള്‍ഡ്വെല്‍ തന്നെ അതിനു മുന്‍കയ്യെടുത്തു. ചൂഷണസംവിധാനം കാര്യക്ഷമമാക്കുന്നതിനായി യൂറോപ്യന്‍രാഷ്ട്രതന്ത്രം അവതരിപ്പിച്ച ദേശീയോദ്ഗ്രഥനമെന്ന ആശയത്തിന്റെ ഭാഷാരീതി മാത്രമാണത്. തമിഴ്, തെലുങ്ക്, കര്‍ണാടകം, മലയാളം മുതലായവയുടെ ജനയിത്രിയായി ഒരു ആമൂലദ്രാവിഡഭാഷയെ അന്വേഷിച്ചു കൊണ്ട് അതേ ഭാഷാദര്‍ശനത്തെ മറ്റുള്ളവരും പിന്തുടര്‍ന്നു. ഓരോ ശിശുവിനൊപ്പവും ഓരോ ഭാഷയും പിറക്കുന്നുണ്ടെന്ന പ്രകൃതി നിയമത്തെ നമ്മള്‍ അവഗണിച്ചു. എല്ലാ ഭാഷകളും തമ്മിലുള്ള രക്തബന്ധത്തെ പരിഗണിക്കേണ്ടതു തന്നെ.ഒരേയൊരു മൂലഗൃഹത്തില്‍ പിറന്നതു കൊണ്ടല്ല  ജൈവമാതൃകകളുടെ  നിയതിസമാനതകളാണ് അത്തരം രക്തസാദൃശ്യത്തിന്റെ അടിസ്ഥാനം.

തെക്കേയിന്ത്യയിലെ എല്ലാ ഭാഷകളും തമ്മില്‍ ഗോത്രജീവിതത്തിന്റേയും ദ്രാവിഡജീവിതത്തിന്റേയും ആത്മപരമായ കൂടിക്കലര്‍പ്പിന്റെ ആദിമബന്ധമുണ്ട്. പഴന്തമിഴും പ്രാചീനമലയാളവും പഴയ കന്നഡയും തമ്മില്‍ അനുദൃശ്യമായ  സാമ്യം കാണാം. പ്രാചീനദ്രാവിഡ സ്വഭാവം മൂന്നും പുലര്‍ത്തുന്നു. തെക്കേയിന്ത്യ ഉത്തരദ്രാവിഡം, ദക്ഷിണ ദ്രാവിഡം, മധ്യ ദ്രാവിഡം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാല്‍ ദക്ഷിണദ്രാവിഡം എന്നതില്‍ നിന്നുള്ള പരിണാമമുദ്രകളാണ് തമിഴ്, മലയാളം, കന്നഡ എന്നിവയില്‍ കൂടുതലുമുള്ളത്. സ്ഥലനാമങ്ങളും ദേവനാമങ്ങളും പൊതുവെ ഈ മൂന്നുഭാഷകളോടും കടപ്പെട്ടിരിക്കുന്നതു പ്രകടമായി കാണാം. പഴന്തമിഴിന്റെ പല വകഭേദങ്ങളുടെ സൂചന സംഘകാല കൃതികളില്‍ തന്നെയുണ്ട്. ചേരമാന്‍ കുടക്കോ നെടുഞ്ചേര ലാതനും ചോഴന്‍ വേര്‍പഹ്‌റടക്കൈപ്പെരുവിറര്‍ കിള്ളിയും (കുളമുറ്റത്തു തൂഞ്ചിയ കിള്ളി വളവന്‍ കരവൂരെറിന്താന്‍) തമ്മിലുള്ള യുദ്ധത്തില്‍ പതിനെട്ടു ഭാഷക്കാരായ പടയണിയെ പരാമര്‍ശിക്കുന്നുണ്ട്. (പുറനാനൂറ് -62)

മനുഷ്യര്‍ എന്ന നിലക്കുള്ള സ്വാഭാവികസാദൃശ്യം വ്യത്യസ്ത ഗോത്രങ്ങളുടെ ഭാഷകള്‍ തമ്മിലുള്ള പ്രാചീനബന്ധത്തിലും പ്രകടമാണ്. ഈ സാദൃശ്യത്തിനപ്പുറം ഓരോ ഭാഷയ്ക്കും തനതായ വേരുകളുണ്ട്. പ്രാചീന മലയാളമെന്ന് നമ്മളിന്ന്  വിശേഷിപ്പിക്കുന്ന,വായ്‌മൊഴിയായും ആംഗ്യമൊഴിമുദ്രകളായും വിനിമയം ചെയ്യപ്പെട്ട, ആലേഖനം ചെയ്യുന്നതിന് ഏറക്കുറെ വഴങ്ങാത്ത, അഥവാ ഏകദേശ രൂപത്തില്‍ അക്കാലത്ത് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ (ഗുഹാചിത്രങ്ങളിലും മറ്റും) ഇന്നത്തെ ഭാഷയിലേക്ക് ഇനിയും പൂര്‍ണമായും വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, ഒരു ഭാഷയുണ്ട്. അതിനെ പ്രാചീനമലയാളമെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. മലയാളം എന്ന നാമം തന്നെ അതിപ്രാചീനമാണ്. അത് 'മല'യുടെ മാതൃഭാഷയാണ്. മലയില്‍ നിന്ന് ഉറവെടുത്തതും വിവിധ ഗോത്ര സംജ്ഞകളടങ്ങുന്നതും പ്രകൃതിയുടെ അസംഖ്യം ചിഹ്നലിപികളുടെ പകര്‍പ്പുകളുമാണത്. കോലെഴുത്തായും പിന്നീട് വട്ടെഴുത്തായും കലാനുസൃതം മാറിമറഞ്ഞ തുടര്‍ലിപികളായും തെളിഞ്ഞു കാണുന്ന വള്ളിപുള്ളി വിസര്‍ഗങ്ങളിത്യാദി എല്ലാതരം ചിഹ്നങ്ങള്‍ക്കും പിന്നില്‍ പ്രകൃതിദൃശ്യങ്ങളിലെ ഓരോരോ രൂപാംശങ്ങളുണ്ട്.

അതിസൂക്ഷ്മമായ അനുപാതത്തോടെയാണ് അവ ചിത്രണം ചെയ്യപ്പെട്ടത്. ഭാഷ സാമൂഹ്യമായ സിരാധമനികളാണ്. അതമ്മട്ടില്‍ സങ്കീര്‍ണവുമാണ്. ഓരോ ദേശവും ഭാഷയുടെ ഗര്‍ഭഗൃഹമാണ്. പിന്നീടുള്ള പരിവര്‍ത്തനങ്ങള്‍ക്ക് മറ്റു ഭാഷകളുമായുള്ള സമന്വയം നിമിത്തമാവുമെന്നു മാത്രം.

ഒന്നുകൂടി സൂക്ഷ്മമാക്കിയാല്‍, ഓരോ വ്യക്തിയിലും ഭാഷയുടെ വേരുകളുണ്ട്. ഭാഷ സാമൂഹിക ഉല്‍പന്നം മാത്രമല്ല, വ്യക്തിയുടെ സ്വനസവിശേഷതയുടെ ചലനം കൂടിയാണ്. മലയാളികള്‍ക്കിടയില്‍ തന്നെ അനേകം വകഭേദങ്ങളോടെ മലയാളം ഉച്ചരിക്കപ്പെടുന്നത്, മലയാള ഭാഷയുടെ തദ്ദേശീയമായ വ്യതിയാനമായി മാത്രം കണ്ടുകൂട. അതാത്  പ്രാദേശികതയുടെ സംസ്‌കൃതിതലത്തിന്റെ സ്വഭാവങ്ങളെ മലയാളത്തിന്റെ സാമാന്യപ്രകൃതവുമായി സമന്വയിപ്പിക്കുന്ന പ്രതിഭാസവും കണക്കിലെടുക്കണം. ഓരോ പ്രദേശവും (ഓരോ വ്യക്തിയും) ഉച്ചരിക്കുന്നത് അവരവരുടെ സ്വരവും ഭാഷയുമാണ്. അവ സാമൂഹ്യമായി വ്യവഹരിക്കപ്പെട്ടതിലൂടെ ഉണ്ടായ ഏകതാനതയാണ് ഏതു ഭാഷയ്ക്കുമെന്ന പോലെ ഇന്നത്തെ മലയാളത്തിനുമുള്ളത്. ഈ ഏകതാനതയും വ്യതിരിക്തതയും ഏകദേശം എ.ഡി.നാലാം ശതകത്തിലേ പ്രകടമാണ്.

ഉറവിടത്തില്‍ ഭാഷയ്ക്ക് സ്വതന്ത്ര സ്വത്വമുണ്ട്. ആ വ്യക്തിത്വം വ്യക്തിയില്‍ തുടങ്ങുന്നു, സാമൂഹ്യതലത്തിലൂടെ മുഴങ്ങുന്നു, ഗോത്രീയമായും ദേശീയമായും പടര്‍ന്നു പിടിക്കുന്നു, അന്യോന്യ പടര്‍ച്ചകളിലൂടെ ഒരു നാടിന്റെ ഭാഷയായി പരിവര്‍ത്തിക്കുന്നു.  ആ പടര്‍ച്ച പൂര്‍ണമാകുന്നില്ല. ഇനിയും തുടരും. ഓരോ ഭാഷയുടേയും ഉല്‍പത്തിയെവിടെ, പൂര്‍ത്തീകരണമെവിടെ എന്ന അന്വേഷണം പോലും കഴമ്പില്ലാത്തതാണ്.

ആദിമലനാടിന്റെ ഭാഷാ പരിണാമത്തിനും ഇതു ബാധകമാണ്. ഓരോ വ്യക്തിയും അവരവരുടെ ലോകത്തു നിന്നു പ്രക്ഷേപിക്കുന്ന സ്വരവിനിമയം വ്യവസ്ഥിതമാകുമ്പോള്‍ ഭാഷ ക്രമപ്പെടുന്നു. ആദ്യം സ്ഥിതപ്പെട്ടത് ഗോത്രരൂപം തന്നെ. ഭാഷാപരമായും,വ്യക്തിയുടെ ജൈവ സമാനത ഗോത്രഭാഷയുടെ അടിസ്ഥാനത്തെ നിര്‍ണയിക്കുന്നു. നൂറുകണക്കിനു ഗോത്രങ്ങളുടെ ഭാഷാസംയോഗങ്ങളിലൂടെയാണ്  ഭാഷ പൊതുരൂപം ആര്‍ജിക്കുന്നത്. ദക്ഷിണേന്ത്യയുടെ പരിധിയില്‍ അങ്ങനെയുണ്ടായ  ഭാഷായോഗമാണ്  ആദിദ്രാവിഡമെന്നു വിശേഷിക്കുന്ന ഒരു ഭാഷയുണ്ടെങ്കില്‍ അതും. ഇതിനായിരിക്കണം, പൊതുവായ ഒരാദി ദ്രാവിഡഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ് തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഓരോ ഭാഷയുമെന്നതിനേക്കാള്‍,സംഭവ്യത.

ഭാഷാസാന്ദ്രതയില്‍  മുന്നില്‍ നില്‍ക്കുന്ന മേഖലയാണ് ആദിമലനാട്. മലയാളം, തമിഴ്, തുളു, കന്നഡ, കൊടവ, തമിഴ്, ഇരുള, ബഡഗ, കോത, തോത, മാദിഗ, കുറുമ്പ തുടങ്ങി നിരവധി ഭാഷകളുടെ കലവറ .ഭാഷാഗോത്രങ്ങളുടെ പരസ്പര വിനിമയമാണ് ഏകീകൃത ഭാഷയിലെത്തിക്കുന്നത്. വിനിമയവേഗത കാലക്രമേണ കൂടി വരും. സാഹിത്യ സൃഷ്ടികളിലെ ഭാഷ സംബന്ധിച്ചും ഇത് പ്രസക്തമാണ്.

ദക്ഷിണപഥമാകെ ഒറ്റ  ഭാഷാഗൃഹമായിരുന്നെന്നു കരുതാനാവില്ല. പ്രാദേശികമായി ഭാഷകള്‍ തമ്മില്‍ ആദിമവ്യത്യാസമുണ്ടായിരുന്നു. പഴംതമിഴ് ഒരു കാലത്ത് പൊതുഭാഷയായിരുന്നെന്ന വീക്ഷണം സ്വീകരിക്കുകയാണെങ്കില്‍, ദേശങ്ങള്‍ക്കനുസരിച്ച്  പില്‍ക്കാലത്ത് വ്യത്യസ്ത ഭാഷകളായി പരിണമിക്കാനുള്ള ചരിത്രപരമായ സാഹചര്യമെന്തായിരുന്നെന്നു കൂടി വിശദീകരിക്കേണ്ടിവരും. മലയാളത്തേയും തമിഴിനേയും  വേര്‍തിരിച്ചത് ദുര്‍ഗമമായ സഹ്യപര്‍വതമാണെന്ന തിയറി ഏതു കാലത്തും പ്രസക്തമാകേണ്ടതായിരുന്നില്ലെ? വ്യാപാരത്തിനോ ചെറുരാജ്യങ്ങളുടെ ഏകോപനത്തിനോ ഭാഷാപരമായ പ്രതിബന്ധങ്ങള്‍  അന്നുണ്ടായിരുന്നതായി അറിവില്ല.

ബ്രാഹ്‌മണാധിനിവേശത്തിനു ശേഷം സംസ്‌കൃത ഭാഷയുടെ ഉപയോഗം വ്യാപകമായിട്ടും എന്തുകൊണ്ട്  പൊതുസമൂഹത്തിന്റെ അടിത്തട്ട് സംസ്‌കൃതത്തെ അപ്പാടെ സ്വീകരിച്ചില്ല! സാഹിത്യകൃതികള്‍ ഇറങ്ങിയിരിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ എത്ര കൃതികള്‍ കേരളത്തില്‍  ഇന്നുണ്ടാകുന്നു! അക്കാദമിക വിദഗ്ധന്മാരൊക്കെ അതിന്റെ പിന്നാലെയാണ്. എന്നിട്ടുമെന്തേ ജനകീയതലത്തില്‍ ഇവിടെ ഇംഗ്ലീഷ്  വിനിമയ ഭാഷയായിത്തീരുന്നില്ല?

ഭാഷാനിര്‍മാണത്തിന്റെ ജനാധിപത്യ ഘടന അനിഷേധ്യമായ പ്രക്രിയയാണ്. വാക്കുകള്‍ക്കും ആംഗ്യചലനങ്ങള്‍ക്കുമപ്പുറത്ത് ഭാഷയുടെ നിര്‍വചനസാധ്യത കൂടി തിരിച്ചറിഞ്ഞേ ഈ വിഷയത്തെ വീക്ഷിക്കാവൂ. മലയാളഭാഷയുടേയും നിഷ്പപത്തിക്ക് മലദേശത്തിന്റെ ജൈവസവിശേഷതകള്‍ നിറഞ്ഞ തനതായ ഗരിമയുണ്ട്. അതുകൊണ്ടു തന്നെ ആദിമലനാടിന്റെ മാതൃഭാഷയായ മലയാളത്തെ ഇന്നത്തെ കേരളവുമായി ബന്ധപ്പെടുത്തുമ്പോള്‍ അതിനുള്ള ചരിത്രാവകാശം തീര്‍ത്തും ദുര്‍ബലമാണെന്നു തിരിച്ചറിയണം.

ആദിമലയാളത്തെ രക്തത്തില്‍ വഹിച്ച ഒരു സമൂഹം കീഴ്‌പ്പെട്ടു പോയതിന്റെ ചരിത്രംകൂടി ഇന്നത്തെ മലയാളത്തില്‍ നിന്നു വായിക്കാം. ഒരു സംസ്‌കാരത്തിനു മേല്‍ മറ്റൊരു സംസ്‌കാരത്തിന് വിജയക്കൊടി നാട്ടാന്‍ മികച്ച ഒരായുധമാണ് ഭാഷ. ഇംഗ്ലീഷ് അധികാരഭാഷയായി സ്ഥാനം പിടിച്ചപ്പോള്‍ സംസ്‌കൃതവും, സംസ്‌കൃതം അധികാരം കയ്യാളിയ കാലത്ത് മലയാളവും എങ്ങനെ അധികാരത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുവോ അതിനു സമാനമായ ഉള്‍വലിയല്‍ 'ഔദ്യോഗിക ' മലയാളത്തെ അഭിമുഖീകരിക്കാനാവാതെ പ്രാചീന മലയാളത്തിന്റെ അനേകം സരണികള്‍ പിന്‍വലിഞ്ഞ് വറ്റിവരണ്ടു. അത്തരം ഭാഷകളെ ദമിതമായ സാമൂഹ്യദളങ്ങള്‍ക്കിടയില്‍ നിന്ന് ഉത്ഖനനം ചെയ്യേണ്ടത് ഒരു വിമോചനപ്രശ്‌നം കൂടിയാണ്.

മലയാളത്തിന് മാതൃരാജ്യമുണ്ടെങ്കില്‍ അത് ആദിമലനാടാണ്, മാവേലിയുടെ സ്വന്തം നാട്. ഭാഷ എന്നതിലുപരി  ദേശത്തിന്റെ നാമധേയമായിട്ടാണ് മലയാളം പ്രയോഗിക്കപ്പെട്ടതെന്ന് തെളിയിക്കുന്ന ചരിത്രവായനകളുണ്ട്. 'കേരളത്തനിമ'യില്‍ ഡോ: ആര്‍.ഗോപിനാഥന്‍ അക്കാര്യം പരാമര്‍ശിക്കുന്നു:'' മലൈയാളം ദ്രാവിഡ വാക്കാണ്.ഇത് ആദ്യകാലങ്ങളില്‍ സ്ഥലസൂചകമായും മലൈയാളര്‍ ജനസൂചകവുമായാണ് ഉപയോഗിച്ചിരുന്നത്. കൊല്ലി മലയാളവും കൊല്ലി മലയാളരും എന്ന പ്രയോഗം ഇത് തെളിയിക്കുന്നുണ്ട്. രാഘവ അയ്യങ്കാര്‍ എഴുതുന്നത് (സം ആസ്‌പെക്റ്റ്‌സ് ഓഫ് കേരള ആന്റ് തമിഴ് ലിറ്ററേച്ചര്‍, പുറം 64 , 1973 ) മലയാളര്‍ എന്ന നാമം തമിഴ് ശാസനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് കേരളത്തിലെ ആളുകളെ മാത്രം കുറിക്കുന്നതിനല്ലെന്നും കൊല്ലിമല (കോയമ്പത്തൂര്‍), വടക്കന്‍ ആര്‍ക്കോട്ടിലെ ചെങ്ങം നിവാസികളേയും വിവക്ഷിക്കുന്നുണ്ടെന്നുമാണ്.

അതുപോലെ കൊല്ലിമലയുടെ താഴ്‌വാരങ്ങളില്‍ പാര്‍ക്കുന്നവരെ, കൊല്ലി മലയാളം, മുതലിമലകള്‍, മുടുനീര്‍ മലയാളര്‍ എന്നിവരെപ്പറ്റിയും വായിക്കാന്‍ കഴിയും. ഈ മലകളില്‍ പാര്‍ത്തിരുന്നവരെ കുറിക്കാന്‍ മലയാളര്‍ എന്നു പ്രയോഗിച്ചിരുന്നു. പിന്നീട് ഈ വാക്കിന് അര്‍ഥവ്യത്യാസമുണ്ടാകുകയും അത്, കടല്‍മലൈനാട് എന്ന്, ചേരനാട്ടില്‍ പെട്ടവരെ മാത്രം പരാമര്‍ശിക്കുന്നതാകുകയും ചെയ്തു. അതായത് കേരളവും മലയാളവും തമ്മില്‍ യഥാര്‍ഥത്തില്‍ ഒരു ബന്ധവും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഉണ്ടായിരുന്നില്ല. കേരളം കേവലം കടല്‍ത്തീരം മാത്രമാണ്. കൊങ്കണത്തിന്റെ ഭാഗവും. മലയാളത്തിന് കേരളവുമായി ആ അര്‍ഥത്തില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല'' (പുറം 127).

മലയാളമെന്നത് ദേശനാമമാണെന്നു കാണാം; ആ ദേശത്തിന്റെ ജനസമൂഹത്തെ 'മലയാളികള്‍' എന്നും വിളിക്കുന്നു. അപ്പോള്‍ അവരുടെ ഭാഷയെന്താണെന്ന ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. മലൈപ്പേച്ചും മലയാംതമിഴും ആണെന്നു പറയുന്നവരുണ്ട്. അതിന്റെ രൂപാന്തരം ചെന്തമിഴ് - കൊടുന്തമിഴിലിലൂടെ മലയാളഭാഷയായി പരിണമിച്ചുവെന്നാണ് അത്തരം നിരീക്ഷണങ്ങള്‍ ചെന്നെത്തുന്നത്.

പ്രാചീന തമിഴകത്ത് പ്രാബല്യത്തിനുണ്ടായിരുന്ന ഭാഷ അക്കാലത്തെ വ്യാകരണകൃതിയായ തൊല്‍ക്കാപ്പിയം അടയാളപ്പെടുത്തുന്നുണ്ട്. തമിഴിന്റെ പ്രാചീനവ്യാകരണ കൃതിയാണെങ്കിലും അതിലുപയോഗിച്ച വാക്കുകള്‍, ഇന്നു മലയാളഭാഷ സംരക്ഷിക്കുന്ന പലതും, തമിഴകത്ത്  കാണാനില്ല. 'തമിഴകത്ത് ' എന്ന വാക്കു പോലും അതിനുദാഹരണമാണ്. ചില വാക്കുകള്‍ വാക്യത്തില്‍ പ്രയോഗിക്കുമ്പോള്‍ 'അത് 'എന്ന പ്രത്യയം ചേര്‍ക്കാറുള്ളത്  'എഴുത്തതികാരം' (തൊല്‍കാപ്പിയം) നിബന്ധിക്കുന്നുണ്ട്. കാറ്റത്ത്, മഴയത്ത്, വെയിലത്ത് .. തുടങ്ങി ഒട്ടേറെ വാക്കുകള്‍ ഇപ്പോഴും മലയാളത്തിലുണ്ട്. മറ്റു ചില വാക്കുകള്‍ തിരിച്ചും പ്രകടമാണ്. എന്നുവച്ചാല്‍ മലയാളത്തിനും തമിഴിനും പൊതുവായ മൂലദ്രാവിഡഭാഷയുണ്ടായിരുന്നുവെന്നു പ്രത്യക്ഷത്തില്‍ പറയാം. ദ്രാവിഡ ഭാഷകളെ സാമാന്യമായി പരാമര്‍ശിക്കാന്‍ തമിഴ്  എന്നുപയോഗിച്ചിരുന്നതിനാല്‍ തമിഴിന്റെ ഭാഷാന്തരമാണ് മലയാളമെന്ന വിശ്വാസം പരക്കെ നിലനിന്നിരുന്നു.

അതേസമയം പൊതുവായ ആദിദ്രാവിഡഭാഷ വിവിധ നാടുകളുടെ ചട്ടക്കൂടില്‍ വ്യതിയാനങ്ങള്‍ക്ക് വിധേയമായതാണെന്നതിനേക്കാള്‍ പ്രാധാന്യത്തിലെടുക്കേണ്ടുന്ന ഘടന അതാത് ഗോത്രസഹജതയില്‍
പിറവിയെടുത്ത ആദിഭാഷകള്‍ മൂല ദ്രാവിഡഭാഷയില്‍ പതിച്ച് ഭാഷായോഗമുണ്ടായെന്നതാണ്. ഇക്കാര്യം മറ്റൊരു തരത്തില്‍ ശരിവയ്ക്കുന്നുണ്ട് തൊല്‍കാപ്പിയം. വാക്കുകളെ ഇയര്‍ ചൊല്‍, തിരിച്ചൊല്‍, തിശൈച്ചൊല്‍, വടച്ചൊല്‍ എന്നിങ്ങനെ നാലായി തിരിക്കുന്നുണ്ട്. മൂലദ്രാവിഡ ഭാഷയില്‍ നിന്ന്,ചെന്തമിഴ് ദേശത്തിന്റെ തനതു പദങ്ങളും അതിനുപുറത്തെ പന്ത്രണ്ട് ദേശങ്ങളിലെ പദങ്ങളും അന്യഭാഷയില്‍ നിന്നു കടമെടുത്ത പദങ്ങളും സംസ്‌കൃതപദങ്ങളും വേര്‍തിരിച്ചു നിര്‍വചിക്കുകയാണ് അതിലൂടെ  തൊല്‍കാപ്പിയര്‍. പന്ത്രണ്ടു ദേശങ്ങളായി വിശദമാക്കുന്നത്: പൂഴിനാട്, കര്‍ക്കാനാട് ,കുട്ടനാട് ,കുടനാട്,
അരുവാനാട് ,അരുവാവടതലൈനാട്, പന്റിനാട്, തെന്‍പാണ്ടിനാട്, പോതുങ്ങര്‍ നാട്, ഒലിനാട്, ചീത നാട്, മലൈനാട് എന്നിവയാണ്.

ഇവിടെ എന്ന ആശയം വ്യത്യസ്ത ദേശമൊഴികളില്‍ ഇങ്ങ് ,ഇംഗെ, ഇംഗ, ഇംഗനേ ,ഇംഗട്ടു, ഇംഗലെ, ഇംഗടെ, ഇംഗൈ... എത്ര തരത്തില്‍ ഉച്ചരിക്കപ്പെടുന്നു! ഓരോ തരത്തിനും അതാത് ദേശമൊഴി പാരമ്പര്യത്തില്‍ ഉറവിടമുണ്ട്. ഏതൊരു ഭാഷയും 'അ ' എന്ന അക്ഷരം തന്നെ ഉച്ചരിക്കുന്നത്  കടമെടുത്തല്ല. അകാരസ്സര്‍വഭൂതത്വം വിശദീകരിച്ചു കൊണ്ട് ചട്ടമ്പിസ്വാമികള്‍ അഭിപ്രായപ്പെട്ടത് ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റേയും, കരഞ്ഞതിനെ തുടര്‍ന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റേയും ചേര്‍ച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊണ്ടതെന്നാണ്.

അ' 'ക' 'ങ' എന്നു തുടങ്ങി സാക്ഷാല്‍ പ്രകൃതി താലോലിച്ചു വളര്‍ത്തിയ അക്ഷരങ്ങളും അമ്മ, അപ്പ മുതലായ മൃദുപദങ്ങളും ഇന്നേതു ഭാഷയുടെ വകയായിരിക്കുന്നുവോ, ആ ഭാഷ അഥവാ അതിന്റെ പ്രാകൃതരൂപം ആയിരിക്കണം ആദിമാതൃഭാഷയെന്നു കൂടി അദ്ദേഹം 'ആദിഭാഷ' എന്ന കൃതിയില്‍ 'തമിഴ് സംസ്‌കൃതാദി താരതമ്യം' എന്ന ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്.

'അക്ഷരാണാമകാരോസ്മി'
(അക്ഷരങ്ങളില്‍ അകാരമാണു ഞാന്‍) 
എന്ന് ഭഗവത് ഗീതയില്‍ പ്രകാശിപ്പിക്കുന്ന പൊരുളും അതു തന്നെയാണ്. ഒന്നാമത്തെ കുറള്‍ ആയി തിരുവള്ളുവര്‍ അത് ഈ വിധമെഴുതി:
''അകര മുതല എഴുത്തെല്ലാം ആതി
 പകവന്‍ മുതറ്റേ ഉലകു''
('അ'കാരത്തില്‍ അക്ഷരമാലകള്‍ ആരംഭിക്കുന്നതു പോലെ ആദി ഭഗവാനില്‍ നിന്ന് ഈ പ്രപഞ്ചം ആരംഭിക്കുന്നു.)

പ്രാചീന കാലത്ത് കലയും സാഹിത്യവും ജീവിതത്തില്‍ നിന്നു വേറിട്ടതല്ലെന്നും ജീവിതരീതി തന്നെയായിരുന്നെന്നും സാമൂഹിക ദര്‍ശനങ്ങള്‍ ഏറക്കുറെ അംഗീകരിച്ചതാണല്ലൊ. കലക്കുവേണ്ടിയുള്ളതല്ല കല എന്ന ദര്‍ശനം പ്രാചീനജീവല്‍ക്രമത്തിന്റെ പ്രത്യക്ഷദൃശ്യത്തില്‍ വ്യക്തവുമാണ്. പക്ഷെ, ജീവിതക്രമം മാത്രമേ പ്രത്യക്ഷത്തിലുള്ളുവെന്നും ഭൗതിക കവചത്തിനുള്ളിലെ ഭാവമണ്ഡലത്തിന്റെ അനന്തതലങ്ങള്‍ അദൃശ്യമാണെന്നും അത് ആധുനിക കാലത്തിന്റേതായ സവിശേഷതയല്ലെന്നും പ്രാചീന മനുഷ്യന്റെ ആത്മീയലോകം സങ്കീര്‍ണമാണെന്നും തിരിച്ചറിയുന്നവര്‍ക്ക് കലയും ജീവിതവും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമാകും. എങ്ങനെ ജീവിക്കുന്നുവെന്നത് കലയേയും സാഹിത്യത്തേയും പരിമിതപ്പെടുത്തുകയില്ല.

ജീവിതത്തിന്റെ നിഷേധാത്മക ധാരകളാണ് സര്‍ഗശക്തിയെ നിയന്ത്രിക്കുന്നത്. ധര്‍മത്തിന് സമ്പൂര്‍ണമായും ഗ്ലാനി സംഭവിക്കുന്നിടത്താണ് ഗീതോദയ മുണ്ടാകുന്നത്. ബ്രഹ്‌മത്തേയും ധര്‍മത്തേയും സദാചാരങ്ങളേയും സാമൂഹികയാഥാര്‍ഥ്യങ്ങളേയും ബന്ധിപ്പിക്കുന്ന കുറളുകള്‍ ഓര്‍മിപ്പിക്കാന്‍ തിരുവള്ളുവര്‍ തീരുമാനിച്ചുവെങ്കില്‍ അതിന്റെയെല്ലാം ലൗകികവും അലൗകിവുമായ അഭാവം അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരിക്കുമെന്നു വേണം തീര്‍ച്ചപ്പെടുത്താന്‍. അതിലേക്കു നയിച്ച സമ്മര്‍ദങ്ങള്‍ കേവലം സാങ്കല്പികമായിരിക്കില്ല, സമൂഹത്തിന്റേയും കുടുംബത്തിന്റേയും വ്യക്തിബന്ധങ്ങളുടേയും അകവുംപുറവും ചരിത്രപരമായി ബോധ്യപ്പെട്ടതിന്റെ സാകല്യം തിരുക്കുറളിനുണ്ട്.

വ്യക്തിഗതവും സാമൂഹികവുമായ ജീവിതതലങ്ങളെ അടിസ്ഥാനപരമായി പരിഗണിച്ചുള്ള ഒരു നിയമസംഹിത എന്ന നിലക്കുതന്നെ തിരുക്കുറള്‍ അന്ന് സമുദായം ഏറ്റെടുത്തു. ഈവിധം ചെയ്യണമെന്നു കാട്ടിത്തരുന്നതല്ല, ഇങ്ങനെ ചെയ്യരുത് എന്നു വിലക്കുന്നതാണ് നിയമം. പ്രകൃതിവിരുദ്ധമായ ജീവിതസമീപനങ്ങളെ പ്രകൃത്യാദര്‍ശത്തിലേക്ക്, ബ്രഹ്‌മത്തിലേക്ക്, തിരിച്ചുവിടാനുള്ള ഗുരുകര്‍മമാണ് തിരുക്കുറള്‍ അനുഷ്ഠിക്കുന്നത്. വിഭക്തിയില്‍ നിന്ന് ഭക്തികേന്ദ്രിതമായ ഒരാത്മീയ ക്രമത്തിലേക്ക് സമുദായത്തിനുള്ള ദിശാനിര്‍ണയമാണത്.

ദു:ഖത്തിലും ആലസ്യത്തിലുമാണ്ടു കിടക്കുന്ന മനുഷ്യമനസ്സുകളെ ശക്തിയിലേക്കുണര്‍ത്താനുള്ള ദൗത്യം. ജനജീവിതത്തിന്റെ സമസ്ത മേഖലകളേയും അതിനായി സ്പര്‍ശിക്കുന്നു. അറം (ധര്‍മ പ്രകരണം), പൊരുള്‍ (അര്‍ഥപ്രകരണം ), ഇന്‍പം (കാമ പ്രകരണം) എന്നീ വിഭാഗങ്ങളിലായി ബ്രഹ്‌മസ്തുതി,ഇല്ലറം (ഗാര്‍ഹസ്ഥ്യം, തുറമറം (സംന്യാസം), അരശിയല്‍ (രാജധര്‍മം), അങ്കവിയല്‍ (ഭരണ സംവിധാന ധര്‍മം), ഒഴിപിയല്‍ (പ്രജാ ധര്‍മം), കളവിയല്‍ (പ്രണയവേഴ്ചകള്‍), കര്‍പ്പിയല്‍ (ചാരിത്ര്യധര്‍മം) എന്നിവ സൂക്ഷ്മദര്‍ശനം നടത്തുകയാണ് കവി. കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ സമഗ്രമായ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഈ കൃതിക്കു പിന്നിലെന്ന വസ്തുത പ്രകടമാണെന്നതിനാല്‍ സമൂഹത്തെയാകെ ബാധിച്ച മൂല്യച്യുതിയുടെ യഥാര്‍ഥചിത്രം ഇതില്‍ നിന്നും വരച്ചെടുക്കാവുന്നതാണ്. ചരിത്രത്തെ പ്രജാധിപതികളുടെ വാഴ്ത്തുകളായി മാത്രം സംരക്ഷിക്കപ്പെട്ടതിനാല്‍ യഥാര്‍ഥഭൂമിക അടച്ചിട്ട അധ്യായം തന്നെയാണ്.

മലനാടിന്റെ ഭാഗധേയം പരാമര്‍ശിക്കുന്ന സാഹിത്യകൃതികള്‍ പലതും നമുക്കു സുപരിചിതമാണ്. തിരുക്കുറള്‍,എട്ടുത്തൊകൈ, പത്ത് ലഘു കാവ്യങ്ങള്‍,പത്തു ബൃഹദ് കാവ്യങ്ങള്‍,ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകാല കൃതികളില്‍ നിന്നു ലഭിക്കാവുന്ന പാര്‍ശ്വചിത്രങ്ങളും മൂഷിക വംശം, ബ്രഹ്‌മാണ്ഡപുരാണത്തെ ആശ്രയിച്ച് എഴുതിയ കേരളോല്‍പത്തി, കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേ ചരിതം -ചമ്പുക്കള്‍, ഉണ്ണിയാടി ചരിത്രം, പയ്യന്നൂര്‍ പാട്ട്,കൃഷ്ണഗാഥ, ഉദയവര്‍മ ചരിതം,ഹരിവംശം, വായ് മൊഴി പാരമ്പര്യത്തെ വ്യാഖ്യാനിക്കുന്ന ശ്രുതപലായിനിയില്‍ പ്രതിപാദിക്കുന്ന രതവര്‍മനെഴുതിയ 'കേരള വംശം', ഉണ്ണുനീലിസന്ദേശം... അത്തരത്തില്‍ എത്രയോ വിശിഷ്ട കൃതികളുണ്ട്.

ഉണ്ണിയച്ചിചരിതം കൊല്ലവര്‍ഷം 450-ല്‍ ഉണ്ടായതാണ്. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂര്‍ ക്ഷേത്രത്തിലെ തേവടിച്ചിയാണ് ഉണ്ണിയച്ചി. ഗോകര്‍ണത്തെ ഇഡുകുഞ്ജം, വെളക്കൂറ്, ഗുണ്ഡവതി, ശ്രീവല്ലി എന്നീ നാലു ഗ്രാമക്കാരായ കര്‍ണാടക ബ്രാഹ്‌മണരെ കോലത്തുനാട്ടിലേക്ക് ആനയിച്ച് ചെറുതാഴം ഗ്രാമത്തില്‍ താമസിപ്പിച്ച കോലത്തിരി രാജാവ്  ഉദയവര്‍മന്റെ വിശദാംശങ്ങളാണ് ഉദയവര്‍മ ചരിതം.

ഗോത്രസംസ്‌കൃതിയില്‍ വിളഞ്ഞ എണ്ണമറ്റ കലാസാഹിത്യസൃഷ്ടികള്‍, കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. മറവു ചെയ്തതുമാകാം. സംഘകൃതികളില്‍ തന്നെ ചാതുര്‍വര്‍ണ്യത്തോട് പ്രതികൂല മനോഭാവം പ്രകടിപ്പിച്ചവയെ പൂര്‍ണമായും തമസ്‌കരിച്ചതായി ഇളംകുളം അഭിപ്രായപ്പെടുന്നുണ്ട്. അധികാര വാഴ്ത്തുകളായ രചനകളാണ് സംരക്ഷിക്കപ്പെട്ടവയില്‍ മിക്കതും. മറ്റുള്ളവയില്‍ പലതും 
വായ്‌മൊഴിവഴി അതിജീവിച്ചതാണ്. ചരിത്രത്തെ ഇരുളടഞ്ഞ കാലമെന്ന് നിര്‍വചിക്കുമ്പോള്‍ കൊട്ടിയടക്കപ്പെട്ടതാണെന്ന ഒരു യാഥാര്‍ഥ്യവും അതിനകത്തുണ്ട്. രാജവാഴ്ചക്കാലത്ത് അധികാര കേന്ദ്രങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട ഗോത്ര സമൂഹത്തിന്റെ കലാസൃഷ്ടികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

ഗോത്രഗാനങ്ങള്‍ പൊതുവെ മേല്‍ക്കോയ്മാപക്ഷത്തിന്റെ കണ്ണില്‍പെടാതെ പരമ്പരാഗതമായി കൈമാറേണ്ടി വന്നതാണ്. അവരുടെ ജീവിതപരമായ ഉള്ളടക്കത്തിന്റെ തുടര്‍ച്ചകളായി അവ നിലനിര്‍ത്തിപ്പോരേണ്ടിയും വന്നു. അതിനുവേണ്ടി കലയും സാഹിത്യവും സാമൂഹ്യ-പാരിസ്ഥിതിക ജൈവികതയില്‍ ലയിക്കാന്‍ പ്രാപ്തമാക്കുംവിധം 'ലയന'ശേഷി സ്വായത്തമാക്കേണ്ടി വന്നു. സൃഷ്ടികളെ പ്രതീകങ്ങളിലൂടെയും ബിംബാവലികളിലൂടെയും രൂപകം ചെയ്യേണ്ടിവന്നത് അധികാര വ്യവസ്ഥയുടെ കണ്ണുവെട്ടിക്കാനുള്ള രീതികളായി മാറി. അവരുടെ കലയുടെ അതിജീവനത്തിന് അതേ പരിഹാരമുണ്ടായിരുന്നുള്ളു.

ജീവിതത്തിന്റെ പൂര്‍ണതക്കു വേണ്ടി കൂടിയാണ് കലയുടെ നിലനില്പ്. ഗോത്ര - നാടോടി കലാരൂപങ്ങളിലെ ചരിത്രസങ്കീര്‍ണതകള്‍ക്കും ആഴത്തിനും ഉള്‍ക്കനത്തിനും ഈ രീതികള്‍ നിമിത്തമായി. കാലത്തെ സുദൈര്‍ഘ്യത്തില്‍ തരണം ചെയ്യാനുള്ള ശില്പഘടനകള്‍ കൈവന്നു. സര്‍വോപരി അധ്വാനത്തിന്റെ കൂട്ടായ്മയിലെന്ന പോലെ കലാനിര്‍മിതിയിലും സാമൂഹ്യോല്‍പാദന രീതിയാണ് പിന്തുടര്‍ന്നത്. നാടോടിപ്പാട്ടുകള്‍ പൊതുവെ അത്തരത്തില്‍ രചിക്കപ്പെട്ടതാണ്. കലാസ്വാദനവും സാമൂഹ്യമാണ്.

കലാകാരനേയും കവിയേയും കൂട്ടായ്മയില്‍ നിന്നൊറ്റപ്പെടുത്തിയത് ഫ്യൂഡല്‍ ഘട്ടമാണ്.നാടുവാഴിയുടെ കണ്‍വെട്ടത്ത് കലാകാരനെ ഇരുത്തി കലയുടെ സാമൂഹ്യപരതയെ വേര്‍പെടുത്തി. കവികളേറെയും വാഴ്ത്തുപാട്ടുകളില്‍ മുഴുകി. അത്തരം കൃതികള്‍ പ്രോത്സാഹിക്കപ്പെടുകയും  പണക്കിഴിയും ഭൂമിയും ദാനം ചെയ്ത് അധികാരത്തിന്റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തു. ജനാധിപത്യകാലത്തെ 
പുരസ്‌കാരവേലത്തരങ്ങള്‍  ഇതേ പ്രവണതയുടെ  തുടര്‍ച്ചകളാണ്. അക്കാലത്ത് രാജവാത്സല്യം പതിഞ്ഞ കൃതികള്‍ ചരിത്രോപദാനങ്ങളായി നമുക്കു മുന്നില്‍ ശേഷിക്കുന്നു. എങ്കിലും, ചരിത്രകാരന്മാരെ സംബന്ധിച്ച് അതുമൊരു മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നതില്‍ തെറ്റില്ല.

പക്ഷെ അതിന്റെ ചരിത്രാംശത്തെ കൃത്യമായി തിരിച്ചറിയണമെന്നു മാത്രം.സംഘകൃതികള്‍ പൊതുവെ വാഴ്ത്തുപാട്ടുകളാണെങ്കിലും ,നീതിബോധവും സ്വാതന്ത്ര്യവും അടിയറ വയ്ക്കാത്ത കാവ്യസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചതായി കാണാവുന്നതാണ്. അതേസമയം കാലത്തിന്റ സാങ്കേതികതയെ അതിജീവിക്കാതെ സ്വാഭാവികമായും നശിച്ചുപോയ കലാസാഹിത്യ സൃഷ്ടികള്‍ അതിലേറെയുണ്ട്.ഈ ആധുനികകാലത്തും സമൂല്യമായ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടാതെ, സംരക്ഷിക്കപ്പെടാതെ പോകുന്നു. ശ്രീകണ്ഠപുരത്തിന്റെ പരിസരങ്ങളില്‍ തന്നെ ജ്ഞാനദിവ്യന്മാരും പ്രഭാവരുമായ എഴുത്തുകാരുണ്ടായിരുന്നു. അറിയപ്പെടാതെ പോയ സൃഷ്ടികളുമുണ്ട്. വേദാന്തജ്ഞാനിയും പണ്ഡിതനുമായ ഒരാള്‍ നിടിയേങ്ങ സ്വാമിമഠത്തിലെ സ്വാമിയാണ്.

നീലേശ്വരം മുല്ലശ്ശേരി തറവാട്ടില്‍ 1850-നു മുമ്പാണ് സ്വാമിയുടെ ജനനം. വളര്‍ന്നു യൗവനമെത്തിയപ്പോള്‍ ഉല്‍പതിഷ്ണുവായി മാറി. യാഥാസ്ഥിതികമായ ചുറ്റുപാടിനോടു പൊരുത്തപ്പെടാനാവാതെ വീടുവിട്ടിറങ്ങി. ആ ദേശാടനം ആദ്യം ചേക്കേറിയത് കുടകുദേശത്ത്. തുടര്‍ന്ന് ശൃംഗേരി .ആ ആത്മീയ സന്നിധിയില്‍ വച്ച് വേദപഠനംനടത്തി. ഉപനിഷത്തുക്കളും ഗീതയും ബ്രഹ്‌മസൂത്രവും വശത്താക്കി. ബ്രഹ്‌മവിദ്യാഭ്യാസത്തിലൂടെ പണ്ഡിതശ്രേഷ്ഠനായി മാറി. കുടകില്‍ തന്നെ തിരിച്ചെത്തി സംന്യാസജീവിതമാരംഭിച്ചു.

ആ കാലത്താണ് വീരാജ്‌പേട്ടയില്‍ വ്യാപാരത്തിനെത്തിയ നിടിയേങ്ങ സ്വദേശി മാതപ്പള്ളി ചന്തുവിനെ പരിചയപ്പെടുന്നത്. സ്വാമിയുടെ നിത്യസന്ദര്‍ശകനും ആരാധകനുമായി മാറിയ ചന്തു തന്റെ സ്വാധീനത്താല്‍ സ്വാമിയെ നിടിയേങ്ങയിലെത്തിച്ചു.നിടിയേങ്ങ തന്റെ ഏകാന്തതയ്ക്കിണങ്ങുന്ന പ്രശാന്തമായ ഒരു ഗ്രാമമായി സ്വാമിക്ക് ബോധ്യപ്പെടുകയും ഒരു പര്‍ണശാല പണിയുകയും ചെയ്തു.
അശരണര്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കുമൊക്കെ ആശ്വാസം പകരുന്ന അഭയകേന്ദ്രമായും യാഥാസ്ഥിതിക പ്രവണതകള്‍ക്കെതിരായ പ്രതിരോധമായും പര്‍ണശാല മാറി. സ്വാമിയുടെ സിദ്ധികള്‍ അനേകമാളുകളെ ആകര്‍ഷിച്ചു. അവഗണിക്കപ്പെട്ടവരും അടിയാളന്മാരും കണ്‍കണ്ട 'ദൈവ'മായി സ്വാമിയെ അറിഞ്ഞുതുടങ്ങി. ഒരിടക്കാലത്ത് സവര്‍ണ ജാതിക്കാരുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായി സ്വാമി തിരോധാനം ചെയ്തിരുന്നു. വിഷമവൃത്തത്തിലായ ആരാധകര്‍ കുടകില്‍ നിന്നു തന്നെ സ്വാമിയെ കണ്ടെത്തുകയും പശ്ചാത്താപം ചെയ്ത് തിരിച്ചു കൊണ്ടുവരികയും ചെയ്തു. സമാധിയടയും വരെ നിടിയേങ്ങയിലേയും പരിസരങ്ങളിലേയും ജനങ്ങള്‍ക്കിടയില്‍ ചൈതന്യവത്തായ ആത്മീയ തേജസ്സായി വര്‍ത്തിച്ചു. സമാധി ദിനമായ കുംഭം 20 എഴുന്നള്ളിപ്പോടുകൂടി ആചരിച്ചു വരുന്ന ചടങ്ങ് തുടര്‍ന്ന് എല്ലാവര്‍ഷവും ജനങ്ങള്‍ സംഘടിപ്പിക്കുന്നു.

പണ്ഡിതപ്രവീണ്യനായ മറ്റൊരാളാണ് മാവിലകോമര്‍കുട്ടി എഴുത്തച്ഛന്‍. നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവും പല തലമുറകള്‍ക്ക് അക്ഷരത്തിന്റേയും ജ്ഞാനത്തിന്റേയും നവദിശ കാട്ടിക്കൊടുത്ത ഗുരുശ്രീ കോമര്‍കുട്ടി എഴുത്തച്ഛന്‍. ഈ ലേഖകന്റെ കുട്ടിക്കാലത്തെ സംബന്ധിച്ച് എഴുത്തച്ഛന്‍ ഞങ്ങളുടെ വീട്ടുചുമരില്‍ കാലപ്പേടി കൂടാതെ കഴിയുന്ന ഒരു ഫോട്ടോ ആയിരുന്നു. ആ ഫോട്ടോ വീട്ടില്‍ പൂജിക്കപ്പെട്ടിരുന്നത് എഴുത്താചാര്യന്‍ എന്ന നിലക്കു മാത്രമല്ല, ഞങ്ങളുടെ തറവാട്ടു കാരണവര്‍ കൂടിയായിരുന്നു അദ്ദേഹം. തറവാടിനോടു ചേര്‍ന്നായിരുന്നു എഴുത്തച്ഛന്‍ പ്രതിഷ്ഠിച്ച സ്വാമിമഠം.

mavila komarkutty ezhuthachan
മാവില കോമര്‍കുട്ടി എഴുത്തച്ഛന്‍

കരക്കാട്ടിടത്തിലെ പാഠശാലയിലെ ഗുരുവേല  അവസാനിപ്പിച്ചായിരുന്നു എഴുത്തച്ഛന്‍ കാവുമ്പായിയിലെത്തി സ്വാമിമഠം പ്രതിഷ്ഠിച്ചത്. മയ്യില്‍ വേളമാണ് സ്വദേശം. അവിടെ നിന്നും കോട്ടൂരിലെ 'വല്ലത്തില്ലത്ത് 'വന്നു തങ്ങിയ കാലത്ത് അദ്ദേഹത്തിന്റെ പാണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഫ്യൂഡല്‍പ്രഭു കരക്കാട്ടിടം നായനാര്‍ നാലുകെട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എഴുത്തച്ഛനെക്കൊണ്ട് താളിയോലയില്‍ കൃഷ്ണപ്പാട്ട് എഴുതിച്ചാണ് ആ ബന്ധം തുടങ്ങിയത്. നാല്‍പത് ദിവസം കൊണ്ട് ആ ജോലി പൂര്‍ത്തീകരിച്ചു. അതില്‍ സംപ്രീതനായ ജന്മി തന്റെ നാലുകെട്ടില്‍ തന്നെ പാഠശാല സ്ഥാപിച്ച് എഴുത്തച്ഛനെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. വര്‍ഷം പ്രതി 720 സേര്‍ നെല്ലും 36 രൂപയും പ്രതിഫലം നല്‍കും. പില്‍ക്കാലത്ത് സഹോദരിമാരോടൊപ്പം കാവുമ്പായിയിലേക്ക് താമസം മാറ്റി.കാവുമ്പായിയില്‍ പ്രതിഷ്ഠിച്ച സ്വാമിമഠം വിദ്യാദാനം നടത്തുന്നതില്‍ മാത്രമല്ല, പില്‍ക്കാലത്ത് രാഷ്ട്രീയ മൂവ്‌മെന്റ് വളര്‍ത്തിയെടുക്കുന്നതിലും സിരാകേന്ദ്രമായി നിലകൊണ്ടു.

സംസ്‌കൃതഭാഷയും, വേദാന്തം തുടങ്ങി ജ്ഞാനശാഖകളും ശിഷ്യഗണങ്ങള്‍ക്കു കൈമാറുന്നതില്‍ അപരിമേയമായ സംഭാവനകളാണ് ആ പണ്ഡിതനില്‍ നിന്ന് അക്കാലത്തുണ്ടായത്. ബ്രഹ്‌മഭാവം ദര്‍ശിച്ച മനസ്സിന്റെ ആ ഉടമയില്‍ നിന്ന് നിരവധി ശ്ലോകങ്ങളും കൃതികളും ലോകത്തിനു ലഭിച്ചു. രചനകളില്‍ പ്രൗഢോജ്ജ്വലമെന്നു ചൂണ്ടിക്കാട്ടാവുന്നത് 'മന:സംബോധനം - മണിപ്രവാളം', വേദാന്തരഹസ്യം ഭാഷാ ഗാനം എന്നീ  കൃതികളാണ്. ഈ കൃതികള്‍ രചിച്ചത് 1930 കളുടെ ആദ്യ പാതിയിലാവണം. 1936 നു മുമ്പേ കൃതികള്‍ വായിക്കാന്‍ കഴിഞ്ഞതായി അദ്ദേഹത്തിന്റെ ഉത്തമശിഷ്യനായ എസ്.കെ. ഒതേനന്‍ നമ്പ്യാര്‍ സ്മരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പരിശ്രമഫലമായി 1971 ലാണ്  കയ്യെഴുത്തുപ്രതി (താളിയോല) അച്ചടിമഷി പുരളുന്നത്. അസ്സല്‍ കോപ്പിയാക്കി പകര്‍ത്തിയെഴുതിയത് പി.കൃഷ്ണമാരാരാണ്. കടമ്പേരി യിലെ പി.കൃഷ്ണന്‍ നമ്പ്യാരാണ് പ്രകാശകന്‍. പുസ്തകത്തിന്റെ ആമുഖത്തില്‍ എസ്.കെ. ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്: ''നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുനാഥന്റെ ഭാഗിനേയന്‍ ശ്രീ.എം.സി. രാമര്‍കുട്ടി നമ്പ്യാരവര്‍കള്‍ 'ഭക്തപ്രലാപം'എന്ന ദേവീസ്‌തോത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഗുരുനാഥന്റെ കൃതികളില്‍ വെച്ചു സുപ്രധാനമായ 'വേദാന്ത രഹസ്യം ഭാഷാഗാനം 'അവിടുത്തെ അന്തേവാസികളില്‍ പ്രമുഖനും സല്‍കാര്യ പ്രസക്തനുമായ ശ്രീ പി. കൃഷ്ണന്‍ നമ്പ്യാരവര്‍കള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു. ഇപ്പോഴിതാ ആ മഹാനുഭാവന്‍ 'മന:സംബോധന 'മെന്ന വിശിഷ്ട ഗ്രന്ഥരത്‌നവും പ്രസിദ്ധീകരിക്കുവാന്‍ സന്നദ്ധനായിക്കഴിഞ്ഞിരിക്കുന്നു''.

ഈ ഗ്രന്ഥത്തിന് അവതാരികയെഴുതിയത് പ്രസിദ്ധനായ ടി.എസ്.തിരുമുമ്പും ദുര്‍ഘടപദങ്ങള്‍ക്ക് ടിപ്പണി ചെയ്തത് പണ്ഡിറ്റ് ഒ.കെ.മുന്‍ഷിയുമാണ്. 'വേദാന്ത രഹസ്യ'മെന്ന കൃതിയെപ്പറ്റി ടി.എസ്.തിരുമുമ്പ് 1970 ജനവരി 5 നെഴുതിയ ഒരു കുറിപ്പിങ്ങനെയാണ്: ''സാംഖ്യകാരികാ തത്വചിന്തകളെ സമഞ്ജസമായി ഇങ്ങനെ അടക്കിയൊതുക്കി സുഖകരമാംവണ്ണം പ്രതിപാദിച്ചതും മാണ്ഡൂക്യോപനിഷത് പ്രതിപാദ്യമായ 'ഓം' കാര തത്വത്തെ ശിവപരമായി വിനിര്‍ണയിച്ചതും 'തത്ത്വമസി' എന്ന മഹാവാക്യത്തെ വേദതത്ത്വാ വിരുദ്ധമായ ഒരു പുതിയ വീക്ഷണകോണില്‍ കൂടി സമര്‍ഥിച്ചതുമായ ഈ കൃതി  അനിര്‍വചനീയമായ ഒരാനന്ദമാണ്''.

ഈ രണ്ടു കൃതികളെ കൂടാതെ അമുദ്രിതങ്ങളും അസുലഭങ്ങളുമായ അനേകം താളിയോല ഗ്രന്ഥങ്ങളും സ്‌തോത്രങ്ങളും കോമര്‍കുട്ടി എഴുത്തച്ഛന്റെ വകയായി ഉണ്ട്. സംസ്‌കൃതം, മലയാളം, കര്‍ണാടകം ലിപികളിലായിരുന്നു രചനകള്‍. അതേക്കുറിച്ച് എസ്.കെ.സ്മരിച്ചു കൊണ്ടു പറയുന്നതിതാണ്:''പുസ്തകം അച്ചടിപ്പിക്കുവാന്‍ ഞാന്‍  പലപ്പോഴും ഗുരുനാഥനോട് അപേക്ഷിച്ചിരുന്നുവെങ്കിലും അവിടുന്ന് അതിന്നുദ്യമിക്കുകയുണ്ടായില്ല. യശോര്‍ഥസമ്പാദനത്തില്‍ അവിടുത്തേക്കുള്ള വൈമുഖ്യമായിരിക്കും ഈ ഔദാസീന്യത്തിന് കാരണമെന്നൂഹിക്കുന്നു''.

അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചം കാണുന്നതിനെപ്പറ്റി 'മണിപ്രവാള'ത്തിന്റെ ആമുഖത്തില്‍ എസ്.കെ. ഇത്ര കൂടി പരാമര്‍ശിക്കുന്നുണ്ട്. ''ഈ മണി പ്രവാളം' പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഗുരുവിന്റെ ഭാഷാ കൃതികളില്‍ മൂന്നും പ്രകാശിതങ്ങളായി. ഇനി അവിടുന്ന് സംസ്‌കൃത ഭാഷയില്‍ നിബന്ധിച്ച ഭക്തിരസ നിഷ്യന്ദികളായ ഏഴ് സ്‌തോത്ര രത്‌നങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ബാക്കിയുണ്ട്'. ഇന്നു നാമാലോചിക്കുമ്പോള്‍ എത്ര അമൂല്യമായ സൃഷ്ടികളാണ് നമുക്ക് നഷ്ടപ്പെട്ടതെന്നു കാണുക.ആ കയ്യെഴുത്തുപ്രതികളോ താളിയോലക്കെട്ടുകളോ സംരക്ഷിക്കപ്പെട്ടില്ല .

സാമന്തന്‍ കനകത്തിടത്തില്‍ ഒതേനന്‍ നമ്പ്യാര്‍ ആ ഗുരുനാഥന്റെ മഹാശ്രേഷ്ഠനായ ശിഷ്യരിലൊരാളാണ്.
'അജ്ഞാന ഘോര തിമിരാവൃത ദൃഷ്ടിയായി
വിജ്ഞാനമറ്റു വലയും ജനതയ്ക്കുദാരം
സുജ്ഞാനനേത്രമരുളും കരുണാപയോധേ!
പ്രജ്ഞാന രൂപ! ഗുരുദേവ! നമോ നമസ്‌തേ '.

സ്വന്തം ഗുരുശ്രീയുടെ കൃതിക്ക് ആമുഖമായി 1971-ല്‍ ഈ ശിഷ്യന്‍ രേഖപ്പെടുത്തിയ ശ്ലോകമാണിത്. ഗുരുഗീതയിലെ വരികള്‍ക്ക് തന്റേതായ ചമയം. കാവുമ്പായിയിലെ കനകത്തിടത്തിന്റെ പിന്നില്‍ രണ്ടു ജന്മിമാര്‍ തമ്മിലുള്ള പോരിന്റെ കഥയുണ്ട്. പ്രതാപശാലിയായ കനകത്തിടം നായനാരും മൂത്തേടത്ത് അരമന രാജകുടുംബമായ മന്നനാരും തമ്മില്‍. മന്നനാരുടെ കാമലഹരിക്ക് അടിപ്പെടാതെ രക്ഷപ്പെട്ട ഒരു യുവതിയെ കാവുമ്പായിയിലെ ഒരു ഭവനത്തില്‍  കനകത്തിടം നായനാര്‍ സംരക്ഷണം നല്‍കിയത്രെ. യുവതിയെ തേടിയെത്തിയ മന്നനാരും പടയാളികളും കാവുമ്പായിയിലെ പുള്ളിമാന്‍ കുന്നുവരെ വന്ന് വെടിമുഴക്കുകയുണ്ടായി. നായനാരും സംഘവും പ്രതിരോധിച്ചതിനാല്‍ തിരിച്ചുപോയി. ആ യുവതിയുമായി നായനാരുടെ ബന്ധം സ്ഥിരപ്പെടുകയും ചെയ്തു. ആ തറവാടാണ് നമ്മുടെ കവിയുടേത്.

nidiyenga
നിടിയേങ്ങ

1944-ല്‍ അതിഭയങ്കരമായ നേത്രരോഗം ബാധിച്ച് കവി ശ്രേഷ്ഠന്റെ കാഴ്ച മങ്ങിപ്പോയിരുന്നു. പില്‍ക്കാലത്തെ യാത്രയും സാഹിത്യസപര്യയുമെല്ലാം നിര്‍വഹിച്ചത് പരസ്സഹായത്തോടെ മാത്രം. ക്ഷേത്ര മാഹാത്മ്യങ്ങളുടെ നീണ്ട പരമ്പരകളെഴുതി. ശ്രീ മൂകാംബികാ കീര്‍ത്തനങ്ങള്‍, ശ്രീദേവീവിലാസം, നീലബാലന്‍, ശ്രീ സുബ്രഹ്‌മണ്യ സുപ്രഭാതം, ശ്രീ വൈദ്യനാഥസ്തവം, ശ്രീകൃഷ്ണസ്തവ മഞ്ജരി, ശ്രീകിരാതേശ്വരസ്തവം, മഹാദേവസ്തവം... തുടങ്ങി ഇരുപതിലേറെ രചനകള്‍. പല രചനകളും ഒന്നിലധികം പതിപ്പുകളിറങ്ങി. അദ്ദേഹത്തിന്റെ സഞ്ചാരവും രചനാ ജീവിതവും വിസ്മയിപ്പിക്കുന്നതാണ്.

കുടിയേറ്റ സമൂഹങ്ങളുടെ സ്വാധീനത്താല്‍ സങ്കരമാകുന്ന സാമൂഹിക ശൈലികള്‍ ഭാഷയേയും സ്വാധീനിക്കുന്നുണ്ട്. നിരന്തരം പുതുക്കപ്പെടുകയും പരിണാമ വിധേയമാകുകയും ചെയ്യുന്ന ഭാഷ പഠനസാധ്യതകളുള്ള ഒരു സാമൂഹ്യ 'ജനിതകം' കൂടിയാണ്. തിരുവിതാംകൂര്‍കുടിയേറ്റത്തിലൂടെ മലബാറിലെത്തിയ ഒന്നാം തലമുറക്കാര്‍  സ്വന്തം സംസാരഭാഷ കുറേക്കാലം തുടര്‍ന്നു.തദ്ദേശീയരും അതനുകരിച്ചു.തിരിച്ചും ഇടകലര്‍ന്നു.രണ്ടാം തല കുടിയേറ്റക്കാരുടെ കാലമായപ്പോള്‍ വ്യക്തമായ വ്യത്യാസം പ്രകടമായി. ഭാഷയുടെ ഘടനാപരമായ  പരിണാമത്തിന്റെ ധ്വനി സമുദായപരമോ പ്രാദേശികമോ ആയ 'സ്വത്വം' അടയാളപ്പെടുത്തിയ മറ്റെല്ലാ വിഭാഗങ്ങളുടെ ഭാഷാപ്രയോഗങ്ങളിലും വെളിപ്പെടുന്നുണ്ട്.

ഭാഷാലിപികളുടെ രൂപാന്തരവും മറ്റൊരു പഠനോപാധിയാണ്. പ്രാചീന ലിപിയായ വട്ടെഴുത്തിനും പിന്നീടു രൂപപ്പെട്ട കോലെഴുത്തിനും ഗ്രന്ഥ ലിപിക്കും സംഭവിച്ച രൂപപ്പകര്‍ച്ചകള്‍ സാംസ്‌കാരിക പഠനത്തിന്റെ ഉപ സൂചകങ്ങളാണ്. ഭാഷയില്‍ മാത്രമല്ല, സാഹിത്യ-സാംസ്‌കാരിക- രാഷ്ട്രീയ ദര്‍ശനങ്ങളിലും രൂപഭാവാന്തരങ്ങളുടെ പരിണാമ പ്രവണത തുടരുന്നുണ്ട്.

നാളിതുവരെയുള്ള സാംസ്‌കാരിക-കലാരൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും താളിയോല രചനകളും ശില്പങ്ങളും ചുമര്‍ചിത്രങ്ങളും ലിപിരൂപങ്ങളും ക്ഷേത്രകലകളുമൊക്കെ സമഗ്രമായി സംരക്ഷിക്കാനും
വായിച്ചെടുക്കാനും കഴിഞ്ഞിരുന്നെങ്കില്‍ മലനാടിന്റെ അതിശയിപ്പിക്കുന്ന ചരിത്രം നമുക്കു മുമ്പില്‍ അനാവൃതമായേനെ. മലനാടിന്റേതു മാത്രമായ വിസ്മയലോകം തുറന്നുകാണാനുള്ള 
ചരിത്രാന്വേഷണപദ്ധതികള്‍ വികസിച്ചു വരേണ്ടതുണ്ട്.

(തുടരും)

'ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights: Kerala history A Padmanabhan part 15