സ്ഥലനാമവിജ്ഞാനീയമായ വിശകലനങ്ങളില്‍ നിന്ന് ഓരോ നാമത്തിന്റേയും ചരിത്രവും സാംസ്‌കാരികവുമായ പരിണാമത്തിന്റെ ഉള്‍ക്കാഴ്ചകള്‍ തുറന്നുകിട്ടിയേക്കാം. മുഖ്യമായും ഭൂപ്രകൃതിയെ ആധാരമാക്കിയായിരുന്നു സ്ഥലനാമപദങ്ങള്‍ രൂപപ്പെട്ടു വന്നത്.
പ്രത്യയത്തെ പ്രകൃതിയില്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് പദമെന്ന് 'കേരളപാണിനീയ'ത്തില്‍ വിവരിക്കുന്നുണ്ടല്ലൊ.
''നാരായവേരാം പ്രകൃതി,
തടിയാമംഗമെന്നത്;
പ്രത്യയം കവരംപോലെ
മേല്ക്കുമേലുത്ഭവിപ്പതും '' (പ്രകൃതി പ്രത്യയങ്ങള്‍, സന്ധിപ്രകരണം, കേരളപാണിനീയം, എ.ആര്‍.രാജരാജവര്‍മ).

സംഘകാലത്തെ വ്യാകരണഗ്രന്ഥമായ തൊല്ക്കാപ്പിയം അന്നത്തെ പ്രകൃതിയേയും സാമൂഹിക സംവിധാനങ്ങളേയും കൂട്ടിയിണക്കുന്ന ഭാഷാരീതികളും സൗന്ദര്യ ദര്‍ശനങ്ങളും വെളിപ്പെടുത്തുന്നവയാണ്.
സംഘം കൃതികള്‍ ഭൂപ്രകൃതിയെ കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല എന്നീ പൂവുകളെ അടിസ്ഥാനപ്പെടുത്തി ഐന്തിണൈകളായാണ് തിരിച്ചിരുന്നത്. ഭൂപ്രദേശത്തിന്റെ  സ്വഭാവത്തിനനുസരിച്ചുള്ള
സാമൂഹ്യക്രമം തന്നെയായിരുന്നു അത്.ഓരോ തിണയും അവിടുത്തെ ജൈവപ്രകൃതിയുടെ സവിശേഷതകള്‍ സസൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്നു.

സംഘകാലകൃതികളെ ആധാരമാക്കി പ്രദേശങ്ങള്‍ക്കു നാമകരണമുണ്ടായെന്നതല്ല, മറിച്ച് സംഘകൃതികള്‍ക്കു മുമ്പേ സാമൂഹ്യപ്രായം വന്ന സമ്പ്രദായങ്ങളും ജീവിത സംഹിതകളും ഒരു രൂപരേഖയായി സാഹിത്യകൃതികളില്‍ ഇടം പിടിച്ചുവെന്നേ കാണാവൂ.
സ്ഥലനാമങ്ങളുടെ സ്വഭാവത്തിനനുസരിച്ചാണ് പ്രാഥമികമായി പേരുവിളി രൂപപ്പെടുക. സാംസ്‌കാരികാധിനിവേശത്തിനു ശേഷമാണ് അതാതിനനുസരിച്ച പ്രതീകവല്‍ക്കൃത
നാമങ്ങളുണ്ടാവുന്നത്.

മലയും മലമ്പ്രദേശങ്ങളുമാണ് കുറിഞ്ചി. കാടും കാടിനോടു ചേര്‍ന്ന ദേശങ്ങളും മുല്ല. വയലും ചേര്‍ന്നു കിടക്കുന്ന ഇടങ്ങളും മരുതം.
കടലും തീരവും നെയ്തല്‍.
കുറിഞ്ചി,മുല്ല സ്ഥലങ്ങള്‍ക്കരികില്‍ വരണ്ട് തരിശായ ഇടങ്ങള്‍ പാല.
ചിലേടങ്ങളിലെ ദേശവാസികളെ അതാത്  സ്ഥലനാമ പ്രകാരം വിളിക്കപ്പെട്ടു. ഭൂമിയാണ് സര്‍വതിന്റേയും അടിത്തറ.
ദ്രാവിഡം എന്നപേരു തന്നെ ഭൂമിയോടുള്ള ആരാധനയില്‍ നിന്നുടലെടുത്തതാണ്.

തിരു+ ഇടം = തിരുവിടമാണ് ദ്രാവിഡമായതെന്ന് ചട്ടമ്പിസ്വാമികള്‍ നിരീക്ഷിക്കുന്നു.
ദേവതാനാമങ്ങളും ഇതിഹാസങ്ങളിലെ പേരുകളും സ്ഥലനാമങ്ങളായി പതിഞ്ഞിട്ടുണ്ട്.
രാജാവിന്റെ പേരുമായി സ്ഥലനാമങ്ങളെ ബന്ധിപ്പിക്കുവാനുള്ള  തിടുക്കം ചില ചരിത്രകാരന്മാര്‍ കാട്ടാറുണ്ട്.

മഹാരഥന്മാരുടെ സ്മാരകമായും ജന്തുജീവിതത്തിന്റേയും സസ്യപ്രകൃതിയുടേയും അടയാളങ്ങളായും കാര്‍ഷിക ചിഹ്നങ്ങളായും കുടിയേറിവന്നവരുടെ പൂര്‍വദേശത്തിന്റെ നാമമായും മതസംബന്ധിയായ സൂചനകളായും സ്ഥലനാമങ്ങള്‍ രൂപാന്തരപ്പെട്ടു വന്നു.കാവുകളേയും മാതൃബിംബങ്ങളേയും സംബന്ധിക്കുന്ന  നാമങ്ങള്‍ക്കായിരിക്കാം പ്രഥമ പരിഗണന ലഭിച്ചിരിക്കുക. മാതാവിനെ മാനിക്കുന്നതിലൂടെയാണ് മാമാനിക്കുന്ന് രൂപപ്പെട്ടത്. ഭൂമി തന്നെയാണ് മാതാവ്. മാമാനിക്കുന്ന് ഭഗവതീ ക്ഷേത്രത്തിന്റെ  ആദിമപ്രസക്തി സുവ്യക്തമാണ്.അതേക്കാള്‍ പൂര്‍വദശകളില്‍  കാവുകളുടെ ബന്ധം തെളിഞ്ഞു കാണാം.

സ്ഥലങ്ങളുടെ പൗരാണികത വെളിപ്പെടുത്തുന്ന സ്ഥലനാമങ്ങളിലൊന്നാണ് കാവുമ്പായി. ഭൂസവിശേഷതകളുമായുള്ള ബന്ധം തന്നെയാണ് മിക്ക സ്ഥലനാമങ്ങളും പ്രകാശിപ്പിക്കുന്നത്. ശ്രീകണ്ഠപുരത്തിനു ചുറ്റുവട്ടത്തില്‍ തന്നെ ഭൂപരമായ പ്രത്യേകതകളില്‍ പെടുത്താവുന്ന അനേകം സ്ഥലനാമ ഗണങ്ങള്‍ കാണാം.

ചേരി/ഏരി (കാഞ്ഞിലേരി, പെരുന്തലേരി, ചേടിച്ചേരി),
കുളം (നിടുകുളം, വടുവന്‍കുളം, കൊളപ്പ,കൊളന്ത,...സ്ഥാനം എന്ന അര്‍ഥത്തിലും കുളമെന്നു പ്രയോഗിക്കാറുണ്ട്),
കോട്(ചെരിക്കോട്, തലക്കോട്, കോറങ്കോട് ,...),
കടവ് (വണ്ണായിക്കടവ്, പാറക്കടവ്, മണക്കടവ്, ...),
വയല്‍ ( കല്ലുവയല്‍, കൊട്ടൂര്‍ വയല്‍, വയത്തൂര്‍,...വയലിന്റെ കര വയക്കരയും) ,
തട്ട് (ഒടുവള്ളിത്തട്ട്, കോളിത്തട്ട്, ...),
ചാല്‍ (കരുവന്‍ചാല്‍, പാടിച്ചാല്‍,...),
കളം (പൊടിക്കളം, മുത്താറിക്കളം, പരിക്കളം,...),
കല്ല് (ഉളിക്കല്‍, ചിറ്റാരിക്കല്‍,...),
പാറ (ചന്ദനക്കാംപാറ, ഏറ്റുപാറ, നെല്ലിപ്പാറ,...),
പറമ്പ് (ചേപ്പറമ്പ് ,തളിപ്പറമ്പ്, വായാട്ടു പറമ്പ്,...),
മല (കുടിയാന്മല ,മലപ്പട്ടം,...),
കയം (പാലക്കയം, മിഡിലാക്കയം,...)

ഊര് ചേര്‍ത്തു വിളിക്കുന്ന സ്ഥലങ്ങളും നിരവധിയുണ്ട്. പയ്യാവൂര്‍, കൊട്ടിയൂര്‍,  ഊരത്തൂര്‍,.. ദിക്ക് എന്ന അര്‍ഥമുള്ള പദമാണ് ഊര്. ബൈബിള്‍ പുരാണത്തിലെ പൂര്‍വികപിതാവ് അബ്രഹാമിന്റെ 'ഉര്‍' എന്ന ദേശം ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് സര്‍ ലിയോണാര്‍ഡ് വൂള്‍ലെ  ഖനനം ചെയ്ത് കണ്ടെത്തുകയുണ്ടായല്ലൊ.

ഊരിന്റെ ഏതെങ്കിലുമൊരു സ്വഭാവത്തെ എടുത്തുകാട്ടുന്ന പേരുകളാണ് അധികവും. പുഴയാണെങ്കില്‍ ആയിപ്പുഴ;  കുന്നാണെങ്കില്‍ കുന്നത്തൂര്; ഊരിന്റെ ഇരു കൂറും ഇരിക്കൂറില്‍ ഒത്തുചേരുന്നു.
കുന്ന് പുഴയിലേക്ക് ഇരുന്നുപോയ ഊരാണ്  ഇരിക്കൂര്‍. അതേസമയം  ഇരു+ ഊട് ആണ് ഇരൂട്.

കൂടന്‍ കുരിക്കളുടെ പുരാവൃത്തത്തില്‍ ഇരിക്കൂറിന്റെ പുണ്യവും പ്രാധാന്യവും പരാമര്‍ശിക്കുന്നുണ്ട്. മാവിലായിയിലെ പേരുകേട്ട  മണിക്കുന്നിക്കുടുംബത്തില്‍ ചക്കിയുടെ മകനായി പിറന്ന രയരോന്‍ മഹാസിദ്ധനായി വളരുന്നതാണ് പുരാവൃത്തം. മക്കളില്ലാതെ മനംനൊന്ത ചക്കിക്ക് മാടായിക്കാവില്‍ ഭജനമിരുന്ന് നേടിയ പ്രസാദമാണ് ഈ പുത്രന്‍. സര്‍വവിദ്യകളുമഭ്യസിക്കുകയും ആയോധനാ പാടവത്തില്‍ അഗ്രഗണ്യനാവുകയും ചെയ്ത ഈ യുവാവ് കോലത്തിരിത്തമ്പുരാന് വെല്ലുവിളിയാവുമെന്ന ഘട്ടം വന്നപ്പോള്‍, തമ്പുരാന്‍ പല പരീക്ഷണങ്ങളിലേക്കും തള്ളിവിടുകയായിരുന്നു. ഒടുവില്‍ വേക്കളം രാജാവുമായി ഏറ്റുമുട്ടാനും നിയോഗിക്കപ്പെട്ടു.ഒരു ലക്ഷം വരുന്ന മഹാസേനയെ രയരോന്‍ ഒറ്റക്കെതിരിട്ടു ജയം നേടി. വെട്ടിപ്പിടിച്ച വേക്കളം കോട്ട കോലത്തിരി രാജാവിനു സമര്‍പ്പിച്ചതോടെ, രാജാവിനു രയരനോടുള്ള ശത്രുത മാറി. കോട്ടയില്‍ പാതി രയരന് സമ്മാനിച്ചപ്പോള്‍ ആ യുവാവ് വിനയപൂര്‍വം നിരസിക്കുകയും ''അര്‍ഥവും അധികാരവുമൊന്നും വേണ്ട, അടിയനെ ഈ നിലയിലെത്തിച്ച പഞ്ചമൂര്‍ത്തികള്‍ക്ക് വാസസ്ഥാനമനുവദിച്ചാല്‍ മാത്രം മതി''യെന്ന് അപേക്ഷിക്കുകയും ചെയ്തു.അങ്ങനെ പഞ്ചമൂര്‍ത്തികള്‍ക്കുവേണ്ടി നല്‍കിയ പ്രതിഷ്ഠാ സ്ഥാനങ്ങളിലൊന്നാണ് ഇരിക്കൂര്‍.

ഇരിക്കൂറിന്റെ പരിസരപ്രദേശങ്ങളില്‍ മാത്രം ഒട്ടേറെ ഊരുകളുണ്ട്. പട്ടാനൂര്‍, കുയിലൂര്‍,പടിയൂര്‍, ബ്ലാത്തൂര്‍, ഊരത്തൂര്‍... ഊരന്റെ ഊരാണ് ഊരത്തൂര്‍.സംഘം സാഹിത്യത്തില്‍ പ്രേമത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്ന അകത്തിണയില്‍ പെട്ട കൃതികളിലെ നായികാനായകന്മാരെ പേരിട്ടു വിളിക്കാറില്ല. ഊരന്‍, കുറത്തി, നാടന്‍ എന്നിങ്ങനെ പൊതുപേരുകളാണ്  നല്‍കിയിരുന്നത്. മലദേശം, ഇടനാട്, തീരദേശം എന്നിവയുടെ നാഥന്മാരെ യഥാക്രമം നാടന്‍, ഊരന്‍, ചേര്‍പ്പന്‍ എന്നിങ്ങനെ വിളിച്ചു വന്നു.

ഭൂപ്രകൃതിയെ ആധാരമാക്കി ഏഴ് അകത്തിണകളും ഏഴ് പുറത്തിണകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കാടും കാടുചേര്‍ന്ന കുറ്റിക്കാടുകളും പുല്‍മേടുകളും നിറഞ്ഞ സ്ഥലമാണ് മുല്ല. ഈ തിണയുമായി ബന്ധപ്പെട്ട പൂവ് മുല്ലയാണെങ്കിലും കല്ല, കളവം, തോന്റി കാന്തള്‍, പിടലം എന്നിവയേയും മുല്ലത്തിണയുമായി ബന്ധപ്പെടുത്തുന്നുണ്ട്. കല്ല എന്ന പൂവിനോടു ബന്ധപ്പെടുത്തി  കല്യാടിനെ കല്ലയുടെ നാട് ആയി കാണാം. കല്ലയെന്ന പ്രാകൃതപദത്തിന്റെ സംസ്‌കൃതമാണ് കല്യ. ഈ ദേശത്തെപ്പറ്റി  പ്രചാരത്തിലുള്ള ഒരൈതിഹ്യം അഹല്യാമോക്ഷമാണ്. അഹല്യ എന്നാല്‍ കലപ്പ ചെല്ലാന്‍ സാധിക്കാത്തത്. കല്ലുള്ള പ്രദേശം, മൃതമായ ഭൂമി. ഇവിടെയെത്തിയപ്പോള്‍ സീതയുടെ ദാഹം ശമിപ്പിക്കാന്‍ രാമന്‍ അമ്പെയ്ത് വെള്ളം കണ്ടെത്തിയെന്നാണ് വിശ്വാസം. (ഇന്നത്തെ കുഴല്‍ക്കിണര്‍!)

കല്ലിന്റെ നാട് എന്ന പരിഗണനയും കല്യാടിനു നല്‍കാം. ഗൗതമശാപത്താല്‍ കല്ലായി മാറിയ അഹല്യയെ മോചിപ്പിച്ച കഥ യഥാര്‍ഥത്തില്‍ കൃഷിയോഗ്യമല്ലാത്ത  കല്ലുമേടുകളെ  ഉര്‍വരമാക്കി മാറ്റിയ കാര്‍ഷികാധ്വാനത്തിന്റെ ഇതിവൃത്തം തന്നെയാണ്.രാമന്‍പള്ളി തീര്‍ഥം ഇതിനടുത്തു തന്നെയാണ്. പാടി, ചേരി,പള്ളി എന്നിവ മുല്ലത്തിണയില്‍ താമസിക്കുന്നവരുടെ സങ്കേതങ്ങളാണ്.
മുല്ലച്ചേരി മട, കുറുക്കന്‍ മട, നരിമട എന്നിങ്ങനെ നിരവധി ഗുഹകളും ഈ പരിസരത്തിന്റെ ഭാഗമാണ്. ഇതിനു നടുവിലുള്ള ഒരു പ്രദേശമാണ് ബ്ലാത്തൂര്‍.
പ്ലാത്ത്  (ഞാവല്‍) എന്ന സസ്യവുമായി ബന്ധിപ്പിച്ച് ഉല്‍പത്തി പറഞ്ഞു കേള്‍ക്കാറുണ്ട്. മലബാര്‍ പ്ലം എന്നറിയപ്പെടുന്ന സസ്യമാണ് ഞാവല്‍. ബ്ലാത്തൂരിന്റെ നിഷ്പത്തി ഗുഹയില്‍ നിന്നു തന്നെയാവണം.
വിലം, ബിലം എന്നെല്ലാം പര്യായങ്ങളുണ്ടല്ലൊ.
ബിലം + ആത്ത് (അകത്ത് ) + ഊര് > ബിലാത്തൂര്‍ > ബ്ലാത്തൂര്‍ വന്ന വഴി ഇങ്ങനെ തന്നെയാവാം.

photp A padmanabhan

ഇവിടെ നിന്നും അകലെയല്ലാതെ കിടക്കുന്ന കുന്നാണ് കുന്നത്തൂര്‍ പാടി. പള്ളി പ്രാകൃത ഭാഷാപദമാണ്. ബുദ്ധ-ജൈനക്ഷേത്രങ്ങളും ക്രിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങളും പള്ളികളാണ്.
പള്ളി എന്ന വാക്ക്  ബുദ്ധമതത്തോടും പാലിഭാഷയോടും ബന്ധപ്പെടുത്തി പറയാറുണ്ട്. പള്ളി എന്ന പദം ശുദ്ധദ്രാവിഡമാണെന്നും ഇതിനെ പാശ്ചാത്യ-ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളില്‍ ഉപയോഗിക്കാറുണ്ടെന്ന  ഡോക്ടര്‍ കാള്‍ഡ്വലിന്റെ അഭിപ്രായമെടുത്താല്‍ പള്ളിയെന്ന പദവും ദ്രാവിഡഭാഷയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടതാണെന്നു കാണാം.ഈ പദം പാലിയിലുണ്ടെങ്കില്‍
ദ്രാവിഡരോട് ഇരവല്‍ വാങ്ങിയതാണെന്നാണ്  ചട്ടമ്പിസ്വാമികളുടേയും അഭിപ്രായം.

പുരുഷാരമുള്ള സ്ഥലം എന്നാണ് ഈ വാക്കിനു പൊതുവായ അര്‍ഥം.ഇത്രത്തോളം മാഹാത്മ്യമുള്ളതായി കരുതുന്ന പള്ളി എന്ന വാക്ക് പാലി ആയിരുന്നെങ്കില്‍ പ്രത്യേകിച്ചും സംസ്‌കൃതക്കാര്‍ അംഗീകരിച്ചിരിക്കുന്ന സ്ഥിതിക്ക്, അമരകോശക്കാരന്‍ വിട്ടുകളയുമെന്നൂഹിക്കാന്‍ കൂടി നിവൃത്തിയില്ലെന്നും സ്വാമികള്‍ എടുത്തുകാട്ടുന്നു.

ഗുഹാവാസത്തിന്റെ അവശേഷിപ്പുകളായ മടകളോ കല്‍ഗുഹകളോ ഇവിടെ ഒട്ടേറെ ദേശങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് (ബ്ലാത്തൂര്‍, കുന്നത്തൂര്‍പാടി,കാവുമ്പായി ...). മടയുടെ പറമ്പാകാം മടമ്പം. പുഴയും കുന്നും ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ പ്രദേശം.  ധ്യാനലീനരാകാന്‍ അനുയോജ്യമായ പ്രകൃതി. മടമ്പംപുഴയുടെ മറുകരയാണ്  വഞ്ഞൂറ് (വഞ്ചി + ഊര് ). മലഞ്ചെരിവിലായി വഞ്ചിയം എന്ന സ്ഥലനാമവുമുണ്ട്. ആറ്റുവഞ്ഞിയെന്ന പുല്‍ച്ചെടിയോടു ബന്ധിപ്പിക്കാമെങ്കിലും (ഇവിടെ പുഴയോരങ്ങളില്‍ ധാരാളമായി കണ്ടു വന്നിരുന്നു) വഞ്ഞൂറിനു തൊട്ടടുത്തു തന്നെ തുമ്പേനി എന്ന സ്ഥലമുള്ളതിനാല്‍ മറ്റൊന്നുകൂടി ചിന്തിക്കാതെ വയ്യ. യുദ്ധങ്ങളും കലഹങ്ങളും പ്രമേയമായ സംഘകൃതിയായ  പുറംകവിതകളില്‍ യുദ്ധസമ്പ്രദായത്തെ അടിസ്ഥാനമാക്കി ഏഴു തിണകളായി തിരിക്കുന്നുണ്ട്. വെട്ചി, വഞ്ചി, തുമ്പ, ഉളിഞ്ചി, വാകൈ, പാടാണ്ടിണൈ, കാഞ്ചിത്തിണൈ എന്നിവ. 'വഞ്ചി'യില്‍ നിന്നും വഞ്ഞൂറും 'തുമ്പ' യില്‍ നിന്ന് തുമ്പേനിയും രൂപപ്പെട്ടു.

ചൂളിയുടെ നാടാണ് ചൂളിയാട്. കക്കയുടെ പുറന്തോടിന് 'ഇച്ചൂളി' എന്ന പദം ഇവിടെ നാട്ടുഭാഷയിലുണ്ട്. ഈ ദേശം പുഴക്കരയാണ്. കക്ക നീറ്റുന്ന ചൂളകള്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ടാകണം.
അടിച്ചേരി മണ്ണടിഞ്ഞുണ്ടായ ചേരി തന്നെയാണ്. തൊട്ടടുത്ത് പുഴയോരദേശമാണ് അടൂര്‍.താണ പ്രദേശം എന്നര്‍ഥം. അധികം അകലെയല്ലാതെ കോര്‍ളായ്, കയരളം ദേശങ്ങളും വെള്ളത്തില്‍ നിന്നുയര്‍ന്നുവന്നതാണ്.കേരളം എന്ന വാക്കിന്റെ നിഷ്പത്തി നേരത്തെ വിശദീകരിച്ചതാണ്.അതേ വാക്കിന്റെ ഉച്ചാരണഭേദങ്ങളാണ് ഇവയും.ആറളം മറ്റൊരു വകദേ ദമാണ്.വളപട്ടണംപുഴയ്ക്ക് പൂര്‍വകാലത്തുണ്ടായിരുന്ന വിസ്തൃതിയെ എടുത്തുകാട്ടുന്നു ഈ  പ്രദേശങ്ങള്‍. കടവുകളിലൊന്ന്  അറിയപ്പെടുന്നത് പെരുമ്പാറക്കടവ് എന്നാണ്. പുഴയുടെ മറ്റൊരിടത്ത് പാറക്കടവുണ്ട്. പാറയുള്ള കടവ് ആയിരിക്കില്ല, അക്കരെയെത്താന്‍ ചാടിക്കടന്നാല്‍ പോര, പറന്നുകടക്കണമെന്നു തന്നെ ധ്വനി. പെരുമ്പാറക്കടവ്  വിസ്തൃതിയുടെ വ്യാപ്തി എടുത്തുകാട്ടുന്നു. വിസ്തൃതിയുടെ സംസ്‌കൃത പദമാണ് പ്രഥന. ഈ പുഴയുടെ പ്രാചീന കാലത്തെ ഒരു നാമം അതായിരുന്നല്ലൊ.

പെരുമ്പാറക്കടവിനടുത്തു തന്നെയാണ് വളക്കൈ. വളപട്ടണം പുഴയുടെ തീരത്തു നിന്നകലെയല്ല. പുഴയുടെ ഒരു കൈവഴിയുടെ കരയാണ്. വളക്കൂറുള്ള സ്ഥലമാണ് വളക്കൈ. വളപട്ടണം പുഴയുടെ ഒരു കൈവഴി വളഞ്ഞുചുറ്റുന്ന ഒരിടം കൂടിയാണ് വളക്കൈ. അവിടെ വച്ച് വളയുന്ന  കൈവഴി.. വളയാത്ത ദേശം തൊട്ടടുത്ത് തന്നെയുണ്ട് - നിടുവാലൂര്‍ നെടുങ്ങോം, നിടിയോടി തുടങ്ങിയ സ്ഥലങ്ങളും ആ ഗണത്തില്‍ വരും.

വളക്കൈഒരു ചിനപ്പേരു കൂടിയാണ്. (ശരീരാവയവങ്ങളെ ബന്ധപ്പെടുത്തിയുണ്ടാക്കുന്ന പേരാണ് ചിനപ്പേര്‍. ഉദാ: കണ്ടക്കൈ,നടുവില്‍,കണ്ണൂര്‍, തലശ്ശേരി, കടലുണ്ടി, കണ്ണപുരം, കണ്ണവം. കണ്ണായ ഊരാണ് കണ്ണൂര്‍. 'സ്ഥല'ത്തിന്റെ തമിഴ് പര്യായം തന്നെയാണ് കണ്ണ് ). തലയായ ചേരി തലശ്ശേരിയും. (തലൈ എന്നതിന് ചൈനീസില്‍ സമുദ്രമെന്നര്‍ഥം - സമുദ്രത്തിനോടു ചേര്‍ന്ന  ചേരി തലശ്ശേരി.)
തലൈയുടെ  ചീനരൂപം ദലൈ. കടലിന്റെ തുണ്ടി (നാഭി)യാണ് കടലുണ്ടി. യൂറോപ്യന്മാര്‍ക്ക് കണ്ണൂര്‍ കണ്ടപ്പോള്‍ അവരുടെ പൗരാണികദേശമായ കാനോന്‍ ദേശത്തിന്റെ ഭ്രമമുടലെടുത്തിരിക്കാം. കാനന്നൂര്‍ എന്ന് അവര്‍ ഉച്ചരിച്ചപ്പോള്‍ ആ പൗരാണികത അവരുടെയുള്ളില്‍ പ്രതിസ്പന്ദിച്ചു കാണും.

കണ്ണൂരിന്റെ അതിരില്‍, നീരൊഴുകുന്ന ചാല്‍ കണ്ണോത്തുംചാല്‍. അതിനു ശേഷം കാനത്തൂര്‍. കാനമെന്നത് കാട് ആണ്. ഒരു കാലത്ത് അവിടെ കാടും പുഴയും ഉണ്ടായിരിക്കണം. ആറ്റടപ്പ ആറ് അടഞ്ഞപുഴയാണ്. കടല്‍ ഉള്ളിലേക്ക് തള്ളി നിന്നതിന്റെ സൂചനകള്‍ കടക്കര, കാപ്പാട്, പെരുങ്ങളഴി തുടങ്ങിയ അടുത്തടുത്ത  സ്ഥലനാമങ്ങളിലുണ്ട്. നടുവില്‍ പോലെ 'വില്ലി'ല്‍ അവസാനിക്കുന്ന അനേകം സ്ഥലനാമങ്ങളുണ്ട്. നായാട്ടുജീവിതത്തിന്റെ സുപ്രധാന അടയാളമാണ് അമ്പും വില്ലും. പല പല പുരാണേതിഹാസങ്ങളും വംശചിഹ്നങ്ങളും രാജ്യങ്ങളുടെ ഔദ്യോഗികഅടയാളങ്ങളുമെല്ലാം
ഈ ആയുധത്തോടു കടപ്പെട്ടിരിക്കുന്നു. മൂഷികരാജവംശത്തിന്റെ ചിഹ്നം അമ്പും വില്ലുമാണ് .

ശ്രീരാമന്‍ സീതയെ നേടാന്‍ വില്ലു കുലച്ച കഥ പോലെയൊന്ന് ഗ്രീക്കുപുരാണത്തിലും കാണാം. 'ഒഡീസി'യില്‍ ഹോമറിന്റെ ഇതിഹാസ കഥാപാത്രം ഒഡീസിയസ് നീണ്ട സാഹസികയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വൃദ്ധനായ ഭിക്ഷക്കാരന്റെ രൂപത്തിലായിത്തീര്‍ന്നതിനാല്‍  ഒഡീസിയസ്സിനെ യജമാനസ്‌നേഹിയായ ആര്‍ഗോസ് എന്ന പട്ടി ഒഴികെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. സുന്ദരിയും ധനാഢ്യയുമായിരുന്ന പെനിലോപ്പിനെ സ്വായത്തമാക്കാനായി വിവാഹാര്‍ഥികള്‍ കൊട്ടാരത്തില്‍ തമ്പടിച്ച സമയമായിരുന്നു അത്. അവരുടെ ശല്യമൊഴിവാക്കാന്‍ ഒരു ഒരു മത്സരമൊരുക്കപ്പെട്ടു. ഒഡീസിയസ്സിന്റെ വില്ലെടുത്ത് ഞാണ്‍ വലിച്ചു കെട്ടുന്നയാളെ സ്വീകരിക്കാമെന്നായിരുന്നു ആ വെല്ലുവിളി. എയ്യുന്ന അമ്പ് പന്ത്രണ്ടു വളയങ്ങളിലൂടെ നിര്‍ദിഷ്ട ലക്ഷ്യത്തിലെത്തണം. പെനിലോപ്പിനെ  മോഹിച്ച് അവിടെ തമ്പടിച്ചവരെല്ലാം ആ പരീക്ഷയില്‍  പരാജയപ്പെടുകയായിരുന്നു. ഒഡീസിയസ്സാവട്ടെ, ഈ വെല്ലുവിളിയേറ്റെടുത്തു കൊണ്ട് സ്വയം തുറന്നു കാട്ടാനുള്ള  അവസരമാക്കി മാറ്റി.

പാര്‍ഥനെ പരീക്ഷിക്കാന്‍ കിരാതനായി വേഷം മാറി വന്ന പരമശിവന്‍ നായാട്ടില്‍ കുടുങ്ങിയ പന്നിക്കു വേണ്ടിയുള്ള ഒരു തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. അതിന്നൊടുവിലാണ് അര്‍ജുനന് ശിവന്‍ പാശുപതാസ്ത്രം സമ്മാനിക്കുന്നതും. പന്നിയെ സംരക്ഷിക്കാന്‍ അര്‍ജുനന്‍ യുദ്ധത്തിനു തയ്യാറായി വില്ലു കുലയ്ക്കുകയാണ്. വില്ലിന്റെ തല നിലത്ത് ഊന്നിയ ഇടം തലവില്‍. നടുഭാഗം കൊണ്ട സ്ഥാനം നടുവില്‍. ഞാണിന്റെ അവസാനത്തെ ഭാഗം സ്പര്‍ശിച്ചത് ഒടുവള്ളി. ഞാണൊലി (വില്ലിന്റെ അല) മുഴങ്ങിയ ദേശം  അലവില്‍. ഇമ്മട്ടില്‍ കഥ ചമയ്ക്കുന്നതും കൗതുകകരമാണ്. മറ്റൊരു കഥയില്‍ കിരാതശിവന്‍ തന്നെയാണ് വില്ലാളി. പന്നിക്ക് അമ്പേറ്റത് എമ്പേറ്റ്. മാതമംഗലത്തെ തൃപ്പന്നിക്കുന്നമ്പലം ഏറ്റുമുട്ടിയ സ്ഥലമാണ് (വേടനാട്ടത്തിന്റെ പുരാവൃത്തം). ആടി-വേടന്‍ അനുഷ്ഠാനത്തില്‍ ശിവ-ശക്തി ഇതിവൃത്തമാണല്ലൊ കഥിക്കുന്നത്.

'വള'യെന്ന വാക്കു ചേര്‍ന്ന സ്ഥലങ്ങള്‍ വേറെയും കാണാം. കാവേരി നദിക്കരയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയാണ് ചോഴ (ചോള) ദേശം. അത് വളനാട് എന്നറിയപ്പെട്ടിരുന്നു.ചോള ഭരണത്തിലെ  ദേശവിതാനത്തില്‍ ഊരു(ഗ്രാമം)കളുടെ കൂട്ടത്തെ കുന്റം (കോത്ത്രം)എന്നും കുന്റങ്ങളുടെ കൂട്ടത്തെ 'വളനാട് ' എന്നുമാണ് വിളിച്ചിരുന്നത്.
വളമുള്ള വിളനിലങ്ങളുടെ നാഥന്‍ എന്ന അര്‍ഥത്തിലാണ് ചോഴം ഉപയോഗിക്കുന്നത്. വളക്കൈയുടെ സമീപദേശമായ ചുഴലിയെന്ന പേര് ചോഴത്തില്‍ നിന്നുണ്ടായതാവണം. ഐതിഹ്യം മറ്റൊന്നാണ്.
ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്കു പലായനം ചെയ്ത രാജകുമാരിയുടേയും സംഘത്തിന്റേയും സമുദ്രയാത്രാവേളയില്‍ അവരെ വഹിച്ചുള്ള മരക്കപ്പലിനെ മലനാടിനോടടുപ്പിച്ചത് ചുഴലിക്കാറ്റുകളാണ്. ചുഴലി ഭഗവതിയുടെ പേരിനു പിന്നിലെ കഥാബന്ധം ഇതാണ്. പിന്നീട് രാജാവിന്റെ വകയായുള്ള കുടിജന്മഭൂമിക്കും ചുഴലിയെന്ന നാമം ചാര്‍ത്തപ്പെട്ടു.

ഉര്‍വരതയുള്ള ഭൂമിയുടെ അധിപനെ വളവന്‍ എന്നും വിശേഷിപ്പിച്ചിരുന്നു. വളപട്ടണമെന്ന ദേശനാമവും ഈയര്‍ഥത്തില്‍ രൂപപ്പെട്ടതാവണം. കാവേരി വള നന്ദന്‍ എന്ന രാജാവിനെ ബന്ധപ്പെടുത്തി വളപട്ടണമെന്ന പേരിന്റെ സാധ്യത ഒന്നാമത്തെ അധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലൊ.

ശ്രീവല്ലഭ (മഹാവിഷ്ണു)ന്റെ പേരില്‍ നിന്ന് തിരുവല്ലയുണ്ടായതുപോലെ  വല്ലഭപട്ടണവും അതേ ദേവനാമത്തില്‍ നിന്നു വന്നതുമാകാം. ആരാധനാമൂര്‍ത്തികളുടെ പേരു ചാര്‍ത്തുന്ന ശൈലി പിന്തുടര്‍ന്ന അനേകം സ്ഥലനാമങ്ങളുണ്ട്. ബ്രഹ്‌മാവില്‍ നിന്ന് ബ്രഹ്‌മഗിരിയും ഗണപതിയുമായി ബന്ധിപ്പിച്ച് കൂട്ടുംമുഖവുമുണ്ടായതുപോലെ. വല്ലഭപട്ടണത്തെ (വളപട്ടണം ) ആസ്ഥാനമാക്കി വാണ രാജാവ് വല്ലഭനെന്ന പദവി  സ്വീകരിച്ചുവെന്ന്  കരുതുന്നതില്‍ തെറ്റില്ലല്ലൊ.

വളപട്ടണവുമായി  സാമ്യമുള്ള വേളം എന്ന നാമം  മറ്റൊരു പുരാതനധ്വനിയാണ് ഉണ്ടാക്കുന്നത്. പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് മയ്യിലിനടുത്ത് വേളം ശ്രീ മഹാഗണപതി ക്ഷേത്രം. കൊല്ലം കേന്ദ്രമാക്കി വേള്‍മന്നന്മാര്‍ സ്ഥാപിച്ച നാടാണ് വേണാട്. വേളിയര്‍വംശത്തിന്റെ ശാഖയായ ആയ് രാജ്യാധിപതികളുടെ പിന്തുടര്‍ച്ചക്കാരാണ് വേണാട്ടധിപന്മാര്‍. സംഘസാഹിത്യത്തില്‍ ആയ് (ഇടയന്മാര്‍) രാജാക്കന്മാരെ ആയ് വേളുകള്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. സഹ്യപര്‍വതത്തിന്റെ ദക്ഷിണ ധ്രുവവും കുട്ടനാടിനു തെക്കോട്ട് കന്യാകുമാരി വരെയും തിരുനെല്‍വേലിയുമൊക്കെ അടങ്ങുന്ന പെരിയാറിനും താമ്രപര്‍ണി നദിക്കുമിടയിലുള്ള പ്രദേശമാണ് ആയ് രാജ്യം.

വേടര്‍, ഇടയര്‍, കുറവര്‍ എന്നിവരൊക്കെ വേളിയറുകളാണ്. ഏഴിമല നന്നന്‍ പ്രമുഖനായ വേളിയറാണ്.വേളിയര്‍ വംശത്തിന്റെ ചരിത്രപരിസരവുമായി വേളം, വേളാപുരം,വേളാര്‍കോട്ട (കുടക്) തുടങ്ങിയ സ്ഥലനാമങ്ങളെ  ബന്ധിപ്പിക്കാവുന്നതാണ്. വേള്‍ എന്നാല്‍ മണ്ണ്. വേള്‍ ആളുന്നവര്‍ വെള്ളാളര്‍. കൃഷിയുള്ളവര്‍, ഭൂമി ഭരിക്കുന്നവര്‍ എന്നെല്ലാം വിവക്ഷ. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരും ഈ വംശത്തില്‍പ്പെട്ടവരായിരുന്നു. 'കാല'ത്തിന്റെ പര്യായമായ 'വേള ' എന്നതിനോടും വേളത്തിന്റെ ഉല്‍പത്തി ചേര്‍ത്തുവയ്ക്കാവുന്നതാണ്.

Photo A Padmanabhan

സസ്യങ്ങളേയും വിളവിനേയും അടിസ്ഥാനമാക്കിയും സ്ഥലനാമങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ചെടികളിലും വൃക്ഷങ്ങളിലും ദേവതകള്‍ കുടിയിരിക്കുന്നു. അന്നമുണ്ടാക്കുന്നതാണ് അന്നൂര്. അന്നൂരിനെ പശുപതിയുമായി ബന്ധിപ്പിച്ച് പയ്യന്നൂരുണ്ടായി. വിളക്കന്നൂര്‍, വലിയന്നൂര്‍, ഇടയന്നൂര്‍ ,മട്ടന്നൂര്‍, മുട്ടന്നൂര്‍ അങ്ങനെ പട്ടിക നീട്ടാം. മുത്താറിക്കളം, എള്ളരിഞ്ഞി, കൈതപ്രം എന്നിവയും സസ്യങ്ങളുടെ സൃഷ്ടിയാണ്. എള്ളരിഞ്ഞി പ്രത്യക്ഷത്തില്‍ എള്ളിനോടാണ് സാമ്യമെങ്കിലും ഇലഞ്ഞിമരത്തില്‍ നിന്നാണ് ആ പേര് വന്നിട്ടുണ്ടാവുകയെന്ന് അനുമാനിക്കാവുന്നതാണ്. ഇലഞ്ഞിമരത്തില്‍ കുടിയിരിക്കുന്ന ദേവതയാണ് എരിഞ്ഞിക്കല്‍ ഭഗവതി. ഇളയ എരിഞ്ഞിയാണ് എള്ളരിഞ്ഞി. ഗുളികന്‍ ചെമ്പകത്തിലും കാളി കരിമ്പനയിലും മുത്തപ്പന്‍ കാഞ്ഞിരത്തിലും കുടികൊള്ളുന്ന പോലെ. കാഞ്ഞിരക്കൊല്ലി എന്ന മലയുടെ പ്രാധാന്യം മുത്തപ്പനുമായി ബന്ധപ്പെട്ടു തന്നെ.കുന്നത്തൂര്‍ പാടിയുടെ സമീപത്താണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ശശിപ്പാറയും അളകാപുരി വെള്ളച്ചാട്ടവുമുള്ള കാഞ്ഞിരക്കൊല്ലി.

ഉര്‍, കുര്‍ എന്നീ സ്വനങ്ങളുടെ സംയുക്തമാണ് കുറുമാത്തൂര്‍. കുറുമര്‍,കുറുമ്പര്‍,കുറിച്യര്‍ ,കുറവര്‍ എന്നിങ്ങനെ അറിയപ്പെടുന്ന, നായാടികളേക്കാള്‍ മുന്നേറിയ വിഭാഗക്കാരുമായി ബന്ധപ്പെട്ട് സ്ഥലനാമങ്ങള്‍ കാണാം. മലബാറിലെ  കുറുമ്പ്രനാട് എന്ന ചെറുരാജ്യം കുറുംപൊറൈനാട് ചുരുങ്ങിയതാണ്. ചെറിയ കുന്നുകളുടെ നാട്. കുന്നുകളുടെ കീഴെയുള്ള നാട് പുറൈകീഴ്‌നാട്. വയനാട്, കോട്ടയം, ഗൂഡല്ലൂര്‍ താലൂക്കുകള്‍ പതിന്നാലാം നൂറ്റാണ്ടിനു മുമ്പ് പുറൈക്കീഴ്‌നാട് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലൊ.

ദ്രാവീഡിയന്‍ ദേശനാമങ്ങളില്‍ പലയിടത്തും കാണപ്പെടുന്ന ഉരു, ഉര്‍, കുര്‍, കര്‍ എന്നിവ സുമേറിയന്‍ ഭാഷയിലെ സ്ഥലനാമങ്ങളിലുമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.ബാബിലോണിയന്‍ സംസ്‌കാരവും പ്രാചീന ദ്രാവിഡ സംസ്‌കൃതിയുമായുള്ള ചേര്‍ച്ച മുമ്പ് പരാമര്‍ശിച്ചതാണല്ലൊ.
ദ്രാവിഡരുമായി നാലായിരത്തിലേറെ കൊല്ലം സംസര്‍ഗമുണ്ടായിരുന്ന നാഗവിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരില്‍ പെടുന്ന മുണ്ടകള്‍, ഗോണ്ടുകള്‍ എന്നിവരുടെ ഭാഷകളായ മുണ്ടയും ഗോണ്ടും നമ്മുടെ പ്രാചീനഭാഷകളില്‍ ലയിച്ചു കിടപ്പുണ്ട്. അതിന്റെ സ്വാധീനമുള്ള സ്ഥലനാമങ്ങള്‍ നിരവധിയാണ് .
ഇതേ സംസ്‌കൃതിയുമായി പൂര്‍വ ബന്ധമുള്ള ഇന്തോനേഷ്യയിലും മറ്റും കുട എന്നതിലവസാനിക്കുന്ന സ്ഥലനാമങ്ങള്‍ നഗരം, കോട്ട എന്നിവയെ സൂചിപ്പിക്കുന്നവയാണ്. വൃത്തസ്തൂപികാകൃതിയുള്ളവയെ, കൂനകളെ, കൂടം എന്നും പറയാറുള്ളത് ഈ ഭാഷാബന്ധമാണ്.

കുടക് എന്ന നാമം ശ്രദ്ധിക്കുക. കുറുമാത്തൂരിനടുത്ത് കൂനം എന്ന സ്ഥലമുണ്ട്.ഇതിന്റെ ഉയര്‍ന്ന രൂപമാണ് കുന്നുകള്‍. ചുണ്ടക്കുന്ന്,പുള്ളിമാന്‍കുന്ന്. അഗസ്ത്യമുനിയെ മാനിച്ച് ഉയര്‍ന്നപര്‍വതത്തെ അഗസ്ത്യകൂടമായി വിളിച്ചു. ശ്രീകണ്ഠപുരത്തെ ഉയരമുള്ള മലയാണ്  ആലോറക്കോട്ട. ശിവന്റെ ഒരു പേരാണ് കുംഭ സംഭവന്‍ (അഗസ്ത്യന്‍ ). ബലൂചിസ്ഥാനിലും സിന്ധിലുമായി കൊങ്കണം അഥവാ കേരളം സ്ഥിതി ചെയ്തിരുന്ന കാലത്ത് ബലൂചിസ്ഥാനില്‍ ഒരു കുംഭരാജവംശമുണ്ടായിരുന്നു. സിന്ധു സൗവീര രാജ്യത്തിനാണ് പുരാണങ്ങള്‍ ഉത്തര മൂഷികം എന്നു പേരിട്ടത്. മൂഷികര്‍ണന്‍ എന്ന ഒരു വര്‍ഗവും സിന്ധില്‍ പാര്‍ത്തിരുന്നു.

കര്‍ണനെന്നത് മുണ്ടാഭാഷയിലെ കൊന്‍ (പുത്രന്‍) എന്ന വാക്കിന്റെ  രൂപാന്തരമാണെന്ന് പ്രിസിലുസ്‌കി (പാരിസ്) വ്യക്തമാക്കിയിട്ടുണ്ട്. ഹന്‍, ഹവന്‍ എന്നിങ്ങനെയും മകന്‍ എന്നര്‍ഥത്തില്‍ ആ ഭാഷയില്‍ പ്രയോഗിച്ചു.സംസ്‌കൃതം വാഹനന്‍ എന്നാക്കി.വ്യൂഹം - അവതാരം എന്നര്‍ഥം.പുത്രന്‍ പിതാവിന്റെ അവതാരം.ഉത്തര മൂഷികത്തിന്റെ തലസ്ഥാനമായ രോരുകം ഉത്തരസിന്ദിലെ ഇന്‍ഡസ് നദിയുടെ കിഴക്കേ കരയിലെ ആലോര്‍ (ആളുവ ഊര്‍-വഞ്ചി അഭരികള്‍ -തുളുനാട് ഭരിച്ചത്.) എന്ന ഗ്രാമത്തിന്റെ സ്ഥാനത്താണ്. ഇന്നത്തെ രോഹ്‌റി (സുക്കൂര്‍, പാകിസ്ഥാന്‍) നഗരത്തിനടുത്താണ്. ശ്രീകണ്ഠപുരമെന്ന മൂഷിക തലസ്ഥാനത്തിനടുത്തും ഒരു ആലോര്‍ - ആലോറക്കോട്ട. കേരളീയരുടെ പൂര്‍വികരുടെ പാദം സിന്ദിലെ മൂഷികരാജ്യത്തും പതിഞ്ഞിരുന്നുവെന്നു സാരം.

അധികാരത്തിന്റേയും സൈന്യശേഷിയുടേയും സുരക്ഷാ കവചമായി കോട്ട ഉയര്‍ത്തുന്നു.കോട്ടയുടെ ഊരാണ് കോട്ടൂര്‍ . ഒരു പുഴയുടെ ഇരുഭാഗങ്ങളിലുമാണ് പുരവും കോട്ടയും (ശ്രീകണ്ഠപുരവും കോട്ടൂരും). കോട്ടൂരിലെ  ആവണക്കോല്‍ (കോല്‍ -കോവില്‍) എന്ന പുഴയോരദേശത്തു നിന്നും ഈയിടെ വളരെ പഴക്കമേറിയ ഓടുകളും പീരങ്കിയുണ്ടകളും കണ്ടെടുക്കുകയുണ്ടായി. ആവണക്കോലിന്റെ മറുകരയിലാണ് കേരളത്തില്‍ ഇസ്ലാം പ്രബോധകരുടെ പ്രഥമ പാദമുദ്ര പതിഞ്ഞ സ്ഥലവും. കോട്ടൂര്‍ എന്ന സ്ഥലനാമം മറ്റിടങ്ങളിലും കാണാം. ആദിമലനാടിന്റെ മറ്റൊരു ദിക്കില്‍ കോട്ടൂര്‍ എന്ന ദേശമുണ്ട്.

ചോള രാജാവായ കൃഷ്ണരായര്‍ എന്ന പേരുള്ള രാജരാജന്‍ ഒന്നാമന്‍ (985-1014) നിയോഗിച്ച സൈന്യത്തിന്റെ നായകന്‍ അമരഭുജംഗന്‍ (കൊങ്ങു രാജ്യത്തിന്റെ അധിപന്‍) കോട്ടൂര്‍, ഇന്ദ്രഗിരി ,നീലഗിരി ദുര്‍ഗം എന്നിവ പിടിച്ചടക്കിയതായും കേരള രാജാവ് ഭയന്ന് സമുദ്രമധ്യത്തിലുള്ള ദ്വീപില്‍ അഭയം പ്രാപിച്ചതായും പ്രാചീനചരിത്രത്തില്‍ പരാമര്‍ശമുണ്ട്. അമരഭുജംഗന്‍ തനിക്കു കിട്ടിയ സമ്പത്ത് സഹ്യപര്‍വതനിരകളിലെ ഒരു ശിവാലയത്തില്‍ നിക്ഷേപിച്ചതായും കാണുന്നു. ഒടുവിലത്തെ ചേരമാന്‍ പെരുമാളിന്റെ കാലത്ത് കൃഷ്ണരായര്‍ ആനമല കേറി കോട്ടയുറപ്പിച്ചു എന്നതാണ് 'കേരളോല്‍പത്തി 'യിലെ പരാമര്‍ശം.

അതേസമയം കോട്ടയുമായി ബന്ധപ്പെട്ടല്ല കോട്ടയമുണ്ടായത്. അയം വെള്ളക്കെട്ടുള്ള സ്ഥലത്തെ കുറിക്കുന്നു.കോടിപ്പോയ ആകൃതി കൈവരിച്ച സ്ഥലങ്ങളാണ് കോടി. വെള്ളത്തിലേക്കു തള്ളിനില്‍ക്കുന്ന മുനമ്പുകളെ അങ്ങനെ വിളിക്കുന്നു. ഇലകള്‍ കോട്ടി കൊട്ടകള്‍ മെനയുന്ന പലതരം പ്രാണികളുണ്ടല്ലൊ.കോട്ടയുടേയും കൊട്ടയുടേയും സാരാംശങ്ങളൊന്നാണ്. വിശുദ്ധവനങ്ങളായി ആരാധിക്കുന്ന പ്രത്യേക സങ്കേതങ്ങളെ 'കോട്ടം' എന്നു വിളിച്ചതിന്റെ ധ്വന്യാംശവും മറ്റൊന്നല്ല.വാവലിപ്പുഴയുടെ ഇരുകരകളിലുമുള്ള ഇത്തരത്തിലൊരു ഊരാണ് കൊട്ടിയൂര്‍. വിശുദ്ധവനവും വിശുദ്ധജലവും ഒന്നിച്ച ഊര്.
കോട് എന്ന പ്രയോഗവും ഇതോടു ബന്ധപ്പെട്ടതാണ്. തീരത്തോടടുത്ത അതിര്‍കരകള്‍  മാത്രമല്ല, കുന്നിന്റെ അതിരില്‍ ദൃശ്യമാകുന്ന ദേശങ്ങളേയും അത്തരത്തില്‍ പെടുത്താം. ആലക്കോട് ഉദാഹരണം.
ആലം ജലാംശമുള്ള നിലത്തെ സൂചിപ്പിക്കുന്നു. ഉറവുള്ള സ്ഥലത്തിന് കോഴി എന്ന ദ്രാവിഡപ്രയോഗവും കാണുന്നു.കോഴിക്കോടിന്റെ നിഷ്പത്തി അങ്ങനെയാവാം.

വയലില്‍ നിന്നുള്ള വാക്കാണ് വയത്തൂരും. കാര്‍ഷിക സംബന്ധിയാണ് കാലിയാര്‍ എന്ന ദൈവവിശേഷണം. കാര്‍ഷികഘട്ടത്തിലേക്ക് കാലെടുത്തു വച്ച കിരാതന്റെ പിറവിയുടെ സൂചന അതിലുണ്ട്. കിരാതമൂര്‍ത്തിയായി കാലിയാര്‍ പ്രതിഷ്ഠിക്കപ്പെടുന്നു. പരമശിവന്റെ ആദിരൂപമാണ് കാലിയാര്‍ അഥവാ പശുപതി .പാശുപതാസ്ത്രം നല്‍കിയാണ് ശിവന്‍ അര്‍ജുനനോട് പ്രീതി കാട്ടുന്നത്.അര്‍ജുനതപസ് അവസാനിപ്പിച്ചശേഷം കുടകിലെ കാലിയാര്‍ മലയില്‍ നിന്നും പാര്‍വതിയുമൊത്തുള്ള പരമേശ്വരന്റെ സഞ്ചാരം മലനാട്ടിലൂടെയാണ്. ആ സഞ്ചാരത്തില്‍ വയത്തൂരിലെത്തിയെന്നതാണ് പുരാതനമായ വയത്തൂര്‍ ശിവക്ഷേത്രത്തിന്റെ ഐതിഹ്യം.

വയത്തൂരിനടുത്താണ് ഉളിക്കല്‍. ശിവന് ഉളിന്ദനെന്നും പര്യായം. സുമേരിയന്‍ ഭാഷയില്‍ 'ഉള്‍' എന്നാല്‍ നക്ഷത്രം. ഉളിക്കല്ല് =നക്ഷത്രക്കല്ല്. നനവൂറുന്നതിനെ ഉളിയുക എന്ന് പറയാറുണ്ട്. വയത്തുര്‍ കാലിയാരുടെ പ്രതിഷ്ഠയുടെ ആദിമൂലസ്ഥാനം കുടകാണ്. കുടകും ഈ ദേശവും ചരിത്രത്തില്‍ ഒരേ അധികാര പരിധിയിലൂടെ കടന്നുവന്നുവെന്നതിന്റെ ഒരു തെളിവുകൂടിയാണിത്. കുടകരും തദ്ദേശവാസികളും ചേര്‍ന്നാണ് ഇവിടെ ഉത്സവം ആഘോഷിച്ചു വരുന്നത്.മകരമാസം ഒന്നു മുതല്‍ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവത്തില്‍  ഊട്ടിനു വേണ്ട അരിസാധനങ്ങള്‍ കുടകില്‍ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു.പയ്യാവൂരൂട്ടിലും സമാനമായ ചടങ്ങുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.അര്‍ജുനന്  പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച ഇടം പയ്യാവൂരാണെന്ന ഐതിഹ്യമാണ് പയ്യാവൂര്‍ മഹാശിവക്ഷേത്രത്തിന്റെ പൊരുള്‍. പയ്യനെന്നത് പശുപതിയുടെ പര്യായം. പശു എന്ന അര്‍ഥത്തിലുള്ള പ്രാകൃതപദമാണ് ആയ്. അയ് എന്നും ഉച്ചരിക്കാറുണ്ട്.ഇടയന്മാരുടെ സങ്കേതവും ആ പേരിലറിയപ്പെട്ടു. അയ് ചേരിയാണ്  അയിച്ചേരി.

കൊടുംതമിഴ്പദമായ പൈ എന്നതും പശുവിന്റെ സൂചകമാണ്. ഇടയന്മാരുടെ സങ്കേതത്തിന് ആയ് എന്നു മാത്രമല്ല  ചേടി എന്നും പേരുണ്ട് . ചേടിച്ചേരി ഒരു പക്ഷെ അങ്ങനെ വന്നതാവാം. മണ്ണിന്റെ ഗുണത്തിനനുസരിച്ചുമാകാം. ചേടിയായതിനാലാവാം ചേടിച്ചേരി. ചുവന്നതാണെങ്കില്‍ ചെമ്പന്‍തൊട്ടി, ചേപ്പറമ്പ്, ചെമ്പേരി.

ചെമ്പേരി (ചെമ്പ് +ഏരി ) ലോഹാംശത്താല്‍ ചെമന്ന ഏരിയാണ്. പയ്യാവൂര്‍ ശിവക്ഷേത്രത്തിലേക്ക് വെള്ളാട് ക്ഷേത്രത്തില്‍ നിന്ന് ചെമ്പു കൊണ്ടു പോകുമ്പോള്‍ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യവും  ചെമ്പേരിയെ ചുറ്റിപ്പറ്റിയുണ്ട്.  പ്രാചീനവാസസങ്കേതമായ ചേരി, ഏരി എന്ന രൂപത്തിലും, സ്ഥലനാമങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. കൃഷിയോഗ്യമാക്കി വളച്ചെടുക്കുന്ന ഭൂമിയെ വിളിച്ചു വരുന്നതാണത്.നവീന ശിലായുഗത്തിന്റേയും ലോഹ യുഗത്തിന്റേയും അടയാളങ്ങളവശേഷിക്കുന്ന സ്ഥലമാണിവിടം. കുടകിലെ എരുമാടും (എരുമൈയൂര് ലോപിച്ചതാവാം) മലബാറിലെ എരമവും ഒരേ സംസ്‌കൃതിയുടെ സൂചകങ്ങളാണ്. എരുമാട് എന്ന സ്ഥലം ഇപ്പോള്‍ സുപ്രസിദ്ധമായ പുണ്യസ്ഥലമാണ്. എരുതുകളുടെ നാടാണ് ഏറനാട്.

ഏറ് എന്നാല്‍ ഇവിടെ കന്ന് എന്നര്‍ഥം. ഉദയമെന്ന ആശയവുമായി ബന്ധപ്പെട്ട 'എരു' എന്ന പദം കൃഷിനിലത്തെ  പരാമര്‍ശിച്ചും പ്രയോഗിച്ചു കാണുന്നു.
''ഏരിനും നന്റാല്‍ എരുവിടുതല്‍ കട്ടപിന്‍
 നീരിനും നന്റതന്‍ കാപ്പു'' (1038, തിരുക്കുറള്‍, തിരുവള്ളുവര്‍,സംഘ കൃതി, എ.ഡി. രണ്ടാം ശതകം)

നിലമൊരുക്കുക, വളമിടുക, കളനീക്കുക, ജലസേചനം നടത്തുക എന്നിവ പോലെ തന്നെ പ്രധാനമാണ് കതിര്‍ചെടികളെ കാത്തു സൂക്ഷിക്കുന്നത് എന്നു സാരം. കാളയെ എരുതെന്നു വിളിക്കുന്നത് കാര്‍ഷികബന്ധം നിമിത്തമാവാം. ഈ പദം  എരുവേശ്ശി എന്ന നാമത്തിലും കാണാം.വേശ്ശി എന്ന ഭാഗം വശ്യമായതിനാലെന്ന വ്യാഖ്യാനം കേള്‍ക്കാറുണ്ട്.
വേശ്യയെന്ന വാക്കും വശ്യതയുടെ സദ് സൂചനയാണല്ലൊ. അതിന് അര്‍ഥാന്തരം ചാര്‍ത്തിയത് പില്‍ക്കാലത്തെ സാമൂഹ്യപ്രേരണകളാണ്. വേശ്യയെന്നു മുദ്രകുത്തുന്നതിലും, കുലത്തില്‍ നിന്നും ആചാര സമ്മര്‍ദങ്ങളാല്‍ കുടിയിറക്കപ്പെടുന്നവരെ പ്രത്യേകം പാര്‍പ്പിക്കുന്ന  സങ്കേതങ്ങളൊരുക്കുന്നതിലും ആ പ്രവണത ചെന്നെത്തി. അവ കുലടകളായി മാറ്റപ്പെടുന്നവര്‍ക്കുള്ള വേശ്യാചേരികളായി കണക്കാക്കപ്പെട്ടു. ഏരുവേശി അത്തരമൊരു സങ്കേതമായിരുന്നുവെന്നത് ശരി.

ഭ്രഷ്ടു കല്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനൊരുക്കിയ മൂത്തേടത്ത് മനയും അതിന്റെ അധിപരായ മന്ദനന്‍വംശവും വംശാന്ത്യകാലത്ത്  ഗണികവൃത്തിക്ക് പേരു കേള്‍പ്പിച്ചതായി പഴയ ആള്‍ക്കാര്‍ പറയാറുണ്ട്. തേവിടിശ്ശിയെന്ന വാക്കിന്റെ ഉത്ഭവം കലാപരമായ മഹത്വത്താല്‍ ശ്രേഷ്ഠമായതാണ്; അവര്‍ വശ്യതയുള്ള രൂപഭാവങ്ങളുള്ളവരാണ്. ദേവദാസിയെന്നാണ് യഥാര്‍ഥത്തില്‍ വിശേഷണം.ജനങ്ങളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ക്ഷേത്രങ്ങളോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കലാശാലകളുടെ ചുമതല നിറവേറ്റിയിരുന്നവരാണിവര്‍ (ക്ഷേത്രത്തോടനുബന്ധിച്ച പാഠശാലകളില്‍ നിയമിതരാവുന്ന പണ്ഡിതന്മാര്‍ക്ക് പട്ടത്താനവും നല്‍കിയിരുന്നു. ദേവദാസീസ്ഥാനം പോലെ തന്നെയാണിതും).

കലാപ്രതിഭകളായ കുലീനകളെ  തേവടിച്ചിസ്ഥാനങ്ങളില്‍ നിയമിച്ചതിന്റെ ശാസനങ്ങളുണ്ട്. മലബാറില്‍ ചോക്കൂര്‍ ക്ഷേത്രത്തില്‍ എഡി 932ല്‍ കൊത്തിയിട്ട രേഖയില്‍ തേവടിച്ചി സ്ഥാനത്തെപ്പറ്റി പരാമര്‍ശമുണ്ട്. മാന്യമായ പദവിയായിരുന്നു അത്. തേവിടിച്ചികള്‍ എന്ന വാക്കിലെ 'അടികള്‍' അക്കാലത്ത് ബ്രാഹ്‌മണര്‍, രാജാക്കന്മാര്‍, സന്ന്യാസിമാര്‍, രാജകന്യകള്‍ ,ദേവദാസികള്‍ എന്നിവര്‍ക്കു മാത്രം നല്‍കിയിരുന്ന വിശേഷണമാണ്.ദേവദാസീപദം നേടിയ രാജസഹോദരിമാരും ധര്‍മപത്‌നികളും ചരിത്രത്തിലുണ്ട്.

കൂത്തിച്ചികള്‍ എന്ന പര്യായം നോക്കുക. കൂത്തമ്പലത്തില്‍ നൃത്തമാടുന്നവരാണ്. സകലകലാ നിപുണരായ ഉത്തമസ്ത്രീകളാണ് ദേവദാസികള്‍. അവരുടെ പുരുഷന്മാര്‍ നമ്പിയാരെന്നും അറിയപ്പെട്ടു. പില്‍ക്കാലത്ത് ആ സ്ഥാനത്തിന്റെ മഹിമക്ക് എന്തുകൊണ്ടോ മങ്ങലേറ്റു. കുലത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ടവരാണെന്ന  അധ:പതനത്തില്‍ വരെ ആ ധാരണ വ്യതിചലിച്ചു. ഭൂമിയെന്ന അര്‍ഥമുള്ള ഇശി എന്ന വാക്കാണ് ഇവിടെ ചേരുന്നത്. ഏരു + ഇശി: ഏരുവേശ്ശി. ('ഉ'കാരത്തിനു ശേഷം 'വ' കാരാഗമം. ഓര്‍ന്നിത്യം എന്ന ലീലാതിലകസംജ്ഞാവ്യവഹാരം). പഴശ്ശി, പൈസക്കരി, പയസായിക്കുണ്ടം എന്നീ സ്ഥലനാമങ്ങളും'ഇശി' യോടു  ബന്ധപ്പെട്ടുകിടക്കുന്നു.

ഒരു കാലത്ത് ആടുമാടുകളെ സംരക്ഷിക്കുന്ന ഇടയന്മാരുടെ ചേരികള്‍ പലതും  പില്‍ക്കാലത്ത് ആ പേര് നിലനിര്‍ത്തിയിട്ടുണ്ട്. ആയ് എന്ന പ്രയോഗം പരിസരങ്ങളിലെ മറ്റു ചില ദേശ നാമങ്ങളിലുമുണ്ട്. പരിപ്പായ് ,തേര്‍ലായ്,കോര്‍ളായ് എന്നിവ അതില്‍ പെടും. പരപ്പായ നിലം കൂടിയാണ് പരിപ്പായ്. തൊട്ടടുത്ത്  ചെങ്ങളായി ഉണ്ട്. ചെങ്ങളഴി ( ചെങ്ങല്‍ + അഴി)ചെങ്ങളായി ആയതാവണം.
ഐന്തിണകളിലെ മരുതനിലങ്ങളോടു ബന്ധപ്പെടുത്തിയ പൂക്കള്‍ താമരയും പിന്നെ ചെങ്ങഴിനീരുമാണ്. ചൊവ്വയ്ക്കടുത്ത് അറബിക്കടലോരത്ത് പെരുങ്ങളായി ( പെരിയ കടലഴി) എന്ന സ്ഥലമുണ്ട്. തോടും പുഴയും ചേരുന്ന ഒരിടമാണ് ചെങ്ങളായി.കര പുഴയിലേക്ക് അഴിഞ്ഞു പോകുന്ന ചിലയിടങ്ങളെ പാരഴികളെന്നു പറയാറുണ്ട്. 'പാരഴി'യാകാം 'പാഴി' ആയും പഴയങ്ങാടിയായും മാറിത്തീര്‍ന്നത്.

പാണ്ഡ്യരാജാവായ നെടുമാറ പാണ്ഡ്യന്‍ (ഉദ്ദേശം എഡി 660-690) യുദ്ധം ചെയ്തതായി പറയപ്പെടുന്ന ഇരുപതു സ്ഥലങ്ങളില്‍ പാഴി,കുളത്തൂര്‍, കുളന്തൈ എന്ന സ്ഥലങ്ങളെല്ലാം പെടുന്നു. ഈ സ്ഥലനാമങ്ങളെല്ലാം ശ്രീകണ്ഠപുരത്തിന് ചുറ്റുവട്ടമുണ്ട്. ''പാഴിയെന്ന നഗരം നന്നന്‍ എന്നു സംഘകാവ്യങ്ങളില്‍പ്പേരുള്ള സാമന്ത രാജവംശം തുളുനാട്ടിലോ മൈസൂരിലോ സ്ഥിതി ചെയ്യുന്നതായി ''കേസരി കണക്കുകൂട്ടുന്നു.

ചെങ്ങളായിയെന്ന നാമത്തോടു അടുത്ത സാമ്യമുള്ള സ്ഥലനാമമാണ് ചെങ്കള .ചെങ്കളം എന്നതിന് അര്‍ഥം അഴകുള്ള പ്രദേശം എന്നാകുന്നു. ചെങ്കളം സിങ്കളമായും സിംഹളമായും പിന്നീടത് സിലോണ്‍ (സീ- ലയണ്‍) ആയും മാറി.ചിങ്ങംരാശിക്ക് സിംഹരൂപമാണ്.ചിങ്ങത്തില്‍ നിന്ന് നേരിട്ട്  ചെങ്ങളവും ചെങ്കളവും രൂപപ്പെടാം.സിലോണിന്റെ പഴയനാമം ഇപ്പോള്‍ ശ്രീലങ്കയായി തിരിച്ചു വന്നു. പ്രകാശിക്കുക എന്നര്‍ഥമുള്ള ഇലങ്കുക എന്ന വാക്കാണ് തമിഴില്‍ ഇലങ്കൈ ആയതും ഒടുവില്‍ ലങ്കയായി പരിണമിച്ചതും.

മലനാടിന്റെ ജനപ്രിയനായ ദേവന്‍ മഹാശിവനാണെന്നു തോന്നും, അത്രയേറെ സ്ഥലനാമങ്ങളുണ്ട്. ശ്രീകണ്ഠപുരം, ശിവപുരം, പയ്യാവൂര്‍, വയത്തൂര്‍, തുടങ്ങി നിര നീണ്ടു പോകും.മയ്യില്‍ ശിവന്റെ മറ്റൊരു പര്യായമായ മയൂരന്‍ എന്നതില്‍ നിന്നുണ്ടായത്. കൂത്താടുന്ന തേവന്റെ (ശിവന്റെ ) ഇടമാണ് കൂത്തുപറമ്പ്. പ്രകൃതിയുടെ ആത്മരൂപമാണ് ശിവനില്‍ പ്രതീകവല്‍ക്കരിക്കപ്പെട്ടത്.
ശിവസങ്കേതം കാടിന്റെ കാലസ്ഥിതിസംഹിതയിലാണ്. മലനാടിന്റെ പൗരാണികതയില്‍ ലയിച്ചു കിടക്കുന്ന കാലാതീത ഇതിവൃത്തങ്ങളില്‍ നിന്ന് ദൈവികമായ അത്തരത്തിലൊരു കേന്ദ്രകഥാപാത്രം പിറവിയെടുക്കാതിരിക്കില്ല.

തളിപ്പറമ്പില്‍ രാജരാജേശ്വരനായി ശിവന്‍ വാഴുന്നതും മലനാടിന്റെ പ്രാര്‍ഥനാ സങ്കേതങ്ങളില്‍ ശിവസ്തുതി ആധിപത്യം നേടുന്നതും ഇക്കാരണം കൊണ്ടു തന്നെ. താപസവനങ്ങള്‍ക്കനുയോജ്യമാം വിധം ഭാവവിലാസങ്ങളുള്ള, ഇരുളുംവെളിച്ചവുമിടകലര്‍ന്ന, കാടും കാട്ടരുവിയും കവിതകള്‍ നിറച്ച ധ്യാനമുഗ്ദവും ഒരാദിമശൂന്യത മുറ്റിനില്‍ക്കുന്നതുമായ ആരണ്യ സുകൃതമായിരിക്കണം മലനാടിന്റെ പ്രകൃതി.അഗസ്ത്യമുനിയും ശംബര മഹര്‍ഷിയും മാന്ധാതാവ് മഹര്‍ഷിയും മലനാടിന്റെ വിശ്രാന്തിയിലൂടെ കടന്നുപോയതായി ഐതിഹ്യകഥകള്‍. കൃതായുഗത്തിലെ ഒരു രാജാവായിരുന്ന മാന്ധാതാവ് രാജ്യം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ച ശേഷം നടത്തിയ  തീര്‍ഥയാത്ര ഇവിടെയുമെത്തി.

അദ്ദേഹത്തിന്റെ തപസ്സില്‍ സംപ്രീതനായ ശിവന്‍  ആഗ്രഹപ്രകാരം ശിവലിംഗം സമ്മാനിച്ചു.ശിവലിംഗം പ്രതിഷ്ഠിക്കാനായി ശ്മശാനങ്ങളില്ലാത്ത വിശുദ്ധസ്ഥലം തേടിയാണ് തളിപ്പറമ്പിലെത്തിയത്.
പാര്‍വതി ഭദ്രകാളിയെ അയച്ച് ശിവലിംഗം തിരിച്ചുപിടിച്ചതായും കഥാവ്യാഖ്യാനങ്ങളുണ്ട്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രമഹിമയുമായി ബന്ധപ്പെട്ടും ഇക്കഥ കേള്‍ക്കുന്നു. പിന്നീട് മാന്ധാതാവിന്റെ മകന്‍ മുചുകുന്ദന്‍ തപസ് ചെയ്ത് മറ്റൊരു ശിവലിംഗം നേടിയെടുത്തതായും തളിപ്പറമ്പില്‍ പ്രതിഷ്ഠ നടത്തിയതായും കഥ നീളുന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗം  അപ്രത്യക്ഷമാവുകയും പില്‍ക്കാലത്ത്  മൂഷികവംശരാജാവ് ശതസോമന്‍ മൂന്നാമത്തെ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നുമാണ് കഥയുടെ ബാക്കി.

ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. കശ്യപന്റെ ശാപത്താല്‍, പിശാചായിത്തീര്‍ന്ന ദാരികന് ഭദ്രകാളി ശാപമോക്ഷം കൊടുത്ത പുണ്യസ്ഥലമായാണ് തളിപ്പറമ്പിനെ ഐതിഹ്യം അടയാളപ്പെടുത്തുന്നത്. ദക്ഷന്റെ യാഗശാലയില്‍ അപമാനിതയായപ്പോള്‍ സ്വയമൊരുക്കിയ അഗ്‌നിവലയത്തില്‍ ദേഹത്യാഗം ചെയ്ത സതിയുടെ അസ്ഥിപഞ്ജര മേന്തി രുദ്രകോപിതനായ ശിവന്‍ സംഹാര താണ്ഡവമാടുകയുണ്ടായി. ശിവന്റെ കോപമണയണമെങ്കില്‍  ശിരസ്സില്‍ നിന്ന് ഭൗതികാവശിഷ്ടം നീക്കം ചെയ്യാതെ വയ്യ. വിഷ്ണു  പ്രത്യക്ഷപ്പെട്ട് ശരം പ്രയോഗിച്ചു. അതേറ്റ്  സതീദേവിയുടെ ഭൗതികാവശിഷ്ടം പതിച്ചത്  തളിപ്പറമ്പിലാണത്രെ. അത്തരത്തില്‍  ഐതിഹ്യപ്പൊലിമകള്‍ കഥയെ നിറം പിടിപ്പിക്കുന്നു.

ചെല്ല(സമ്പത്ത് )ത്തിന്റെ ഊര് ചെല്ലൂര്‍.അക്കാലത്തെ സമ്പത്ത് സൂക്ഷിക്കുന്ന കലവറ (ഇന്നത്തെ ബാങ്ക്) അമ്പലങ്ങളാണല്ലൊ. ശ്രീപരമേശ്വരക്ഷേത്രത്തിന്റെ സ്ഥാനത്താല്‍ ആ ദേശം പെരിഞ്ചെല്ലൂരായി. സ്ഥലനാമം തളിപ്പറമ്പ് ആയി മാറുന്നത്  പിന്നീടാണ്. രാജധാനിയോടടുത്ത് നിര്‍മിക്കുന്ന ക്ഷേത്രങ്ങളെ പൊതുവെ തളി എന്നു വിളിച്ചതായി കാണാം. ബ്രാഹ്‌മണരുടെ 64 ഗ്രാമങ്ങളെ ഏകോപിപ്പിച്ച് അധീശത്വം അരക്കിട്ടുറപ്പിക്കാനുള്ള ഭരണസംവിധാനങ്ങള്‍  രൂപപ്പെടുത്തുന്ന കാലത്ത് പെരുഞ്ചെല്ലൂരെന്നായിരുന്നു തളിപ്പറമ്പിന്റെ പേര്.

Photo A Padmanabhan

ബ്രാഹ്‌മണര്‍ക്കു വേണ്ടി അത്തരം സംവിധാനങ്ങളെ മുന്നോട്ടു നയിക്കാന്‍ നാല് കഴകങ്ങളാക്കി തിരിച്ചപ്പോള്‍ അതിലൊന്ന് പെരിഞ്ചെല്ലൂരാണ്. പിന്നീടത് ഏഴായി വര്‍ധിപ്പിക്കുന്നുണ്ട്. ക്ഷേത്രഭരണ നിര്‍വഹണത്തിനായി ഈ ഏഴു കഴകങ്ങളെ ഉള്‍പ്പെടുത്തി നാല് തളികളാക്കുകയും ഓരോന്നിന്റേയും സ്ഥാനീയരായി തളിയാതിരിമാരെ നിയമിക്കുകയും ചെയ്തു. അന്നത്തെ സുപ്രധാന കേന്ദ്രങ്ങളെന്ന നിലക്ക് തളികളെ തളിയാതിരിമാര്‍ (തലൈയാത്തര്‍ - ആത്തര്‍ എന്നാല്‍ പെരിയവര്‍.) താമസസ്ഥാനങ്ങളാക്കിയതാവാം. തളിയാതിരിമാര്‍ പിന്നീട്  സര്‍വാധികാരികളായി മാറി. തളിയാതിരിമാരുടെ സംഘാടനത്തിനായി നാല് 'കലക്ക'കളേര്‍പ്പെടുത്തി. അതിലൊന്ന് പെരിഞ്ചെല്ലൂര്‍ കലക്ക.

ആസ്ഥാനകോവിലകം പണിതത് പെരിഞ്ചെല്ലൂരിന് അകലെയല്ല. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും, അഞ്ചു കിലോമീറ്റര്‍ തെക്കുകിഴക്കായി ഇന്ന് കരിമ്പം എന്നറിയപ്പെടുന്ന സ്ഥലത്ത് പനക്കാട്  പുഴയുടെ  പടിഞ്ഞാറ് ചേര്‍ന്നാണ് കരിപ്പത്ത് കോവിലകം സ്ഥിതി ചെയ്തിരുന്നത്. മൂഷികന്‍ എന്നര്‍ഥമുള്ള കരുപ്പെ എന്ന  തമിഴ് പദത്തില്‍ നിന്നാവണം ഈ പദം വന്നത്.
കരിമ്പം തോട്ടത്തിലെ  കൂലോം പറമ്പില്‍ (കോലം -കോലത്തിരിയുടെ  ആസ്ഥാനമായിരുന്നല്ലൊ)രാജവംശത്തിന്റെ  കൊട്ടാരാവശിഷ്ടങ്ങളും വലിയ  കല്‍ക്കെട്ട് കിണറും മണിക്കിണര്‍ ഒക്കെ ബാക്കിയുണ്ട്.
ഇപ്പോഴത്തെ കുണ്ടത്തില്‍ കാവ് മുമ്പ് കൂലോംപറമ്പിലായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. കാവില്‍  വലിയ  തായിപരദേവത കെട്ടിയിറങ്ങിയാല്‍, തിരുമുടി പായ്ക്കപ്പലിന്റെ പായയാണെന്നു  സങ്കല്പിച്ച് കടല്‍ക്ഷോഭത്തില്‍ പെട്ട ചലനങ്ങള്‍ സൃഷ്ടിക്കാറുള്ളതും താടിയും ഉറുക്കും  മറ്റും ധരിച്ച വേഷങ്ങളും അതിനുതക്ക ഭാഷകളും അനുബന്ധമായി പ്രദര്‍ശിപ്പിക്കാറുള്ളതും പുരാവൃത്തത്തിലെ മരക്കലമേറി വന്ന ദേവതയുടെ പരിപ്രേക്ഷ്യത്തിലാണ്.

വനപ്രകൃതിയുടെ മായികതയില്‍ വിടര്‍ന്ന പ്രാക്തനാ ഗാഥകളെ പിന്‍പറ്റിയാണ് തൃച്ചംബരം ക്ഷേത്രത്തിന്റെ ഉത്ഭവവും. ശ്രീശംബര മഹര്‍ഷി ഭഗവദ്വിലാസങ്ങള്‍ കാണാന്‍ തപസ്സനുഷ്ഠിച്ച വനഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നും, അതിന്റെ ഓര്‍മമുദ്രയായി തിരുശംബര എന്ന പേരില്‍ നിന്നാണ് തൃച്ചംബരം ക്ഷേത്രത്തിനു ആ പേരു വന്നതെന്നുമാണ് പുരാവൃത്തം. ശ്രീശംബരത്തെ തൃച്ചമ്മരമായും (ചെം + മരം)  സംസ്‌കൃതവല്‍ക്കരിച്ചിട്ടുണ്ട്.

മാന്ധാതാവ് തപസ് ചെയ്ത ഇടമാണ് മാന്ധന്‍ കുന്ന്(ഇന്ന് അറിയപ്പെടുന്നത് ഭ്രാന്തന്‍ കുന്ന് ). ഭ്രാന്തന്‍ കുന്നില്‍ ധ്യാനനിമഗ്‌നനായ ശിവാങ്ങള്‍ ( കൊടുങ്കാടു കൊതിയന്‍) യോഗീശ്വരനും പരിവ്രാജകനും പരമഭാഗവതനുമായ വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിച്ച മഹാനാണ്.പ്രശ്‌നമാര്‍ഗം, ഭദ്രദീപം, യോഗാമൃതം, പ്രപഞ്ചസാരം ഭാഷാ വ്യാഖ്യാനം, ദ്വിശതി തുടങ്ങി ഒട്ടേറെ കൃതികള്‍ സമ്മാനിച്ച മറ്റു  പണ്ഡിതന്മാരും ഈ പരിസരങ്ങളിലുണ്ട്. തൃച്ചംബരത്തിന്റെ സമീപദേശമായ പാലകുളങ്ങര വീരര്‍കാളിത്തോറ്റത്തില്‍ കടന്നു വരുന്നു.പെരുങ്ങായി കയ്മളുടെ ആദിമൂല ദേവതയാണ് വീരര്‍ കാളിയമ്മ.(പുതിയ ഭഗവതി തോറ്റത്തിലും പരാമര്‍ശമുണ്ട്).

''വാക തേച്ച് മയം വരുത്തിക്കൊണ്ടാരല്ലൊ,
മുങ്ങിക്കുളിച്ച് തേവാരക്കല്ലേറി നില്‍ക്കുമ്പോള്‍,
അപ്പോള്‍ പോന്നാന്‍ തൃക്കണ്യാര്‍ പുരം വാഴും എന്‍ പെരുമകനോ,
നീറ്റിലോരെ നിഴല്‍ പോലെ തോന്നിയല്ലവിടാ,
പണ്ടില്ലാത്തൊരാരംഭം വീരപാല്‍ക്കുളങ്ങര ''

''അസ്തമലയും കനകമലയും കൂടിയേടത്ത്
തോന്നുന്നല്ലോ വീരനല്ലരയാലും വീരപാല്‍ക്കുളമോ-
വീരനല്ലരയാക്കീല്‍ പെറ്റു പിറന്ന്
വീരപാല്‍പട്ടരുടെ പൊന്‍മകളായി
പിറന്ന് വളര്‍ന്ന് മൂവാണ്ടില്‍ മുടി പൊലിച്ചാരേ ''

ആദിചേരന്മാരുടെ തലസ്ഥാനങ്ങളുടെ (വഞ്ചി, കരവൂര്‍) പരിസരത്തുമുള്ള ചില സ്ഥലനാമങ്ങള്‍ ശ്രീകണ്ഠപുരത്തിനടുത്തും കാണാം. പടിയൂര്‍,കരവൂര്‍, കോട്ടൂര്‍, വഞ്ചിയം, വഞ്ഞൂര്‍ തുടങ്ങിയവയെല്ലാം അത്തരത്തില്‍ പെടും. കാവേരിയുടെ പോഷകനദി നൊയ്യല്‍ കരയിലും  പടിയൂര്‍ ഉണ്ട്.

കുടകിലെ മറ്റൊരു രാജാവായ വൈതല്‍ക്കോനുമായി ബന്ധപ്പെടുത്തി വൈതല്‍മലയുടെ നാമോല്‍പത്തിയെ പരാമര്‍ശിക്കാറുണ്ട്.ഒരു കാലത്ത് അദ്ദേഹത്തിന്റെ അധികാരത്തിലായിരുന്നത്രെ വൈതല്‍മല. കോ,കോന്‍ എന്നീ പദങ്ങളെല്ലാം അധികാരചിഹ്നം ധരിച്ചവരെയാണ് സൂചിപ്പിക്കുന്നത്. (കോന്‍ എന്നതിന്  പുത്രന്‍ എന്നുമര്‍ഥം).ഗോത്രങ്ങള്‍ തമ്മില്‍ വിരോധത്തിലാവുമ്പോള്‍ അന്യോന്യം ആടുമാടുകളെ മോഷ്ടിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു പണ്ട്. അതിനെ തടയാന്‍ അതിര്‍ത്തിയില്‍ കോല്‍ കൊടുത്ത് ഒരാളെ 'കോന്‍ ' പദവിയില്‍ നിര്‍ത്തും.കോന്‍ നാടിനെ സംരക്ഷിക്കുന്ന ഒരധികാര പദവിയായി പിന്നീടു മാറി.

ചെറുതും വലുതുമായ അധികാരത്തിന്റെ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദങ്ങളാണ് കോ, കോന്‍, കോയി, കോയില്‍ (കോ + ഇല്‍ ,കോവില്‍) തുടങ്ങിയവ. കൊയിലി (ശ്രീകണ്ഠപുരം പുഴയോരത്തെ ഗ്രാമം) യെന്ന ദേശനാമം  ദൈവികമായ അധികാരസ്ഥലമാണ്. കോന്‍ + കാനം എന്നതാവാം കൊങ്കണമായത്(കാനം = കാട്, പുഴ). പരശുരാമന്റെ മാതാവ് രേണുകയുടെ പര്യായമാണ് കൊങ്കണം .
നര്‍മദാ തീരത്ത് പരശുരാമന്‍ ഭരിച്ചിരുന്ന മാഹിഷ് മതി എന്ന രാജ്യത്തെപ്പറ്റി പരാമര്‍ശമുണ്ടല്ലൊ. മാഹിഷ് മതിയെന്നതും രേണുകയുടെ പര്യായമാണ്. അവിടെ നിന്നാണ് ബ്രാഹ്‌മണസമൂഹം കേരളത്തിലേക്ക് കുടിയേറിയത്. ഏഴിമല കേന്ദ്രീകരിച്ചും കൊന്‍കാനമെന്ന നാടുണ്ടായിരുന്നതായി ഇളംകുളം നിരീക്ഷിച്ചിട്ടുണ്ട്.കടല്‍ത്തീരത്തിന്റെ തലവന്‍ എന്നാണ് കൊങ്കണം എന്ന വാക്കിന്റെ ആശയം.

വൈതല്‍മല പൈതല്‍ മല എന്ന പേരിലും അറിയപ്പെടുന്നു. 'വേ  ദല്‍' എന്ന പ്രയോഗസാധ്യതയാണ് 'മലബാര്‍ മാന്വലി'ല്‍ വില്യംലോഗന്‍ ചൂണ്ടിക്കാട്ടുന്നത്. ഏഴു കുടകുമലകളിലേറ്റവും ചെറുതെന്ന അടിസ്ഥാനത്തില്‍ പൂര്‍വകാലത്ത് 'പൈതല്‍ ' എന്ന പേരു വീണതാണെന്നും, അതല്ല, ഉണ്ണികൃഷ്ണാവതാരത്തെ ബന്ധപ്പെടുത്തിയുള്ളതാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് അതേപ്പറ്റിയുള്ളത്.
വൈതല്‍മല ,വഞ്ചിയോന്‍മല, ചാരിക്കുന്ന്, കീഴാര്‍മല, കാട്ടിമല ,കടുവന്‍ മല, കാളിമല എന്നിങ്ങനെ ഏഴുമലകളെ പഴയ തലമുറ പരിചയപ്പെടുത്തുന്നു.

''ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ.. '' കതിവനൂര്‍ വീരനായി മാറിയ മന്ദപ്പന്റെ യാത്രാമൊഴിയിലെ പരാമര്‍ശത്തിലും ഏഴു പര്‍വതങ്ങളുടെ ദൃശ്യം കാണാം.

വായ്‌മൊഴികളായും വരമൊഴികളായും സംരക്ഷിക്കപ്പെട്ട അറിവിന്റേയും  അനുഭൂതികളുടേയും ഭാഷകളുടേയും ചരിത്രം നിരന്തരമായ ജ്ഞാനക്രിയകളിലൂടെയേ സമഗ്രമാവുകയുള്ളു.
കാലാവശേഷിതമായ ജ്ഞാനസാമഗ്രികളും നമുക്ക് അധികമില്ല.

സ്ഥലനാമങ്ങള്‍ പൂര്‍വ സംസ്‌കൃതിയിലേക്കു കടക്കാനുള്ള പാസ് വേര്‍ഡ് കൂടിയാണ്. ഓരോ പ്രദേശത്തിന്റേയും സ്വന, പദ സംസ്‌കാരങ്ങളിലും അടിവേരുകള്‍ ഉണ്ടാകും. മുഖ്യധാരയില്‍ നിന്നു പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ പുരാവൃത്തങ്ങളിലുമുണ്ടാകും ഒളിഞ്ഞു കിടക്കുന്ന ഒരു പാടു ചരിത്ര സത്യങ്ങള്‍.അധിനിവേശ തന്ത്രങ്ങളാല്‍ തകര്‍ക്കപ്പെട്ട സ്വത്വ ഘടനകള്‍ ഭാഷയിലുമുണ്ടാകുമല്ലൊ.

കാവുമ്പായി എന്നത് 'കാവിന്‍വഴി' എന്ന പദത്തിന്റെ ഉച്ചാരണഭാഷാന്തരമാണ്. വഴിയുടെ രൂപഭേദമാണ് 'ബയി'. തുളുഭാഷയുടെ സ്വാധീനം 'ബയി' പ്രയോഗത്തില്‍ വ്യക്തമാണ്.മലവാരം മലബാരം(മലബാര്‍) ആയതിലും ഈ തുളുസ്വാധീനം ഒരു പക്ഷെ ഉണ്ടാകാം. കാവിലേക്കുള്ള വഴിയെന്നു വ്യക്തം. ഈ ദേശത്തേക്കു കടക്കുന്നവര്‍ക്ക് കവാടം തൊട്ടേ കാവുകള്‍ കാണാമെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ആ ഭാവന. ധാരാളം വൃക്ഷങ്ങളുള്ള സ്ഥലത്തെ വിശുദ്ധീകരിച്ചാണ് കാവ് എന്നു പരാമര്‍ശിക്കുന്നത്. തമിഴില്‍ കൂടല്‍ എന്ന അര്‍ഥത്തിലും പ്രയോഗിക്കുന്നു.ആരാധനാ സ്ഥാനമായി അവിടം പരികല്പിക്കപ്പെട്ടു.കോട്ടം, അറ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങള്‍ക്കും ഇതേ പരിപ്രേക്ഷ്യമാണ്.കാവിന് കാട് എന്ന വിസ്തൃതവും നിഗൂഢവുമായ ഒരാശയത്തിന്റെ അടരുണ്ട്.
ചിരന്തനമായൊരു നാടോടികത അലഞ്ഞുതിരിയുന്നതിന്റെ അപൂര്‍വഭാവങ്ങള്‍  വന്യരാശിയില്‍ ലയിച്ചു കിടക്കുന്നുണ്ടെന്നതാണ് ആ നിഗൂഢത.ഗ്രാമഗോത്രം ഒളിപ്പിച്ചുവച്ച ഒരു കടങ്കഥയായോ, പുരാവൃത്തങ്ങളുടെ പവിത്രശോഭയായോ കാവുമ്പായി ശേഷിക്കുന്നു.

തൊഴിലടിസ്ഥാനത്തില്‍  ജനവിഭാഗത്തിന് പേരു വീണതുപോലെ ജനഗണത്തിന്റെ പേര് ദേശത്തിലും പതിഞ്ഞതായി കാണാം.സംഘകൃതിയായ പുറനാനൂറില്‍ മാങ്കുടി കിഴാര്‍ നാല് പോര്‍വിഭാഗങ്ങളെ പരാമര്‍ശിക്കുന്നുണ്ട്.തുടിയര്‍, പാണര്‍, പറൈയര്‍, കടമ്പര്‍. ഇതില്‍ പറൈയര്‍ വസിക്കുന്ന ദിക്കിനെ പറശ്ശിനിയായും തൊട്ടടുത്ത്  കടമ്പരുടെ വാസസ്ഥലത്തെ കടമ്പേരിയായും  കാണാവുന്നതേയുള്ളു. അലഞ്ഞു തിരിഞ്ഞ  പാണരുടെ സങ്കേതങ്ങളായിരിക്കണം കേരളത്തിന്റെ വടക്ക് പാണത്തൂര്‍ തൊട്ട് തെക്ക് പാണക്കുന്നു വരെ. പറശ്ശിനിയെന്ന പേരിനു നിറംചാര്‍ത്തുന്ന കഥകളൊന്നിലേറെയുണ്ട്.

പറച്ചിങ്ങക്കാടുകള്‍ ചെടിച്ചു വളര്‍ന്ന ഒരു ചെളിമ്പ്രദേശമായതിനാലാണ് ആ പേരു വന്നതെന്ന് പറയുന്നതില്‍  അസാംഗത്യമില്ലെങ്കിലും ചരിത്രപരമായ കാരണങ്ങളും തിരയാവുന്നതാണ്.
അതിലൊന്നാണ് കുടകുരാജാവിന്റെ ഊരാളനായി വന്ന് ഈ ദേശത്തിന്റെ മേല്‍ക്കോയ്മ വഹിച്ച പറയന്‍ ചീനിയുടെ കഥ. അയാള്‍ കൊല്ലപ്പെട്ട സ്ഥലം പറശ്ശിനി.ആ പ്രദേശത്ത് വളപട്ടണംപുഴയെ പരുഷ്ണിയെന്നു വിളിച്ചിരുന്നതു കണക്കിലെടുത്താല്‍ പരുഷ്ണി ഉച്ചാരണത്തേയ്മാനത്തിലൂടെ പറശ്ശിനിയായതായി വരാം. പരുഷ്ണി വാവലിന്റെ പര്യായമാണ്. വാവലിപ്പുഴയും പറശ്ശിനിപ്പുഴയും ഒരേ പുഴയുടെ ഭാഗങ്ങളാണല്ലൊ.

മൂഷികരാജാവ് ഈശാനന്‍ രണ്ടാമന്റെ കാലത്ത് കേരള ദേശത്തെ സാമന്തരാജാവായ രഘുപതി ജയരാഗന്‍ കലാപമുണ്ടാക്കിയതായും അതേത്തുടര്‍ന്ന്  ഈശാനന്‍ കേരളദേശം ആക്രമിച്ചതായും ചരിത്രമുണ്ട്. രണ്ടു സൈന്യവും കൊലച്ചേരിയില്‍ ഏറ്റുമുട്ടി. (ഇന്നത്തെ കൊളച്ചേരി). പരുഷ്ണിനദി കടന്നുവന്ന് യുദ്ധം ചെയ്തുവെന്നാണ് ശ്ലോകത്തിലെ വിവരണം .പരുഷ്ണീ നദീതീരത്തുള്ള വാഹിനി ഭരണദേശത്തു വച്ച് രഘുപതിയുമായി യുദ്ധം ചെയ്ത് അദ്ദേഹത്തെ തോല്പിച്ചതായും മൂഷികവംശകാവ്യം പരാമര്‍ശിക്കുന്നു. കൊളച്ചേരിയും പറശ്ശിനിയും ഒരു പുഴയുടെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണല്ലൊ. വളപട്ടണം പുഴയെ പ്രാദേശികമായി അതാത് സ്ഥലത്തിന്റെ പേരിനോട് ചേര്‍ത്താണ്  ഇന്നും പരിചയപ്പെടുത്താറുള്ളതുമാണ്.

പറശ്ശിനിയുടെ നാമം പാര്‍ശ്വനാഥനുമായി ബന്ധപ്പെടുത്തുന്നതിലും  ചരിത്രപരമായ  സാധുതയില്ലാതില്ല. ജൈന - ബുദ്ധമതസ്വാധീനം പ്രകടമാകുന്ന അനേകം സ്ഥലനാമങ്ങള്‍ ശ്രീകണ്ഠപുരത്തിന്റെ പരിസരങ്ങളിലുണ്ട്. ബുദ്ധമതസ്വാധീനത്തെ എടുത്തുകാട്ടുന്ന ഒരു പേരാണ് ഓടത്തുപാലം. ഓടനാടിന് ആ പേരുണ്ടായത് ബുദ്ധമത കേന്ദ്രമായി മാറിയപ്പോഴാണ്. ഒഡ്ഡന്‍ എന്നാല്‍ ബുദ്ധന്‍. ഒഡിയ നാട്ടില്‍ നിന്നു വന്ന ഭിക്ഷുക്കളിലൂടെയാവണം ആ പേര് ഇവിടെയെത്തിയത്. ശ്രീകണ്ഠപുരത്തിന്റെ കിഴക്കന്‍ മലയോരദേശമായ 'മിഡിലാക്കയ'ത്തിന്റെ ആദ്യഭാഗം മിഥിലാ എന്ന വാക്കില്‍ നിന്ന് വന്നതാവാം. ഓണം ആദിമലനാടിന്റെ ആഘോഷ പാരമ്പര്യത്തില്‍ സ്ഥാനം പിടിച്ചതിലും ബുദ്ധസംസ്‌കാരത്തിന്റെ സ്വാധീനം നിരീക്ഷിക്കപ്പെട്ടതാണല്ലൊ. ശ്രവണന്‍, ശ്രവണി  ബുദ്ധഭിക്ഷുക്കളുടെ പേരും ശ്രാവണമാസവുമായുള്ള ബന്ധവും വ്യക്തമാണ്. മഞ്ഞ അവരെ സംബന്ധിച്ച് അനുഷ്ഠാന നിറമാണ്.

മഞ്ഞവര്‍ണം പ്രസരിക്കുന്ന പ്രകൃതിയെ ആണ് മിഥിലാപുരി എന്നു വിളിച്ചത്. മിഡിലാക്കയമെന്ന നാമകരണത്തിനു പിന്നിലും അത്തരമൊരു പ്രകൃതിഛായ വര്‍ത്തിച്ചിട്ടുണ്ടാകാം. മഹാശിലായുഗ കാലത്ത് വയനാടന്‍ കുന്നുകളില്‍ നിന്നും സ്വര്‍ണം കുഴിച്ചെടുത്തിരുന്നതായി അറിയാവുന്നതാണല്ലൊ. അവിടെ നിന്നും ഉത്ഭവിക്കുന്ന പുഴക്ക് പൊന്നാനിയെന്ന പേരു വന്നതും പുഴയില്‍ നിന്ന് സ്വര്‍ണം അരിച്ചെടുത്തിരുന്നതും ബ്രിട്ടീഷ് ഭരണകാലത്തെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹ്യപര്‍വതപ്രദേശത്ത് സ്വര്‍ണം വിളയുന്ന ഒരു മലയുണ്ടായിരുന്നതും അരയം എന്ന തലസ്ഥാനദേശം  കരികാലചോഴന്‍ നശിപ്പിച്ചതും സംഘകൃതിയായ പുറനാനൂര്‍ പരാമര്‍ശിക്കുന്നുണ്ട്.

അരയം എന്ന പേരിനു സാമ്യമുള്ള അരീക്കമല എന്ന സ്ഥലം മിഡിലാക്കയത്തിന് തൊട്ടടുത്ത് തന്നെയുണ്ട്. ജൈനരുടെ ആരാധനാമൂര്‍ത്തി ആദിതീര്‍ഥങ്കരനായ ഋഷഭദേവനാണ്. വാഹനം കാളയാണ്. ജൈനരുടെ ശിവന്‍ തന്നെയാണ് ഋഷഭദേവന്‍. വായ്‌മൊഴിയായി കൈമാറിയ ജൈന ദര്‍ശനങ്ങള്‍ ഗുജറാത്തിലെ വല്ലഭിയില്‍ വച്ചാണ് വരമൊഴിയാക്കിയത്. വല്ലഭിയോടുള്ള ജൈനബന്ധം വളപട്ടണത്തെ വല്ലഭപട്ടണമെന്നു വിളിക്കുന്നതിലേക്കെത്തിച്ചിരിക്കാനുമിടയുണ്ട്.

തമിഴ് പഞ്ചമഹാസാഹിത്യത്തിലെ 'വളയപതി' ഒരു  ജൈന സാഹിത്യകൃതിയാണ്. ആ കൃതിയുടെ ഇതിവൃത്തം ഏതു സാരാംശവുമായി ചേര്‍ന്നു നില്‍ക്കുന്നുവെന്ന് തിരിച്ചറിയാനായിട്ടില്ലെങ്കിലും അതിന്റെ നാമം ഇതിഹാസങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയ വളപട്ടണംപുഴയോടു ചേര്‍ന്നു നില്‍ക്കുന്നു. ജൈനമതസ്ഥാപകനായ വര്‍ധമാന മഹാവീരന്‍ തീര്‍ഥങ്കരന്മാരില്‍ ഇരുപത്തിനാലാമനാണ്. മഹാവീരന്റ ലാഞ്ഛനം സിംഹമാണ് (ചിങ്ങം). ചിങ്ങത്തില്‍ നിന്നാണ് ചെങ്ങളായി തുടങ്ങിയ നാമങ്ങളുടെ ഉല്‍പത്തി.

വൃക്ഷം ശാലമാണ്‌ (സാലം=മാവ്). മാവിലായി, മാക്കൂട്ടം, മാവുംചാല്‍, മാവിച്ചേരി തുടങ്ങി ഒട്ടേറെയുണ്ട് ഇവിടെ അത്തരം സ്ഥലനാമങ്ങള്‍. യക്ഷന്‍ മാതംഗനാണ്. മാതമംഗലം തുടങ്ങി ദേശനാമങ്ങള്‍ കാണാം. യക്ഷി  സിദ്ധായിക. കുടകിലെ സിദ്ധാപൂരും മറ്റും ആ പേരു ധ്വനിപ്പിക്കുന്നു. സിദ്ധായികയുടെ അവതാരമായിട്ടാണ്  'ചിലപ്പതികാര 'ത്തിലെ നായിക കണ്ണകിയെ കല്പിക്കുന്നത്. കഥാപാത്രത്തെ മാവിനോടായിരുന്നു ബന്ധിച്ചത്.

മരുതന്‍ ഇളനാഗന്‍ പാടിയത്: ''ഒരു മുലൈയറുത്ത തിരുമാവുണ്ണി '' യെന്നാണ്. മാവ് അതില്‍ തിരുവൃക്ഷമാണ്. 'കണ്ണകി'യുടെ ഇതിവൃത്തത്തിന്റെ പ്രധാനമായ ഒരു  സഞ്ചാരപഥം കുന്നത്തൂര്‍ ആണല്ലൊ.
കുന്നത്തൂര്‍പാടി അതിപുരാതനമായ പ്രാക്തന സങ്കേതമാണ്. തീര്‍ഥങ്കരന്‍ പുണ്യസ്‌നാനത്തിന്റെ  തീര്‍ഥത്തെയാണ് ഉള്‍ക്കൊള്ളുന്നത്. തീര്‍ഥത്തിന് കടവ് എന്നും അര്‍ഥം കല്പിക്കുന്നു. ജീവിതമാകുന്ന കടവു കടത്തി മോക്ഷം കൊടുക്കുന്നവനെന്ന പൊരുളാണ് തീര്‍ഥങ്കരന്‍ എന്ന വിശേഷണത്തിനുള്ളത്. മോക്ഷത്തിലേക്കുള്ള കടവാണ് പാര്‍ശ്വനാഥന്‍. പറശ്ശിനിക്കടവ് എന്ന പ്രയോഗത്തിന്റെ യഥാര്‍ഥ ആശയം മറ്റൊന്നല്ല.

ഇരുപത്തിമൂന്നാമത്തെ തീര്‍ഥങ്കരനാണ് പാര്‍ശ്വനാഥന്‍ (ബി.സി. 794- 706). ഈ തീര്‍ഥങ്കരന്റെ ലാഞ്ഛനം പത്തിയുള്ള പാമ്പാണ്. പാമ്പില്‍ നിന്നാണ് പാമ്പിനിശ്ശേരിയെന്ന പേരുണ്ടായത്;പിന്നെയത്  പാപ്പിനിശ്ശേരിയുമായി. തീര്‍ഥങ്കരന്റെ വൃക്ഷം ധാതകി (താതിരി)യും യക്ഷന്‍ പാര്‍ശ്വ യക്ഷനും യക്ഷി പത്മാവതിയുമാണ്. പ്രാചീനരാജധാനി 'വഞ്ചി'യുടെ അപരനാമം പത്മാവതിയെന്നാണ്.
പാര്‍ശ്വനാഥന് 'പുരിസാദാണീയ 'എന്ന ബിരുദമുണ്ട്. ജനതയുടെ കണ്ണിലുണ്ണിയെന്നര്‍ഥം.'പുരി'യില്‍ നിന്നാണ് 'പുര'മുണ്ടായത്. ദേശത്തിന്റെ കണ്ണാണ് തലസ്ഥാനം. ശ്രീകണ്ഠപുരം എന്ന രാജകീയനാമം ഉടലെടുത്തതിലും ജൈന സംസ്‌കൃതിയുണ്ടെന്നു പറയാം. ''കാളകൂടാഭരണജം ശ്രീശോഭാ കണ്‌ഠേ അസ്യേതി ശ്രീകണ്ഠ: '' (കാളകൂട വിഷത്തിന്റെ ശോഭ കണ്ഠത്തിലുള്ളവന്‍ -ശിവന്‍)

ശ്രീകണ്ഠപുരമെന്ന നാമത്തിന്റെ ആദിമോല്‍പത്തി പരമശിവനുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിമലനാടിന്റെ ആധാരകേന്ദ്രം. വിശ്വവാണിജ്യ ശക്തികളെ വശീകരിച്ച വനസമ്പത്തുകളുടെ പറുദീസ. കുരുമുളക്, തേക്ക്  തുടങ്ങി വിശ്വസുഗന്ധം പരത്തിയ രാജകീയ സസ്യം ചന്ദനം വരെ. ലോകപ്രശസ്തമായ ചന്ദനവ്യാപാര കേന്ദ്രങ്ങളിലൊന്ന് മൈസൂര്‍ ആണല്ലൊ. ചന്ദനക്കാംപാറയെന്ന പേരിലുള്ള മലയോര ദേശം ശ്രീകണ്ഠപുരത്തിനടുത്തു തന്നെയുണ്ട്. ആഗോളവാണിജ്യ ശക്തികളേയും സാമ്രാജ്യാധിപതികളേയും ആകര്‍ഷിച്ച സുഗന്ധചന്ദനത്തിന്റെ ദിവ്യവിഹാരമാണ് ശ്രീകണ്ഠപുരം ആസ്ഥാനമായ ആദിമലനാട്. ചന്ദനത്തിന്റെ  സംസ്‌കൃതം ശ്രീഖണ്ഡയെന്നാണ്. ശ്രീഖണ്ഡപുരം തന്നെയാണ് ശ്രീകണ്ഠപുരം.

'ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights : kerala history a padmanabhan part 14