ക്രി.മു. 4000 തൊട്ടുള്ള മാനവ സംസ്‌കാരപരിണാമത്തിന് ശ്രീകണ്ഠപുരത്തിന്റെ പരിസരഭൂപടത്തില്‍ വേരുകളുണ്ട്. ചരിത്രാന്വേഷണ രീതികളും സാമഗ്രികളും സമഗ്രമായി പ്രയോഗിക്കപ്പെടുകയാണെങ്കില്‍ ബൃഹത്തായ ആ ചരിത്രം ഖനനം ചെയ്യാന്‍ സാധിക്കും. അതിനിയും ഉണ്ടായിട്ടില്ല. ശാസ്ത്രീയമായ ദിശയില്‍ പഠനം മുന്നോട്ടുവന്നതേയില്ല; പുരാവസ്തുപഠനങ്ങള്‍ക്കും എപ്പിഗ്രാഫിക് പഠനങ്ങള്‍ക്കും ന്യൂമിസ്മാറ്റിക് (നാണയം) പഠനങ്ങള്‍ക്കും സാധ്യതയുണ്ടായിട്ടും.

പ്രാചീന ഗോത്രങ്ങളുടെ ഏടുകള്‍, മൂലദ്രാവിഡ ഭാഷകളുടെ ഉല്‍പത്തികള്‍, ശിലാപഠനങ്ങള്‍, അനുഷ്ഠാന കലകള്‍, ക്ഷേത്രശില്പ ശേഷിപ്പുകള്‍, കാവുപുരാവൃത്തങ്ങള്‍, ശവസംസ്‌കാര അവശിഷ്ടങ്ങള്‍, മഹാശിലായുഗചിഹ്നങ്ങള്‍, പ്രകൃത്യാരാധനാ മുദ്രകള്‍...തുടങ്ങി അത്യന്തം വിലപ്പെട്ട പശ്ചാത്തല സ്മാരകങ്ങളാല്‍ സമൃദ്ധമാണ് ഈ പരിസരം. ഒരു പക്ഷെ, എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷമേ വല്ലതും 
രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമേ ചരിത്രസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെട്ടതുമുള്ളൂ.

പശ്ചിമഘട്ടങ്ങളുടെ കിഴക്കന്‍ മലനിരകളില്‍ ഉണ്ടായിരുന്ന ഗുഹാ ജീവിതങ്ങളുടെ പ്രാചീനഅടരുകള്‍ അത്രയേറെ പ്രാധാന്യമുള്ളവയാണ്. ഈ പരിഗണനയിലാണ് പിന്നീടവ ജൈന-ബുദ്ധ സങ്കേതങ്ങളായി പരിണമിച്ചത്. എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രബലമായ അവശേഷിപ്പാണ്. ഒരു ഗുഹയില്‍ മാത്രം രൂപപ്പെടുന്നതായിരിക്കില്ല ഈ പുരാപ്രക്രിയ. മലബാറില്‍ മാത്രം 160ഗുഹകള്‍ ഉള്ളതായി 
ആര്‍.സെവല്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പ്രീ- ഹിസ്റ്റോറിക് ആന്റിക്വാറിയന്‍ റിമൈന്‍ഡ്‌സ് ഇന്‍ ദി പ്രസിഡന്‍സി ഓഫ് മദ്രാസ്)

ഈ ദേശപംക്തിയുടെ യഥാര്‍ഥ പ്രാചീനതയെ അതിന്റെ പരപ്പില്‍ പഠിച്ചെടുക്കാന്‍ ഏറ്റവും മികച്ച മാതൃക എടക്കല്‍ ഗുഹാലിഖിതങ്ങള്‍ തന്നെയാണ്. നമ്മുടെ സംസ്‌കൃതിയുടെ വളരെ പ്രാചീനമായ ബീജവാഹിനിയും കേരളത്തിന്റെ എഴുത്തുസംസ്‌കാരത്തിന്റെ ആദിമ ഉറവിടവുമാണത്.

1894-ല്‍ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഫ്രെഡ് ഫോസെറ്റ് കണ്ടെടുത്ത കന്മഴുവാണ് എടക്കല്‍ ഗുഹാലോകത്തേക്കുള്ള അന്വേഷണത്തിന്റെ വഴികാട്ടി. 1901-ല്‍ ഇന്ത്യാ ആന്റിക്വറി എന്ന പത്രികയുടെ മുപ്പതാം വാള്യത്തില്‍ ഫോസെറ്റ് എടക്കല്‍ ഗുഹാ ചിത്രങ്ങളെക്കുറിച്ച് 'നോട്ട്‌സ് ഓണ്‍ ദി റോക്ക് കാര്‍വിംഗ്‌സ്  ഇന്‍ ദി എടക്കല്‍ കേവ്, വയനാട്' എന്ന ലേഖനമെഴുതിയപ്പോഴാണ് ലോകമറിഞ്ഞത്. അതിനുമെത്രയോ മുമ്പേ ആദിവാസികള്‍ക്ക് സുപരിചിതമായ ഇടമാണിത്. മാത്രമല്ല, എടക്കല്‍മലയില്‍ അവരുടെ ആരാധനാ കേന്ദ്രമുണ്ടായിരുന്നതിനെപ്പറ്റിയും ഫോസെറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചുമരില്‍ കോറിവരഞ്ഞ ചിത്രങ്ങളെ ആള്‍രൂപങ്ങളായും മൃഗങ്ങളായും വണ്ടിചക്രങ്ങളായും  സ്വസ്തിക -വൃത്തം-കുരിശ് ചിഹ്നങ്ങളായും വായിക്കപ്പെട്ടു. അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവയും കോറിവരഞ്ഞതില്‍ കാണാനുണ്ട്. ചിലതൊക്കെ തേഞ്ഞുമാഞ്ഞുപോയി.സ്ത്രീയും പുരുഷനും രൂപങ്ങളിലുണ്ട്. ചതുരത്തലയുള്ള മനുഷ്യരൂപങ്ങള്‍.ചില രൂപങ്ങള്‍ക്ക് പാദത്തോളം നീണ്ട കൈ, ഉയര്‍ന്ന മുടിയും ശിരോലങ്കാരങ്ങളും. അമ്പേന്തി നില്‍ക്കുന്നവര്‍, നായാട്ടുനായയുടെ ചിത്രം, നൃത്തരൂപങ്ങള്‍...

ഒരു സ്ത്രീയുടേയും പുരുഷന്റേയും ലൈംഗികാവയവങ്ങളെ ബന്ധിപ്പിക്കുന്ന രേഖ- ഇതൊരനുഷ്ഠാന വേദിയായിരുന്നെന്ന അഭിപ്രായം ഇ.ഒ.ടില്‍നര്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്) ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ പങ്കുവച്ചിരുന്നു. ഈ ഗുഹയുടെ അനുഷ്ഠാനപരമായ പ്രാധാന്യത്തെ ഒ.കെ.ജോണി വിശദമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വയനാടന്‍ ചെട്ടിമാര്‍ തീര്‍ഥാടനം നടത്തിയിരുന്ന ഒരു മുടിയാമ്പിള്ളി ക്ഷേത്രം (മുടിയന്‍ പുലി ഭഗവതി ക്ഷേത്രം) മലമുകളില്‍ ഉണ്ടായിരുന്നു. മലയുടെ താഴ്‌വരയില്‍ മുളളക്കുറുമരുടെ മുടിയാമ്പിള്ളി ക്ഷേത്രം ഇപ്പോഴുമുണ്ട്. പുലികളുടേയും മറ്റും ദ്രോഹങ്ങളില്‍ നിന്ന് രക്ഷ തേടി നരിക്കൂത്ത് തുടങ്ങിയ അനുഷ്ഠാനങ്ങളും പിന്തുടര്‍ന്നിരുന്നു.

ഗുഹയുടെ ഇരുഭിത്തിയിലുമായി ശേഷിച്ച ലിപികളുടെ (71 ബ്രാഹ്‌മിയക്ഷരങ്ങള്‍, ഒരുവട്ടെഴുത്ത് അക്ഷരം, 2 കന്നഡ അക്ഷരം എന്നിവയാണ് വായനാ സാധ്യമായവ. അതല്ലാത്ത അക്ഷര ലിഖിതങ്ങളും പ്രതലത്തിലുണ്ട്.) രഹസ്യങ്ങള്‍ അന്വേഷിക്കാന്‍ ഫോസെറ്റിനു ശേഷം ഒട്ടേറെ ഗവേഷണങ്ങളുണ്ടായി. ആഭരണങ്ങളുംതലപ്പാവും ആയുധവും ധരിച്ച കോലത്തെ രാജരൂപമായും ഗോത്രത്തലവനായുമൊക്കെ ചിലര്‍ തിരിച്ചറിയുന്നു.കൂടാതെ ആന, നായ, ചക്രവണ്ടികളും ചിത്രങ്ങളില്‍ ആരോപിക്കപ്പെട്ടു. മുപ്പതിലേറെ  മനുഷ്യരൂപങ്ങളും പതിനഞ്ചിലേറെ മൃഗരൂപങ്ങളും ഭിത്തിയിലുണ്ട്. ചിത്രങ്ങളും ലിഖിതങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടതുമല്ല.

എഴുത്തിനേക്കാള്‍ വളരെ പഴക്കവും ഭാവനാപരമായ ആഴവും ചിത്രങ്ങള്‍ക്കുണ്ട്. ജ്യാമിതീയ രൂപങ്ങളുടെ സൂക്ഷ്മത കൊണ്ട് യാഥാര്‍ഥ്യത്തിന്റെ സങ്കീര്‍ണത വ്യാഖ്യാനിക്കാന്‍ ഈ ചിത്രകല  ശേഷി കാട്ടുന്നു. ചുമര്‍ചിത്രകലയുടെ തുടക്കത്തിലല്ല എടക്കല്‍ വരകളുടെ സ്ഥാനമെന്ന് വ്യക്തമാണ്. നവശിലായുഗത്തിന്റെ പൂര്‍വഘട്ടത്തിലാണ്, ബി.സി. ഏഴായിരത്തിനും ആറായിരത്തിനുമിടയിലാണ് ഇതിന്റെ കാലനിര്‍ണയം കേസരി നടത്തുന്നത്. സ്വസ്തിക മുതലായ ചിഹ്നങ്ങളില്‍ അഞ്ചെണ്ണത്തിന് ബി.സി. 2500നു മുമ്പുള്ള മോഹഞ്ജദാരോ ചിത്രലിപികളോടുള്ള സാമ്യം ഫോസെറ്റ് കണ്ടെത്തുന്നു. എന്നാലിത് മോഹഞ്ജദാരോ ചിത്രലിപികളെപ്പോലെയുള്ള ലിപികളല്ലെന്നും കേവലം നിഗൂഢവും മതപരവുമായ ചിഹ്നങ്ങളാണെന്നുമുള്ള അഭിപ്രായമാണ് കേസരിക്ക്. (1938, മാതൃഭൂമി വിശേഷാല്‍ പ്രതി).

ചിത്രലിഖിതങ്ങള്‍ നായാട്ടു പോലെയുള്ള ഏതെങ്കിലും കര്‍മപരിപാടിയുടെ റിഹേഴ്‌സലായി കാണാനാവില്ല. നീന്തല്‍ പോലെ റിഹേഴ്‌സലിന് ഇടമില്ലാത്ത ഒരു കൃത്യമാണ് അന്നത്തെ ഉപജീവന രീതികള്‍. നേരിട്ടു വെള്ളത്തിലിറങ്ങലാണ് നീന്തലിന്റെ തുടക്കം. ഗുഹാവരകളുടെ പിന്നിലും ചിത്രകലയുടെ ബൗദ്ധിക വളര്‍ച്ച അന്വേഷിക്കുന്നത് അനാവശ്യമാണ്. ശിശുക്കള്‍ ആദ്യം ചെയ്യുന്ന കലാദൗത്യം വരയാണ്. അതിനെ കലയെന്നു വിശേഷിപ്പിക്കാനാവില്ല. ഏതിനേയും കീഴ്‌പ്പെടുത്തലാണ് ഉന്നം. നക്ഷത്രങ്ങളിലേക്കെന്ന പോലെ വിദൂരങ്ങളിലേക്കുള്ള യാത്രാസങ്കല്പങ്ങളാണ് വരകളും മറ്റും. അതില്‍ ദൃശ്യങ്ങളുടെ അതിര്‍ത്തി കടക്കുമ്പോള്‍ അദൃശ്യങ്ങളും ദുരൂഹതകളും മാന്ത്രികപ്രരൂപങ്ങളും കലരും. അമൂര്‍ത്തമായി (അബ്‌സ്ട്രാക്റ്റ്) ആയി മാറും. ആദിമ മനുഷ്യന്റെ ഉപബോധതലങ്ങളില്‍ പ്രതിഫലിക്കുന്ന അവ്യക്തയാഥാര്‍ഥ്യമായി ഈ ചിത്രരൂപങ്ങളെ നിരീക്ഷിക്കാവുന്നതാണ്. ദൈവത്തിന്റെ അദൃശ്യതയെ തെയ്യക്കോലമായി അണിയിച്ചൊരുക്കുന്നതിലെ നിഗൂഢത ഈ ചുമര്‍കലയിലും പ്രകടമാണ്. അമൂര്‍ത്തതയുടെ പരിപ്രേക്ഷ്യത്തെ കലയില്‍ വെളിപ്പെടുത്താനുള്ള മായികത ഇവിടെ വര്‍ത്തിച്ചിട്ടുണ്ട്.

ജ്യാമിതീയ രൂപങ്ങളെ സംയോജിപ്പിച്ചു കൊണ്ട് വാസ്തു ദൃശ്യങ്ങളെ ദ്യോതിപ്പിക്കുന്ന സൃഷ്ടിപരമായ സങ്കേതാത്മകത തെളിഞ്ഞു കാണാം. സൂര്യചന്ദ്രന്മാരെ മനുഷ്യബിംബങ്ങളാക്കി സമൂര്‍ത്തീകരിക്കുന്ന കല, കേവലമായ കലയെന്നതിനപ്പുറം പ്രാക്തനമായ അനുഷ്ഠാനഘടനയായി മാറുന്നു. പ്രകൃതിയുടെ ഗണിതഭാഷ തന്നെയാണ് ഈ കലയുടെ ശൈലി. വരച്ചിടുന്നത് മൃഗചിത്രങ്ങളാവണമെന്നില്ല. നക്ഷത്രദൃശ്യങ്ങളെ കൂട്ടിയോജിപ്പിച്ച് എത്രയോ ജൈവശരീരങ്ങളെ നിര്‍മിക്കുന്ന ഭാവനാക്രിയയാണ് ഈ കലയുടെ ഉറവിടം.

വണ്ടിച്ചക്രങ്ങള്‍ വരച്ചിടേണ്ടുന്ന പാഴ്‌വേലക്ക് അനുഷ്ഠാനസന്ധാരകരായ ചിത്രകാരന്മാര്‍ തുനിയില്ല. അവര്‍ വരച്ചിട്ടത് ഒരേ ചക്രങ്ങളല്ല, ആരക്കാലുകളും വ്യാസരേഖാഖണ്ഡങ്ങളും വൃത്തഖണ്ഡാംശങ്ങളും എണ്ണത്തില്‍ വ്യത്യാസമുള്ള ചക്രരൂപങ്ങളാണ്. കാലചക്രത്തിന്റെ വിഭജനങ്ങള്‍ അതില്‍ കാണാന്‍ കഴിയും. ത്രിഭുജശ്രേണികള്‍ വിന്യസിച്ചുള്ള ചിത്രണങ്ങളും ധാരാളമുണ്ട്. ഈ കലാകാരന്മാര്‍ എടക്കല്‍ മലയുടെ സമീപം താമസിക്കുന്ന മുള്ളുക്കുറുമ്പരുടെ പൂര്‍വികരാവാമെന്ന വിശ്വാസം ഫോസെറ്റ് പ്രകടിപ്പിച്ചിരുന്നു.

പ്രാചീന ഇന്ത്യയില്‍ പാര്‍ത്തിരുന്ന ആസ്ത്രലോ വേടര്‍ നരവംശത്തില്‍ പെട്ടവരാണിവര്‍. കേരളത്തിലെ മലവേടര്‍, മുളളക്കുറുമര്‍, ചെറുമന്‍ എന്നിവരും ഗോണ്ഡുകള്‍, മുണ്ടര്‍, ഹോസ് വിഭാഗക്കാരും ഈ വംശത്തില്‍ വരുന്നവരാണ്.

ബി.സി. മൂന്നാം നൂറ്റാണ്ടിന്റെ കാലപരിസരമാണ് ഈ ബ്രാഹ്‌മി ലിഖിതത്തിനുള്ളതെന്ന് പ്രൊഫ:ബ്യൂളര്‍ നിരീക്ഷിക്കുന്നു. അശോകലിപിയുടെ അവാന്തര രൂപമാണിതെന്ന് പ്രൊഫ: ലിഗറിയും അഭിപ്രായപ്പെട്ടു. കേരളീയരുടെ എഴുത്തിന്റെ ചരിത്രം അവിടെ ആരംഭിച്ചതായുംവിലയിരുത്തപ്പെടുന്നു. നിരീക്ഷിച്ചറിഞ്ഞ ഉള്ളടക്കത്തെ പരിഗണിച്ചാല്‍ ബുദ്ധമത പ്രചാരകരായ സംഘമാണ് ശിലാലിഖിതങ്ങള്‍ക്കു പിന്നിലെ കരങ്ങളെന്ന് വിലയിരുത്തിയാലും ആ ഭാഷ തിരിച്ചറിയുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഈ സന്ദേശം പരസ്യപ്പെടുത്താന്‍ ആരും തുനിയുകയുള്ളുവെന്നു കാണണം. അതായത് എഴുത്തിന്റെ ആരംഭമേയല്ല ഒട്ടേറെ പഴകിക്കഴിഞ്ഞതാണ് ആ സന്ദര്‍ഭം.

കൊത്തുപണികള്‍ക്കുശേഷം സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാണ് (ഏകദേശം 6000 വര്‍ഷം) ശിലാലിഖിതങ്ങളിലൊന്ന് കൊത്തപ്പെട്ടതെന്നും കേസരി പ്രസ്താവിക്കുന്നു. പിന്നേയും 500 വര്‍ഷം കഴിഞ്ഞാണ് തെക്കേ ചുമരിലെ ലിഖിതം ഉണ്ടായത്. ആദ്യമെഴുതപ്പെട്ട ലിപി 'കേവ്' എന്നു പേരിടപ്പെട്ട പ്രാചീന ബ്രാഹ്‌മി ലിപിയാണെന്നു നിരീക്ഷിച്ച കേസരി ഒരു ലിഖിതം 'സകമുനേവേരകോവ ഹു ദാനം '
എന്നു വായിക്കുകയും ചെയ്തു. അതിന് അര്‍ഥവും വ്യാഖ്യാനിച്ചു:'ശാക്യമുനി (ബുദ്ധന്റെ)യുടെ ഒവരകള്‍ പലതു ദാനം ചെയ്തു'.

Edakkal cave
എടക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍

ബി.സി. രണ്ടാം ശതകത്തില്‍ ഈ ദേശങ്ങള്‍ക്ക് ബുദ്ധമത സന്ദേശങ്ങള്‍ പ്രചരിച്ചതിന്റെ  തീവ്രപശ്ചാത്തലമുണ്ട്. അക്കാലത്ത് ശാക്യമുനിയുടെ ഒവരകള്‍ (ആരാധനക്കുള്ള ഗുഹകള്‍) ദാനം ചെയ്യപ്പെട്ടിരുന്നുവത്രെ. അതിയമാന്‍ നാടിന്റെ രാജാവ് അതിയന്‍ നെടുമന്‍ അഞ്ചി മലയമാനാട് രാജാവായ മലയമാനെ തോല്പിച്ച് കോവിലൂര്‍ പിടിച്ചടക്കിയതിന്റെ സ്മരണാര്‍ഥം ഗുഹ നിര്‍മിച്ച് ഒരു ജൈന സന്ന്യാസിക്ക് ദാനം ചെയ്തതായി ഗുഹാലിഖിതമുണ്ട്. ഗുഹാലിഖിതങ്ങളില്‍ ബുദ്ധമത സന്ദേശങ്ങള്‍ കൊത്തിവയ്ക്കാന്‍ സ്വീകരിക്കുന്ന ഭാഷ പ്രധാനമാണ്. അന്യദേശത്തു നിന്നെത്തുന്ന മത മിഷണറിമാരുടെ ഭാഷ പ്രാദേശിക ഭാഷയുമായി  വിനിമയം സാധിക്കുന്നുണ്ടെങ്കിലേ ആ എഴുത്ത് ഫലപ്രദമാകൂ. അതുണ്ടാവുന്നുവെങ്കില്‍, ഭാഷാപരമായ ഐക്യം വ്യാപിക്കാന്‍ മാത്രം,അതിനുമെത്രയോ മുമ്പേ ജനപദങ്ങളുടെ കൂടിച്ചേരലുകള്‍ നടന്നിട്ടുണ്ടാവണം. അതല്ലെങ്കില്‍ പൊതുവായ ഒരാദി ഭാഷയില്‍ നിന്ന് ഉറവെടുത്തതാവണം ലിഖിതം കൊത്തിയവരുടേയും തദ്ദേശീയരുടേയും ഭാഷ.
അതല്ലെങ്കില്‍ ബുദ്ധമതം നേരത്തേ സ്വീകരിച്ചു കഴിഞ്ഞ തദ്ദേശീയര്‍ തന്നെയാവണം ചുമരെഴുത്തു നടത്തിയതും.

ടി.പവിത്രന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് ബൂസ് ട്രോഫെഡന്‍ ലിഖിത ശൈലിയിലാണ് ഈ എഴുത്തെന്നാണ്. ആദ്യവരി ഇടത്തുനിന്നു വലത്തോട്ടും രണ്ടാം വരി വലത്തു നിന്നും ഇടത്തോട്ടും മൂന്നാം വരി വീണ്ടും ഇടത്തു നിന്നും വലത്തോട്ടുമാണ് ആ ശൈലി പിന്തുടരുന്നത്. ഇത് ആശയത്തിന്റെ ക്രമം മുറിയാതെയുള്ള പ്രാചീനഎഴുത്തുസമ്പ്രദായമാണ്. മുറിയാത്ത രേഖാചലനത്തിലൂടെ ഒരാശയത്തെ ആവിഷ്‌കരിക്കുന്ന രീതി. ഈ ശൈലി എടക്കലിനു പുറമെ ആന്ധ്രയിലെ കര്‍ണവ് ജില്ലയില്‍ യെരഗുഡിയിലെ അശോകശാസനത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. ബി.സി. 500 വരെ ഗ്രീക്കില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈലിയാണിത്.

തെക്കേ ചുമരിലെ മൂന്നുവരികള്‍ക്ക് കുഷാന ബ്രാഹ്‌മി, ഭട്ടി പ്രോളോ ബ്രാഹ്‌മി എന്നിവയൊക്കെ കലര്‍ന്ന ലിപി ശൈലിയാണെന്നും 'എഴുത്തിടങ്ങളി'ല്‍ ടി.പവിത്രന്‍ വിശദീകരിക്കുന്നു. ഈ ചുമര്‍സന്ദേശത്തിന്റെ ബുദ്ധമത ബന്ധത്തെയാണ് അദ്ദേഹവും എടുത്തുകാട്ടുന്നത്.

വടക്കേച്ചുമരിലെ അഞ്ചാം വരി കണ്ടെത്തിയ സ്വാമിനാഥന്‍ 'കുടുമ്മി പുതചേര' എന്നു വായിച്ചു -കുടുമിപുത്രനായ ചേരന്‍. തമിഴ്- ബ്രാഹ്‌മി ലിപിയാണ്. 'കടുമ മിപുതചര' (ധീരനായ ചേരപുത്രന്‍)എന്നാണ് ഐ.മഹാദേവന്‍ വായിച്ചത്. ആറുവരികളേയും ചേര്‍ത്തുവച്ചാണ് ടി.പവിത്രന്‍ നിഗമനം നടത്തിയത്: 'ബിന/ശ്‌നികജ / ശബരേ /.. / കടുമ മിപുതചര/സുത' എന്നെഴുതിയത്
ബിനശ്‌നിക യശബര (സംസ്‌കൃതത്തില്‍ -വിനശ്‌നിഹ യശബലേ) എന്നാണെന്നും മൃഗങ്ങളെ  കൊന്നൊടുക്കുന്നതിനെ ഇല്ലാതാക്കുന്നവന്‍ യശസ്സിന്റെ ബലമുള്ളവനായിത്തീരുമെന്ന ബുദ്ധ തത്വമാണിതെന്നുമാണ് അദ്ദേഹത്തിന്റെ തീര്‍പ്പ്.

അദ്ദേഹം 'കടുമമി ബുധചര സുത' എന്ന മട്ടില്‍ വാക്യം ഘടിപ്പിച്ചുകൊണ്ട് 'തീക്ഷ്ണമായ, വിശേഷമായ, ബുദ്ധമാര്‍ഗത്തില്‍ മകനെ അയച്ച' എന്ന മട്ടില്‍ സാരം പൂര്‍ത്തിയാക്കുന്നു.

തെക്കേ ചുമരില്‍ മൂന്നു വരിയിലായി അമ്പത്തിമൂന്ന് അക്ഷരങ്ങളാണുള്ളത്.
ഒന്നാം വരി:
പലം പുഥലഷവയുഥു
വേടോം കേ മാഗപ 
കചംചവമക വചഹ ഇബഹ്‌മേ

(ഇതിന്റെ ആദ്യഭാഗം ഡോ: ഹുള്‍ട്ഷ് വായിച്ചത്: 'പല് പുലിതാനന്തകാരി കോപുതിവീര'.

രണ്ടാം ഭാഗം 'വേട് കോപണാകചം നന്നു ചത്തി ' എന്നു വായിച്ച കേസരി രണ്ടു ഭാഗങ്ങളേയും ചേര്‍ത്ത് വിശദീകരിച്ചത്:
'പല പുലികളെ കൊന്നൊടുക്കിയ വേട് കോവനായ നാഗവംശജന്‍ നന്നു ശക്തി' എന്നാണ്. വേട് കോവന്‍, നന്നന്‍ എന്നതൊക്കെ  പ്രാചീന ഗ്രാമോദ്യോഗസ്ഥ പദവികളാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
'വേട് കോ മാനകചന്റു അത്തി, എന്നു ഡോ: എം.ആര്‍.രാഘവവാര്യര്‍.
'പല് പുലി തത്ത കാരി വേന്‍ കോ മലൈ കച്ചവനു ചത്തി '
എന്ന് ഐ.മഹാദേവന്‍.

'വേങ്കോ മലയിലെ കശ്യപനു ശക്തി'യെന്നാണ് അദ്ദേഹം അതിനു നല്‍കുന്ന അര്‍ഥവും. പല് പുലി സ്ഥലനാമമായിരിക്കാമെന്നും അഭിപ്രായപ്പെടുന്നു.
മഹാദേവന്റെ വായനയിലെ 'വേങ്കോ മല' എടക്കലിന്റെ പഴയ പേരായിരിക്കുമോയെന്ന സംശയം പ്രകടിപ്പിച്ചവരുണ്ട്. വേങ്കോ രാഷ്ട്രം എന്നത് പല്ലവരാജാവ് സിംഹവര്‍മന്റെ മംഗലൂര്‍ ഫലകത്തില്‍ പരാമര്‍ശിക്കപ്പെട്ടതാണ്.)

പരാമര്‍ശിക്കപ്പെട്ട നന്നുശക്തി മൂഷിക വംശസ്ഥാപകന്‍ നന്ദന്റെ പുത്രന്‍ നന്നുചത്തിയാണെന്ന നിരീക്ഷണവുമുണ്ട്. ചോളരുടെ കുലചിഹ്നം പുലിയാണ്. ചോളരെ യുദ്ധത്തില്‍ കീഴടക്കിയതിന്റെ പ്രതീകവാക്യമായും ഈ പ്രസ്താവനയെ കാണുന്നത് അസ്ഥാനത്തല്ല.

രണ്ടാം വരി:
ഘ്ഘ ഖഥ്ണുഥ്‌ലോ കൈ വമ്മി ക് ലാരനാടുഖ്മ്ഘയമഹാഖഹരപമിപഥ്മഖഖചു
('ശ്രീ വിഷ്ണുവര്‍മന: കുടുംബിയ കുലവര്‍ധനസ്യലിഖിതം' - ഡോ: ഹുള്‍ട്ഷ്.

ബൂസ്‌ട്രോ ഫെഡന്‍ ശൈലി പ്രകാരം രണ്ടാമത്തെ വരി വലത്തുനിന്നു ഇടത്തോട്ടു വായിക്കണമെന്ന ഡോ: ടി.പവിത്രന്റെ നിര്‍ദേശമനുസരിച്ചാല്‍
'ചുഖഖഥ്മപമിപരഹര ഹാമയഖമഘടുനാരക് ലാമ്മി വകൈഥ്‌ലോഥ്ണുഖഘഘ ' എന്നായി മാറും.ഇതിന്റെ  വ്യാഖ്യാനം അപ്പോഴും ഇതു തന്നെയായിരിക്കുമോ?
പവിത്രന്റെ ലേഖനം അത് വ്യക്തമാക്കുന്നില്ല.)

മൂന്നാം വരി:
ഥ്വഹഠുഝത

എടക്കല്‍ ചിത്രം കൊത്തിയവര്‍ സൂര്യാരാധകരായിരുന്നു. കാശ്യപന്മാര്‍ സൂര്യാരാധകരാണ്. കാസ്പിയന്‍ തീരങ്ങളില്‍ നിന്നു വന്നവര്‍. സൂര്യനെന്നാണ് കാസ്പിയന്‍ വാക്കിന്റെ അര്‍ഥം. സൂര്യവംശം സ്ഥാപിച്ച ഇക്ഷ്വാകു (വൈവസ്വത മനുവിന്റെ പുത്രന്‍) കാശ്യപന്റെ പിന്തുടര്‍ച്ചക്കാരനാണ്.
തുറന്ന സ്ഥലങ്ങളിലെ പാറകളിലും കല്‍ത്തറകളിലും സൂര്യഭഗവാനെ പ്രകീര്‍ത്തിക്കുന്ന ലിഖിതങ്ങളും ചിത്രരൂപങ്ങളും മറ്റിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അവ രാജശാസനങ്ങളോടു ചേര്‍ത്തു മാത്രം വായിക്കുന്നത് കേവല യുക്തിയാണ്. ശില്പകലയുടേയും ശിലാലിഖിതങ്ങളുടേയും പിന്നില്‍ മുഖ്യമായും ഇന്നത്തെ പോലെ അന്നും കലാകാരന്മാരുടെ കലാവിരുതുകളാണ്. ഏതു കാലത്തും സ്വതന്ത്രമായ തലത്തിലൂടെ സഞ്ചരിക്കുന്ന പ്രവണത കലാകാരന്മാരിലാവും കൂടുതലും പ്രകടമാവുക.

രാജാവിനേക്കാള്‍ പ്രകൃതിയുടെ ഉപാസകരാവും അവര്‍. രാജസങ്കേതങ്ങളില്‍ തമ്പടിച്ച കലാകാരന്മാര്‍ ധാരാളമുണ്ടാകാം. സമാന്തരമായ ,ഒട്ടൊക്കെ സ്വതന്ത്രരായവരും അന്നില്ലാതെ വരില്ലല്ലൊ. അധികാര വിധേയത്വമില്ലാതെ വിരചിച്ചവര്‍. അവരുടേതായ കലാപ്രതലങ്ങളില്‍ പ്രകൃതിദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തി വയ്ക്കുന്നു. രൂപങ്ങളും ലിപികളും അക്ഷരങ്ങളും ഗണിത സംഗ്രഹങ്ങളും ആവിഷ്‌കരിക്കപ്പെടുന്നു.

എടക്കല്‍ ഗുഹയുടെ സമീപത്തുള്ള തൊവരിയിലെ പാറയില്‍ കാണപ്പെട്ട ബ്രാഹ്‌മിലിഖിതം 'രര കക ഐ മ' എന്നാണ്. ജ്യാമിതീയ രൂപങ്ങള്‍ക്കിടയിലാണ് ലിഖിതം. ഇതിന്റെ യഥാര്‍ഥ അര്‍ഥം വായിക്കപ്പെട്ടിട്ടില്ല. ഇടത്തോട്ടു വായിക്കുന്ന ശൈലി കണക്കിലെടുത്താല്‍ 'മകൈരം' നക്ഷത്രത്തെ രേഖപ്പെടുത്തിയതാവാം. മാദിഗ, കന്നഡ തുടങ്ങിയ ചിലഭാഷകളില്‍  മകര എന്നാണുച്ചാരണം. നക്ഷത്രക്കൂട്ടങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചിത്രരൂപങ്ങള്‍ പല അക്ഷരലിപികള്‍ക്കും ആധാരമായിട്ടുണ്ട്.

കാസര്‍ക്കോഡു കാറഡുക്കയിലെ ചെങ്കല്‍പ്രതലത്തില്‍ സൂര്യാസ്തമയത്തെ ഭാവന ചെയ്ത് കൊത്തിയ വാചകം കണ്ടെത്തിയിരുന്നു. 'രിഹ ധുരെധുഥാണു മഹയുഗിസൂയ്യച്‌നൂനു ' ഇത് കുലശേഖരവംശത്തിലെ സ്ഥാണുരവിയായും ഭാസ്‌കരരവി രണ്ടാമനുമായൊക്കെ ബന്ധിപ്പിച്ച് ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ചതായും കണ്ടു.

ഈ ലിഖിതങ്ങളുടെ ഭാഷാപ്രാധാന്യം ഒരു പൂര്‍വദ്രാവിഡഭാഷയുടെ സൂചനകളിലേക്ക് നയിക്കുന്നതും വരമൊഴിയിലെത്തുന്നതുവരെയുള്ള ആ ഭാഷയുടെ വായ്‌മൊഴി പാരമ്പര്യത്തിന്റെ ഏറ്റവും പ്രാചീനമായ ദൈര്‍ഘ്യത്തെ സാക്ഷ്യപ്പെടുത്തുന്നതുമാണെന്നതില്‍ സംശയമില്ല.

ദ്രാവിഡഭാഷയും പാലിയും അന്യോന്യം കടമെടുത്ത പ്രയോഗങ്ങളും ലിപികളും അനവധിയാണ്. രണ്ടിനും സന്ധിക്കാവുന്ന പൂര്‍വയിടവും ഭാഷയും സംസ്‌കൃതിയും തള്ളിക്കളയാവുന്നതല്ല. ദ്രാവിഡവട്ടെഴുത്തും അശോകന്റെ അക്ഷരമാലയും രണ്ടും സ്വതന്ത്രമായി ഉത്ഭവിച്ചതാണെന്ന ഡോക്ടര്‍ ബര്‍ണലിന്റെ അഭിപ്രായം രണ്ടു ഭാഷയുടേയും തനതായ അസ്തിത്വം വ്യക്തമാക്കുന്നു. ഒപ്പം രണ്ടിനുമുള്ള പൊതു പാരമ്പര്യവും കൂടിക്കലരുന്നു. അതിനാല്‍ എടക്കല്‍ ലിപിക്ക് പാലിയോടു സാദൃശ്യമുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനം ആദിദ്രാവിഡ ലിപി തന്നെയാണെന്നു വ്യക്തം.

പുരാതനമായ ദ്രാവിഡാക്ഷരമാലയില്‍ നിന്നു മറ്റേതുണ്ടായി എന്ന് അനുമാനിക്കുന്നതാണു യുക്തിക്കു ചേരുന്നതെന്ന് ചട്ടമ്പിസ്വാമികള്‍ 'തമിഴകവും ദ്രാവിഡ മാഹാത്മ്യവും' എന്ന കൃതിയില്‍ വിശദീകരിക്കുന്നതു കാണുക: ''ദ്രാവിഡഭാഷയില്‍ അതിഖരമൃദുഘോഷാദിവര്‍ണങ്ങളുണ്ടെങ്കിലും ആ അക്ഷരങ്ങളില്ല. റ, ള, ഴ, റ്റ, ല്‍ എന്നിവ കൂടുതലായും ഉണ്ട്. ഐ, ഔ എന്നിവ പാലിയില്‍ ഇല്ല. പാലിയിലില്ലാത്ത അക്ഷരമാല കൂടി ദ്രാവിഡര്‍ കടം വാങ്ങിയത് അത്ഭുതമായിരിക്കുന്നു. ആദ്യം കോലെ(മേലോട്ടു നീണ്ട) എഴുത്തായിരുന്നു. ഇതിനെ പരിഷ്‌കരിച്ചതാവണം വട്ടെഴുത്ത്. ഇതില്‍ നിന്നുമാണു ഗ്രന്ഥമെഴുത്തുലിപി പരിഷ്‌കരിച്ചിട്ടുള്ളത്. 

മലയാളാക്ഷരമാല ഇതില്‍ നിന്നും എടുത്തതാകുന്നു. വട്ടെഴുത്തിനും പാലിക്കും വളരെ സാദൃശ്യമുള്ളതു വാസ്തവം തന്നെ. അതുകൊണ്ട് ഏത് ഏതില്‍ നിന്നുളവായി എന്നു പറവാന്‍ പ്രയാസമാണ്. അല്ലെങ്കില്‍ രണ്ടിലും കാണുന്ന സാദൃശ്യങ്ങള്‍ യാദൃച്ഛികമല്ലെന്നു വരാം. ഇതുപോലെ യാതൊരു യഥാര്‍ത്ഥബന്ധവും കൂടാത്ത വെറും ബാഹ്യസാദൃശ്യങ്ങള്‍ ലോകത്തില്‍ ധാരാളം കാണാം. ദ്രാവിഡരുടേതു സ്വതന്ത്രമായ ഒരു  ലിപിയാകകൊണ്ടു മലയാളികളെ അക്ഷരാഭ്യാസം ചെയ്യിക്കാന്‍ ബുദ്ധമതക്കാര്‍ വേണമെന്നില്ലല്ലോ ''.

edakkal cave
എടക്കല്‍ ഗുഹ

സംസ്‌കൃതാക്ഷരങ്ങള്‍ 'ദേവനാഗരി'യായി അറിയപ്പെട്ടതിനു പിന്നിലും നാഗന്മാരുടെ പാരമ്പര്യമാണ്. ആര്യന്മാരുടെ എഴുത്തുവിദ്യയുടെ പൈതൃകം അവരിലാണ്. ബ്രാഹ്‌മിലിപിയിലുള്ള പുരാതനലിഖിതങ്ങളിലൊന്നാണ് മക്രേരി സുബ്രഹ്‌മണ്യ - ഹനുമാന്‍ ക്ഷേത്രത്തിലേത്:
1. ഉഫനഗനന്നഗ (നന്നന്റെ കുന്നിലെ വരുമാനം)
2 .നഗനയ്യേനമഹഥമലോനന്നാഹ
(നിത്യ ചെലവിന് ഉപയോഗിക്കാമെന്ന് നന്നന്‍ അരുളിയതായി.) കടപ്പാട്: എഴുത്തിടങ്ങള്‍ - ഡോ: ടി.പവിത്രന്‍.

മര്‍ക്കടശ്ശേരിയാണ് മക്രേരിയായത്. പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രവുമായി അനുഷ്ഠാന ബന്ധമുള്ളതാണ്. തൃശിലേരിയും തിരുനെല്ലിയും അനുഷ്ഠാനപരമായ ഇതേ കടപ്പാടു പുലര്‍ത്തുന്നതു കാണാം.
വട്ടെഴുത്തുലിപിയിലാണ് തിരുനെല്ലി,പെരുഞ്ചെല്ലൂര്‍ ചെപ്പേട് ലിഖിതങ്ങള്‍.തിരുനെല്ലി ചെമ്പുലിഖിതങ്ങളിങ്ങനെയാണ്: ''തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ തിരുവാമൃതിനും വാടാവിളക്കിനും വേണ്ടി കുറുംപുറൈനാട് മൂത്തകൂറ് വാഴുന്ന കുഞ്ഞിക്കുട്ടന്‍ വര്‍മന്‍ എന്ന അടികള്‍ വീര കുറുംബുറയാര്‍ തിരുവടി കീഴ്ക്കാട്ട് പുറമേരിക്കല്‍ വസ്തു അട്ടിപ്പേറായി ദാനം ചെയ്തിരിക്കുന്നു. ദിവസവും പന്തീരടി സമയത്ത് നിവേദ്യം കാണിക്കണം. ഒരു വാടാവിളക്കും പതിവായി കത്തിക്കണം''

പത്താംനൂറ്റാണ്ടിലേതാണ് തിരുനെല്ലി ശാസനം. എ.ഡി. 1299 നു മുമ്പ് എഴുതപ്പെട്ടതായി ഉള്ളൂര്‍ നിരീക്ഷിക്കുന്ന 'ഉണ്ണിയച്ചീചരിത'ത്തില്‍ തിരുനെല്ലിയമ്പലത്തിന്റെ ശ്രേഷ്ഠതകളാണ് വര്‍ണിക്കുന്നത് :

''പെരുചില്ലി വില്ലിയലു-
മിരുള്‍വില്ലി മാതര്‍ മണി
തിരുവല്ലഭന്‍ മഹിത
തിരുനെല്ലി കൂലമമര
പുരവില്ലിയോടു സഹ
ദുരഫലം പത്മ ധര
കര പല്ലവ സ്ഫുരിത
മുരവെല്ലി മേവീമിക
തിരുനെല്ലി യത്രയലു...''

തിരുമരുതൂര്‍ (തൃശ്ശിലേരി) ക്ഷേത്രത്തിലെ നര്‍ത്തകിയാണ് ഉണ്ണിയച്ചി.

എ.ഡി. 1145 ലെഴുതിയതായി കരുതുന്ന പെരുഞ്ചെല്ലൂര്‍ ചെപ്പേട് ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ചിറക്കല്‍.ടി. സൂക്ഷിക്കാനായി കോഴിക്കോട് സര്‍വകലാശാലയെ 1976 ല്‍ ഏല്പിച്ചതാണ്. അവിടെ നിന്നും ഏതോ പുരാവസ്തുവ്യാപാരി മുഖേന ബ്രിട്ടനിലെത്തുകയായിരുന്നു. പ്രാചീനരേഖകള്‍ ലഭ്യമായിട്ടുള്ള ആദ്യത്തെ ബ്രാഹ്‌മണ അധിവാസ കേന്ദ്രംകൂടിയാണ് പെരിഞ്ചെല്ലൂര്‍ (തളിപ്പറമ്പ്). പെരിഞ്ചെല്ലൂര്‍ അധികാരികളില്‍ നിന്നും പുകള്‍മലൈച്ചേരി ചുവരന്‍ തേവന്‍ എന്നൊരാള്‍ 707 ആനയച്ചുകള്‍ (നാണയം) ഭൂമിയും പലിശയും പണയവസ്തു നല്‍കി വായ്പയെടുക്കുന്നതു
സംബന്ധിച്ച പ്രമാണമാണിത്.

പ്രാചീനകാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന വിവിധ നാണയങ്ങളെ ഡോ: ടി.പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു :''പയ്യന്നൂര്‍ പാട്ടില്‍ മൂഷികരാജാവിന്റെ നാണയമായ 'ശ്രീ കണ്ഠനെ' സൂചിപ്പിക്കുന്നുണ്ട്.......
................അനന്തപുരവര്‍ണനത്തില്‍ വടക്കേ മലബാറില്‍ മാത്രം പ്രയോഗിക്കുന്ന ധാരാളം പദങ്ങളെ കുറിച്ചും ഉള്ള സൂചനകള്‍ ഉണ്ട്. അതില്‍ പറയുന്ന നാണയങ്ങളുടെ വിവരണം നോക്കുക.
ശ്രീ കാളന്‍, കലശന്‍, ശംഖന്‍, ശ്രീമാന്‍ ,പഴയകാളയും ശ്രീധരന്‍, തിനയന്‍, മുള്ളവന്‍, ശ്രീകണ്ഠന്‍, ചിരിചക്കിയും വില്ലന്‍, വിലങ്ങന്‍, വിറയന്‍,മല്ലനും, തിരുമാമല,സന്തോഴ,നമൃതന്‍, ശൃംഗിലതയന്‍, മണിയദ്വിജന്‍ മുത്തിന്‍ കുടയനും കീര്‍ത്തി  കത്തിയന്‍, മുതല്‍ മാമൂല കിരികോടങ്ങള്‍ പോയഞ്ചുമിരഞ്ചും കാശുഭാഗവും കട്ടിപ്പൊന്നും പണിപ്പൊന്നും എട്ടോപാതി പണന്ത്രമും.
..................
തിരുവട്ടൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള 9 വരി വട്ടെഴുത്തിലും ഗ്രന്ഥാക്ഷരത്തിലുമെഴുതിയ ശിലാലിഖിതത്തിലെ നാലാം വരിയില്‍ മൂഷികരാജാവിന്റെ സ്വര്‍ണനാണയത്തിന്റെ സൂചനയായി
'വിജയം ശ്രീകണ്ഠ 'എന്ന് ഇന്നത്തെ മലയാളത്തോടു സാമ്യമുള്ള രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാമത്തെ വരിയില്‍ ജയമാനി എന്ന മൂഷികരാജാവിനേയും സൂചിപ്പിക്കുന്നു''(63,എഴുത്തിടങ്ങള്‍)

ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ കബര്‍ലിഖിതങ്ങള്‍ കുഫിക്ക് അറബി അക്ഷരങ്ങളിലാണ്. പുള്ളിയും കുത്തുമില്ലാത്ത ലിഖിതങ്ങളായതിനാല്‍  അറേബ്യയിലെ അമവികളുടെ ഭരണകാല(എ.ഡി. 661-750)ത്തിനു മുമ്പേ എഴുതപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഹജ്ജാജ് ഇബ്‌നു യൂസുഫിന്റെ (എഡി 694-714) കാലഘട്ടത്തിലാണ് പുള്ളിയും കുത്തും ചേര്‍ത്തു  പരിഷ്‌കരിച്ചത്.

മൂന്നു കബറുകളുടെ മീസാന്‍കല്ലില്‍ ലിഖിതങ്ങളുണ്ടെങ്കിലും ഒന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളു. ഇവിടെ പ്രഥമഖാസിയായ സൈനുദ്ദീന്‍ ഉമര്‍ ഇബ്‌നുല്‍ മുഹമ്മദുല്‍ മാലിക് , അലിയൂബ്‌നു ഹനീം, ഉമര്‍ മുഹ്ദാര്‍ എന്നിവരുടേതാണ് കബറുകള്‍.

തെളിഞ്ഞു കാണുന്ന കറുത്ത കരിങ്കല്ലിലുള്ള (12': 28 ') മൂന്നുവരി  ലിഖിതം കുഫിക്ക് അറബിലിപിയിലാണ്. ''പരമ ദയാലുവും കരുണാവാരിധിയു മായ അല്ലാഹുവിന്റെ നാമത്തില്‍ ഇവിടെ കബറടക്കം ചെയ്യപ്പെട്ടത് അലിയൂ ബ്‌നു ഹനീം. അദ്ദേഹത്തിന്റെ മേല്‍ ദുഅയും കരുണയും ഉണ്ടാകുമാറാകട്ടെ.  റബ്ബി - ഉല്‍ ആഖിര്‍ മാസം ഹിജ്‌റ 74' (എഡി 693 ആഗസ്റ്റ് ).

അദിയ്യൂ ബ്‌നു ഹാത്വിം എന്ന സ്വഹാബിയുടേതാണ് ഈ കബര്‍ എന്ന വിശ്വാസമായിരുന്നു പൊതുവെ. ആ വിശ്വാസം തിരുത്തപ്പെടേണ്ടതാണെന്ന് സൂക്ഷ്മമായ വായനയില്‍ ബോധ്യപ്പെടുമെന്ന് അബ്ദുള്ള അഞ്ചില്ലത്ത് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നു: '' മഖാം ശിലാഫലകം മുന്‍പ് വായിച്ചത്: പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഈ കബര്‍ അദിയ്യ ബ്‌നു ഹാതിം (റ) ന്റേതാണ്.പ്രവാചകന്റെ കാലത്ത് ഇവിടെ ഇരുന്നൂറ് പേരോടൊപ്പം വരികയും ഹിജ്‌റ 74ല്‍ വഫാത്തുകയും ചെയ്തു.

കരുണാമയനായ നാഥാ, നിന്റെ അനുഗ്രഹങ്ങള്‍ ഇദ്ദേഹത്തില്‍ ചൊരിയേണമേ .ആമീന്‍..........
...... ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ശിലാലിഖിതത്തിന്റെ ഈ വായന.
അദിയ്യ് ഇബ്‌നു ഹാതിം ,സ്വഹാബി ത്വയ്യിഅ' ഗോത്ര നേതാവ് അബൂ ത്വരീഫ് അബൂ വഗ്ബ് എന്നീ വിളിപ്പേരുണ്ട്. ത്വയ്യിഅ' ഗോത്ര നേതാക്കളില്‍ ചിലര്‍ നബി(സ) അടുക്കല്‍ വന്നു.അതില്‍ അദിയ്യ ഉണ്ടായിരുന്നില്ല. ഇസ്ലാമിക വിശ്വാസം സ്വീകരിക്കുന്നതിനു മുമ്പ് ഇദ്ദേഹം ക്രിസ്ത്യാനിയായിരുന്നു. പില്‍ക്കാലത്ത് ഇദ്ദേഹം നബി(സ) ഉമര്‍(റ)യില്‍ നിന്നും ചില ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) നിര്യാണത്തിനു ശേഷം ഹാതിമും അദ്ദേഹത്തിന്റെ ഗോത്രവും അടിപതറാതെ നിന്നു.മദയന്‍ വിമോചനം ഖാദിസിയ ,നഹ്‌റവാന്‍ എന്നീ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഖാലിദുബില്‍ വാലിദ് ശാമില്‍ നടത്തിയ സൈനിക നീക്കങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ജമല്‍ യുദ്ധങ്ങളില്‍ അദിയ്യു അലിയുടെ പക്ഷത്തായിരുന്നു. ജമല്‍ യുദ്ധത്തില്‍ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടു. 120 വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നു. സ്ഥിരതാമസം കൂഫയിലായിരുന്നു. ഹിജ്‌റ 68 (എ.ഡി .687) ല്‍ കൂഫയില്‍ മരണപ്പെട്ടു. ഇദ്ദേഹം മതപ്രബോധനവുമായി ബന്ധപ്പെട്ടുകൊണ്ട് മലബാറില്‍ എത്തപ്പെട്ടിരുന്നില്ല.''
(പേജ് 59, മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂര്‍വചരിത്രം)

ശ്രീകണ്ഠപുരത്തു നിന്നും ഒമ്പതു കി.മീ. അകലെയുള്ള പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ നിലാമുറ്റത്തെ കബറുകളില്‍ രേഖപ്പെടുത്തിയ അറബി ശിലാലിഖിതങ്ങളെ മുന്‍നിര്‍ത്തി അബ്ദുള്ള അഞ്ചില്ലത്തിന്റെ കൃതി വിവരിക്കുന്നതിങ്ങനെയാണ്: '' ഒരു കബറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അറബി ലിഖിതം 'ശത്രുക്കളാല്‍ വധിക്കപ്പെട്ടവരാണെന്നും ഇവരുടെ മേല്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കട്ടെ' എന്നുമാണ്. വേറൊരു കബറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അറബിലിഖിതം 'ഈ കബറില്‍ ഒന്നിലേറെ പേരെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് ' എന്നാണ്. മറ്റൊരു കബറില്‍ രേഖപ്പെടുത്തിയ ലിഖിതം 'ഈ കബറില്‍ ഒരു കുട്ടി കൂടി അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്' എന്നാണ്. നിലാമുറ്റത്ത് ഏറ്റവുംപ്രാധാന്യപൂര്‍വം  പരിപാലിക്കപ്പെടുന്ന കബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 'ഈ കബറില്‍ അടക്കം ചെയ്യപ്പെട്ടത് സുല്‍ത്താന്‍' എന്നാണ്. 

സുല്‍ത്താന്‍ എന്ന പരാമര്‍ശം ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ സഞ്ചാരചരിത്രത്തില്‍ ശ്രീകണ്ഠാപുരത്തെ പരാമര്‍ശിക്കുന്നിടത്ത് സൂചിപ്പിക്കുന്നുണ്ട്. ഇത് ഈ കച്ചവട സമൂഹത്തിന്റെ 14-ാം നൂറ്റാണ്ടിലെ സാന്നിധ്യത്തിനുള്ള പ്രധാന തെളിവാണ്. അതേസമയം അറബി വണികന്മാരുടെ പ്രധാന അധിവാസ മേഖലയാണ് ഇരിക്കൂര്‍ എന്ന് ബര്‍ബോസയും വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്. 
'ദി റീജന്റ്‌സ് ഓഫ് ദി സീ' എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ബ്രൂഷന്‍ എഡി 1523-24 ല്‍ ഇരിക്കൂറില്‍ പോര്‍ച്ചുഗീസ് അധിനിവേശവിരുദ്ധ പോരാട്ടം നടന്നിരുന്നുവെന്നു രേഖപ്പെടുത്തുന്നു. ഇവിടുത്തെ കബറുകളുടെ നിര്‍മാണരീതിയും ഇതില്‍ രേഖപ്പെടുത്തിയ അറബിലിഖിതങ്ങളുടെ സമാനമായ പഴക്കവും പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ വധിക്കപ്പെട്ടവരുടെ കബറുകളാവാം ഇരിക്കൂറിലുള്ളത് എന്നു സൂചിപ്പിക്കുന്നു.'' (പേജ് 50, മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂര്‍വ ചരിത്രം).

ശ്രീകണ്ഠാപുരം മാലിക് ഇബ്‌നു ദിനാര്‍ പള്ളിയില്‍ വെള്ളിയാഴ്ചപ്രാര്‍ഥനയ്ക്കുപയോഗിക്കുന്ന വാളിന്റെ (30 ഃ 1.5 ഇഞ്ച്) പിടിവശത്ത് കാണപ്പെട്ട വട്ടെഴുത്തുലിഖിതം വളരെ പഴക്കമുള്ളതല്ല. ചുഴലിസ്വരൂപം ദാനം നല്‍കിയ വാളാണിത്. 'മലയാള വര്‍ഷം 964 ' (എഡി 1789) എന്ന് ഡോ:എം.ആര്‍.രാഘവവാര്യരും 'അറിയാതറനൈന്‍ 790 ഇന്‍ ' (എഡി 1615)എന്ന് ഡോ: ടി.പവിത്രനും ഈ ലിഖിതം വായിക്കുകയുണ്ടായി.

edakkal cave
എടക്കല്‍ ഗുഹ

കോലെഴുത്തില്‍ നിന്നും വട്ടെഴുത്തിലേക്കുള്ള വളര്‍ച്ച പ്രതലത്തിന്റെ പൊരുളുകളിലും എഴുത്തായുധത്തിന്റെ സാങ്കേതികതയിലും മനുഷ്യമനസ്സിന്റെ ആരോഹണത്തിലും സംഭവിക്കുന്ന പുരോഗതിയുടെ പ്രതികരണം കൂടിയാണ്.അതിന് ബാഹ്യശക്തികളുടെ ഇടപെടല്‍ സുപ്രധാനഘടകമാണ്. അതേക്കാള്‍ മുഖ്യം തനതടിത്തറയാണ്. അത് എടക്കല്‍ ലിപിയിലെന്ന പോലെ ഏതിലും,ഭാഷയിലും സംസ്‌കാരത്തിലുമൊക്കെ,പ്രകടമാണ്. ഗുഹാചിത്രങ്ങളില്‍ മനുഷ്യരുടേയും പക്ഷിമൃഗാദികളുടേയും പ്രകൃതിബിംബങ്ങളുടേയും അധ്വാനത്തിന്റേയും അധികാരത്തി ന്റേയും അനുഷ്ഠാനത്തിന്റേയും രൂപങ്ങളും ആശയങ്ങളും കൂടിക്കലര്‍ന്ന പ്രമേയങ്ങളാണ് എടക്കല്‍ ഗുഹയെ അലങ്കരിക്കുന്നതെങ്കില്‍ മറ്റു മിക്കവാറും ഗുഹാഭിത്തികളില്‍ മാനുഷികചിത്രങ്ങളേക്കാള്‍ മറ്റു കഥാപാത്രങ്ങളാണ് അധികവും.

ആയുധങ്ങളും പലതരംമൃഗങ്ങളും സൂര്യചന്ദ്രഗണങ്ങളുമൊക്കെയാണ് നിറയുന്നത്. വേട്ടയാടലിനിരയാകുന്ന മൃഗത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കെത്തുന്നതിനിടയില്‍ ചിത്രപരമായ ഉള്ളടക്കം മാത്രമല്ല ചരിത്രപരമായ നീണ്ട പരിണാമങ്ങളും കൈമാറിയിരിക്കണം.

ചിത്രദൃശ്യങ്ങളിലെ സങ്കീര്‍ണതകളില്‍ നിന്നു,ഇന്നത്തെ സാംസ്‌കാരിക പ്രതിച്ഛായയുടെ സാമൂഹ്യാനുപാതത്തില്‍ പരിശോധിച്ചാല്‍, മനസ്സിലാക്കാനാവുന്നത് അന്നത്തെ സാമൂഹികപരിപ്രേക്ഷ്യത്തിന്റെ യഥാതഥ ചിത്രീകരണമാവണമെന്നില്ല. കലാകാരന്മാര്‍ ഒരു കാലത്തില്‍ മാത്രം സഞ്ചരിക്കുന്നവരല്ല. കലയും അധ്വാനവും വേര്‍തിരിവില്ലാത്ത ഒരു കാലമണ്ഡലമായാലും സൃഷ്ടിയില്‍ കല പ്രയോഗിക്കപ്പെടുന്നുണ്ടെങ്കില്‍, ഭാവനയുടെ ബലം നിശ്ചയമായും പ്രവര്‍ത്തിച്ചിരിക്കും. അതുകൊണ്ട് പ്രാചീനകലകളില്‍ പ്രതിഫലിച്ചിരിക്കുന്നതും അവരുടെ ഭൂത-വര്‍ത്തമാന - ഭാവി കല്പനകളുടെ കൊളാഷുകളും ദാര്‍ശനികതകളുമാവാം.

ചക്രവണ്ടിയുടെ ചിത്രം ഗുഹാഭിത്തിയില്‍ കണ്ടാലുടനെ ഗുഹയ്ക്കു വെളിയിലെ ജീവിതവ്യവസ്ഥയിലെ യാഥാര്‍ഥ്യമായി രേഖപ്പെടുത്തുന്നത് അത്ര പന്തിയല്ല. ഒരു പക്ഷെ, അതിനുമെത്രയോ കാലംമുമ്പേ നടപ്പിലായ, അന്നേരത്ത് പ്രാബല്യത്തിലില്ലാത്ത ഒരു ദൃശ്യത്തെ ആവിഷ്‌കരിക്കുന്നതാകാം. അതല്ലെങ്കില്‍ വരാന്‍ പോകുന്ന സാങ്കേതികതയെ വിഭാവനം ചെയ്യലാ വാം.വീരന്മാരെ വരച്ചിടുമ്പോഴും അവര്‍ക്കു വേണ്ടി വീരക്കല്ലുകള്‍ സ്ഥാപിക്കുമ്പോഴും അന്നത്തെ സാമൂഹ്യചരിതത്തിന്റെ  പകര്‍പ്പാ കണമെന്നില്ല.വീരന്മാര്‍ ജീവിക്കുകയും പൊരുതുകയും ചെയ്‌തൊരു കാലത്ത് വീരാരാധനയെന്ന വിശ്വാസ സമ്പ്രദായം രൂപപ്പെടണമെന്നില്ല. അതിനു പിന്നേയും സാംസ്‌കാരിക പരിണാമം സംഭവിക്കണം.

വീരനായകന്മാര്‍ ദൈവികപരിപ്രേക്ഷ്യത്തിലേക്ക് വിശുദ്ധരാക്കപ്പെട്ടതിനു ശേഷമാവാം ചിത്രലിഖിതങ്ങളില്‍ സ്ഥാനം പിടിക്കുക. കലാസങ്കേതങ്ങളുടെ കാലപരമായ ഈ അസ്ഥിരത പൊതുവെ ചരിത്രകാരന്മാര്‍ കണക്കിലെടുത്തു കാണാറില്ല. കണ്ടതിനെ പകര്‍ത്തലാണ് കണ്ണിന്റെ കല. കാണാത്തതിനെ നിര്‍മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ധര്‍മമാണ് കലയുടെ കണ്ണിന്. ഈ വ്യത്യാസത്തില്‍ നിന്നുവേണം ചരിത്രത്തിന്റെ കലയേയും വിമര്‍ശനത്തിനു വിധേയമാക്കാന്‍.

ചരിത്രത്തെ സംബന്ധിച്ച സൂക്ഷ്മധാരണ ലഭിക്കാന്‍ ലിഖിതങ്ങളേക്കാള്‍ ചിലപ്പോള്‍ വായ്‌മൊഴി പാരമ്പര്യം പ്രയോജനപ്പെട്ടേക്കാം. മറ്റേതിനേക്കാളും വായ്‌മൊഴികളാണ് കാലത്തെ അതിജീവിച്ചതെന്നു കണ്ടെത്താന്‍ നമുക്ക് കഴിയാതെ പോയോ എന്നു സംശയിക്കേണ്ടതാണ്. കണ്ണില്‍ പതിഞ്ഞതിനേക്കാള്‍ കാതില്‍ പതിഞ്ഞതു നീണ്ടുനില്‍ക്കാം.

Content Highlights : kerala history a padmanabhan part 13

'ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

(തുടരും)