' ഫോര്‍ ഐ എന്‍ക്വയേര്‍ഡ്...ആന്റ് ലേണ്‍സ് ദാറ്റ് യുവര്‍ ഹൗസ് ആന്റ് യുവര്‍ ചില്‍ഡ്രന്‍ വേര്‍ ഇന്‍ ജര്‍ബത്താന്‍ '*

ഏദനില്‍നിന്ന് വ്യാപാരിസുഹൃത്ത് ഖലാഫ് ബി. ഐസക് ശ്രീകണ്ഠപുരത്ത് (ജര്‍ബത്തന്‍) കുടുംബത്തിനോടൊപ്പം താമസിക്കുന്ന ടുണീഷ്യന്‍ വ്യാപാരി ബെന്‍ യിജുവിന് എ.ഡി. 1147 ജൂലായ് - ആഗസ്റ്റില്‍ അയച്ച കത്തിലെ വാചകമാണിത്. ഹൗസ് എന്നതിന് ബെയ്ത് എന്ന പ്രയോഗമാണ് എഴുത്തിലുണ്ടായിരുന്നത്.

ബെന്‍ യിജുവിനെപ്പറ്റിയുള്ള രഹസ്യങ്ങള്‍ ലോകമറിഞ്ഞത് കെയ്‌റോ-ഗനീസാ രേഖകളിലൂടെയാണ്. ഈജിപ്തിലെ  കെയ്‌റോ നഗരത്തില്‍ ബെന്‍എസ്രാ സിനഗോഗിന്റെ സംഭരണമുറി (ഗെനീസാ)യില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം യഹൂദലിഖിതങ്ങളുടെ അമൂല്യശേഖരമാണ് കെയ്‌റോ ഗെനീസാ. പവിത്രമായ ദൈവനാമം അടങ്ങുന്നതും ഉപയോഗശൂന്യമായി കഴിഞ്ഞതുമായ  ലിഖിതങ്ങള്‍ യഹൂദ പാരമ്പര്യമനുസരിച്ച് ആദരപൂര്‍വം സംസ്‌കരിക്കുവാനാണ്  അവ ശേഖരിച്ചുവച്ചത്. എ.ഡി. 870 മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെയുള്ള ഒരു സഹസ്രാബ്ദത്തിലെ  രേഖാസഞ്ചയമാണെങ്കിലും
മധ്യയുഗത്തില്‍ നിന്നുള്ള ലിഖിതങ്ങളുടെ വൈവിധ്യമാണ് കൂടുതലും.

തോല്‍, കടലാസ്, പാപ്പിറസ്, തുണി എന്നീ മാധ്യമങ്ങളില്‍ എബ്രായ, അറബി, അരമായ തുടങ്ങിയ ഭാഷകളിലെ ലിഖിതങ്ങളുണ്ട്. ന്യായപീഠങ്ങളുടെ തീരുമാനങ്ങളും ഉടമസ്ഥതാപ്രമാണങ്ങളും ഉടമ്പടിപ്പത്രങ്ങളും കച്ചീട്ടുകളും വിവാഹ ഉടമ്പടികളും സ്വകാര്യകത്തുകളും ഉള്‍പ്പെടെ. അവയില്‍ പലതും രചയിതാക്കളുടെ സ്വന്തം കൈപ്പടയിലാണ്.

യഹൂദ മതലിഖിതങ്ങളാണ് ഈ ശേഖരത്തിന്റെ വലിയൊരു ഭാഗം. എ.ഡി. 10-13 ശതകങ്ങളിലെ ഉത്തരാഫ്രിക്കയുടേയും കിഴക്കന്‍ മദ്ധ്യധരണ്യാഴി മേഖലയുടേയും സാമ്പത്തിക-സാംസ്‌കാരിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്ന സുപ്രധാന രേഖകളും ഇക്കൂട്ടത്തിലുണ്ട്.

മലബാറുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വ്യാപാരിയും കപ്പലുടമയുമായ ബെന്‍ യിജു മംഗലാപുരത്ത് പിച്ചള കമ്പനിയും സ്ഥാപിച്ചിരുന്നു. അവിടെനിന്ന് ശ്രീകണ്ഠപുരത്തുകാരിയായ ഒരു അടിമ പെണ്‍കുട്ടിയില്‍ ആകൃഷ്ടനായി. അശ്വതിയെന്നാണ് അവളുടെ പേര്. അടിമവ്യാപാരത്തിന്റെ കൈവഴികളിലൂടെ മംഗലാപുരത്തെത്തിപ്പെട്ടതാവണം.

വിവാഹശേഷം ബെറാഖ എന്ന നാമം നല്‍കിയെങ്കിലും 'ആഷു'വെന്നാണ്  യിജു അവളെ വിളിച്ചിരുന്നത്. യിജുവെന്നതും അവരുടെ ഭാഷയില്‍ യിഷു എന്നാണുച്ചരിക്കാറുള്ളത്. കുടുംബനാമമായിരിക്കണം യിജു. ബെന്‍ യിജുവിന്റെ അച്ഛന്റേയും മുത്തച്ഛന്റേയും പേരിനൊപ്പവും യിജുവെന്നുണ്ട്. 'അബ്രഹാം ബി പെറാഹ്യ ബി യിജു' എന്നാണ് പേരിന്റെ പൂര്‍ണരൂപം. കവി കൂടിയായ അദ്ദേഹം എഴുതിയ കവിതയോടൊപ്പം ഇങ്ങനെ പരിചയപ്പെടുത്തുന്നു: 'ഐ അബ്രഹാം, സണ്‍ ഓഫ് പെരഹ്യ,സണ്‍ ഓഫ് യിജു'

മറ്റൊരു കവിതയോടൊപ്പമുള്ള നാമം അബ്രഹാം ദി മാരാവി (മാരാവി -മാഗ്രെബി - എന്നാല്‍ നോര്‍ത്ത് ആഫ്രിക്കന്‍ എന്നര്‍ഥം). ജോസഫ്, മെവാസ്സര്‍ എന്നീ സഹോദരന്മാരും ബെറോഖ, യൂംന എന്നീ സഹോദരിമാരും അബ്രഹാമിനുണ്ട്. ബെന്‍ യിജു എന്ന നാമം ഈജിപ്തിലിപ്പോള്‍ പ്രചാരത്തിലുള്ളത് ബെനിച്ചൊ എന്നാണ്.

അടിമപെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും അടിമവ്യാപാരക്കരാര്‍ പ്രകാരം സ്വന്തമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് തയ്യാറാക്കിയ പ്രമാണത്തിന്റെ, ബെന്‍ യിജു എഴുതിയ കരട് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ (പിന്നീട് ലെനിന്‍ഗ്രാഡ് ആയി മാറി) റഷ്യന്‍ നാഷണല്‍ ലൈബ്രറിയില്‍ 1965- ലെ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ മധ്യകാലഘട്ടത്തേയും യഹൂദ ജീവിതത്തേയും വിശേഷിച്ചും കെയ്റോ ഗനീസരേഖകളെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്ന ഷെലോമോ ഡോവ് ഗോയിറ്റിന്‍ (1900- 85)കണ്ടെത്തി.

കരാറിന്റെ കരടില്‍ ഇങ്ങനെയാണുണ്ടായിരുന്നത്: ഓണ്‍ മണ്‍ഡെ,ഒക്ടോബര്‍ 17, 1132,' ഇന്‍ ദി സിറ്റി ഓഫ് മഞ്ചരൂര്‍ വിച്ച് ഈസ് ഇന്‍ ദി ലാന്റ് ഓഫ് ഇന്‍ഡ്യ ഇന്‍ തുളുവ ഓഫ് മലിഭാരത്, ദി റോയല്‍ സിറ്റി..... ഓണ്‍ ദി ഷോര്‍സ് ഓഫ് ദി ഗ്രേറ്റ് സീ.' 'ആഷു ദി സ്ലേവ് ഗേള്‍, ദി പ്രോസ്‌ലൈറ്റ്, ഓഫ് തുളുവ.'

മഞ്ചരൂര്‍ മലബാറിലെ പ്രമുഖ നഗരമായ മംഗലാപുരമാണ്. ഗനീസ പ്രമാണങ്ങളിലെ എണ്‍പതിലേറെ രേഖകള്‍ ബെന്‍ യിജുവിനേയും കുടുംബത്തേയും പരാമര്‍ശിക്കുന്നതാണ്. ടുണീഷ്യയിലെ അല്‍ മഹ്ദിയായില്‍ നിന്നുള്ള വ്യാപാരിയാണദ്ദേഹം. ഈജിപ്ത്, ഏദന്‍, ഇന്ത്യ എന്നീ നാടുകളെ ബന്ധപ്പെടുത്തിയുള്ള കയറ്റുമതി - ഇറക്കുമതി വ്യാപാര ശൃംഖലയിലെ പ്രമുഖന്‍. എഡി.1130-നു ശേഷം മംഗലാപുരത്തേക്കു കപ്പല്‍ കയറി. മലബാറിലെ താമസം പതിനേഴു വര്‍ഷത്തോളം നീണ്ടു. 1132 ഒക്ടോബര്‍ 17 തിങ്കളാഴ്ചയാണ് അടിമപെണ്‍കുട്ടിയെ വിമോചിപ്പിച്ച് വിവാഹം കഴിക്കുന്നത്. രണ്ടു പുത്രന്മാരും ഒരു പുത്രിയും ആ ദാമ്പത്യത്തില്‍ പിറന്നു. മകന്‍ സുരുര്‍, മകള്‍ സീത.

ഒരു മകന്‍ രണ്ടാം വയസ്സില്‍ ഇന്ത്യയില്‍ തന്നെ  മരണമടഞ്ഞു. ടുണീഷ്യക്കെതിരെ സിസിലിയന്‍ നോര്‍മന്‍ ഭരണകൂടത്തിന്റെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ കുടുംബപരമായ ആവശ്യം കണക്കിലെടുത്ത് 1149-ല്‍ (സെപ്തംബര്‍ 11-നു ശേഷമാകാം ) ബെന്‍യിജു യെമനിലേക്ക് തിരിച്ചു. കൂടെ രണ്ടു മക്കളും. ആഷുവിന്റെ അരികിലേക്ക് പിന്നീടവര്‍ക്ക് തിരിച്ചെത്താനായില്ല.

മകന്‍ സുരുര്‍ പതിനാറാം വയസ്സില്‍ മരിച്ചു. മകള്‍ സീതയെ സഹോദരന്‍ ജോസഫിന്റെ പുത്രനായ പെരാഹ്യയെ കൊണ്ടു വിവാഹം ചെയ്യിച്ചു. അവസാനകാലത്ത് ബെന്‍ യിജു ഈജിപ്തില്‍ അലക്‌സാണ്ട്രിയയിലാണ് താമസിച്ചത്. 1156 ഓഗസ്റ്റ് 11-ന് മരണമടഞ്ഞു. തന്റെ മറ്റു കുടുംബാംഗങ്ങള്‍ ടുണീഷ്യയില്‍നിന്നും സിസിലിയിലേക്ക് നേരത്തെ നാടുകടത്തപ്പെട്ടിരുന്നു.

മനുഷ്യന്റെ ദേശാന്തരഗമനം ആവാസം തേടിയുള്ള കുടിയേറ്റം മാത്രമായിരുന്നില്ല. പുതിയ ലോകത്തിന്റെ അതിരുകള്‍ തേടിയുള്ള യാത്രാഭിനിവേശങ്ങളും പ്രകൃതിചാരുതയുടെ രഹസ്യങ്ങളും അതിരുകള്‍ മറികടന്നുള്ള പല തരം കാമനകളും യുദ്ധങ്ങളും അതിന്റെ പ്രചോദനങ്ങളായുണ്ട്. അജ്ഞാതദേശങ്ങളോടുള്ള അഭിനിവേശങ്ങള്‍ക്കൊപ്പം മനുഷ്യഹൃദയങ്ങളെ കീഴടക്കിയ അനുരാഗങ്ങളുടെ സംഗീതവും ചില കുടിയേറ്റ കഥകള്‍ കേള്‍പ്പിക്കുന്നു. അതിലൊന്നാണ് ബെന്‍ യിജുവിന്റെ കഥ. ബെന്‍ യിജുവിന്റെ പ്രണയകഥയിലെ നായിക  അവശേഷിച്ച ജീവിതം മംഗലാപുരത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ടാവാം. അവരുടെ കുടുംബാംഗങ്ങളുടെ അനന്തര തലമുറകള്‍  ശ്രീകണ്ഠപുരത്തിന്റെ പരിസരങ്ങളില്‍ പടര്‍ന്നിട്ടുണ്ടാവാം. ഇതിഹാസത്തിന്റെ ആഴങ്ങളിലെ ഒരു രഹസ്യമായി ദേശാന്തര ജീവിതത്തിന്റെ കടങ്കഥകള്‍ ബാക്കിയാകുന്നു.

തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റമാണ് ആധുനിക മലബാറിന്റെ ജനപദങ്ങളുടെ സമവാക്യം മാറ്റിയെഴുതിയ മറ്റൊരു കാലഘട്ടം.

ക്രിസ്തുമതത്തിന്റെ അടിസ്ഥാന ശിലകള്‍ മലബാറില്‍ പാകുന്നതിലും ആ പലായനം  സുപ്രധാനമായ കാലാവസ്ഥയൊരുക്കിയിട്ടുണ്ട്. 1920-കളുടെ അന്ത്യപാദം തൊട്ട് ജീവിതത്തിന്റെ മറുകര തേടി തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് തിരിച്ചവരുണ്ട്. നാല്‍പതുകളാവുമ്പോള്‍ ഇവിടെ അടിയുറച്ചു കഴിഞ്ഞ കുടുംബങ്ങള്‍ ആത്മീയമായ ആവശ്യങ്ങളിലേക്കു തിരിഞ്ഞു. അവരുടെ കൂട്ടായ്മകള്‍ക്ക് സഭാനേതൃത്വം പച്ചക്കൊടി കാട്ടി. നാല്‍പതുകളുടെ ആരംഭത്തില്‍ സഭ തന്നെ സംഘടിത കുടിയേറ്റങ്ങള്‍ ആസൂത്രണം ചെയ്തു. അതോടെ ക്ലേശരഹിതമായ പറിച്ചുനടലുകള്‍ക്ക് കളമൊരുങ്ങി. കുടിയേറ്റത്തിന്റെ വേലിയേറ്റം അതോടെ പ്രകടമായി. ഐക്യകേരളം നിലവില്‍ വന്ന ശേഷം കുടിയേറ്റത്തിന്റെ നിയമപ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുകയും മാര്‍ഗതടസ്സങ്ങളൊട്ടേറെ മായുകയുമുണ്ടായി. അനന്തരം വന്‍തോതില്‍ കര്‍ഷക കുടിയേറ്റങ്ങളുണ്ടായി. എഴുപതുകളുടെ അന്ത്യം വരെ ഈ കുതിപ്പ് ഏറിയും കുറഞ്ഞും തുടര്‍ന്നു. 1960-കളുടെ പാതിയോടെ ആ പ്രവാഹം മന്ദഗതിയിലാവുകയും 1970-കളില്‍ കുടുതല്‍ ദുര്‍ബലമാകുകയും നിലയ്ക്കുകയും ചെയ്തു.

 ''ക്രിസ്തീയ കുടുംബങ്ങളില്‍ സാധാരണയായി അഞ്ചും എട്ടും അംഗങ്ങള്‍ ഉണ്ടായിരുന്നു. അന്‍പതേക്കര്‍ സ്ഥലമുള്ള ദേദപ്പെട്ട ഒരു കുടുംബത്തില്‍ രണ്ടും മൂന്നും തലമുറകള്‍ കഴിയുമ്പോള്‍ ഒരു കുടുംബത്തിന് കിട്ടുന്നത് ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലം വീതമാണ്. കുടുംബ സംവിധാനം എന്ന ഏര്‍പ്പാട് അക്കാലത്തില്ലായിരുന്നു. ഈ സാഹചര്യങ്ങളില്‍ കൃഷിക്ക് ഉപയുക്തമായ സ്ഥലം അന്വേഷിച്ച് പോകുവാന്‍ ആളുകള്‍ നിര്‍ബന്ധിതരായി. അപ്പോഴാണ് മലബാറിനെപ്പറ്റി അവര്‍ കേട്ടത്. അവിടെയുള്ള ജന്മിമാര്‍ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. മലമ്പനിയുടേയും കാട്ടുമൃഗങ്ങളുടേയും ശല്യം മൂലം ആരും അങ്ങോട്ടു തിരിഞ്ഞ് നോക്കാന്‍ ധൈര്യപ്പെട്ടില്ല. ജന്മിമാര്‍ തടി വെട്ടി വിറ്റ ശേഷം പിന്നെയങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. ഈ ചുറ്റുപാടിലാണ് കുടിയേറ്റക്കാരായ കൃഷിക്കാര്‍ മലബാറിലേക്ക് വരുന്നത്. ഏക്കറിന് അഞ്ചോ പത്തോ രൂപ കൊടുത്താല്‍ സ്ഥലം കിട്ടാനുണ്ടായിരുന്ന കാലം. തിരുവിതാംകൂറിലേയും കൊച്ചിയിലേയും കൃഷിക്കാര്‍ മലബാറില്‍ വന്ന് ആവശ്യം പോലെ ഭൂമി വാങ്ങിച്ചു.''

മലബാറിലേക്ക് ആകര്‍ഷിക്കപ്പെട്ടതിനെപ്പറ്റി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി (കുടിയേറ്റം ചില ചരിത്ര സ്മരണകള്‍- ലേഖനം)

ഇതിന് അടിവരയിടുകയാണ് ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം (ലേഖനം - മലബാര്‍ കുടിയേറ്റവും തലശ്ശേരി അതിരൂപതയും). കുടിയേറ്റമെന്ന പ്രതിഭാസം സാധാരണ സ്വഭാവത്തിനു വിപരീതമായാണ് ഇവിടെ നടന്നതെന്നാണ് വിലയിരുത്തല്‍. ''സാധാരണ ഗതിയില്‍ കുടിയേറ്റം നടക്കുന്നത് അവികസിത പ്രദേശങ്ങളില്‍നിന്നു താരതമ്യേന വികസിതമായ പ്രദേശങ്ങളിലേക്കും കാര്‍ഷികോല്‍പാദന മേഖലകളില്‍നിന്ന് കാര്‍ഷികേതര ഉല്‍പാദന മേഖലകളിലേക്കുമാണ്.ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന കുടിയേറ്റം നടക്കുന്നത് അക്കാലത്ത് മദ്രാസ് പ്രസിഡന്‍സിയില്‍ പെട്ടിരുന്ന ബ്രിട്ടീഷ് മലബാര്‍ ജില്ലയിലേക്കാണ്. കൃഷിക്ക് അനുയോജ്യവും എന്നാല്‍ കൃഷിയില്ലാതിരുന്നതുമായ ആ പ്രദേശങ്ങളില്‍ സ്വകാര്യ - സര്‍ക്കാര്‍ - ഉടമസ്ഥതയില്‍ ധാരാളം സ്ഥലം ലഭിച്ചിരുന്നു. ഈ പ്രദേശങ്ങളിലേക്കു കുടിയേറിയ ആളുകള്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നെങ്കിലും അവരില്‍ ബഹുഭൂരിപക്ഷവും മാര്‍ത്തോമ്മാ ക്രൈസ്തവരായിരുന്നു. ആവര്‍ത്തന കൃഷി കൊണ്ട് മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ടതിനാല്‍ ജന്മനാട് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകേണ്ടി വന്നു.''

ജീവിതപരിമിതികളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിട്ടാണ് കുടിയേറ്റ പ്രവണത പൊട്ടിപ്പുറപ്പെട്ടതെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ കല്പനകളിലും സമുദായ സംഘടനകളുടെ കടിഞ്ഞാണറ്റത്തുമായി സമുദായങ്ങള്‍ തളച്ചിടപ്പെട്ടു. സഭാനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കിയതിന്റെ ഗുണവും ദോഷവും ക്രിസ്തുവിന്റെ അനുയായികള്‍ പങ്കിട്ടതുപോലെ, സമ്പത്ത്, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മറ്റു സമുദായ സംഘടനകളും അവരവരുടെ അനുയായികള്‍ക്ക് തുണയായി.

തിരുവിതാംകൂറിലെ സാമൂഹികജീവിതത്തില്‍ നീറി വന്ന അസ്വസ്ഥതകളാണ് അവിടം വിട്ടൊഴിയാന്‍ പ്രേരിപ്പിച്ച ഒരു ഘടകം. ജപ്പാന്‍ ആക്രമണകാലത്തെ ഭക്ഷ്യക്ഷാമം, ആനുപാതികമായി ഉടലെടുത്ത വിലക്കയറ്റം, പിന്തുടര്‍ച്ചാവകാശികളുടെ പെരുപ്പത്താല്‍ ഭവിച്ച ആളോഹരി കൃഷിഭൂമിയുടെ ദൗര്‍ലഭ്യം, സര്‍ സി.പിയുടെ ദുര്‍ഭരണവും ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയുമെല്ലാം കുടിയേറ്റത്തെ സ്വാധീനിച്ച ഘടകങ്ങളായി നിരീക്ഷിക്കാമെങ്കിലും കുടിയേറ്റ പ്രവണതയെ ത്വരിതപ്പെടുത്തിയ നിര്‍ണായകമായ പ്രേരണ മലബാറിലെ ഫ്യൂഡലുകളുടെ ജനവിരുദ്ധ കാഴ്ചപ്പാടുകളാണ്.

നാല്‍പതുകളിലെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം മലബാറിനേയും സമരത്തീച്ചൂളയിലേക്ക് വലിച്ചിട്ടുവെന്നതാണ് ചരിത്രസത്യം. മലബാറില്‍ മുപ്പതുകളില്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ ബീജാവാപം ചെയ്തതു തന്നെ കൃഷിഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിനാണ്. തരിശുഭൂമി കയ്യേറി കൃഷി ചെയ്യാനുള്ള സന്നാഹങ്ങളാണ് കാര്‍ഷിക കലാപങ്ങളും ഏറ്റുമുട്ടലുകളും സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ ഭക്ഷ്യക്ഷാമം, വിലക്കയറ്റം, കൃഷിഭൂമിയുടെ ദൗര്‍ലഭ്യം എന്നിവ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ വിടുന്നവര്‍ മലബാര്‍ ലക്ഷ്യമിടാന്‍ സാധ്യത വിരളമാണ്. മലബാറില്‍ അതേക്കാള്‍ രൂക്ഷമായിരുന്നു അക്കാലത്ത് അതേ പ്രശ്‌നങ്ങള്‍. ഇവിടെ തദ്ദേശവാസികള്‍ അന്ന് കൊടുംക്ഷാമത്തിലായിരുന്നു. എന്നുവച്ചാല്‍ പലായനം ചെയ്യേണ്ടുന്ന അവസ്ഥ തന്നെ.

കുടകിലേക്കും മറ്റും കുടിയേറിയത് ശ്രദ്ധിക്കുക. വിലക്കയറ്റത്തെ പ്രതിരോധിക്കാനും ഭക്ഷ്യക്ഷാമത്തെ മറികടക്കാനും പ്രാദേശിക സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് വിളവുകള്‍ സംഭരിച്ച് ന്യായവിലയില്‍ വിതരണം ചെയ്തും പൂഴ്ത്തിവയ്പുകള്‍ തടഞ്ഞും കര്‍ഷകപ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനനിരതമാകേണ്ടി വന്ന പ്രതിസന്ധിയുടെ കാലഘട്ടം.

കുടിയേറ്റത്തെ മാടിവിളിച്ച മറ്റൊരു സാഹചര്യത്തെയാണ് നാം പ്രബലമായി ഊന്നേണ്ടത്. ഭൂപരമായ പ്രതിസന്ധികള്‍ മൂര്‍ഛിച്ച്   ജന്മി-കുടിയാന്‍ സംഘര്‍ഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ മലബാറിലെ രാഷ്ട്രീയ സാഹചര്യത്തില്‍, കാര്‍ഷിക കലാപങ്ങളിലൂടെ ഭൂമി കുടികിടപ്പുകാര്‍ക്കും യഥാര്‍ഥ  കൃഷിക്കാര്‍ക്കും കൈമാറേണ്ടി വരുമെന്ന തീവ്രസാഹചര്യത്തെ മറികടക്കാന്‍ ഫ്യൂഡല്‍ ലോബികള്‍ കണ്ടെത്തിയ പോംവഴിയായിരുന്നു കിട്ടിയ വിലക്ക് വിറ്റഴിക്കല്‍. തദ്ദേശികളായ കുടിയാന്‍ ജനതയെ ഭൂരഹിതരാക്കിയും അന്യവല്‍ക്കരിച്ചും കൊണ്ട് വന്‍തോതില്‍ കൃഷിനിലങ്ങളും പുനങ്ങളും മലഞ്ചെരിവുകളും വനമേഖലകളും അവര്‍ തിടുക്കത്തില്‍ വിറ്റഴിച്ചു. അന്നത്തെ ഫ്യൂഡല്‍ പ്രഭുക്കളുമായി സൗഹൃദം കണ്ടെത്താന്‍ കഴിഞ്ഞ സഭാ- സമുദായ - നേതൃത്വങ്ങള്‍ക്കും തെക്കന്‍ രാജകുടുംബങ്ങള്‍ക്കുമെല്ലാം കൈമാറ്റനടപടികള്‍ സുഗമമായിരുന്നു.

ഈ അവസരത്തിന്റെ മാടിവിളി അറിഞ്ഞു പ്രയോജനപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ക്കും സാധിച്ചു. കാര്‍ഷിക കലാപങ്ങളെ നേരിടുന്ന ഫ്യൂഡല്‍ പ്രഭുക്കളുടെ മനോഭാവത്തെ മതസഭക്കാരും സമുദായ നേതൃത്വവും സമര്‍ഥമായി വാണിജ്യം ചെയ്തത് കാണാതിരുന്നുകൂട. മലബാറില്‍ പല ഹൈന്ദവ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിനേക്കറുകള്‍ ദേവസ്വം അധികാരികളറിയാതെ ഊരാളന്മാര്‍ കുടിയേറ്റക്കാര്‍ക്ക് നിസ്സാരവിലക്ക് വിറ്റു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മലബാര്‍ പ്രവേശവും ക്‌നാനായ സമുദായക്കാരുടെ സംഘടിത കുടിയേറ്റവും സംഭവിച്ചത് ഈ സാഹചര്യത്തെ ആശ്രയിച്ചാണ്.

ആ കടന്നുവരവിന്റെ പ്രയോജനം മലബാറിലെ മലയോരദേശങ്ങളിലുമുണ്ടായി. സംഘടിത കുടിയേറ്റങ്ങളില്‍ സംഘാടകര്‍ തന്നെ വീട്, റോഡ്, പാലം, വൈദ്യുതി, ടെലഫോണ്‍, വിദ്യാലയം, ആശുപത്രി തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നേതൃത്വം നല്‍കി. ആദ്യകാലത്തെ ഒറ്റപ്പെട്ട കുടിയേറ്റങ്ങളെ അപേക്ഷിച്ച് പിന്നീടുള്ളവ ക്ലേശഭരിതമായില്ല. ജന്മിചൂഷണങ്ങളോടും വന്യമൃഗങ്ങളോടും
കോളറ, വസൂരി, മലമ്പനി തുടങ്ങി മാരകമായ പകര്‍ച്ചവ്യാധികളോടും ആദ്യതലമുറ മല്ലടിച്ചതിന്റെ സാഫല്യം പില്‍ക്കാല കുടിയേറ്റക്കാര്‍ക്കാണ്  ലഭിച്ചത്. ഭക്ഷ്യ-നാണ്യവിളകളുടെ വന്‍തോതിലുള്ള ഉല്‍പാദനം, മലബാറില്‍ കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്നീ മാറ്റങ്ങള്‍ക്ക് മുഖ്യമായ കാരണം കുടിയേറ്റത്തിന്റെ അനന്തരഫലങ്ങളാണ്. അതിന്റെ ഭാഗമായി  മലയോരങ്ങളില്‍ ചെറുനഗരങ്ങള്‍ വളര്‍ന്നു. ബന്തടുക്ക, ബളാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കല്‍, ചെറുപുഴ, ആലക്കോട്, കരുവഞ്ചാല്‍, ചെമ്പന്തൊട്ടി, കുടിയാന്മല, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി എന്നിവ അത്തരത്തില്‍ വികസിച്ചുവന്നതാണ്.

photo A padmanabhan
ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഇസ്ലാം ആരാധനാ കേന്ദ്രം - ശ്രീകണ്ഠപുരം പഴയങ്ങാടി മഖാം

1920-കളുടെ മധ്യം പിന്നിടുമ്പോള്‍ തന്നെ ഒറ്റപ്പെട്ട കുടിയേറ്റങ്ങളാരംഭിച്ചിരുന്നു.

''1926 മുതല്‍ തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് കുടിയേറ്റം ആരംഭിച്ചു. തുടര്‍ന്നുള്ള കുടിയേറ്റം മന്ദഗതിയിലായിരുന്നു. 1939 വരെ 9 കേന്ദ്രങ്ങളിലാണു കുടിയേറ്റം നടന്നത്. മണ്ണാര്‍ക്കാട്, കുറ്റ്യാടി, പേരാവൂര്‍, വായാട്ടുപറമ്പ്, പേരാമ്പ്ര, സുല്‍ത്താന്‍ ബത്തേരി, പയ്യമ്പള്ളി, മാനന്തവാടി, തരിയോട് എന്നിവയാണ് ആ കേന്ദ്രങ്ങള്‍. 1939 വരെ ഈ കേന്ദ്രങ്ങളില്‍ 200-ലധികം കുടുംബങ്ങള്‍ കുടിയേറിയിരുന്നില്ല. അതില്‍ തന്നെ 42 വീട്ടുകാര്‍ തിരിച്ചു പോയി. 1946-55 കാലത്താണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത്. 1960 മുതല്‍ കുടിയേറ്റം മന്ദഗതിയിലായി.1970 ഓടു കൂടി കുടിയേറ്റം നിലച്ചു എന്നു പറയാം. മലബാറില്‍ കൃഷിഭൂമി കിട്ടാനില്ലാതായി എന്നതാണ് കാരണം ''

(ലേഖനം:മലബാര്‍ കുടിയേറ്റം: പൊരുത്തപ്പെടലും പൊരുത്തക്കേടും - കുറവിലങ്ങാട് ജോസഫ്).

1926-ല്‍ കരിപ്പാപ്പറമ്പില്‍ ജേക്കബ് തോമസ്, മാളിയേക്കല്‍ തോമസ് ജോസഫ് എന്നിവരുടെ മണ്ണാര്‍ക്കാട് കുടിയേറ്റമാണ് തുടക്കം. അതേ വര്‍ഷം തന്നെ അയ്മനം ജോസഫും കുടുംബവും തൊട്ടില്‍പ്പാലത്തിനടുത്ത് മൂന്നാംകൈ എന്നിടത്ത് താമസമാരംഭിച്ചു.

കുടിയേറ്റത്തിന്റെ മറ്റൊരു നാഴികക്കല്ല്  1928-ലെ  കോളയാട് കുടിയേറ്റമാണ്. കോഴിക്കോട്ട് രൂപത സ്ഥാപിച്ച് അഞ്ചു വര്‍ഷം പിന്നിടുന്ന ഘട്ടമായിരുന്നു അത്. ഡോ: പോള്‍ പെരിനിയാണ് അന്നത്തെ രൂപതാധ്യക്ഷന്‍. 1923 തൊട്ടേ  ഫാ: പോള്‍ റൊസാരിയോ ഫെര്‍ണാണ്ടസ് കോളയാട് ആദിവാസികളായ കുറിച്യര്‍, പണിയര്‍, എന്നിവര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനമാരംഭിക്കുകയും അവരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കുന്നതിനുള്ള കര്‍മോപചാരങ്ങള്‍ മുന്നോട്ടു നീക്കുകയും ചെയ്തു.  1927-ല്‍ ദേവാലയം, വിദ്യാലയം എന്നിവ പണിതു. ഈ വൈദികന്റെ  സഹായത്തോടെയാണ് 1928-ല്‍ കെ.പി. മാത്യു കുടക്കച്ചിറ സ്ഥലം വാങ്ങി കുടിയേറ്റത്തിനു തുടക്കമിടുന്നത്. കട്ടക്കയത്തില്‍ മത്തച്ചന്‍  മൈലാടിക്കുന്നിലും സ്ഥലം വാങ്ങി. കുടുക്കച്ചിറ മത്തായി ചെറിയാന്‍, ജോസഫ് വടക്കയില്‍ എന്നിവരും തൊട്ടുപിന്നാലെയെത്തി. ആലക്കോട്, പേരാവൂര്‍, വായാട്ടുപറമ്പ് എന്നിവിടങ്ങളിലേക്കും തുടര്‍ന്ന്  വ്യാപിച്ചു.

1928-ല്‍ വായാട്ടുപറമ്പില്‍ കുറവിലങ്ങാട്ടുകാരനായ ഡോ: പി.ജെ. തോമസ് 12,000 ഏക്കര്‍ വാങ്ങി. കുറേ സ്ഥലം  കൃഷിക്കാര്‍ക്ക് മറിച്ചു നല്‍കുകയായിരുന്നു. കുറച്ചു പ്രദേശങ്ങള്‍  നിയമക്കുരുക്കുകളിലും പെട്ടു. 1930-ല്‍ കുളത്തുവയല്‍, മാനന്തവാടി എന്നിവിടങ്ങളിലേക്ക്  ഒറ്റപ്പെട്ട കുടിയേറ്റങ്ങളുണ്ടായി. പേരാവൂരിനടുത്ത് തുണ്ടിയിലും  കൊട്ടിയൂര്‍ പരിസരങ്ങളിലും ഇതേ കാലത്ത് തന്നെ ആളുകളെത്തി.
ഒറ്റക്കും ചെറുസംഘങ്ങളായും സ്ഥലം സ്വന്തമാക്കാനുള്ള കുടിയേറ്റം മുപ്പതുകളില്‍ തുടര്‍ന്നു.1936-ല്‍ പൂഞ്ഞാര്‍ രാജകുടുംബം പി.ആര്‍. രാജവര്‍മരാജ ആലക്കോടും പരിസരത്തുമായി 22,000 ഏക്കര്‍ വാങ്ങിക്കുകയും തോട്ടം പിടിപ്പിക്കുകയും കുറേ ഭാഗം  കുടിയേറ്റക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. പാലം, റോഡ്, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും രാജ പ്രത്യേക താല്പര്യമെടുത്തു.

1939-ല്‍ ജോസഫ് നീരാക്കല്‍ നെല്ലിക്കാംപൊയില്‍ കുടിയേറി. 1940-ന്റെ തുടക്കത്തില്‍ വന്‍കിട കുടിയേറ്റക്കാര്‍ കുന്നോത്ത്, കിളിയന്തറ, അങ്ങാടിക്കടവ് പ്രദേശങ്ങളിലെത്തി. 1500 ഏക്കര്‍, 1000 ഏക്കര്‍ വീതം വാങ്ങി എസ്റ്റേറ്റുണ്ടാക്കുകയായിരുന്നു അവരുടെ പദ്ധതി. ചെറുകിട കുടിയേറ്റക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു.

1941-ല്‍ ഒരു സംഘം കുടിയേറിയ എടൂരില്‍ 1943-44 ലുമായി കൂടുതല്‍ കുടുംബങ്ങളെത്തി. 1942-ല്‍  തിരുവമ്പാടി, ചുള്ളിയോട് ഭാഗങ്ങളിലേക്കായിരുന്നു പ്രയാണം. അതേ വര്‍ഷം തന്നെ കിടങ്ങൂര്‍നിന്ന്  സംഘടിത കുടിയേറ്റമുണ്ടായി.അവര്‍ വയത്തൂരാണ് ലക്ഷ്യമിട്ടത്. അവിടെ ഹിന്ദുകോളനി സ്ഥാപിച്ചു. കോവൂര്‍ ശങ്കരപ്പിള്ള ,മേക്കാട്ട് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കായിരുന്നു നേതൃത്വം. ഇതേ കാലത്ത്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ പ്രൊഫസറായിരുന്ന വി.ജെ. ജോസഫ് കണ്ടത്തില്‍ (ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ട്) സംഘടിത കുടിയേറ്റമെന്ന ആശയം കോട്ടയം രൂപതാധ്യക്ഷനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിന്റെ ശ്രദ്ധയില്‍ പെടുത്തി. അതിന്റെ സാക്ഷാത്കാരത്തിനായി മലബാറിലെ ഭൂവുടമകള്‍ക്കും കോട്ടയം രൂപതയ്ക്കുമിടയില്‍ അദ്ദേഹം  കണ്ണിയായി പ്രവര്‍ത്തിച്ചു.

ആ നീക്കത്തില്‍, നീലേശ്വരം രാജകുടുംബത്തില്‍പെട്ട കക്കാട്ടുമഠം കോവിലകം വക പനത്തടി, കള്ളാര്‍, ചുള്ളിക്കര, എച്ചിക്കോല്‍ (കുടിയേറ്റത്തിനു ശേഷം എച്ചിക്കോല്‍ രാജപുരമായി) ഭാഗത്തുള്ള 1800 ഏക്കര്‍ രൂപത സ്വന്തമാക്കി. 72 കുടുംബങ്ങളെ (കാനായില്‍ നിന്ന് ക്‌നായിത്തൊമ്മനൊപ്പം കേരളത്തിലേക്കു കുടിയേറിയതിനു കടപ്പെട്ടുകൊണ്ട്) തെരഞ്ഞെടുത്ത് ഫാ: മാത്യു ചെറുശ്ശേരിയുടെ നേതൃത്വത്തില്‍ 1943 ഫെബ്രുവരി രണ്ടിന്‌ കോട്ടയത്തുനിന്ന് പുറപ്പെട്ടു. അഞ്ചിന്‌ രാജപുരത്തെത്തി. ഏക്കറിന് 8 രൂപ പ്രകാരം 12.5 ഏക്കര്‍ വീതം വേര്‍തിരിച്ച് നറുക്കെടുത്താണ് ഓരോ കുടുംബത്തിനും നല്‍കിയത്.

ബിഷപ്പ്  മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ  നിര്‍ദേശപ്രകാരം മടമ്പത്തും 104 കുടുംബങ്ങള്‍ക്കുവേണ്ടി 1969 ഏക്കര്‍ 87 സെന്റ്  പ്രൊഫസര്‍ വി.ജെ. ജോസഫ് വാങ്ങി. ഫാ: മാത്യു ചെറുശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ആ കുടിയേറ്റം. 39 കുടുംബങ്ങള്‍  1943 മെയ് 7-നു തന്നെ മടമ്പത്തെത്തി. തുടക്കത്തിലേ അവിടെ പള്ളിയും വൈദികനുമുണ്ടായി.

ചെമ്പേരിയിലേക്കുള്ള കുടിയേറ്റത്തിന്റെ ആരംഭം 1943 ലാണ്. കാഞ്ഞിരപ്പള്ളിക്കാരനായ പുല്‍പ്പയില്‍ ജോസഫ് (അതിജീവനത്തിനിടെ വസൂരി പിടിച്ച് മരിച്ചു), മടുക്കക്കുഴിയില്‍ ജോസഫ്, കടുവാതുക്കല്‍ ഔത, കാക്കനാട്ട് കുഞ്ഞ്, വാലുമണ്ണില്‍ അബ്രഹാം, സഹായി കൊച്ചച്ചേരിയില്‍ ഇട്ടി എന്നിവരാണ് ആദ്യം കാലുകുത്തിയവര്‍. ഏരുവേശ്ശിയിലും അരീക്കമലയിലും പിന്നീട് ചെമ്പേരിയിലുമായി അവര്‍ വാസമുറപ്പിച്ചു. 1943-ല്‍ ഏരുവേശ്ശിയിലെ ഭൂവുടമ എടക്ലവന്‍ കണ്ണന്‍ നമ്പ്യാരില്‍നിന്ന് 206 ഏക്കര്‍ സ്ഥലം പുല്‍പ്പയില്‍ ജോസഫും കൂട്ടരും വാങ്ങിയാണ് തുടക്കം. തൊട്ടടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെത്തിച്ചേര്‍ന്നു.

1947 ഒക്ടോബർ 9-ന് ജോസഫ് കിഴക്കുംഭാഗത്തച്ചന്‍ പ്രഥമവികാരിയായി ചാര്‍ജ് എടുക്കുമ്പോള്‍ 18 കുടുംബങ്ങളായിരുന്നു കുടിയേറ്റക്കാരായി ചെമ്പേരിയില്‍ ഉണ്ടായിരുന്നത്.1948-ല്‍ ഫാ: കുര്യാക്കോസ് കുടക്കച്ചിറ ചെമ്പേരി ഇടവകയുടെ വികാരിയായി ചുമതലയേറ്റതിനു ശേഷമുള്ള കാലഘട്ടത്തില്‍  സഭയുടെ  സ്വാധീനത്താല്‍ പ്രദേശത്തിന്റെ അടിസ്ഥാനവികസനങ്ങള്‍  ത്വരിതഗതിയിലായി. സ്‌കൂള്‍, റോഡുകള്‍, ആശുപത്രി തുടങ്ങിയ നിര്‍മാണങ്ങളില്‍ സഭ ശ്രദ്ധവച്ചു.

അന്ന് ചെമ്പേരിക്കാര്‍ക്ക് ആശ്രയിക്കാനുണ്ടായിരുന്ന ഏക കച്ചവടകേന്ദ്രം പതിനഞ്ചു കിലോ മീറ്റര്‍ അകലെയുള്ള ചെങ്ങളായിയാണ്. തലച്ചുമടായി ചുമന്നും കാട്ടുവഴികളിലൂടെ നടന്നുംവേണം ചരക്കുകളെത്തിക്കാന്‍. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കപ്പ, തുവര, ചോളം തുടങ്ങിയ അധ്വാനഫലങ്ങള്‍ അങ്ങനെ കമ്പോളത്തിലെത്തിച്ചു. നെല്ല്, പയര്‍, കുമ്പളം, മത്ത, മുത്താറി, വെള്ളരി, തെന,ചാമ എന്നിവയെല്ലാം പുനത്തില്‍ വിളയിച്ചു.ചെന്നക്കോഴി വാലന്‍, വെള്ളക്കോഴിവാലന്‍ വരയന്‍, വെള്ളക്കന്‍, പാല്‍ക്കൈമ, കൊളപ്പാല, സൂര്യന്‍, ഞവര, പാണ്ഡി മോഡന്‍, കുറുക, കീരിഷ്ടത്താട തുടങ്ങിയ വിത്തിനങ്ങള്‍ പാകപ്പെടുത്തി.

വരിക, കളത്തുമ്പ, കത്തി, കൊത്തുവാള്‍  എന്നിങ്ങനെ ഏതാനും പണിയായുധങ്ങള്‍ മാത്രം. മഴക്കാലത്ത് ഇലയും ഈറ്റയും കൊണ്ടുണ്ടാക്കുന്ന കൊരമ്പ, പനയോല കൊണ്ടുള്ള ചെമ്പുകുട, തൊപ്പിക്കുട എന്നിവയെ ആശ്രയിക്കും. സ്വദേശത്തുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കിയാണ് വൃദ്ധരും കുട്ടികളുമടക്കം കുടുംബസമേതം അവിടെനിന്നു പുറപ്പെട്ടത്. വാരിക്കെട്ടിയ വീട്ടുസാമാനങ്ങള്‍ താങ്ങിപ്പിടിച്ച് കിട്ടിയ ബസ്സില്‍  എറണാകുളത്തോ ആലുവയിലോ എത്തിപ്പെടും. അവിടെനിന്നു  ട്രെയിനില്‍ ആലുവ, ഷൊര്‍ണൂര്‍, കോഴിക്കോട് വഴി വണ്ടികള്‍  മാറിമാറിക്കയറി വളപട്ടണത്ത്. സ്റ്റേഷനുകളില്‍ ഓരോ ദിവസം തങ്ങേണ്ടി വന്നേക്കാം.

വളപട്ടണത്തുനിന്നു ചെങ്ങളായി വരെ ബോട്ടിലാണ് സഞ്ചാരം. ആറു മണിക്കൂറിലേറെ അതിനുമെടുക്കും. പിന്നെ ദുര്‍ഘടം പിടിച്ച പാതയിലൂടെ കാല്‍നടയായി, ശ്രീകണ്ഠപുരം വഴി ചെമ്പേരി പിടിക്കും. വഴിനീളെ കൃത്യമായി വണ്ടികള്‍ കിട്ടിയാലും പുറപ്പെട്ട് നാലാം ദിവസമേ ചെമ്പേരിയിലെത്തൂ. എത്തിയ ശേഷം ഇവിടെ വാസമുറപ്പിക്കുന്നതിനു വേണ്ടി ഓരോ കുടുംബവും നേരിട്ട ക്ലേശങ്ങളും കഷ്ടതകളും ത്യാഗങ്ങളും വിവരണാതീതമാണ്.

ചെമ്പേരിയിലെ  വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കണമെങ്കില്‍, ആദ്യകാലത്ത്  കാട്ടുവഴി താണ്ടി മടമ്പത്തെത്തിച്ചേരേണ്ടി വന്നു. സമീപവീടുകളില്‍ ക്യാമ്പു ചെയ്താണ് പിറ്റേന്നത്തെ ഞായര്‍ കുര്‍ബാനയില്‍ അവര്‍ പങ്കു കൊണ്ടിരുന്നത്.1947 ഒക്ടോബർ 9-ന് കോഴിക്കോട് രൂപതയിലെ  ഫാ: ജോസഫ് കിഴക്കുംഭാഗം ചെമ്പേരിയില്‍ എത്തുംവരെ ഈ അവസ്ഥയായിരുന്നു. ചെമ്പേരിയിലെ 18 വീട്ടുകാരും പങ്കെടുത്തു കൊണ്ട് ആദ്യദിവ്യബലി അര്‍പ്പിച്ചത് പുളിക്കല്‍ ജോസഫിന്റെ വീട്ടിലായിരുന്നു. 1953-ലാണ് ചെമ്പേരി ഇടവകയുടെ സ്ഥാപനം നടക്കുന്നത്. തലശ്ശേരി രൂപത രൂപം കൊണ്ട അതേ വര്‍ഷം. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1953 ഡിസം 31-നു പുറപ്പെടുവിച്ച ' ആദ് ക്രിസ്തി എക്ലേസിയാം റെജേന്‍ ദാം ' എന്ന വിളംബരം വഴിയാണ് തലശ്ശേരി രൂപത നിലവില്‍ വന്നത്.
അതിനു മുമ്പേ ചെമ്പേരിയില്‍ പള്ളി നിര്‍മിക്കപ്പെട്ടിരുന്നു.

1943-ലാണ്  ബളാല്‍ കുടിയേറ്റം. മാത്യു മിനാട്ടൂര്‍ എന്നയാള്‍ 1000 ഏക്കര്‍ സ്ഥലം വാങ്ങി മീനച്ചില്‍ അഗ്രികള്‍ച്ചറല്‍ കമ്പനി എന്ന എസ്റ്റേറ്റ് തുടങ്ങി. 4 പേര്‍ വേറെയുമെത്തി. 1944-ല്‍ കോടഞ്ചേരി ഭാഗങ്ങളില്‍ കുടിയേറ്റം നടന്നു. 1945-ലാണ് ചിറ്റാരിക്കല്‍ (തോമ്മാപുരം) കോളനി രൂപമെടുക്കുന്നത്. ആറു പേരടങ്ങുന്ന ഒരു സംഘം 650 ഏക്കര്‍ വാങ്ങി അതില്‍ 10 ഏക്കര്‍  പള്ളിക്ക് നീക്കിവച്ചു. കോട്ടയം അയര്‍ക്കുന്നത്തെ 24 കുടുംബങ്ങള്‍ വെളളരിക്കുണ്ടില്‍ കുടിയേറുന്നത് 1946-ലാണ്. പ്രാരംഭകാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാനാവാതെ അതില്‍ 14 കുടുംബങ്ങള്‍ തിരികെ പോയി. പാലാ സ്വദേശികളായ ഒരു കൂട്ടം 1949-ല്‍ ചിറ്റാരിക്കലിനടുത്താണ് താവളമുറപ്പിച്ചത്. പാലാവയല്‍ എന്ന് ആ പ്രദേശം പിന്നീടറിയപ്പെട്ടു.

കാഞ്ഞിരടുക്കം (1952-ല്‍)  എണ്ണപ്പാറ (1953) മാനടുക്കം (1954) മാലോം (1957)മേരിപുരമായി മാറിയ കരിവേടകം (1959) എന്നിവിടങ്ങളിലെ കുടിയേറ്റവും ചെറുസംഘങ്ങളായിട്ടായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റി 1958-ല്‍ പനത്തടി -ബാളാംതോട് ഭാഗത്ത് 4800 ഏക്കര്‍ വാങ്ങി. 500 നായര്‍ കുടുംബങ്ങള്‍ക്ക് 5 ഏക്കര്‍ വീതം 500 രൂപക്ക്  വീതിച്ചു. ബാക്കി സ്ഥലം എന്‍.എസ്.എസ്. എസ്റ്റേറ്റ് ആക്കി. പ്രതികൂല സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ അതില്‍ പലരും തിരിച്ചു പോകുകയുണ്ടായി. കുട്ടനാട്ടു പുളിക്കുന്നില്‍ നിന്നുമെത്തിയ  12 കുടുംബങ്ങള്‍ ഫാ. മാത്യു ജെ. കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തില്‍ മണിക്കടവ്  ഉരുപ്പന്‍ തട്ടില്‍ 150 ഏക്കര്‍ വാങ്ങി താവളം തുടങ്ങിയെങ്കിലും  വെല്ലുവിളികളെ അതിജീവിക്കാനാവാതെ നാല് കുടുംബക്കാരൊഴികെ ബാക്കിയെല്ലാവരും തിരിച്ചു പോയി.
കുടിയേറിയ കേന്ദ്രങ്ങളുടെ പശ്ചാത്തലദേശങ്ങളും ക്രമേണ അധിവാസസ്ഥലങ്ങളായി മാറി.

ഭീമനടി, കൊന്നക്കാട്, കാലിച്ചാനടുക്കം, മാലക്കല്ല്, പാണത്തൂര്‍, രാജപുരം, കുന്നോത്ത്, നെല്ലിക്കാംപൊയില്‍, പൈസക്കരി,  ചെമ്പന്തൊട്ടി, തേര്‍ത്തല്ലി, ചെറുപുഴ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക്  കുടിയേറ്റം വ്യാപിച്ചു. 1969-ല്‍  ഫാ: സ്റ്റീഫന്‍ മുതുക്കാട്ടിലിന്റെ നേതൃത്വത്തില്‍ പനത്തടിക്ക് അടുത്ത് മാടത്തുമലയില്‍ 750 ഏക്കര്‍ ഏറ്റെടുക്കുകയും 1970-ല്‍ അവിടെ  45 കുടുംബങ്ങളെ പാര്‍പ്പിക്കുകയും ചെയ്തു. സ്ഥലനാമം റാണിപുരം എന്നാക്കി മാറ്റി. കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്  വാഴമല കോളനി സ്ഥാപിതമായത്.  1969-ല്‍ 10 കുടുംബവും  '70-ല്‍ കൂടുതല്‍ കുടുംബങ്ങളും അവിടെ വിന്യസിക്കപ്പെട്ടു. പിന്നീട് മിച്ചഭൂമിയായി ഏറ്റെടുക്കപ്പെടുകയും കുടിയിറക്കല്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരികയുമുണ്ടായി.

ഭൂപരമായ അവകാശ നിര്‍ണയങ്ങളെ സങ്കീര്‍ണമാക്കുന്നതിലും ആദിവാസി ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത ആവാസരീതികളില്‍  അസ്ഥിരതയുടെ വിത്തുപാകുന്നതിലും ഫ്യൂഡല്‍ഘടന വരുത്തിയ മാരകമായ മുറിവിനോടൊപ്പം കുടിയേറ്റവും  ചെറിയൊരളവില്‍ പോറലുകളേല്പിച്ചിട്ടുണ്ട്. ഒരു വശത്ത് ഭൂപ്രഭുത്വത്തോടു സന്ധി ചെയ്തു കൊണ്ടുതന്നെ മറുവശത്ത്  കൃഷിഭൂമിയെ ഓരോയിഞ്ചും ചലിപ്പിക്കുകയെന്ന മധ്യവര്‍ത്തി രീതിയായിരുന്നു അത്. അതിന്റെ ഗുണപരമായ അനുഭവം  ഭൂമിയുടെ പ്രത്യുല്‍പാദനപരതയും  ഉപഭോഗക്ഷമതയും സജീവമായെന്നതാണ്.

 '' 1930-കളിലും 40-കളിലും കണ്ണൂര്‍ -കാസര്‍ക്കോട് ജില്ലകളില്‍ ജന്മിത്ത വ്യവസ്ഥിതിക്കെതിരെ വലിയ കര്‍ഷകമുന്നേറ്റങ്ങള്‍ നടന്നു. പക്ഷെ ഈ പ്രക്ഷോഭങ്ങളില്‍ കുടിയേറ്റക്കാരുടെ പങ്കാളിത്തം കാര്യമായുണ്ടായിരുന്നില്ല .ഭൂമി കൈമാറ്റം സംബന്ധിച്ചുണ്ടായ വിവിധ നിയമങ്ങള്‍ കുടിയേറ്റക്കാരെ പല തരത്തിലും ബാധിച്ചിട്ടുണ്ട്. 1929-ലെ മദ്രാസ് കുടികിടപ്പു നിയമം, 1958-ലെ അഗ്രേറിയന്‍ റിലേഷന്‍ ആക്ട്, 1963-ലെ കെ.എല്‍.ആര്‍.ആക്ട്, 1971-ലെ വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. കുടിയേറ്റം ഭൂമി ഇടപാടുകളെ സ്വാധീനിച്ചതിലേറെ, ഭൂമി ഉപയോഗത്തെയാണ് സ്വാധീനിച്ചത്. നാണ്യവിളകളുടെ കൃഷി വഴി ഭൂമിയുടെ സ്ഥിരമായ ഉപയോഗത്തിന് കുടിയേറ്റം വഴിതെളിച്ചു. '

 'കുടിയേറ്റവും മലബാറിലെ ഭൂവ്യവസ്ഥയും ' - എ.സി. മാത്യു

photo A padmanabhan
ഇച്ചിലംപാടി ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രം , ദക്ഷിണ കന്നഡ

കുടിയേറ്റം ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജൈവസഞ്ചയത്തെ  ഏതൊക്കെ തരത്തില്‍ സ്വാധീനിച്ചുവെന്നത് അതുണ്ടാക്കാനിടയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും  സൂക്ഷ്മമായി ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളു. ആദിമസംസ്‌കൃതിയുടെ അടിവേരുകളില്‍ തന്നെ മാറ്റത്തിന്റെ മുദ്രകള്‍ പതിയുംവിധം ആവാസവ്യവസ്ഥ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ മലയോരങ്ങളില്‍ മാവില, കരിമ്പാലന്‍ വര്‍ഗങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രബലമായ ഗോത്രങ്ങള്‍ പണിയരുടേയും കുറിച്യരുടേതുമാണ്. കുറിച്യരേക്കാള്‍ പിന്നോക്കമാണ് പണിയര്‍. അവര്‍ക്ക് കൃഷി സ്വഭാവമില്ല. കാടിന്റെ നൈസര്‍ഗിക സമ്പത്തിന്റെ സിരകളിലാണവര്‍ ഊര്‍ജം കണ്ടെത്തുന്നത്. അതേസമയം, ഇത്തിള്‍ക്കണ്ണി സ്വഭാവം അതിനൊട്ടില്ലതാനും. കാടിന്റെ വാത്സല്യശൃംഖലയില്‍ പെട്ടവര്‍. പക്ഷെ, കുടിയേറ്റത്തോടെ അതില്‍ ശ്രുതിഭംഗമുണ്ടാകുന്നു. പരുക്കന്‍ പാദമുദ്രകള്‍ പതിയുന്നു.

ഇതിന്റെ വിശദാംശങ്ങളെ വെളിപ്പെടുത്തുന്ന ഒരു സൂചന ഡോ :പി .ടി .സെബാസ്റ്റ്യന്‍ ഈ വിധത്തില്‍ രേഖപ്പെടുത്തുന്നുണ്ട്:

''ആദിവാസികളുടെ അന്യവല്‍ക്കരണത്തിന് പ്രധാന കാരണമായത് മലബാര്‍ കുടിയേറ്റമാണെന്ന ഒരു വാദം നിലവിലുണ്ട്. ഇത് ഒരര്‍ധസത്യം മാത്രമാണ്. കുടിയേറ്റത്തിനു മുമ്പ് ആദിവാസികള്‍ പുനം കൃഷിയുമായി മാറി മാറി താമസിക്കുന്ന രീതിയായിരുന്നു. കാലക്രമേണ ജന്മിമാര്‍ ഭൂമി കൈമാറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പല കൈമാറ്റങ്ങള്‍ക്കൊടുവില്‍ ഭൂമി കുടിയേറ്റക്കാരുടെ കയ്യിലെത്തി. ഇതിനിടയില്‍ ആദിവാസികള്‍ ഭൂമിക്ക് ആധാരമോ പട്ടയമോ സംഘടിപ്പിച്ചില്ല. അങ്ങനെ സ്വാഭാവികമായും കാടിന്റെ ഉടമകളായ ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ അന്യരായി മാറി. ആദിവാസികള്‍ ഇന്ന് കര്‍ഷകത്തൊഴിലാളികളായി മാറ്റപ്പെട്ടിരിക്കുകയാണ്. ഈയൊരവസ്ഥക്ക് കുടിയേറ്റക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാര്‍ കയ്യേറിയതും അവരെ വഞ്ചിച്ച് കൈവശപ്പെടുത്തിയതിന്റെ ധാരാളം ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട്. പക്ഷെ, പൊതുവെ പറഞ്ഞാല്‍, കുടിയേറ്റക്കാര്‍ ജന്മിമാരില്‍നിന്ന് പണം കൊടുത്താണ് ഭൂമിവാങ്ങിയിരുന്നത്'.

(ക്രിസ്ത്യന്‍ മൈഗ്രേഷന്‍ ടു മലബാര്‍ 1930-80)

തിരുവിതാംകൂറില്‍ സ്ഥലം വിറ്റാല്‍ അതിന്റെ പതിന്മടങ്ങ് ഭൂമി ഇവിടെ കൈക്കലാക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടുത്തെ ഭൂപ്രഭുക്കന്മാരുടെ സമീപനത്താല്‍ ഉരുത്തിരിഞ്ഞു. ഗോത്രഭൂമികള്‍ക്കു മേല്‍ ആദിവാസികളുടെ പിടി ദുര്‍ബലവുമായിരുന്നു.അത് മുതലാക്കിയവരുമുണ്ട്. 'സ്വാതന്ത്ര്യസമരം കാസര്‍ക്കോട് താലൂക്കില്‍' എന്ന ലേഖനത്തില്‍ ഡോ: കെ.കെ.എന്‍.കുറുപ്പ് ഒരുദാഹരണം ചൂണ്ടിക്കാട്ടുന്നു: '

'താഴെക്കാട്ടുമനയുടേയും കുട്ടമത്ത് കുന്നിയൂര്‍ തറവാടിന്റേയും കൈവശമുണ്ടായിരുന്ന ആറായിരത്തോളം ഏക്കര്‍ വനഭൂമി ഏക്കറിന് രണ്ടു രൂപ വച്ച് ജോര്‍ജ് തോമസ് കൊട്ടുകാപ്പളളി എന്ന കുടിയേറ്റ കര്‍ഷകന്‍ ( ഇദ്ദേഹം പിന്നീട് പാര്‍ലമെന്റ് അംഗമായി) വാങ്ങി. ഇവിടുത്തെ ആദിവാസി വിഭാഗങ്ങളായ മാവിലന്‍, വേട്ടുവന്‍ എന്നിവരുടെ ദൈവിക സ്ഥാനങ്ങള്‍ അതോടെ പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു.

(കടപ്പാട്: തെയ്യംപ്രകൃതി സ്ത്രീത്വം -യു.പി.സന്തോഷ് )

പാലക്കാട് എണ്ണപ്പാടം അഗ്രഹാരത്തില്‍നിന്ന് 1865-ല്‍ പട്ടന്മാര്‍ ശ്രീകണ്ഠപുരത്തിനടുത്ത് വയക്കരയില്‍ കുടിയേറിയതായി കാണാം. കരക്കാട്ടിടം ജന്മിയുടെ വ്യവഹാരങ്ങള്‍ നോക്കിനടത്താനാണ് തുടക്കത്തില്‍ അവരെത്തിയത്. ഇംഗ്ലീഷും തമിഴുമെല്ലാം അനായാസം കൈകാര്യം ചെയ്യാനറിയുന്ന വക്കീലന്മാരും പാചകക്കാരുമെല്ലാം കൂട്ടത്തിലുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖരായിരുന്നു വക്കീലായ സംഘമേശ്വരയ്യരും പാചകവിദഗ്ധനായ സഹോദരന്‍ രാമലിംഗ പട്ടരും. വയക്കര പ്രദേശത്ത് ആ വിഭാഗത്തിന്റെ തുടര്‍ കുടിയേറ്റമുണ്ടായെങ്കിലും ജന്മിത്തത്തിന്റെ പ്രതാപം അവസാനിച്ചപ്പോള്‍ അവരില്‍ മിക്കവരും തിരിച്ചുപോയി.

പത്തു പതിനഞ്ച് വര്‍ഷം കൃഷി ചെയ്ത് സമ്പാദ്യമുണ്ടായതിനു ശേഷം കൊട്ടിയൂരിനടുത്ത് കുടിയേറ്റക്കാരെ മന്നത്ത് പത്മനാഭന്‍ പിന്നീട് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് പ്രമാദമായ സംഭവമായിരുന്നു. ഫാദര്‍ വടക്കന്‍, വെല്ലിംങ്ങ് ടണ്‍ എന്നിവര്‍ സമരം നയിച്ചതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പായത്. അതിന്റെ ഫലമായി കൈവശഭൂമി കുടിയേറ്റക്കാര്‍ക്ക് രേഖാമൂലം പതിച്ചു നല്‍കി. പുല്‍പ്പള്ളി, അമ്പലവയല്‍, ഗൂഡല്ലൂര്‍, ഷിമോഗ എന്നിവിടങ്ങളിലും കുടിയിറക്ക് ഭീഷണി ഉടലെടുക്കുകയുണ്ടായി. 1966 മെയ് 10-ന് കര്‍ണാടക ഗവണ്‍മെന്റ്  ഷിമോഗയില്‍നിന്ന് ഇറക്കിവിട്ട 470 കുടുംബങ്ങള്‍ 72 ദിവസം ഷെല്‍ട്ടറില്‍ കഴിയേണ്ടിവന്നു. ഒടുവില്‍ പള്ളിമേധാവികള്‍ മുഖ്യമന്ത്രി നിജലിംഗപ്പയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന്  2 ഏക്കര്‍ വീതം നല്‍കാമെന്ന വാഗ്ദാനമുണ്ടായി.പക്ഷെ, ഹിന്ദുക്കള്‍ സമ്മതിക്കുന്നില്ലെന്ന ന്യായീകരണം ചൂണ്ടി പിന്നാലെ വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി .അതേ തുടര്‍ന്ന് അശരണരായി മാറിയവരെ തലശ്ശേരി രൂപത ഇടപ്പെട്ട് ചന്ദനക്കാംപാറയില്‍ 500 ഏക്കറേറ്റെടുത്ത്  മാറ്റിപ്പാര്‍പ്പിച്ചു. ഷിമോഗ കോളനിയെന്ന് പിന്നീടറിയപ്പെട്ട ഇവിടെ  250 കുടുംബങ്ങള്‍ക്കാണ് അഭയം കിട്ടിയത്. ബാക്കിയുള്ളവര്‍ തിരുവിതാംകൂറിലേക്കു തന്നെ തിരിച്ചുപോയി.

മലബാര്‍ കുടിയേറ്റത്തിന്  മറ്റൊരു തലം കൂടിയുണ്ട്. അതിജീവനമുണ്ട്, അതേക്കാളുപരി അതില്‍ മിഷന്‍ സൂത്രവാക്യങ്ങളുണ്ട്. സംഘടിത മതത്തിന്റെ ആസൂത്രണ രീതികളുമതിനുണ്ട്. കുടിയേറ്റം മാത്രമല്ല, കുടിയിറക്കവും ജീവിതത്തിന്റെ പദപ്രശ്‌നങ്ങളാണ്. പാരിസ്ഥിതിക രാഷ്ട്രീയപരിധിയില്‍ മാത്രമൊതുങ്ങാത്ത വിഷയമാണത്. പാരിസ്ഥിതിക പ്രതിസന്ധികള്‍ കുടിയേറ്റ- കുടിയിറക്ക രാഷ്ട്രീയപരിസരത്തു മാത്രം നിലനില്‍ക്കുന്നതുമല്ല..

ഇന്നത്തെ ജനപദങ്ങളെ സംബന്ധിച്ച് അവരുടെ ചരിത്രരൂപത്തിന്റെ കാതല്‍ ഒന്നാണ്. ഒറ്റ ദേശത്തിന്റെ പൈതൃകമാണ് അവര്‍ക്കുണ്ടാവുക. ഏതേതോ കാലസന്ദര്‍ഭങ്ങളില്‍ അവര്‍ പലതരം ദര്‍ശനങ്ങളും മതസംഹിതകളും സ്വീകരിച്ചിരിക്കാം. സ്വീകരിച്ചവയില്‍നിന്ന് പില്‍ക്കാലത്ത് മറ്റൊന്നിലേക്ക് മാറിയിരിക്കാം. അതില്‍ വിദേശ, സ്വദേശ, സെമിറ്റിക് ചിന്താധാരകളെല്ലാം മാറിമറിഞ്ഞു വരാം.അവരേതു ദര്‍ശനം സ്വീകരിക്കുന്നുവെന്നതനുസരിച്ച് ദേശവുമായുള്ള പൈതൃകബന്ധത്തില്‍ മാറ്റം വരുന്നില്ല. മനുഷ്യവംശത്തിന്റെ ചരിത്രപരിണാമത്തെ മൗലികമായി നിര്‍വചിക്കാനുള്ള മാനദണ്ഡമല്ല അതെന്നു വ്യക്തം.

ജനപദങ്ങളുടെ ജൈവപരവും സാമൂഹ്യപരവുമായ സമഗ്രമായ മുന്നേറ്റത്തെ രേഖപ്പെടുത്തലാണ് ചരിത്രരചനയുടെ കാതലായ രീതി. അതേസമയം, ഓരോ സ്ഥാപിത പക്ഷത്തിനുമുണ്ടാവും അവരുടേതായ ചരിത്രം. ഒരു സഭയോ ഒരു രാഷ്ട്രീയകക്ഷിയോ കുറേക്കൂടി സ്ഥാപിതവല്‍ക്കരിക്കപ്പെട്ട മതവിഭാഗങ്ങളോ സമുദായ ഗ്രൂപ്പുകളോ അധികാരവംശങ്ങളോ രാജകുടുംബങ്ങളോ അവരവരുടെ ചരിത്രങ്ങള്‍ തയ്യാറാക്കും. അതെത്രയും വസ്തുതാപരമാക്കാനും ജനങ്ങളുടേതായി രേഖപ്പെടുത്താനും ശ്രമിച്ചാലും അവ ജനകീയചരിത്രമല്ല. അതാത് സ്ഥാപിതപ്രക്രിയകളുടെ ആവിര്‍ഭാവവും വളര്‍ച്ചയും പതനവും  സംഗ്രഹിക്കപ്പെട്ട ചരിത്രഭാഗങ്ങള്‍ മാത്രമാണവ. ചരിത്രത്തെ സംബന്ധിച്ച് അവയേക്കാള്‍ പ്രസക്തിയും സാമൂഹ്യപ്രാധാന്യവുമുള്ളത്, പൊതുസമൂഹത്തിന്റെ ചലനപ്രക്രിയകളും പ്രകൃതിയെ മാറ്റിമറിക്കുന്നതില്‍ അവ നിര്‍ണയിക്കുന്ന അടിസ്ഥാന നിയമങ്ങളുമാണ്. രാജാധികാരങ്ങളുടെ കാലഗണന കുറിച്ചില്ലെങ്കിലോ മത-സമുദായ - രാഷ്ട്രീയ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍ തിട്ടപ്പെടുത്താനായില്ലെങ്കിലോ ചരിത്രത്തിന്റെ യഥാര്‍ഥ ഉള്ളടക്കത്തെ അവയൊന്നും തന്നെ ബാധിക്കുന്നതായിരിക്കില്ല.

*പേജ് 56,
ഇന്‍ഡ്യാ ട്രേഡേഴ്‌സ് ഓഫ് ദി മിഡില്‍ ഏജസ് ഡോക്യുമെന്റ്‌സ് ഫ്രം ദി കെയ്‌റോ ഗനിസ (ഇന്‍ഡ്യാ ബുക്ക് )എസ്.ഡി. ഗോയ്റ്റീന്‍,എം.എ. ഫ്രീഡ്മാന്‍

(തുടരും)

'ചരിത്രാന്വേഷണത്തിന് ഒരു ആമുഖം' മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights :kerala history a padmanabhan part 12