സംഘര്‍ഷവല്‍ക്കരിപ്പെട്ട സാമൂഹികഘടനയുടെ മുന്നേറ്റത്തെ നിര്‍ണയിക്കുന്നത് നിഷേധിക്കപ്പെട്ട വിഭാഗത്തിന്റെ ഉത്ഥാനമാണ്. വര്‍ഗസമരത്തിന്റെ മര്‍മവും അവിടെയാണല്ലൊ. സാമൂഹ്യപരിണാമത്തിന്റെ  ശക്തിയായി രൂപപ്പെടുന്ന സമരങ്ങളുടെ ധാരയാണ് നാളിതുവരെ ചരിത്രത്തിന്റെ ഇന്ധനം. ലോകത്തെ മാറ്റുന്നത് വിമോചന സമരങ്ങളുടെ അച്ചുതണ്ടാണ്.
ഈ ദേശഘടനയുടേയും പൊളിച്ചെഴുത്തുകള്‍ക്ക് ആധാരമായ അത്തരം സംഭവവികാസങ്ങളുടെ രൂപരേഖ  ചെറുതും വലുതുമായ ഒട്ടനേകം ചെറുത്തു നില്പുകള്‍, ഇരിക്കൂര്‍ഫര്‍ക്കയിലെ രാഷ്ട്രീയ പ്രക്രിയകള്‍, കാവുമ്പായി കാര്‍ഷിക കലാപം, മറ്റനവധി ഭൂസമരങ്ങള്‍ എന്നിവയാല്‍ പൂരിപ്പിക്കപ്പെടാനുള്ളതാണ്.

മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാര്‍ക്‌സ് ഫ്യൂഡലിസത്തെ വിശദീകരിക്കുന്നത്. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ഫ്യൂഡലിസമെന്നത്, കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവര്‍ഗം (കുലീനര്‍) ആ കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയില്‍ ചൂഷണം ചെയ്യുകവഴി നിലനിര്‍ത്തുന്ന വര്‍ഗസമൂഹമാണ്. രാജവ്യവസ്ഥക്കും ഫ്യൂഡല്‍ സമ്പ്രദായത്തിനുമെതിരായ സാമൂഹികവിപ്ലവങ്ങളുടേയും കര്‍ഷക സമരങ്ങളുടേയും സുപ്രധാന സമരഭൂമികളിലൊന്ന് ഇരിക്കൂര്‍ ഫര്‍ക്കയായിരുന്നു.പഴയ ചിറക്കല്‍ താലൂക്കിന്റെ കിഴക്കന്‍ ദേശങ്ങള്‍, അവയിലധികവും മലമ്പ്രദേശങ്ങള്‍ അടങ്ങുന്നതാണ് ഇരിക്കൂര്‍ ഫര്‍ക്ക.

ഭൂവുടമാസമ്പ്രദായവും ഉല്‍പാദനശക്തികളും തമ്മിലുടലെടുത്ത സംഘര്‍ഷങ്ങളുടെ തേരോട്ടം ഇവിടുത്തെ  സാമൂഹികജീവിതത്തേയും താറുമാറാക്കി. ഈ ദേശങ്ങളിലെഅസംഘടിതരായ കുടിയാന്‍ജനത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം തൊട്ടേ അതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഫര്‍ക്കയിലെ ഭൂരിഭാഗം ഗ്രാമങ്ങളും കൃഷിയിടങ്ങളുംജന്മിമാരായ കരക്കാട്ടിടം നായനാരുടേയും കല്യാട് നമ്പ്യാരുടേയും അധീനതയിലായിരുന്നു. വൈദേശികാധിപത്യത്തിന്റെ ശക്തരായ  ദല്ലാളന്മാരെന്ന നിലക്ക് ബ്രിട്ടീഷ് അധികാരികളുടെ മികച്ച പിന്‍ബലവും ഈ ഫ്യൂഡല്‍ ശക്തികള്‍ക്ക് കരുത്തേകി. ഫ്യൂഡല്‍ നിയമങ്ങള്‍ കൂടുതല്‍ രൂക്ഷതയോടെ ഇവിടെ പ്രയോഗിക്കപ്പെട്ടു. അതിനെതിരായ പ്രതിരോധവും സംഘടിത സ്വഭാവമാര്‍ജിച്ചു വന്നു.

കുടിയാന്‍ജനതയെ സംബന്ധിച്ച് ജന്മിയുടെ അധീനതയിലുള്ള പുനംനിലം കൃഷിക്കു ലഭിച്ചിരുന്നത് കുറ്റിക്കാണമടിസ്ഥാനത്തിലായിരുന്നു. ഇത് റദ്ദ് ചെയ്യണമെന്ന ആവശ്യം കുടിയാന്മാര്‍ ഉയര്‍ത്തി. ക്രമേണ പ്രക്ഷോഭം ചുടുപിടിച്ചു. പുനം ഭൂമിയിലേക്കുള്ള സംഘടിതമായ കയ്യേറ്റം, പാട്ടനിഷേധം, ശീലക്കാശ് കൊടുക്കാതെയുള്ള വിത്തിറക്കല്‍ തുടങ്ങിയ സമരരൂപങ്ങള്‍ പ്രകടമായി.ജന്മിസേനയേയും പോലീസിനേയും വകവയ്ക്കാതെ ജനങ്ങള്‍ മുന്നേറി. പലയിടത്തും ഏറ്റുമുട്ടലുകളില്‍ കലാശിച്ചു.

1939-ല്‍ ചുണ്ടപ്പറമ്പിലും, 1941-ല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചെരന്നക്കുഴി മലയിലും 1943-ല്‍ കല്യാട് പരിസരങ്ങളിലും പുനം കയ്യേറ്റ സമരങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നീങ്ങി. കുടിയാന്റെ സ്വന്തം പരിധിയില്‍ കുടുങ്ങി ആളിപ്പടരാതെ കിടന്ന ഈ കാര്‍ഷിക പ്രശ്‌നം കര്‍ഷകസംഘത്തിന്റേയും കമ്മ്യൂണിസ്റ്റു പാര്‍ടിയുടേയും വരവോടെ രാഷ്ട്രീയഭൂമികയിലേക്ക് ഉയര്‍ത്തപ്പെട്ടു. ദേശീയ സ്വാതന്ത്ര്യസമരവുമായി കാര്‍ഷികസമരങ്ങളെ കണ്ണിചേര്‍ക്കുന്ന വിമോചനശാസ്ത്രം സാര്‍വദേശീയമായി അവതരിക്കപ്പെട്ടിരുന്നതിന്റെ ചരിത്രപശ്ചാത്തലമാണ് ഈയൊരു ദിശ നിര്‍ണയിച്ചത്.

ഇരിക്കൂര്‍ ഫര്‍ക്കയിലെ പയ്യാവൂര്‍, ഏരുവേശ്ശി ,എള്ളരിഞ്ഞി, കാവുമ്പായി, നിടിയേങ്ങ, ചേപ്പറമ്പ് ,മലപ്പട്ടം, ചെങ്ങളായി, ചുഴലി ,ബ്ലാത്തൂര്‍, പടിയൂര്‍ എന്നിവിടങ്ങളില്‍ 1937ല്‍ അഖില മലബാര്‍ കര്‍ഷകസംഘം രൂപപ്പെട്ടതിന്റെ തുടര്‍ച്ചയായി  തന്നെ പ്രാദേശികസംഘങ്ങള്‍ രൂപം കൊണ്ടു. 1934 ഫെബ്രുവരിയില്‍ നണിയൂരില്‍ ആവിര്‍ഭവിച്ച കര്‍ഷക ഗ്രൂപ്പും അതിന്റെ വളര്‍ച്ചയെന്ന നിലക്ക് 1935 ജൂലായ് മാസം ഉടലെടുത്ത കൊളച്ചേരി കര്‍ഷകസംഘവും പ്രാദേശിക ജന്മിയായ കരുമാരാത്ത് നമ്പൂതിരിപ്പാടിന്നെതിരായ ചെറുത്തു നില്പുകളും ഇരിക്കൂര്‍ ഫര്‍ക്കയിലാകെ പ്രചോദനം പകര്‍ന്നിരുന്നു.

'മലബാര്‍ കുടിയാന്‍ സംഘ'മെന്ന പേരില്‍ മലബാറില്‍ കൃഷിക്കാരുടെ ഒരേകോപനം 1930 വരെ  പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കാണക്കുടിയാന്മാര്‍ക്കു സ്ഥിരാവകാശം കിട്ടാനും കാണഭൂമി പൊളിച്ചെഴുതുമ്പോള്‍ ജന്മി വാങ്ങുന്ന പൊളിച്ചെഴുത്തവകാശത്തില്‍ ന്യായമായ തോത് നിജപ്പെടുത്താനുമായി വെറും കാണക്കുടിയാന്മാര്‍ക്കു വേണ്ടി മാത്രം വാദിക്കുന്ന ഒരു സംഘമായിരുന്നു അവര്‍.
വെറുംപാട്ടക്കാരുടെ പ്രശ്‌നങ്ങളോട് അവര്‍ കണ്ണടച്ചു.

ജന്മിത്തം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും കൃഷി ചെയ്യുന്ന യഥാര്‍ഥ കൃഷിക്കാരന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളും കര്‍ഷകസംഘം രൂപപ്പെട്ടതിനുശേഷമാണുണ്ടായത്.. ഒഴിപ്പിക്കല്‍ പാടെ തടയുക,പാട്ടം ചുരുക്കുക, മുന്‍പാട്ടമടച്ചാലേ വെറും പാട്ടക്കാരനും സ്ഥിരാവകാശമുള്ളുവെന്ന വ്യവസ്ഥ റദ്ദാക്കുക, അക്രമപ്പിരിവുകള്‍ നിര്‍ത്തലാക്കുക എന്നീ അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടു.

1940 സെപ്തംബര്‍ 15ന്റെ മൊറാഴ സംഭവത്തിനു ശേഷം മലബാറിലാകെ കര്‍ഷക ഗ്രൂപ്പുകളുടെ സമരശക്തി പടര്‍ന്നു പിടിച്ചു. കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍കുന്ന്, പാടിക്കുന്ന്, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങി ഒട്ടേറെ കാര്‍ഷികപ്രക്ഷോഭങ്ങളുടെ  തീപാറിയ ചരിത്രവേദി കൂടിയായിരുന്നു മലബാര്‍.  കാര്‍ഷിക പ്രശ്‌നങ്ങളുടെ സംഘര്‍ഷാത്മകമായ ഒരു ഗാര്‍ഹികഘടന മലബാറിന്റെ ഭൂബന്ധങ്ങളില്‍ പരിണമിച്ചുണ്ടായതിന്റെ അനന്തരഫലം കൂടിയാണത്.

മലബാറിലെ ഗ്രാമസമൂഹങ്ങളും പ്രാന്തവത്കൃതചേരികളും തരിശായും ഉര്‍വരമായും പരന്നു കിടക്കുന്ന കാര്‍ഷികപംക്തികളും കലാപത്തിന്റെ സന്നാഹപ്രവിശ്യകളായി പരിവര്‍ത്തിക്കപ്പെട്ടു. ഫ്യൂഡല്‍വിരുദ്ധ കുടിയാന്‍ മുന്നേറ്റത്തിന്റേയും അധിനിവേശവിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റേയും ദശകങ്ങള്‍ക്ക് മലബാര്‍ സാക്ഷിയായി. മലബാറിന്റെ ഭൗമ സമ്പത്തിലും  കാര്‍ഷികസംസ്‌കൃതിയിലും ആര്‍ത്തിപൂണ്ട  യൂറോപ്യന്‍ കമ്പോള ശക്തികള്‍ അധിനിവേശത്തിന്റെ അധികാരവ്യൂഹത്തിനുള്ളില്‍  ഈ ദേശത്തെ കാല്‍ച്ചുവട്ടിലരച്ചു. അതിന്റെ പ്രത്യാഘാതമായി പ്രതിരോധ രാഷ്ട്രീയ പരിണാമങ്ങളുടേയും സാംസ്‌കാരിക വ്യവഹാരങ്ങളുടേയും സാമൂഹിക സംഘര്‍ഷങ്ങളുടേയും തലസ്ഥാനമായി മലബാര്‍ മാറി. കാര്‍ഷികസമരങ്ങളുടെ വ്യത്യസ്ത ദശകളിലെത്തിപ്പെട്ട ഭൂപ്രശ്‌നങ്ങളാല്‍ എരിപിരി കൊള്ളുന്നവയായിരുന്നു അക്കാലത്ത്, മലബാറിലെ ഗ്രാമസഞ്ചയങ്ങള്‍. അത്തരം പശ്ചാത്തലത്തില്‍ നിന്നും വമിക്കുന്ന സാമൂഹികസംക്ഷോഭങ്ങളുടെ ചൂടുംചൂരും പ്രതിഫലിക്കുന്ന പ്രക്ഷോഭപ്രവിശ്യയായി ഈ ദേശം മാറി.

ഈ കാര്‍ഷിക കലാപങ്ങള്‍ ചില  വൈരുധ്യങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. അതില്‍ സുപ്രധാനം, ഭൂമിയുടെ രാഷ്ട്രീയമാണ്. അന്നത് ഭൂബന്ധങ്ങളില്‍ പരിണമിച്ചുവന്ന സംഘര്‍ഷങ്ങളുടെ  ബാലാരിഷ്ടതയാണ് പ്രകടിപ്പിച്ചതെങ്കില്‍,ബാലാരിഷ്ടതകളെത്രയോ മറികടന്ന് പാരിസ്ഥിതിക രാഷ്ട്രീയമായി, ഇന്നത് വികസിക്കുകയും ആഗോളവത്കരിക്കപ്പെടുകയും ചെയ്തിരിക്കയാണ്.
പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലില്‍ നിന്നാണല്ലൊ ഉല്‍പാദനബന്ധങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത്. മനുഷ്യനും പ്രകൃതിക്കുമിടയിലെ വൈരുധ്യാത്മക ബന്ധം പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ചൂഷണമെന്ന ഒരു ഘട്ടം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് മുഴുവന്‍ ജീവഗണത്തിനും വേണ്ടി സുന്ദരവും സന്തുലനാത്മകവുമായ ഒരു പ്രകൃതിയെ സംവിധാനം ചെയ്യുകയെന്ന കര്‍ത്തവ്യമാണ് മനുഷ്യനു സര്‍വോപരി നിറവേറ്റാനുള്ളത്. ഭൂമിയുടെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയുമതാണ്.

കേരളത്തിലെ ഫ്യൂഡല്‍ വിരുദ്ധമുന്നേറ്റത്തിന്റെ ഘട്ടത്തില്‍ ഗ്രാമപംക്തികളില്‍ പൊട്ടിപ്പുറപ്പെട്ട അനേകം സംഘര്‍ഷങ്ങളുടെ അടിസ്ഥാനം ഉല്‍പാദന ബന്ധങ്ങളിലെ വര്‍ഗപരമായ പ്രതിസന്ധിയായിരുന്നു.ഫ്യൂഡല്‍ ഘടനയിലധിഷ്ഠിതമായ സ്വത്തിന്റെ അവികസിതമായ അവസ്ഥകളാണ് അന്നുള്ളത്. 1857-58 കാലത്ത് എഴുതപ്പെടുകയും 1939-41ല്‍ മാത്രം പൂര്‍ണരൂപത്തില്‍ വെളിച്ചം കാണുകയും ചെയ്യപ്പെട്ട 'ഗ്രുന്‍ഡ്രിസി'ല്‍ കാള്‍ മാര്‍ക്‌സ് വിശദീകരിച്ചതു പോലെ 'വ്യക്തി യഥാര്‍ഥത്തില്‍ സ്വത്തില്ലാത്തവന്‍ ആണ് എന്നതാണ് വസ്തുത'. ഇവിടേയും അടിസ്ഥാനവസ്തുത ഭൂമിയുമായി 'രക്ത 'ബന്ധമുള്ളവര്‍ മണ്ണില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുവെന്നതാണ്. ഫ്യൂഡല്‍ അധികാരത്തിനു കീഴെ ഒരുപകരണത്തിന്റെ സ്വാതന്ത്ര്യമേ കുടിയാന്‍ജനതയ്ക്ക് അനുഭവിക്കാനായുള്ളു.
കലാപത്തിന്റെ ചരിത്രപരമായ ഉറവിടം യഥാര്‍ഥത്തില്‍ അതാണ്. അതില്‍ നിന്നടര്‍ത്തി സാമ്രാജ്യവിരുദ്ധ സമരമായി മാത്രം ഈ സംഭവപരമ്പരകളെ നിര്‍വചിക്കുന്നതു നീതിയല്ല. അതേസമയം ഭൂപരമായ അവകാശത്തിനുള്ള കുടിയാന്‍കലാപങ്ങളായി മാത്രം ഈ സമരമുന്നേറ്റങ്ങളെ വിലയിരുത്തുന്നതും വസ്തുതാവിരുദ്ധമാണ്. ആ ചരിത്രത്തിന്റെ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വയ്ക്കുന്നത് സാമ്രാജ്യവിരുദ്ധ പ്പോരാട്ടത്തിലൂടെയാണെന്ന മഹത്തായ സത്യത്തെ വിസ്മരിക്കലാവുമത്.

'മാനവചരിത്രം എഴുതപ്പെട്ടതു തൊട്ട് അതിന്റെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് ' എന്ന ,എംഗല്‍സിന്റെ ഭേദഗതിയോടെ വിളംബരപ്പെട്ട , മാര്‍ക്‌സിന്റെ  ഈ മൗലികനിരീക്ഷണം  ഏതു ചരിത്രരചനയ്ക്കും വഴികാട്ടിയാണ്. രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മലബാറിലെ കാര്‍ഷികസമൂഹത്തിലും  സംഘര്‍ഷങ്ങള്‍ വളര്‍ത്തിയതിനെപ്പറ്റി അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വിശകലനം ഇക്കാര്യത്തിന് അടിവരയിടുന്നു:
''ഗ്രാമങ്ങളിലെ കാര്‍ഷിക- സമ്പദ് സ്ഥിതി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. പൂഴ്ത്തിവയ്പുകാരുടേയും പുത്തന്‍ പണക്കാരുടേയും ഭൂമി പിടിച്ചെടുക്കുന്നവരുടേയും അധീശത്വമാണ് ഇതിനു കാരണം. ഇത്തിക്കണ്ണികളായ ഭൂവുടമകളും വന്‍കിട കര്‍ഷകരും കാര്‍ഷികരംഗം നശിപ്പിക്കുകയാണ്. ഉല്‍പാദനം തകര്‍ന്നു കൊണ്ടിരിക്കുന്നു. കടുത്ത ക്ഷാമം പൊതു പ്രതിഭാസമായിത്തീര്‍ന്നു.'ഈ സാമൂഹികസാഹചര്യത്തെ അഭിസംബോധന ചെയ്തതിലൂടെയാണ്  കര്‍ഷകസംഘം മലബാറിലെ ഗ്രാമീണജനങ്ങള്‍ക്കിടയില്‍ സമര നേതാവായിത്തീര്‍ന്നത്. വര്‍ഗബോധത്തിന്റെ കാര്യത്തില്‍ തെളിച്ചം കൈവരാത്ത കര്‍ഷകജനസാമാന്യത്തെ സംഘടിത കര്‍ഷക പ്രസ്ഥാനത്തിന്റെ കൊടിക്കീഴിലണിനിരത്താനും ഫാസിസ്റ്റ് വിരുദ്ധ- ഫ്യൂഡല്‍ വിരുദ്ധ പോരാളികളാക്കി മാറ്റാനും കഴിഞ്ഞത് ചരിത്രത്തിലെ അജയ്യമായ അടയാളമാണ്.

1934 വരെ കൃഷിക്കാരുടെ സംഘമുണ്ടായിരുന്നില്ല. 1930ല്‍ മലബാര്‍ കുടിയാന്‍സംഘം കാണക്കുടിയാന്മാരുടെ കാര്യത്തിനു മാത്രമായി പേരിനുണ്ടായിരുന്നെങ്കിലും.എന്നാല്‍ ചൂഷണം കൊണ്ടും ദുരവസ്ഥ കൊണ്ടും സമാനജീവനമുള്ള കൃഷിക്കാരുടേതായ ഒരു സമുദായമുണ്ടെന്ന സ്വത്വ സുരക്ഷയിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടത് സംഘടിതമായ മുന്നേറ്റത്തിലൂടെയാണ്.അധികാരത്തിന്റെ വാള്‍ത്തല കാട്ടി കുടിയാന്റെ ഭൂമിയും കുടികിടപ്പവകാശവും കൃഷിഭൂമിയിലവരുണ്ടാക്കിയ സര്‍വസ്വവും സ്വന്തമാക്കിയവരാണു ജന്മി.ഭൂമിയെ ബ്രഹ്മസ്വമാക്കി തീര്‍ത്ത് ഉടമാവകാശത്തിന്റെ അനശ്വരത ഉറപ്പിക്കാനും അവര്‍ മറന്നില്ല. രാജാവു മാത്രമല്ല സാമന്തന്മാരും നാടുവാഴികളും ദേശവാഴികളും അവരുടെ അധികാരത്തിന്റെ സ്വേച്ഛാമുദ്ര എവിടേയും പതിച്ചു.കൃഷിഭൂമിയില്‍ മാത്രമല്ല തരിശുഭൂമിയിലും അവര്‍ വിളയാടി. അധ്വാനത്തെ മറികടന്ന് വിളസമൃദ്ധി  വര്‍ധിച്ചതോതില്‍ കൊള്ളയടിക്കാനുള്ള കുറുക്കുവഴിയായിരുന്നു അവര്‍ക്ക് അധികാരം. ഉല്‍പാദനമിച്ചം കയ്യടക്കാനുള്ള ദേശാധിപത്യവും ദേവാധിപത്യവും അവര്‍ കാല്‍ച്ചുവട്ടിലാക്കി. കാര്‍ഷികമായ ഉല്‍പാദനരീതി  തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. അടിയാളരുടേയും കുടിയാന്മാരുടേയും സര്‍വവിധ അവകാശങ്ങളും നിഹനിക്കപ്പെട്ടു.

സാമൂഹികമായി സവര്‍ണജാതികള്‍ക്കും, സാമ്പത്തികമായി ജന്മികള്‍ക്കും, രാഷ്ട്രീയമായി നാടുവാഴിപ്രഭുക്കള്‍ക്കും മേല്‍ക്കയ്യുള്ള ,അസ്വതന്ത്രരായ ഒരു കര്‍ഷകസമൂഹത്തെ സൃഷ്ടിക്കുന്ന, പുതിയ തരത്തിലുള്ള സാമൂഹികവ്യവസ്ഥയാണ് പ്രാവര്‍ത്തികമായത്. യൂറോപ്യന്‍ ഫ്യൂഡല്‍ സമൂഹത്തില്‍ നടപ്പിലായിരുന്ന ഘടനാസവിശേഷതകളില്‍ പലതും ഇവിടേയും അടിച്ചമര്‍ത്തലിന്റെ രീതികളായി വന്നു. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് വ്യവസ്ഥിതിക്കെതിരായ കലാപങ്ങളില്‍ രാഷ്ട്രീയഇച്ഛാശക്തിയും സംഘടിത ബോധവും നയിക്കാനുണ്ടായപ്പോള്‍ അടിയാളരായ കര്‍ഷകസമൂഹമടക്കം മുന്‍ നിരയിലേക്കു കുതിച്ചു.ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നാടിന്റെ നാനാസിരകളില്‍ നടന്ന സമരത്തിലൂടെ ഇടതുപക്ഷചൈതന്യം ചുര മാന്തിയൊഴുകിയ ഒരു കാലഘട്ടമായിരുന്നു അത്. രാജ്യത്തെ വിമോചനപ്പോരാട്ടത്തിന്റെ കടമ ഗ്രാമങ്ങളിലെ ഫ്യൂഡല്‍ വിരുദ്ധസമരത്തിലൂടെ മാത്രമേ സഫലമാക്കാനാവൂ എന്ന തിരിച്ചറിവുണ്ടായി. കുടിയാന്‍ജീവിതത്തിന്റെ പരിമിതമായ പ്രതിബന്ധങ്ങളില്‍ നിന്നുമുയിരെടുത്ത കാര്‍ഷിക പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിയെടുക്കാന്‍ കര്‍ഷസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിഞ്ഞു. മുപ്പതുകളുടെ പാതിയില്‍തന്നെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടുള്ള പ്രസ്ഥാനങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ രൂപംകൊണ്ടു.

വടക്കേമലബാറിലെ ഇന്ദ്രപ്രസ്ഥങ്ങളെ കിടിലംകൊള്ളിച്ച കാര്‍ഷികസമരങ്ങളുടെ വര്‍ഗഭാവുകത്വം തിരിച്ചറിയുമ്പോള്‍ തന്നെ അന്നത്തെ ഉല്‍പാദന ബന്ധങ്ങളില്‍ നിന്ന് ജാതി- ജന്മി-നാടുവാഴിത്ത നിയമങ്ങളുടെ വ്യവസ്ഥാവല്‍ക്കരണമുണ്ടായെന്ന വസ്തുത കൂടി പ്രാധാന്യത്തിലെടുക്കണം. ജാതിസമ്പ്രദായത്തിന്റെ വേരുകള്‍ ഭൂവുടമാവകാശങ്ങളിലാണെന്ന ചില ചരിത്രകാരന്മാരുടെ നിരീക്ഷണം മുഖവിലക്കെടുക്കാതെ പറ്റില്ല: 'ഉല്‍പാദ ബന്ധങ്ങളില്‍  ചൂഷണത്തിനു വേണ്ടി ഒരു ആശയസംഹിതയുടെ മറയായി രൂപപ്പെടുത്തിയതാണ്  ജാതി'യെന്ന് ഇന്ത്യന്‍ ജാതിവ്യവസ്ഥയെ പഠിച്ച ഫ്രഞ്ചുപണ്ഡിതനായ മേയാസു വിശദീകരിക്കുന്നുണ്ട്.

ദളിത് വിവേചനത്തിന്റെ വ്യവസ്ഥാപിത ബോധത്തില്‍ നിന്നാണ് കര്‍ഷകസംഘം എന്ന പേരുപോലും നിര്‍ണയിക്കപ്പെട്ടത്. ഗ്രാമാന്തരങ്ങളിലെ കാടുകളും കുന്നുകളും മലയടിവാരങ്ങളും ഉപാധിയായി അതിജീവനം നടത്തിയിരുന്ന അടിയാളരും ചേരിനിവാസികളും മാത്രമല്ല, അന്നന്നു പണിയെടുത്തു മാത്രം കാലക്ഷേപം കഴിക്കുന്ന, അധ്വാനമെന്ന പാവനകര്‍മത്തിലൂടെ വിളനിലങ്ങള്‍ക്കു ഉയിരു നല്‍കിയിരുന്ന കര്‍ഷകത്തൊഴിലാളികളും ഭൂരഹിതരായ അധ:കൃത വിഭാഗങ്ങളും ഈ ഗ്രാമപദങ്ങളില്‍  കൃഷിഭൂമിയുടെ ഉടമകളായ കര്‍ഷകരേക്കാള്‍ എത്രയോ ഇരട്ടിയുണ്ടായിരുന്നു.
പക്ഷെ ജാതി-വര്‍ണങ്ങളില്‍ അവരില്‍ ബഹുഭൂരിപക്ഷവും വരേണ്യരായിരുന്നില്ലെന്നതിനാല്‍, അവരെയെല്ലാമുള്‍ക്കൊണ്ട് മഹാശക്തി നേടാന്‍ വിഭാവനം ചെയ്യപ്പെട്ട പ്രസ്ഥാനത്തെ 'കര്‍ഷക'സംഘമെന്ന പരിമിതമായ വിവക്ഷയിലൊതുക്കേണ്ടി വന്നു.

കര്‍ഷക സമരങ്ങളെ ദേശീയ വിമോചന സമരത്തിന്റെ തീപ്പന്തങ്ങളാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുവിഭാഗവും കമ്മ്യൂണിസ്റ്റു പാര്‍ടിയും ഇവിടെ യത്‌നിച്ചു.അസന്നിഹിത ജന്മിമാര്‍ക്കും കുടിയാന്മാര്‍ക്കുമിടയില്‍ നീറിപ്പുകഞ്ഞ കാര്‍ഷിക പ്രശ്‌നങ്ങളെ ആധാരമാക്കിയാണ് മലബാറില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അടിത്തറ പാകിയത്. 1940 ജനവരി 26 ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ടി കമ്മ്യൂണിസ്റ്റു പാര്‍ടി ഘടകമായി മാറ്റപ്പെട്ടതോടെ ഇവിടങ്ങളിലെ പ്രാദേശിക കര്‍ഷക യൂണിറ്റുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആശയവേദികളായി മാറി.സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ ഇവിടെ  പ്രവൃത്തി പഥത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ ദേശീയ നേതൃത്വം കൈക്കൊണ്ട വിമോചനകാഴ്ചപ്പാടിന്റെ പരിമിതികളാല്‍ ഉദാസീനമായിക്കൊണ്ടിരുന്നതിനാല്‍, പകരം, കര്‍ഷകസംഘത്തിന്റെ ആഹ്വാനങ്ങളെ ഈ പ്രദേശത്തെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ജന്മി-കുടിയാന്‍ സംവിധാനത്തിനുള്ളില്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരുന്ന ജീവിതബന്ധങ്ങളില്‍ പ്രശ്‌നങ്ങളുടെ മര്‍മം കണ്ടെത്താനും വഴിതെളിക്കാനും കര്‍ഷക സംഘത്തിന് കഴിഞ്ഞുവെന്നത് വിപ്ലവആശയങ്ങളെ ഹൃദയത്തിലേറ്റാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.കര്‍ഷകസംഘത്തിന്റെ സംഘടനാപരമായ അടിത്തറ ഫര്‍ക്ക യിലാകെ ശക്തി പ്രാപിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ പ്രാഥമിക സെല്ലുകള്‍ പ്രവര്‍ത്തനനിരതമായി.

വളണ്ടിയര്‍സേനകള്‍ രൂപം കൊണ്ടു. സ്‌കൂളുകളും വായനശാലകളുമുയര്‍ന്നു. എള്ളരിഞ്ഞി സ്‌കൂള്‍, ബ്ലാത്തൂര്‍ സ്‌കൂള്‍, കാവുമ്പായി സ്വാമിമഠം എന്നിവ കേന്ദ്രങ്ങളാക്കി നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ സാംസ്‌കാരികമായി സജ്ജമാക്കാന്‍ പോന്നതായിരുന്നു. എള്ളരിഞ്ഞിയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ ജന്മി തന്നെയാണ് ആദ്യം മുന്‍കയ്യെടുത്തത്. പിന്നീടങ്ങോട്ട് അവിടുത്തെ വിദ്യാര്‍ഥികള്‍ നേരിന്റേയും പോരിന്റേയും പാഠം രുചിക്കാന്‍ തുടങ്ങിയപ്പോള്‍ ജന്മി തന്നെ അത് അടച്ചു പൂട്ടി. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും തുറന്നെങ്കിലും ഈ വിദ്യാലയത്തിനു നേരെ  ആക്രമണങ്ങള്‍ നിരന്തരമായി.കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട്  അമൂല്യമായ പ്രതിരോധ സ്മാരകമായി സമരചരിത്രത്തില്‍ ഈ വിദ്യാലയം ഉയര്‍ന്നുവന്നു.

ചെറുത്തുനില്പിന്റെ ജനശക്തി പ്രബലമായതോടെ ഓരോ നീക്കത്തേയും ജന്മിപക്ഷം ഭയപ്പെട്ടു തുടങ്ങി.അധികാരിവര്‍ഗം കൂടുതല്‍ അക്രമാസക്തരായി. എള്ളരിഞ്ഞി, ബ്ലാത്തൂര്‍ സ്‌കൂളുകളും ഐച്ചേരി, ബ്ലാത്തൂര്‍ വായനശാലകളും തീയിട്ടു നശിപ്പിച്ചു.സാംസ്‌കാരിക പരിപാടികളുമായി പ്രചാരണത്തിനിറങ്ങിയ കര്‍ഷകനാടക ട്രൂപ്പിനെ ഊരത്തൂരില്‍ ആക്രമിച്ചു.
കര്‍ഷക സംഘം ആവിഷ്‌കരിച്ച വിവിധ സാംസ്‌കാരിക പദ്ധതികള്‍ (ജാപ്പ് വിരുദ്ധ കളംപാട്ടുകള്‍, കര്‍ഷക ചാമുണ്ഡി, ജന്മിഭാരതം, കമ്മാരവധം നാടകം...) ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ചോദനകളുണര്‍ത്തിക്കൊണ്ടിരുന്നു.

പോരാളികള്‍ക്കെതിരെ ഒട്ടേറെ കള്ളക്കേസ്സുകള്‍ ചമച്ചു.ജന്മിയുടെ വേലക്കാരിയെ ബലാത്സംഗം ചെയ്തതായ കേസ്, ജന്മിഗുണ്ട ചീക്കല്‍ കണ്ണന്റെ തലക്കു കൊത്തിയ കേസ്സ്, പയ്യാവൂര്‍ വനം കയ്യേറ്റക്കേസ്, മലപ്പട്ടം നെല്ലു കേസ്, നുച്യാട് തപ്പുമുട്ടിക്കേസ്, കോട്ടൂര്‍ പന്നിക്കൊറക് കേസ്, കുറുമാത്തൂര്‍ പ്രതിമാ ദഹനക്കേസ്, കുയിലൂര്‍ വണ്ണാത്തിമാറ്റ് കേസ്... കുറ്റവാളികളായി മുദ്ര കുത്തുന്നവരെ തൂക്കിലേറ്റാനും കൊന്നെറിയാനും ഓടത്തുപാലത്തിനടുത്ത് പുഴക്കരയില്‍ കഴുമരവും പയശ്ശായിക്കുണ്ടത്ത് മരണക്കൊല്ലിയുമുണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും നിരോധിക്കപ്പെട്ട കാലയളവില്‍, ജാപ്പ് വിരോധ മേളകളിലൂടെയും ജനകീയ ഭഷ്യക്കമ്മിറ്റികളിലൂടെയും സമാന്തരമായി പോരാട്ടം മുന്നോട്ടുകൊണ്ടുപോയി. പ്രാദേശിക സഹകരണ സംഘം രൂപീകരിക്കുന്നതിനും, അവയുടെ സ്റ്റോറുകള്‍ മുഖേന ഭക്ഷ്യസാധനങ്ങളെത്തിച്ച് ക്ഷാമത്തെ നേരിടുന്നതിനും, ജന്മി- കാര്യസ്ഥന്മാരാല്‍ പൂഴ്ത്തിവയ്ക്കപ്പെട്ട നെല്ല് പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയതിനുമാണ് കര്‍ഷക സംഘം നേതാവ് പി.നാരായണന്‍ നമ്പ്യാര്‍ (ബ്ലാത്തൂര്‍) രക്തസാക്ഷിത്വം വരിച്ചത്.

സ്വാതന്ത്ര്യ സമരത്തിന്റെ രൂപഭാവങ്ങള്‍ ജനകീയമാക്കുന്നതില്‍, വിശേഷിച്ചും മലബാറില്‍ നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റു പാര്‍ടിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കുറേക്കൂടി മുന്നേറണമെന്ന കര്‍ഷക ജനതതിയോടുള്ള ആഹ്വാനത്തെത്തുടര്‍ന്ന്  മലബാറിലെ ഓരോ ഗ്രാമത്തേയും ഉണര്‍ത്തിയെടുക്കുന്നതില്‍ മികച്ച പങ്ക് കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റു പാര്‍ടിയും വഹിച്ചു.' തരിശുഭൂമി കൃഷി ചെയ്യുക, ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക, കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക, ന്യായവിലക്ക് നെല്ല് സ്റ്റോറി ലളക്കുക,' തുടങ്ങിയ ആഹ്വാനങ്ങള്‍ ഓരോ കാതിലുമെത്തി.

കര്‍ഷകജനത പലയിടങ്ങളിലും പോരാട്ടത്തിനിറങ്ങി. കര്‍ഷകരുടെ ആവശ്യങ്ങളംഗീകരിക്കാന്‍ ജന്മിമാര്‍ വിസമ്മതിച്ചതോടെ കാര്‍ഷികമേഖല സംഘര്‍ഷപൂരിതമായി.
ജന്മിമാരെ പ്രതിരോധിക്കാന്‍ സേനകള്‍ നിരന്നു. ഇരിക്കൂര്‍ ഫര്‍ക്കയില്‍ തമ്പടിച്ച പ്യൂണിറ്റീവ് പൊലീസും എം.എസ്.പി. പടയും ജന്മി ഗുണ്ടകളും ചേര്‍ന്ന്  ജനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടു. അതേത്തുടര്‍ന്ന് ജനങ്ങളും ഏറ്റുമുട്ടലിനു മുതിര്‍ന്നു. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണമെന്നു പോര്‍ചരിത്രത്തിലിടം നേടിയ സംഭവം അത്തരത്തിലൊന്നാണ്.

കുയിലൂരിലെ വളണ്ടിയര്‍ സങ്കേതത്തില്‍ പരിശീലനം നടത്തുകയായിരുന്ന കര്‍ഷക സഖാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ വരെ വഴിയിലൂടെ വലിച്ചിഴക്കുകയും വഴിമധ്യേയും സ്റ്റേഷനിലുമിട്ട് മര്‍ദിക്കുകയുമുണ്ടായപ്പോള്‍ സംഭവം വന്‍പ്രതിഷേധത്തെ ഇളക്കിവിട്ടു. ജനക്കൂട്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു.സ്റ്റേഷനു സമീപം പൊലീസ് പട മാര്‍ച്ചിനെ നേരിട്ടത് ലാത്തിയും തോക്കും കൊണ്ടാണ്. ആകാശത്തേക്ക് വെടിവയ്പുമുണ്ടായി.

ഈ സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസ് ചമച്ച് കമ്മ്യൂണിസ്റ്റു പാര്‍ടി ഫര്‍ക്കാ സെക്രട്ടറിയായ എ.കുഞ്ഞിക്കണ്ണനടക്കം 22 പേരെ പ്രതികളാക്കി രണ്ടു വര്‍ഷത്തേക്ക് തടവിനു ശിക്ഷിച്ചു.
തൊട്ടുപിന്നാലെ ഫര്‍ക്കയിലാകെ 144 നിയമം പ്രഖ്യാപിക്കപ്പെടുകയും എം.എസ്.പി.സൈന്യം എല്ലാ കേന്ദ്രങ്ങളിലേക്കും വിന്യസിക്കപ്പെടുകയുമുണ്ടായി. പൊലീസിന്റെ നരനായാട്ടാണ് തുടര്‍ന്നരങ്ങേറിയത്.

1946 ഡിസംബര്‍ 29-ന് രാത്രി ഇരിക്കൂര്‍ ഫര്‍ക്കയിലെ കര്‍ഷക ഭടന്മാര്‍ കാവുമ്പായിക്കുന്നില്‍ ഒത്തുകൂടി. നരനായാട്ടിനെത്തുന്ന പൊലീസ്‌സേനയെ പ്രതിരോധിക്കുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. പുനംകയ്യേറി കൃഷി ചെയ്യുകയെന്ന സമരത്തിന്റെ പ്രയോഗം മറ്റൊന്ന്. പൊലീസിനെ നേരിടാനുള്ള ആയുധങ്ങളും (നാടന്‍ തോക്ക്, വാരിക്കുന്തം, കവണ..) പണിയായുധങ്ങളും (മഴു,മടവാള്‍, കത്തിവാള്‍, കത്തി...) അവര്‍ കരുതി. രാത്രി തന്നെ എത്തിച്ചേര്‍ന്നവര്‍ കുന്നിന്റെ ചെരിവുകളിലും പരിസരങ്ങളിലും തമ്പടിച്ചു. ഈ വിവരം ഒറ്റുകാര്‍ മുഖേന പൊലീസ് മേധാവികളറിഞ്ഞു. ഡിസംബര്‍ മുപ്പത് പുലരുംമുമ്പെ മൂന്നുവഴികളിലൂടെ സേന കുന്നുവളഞ്ഞു. കുന്നിനു മൂന്നു ഭാഗവും വയലാണ്. ആ വയലുകളില്‍ നിരന്ന സേന കുന്നിനോട് കൂടുതലടുത്തേക്ക് നീങ്ങി.

ഒരു സംഘം പൊലീസുകാര്‍ വഴിവക്കിലെ വീടുകള്‍ തെരയാനും പിടിയിലാകുന്നവരെ മര്‍ദിക്കാനും തുടങ്ങിയിരുന്നു. അതിന്റെ ബഹളം സമരക്കുന്നില്‍ അലയടിച്ചു. സമരഭടന്മാര്‍ ജാഗരൂകരായി. മുദ്രാവാക്യങ്ങള്‍ ദിഗന്തങ്ങളില്‍ മുഴങ്ങി. ''ജന്മിത്തം നശിക്കട്ടെ...സാമ്രാജ്യത്തം നശിക്കട്ടെ.. ഇങ്ക്വിലാബ് സിന്ദാബാദ് '' സൂര്യനുദിക്കുംമുമ്പെ ദേശമാകെ ജ്വലിച്ചു. കുന്നിനടുത്ത് ആദ്യമെത്തിച്ചേര്‍ന്നത് ജമേദാര്‍ രാമകൃഷ്ണന്റെ നേതൃത്തിലുള്ള പൊലീസ് സംഘമാണ്.കര്‍ഷക ഭടന്മാര്‍ക്കിടയില്‍ നിന്നായിരുന്നു ആദ്യത്തെ വെടി. ജമേദാര്‍ രാമകൃഷ്ണന്റെ ചുമലിന്റെ വലതുഭാഗത്ത് വെടി കൊണ്ടു. അപ്പോഴേക്കും വലിയസംഘം പൊലീസുകാര്‍ എസ്.ഐ.രാമന്‍മേനോന്റേയും ഒരു സുബേദാരുടേയും  നേതൃത്വത്തില്‍ വന്നു ചേര്‍ന്നിരുന്നു.തൊട്ടുപിന്നാലെ സേനയുടെ ഭാഗത്തു നിന്നും  ആക്രമണം തുടങ്ങി. മെഷീന്‍ ഗണ്ണുകളോട് നാടന്‍ തോക്കുകള്‍ ഏറ്റുമുട്ടിയത് ഒരു ചടങ്ങിനു മാത്രം. സമരസഖാക്കളുടെ വിവേകരഹിതമായ സന്നാഹങ്ങളെ തോല്പിക്കാന്‍ സേനക്ക് അധികനേരം വേണ്ടി വന്നില്ല. കര്‍ഷക സൈന്യം ചിതറി ദുര്‍ബലമായി. പലര്‍ക്കും വെടിയേറ്റു, പലരും ഓടി മറഞ്ഞു.നേതൃതലത്തിലുള്ളവരാരും കുന്നിലുണ്ടായിരുന്നില്ല.അവര്‍ സമീപത്തെ വീടുകളിലായിരുന്നു.

കുന്നില്‍ അവശേഷിച്ചവരെ വെടിയുണ്ടകളും പൊലീസും എണ്ണിയെടുത്തു.സഖാക്കള്‍ പുളുക്കൂല്‍ കുഞ്ഞിരാമനും പി.കുമാരനും വെടിയേറ്റു മരിച്ചിരുന്നു. മീത്തല്‍ വീട്ടില്‍ ഗോവിന്ദന്   വെടിയേറ്റിട്ടുണ്ട്. വെടികൊണ്ട  മഞ്ഞേരി ഗോവിന്ദന്‍ മരിച്ചു.കൊയക്കാടന്‍ കുഞ്ഞമ്പുവിന്റെ കാല്‍മുട്ടിലാണ് തുടരെ മൂന്ന് വെടിയുണ്ടകള്‍ തറച്ചത്. നിലംപതിച്ച സഖാവ് പൊലീസ്പിടിയിലാവുകയും സംഭവത്തിലെ ഒന്നാം പ്രതിയാക്കപ്പെടുകയും ചെയ്തു. പിടിയിലകപ്പെട്ട ആലോറമ്പന്‍ കണ്ടി കൃഷ്ണനെ ഒരു കവുങ്ങിനോടു ചേര്‍ത്തു നിര്‍ത്തി പൊലീസ് നിറയൊഴിച്ചു. സഖാവിന്റെ ജഡത്തിന്നരികിലേക്ക് തെങ്ങില്‍ അപ്പനമ്പ്യാരേയും വലിച്ചിഴച്ചു കൊണ്ടുവന്നു.നേരെ നിര്‍ത്തി നെഞ്ചിലേക്കാണ് നിറയൊഴിച്ചത്. പിടിയിലകപ്പെട്ട മറ്റുള്ളവരേയും ഇതേപോലെ അവസാനിപ്പിക്കാനായിരുന്നു പൊലീസിന്റെ തുടര്‍ന്നുള്ള ചലനം. തോക്കിനു മുന്നില്‍ നിരത്തി നിര്‍ത്തപ്പെട്ടവര്‍ പത്തുപേരുണ്ടായിരുന്നു. പക്ഷെ, കാഞ്ചിയമര്‍ന്നില്ല. ഉന്നതനായ മറ്റൊരുദ്യോഗസ്ഥന്‍ അവിടെ പ്രത്യക്ഷപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള കൂട്ടക്കൊല തടയപ്പെട്ടു.

സമയം രാവിലെ പത്തു മണി കടന്നിരുന്നു. സേന അവരുടെ ആസ്ഥാനത്തേക്ക് പിന്മാറി. പൊലീസ് ക്യാമ്പാക്കി തല്‍ക്കാലം മാറ്റപ്പെട്ട എള്ളരിഞ്ഞി പത്തായപ്പുരയിലേക്ക്. 1200 വാരയിലധികം ദൂരത്തില്‍
വിലങ്ങുവയ്ക്കപ്പെട്ടവരും  വലിച്ചിഴക്കപ്പെട്ടു. അഞ്ചു ജഡങ്ങളും കവുങ്ങിന്‍ തണ്ടില്‍ ചേര്‍ത്തു കെട്ടി ഒപ്പം കൊണ്ടുപോയി. ഇടതടവില്ലാതെ അന്ന് പൊലീസ് ക്യാമ്പിനു ചുറ്റിലും നിരത്തി വച്ച മെഷീന്‍ ഗണ്ണുകള്‍ അലറിക്കൊണ്ടിരുന്നു. ഡിസംബര്‍ മുപ്പത്തൊന്ന് പുലരുവോളം അത് നീണ്ടു. നാലുപാടു നിന്നും പ്രത്യാക്രമണമുണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്ന പൊലീസ് മേധാവികളുടെ ഭയമായിരുന്നു ആ പ്രകടനം.

സമരക്കുന്നിലെ വെടിവയ്പു സംഭവത്തിനുശേഷവും ഈ ദേശങ്ങള്‍ ചലനമറ്റില്ല. പോലീസ് വേട്ട ഓരോ വീട്ടിലുമരങ്ങേറി. കുടിലുകള്‍ക്ക് തീയിടുകയും തകര്‍ക്കപ്പെടുകയും ചെയ്തു.സ്‌കൂളുകളും വായനശാലകളും ചുട്ടെരിക്കപ്പെട്ടു.  നരനായാട്ടിനിടയില്‍ പിടിയിലാകുന്നവരെ കള്ളക്കേസുകളില്‍ പെടുത്തി. (സമരക്കുന്നിലെ വെടിവയ്പു സംഭവത്തില്‍ 180 പ്രവര്‍ത്തകരുടെ പേരിലായിരുന്നു കുറ്റം ചാര്‍ത്തപ്പെട്ടത്. അവരില്‍ 159 പേര്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ ഒളിവില്‍ തുടര്‍ന്നു. തലശ്ശേരി സ്‌പെഷല്‍ കോടതിയിലായിരുന്നു വിചാരണ. 49 പേര്‍ കുറ്റക്കാരല്ലെന്നു കണ്ട് വിടുതിയായി. മറ്റുള്ളവര്‍ക്ക് ഒരു വര്‍ഷം കഠിന തടവും ഒരു വര്‍ഷം നല്ലനടപ്പും.)

നേതാക്കളും പ്രവര്‍ത്തകരും ഒളിസങ്കേതങ്ങളില്‍ മറഞ്ഞപ്പോള്‍ അവശേഷിച്ച സ്ത്രീകളില്‍ ചിലര്‍ പ്രതിരോധം നയിക്കുന്ന നിലയുണ്ടായി. ഒളിവില്‍ തങ്ങിയവര്‍ക്ക് നിര്‍ദേശങ്ങളെത്തിക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരിലൊരാള്‍, പറമ്പന്‍ കുഞ്ഞിരാമന്‍, പൊലീസ് വലയത്തിലാകുകയും, ഭീകരമര്‍ദനമേറ്റ് കൊല്ലപ്പെടുകയുമുണ്ടായി.

ഒളിവില്‍ മറഞ്ഞ ഒരുകൂട്ടം പയ്യാവൂരിനടുത്തുള്ള കേളം കൊട്ടയില്‍ ക്യാമ്പുചെയ്തു. അവിടെ പുനംകൊത്തു സമരം തുടര്‍ന്നു. പോലീസിനു വിവരം കിട്ടി. എം.എസ്.പി. സംഘം കേളംകൊട്ട ക്യാമ്പ് ആക്രമിച്ചു - 1947 ജനവരി 8 ന് രാവിലെ  മട്ടങ്ങോടന്‍ കുഞ്ഞിക്കൃഷ്ണന്‍ കസ്റ്റഡിയിലായി.മറ്റു സംഘാംഗങ്ങളെല്ലാവരും രക്ഷപ്പെട്ടു.

തുടര്‍ന്നുള്ള മാസങ്ങളില്‍ പോലീസ് പീഡനങ്ങളോടും ഗുണ്ടാപ്പടകളോടും കര്‍ഷകപ്പോരാളികള്‍ക്ക് നിരന്തരം ഏറ്റുമുട്ടേണ്ടി വന്നു. ചെറുതും വലുതുമായ കേസുകള്‍ ചുമത്തപ്പെട്ടു.അതില്‍ പ്രമാദമായ ഒരു സംഭവമാണ് ആനക്കാരന്‍ കൊലക്കേസ് .കരക്കാട്ടിടം ജന്മിയുടെ ആനക്കാരനായ ചീക്കല്‍ കൃഷ്ണന്‍ 1947 ഫെബ്രുവരി ഒന്നിന് രാത്രി 8.30 ന് കാവുമ്പായി ആക്കാകണ്ടം വയലില്‍ വധിക്കപ്പെടുകയുണ്ടായി. ഗുണ്ടാത്തലവന്‍ കൂടിയായ അയാളെ ഏഴു കര്‍ഷക സഖാക്കള്‍ ചേര്‍ന്ന് നേരിടുകയായിരുന്നു. അയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.ചട്ടമ്പി സംഘത്തില്‍ മൂന്ന് അനുയായികളുണ്ടായിരുന്നു. അതിലൊരാള്‍, മഞ്ഞേരി കുണ്ടനും സാരമായി പരിക്കേറ്റു. ഈ സംഭവത്തില്‍, പ്രമുഖ കര്‍ഷക നേതാക്കളെ പ്രതികളാക്കി കേസെടുത്തു. എ.കുഞ്ഞിക്കണ്ണന്‍ (പില്‍ക്കാലത്ത് കര്‍ഷക സംഘം സംസ്ഥാന നേതാവും എം. എല്‍.എയുമായി) ഒന്നാം പ്രതിയായി, അറാക്കല്‍ കുഞ്ഞിരാമന്‍, തളിയന്‍ രാമന്‍ നമ്പ്യാര്‍, മാടായി കുഞ്ഞപ്പ, കേളോത്ത് കൃഷ്ണന്‍, മാടായി ചന്തുക്കുട്ടി, ഇ.കെ.നാരായണന്‍, ഇ.കെ.ദാമോദരന്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്.വിചാരണ നടത്തിയ സെഷന്‍സ് കോടതി 1947 ജൂലായ് 14ന് മാടായി കുഞ്ഞപ്പ, മാടായി ചന്തുക്കുട്ടി, തളിയന്‍ രാമന്‍ നമ്പ്യാര്‍ എന്നിവര്‍ക്കു വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോയതിനെ തുടര്‍ന്ന് 1947 സെപ്തംബറില്‍ വധശിക്ഷ ഒഴിവായി. എല്ലാവര്‍ക്കും ജീവപര്യന്തമായി.

ഈ തടവുശിക്ഷ അനുഭവിക്കുമ്പോഴായിരുന്നു ചരിത്ര മോര്‍ക്കുന്ന  സേലം ജയില്‍ വെടിവയ്പുണ്ടായത്. കാവുമ്പായി സമരസഖാക്കളായ തളിയന്‍ രാമന്‍ നമ്പ്യാരും ഒ.പി.അനന്തന്‍ മാസ്റ്റരും മറ്റ് ഇരുപത് പേര്‍ക്കൊപ്പം തടവറയ്ക്കുള്ളില്‍ കൊല്ലപ്പെട്ടു. വിമോചനപ്പോരാട്ടങ്ങളുടെ അഗ്‌നിമുദ്രകളാല്‍  ചരിത്രം ജ്വലിപ്പിച്ച  വര്‍ഗസമരത്തിന്റെ ഏടുകളാണ് കാവുമ്പായി കാര്‍ഷികകലാപം. കലാപത്തിന്റെ കീര്‍ത്തിമുദ്രകളണിഞ്ഞ പുലരികളും പൂക്കാലങ്ങളും ചരിത്രം അയവിറക്കുമ്പോള്‍ ഈ ദേശജ്വാലയും അതില്‍ പടരും.

ഡിസംബര്‍ മുപ്പതെന്ന രക്തസിന്ദൂരം 1946 മുതലിങ്ങോട്ട് കാലത്തിന്റെ തീക്കനലാണ്. പോരാട്ടത്തിന്റെ ഹൃദയത്തില്‍ കുറിച്ച  ചരിത്രത്തിന്റെ അഗ്‌നിമുദ്ര. തീപിടിച്ച ചരിത്രം ചുണ്ടോടമര്‍ത്തി കൈമാറിയ ഒടുങ്ങാത്ത ചുംബനം. ഒരു ദിക്കിലുമസ്തമിക്കില്ലെന്നുറപ്പിച്ച ചുവപ്പു നക്ഷത്രം. തീക്കാറ്റു പാടിയ പടപ്പാട്ട്. സ്വാതന്ത്ര്യത്തിന്റെ ആകാശം മുത്തിയ സമരശിഖകളുടെ വിശ്വരൂപമാണ്  അന്ന് എയ്തുവിട്ടത്.
പോര്‍നിലങ്ങളില്‍ പുണര്‍ന്നുകിടക്കുന്ന വിമോചനഗാഥകളിലെ കുതിപ്പും കിതപ്പും ജ്വാലാചിത്രങ്ങള്‍ വരച്ചിടുന്നു. കാവുമ്പായിക്കുന്നിന്റെ പുലര്‍കാലത്തില്‍ പൊട്ടിത്തെറിച്ച ഇതിഹാസത്തിന്റെ വീരപുത്രന്മാര്‍
പുളുക്കൂല്‍ കുഞ്ഞിരാമന്‍, പി.കുമാരന്‍, മഞ്ഞേരിഗോവിന്ദന്‍ ,ആലോറമ്പന്‍ കണ്ടി കൃഷ്ണന്‍, തെങ്ങില്‍ അപ്പനമ്പ്യാര്‍...എന്നെന്നും രക്തനക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു. രക്തസാക്ഷിത്തത്തിന്റെ അമരഭാവങ്ങള്‍ ജ്വലിപ്പിച്ച പി.നാരായണന്‍ നമ്പ്യാരും പറമ്പന്‍ കുഞ്ഞിരാമനും തളിയന്‍ രാമന്‍ നമ്പ്യാരും ഒ.പി.അനന്തന്‍ മാസ്റ്റരും,ചുവന്ന മേഘങ്ങളിലേക്കു യാത്രയായ ചെറിയമ്മയും എം.സി.ആറും കോട്ടകൃഷ്ണനും  എ.കുഞ്ഞിക്കണ്ണനും എം.സി.രാമര്‍ കുട്ടി നമ്പ്യാരും മാടായി ചന്തുക്കുട്ടിയും കോയാടന്‍ നാരായണന്‍ നമ്പ്യാരും എം.സി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും കാലത്തിന്റെ കീര്‍ത്തിമുദ്രകളണിഞ്ഞു തിളങ്ങുന്നു.

അവരുടെ കിനാവുകളിലൂടെ കാലമിന്നും ചിറകടിക്കുന്നു- നാടുവാഴിത്തത്തിന്റെ സിംഹാസനം തകര്‍ത്ത രണഭൂമികള്‍ക്കു മീതെ, കര്‍ഷക സമരേതിഹാസങ്ങളുടെ കൊടുങ്കാറ്റില്‍ സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം പ്രവഹിച്ച ചരിത്രവീഥികള്‍ താണ്ടി പറന്ന പക്ഷികളെപ്പോലെ. പോര്‍സമയത്തിന്റെ കതിര്‍ക്കുലകള്‍ ഇനിയെവിടെ വിരിയുമെന്നറിയാതെ പിന്നീടുള്ള കാലവും ...

(തുടരും)

മുന്‍ഭാഗങ്ങള്‍ വായിക്കാം

 

Content Highlights : kerala history a padmanabhan part 11