ല്‍പാദന വ്യവസ്ഥയാണ് ചരിത്രത്തിന്റെ അടിത്തറയും സാമൂഹ്യ ഗതിക്രമത്തിന്റെ ചാലകശക്തിയുമെന്ന മൗലികമായ യാഥാര്‍ഥ്യത്തെ ആധാരമാക്കിയാല്‍ രാജവംശങ്ങളുടെ പങ്ക് ചരിത്ര രചനയില്‍ തുലോം അപ്രധാനമാണ്. അധ്വാനിക്കുന്നവര്‍ രൂപപ്പെടുത്തുന്ന വ്യവസ്ഥയുടെ മേല്‍നോട്ടക്കാര്‍ മാത്രമാണവര്‍. അതേസമയം, രാജവ്യവസ്ഥയുടേയും ഫ്യൂഡല്‍ സമ്പ്രദായത്തിന്റേയും നാള്‍വഴികള്‍ കൂട്ടിയോജിപ്പിക്കുകയെന്ന സാമ്പ്രദായിക ചരിത്രരചനാരീതിയ്ക്കപ്പുറം  ചരിത്രത്തെ സംഘര്‍ഷവല്‍ക്കരിക്കുന്നതില്‍ അധികാരവര്‍ഗയുക്തികളും നയങ്ങളും എത്രത്തോളം ഇഴചേര്‍ന്നു കിടക്കുന്നുവെന്ന അന്വേഷണം അനിവാര്യമാണ്. അതിനുവേണ്ടി പെരുമാള്‍ സാമ്രാജ്യത്തിന്റെ വേരുകളും, ചുഴലി സാമന്ത പ്രഭുത്വത്തിന്റെ അധീശവും കോലത്തിരി രാജവംശപ്പെരുമകളും ചിറയ്ക്കല്‍ കോവിലകാധിപത്യ കാലഘട്ടവും കല്യാട്,കരക്കാട്ടിടം ജന്മി വൃത്താന്തങ്ങളും വിവരിക്കപ്പെടേണ്ടതുണ്ട്.

ഏഴിമല ആസ്ഥാനമാക്കി ഭരിച്ച ഒരു രാജവംശത്തെയാണ് മൂഷിക വംശമായി ചരിത്രം അധികവും കൊണ്ടാടിയത്.
ഏഴിമലയ്ക്കു മുമ്പേ ആദിമലനാടിന് ചരിത്രമുണ്ടെന്നു കണ്ടുകഴിഞ്ഞു. ഏഴിമലയ്ക്കു മുമ്പേ കരിപ്പത്തും  അതിനു മുമ്പേ ശ്രീകണ്ഠപുരവുമായിരുന്നു ആസ്ഥാനം. ഏഴിക്കോട്ട (രാമന്തളി), മാടായിക്കോട്ട, പന്തലായിനി, കടലായി, വളപട്ടണം കോട്ടക്കുന്ന്, ചിറയ്ക്കല്‍  എന്നിവയും ആസ്ഥാന നഗരികളായിട്ടുണ്ട്. ഇതില്‍ മൂഷികവംശാന്ത്യത്തിലെ ശ്രീകണ്ഠന്‍ വരെ വാണിരുന്ന സുപ്രധാന ആസ്ഥാനം ശ്രീകണ്ഠപുരമാണ്. സമുദ്രതീരത്തോടടുത്തു കിടക്കുന്ന മറ്റ് മിക്ക ആസ്ഥാനങ്ങളും നാവികാക്രമണത്തിനടിപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഏറ്റവും സുരക്ഷിതമായ ആസ്ഥാനമെന്ന നില കൂടി  ശ്രീകണ്ഠപുരത്തിനുണ്ട്. അതേക്കാള്‍ ആസ്ഥാനമെന്ന നിലയില്‍ ശ്രീകണ്ഠപുരത്തിനുള്ള പൗരാണികബലവും സുപ്രധാന സവിശേഷതയാണ്. സമുദ്രശക്തികളുടെ ഭീഷണി കാലക്രമേണ ഒഴിവാകുന്ന സാഹചര്യങ്ങളിലാണ് തീരദേശങ്ങളിലെ കോട്ടകള്‍ രാജസ്ഥാനങ്ങളായി മാറുന്നത്. അതു വരെ പ്രതിരോധക്കോട്ടകള്‍ മാത്രമായിരുന്നു അവ.

നൂറ്റിപ്പതിനെട്ടു രാജപരമ്പരകളെ ഒരു കാവ്യത്തില്‍ കോര്‍ത്തിണക്കി അതുലന്‍ രചിച്ചതായുള്ള മൂഷിക വംശകാവ്യവും നമുക്ക് ലഭിച്ചതാണ്.

പരശുരാമനോടു പടവെട്ടി മരിച്ച ഒരു ക്ഷത്രിയ രാജാവിന്റെ ഗര്‍ഭിണിയായ പത്‌നി ഏഴിമല ഗുഹയില്‍ അഭയം പ്രാപിച്ചതായും, കുശിക മുനിയുടെ ശാപത്താല്‍ മൂഷികനായി മാറിയ ഏഴിമല ദേവത ആ ഗുഹയില്‍ പ്രവേശിച്ച് രാജ്ഞിയെ ഭക്ഷിക്കാന്‍ ശ്രമിച്ചതായും, രാജ്ഞി അതിനെ ഭസ്മീകരിച്ചതായും, രാജ്ഞി പ്രസവിച്ച പുത്രനെ- രാമഘട മൂഷികനെന്ന നാമത്തില്‍ പരശുരാമന്‍ രാജാവായി വാഴിച്ചതായുമാണ് ഈ കാവ്യത്തിന് പറയാനുള്ള കഥ.

ശിവപുത്രനായ പരശുരാമനാണ് (ഗണപതി) മൂഷികവംശം ആദിയില്‍ സ്ഥാപിച്ചതെന്ന് 'മൂഷിക വംശം 'എന്ന പ്രബന്ധത്തില്‍ കേസരി ചൂണ്ടിക്കാട്ടുന്നു.''അതിവസതി മയൂരോത്പാതമ ത്രൈവ രാഷ്ട്രം '' (മയൂരവംശ കാവ്യം). ശിവന്റെ മറ്റൊരു പേരാണ് മയൂരന്‍. ബി.സി.170 മുതല്‍ 140 വരെയാണ്  രാമഘടന്റെ കാലം കേസരി അനുമാനിക്കുന്നത്. ശിവന് മൂഷികനെന്ന പേരുള്ളതുപോലെ ഗണപതിയെ മൗഷികനെന്നും വിളിക്കുന്നു.

കേസരിയുടെ വിവരണം ഇങ്ങനെയാണ്: ''വാമനപുരാണത്തില്‍ ഭാരതത്തിലെ വടക്കന്‍ ദേശങ്ങളുടെ കൂട്ടത്തില്‍ ഒരു കേരളത്തേയും ഒരു മൂഷിക ദേശത്തേയും പറ്റി പറഞ്ഞിട്ടുണ്ട്. പത്മപുരാണമാകട്ടെ, മല്ലരാഷ്ട്രത്തിനും മാളവത്തിനും ഇടയ്ക്കുള്ള ഒരു കേരളത്തേയും, ദക്ഷിണദിക്കിലുള്ള ദ്രാവിഡം, കേരളം, പ്രാച്യ മൂഷികം, കര്‍ണാടകം, മാഹിഷകം, വികണ്ഡം, മൂഷികം എന്നിവയേയും പറ്റി പ്രസ്താവിക്കുന്നുണ്ട്. ഇന്‍ഡസ് നദീമുഖം സമീപിച്ചും, കൃഷ്ണാ നദീതീരങ്ങള്‍ സമീപിച്ചും, ദക്ഷിണാ പഥത്തിന്റെ തെക്കുപടിഞ്ഞാറന്‍ കരയിലും മൂഷിക രാജ്യങ്ങള്‍ സ്ഥിതി ചെയ്തിരുന്നതായി ചരിത്ര രേഖകള്‍ സ്ഥാപിക്കുന്നു. അലക്‌സാണ്ടര്‍ മഹാന്റെ ചരിത്രകാരന്മാര്‍ സിന്ദിലെ മൂഷികത്തേയും കലിംഗ (ആന്ധ്ര) രാജാവായ ഖാരവേലന്റെ ശാസനം കൃഷ്ണാതീരത്തെ മൂഷികത്തേയും, ആദിചാലൂക്യരാജാവായ മംഗളീശന്റെ ശാസനവും ,മൂഷിക വംശകാവ്യവും കേരളോല്‍പത്തിയും കേരളത്തിലെ മൂഷികത്തേയും പറ്റി പ്രസ്താവിച്ചിരിക്കുന്നു'' (പേജ് 110- കേസരിയുടെ ചരിത്ര ഗവേഷണങ്ങള്‍ വാല്യം ഒന്ന് )

ശ്രീകണ്ഠന്റെ കാലത്തെ കവിയാണ് അതുലനെന്നതില്‍ സംശയമൊന്നും ബാക്കിയില്ല. ആ പിരീഡിലോ അന്നത്തെ ഒന്നോ രണ്ടോ തലമുറകള്‍ ഉള്‍പ്പെടുന്നതോ ആയ ഒരു വിവരണവുമല്ല കാവ്യം. അതു കൊണ്ടു തന്നെ അതില്‍ പരാമര്‍ശിക്കുന്നതു പോലുള്ള ചരിത്രം മുഴുവനായും വിഴുങ്ങേണ്ട കാര്യമില്ല. അതേസമയം കവി എന്ന നിലയില്‍ ക്രാന്തദര്‍ശിതമായ ഉള്‍ക്കാഴ്ചമുദ്രകള്‍ ത്രികാലതലത്തില്‍ പ്രകാശിതമാകാമെന്ന ഒരു ജ്ഞാന രീതിയെ നിരസിക്കാനുമാവില്ല.

മൂഷികഭരണവംശത്തിന്റെ വേരുകള്‍ ബിസി.യുഗത്തിലേ തുടങ്ങുന്നതായി 'മൂഷികവംശകാവ്യ 'ത്തില്‍ നിന്നു ഗണിക്കാവുന്നതാണ്. കേസരിയുടെ ചരിത്ര ഗവേഷണങ്ങളില്‍ (വാല്യം ഒന്ന് -'മൂഷിക വംശത്തിന്റെ ഉത്ഭവം' എന്ന അധ്യായം) മൂഷിക വംശത്തെ ചേരവംശമായാണ് അടയാളപ്പെടുത്തുന്നത്. മൂഷിക വംശത്തില്‍ നിന്നു കോലത്തിരിവംശം ജനിച്ചതായും കോലത്തിരിമാരുടെ ഭരണ പ്രദേശത്തിന് സങ്കുചിതമായ അര്‍ഥത്തില്‍ കേരളമെന്ന നാമം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏഴിനി അതായത് ഏഴിമലയുടെ നാഥന്‍ എന്ന സ്ഥാനപ്പേര്‍ മൂഷികരാജാക്കന്മാര്‍ വഹിച്ചതായും എന്നാല്‍ ഈ ദേശം എല്ലായ്‌പോഴും അവരുടെ കൈവശമുണ്ടായിരുന്നതായി തീര്‍ച്ചയില്ലെന്നുമാണ്  കേസരിയുടെ അഭിപ്രായം. തമിഴ് സംഘത്തിന്റെ പ്രാരംഭ കാലത്ത് ,അതായത് അഞ്ചാം നൂറ്റാണ്ടില്‍  ഏഴിമല, നന്നനെന്നും മൂവനെന്നും സംഘകാവ്യങ്ങളും, പശ്ചിമോത്തര മൈസൂരിലെ ശാന്തരവംശമെന്നും, തുളുനാട്ടിലെ ആളുവ വംശമെന്നും ചരിത്രകാരന്മാരും പേരിട്ടിട്ടുള്ള ഒരു രാജവംശത്തിലെ രാജാക്കന്മാര്‍ മൂഷികരാജാക്കന്മാരില്‍ നിന്നു പിടിച്ചടക്കുകയുണ്ടായെന്നാണ് കേസരി പറഞ്ഞു വയ്ക്കുന്നത്: എ.ഡി.ഏഴാം ശതാബ്ദത്തിന്റെ അന്ത്യകാലത്ത് ആളുവ രാജാക്കന്മാരുടെ കൈവശമായിരുന്നു എന്നു കാണിക്കുന്ന പ്രാചീന ശിലാ ലേഖനമുള്ളതായും  അദ്ദേഹം എടുത്തുകാട്ടുന്നു.

ഏഴാം നൂറ്റാണ്ടു തൊട്ടേ ചരിത്രത്തില്‍ മേല്‍വിലാസം കാട്ടുന്ന കോലത്തിരിവംശവും മൂഷിക വംശവും ഒന്നാണെന്നു വിശ്വസിക്കുന്നവരും, മൂഷികരുടെ പിന്തുടര്‍ച്ചക്കാരു മാത്രമാണ് കോലത്തിരിക്കാരെന്നു കരുതുന്നവരും ചരിത്രകാരന്മാരിലുണ്ട്. ഇത്തരം നിരീക്ഷണങ്ങള്‍ രാജരക്തത്തിന്റെ ആദിമധ്യാന്ത പാരമ്പര്യസിദ്ധാന്തത്തെ നിറം പിടിപ്പിക്കാനുള്ള ഏച്ചുകെട്ടലുകളാണ്. ഒരു രാജവംശത്തിന്റെ തുടര്‍ച്ചക്കേ മറ്റൊരു രാജവംശം സ്ഥാപിക്കാനാവൂ എന്ന വിശ്വാസം ഉല്‍പാദനബന്ധങ്ങളുടെ പരിണാമപ്രക്രിയകളെ ചരിത്രപരമായി നിര്‍ണയിക്കാനാവാത്തതിന്റെ ബലഹീനതയാണ് എടുത്തുകാട്ടുന്നത്.
ഒരു രാജവംശം തകരുമ്പോള്‍ ക്ഷയിക്കുന്നത് രാജകുടുംബം മാത്രമല്ല. ആ രാജകുടുംബം, അതാത് ജനഗണങ്ങള്‍ക്കിടയില്‍ ഒരു പക്ഷെ,ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ തികയും മുമ്പേ ഒരു കണ്ണി പോലും ശേഷിപ്പിക്കാതെ തിരോഭവിക്കുന്നുണ്ട്. മൗര്യ സാമ്രാജ്യം പോലും ഒന്നര നൂറ്റാണ്ടു നിലനിന്നില്ല.

ഒരു രാജവംശത്തിന്റെ തുടര്‍ച്ച ചികഞ്ഞ് മറ്റൊരു രാജാധികാരവുമായി കൂട്ടിക്കെട്ടാന്‍ ഒരു രീതിയിലും സാധ്യമല്ല. രാജപക്ഷത്തിനു മുമ്പേ സാമൂഹികമായ ഉല്‍പാദനവ്യവസ്ഥ പൊളിച്ചെഴുതപ്പെടുന്നുണ്ട്. അതാണ് രാജവംശത്തിന്റെ ക്ഷയത്തിലും പ്രതിഫലിക്കുന്നത്. ഉല്‍പാദനവ്യവസ്ഥയുടെ മാറിമറിയലുകള്‍ക്കിടയില്‍ മറ്റൊരു ദിശ ഉദയം കൊള്ളുകയും  പുതിയ അധികാര വംശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

മൂഷികവംശം ആദ്യന്തം മൂഷികവംശത്തില്‍ തന്നെ പൂര്‍ത്തിയാവുന്നുണ്ട്. ആദിമലനാടിന്റെ പരിധിക്കുള്ളില്‍ മാത്രമായി കലാശിക്കുന്നുണ്ട്.
കോലത്തിരിയുടെ കാലവും ദേശവും മറ്റൊരു ചരിത്രഘടനയാണ്. മൂഷിക വംശകാവ്യം കോലത്തിരിമാരുടെ ചരിത്രമല്ലെന്ന നിരീക്ഷണം മേലങ്ങത്ത് നാരായണന്‍കുട്ടി ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ ശരിവയ്ക്കുന്നു.( സംഘസാഹിത്യ ചരിത്രം, 127)

മൂഷകവംശകാലത്ത് ലക്ഷണമൊത്ത രാജവ്യവസ്ഥ രൂപപ്പെട്ടതായി പോലും തെളിയിക്കാനാവാത്ത വിധം ഗോത്ര സ്വാതന്ത്ര്യം അത്രമാത്രം പ്രബലതയോടെ  അവശേഷിക്കുന്ന സാമൂഹ്യയാഥാര്‍ഥ്യം കണക്കിലെടുക്കണം. കേന്ദ്രീകൃതരാജാധികാരം വേണ്ടത്ര സുദൃഢമായിട്ടില്ലെന്നു നിരീക്ഷിക്കുമ്പോള്‍ തന്നെ ഏക ആസ്ഥാനമായി ഏഴിമലയെ അടയാളപ്പെടുത്തുന്നതും പുനപ്പരിശോധിക്കേണ്ടതാണ്.വിഭവസമൃദ്ധിയുടെ നടുവില്‍ കഴിയുന്ന ആദിമലനാടിന്റെ തലസ്ഥാനം രാജ്യത്തിന്റെ പശ്ചിമാതിര്‍ത്തിയിലേക്കു മാറി സ്ഥിതി ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതും പ്രയാസകരമാണ്. പില്‍ക്കാലത്ത് വാണിജ്യവിനിമയം അഭിവൃദ്ധിപ്പെട്ടപ്പോള്‍ ഭരണനിര്‍വഹണത്തിന്റെ ആസ്ഥാനങ്ങളിലൊന്നായി ഏഴിമലയും തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണണം. വളപട്ടണത്തിന്റെ പ്രാധാന്യവും സമാനമാണ്. അവിടെയാണ് ശ്രീകണ്ഠപുരമെന്ന തലസ്ഥാന നഗരിയുടെ പ്രസക്തി കിടക്കുന്നത്.ആദിമലനാടിന്റെ അധികാരയോജനയ്ക്കു പറ്റിയ ഇന്ദ്രപ്രസ്ഥം ശ്രീകണ്ഠപുരം തന്നെയാണ്.

പ്രാചീനകാലത്തെ  സഞ്ചാരികളുടെ വിവരണങ്ങളൊന്നും മൂഷികവംശമെന്ന നാമമോ മൂഷിക വംശവുമായി ബന്ധിപ്പിച്ചുകൊണ്ട് ഏതെങ്കിലും രാജാക്കന്മാരെ കുറിക്കുന്ന പരാമര്‍ശങ്ങളോ പ്രതിപാദിച്ചു കാണുന്നില്ല. ''ഹേഹയരാജവംശത്തെ ബലിയോകുരാസ് എന്നും നന്ദവംശത്തെ കേരബത്രോസ് എന്നുമാണ് ടോളമി വിളിച്ചത്. മൂഷിക വംശത്തെപ്പറ്റിയോ പരശുരാമബന്ധമോ ടോളമി പരാമര്‍ശിക്കുന്നില്ല''(കേരളത്തനിമ- ഡോ :ആര്‍.ഗോപിനാഥന്‍).

ബൈസാന്തിയോന്‍ (ഹോനവാര്‍), മന്ദഗര (മാടായി), അര്‍മോഗര (ധര്‍മ പട്ടണം, ധര്‍മടം), നിത്ര (നെട്ടൂര്‍) നാനാഗുന നദീമുഖത്തുള്ള പട്ടണം എന്നീ തുറമുഖ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ടോളമിയുടെ വിവരണം. ഏഴിമലപ്പുഴയെ നാനന്‍കുല എന്നാണ് പരാമര്‍ശിക്കുന്നത്.
മംഗലാപുരത്തിനും വടകരക്കുമിടയിലുള്ള തീരദേശത്തേയും (പൂഴിനാട് ) കിഴക്കുള്ള മലമ്പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി ഏഴിമല ആസ്ഥാനമാക്കിയ ഒരു രാജവംശത്തിന്റെ സൂചന  ചില സംഘകൃതികളിലുണ്ട്. നന്ദന്‍ എന്ന രാജാവിനെപ്പറ്റിയും പരാമര്‍ശമുണ്ട്. വംശനാമത്തെപ്പറ്റി  സൂചനയില്ല. കൃഷ്ണാനദിയുടെ പോഷകമായ  മൂസി എന്ന നദിയുടെ നാമവുമായി കേസരി മൂഷികത്തെ (മൂസികം ) ബന്ധിപ്പിക്കുന്നു.

തുളുനാട്ടിലെ പ്രാചീനൈതിഹ്യങ്ങളില്‍ കദംബന്മാര്‍ക്കു ശേഷവും ഹൊയ്‌സാളന്മാര്‍ക്കു മുമ്പുമായി തുളുനാട് ബഞ്ചിക അഭേരികളും മോനരാജവംശവും ഭരിച്ചതായി പ്രതിപാദിച്ചതിനെ മുന്‍നിര്‍ത്തി
ബഞ്ചിക അഭേരികള്‍ ആളുവവംശവും മോനവംശം മൂഷിക വംശവുമാണെന്നാണ് കേസരിയുടെ വിലയിരുത്തല്‍.

പത്മപുരാണത്തില്‍ പരാമര്‍ശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ പ്രാച്യ മൂഷികം, മൂഷികം, ബാല മൂഷികം എന്നീ മൂന്നു മൂഷികങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൃഷ്ണാ നദിക്കരയിലെ കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലാണ് പ്രാച്യ മൂഷികം. ടോളമിയുടെ 'ഏഷ്യയുടെ ഭൂമി ശാസ്ത്ര'ത്തില്‍ ,മാനാര്‍ഫയുടെ - മൈലാപ്പൂര്‍ -വടക്കായി മൈസോളിയ എന്നാണ് ഈ രാജ്യത്തെ പരാമര്‍ശിക്കുന്നത്. പിഥുണ്ട്രയാണ് തലസ്ഥാനം.

മസൂലിപട്ടാം എന്ന പേരില്‍ കൃഷ്ണാ തീരത്തിനടുത്ത് ഇപ്പോഴുമുണ്ട് ആ ദേശം. ബി.സി. 40 നടുത്ത് ആന്ധ്ര ചക്രവര്‍ത്തികളായ ശാതവാഹകര്‍ ഇവിടം കയ്യടക്കി. എ.ഡി. 300 നടുത്ത് ഭരിച്ച ബൃഹല്‍ ഫാലായന ഗോത്രജന്‍ ജയവര്‍മന്റെ ഒരു ചെപ്പേട്  കൊണ്ടമുടിയില്‍ നിന്നും ലഭിച്ചതില്‍  മുദ്രയായി കാണപ്പെടുന്നത്,ശൂലവും വില്ലുമാണ്. ചേരരാജാക്കന്മാരുടെ ലാഞ്ഛനവും ഇതുതന്നെയാണ്. മൂഷികവംശത്തിന്റെ ചിഹ്നവും അമ്പുംവില്ലും തന്നെ. ബി.സി രണ്ടാം സഹസ്രാബ്ദത്തില്‍ ഈജിപ്തിന്റെ ചിഹ്നമാണിത്.

മൂഷികവംശകാവ്യത്തിലെ മൂഷികം ചന്ദ്രഗിരിപ്പുഴക്കും കോട്ടപ്പുഴക്കുമിടയിലെ ദേശത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് പിന്നീട് കോലത്തുനാടായി തുടര്‍ന്നതായും കേരളമെന്ന പേരു സിദ്ധിച്ചതായും കേസരി അഭിപ്രായപ്പെടുന്നു. ദക്ഷിണ- മധ്യ തിരുവിതാംകൂറിനെ ഉള്‍പ്പെടുത്തിയാണ്  ബാലമൂഷികം അദ്ദേഹം അടയാളപ്പെടുത്തുന്നത്. സിന്ധു നദിയുടെ ഉത്തര ഭാഗത്ത് നാലാമതൊരു മൂഷികവുമുണ്ടായിരുന്നു. ശകവര്‍ഗമായ മശകരില്‍ (മെസ്സാഗെറ്റേ) നിന്നാണ് അവിടെ ആ പേരുണ്ടായത്.

''മൂഷിക രാജ്യത്തിന്റെ തലസ്ഥാനമായി മൂഷികവംശകാവ്യം പറയുന്ന കോലപട്ടണത്തിന്റെ പേരു തന്നെ ,മൂഷികവംശത്തിന്റെ ഉത്ഭവം ആന്ധ്രദേശം, അതായത് തെലുങ്കരുടെ നാട് ,ആണെന്നു കാണിക്കുന്നുണ്ട് .ആന്ധ്രദേശക്കാര്‍ തങ്ങളുടെ നാടിനെ തെനുഗു രാജ്യം, അഥവാ, തെനുഗു സീമ എന്നാണു വിളിക്കാറുള്ളതെങ്കിലും, തമിഴര്‍ അതിനെ കൊഗ്ലേറ അറിസീമ ,അതായത് കൊപ്പേറു രാജ്യം എന്നാണ് പേരിട്ടിട്ടുള്ളത്. കൊപ്പേറു എന്നത് കൃഷ്ണാ ജില്ലയിലുള്ള, അതായതു പണ്ടത്തെ പ്രാച്യ മൂഷികത്തിലുള്ള ഒരു വലിയ കായലിന്റെ പേരാണ്. 'കൊപ്പു' എന്ന പദം കൊലനു, അഥവാ, ഗോലനു എന്ന തെലുങ്കു പദത്തിന്റെ രൂപഭേദമാകുന്നു. കോലനു എന്ന പദത്തിന് കായല്‍ എന്നും ഏറു എന്നതിന്  നദി എന്നുമാണ് അര്‍ഥം. 'കോലം' എന്ന പദം കോലനു എന്ന തെലുങ്കു പദത്തിന്റെ മലയാള രൂപം മാത്രമാണ്.വളവടപ്പുഴയുടെ ( വളപട്ടണം ) മുഖത്തിനു സമീപമുള്ള കായലിന്റെ വക്കത്തു സ്ഥാപിച്ചതുകൊണ്ടായിരിക്കും കോലപട്ടണത്തിന് ആ പേര് ലഭിച്ചത് ''.( 21, ചരിത്ര ഗവേഷണം -വാല്യം ഒന്ന്  - കേസരി).

വളപട്ടണമെന്ന നാമം വല്ലഭന്‍ സ്ഥാപിച്ചതുകൊണ്ട് കുറിക്കപ്പെട്ടതാണെന്നും ശ്രീകണ്ഠന്‍ സ്ഥാപിച്ചതിനാല്‍ ശ്രീകണ്ഠപുരം എന്ന നാമം കല്പിക്കപ്പെട്ടുവെന്നുമുള്ള വിശ്വാസമാണ് നിലവിലുള്ളത്. ഇത് രാജസേവാപരമായ  നിരീക്ഷണം മാത്രമാണ്.മൂഷികവംശത്തിലെ രാജാക്കന്മാര്‍ വ്യത്യസ്ത ആസ്ഥാനങ്ങളിലിരുന്ന് ഭരണം നിര്‍വഹിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരത്തെ  ആസ്ഥാനമായി വരിച്ച രാജാവ് ശ്രീകണ്ഠനെന്ന് അറിയപ്പെട്ടതാവാനാണ് സാധ്യത. 'മൂഷിക വംശ' കാവ്യത്തില്‍ ഏകദേശം പതിനൊന്നാം നൂറ്റാണ്ടിലാണ് ശ്രീകണ്ഠന്‍ അവരോധിക്കപ്പെടുന്നത്. അതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ, ബി.സി. യുഗം തൊട്ടേ ശ്രീകണ്ഠപുരം ലോകപ്രശസ്തമാണ്.

phot by A padmanabhan
വീരപഴശ്ശി സ്മാരകശില്പം

ശിവമൂര്‍ത്തിയുമായി ബന്ധപ്പെട്ടാണ് നാമകരണം നടന്നതെന്നതു തീര്‍ച്ച. ശിവന്റെ പുരം എന്ന അര്‍ഥത്തില്‍ തന്നെ. ശിവപുരം എന്ന പേരില്‍ അധികം അകലത്തല്ലാതെ മറ്റൊരു സ്ഥലനാമം ഉള്ളത് കണക്കിലെടുക്കുക. പയ്യാവൂര്‍ ,വയത്തൂര്‍ ക്ഷേത്രങ്ങളുടെ പൗരാണിക അച്ചുതണ്ടില്‍ ഈ ദേശത്തെയും വലിച്ചുകെട്ടുന്നതാണ് യുക്തി.ശ്രീകണ്ഠപുരം ആസ്ഥാനമാക്കി ഭരണം നിര്‍വഹിച്ച രാജാവ് ശ്രീകണ്ഠനെന്ന നാമപ്രതിഷ്ഠയിലേക്ക് പിന്നീടു വരികയാണ്.

'മൂഷികവംശ'കാവ്യത്തില്‍, ക്രിസ്ത്വബ്ദത്തിലെ ആദ്യനൂറ്റാണ്ടു തൊട്ടുള്ള രാജവംശപുരാണം വിവരിക്കപ്പെട്ടിട്ടുണ്ട്. മൂഷികവംശകാവ്യത്തിലെ ഒന്നു മുതല്‍ 15 വരെ പതിനഞ്ചു സര്‍ഗങ്ങളിലായി 1050 ല്‍ പരം പദ്യങ്ങളാണ് 'മൂഷിക വംശം'. ആദ്യത്തേയും അവസാനത്തേയും കുറേ പദ്യങ്ങള്‍ കണ്ടെടുത്തിട്ടില്ല.ചിലതു അപൂര്‍ണരൂപത്തിലുമാണ്.

മൂഷികതാവഴികളായ നൂറ്റിപ്പതിനെട്ടു രാജാക്കന്മാരേയും ഭരണകാലത്തേയും വര്‍ണിക്കുകയാണ് കാവ്യം. കാവ്യാവസാനമുള്ള പതിനഞ്ചാം സര്‍ഗത്തിലാണ് ഒടുവിലത്തെ മൂഷികനായ ശ്രീകണ്ഠനെക്കുറിച്ചു വിവരിക്കുന്നത്.നൂറ്റിപ്പതിനേഴാമത്തെ രാജാവായ വളഭന്‍ രണ്ടാമന്റെ  അനുജനാണ് ശ്രീകണ്ഠന്‍. കാവ്യത്തിലെ സൂചനകള്‍ പ്രകാരം ശ്രീകണ്ഠന്റെ ആസ്ഥാനകവി തന്നെയാണ് അതുലന്‍. അവസാനത്തെ മൂഷികരാജാവായ ശ്രീകണ്ഠന്റെ കാലത്തെ ഇന്ദ്രപ്രസ്ഥമായിരുന്നു ശ്രീകണ്ഠപുരം.ശ്രീകണ്ഠനോടു കൂടി മൂഷികവംശം നാമാവശേഷമായി.

മൂഷികരാജ്യം ആദ്യാവസാനം സ്വതന്ത്ര രാജ്യമായിരുന്നു. അവസാനത്തെ  രാജാവായി പരിഗണിക്കുന്ന ശ്രീകണ്ഠന്റെ കാലത്തുപോലും രാജ്യത്ത്  തനതായ സ്വര്‍ണനാണയങ്ങള്‍ (ഉദാ: ശ്രീകണ്ഠന്‍ ) പ്രചാരത്തിലുണ്ടായിരുന്നു. രാജവംശം സ്ഥാപിതമായതു തൊട്ടുള്ള ചരിത്രത്തില്‍, ക്ഷേത്രവാണിഭത്തിലെ ചില ഇടപാടുകളോ വാണിജ്യ തുറമുഖങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നോ രണ്ടോ യുദ്ധങ്ങളോ ഒഴിച്ചാല്‍,സാമന്തരാജ്യമായിത്തീരേണ്ടുന്ന ചരിത്രപ്രക്രിയകളൊന്നും നടന്നതിന് പ്രബലമായ തെളിവുകളില്ല. മഹോദയപുരം ആസ്ഥാനമാക്കിയ കുലശേഖരന്മാരോട്  കീഴടങ്ങേണ്ടി വന്നതായ യുദ്ധങ്ങളും നടന്നിട്ടില്ല. കൊല്ലവര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള ചില ശിലാലിഖിതങ്ങളില്‍, കാലഗണന കുറിക്കാനുള്ള സൂചകങ്ങളായി കുലശേഖരന്മാരുടെ പേരുകാണപ്പെടുന്നതു കൊണ്ട് അവരുടെ ആധിപത്യത്തിലായിരുന്നു രാജ്യം എന്നൊരു തീര്‍പ്പിലെത്തരുത്. ക്രിസ്തുവര്‍ഷമെന്ന സൂചനയോടെയാണ് ഇന്ന് ലോകമെവിടേയും കാലഗണന രേഖപ്പെടുത്തുന്നത്. അതുകൊണ്ട് ലോകമാകെ ക്രിസ്തുവിന്റെ ആധിപത്യത്തിലായിരുന്നെന്നു തീര്‍ച്ചപ്പെടുത്താമോ?

ശ്രീകണ്ഠന്‍  ഒരു ബുദ്ധമതതല്പരനായിരുന്നു. അക്കാലം ബ്രാഹ്മണമതവും ബുദ്ധമതവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അന്തിമഘട്ടമായിരുന്നല്ലൊ. ബുദ്ധമതത്തിന്റെ തകര്‍ച്ച ഈ രാജവംശത്തിന്റെ ക്ഷയത്തിനും കാരണമായിട്ടുണ്ടാവാം. രാജകുലം അതിനുശേഷം  പരിസമാപ്തി പ്രാപിച്ചിരിക്കാം. ശ്രീകണ്ഠപുരത്തിന്റെ രാജസ്ഥാനവും തിരോഭവിച്ചിരിക്കാം. പില്‍ക്കാലത്ത് അധികാരം സ്വായത്തമാക്കിയ കോലത്തിരിവംശം മറ്റൊരാസ്ഥാനത്തെ സ്വീകരിച്ച് രാജവ്യവസ്ഥ തുടര്‍ന്നിരിക്കാം.

മൂഷികവംശത്തിനു ശേഷമുള്ള മൂന്നു നൂറ്റാണ്ടുകള്‍, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ പതിന്നാലാം നൂറ്റാണ്ടിന്റെ അന്ത്യം വരെ,വൈദേശിക ശക്തികളുടെ അധിനിവേശങ്ങള്‍ പ്രകടമാകും മുമ്പേയുള്ള ദീര്‍ഘിച്ച ഒരു കാലഘട്ടം, രാജാധിപത്യത്തിന്റെ പ്രബലത തുടര്‍ന്നിരിക്കാമെങ്കിലും പക്ഷെ ചരിത്രപരമായ അതിന്റെ തുടര്‍ച്ചകള്‍ രേഖപ്പെടുത്തുന്നതിലും രേഖപ്പെടുത്തിയവ സംരക്ഷിക്കുന്നതിലും ഉദാസീനത വ്യക്തമാണ്.  ചരിത്രസാമഗ്രികളുടെ മൂല്യത്തെപ്പറ്റി നിശ്ചയമുള്ള പാശ്ചാത്യഅധികാരികളുടെ അധീനതയില്‍ നാടു നിയന്ത്രിക്കപ്പെട്ടപ്പോള്‍ പോലും സ്ഥിതി ഭേദപ്പെട്ടില്ല. അതുകൊണ്ടു തന്നെ ജനവംശങ്ങളുടെ പരിണാമ ദശകളോ പോകട്ടെ, രാജവംശങ്ങളുടെ നാള്‍വഴികള്‍ പോലും ചരിത്ര പദ്ധതികളിലൂടെ  കൃത്യമായി വായിച്ചെടുക്കാന്‍ കഴിയാത്ത ദുര്‍ഘടാവസ്ഥയാണ്. മൂഷിക വംശമാണ് കോലസ്വരൂപമായി പിന്നീട് മാറി മറിഞ്ഞതെന്ന ഒരഭിപ്രായം പ്രചാരത്തിലുണ്ട്. അങ്ങനെയെങ്കില്‍ വംശത്തിന്റെ ആ നാമാന്തരത്തിനു കാരണമെന്തായിരിക്കാമെന്നു വിശദീകരിക്കപ്പെട്ടതായി അറിവില്ല.
കോലത്തിരിവംശത്തിന്റെ രാജസ്ഥാനങ്ങള്‍ തന്നെ സ്ഥിരമായിരുന്നില്ല.

കോലത്തിരിമാരുടെ മൂലകുടുംബം ചിറയ്ക്കല്‍ താലൂക്കിലെ കരിപ്പത്ത് ആണെന്ന് ലോഗന്‍ പറയുന്നുണ്ട് (മലബാര്‍ മാന്വല്‍ പേജ് 283). വളപട്ടണം പുഴക്കരയിലാണെന്ന് സ്ഥാപിക്കും വിധം ചരിത്രകാരനായ  ജി. വൈദ്യനാഥ അയ്യര്‍ മൂഷിക വംശകാവ്യം വച്ച് ഒരു മാപ്പ് വരച്ചതായി ശിവശങ്കരന്‍ നായര്‍ രേഖപ്പെടുത്തുന്നു.

സ്ഥിരമായ ആസ്ഥാനമുണ്ടായിരുന്നവരല്ല കോലവംശം. കോട്ടക്കുന്ന്, ചിറയ്ക്കല്‍, രാമന്തളി, മാടായി, കൊല്ലം ( പന്തലായിനി ) തുടങ്ങിയവയെല്ലാം  ആസ്ഥാനപ്പട്ടികയിലുണ്ട്. പ്രബലവും സുസംഘടിതവുമായ ഭരണചക്രത്തിന്റെ അഭാവമാവാം ഈ സ്ഥാനചലനത്തിനു പിന്നില്‍. കോലത്തുനാട്ടരചന്മാരുടെ കാലത്ത് കടലായി എന്ന അധികാര കേന്ദ്രം ഇന്നത്തെ ചിറയ്ക്കലിലേക്കു മാറ്റി. ചെറുചേരിക്കല്ലാണ് ചിറയ്ക്കല്‍. കൃഷ്ണഗാഥാ കര്‍ത്താവ് ചെറുശ്ശേരി യുടെ നാമവും ഇതിന്റെ രൂപാന്തരമാണ്. അധികാരകേന്ദ്രത്തിന്റെ ചേരിമാറ്റം വംശത്തിന്റെ മാറ്റം തന്നെയാണ്. മൂഷിക വംശത്തിന്റെ പിന്തുടര്‍ച്ചയല്ല, മറ്റൊരു വംശത്തിന്റെ - കോലത്തിരി - പ്രതിഷ്ഠാപനമാണ് അതില്‍ നിന്നു തെളിയുന്നത്. കാനത്തൂര്‍ എ.ഡി.പതിനാറാം നൂറ്റാണ്ടോടു കൂടി അറയ്ക്കല്‍ വംശത്തിന്റെ രാജസ്ഥാനമായി മാറി.

പതിന്നാലാം ശതകത്തില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രയര്‍  ജോര്‍ഡാനസ് എഴുതി:'മൗണ്ട് ഡെലിക്കു തെക്കു കൊമരി വരെയുള്ള കടല്‍ക്കര രാജ്യം മൂന്നു സ്വതന്ത്ര നാടുവാഴികളുടേതാണ്. ഒന്ന് കോലത്തിരിയുടേതാണ്. കോലത്തിരിയുടെ കാനനൂര്‍ നാട് ഇരുപതു ലീഗ് ദീര്‍ഘമായി കടലോടു തൊട്ടുകിടക്കുന്നു.''

രവിവര്‍മന്റെ ഉദയവര്‍മ ചരിതം കോലത്തിരിവംശത്തിന്റെ ഉത്ഭവത്തെ എ.ഡി. എട്ടാം ശതാബ്ദത്തിലാണ് സ്ഥാപിക്കുന്നത്. തുളുവന്‍ പെരുമാളിന്റെ (പാലകന്‍ ഒന്നാമന്‍) മക്കള്‍ വഴിയാണ് കോലത്തിരിവംശത്തിന്റെ ആവിര്‍ഭാവമെന്നാണ്  കേസരിയുടെ കണ്ടെത്തല്‍. കോലത്തുനാടിന്റെ പതിമ്മൂന്നാം ശതകത്തിലെ അവസ്ഥയെപ്പറ്റി  അറബിസഞ്ചാരിയായ റഷീദുദ്ദീനും ( എ.ഡി.1247-81) എഴുതി. ഒന്നിലധികം തവണ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോ സഞ്ചാരി ഇബ്‌നു ബത്തൂത്ത 1342 ഡിസംബറിന് മലബാര്‍ സന്ദര്‍ശനത്തെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ മലബാറിലെ വലിയ രാജാക്കന്മാരിലൊരാളായാണ് കോലത്തിരിയെ പരിചയപ്പെടുത്തുന്നത്: കോയില്‍ എന്ന പേരിലാണ് ഇദ്ദേഹത്തെ വിളിച്ചു വരുന്നതെന്നും അമ്മാന്‍, ഫാര്‍സ് (പേര്‍ഷ്യ), യമന്‍ എന്നീ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ കയറ്റി അയക്കുന്ന നിരവധി കപ്പലുകള്‍ ഈ രാജാവിനുണ്ടെന്നുമാണ് ഇബ്‌നു ബത്തൂത്ത കുറിച്ചത്.

കാശ്യപ ഗോത്രത്തില്‍ പെട്ട ചന്ദ്രവംശജരുടെ പിന്മുറക്കാരായാണ് കോലത്തിരി രാജവംശം സ്വയം അടയാളപ്പെടുത്തിയിട്ടുള്ളത്. രാജചിഹ്നത്തില്‍  വാള്‍, ചങ്ങലവട്ട, തോണി എന്നിവയോടൊപ്പം കോലത്തിരുവടിക്കോവിലധികാരികള്‍ എന്നുകൂടി മുദ്രണം ചെയ്തു. അതേപ്പറ്റി ചിറക്കല്‍.ടി. എഴുതുന്നു: ''ചിറയ്ക്കല്‍ കോവിലകത്തെ പൊരുളറയില്‍ ഒരു പെട്ടിയില്‍ നിന്ന് എന്റെ അച്ഛന് സ്വര്‍ണത്തികിടുകളില്‍ രേഖപ്പെടുത്തിയ രണ്ടു പഴയ മുദ്രകള്‍ ഒരിക്കല്‍ എനിക്കു കാട്ടിത്തരികയുണ്ടായി. ഒന്നു രണ്ടു നാന്ദകങ്ങള്‍ക്കു നടുവില്‍ ഒരു വാകപ്പൂക്കുലയും അതിനു ചോടെ അഞ്ചു ചന്ദ്രക്കലകളും കൊത്തിയ കൊടിക്കൂറയുടെ മാതൃകയും ,മറ്റേതു ചോടെ ഒരു തോണിയും അതിനു മേല്‍ ഒരു ചങ്ങലവട്ടയും അതിനു മുകളില്‍ കുത്തനെ നില്‍ക്കുന്ന നാന്ദകവും അതിന്റെ ഇരു പാര്‍ശ്വങ്ങളില്‍ രണ്ടു വാകപ്പൂക്കുലകളും രേഖപ്പെടുത്തിയ രാജമുദ്രയായിരുന്നു. കോലത്തുനാടു ഭരിച്ച കോലസ്വരൂപത്തിന്റെ രാജചിഹ്നങ്ങള്‍ ഇതായിരുന്നു.''

കോലം എന്നതിന്റെ പ്രാകൃത പദം  കൊല്ലം എന്നാണ്. കോവളം, കോളംബ തുടങ്ങിയ നാമങ്ങളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോല്‍ എന്ന വാക്കിന് ഇറാനിയന്‍ ഭാഷാ കുടുംബത്തിലെ സോഡ്ഗിയല്‍ ഭാഷയില്‍  കായല്‍ എന്നാണര്‍ഥം. വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലമെന്ന നിലയില്‍. സിന്ധി ഭാഷയില്‍ 'ദണ്ഡ' യെന്നും.മലയാളത്തില്‍ കോലും ദണ്ഡും ഒന്നു തന്നെയാണല്ലൊ.
വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന സ്ഥലത്തെ കോയ്‌ലോസ് എന്നു ഗ്രീക്കിലും പറയും.

കോല്‍ കയ്യിലേന്തിയവനാണ് കോലത്തിരി.കോല്‍ അധികാര സൂചനയാണ്. ആടുമാടുകളെ തെളിക്കുന്ന വടിയാണ് കോല്‍. ഇടയന്മാരുടെ നേതാവിനെയാണ് കോന്‍ എന്നു വിളിച്ചിരുന്നത്. കോല്‍ ചക്രവര്‍ത്തിയുടെ കയ്യിലെത്തുമ്പോള്‍ ചെങ്കോലാവുന്നു. കോന്‍ എന്ന വാക്ക് ഉയര്‍ന്ന അധികാരഘടനയെ സൂചിപ്പിക്കേണ്ടി വന്നപ്പോള്‍  ആതന്‍ എന്നായി. ചേരലാതന്‍ എന്ന രാജനാമം അങ്ങനെയുണ്ടായതാണ്.

കോലമരം ഗോത്രചിഹ്നമായി കണക്കാക്കുന്ന  കോളിയര്‍ എന്ന അതിപ്രാചീന വിഭാഗം ശ്രീബുദ്ധന്റെ കാലത്തുണ്ടായിരുന്നു. 'കോല'ത്തിന്റെ ഉറവിടം അവിടുന്നുമാവാം. കോലത്തുനാടിന്റെ ആസ്ഥാന നഗരിക്ക് കോലപട്ടണമെന്നാണ് സാമാന്യ നാമം.

പതിനഞ്ചാം നൂറ്റാണ്ടു തൊട്ടുള്ള രാജവംശഘടന കുറച്ചു കൂടി വ്യക്തതയോടെ ചരിത്രകാരന്മാര്‍ വരച്ചുകാട്ടുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്‍, കേരളവര്‍മ രാജ, ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ കൃതികളില്‍ ഏകദേശ വിവരണങ്ങള്‍ വായിക്കാം. വാണിദാസ് തയ്യാറാക്കിയ വടക്കന്‍ ഐതിഹ്യമാലയില്‍ കോലസ്വരൂപത്തെ പരാമര്‍ശിക്കുന്ന  അധ്യായത്തില്‍ വംശാധിപനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു:

'കോലത്തിരിത്തിരുവടിക്കോയിലധികാരികള്‍ എന്നാണ് പൂര്‍ണ രൂപം. അത് ലോപിച്ച് കോലത്തിരുവടികള്‍ എന്നും പിന്നീട് കോലത്തിരി എന്നുമായി മാറി.സോമക്ഷത്രിയ വംശത്തില്‍ വര്‍മ എന്ന വിഭാഗത്തിലാണ് കോലസ്വരൂപക്കാര്‍ ഉള്‍പ്പെടുന്നത്.കശ്യപഗോത്രമാണ്, ചന്ദ്രവംശമാണ്, പരീക്ഷിത്തിന്റെ പാരമ്പര്യമാണ്.''

1501 ല്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന 'ഉദയവര്‍മ ചരിതം' എന്ന സംസ്‌കൃത ഗ്രന്ഥത്തിലാണ് കോലത്തിരിവംശത്തിന്റെ ചരിത്രം പ്രതിപാദിക്കുന്നത്. എ.ഡി. 1492 മുതല്‍ 1506 വരെ കോലത്തുനാടു ഭരിച്ചിരുന്ന രവിവര്‍മ (സാഹിത്യ ചരിത്രം - ഉള്ളൂര്‍)യാണ് ഉദയവര്‍മ ചരിതത്തിന്റെ കര്‍ത്താവ്. ചേരമാന്‍ പെരുമാള്‍ ഗോകര്‍ണത്തു ശിവദര്‍ശനത്തിനു പോയപ്പോള്‍ സ്വന്തമാക്കിയ മൂന്നു യുവതികളില്‍ ഒരാളില്‍ പിറന്ന അംബാലികയാണ് പെരുമാളിനു ശേഷം രാജ്യഭാരമേറ്റെടുത്തതെന്നും അംബാലികയുടേയും രവിവര്‍മന്റേയും പുത്രനായി പിറന്ന കേരളവര്‍മയാണ് കോലത്തിരിവംശം സ്ഥാപിച്ചതെന്നും ഉദയവര്‍മ ചരിതം പ്രതിപാദിക്കുന്നു. കേരളവര്‍മയുടെ മരുമകളുടെ മകനായ ഉദയവര്‍മന്‍ നാടുവാഴുന്ന കാലത്താണ് ഗോകര്‍ണത്തു നിന്നും തുളു പോറ്റിമാരെ (270 കുടുംബങ്ങള്‍ ) ചെറുതാഴത്ത് കൊണ്ടുവന്ന് മലയാള ബ്രാഹ്മണരാക്കി മാറ്റി ദേവകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയത്.

അതുവരെ കര്‍മങ്ങള്‍ നിറവേറ്റിയിരുന്ന  പെരിഞ്ചെല്ലൂര്‍  ഗ്രാമക്കാരായ നമ്പൂതിരിമാരുമായി ഉദയവര്‍മന്‍ പിണങ്ങിയതിനെ തുടര്‍ന്നായിരുന്നു അത്. എ.ഡി.1621-40 വരെ വാണ  ഉദയവര്‍മ കോലത്തിരി 1654 മെയ് 29 നാണ് അന്തരിച്ചത്. 1730 ല്‍ കോലത്തിരിരാജപദവിയില്‍  പള്ളിക്കോവിലകത്ത് ഉദയവര്‍മ നാണ്. 1766 ലെ മൈസൂര്‍ സുല്‍ത്താന്റെ ആക്രമണം വരെ ദേശത്തിന്റെ മേല്‍ക്കോയ്മ കോലത്തിരി രാജകുടുംബത്തിനായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കോലത്തിരി രാജ്യം ഭരണ സൗകര്യത്തിന് മൂന്നാക്കി വിഭജിച്ചിരുന്നു. മധ്യഖണ്ഡം (തലശ്ശേരിയുള്‍പ്പെടുന്ന  ഭാഗം) കോലത്തിരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലിരുന്നു. വടക്കെളംകൂര്‍, തെക്കെളംകൂര്‍ എന്നീ ഖണ്ഡങ്ങളാണ് മറ്റുള്ളവ.

കോലത്തിരി രാജവംശത്തിന്റെ പ്രതാപകാലമടങ്ങിയപ്പോള്‍ വിവിധ ശാഖകളായി വേര്‍പിരിയുകയും ക്ഷയോന്മുഖമാവുകയും ചെയ്തു. കോലത്തിരിയുടെ രണ്ടു സഹോദരിമാരിലൂടെ മാടായി കേന്ദ്രീകരിച്ച് ഉദയമംഗലവും കരിപ്പത്തു കേന്ദ്രീകരിച്ച് പള്ളിക്കോവിലകവുമാണ് ആദ്യം രൂപമെടുത്തത്.ഉദയമംഗലംശാഖ  നാലായും പള്ളിക്കോവിലകം അഞ്ചായും പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു. അതിലൊന്നാണ് ചിറയ്ക്കല്‍ കോവിലകം.

1795- ല്‍ കോലസ്വരൂപത്തിന്റെ സ്വത്തുവിഭജനം പൂര്‍ത്തിയായപ്പോള്‍,ഗവര്‍ണര്‍ ജനറലിന്റെ അനുമതിയോടെയും പരസ്പര ധാരണയോടെയും മുഖ്യഭാഗവും ചിറയ്ക്കല്‍ കോവിലകത്തിലേക്കാണ് വന്നു ചേര്‍ന്നത്. അധികാരാവകാശങ്ങള്‍ തമ്മില്‍ അവശേഷിച്ച തര്‍ക്കം 1803 ആഗസ്ത് 6 ന് പരിഹരിക്കപ്പെട്ടപ്പോഴും ഒടുവില്‍ ചിറയ്ക്കല്‍ താവഴിക്കായിരുന്നു അര്‍ഹത. എ.ഡി. 1795 ല്‍ രാജ്യാധികാരമേറ്റെടുത്ത രവിവര്‍മ കോലത്തിരി 1798 ല്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം വിട്ടുകൊടുത്ത ശേഷവും മാലിഖാന്‍ വാങ്ങി 1850 ല്‍ മരിക്കുന്നതു വരെ ക്ഷേത്ര ദേവസ്വ അധികാരം മാത്രം വഹിച്ചുകൊണ്ട് ചിറയ്ക്കല്‍ കോവിലകത്തിന്റെ തമ്പുരാന്‍ പദവിയിലിരുന്നു.

അപ്രകാരം അവസാനത്തെ കോലത്തിരി ചിറയ്ക്കല്‍ വലിയ രാജാവായി അറിയപ്പെട്ടു. എ ഡി. 1791 ലാണ് ഒടുവിലത്തെ അരിയിട്ടുവാഴ്ച നടന്നത്. കേരളവര്‍മ രാജാവ്  1911 വരെ ചിറയ്ക്കല്‍ വലിയ തമ്പുരാന്‍ പദവി കാത്തു.

ഈസ്റ്റിന്ത്യാ കമ്പനി തലശ്ശേരിയില്‍ പാണ്ടികശാല പണിയാനുള്ള ശ്രമമുണ്ടാകുന്നത് 1702 ലാണ്. അതിനു മുമ്പും അതിനിടയിലുമായി പോര്‍ച്ചുഗീസ് ,ഡച്ച് , ഫ്രഞ്ച്, മൈസൂര്‍ സുല്‍ത്താന്മാര്‍ എന്നിവരുടെ അധീനതയിലായിരുന്നു ഈ ദേശങ്ങള്‍. വിവിധ വൈദേശിക ശക്തികളുടെ കടന്നുവരവ് അധിനിവേശമായും സംസര്‍ഗമായും ഈ ദേശത്തെ ആഴത്തില്‍ കടപുഴക്കിയിട്ടിട്ടുണ്ട്. ജൂതന്മാരുടെ ആഗമനവും അതിന്റെ ഫലമായി രൂപപ്പെട്ടുവന്ന ജൂതക്കോളനികളും സൃഷ്ടിച്ച അടയാളങ്ങള്‍ ചിലയിടങ്ങളിലുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ രംഗപ്രവേശം ചെയ്ത യൂറോപ്യന്‍ അധിനിവേശം ഇവിടെ അക്കാലത്ത് വ്യാപിച്ചുകിടന്ന അറബ് വാണിജ്യ ശക്തികളോടുള്ള ഏറ്റുമുട്ടലോടെയാണ് സ്വാധീനമുറപ്പിക്കുന്നത്.1498 മെയ് 18ന് വാസ്‌കോ ദ ഗാമയും സംഘവും കപ്പലിറങ്ങിയത് സാമൂതിരിയുടെ സാമ്രാജ്യത്തിലെ പന്തലായനി കൊല്ലത്തായിരുന്നു. ഔദ്യോഗികചരിത്രത്തില്‍ കാപ്പാട് ആണ് രേഖപ്പെട്ടുകിടക്കുന്നത്.

ഹെര്‍മന്‍ ഗുണ്ടര്‍ട്, കോറിയ, കാസ്റ്റ്‌നഡ,വില്യം ലോഗന്‍, എന്‍.എം.നമ്പൂതിരി ,എം.ജി.എസ്. തുടങ്ങിയ ചരിത്രജ്ഞാനികളൊരുപാടുപേര്‍ പോര്‍ച്ചുഗീസ് നാവികസംഘം അഥവാ സാമ്രാജ്യത്ത അധിനിവേശം ഇന്ത്യയിലാദ്യമായി കാലുകുത്തിയത് പന്തലായിനിയുടെ തുറമുഖത്താണെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

കൊച്ചിയും, കൊല്ലവും കണ്ണൂരും സങ്കേതമാക്കി അധികാരം വിന്യസിച്ച പറങ്കികള്‍ (പോര്‍ച്ചുഗീസ്)  165 വര്‍ഷം ഇവിടെ വാണതിനു ശേഷമാണ് ഡച്ചുകാരാല്‍ തോല്പിക്കപ്പെട്ട് കളമൊഴിഞ്ഞത്.

കാര്‍ഷിക മലബാറിന്റെ കടിഞ്ഞാണ്‍ ഒന്നര നൂറ്റാണ്ടിലേറെ അവര്‍ കയ്യിലെടുത്തു. അതിനു പ്രതിബന്ധമായി കണ്ട അറബി കച്ചവടവംശത്തെ ആദ്യം കീഴടക്കി. അടുത്തഘട്ടം രാജവംശങ്ങളെ ഭിന്നിപ്പിച്ച് സംഘര്‍ഷത്തിലാക്കി. കൊച്ചിയും കണ്ണൂരും കാല്‍ക്കീഴിലാക്കി. പിന്നീടുള്ള നൂറ്റാണ്ടുകളുടെ തുടര്‍ച്ചകളില്‍ ഡച്ചുകാരും (ലന്ത്രീസ് ) ഫ്രഞ്ചുകാരും (പരന്ത്രീസ്) ബ്രിട്ടീഷുകാരും (വെള്ളക്കാര്‍ ) ഇവിടെ അധീശം സ്ഥാപിച്ചു. വ്യാപാരക്കമ്പനികളുടെ രൂപത്തില്‍ കടന്നു വന്ന് വാണിജ്യത്തിനും പിന്നെ അധികാരത്തിനും വേണ്ടി അവര്‍ നടത്തിയ കിടമത്സരത്തിന്റെ വേദിയായി ഈ നാട് മാറി. അതിന്റെ അലകള്‍ നമ്മുടെ സാമൂഹികവ്യവസ്ഥയേയും ഉടച്ചുവാര്‍ത്തു. വ്യാവസായിക മുതലാളിത്തത്തിന്റെ സര്‍വ സന്നാഹങ്ങളോടേറ്റുമുട്ടിയും സന്ധി ചെയ്തും ഇവിടുത്തെ രാജവ്യവസ്ഥയും ഫ്യൂഡല്‍ഘടനകളും ആടിയിളകി. സാമൂഹിക നിയമങ്ങളും സാമ്പത്തികക്രമങ്ങളും പരിവര്‍ത്തനവിധേയമായി.

ഉല്‍പാദനപ്രക്രിയകള്‍ മാറിമറഞ്ഞു. വാണിജ്യവ്യവഹാരങ്ങളുടെ ഘടന മാറി. ഭൂനിയമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊളിച്ചെഴുതി. ഭരണക്രമങ്ങള്‍  പുതുക്കിയെഴുതി. ഗതാഗത -വ്യവസായ -വികസന കാഴ്ചപ്പാടുകള്‍ പരിഷ്‌കരിക്കപ്പെട്ടു. വിദ്യാഭ്യാസം, സംസ്‌കാരം, ജീവിതരീതി എന്നിവയിലെല്ലാം അടിസ്ഥാനപരമായ വ്യതിയാനങ്ങളുണ്ടായി. എന്നിട്ടും ജാതി-ജന്മി-നാടുവാഴി ഘടന അടിമുടി തകര്‍ക്കാതെ, വിപ്ലവവല്‍ക്കരിക്കാതെ, സാമൂഹ്യാടിത്തറയുമായി സന്ധി ചെയ്തുള്ള സമീപനമാണ്  സാമ്രാജ്യ ശക്തികള്‍ സ്വീകരിച്ചത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപത്തില്‍ കച്ചവടത്തിനായി കടന്നുവന്ന ബ്രിട്ടീഷുകാര്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ  മൂന്നാം ദശകത്തില്‍ തന്നെ കേരളത്തില്‍ പലയിടത്തും നിലയുറപ്പിക്കാന്‍ ശ്രമിച്ചു. കൊച്ചിയിലും കോഴിക്കോടും തുടക്കത്തില്‍  സ്വാധീനമുറപ്പിക്കാന്‍ കഴിയാതെ പോയ അക്കൂട്ടര്‍ തിരുവിതാംകൂറിലും വടക്കേ മലബാറിലും അടിത്തറയുണ്ടാക്കി. 1723 ലെ തിരുവിതാംകൂര്‍- ഇംഗ്ലീഷ് സന്ധി ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിര്‍ണായമായൊരു ചൂണ്ടുപലകയാണ്.പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ മലബാര്‍ മൈസൂര്‍ആക്രമണത്തിനു വിധേയമായി.1766 ല്‍ ഹൈദരാലി മലബാര്‍ കൈവശപ്പെടുത്തി. കേരളത്തെ മുഴുവന്‍ കീഴടക്കാന്‍ ടിപ്പുവിന്റെ ആക്രമണമുണ്ടായി.

TIPPU Sulthan
ടിപ്പു സുല്‍ത്താന്റെ ശവകുടീരം

ഇംഗ്ലീഷുകാരുടെ ഇടപെടലോടു കൂടി മൈസൂര്‍ സുല്‍ത്താന് പരാജയപ്പെട്ടു പിന്മാറേണ്ടി വന്നു. കേരളത്തില്‍,വിപുലീകരിച്ച അധികാരഘടനയോടുകൂടിയ കേന്ദ്രീകൃതഭരണം  ബ്രിട്ടീഷുകാര്‍ കയ്യാളി. അധീശത്വം അംഗീകരിക്കാത്ത രാജാക്കന്മാരെ യുദ്ധത്തിലൂടെ വരുതിയിലാക്കി. ഒന്നര നൂറ്റാണ്ട് ആ പോരാട്ടങ്ങളുടെ ചരിത്രമാണ്. കൊച്ചി ശക്തന്‍ തമ്പുരാന്‍,പാലിയത്തച്ചന്‍, തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ ,മലബാറില്‍ പഴശ്ശിരാജാ തുടങ്ങിയവര്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകങ്ങളാണ്. ഫ്രഞ്ചു സഹായം കണക്കുകൂട്ടി വേലുത്തമ്പിയും പാലിയത്തച്ചനും 1809 ല്‍  പോരാട്ടം നയിച്ചെങ്കിലും ബ്രിട്ടീഷ് പട്ടാളത്തോടു കീഴടങ്ങേണ്ടി വന്നു. 1793 - 97 ലും 1800-1805 വരെയും പഴശ്ശി  പോരാടി. 1815 ഓടുകൂടി ഇംഗ്ലീഷുകാരുടെ പൂര്‍ണആധിപത്യം സ്ഥാപിതമായി. മലബാറിലെ നാടുവാഴികളും രാജാക്കന്മാരും ജന്മികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ബ്രിട്ടീഷ് മേധാവിത്തം വിരാമമിട്ടു. അധികാരങ്ങളും പദവികളും അവരുടെ കീഴെ  ക്ലിപ്തപ്പെടുത്തി.

ഇതിനിടയില്‍ ചരിത്രത്തിന്റെ മറ്റു ചില അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തവരാണ് അറയ്ക്കല്‍ രാജവംശവും പഴശ്ശിരാജയും. കോലത്തിരിരാജാവിന്റെ അനന്തരവള്‍ നങ്ങേലി ചിറയില്‍ കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടെന്നും മമ്മാലി എന്ന യുവാവ് രക്ഷിച്ചെന്നും, അക്കാരണത്താല്‍ ആചാര ഭ്രഷ്ടയായി മാറിയതിനാല്‍ നങ്ങേലിയെ മമ്മാലിക്കു നല്‍കിയെന്നും കൂടെ സമ്പത്തും ഭൂസ്വത്തും കൊടുത്തെന്നും ആ കുടുംബം പില്‍ക്കാലത്ത് അറയ്ക്കല്‍ രാജവംശമായി മാറിയെന്നുമുള്ള ഒരു കഥയെ ചുറ്റിപ്പറ്റിയാണ് അറയ്ക്കല്‍ രാജവംശത്തിന്റെ ആവിര്‍ഭാവചരിത്രമുള്ളത്. ആധികാരികത പുലര്‍ത്താത്ത പുരാവൃത്തമാണിത്.

ഇതേകഥ കുമ്പളയിലെ ആരിക്കാടി ഗ്രാമത്തിന്റെ  പുരാണത്തിലും കാണാം. അവിടെ ആലി ഒരു മുസ്ലീം മാന്ത്രികനാണ്. അമ്പലത്തിലെ ശ്രീഭഗവതിയുടെ സ്‌നാനരംഗം കാണാനിടയായ ആലിക്കു സംഭവിക്കുന്ന ആപത്താണ് ഇതിവൃത്തം. ഭഗവതിയോടൊപ്പം ഭഗവതിയോടു കാമാതുരനായ ആലിബൂത്തയും പില്‍ക്കാലത്ത് ആ ഗ്രാമത്തില്‍ ആരാധിക്കപ്പെടുന്നു.

അറയ്ക്കല്‍ രാജവംശം മുഹമ്മദ് അലി തൊട്ടാണ് ആരംഭിക്കുന്നത്.പരമ്പരയിലെ ഉസ്സാന്‍ അലി,അലിമൂസ, കുഞ്ഞിമൂസ,അലിമൂസ എന്നിവരിലൂടെ തുടരുന്നു. സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലിരാജ എന്നുമുള്ള സ്ഥാനപ്പേരുകളിലാണ് രാജപദവി  അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ നഗരത്തിന്റെ പ്രതാപവും വടക്കേമലബാറിലെ കുരുമുളകിന്റേയും ഏലത്തിന്റേയും വാണിജ്യകുത്തകയും ഏറക്കാലം അറയ്ക്കല്‍ വംശത്തോട് ചേര്‍ന്നു നിന്നു. 1772-ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ കോട്ടയും കരസ്ഥമാക്കി. മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ  അറയ്ക്കല്‍ ബീവിയുമായി  ഉണ്ടാക്കിയ കരാര്‍പ്രകാരം ബ്രിട്ടീഷ് ആധിപത്യത്തിലായി.പില്‍ക്കാലത്ത്  ബ്രിട്ടീഷുകാരില്‍ നിന്ന് മാലിഖാന്‍ പറ്റി.

കോട്ടയം രാജവംശം സ്ഥാപിച്ചത് ഹരിശ്ചന്ദ്രപ്പെരുമാള്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകില സന്ദേശത്തില്‍ ( എ.ഡി. പതിനഞ്ചാം നൂറ്റാണ്ട് ) ഈ രാജാവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഭാട്ട മീമാംസ ദര്‍ശനം കേരളത്തില്‍ പുന:പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണ്.

തലശ്ശേരി മുതല്‍ കുടകുവരെ വ്യാപിച്ച പുറൈ കീഴ്‌നാടിന്റെ പരിധിയിലാണ് ഈ രാജ്യം. പുരളി മലയിലെ ഹരിശ്ചന്ദ്രന്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ ബാക്കിയുണ്ട്. എ.ഡി. പന്ത്രണ്ടാം ശതകത്തിലെ തിരുനെല്ലിശാസനപ്രകാരം പുറൈ കീഴ്‌നാട് അക്കാലത്ത് ഭരിച്ചിരുന്നത് ശങ്കരന്‍ കോതവര്‍മനാണ്.

കോട്ടയം രാജരൂപം ആരൂഢമാക്കിയത് മുഴക്കുന്നാണ്. ഇവിടെയുള്ള നീര്‍ച്ചാട്ടത്തിന്നരികെ പ്രാചീനമനുഷ്യരുടെ ആവാസ സങ്കേതത്തില്‍ ഉപേക്ഷിക്കപ്പെട്ട ശില്പങ്ങളെ മുന്‍നിര്‍ത്തിയാണ്  മുഴക്കുന്ന് ക്ഷേത്രം ആവിര്‍ഭവിച്ചത്. ശിവനും കാളിയുമെല്ലാം (ദുര്‍ഗ, പോര്‍ക്കലി) അതില്‍ പെടും. ശില്പികളുടെ വരദാനങ്ങളാണ് വിഗ്രഹങ്ങള്‍ .മണ്‍മറഞ്ഞ അത്തരം കലാസൃഷ്ടികള്‍ സ്വയംഭൂ വിഗ്രഹങ്ങളായി പില്‍ക്കാലം കണ്ടെടുക്കുന്നു. ആദിമ ചരിത്രത്തിന്റെ കണ്ണായ കണ്ണവം ഇതിനടുത്താണ് ;കുറിച്യരുടെ ഊര്.

രണ്ടായിരത്തിലേറെ പഴക്കമുള്ള തൊടീക്കളം ക്ഷേത്രവും ഇവിടെ അടുത്താണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ചിത്രങ്ങളുടെ പ്രപഞ്ചം കൂടിയാണ് തൊടീക്കളം.
പുരളിമലയുള്‍പ്പെടെയുള്ള മലനിരകളാണ് പശ്ചാത്തലം. മുത്തപ്പന്റെ ആരൂഢ സ്ഥാനങ്ങളിലൊന്നാണല്ലൊ പുരളി മല.ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് താമസിച്ച കുടുംബത്തിന്റെ താവഴിക്കാരാണ് പഴശ്ശിരാജാവിന്റെ പടിഞ്ഞാറേ കോവിലകം. വാണിജ്യാധിപത്യത്തില്‍ തുടങ്ങി രാഷ്ട്രീയമേധാവിത്വം കൈക്കലാക്കിയ പാശ്ചാത്യശക്തികള്‍ക്കെതിരെ ചെറുത്തുനില്പിന്റെ കുന്തമുനയായി പഴശ്ശിരാജയുടേയും, കുറിച്യരുടേയും സമരങ്ങള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടതാണ്.

കുറുമ്പ്രനാട് (കുറുംപുറൈനാട്), പുറംകീഴ്‌നാട് എന്നീ പ്രാചീന ദേശങ്ങളുടെ പരിധിയില്‍ വരുന്ന വയനാട്, താമരശ്ശേരി, കോട്ടയം പ്രദേശങ്ങളായിരുന്നു  കോട്ടയം കോവിലകത്തിന്റെ അധികാരപരിധി.
പില്‍ക്കാലത്ത് രാജകുടുംബത്തിന് മൂന്നു താവഴികളുണ്ടായി. തെക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം. പടിഞ്ഞാറേ കോവിലകമാണ് പഴശ്ശിരാമ കേരളവര്‍മയുടേത്.

മൈസൂര്‍ സൈന്യത്തിന്റെ ആക്രമണകാലത്ത് മറ്റു രാജകുടുംബങ്ങളൊക്കെ തിരുവിതാംകൂറില്‍ രാഷ്ട്രീയ അഭയം തേടിയപ്പോള്‍ പഴശ്ശിരാജ ജനങ്ങള്‍ക്കൊപ്പം നിന്ന് മൈസൂര്‍ സുല്‍ത്താന്മാരോട് പൊരുതി.
ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സൗഹൃദം പഴശ്ശിരാജക്ക്  പിന്‍ബലം നല്‍കിയതിനാല്‍ മൈസൂര്‍ ശക്തികളെ ചെറുക്കാനായി. അതേസമയം അത്തരം സംഭവങ്ങള്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച്  രാഷ്ട്രീയ മേധാവിത്തം സ്ഥാപിക്കാനുള്ള വഴിയൊരുക്കലായി മാറി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മൈസൂര്‍-ബ്രിട്ടീഷ് യുദ്ധം അവസാനിച്ചതോടെ  തെക്കേ ഇന്ത്യയിലെ മേല്‍ക്കോയ്മ ബ്രിട്ടീഷുകാരുടെ കയ്യിലെത്തി.

ആദ്യത്തെ പഴശ്ശി യുദ്ധം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിഘടനയ്‌ക്കെതിരെയായിരുന്നു. 1793 മുതല്‍ 1797 വരെയുണ്ടായ കലാപങ്ങളെ അമര്‍ച്ച ചെയ്യാന്‍ കമ്പനിഭരണത്തിനായില്ല.
രണ്ടാം പഴശ്ശിയുദ്ധം വയനാടിനു വേണ്ടിയുള്ളതായിരുന്നു. ടിപ്പുസുല്‍ത്താന്റെ കയ്യിലായിരുന്ന വയനാട് ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം കമ്പനിക്ക് അവകാശപ്പെട്ടതാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മില്‍1800 മുതല്‍ 1804 വരെ പലവട്ടം യുദ്ധങ്ങളുണ്ടായി.1805 നവംബര്‍ 30ന് പഴശ്ശിരാജയുടെ അന്ത്യത്തോടെ യുദ്ധപരമ്പരകള്‍ അവസാനിച്ചു.

ചിറയ്ക്കല്‍ താവഴിക്ക് രാജ്യാധികാരം പൂര്‍ണമായും വന്നുചേരുന്നത് 1803-ലാണ്. അപ്പോഴേക്ക് ബ്രിട്ടീഷ് അധീശത്വം വ്യാപിച്ചതിനാല്‍ ഇതൊരു സ്വതന്ത്രാധികാരമായിരുന്നുമില്ല.
ഇവരുടെ ദേശാധികാരത്തില്‍ പെടുന്ന പ്രദേശങ്ങളാണ് വടക്കന്‍ മലബാറിന്റെ കിഴക്കന്‍ പ്രവിശ്യകള്‍. പശ്ചിമഘട്ടത്തിന്റെ വിസ്തൃതമായ താഴ് വരകളും അതില്‍ പെടും. കുറ്റിയാട്ടൂര്‍, കയരളം, കുറുമാത്തൂര്‍, ചുഴലി, മലപ്പട്ടം, കാഞ്ഞിലേരി, കല്യാട്, അംശങ്ങളും ഈ രാജ വംശത്തിന്റെ പരിധിയിലാണ്. വനപ്രദേശത്തോടു ചേര്‍ന്ന വലിയൊരു ഭൂപ്രദേശം ചുഴലി രാജവംശവും വാണു.കോലത്തിരി രാജകുടുംബവുമായി വിധേയത്വമുണ്ടെങ്കിലും സ്വതന്ത്രമായ അധികാരം ഒരു പരിധി വരെ ഉണ്ടായിരുന്നവരാണ് ചുഴലി രാജവംശം.

അതിനുപോല്‍ബലകമായ ഒരെതിഹ്യം 'കേരളോല്‍പത്തി'യില്‍ കാണുന്നുണ്ട്. ചേരമാന്‍ പെരുമാളിന് ശൂദ്രസ്ത്രീകളിലുണ്ടായ സന്തതിയുടെ പിന്‍ഗാമികളാണ് ചുഴലി രാജവംശമെന്നാണ് അതിലെ പ്രതിപാദ്യം. ചുഴലി രാജപരിധിയില്‍ പെട്ട സുപ്രധാന വ്യാപാരത്താവളമെന്നു ചില ചരിത്രരേഖകള്‍ പരാമര്‍ശിക്കുന്ന 'ശിരവു പട്ടണം' എന്നത് ശ്രീകണ്ഠപുരമാണ്. ചുഴലി രാജാധിപത്യത്തില്‍ വന്നു പെട്ട ഭൂപ്രദേശത്തിന്റെ അവകാശത്തെപ്പറ്റിയുള്ള രണ്ടഭിപ്രായങ്ങള്‍ വില്യം ലോഗന്‍ വിവരിക്കുന്നുണ്ട്. ഒരഭിപ്രായം,ചേരമാന്‍ പെരുമാളില്‍ നിന്ന് നേരിട്ട് ചുഴലി രാജവംശത്തിന് അധികാരം ലഭിച്ചെന്നാണ്.
രണ്ടാമത്തെ അഭിപ്രായം, പതിനേഴാം നൂറ്റാണ്ടിനൊടുവില്‍ വടക്കന്‍ കോലത്തിരി രാജകുടുംബത്തില്‍ പിന്തുടര്‍ച്ചാവകാശ തര്‍ക്കം രൂക്ഷമായെന്നും അതിനിടയില്‍ ചുഴലിനമ്പ്യാര്‍ സ്വന്തമാക്കിയെന്നുമാണ്.
ചിറക്കല്‍ രാജാവുമായി പില്‍ക്കാലത്തും തര്‍ക്കം തുടരുന്നുണ്ട്. ചുഴലി രാജവംശത്തിന്റെ സ്വതന്ത്ര പദവിയില്‍ ചിറക്കല്‍ രാജസ്ഥാനം അസ്വസ്ഥരായിരുന്നു. ബ്രിട്ടീഷ്‌മേല്‍ക്കോയ്മ ആരംഭിച്ച ഘട്ടത്തില്‍,നാടു മുഴുവന്‍ കോലത്തിരിയില്‍ നിന്നു  കൈമാറി കിട്ടിയ സന്ദര്‍ഭത്തില്‍ ചിറക്കല്‍ രാജാവ് ചുഴലിനമ്പ്യാരെ വരുതിയില്‍ നിര്‍ത്താന്‍ ചില ഉപാധികള്‍ വച്ചു. ചുഴലിനാടിനു താങ്ങാനാവാത്ത റവന്യൂ നിരക്ക് ചുമത്തി. പാട്ടക്കുടിശ്ശികയായി 16000 രൂപ ആവശ്യപ്പെട്ടു. ചുഴലി നമ്പ്യാര്‍ ഇതിനെ ചോദ്യം ചെയ്തു.പ്രശ്‌നം രൂക്ഷമായപ്പോള്‍ ബ്രിട്ടീഷ് അധികാരികള്‍ ഇടപെട്ടു. വിഷയം പഠിക്കാന്‍ നിയുക്തനായ മേജര്‍ മുറെ 1795 ഡിസമ്പര്‍ 28 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യൂ നിരക്ക് ഭാരിച്ചതാണെന്ന നിഗമനവും രണ്ടു കൂട്ടരും വിട്ടുവീഴ്ച ചെയ്യണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ടായെങ്കിലും ചിറക്കല്‍ രാജാവിനെ സംരക്ഷിക്കാനുള്ള  സമീപനമായിരുന്നു ബ്രിട്ടീഷ് അധികാരികള്‍ സ്വീകരിച്ചത്.

ചുഴലി രാജാവിന്റെ ജനങ്ങളിലുള്ള സ്വാധീനത്തെപ്പറ്റിയും സുശക്തമായ സൈനികശേഷിയെപ്പറ്റിയും മുന്നറിയിപ്പും റിപ്പോര്‍ട്ടു നല്‍കുന്നുണ്ട്. ആധുനിക തോക്കുകളില്‍ പരിശീലനം നേടിയ ആയിരം പേരുള്ള ഗറില്ലാസംഘത്തിന്റെ ചെറുത്തുനില്പു കൂടിയായപ്പോള്‍ ചിറക്കല്‍ രാജാവിന് വിജയം അനായാസമായിരുന്നില്ല. ബ്രിട്ടീഷ് സേനയും നേരിട്ടിറങ്ങി. 1796 മെയ് 10ന് മേജര്‍ മുറെ നയിച്ച ബ്രിട്ടീഷ് സൈന്യം ചുഴലിയിലെത്തി. ചുഴലി നമ്പ്യാരുടെ ചെറുത്തുനില്പ് അതുകൊണ്ടൊന്നും അവസാനിച്ചില്ല. പിന്നീട് ബ്രിട്ടീഷ് സൂപ്രണ്ടായ ക്രിസ്റ്റോഫര്‍ പീലെ യുടെ ഇടപെടല്‍ കൊണ്ടുണ്ടായ കൂടിയാലോചനയാണ് രണ്ടു കൂട്ടരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്.

രാജാധിപത്യത്തിന്റെ ക്ഷയത്തോടെ രാജാവിലേക്കു നല്‍കേണ്ടുന്ന ഭൂവരുമാനങ്ങളും അധികാരാവകാശങ്ങളും നായര്‍ സമൂഹത്തിലെ തറവാട്ടു കാരണവന്മാര്‍ കൈക്കലാക്കി വന്‍കിട ജന്മിമാരായി മാറുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. അത്തരത്തില്‍ പ്രമുഖരായി മാറിയ സാമന്തപ്രഭുക്കളാണ് ചുഴലിരാജവംശം. കുറുമാത്തൂര്‍ ആസ്ഥാനമായ നേര്‍പ്പാട്ടു രാജവംശവും അന്നു പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും പെരുഞ്ചെല്ലൂര്‍ഗ്രാമത്തിലെ ക്ഷേത്രാധികാരത്തിന്റെ ചില നടത്തിപ്പുകളിലും മറ്റു ചില ദേശങ്ങളിലെ ക്ഷേത്രാനുഷ്ഠാനങ്ങളിലും മാത്രമായിരുന്നു കുറുമാത്തൂര്‍ മനയുടെ മേല്‍ക്കൈ. 19-ാം നൂറ്റാണ്ടു തുടക്കത്തില്‍ ശക്തരായ ചുഴലി സാമന്തന്മാര്‍ നാലു താവഴികളായി പിരിഞ്ഞു. കൊഴുക്കിലിടം, വെള്ളൂരിടം, കനകത്തിടം, കരക്കാട്ടിടം. കരക്കാട്ടിടം നായനാരാണ് ഭൂസ്വത്ത് കൂടുതല്‍ കൈക്കലാക്കിയത്.

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയുടെ വടക്കന്‍മേഖലയായ ചിറക്കല്‍ താലൂക്കിന്റെ ഭാഗമായതും മലയോരം ചേര്‍ന്നു നില്‍ക്കുന്നതുമായ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇരിക്കൂര്‍ ഫര്‍ക്കയുടെ രൂപം.പതിനഞ്ചു റവന്യൂവില്ലേജുകളാണ് ഫര്‍ക്കയുടെ പരിധി. ഫര്‍ക്കയുടെ വടക്കും വടക്കുപടിഞ്ഞാറു ഭാഗത്തുമാണ് തളിപ്പറമ്പ് ഫര്‍ക്ക. തെക്കും തെക്കുപടിഞ്ഞാറുമായി മട്ടന്നൂര്‍ ഫര്‍ക്ക. കിഴക്കു ഭാഗം പശ്ചിമഘട്ട മലനിരകളാണ്.

ചിറക്കല്‍ രാജാധികാരത്തില്‍ നിന്നും ഈ ദേശഭാഗങ്ങള്‍ പതിച്ചു കിട്ടിയ സാമന്തന്മാരായിരുന്നു ഇരുവരും. ചിറയ്ക്കല്‍, ചുഴലി രാജ വംശങ്ങളുടെ അധീനതയിലായിരുന്ന കിഴക്കന്‍ മലയോരദേശങ്ങള്‍ ഭൂരിഭാഗവും രണ്ടു സാമന്തന്മാരുടെ  അധികാരവലയത്തിലേക്കാണ് പിന്നീട്  പരിണമിച്ചത് -കരക്കാട്ടിടം നായനാരും, കല്യാട്ട് നമ്പ്യാരും. രണ്ടു ഫ്യൂഡല്‍ പ്രഭുക്കളുടേയും പ്രതാപത്തെപ്പറ്റി 'കാവുമ്പായി കാര്‍ഷിക കലാപം' എന്ന കൃതി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്:

''ഇരിക്കൂര്‍ ഫര്‍ക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ കരക്കാട്ടിടം ജന്മിയുടേതെങ്കില്‍ തെക്കു കിഴക്കുമേഖല ഭൂരിഭാഗവും കല്യാട്ട് ജന്മിയുടെ പരിധിയിലായിരുന്നു.കിഴക്കന്‍ മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ വൈതല്‍മലയുടെ അടിവാരം തൊട്ട് ശ്രീകണ്ഠപുരത്തെ ഓടത്തുപാലം വരെയുള്ള ഗ്രാമങ്ങളും കുന്നുകളും കരക്കാട്ടിടത്തിന്റേതാണ്. കൂടാതെ കടമ്പേരി, മലപ്പട്ടം, പയ്യാവൂര്‍, വയത്തൂര്‍, പൊളുമ്പിടാവ് ദേവസ്വങ്ങളുടേതായ സ്വത്തുക്കളും ഇടയ്‌ക്കോത്ത് ഇല്ലംവക ദേവസ്വം ഭൂമിയും ജന്മി കയ്യടക്കുകയുണ്ടായി.

 ചില നായര്‍ തറവാടുകള്‍ക്കും സ്വന്തം ജന്മാവകാശത്തില്‍ കൃഷിഭൂമി ഈ പ്രദേശങ്ങളിലുണ്ടെങ്കിലും ഏകദേശം മുപ്പതു മൈല്‍ ചുറ്റുവട്ടം പരന്നു കിടക്കുന്ന കരക്കാട്ടിടം നായനാരുടെ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയെല്ലാം തുച്ഛമാണ് (ഭൂസ്വത്തു കൂടുതല്‍ കയ്യടക്കുന്ന നമ്പ്യാരാണ് നായനാര്‍ എന്ന വിഭാഗമാകുന്നത്. അവര്‍ക്കു സാമന്ത പദവിയും ലഭിക്കുന്നു). കരക്കാട്ടിടം നായനാര്‍ക്ക് നുച്യാട്, പയ്യാവൂര്‍, ഏരുവേശി, കാഞ്ഞിലേരി, ചേടിച്ചേരി, പൊളുമ്പിടാവ്, ചുഴലി, എള്ളരിഞ്ഞി എന്നീ സ്ഥലങ്ങളില്‍ വാരം പിടിച്ചെടുക്കാനുള്ള അധികാരവുമുണ്ടായിരുന്നു. അവകാശത്തിലുള്ള മുഴുവന്‍ ഭൂമിയും കുടിയാന്മാര്‍ക്ക് കൃഷി ചെയ്യുന്നതിന് പങ്കുവച്ചിരുന്നില്ല. അടിയാന്മാരെ വച്ച് ചില പ്രദേശങ്ങളില്‍ ജന്മി നേരിട്ട് 'ചേരിക്കല്‍ 'പ്പണിയെടുപ്പിച്ചിരുന്നു. മങ്കട്ട, കരക്കാട്, മേലിയാല്‍, ഞെക്കിളി,ഓത്തിമല, പുള്ള്യാംകുന്ന് ,പ്ടാരി, വള്ള്യംമട, തുടങ്ങിയ പ്രദേശങ്ങളില്‍ ചിറ്റാരി കെട്ടി താമസിച്ചായിരുന്നു അവര്‍ പണിയെടുത്തത്. ഓരോ ചേരിയിലും പന്ത്രണ്ടു കുടുംബങ്ങളിലെ നൂറ്റമ്പതു അടിയാളരെങ്കിലും പണിക്കാരായി ഉണ്ടാകും.അവരുടെ നേതാവായി 'തലയടിയാനും' അയാളുടെ മേല്‍നോട്ടക്കാരനായി 'പൊയ്തിക്കാരനും 'അതിനുമേല്‍ കീഴ് കാര്യസ്ഥനും കാര്യസ്ഥനുമുണ്ടാകും..

എള്ളരിഞ്ഞിയിലാണ് ജന്മിയുടെ ആരൂഢം സ്ഥിതി ചെയ്യുന്നത്. മിക്ക സമയവും ജന്മി താമസിക്കുന്നത് ഇവിടത്തന്നെ. പടിമാളിക, പത്തായപ്പുര, നെല്‍പ്പുര, മഠം, നാലുകെട്ട് എന്നിവയെല്ലാം ചേര്‍ന്നതാണ് ഈ താവളം. ചില അവസരങ്ങളില്‍ പയ്യാവൂര്‍, കുറുമാത്തൂര്‍, കടമ്പേരി എന്നിവിടങ്ങളില്‍ മാറിമാറി താമസിക്കാറുണ്ട്. ഉണ്ണമ്മന്‍ നായനാരായിരുന്നു മുതിര്‍ന്ന ഗൃഹസ്ഥന്‍. ഉണ്ണമ്മന്‍ ഗൃഹസ്ഥ സ്ഥാനത്തു നിന്ന് മാറിയതിനു ശേഷം രയരപ്പന്‍ നായനാര്‍ മൂപ്പനായി. ഉണ്ണമ്മന്‍ മൂന്നു വര്‍ഷമേയുണ്ടായിരുന്നുള്ളുവെങ്കില്‍ രയരപ്പന്‍ ഇരുപത്തിയഞ്ചു വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീടുള്ള അഞ്ചു വര്‍ഷം കമ്മാരന്‍ നായനാരായിരുന്നു ആ സ്ഥാനത്ത്. ഇദ്ദേഹത്തിനു ശേഷം ഇരുപത്തിയൊന്നു വര്‍ഷത്തോളം ചന്തുക്കുട്ടി നായനാര്‍ മൂപ്പനായി. അദ്ദേഹത്തിന്റെ അനുജനായ ഉണ്ണമ്മന്‍നായനാരാണ് പിന്നീട് ഗൃഹസ്ഥ സ്ഥാനത്തെത്തിയത്. അവസാനത്തെ രണ്ടു പേരായ ചന്തുക്കുട്ടിയുടേയും ഉണ്ണമ്മന്റേയും കാലഘട്ടത്തിലാണ് ജന്മി-കുടിയാന്‍ ബന്ധം പ്രക്ഷുബ്ധമായതും പൊട്ടിത്തെറികളുണ്ടായതും.

 കോലത്തിരി രാജാവില്‍ (ചിറയ്ക്കല്‍) നിന്ന് സാമന്ത പദവി നേടിയ ഈ പ്രഭു രാജാവിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു. ഭൂവുടമാവകാശങ്ങള്‍ക്കു പകരം പറ്റുന്ന വാര്‍ഷിക വേതനമെന്ന നിലയില്‍ പണവും സ്വത്തുക്കളും മാത്രമായിരുന്നില്ല ചിറയ്ക്കല്‍ രാജാവില്‍ നിന്നും മാലിഖാന്‍ കൈപ്പറ്റിയിരുന്നത്- ഏഴു പേരെ കൊല്ലാനുള്ള അവകാശവും നേടി. വിശാലമായ മലയോര സാമ്രാജ്യമാകെ ചൊല്പടിക്കീഴില്‍ അമര്‍ത്തിപ്പിടിച്ച് പൗരസമൂഹത്തിന്റെ സര്‍വ അവകാശങ്ങളും  പിഴുതെടുത്തു വാണ ഈ പ്രഭു 'കാട്ടുരാജാവ്' എന്ന പേരിലറിയപ്പെട്ടു.
 'കല്യാട്ടു സിംഹം' എന്ന നാമത്തിലറിയപ്പെട്ട കല്യാട് നമ്പ്യാര്‍ ഇരിക്കൂര്‍ ഫര്‍ക്കയുടെ കിഴക്കനതിര്‍ത്തിയിലെ കൂട്ടുപുഴ മുതല്‍ പടിഞ്ഞാറേയറ്റത്ത് നായാട്ടു പാറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങള്‍കയ്യിലൊതുക്കിയിരുന്നു. വിസ്തൃതമായ ഈ ഉടമാവകാശ ഭൂമിയില്‍ നിന്ന് രണ്ടു ലക്ഷം പറ നെല്ല് വാരം ലഭിച്ചിരുന്നു. ജന്മിയുടെ താമസത്താവളം കല്യാട് താഴത്തു വീടാണ്.കൂടാതെ പടിയൂര്‍, പെരുമണ്ണ്, ബ്ലാത്തൂര്‍, കോട്ടൂര്‍ എന്നിവിടങ്ങളിലും പത്തായപ്പുരകളും നാലുകെട്ടുകളുമുണ്ടായിരുന്നു. സമൃദ്ധമായ ഭൂസമ്പത്ത് കൊള്ളയടിച്ച് 'ഐശ്വര്യ പ്രഭു'വെന്ന വിശേഷണവും സമ്പാദിക്കുകയുണ്ടായി.കൂടാളി, നായാട്ടുപാറ എന്നിവിടങ്ങളിലെ അന്യജന്മിഭോഗങ്ങളും ആക്രമിച്ച് കൈവശപ്പെടുത്തി.'കുണ്ടുവെട്ടിപ്പട'യുമായി യുദ്ധം നടത്തി വിജയം വരിച്ചതിനാല്‍ വീരശൃംഖലയും ലഭിച്ചു. ആ പോരില്‍ പിടിച്ചുകെട്ടിയ 13 മാപ്പിളമാരെ പത്തായപ്പുരയില്‍ കൊണ്ടുവന്ന് വെടിവച്ചു കൊന്നു.

തറവാട്ടിലെ തലമൂത്ത കാരണവര്‍ രൈരു നമ്പ്യാരാണ്. മരുമക്കത്തായ സംവിധാനത്തിലൂടെയാണ് അക്കാലത്ത് കുടുംബാവകാശത്തിന്റെ വേരു പടര്‍ന്നത്. അതനുസരിച്ച് ഗൃഹസ്ഥ സ്ഥാനം രൈരു നമ്പ്യാരില്‍ നിന്നും വലിയ കമ്മാരനിലേക്കും തുടര്‍ന്ന് ചാത്തുക്കുട്ടി നമ്പ്യാരിലേക്കുമെത്തി. അദ്ദേഹത്തില്‍ നിന്നും അവകാശം അനുജന്‍ കൃഷ്ണന്‍ നമ്പ്യാര്‍ക്കാണ് ലഭിച്ചത്. കൃഷ്ണന്‍ നമ്പ്യാര്‍ക്കു ശേഷം അദ്ദേഹത്തിന്റെ മരുമകന്‍ അനന്തന്‍ നമ്പ്യാരും, അതിനു ശേഷം കുഞ്ഞിക്കമ്മാരന്‍ നമ്പ്യാരും അവകാശികളായി ''. (പേജ്: 30, 31,32, കാവുമ്പായി കാര്‍ഷികകലാപം- എ.പത്മനാഭന്‍, നാരായണന്‍ കാവുമ്പായി, ചിന്ത പബ്ലീഷേഴ്‌സ് )

എടക്കാട് വെള്ളുവദേശത്തെ പ്രാമാണിക കുടുംബമായ വെള്ളുവ എടത്തിന്റെ താവഴിയില്‍ പെട്ടവരാണ് കല്യാട് താഴത്തു വീട്ടുകാര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെള്ളുവ വീട്ടിലെ കാരണവര്‍ രൈരു നമ്പ്യാരായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ലുബ്ധനായും പേരുകേട്ട വ്യക്തി. മുന്‍കോപിയും ധനത്തിനു വേണ്ടി ഏതുഹീനവൃത്തിയുംചെയ്യാന്‍ മടിയില്ലാത്തൊരാളുമായിരുന്നു. ആശ്രിതര്‍ രൈരു യജമാനന്‍ എന്നാണു വിളിച്ചിരുന്നത്. ഇയാളുടെ രണ്ടു സഹോദരിമാരില്‍ ഇളയവളെ കല്യാണം കഴിച്ചു കൊണ്ടുവന്നത് ബന്ധുഗൃഹം കൂടിയായ കല്യാട് താഴത്തു വീട്ടിലേക്കാണ്.
മൂത്തവള്‍ കല്യാണി രണ്ടുതറ അച്ചന്മാരില്‍ പ്രസിദ്ധനായ ചാലാട്ടെ പള്ളിയത്ത് കണ്ണന്‍ നമ്പ്യാരുടെ ഭാര്യയായി. ഇവരുടെ മകനാണ് 1713 ല്‍ ജനിച്ച വെള്ളുവക്കമ്മാരന്‍.

പില്‍ക്കാലത്ത് മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലിയുടെ സൈനികത്തലവനും ബദനൂര്‍ ഗവര്‍ണറുമായി മാറിയ അയാസ് ഖാന്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തലശ്ശേരി അധികാരിയായ കുങ്കന്‍ നമ്പ്യാരുടെ മരുമകന്‍ ചന്തു അധികാരിയുടെ മകള്‍ മാധവിക്കുട്ടിയാണ് വെള്ളുവക്കമ്മാരന്റെ ജീവിതസഖി. പ്രേമവിവാഹമായിരുന്നു. ചന്തു അധികാരി കൊല്ലപ്പെട്ട് അനാഥയായ മാധവിക്കുട്ടിയെ വിവാഹം ചെയ്യും മുമ്പ് ,കോലത്തിരിയുടെ സൈനിക സേവനത്തിന് നിര്‍ബന്ധമായി കമ്മാരന് പോകേണ്ടി വന്നതിനാല്‍, കമ്മാരന്‍ അമ്മാവന്റെ വീടായ , കല്യാട് താഴത്തു വീട്ടിലാണ് മാധവിക്കുട്ടിയെ പാര്‍പ്പിച്ചത്. ഹൈദരാലിയുടെ സാമ്രാജ്യത്തിലെ ചിത്രദുര്‍ഗയില്‍ ഗവര്‍ണറായി സ്ഥാനാരോഹണം ചെയ്ത് 'അയാസ് ഖാന്‍ സര്‍ദാര്‍ ഷെയ്ക് അയാസ് ഖാന്‍ ബഹദൂര്‍ ' ആയി അറിയപ്പെട്ട ശേഷമാണ് കല്യാട്ടു വന്ന് മാധവിയേയും കൂട്ടി തിരിച്ചു പോയത്. മാധവിക്കുട്ടി ആമിനാ ബീഗമായി മാറി..

കുറുമാത്തൂര്‍ നേര്‍പ്പാട്ട് രാജാധികാരത്തോടുചേര്‍ന്ന് സഹ്യപര്‍വത താഴ്‌വരയില്‍ എരുവേശ്ശി ആസ്ഥാനമായി മന്ദനാര്‍ എന്ന ഒരു സാമന്തന്‍ കൂടി ചരിത്രത്തിലുണ്ടായിരുന്നു.സാമൂതിരിവംശത്തിന്റെ മൂല സ്ഥാപകനായി ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയ മൂഷികരാജാവ് ചെങ്ങല്‍ പെരുമാള്‍ എന്നു വിളിക്കുന്ന ശംഖവര്‍മന്‍ (സാമൂതിരിമാര്‍ മരിക്കുമ്പോള്‍ പെരിഞ്ചെല്ലൂര്‍ ദേവന്‍ നീലകണ്‌ഠേശ്വരപെരുമാള്‍ക്ക് 'പുല' കല്പിക്കുന്നതും ക്ഷേത്രം അടച്ചിടുന്നതും ഈ പൂര്‍വിക ബന്ധം നിമിത്തമാണത്രെ) ഒരു 'തീയ'മഹിളയേയുംകൂടി കല്യാണം കഴിച്ചതായി പുരാവൃത്തങ്ങളില്‍ കാണുന്നു.ആ ബന്ധത്തിലുണ്ടായ വംശപാരമ്പര്യമാണത്രെ ഏരുവേശിയിലെ മന്ദനാര്‍ വംശത്തിന്റെ ഉറവിടം. ചെങ്ങല്‍ പെരുമാളിന്റെ കാലം ഏഴാം നൂറ്റാണ്ടും മന്ദനാരുടെ കാലം പതിനേഴാംനൂറ്റാണ്ടിന്റെ അവസാനത്തിലുമാണെന്ന് കണക്കിലെടുത്താല്‍ ഈ പാരമ്പര്യത്തിന് യാതൊരടിസ്ഥാനവുമില്ലെന്നു വ്യക്തമാകും.

കേരളത്തിലെ ഏക തീയരാജവംശം എന്ന തലക്കെട്ടോടെ ഈയടുത്ത കാലത്തായി മന്ദനാര്‍ദേശത്തെ പരിചയപ്പെടുത്തി വരുന്നതു കാണാം. കോലത്തുനാടിന്റേയോ അതിനു ശേഷം പ്രാബല്യത്തില്‍ വന്ന ചിറയ്ക്കല്‍ രാജ്യത്തിന്റേയോ ചരിത്രം പരാമര്‍ശിക്കുന്ന പ്രമാണങ്ങളിലോ ഔദ്യോഗിക രേഖകളിലോ എവിടേയും ഇത്തരത്തിലൊരു രാജ്യത്തെ നിര്‍വചിക്കുന്നില്ല.വിസ്തൃതമായ ഒരു രാജ്യത്തെ ഉള്‍പ്പെടുത്തിയുള്ള അധികാര വ്യവസ്ഥ നിലനിന്നതിന് യാതൊരു തെളിവുമില്ല. അതേസമയം, രണ്ടു നൂറ്റാണ്ടുകളിലേറെക്കാലം ഏരുവേശ്ശി ആസ്ഥാനമായി ഒരു അധികാരകേന്ദ്രമുണ്ടായിരുന്നു.
കോലത്തിരി രാജവംശത്തിന്റെ അന്ത്യശതകത്തിലും ചിറയ്ക്കല്‍ രാജവംശത്തിന്റെ കാലയളവിലുമായി സ്മാര്‍ത്തവിചാരം നടത്തി ഭ്രഷ്ട് കല്പിക്കപ്പെടുന്ന അന്തര്‍ജനങ്ങളെ പാര്‍പ്പിക്കാനുള്ള  പുനരധിവാസ കേന്ദ്രമായിരുന്നു അത്, എരുവേശ്ശിയില്‍, മൂത്തേടത്ത് അരമന എന്ന പേരില്‍.

പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ നിര്‍വഹണകാര്യത്തില്‍ ശ്രേഷ്ഠ പദവിയുണ്ടായിരുന്ന കുറുമാത്തൂര്‍ മനയ്ക്കായിരുന്നു മൂത്തേടത്ത് മനയുടേയും ചുമതല.
ചിറയ്ക്കല്‍ രാജ്യത്തിന്റെ സാമന്തന്മാരായിരുന്നു ചുഴലി രാജ്യവും കുറുമാത്തൂര്‍ നേര്‍പ്പാട്ടു രാജ്യവും ഭരിച്ചിരുന്നത്. മരക്കലമേറി വന്ന ദേവതയുടെ തോഴിമാരുടെ പാരമ്പര്യക്കാരായാണ് ഈ രണ്ടു രാജവംശത്തേയും ഐതിഹ്യം കല്പിക്കുന്നത്. ഇവരുടെ അധീനതയിലുള്ള ഭൂപരമായ അതിരുകള്‍ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും പശ്ചിമഘട്ടവും കടന്ന് കുടകിലുള്‍പ്പെടെ പരന്നുകിടന്നിരുന്ന ദേശങ്ങള്‍ ഭൂരിഭാഗവും ചുഴലിയുടെ കാല്‍ക്കീഴിലാണ്. കുറുമാത്തൂര്‍ മനയില്‍  ചില അധികാരങ്ങള്‍ മാത്രമേ നിക്ഷിപ്തമാകുന്നുള്ളു. കുടകിലെ കരിയത്ത് നാട്ടിലടക്കം ചില കാര്‍മികസ്ഥാനങ്ങള്‍ കുറുമാത്തൂരിന്റെ അധികാര പരിധിയില്‍ പെട്ടിരുന്നു. കരിയത്ത് നാട്ടില്‍ നിന്നാണ് പയ്യാവൂര്‍, വയത്തൂര്‍ ഉത്സവങ്ങള്‍ക്ക് ആചാരപ്രകാരം കാളപ്പുറത്ത് അരി കൊണ്ടുവന്നിരുന്നത്.

മൂത്തേടത്ത് മനയുടെ അധികാരവും കുറുമാത്തൂര്‍ മന നിര്‍വഹിച്ചു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുറുമാത്തൂരിന്റെ അധിപതികളില്‍ നിന്ന്  ആ  അധികാരവും എടുത്തുകളയപ്പെടുന്നുണ്ട്.
പിന്നീടുള്ള രണ്ടു നൂറ്റാണ്ടിലേറെ ഭരണ നിര്‍വഹണത്തിനായി മന്ദനാര്‍മാരെ പ്രത്യേകം നിയോഗിക്കുകയായിരുന്നു.

ആദ്യത്തെ മന്ദനാര്‍ വളപട്ടണത്തെ ഒരു തെങ്ങുകയറ്റ തൊഴിലാളിയാണെന്നു കൂടി പുരാവൃത്തത്തിലുണ്ട്. അതിനെ പിന്‍പറ്റിയാണ് 'തീയ'രാജവംശം എന്ന തലക്കെട്ടു പിറന്നത്. നാലു മന്ദനാര്‍മാര്‍ ഈ കാലയളവില്‍  ചുമതലയേറ്റു. ആദ്യത്തെ രണ്ടു പേരുടെ കാലത്ത് ഭരണകാര്യാലയം 'ആന്തൂര്‍ തളി' ക്ഷേത്രത്തില്‍ ആയിരുന്നു. മൂന്നാം മന്ദനാരുടെ കാലത്താണ്  മൂത്തേടത്ത് അരമനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏരുവേശ്ശിയിലേക്ക് മാറ്റുന്നത്.

നാലാമത്തെ മന്ദനാര്‍ കുഞ്ഞിക്കേളപ്പന്‍ 1847-ല്‍ തന്റെ 18-ാം വയസ്സിലാണ് അധികാരമേല്‍ക്കുന്നത്. 1902-ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ 'മന്ദനാര്‍പാടി 'യിലെ വാഴ്ചക്ക് തിരശ്ശീല വീണു.

Content Highlights : kerala history a padmanabhan part 10