എ. പത്മനാഭൻ എഴുതുന്ന കോളം ചരിത്രാന്വേഷണത്തിന് ഒരാമുഖം- എട്ടാം അധ്യായം വായിക്കാം. 

റ്റവും പ്രാചീന സാമൂഹ്യാധികാര കേന്ദ്രം കാവുകളാണ്. മനുഷ്യനേയും പ്രകൃതിയേയും ബന്ധിപ്പിക്കുന്ന ആത്മീയകേന്ദ്രം. ജനങ്ങളവിടെ യാതൊരുതര വിവേചനങ്ങളുമില്ലാതെ ഒത്തുചേരുന്നു. ഭരണനിര്‍വഹണം, അധികാര വിന്യാസം, സാമൂഹ്യബന്ധത്തിന്റെ സ്വാഭാവിക ധ്രുവീകരണവുംവികാസവും, പ്രാചീനനിര്‍മിതിയുടെ ശാസ്ത്രപാഠങ്ങള്‍, കലയുടെ പ്രയോഗം എന്നിവയുടേയെല്ലാം തട്ടകം കാവുകളാണ്. ഊരുകളുടേയും തറകളുടേയും ഉറവിടം. ആവാസപ്രരൂപങ്ങളുടെ സംവിധാനം നിറവേറ്റപ്പെടുന്നത് അവിടെയാണ്. ആരാധനാവേദികളായും പിന്നീടവ പരിണമിച്ചു.ഒപ്പം  പ്രാര്‍ഥന വേറെ - ഭരണനിര്‍വഹണം വേറെ എന്ന വേര്‍തിരിവിന്റെ തട്ടകങ്ങളും പ്രവര്‍ത്തനസജ്ജമായി.

അധികാരത്തിന്റേയും സാമൂഹ്യാധ്വാനത്തിന്റേയും ചരിത്രപരമായ വേരുകള്‍ ആവിര്‍ഭവിച്ചതിന്റെ അടിസ്ഥാന ഘടകമാണ്  കാവുതട്ടകങ്ങള്‍.അവിടെ നിന്നാണ് ഗോത്രരൂപീകരണത്തിലേക്കും തുടര്‍ന്നുള്ള  ജീവിതാഭിവൃദ്ധികളിലേക്കും സാംസ്‌കാരികരൂപാന്തരങ്ങളിലേക്കും വാണിജ്യാതിരുകള്‍ മറികടക്കാനുള്ള കുതിപ്പുകളിലേക്കും സമ്പത്തിന്റെ സാമൂഹ്യാസൂത്രണത്തിലേക്കും മനുഷ്യവംശം മുന്നേറുന്നത്. ഗോത്രജീവിതത്തിന്റെ അഭിവൃദ്ധിയും സാംസ്‌കാരികവികാസവും വാണിജ്യദിശയിലേക്ക് നീങ്ങുന്ന ഘട്ടമെത്തിയപ്പോള്‍ സമൂഹം പുറം ലോകത്തെ സ്വീകരിച്ചുതുടങ്ങി. സമാന്തരമായി പുറംദേശങ്ങളും ഉല്‍പാദനത്തിന്റേയും  സാമൂഹ്യപരതയുടേയും സ്വീകാര്യത ആര്‍ജിച്ചുകഴിഞ്ഞിട്ടുണ്ടാവണം.

ഗോത്രം എന്നു കേള്‍ക്കുമ്പോഴുള്ള ഒരു മുന്‍വിധി നമ്മുടെ നിലപാടുകളെ അപരിഷ്‌കൃതമാക്കിയേക്കാം. 'പരിഷ്‌കാരം കടന്നുചെല്ലാത്ത ആദിവാസി ഗോത്രങ്ങള്‍' എന്ന മട്ടിലുള്ള വീക്ഷണം പുറപ്പെടുവിക്കുന്ന പ്രമേയങ്ങള്‍ പൊതുവെ കാണപ്പെടുന്നു. നമ്മുടെ സാംസ്‌കാരികബോധത്തിന്റെ വികലധ്വനികളില്‍ കുടുങ്ങിയ ഒരു  മുന്‍വിധിയാണത്. ഗോത്ര പാരമ്പര്യമെന്നു പ്രയോഗിക്കുമ്പോള്‍ അത്തരത്തില്‍ ഒരു സങ്കുചിതസംജ്ഞയില്‍ ചെന്നുപെടുന്നുണ്ടെങ്കില്‍, പ്രാദേശിക പാരമ്പര്യം എന്നു വിളിക്കുന്നതാവും ഉചിതം.

ഗോത്രമെന്നതിന് ജനപദം ഉത്ഭവിച്ച ദേശത്തിന്റെ പരിധി കടക്കാത്ത ഒരു നിര്‍വചനം മാത്രമല്ല അതേക്കാള്‍, പിറന്ന മണ്ണില്‍ ചിട്ടപ്പെടുത്തിയെടുത്ത ജീവിതം, ആവാസരീതികള്‍, സാമൂഹിക ബന്ധം, ഉല്‍പാദന വ്യവസ്ഥ, ഭാഷ, സംസ്‌കാരം, പ്രകൃതി വീക്ഷണം എന്നിവയുടെ ജൈവികവും ചരിത്രപരവുമായ ജന പദത്തിന്റെ വികാസം ആ പദം ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റൊരു ഗോത്രവുമായി വിനിമയമുണ്ടാകുന്നതുവരെ ഈ ജനതയുടെ പ്രപഞ്ചം തന്നെയാണത്. പ്രകൃതിയും കാലവും  അനുഗ്രഹിക്കുന്ന എല്ലാ ഗുണ ധര്‍മങ്ങളാലും പുരോഗതി പ്രാപിച്ച ഒരു സാമൂഹ്യചിത്രമാണ് ഗോത്രം പ്രതിഫലിപ്പിക്കുന്നത്.നാഗരികതയെ സംബന്ധിച്ച വികലമായ കാഴ്ചപ്പാടിലകപ്പെട്ടു പോയവര്‍ക്ക് അത് ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നു മാത്രം. ഒരു ദേശം കൈവരിക്കുന്ന സമൃദ്ധി ഭരണകൂടത്തിന്റെ സൃഷ്ടിയല്ല. മലനാടിന്റെ പൗരാണിക കീര്‍ത്തി വിശ്വമെമ്പാടും പ്രസരിച്ചത് ഇവിടുത്തെ സമൃദ്ധിയെ ആസ്പദമാക്കിയാണ്. ആ സമൃദ്ധിയെന്നത് കുഴിച്ചെടുത്ത കനകമല്ല, 'കനകം' വിളയിച്ച അധ്വാനത്തിന്റെ സൃഷ്ടിയാണ്.

അതിനുമാത്രം  സാമൂഹ്യക്ഷമത അധ്വാനമെങ്ങനെയായിരിക്കാം കൈവരിച്ചതെന്നു പരിശോധിച്ചാല്‍ ഒരു ജനതയുടെ സംഘാടനവും കരുത്തും വിളയിക്കുന്ന സാമൂഹ്യാഭിവൃദ്ധിയെ നമ്മള്‍ കാണേണ്ടി വരും. നാളിതുവരെ ചരിത്രം മുദ്രയടിക്കാറുള്ള അപരിഷ്‌കൃതജനത 'പരിഷ്‌കൃത 'ജനത്തേക്കാള്‍ കരുത്തേറിയ ആശയത്തിന്റെ പ്രണേതാക്കളായിരുന്നെന്ന് ബോധ്യപ്പെടും. ആദിവാസി ജനതയുടെ സാംസ്‌കാരിക വ്യാപ്തി പരിശോധിച്ചാല്‍ നാഗരികസമൂഹം എത്രയോ പിന്നിലാണെന്നു കാണാന്‍ പ്രയാസമില്ല.അവരുടെ കലയും സാഹിത്യവും മാത്രം മതി ചരിത്രത്തിന്റേയും ജീവിതത്തിന്റേയും പരമാവധി ആഴങ്ങള്‍ അതിജീവിച്ചതിന്റെ ചിത്രം വ്യക്തമാവാന്‍. സഹ്യപര്‍വത പംക്തികളിലധിവസിക്കുന്ന ആദിവാസി - ഗോത്രവിഭാഗങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് ക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്യുന്നവരും കല്പിക്കുന്നവരുമുണ്ടല്ലൊ നമ്മുടെ അധികാര നഗരികളില്‍ . അത്തരം വിദ്വാന്മാര്‍ മനസ്സിലാക്കാത്ത ഒരു കാര്യം, നഗരവാസികളായ നിങ്ങളെങ്ങനെയായിരിക്കണമെന്ന് ഉപദേശിക്കാനുള്ള ചരിത്രാതീതആര്‍ജവം  ആദിവാസികള്‍ക്കുണ്ടെന്നതാണ്. അവരുടെ വിനയംനിമിത്തം അത്തരം കല്പനകള്‍ അവര്‍ പുറപ്പെടുവിക്കുന്നില്ലെന്നു മാത്രം.

ഭരണകൂടങ്ങളില്ലാത്ത സാമൂഹ്യക്രമത്തെ പ്രാചീന നൂറ്റാണ്ടുകളില്‍ നയിച്ചവരാണവര്‍. പ്രകൃതിക്കു യാതൊരു കോട്ടവും സംഭവിക്കാതെ സംരക്ഷിച്ചവര്‍. തങ്ങളുടെ ആവാസം ഭൂമിക്ക് ഭാരംതീര്‍ക്കാത്തവര്‍. മലയടിവാരങ്ങളിലും മലഞ്ചെരിവുകളിലും സമ്പത്തിന്റെ അക്ഷയഖനി നിറച്ചവര്‍. അധികാരങ്ങളില്ലാതെ ഒരു സാമൂഹ്യക്രമം എങ്ങനെ മുന്നോട്ടു പോയെന്നതിന്റെ മാതൃക മലനാടിന്റെ പ്രാചീന പാരമ്പര്യം വെളിപ്പെടുത്തിത്തരും. പ്രാകൃത കമ്മ്യുണിസത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സാമൂഹിക ജീവിതം അഭിവൃദ്ധിപ്പെടുമ്പോള്‍, ചൂഷക സ്വഭാവത്തിലുള്ള ഭരണകൂടത്തെ മാറ്റി നിര്‍ത്തിയാല്‍, അധികാരത്തിന്റെ ബാഹ്യരൂപങ്ങള്‍ നിര്‍മിക്കാതിരുന്നാല്‍, അധ്വാനശേഷി സര്‍ഗാത്മകമായി കുതിക്കുമെന്നും ഒത്തുപിടിച്ചാല്‍ മലയും പോരുമെന്നും അവര്‍ കാട്ടിത്തന്നു. സമ്പദ് സമൃദ്ധി വിളയിക്കാന്‍ മറ്റൊന്നും ആവശ്യമില്ലല്ലൊ.

ചൂഷകന്റെ ആചാരങ്ങളോ നിയമങ്ങളോ ഒന്നും അന്ന് രംഗപ്രവേശം ചെയ്തിട്ടില്ല. നാടുവാഴാന്‍ അദൃശ്യരായ മാവേലിമാര്‍ മതി. മറ്റാരും വേണ്ട. അധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമസംവിധാനങ്ങള്‍ സ്വയമേ രൂപം കൊള്ളുകയും നാട്ടുനടപ്പുകളാവുകയും ചെയ്തു. നാട്ടുനടപ്പുകള്‍ നാടിന്റെ നടപ്പിനുള്ള നിയമങ്ങളാണ്. നിയമങ്ങള്‍ നിര്‍മിക്കുന്നതിന് പ്രത്യേകഅധികാര സഭകളില്ല. നാടൊന്നാകെ നിയമം നിര്‍മിക്കുന്നു. ഒറ്റ ദിവസത്തിലുണ്ടാകുന്ന പ്രഖ്യാപനമല്ല, നിരന്തരമായ സാമൂഹ്യ വ്യവഹാരങ്ങളിലൂടെ, ജീവിത സമ്പര്‍ക്കങ്ങളിലൂടെ, അനുഭവ പാഠങ്ങളിലൂടെ നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നു.നിയമങ്ങള്‍ വിളംബരം ചെയ്ത് നടപ്പാക്കലല്ല, നടപ്പിലായവ ക്രോഡീകരിക്കപ്പെട്ട് നിയമങ്ങളാവലാണ്.ഭാഷയില്‍ പഴഞ്ചൊല്ലുണ്ടാകുന്നതുപോലൊരു സാംസ്‌കാരികപ്രതിഭാസമാണത്.

അനേകം അനുഭവപാഠങ്ങളുടെ തേന്‍തുള്ളികളാണ് പഴഞ്ചൊല്ലുകള്‍. സാമൂഹ്യജീവിതത്തിന്റെ ആറ്റിക്കുറുക്കിയ സത്തയാണ് നിയമങ്ങളായി പ്രതിഫലിക്കുക. ഇന്നത്തെ നിയമനിര്‍മാണത്തിന്റെ തലതിരിഞ്ഞ ക്രമം. ഒരു പക്ഷെ അതാണ് നിയമപരതയുടെ ശരിയായ രൂപീകരണം. ഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരിക്കലും അവ പ്രഖ്യാപിക്കലുമല്ല, പ്രകൃതിപരമായും സാമൂഹ്യപരമായും പ്രയോഗമായി പിറവിയെടുക്കുന്ന പദ്ധതികള്‍ സമാഹരിച്ച് സംരക്ഷിക്കുകയെന്നതാണ് 'അധികാര സഭ'കളുടെ, അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ, അവയുടെ കടമ.അതിനുവേണ്ടി ഓരോ വിഷയത്തിലും ആളുകളാകെ  കൂട്ടം ചേര്‍ന്നിരിക്കും. ആ കൂട്ടംചേരല്‍ തന്നെയാണ് അവരുടെ ആവാസം .കൂടിച്ചേരലില്‍ നിന്നാണ്  'ചേരികള്‍ ' ഉണ്ടായത്. ഗോത്ര സാക്ഷരതയുടെ ശബ്ദമാണത്. 'നായര്‍' മേധാവിത്തകാലത്ത് 'തറ'യായും ബ്രാഹ്മണാധിപത്യകാലമായപ്പോള്‍ 'ഗ്രാമ'മായും മാറി വന്നു. തറക്കൂട്ടം, നാട്ടുകൂട്ടം എന്നിവയുടെ വേരുകള്‍ ഗോത്രപാരമ്പര്യത്തിലാണു കിടക്കുന്നത്.

'ഗ്രാമ'ത്തിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മുന്നൂറ്റവര്‍,നാനൂറ്റവര്‍, അഞ്ഞൂറ്റവര്‍ എന്നിങ്ങനെ മാറി വന്നിട്ടുണ്ടാവാം. പിന്നപ്പിന്നെ തറക്കൂട്ടങ്ങളും നാട്ടുകൂട്ടങ്ങളും രൂപമെടുത്തു. അധികാരത്തിന്റെ ശ്രേണികളുണ്ടായി;കേന്ദ്രീകരണവും. നാടുവാഴിത്തത്തിന്റെ പ്രഥമദശകളതായിരുന്നു. പ്രാചീനജനാധിപത്യവ്യവസ്ഥയെന്നു വിശേഷിപ്പിച്ചാല്‍ അതിന്റെ സത്ത പൂര്‍ണമാകില്ല.ജനാധിപത്യ രീതിയേക്കാള്‍ തുറന്നതും ആധിപത്യമെന്ന പ്രതിഭാസം ഒരു വാക്കായി പോലും ആലോചനയില്‍ വരാത്ത ഒരു സാമൂഹ്യ സംസ്‌കാരത്തിന്റെ പ്രയോഗമാണത്. മനുഷ്യരന്യോന്യം ഭാരം ചുമത്താത്ത കൂട്ടായ്മയുടെ സ്വതന്ത്രമായ ശക്തി അധ്വാനപ്രക്രിയകളേയും ഉല്‍പാദനോപാധികളേയും ഫലപ്രദമായി  നയിച്ചു.

ഈ ഫലസമൃദ്ധിയിലേക്കാണ് വിശ്വവാണിജ്യശക്തികള്‍ സമുദ്രം താണ്ടി വന്നത്. അറബികളും യൂറോപ്യന്മാരും നീന്തിയെത്തിയത്. ഗ്രീക്കും യമനും ചീനയും ചാടി വന്നത്.വാണിജ്യത്തിന്റെ ദല്ലാളന്മാര്‍ ആവിര്‍ഭവിച്ചത്.നാടുവാഴികളും അധികാര പ്രഭുക്കളും പ്രത്യക്ഷപ്പെട്ടത്. അധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ  ഫലം കയ്യിലൊതുക്കി വിറ്റഴിക്കുന്ന  സൂത്രധാരന്മാര്‍ രാജപദങ്ങളിലെത്തുന്നത്. അവരെയാണ് രാജാവെന്നോ ചക്രവര്‍ത്തിയെന്നോ അന്ന് വിളിച്ചത്. മറിച്ച് ഓരോരോ ദേശമൂലകളിലും ജനങ്ങള്‍ ക്ഷേമസന്തുഷ്ടിയിലാണോ എന്നന്വേഷിക്കുന്ന ചക്രവര്‍ത്തി വെറും കഥകളില്‍ മാത്രമൊതുങ്ങുന്നവരാണ്.

ഗോത്രവ്യവസ്ഥയില്‍ ഗോത്രമൂപ്പന്‍ പ്രായവും നേതൃശേഷിയും അനുഭവജ്ഞാനവും യോഗ്യതകളാക്കിയാവും നിയമിക്കപ്പെടുന്നത്. അടുത്ത മൂപ്പനാവുന്നതും അതേ യോഗ്യതയുടെ മാനദണ്ഡത്തിലാണ്.
മക്കള്‍ പരമ്പരയിലേക്ക് കൈമാറാന്‍ ഗോത്രം മൂപ്പന്റെ കുടുംബസ്വത്തല്ല താനും.ഗോത്രാചാരങ്ങള്‍ കര്‍ശനമായിരിക്കും. അതുകൊണ്ട് മൂപ്പന്‍ സ്ഥാനം അനുഷ്ഠാനപരമായേ കൈമാറ്റം ചെയ്യൂ. ആദിചേരവംശത്തിന്റെ അധീശ ഘട്ടമെത്തിയപ്പോള്‍  രീതിയില്‍ മാറ്റം വരുന്നു. ഗോത്ര വ്യവസ്ഥയില്‍ നിന്നും പുറത്തു കടന്ന കാലഘട്ടമാണത്. രാജവ്യവസ്ഥയിലെത്തിയെങ്കിലും രാജവ്യവസ്ഥയുടെ ലക്ഷണമൊത്തതല്ല. പ്രജാക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണനിര്‍വഹണമൊന്നുമല്ല. ഭൂസമ്പത്ത് വിറ്റഴിച്ച് സ്വര്‍ണനാണയങ്ങള്‍ ശേഖരിക്കലാണ് പ്രധാന ദൗത്യം. അത് രാജ്യപുരോഗതി ലക്ഷ്യമിട്ടല്ല. ചില ക്ഷേത്രങ്ങള്‍ പണിതുകാണാം.അതിലപ്പുറമില്ല. ധൂര്‍ത്തും ദാനവുമെല്ലാം ഹീറോയിസത്തിന്റെ ഭാഗമായി ചെയ്യുന്നുണ്ടാവാം. രാജകീയ ധര്‍മങ്ങള്‍ക്കനുസരിച്ച് മുന്നേറിയതിന്റെ ലക്ഷണമല്ല. മറ്റൊരു രാജാവ് തലസ്ഥാനം കീഴടക്കിയപ്പോഴും രാജ്യമാകെ കാല്‍ക്കീഴിലാകുന്നില്ലെന്നതാണ് ജനങ്ങളുടെ അനുഭവം.

ഉല്‍പാദനവളര്‍ച്ച ജനങ്ങള്‍ക്കിടയില്‍ പൊതുവായി പ്രയോജനപ്പെടുത്തുന്ന സമ്പ്രദായത്തെ, കാലക്രമേണ ഉല്‍പന്നങ്ങള്‍ മൊത്തത്തില്‍ കൈക്കലാക്കുന്ന വാണിജ്യവ്യഗ്രത  താറുമാറാക്കി.മേല്‍പറഞ്ഞ ദല്ലാളന്മാരും സൂത്രധാരന്മാരും അധ്വാനിക്കുന്നവന്റെ മീതെ അവകാശം സ്ഥാപിച്ചു. വിയര്‍പ്പൊഴുക്കുന്നവന്‍ വെറും അടിയാന്മാരാകുകയും അധ്വാനഫലം കയ്യടക്കുന്നവര്‍ ഉടയോരാകുകയും ചെയ്യുന്ന സാമൂഹികഘട്ടത്തിലേക്കുള്ള പതനമായിരുന്നു അത്. ക്രമേണ കൃഷിയിടവും മലയും മേടും കാടുകളും സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ട് സ്വകാര്യസ്വത്തെന്ന അടഞ്ഞ ഉല്‍പാദനസങ്കേതമായി എല്ലാവരുടേതുമായ ഭൂമി രൂപാന്തരപ്പെട്ടു. ഏഷ്യാറ്റിക് ഉല്‍പാദനരീതികളിലെ സ്വകാര്യ ഭൂവുടമസ്ഥതയുടെ അഭാവം സവിശേഷതയോടെ  ചൂണ്ടിക്കാട്ടുന്നിടത്ത് മാര്‍ക്‌സ് ഈ സംഗതി പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.

കൃഷ്ണാനദിക്കു തെക്കുള്ള നിമ്‌ന്നോന്നതമായ കുന്നിന്‍ പ്രദേശങ്ങളില്‍ ഭൂസ്വത്ത് നിലനിന്നിരുന്നതായി തോന്നുന്നുവെന്നാണ് 'കൊളോണിയലിസത്തെക്കുറിച്ച്' എന്ന രചനയിലെ  പരാമര്‍ശം.

ആര്യസംസ്‌കാരത്തിന്റേയോ 'നായര്‍ 'സംസ്‌കാരത്തിന്റേയോ സ്വാധീനമില്ലാതെ തന്നെ സ്വയം സജ്ജമായ സാമൂഹികഘടന ആദിമലനാട് ആര്‍ജിച്ചിരുന്നു. സാംസ്‌കാരികമായും ഭാഷാപരമായും മാത്രമല്ല സാമ്പത്തിക-സാമൂഹികക്രമങ്ങളെ ക്രോഡീകരിക്കാനാവുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ രൂപപ്പെടലുകളും അതേത്തുടര്‍ന്ന് പാകപ്പെട്ടു വന്നു.

എഴുത്തുലിപി വികാസങ്ങളും സംഘസാഹിത്യസൃഷ്ടികളും മറ്റും പിറവിയെടുക്കാന്‍ പാകത്തില്‍ സാംസ്‌കാരിക നിര്‍മാണം പുരോഗമിച്ച ഒരു വ്യവസ്ഥാപനം സംഭവിച്ചിട്ടുണ്ട്. ഈ സാമൂഹിക പശ്ചാത്തലത്തിലേക്ക് നയിക്കുന്ന പരിണാമഗതി BC 1000 തൊട്ട് തുടങ്ങിയിട്ടുണ്ടെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. സംഘകൃതികളുടെ കാലഘട്ടം ആഇ മൂന്നാം ശതകത്തിനും എ.ഡി. മൂന്നാംശതകത്തിനുമിടയിലാണെന്നത് സ്വീകരിക്കപ്പെട്ട നിരീക്ഷണമാണ്.

മൗര്യസാമ്രാജ്യത്തിനു വിധേയമല്ലാത്ത ചേര, ചോള, പാണ്ഡ്യ എന്നീ സ്വതന്ത്ര രാജ്യങ്ങളുടെ  സഖ്യരൂപീകരണത്തെപ്പറ്റി (മൗര്യരുടേയും മറവരുടേയും മറ്റും ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധക്കൂട്ടായ്മയോ,ദേശാന്തര വാണിജ്യവികസനത്തെ ഫലപ്രദമാക്കാനുള്ള നയരൂപീകരണം ഉദ്ദേശിച്ചുള്ളതോ ആവാം അത്തരം സഖ്യം) ചരിത്രാന്വേഷകര്‍ പരാമര്‍ശിക്കുന്നുണ്ട്. ആഇ 414 ലെ സഖ്യത്തെപ്പറ്റിയുള്ള പരാമര്‍ശം 'തീര്‍ഥ ദി ട്രഷറി ഓഫ് ഇന്ത്യന്‍ എക്‌സ്പ്രഷന്‍സ്' എന്ന കൃതിയിലാണുണ്ടായിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടിലെ അശോക ശിലാലിഖിതങ്ങളും ഖരവേലന്റെ ഹസ്തി കുംഭശാസനവും തമിഴക രാജ്യങ്ങളുടെ വികാസപരിണാമങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ചരിത്ര പശ്ചാത്തലത്തിലേക്ക് സൂചനകള്‍ തുറന്നിടുന്നുണ്ട്.

അശോക സാമ്രാജ്യകാലത്തിനു മുമ്പുതന്നെ ഗോത്രവ്യവസ്ഥകളുടെ തകര്‍ച്ചകളും പിന്നീടുള്ള നാട്ടുരാജ്യരൂപീകരണങ്ങളും നാടുകളുടെ കൂടിച്ചേരലുകളും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും ഒട്ടേറെ മലനാടുകളുടെ കൂടിച്ചേരലാണ് ചേരസാമ്രാജ്യം. ചേരല്‍ എന്നതിനപ്പുറം ആ വാക്കിന് സൂചനകളുണ്ടോയെന്ന് വ്യക്തമായി  നിരീക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷി എന്നര്‍ഥമുള്ള മുണ്ടാഭാഷയിലെ 'ചിറിയ'യില്‍ നിന്നാണ് 'ചേര'മുണ്ടായതെന്ന അഭിപ്രായമുള്ളവരുണ്ട്.

'ചേരല്‍' ഒരു അധികാരസ്ഥാനമായി പിന്നീട് ചാര്‍ത്തപ്പെട്ടു. 'വേന്തന്‍' എന്ന പദവിയിലേക്കുയരും മുമ്പ് മൂലഗോത്രത്തില്‍ പിറന്ന വ്യക്തിയല്ലെങ്കില്‍ 'ചേരല്‍' എന്ന സ്ഥാനം വഹിച്ചിരിക്കണം. ഈ വാക്ക് ചുരുങ്ങി 'ചെല്‍' ആകുന്നതായും കാണാം. മൂന്നാമത്തെ ചേരവേന്തനെ പല്‍യാനൈ ചെല്‍ എന്നാണ് സംബോധന ചെയ്യുന്നത്. 'ചേരല്‍' പദവിയില്‍ നിന്നും 'പെരുമാള്‍' എന്ന വിശേഷണത്തിലേക്ക്  അധികാരമുയരുന്നത് പിന്നീട്  രാജാവിനും ചക്രവര്‍ത്തിക്കും പകരം പെരുമാള്‍ എന്നപദം ഉപയോഗിച്ചിരുന്നത് ആള്‍ എന്നതിനേക്കാള്‍ അതീതമായ ഒരു ശക്തിയെ സൂചിപ്പിക്കാനാണ്. ആര്യാധിനിവേശത്തിനും ബ്രാഹ്മണാധിപത്യത്തിനും മുമ്പുള്ള പൂര്‍വ -ദ്രാവിഡകാലത്തിലെ അധികാരബിംബം വ്യക്തിയധിഷ്ഠിതമായിരുന്നില്ല.

ചേരന്മാരുമായി നാഗന്മാര്‍ ലയിച്ചു ചേര്‍ന്നതിന്റെ പരിണാമ പശ്ചാത്തലവും നിരീക്ഷിക്കേണ്ടതാണ്.വടക്കേ ഇന്ത്യയിലെ ആദിമ ഗോത്രമായ 'സേര'രുമായുള്ള വംശബന്ധം
ഡോ: അംബദ്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.ഒരു ഈജിപ്ഷ്യന്‍ ഗോത്രവര്‍ഗമായ 'സേറു' (രാജകുമാരന്‍ എന്നര്‍ഥം) ഡക്കാന്‍ മേഖലയിലേക്ക് കുടിയേറിപ്പാര്‍ത്ത വേട്ടക്കാരാണ്.
മെഡിറ്ററേനിയന്‍ പാരമ്പര്യത്തിലുള്ളവരാണ് ഈ നാഗന്മാരെന്നും നിരീക്ഷിക്കപ്പെടുന്നു.

പ്രോട്ടോ -ദ്രാവിഡ കാലത്ത് ഇന്ത്യയിലെമ്പാടും നാഗകുലത്തില്‍ പെട്ട  ജനവിഭാഗങ്ങള്‍ പടര്‍ന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലും പ്രാചീനനാഗന്മാരുടെ അധീനത്തിലായിരുന്ന ദേശങ്ങളുണ്ടായിരുന്നു.

ഡോ :ആര്‍.ഗോപിനാഥന്‍ 'കേരളത്തനിമ'യില്‍ വിശദീകരിക്കുന്നത് :'ദ്രാവിഡ ജനത പ്രാചീന കാലം മുതലേ ചേരന്മാര്‍ ,ചോളന്മാര്‍, പാണ്ഡ്യന്മാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു.
ചേര അഥവാ സേര (പ്രാചീന തമിഴില്‍ സരൈ) എന്നത് നാഗം എന്നതിന്റെ ദ്രാവിഡ ഭാഷയിലെ സമാനപദമാണ്.തങ്ങളെ സ്വയം ചേരുകള്‍ അഥവാ സിയോരികള്‍ എന്നു വിളിക്കുന്ന ഒരു ജനത, ഗംഗാതടത്തില്‍ വ്യാപകമായി പടര്‍ന്ന് ഇന്നും നിലനില്‍ക്കുന്നുണ്ട്. സര്‍പ്പദൈവങ്ങളില്‍ നിന്നാണവരുടെ ഉല്‍പത്തിയെന്ന് അവര്‍ അവകാശപ്പെടുന്നു. ചേരുകള്‍ വളരെ പുരാതന വംശമാണ്.ഗംഗാതലം ഒരു കാലത്ത് അവരുടെ അധീനതയിലായിരുന്നു.മുഹമ്മദന്‍ ആക്രമണങ്ങളുടെ കാലത്ത് അവര്‍ നിഷ്‌കാസിതരായെന്നാണ് തോന്നുന്നത്.ഇപ്പോള്‍ ഇവര്‍ ദരിദ്രരും ഭൂരഹിതരുമാണ്. ദ്രാവിഡരായ ചേരന്മാരുടെ ബന്ധുക്കളാണ് ഈ ജനതയെന്നതില്‍ സംശയത്തിനവകാശമില്ല.ലിച്ചാവികള്‍ക്കും നേപ്പാളിലെ നെവാര്‍ കള്‍ക്കും ചേരരുമായി ആചാരാനുഷ്ഠാനങ്ങളില്‍ ധാരാളം സാമ്യമുണ്ട്. ഓരോ കൂട്ടരും നാഗത്തെ പൂജിക്കുന്നുണ്ട്. ഇവരുടെ വൈവാഹിക ബന്ധങ്ങളുമായും ഉറ്റ സാദൃശ്യങ്ങളുമുണ്ട്.ഇവരെല്ലാം പൊതുവായ ഉല്‍പത്തിയുള്ളവരാണെന്ന് ഓള്‍ഡാം സംശയാതീതമായി സ്ഥാപിക്കുന്നു. മറ്റു പലരും ഈ കണ്ടെത്തലിനെ പിന്താങ്ങിയിട്ടുണ്ട്. പഞ്ചാബിലെ താഖ്യ, ഹിമാലയ നിരകള്‍ക്കു വെളിയിലുള്ള സത് ലജ് - ബിയാസ് താഴ് വരയിലെ സിയോ രാജ് പ്രദേശത്തെ ജനങ്ങള്‍, ചിനാബ് നദിയുടെ മുകള്‍ഭാഗത്തെ വേറൊരു സിയോരാജ് എന്നിങ്ങനെ നാഗാരാധകരും ദക്ഷിണേന്ത്യന്‍ ദ്രാവിഡ ബന്ധമുള്ളവരുമായ ജനത ചേര നാമം വഹിക്കുന്നുണ്ട്.''
(പുറം 232)

ചേരിയുടെ അധിപനാണ് ചേരന്‍

പ്രാചീന കാലത്തെ പതിനെട്ടു നാടുകളെ തെന്‍മല ,വടതല എന്നിങ്ങനെ രണ്ടു പാതികളായി വിഭജിച്ചതായി രേഖകള്‍ പരാമര്‍ശിക്കുന്നു.ഒരു പാതിയില്‍ ഒന്‍പതുനാട് .ഒരു നാട് നാല് ചേരികളായും ഒരു ചേരി നാല് കോട്ടകളായും ഒരു കോട്ട നാല് തറകളായും സംവിധാനം ചെയ്യപ്പെട്ടിരുന്നു. ഒരു തറയുടെ പരിധിയില്‍ നൂറു തറവാടുകളും. തറവാടിന്റെ അധിപന്‍ കാരണവര്‍, തറയുടേത്  നായനാര്‍, കോട്ടയുടേത് കോടന്‍, ചേരിയുടെ ചേരന്‍, നാടിന്റേത് നാടന്‍. ഒന്‍പത് നാടുകള്‍ ചേര്‍ന്ന പാതിയുടെ മേലധികാരം പാതിയാനും ഇരുപത്തിയൊന്ന്  സഹഅധികാരികളും നിറവേറ്റണം. ഇരുപാതികളും ചേര്‍ന്ന മലയാള നാടിന്റെ അധിപന്‍ കേരളനും.

ഈ മലയാളനാടിനെയാണ് 'കേരള പുത്ര' എന്ന് അശോകലിഖിതത്തില്‍ അടയാളപ്പെടുത്തുന്നത്. ഈ കേരളന്‍ എന്നത് അധികാരസങ്കല്പമാണ്. പരശുരാമന്റെ പരിപ്രേക്ഷ്യവുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. കേരന്റെ (ശിവന്‍) പുത്രനെന്ന സങ്കല്പത്തിലാണ് പരശുരാമനെ കേരളനെന്നു വിശേഷിപ്പിക്കുന്നത്. സുമേറിയന്‍ ഭാഷയില്‍ 'കേര- ലു' എന്നാല്‍  കേരപുത്രന്‍. കേരളമെന്ന ഉച്ചാരണത്തിന്റെ ഉല്‍പത്തി ഇതാണ്. അശോക ശാസനങ്ങളില്‍ കേഡലെപുത്തോ, കേരഡപുത്രോ, കേരളപുത്ര എന്നീ പരാമര്‍ശങ്ങള്‍ കടന്നുവന്നതും ഇങ്ങനെയാണ്. കേരളപുത്രം സൂര്യവംശമായും, (ഇക്ഷ്വാകു വംശം) സഹ്യപര്‍വതനിരകളുടെ പൂര്‍വ ഉത്തരഭാഗത്തെ  സത്യപുത്രം ചന്ദ്രവംശ (യദുവംശം) മായുമാണ് മൗര്യകാലഘട്ടത്തിലെ ഗണന.

റോമാക്കഥകളില്‍ രണ്ട് യമന്മാരില്‍ ഇളയവനായ 'ശിവന്' കേരനെന്നും മൂത്ത യമന് മഹിഷനെന്നും പേരുള്ളതായി കേസരി വിവരിക്കുന്നുണ്ട്.ശിവപിതാവായ  സോമബ്രഹ്മാവാണ് മഹിഷന്‍.
മന്വന്തരാരംഭത്തില്‍ (ബി.സി. 5556) ഗ്രീക്കുകാര്‍ എഗീഗസ് എന്നു വിളിച്ച പ്രളയത്തിനു ശേഷം ചളിക്കളമായി മാറിയ ഭൂമി വീണ്ടും നേരെയാക്കിയെടുത്തതു ഖണ്ഡപരശുവിന്റെ പുത്രനായ
പരശുരാമനാണെന്നാണ് കഥ. കിഴക്കന്‍ അറേബ്യയിലെ ജെബല്‍ - അതല്‍  പര്‍വതത്തിനു ചുറ്റുമുള്ള ദേശം  മന്വന്തരത്തിന്റെ അന്ത്യത്തില്‍ കേരളന്‍ (പരശുരാമന്‍ ) വെള്ളം വറ്റിച്ച് മനുഷ്യയോഗ്യമാക്കി.
സംസ്‌കൃതരൂപത്തിലുള്ള രുദ്രന്‍ (ശിവന്‍) എന്ന പദത്തിന്റെ ഗ്രീക്കു രൂപമാണ് എറിത്രാസ്.ഇന്ത്യാ പരിസരത്തെ കടലിന്റെ പ്രാചീന നാമം എറിത്രിയനെന്നായിരുന്നെന്ന് മുമ്പ് പരാമര്‍ശിച്ചതാണ്.

'കേരളപുത്ര'യെന്ന വിവക്ഷയില്‍ പെടുന്ന പല മലനാടുകളിലൊരു ഗോത്രം മാത്രമാണ്  ചേരവംശം. അശോക കാലത്തിനു മുമ്പേ മറയൂര്‍ മലനിരകളില്‍ ഉത്ഭവിച്ച് അനേകദശകങ്ങളിലൂടെ ദക്ഷിണാപഥത്തില്‍ ശക്തമായ മേധാവിത്തം പുലര്‍ത്താന്‍ പുരാതനമായ ഈ ഗോത്രവര്‍ഗത്തിന് കഴിഞ്ഞിട്ടുണ്ട്.

മലമടക്കുകള്‍ക്കിടയിലെ ആദിചേരന്മാരുടെ ജീവിതഘടന വിവരിക്കുന്ന  ചരിത്രസൂചനകള്‍ അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നീ കൃതികളില്‍ കാണാം. വേന്തപദവിയിലെത്തിയ ചേരാധിപന്മാരെ, അവരുടെ ഭരണകാലക്രമത്തില്‍,പ്രകീര്‍ത്തിക്കുന്ന കൃതിയാണ് 'പതിറ്റുപ്പത്ത്.'

ചേരവേന്തന്മാരുടെ പരമ്പരാഗത തുടര്‍ച്ച താഴെ വിവരിക്കും പ്രകാരമാണ്:(കടപ്പാട് :മുസിരിസിന്റെ കാല്പാടുകളിലൂടെ- ഡോണ്‍ ബോസ്‌കൊ )

1) വാനവരമ്പന്‍ പെരും ചോറ്റു ഉതിയന്‍ ചേരലാതന്‍ (AD 65 -100 അനുമാനം) പത്‌നി: വെളിയന്‍ഗോത്രത്തിലെ നല്ലിനി (നളിനി )

2) ഇമയവരമ്പന്‍ കുടക്കോ നെടുംചേരലാതന്‍ (ഉതിയന്‍ ചേരലിന് വെളിയന്‍ നല്ലിനിയിലുണ്ടായ മകന്‍) (AD100-123) പത്‌നി: ആവി ഗോത്രത്തിലെ പതുമന്‍തേവി (പത്മാവതി), ചോള രാജകുടുംബത്തിലെ മണിക്കിള്ളി. ആസ്ഥാനകവി കുമ്മട്ടൂര്‍ കണ്ണനാര്‍.

3) പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍ (AD123-125). യുദ്ധത്തില്‍ പൂഴിനാട് നഷ്ടപ്പെട്ട് സ്ഥാനം പോയി. രണ്ടാം ചേരവേന്തന്റെ തമ്പി ( ബന്ധു സഹോദരന്‍ ). ആസ്ഥാന കവി - പാലൈ ഗൗതമനാര്‍

4) കളങ്കായ് കണ്ണി നാര്‍മുടി ചേരലാതന്‍ (AD 125-135), നെടുംചേരലാതന്റേയും പതുമന്‍ തേവിയുടേയും മകന്‍. ആസ്ഥാനകവി - കാപ്പിയാറ്റു കാപ്പിയനാര്‍

5) ചെങ്കുട്ടുവന്‍ (AD135-178), കടല്‍ പിറകോട്ടിയ വേല്‍ കെഴുകെട്ടുവന്‍, കാക്കൈപ്പാടിനിയാര്‍, നച്ചെല്ലൈയാര്‍ എന്നീ വിശേഷണങ്ങളിലും അറിയപ്പെട്ടു. നെടുംചേരലാതന്റേയും മണിക്കിള്ളിയുടേയും മകന്‍. ഇയാളുടെ മകനാണ് ചേര വെള്ളിനാണയത്തില്‍ രേഖപ്പെടുത്തിയ കുട്ടുവന്‍ കോത (കടുമാന്‍ കോത). ആസ്ഥാനകവി: പരണര്‍.

6)ആടുകൊടു പാട്ടുചേരലാതന്‍
(AD178 - 180)
നെടുംചേരലാതന്റേയും പതുമന്‍ ദേവിയുടേയും മകന്‍. ക്രി .പി 185 ല്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചതായി പുറനാനൂര്‍ 229 ല്‍ *¹4 പ്രസ്താവിക്കുന്നു. മുചിരിയില്‍ പാണ്ഡ്യര്‍ കാട്ടിയ അതിക്രമത്തിന് മറുപടിയായി ഇയാള്‍ പാണ്ഡ്യവേന്തന്‍ നെടുംചെഴിയനെ വെല്ലുവിളിച്ച് പാണ്ഡ്യരാജധാനി ആക്രമിച്ചതായി സംഘംകൃതി,പുറനാനൂറ്. ഇയാളാണ് മുചിരി തകര്‍ന്ന യുദ്ധത്തില്‍ പാണ്ഡ്യരാജാവിന്റെ തടവുകാരനാവുകയും തടവുചാടി രക്ഷപ്പെടുകയും ചെയ്ത ചേരരാജാവെന്ന് പുറനാനൂറ് 17 ല്‍ കുറുങ്കോഴിയൂര്‍ കിഴാര്‍ പറയുന്നത്.

7) ചിക്കര്‍പള്ളി തൂഞ്ചിയ ചെല്‍വ കടുങ്കോ ആഴിയന്‍ ആതന്‍ (AD180-200 ) പത്‌നി: ആവിഗോത്രത്തിലെ രണ്ടാം പതുമന്‍തേവി. അന്തുവന്‍ ചേരലിന്റേയും പൊറയന്‍ പെരുംതേവിയുടേയും മകന്‍.
ആസ്ഥാനകവി :കപിലര്‍.

8 ) തകടൂര്‍ എരിന്ത കരവൂര്‍ ഏറിയ പെരുംചേരല്‍ ഇരുമ്പൊറൈ (AD200-207) ചെല്‍വ കടുങ്കോ ആഴിയന്‍  ആതന്റേയും രണ്ടാം പതുമന്‍തേവിയുടേയും മകന്‍. ആസ്ഥാനകവി:അരശില്‍ കിഴാര്‍

9 ) കുടക്കോ ഇളംചേരല്‍ ഇരുമ്പൊറൈ (AD207-211), മരന്തൈയോര്‍ പൊരുന (മാന്തൈ നഗരത്തിന് ഉടയോര്‍) എന്നുമറിയപ്പെട്ടു. കുട്ടുവന്‍ ഇരുമ്പൊറൈയുടേയും മയൂര്‍ കിഴാന്‍ മകള്‍ അന്തുവന്‍ ചെള്ളയുടേയും പുത്രന്‍. യാനൈക്കട് മാന്തരന്‍ കടുങ്കോ ചേരല്‍ ഇരുമ്പൊറൈയുടെ പൗത്രന്‍. അന്തുവന്‍ ചേരലിന്റെ പ്രപൗത്രന്‍.

ആസ്ഥാന കവി: പെരുങ്കുന്റൂര്‍ കിഴാര്‍

10) ആതന്‍ ചെല്‍ ഇരുമ്പൊറൈ. (AD211-215).
പെരും ചേരല്‍ ഇരുമ്പൊറൈയുടെ മകന്‍.

ഇതിനിടയില്‍ വിവിധ ശാഖകളിലായി വേള്‍,ചേരല്‍ സ്ഥാനങ്ങളില്‍ മാത്രമിരുന്നവരും ഈ വംശപരമ്പരയിലുണ്ട്. അന്തുവന്‍ ചേരല്‍ ഇരുമ്പൊറൈ (AD125-145), ഇദ്ദേഹത്തിന്റെ പുത്രന്‍ യാനൈക്കട് ചെയ്മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ (AD130-185,മാന്തരന്‍ പൊറയന്‍ കടുങ്കോ ,തലൈയാലങ്കാനം യുദ്ധത്തില്‍ തോല്‍വി), ഇദ്ദേഹത്തിന്റെ പുത്രന്‍ കുട്ടുവന്‍ ഇരുമ്പൊറൈ (AD180-195),
കുട്ടുവന്‍ ചേരല്‍ കുട്ടുവന്‍ കോത (AD135-190), മാക്കോത രാജാക്കന്മാര്‍ (AD190 ), മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ (AD207-220) കണൈങ്കാല്‍ ഇരുമ്പൊറൈ (AD220-225), പത്താംചേരവേന്തന്റെ പുത്രന്‍ പെരുംകടുങ്കോ (AD 211), പൗത്രന്‍  ഇളംകടുങ്കോ തുടങ്ങിയവര്‍.

ദക്ഷിണാപഥത്തിന്റെ പൊതു രാഷ്ട്രീയ പ്രകൃതി പങ്കിടുന്ന മൂന്നു പ്രമുഖ രാജ്യങ്ങള്‍ - ചേര, ചോള, പാണ്ഡ്യര്‍ കൂടാതെ അവരുടെ സാമന്തന്മാരായ (ഇവരെ സാമന്തന്മാരെന്ന് എല്ലാകാലവും വിളിക്കാന്‍ കഴിയില്ല)മറ്റു നാട്ടുരാജ്യങ്ങള്‍. മലനിരകളില്‍ മാത്രമായി, ചെരിവുകളുടേയും  ഇടനാടുകളുടേയുമൊക്കെ വരുതിയില്‍ വിസ്തരിച്ചു കിടന്ന വിവിധ നാടുകള്‍ -മലൈനാട് (ആയ് വംശക്കാര്‍ - ആയര്‍, ഇടയര്‍, യാദവര്‍),  ധര്‍മപുരി ജില്ലയിലെ  തകിടൂര്‍ കേന്ദ്രമായ അതിയമാന്‍ നാട്, പാരിയുടെ പറമ്പുമല, നന്നന്റെ തൃശിനാപ്പള്ളിയിലെ മുശിരി താലൂക്കിലെ എരുമൈയൂര്, ഓരിയുടെ സേലം കൊല്ലിമല, പേകന്റെ മധുര-പഴനി, കാരിയുടെ ദക്ഷിണ ആര്‍ക്കാട്ടിലെ തിരുക്കോവല്ലൂര്‍.

ആദിചേരനാടിന്റെ ചരിത്രമന്വേഷിച്ചാല്‍ ,വഞ്ചിമുത്തൂര്‍ എന്ന മൂലഗ്രാമത്തിലാണ് അവരുടെ ആരൂഢമെന്നു കാണാം. മറയൂര്‍ ഉള്‍പ്പെടെയുള്ള അഞ്ചുനാട് പ്രദേശത്തായിരുന്നു വഞ്ചിമുത്തൂര്‍.
ഇന്നത്തെ മറയൂര്‍, കാരയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, കോത്തഗുടി എന്നീ നാടുകളെയാണ്  തിരുവിതാംകൂര്‍ ഭരണം അഞ്ചുനാടായി വിളിച്ചിരുന്നത്. ചേരന്മാരുടെ മൂലഗ്രാമത്തിന്റെ അടയാളങ്ങള്‍ തേടിയ ചരിത്രാന്വേഷകനായ  ഡോണ്‍ ബോസ്‌കോ 'മുസിരിസിന്റെ കാല്പാടുകളിലൂടെ ' എന്ന തന്റെ കൃതിയില്‍ പരാമര്‍ശിക്കുന്നു:''ഒരു ഗോത്രവര്‍ഗത്തിന്റെ ശിലായുഗത്തിന്റെ ആദ്യകാലം മുതലുള്ള എണ്ണിയാലൊടുങ്ങാത്തത്ര ശവകുടീരങ്ങള്‍ മറയൂര്‍ -കാന്തല്ലൂര്‍ റോഡിലുള്ള പയസ് നഗര്‍ മുതല്‍ ചിന്നാര്‍ മലകള്‍ വരെയുള്ള ഉദ്ദേശം 20 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് കാണുന്നുണ്ട്. മാത്രമല്ല, ഈ പ്രദേശത്തെ ആലമ്പട്ടി വനത്തില്‍  ആദിമ മനുഷ്യന്‍ മൃഗരക്തവും പച്ചിലച്ചാറുകളും ചേര്‍ത്തുണ്ടാക്കിയ ചായം കൊണ്ട് കരിങ്കല്ലില്‍ വരച്ച ചിത്രങ്ങളും കാണുന്നു. ഭൂനിരപ്പിനു മുകളില്‍ ഉള്ളതും ഭൂമിക്കടിയില്‍ ഉള്ളതുമായ അനവധി ശവകുടീരങ്ങളാണ് മറയൂര്‍ പ്രദേശത്തുള്ളത്. മനുഷ്യന് താമസിക്കാന്‍ ഉണ്ടാക്കിയ കല്ലറകളും ഇതിനിടയില്‍ കാണാം. ഭൂമിക്കടിയിലുള്ളവയില്‍ ഇരുമ്പിന്റെ ആയുധങ്ങള്‍ ഉപയോഗിച്ച് പണിതിട്ടുള്ളവയും വളരെയേറെയുണ്ട്.ഇത് പ്രധാനപ്പെട്ട ഒരു ഗോത്രവര്‍ഗം തലമുറകളായി ഇവിടെ വസിച്ചിരുന്നു എന്നതിന് തെളിവാണ്. ഈ പ്രദേശത്തിനടുത്തായിരിക്കണം ചേരവംശത്തിന്റെ മൂലഗ്രാമം' (പേജ് 137,138)

സ്വന്തം പേരിന്റെ കൂടെ ഗോത്രനാമം കൂടി  ചേര്‍ത്താണ് പ്രയോഗിച്ചു വന്നിരുന്നത്. കുടുംബനാമം  പേരിനൊപ്പം വഹിക്കുന്ന രീതി ഇന്നു മുണ്ടല്ലൊ. ഒന്നാം ചേരരാജാവായ ഉതിയന്‍ ചേരലാതന്റെ പേരില്‍ ഉതിയയെന്നത് ഗോത്രനാമം. സൂര്യന്‍ എന്ന അര്‍ഥം. അധികാരസ്ഥാനമായ 'കോ ' ചേര്‍ത്താല്‍ കോഉതിയന്‍. അത് ചുരുങ്ങി കോതയായി. മാക്കോതയെന്ന പ്രയോഗവും അങ്ങനെ വന്നു. മൂലഗ്രാമം മുത്തൂര്‍. വഞ്ചിയെന്ന നാമം തലസ്ഥാനത്തെ കുറിക്കുന്നു. അങ്ങനെ ആസ്ഥാനഗ്രാമത്തിന് വഞ്ചിമുത്തൂര്‍ എന്ന പ്രചാരം കിട്ടി. അമരാവതിക്കടുത്ത് ഇളയമുത്തൂര്‍ എന്ന  ഇപ്പോഴത്തെ സ്ഥലം ആദിഗ്രാമത്തിനു ശേഷമുള്ള കാലത്ത് സങ്കേതമാക്കിയതാവാം.

പാമ്പാര്‍ - അമരാവതി - കാവേരി നദികളിലൂടെ കാവേരിപൂമ്പട്ടണത്തിലേക്കുള്ള  സഞ്ചാരപാതയിലാണ് ഇളയമുത്തൂര്‍, ധാരാപുരം, കരൂര്‍ എന്നിങ്ങനെ പില്‍ക്കാലത്ത് ചേരസങ്കേതങ്ങളായി വികസിച്ച സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. എട്ടാം ചേരവേന്തന്‍ പെരുംചേരല്‍ ഇരുമ്പൊറൈയുടെ കാലത്താണ് കരൂരിലേക്ക് ആസ്ഥാനം മാറുന്നത്.കരവൂര്‍ എന്നായിരുന്നു സംഘകാലത്തെ പേര്.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ മേഖലയിലേക്ക് കടന്ന് ഇടുക്കി താഴ്വരയിലെ നീലൂര്‍ ആസ്ഥാനമായി ആധിപത്യം നേടിയ ചേരന്മാരുടെ ശാഖ പമ്പാതീരത്തും പെരിയാര്‍ തീരത്തുമായി വാണിജ്യ തുറമുഖങ്ങളൊരുക്കി. കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന കടുനാടും ഭാരതപ്പുഴയ്ക്കും പുഴയ്ക്കല്‍പുഴക്കുമിടയിലുള്ള കുടനാടുംപാലക്കാടിന്റെ കൊല്ലങ്കോട് ഉള്‍പ്പെടുന്ന മേഖലയായ പൊറയരാജ്യവും  കൊറ്റന്റെ കുതിരമലയും കീഴടക്കി. പടിഞ്ഞാറേ കടല്‍ മുതല്‍ കിഴക്കേ കടല്‍ വരേയും വടക്ക് ധര്‍മപുരി മുതല്‍ തെക്ക് കന്യാകുമാരി വരേയും വ്യാപിച്ചതും ശ്രീലങ്കയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നതുമായ ഒരു വലിയ രാജ്യമായി ചേരം പിന്നീടുവളര്‍ന്നു.

സമാന്തരമായി മറ്റൊരു ഗോത്രവംശമായ വെളിയന്മാര്‍ പഴനിക്കടുത്തുള്ള ആയ്ക്കുടി മൂലഗ്രാമമാക്കി ശക്തി പ്രാപിച്ചു. ആവിഗോത്രത്തിന്റെ സങ്കേതം പാലൈമല ആയിരുന്നു. പൊറയഗോത്രം തെന്മലത്താഴ് വരകളില്‍ ഗായത്രിയുടെ കൈവഴികളായ  സീതാറുകുണ്ട് ,പലകപ്പാണ്ടി നദികള്‍ക്കിടയിലും. ഈ ഗോത്രദേശങ്ങളുടെ പൊതുകേന്ദ്രത്തിലായിരുന്നു അയിരമലപരദേവതയായ 'കൊറ്റവെ '**അധിവസിക്കുന്നതായി സങ്കല്പിക്കുന്നത്.

മറയൂരിലെ ചന്ദനത്തിന്റെ വിപണന സാധ്യതയും  വനവിഭവങ്ങളും നദികളിലൂടെയുള്ള ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും ചേരസമൂഹത്തെ വളരെ മുന്നിലെത്തിച്ചു. ഉപഗോത്രങ്ങള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്തു.അന്യ ഗോത്രങ്ങളുമായുള്ള വിനിമയവും വര്‍ധിച്ചു.മലയുടെ മറുപുറത്ത്  സഹ്യന്റെ പടിഞ്ഞാറന്‍ മേഖലയില്‍,കുരുമുളകിന്റേയും മറ്റു മലഞ്ചരക്കുകളുടേയും ആകര്‍ഷണത്താല്‍ നീലൂര്‍ (തൊടുപുഴക്കടുത്ത് ) കേന്ദ്രീകരിച്ച് ചേരന്മാരുടെ തെക്കന്‍ ശാഖ പില്‍ക്കാലത്ത്  രൂപപ്പെട്ടു. മീനച്ചിലാര്‍ ,മൂവാറ്റുപുഴ വഴി ചരക്കുകള്‍ തുറമുഖങ്ങളിലെത്തിക്കുവാന്‍ കഴിഞ്ഞു.തുറമുഖ നഗരങ്ങള്‍ വാണിജ്യ മര്‍മങ്ങളായതോടെ അവയുടെ അധീശത്വം കയ്യടക്കാനുള്ള നീക്കങ്ങളരങ്ങേറി. നേരിട്ടുള്ള യുദ്ധങ്ങളും യുദ്ധ സഖ്യങ്ങള്‍ രൂപീകരിച്ചുള്ള അടവുകളും സ്വീകരിച്ചു.

വാണിജ്യ പ്രാധാന്യമുള്ള സങ്കേതങ്ങള്‍ കയ്യടക്കിയുള്ള ഒരാധിപത്യമാണ് അന്നത്തെ രാജ വ്യവസ്ഥാ രീതി. സകല പ്രജകളുടേയും ക്ഷേമജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു സമഗ്ര സംവിധാനത്തിന്റെ കേന്ദ്രം എന്ന നിലക്കൊന്നും രാജാധികാരം മാറിയതായി കാണുന്നില്ല. ആ നിലയില്‍ വടക്കന്‍ മലബാറിലെ വാണിജ്യ തുറമുഖനഗരങ്ങളേയും  അവരുടെ ശക്തി കയ്യടക്കിയതായി കാണാം. പൗരജീവിതവുമായി രാഷ്ട്രീയബന്ധം മറ്റൊരു തലത്തിലും നിലനിന്നതായി കരുതാനാവില്ല.

വാണിജ്യ മുന്നേറ്റത്തിന് തുറമുഖങ്ങളിലെ സ്വാധീനം ദുര്‍ബലപ്പെടാതിരിക്കാന്‍ സ്വദേശശക്തികള്‍ മാത്രമല്ല വിദേശ ശക്തികളും -റോമാക്കാരും ഗ്രീക്കുകാരും ഈജിപ്തുകാരും യവനരെന്ന് പൊതുവെ വിളിക്കപ്പെടുന്ന പാശ്ചാത്യരായ കച്ചവട ഏജന്റുമാരുമെല്ലാം- ജാഗ്രത കാട്ടുന്നുണ്ട്.റോമാ ചക്രവര്‍ത്തി കച്ചവടക്കാരെ സംരക്ഷിക്കാന്‍ ഇവിടേക്ക് റോമാഭടന്മാരെ അയച്ചിരുന്നതായി റോമന്‍കൃതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'ചിലപ്പതികാര'ത്തില്‍ ആട് കോട് പാട് ചേരലാതന്‍ യവന വളനാടില്‍നിന്നു നാടുവാണിരുന്നതായി പരാമര്‍ശിക്കുന്നത്, നറവിന്റെ തുറമുഖത്ത് വ്യാപാര മേല്‍നോട്ടത്തിന് താവളമടിച്ചതിനെയാണ്: ''വന്‍ ചൊല്‍യവന വള നാടാണ്ടു പൊന്‍പട്ടുനെട്ടുവരൈ പുകന്തേനായിരം ''കോചരുടേയും (തുളുനാട്) മറ്റും ആക്രമണത്തില്‍ നിന്ന് നറവ് വാണിജ്യകേന്ദ്രം സംരക്ഷിക്കാന്‍ നാലാം ചേരവേന്തന്‍ അയച്ച സഹോദരനായ ആട് കോട് ചേരലാതന്‍ ആട്ടുംപാട്ടുമായി സുഖമായി നറവ് കേന്ദ്രത്തില്‍ കഴിയുന്നതായിട്ടാണ് വിവരണം.

AD 60 -180 വരെ മാത്രം വാണിജ്യാധികാരം മുരിചിക്കുമേല്‍ പുലര്‍ത്തിയിരുന്നവരാണ് ആദിചേരന്മാര്‍. ചേരന്മാരുടെ മുചിരി തുറമുഖം പാണ്ഡ്യവേന്തന്‍ ചെഴിയന്‍ ആക്രമിച്ചു നശിപ്പിച്ചതും ദേവവിഗ്രഹം കവര്‍ന്നതുമായ പരാമര്‍ശം'അകനാനൂറി'ല്‍ നക്കീരന്‍ പ്രതിപാദിക്കുന്നു. പാണ്ഡ്യരാജാവ് നെടുംചെഴിയന്റെ ആസ്ഥാനകവിയാണ് നക്കീരന്‍. ആയ് രാജ്യത്തെ കൂടെനിര്‍ത്തിയാണ് പാണ്ഡ്യരുടെ വരുതിയിലായിരുന്ന നെല്‍ക്കിണ്ട ചേരന്മാര്‍ പിടിച്ചടക്കിയത്. കൂടെ നിര്‍ത്താന്‍ വെളിയന്‍ ഗോത്രത്തലവന്റെ കുടുംബാംഗവുമായി ഒന്നാം ചേരവേന്തന്‍ വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. ആയ് എന്ന സ്ഥാനപ്പേരോടെ പിന്നീട് വെളിയര്‍ ഗോത്രത്തലവനെ നെല്‍ക്കിണ്ടയുടെ അധിപതിയുമാക്കി.

അധികാരം കുത്തകയാക്കാന്‍ പോരു മാത്രമല്ല, പലപ്പോഴും വിവാഹത്തിലൂടെയും ദത്തെടുക്കുന്നതിലൂടെയും ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സ്വീകരിച്ചതായി കാണാം.
നറവ് വാണിജ്യകേന്ദ്രം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നന്നനുമായി നടത്തിയ യുദ്ധത്തിലൂടെയാണ്  പിടിച്ചെടുത്തത്.മുചിരി, തൊണ്ടി തുടങ്ങിയ മുഖ്യവാണിജ്യ തുറമുഖങ്ങളും  സ്വന്തമാക്കിയ ശേഷം പെരിയാറിനും മണിമലയാറിനുമിടയില്‍ ചേരവംശത്തിന്റെ തെക്കന്‍ശാഖ സ്വാധീനം വ്യാപിപ്പിച്ചു. പാമ്പാര്‍, അമരാവതി, കാവേരി നദികളിലൂടെ കാവേരിപൂം പട്ടണത്തിലേക്കും ചരക്കുകളെത്തിച്ചു. വാണിജ്യ വികാസത്തിനനുസരിച്ച് വഞ്ചിമുത്തൂര്‍, ഇളയ മുത്തൂര്‍, ധാരാ പുരം, കരൂര്‍ എന്നിവിടങ്ങളിലേക്ക് തലസ്ഥാന സങ്കേതങ്ങള്‍ മാറി. ചേരന്മാരുടെ വടക്കന്‍ ശാഖ വളര്‍ന്നു് കൊംഗുനാടായി മാറി. ചന്ദനവും അപൂര്‍വ രത്‌നക്കല്ലുകളുടെ ലഭ്യതയും ആഭരണനിര്‍മാണവും വിശ്വവാണിജ്യ ശക്തികളെ പ്രധാനമായും ആകര്‍ഷിച്ചു.

ധനൊയ്യല്‍ നദിക്കരയിലെ പുരാതത്വ പര്യവേഷണങ്ങളില്‍ വിവിധ രത്‌നങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. വൈഡൂര്യം, പുഷ്യരാഗം, സുഗന്ധിക്കല്ല്, മാണിക്യം, ഇന്ദ്രനീലം, അക്കിക്കല്ല് ,സൂര്യകാന്തിക്കല്ല് മുതലായവ. കൊടുമണാലില്‍ (സംഘകാലത്തെ കൊടുമണം) നിന്ന് റോമന്‍ നാണയങ്ങളും (ആഇ, അഉ ഒന്നാം നൂറ്റാണ്ടുകളിലെ ) ആയുധമുണ്ടാക്കാനുപയോഗിച്ച ഉരുക്കും പുരാവസ്തുക്കളായി ലഭിക്കുകയുണ്ടായി. ആയ്ക്കുടി ആസ്ഥാനമായ വെളിയന്മാരുടെ ആയ് ദേശം , കൊട്ടമ്പലം ആസ്ഥാനമായ പൊറയന്മാരുടെ ദേശം, പിട്ടന്‍ കൊറ്റന്റെ  കുതിരമല, , നൊയ്യാല്‍ നദിയോരത്തെ കടുനാട് എന്നീ ദേശങ്ങളിലൂടെ ചേരന്മാരുടെ ആധിപത്യം  പടര്‍ന്നു. സമ്പദ് സമൃദ്ധിയുടെ നാടായ കുടനാട് പിടിച്ചു. കുടനാടിന്റെ 'കോ ' ആയിത്തീര്‍ന്നതിനാലാണ് ഒരു ചേരരാജാവിന് ഇമയവരമ്പന്‍ കുടക്കോ നെടുംചേരലാതന്‍ എന്ന സ്ഥാനപ്പേരു പതിഞ്ഞത്. വേന്തന്മാരായ (ചക്രവര്‍ത്തിപദം) ചേരരാജാക്കന്മാര്‍ വഹിച്ച പദവിയാണ് ആതന്‍.വേളിയര്‍ ഗോത്ര രാജാവ്  ആയ് എന്ന പദവിയും വഹിച്ചു. ഈജിപ്തില്‍ സൂര്യദേവനാണ് ആതന്‍.ആരാധകനായ ഫറവോ അക്കിനാതന്‍ എന്നു പേരു മാറ്റി. 'ആയി ' അദ്ദേഹത്തിന്റെ പിന്‍ഗാമി. ആതന്‍ പദവി ഉപയോഗിക്കാത്തവരുമുണ്ട്. ചെങ്കുട്ടുവന്‍ സ്വീകരിച്ചതായി കാണുന്നില്ല.

വേന്തന്മാരല്ലാത്തവര്‍ കുട്ടുവന്‍, ചേരല്‍, ഇരുമ്പൊറൈ, കോ എന്നീ പദവികള്‍ വഹിച്ചതായി കാണാം. ചേരവേന്തന്‍ പ്രവിശ്യകള്‍ നേരിട്ട് ഭരിച്ചില്ല. ചേരല്‍, കുട്ടുവന്‍, ഇരുമ്പൊ റൈ, ആഴിയന്‍ എന്നിവരാണ് അത് നിര്‍വഹിച്ചത്. വേന്തന്മാരായി ഗണിക്കുന്നത് സ്വയം നിര്‍ണയാധീശത്തവും മറ്റു രാജാക്കന്മാരുടെ അംഗീകാരവുമുള്ള മഹാരാജാക്കന്മാരെയാണ് .ദക്ഷിണപഥത്തില്‍ അത്തരത്തില്‍ മൂന്നു പേര്‍ മാത്രം - ചേര, ചോള, പാണ്ഡ്യര്‍.
അതിവിസ്തൃതമായ സാമ്രാജ്യം ഈ മൂന്നു കൂട്ടര്‍ക്കുമില്ല. സ്വതന്ത്ര ഭരണമുണ്ടായിരുന്ന രാജ്യങ്ങള്‍ അവര്‍ക്കിടയില്‍  ഒട്ടേറെയുണ്ടായിരുന്നു.അത്തരം രാജാക്കന്മാര്‍  വേള്‍ എന്നറിയപ്പെട്ടു. ഇവര്‍ ചില ഘട്ടങ്ങളില്‍ വേന്തന്മാര്‍ക്ക് വിധേയത്വം പുലര്‍ത്തിയിട്ടുണ്ട്. വേന്തപദവിയിലെത്താന്‍ സാധ്യതയുള്ളവരാണ് അവര്‍. ചേരന്‍ പാണ്ഡ്യര്‍ക്കും ചോളര്‍ക്കും ശേഷമാണ് വേന്തപദവിയിലെത്തുന്നത്. ചില ചെറുനാടുകളില്‍ അധികാരമുണ്ടായിരുന്നവരാണ് കോ/ കോന്‍ / ചിറ്റരചന്മാര്‍.. ഇതിനെല്ലാം പുറമെ കിഴാര്‍ എന്നറിയപ്പെട്ട ചില പ്രാദേശിക ഭരണാധികാരികളുമുണ്ടായിരുന്നു.

തമിഴ്‌സംഘകാലത്തിന്റെ അന്ത്യത്തില്‍ രചിച്ച 'തിവാകര നികണ്ടു' വില്‍ ചേരമാന്‍രാജാക്കന്മാര്‍ക്ക് കൊടുത്ത ബിരുദങ്ങളെപ്പറ്റി അധ്യായം 5 ല്‍ പരാമര്‍ശിച്ചിരുന്നുവല്ലോ. ഗോത്രത്തലവന്മാരായ 18 വേളുകളെപ്പറ്റി  സംഘകൃതികള്‍ പരാമര്‍ശിക്കുന്നുണ്ട്: ചേരല്‍, കുട്ടുവന്‍, ഇരുമ്പൊറൈ, ആഴിയന്‍, ആവി, വെളിയന്‍ (ആയി വംശം) ,മലയമാന്‍ (മാന്‍ =മഹാന്‍) , വള്ളുവന്‍, വട്ടാറ്റ് ഏഴിനി, നന്നന്‍, അതിയമാന്‍, പാരി, ഓരി, കാരി, ഇരുങ്കോ,തിതിയന്‍, തിത്തന്‍, നള്ളി എന്നിവര്‍.

ചേരരാജ്യം  അഭിവൃദ്ധി പ്രാപിച്ച കാലത്ത് അതിന്റെ ഭരണസംവിധാനങ്ങളും വിപുലപ്പെട്ടു. വേന്തന്‍ രാജ്യത്തെ വിവിധ മേഖലകളായി തിരിക്കുകയും സ്വയംഭരണ മേഖലകള്‍ തുറക്കുകയും ചെയ്തു.ചേരവംശം വേള്‍, കുട്ടുവന്‍, ഇരുമ്പൊറൈ, ചേരല്‍ (ചെല്‍ ) തുടങ്ങിയ പദവികള്‍ അവര്‍ക്കു നല്‍കി. കുടനാടിന്റെ (കോടനാട് - കുടകു നാട്) ഭരണാധികാരിക്ക്  കുടക്കോ എന്ന നാമം നല്‍കിയതായും കാണാം. ചേരരാജ്യത്തെ വേള്‍ ആയിരുന്ന ഉതിയന്‍ ചേരല്‍ തന്റെ മകനെ കുടനാടിന്റെ പ്രാദേശിക ഭരണാധികാരിയാക്കിയിരുന്നു.

പൊതുവെ യുദ്ധമേഖലയായിരുന്നില്ല ആ കാലഘട്ടം.വാണിജ്യ യുദ്ധങ്ങള്‍ അരങ്ങേറിയിരിക്കാം. ഘോരയുദ്ധങ്ങള്‍ നടന്നതായതിന്റെ സാക്ഷ്യങ്ങളില്ല; സാഹിത്യകൃതികള്‍ കഥകളൊത്തിരി കെട്ടിച്ചമച്ചിട്ടുണ്ടെങ്കിലും. വാഴ്ത്തിപ്പാടാനും പരാജയത്തിന്റെ തെളിവുകള്‍ മറച്ചു പിടിക്കാനും ശ്രദ്ധിച്ചിട്ടുണ്ടാവണം. ഒന്നാം ചേരവേന്തന്റെ കാലത്ത് വെണ്ണാര്‍ നദി മൂന്നു ശാഖകളായി പിരിയുന്ന വെണ്ണി എന്ന സ്ഥലത്ത് ചോളരുമായി നടന്ന യുദ്ധത്തില്‍ ഉതിയന്‍ ചേരലാതന്‍ പരാജിതനായതിനാല്‍ മുരഞ്ചിയൂര്‍ മുടിനാകരായര്‍ എന്ന കവി സംഘകൃതിയായ പുറനാനൂര്‍ (2 )ല്‍ ഒരു പരാമര്‍ശവും നടത്തുന്നില്ല .അതേസമയം വേന്തന്റെ മഹത്വം നിറംപിടിപ്പിക്കുന്നതായും  കാണാം:

''പെരിഞ്ചോറ്റുതിയന്‍ ചേരലാതന്റെ നാട്ടിലെ കടലില്‍ സൂര്യനുദിക്കുകയും അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ  സൂര്യനസ്തമിക്കുകയും ചെയ്യുന്നു''എന്ന മട്ടില്‍ കവിഭാവന കാടുകയറുന്നു. അന്നദാനം ബഹുകേമത്തില്‍ നടത്തിയതിനാണ് പെരിഞ്ചോറ്റ് ഉതിയന്‍ എന്ന ബഹുമതി കിട്ടിയത്.

അകം പാട്ടില്‍ :''സ്വര്‍ഗം പൂകിയ പൂര്‍വികര്‍ക്ക് പെരിഞ്ചോറ് കൊടുത്തപ്പോള്‍ അതിനു ചുറ്റും തിക്കിക്കൂടിയ കൂളികളെപ്പോലെ ചെറുതും വലുതുമായ മലകള്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നതായി '' വര്‍ണിക്കുന്നുണ്ട്.പൂര്‍വികരുടെ ശ്രാദ്ധത്തിനാണ് അന്നദാനം.'ഉതിയന്‍ ചേരല്‍ എന്ന ചേരമന്നന്‍ ധാരാളം അന്നദാനം നടത്തി ' യതായും അകംപാട്ടില്‍ മാമൂലനാര്‍
പ്രകീര്‍ത്തിക്കുന്നു.

പത്തുപാട്ടിലെ 'പൊരുനരാറ്റുപടൈ' യില്‍ മുടത്താമക്കണ്ണിയാരുടെ യുദ്ധ വര്‍ണനയിങ്ങനെയാണ്: ''വേപ്പിന്‍ പൂമാലയണിഞ്ഞ പാണ്ഡ്യവേന്തനും പനമ്പൂ മാലയണിഞ്ഞ ചേരവേന്തനുമാകുന്ന ഇരുപെരുന്തേരും അത്തിമാല ധരിച്ച കരികാല്‍ വളവനെതിരായി യുദ്ധം ചെയ്തതായി ''. വേപ്പ് , പന, അത്തി എന്നിവ യഥാക്രമം പാണ്ഡ്യ,ചേര,ചോളരുടെ  വംശവൃക്ഷങ്ങളാണ്.(പാണ്ഡ്യരുടെ ആദിഗോത്രം അഗസ്ത്യ ഗോത്രം. കുലത്തിന്റെ ചിഹ്നം മത്സ്യം, വൃക്ഷം വേപ്പ് (വേമ്പ്) ചേരന്മാരുടേത് ആത്രേയഗോത്രം(വിശ്വാമിത്ര ഗോത്രം:പത്മപുരാണപ്രകാരം).കുലത്തിന്റെ ചിഹ്നം വില്ല്, വൃക്ഷം പന (പോന്തൈ).തെങ്ങും പെടും. ചോഴരുടേത് കാശ്യപഗോത്രം- ചിഹ്നം കടുവ, വൃക്ഷം അത്തി).

പതിറ്റുപ്പത്ത് ഒമ്പതിലെ പാട്ട് 8 ല്‍ ചെങ്കുട്ടുവനെ സ്തുതിക്കുന്നത് : 'കടലിനെ വേലെറിഞ്ഞു പുറകോട്ടു മാറ്റിയ ചെങ്കുട്ടുവന്‍' എന്നാണ്. ഇമയവരമ്പന്‍ നെടുഞ്ചേര ലാതനെ ഹിമാലയത്തോളം കീര്‍ത്തി പരത്തിയവനായാണ് വാഴ്ത്തുന്നത്. ഉതിയന്‍ ചേരലാതനെ  വാഴ്ത്തുകാര്‍ വാനവരമ്പനാക്കി.

ഇമയവരമ്പന്റെരണ്ടു മക്കളില്‍ മൂത്തവനാണ് ചെങ്കുട്ടുവന്‍. ഇളയവന്‍ സന്ന്യാസം സ്വീകരിച്ച ഇളങ്കോ അടികള്‍ ചിലപ്പതികാരത്തിന്റെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനാണല്ലൊ.

പത്താംചേരവേന്തനെപ്പറ്റി സംഘം കൃതികള്‍ നിശബ്ദമാണ്. ചോളന്മാരോട് യുദ്ധത്തില്‍ തോല്‍ക്കുകയും വധിക്കപ്പെടുകയും ചെയ്തത് ഈ രാജാവാണ്.ചേരന്മാരുടെ അന്നത്തെ ആസ്ഥാനം കരവൂര്‍ ചോളരാജാവ് കുളമുറ്റത്തു തുഞ്ചിയ കിള്ളി വളവന്‍ പിടിച്ചടക്കുകയും കത്തിക്കുകയും ചെയ്തപ്പോള്‍ ചേരവേന്തന്‍ യുദ്ധം നയിക്കാതെ കോട്ട അടച്ച് ഇരുന്നുവെന്ന് പുറ നാനൂറില്‍  പറയുന്നു.പരാജിതനെപ്പറ്റി പരാമര്‍ശിക്കുന്നതു പോലും ചേരപാരമ്പര്യത്തിനിണങ്ങുന്നതായിരുന്നില്ല. പത്ത് രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന പതിറ്റുപത്തിന്റെ ഒന്നും പത്തും അവശേഷിക്കാതിരുന്നതും അതുകൊണ്ടാവണം.പുകഴൂര്‍ ശാസനത്തില്‍ നിന്നാണ്  പത്താമന്റെ / അവസാനത്തെ  വേന്തന്റെ പേര് ആതന്‍ ചേരല്‍ ഇരുമ്പൊറൈ (കോ ആതന്‍ ചെല്‍  ഇരുമ്പൊറൈ)ആണെന്നു അനുമാനിക്കപ്പെട്ടത്. (കാവേരി തീരത്ത് പുകഴൂര്‍ ഗ്രാമത്തിലെ അര്‍ നാട്ടാര്‍ മലയില്‍ കൊത്തിവച്ച ബ്രാഹ്മി ലിപിയിലുള്ള ശാസനങ്ങളില്‍ നിന്ന് ഇങ്ങനെ വായിച്ചെടുത്തിട്ടുണ്ട്:'മുതാ അമണ്ണന്‍ യാറ്റൂര്‍ ചെങ്കായപന്‍ ഉരൈ കോ ആതന്‍ ചെല്ലിരുമ്പൊറൈ മകന്‍ പെരുങ്കടുങ്കോന്‍ മകന്‍ ഇളയ കടുങ്കോ ഇളങ്കോന്‍ ആക അരുപിത കല്‍') .

എരുമ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന നാടുവാഴിയുടെ (ഊരന്‍ ) കീഴിലുള്ള എരുമയൂര്‍ എന്ന സമതല പ്രദേശവും
രണ്ടാം ചേരരാജാവിന്റെ കാലത്ത് അധീനത്തിലാക്കി.(എരുമൈയൂര്‍ എന്ന പേരില്‍ കുടകു നാടിനോട് ചേര്‍ന്ന് മറ്റൊരു പ്രാചീന ദേശവുമുണ്ടായിരുന്നു.
എരുമയൂര് പില്‍ക്കാലത്തെ എരുമാട് എന്ന സ്ഥലനാമത്തില്‍ അവശേഷിച്ചതു കാണാം). ബ്രിട്ടീഷ് മലബാറിലെ പൊന്നാനി, പട്ടാമ്പി എന്നിവയുള്‍പ്പെടെ ഭാരതപ്പുഴയ്ക്കും പുഴക്കല്‍പ്പുഴയ്ക്കുമിടയിലെ ഒരു താലൂക്കാണ്  കുടനാട്. പൊന്നാനിപ്പുഴയ്ക്കു വടക്കും വയനാടിന്റെ പടിഞ്ഞാറുമായി കിടക്കുന്ന തീരദേശം പൂഴിനാട് കയ്യടക്കി അതുവഴി ടിണ്ടിസ് തുറമുഖത്തിലേക്ക് മാര്‍ഗമൊരുക്കി.  ഇതിലേക്കുള്ള വഴി തുറന്നു കിട്ടാന്‍ വയനാടും ചേരന്മാര്‍ അധീനതയില്‍ കൊണ്ടുവന്നു.വയനാടിന്റെ വേള്‍ ആയിരുന്ന നന്നനും ടിണ്ടിസിനു വേണ്ടി പൂഴിനാട് പിടിക്കുവാന്‍  തയ്യാറായിരുന്നു.
ആയ് രാജാവ്   എയിനനെ കൊന്നതിനാല്‍, പാഴിയുദ്ധത്തിലൂടെ നാര്‍മുടിചേരലാതന്‍ ഏഴിമലയിലെ നന്നനോടു പകരം വീട്ടിയതായി പറയപ്പെടുന്നു. നന്നനെ വധിച്ച് അയാളുടെ അധീനതയിലുള്ള ദേശങ്ങള്‍ കയ്യടക്കിയതായും പുരാവൃത്തത്തിലുണ്ട്.

അന്നത്തെ ഭൂമിശാസ്ത്ര പശ്ചാത്തലവും ചേരാധിപത്യത്തിന്റെ വളര്‍ച്ചയുടെ നിലയും പരിഗണിക്കുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഏഴിമലയോളം എത്തിച്ചേരാനുള്ള സാധ്യത പരിശോധിക്കപ്പെടേണ്ടതാണ്.
ഏഴിമലയുടെ പശ്ചാത്തലത്തില്‍ മറ്റു ചില യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
എ.ഡി. പന്ത്രണ്ടാം ശതകത്തില്‍ ഹൊയ്‌സള രാജാവായ വിഷ്ണുവര്‍ധന്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഏഴിമലയും ഉള്‍പ്പെടുന്നു.
ഏഴുംമലയെന്ന നാമം മൈസൂറിലെ ഹുണ്‍സൂറിലുള്ള ഒരു കര്‍ണാടക ശിലാലിഖിതത്തില്‍ കാണാം :
''തുളു ദേശം ചക്രനൊട്ടം 
തലവനപുര മു-
ച്ചംഗികോളാലവേളുംമലെവല്ലൂര്‍  
കാഞ്ചി''
മൈസൂരിലെ കാടികെരെയുള്ള പന്ത്രണ്ടാം ശതകത്തിലെഴുതപ്പെട്ട ഒരു ലിഖിതത്തില്‍ വടക്കന്‍ കാനറ ജില്ലയിലെ ഹൈഹയരാജവംശത്തിലെ ഒരു രാജാവിന് 'ഏഴും സിംഹാസന'ത്തിന്റെ അവകാശി എന്ന ബിരുദം രേഖപ്പെടുത്തിയിട്ടുണ്ട്. കടമ്പുകാവല്‍മരമായിരുന്ന കടമ്പുരാജ്യത്തെ രണ്ടാം ചേരവേന്തന്‍ നെടുംചേരലാതന്‍ ആക്രമിച്ചുവെന്ന  ചരിത്രം അടിസ്ഥാന രഹിതമാണെന്ന്  ചരിത്രാന്വേഷകനായ  ഡോണ്‍ ബോസ് കൊ ചൂണ്ടിക്കാട്ടുന്നു. ആ യുദ്ധത്തില്‍  ലങ്കയാണ് ആക്രമിക്കപ്പെട്ടത്.  വങ്കനാസിക തിസ്സ (AD 111-114) എന്ന സിംഹള രാജാവ് വധിക്കപ്പെടുകയുമുണ്ടായി. മാന്തൈനഗരം ലങ്കയുടെ പടിഞ്ഞാറ് ഭാഗത്തെ പുരാതന തുറമുഖമാണ്.ഇത് ചേരന്മാര്‍ പിടിച്ചെടുത്തതായും 'മഹാവംശം' പ്രതിപാദിക്കുന്നുണ്ട്. കടലിലൂടെ കപ്പലോടിച്ചു ചെന്ന് വലിയ കടലിലെ ദ്വീപില്‍ കടമ്പുമരം കാവല്‍മരമായിരുന്നവരുടെ വൃക്ഷങ്ങള്‍ വെട്ടി പെരുമ്പറയുണ്ടാക്കിയെന്നാണ് സംഘകൃതിയിലെ വിവരണം.(പതിറ്റു പത്ത് രണ്ടാം പത്ത്; അകനാനൂറ് 127,347- മാമൂലനാര്‍ ). രാജധാനിക്കു ചുറ്റും  വംശവൃക്ഷം വച്ചുപിടിപ്പിക്കല്‍ അന്നത്തെ രാജപാരമ്പര്യമായിരുന്നു.അത് നശിപ്പിക്കപ്പെട്ടാല്‍ രാജാവ് പരാജിതനായതിനു തുല്യമാണ്. തുംഗഭദ്രയുടെ പോഷകനദിയുടെ തീരത്തുള്ള ബനവാസി തലസ്ഥാനമായ കടമ്പുരാജ്യം സ്ഥാപിച്ചത് AD345ലുമാണ്. AD 607 വരെ നിലനില്‍ക്കുകയും ചെയ്തു. ഒന്നാം നൂറ്റാണ്ടിലെ ചേരവേന്തന് രണ്ടു നൂറ്റാണ്ടു കഴിഞ്ഞുണ്ടായ ഒരു രാജ്യവുമായി യുദ്ധം നടത്തി ജേതാവാകാനുമാവില്ല .

ഏഴിമല അധിപനെ പരാജയപ്പെടുത്തിയെന്ന കഥയിലും ഈ പ്രശ്‌നം കടന്നു വരാം. ആനമലയുടെ കിഴക്കുള്ള മറ്റൊരു ദേശത്തിന്റെ അധിപനുമാവാം ഈ പുരാവൃത്തത്തിലെ  ഏഴിമലയന്‍. അവിടെ ഒരു ഏഴുമലയന്‍ ക്ഷേത്രം ഇപ്പോഴുമുണ്ട്.കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ദേശത്ത്  പില്‍ക്കാലം ചേരസാമന്തനായി മാറിയ ഏഴിനി എന്നൊരധിപന്റെ പേരും ചരിത്രത്തിലുണ്ട്. ചേരഗോത്രത്തിന്റെ പരദേവത കൊറ്റവെയുടെ സ്ഥാനമായ അയിരമലയും എലിമലയാണ്. അജിര(എലി)മാണ് 'അയിര'മായത്.

നന്നന്റെ അധീനതയിലുള്ള പൂഴിനാടിന്റെ ഭൂപ്രകൃതി പതിറ്റുപ്പത്തില്‍  ചിത്രീകരിച്ചതു (3.1.2023) വ്യത്യസ്തമായ മറ്റൊരു ദേശമാണ് പ്രദര്‍ശിപ്പിക്കുന്നത്. 'പാറക്കെട്ടുകളുള്ള വിശാലമായ കാടുകളില്‍ നിന്ന് പ്രകാശം വിതറുന്ന രത്‌നങ്ങള്‍ പെറുക്കിയെടുക്കാറുള്ളതും മലകളുള്ളതുമായ പൂഴിയര്‍ കാവ്'. ഈ മലകള്‍ക്കിടയിലെ കാട്ടിലാണ് പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്റെ അടുത്ത ബന്ധുവായ  ആയ് രാജാവ് എയ്‌നനും കുതിരമലയിലെ ചേര സേനാധിപതി പിട്ടന്‍ കൊറ്റനും നന്നന്റെ പടത്തലവന്‍ ഞിമിലിയാല്‍ കൊല്ലപ്പെടുമ്പോള്‍ കൂമനെപ്പോലെ ഒളിച്ചിരുന്നതെന്നും അകനാനൂര്‍ പരിഹസിക്കുന്നു.

വടക്കന്‍ കേരളത്തിലെ ഒരു രാജാവുമായി യുദ്ധം ചെയ്യാനുള്ള ചരിത്രസാഹചര്യത്തിലേക്ക് ചേരവംശം അന്ന് മുന്നേറിയതായി കരുതാനുമാവില്ല. പാണ്ഡ്യരാജാവിന്റെ ആസ്ഥാന കവിയായ നക്കീരന്‍ അകനാനൂറില്‍(36) ചിത്രീകരിക്കുന്ന തലൈയാലങ്കാനം യുദ്ധത്തില്‍  തങ്ങളുടെ രാജാവ് വരഗുണപാണ്ഡ്യന്‍ (നെടും ചെഴിയന്‍) കീഴ്‌പ്പെടുത്തിയ ഏഴു രാജാക്കന്മാരിലൊരാള്‍ മാത്രമാണ് ചേരരാജാവ്:

''ചേരന്‍ ,ചെമ്പിയന്‍, ചിനങ്കൊഴു തി തിയന്‍,
പോര്‍വല്‍യാനൈപ്പൊലമ്പൂണെഴിനി
നാരരിനറവിനെരുമൈയൂരന്‍,
റേങ്കമഴകലത്തുപ്പുലര്‍ന്ത ചാന്തി -
നിരുങ്കോവേണ്‍മാനിയ രേര്‍പ്പൊരുനെന്‍ -
റെഴുവര്‍നല്‍വലമടങ്കവൊരുപകന്‍ ''
(ചേരന്‍ ,ചോളന്‍,
കോപപ്രകൃതനായ തിതിയന്‍, സുശക്തമായ ആനപ്പടയുള്ള സ്വര്‍ണമാലധാരിയായ ഏഴിനി, പൊന്നിന്‍കസവു വസ്ത്രമണിഞ്ഞ എരുമൈയൂര്‍ രാജാവ് , ചന്ദനം പൂശിയ മാറിടമുള്ള ഇരുങ്കോ വേള്‍ ,പാഞ്ഞു പോകുന്ന തേരില്‍ നിന്ന് യുദ്ധം ചെയ്യുന്ന പൊരുനന്‍ എന്നിവരാണവര്‍) .കൊന്നൊടുക്കിയെന്നത് അതിശയോക്തി. തടവിലായ രാജാവിനെ സേനാനായകര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഒന്നാം നൂറ്റാണ്ടില്‍ വല്‍വില്‍ ഓരിയുടെ കൊല്ലിമലയും എട്ടാം ചേരവേന്തനായ പെരുംചേരല്‍ ഇരുമ്പൊറൈ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൊല്ലങ്കോടിലെ പൊറയനാടും കടു നാടും അമരാവതീ തടം മുഴുവനും ഉള്‍പ്പെടുന്ന ഭാഗം ഭരിക്കുന്ന വേള്‍ ആണ് ഇരുമ്പൊറൈ.മലയുടെ ഇരുപുറവും അധിപതിയായതിനാലാണ് ഇരുംപുറൈ എന്ന വിശേഷണം .

ഇന്നത്തെ ധര്‍മപുരിക്കു ഏഴു കി.മീ. തെക്ക്  തകടൂര്‍ ആസ്ഥാനമായ അതിയമാന്‍ നാടും ഇരുമ്പൊറൈ ആക്രമിച്ച് നെടുമാനഞ്ചിയേയും  മകന്‍ പോകിട്ടെഴിനിയേയും വധിച്ച് ദേശം പിടിച്ചടക്കുന്നുണ്ട്.
അതിയമാന്‍ അതിനു മുമ്പ് വേള്‍ മലയമാനെ ആക്രമിച്ച് മുള്ളൂര്‍മല കീഴടക്കിയതിന്റെ സൂചന  തലസ്ഥാനമായ കോവിലൂര്‍ (ഇന്നത്തെ തിരുക്കോവിലൂര്‍) അടുത്തുള്ള ജംബയ് ഗ്രാമത്തിലെ ശിലാശാസനം വ്യക്തമാക്കുന്നു. അഉ 200ല്‍ എഴുതപ്പെട്ട ശാസനത്തില്‍  'സതിയ പുതൊ അതിയന്‍ നെടുമാന്‍ അഞ്ചി ഇട്ട പള്ളി' എന്നാണ് ലിഖിതം. മലയമാനെന്നത് രാജാവിന്റെ സ്ഥാനനാമമാണ്.മലയമാന്‍ ആദ്യം ചോളന്റെ ആശ്രിതനായിരുന്നു.പിന്നെ ചേരന്റെ സാമന്തനായി. AD215ല്‍ ചേരതലസ്ഥാനം ചോള വേന്തന്‍  കുളമുറ്റത്തു തൂഞ്ചിയ കിള്ളി വളവന്റെ സൈന്യം തീവെച്ച് നശിപ്പിച്ച ശേഷം കുടനാട് പിടിച്ചെടുത്തതായി പുറനാനൂറ് 36-ല്‍ ആലത്തൂര്‍ കിഴാര്‍ പാടുന്നു.

കൊടൈക്കനാലിനടുത്തുള്ള പാലൈ മലയാണ് (പൊതിയില്‍ മലയെന്നു സംഘകൃതി) ആവിഗോത്രത്തിന്റെ ആസ്ഥാനം.ആയ്ക്കുടി ആസ്ഥാനമായ ആയ് രാജ്യം ( വെളിയര്‍ വംശം)  ഒന്നാം ചേരന്റ ഭാര്യാഗോത്രം കൂടിയാണ്. പുരാതന മുരുകക്ഷേത്രം പഴനി ഈ രാജ്യത്തിന്റെ പരിധിയിലാണ്. റോമന്‍ ചക്രവര്‍ത്തിമാര്‍ അഗസ്റ്റസ് മുതല്‍ നെര്‍വ വരെയുള്ളവരുടെ റോമാനാണയങ്ങള്‍ ( 63) ഈ ഭാഗത്തു നിന്നു കണ്ടുകിട്ടുകയുണ്ടായി. പാലക്കാടന്‍ ചുരത്തിന്റെ തെക്കുഭാഗമാണ് പൊറയദേശം . അന്തുവന്‍ ചേരല്‍ ഇരുമ്പൊറൈയു ടെ ഭാര്യാഗൃഹം കൂടിയാണ് ഇവരുടെ രാജധാനി .ഭരണത്തലവനെ നിശ്ചയിക്കേണ്ടുന്ന സന്ദര്‍ഭത്തില്‍ സ്വന്തം ഗോത്രത്തില്‍ യോഗ്യരില്ലെങ്കില്‍ ബന്ധു ഗോത്രത്തില്‍ നിന്നുള്ളവരെ  അവരുടെ സമ്മതപ്രകാരം തെരഞ്ഞെടുക്കാറുണ്ട്. വെളിയന്‍,ആവി, പൊറയന്‍ ഇതൊക്കെ ബന്ധു ഗോത്രങ്ങളായിരുന്നു.

ചേരരാജാക്കന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘകാലത്തിനുശേഷമുണ്ടായ ചില കൃതികളിലും കാണാം. എ.ഡി. 800-നടുത്ത് രചിക്കപ്പെട്ട 'മുത്തൊള്ളായിരം' ഒരുദാഹരണം. ചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ ആസ്ഥാനമായ വഞ്ചിയെപ്പറ്റിയുമാണ് ഈ കൃതി പ്രധാനമായും പ്രതിപാദിക്കുന്നത്. കുലശേഖര ആഴ് വാരുടെ (എ.ഡി. 9-ാം ശതകം?) പെരുമാള്‍ തിരുമൊഴിയും ചില ചരിത്രവസ്തുതകളിലേക്ക് വെളിച്ചം വീശുന്നു. വൈഷ്ണവ സിദ്ധനായ നമ്മാഴ് വാരുടെ തിരുവായ്‌മൊഴിയും പ്രധാനമാണ്. ചേക്കിഴാര്‍ (എ.ഡി. 12-ാം ശതകം) എഴുതിയ പെരിയപുരാണം ചേരമാന്‍ പെരുമാള്‍ നായനാരുടെ ജീവിതകഥ അനാച്ഛാദനം ചെയ്യുന്നു. ചേരരാജധാനിയായ വഞ്ചിയെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു കൃതിയാണ് ഒട്ടക്കൂത്തന്റെ (12ാം ശതകം) തക്കയാകപ്പരണി.

എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ പൂര്‍ത്തിയായ ആദിചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചക്കു ശേഷം ,കുറുനില മന്നന്മാരും നാടുവാഴികളും തമ്മിലടിച്ച നാലഞ്ചു നൂറ്റാണ്ടുകളാണ് കടന്നുവന്നത്. കളഭ്രരും പല്ലവരും ചാലൂക്യരും രാഷ്ട്രകൂടന്മാരും  തമിഴകരാജ്യങ്ങളും മലനാടുകളും കീഴടക്കുന്നതും ഈ സാഹചര്യത്തിലാണ്.ആദ്യം കളഭ്രര്‍ കീഴക്കി,എ.ഡി. മൂന്നു മുതല്‍ 6 വരെ തുടര്‍ച്ചയായല്ലെങ്കിലും കളഭ്രരുടെ അധീനതയിലാണത്രെ. ആറാം ശതകത്തില്‍  കളഭ്രരെ തോല്പിച്ച് ചാലൂക്യര്‍ അധിനിവേശം നേടുന്നു.എ.ഡി. 560-630 കാലയളവില്‍ പല്ലവരും എ.ഡി. 753 ല്‍ രാഷ്ട്രകൂടരും കേരളം കീഴക്കിയതായാണ്  ചില ചരിത്രനിരീക്ഷണങ്ങള്‍.കുലശേഖരആധിപത്യം പത്താം നൂറ്റാണ്ടിനു ശേഷം തകരുന്നതും ചോള - പാണ്ഡ്യ ആധിപത്യം തിരിച്ചു വരുന്നതും വീണ്ടും ശിഥിലമാകുന്നതും ചരിത്രം വിസ്തരിക്കുന്നു.

ഈ കാലയളവിലെ ആര്യബ്രാഹ്മണരുടെ അധിനിവേശങ്ങളും അവരുടെ ഗ്രാമസങ്കേതങ്ങളും കേരളമെന്ന ഒരു ദേശഭാഗത്തെ രൂപപ്പെടുത്തുന്നുണ്ട്. എട്ടാംനൂറ്റാണ്ടില്‍ ചോള ചേരപാണ്ഡ്യന്മാരുടെ പ്രത്യാഗമനങ്ങളുണ്ടാകുന്നു.രണ്ടാം ചേരാധിപത്യമെന്ന് ചരിത്രകാരന്മാര്‍ പരിഗണിച്ച  മൂന്നാലു നൂറ്റാണ്ടുകളിലൂടെ കേരളം കടന്നുപോകുന്നു. അപ്പോഴും ആദിമലനാടിന്റെ പ്രധാന പരിധി മൂഷികവംശമുള്‍പ്പെടെയുള്ള അധികാരശക്തികളുടെ അധീനതയിലാണ്. കാലക്രമത്തില്‍ കോലത്തുനാടെന്ന പേരിലും  ഈ പ്രദേശങ്ങള്‍ പരിണമിച്ചു.

സംഘകാലപരിസരത്തേക്കു കണ്ണോടിച്ചാല്‍ പ്രധാനമായും മൂന്നു രാജ്യങ്ങളുടെ ചിത്രം അന്ന്  കേരളത്തിന്റെ സ്ഥാനത്തു കാണാം. ആയ്‌നാട്, ചേരനാട് ,മൂഷികനാട്. ചില സന്ദര്‍ഭങ്ങളില്‍ കൊങ്ങുനാട്, തുളുനാട്, നഞ്ചിനാട് എന്നിവയും ഈ പരിധിയില്‍ വരുന്നുണ്ട്.'ആദിമലനാടി'ന്റെ ഭൂരിഭാഗവും ഈ ഭൂപടത്തിന്റെ പുറത്താണ്.മൂഷികനാട് ,എരുമയ്യൂര്‍,ചേരനാട്, മലൈനാട്, സിതനാട് (നീലഗിരിയുള്‍പ്പെടുന്നത് )എന്നീ ദേശങ്ങളിലേക്ക് പില്‍ക്കാലങ്ങളില്‍ ലയിച്ചു തിരോഭവിച്ച, അതിര്‍ത്തിരഹിതമായ ഒരു ദേശപംക്തിയുടെ ഭൂപടമാണ് ആദി മലനാടിന് അനുയോജ്യമാകുന്നത്. അതിന്റെ ഭൂപടം വരച്ചെടുക്കാനാവില്ല, സാമൂഹ്യവ്യവസ്ഥ വരയാനേ ചരിത്രം അനുവദിക്കൂ .അതാവിഷ്‌കരിക്കുന്ന സാംസ്‌കാരിക പ്രകൃതി  സംഘകൃതികളിലുള്‍പ്പെടെ  പ്രതിഫലിക്കുന്നുണ്ട്. കൃതികളുടെ ഉള്ളടക്കത്തില്‍ രാജസ്തുതികളായി നിറഞ്ഞുനില്‍ക്കുന്ന വിവരണങ്ങളുടെ മറുപുറത്ത് ജനപദങ്ങളുടെ ചിത്രം അദൃശ്യമായി കിടപ്പുണ്ട്. ചേര, ചോള, പാണ്ഡ്യ, ആയ് രാജാക്കന്മാരുടെ മാഹാത്മ്യങ്ങള്‍ക്കൊപ്പം ദാനനിഷ്ഠനായ അതിയമാന്‍ നെടുമാന്‍ അഞ്ചിയും  മൂഷികവംശം നന്നനും,മലയമാന്‍ തിരുമുടിക്കാരി, പറമ്പുമല പാരി, കൊല്ലിമല ഓരി, നാഞ്ചി നാടുവള്ളുവന്‍ എന്നിവരും വാഴ്ത്തപ്പെടുന്ന പരാമര്‍ശങ്ങളില്‍ നിന്ന് ഈ ദേശീയതകളെയെല്ലാം കോര്‍ത്തിണക്കാന്‍ കഴിയുന്ന സാംസ്‌കാരിക ചക്രവാളത്തിന്റെ വൈവിധ്യപൂര്‍ണമായ ഏകതാനത വ്യക്തമാണ്.

സഹസ്രാബ്ദങ്ങളില്‍ അധിശത്വം പുലര്‍ത്തിയ രാജപരമ്പരകളുടെ സാന്നിധ്യം മലനാടിനുണ്ട്.അവയില്‍ മൂഷികരാജവംശവും കോലത്തിരി രാജവംശവുമാണ് ഭരണചരിത്രത്തിന്റെ സുപ്രധാന ഏടുകളില്‍ ഇടം നേടിയിട്ടുള്ളത്.
വയനാടിന്റെ വനസാമ്രാജ്യത്തെ വരുതിയിലാക്കി മുഴക്കുന്ന്  ആസ്ഥാനമായി വാണ പഴശ്ശിരാജാവും കണ്ണൂര്‍ ആസ്ഥാനമായി ലക്ഷദ്വീപുള്‍പ്പെടെയുള്ള ദേശാധികാരം കയ്യാളിയ അറയ്ക്കല്‍ രാജവംശവും ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി  അധികാര വാഴ്ചകളുടെ പരിധിയും ഭരണക്രമങ്ങളും കടന്നു വന്ന പ്രവിശ്യകളും ചരിത്രത്തി ലുണ്ടായിരുന്നു.ഈ രാജവംശങ്ങള്‍ ചേരമാന്‍ പെരുമാളില്‍ നിന്ന് അധികാര പിന്തുടര്‍ച്ച ലഭിച്ചതാണെന്ന ധാരണകളും ഒരു കൂട്ടം ചരിത്രകാരന്മാരാല്‍ വേരുറപ്പിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തെ മുഴുവന്‍ കാല്‍ച്ചുവട്ടിലാക്കി സാംസ്‌കാരികമായും സാമ്പത്തികമായും സുഭദ്രമായ അടിത്തറയുണ്ടാക്കിയെന്ന മട്ടില്‍ ഒന്നും രണ്ടും ചേരസാമ്രാജ്യകഥ ആസ്ഥാനചരിത്രകാരന്മാര്‍ പൂരിപ്പിക്കുന്നു. കൊല്ലം ഒന്നാം ശതകം തൊട്ടേ ഒരു സുവര്‍ണകാലം കേരള ജനതക്കു  പ്രദാനം ചെയ്തു എന്നു വരെ ആ ചരിത്രസ്തുതി നീളുന്നുണ്ട്. ലോകത്തിലെ വലിയ സാമ്രാജ്യങ്ങളെ വെല്ലുവിളിക്കാന്‍ പോന്ന സാമ്പത്തിക ഭദ്രതയാണ് മഹോദയപുരം ആസ്ഥാനമാക്കി  കേരളം വാണ  കുലശേഖരഭരണം കെട്ടിപ്പൊക്കിയത് എന്നും ആ ചരിത്രരചനക്കാര്‍ അഭിമാനം കൊള്ളുന്നുണ്ട്. പക്ഷെ, ഐശ്വര്യകേരളം കളിയാടുകയായിരുന്നെന്നു വര്‍ണിക്കുന്ന ആ  സന്ദര്‍ഭത്തിലും അങ്ങനെയൊരു കേരളം ഭൂപടത്തിലുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇല്ലാത്ത കേരളത്തെ കുലശേഖരന്മാര്‍ സുവര്‍ണ കാലഘട്ടത്തിലൂടെ നയിച്ചു എന്നൊക്കെയാണ് ചരിത്ര വൃത്താന്തം നിറം പിടിപ്പിച്ചത്. അപ്പോഴും,ചെറുതും വലുതുമായ അനേകം നാട്ടുരാജ്യങ്ങളായി, പരസ്പരം കണ്ടെത്താന്‍ പോലും പ്രയാസകരമാം വിധം നാല്‍പതിലേറെ നദികളാലും മലനിരകളാലും വേര്‍മുറിഞ്ഞ്,ഒട്ടൊക്കെ അപരിചിത പ്രവിശ്യകളായി കിടക്കുകയാണ് കേരളം.

തെക്കേയറ്റത്തെ വേണാടു മുതല്‍ വടക്ക് ഏഴിമലനാടു വരെ ഈ കല്പിതസാമ്രാജ്യത്തിന്റെ പരിധിയില്‍ വരച്ചിട്ടു. ചേരസാമ്രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി മംഗലാപുരം വരെ വരച്ചു നീട്ടിയവരുമുണ്ട്.
ഈ നാട്ടുരാജ്യങ്ങള്‍ക്കൊന്നും സ്വതന്ത്ര പദവിയില്ലെന്നും കുലശേഖരന്മാരുടെ സാമന്തന്മാര്‍ മാത്രമാണ് എല്ലാ നാടുവാഴികളെന്നുമാണ് സാധൂകരണം. കുലശേഖര ചക്രവര്‍ത്തിയുടെ പ്രതിനിധിയായ കോയിലധികാരികള്‍ എന്ന ഉദ്യോഗസ്ഥനേക്കാളും താഴ്ന്ന നിലയാണ് നാട്ടുരാജ്യങ്ങള്‍ വാഴുന്നോര്‍ക്കുള്ളുവെന്നു 'സ്ഥാണു രവിയുടെ കാലം' എന്ന പ്രബന്ധത്തില്‍ (1946 ആഗസ്ത് ) സ്ഥാപിക്കുന്ന ഇളംകുളം  തന്നെ 'കുലശേഖര പെരുമാള്‍' എന്ന തന്റെ പ്രബന്ധത്തില്‍ (1946 ഒക്ടോബര്‍ ) ഭാസ്‌കര രവിവര്‍മക്കു ശേഷം കേരളം വാണ വീരകേരള കുലശേഖരന്റെ അടുത്ത ബന്ധുവാണ് ഏഴിമല രാജാവായ കണ്ടന്‍കാരി വര്‍മനെന്നു പ്രസ്താവിക്കുന്നുണ്ട്.അടുത്ത രാജ ബന്ധു സ്വതന്ത്ര അധികാരങ്ങളില്ലാത്ത വെറും സാമന്തനായി നിയമിക്കപ്പെടുന്നതിന്റെ പൊരുള്‍ വിശദീകരിച്ചു കണ്ടില്ല.രണ്ടാം ചോളാക്രമണത്തിനു ശേഷം കുലശേഖര സാമ്രാജ്യം ശിഥിലമാകുകയും  നാടുവാഴികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന ഒരേച്ചുകെട്ടല്‍ നടത്തി യാഥാര്‍ഥ്യത്തിലേക്കു ചെന്നുചേരും വിധമാണ്  ഇളംകുളം ആ ചേരസാമ്രാജ്യ കഥ ഉപസംഹരിക്കുന്നത്. എ.ഡി. ആയിരത്തിയൊരുനൂറോടു കൂടി ചോളരുടെ പരാജയത്തില്‍ കലാശിച്ച  ഒരു ശതാബ്ദ കാലത്തെ യുദ്ധത്തിനു ശേഷം വിജയിച്ച രാജ്യം അക്കാരണത്താല്‍ ശിഥിലമാകുന്നതെങ്ങനെയെന്ന ചോദ്യവും ബാക്കി കിടക്കുന്നു. യുദ്ധാനന്തരം ബുദ്ധ -ജൈന മതങ്ങളുടെ സ്വാധീനം ദുര്‍ബലമാവുകയും ജാതീയത സുസ്ഥിരത നേടുകയും പ്രബലമായി മാറിയ  ബ്രാഹ്മണ്യത്തിന്റെ പിന്‍ബലത്തില്‍ രാജകീയത കൂടുതല്‍ ശക്തിയാര്‍ജിക്കുകയും ചെയ്തതു കൂടി കണക്കിലെടുക്കുക. പതിനൊന്നാം ശതകം മുതല്‍ പതിനാറാം ശതകം വരെ നമ്പൂതിരി മേധാവിത്തം രാജകുലങ്ങളെയെല്ലാം കാല്‍ച്ചുവട്ടിലാക്കിയിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിനും ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിനുമിടയില്‍, കേരളം തെക്ക് കൊല്ലം വരേയും വടക്ക് കോഴിക്കോടുവരേയും നീണ്ടു കിടക്കുന്ന ചിത്രമേ കെ.പി.പത്മനാഭമേനോന്‍ വരച്ചിടുന്നുള്ളു (History of Kerala). ആ രാജാക്കന്മാരുടെ മധ്യസ്ഥാധികാരം മാത്രമാണ് രണ്ടാം ചേരരാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. നിര്‍ണായകമായ മൂന്നു രേഖകള്‍ ആ നിലക്കുള്ള അധികാരപരിധിയെ സാധൂകരിക്കുന്നു.

ഒന്ന്, ഭാസ്‌കര രവിവര്‍മപ്പെരുമാള്‍ ജോസഫ് റബ്ബാന് (ജൂതന്)  കൊടുക്കുന്ന പട്ടയത്തില്‍ സാക്ഷിയൊപ്പിട്ടത് വേണാട്, ഓടനാട് ,ഏറനാട്, വള്ളുവനാട്, നെടുമ്പ്രയൂര്‍ ഉടയവരാണ്. മറ്റു നാടുവാഴികളില്ല .രണ്ട്, കൊടുങ്ങല്ലൂരിലെ ഇരവികോര്‍ത്തന് വീരരാഘവപ്പെരുമാള്‍ മണിഗ്രാമം കൊടുത്ത പട്ടയം. മൂന്ന്,  ഒരു നാട്ടുപള്ളിക്ക് കടല്‍ക്കരയിലുള്ള ഭൂമി ഒരു മാര്‍വന്‍ സപീറിന് കൊടുക്കുന്ന രേഖയും.

ചേരസാമ്രാജ്യം ഒരു കെട്ടുകഥയെന്നു പി.കെ.ബാലകൃഷ്ണനും വാദിക്കുന്നു: ''കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ചേര സാമ്രാജ്യം ഉണ്ടായിരുന്നില്ല. മുപ്പതിലധികം നാടുവാഴി സ്ഥാനങ്ങളും മൂന്നു രാജസ്ഥാനങ്ങളും ഫലത്തില്‍ സ്വതന്ത്രമായ വാഴ്ച നടത്തിയിരുന്നു.'' (ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ.ബാലകൃഷ്ണന്‍ )

1670 ല്‍ വാന്റീഡ്  രേഖപ്പെടുത്തിയ കണക്കു പ്രകാരം കേരളത്തില്‍ രാജപദവികളുടെ എണ്ണം 31 ,മാടമ്പി പ്രഭുക്കളുടെ എണ്ണം 80.ഇത് അനാദികാലം തൊട്ടേയുണ്ടെന്ന് പി കെ. ബാലകൃഷ്ണന്‍ അടിവരയിടുന്നു: ''38864 കി.മീ. വിസ്തൃതിയുള്ള ഒരു ദേശം. മൂന്നില്‍ രണ്ടു ഭാഗത്തോളം കാടായിരിക്കുന്നു ഇവിടത്തെ ഭൂപ്രകൃതി .ബാക്കി ശേഷിക്കുന്ന ജനാധിവാസസ്ഥാനങ്ങളില്‍ മുപ്പതില്‍ കുറയാത്ത രാജാക്കന്മാര്‍, ഇവരോട് നാമമാത്രമായ വിധേയത്വമുള്ള പത്തുനൂറു മാടമ്പി പ്രഭുക്കള്‍,41 നദികളാല്‍ നിരന്തരം വെട്ടിമുറിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും കൃത്രിമ ഗതാഗത സൗകര്യം തൊട്ടു തീണ്ടിയില്ലാത്തതുമായ പ്രദേശം.ഇവയില്‍ നിന്ന് ആകക്കൂടി വിരിയുന്ന ചിത്രം, അല്പവിസ്തൃതമാ യ വന്യപ്രദേശഖണ്ഡങ്ങളില്‍ പരമ്പരാഗതമായ തലസ്ഥാനം വഹിക്കുന്ന ചെറുതും വലുതുമായ ട്രൈബല്‍ ചീഫ്ടന്മാരുടേതാണ്.16- നൂറ്റാണ്ടിന്റെ പ്രാരംഭ സന്ധിയില്‍ നില്‍ക്കുമ്പോഴുള്ള കാഴ്ചയാണിത്.''(പേജ് 98:ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ.ബാലകൃഷ്ണന്‍ )

ഈ ദേശങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഏകീകൃതമായ ഒരു സാമ്രാജ്യമെന്നത് അത്ര പ്രായോഗികമല്ല. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുപോലും ( 17291758) തിരുവിതാംകൂറില്‍ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി ലയിപ്പിച്ചിട്ടും ജനങ്ങളുടെ ഏകീകരണം  സഫലമായിട്ടില്ല. ശക്തിയുള്ളവര്‍ സമ്പത്തില്‍ കണ്ണുനട്ട് വ്യവസ്ഥകളുണ്ടാക്കിയിരിക്കാം. അത് തോറ്റരാജാക്കന്മാരും ജയിച്ചവരും തമ്മിലുള്ള ഉടമ്പടി മാത്രം. രാജാവ് സാമന്തനായി തീര്‍ന്നിരിക്കാം. ജനങ്ങളില്‍ അത് പ്രതിഫലിക്കണമെന്നില്ല .ജന പദങ്ങളുടെ ഏകീകരണമാണ് രാജ്യത്തിന്റെ നിര്‍വചനം. ആ നിലനിലയില്‍ ചേരസാമ്രാജ്യമെന്നതിന്റെ അസ്തിത്വം തെളിയിക്കപ്പെടേണ്ടതുണ്ട്.

ആദിചേരവംശത്തെ ആദിമല നാടിന്റെ വംശശൃംഖലയുമായി ഒരേ മട്ടില്‍ ചേര്‍ത്തു വയ്ക്കുന്നതും ശരിയാവില്ല. പ്രാചീനശിലായുഗത്തിന്റെ പൂര്‍വ മുദ്രകള്‍ ചേരമെന്ന ഗോത്ര സംസ്‌കൃതിയില്‍ എങ്ങനെ കാണുന്നുവോ അതേപടി ആദിമലനാടിന്റെ ആത്മ സംസ്‌കൃതിയില്‍ പ്രകടമാകില്ല. അതിന്റെ വേരുകള്‍ മറ്റൊരു ദേശത്തിന്റെ പൂര്‍വികതയിലാണ്. സൂര്യന്‍ രണ്ടിടത്തും ഒരേ പോലെ ആരാധനാശക്തിയായി മാറാം.അതേസമയം സ്വന്തം പരിസ്ഥിതിയില്‍ നിന്ന് അവതരിക്കുന്ന ആരാധനാദേവതകള്‍ക്ക് മാറ്റമുണ്ടാകാം.ഉദാഹരണമായി, അയിരമലയുടെ നിഗൂഢതയില്‍ നിന്ന് ചേരന്മാരുടെ മുന്നില്‍ പരദേവതയായി കൊറ്റവെ വെളിപ്പെടുമ്പോള്‍, 'ആദിമലനാട്ടി'ല്‍  കാളിയാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോരോ ദേശത്തും അതാത് ആദിമ മുദ്രകള്‍ പതിഞ്ഞ ഗോത്രങ്ങള്‍ രൂപപ്പെടുന്നു. ആദിമ ദേശത്തിന്റെ രൂപീകരണത്തിന് ഓരോ ജനപദത്തിനുമുള്ള തനതു സാധ്യതകളെ  തള്ളിക്കളയാനാവാത്തതുമാണ്.

ആദിചേരന്മാര്‍ക്ക് പിന്തുടര്‍ച്ചയുണ്ടായോ?

ആദിചേരന്മാരേയും മധ്യകാല ചേരവംശത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്താണെന്ന് ഈ ചരിത്രപഥത്തിന്റെ ഉപജ്ഞാതാക്കളൊന്നും കൃത്യമായി വ്യക്തമാക്കിയിട്ടില്ല. മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചോളന്മാരുമായുള്ള യുദ്ധത്തിലെ പരാജയം, റോമന്‍ വാണിജ്യ ബന്ധത്തിന്റെ അന്ത്യം, രണ്ടാം നൂറ്റാണ്ട് ഒടുക്കം സംഭവിച്ച പ്രകൃതിക്ഷോഭം, മുചിരിയുടെ തകര്‍ച്ച (ഒന്‍പതാം നൂറ്റാണ്ടില്‍ മഹോദയപുരം ആസ്ഥാനമാക്കി കുലശേഖര രാജാക്കന്മാര്‍ വന്ന ശേഷം മുസിരിസിന് ജീവന്‍ വച്ചിരിക്കാം. 14-ാം നൂറ്റാണ്ടിലെ പ്രകൃതിക്ഷോഭം വീണ്ടും തകര്‍ത്തു. കാലക്രമേണ തുറമുഖസങ്കേതം കൊച്ചിയിലേക്കു മാറ്റപ്പെട്ടു) പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചോള ആക്രമണത്തില്‍ വീണ്ടും അവസാനിച്ച ഭരണരൂപങ്ങള്‍, നാണയ വ്യവസ്ഥകളിലെ  അടിസ്ഥാനപരമായ മാറ്റങ്ങള്‍... എല്ലാം കണക്കിലെടുത്തു നിരീക്ഷിച്ചാല്‍ പാരമ്പര്യത്തെ ഒറ്റശൃംഖലയില്‍ കോര്‍ത്തിടാനാവാത്ത വിധം വ്യത്യസ്ത ചരിത്രരൂപങ്ങള്‍ വെളിപ്പെടുന്നതു കാണാം.

ചരിത്രം അവ്യക്തമായ കാലഘട്ടങ്ങളിലും  ഇവിടെ പ്രബലമായ സാമൂഹികവ്യവസ്ഥ അവധിയില്‍ പോകാതെ നിലനില്‍ക്കുകയും മുന്നേറുകയും ചെയ്യാതിരിക്കില്ലല്ലൊ. എ.ഡി. മൂന്നാം ശതകം മുതല്‍ എട്ടാം ശതകം വരെ കേരളചരിത്രത്തെ ഇരുളടഞ്ഞ ചരിത്രമാണെന്നാണ് പരിചയപ്പെടുത്താറുള്ളത്. ആദിചേരന്മാരുടെ തകര്‍ച്ചയെ റോമാ സാമ്രാജ്യത്തിന്റെ സുവര്‍ണയുഗത്തിന്റെ തകര്‍ച്ചയുടെ അനുബന്ധമായി വിലയിരുത്താറുമുണ്ട്.  AD 165-180 കാലത്ത്  അന്തോണിയന്‍ പ്ലേഗ് റോമിനെ കൊന്നൊടുക്കിയത് ലോകചരിത്രത്തിലെ പ്രധാന സംഭവമാണല്ലൊ.അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തേയും പിടിച്ചുകുലുക്കിയിരിക്കുമെങ്കിലും സമാന്തരമായി ഈജിപ്ഷ്യന്‍ - അറബി വണിക്കുകളുമായുള്ള വിനിമയ ബന്ധം ഇവിടെ തുടരുന്നതിനാല്‍  റോമന്‍പ്രതിസന്ധി മറികടക്കാന്‍ കഴിയേണ്ടതാണ്.അതിനേക്കാള്‍ പ്രബലമായ അടിസ്ഥാന സംഘര്‍ഷങ്ങള്‍ ഇവിടെ രൂപപ്പെട്ടിരിക്കണം.വംശീയവും ഗോത്രീയവുമായ സാമൂഹികഘടനകളുടെ പതനങ്ങളും കുറുനില മന്നന്മാരുടേയും നാട്ടരചന്മാരുടേയും അരങ്ങേറ്റങ്ങളും സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കിയിരിക്കാം.

അതിനെ ഇരുളടഞ്ഞ കാലമെന്നൊന്നും വിളിക്കാനാവില്ല. സാമ്പത്തിക സാമൂഹിക പ്രക്രിയകളുടെ അനിശ്ചിതാവസ്ഥ എന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. രാജപരമ്പരകളാണ് ചരിത്രം എന്ന് ധരിച്ച് അതിനെ പിന്‍പറ്റിയവര്‍ക്കു വന്നുചേരുന്ന 'ഇരുളാവല്‍' മാത്രമാണത്. ചരിത്രത്തിന്റെ ചലന പ്രക്രിയകള്‍ തുടരുന്നു.ഭൂബന്ധങ്ങളിലും ഉല്‍പാദന പ്രക്രിയകളിലും സാംസ്‌കാരിക പരിണാമങ്ങളിലും അതിന്റെ ക്രമാനുഗതമായ അനുസ്യൂതത മുന്നേറുന്നു. അതിനിടയില്‍ രാജവംശങ്ങളുടേയും ഗോത്രാധിപത്യത്തിന്റേയും ശിഥിലീകരണങ്ങളും നടക്കുന്നു. അന്യോന്യം ജനപദങ്ങള്‍ കടന്നു കയറുന്നു. ജീവിത സമീപനങ്ങള്‍ പങ്കിടുന്നു. ഭാഷയും സാഹിത്യവും വാണിജ്യവും രാഷ്ട്രീയ പ്രക്രിയകളും ഉടച്ചുവാര്‍ക്കപ്പെടുന്നു. ജൈന - ബുദ്ധദര്‍ശനങ്ങളും വൈദിക സംസ്‌കൃതികളും മറ്റു പല സാംസ്‌കാരിക പദ്ധതികളും ഇതിനിടയില്‍ സമന്വയിക്കപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങളും പല തലത്തില്‍ കൂടിക്കലരുന്നു.സാമൂഹ്യ സ്വാംശീകരണത്തിന്റെ ഓരോ അടരും ഈ കാലഘട്ടത്തിന്റെ ചരിത്രത്തേയും നിര്‍ണയിച്ചിട്ടുണ്ട്.

രാഷ്ട്രീയ സംവിധാനങ്ങളുടെ രൂപീകരണത്തിനും ഏകീകരണത്തിനും ഇടയായിട്ടുണ്ട്. ആദിചേരരാജ്യം ആയ് രാജ്യം ഏഴില്‍മലരാജ്യം എന്നിവയുടെ ശിഥിലീകരണ ഘട്ടത്തിനു ശേഷം
കോലത്തുനാട് ,കേരളം, കുലശേഖരം, ആയ് എന്നിങ്ങനെയുള്ള ഒരു ദേശ സംവിധാനത്തിന്റെ ഭൂപടം തെളിഞ്ഞു വന്നിട്ടുണ്ടാവാം. ഇതിലൊന്നും പെടാത്ത ഗോത്രഘടനയുടെ ആവാസപരമായ  പരിപ്രേക്ഷ്യം അടിമുടി പൊളിച്ചെഴുതപ്പെടാതെ സംരക്ഷിക്കപ്പെട്ട സമൂഹ ഘടനകളുമുണ്ട്.മലനാടുകളുടെ ഉള്ളടക്കത്തില്‍ അതിനാണ് പ്രാധാന്യം കൂടുതല്‍. അടിസ്ഥാന സാമ്പത്തിക ശ്രോതസ്സുകള്‍ ഇവിടെ തുടരുന്നുണ്ട്. വാണിജ്യത്തകര്‍ച്ചയുടെ ഗുരുതരമായ അടയാളപ്പെടുത്തലുണ്ടായതായി അറിവില്ല. വിശ്വവാണിജ്യലോകത്തിലെ  സ്ഥാനം അതേനിലവാരത്തില്‍ പിന്തുടരുന്നുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ, യൂറോപ്യന്‍ അധിനിവേശഘട്ടം വരെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഇന്ത്യയുടെ പങ്ക് വളരെ മുന്നിലാണ്. അതിനര്‍ഥം  ഉല്‍പാദനമേഖല  അതുവരെ തളരാതെ സ്ഥിരതയില്‍ തുടര്‍ന്നുവെന്നു തന്നെയാണ്.
ഉല്‍പാദനഘടകത്തെ, അഥവാ അടിസ്ഥാനചരിത്രത്തെ   നിര്‍ണയിച്ചത് മറ്റൊരു ശക്തിയാണെന്ന് അതിനാല്‍ തെളിയുന്നു. ഏത് രാജകള്‍ക്കും മീതെ ജനതയുടെ പങ്ക് ചരിത്രത്തെ തേര്‍തെളിച്ചുവെന്നു തന്നെ കാണണം.

*'ഒരു കൂരിരുട്ടുള്ള രാത്രിയില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂമിക്ക് വിളക്കായി മുഴങ്ങിക്കൊണ്ട് തീ പരത്തി ചിതറി ,വാനത്തു നിന്ന് ഒരു നക്ഷത്രം വീണു എന്നാണ് പറഞ്ഞിരിക്കുന്നത്. ചില ഗോള സ്ഥാനങ്ങളും അതില്‍ പറഞ്ഞിട്ടുണ്ട്. കാലഗണന ഇതില്‍ നിന്ന് സാധ്യമാണെന്ന് തോന്നുന്നു. എങ്കിലും ക്രിപി. 185 ല്‍ ഒരു സൂപ്പര്‍നോവ അഥവാ ഒരു ജ്യോതിര്‍ ഗോള വിസ്‌ഫോടന ദൃശ്യം കാണപ്പെട്ടതായി നാസയുടെ ചന്ദ്ര എക്‌സ് റേ ഒബ്‌സര്‍വേറ്ററി കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരാണ് ക്രി. പി. 185 ല്‍ ഉണ്ടായ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് ' (പേജ്371 / മുസിരിസ് കാല്പാടുകള്‍ - ഡോണ്‍ ബോസ് കൊ)

**'കൊറ്റ 'എന്ന് തമിഴ് ബ്രാഹ്മി ലിപികളില്‍  ആലേഖനം ചെയ്ത ഒരു പാത്രക്കഷണം ചെങ്കടല്‍ തീരത്തെ ബര്‍ണിസ് തുറമുഖത്തിനടുത്തു നിന്ന് പുരാവസ്തു ഗവേഷകര്‍ക്ക് കിട്ടുകയുണ്ടായി.
കുതിരമലയിലെ (ഇന്നത്തെ തൃശൂര്‍ -പാലക്കാട് റോഡിലെ കുതിരാന്‍ )ഒരു നാടുവാഴിയുടെ പേരിലും ഈ പദം കാണാം (പിട്ടന്‍ കൊറ്റന്‍ - നന്നന്റെ  സേനാപതിയാല്‍ വധിക്കപ്പെട്ടു.

(തുടരും)

മുൻഭാഗങ്ങൾ വായിക്കാം

Content Highlights :A Padmanabhan Column Kerala History Part 8