ബി.സി. മൂന്നാം നൂറ്റാണ്ടു മുതലേയുള്ള ആദിമലനാടിന്റെ ജനജീവിതഘടന ഏറെക്കുറേ വ്യക്തമാണ്. അത്രയും കാലപ്പഴക്കം സാധൂകരിക്കാവുന്ന ചരിത്രോപദാനങ്ങളുമുണ്ട്. പക്ഷെ, എഴുതപ്പെട്ട ചരിത്രത്തിലെമ്പാടും ജനജീവിതം അവ്യക്തമായേ പ്രതിഫലിച്ചു കാണുന്നുള്ളു. ജനപദങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ വേണ്ടത്ര പകര്‍ത്തിക്കാണാത്തതിനാല്‍ രാജാസനങ്ങളുടെ സ്ഥാനനിര്‍ണയവും പ്രജാപതികളുടെ നാളുംപക്കവും നിറംപൊലിപ്പിച്ചുള്ള അവാസ്തവങ്ങളുടെ അകമ്പടിയുമാണ് ചരിത്രമെന്ന ധാരണ പരക്കെയുണ്ട്. അക്കാര്യത്തില്‍ ചരിത്രരചനാപദ്ധതികള്‍ ഇനിയും മുന്നേറാനുണ്ടെന്ന ബോധ്യത്താലാണ് ആദിമലനാടിന്റെ ചരിത്രകാതല്‍ സ്പര്‍ശിക്കാന്‍  ഈ അധ്യായം ശ്രമിക്കുന്നത്.

നവീനശിലായുഗത്തിനു ശേഷമുള്ള ലോഹയുഗത്തിലാണ് നമ്മുടെ ദേശത്ത് ജനവാസമുണ്ടായതെന്ന ചിന്താഗതി ചിലചരിത്രകാരന്മാര്‍ പിന്‍പറ്റുന്നുണ്ട്. കെട്ടുകഥകളുടെ പാര്‍ശ്വംചേര്‍ന്നുള്ള പഠനരീതി സ്വീകരിച്ച മറ്റു ചിലരാകട്ടെ, ബ്രാഹ്മണാധിവാസത്തിലൂടെയാണ് മലനാട്ടില്‍ ജനപദസംസ്‌കാരം വികസിച്ചതെന്ന പ്രചാരക്കാരാണ്.  പകരമായി, ചരിത്രപരമായ സാമ്പത്തികാപഗ്രഥനവും സാംസ്‌കാരിക പ്രതിപ്രവണതകളും സാമൂഹ്യശാസ്ത്രപരമായ നിരീക്ഷണ രീതികളും അന്വേഷണത്തിന് അവലംബിക്കാതിരുന്നതിന്റെ അഭാവം എഴുതപ്പെട്ട ചരിത്രങ്ങളില്‍ ധാരാളം കാണാം.

നരവംശ മാതൃകകള്‍ വിശകലനം നടത്തിയ ശേഷം  നരവംശശാസ്ത്രജ്ഞനായ പ്രൊഫ: ബി.എസ്. ഗുഹന്‍  കേരളത്തേയും ആന്ധ്രയേയും ദക്ഷിണ ഒറീസ്സ പ്രദേശങ്ങളേയും ഒറ്റഗണത്തില്‍ പെടുത്തുന്നുണ്ട്. ഈ വിഭാഗത്തിന് പ്രാചീന ഈജിപ്തുകാരും, അറബികളുമായുള്ള സാമ്യവും ശ്രദ്ധേയമാണ്. ഈ വര്‍ണസങ്കരത്തിന്റെ പ്രാരംഭദശയായി ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടിയത് താമ്രശിലായുഗകാലത്തെ അറേബ്യയിലെ പൂന്തില്‍ നിന്നും ബാബിലോണിയയിലേക്കും ഈജിപ്തിലേക്കുമുള്ള കുടിയേറ്റത്തെയാണ്.

കേരളീയര്‍ക്കും പ്രാചീന ഈജിപ്തുകാരുടെ പൂര്‍വികരായ അറബികള്‍ക്കും തമ്മില്‍ സാദൃശ്യം ശരീരഘടനയില്‍ മാത്രമല്ലെന്നും ആചാരവേഷാദികളിലും സംസ്‌കാരത്തിലും കലയിലും കാണാമെന്നും കേസരി പ്രസ്താവിക്കുന്നുണ്ട്:

''കേരളീയരുടെ ഇടയ്ക്കുണ്ടായിരുന്ന മരുമക്കത്തായവും ബഹുഭര്‍ത്തൃത്വവും ഭദ്രകാളി പൂജയും ഭഗവതി പൂജയും പൂര്‍വമുസ്ലീം അറബികളുടെ ഇടയ്ക്കും പ്രചരിച്ചിരുന്നു''(പേജ് 248 ,ചരിത്ര ഗവേഷണങ്ങള്‍, വാല്യം-രണ്ട്).

സ്വഭാവത്തിലും ജന്മവാസനകളിലും ഈ സാദൃശ്യം കാണാം. സംഗീതം, നൃത്തം, അംഗചിത്രരചന, പ്രതിമാശില്പം, കൊത്തുപണി, എന്നിവയിലുള്ള വാസനയും സാഹിത്യം, ഭൂഭാഗ ചിത്രരചന, വാസ്തുശില്പം, തത്വശാസ്ത്രം, സയന്‍സ്, കൃഷി, വാണിജ്യം, പാചക ശാസ്ത്രം എന്നിവയിലുള്ള ഉദാസീനതയും അറബികളിലും പൗരാണിക കൊങ്കണരിലും ഒരുപോലെയാണെന്നും കേസരി വിശദീകരിക്കുന്നു.

''നൊമ്പരപ്പെടുത്തുന്ന ഫലിതത്തില്‍ സമര്‍ഥരാണെങ്കിലും യഥാര്‍ഥ ഹാസരസം ഇരുകൂട്ടരിലും കുറവാണ്. പാരത്രിക സുഖാര്‍ഥം ഐഹികസുഖത്തെ ബലി കഴിക്കുന്നതിനുള്ള സന്നദ്ധത ഇരുകൂട്ടരിലും ദൃശ്യമാണ്. അതിഥി സല്‍ക്കാര ശീലം, സ്വാതന്ത്ര്യ മോഹം, പരിശ്രമശീലക്കുറവ്, ക്ഷിപ്രക്ഷോഭ ശീലം, കുടിപ്പക, ലഘു ജീവിതരീതി, ഗറില്ലാ യുദ്ധസാമര്‍ഥ്യം എന്നിവ ഒരു പോലെ ഇരുകൂട്ടരിലും കുടികൊണ്ടിരുന്നു'' (പേജ് 255-ചരിത്ര ഗവേഷണങ്ങള്‍ - കേസരി).

കുടിയേറ്റങ്ങളും അധിനിവേശങ്ങളും ചരിത്രത്തെ സംഘര്‍ഷഭരിതമാക്കിയതായും അത് ചലനാത്മകമായ സാമൂഹിക പരിവര്‍ത്തനങ്ങളിലേക്ക് നയിച്ചതായും കാണാം. ചരിത്ര മുന്നേറ്റത്തിന്റെ മൗലികമായ രീതി തന്നെയാണത്. ഭാഷയും സംസ്‌കാരങ്ങളും സ്ഥലനാമങ്ങള്‍ വരെ പുതുക്കപ്പെടാനും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടനയില്‍ നിരന്തരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ പശ്ചാത്തലം 
തുറന്നു. ആര്യാഗമനം പോലെ, ഇവിടുത്തെ ജാതി വ്യവസ്ഥയെ പ്രബലമാക്കുകയും  ജാതികളും ഉപജാതികളും തമ്മിലുള്ള ശ്രേണീ ഘടനയിലെ അകലങ്ങളും വിവേചന മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ നിര്‍ണായകമായി മാറിയ അധിനിവേശങ്ങളുമുണ്ട്.

ബി.സി.യുഗം തൊട്ടേ പ്രബലമായ വാണിജ്യവ്യവഹാരവും വിനിമയബന്ധവും മറ്റു ജനസമൂഹങ്ങളുമായി പങ്കിടാന്‍ ആദിമലനാട്ടിലെ ജനങ്ങള്‍ക്കായെങ്കില്‍, അക്കാലത്ത് തന്നെ കുടിയേറ്റങ്ങളും സ്ഥിരപ്പെടാതിരിക്കില്ല. വാണിജ്യവിഭാഗങ്ങള്‍ വന്നപടി തിരിച്ചു പോകണമെന്നില്ല. ഇവിടെ ആവാസമുറപ്പിച്ച കൂട്ടങ്ങള്‍ എത്രയോ കാണാം. ബി.സി. 3000 മുതലാരംഭിച്ച കുടിയേറ്റങ്ങളും സംഘര്‍ഷങ്ങളും സംഘകാലത്ത് അടയാളപ്പെടുത്തപ്പെട്ടതാണ്. മധുരയെ അതിഭീകരമായ വരള്‍ച്ച ബാധിച്ചപ്പോള്‍ ആ ദേശക്കാരോട് പുറംനാടുകളിലേക്ക് രക്ഷപ്രാപിക്കാന്‍ ആവശ്യപ്പെട്ടതായുള്ള നാടോടിപ്പാട്ടുകളുണ്ട്.
പശ്ചിമഘട്ട മലനിരകളിലേക്ക് ഇത്തരം കുടിയേറ്റങ്ങളുണ്ടായതിന്റെ തെളിവുകള്‍ വയനാടന്‍ ചെട്ടികളുടേയും മലയരയരുടേയും ഐതിഹ്യങ്ങളില്‍ നിന്നു വ്യക്തമാകും. മുതുവാന്‍, പളിയര്‍, മാവിലന്മാര്‍  തുടങ്ങിയവരുടെ ഗോത്രപ്പാട്ടുകളും ഇത്തരം സൂചനകള്‍ തരുന്നു.

'മഹാഭാരത' കാലഘട്ടത്തിനു മുമ്പേ ദക്ഷിണേന്ത്യയില്‍ ജനവാസങ്ങളുണ്ടെന്നതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ തന്നെയുണ്ട്. 'കേരളീ'യരും പാണ്ഡ്യരും പിന്നെ കടന്നുവരുന്നവരാണ്.
കുരുക്ഷേത്രയുദ്ധത്തില്‍ കേരളീയരും പാണ്ഡ്യന്മാരും പങ്കുകൊണ്ടതായി പ്രതിപാദിക്കുന്നതിനാല്‍, കുരുക്ഷേത്രയുദ്ധ പംക്തിയില്‍ നിന്നും യുദ്ധത്തിനു ശേഷം (BC 1100-നു ശേഷം ) ദക്ഷിണേന്ത്യയിലേക്കു പ്രവേശിച്ചവരാണ്  പൂര്‍വ കേരളീയരും, പൂര്‍വ പാണ്ഡ്യന്മാരുമെന്നു വ്യക്തമാണ്.

കേസരിയുടെ അഭിമതപ്രകാരം കേരളീയര്‍ ചന്ദ്രവംശത്തിന്റെ പിന്മുറയില്‍ പെടും.യയാതിക്ക് ശുക്രാചാര്യന്റെ പുത്രി ദേവയാനിയിലുണ്ടായ രണ്ടുപേരില്‍ തുര്‍വസുവിന്റെ പരമ്പര. യദുവാണ് രണ്ടാമന്‍.
പില്‍ക്കാലത്ത് ഹസ്തിനപുരംവാണ പുരു- യയാതിക്ക് ശര്‍മിഷ്ഠയിലുണ്ടായ പുത്രനാണ്. യയാതിയുടെ പിതാവ് നഹുഷന്‍ പുരൂരവസിന്റേയും ഇളയുടേയും മകനായ ആയുഷിന്റെ പുത്രനാണ്.
ഐലവംശം എന്നും വിളിക്കുന്നു. സ്വര്‍ഗദേശം എന്നര്‍ഥമുള്ള പശ്ചിമേഷ്യയിലെ ഈലം (Elam ) ദേശത്തു നിന്നും വന്നവരായതിനാലാണ് ആ പേരു വീണത്.പുരൂരവസ് ബുധന്റെ പുത്രനാണ്. ബുധന്റെ പിതാവായ ചന്ദ്രനില്‍ നിന്നാണ് വംശത്തിന്റെ തുടക്കം. യയാതി ബി.സി. 2110 നോടടുത്താണ്  ഹസ്തിനപുരം ഭരിച്ചിരുന്നത്. പത്മപുരാണത്തിലും മറ്റും തുര്‍വസുക്കളെ പാശ്ചാത്യര്‍ എന്ന ധ്വനിയില്‍ യവനര്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്.

വില്ലിന്റെ നാട് എന്ന വിശേഷണവുമുള്ള ഈലം ഒരു കുഷ്‌ദേശമാണ്. കുഷാനന്മാര്‍ (Kushites) പിടിച്ചടക്കിയ രാജ്യങ്ങളെല്ലാം കുഷ് രാജ്യങ്ങളായി അറിയപ്പെട്ടു.വില്ലാളികളും മികച്ച നാവികരുമാണ് കുഷാനന്മാര്‍. BC 3300 നുബിയയിലെ ഖുസ്തൂളിലായിരുന്നു ഇവരുടെ താ- സേത് (വില്ലിന്റെ ദേശം) എന്ന പേരിലുള്ള സാമ്രാജ്യം. ജനങ്ങളെ വില്ലാളികള്‍ എന്ന അര്‍ഥമുള്ള താ- സേതി എന്നു വിളിച്ചു. ദൈവത്തിന്റെ സ്വന്തം ഭൂമിയായി ഈജിപ്തുകാര്‍ ആ ദേശത്തെ കാണുന്നു.

ക്രിസ്തുവിനുശേഷമുള്ള കാലത്തെ വംശ- ഗോത്ര -പരമ്പരകളുടെ വളര്‍ച്ചാദശകള്‍ ഏറക്കുറേ നിരീക്ഷണ വിധേയമായതാണ്.വംശങ്ങളുടെ സ്വത്വപരമായ അടയാളപ്പെടുത്തല്‍ അതാത് വംശത്തിന്റെ ആവിര്‍ഭാവത്തിലുണ്ടാവാനിടയില്ല.വംശാന്തരഘട്ടത്തിലേക്ക് വളര്‍ച്ച പ്രാപിക്കുമ്പോള്‍ മാത്രം ചാര്‍ത്തപ്പെടുന്നതാണ് വംശനാമങ്ങളും അവയുടെ സ്വത്വരീതികളും.വ്യത്യസ്ത ഗോത്രങ്ങളുടലെടുക്കുകയും അവ തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് ചെന്നുപെടുമ്പോഴുമാണ് ഒരു ഗോത്രം സ്വന്തം സ്വത്വപ്രകാരത്തെ ഉറപ്പിക്കുന്നത്.അന്യഗോത്രത്തെ താരതമ്യം ചെയ്യാന്‍ സ്വന്തം ഗോത്രത്തിന്റെ പേശികള്‍ ദൃഢമാക്കേണ്ടത് ആവശ്യമായി വരുന്നു. വംശീയമായ വ്യക്തിത്വത്തിന്റെ പ്രകടനങ്ങളാണ് അവരുടേതായ ആചാരങ്ങളായും സമ്പ്രദായങ്ങളായും രൂപപ്പെടുന്നത്.സ്ഥിരവും അസ്ഥിരവുമായ ആവാസഗതി അവരെ വിവിധ ഗോത്രങ്ങളാക്കുന്നു. സുസ്ഥിരത നേടിയ ഗോത്രങ്ങളെ അവരുടെ വാസസ്ഥാനങ്ങള്‍ക്കനുസരിച്ചായിരുന്നു വിളിക്കപ്പെട്ടത്.

ഭൂപ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി ജനവിഭാഗങ്ങളെ വര്‍ഗീകരിക്കുന്ന ഒരു പ്രകാരം അക്കാലത്ത് വികസിച്ചിരുന്നു. മലകളില്‍ വസിക്കുന്നവര്‍ മലൈയര്‍, കുന്നിന്‍പുറങ്ങളില്‍ താമസിക്കുന്നവര്‍ പൊറയര്‍,
ഉയരത്തില്‍ വസിക്കുന്നവര്‍ വാനവര്‍,
പടിഞ്ഞാറു ഭാഗത്തെ താമസക്കാര്‍ കുടവര്‍,
കുട്ടത്ത് പാര്‍ക്കുന്നവര്‍ കുട്ടവര്‍,
പൂഴിനാടിന്റെ അധിപര്‍
പൂഴിയര്‍,മീന്‍പിടുത്തം തൊഴിലാക്കിയവര്‍
മീനവര്‍ അഥവാ പരതവര്‍
എന്നെല്ലാം സംഘകൃതികള്‍
ജനവിഭാഗങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്.

ഈ ദേശത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും പ്രഥമസൂചനകള്‍ ലഭ്യമാകുന്ന ഒരു കൃതി ഇന്‍ഡിക്കയാണ്. ഇന്‍ഡിക്കയില്‍ മെഗസ്തനീസ് ചേര്‍മേയ് എന്നു സൂചിപ്പിച്ചത് മലബാറിലെ അടിയാളരായ ചെറുമര്‍ സമൂഹത്തെയാണെന്ന അഭിപ്രായമാണ് ലോഗന്. ശിലായുഗത്തിന്റെ പിന്തുടര്‍ച്ചക്കാരായി ചെറുമരും കുറുമരും, ഊരാളികളും മാത്രമല്ല, അതേക്കാള്‍ പ്രാധാന്യത്തോടെകാടര്‍, കാട്ടുനായ്ക്കര്‍,ആളര്‍, അരനാടന്‍ എന്നിവരെ പരിഗണിച്ചു കൊണ്ടുള്ളതാണ് ചരിത്രകാരനായ ഡോ:എ.അയ്യപ്പന്റെ അഭിപ്രായങ്ങള്‍. കാട്ടുനായ്ക്കരുടെ മറ്റൊരു തരക്കാരായ ശിലാഗുഹ വാസികളായ ചോലനായ്ക്കരും മലമ്പണ്ടാരങ്ങള്‍, മലപ്പുലയര്‍, ഉള്ളാടര്‍, ഊരാളികള്‍ തുടങ്ങിയവരും ശിലായുഗഗോത്രത്തുടര്‍ച്ചകളില്‍ പെടുന്നവരാണ്.

നായാടികളേക്കാള്‍ പരിഷ്‌കരിച്ചവരായ  കുറുമ്പര്‍ പിന്നീട് കുറിച്യര്‍, കാട്ടുനായ്ക്കര്‍ എന്നിങ്ങനെ  ഉപഗണങ്ങളായി അന്യോന്യം രൂപാന്തരപ്പെട്ടതായി കാണാം.കാട്ടുനായ്ക്കരെ വേടരെന്നുംവിശേഷിപ്പിച്ചു കാണുന്നു. ഐതിഹ്യപ്രകാരം,അര്‍ജുനന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ശിവന്‍ വേടനായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ നിന്നു പിറന്നവരാണ് വേടര്‍. വേടരുടെ പിന്തുടര്‍ച്ചാഗോത്ര വിഭാഗങ്ങളാണ് മുളങ്കുറുമര്‍, തേന്‍ കുറുമര്‍, ബെട്ടുകുറുമര്‍. വേടരുടെ പിന്മുറക്കാരാണ് കുറുമരെന്ന്  അവരുടെ ഉല്‍പത്തിപുരാവൃത്തം സൂചന തരുന്നു.ഇവരുടെ മലോന്‍ദൈവം, മലക്കാരി ദൈവം, മുത്തപ്പന്‍, ഭദ്രകാളി എന്നിവയുടെ പുരാവൃത്തങ്ങള്‍ ഈ നാടിന്റെ ദേശജ്യാമിതിയോടു ചേരുന്നതാണ്.ജീവിതരീതിയുടെ കാര്യത്തില്‍ വേടര്‍ക്കു സമാനമാണ് പുലയര്‍.

നീചജാതിക്കാരായി പില്‍ക്കാലത്ത് അരികുവല്‍ക്കരിക്കപ്പെട്ടവര്‍ മുഖ്യധാരയായി നിലകൊണ്ടതിന്റേയും ചൂഷണവ്യഗ്രതയില്ലാതെ പ്രകൃതിയില്‍ പ്രയത്‌നിച്ചതിന്റേയും സ്വാഭാവികപരിസരസമ്പത്ത് കൊള്ളയടിക്കാതെ കാത്തുസൂക്ഷിച്ചതിന്റേയും ഫലശ്രുതി നിമിത്തമാണ് പാരിസ്ഥിതികജ്യാമിതി നൂറ്റാണ്ടുകളെ അതിജീവിച്ചത്.അത്തരം ജനവിഭാഗത്തിന് മേല്‍ക്കയ്യുള്ള ഒരു സാമൂഹിക ചിത്രമാണ് ആദിമദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ടശേഷം ഭിക്ഷ തെണ്ടേണ്ടിവന്ന നായാടികള്‍, അടിമപ്പണിക്കാരായി മാറേണ്ടി വന്ന പുലയര്‍, കൂലിവേലയിലും കൊട്ട നെയ്തിലുമൊതുക്കപ്പെട്ട 
പറയര്‍,യഥാര്‍ഥ കാട്ടുവര്‍ഗക്കാരുംകാടിന്റെ സംരക്ഷകരായിട്ടും പില്‍ക്കാലത്ത് കാട്ടുമരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിയോഗിക്കപ്പെട്ടവരായ ഉള്ളാടര്‍,യുദ്ധം തൊഴിലാക്കിയ മറവര്‍, കവര്‍ച്ചയിലൂടെ ഉപജീവിക്കുന്ന എയ്‌നര്‍, കള്ളര്‍, മീന്‍പിടിച്ചു ജീവിച്ച മീനവര്‍ അഥവാ പരതവര്‍,കുന്നുകളുടെ അധിപതികളായിരുന്ന വേടര്‍, കുറവര്‍,മലയരയര്‍, അരനാടന്മാര്‍, കാണിക്കാര്‍, തോടര്‍, മുഡുവര്‍, പതിയര്‍, ഉരിഡവര്‍, ഉഴവര്‍,
എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങള്‍ സാക്ഷാല്‍ ചരിത്രവിധാതാക്കളായിരുന്നു.

ഫ്യൂഡല്‍ കാലത്ത് നിശബ്ദവേലക്കാരായി പണിയെടുക്കേണ്ടി വന്ന പുലയര്‍ ജനനം കൊണ്ടു തന്നെ പുല (ആചാരപരമായ അശുദ്ധി ) കല്പിക്കപ്പെട്ടവരായിരുന്നു.നെല്‍വയലുകള്‍ വിളഞ്ഞിരുന്നത് അവരുടെ വിയര്‍പ്പിലാണ്. വെള്ളം വറ്റിക്കുക,നിലമുഴുതിടുക,കരകളുറപ്പിക്കുക, വേലി കെട്ടുക, കിളക്കുക, വളമിടുക, ഞാറുനടുക, കളപറിക്കുക, കൊയ്യുക തുടങ്ങിയതൊക്കെ തൊട്ടുകൂടാത്തവരായ അവരുടെ വേലകളാണെങ്കിലും കൊയ്‌തെടുക്കുന്ന വിളവിന് ഉടമ അയിത്തം കല്പിച്ചിരുന്നില്ല. ക്ഷുരകനും അലക്കുകാരനും (വെളുത്തേടന്‍ ) അയിത്തമില്ലാത്തതുപോലെ.

'ജാതി വ്യവസ്ഥയും കേരള ചരിത്രവും' എന്ന കൃതിയിലൂടെ പി.കെ.ബാലകൃഷ്ണന്‍ ഈ വസ്തുത ഊന്നുന്നു:'മുങ്ങിക്കുളി മുതലായ ശുദ്ധികര്‍മങ്ങള്‍ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലല്ലെങ്കിലും, തമ്മില്‍ സ്പര്‍ശമുണ്ടാകുന്നതും, തമ്മില്‍ തൊട്ടടുത്തു കാണുന്നതു തന്നെയും പരസ്പരം വര്‍ജ്യമായി കരുതിയിരുന്ന പരമപ്രാകൃതമായ ഗോത്രസ്പര്‍ധ ഏറിയും കുറഞ്ഞും എല്ലാ ഗോത്രങ്ങള്‍ക്കും ശീലമായിരുന്ന വന്യപ്രദേശമായിരുന്നു നമ്പൂതിരി അധിനിവേശിച്ച 'മലനാട്'.ഗോത്രങ്ങളുടെ ശീലമായിരുന്ന ഈ സ്പര്‍ധ വര്‍ഗസ്വാര്‍ഥത്തിനു ചേര്‍ന്നരീതിയില്‍ അയിത്താചാരമായി ചിട്ടപ്പെടുത്തുകയും സ്ഥിരീകരിക്കുകയും മാത്രമാണ് നമ്പൂതിരി തന്റെ 'ഗോത്ര സമന്വയ'പ്രവര്‍ത്തനത്തിലൂടെ ചെയ്തത് ''(പേജ്-298).

പുലയര്‍ കൂടുതല്‍ ധര്‍മനിഷ്ഠയുള്ളവരും ദൈവഭക്തിയുള്ളവരുമായാണ് ഒരു മിഷനറി അഭിപ്രായപ്പെട്ടത്. ഒരു സെന്‍സസ് റിപ്പോര്‍ടിലെ പരാമര്‍ശമിങ്ങനെയാണ്:'അങ്ങേയറ്റം ഉപയോഗമുള്ളവരും കഠിനാധ്വാനികളുമായ ഒരു വര്‍ഗമാണവര്‍. പലപ്പോഴും ജാതി ശ്രേണിയില്‍ മുകളിലുള്ളവരെപ്പോലും അതിശയിപ്പിക്കാവുന്ന തരത്തില്‍ സത്യസന്ധത, ആത്മാര്‍ഥത, തുടങ്ങിയ അപൂര്‍വഗുണങ്ങളുള്ളവരായി അവരെ വേര്‍തിരിച്ചു കാണാനാവും.'

പുലയര്‍ക്കിടയില്‍ തന്നെ വിഭാഗീകരണമുണ്ട്. കിഴക്കന്‍ പുലയരെന്നും പടിഞ്ഞാറന്‍ പുലയരെന്നും. കൂടുതല്‍ തരംതാഴ്ത്തപ്പെട്ടവരായ കിഴക്കന്‍ പുലയര്‍ മഹാഭാരത യുദ്ധത്തിലെ വൈരികളിലൊരുഭാഗത്തുള്ള സുയോധനന്റെ അടിമകളായിരുന്നു. പടിഞ്ഞാറന്‍പുലയര്‍ പാണ്ഡവരുടെ അടിമകളായിരുന്നുവെന്നു അവരും വിശ്വസിക്കുന്നു. (ഞാന്‍ കണ്ട കേരളം -റവ.സാമുവല്‍ മെറ്റീര്‍ )

പുലയര്‍ക്കു സമാനമായ ജീവിതസ്ഥിതി തന്നെയാണ് വേടര്‍ക്കും. വേട്ടയാടുന്ന ജീവിതചര്യയില്‍ നിന്നു ക്രമേണ മാറ്റം വന്നു. നെല്‍വയലുകളിലെ പണിക്കാരായി മാറി. കാടുവെട്ടിത്തെളിച്ച ഇടങ്ങളില്‍ കൂര കെട്ടിയാണ് താമസം. അതേസമയം കാര്‍ഷിക ജീവിതത്തിലേക്ക് കണ്ണി ചേരാതെ മാറി നിന്നവരാണ് മലമ്പണ്ടാരങ്ങള്‍, മലവേടര്‍, കാട്ടുനായ്ക്കര്‍, ആളര്‍, അര നാടന്‍ വിഭാഗക്കാര്‍.
ഭൂമിയോടുള്ള അതിവിശ്വാസം അവരെ അകറ്റി നിര്‍ത്തിയതാണെന്ന് കരുതണം. നിലമുഴുതു മറിക്കലും മണ്ണ് പാകപ്പെടുത്തലുമൊക്കെ അവരെ സംബന്ധിച്ച് ഭൂമിദേവിയെ പോറലേല്പിക്കുന്ന പാപക്രിയകളാണ്.

കുറവര്‍ വിഭാഗം കുറുമ്പര്‍, കുറുബര്‍ എന്നീ കൊറവ ജാതിക്കാരില്‍ നിന്നും അനന്യത പുലര്‍ത്തിയിരുന്നില്ല. കാക്ക, കഴുകന്‍ തുടങ്ങിയവയെ ഭക്ഷിക്കുന്നവരായ കാക്കക്കുറവര്‍, അടിമകളും നീചരുമായി കണ്ടിരുന്ന കുണ്ടക്കുറവര്‍, മാടന്‍, ഭദ്രകാളി തുടങ്ങിയ ഭൂതങ്ങളെ ആരാധിക്കുന്നവരായ മലയാം കുറവര്‍,മലവേടര്‍ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി കുറവരെ വേര്‍തിരിച്ചിരുന്നു. മലയരയരേയും മലവേടരെന്ന് ചില ഔദ്യോഗിക രേഖകളില്‍ പ്രതിപാദിച്ചു കാണുന്നു.കുന്നുകളില്‍ കൃഷി ചെയ്യുന്നവരാണ് മലയരയര്‍.'സവര്‍ണ'ജാതിക്കാരില്‍ നിന്ന്് നിറത്തിലും ആകാര സൗഷ്ഠവത്തിലും ഒട്ടും പിറകിലായിരുന്നില്ല മലയരയര്‍.

പരമ്പരാഗതമായി ഭൂമിയുടെ ഉടമകളാണ് കാണിക്കാര്‍. കുന്തം ഏന്തി സഞ്ചരിക്കുന്ന ഈ വിഭാഗത്തിന്റെ മുഖ്യനും മലയരയന്‍ എന്നു വിളിക്കപ്പെടുന്നു. 1920-ല്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതു വരെ മലയാളശൂദ്രരെന്ന് വിളിക്കപ്പെട്ടവരാണ് നായര്‍വിഭാഗം. 1875-ലെ സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം നായര്‍ വിഭാഗത്തിന് 34 പ്രധാന ഉപവിഭാഗങ്ങളുണ്ട്. സ്വന്തമായുള്ള വയലുകളുടെ കരയില്‍ സ്വന്തം ഗൃഹങ്ങളില്‍ വാസം. സമുദ്രതീരങ്ങളില്‍ പടര്‍ന്നുകിടന്ന ശ്രേഷ്ഠവിഭാഗമാണ് ഈഴവര്‍. മലബാറില്‍ തീയര്‍ എന്നും വിളിക്കപ്പെട്ടു. സിലോണിലെ ഈഴത്തു നിന്നുള്ള ഈഴവര്‍ മലബാറിലേക്ക് കുടിയേറിയതാണെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.

ബുദ്ധമതം വേരാഴ്ത്തിയ സിലോണില്‍ നിന്നും വന്ന തീയര്‍ ബുദ്ധമതാനുയായികളാണെന്നും പിന്നീടു ഹിന്ദുക്കളായി മാറിയെന്നും അവരുടെ വരവോടെയാണ് കേരളത്തില്‍ തെങ്ങുകൃഷിയാരംഭിച്ചതെന്നുമുള്ള വാദത്തെ നിരസിച്ചു കൊണ്ട് ഇ.എം.എസ്. തന്റെ 'കേരളം മലയാളികളുടെ മാതൃഭൂമി'യില്‍ ചില സാഹചര്യങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്. കേരളത്തിന്റെ തെക്കുവടക്കു വ്യാപിച്ച സ്വാധീനം നേടുംവിധം എണ്ണത്തില്‍ മുന്തി നില്‍ക്കുന്നവര്‍, സിലോണില്‍ നിന്നുമെത്തിയ ബുദ്ധമതാനുയായികളെന്ന നിലക്കുള്ള ചരിത്ര രേഖകളുടേയും ഐതിഹ്യങ്ങളുടേയും ബുദ്ധമതപരമായി വഴികാട്ടിയ തീയാചാര്യന്മാരുടേയും അഭാവം, പ്രബലമായ ബുദ്ധമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചുവെങ്കില്‍ അതിനുതക്ക സാഹചര്യത്തിന്റെ അസ്വാഭാവികത എന്നിവ വിശദീകരിച്ചു കൊണ്ട് ഇ.എം.എസ് മറ്റൊരു നിഗമനത്തിലെത്തുകയാണ്:''നമ്പൂതിരിമാര്‍ വന്ന കാലത്തെ കേരളത്തിലെ പരിഷ്‌കൃത ജനവിഭാഗത്തിന്റെ പിന്‍ഗാമികളാണ് ഇന്നത്തെ നായന്മാരും തീയരും. (അന്നത്തെ അപരിഷ്‌കൃത ജനവിഭാഗങ്ങളുടെ പിന്‍ഗാമികളാണ് പുലയര്‍,പറയര്‍ ,നായാടികള്‍, കാട്ടുജാതിക്കാര്‍ മുതലായവര്‍) ''(പേജ്: 79/2009 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച പതിപ്പ്).

ആദിവാസീയത (അപരിഷ്‌കൃതം)/ നാഗരികത എന്ന വേര്‍തിരിവ് സാമൂഹ്യ ശാസ്ത്രഘടനക്ക് യോജിക്കുന്നതല്ല. കൃഷിയും പ്രകൃതിസഹജമായ ആവാസരീതികളും അപരിഷ്‌കൃതവും പ്രകൃതിയെ വാണിജ്യവല്‍ക്കരിക്കല്‍ നാഗരികതയെന്നുമുള്ള സങ്കല്പത്തിന്റെ ഉല്‍പന്നമാണീ വിഭജനം. ഇനി കാര്‍ഷികാധ്വാനത്തെ അതില്‍ നിന്നു മാറ്റി പരിഷ്‌കൃത ഗണത്തില്‍ പെടുത്തുന്നുവെങ്കില്‍, കൃഷിയിലും ഗോത്രസമൂഹത്തിന്റെ ഇടപെടല്‍ പ്രബലമാണ്.പൊള്ളുന്ന കാലാവസ്ഥയില്‍ അധ്വാനിച്ചതിന്റെ അടയാളമാണ് അവരുടെ നിറമായി അവശേഷിച്ചിട്ടുള്ളത്.ഇന്നത്തെ ഗോത്രശരീരത്തിന് കാര്‍ഷികപ്രകൃതി മെരുങ്ങുന്ന പ്രകൃതമില്ലാത്തതിനു കാരണം അവര്‍ക്കു ചരിത്രപരമായി പതിഞ്ഞ ആഘാതമാണ്. ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലേക്ക് പതിക്കുന്ന വ്യക്തി അവന്റെ കഴിവുകളെല്ലാം നഷ്ടപ്പെട്ട് പതുങ്ങേണ്ടി വന്നതു പോലെ സമുദായത്തിനും അവരുടെ അധ്വാനപ്രകൃതം സ്തംഭിച്ച് വിറങ്ങലിച്ചു പോകാം.

പരിഷ്‌കൃത /അപരിഷ്‌കൃത വേര്‍തിരിവിന്റെ മാനദണ്ഡങ്ങളെന്താണെന്നോ, അത് സാധൂകരിക്കുന്നുവെങ്കില്‍,ആ വിധത്തില്‍ രണ്ടു വിഭാഗങ്ങളായി ഒരേ ജനപദങ്ങള്‍ തന്നെ ഉരുത്തിരിഞ്ഞു വരാനുണ്ടായ സാഹചര്യങ്ങളെന്തെന്നോ പ്രസ്തുത ഗ്രന്ഥത്തിന്  പരിഗണനാ വിഷയമാകുന്നില്ല.അതേസമയം ബ്രാഹ്മണ സംസ്‌കാരത്തിന്റെ വരവുവരെ 'പരിഷ്‌കൃത ' വിഭാഗം ഒരേ ആചാര നടപടികളും ജീവിത രീതികളും അനുസരിച്ചിരുന്നതായി ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. ബ്രാഹ്മണ സംസ്‌കാരത്തിനു കീഴടങ്ങിയവര്‍ നായന്മാരായി മാറി, ബുദ്ധമതത്തെ കൂട്ടുപിടിച്ച് ചെറുത്തു നിന്നവര്‍ തീയരായി മാറി. ഈ ചെറുത്തുനില്പിന്റെ സഹായികളായി സിലോണില്‍ നിന്നു വന്ന ബുദ്ധമതാനുയായികള്‍ പ്രവര്‍ത്തിച്ചിരിക്കാമെന്നും അവര്‍ തെങ്ങുകൃഷി കൊണ്ടുവന്ന് പ്രചരിപ്പിച്ചിരിക്കാമെന്നുമാണ്  ഇ.എം.എസിന്റെ  വിശദീകരണം. നായര്‍ വിഭാഗം ബ്രാഹ്മണ - ജന്മി മേധാവിത്തത്തോട് സന്ധി ചെയ്ത് കൃഷിയിലും ആയോധന വേലകളിലും ജീവിതം നയിച്ചുവെന്നും അവരില്‍ ചില നാടുവാഴികളും ജന്മിമാരും വരെ ആയിത്തീര്‍ന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ബ്രാഹ്മണ കുടിയേറ്റം വംശവൈവിധ്യങ്ങളുടേയും ആചാരത്തനിമകളുടേയും ഭൂവിനിയോഗരീതികളുടേയും കാര്‍ഷികോല്‍പാദന ഘടനകളുടേയും സ്വാഭാവികത തകര്‍ക്കുകയും സാമൂഹ്യ സമ്പ്രദായങ്ങളുടെ പ്രമേയങ്ങള്‍ മാറ്റിയെഴുതുകയും വിശ്വാസ പ്രമാണങ്ങളുടെ തിരുത്തെഴുത്തുകളിലൂടെയും ആരാധനാലയങ്ങളുടെ കേന്ദ്രാധിനിവേശത്തിലൂടെയും സമഗ്രാധിപത്യം കാല്‍ച്ചുവട്ടിലാക്കുകയും ചെയ്തു. Native life in Travancore എന്ന കൃതിയില്‍ സാമുവല്‍ മെറ്റീര്‍ ചൂണ്ടിക്കാട്ടിയ പോലെ''ജനസംഖ്യയില്‍ വളരെ ചെറിയൊരു ന്യൂനപക്ഷമായ ബ്രാഹ്മണരുടെ ആനന്ദത്തിനും താല്പര്യത്തിനും വേണ്ടി രാജ്യത്തുള്ള സകലതും അടിയറവ് വയ്ക്കണമെന്ന സങ്കുചിത ഗൂഢോദ്ദേശ്യത്തിന്റെ ഫലമായിട്ടാണ് സകല ചട്ടങ്ങളും നിര്‍മിച്ചിട്ടുള്ളത്''.

സംഘകാലത്ത് സമൂഹത്തിന്റെ ശ്രേണീഘടനകളില്‍ ബ്രാഹ്മണരുടെ സുപ്രധാനമായ ഇടപെടല്‍ കാണാമെങ്കിലും പൗരോഹിത്യ പ്രവണതകള്‍ അന്ന് മുളപൊട്ടിയിരുന്നില്ല. സാംസ്‌കാരികജീവിതത്തില്‍ ജാതീയമായ വിവേചനങ്ങള്‍ ഒട്ടുമുണ്ടായിരുന്നില്ല. വലിയവരും ചെറിയവരുമെന്ന തരംതിരിവ് ഇല്ലെന്ന വസ്തുത പുറനാനൂരിലെ  ഈ വരികളില്‍ കാണാന്‍ കഴിയും:

''പെരിയോരൈ വിയത്തലും ഇലമേ,
ചിറിയോരൈ ഇകഴ്തലും അതിനും ഇലമേ '' (പദ്യം: 192)

ജനനം, മരണം, ഋതു, വിവാഹം, തുടങ്ങിയ ചടങ്ങുകള്‍ക്ക് പൊതുവായ  ദേശരീതികള്‍ മാത്രമാണ്. പുറനാനൂരിലെ മാങ്കുടി കിഴാര്‍ പാട്ടിലും ഇതേ സാരാംശമുണ്ട് .തുടിയരുടേയും പാണരുടേയും പറൈയരുടേയും കടമ്പരുടേയും കുടികളല്ലാതെ വേറെ കുടികളില്ലെന്നാണ്. മരിച്ചവരുടെ നടുക്കല്ലല്ലാതെ ആരാധനാ വിഗ്രഹമായി മറ്റൊന്നുമില്ല. മറ്റു ദൈവങ്ങളുമില്ല.നടുക്കല്ല് വീരക്കല്ലായി പൂജിക്കപ്പെടുന്നു.

യുദ്ധസാഹചര്യത്തിലുള്ള ഒരു കുടി(ഗോത്രം) യുടെ ചിത്രീകരണമാവാം ഈ പാട്ട്. പോര്‍കൂട്ടങ്ങളാണ് മേല്‍ പരാമര്‍ശിച്ച നാലും. ഖുറാസ്സാനിലെ (ഇന്നത്തെ തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ,തജിക്കിസ്ഥാന്‍, ഇറാന്‍ എന്നിവയുടെ ഭാഗങ്ങളുള്‍പ്പെടുന്നതാണ് പൗരാണിക ഖുറാസ്സാന്‍ )പോലെ കൂട്ടുകുടുംബസമ്പ്രദായമാണിവിടെയെന്ന് നിരീക്ഷിക്കുന്ന റഷ്യന്‍ സഞ്ചാരിയും പണ്ഡിതനും ഗവേഷകനുമായ അല്‍ ബറൂനി, മലബാറില്‍ വിവിധ ആചാരങ്ങളും വിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്ന ജനങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്നുണ്ടെങ്കിലും അവര്‍ക്കിടയില്‍ അവരുടെ മത വിശ്വാസത്തിന്റെ പേരില്‍ യാതൊരു വഴക്കും കലഹവും ഉണ്ടാകയില്ല, ഏകോദര സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും പ്രസ്താവിക്കുന്നു, AD 970- ല്‍.

ഈ കൂട്ടായ്മയുടെ പൊതുഘടന അധ്വാനത്തിന്റെ ഉപോല്‍പന്നമാണ്. മലപ്പുലവന്‍ തെയ്യം തോറ്റത്തില്‍ ആ സാരാംശം കാണാം:

''നമ്മള്‍ക്കൊരു പുനം ചെന്നു ചെയ്ക വേണം
പത്തു പലര്‍ ജാതര്‍ പലര്‍ കൈയാല്‍ പുനം തിരിഞ്ഞു.
പച്ചക്കാടു കൊത്തി കരിങ്ങന വളവും കൂട്ടി ''

ആദികാലം തൊട്ടേ ആദിമലനാടിന്റെ മണ്ണില്‍  ഭാഷയിലും ജീവിതത്തിലും വ്യതസ്ത സംസ്‌കാരത്തിന്റെ ഇടപഴകലും ഇഴചേരലുമുണ്ട്. അതിന്റെ ഭാഗമായി വിദേശികളുടെ സ്വാധീനവും ആഴമേറിയ ഉള്ളടക്കം രൂപപ്പെടുത്തി.ദ്രാവിഡര്‍ മാത്രമല്ല, യവനന്മാരും യഹൂദന്മാരും അറബികളും ആര്യന്മാരും, ജൂതന്മാരുമെല്ലാം ആ പാരമ്പര്യത്തിന്റെ ജനിതക വാഹകരാണ്. അറേബ്യ മുഹമ്മദീയമതം സ്വീകരിച്ചപ്പോള്‍ ഇവിടേയും അതിന്റെ ചലനങ്ങള്‍ രൂപപ്പെട്ടതു അത്തരമൊരു ഘടനാത്മകതയിലാണ്.

ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ ചരിത്രത്തിലും  ശ്രീകണ്ഠപുരത്തിന്റെ സ്ഥാനം പ്രഥമനീയമാണ്. ഇസ്ലാംദര്‍ശനത്തിന്റെ പ്രഥമ പാദമുദ്രകള്‍ ഈ മണ്ണിലും പതിഞ്ഞു കിടക്കുന്നു.പ്രവാചകന്റെ ജീവിതകാലത്തു തന്നെ ഇവിടെ ഇസ്ലാംമത പ്രചാരണത്തിന്റെ ശാഖകള്‍ തുറക്കപ്പെട്ടതിന്റെ മഹത്തരമായ അടയാളങ്ങളുണ്ട്. വിശ്വഭൂപടത്തിലെ സമുന്നതവും കീര്‍ത്തിയുറ്റതുമായ ഒരു ദേശമെന്ന നിലയ്ക്കാവണം അതിനു പാത്രീഭവിച്ചിട്ടുണ്ടാവുക.

കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളികളിലൊന്ന് സ്ഥാപിതമായത് ശ്രീകണ്ഠപുരം പഴയങ്ങാടിയിലാണ്. പഴയങ്ങാടിയില്‍ പുഴയോരത്താണ് പള്ളി സ്ഥാപിച്ചത്. ഇതിനു പിന്നില്‍ കേരളത്തിലേക്കു കടന്നു വന്ന മാലിഖ് ഇബ്‌നു ദിനാര്‍ നേതൃത്വത്തിലുള്ള  ഇസ്ലാംപ്രബോധകസംഘമാണെന്ന പ്രബലമായ വിശ്വാസമാണ് ഇന്നുള്ളതെങ്കിലും അവരുടെ വരവിന്റെ കാലം  തര്‍ക്ക വിഷയമാണ്.എട്ട്, ഒമ്പത്, പന്ത്രണ്ട്
നൂറ്റാണ്ടുകളൊക്കെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രബോധകസംഘം കടന്നുവന്ന കാലമേതായാലും ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ഇസ്ലാമിക ആരാധനാകേന്ദ്രമുണ്ടായിരുന്നതിന് തെളിവുകളുണ്ട്.
മാലിഖ് ദിനാര്‍പള്ളിക്ക് അല്പം കിഴക്കുമാറി പുഴയോരത്ത്  സ്ഥിതി ചെയ്യുന്ന മഖാം ശിലാഫലകത്തിലെ ലിഖിതം (AD 693 ആഗസ്തില്‍ ) അതിന്റെ കണിശമായ സൂചനയാണ്.(ലിഖിതം വിശദമായി അധ്യായം
13- ല്‍ കാണാം)

ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള  ആഗമനത്തെക്കുറിച്ചും ചേരമാന്‍പെരുമാളിന്റെ അറേബ്യന്‍ യാത്രയെ സംബന്ധിച്ചും ആദ്യ പരാമര്‍ശമുണ്ടാകുന്നത് 'തുഹ്ഫത് -ഉല്‍-മുജാഹിദിനി'ന്റെ (1618) രണ്ടാം അധ്യായത്തിലാണ്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്ന സൂഫിവര്യനാണ് ഈ കൃതിയുടെ കര്‍ത്താവ്. 'പോരാളികള്‍ക്കുള്ള പാരിതോഷികം എന്നാണ് ഗ്രന്ഥനാമത്തിന്റെ അര്‍ഥം. ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം പ്രധാനമായും ജിഹാദ് ആണ്. കേരളത്തിലെ വാണിജ്യസമ്പത്തില്‍ പിടിമുറുക്കാന്‍  പോര്‍ച്ചുഗീസുകാരും അറബികളും തമ്മില്‍ നടന്ന പോരിന്റെ ബാക്കിപത്രം. വിദേശികളായ പറങ്കികളെ തുരത്തിയോടിക്കാനുള്ള ജിഹാദിനാണ്  രചന ഊന്നല്‍ കൊടുക്കുന്നത്. ആമുഖത്തില്‍ തന്നെ അത് വ്യക്തമാണ്.

''സത്യവിശ്വാസികളെ കുരിശുപൂജകരായ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞാനിത് രചിച്ചത്. പോര്‍ച്ചുഗീസുകാര്‍ മുസ്ലിം പ്രദേശങ്ങള്‍ കടന്നാക്രമിക്കുക നിമിത്തം അവരോട്  യുദ്ധം ചെയ്യേണ്ടത് ഓരോ മുസ്ലിമിന്റേയും വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നതാണ് ഇതിന്റെ നിര്‍മിതിയുടെ സന്ദര്‍ഭം.''

പോര്‍ച്ചുഗീസുകാര്‍ക്കെതിരായ യുദ്ധം നയിച്ച അന്നത്തെ ബീജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ ഷാക്ക് (ഭരണകാലം 1557-1580) പുസ്തകം സമര്‍പ്പിക്കുകയും ചെയ്യുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ  സമകാലികനായാണ് അദ്ദേഹത്തെ  കണക്കാക്കുന്നത്. ജനിച്ചത് പൊന്നാനിയാണെന്നും മരണശേഷം അടക്കം ചെയ്തത് ചോമ്പാലയിലാണെന്നും കരുതപ്പെടുന്നു. ചോമ്പാലയില്‍ തന്നെയാണ് ജനിച്ചതെന്ന അഭിപ്രായവുമുണ്ട്. ഗ്രന്ഥത്തിന്റെ  ആദ്യഭാഗം ആഹ്വാനവും രണ്ടാംഭാഗം മലബാറില്‍ ഇസ്ലാംമതം പ്രചരിച്ചതിന്റെ  ചരിത്രവും മൂന്നാം ഭാഗം വിവിധ കേരളീയ സമുദായങ്ങളുടെ ആചാരങ്ങളുടേയും ജീവിത രീതിയുടേയും വിവരണവുമാണ്. നാലാം ഭാഗത്തിലാണ് സാമൂതിരിയും കുഞ്ഞാലിമരയ്ക്കാരും ചേര്‍ന്ന് പറങ്കികളോടു നടത്തിയ ഐതിഹാസികമായ ചെറുത്തുനില്പിനെ വിവരിക്കുന്നത്.

ഇസ്ലാംപ്രബോധകസംഘത്തേയും മറ്റും പരാമര്‍ശിക്കുന്നത് രണ്ടാം ഭാഗത്താണ്: മാലിക് ഇബ്നു ദീനാര്‍, ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്‌നു ഹബീബ് ഇബ്‌നു മാലിക്,  അദ്ദേഹത്തിന്റെ ഭാര്യ ഖുമരിയ്യഃ, അവരുടെ മക്കളും അനുഗാമികളുമടങ്ങുന്ന സംഘം  കൊടുങ്ങല്ലൂരിലാണ് കപ്പലിറങ്ങിയത്. പെരുമാള്‍ കൊടുത്തയച്ച കത്ത് കൊടുങ്ങല്ലൂരിലെ ഭരണാധികാരിക്കു കൈമാറുന്നു.
മാലിഖ് ഇബ്നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ താമസമുറപ്പിക്കുകയും അവിടെ പള്ളി സ്ഥാപിക്കുകയും  മറ്റിടങ്ങളില്‍ പ്രബോധനത്തിനായി  മറ്റു സംഘാംഗങ്ങള്‍ പുറപ്പെടുകയും ചെയ്തു.
ഹബീബ് ഇബ്നു മാലികും ഭാര്യ ഖുമരിയ്യഃയും മക്കളില്‍ ചിലരും തെക്കന്‍ കൊല്ലത്തേക്ക് പോയി. കൊല്ലം(തെക്കന്‍) കൂടാതെ ആ സംഘം ഹേലി മാറാവി (ഏഴിമല -മാടായി), ബാര്‍കൂര്‍
(ഫാക്കന്നൂര്‍), മഞ്ചറൂര്‍ ( മംഗലാപുരം), കാഞ്ചര്‍ക്കുത്ത് (കാസര്‍ക്കോഡ്), ശാലിയാത്ത് (ചാലിയം ), ഫന്ദറീന (പന്തലായിനി ), ദഹ്ഫത്തന്‍ ( ധര്‍മടം), ശിരവു പട്ടണം (ശ്രീകണ്ഠാപുരം) എന്നിവിടങ്ങളിലുമെത്തി  പള്ളികള്‍ പണിതു.

ഹിജ്‌റ 22 ഷഅബാന്‍ 12, വ്യാഴാഴ്ച (AD643)യാണ് ശ്രീകണ്ഠപുരത്ത് പള്ളി സ്ഥാപിച്ചത്. അറേബ്യയില്‍ നിന്നു കൊണ്ടുവന്ന മൂന്നു മാര്‍ബിള്‍ക്കല്ലുകളിലൊന്ന് ഇവിടെയാണ് പ്രതിഷ്ഠിച്ചത്.

പുണ്യസ്ഥലമായ സിലോണിലെ ആദംമല (സമന്ത കൂടാ)യിലേക്കുള്ള  അറബിതീര്‍ഥാടകര്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ യാത്രക്കിടെ തമ്പടിക്കുന്നതും ഇവിടുത്തെ പുണ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതും പതിവാണ്. ഇസ്ലാമിനു മുമ്പു തന്നെ സബയന്‍ അറബികള്‍  ആദംസ് പീക്കിലേക്ക്  തീര്‍ഥാടനം നടത്താറുണ്ട്. തങ്ങളുടെ ദേവനായ അവലോകിതേശ്വരനെ ദര്‍ശിക്കാന്‍ ശബരിമലയിലും അവരെത്തും. ഏരുമേലിയിലെ വാവരുടെ പുരാവൃത്തം ഈയൊരു ബന്ധത്തില്‍ നിന്നുണ്ടായതാവുമെന്ന അഭിപ്രായങ്ങളുള്ളവരുണ്ട്.

'ഏദന്‍തോട്ടം' സ്ഥിതിചെയ്തിരുന്ന അറേബ്യയുടെ തെക്കുള്ള ശാലുമേക്കായലിന്റെ തീരത്തെ സൊക്കോട്രോ ദ്വീപില്‍ ( ഭാരതീയനാമം - സുഖാവതി) അവലോകിതേശ്വരനു തുല്യനായ അല്‍മക എന്നൊരു ദൈവത്തെ ഇസ്ലാമിനു മുമ്പുള്ള സബയന്‍ അറബികള്‍ ആരാധിച്ചിരുന്നു. ഇന്ത്യയില്‍ പ്രാചീന കാലത്ത് ധാരാളമായി കുടിയേറിപ്പാര്‍ത്തിരുന്ന സബയന്‍ അറബിക്കച്ചവടക്കാരില്‍ നിന്നാണ് ബുദ്ധമതക്കാര്‍ക്ക് അവലോകിതേശ്വരനെ ലഭിച്ചതെന്ന് ബില്‍ അഭിപ്രായപ്പെട്ടതായി കേസരി ചൂണ്ടിക്കാട്ടുന്നു.

അത്തരത്തിലൊരു തീര്‍ഥാടകസംഘം കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളെ സന്ദര്‍ശിക്കാനുമിടയായി. നബിയെപ്പറ്റി പറഞ്ഞ സ്തുതികളും  'ചന്ദ്രബിംബത്തിന്റെ ഖണ്ഡനകഥ'യും രാജാവിനെ വശീകരിച്ചു.
നബിയെ കാണാനുള്ള മോഹമുദിച്ച രാജാവ് തീര്‍ഥാടകരുടെ  മടക്കയാത്രയില്‍ അവര്‍ക്കൊപ്പം നബിയെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു. ഒരു തീര്‍ഥാടന യാത്രയെന്നതില്‍ കവിഞ്ഞ് ഇതില്‍ അസ്വാഭാവികമായി മറ്റൊന്നുമുണ്ടാവണമെന്നില്ല. പ്രജകളെ അറിയിക്കാതെയായിരുന്നു ആ യാത്ര. രാജധാനിയിലേക്കുള്ള പ്രജകളുടെ  സന്ദര്‍ശനം ഏഴുദിവസത്തേക്കു മാത്രമായിരുന്നു  വിലക്കിയതും. വിദേശ വാണിജ്യ സങ്കേതങ്ങളുമായി ചേരമാന്‍ പെരുമാളിനുള്ള  അടുത്ത അനുഭവപരിചയങ്ങളും ആ യാത്രയെ ഒരു സ്വാഭാവികദൗത്യത്തില്‍ പെടുത്തുന്നു.

പില്‍ക്കാലത്ത് മാലിക് ഇബ്‌നു ദിനാര്‍  തിരിച്ചു പോയതും മാലിക് ഇബ്‌നു ഹബീബും ഭാര്യയും കൊടുങ്ങല്ലൂരില്‍ തന്നെ മരണമടഞ്ഞതും 'തുഹ്ഫത് -ഉല്‍-മുജാഹിദിനി'ല്‍ പറയുന്നുണ്ട്.
പ്രചാരത്തിലുള്ള ഐതിഹ്യം ഇതാണെന്നും കാലത്തെപ്പറ്റി സൂക്ഷ്മമായ അറിവില്ലെന്നും ഹിജ്‌റക്കു ശേഷം 200 വര്‍ഷം കഴിഞ്ഞാണെന്നു വിചാരിക്കുവാന്‍ കാരണമുണ്ടെന്നും പക്ഷെ, മുസ്ലീങ്ങള്‍ക്കിടയിലുള്ള വിശ്വാസം നബിയുടെ കാലത്താണെന്നും നബിയെ പെരുമാള്‍ സന്ദര്‍ശിച്ചു എന്നുകൂടി വിശ്വസിക്കുന്നതായും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഷുഹൂറിലെ (ഒമാന്‍) ശവകുടീരം മുസ്ലീങ്ങള്‍ സന്ദര്‍ശിക്കാറുള്ളതും അടക്കിയ രാജാവിനെ അസ്-സമുരി എന്ന് വിളിക്കുന്നതായും ഗ്രന്ഥം വിവരിക്കുന്നു. ചെങ്കടല്‍ തീരത്താണ് (യമന്‍) പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് 'കേരളോത്പത്തി'യിലെ വിവരണം.

ഇസ്ലാംമതത്തിന്റെ അടിസ്ഥാന ദര്‍ശനമായ ഏകദൈവസന്ദേശവും പ്രബോധകസംഘത്തിന്റെ വിനയവും ഭക്തിയും ലളിതമായ ജീവിതവും തദ്ദേശീയരെ ആകര്‍ഷിച്ചതായും ഇസ്ലാംമതം രൂഢമൂലമാക്കുന്നതിന് അതിടവരുത്തിയെന്നും മുസ്ലീങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചുവെന്നും സൈനുദ്ദീന്‍ മഖ്ദൂം വിശദീകരിക്കുന്നുണ്ട് .

അറബികളുടെ പൂര്‍വ ദിക്കുകളുമായുള്ള വാണിജ്യബന്ധം ഇസ്ലാംമതദര്‍ശനങ്ങള്‍ക്ക് അതിന്റെ ആവിര്‍ഭാവകാലത്തു തന്നെ പ്രചാരം നേടിയെടുക്കുന്നതിന് വളരെയേറെ സഹായിച്ചു. അനുഷ്ഠാന കര്‍മങ്ങളുമായുള്ള അന്ധമായ പ്രതിപത്തി അവരുടെ സഞ്ചാര ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ചെന്നുചേരുന്നിടത്തെല്ലാം കര്‍മാനുഷ്ഠാനങ്ങള്‍ക്കായി പ്രാഥമികമായി പള്ളികളും ഉയര്‍ത്തി.

ഈ പ്രയാണത്തിന്റെ  കാലനിര്‍ണയത്തെപ്പറ്റിയും മുഹമ്മദീയരുടെ ഇവിടേക്കുള്ള വരവു സംബന്ധിച്ചും സര്‍വസമ്മതമായ ഒരഭിപ്രായം ചരിത്രാന്വേഷകര്‍ക്കിടയിലുണ്ടായിട്ടില്ല.ഏതെങ്കിലും ആരാധനാലയത്തിന്റെ നിര്‍മാണകാലം കണക്കുകൂട്ടിയെടുത്തു മാത്രം ആ കാലഘട്ടത്തിന്റെ ജനജീവിതവും സംസ്‌കാരിക അസ്തിത്വവും അടയാളപ്പെടുത്തുന്ന ഒരു രീതിയുണ്ടല്ലൊ. അതിനോടു യോജിപ്പില്ലെങ്കിലും ചരിത്രത്തിലെ ചില കാല്പാടുകള്‍ വ്യക്തമായി വായിച്ചെടുക്കാന്‍ അതു വഴിവയ്ക്കാം.

ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍ രാജ്യം ആശ്രിതന്മാര്‍ക്ക് വീതിച്ച് ബൗദ്ധമതം (ഇസ്ലാം മതം) സ്വീകരിച്ച് മക്കത്ത് പോയതായാണ് 'കേരളോല്‍പത്തി'യില്‍ ഇതു സംബന്ധമായ പ്രതിപാദ്യം.
ഒടുവിലത്തേയാള്‍ ഭാസ്‌കരവിവര്‍മനല്ലെന്നതിന് കൊല്ലം രാമേശ്വര ക്ഷേത്രത്തിലെ കുലശേഖര ചക്രവര്‍ത്തിയുടെ ശാസനം (AD 1103) തെളിവാണ്.

കേരളോല്‍പത്തിയിലെ വിവരണം ഇങ്ങനെയാണ്:

''ഒടുവിലത്തെ പെരുമാളിന്റെ ഭാര്യക്ക് അകമ്പടിത്തലവനായ പടമല നായരോടുണ്ടായ കാമം നിരസിക്കപ്പെട്ടപ്പോള്‍ ബലാത്സംഗ മാരോപിക്കുകയും പെരുമാള്‍ അയാളെ വധിക്കുകയും ചെയ്തു. മരണമടുത്ത നായരെ കൊണ്ടുപോകാന്‍ സ്വര്‍ഗത്തില്‍ നിന്ന് വിമാനം വരുന്നതു കണ്ട പെരുമാള്‍ ഭാര്യ ചതിച്ചതാണെന്നു തിരിച്ചറിഞ്ഞു. പാപത്തിന് പരിഹാരം നായരോടു തിരക്കി. ജോനകനെ കണ്ട്  നാലാംവേദം സ്വീകരിച്ചാല്‍ മോക്ഷം പ്രാപിക്കാം എന്നു മറുപടി. അനന്തരം ആശ്രിതന്മാര്‍ക്ക് പങ്കിട്ടു കൊടുത്ത് കൊടുങ്ങല്ലൂര്‍ നിന്ന് മക്കത്തേക്കു കപ്പല്‍ കയറി. കൊയിലാണ്ടി, ധര്‍മപട്ടണം വഴി അറേബ്യയിലേക്ക്.ജിദ്ദയിലെത്തി നബിയെ കണ്ടു.ഇസ്ലാം മതം സ്വീകരിച്ചു. താജുദ്ദീന്‍ എന്ന പേരും. അറബില്‍ രാജാവായ മാലിക് ഹബീബ് ദീനാറുടെ സഹോദരിയെ വിവാഹം കഴിച്ച് 5 വര്‍ഷം പാര്‍ത്തു. സഹര്‍ മുക്കല്‍ഹ എന്ന നാട്ടില്‍ വന്ന് വീടും പള്ളിയും പണിതു.

കേരളത്തില്‍ തിരിച്ചുവന്ന് ഇസ്ലാം മതപ്രചാരണം നടത്താനായി പുറപ്പെട്ടു. പുറപ്പെടും മുമ്പ് പനി പിടിച്ച് മരിച്ചു. അവിടെ അടക്കി. സ്യാലനായ മാലിക് ഹബീബ് ദിനാര്‍ പെരുമാളിന്റെ എഴുത്തുകളുമായി കുടുംബസമേതം കേരളത്തിലേക്കു തിരിച്ചു. ഒരുകപ്പല്‍ മധുരയില്‍. അവിടെ ഹബീബിന്റെ പുത്രന്‍ പള്ളി പണിത് ഖാസിയായി. മറ്റൊരു കപ്പല്‍ കൊടുങ്ങല്ലൂരില്‍ . ഹബീബ്  പള്ളി പണിതു. അദ്ദേഹത്തിന്റെ അനുയായികള്‍ കൊല്ലം, മാടായി, വാക്കന്നൂര് , മൈക്കുളം, കാഞ്ഞിരോട്, ശിരവു പട്ടണം , ധര്‍മ പട്ടണം, പന്തലായി, ചാലിയം എന്നിവിടങ്ങളിലും പള്ളികള്‍ നിര്‍മിച്ചു''

ദെ കൂതോ എന്ന പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്റെ ഉമ െഅശെമ എന്ന കൃതിയില്‍ ചേരമാന്‍ പെരുമാളിന്റെ കാലം AD 583 ആണ്. പെരുമാളിന്റെ മതംമാറ്റം അഉ 628ലാണെന്ന് കേസരി മേളത്തൂര്‍ അഗ്‌നിഹോത്രിയുടെ കാലത്തെ കൂട്ടുപിടിച്ചു കൊണ്ട് പ്രസ്താവിക്കുന്നുണ്ട്. രാജാവ് ഹൈന്ദവേതര മതം സ്വീകരിച്ചതിനെ തുടര്‍ന്ന് യജ്ഞസ്ഥാനം സംരക്ഷിക്കാനാണത്രെ അന്ന് അഗ്‌നിഹോത്രം നടത്തിയത്. മേഴത്തോളഗ്‌നിഹോത്രിയുടെ കാലം  AD 379 ആണ്. കൊല്ലവര്‍ഷത്തിനു മുമ്പ് രണ്ടു കാലഗണനകള്‍,കല്യബ്ദവും കളച്ചുരി (ത്രികൂടാബ്ദം) അബ്ദവും പ്രചാരത്തിലുണ്ടായിരുന്നു. 249 ADലാണ്കളച്ചുരിവര്‍ഷം ആരംഭിച്ചത് - മൂഷികവംശവുമായി  ബന്ധമുള്ളവരാണ് കളച്ചുരി വംശം (ഹൈഹയവംശം).
AD 379 നോട് ത്രികൂടാബ്ദം കൂട്ടിയാല്‍ യഥാര്‍ഥ ക്രിസ്ത്വബ്ദം കിട്ടും. അതായത് അഗ്‌നിഹോത്രം നടന്നത് AD 628ല്‍.

അതുലന്റെ 'മൂഷകവംശ'ത്തിലെ പാലകന്‍ ഒന്നാമനാണ് ചേരമാന്‍ പെരുമാള്‍ എന്ന് കേസരി എ. ബാലകൃഷ്ണപിള്ള നിരീക്ഷിക്കുന്നു:

''ചിലപ്പതികാരത്തിലേയും പതിറ്റുപ്പത്തിലേയും ഈ ഭാഗങ്ങളില്‍നിന്ന് രാജ്യം പകുത്തുകൊടുത്തതിനു ശേഷം അറേബ്യയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ച് മരണമടഞ്ഞതായി കേരളോല്‍പത്തിയും സൈനുദ്ദീനും പ്രസ്താവിച്ചിട്ടുള്ള പെരുമാള്‍ പല്‍യാനൈച്ചന്‍കെഴുക്കുട്ടുവന്‍ ആണെന്നു സ്പഷ്ടമാകുന്നുണ്ട്. എന്തെന്നാല്‍ ഇദ്ദേഹം തന്റെ രാജ്യം വീതിച്ചുകൊടുത്തു എന്നു പതിറ്റുപ്പത്തും, ഇദ്ദേഹത്തിന്റെ കാലത്തു കൊടുങ്ങല്ലൂരില്‍ വന്ന ബൗദ്ധരെ, അതായത് മുസ്ലീങ്ങളെ ഇദ്ദേഹം സല്‍ക്കരിച്ച് ഹിന്ദുധര്‍മപ്രകാരമുള്ള യാഗങ്ങള്‍ക്കു പകരം മധുരപദാര്‍ഥങ്ങള്‍ കൊണ്ട് യാഗം കഴിപ്പിച്ചെന്നും, ഇദ്ദേഹം യവനരുടെ നാട്ടില്‍, അതായത് ജോനകരുടെ, അഥവാ അറബികളുടെ നാട്ടില്‍പോയി വാണ് അവിടെ വച്ച് സ്വര്‍ഗം പ്രാപിച്ചുവെന്ന് ചിലപ്പതികാരവും പറഞ്ഞിരിക്കുന്നു.

ചിലപ്പതികാരം രചിച്ചത്, എ.ഡി. 650 നും 700 നും ഇടയ്ക്കാണെന്ന് ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചിരുന്നത് ഓര്‍ക്കുമ്പോള്‍, അതിലെ ഈ പ്രസ്താവനകളുടെ അതിയായ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. ഈ പെരുമാള്‍ അറേബ്യയിലേക്ക് പോയ എ.ഡി. 628 നു ശേഷം ഒരെഴുപതുവര്‍ഷം കഴിയുന്നതിനു മുമ്പ് രചിച്ചതാണ് ചിലപ്പതികാരം. ചിലപ്പതികാര കര്‍ത്താവായ ഇളങ്കോവടികള്‍, അറേബ്യയിലേക്കു പോയ പെരുമാളായ പല്‍യാനൈച്ചന്‍ കെഴുകുട്ടവന്റെ മരുമകനും പിന്‍ഗാമിയുമായ കളങ്കായ് കണ്ണിനാര്‍ മുടിചേരലാതന്റെ മരുമകനാണെന്ന സംഗതിയും ഇവിടെ സ്മരണീയമാണ്.  നടുകര്‍കാതൈയില്‍ ഉതിയന്‍ ചേരലാതന്റെ പുത്രനും ഇമയ വരമ്പന്‍ നെടും ചേരലാതന്റെ അനുജനുമാണ് പല്‍യാതൈ ചെല്‍ കെഴുകുട്ടുവന്‍... അതിനാല്‍ കാലം കൊണ്ടും ബന്ധുത്വം കൊണ്ടും മക്കത്തുപോയ പെരുമാളിനു വളരെ അടുപ്പമുള്ള ഇളങ്കോവടികളുടെ വാക്കുകള്‍ വിശ്വാസയോഗ്യമാണെന്നതിനു യാതൊരു സംശയവുമില്ല. പല്‍യാനൈച്ചന്‍കെഴുകുട്ടുവന്‍ അറേബ്യയിലേക്കു പോയി അവിടെ വച്ച് മരിച്ചതിനാല്‍, അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്നും സിദ്ധാന്തിക്കുന്നു.

പെരുമാള്‍ മക്കത്തു ചെന്ന് നബിയെ കണ്ടപ്പോള്‍ നബിക്ക് 57 വയസ്സുണ്ടായിരുന്നു എന്ന് കേരളോല്‍പത്തി പറഞ്ഞിട്ടുള്ളതിനാല്‍ പെരുമാള്‍ മക്കത്തുപോയത് എ.ഡി 628 ലാണെന്ന് സിദ്ധിക്കുന്നു. സെഹര്‍ മുക്കല്‍ഹ എന്ന നാട്ടില്‍ പെരുമാള്‍ തിരിച്ചുവന്നു പള്ളിയും വീടും പണിയിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടാകായാല്‍ അദ്ദേഹം അവിടെ തിരിച്ചുവന്നത് എ.ഡി 634 ലായിരിക്കണം. പള്ളിയും വീടും പണികഴിപ്പിച്ച് അവിടെ കുറേനാള്‍ പാര്‍ത്തതിനു ശേഷമാണ് പെരുമാള്‍ മരിച്ചത്. സെഹര്‍ മുക്കല്‍ഹയില്‍ തിരിച്ചുവന്ന ശേഷം ഒരു മൂന്നു കൊല്ലം കൂടി പെരുമാള്‍ ജീവിച്ചിരുന്നു എന്നു വിചാരിക്കാം.അപ്പോള്‍ ഉദ്ദേശം എ.ഡി 637 നു സമീപിച്ച് പെരുമാള്‍ മരിച്ചു എന്നും അതിനടുത്ത കാലത്തു തന്നെ മാലിക് ഹബീബ് ദീനാറും കുടുംബവും കേരളത്തിലേക്കു പോന്നുവെന്നും സിദ്ധിക്കുന്നു.

പെരുമാള്‍ എന്നര്‍ഥം വരുന്ന ശക്രൂതിഫര്‍മാള്‍' (ചക്രവര്‍ത്തി പെരുമാള്‍) ഒരു രാജാവ് ഇസ്ലാംമതം സ്വീകരിച്ച് അറേബ്യയില്‍ പോയതായി വ്യക്തമാക്കുന്ന മറ്റൊരുരേഖ ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത മതംമാറ്റത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ബര്‍ണലിന്റെ നിഗമനം ശരിയാണെങ്കില്‍ ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ സമകാലീനനാണെന്ന് തെളിയുന്നതാണ്.(Journal Royal Asiatic Society, 1912)

200-ല്‍പരം ശിലാലിഖിതങ്ങള്‍ പരിശോധിച്ച സുന്ദര്‍രാജും പ്രഫ. കില്‍ഹോണും ചേരമാന്‍ പെരുമാളുടെ കാലഗണനക്ക് ഉതകുന്നതൊന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് എപ്പിഗ്രാഫിയാ ഇന്‍ഡിക്കാ (വാല്യം 4)യില്‍ എഴുതിയിട്ടുണ്ട്.

ഒന്നാമതായി പെരുമാള്‍ മക്കത്തുപോയതായി പറയുന്ന എ.ഡി.628 ഇസ്ലാം ചരിത്രത്തില്‍ പ്രാധാന്യമുള്ള ഒരാണ്ടാണ്. താന്‍ സ്ഥാപിച്ച മതത്തിന്റെ പ്രചാരണത്തിനായി നബി അന്നത്തെ പ്രധാന രാജാക്കന്മാരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചത് ആ ആണ്ടിലും അതിനു സമീപിച്ചുമായിരുന്നു. റോമാ ചക്രവര്‍ത്തിയായ ഹെരാക്ലിയസ്, പാരസിക ചക്രവര്‍ത്തിയായ ഖുസ്റു പര്‍വീസ്, ചീനത്തെ ടാങ് വംശജനായ ചക്രവര്‍ത്തി, അബിസീനിയായിലെ രാജാവ്, അറേബ്യയുടെ കിഴക്കന്‍ തീരത്തുള്ള ബന്ദു ഹനീഫ ഗോത്രത്തിന്റെ നായകന്‍, അവിടെയുള്ള ബഹ്റൈനിലെ ഭരണാധികാരി എന്നിവര്‍ക്കു തന്റെ പുതിയ മതം സ്വീകരിക്കുവാന്‍ ഉപദേശിക്കുന്ന കത്തുകളോടുകൂടി നബി തന്റെ ദൂതന്മാരെ ഈ ആണ്ടിലും അതിനു സമീപിച്ചും അയക്കുകയുണ്ടായി. ഇങ്ങനെ അന്നത്തെ ലോകത്തിലെ പ്രബലരായ ചക്രവര്‍ത്തികള്‍ക്കും തന്റെ നാട്ടുകാരായ അറബികള്‍ക്കും, കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്ന രാജ്യത്തിലെ ഭരണാധികാരികള്‍ക്കും സന്ദേശങ്ങള്‍ അയച്ച നബി പണ്ടേതന്നെ തന്റെ നാട്ടുകാര്‍ക്ക് കച്ചവട ബന്ധമുണ്ടായിരുന്ന സിലോണിലേയും കേരളത്തിലേയും രാജാക്കന്മാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരിക്കുവാന്‍ ഇടയുണ്ട്. പോരെങ്കില്‍ അദ്ദേഹം ചീനത്തേക്ക് അയച്ച ദൂതന്മാര്‍ക്ക് കേരളവും സിലോണും കടന്നുപോകേണ്ടിയുമിരുന്നു. നബിയുടെ ശിഷ്യന്മാര്‍ കേരളത്തിലും സിലോണിലും പോയിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ പറയുന്നുമുണ്ട്.

നബി അയച്ച ദൂതനായിരിക്കാം കേരളോല്‍പത്തിയില്‍ പറഞ്ഞിട്ടുള്ള അശുവിങ്കല്‍ ചതുരപുരത്തു വേദാഴിയാരും സൈനുദ്ദീന്‍ പ്രസ്താവിക്കുന്ന, തീര്‍ത്ഥയാത്രക്കാരുടെ തലവനായ ശൈഖും''(P.40 50 ,കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ Vol1). അതുലന്റെ 'മൂഷികവംശ'ത്തിലെ പാലകന്‍ ഒന്നാമനാണ് ചേരമാന്‍ പെരുമാള്‍ എന്ന് സമര്‍ഥിക്കുന്ന കേസരി പതിറ്റുപ്പത്തിലെ പല്‍യനൈച്ചന്‍കെഴുകുട്ടുവനും, കേരള തുളുവൈതിഹ്യത്തിലെ ഭുതലപാണ്ഡ്യന്റെ മാതുലനും മുന്‍ഗാമിയുമായ ദേവപാണ്ഡ്യനും, മക്കത്തുപോയ ചേരമാന്‍ പെരുമാള്‍ക്ക് ഈ കൃതികളില്‍ പറഞ്ഞ പേരുകള്‍ ആണെന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു.

പശ്ചിമ ഉത്തരതീരങ്ങളും പേര്‍ഷ്യയും അറേബ്യയുമായി തുടര്‍ച്ചയായ കച്ചവടബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നയാളാണ് ദേവപാണ്ഡ്യന്‍.അതുകൊണ്ടു തന്നെ വാഴ്ചക്കാലത്തിനു ശേഷം രാജ്യം മരുമകന്‍ ഭൂതലപാണ്ഡ്യനെ (മൂഷിക വംശത്തിലെ വലിധരന്‍ ) ഏല്പിച്ചു കൊടുത്ത് അറേബ്യയിലേക്കുള്ള  തീര്‍ഥാടകവഴി തെരഞ്ഞെടുക്കാന്‍ സാധ്യത കൂടുതലാണ്.മറ്റൊരു ചേരരാജാവ് ക്രിസ്തുമതം സ്വീകരിച്ചതായും പറയപ്പെടുന്നു. കുലശേഖര പെരുമാളിനു (AD 671) ശേഷം അധികാരത്തില്‍ വാണ പുത്രന്‍ പള്ളിബാണ പെരുമാള്‍ (ഭൂതരായ പെരുമാള്‍) ഇദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന ക്‌നായി തൊമ്മന്റെ പ്രേരണയാല്‍  ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായത്രെ. പറയിപെറ്റ പന്തിരുകുലത്തിലെ ശില്പി ഉളിയന്നൂര്‍ പെരുന്തച്ചന്‍ ക്‌നായി തൊമ്മനാണെന്നാണ് കേസരിയുടെ കണ്ടെത്തല്‍.

ചേരമാന്‍ പെരുമാള്‍  മുസ്ലീമായ കഥയെപ്പറ്റി ചരിത്രകാരനായ പത്മനാഭമേനോന്‍ പറയുന്നതിങ്ങനെ:''ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയെന്നതിന് യാതൊരു തെളിവുമില്ല. നേരെ മറിച്ച്, അദ്ദേഹം ഒരു അടിയുറച്ച ഹിന്ദുവായി തന്നെ ജീവിതകാലം കഴിച്ചുവെന്നൂഹിക്കാനാണ് വഴി കാണുന്നത്.ഇസ്ലാം മതത്തെക്കുറിച്ചുള്ള കഥയാവട്ടെ, രണ്ടു മതംമാറ്റങ്ങളുടെ ചരിത്രം കൂട്ടിക്കുഴച്ചുണ്ടായതായിരിക്കാനിടയുള്ളത് - ചേരമാന്‍ പെരുമാക്കന്മാരിലൊരാളായ ബാണപ്പെരുമാള്‍ ബുദ്ധമതം സ്വീകരിച്ച ചരിത്രവും കുറേ കാലത്തിനു ശേഷം കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാരിലൊരാള്‍ ഇസ്ലാം മതം സ്വീകരിച്ച ചരിത്രവും ''

ധര്‍മടത്ത് ഒരു ചേരമാന്‍ കുന്നും പോയനാടുമുണ്ട്. പെരുമാള്‍ മക്കത്ത് പോയതിനാല്‍ പോയനാട് എന്നു വന്നതാണെന്ന് ചിലര്‍  പുരാവൃത്തം  ചൂണ്ടി സ്ഥിരീകരിക്കുന്നു. പൊയനാട് ആണ് പോയനാട് ആയത്. പുഴക്കര എന്നേ അതിനര്‍ഥമുള്ളു. മമ്പറം പുഴയോരത്ത് മൈലുള്ളമെട്ടക്കും മമ്പറത്തിനുമിടയില്‍ ഒരു പൊയനാടുണ്ട്. ഗോവയ്ക്കടുത്തുമുണ്ട് മറ്റൊരു പൊയനാട് .

എ.ഡി. 851- ല്‍ കേരള തീരങ്ങള്‍ വഴി ചൈനയിലേക്കു പോയ സഞ്ചാരിയായ സുലൈമാന്‍ താജിറിന്റെ യാത്രാരേഖകളില്‍ നിന്ന് അക്കാലത്ത് ഇന്ത്യയിലോ ചൈനയിലോ മുസ്ലീങ്ങളെത്തിയിട്ടില്ലെന്ന നിഗമനം
വില്യംലോഗനുള്‍പ്പെടെ ചില ചരിത്രകാരന്മാര്‍ പങ്കുവച്ചിരുന്നു. ഇളംകുളം കുഞ്ഞന്‍പിള്ള 'കേരള ചരിത്രം ഇരുളടഞ്ഞ ഏടുകളില്‍' പറയുന്നു :''രാജ്യം പങ്കിട്ട പെരുമാളിനോട് ചേര്‍ത്ത് കൊല്ലവര്‍ഷത്തിന്റെ ഉല്‍പത്തി കല്‍പിക്കാറുള്ളത് 'ഉദയ മാര്‍ത്താണ്ഡന്‍ കഥ' പോലെ അബദ്ധമാണ്. കൊല്ലവര്‍ഷാരംഭത്തിലോ അതിനു മുമ്പോ കേരളത്തിലെ ഏതെങ്കിലും രാജാവ് ഇസ്ലാം മതം സ്വീകരിച്ചു എന്നു വരാവുന്നതേയുള്ളൂ.

ക്രി. 851-ല്‍ കേരളം സന്ദര്‍ശിച്ച സുലൈമാന്‍ എന്ന അറബി സഞ്ചാരി  ചീനരോ നാട്ടുകാരോ ആയ ഒരൊറ്റ മുസ്ലിം പോലും ഇവിടെ അന്ന് ഉണ്ടായിരുന്നില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന് കാല്‍ നൂറ്റാണ്ടു മുമ്പ് കേരളം വാണിരുന്ന ചക്രവര്‍ത്തി ഇസ്ലാം മതം സ്വീകരിച്ച വൃത്താന്തം അദ്ദഹത്തിന്റെ അറിവില്‍ പെട്ടില്ലെന്നു വരരുതോ? അത് അത്ര സ്വാഭാവികമല്ലെന്നുള്ളതു ശരിതന്നെ. പക്ഷേ, അങ്ങനെ വന്നുകൂടെന്നില്ല.''

ഇവരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ ഇസ്ലാംമത പ്രചാരണം നടന്നത് എ.ഡി. 9-ാം നൂറ്റാണ്ട് അവസാന പകുതിക്ക് ശേഷമായിരിക്കണം എന്നാണ്. അതിനാധാരമായി എടുത്തുകാട്ടുന്നത്,സുലൈമാന്റേതായി  വിശ്വസിച്ചുപോരുന്ന ഒരു പ്രസ്താവനയാണ്. അറബി സംസാരിക്കുന്നവരെയോ, ഇസ്ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ, ഇന്ത്യക്കാരെയോ താന്‍ കണ്ടില്ല, എന്നതാണ് ആ പ്രസ്താവന. സുലൈമാന്റെ പേരില്‍ പ്രസിദ്ധീകൃതമായ 'സില്‍സിലത്തുത്തവാരീഖ് 'എന്ന ഗ്രന്ഥഭാഗത്തിലെ ഈ വാചകം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്.
ഈ അഭിപ്രായത്തോട്  ഡോ: സി.കെ.കരീം പ്രതികരിക്കുന്നത് ഇങ്ങനെയാണ്:''ഈ വാചകം മാത്രം കൈമുതലാക്കിക്കൊണ്ട് മറ്റനേകം തെളിവുകളേയും, അടിയുറച്ച വിശ്വാസങ്ങളേയും, സാമാന്യ ബുദ്ധിയേയും മറികടന്നുകൊണ്ട് ഇസ്ലാംമത പ്രചാരണം നടന്നത് സുലൈമാന്റെ കാലത്തിന് ശേഷമായിരിക്കണമെന്ന  വാദമുന്നയിക്കരുതെന്നാണ്.

സുലൈമാന്റേതെന്ന് പറയുന്ന  ഗ്രന്ഥം കണ്ടവരോ അത് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നവരോ അല്ല ഈ വാദമുന്നയിക്കുന്ന എഴുത്തുകാര്‍''തന്റെ ' kerala muslim History, Statistics and Directory' എന്ന കൃതിയില്‍ അദ്ദേഹം വാദിക്കുന്നു:''ഇതു സംബന്ധമായി എഴുതിയവര്‍ക്കൊക്കെ പിണഞ്ഞ ആശയക്കുഴപ്പമാണ് ഈ മതപരിവര്‍ത്തനക്കാര്യത്തില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുവാന്‍ ഇടയായിട്ടുള്ളത്. ബാണപ്പെരുമാള്‍ (പ്രവാചക സവിധത്തിലെത്തിയ ഇന്ത്യന്‍ രാജാവ്) ക്ക് ശേഷം അഞ്ചാമതോ ആറാമതോ പെരുമാളായി അവരോധിക്കപ്പെട്ടിരുന്ന മറ്റൊരു ചക്രവര്‍ത്തികൂടി ഇവിടെ നിന്ന് മതപരിവര്‍ത്തനം നടത്തിയ ശേഷം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനും അറേബ്യയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി പോയിരുന്നു. ഈ രണ്ടു പെരുമാക്കന്മാരുടെ മതപരിവര്‍ത്തനം ഒരാളുടേതായി കരുതിപ്പോരുന്നതുകൊണ്ടാണ് കാലഗണനയില്‍ ചരിത്രകാരന്മാര്‍ നൂറ്റാണ്ടുകളുടെ തന്നെ വ്യത്യാസം കാണിക്കുന്നത്. രിഹ്ലത്തുല്‍ മുലൂകിന്റെ കര്‍ത്താവായ ഉമര്‍ സുഹ്രവര്‍ദി എഴുതുന്നത് പ്രവാചകന്റെ കാലത്താണ് പെരുമാള്‍ ഇവിടെ നിന്ന് മക്കയിലെത്തിയതെന്നാണ്. ശൈഖ് സൈനുദ്ദീന്‍ വിചാരിക്കുന്നത്, 'ഹിജ്റ 200 കൊല്ലത്തിനു ശേഷമാണ് ആ സംഭവം ഉണ്ടായതെന്ന ധാരണയ്ക്കാണ് മുന്‍തൂക്കം' എന്നാണ്. എന്നാല്‍ പ്രസിദ്ധ ചരിത്രകാരനായ ഫെരിസ്ത എഴുതുന്നത് നബി തിരുമേനിയുടെ കാലത്താണ് രാജാവ് ഇസ്ലാം മതം വിശ്വസിച്ച് അറേബ്യയിലേക്ക് പോയതെന്നാണ്. അതുപോലെ മതം മാറി താജുദ്ദീനെന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന ബാണപ്പെരുമാള്‍ മൃതിയടഞ്ഞത് ശഹര്‍മുഖല്ലയിലാണ്. അവസാനത്തെ പെരുമാളുടെ ഖബര്‍ ഹളറമൗത്ത് തീരപ്രദേശത്തെ ളുഫാര്‍ എന്ന നഗരത്തിലാണെന്നും ശഹര്‍ മുഖല്ലയിലല്ലെന്നും ശൈഖ് സൈനുദ്ദീനും രേഖപ്പെടുത്തുന്നു''

ഇതിന്റെ വസ്തുത വിസ്തരിക്കാന്‍ സുലൈമാന്‍ താജിറടക്കം നിരവധി സഞ്ചാരികളുടെ വിവരണങ്ങളുള്‍പ്പെടുത്തി AD 916 ല്‍ അബൂസൈദ് അല്‍ ഹസന്‍ ഇബ്നു യസീദ് സൈറാഫി
എന്ന പേര്‍ഷ്യക്കാരന്‍ ക്രോഡീകരിച്ച  അഹ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ് എന്ന ഗ്രന്ഥം  സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. സരന്‍ദ്വീപില്‍നിന്ന് ചൈനയിലേക്കുള്ള യാത്രാമധ്യേ ലഞ്ച്യാലൂസ് എന്നൊരു സ്ഥലത്തെക്കുറിച്ചാണ് സുലൈമാന്‍, അല്‍ ഇദ്രീസി എന്നിവരുള്‍പ്പെടെയുള്ള  സഞ്ചാരികളുടെ വിവരണങ്ങള്‍ പരമാര്‍ശിക്കപ്പെടുന്നത്. നിക്കോബാര്‍ ദ്വീപുകളെ അറബി സഞ്ചാരികള്‍ വിളിച്ചിരുന്ന നാമമാണത്. നിക്കോബാര്‍ ദ്വീപുകളില്‍ കച്ചവടക്കാരായ അറബികളേയോ മുസ്ലീങ്ങളേയോ അക്കാലത്ത് കണ്ടില്ല എന്നു പരാമര്‍ശിച്ചാല്‍ അത് വസ്തുതയാകാം.

കര്‍ണാടകയില്‍ നിന്നിറങ്ങിയ ജഗത്ഗുരുവിലെ (1921) ഒരു പരാമര്‍ശം കേരള മുസ്ലീം ചരിത്രത്തില്‍ ഗവേഷകനായ  സെയ്ത് മുഹമ്മദ് ഉദ്ധരിക്കുന്നു:'ഞാന്‍ സത്യാഗ്രഹകാലത്ത് അറബിവംശജന്മാരായ മാപ്പിളമാരുടെ ലഹളയുടെ കാരണമറിയാന്‍ മലബാറില്‍ ചെന്നപ്പോള്‍ അവിടെ ഒരു ഹിന്ദുദേവാലയത്തില്‍ സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ട ഒരു ശിലാലിഖിതം സൂക്ഷിച്ചു വായിച്ചു. അതില്‍ അവിടത്തെ രാജാവ് മുസ്ലിമായിത്തീര്‍ന്നത് വിവരിച്ചിരിക്കുന്നു:
''ഞാന്‍ ഒരു ദിവസം രാത്രിയില്‍ ചന്ദ്രനെ പിളര്‍ന്നത് കണ്ട് അത്ഭുതപ്പെട്ടു. ജ്യോതിഷക്കാരെ വരുത്തി ഇതിനെക്കുറിച്ച് അന്വേഷിച്ചു.  അവര്‍ ഇങ്ങനെ പറഞ്ഞു: 'രാജാവേ, അറേബ്യാ രാജ്യത്ത് ഒരു മഹാപുരുഷന്‍ ജനിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ ധര്‍മം ഇഹപര ഭാഗ്യങ്ങള്‍ക്ക് കാരണമായിത്തീരുന്നതാണ് അദ്ദേഹം കാരണമാണ്  ഈ സംഗതി നടന്നത് ' .  ഞാന്‍ ആ മഹാപുരുഷന്റെ സത്യസ്ഥിതി അറിയാന്‍ കുറേ പണ്ഡിതന്മാരെ അയച്ചു.  അവര്‍ മക്കയില്‍ പോയി സംസാരിച്ചു. ജ്യോതിഷക്കാര്‍ പറഞ്ഞത് ശരിയാണെന്ന് അവര്‍ മടങ്ങി വന്നപ്പോള്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം വിവരിച്ചു കേട്ടപ്പോള്‍ എനിക്ക് ആ മഹാപുരുഷനോട് ആദരവ് തോന്നുകയും ഞാനദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളാവുകയും ചെയ്തു''.

ഈ ശിലാലിഖിതം എവിടെയാണിപ്പോള്‍? കൊടുങ്ങല്ലൂരിലെ പെരുമാള്‍ ക്ഷേത്രത്തില്‍ അത്തരമൊന്നില്ല, മലബാറിലെ ഹിന്ദു ദേവാലയത്തിലാണതെന്ന് ജഗത്ഗുരു പറയുന്നു. ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ ന്യായമടങ്ങുന്ന ഒരു സന്ദേശം എന്തായാലും ഹിന്ദുദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കില്ല. അതും 1921-ലെ മലബാര്‍ കലാപത്തിന്റെ പരിധിയില്‍.

പെരുമാള്‍ മക്കയിലേക്കു പോകും മുമ്പേ ഇവിടെ പള്ളി സ്ഥാപിക്കുന്ന സാഹചര്യമുണ്ടായിരുന്നെന്നാണ് ചിലരുടെ നിരീക്ഷണം.
ശൈഖ് ളഹ്‌റുദ്ദീന്‍ മദനി, അബൂ ഉമര്‍(ഏരുമേലി വാവര്‍ ), മാലിഖ്  ദീന്‍, റമളാന്‍ (റ) തുടങ്ങിയ ആദ്യ സിയാറത്ത് സംഘ സ്വഹാബത്തിനേയും,
മാലിഖ് ദിനാര്‍, ഹബീബ്, ശറഫ് (റ) തുടങ്ങിയ രണ്ടാം സംഘത്തേയും പരസ്പരം കൂട്ടിക്കുഴച്ചതാണ്  പ്രവാചകസംഘവും,പ്രവാചകന്റെ കാലഘട്ടവും പ്രബോധനചരിത്രവും പള്ളി നിര്‍മാണ വര്‍ഷവും തമ്മിലുള്ള ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് അത്തരം നിരീക്ഷകരുടെ അഭിപ്രായം.

ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച (850-ല്‍ അന്തരിച്ച) അലിയ്യുബ്നു സൈനുദ്ദീന്‍ അത്വബ്രി രചിച്ച 'ഫിര്‍ദൗസുല്‍ ഹിക്മ ' വൈദ്യ ഗ്രന്ഥത്തില്‍ ഇഞ്ചിയുടെ ഔഷധ ഗുണങ്ങളെ സംബന്ധിച്ച് പരമാര്‍ശിക്കുന്ന ഭാഗത്ത്  ഒരിന്ത്യന്‍ രാജാവ്  മുഹമ്മദു നബിയെ സന്ദര്‍ശിച്ചപ്പോള്‍   ഇഞ്ചി നിറച്ച ഭരണി സമ്മാനിച്ചതായും അവിടെ ഏതാനും ദിവസം സഹവസിച്ചതായും പരാമര്‍ശിക്കുന്നുണ്ട്.
അബൂസഈദുല്‍ ഖുദ്രി(റ)യെന്ന സഹാബിയെ ഉദ്ധരിച്ചു കൊണ്ട് 'മുസ്തദ്റക് 'എന്ന ഹദീസ് ഗ്രന്ഥത്തില്‍  ഇമാം ഹക്കിം ഈ ഇന്ത്യന്‍ രാജാവിനെ പ്രതിപാദിക്കുന്നു. ഇതില്‍  വിവരിക്കപ്പെടുന്ന ഇന്ത്യന്‍രാജാവ് പെരുമാളാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. ഈ രേഖകളെ അവലംബിച്ചാണ് തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍
ഇസ്ലാമികാവിര്‍ഭാവത്തിന്റെ ചരിത്രം വിശദീകരിച്ചതെന്ന് അവയുടെ ശൈലി നിരീക്ഷിച്ച ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ അഹ്മദുല്‍ ബലാദുരി (ക്രി: 892, ഹിജ്റ: 279) യുടെ വിവരണങ്ങളെ അടിസ്ഥാനപ്പെടുത്തി ഡോ: ശംസുല്ലാ ഖാദിരി മലബാറിന്റെ പ്രാചീനചരിത്രത്തെപ്പറ്റിയുള്ള തന്റെ ഗ്രന്ഥത്തില്‍ വ്യാപാരികള്‍ക്കിടയില്‍ ഇസ്ലാംമതം  തുടക്കത്തില്‍ തന്നെ ചെലുത്തിയ സ്വാധീനത്തെ എടുത്തുകാട്ടുന്നുണ്ട്:

''യമനിലെയും ഹളറ മൗത്തിലെയും തീരങ്ങളിലെ ജനങ്ങള്‍ ഹിജ്റ ഒമ്പതിലും പത്തിലുമായി ഇസ്ലാം സ്വീകരിച്ചു. അവരെല്ലാം വ്യാപാര വര്‍ഗത്തില്‍ പെട്ടവരായിരുന്നു. അക്കാലത്ത് അവരുടെ കടല്‍കച്ചവടം വളരെയേറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. അവരുടെ കപ്പലുകള്‍ പേര്‍സ്യ,ഈജിപ്ത്, ,മഅ്ബര്‍ ,സിന്ധ്,കൊങ്കണം, മലൈനാട്, സരണ്‍ദ്വീപ്, ഖാഖില, സാബിജ്(ജാവ), ചൈന, മാചൈന മുതലായ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. ഖലീഫ അബ്ദുല്‍ മലിക്ക് ഇബ്നു മര്‍വാന്റെ കാലമായപ്പോഴേക്കും (ക്രി: 684-705, ഹിജ്റ: 65,86) മുസ്ലിം വ്യാപാരികളുടെ ഒരു സംഘം കുടുംബസമേതം സരണ്‍ദ്വീപില്‍ വന്ന് താമസമുറപ്പിച്ചു.'' മലബാറിലേക്കുള്ള ഇസ്ലാം മതത്തിന്റെ വ്യക്തമായ വഴിത്താര ഇതില്‍ നിന്നു വായിച്ചെടുക്കാം.

എ.ഡി 626 ല്‍, അഥവാ ഹിജ്റ നാലിലോ അഞ്ചിലോ ചൈനയില്‍ ഇസ്ലാം എത്തിയിട്ടുണ്ടെന്ന സാഹചര്യവും കണക്കിലെടുത്താല്‍ അതിനോടുത്ത കാലത്ത് കേരളത്തിലും ഇസ്ലാം ആവിര്‍ഭവിച്ചതായി ഗണിക്കാം. ചൈനയിലെ മിങ് രാജ കാലത്തെ ഗ്രന്ഥം മിന്‍-ഷൂ  ചീനയില്‍ ഇസ്ലാം മതം സ്ഥാപിച്ചതിനെ വിവരിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ശിഷ്യരായ നാല് പണ്ഡിതന്മാര്‍ ടാങ് വംശത്തിന്റെ (അഉ 618627) കാലത്ത്  ചീനയിലെത്തിയതും കൊല്ലത്തു നിന്നും ചീനയിലേക്കുള്ള വാണിജ്യ വിനിമയബന്ധം കേരളത്തിലൂടെയാണെന്നതും ഇവിടുത്തെ ഇസ്ലാം ആവിര്‍ഭാവത്തിന്റെ കാലഗണനയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ആദ്യത്തെ പ്രബോധകസംഘം സ്ഥാപിച്ചതായി കരുതപ്പെടുന്ന  പള്ളികളുടെ കൂട്ടത്തിലുള്ള  മാടായിപ്പള്ളി നിര്‍മിക്കപ്പെട്ടത്  പള്ളിയിലെ അറബിലിഖിതത്തെ ആസ്പദമാക്കിയാല്‍
ഹിജ്‌റ 518 (AD 1124) ലാണെന്ന വാദം ചരിത്രകാരന്മാര്‍, എ.ശ്രീധരമേനോന്‍ തുടങ്ങി എം.ജി.എസ് വരെയുള്ളവര്‍, ഉയര്‍ത്തിയിരുന്നു. ഈ ലിഖിതം വായിച്ച് ഹിജ്റ 518 എന്ന് ലോഗന്‍ രേഖപ്പെടുത്തിയെന്നാണ് എം.ജി.എസ്. നാരായണന്റെ വാദം. കറുത്ത മരപ്പലകയില്‍ കുഫിക് അറബി ലിപിയിലുള്ള ഈ ലിഖിതം പഠിച്ച ചരിത്രാന്വേഷകനായ അബ്ദുള്ള അഞ്ചില്ലത്ത് ഇതിലെ തീയതി,
'റബ്ബിഉല്‍- അഖിര്‍ മാസം വെള്ളിയാഴ്ച ദിവസം അഞ്ചാംവര്‍ഷം' ആണെന്നു നിരീക്ഷിക്കുന്നു (പേജ് 219,മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂര്‍വ ചരിത്രം - അബ്ദുള്ള അഞ്ചില്ലത്ത് ).
കൂടെ വിശുദ്ധ ഖുര്‍ആനിലെ ത്വൗബ അധ്യായത്തിലെ പതിനെട്ടാമത്തെ സൂക്തം:'പരമകാരുണ്യവാനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സക്കാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനേയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴിപ്രാപിച്ചവരായേക്കാം'.

9-ാം നൂറ്റാണ്ടില്‍ മാലിക് ഇബ്‌നു ദിനാറും മാലിക് ഇബ്‌നു ഹബീബും പഴയ പള്ളി പുനര്‍നിര്‍മിച്ചപ്പോള്‍ ആ പള്ളിയുടെ നിര്‍മാണത്തെ പരാമര്‍ശിക്കുന്ന ലിഖിതം പഴയ പള്ളിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ പുതിയ പള്ളിയില്‍ മരപ്പലകയിലേക്ക് മാറ്റി എഴുതി സ്ഥാപിക്കുകയായിരുന്നു. പഴയ ലിഖിതമായ 5-ാംവര്‍ഷവും (എ.ഡി.627) കൂടെ ഖുര്‍ആനിലെ ത്വൗബ അധ്യായത്തിലെ 18-ാമത്തെ സൂക്തം പുതിയ ലിഖിതത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സൂറത്തുല്‍ ത്വൗബ ഹിജ്‌റ 9-ാംവര്‍ഷം അവതരണീയമായതാണ്.''(പേജ് 220, മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂര്‍വ ചരിത്രം).

പ്രധാന ചരിത്രരേഖയായി കരുതുന്ന കാസര്‍ക്കോട് തളങ്കരപ്പള്ളിയിലെ ലിഖിതമിങ്ങനെയാണ്:''മാലിക് ബ്നു ദീനാറിനാല്‍ സ്ഥാപിതമായ പള്ളിയാണിത്. ഇസ്ലാം മത പ്രചാരണാര്‍ഥവും പള്ളികള്‍ സ്ഥാപിക്കുവാനുമായി ഒരു സംഘം അറേബ്യയില്‍നിന്നും ഇന്ത്യയിലേക്കു വന്നു. ശറഫ്ബ്നു മാലിക്,  മാതൃസഹോദരന്‍ മാലിക് ബ്നു ദീനാര്‍, സഹോദര പുത്രന്‍ മാലിക് ബ്നു ഹബീബ് തുടങ്ങിയവരാണവര്‍. കാഞ്ചര്‍കൂത്ത് എന്ന സ്ഥലത്ത് അവരെത്തുകയും ഹിജ്റ 22 റജബ് മാസം പതിമ്മൂന്ന് തിങ്കളാഴ്ച, ഒരു ജുമുഅ മസ്ജിദ് സ്ഥാപിക്കുകയും പുത്രന്‍ മാലിക് ബ്നു അഹ്മദ് ബ്നു മാലികിനെ ഖാദിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്റ 1223 ല്‍  പ്രദേശത്തുകാരനായ ആളുകളുടെ  സമ്പത്തിനാല്‍ പഴയ പള്ളി  പുനര്‍നിര്‍മിച്ചു.''

തളങ്കരപള്ളിയിലെ  ലിഖിതം പ്രധാനരേഖയായി കരുതുന്നു.1223 പള്ളി പുതുക്കിപ്പണിയുമ്പോള്‍ പൂര്‍വകാലത്തെ പള്ളിയിലുണ്ടായിരുന്ന ചെമ്പുതകിടിലെ രേഖകള്‍ പകര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതത്രെ. അറബി അക്ഷരങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള പുള്ളികള്‍ നല്‍കിക്കൊണ്ട്  കുഫിലിപി പരിഷ്‌കാരമുണ്ടായത്   ഹിജ്റ 80 കളുടെ അവസാനത്തിലാണ്.
അതിനു മുമ്പുള്ള പുരാതന ലിപിയാണ് കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പുരാതന കച്ചവടകേന്ദ്രങ്ങളില്‍ നിര്‍മിക്കപ്പെട്ട മസ്ജിദുകളോടനുബന്ധമായി കാണുന്ന മഖ്ബറകളില്‍
ഉപയോഗിച്ചു കാണുന്നത്.

ശ്രീകണ്ഠപുരത്തെ മഖാം മസ്ജിദില്‍ ഇപ്പോഴും ഇത്തരമൊരു ലിപി  ശേഷിക്കുന്നുണ്ട്. അലി ഇബ്നു ഉസ്മാന്‍ ഇബ്നു അദിയ്യു ഇബ്നു ഹാത്വിം എന്ന പേരാണ് ഇതിന്മേല്‍ എഴുതിക്കാണുന്നത്. പ്രമുഖ സ്വഹാബിയായ അദിയ്യു ഇബ്നു ഹാത്വിം(റ)വിന്റെ മകന്‍ ഉസ്മാന്‍ എന്നവരുടെ മകന്‍ അലി എന്നാണ് ഇതിനര്‍ഥം. ഹിജ്റ 74-ല്‍ ഇരുന്നൂറ് അനുചരന്മാരോടൊപ്പം എത്തിയതാണ് ഇദ്ദേഹമെന്നാണ്  ലിഖിതം.പന്തലായിനികൊല്ലത്തു കാണപ്പെടുന്ന കുടീരം AD 788ല്‍ മരിച്ച അലി  ഇബ്‌നു ഇഫാര്‍മാന്‍ എന്ന അറബിയുടേതാണ്.

AD 970 ല്‍ റഷ്യന്‍സഞ്ചാരിയും പണ്ഡിതനും ഗവേഷകനുമായ അല്‍ ബറൂനി  മലബാറില്‍ അറബികളുടെ ചില കോളനികളുള്ളതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വദേശികളായ മുസ്ലീങ്ങളുമായി ഇവര്‍ സൗഹാര്‍ദമായി കഴിയുന്നതായും അദ്ദേഹം എടുത്തു പറയുന്നു.

ഒരു ജനപദത്തിന്റെ കുടിയേറ്റത്തിന്റെ ബൃഹത്തായ ആവിര്‍ഭാവത്തെ നിരീക്ഷിക്കുന്നിടത്ത്, ഒരാധനാലയത്തിന്റെ നിര്‍മാണത്തീയതി നിര്‍ണയിക്കല്‍ കേവലമായ ചോദ്യോത്തരം മാത്രമായി കാണാവുന്നതാണെ ങ്കിലും ശാസ്ത്രീയമായ രീതിയില്‍ ക്ലിപ്തപ്പെടുത്താനായാല്‍ അത് ചരിത്രനിര്‍ണയത്തെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇസ്ലാംമതത്തേയും ബന്ധപ്പെട്ട വീക്ഷണങ്ങളേയും സംബന്ധിച്ച്
മുന്നേറ്റത്തിന്റേയും പ്രചാരത്തിന്റേയും ചരിത്രപരമായ നിര്‍ണയത്തിന്റേയും അളവുകോല്‍ തന്നെയാണത്.പക്ഷെ, അതേക്കാള്‍ എത്രയോ ചരിത്രപ്രാധാന്യമുള്ളതാണ് അറേബ്യന്‍ ജനവിഭാഗങ്ങളും നമ്മുടെ മലനാടുമായുള്ള വിനിമയം. ഇസ്ലാം മതാവിര്‍ഭാവത്തിനും മുമ്പെ, ഒരു പക്ഷെ, ബി.സി.യുഗത്തില്‍ തന്നെ അതിന്റെ അടയാളങ്ങളുണ്ട്. അറേബ്യന്‍ ദേശങ്ങളില്‍, ഇസ്ലാമിനു മുമ്പേയുള്ള സെമിറ്റിക് ഗോത്രങ്ങളുടെ ആത്മീയ ജീവിതത്തിന്റെ ഘടകങ്ങളായിരുന്ന തീര്‍ഥാടനം, മൃഗബലി, നരബലി, വിഗ്രഹാരാധന,ക്ഷേത്രാനുഷ്ഠാനങ്ങള്‍ എന്നിവ ഇതര ദേശവിഭാഗങ്ങളുമായി, പരസ്പരം പകര്‍ന്നു നല്‍കപ്പെട്ടതായും പ്രസരിച്ചതായും കാണാം.

അറബ് ദേശീയതയുടെ വ്യാപനം എന്നോ അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്. അതിനൊരു കലണ്ടര്‍ ദിനത്തിന്റെ പ്രസക്തിയല്ല ഉള്ളത്. മലനാടുമായുള്ള റോമന്‍ വാണിജ്യ ബന്ധം ( തേക്ക്, കുരുമുളക്, ഏലം, കറുവ, ... പഴയ വേദപുസ്തകത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ട, സുഗന്ധദ്രവ്യങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്) ക്രിസ്തുവിന് 3000 കൊല്ലം മുമ്പേ ആരംഭിക്കുന്നുണ്ടല്ലൊ. പിന്നാലെ ബാബിലോണിയക്കാര്‍, അസ്സീറിയക്കാര്‍, ഫിനീഷ്യര്‍... ഫിനീഷ്യര്‍ക്കു മുന്നേ അറബികള്‍ സുഗന്ധദ്രവ്യ വ്യാപാരത്തിന്റെ മുഖ്യ മധ്യവര്‍ത്തികളായി, ഇവിടെയെത്തിയിട്ടുണ്ട്. ആ വ്യാപാരത്തെ കോര്‍ത്തിണക്കുന്ന സാമൂഹ്യശക്തികളും ഉല്‍പാദന വ്യവസ്ഥയും വികസിച്ചു വന്നിരുന്നു. ചരിത്രത്തെ രൂപപ്പെടുത്തുന്നത് ഈ ഘടകമാണല്ലൊ. ഏതെങ്കിലും മതസംഹിതയുടെ മേല്‍വിലാസത്തിനപ്പുറം ഉല്‍പാദന മേഖലയിലെ അധ്വാനശക്തിയെന്ന വിശേഷണമാണ് അന്നത്തെ ജനവിഭാഗത്തിനു യോജിക്കുന്നത്. ആ ജീവിത ഘടനയിലേക്കു കുടിയേറുന്നവരെ, ആര്യന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നു പരിചയപ്പെടുന്നതിനേക്കാള്‍, 'വിദേശ'വ്യാപാരികള്‍ എന്നു സൗകര്യത്തിനു വിളിക്കുന്നതാവും കുറച്ചു കൂടി അനുയോജ്യം. ആധുനികദശയില്‍
വിദേശികളെന്ന വിശേഷണവും നിരര്‍ഥകമായി മാറും.

വ്യാപാരമെന്നത് പ്രധാന ജീവിതരീതിയായതുകൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചത്.വ്യാപാര വ്യവസ്ഥയുടെ വികാസം ജീവിത സംസ്‌കാരങ്ങളും നിര്‍ണയിക്കുന്നു. ഇസ്ലാമിനു മുമ്പുള്ള അറേബ്യന്‍ ഗോത്ര സംസ്‌കൃതിയുടെ വ്യാപനം പ്രാചീന കാലം തൊട്ടേ ഇവിടേയും ഉണ്ടാവാതിരിക്കില്ലല്ലൊ.അതിന്റെ ഭാഗമായി ആരാധനാലയങ്ങളും രൂപപ്പെടും.അതൊരു നീണ്ട പ്രക്രിയയാണ്. പഠനങ്ങളിലൂടെ, ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കപ്പെടുന്ന ഭൂതകാലവസ്തുതകളുടെ സമയപ്പട്ടികകള്‍ക്കപ്പുറം, പ്രാദേശികജീവിതസമരങ്ങളുടെ അനുസ്യൂതമായ പ്രക്രിയ അത്തരമൊരു ചരിത്രരൂപീകരണത്തിന്നാവശ്യമാണ്. അവ്വിധം സമ്പന്നമായ ചരിത്രം നമുക്കുണ്ടുതാനും. അഉ 622 ല്‍ ഇസ്ലാംമതം വിളംബരം ചെയ്യപ്പെട്ട്, അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ, ഇവിടെ പള്ളി സ്ഥാപിക്കപ്പെടണമെങ്കില്‍, അങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലേ, സാധിക്കൂ. അതല്ലെങ്കില്‍, അവിശ്വസനീയമായ ഒരു സംഗതിയായി അതുമാറും. ഏഴാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശ്രീകണ്ഠപുരത്ത് ഇസ്ലാം വെളിച്ചമെത്തണമെങ്കില്‍, അതിന്റെ അറബിപശ്ചാത്തലം എത്രയോ മുമ്പേ ഇവിടെ രൂപപ്പെടണമെന്നു ചുരുക്കം.അതുണ്ടായിട്ടുണ്ടുതാനും.

ജനതയുടെ  പരിണാമഗതികള്‍ വിശകലനം ചെയ്യുമ്പോള്‍ അവരുടെ വിശ്വാസ പ്രമേയങ്ങളെയോ ആശയ സംബന്ധങ്ങളെയോ ആധാരമാക്കുന്നതിനു പകരം ഒരു സാമൂഹ്യജനതയെന്ന ചരിത്ര രൂപത്തെ പ്രാധാന്യത്തിലെടുക്കണം. അതിന്റെ പരിണാമങ്ങളെ അടിസ്ഥാനമാക്കണം.അതിനുപകരമായി ജനങ്ങളെ ജാതിയുംമതവും തിരിച്ചുള്ള തരം ചരിത്രവായനയിലേക്ക് നമ്മളെങ്ങനെയോ നയിക്കപ്പെട്ടു.
ഒന്നിന്റെ (ഒരു വ്യക്തി/ കുടുംബം/ വംശം/ സമുദായം /മതം....)  സന്തതിപരമ്പരകളിലൂടെ ഒരു സമൂഹം വികസിക്കുന്നുവെന്ന കാഴ്ചപ്പാടിന്റെ അനന്തരഫലങ്ങളില്‍ നിന്നാണ്  ജാതി-മത മാനദണ്ഡപ്രകാരമുള്ള  ചരിത്രപദ്ധതി പ്രാവര്‍ത്തികമായത്.ബുദ്ധമതദര്‍ശനം  സ്വീകരിച്ച ഒരാളുടെ സന്തതിപരമ്പരകളെ മുഴുവന്‍ ബുദ്ധമത ചരിത്രത്തിന് അവകാശപ്പെടാനാവില്ല. അവരും ആ ദര്‍ശനം പിന്തുടര്‍ന്നെങ്കിലേ പറ്റൂ. ഇസ്ലാം ദര്‍ശനമുള്‍പ്പെടെ മറ്റേതു വിശ്വാസമ്പ്രദായങ്ങള്‍ക്കും അതെത്ര മാത്രം ജീവിതരീതിയായി അനുഷ്ഠിക്കപ്പെട്ടാലും, ഇതു ബാധകമാണ്.

വാസ്തവത്തില്‍ അനേകം ദര്‍ശനങ്ങള്‍ ഇവിടെ പ്രവേശിച്ചിട്ടുണ്ട്. ജനങ്ങള്‍ അവ സ്വീകരിക്കുകയോ, സംരക്ഷിക്കുകയോ തള്ളുകയോ ചെയ്തിട്ടുണ്ട്. മതദര്‍ശനങ്ങള്‍ മാത്രമല്ല രാഷ്ട്രീയ സിദ്ധാന്തങ്ങളും ഇത്തരത്തില്‍ വന്നെത്തി. ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയവര്‍ അവ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രവണതകളും വ്യാപിച്ചു. ആ ദര്‍ശനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് അതിനു വേണ്ടി മാത്രം അതിനെ ആധാരമാക്കാം.അതുപക്ഷെ ജനപദങ്ങളുടെ ചരിത്രമാവില്ല. ജനപദങ്ങളുടെ ചരിത്രം അതില്‍ നിന്നു സ്വതന്ത്രമാണെന്നു തിരിച്ചറിയണം.

കേരളം മലയാളികളുടെ മാതൃഭൂമി രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ ഇ.എം.എസ്.ഈ വീക്ഷണം മറ്റൊരു രൂപത്തില്‍ പറയുന്നുണ്ട്:''നമ്പൂതിരി പുറമേ നിന്നു വന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം,കേരളത്തില്‍ നമ്പൂതിരിയുടെ 'കുടുംബം, സ്വത്ത്, രാഷ്ട്രം 'എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍ നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.വാസ്തവത്തില്‍ സാമൂഹ്യ ജീവിതത്തിന്റെ സംഘടനയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തെ പരിശോധിക്കുന്ന പക്ഷം നായരും നമ്പൂതിരിയും ഒരേ നരവംശത്തിലുള്‍പ്പെടുന്നുവെന്നും ഒരേ സാമൂഹ്യ സംഘടനാരൂപം സ്വീകരിക്കുന്നുവെന്നും നമ്പൂതിരി വൈദിക യുഗത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചട്ടവട്ടങ്ങള്‍ നായരേക്കാള്‍ അല്പം കൂടുതലായി അംഗീകരിച്ചിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസമെന്നും തീരുമാനിക്കേണ്ടി വരും 'ഇ.എം.എസിന്റെ കൃതിയുടെ കാതല്‍  ,ദ്രാവിഡീകൃതരായ ആര്യന്‍മാരും (നമ്പൂതിരിമാര്‍ ) ആര്യന്മാരായി കഴിഞ്ഞ ദ്രാവിഡരും (നായന്മാര്‍) തമ്മിലുള്ള സംഘര്‍ഷത്തിന്റേയും യോജിപ്പിന്റേയും കഥയെന്ന ഒറ്റ അച്ചുതണ്ടില്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ പ്രതിപാദിക്കാനുള്ള ശ്രമമാണെങ്കിലും അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തില്‍ നിന്ന് എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധിക്കുന്ന ഒരു തത്വം നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങളാല്‍ കെട്ടുപിണഞ്ഞുകിടക്കുന്നതും ഇനിയും തീര്‍പ്പുകല്പിക്കപ്പെടാത്തതുമായ  വിഷയമായി   ഇസ്ലാമിന്റെ കടന്നുവരവ് ഇന്നും നിലനില്‍ക്കുന്നു.
ചരിത്രനിരീക്ഷണത്തെ അനുചിതമായ കോണിലൂടെ സമീപിക്കുന്നതിന്റെ പ്രതിസന്ധി കൂടിയാണത്.ഒരു മതദര്‍ശനത്തിന്റെ ആവിര്‍ഭാവവും പ്രചാരവുമായി ബന്ധിപ്പിച്ച് ഒരു ജനതയുടെ പ്രത്യാഗമനത്തെ നിരീക്ഷിക്കുമ്പോള്‍ ചരിത്രാപഗ്രഥനത്തിനും വിഭിന്നതകളുണ്ടാകാം. യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ അടിത്തറയില്‍ നിന്നു പരിശോധിക്കേണ്ടത് ജനപദങ്ങളുടെ ആദേശമാണ്. അതടിമുടി ആവാസപരമായ വിഷയമാണ്. സാമ്പത്തികവും വാണിജ്യവുമായ സാമൂഹിക വ്യവഹാരങ്ങളുടെ ദിശകളിലാണത് സംഭവിക്കുന്നത്.

ഒരു ജനതയുടെ ആഗമന- പ്രത്യാഗമനങ്ങളെ സാമൂഹ്യനിര്‍ണയം നടത്തുമ്പോള്‍,കാലനിര്‍ണായനമായാലും സംസ്‌കാരത്തിന്റെ സംക്രമ സൂചികയ്ക്കായാലും, അടിസ്ഥാനമാക്കേണ്ടത് ജനപദങ്ങളുടെ ഭാഗധേയത്തേയും മാറ്റത്തേയുമാണ്. അതിനുള്ളില്‍ നിര്‍ത്തിക്കൊണ്ടേ ഏതെങ്കിലും  മതപരമായ മുന്നേറ്റങ്ങളെ പരിശോധിക്കാവൂ.അറബിവാണിജ്യസംഘാടനത്തിന്റെ വ്യാപ്തിയും വേരുപടലങ്ങളും സുദൃഢമാക്കിയെടുത്ത ഒരു സാമൂഹ്യപ്രാപ്തിയെ പിന്‍പറ്റിയാണ് ഇസ്ലാംദര്‍ശനവും ഇന്ത്യയിലെത്തിയെന്നത് മനസ്സിലാക്കിയാല്‍ പ്രബോധക സംഘങ്ങളുടെ വരവോ എവിടെയെങ്കിലും പള്ളി സ്ഥാപിച്ചതോ അതിന്റെ കലണ്ടര്‍രേഖകളോ  മുഖ്യതര്‍ക്ക വിഷയമായി വരില്ല.ജനപദങ്ങളുടെ തുടര്‍ച്ചയായ ആഗമനപ്രത്യാഗമനങ്ങള്‍ക്കിടയില്‍ അവരുടെ ദര്‍ശനങ്ങളും വിശ്വാസ സംഹിതകളും കൈമാറ്റം ചെയ്യപ്പെടും.കൈമാറ്റത്തിലൂടെ സാംസ്‌കാരിക ഉദ്ഗ്രഥനങ്ങളും സംഭവിക്കും. ഉറവിടത്തിലെ മതപരിപ്രേക്ഷ്യത്തില്‍ നിന്ന് കാതലായ വ്യതിയാനങ്ങള്‍ക്കിട വന്നിരിക്കും. ആദാനപ്രദാനങ്ങളിലൂടെ
ആചാരാനുഷ്ഠാനസംഹിതകളപ്പാടെ കുഴഞ്ഞുമറിയാം.

ക്രിസ്തുവിനു മുമ്പേയുള്ള വാണിജ്യ ബന്ധത്തിന്റെ ഇരുകരകളിലാണ് അറബിജനതയും മലനാടും. നാല്‍പതു ദിവസം കൊണ്ട് മറികടക്കാനാവുന്ന  ഒരു കടലാണ് അതിര്‍ത്തി. ആറോ ഏഴോ നൂറ്റാണ്ടു പഴകിയ സാമ്പത്തികശൃംഖല ഇരു ഭൂഖണ്ഡങ്ങളെ കൂട്ടിയിണക്കിയിട്ടുണ്ട്. അതിനിടയില്‍ കേവലം മതദര്‍ശനങ്ങള്‍ മാത്രമല്ല,പരസ്പരം കൈമാറിയിട്ടുണ്ടാവുക. അന്യോന്യം ജീവിതദര്‍ശനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവും. ഒരു ചേരനോ പെരുമാളോ മാത്രമല്ല, അനേകമാളുകള്‍, ഒറ്റയ്ക്കും കൂട്ടത്തോടെയും ദര്‍ശനങ്ങള്‍ ഉപേക്ഷിക്കുകയും മറ്റൊന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവും.ഒരു ചക്രവര്‍ത്തിയുടെ മതംമാറ്റവും നാള്‍ഗണനയും മാത്രം കേന്ദ്രവിഷയമായി ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തെ സംബന്ധിച്ച് ഒരു ഫലിതമാണ്. അറേബ്യന്‍വാണിജ്യസംഘങ്ങളുടെ ആദേശത്തിന് അതിപ്രാചീനമായ വേരുകളുണ്ടെന്നു കാണാന്‍ പ്രയാസമൊട്ടുമില്ല.

മലനാടിന്റെ സമുദ്രതീരങ്ങളിലും നദീതടങ്ങളിലും വാണിജ്യസംഘങ്ങള്‍ ആദ്യകാലത്ത് കുടിക്കെട്ടിപ്പാര്‍ത്തത് കൂടി കാണണം.ആവാസപരിസരത്ത് മരണാനന്തര ശുശ്രൂഷകള്‍ക്കായുള്ള ഇടങ്ങളും ഒരുക്കുമല്ലൊ. ഇരിക്കൂര്‍നിലാമുറ്റം, ശ്രീകണ്ഠപുരം പഴയങ്ങാടി, ആയറാം മുനമ്പ്, വളപട്ടണം, പഴയങ്ങാടി... തുടങ്ങി അറബിക്കടലിന്റേയും വളപട്ടണമടക്കമുള്ള പുഴകളുടേയും തീരദേശങ്ങളില്‍ ഇന്നു കാണുന്ന  കബര്‍സ്ഥാനങ്ങളുടെ ഒരു പ്രസക്തി അതാണ്.

ക്രിസ്തുമതവും സെന്റ് തോമസിന്റെ ആദ്യനൂറ്റാണ്ടിലെ (അത് അംഗീകൃത ചരിത്രമാണെങ്കില്‍) വരവോടെ ഈ ഭൂപഥത്തെ സ്പര്‍ശിക്കാതിരിക്കില്ലല്ലൊ. സംഘടിതമതമായി പ്രചുരപ്രചാരമര്‍ജിക്കുന്നത്
എട്ടാം നൂറ്റാണ്ടോടു കൂടിയാണെങ്കിലും അതിനെ പ്രാമാണിക ആശയമായി കരുതിപ്പോരുകയും സ്വീകരിക്കുകയും ചെയ്തവര്‍ അതിനുമുമ്പേ  ഇവിടേയും ഉണ്ടാവണം.മിഷണറിമാരുടെ കടന്നുവരവോടെ ആ പ്രവണത ശക്തിപ്പെട്ടു കാണണം. ക്രിസ്തീയ സഭകളുടെ വിന്യാസത്തിലൂടെ ഈയടുത്ത നൂറ്റാണ്ടുകളില്‍ അതിന്റെ വ്യാപനമുണ്ടായി. ആചാരാനുഷ്ഠാനങ്ങളും സാംസ്‌കാരിക മുദ്രകളും പരിശോധിച്ചാല്‍ ചരിത്രപരമായ ആവിര്‍ഭാവത്തിന്റെ സൂചനകള്‍ ആദ്യകാലംതൊട്ടേ കാണാം. പാട്ടുകളും കലകളും പ്രതിധ്വനിപ്പിക്കുന്ന സംസ്‌കാര സങ്കരത്തിന്റെ അടരുകള്‍ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.
ഗിരിവര്‍ഗക്കാര്‍ക്കിടയിലും ആദിവാസികളിലും മിഷണറി പ്രവര്‍ത്തനങ്ങള്‍ സവിശേഷമായി ഇറങ്ങിച്ചെന്നതായി കാണാം. അവരുടെ പുരാവൃത്തങ്ങളില്‍ പലതിലും പ്രകടമാവുന്ന ബൈബിള്‍ കഥകളുടെ സാദൃശ്യത്തില്‍ നിന്നു  വ്യക്തമാവുന്നത് നൂറ്റാണ്ടുകളുടെ തുടക്കത്തിലേ ക്രിസ്തുമത പ്രചാരകരുടെ ഇടപെടലിനെയാണ്. മല്ലീശ്വരന്‍മുടിയെക്കുറിച്ചുള്ള ഇരുളരുടെ പുരാണകഥയുടെ സാരാംശം മഹാപ്രളയവും നോഹയുടെ പെട്ടകത്തെ ഓര്‍മിപ്പിക്കും വിധം പ്രളയത്തില്‍ നിന്നു  ജീവകുലത്തെ സംരക്ഷിക്കുന്ന മുരുകന്റെ കഥയുമാണ്.

ക്രിസ്തുവിന്റെ ക്രൂശിത ഘട്ടത്തിനു പിന്നാലെ  ക്രിസ്തുമതവും ഉദയം കൊള്ളുകയും ലോകത്തിന്റെ വിവിധ കോണുകളിലൂടെ പ്രചാരം നേടുകയുമുണ്ടായി.ഗ്രീക്ക്,ജര്‍മന്‍ നാടുകളിലായിരുന്നു പ്രചാരത്തിന്റെ ആദ്യഘട്ടം.യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലും വൈകാതെ പടര്‍ന്നു.യൂറോപ്യന്‍ അധിനിവേശശക്തികള്‍ കേരളത്തിലെത്തിയ പതിനാറാം നൂറ്റാണ്ടു മുതലാണ് ഇവിടെ മത വിശ്വാസം സംഘടിതമാവാന്‍  തുടങ്ങിയതെങ്കിലും ഒന്നാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ മതപ്രചാരമെത്തിയതായി  വിശ്വസിക്കപ്പെടുന്നു. ഇസ്ലാംമതത്തിന്റെ കടന്നുവരവിനുകവാടമൊരുക്കിയ വാണിജ്യ പശ്ചാത്തലം പ്രാചീനകാലം തൊട്ടേ വിദേശശക്തികള്‍ക്കു മുന്നില്‍ വാതില്‍ തുറന്നിട്ടതിനാല്‍, അവിടങ്ങളില്‍ പ്രബലമായി മാറിയ സെമിറ്റിക് മതങ്ങളുടെ വരവിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തരിലൊരുവനായ തോമാശ്ലീഹ അനുയായികള്‍ക്കൊപ്പം AD 52ല്‍ കേരളത്തിലെത്തി. ഇവിടെ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിനും മതപ്രേഷണത്തിനും വേണ്ടി രണ്ടു പതിറ്റാണ്ടു സഞ്ചരിച്ചു. അതിനിടയില്‍ മുസ്സരിസ്സ്(കൊടുങ്ങല്ലൂര്‍), പാലയൂര്‍(ചാവക്കാട്), കൊക്കമംഗലം, പരവൂര്‍(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍)    വിശ്വാസിസമൂഹങ്ങള്‍ രൂപപ്പെട്ടു.
സുവിശേഷങ്ങളിലാകര്‍ഷകരായ തദ്ദേശീയര്‍ തന്നെയാണ് ആ മതധാരയില്‍ ലയിക്കുന്നതും ക്രിസ്ത്യാനികളായി മാറുന്നതും.അതുകൊണ്ട് മതം ആത്മീയ തലത്തില്‍ മാത്രം വിഹരിച്ചു.സാമൂഹ്യ ജീവിതത്തിന്റെ പരിണാമക്രിയകളില്‍  നിന്ന് വേറിട്ടുള്ള സംഘടിതചരിത്രം പൗരോഹിത്യഇടപെടല്‍ വരെ ക്രിസ്തുസമൂഹത്തിനുമുണ്ടായിരുന്നില്ല.

AD 72 ല്‍ മൈലാപ്പൂരില്‍  രക്തസാക്ഷിയാകുന്നതുവരെ തോമാശ്ലീഹ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഏഴരപ്പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു .
തോമാശ്ലീഹയുടേതായി വിശ്വസിക്കപ്പെടുന്ന ശവകുടീരം  മൈലാപ്പൂരില്‍ കാണാം.ഭൗതികാവശിഷ്ടം സിറിയയിലെ എഡേസായിലേയ്ക്കും അവിടെ നിന്നും ഇറ്റലിയിലെ ഓര്‍ത്തൊണയിലേക്കും കൊണ്ടു പോയതായി കരുതപ്പെടുന്നു.

അറേബ്യയിലെ കിഴക്കന്‍ തീരത്തെ ചരിത്രാതീതമായ പരിഷ്‌കാരദേശം പൂത് (പൂന്ത്) നിന്നും AD 345 *പ്ലന്‍ ല്‍ കേരളത്തിലേക്ക് ക്രിസ്ത്യാനി സംഘവുമായി വന്ന ക്‌നായി തൊമ്മന്റെ (കാനായി എന്നതിന് വ്യാപാരി എന്നര്‍ഥമുണ്ട് ) ശവകുടീരമാണ് മൈലാപ്പൂരില്‍ സെന്റ് തോമസ് മൗണ്ടിലേതെന്ന് കേസരി അഭിപ്രായപ്പെടുന്നു. കുരിശുമുടിയിലേത് അപ്പോസ്തലനായ സെന്റ് തോമസിന്റെ ശവകുടീരമാണെന്നുമാണ് കേസരിയുടെ വാദം.

പിന്നീടുള്ള നൂറ്റാണ്ടുകളില്‍ നിരവധി പേര്‍ ക്രിസ്തീയവേദം പ്രചരിപ്പിക്കാന്‍ കേരളത്തിലെത്തുകയും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമുണ്ടായി.
കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ പരിവര്‍ത്തനത്തിന്  മിഷണറിമാര്‍ നിര്‍ണായകസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ മുഖേന സ്ഥാപിതമായ വിദ്യാലയങ്ങളും ചികിത്സാകേന്ദ്രങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്. ജാതിവ്യവസ്ഥയുടേയും തൊട്ടുകൂടായ്മയുടേയും പരിമിതി ഭേദിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ച എത്രയോ ജനവിഭാഗങ്ങളുണ്ട്.

നസ്രാണികള്‍ അഥവാ സുറിയാനി ക്രിസ്ത്യാനികള്‍ അഥവാ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന കേരളത്തിലെ  ആദ്യകാല ക്രൈസ്തവസമൂഹം പൗരസ്ത്യ സുറിയാനിഭാഷാ സംസ്‌കാരവും പാരമ്പര്യങ്ങളും പിന്തുടര്‍ന്നവരാണ്. പോര്‍ട്ടുഗീസുകാരുടെ വരവിനു ശേഷം ലത്തീന്‍ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായപ്പോഴാണ്  സുറിയാനി ക്രിസ്ത്യാനികള്‍  ചേരിതിരിയാന്‍ തുടങ്ങിയത്. യൂറോപ്പില്‍നവീകരണത്തെ തുടര്‍ന്ന് കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പെട്ട  പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങളിലെ മിഷണറിമാര്‍ ക്രമേണ കേരളത്തിലുമെത്തിച്ചേര്‍ന്നു.

എഡി.550-ല്‍ സന്ദര്‍ശനം നടത്തിയ  കോസ്‌മോസ് (ഈജിപ്ത് വ്യാപാരി, പിന്നെ പുരോഹിതനായിമാറി) അദ്ദേഹത്തിന്റെ 'ഭാരതീയ ക്രിസ്തുമത വിവരങ്ങള്‍ ' എന്ന കൃതിയില്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളുടെ ഒരു സഭ 'മലൈ' എന്ന പേരില്‍ ഇവിടെയുള്ളതായി രേഖപ്പെടുത്തുന്നു. തമിഴ്പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തില്‍ മലൈയില്‍ ഒരു പള്ളിയുള്ളതായി സൂചിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മതസമൂഹത്തെപ്പറ്റി മറ്റു വിശദാംശങ്ങളില്ല. അഞ്ചാം നൂറ്റാണ്ടിനു ശേഷം ക്രിസ്തുമതം ഇവിടെ വേരുറപ്പിക്കുന്നുണ്ട്.
അസ്സീറിയക്കാരുടെ പിന്‍ഗാമികളാണ് മധ്യേഷ്യയില്‍ ആദ്യമായി ക്രിസ്തുമതം സ്വീകരിക്കുന്നത്. പേര്‍ഷ്യയില്‍ നിന്നുള്ള കച്ചവടക്കാരുടെ പ്രവാഹമാണ് കേരളത്തിലും അതിന്റെ പശ്ചാത്തല മൊരുക്കുന്നത്.പേര്‍ഷ്യയില്‍ 3-4 നൂറ്റാണ്ടുകളില്‍ നടന്ന ക്രിസ്തുമത പീഡനം ഇതിനു പ്രേരണയായിട്ടുണ്ട്.AD.825 ല്‍ മാര്‍വാന്‍ സബ് റീശോയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും കേരളത്തിലെത്തി.

AD 68-ല്‍ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ട ശേഷം ജൂതന്മാരുടെ കുടിയേറ്റവും വലിയ തോതില്‍ പലേടത്തുമുണ്ടായി. 1167-ല്‍ കൊല്ലത്തെത്തിയ സ്പാനിഷ് സഞ്ചാരി റബ്ബി ബഞ്ചമിന്‍  ജൂതരും കേരളവും തമ്മിലുണ്ടായിരുന്ന പ്രാചീന ബന്ധത്തെ  വിവരിച്ചെഴുതിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികനും എഴുത്തുകാരനുമായ ബര്‍ബോസ (1480_1525)യുടെ കൃതികള്‍
മാടായിയിലെ ജൂത അധിനിവേശത്തെക്കുറിച്ചുള്ളസൂചനകള്‍ തരുന്നു.

അദ്ദേഹത്തിന്റെ The Book of Durate Barbosa , A description of East Africa and Malabar ' എന്നീ കൃതികള്‍ അതിന്റെ സാക്ഷ്യങ്ങളാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ജൂതന്മാരുടെ വരവുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, ഏഴിമല ,മാള ( മലക- ഹിബ്രു ഭാഷയില്‍ ഉപ്പ് ആണ്.ജൂതന്മാര്‍ കേന്ദ്രീകരിച്ചതിനാലാണ് മാള എന്ന പേരു പതിഞ്ഞിരിക്കുക)എന്നിവിടങ്ങളില്‍ ആദ്യകാലത്തെ ആവാസകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ചാവക്കാട്, മാടായി ജൂതക്കുളങ്ങള്‍ ഇപ്പോഴുമവശേഷിക്കുന്നു.

ക്രിസ്തുവിനു മുമ്പേ അറേബ്യരും ഫൊണീഷ്യരും ജൂതന്മാര്‍ തുടങ്ങിയവരുമായുള്ള വ്യാപാരബന്ധത്തിന്റെ ചരിത്രമാരംഭിച്ചതായി കാണാം.യഹൂദരെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട് നല്‍കാനെത്തിയ ആംസ്റ്റര്‍ഡാം പ്രതിനിധി സംഘത്തലവന്‍ മെസെ പെരേര ഡി പൈവ 1685-ല്‍ കേരളത്തിലെത്തുകയുണ്ടായി. അദ്ദേഹം 1687ല്‍  ചീശേശെമട ഉീ െഷൗറലീ െഉല രീരവശി എന്ന പുസ്തകമെഴുതുകയും ചെയ്തു.അതില്‍ ജൂതന്മാരുടെ പ്രാചീന അധിവാസ കേന്ദ്രങ്ങളായി പരാമര്‍ശിച്ചതില്‍ പെരിയപട്ടണം (വളപട്ടണം), മാറാവി (മാടായി), ചിരികണ്ടപുരം (ശ്രീകണ്ഠപുരം) എന്നിവ ഉള്‍പ്പെടുന്നു.

1649-ല്‍  ഫെറിയ വൈസൂസ (ഇറ്റലി ) യുടെ 'ഏഷ്യ പോര്‍ട്ടുഗീസ് '1492 മുതല്‍ 1640 വരെയുള്ള സംഭവങ്ങള്‍ വിവരിക്കുന്നു.ചരിത്രപ്രധാനമായ ഒരു ശിലയെക്കുറിച്ച് ഫെറിയ സൂചിപ്പിക്കുന്നുണ്ട്. സാമൂതിരിയോടു കൂറുള്ള ഇടപ്പള്ളി രാജാവിനെ 1536ല്‍ പോര്‍ടുഗീസുകാര്‍ തോല്പിച്ചതായും നഗരംകൊള്ള ചെയ്ത് ചുട്ടുചാമ്പലാക്കിയതായും അതില്‍ വിവരണമുണ്ട്. കൊള്ളചെയ്യപ്പെട്ട ഒരു ശില- മൂവായിരം കൊല്ലത്തെ രാജാക്കന്മാരുടെ നാമങ്ങള്‍ കൊത്തിയത് - കൊച്ചിത്തമ്പുരാന് കൈമാറിയതായും പരാമര്‍ശിക്കുന്നു. ആ ശിലയെപ്പറ്റി ഇപ്പോള്‍ യാതൊരു വിവരവുമില്ല.

ഗുണ്ടര്‍ട്ടിന്റെ 'കേരളപ്പഴമ 'യിലെ വിവരണത്തില്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്‌കോ അല്‍മെഡയും സംഘവും  1505 സെപ്തം 13 ന് അഞ്ചുതെങ്ങില്‍ എത്തിയ ഉടനെ കോട്ട കെട്ടുന്നതിനായി  മണ്ണു കുഴിച്ചപ്പോള്‍ ക്രൂശടയാളമുള്ള കല്ലുകള്‍ കണ്ടതായും പണ്ടേ ഇവിടെ വിശ്വാസികളുള്ളതായി പറങ്കികള്‍ക്ക് തോന്നിയതായും പരാമര്‍ശിക്കുന്നു.
ഇപ്പറഞ്ഞ ബര്‍ബോസ (1480-1525)കണ്ണൂര്‍ പാണ്ടികശാലയുടെ ചുമതലയും വഹിച്ചു. വ്യാപാര സംരക്ഷണത്തിന് കോട്ട നിര്‍മിക്കണമെന്ന് അല്‍മെഡ കണ്ണൂരിലെത്തിയപ്പോള്‍ ( 1505 ഒക്ടോ.22 ന് ) അഭ്യര്‍ഥിക്കുകയുംഅഞ്ചുദിവസം കൊണ്ട്  കോട്ടയുടെ  പണി ഏകദേശം തീര്‍ത്തതായും 'സന്ത് അഞ്ചലോ ' എന്നു പേരിട്ടതായും പറയുന്നു.

ഗവര്‍ണറായി ആല്‍ബുക്കര്‍ക്ക് വന്ന ശേഷമാണ് വാണിജ്യത്തിനപ്പുറം ആവാസത്തിലേക്ക് കടക്കുന്നത്;ലൊപുവസ്സ് വൈസ്രോയി ആയപ്പോഴാണ് കോട്ട ബലപ്പെടുത്തുന്നത്.വസ്സിന്റെ മരുമകന്‍ മെല്യൂവിനെ കൊണ്ട് ഏഴിമല ആക്രമിപ്പിക്കുന്നുണ്ട്. മാടായിപ്പാറ തീയിട്ടു നശിപ്പിക്കുന്നുണ്ട്. ഒരു പക്ഷെ,അതിനുശേഷമാകാം, മാടായിപ്പാറയിലെ കുളങ്ങളും മറ്റും ഉണ്ടാകുന്നത്.1530 ജനവരിയില്‍  മറ്റൊരു വൈസ്രോയിയുമായുള്ളതര്‍ക്കത്തെ തുടര്‍ന്ന് വസ്സ് തടവിലാക്കപ്പെട്ടു.

വാസ്‌കോ ഡി ഗാമക്ക് വഴികാട്ടിയത് അതിനു മുമ്പേ വന്ന രണ്ടു പോര്‍ച്ചുഗീസുകാരാണ്. പീറോ ഡി കോവില്‍ഹോയും ബര്‍ത്തലോമ്യോ ഡയസ്സും. ഡയസ് ഗുഡ് ഹോപ് മുനമ്പു ചുറ്റി ഇന്ത്യയിലേക്കുള്ള വഴി തുറന്നു. ആഫ്രിക്ക മുതല്‍ കേരളതീരം വരെ വിശദമായ മാര്‍ഗം  രേഖപ്പെടുത്തിയത് ഭാഷാ പണ്ഡിതനും പോര്‍ട്ടുഗീസ് നയതന്ത്രജ്ഞനുമായ കോയിന്‍ഹോ ആണ്.ഗാമ എത്തിച്ചേരുന്നതിനും പത്തു വര്‍ഷം മുമ്പെ 1488 ല്‍ കണ്ണൂരിലിറങ്ങി.

ദേശീയവും സാര്‍വദേശീയവുമായ ജനപ്പകര്‍ച്ചകള്‍ക്കൊപ്പം പ്രാദേശികമായ കുടിയേറ്റങ്ങളും പഠനവിധേയമാക്കേണ്ടതാണ്. മലബാറിലേക്ക് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവും ഈ ദേശത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകസ്വാധീനം സൃഷ്ടിക്കുന്നുണ്ട്.വ്യത്യസ്ത ജീവിതവീക്ഷണങ്ങളുടേയും ദര്‍ശനങ്ങളുടേയും  സംസ്‌കരണം ദേശബോധത്തില്‍ ആഴത്തില്‍ പതിയും. അത്തരത്തില്‍പെട്ടതാണ്
ഇവിടത്തെ നമ്പൂതിരിമാര്‍ ആര്യ മതത്തിന്റെ വരവിനു ശേഷം ബ്രാഹ്മണസംസ്‌കൃതി സ്വീകരിച്ചത്. നമ്പ്യാര്‍ തുടങ്ങിയ വാക്കുകളോട് നമ്പൂതിരിയെന്ന വാക്കിനുള്ള സാമ്യം പോലും ഈ വിഭാഗങ്ങളെല്ലാം
ഇവിടുത്തെ ദേശത്തനിമയുടെ പരിണാമമായതിന്റേതാണ്.

ഇ എം.എസ്. ചരിത്രവും ചരിത്രരചനയും എന്ന കൃതിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'ആര്യന്മാര്‍ ഇവിടെ വന്നിട്ടാണ് നമ്പൂതിരിമാര്‍ ഉണ്ടായതെന്നാണ് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത്. പക്ഷെ, അത് അപ്പടി വിശ്വസിക്കാന്‍ ഞാനില്ല .ആര്യന്മാരുടെ ചില വിഭാഗങ്ങള്‍ വന്നിട്ടുണ്ടാവാം. പക്ഷേ, വടക്കേ ഇന്ത്യയിലെ ബ്രാഹ്മണര്‍ക്ക് ഇല്ലാത്ത പല സ്വഭാവ വിശേഷങ്ങളും കേരളത്തിലെ നമ്പൂതിരിമാര്‍ക്കുണ്ട്. അതിനൊരുദാഹരണം പറയുന്നത്, ഇവിടെ 64 ആചാരങ്ങളുണ്ടത്രെ. വടക്കേ ഇന്ത്യക്കാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പല ആചാരങ്ങളും ഇവിടത്തെ നമ്പൂതിരിമാര്‍ക്കുണ്ട്. ഈ സ്ഥിതിക്ക് ബ്രാഹ്മണര്‍ ഒറ്റക്കെട്ടായി ഇവിടെ വന്ന് സ്ഥിരതാമസമുറപ്പിച്ചു എന്നെല്ലാമുള്ള കഥ ഞാന്‍ വിശ്വസിക്കുന്നില്ല.'' (പേജ് 30 )

ദക്ഷിണാപഥത്തിലേക്കുള്ള വേദാചാരക്കാരുടെ  കുടിയേറ്റത്തിനുകദംബരാജാവായ മയൂര ശര്‍മന്‍ (അഉ345360 ) ചാലൂക്യരാജാവായ കീര്‍ത്തി വര്‍മന്‍ (അഉ 566 598) തുടങ്ങിയവര്‍ കളമൊരുക്കിക്കൊടുക്കുന്നുണ്ട്.ഇവരുടെ കാലഘട്ടങ്ങള്‍ക്കു ശേഷമാണ് അവര്‍ കേരളത്തിലേക്ക് കൂടുതലായെത്തുന്നത്.കദംബ- ചാലൂക്യ - രാഷ്ട്രകൂട ദേശങ്ങളില്‍ നിന്നുള്ള ഈ കുടിയേറ്റത്തിന്റെ സ്വാധീനം  ഏഴാം നൂറ്റാണ്ടിനു ശേഷം രണ്ടാം ചേരരാജാക്കന്മാരുടെ പരിധിയില്‍ വ്യാപിക്കുന്നു. ചാലൂക്യരുടെ കുലചിഹ്നം വരാഹമാണ്. ചാലൂക്യര്‍ പന്നിയൂര്‍ ഗ്രാമം സ്ഥാപിച്ചതായും , ഗരുഡനെ കുലചിഹ്നമാക്കിയ രാഷ്ട്രകൂടത്തില്‍ നിന്നു വന്നവര്‍ ചൊവ്വര ഗ്രാമത്തിന് ചൊവ്വന്‍ + പുരം, ചുവന്ന ദേവന്റെ, ശിവന്റെ പുരം .പില്‍ക്കാലത്ത് ശുകപുരം രൂപം കൊടുത്തതായും ലോഗന്‍ നിരീക്ഷിക്കുന്നു.

ദക്ഷിണാപഥത്തിലെ ജനതയെ ദ്രാവിഡവംശമെന്ന് ഒറ്റപ്പേരില്‍ വിശേഷിപ്പിക്കാന്‍ കഴിയാത്തവിധം അനേകം നരവംശങ്ങളുടെ എംപോറിയമാണ് അതിന്റെ പൂര്‍വഘടന. സഹ്യപര്‍വത നിരകളിലെ ആദിവംശങ്ങളുടെ ഏറ്റവും പൂര്‍വികമായ ഉത്ഭവതലങ്ങള്‍ക്ക് തനതായ സവിശേഷതകളുണ്ട്. എല്ലാവരും കുടിയേറി വന്നവരാണെങ്കില്‍ വഞ്ചിമുത്തൂരിലെ ചേരവംശത്തേക്കാള്‍   ഗോത്രപ്പഴമ കേരളത്തിന്റെ വടക്കന്‍ ദിക്കുകളിലുണ്ടാവാനാണ്  സാധ്യത. ഭൗമഗതിയുടെ കിടപ്പ് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ജൈന, ബുദ്ധ, യഹൂദ,ആര്യ- ബ്രാഹ്മണ, ഇസ്ലാമിക മതങ്ങളുടെ വരവും വ്യാപനവും സങ്കലനവും സംഭവിച്ചെങ്കിലും, അതിന്റെ പരിഷ്‌കൃതികള്‍ സര്‍വതലത്തിലും ദൃഢപ്പെട്ടെങ്കിലും, വിവിധതരം മത സംസ്‌കാരങ്ങളും ഈജിപ്ഷ്യന്‍, റോമന്‍, ബാബിലോണിയന്‍, എത്യോപ്യന്‍, അറേബ്യന്‍, പാലസ്തീന്‍ തുടങ്ങിയ  ദേശാന്തരസംസ്‌കൃതികളും കൂടാതെ ദ്രാവിഡമെന്ന പൊതുവെ പരിഗണിക്കുന്ന  സംസ്‌കാരവും പല കാലങ്ങളിലായി ഇവിടെ സംലയിച്ചെങ്കിലും, അതിനെല്ലാം അടിത്തറയായി വര്‍ത്തിച്ച ആതിഥേയമായൊരു സാമൂഹ്യത്തനിമ ഈ ദേശത്തിന്റെ അച്ചുതണ്ടായി  തുടര്‍ന്നു പോന്നിട്ടുണ്ട്.ഉത്പാദന രൂപങ്ങളില്‍ നിന്നാണ് മാനവസത്ത രൂപപ്പെടുന്നതെന്നതിനാല്‍ ആവാസ സമാനതയില്‍  ഒന്നു ചേരുന്ന ദേശങ്ങളുടെ സാംസ്‌കാരിക സ്വരൂപത്തിന് സമാനതലങ്ങളുണ്ടാവാമെങ്കിലും സവിശേഷമായ ഒന്ന് ഏതു ദേശയൂണിറ്റിനുമെന്ന പോലെ ഈ ദേശത്തിനുമുണ്ട്.അതിനെ ,ആ സവിശേഷതയെ മലയാളിത്തമെന്നു പരിമിതമായ അര്‍ഥത്തില്‍ വിളിക്കാമെങ്കിലും അതിനുമപ്പുറം  സമൂലമായ ഒരര്‍ഥമുള്ള മറ്റൊന്ന്
നിര്‍വചിക്കാന്‍ പാകത്തിലുണ്ട്.

മറ്റൊരു ദേശത്തിനുമില്ലാത്ത അപൂര്‍വമഹത്വം ഇതിനുണ്ടെന്നു ധ്വനിപ്പിക്കുകയല്ല; എല്ലാ ദേശങ്ങള്‍ക്കുമുള്ളതാണ് ആ തനിമ. അത് തേടിപ്പിടിക്കാനുള്ള  ഒരു സുപ്രധാനവഴി ഗോത്ര പാരമ്പര്യമാണ്. ആ പാരമ്പര്യവും കടന്ന് അതിന്റെ വേരുകള്‍ ആദിചേര ആധിപത്യ ഘട്ടത്തിനും മുന്‍പേയുള്ള നൂറ്റാണ്ടുകളിലേക്ക് നീണ്ടുപോകുന്നു. ബി.സി. നാലാം നൂറ്റാണ്ടിലാണ്  ജൈന - ബുദ്ധമതങ്ങളുടെ പ്രവേശനവും
മൗര്യന്മാരുടെ സാന്നിധ്യവും അടയാളപ്പെടുന്നത്. ദക്ഷിണാപഥവും പിന്നിട്ട് ബുദ്ധ ദര്‍ശനം ലങ്കയിലേക്കും സാംസ്‌കാരികപ്പടര്‍ച്ച നേടുന്നുണ്ട്.

അതിനുംമുമ്പേ അവയേയെല്ലാം ആഗിരണം ചെയ്യുന്ന ഒരു ജനപദം ഇവിടെ ഉണ്ടാകുമല്ലൊ. അത്തരത്തിലൊരു പ്രാഗ് - ചരിത്ര തലത്തിന്റെ( ജനസമൂഹത്തിന്റെ ) സാംസ്‌കാരിക മുദ്രകളാണ് എടയ്ക്കല്‍ ഗുഹാഭിത്തികളിലും മറ്റും ചിത്രലിപികളായി ശേഷിക്കുന്നത് .വിസ്തൃതമായ സാംസ്‌കാരിക ലോകത്തിന്റെ തുച്ഛമായ, ഒരു പക്ഷെ, അപ്രധാനമായ അടയാളം മാത്രമായിരിക്കുമല്ലൊ ചുമരെഴുത്തില്‍ പതിയുക (ഇന്നും അങ്ങനെ തന്നെയാണ്). ജൈന - ബുദ്ധ ദര്‍ശനങ്ങളുടെ വ്യാപനത്തിനു ശേഷം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ  ആരംഭത്തില്‍ വേദ സംസ്‌കാരത്തിന്റെ കടന്നുവരവും കുറിക്കപ്പെട്ടതായി കാണാം.മൂന്നാം ചേരവേന്തന്റെ ആസ്ഥാനകവി പാലൈ കൗതമനാരുടെ മുന്‍കയ്യില്‍ നടന്ന പത്തുയാഗങ്ങള്‍ (അഉ 125നടുത്ത് )അതിന്റെ പ്രഥമമായ അടയാളങ്ങളാണ്. അടിമയുടമത്തവും വര്‍ണ-ജാതി സംവിധാനങ്ങളും  ഫ്യൂഡല്‍ വ്യവസ്ഥയും തുടര്‍ന്നുള്ള സാമൂഹിക പരിണാമങ്ങളും ചരിത്രം പല തരത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞതാണ്.

ഇന്നത്തെ ജനപദങ്ങളെ സംബന്ധിച്ച് അവരുടെ ചരിത്രരൂപത്തിന്റെ കാതല്‍ ഒന്നാണ്. ഒറ്റദേശത്തിന്റെ പൈതൃകമാണ് അവര്‍ക്കുണ്ടാവുക.ഏതേതോ കാലസന്ദര്‍ഭങ്ങളില്‍ അവര്‍ പലതരം ദര്‍ശനങ്ങളും മതസംഹിതകളും സ്വീകരിച്ചിരിക്കാം.സ്വീകരിച്ചവയില്‍ നിന്ന് പില്‍ക്കാലത്ത് മറ്റൊന്നിലേക്ക് മാറിയിരിക്കാം. അതില്‍ വിദേശ, സ്വദേശ, സെമിറ്റിക് ചിന്താധാരകളെല്ലാം മാറിമറിഞ്ഞു വരാം.അവരേതു ദര്‍ശനം സ്വീകരിക്കുന്നുവെന്നതനുസരിച്ച് ദേശവുമായുള്ള പൈതൃകരൂപത്തില്‍ മാറ്റം വരുന്നില്ല. മനുഷ്യവംശത്തിന്റെചരിത്രപരിണാമത്തെ മൗലികമായി നിര്‍വചിക്കാനുള്ള മാനദണ്ഡമല്ല അതെന്നു വ്യക്തം.

ജനപദങ്ങളുടെ ജൈവപരവും സാമൂഹ്യവുമായ  സമഗ്രമായ  മുന്നേറ്റത്തെ രേഖപ്പെടുത്തലാണ് ചരിത്രരചനയുടെ കാതലായ രീതി. അതേസമയം ഓരോ സ്ഥാപിത പക്ഷത്തിനുമുണ്ടാവും അവരുടേതായ ചരിത്രം. ഒരു സഭയോ, ഒരു രാഷ്ട്രീയകക്ഷിയോ കുറേക്കൂടി സ്ഥാപിതവല്‍ക്കരിക്കപ്പെട്ട മതവിഭാഗങ്ങളോ സമുദായ ഗ്രൂപ്പുകളോ അധികാരവംശങ്ങളോ രാജകുടുംബങ്ങളോ അവരവരുടെ ചരിത്രങ്ങള്‍ തയ്യാറാക്കും.അതെത്രയും വസ്തുതാപരമാക്കാനും ജനങ്ങളുടേതായി രേഖപ്പെടുത്താനും ശ്രമിച്ചാലും അവ ജനകീയചരിത്രമല്ല.അതാത് സ്ഥാപിതപ്രക്രിയകളുടെ ആവിര്‍ഭാവവും വളര്‍ച്ചയും പതനവും  സംഗ്രഹിക്കപ്പെട്ട ചരിത്രഭാഗങ്ങള്‍ മാത്രമാണവ. ചരിത്രത്തെ സംബന്ധിച്ച് അവയേക്കാള്‍ പ്രസക്തിയും സാമൂഹ്യപ്രാധാന്യവുമുള്ളത്, പൊതുസമൂഹത്തിന്റെ ചലനപ്രക്രിയകളും പ്രകൃതിയെ മാറ്റിമറിക്കുന്നതില്‍ അവ നിര്‍ണയിക്കുന്ന അടിസ്ഥാന നിയമങ്ങളുമാണ്. രാജാധികാരങ്ങളുടെ കാലഗണന കുറിച്ചില്ലെങ്കിലോ, മത-സമുദായ - രാഷ്ട്രീയ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍ തിട്ടപ്പെടുത്താനായില്ലെങ്കിലോ ചരിത്രത്തിന്റെ യഥാര്‍ഥ ഉള്ളടക്കത്തെ അവയൊന്നും തന്നെ ബാധിക്കുന്നതായിരിക്കില്ല.

(തുടരും)

Content Highlights : A Padmanabhan Column kerala History Part 7