ല്‍പാദന ഉപാധികളുടെ ജൈവ പരികല്പനകളെ സമാഹരിച്ചു മാത്രമേ ചരിത്രനിയമങ്ങളുടെ സൂക്ഷ്മവളര്‍ച്ച പരിശോധിക്കാനാവൂയെന്നതിനാല്‍ മലനാടിന്റെ കാര്‍ഷിക- വാണിജ്യ ഘടനകളുടെ ചിത്രം സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഉല്‍പാദന ബന്ധങ്ങളുടെ സംഘര്‍ഷങ്ങളും പരിണാമങ്ങളും രൂപപ്പെടുത്തുന്ന സാമൂഹിക വികാസത്തിന്റെ ഗ്രാഫ് വെളിപ്പെടുത്തുന്ന ശാസ്ത്രീയരീതിയും മറ്റൊന്നല്ലല്ലൊ. അത്തരമൊരന്വേഷണം ഒപ്പം നിറവേറ്റുവാനുള്ള ശ്രമമാണ് ഈ അധ്യായം.

ചരിത്രപരമായ ഉല്‍പാദനരീതികളും സാമ്പത്തികവികാസനിയമങ്ങളും നിരീക്ഷിക്കാനുതകുന്ന  സൈദ്ധാന്തിക പാഠങ്ങളുടെ നിര്‍മിതിക്കു പോലും ചെന്നെത്താന്‍ കഴിയാത്ത വിദൂരമായ ഒരാദിമ കാലഘട്ടത്തിന്റെ സവിശേഷതകളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്റെ സാമ്പത്തികഘടനാവല്‍ക്കരണത്തിന്റെ ഒരിടവേളയെന്നു വിളിക്കാനേ ഒരു പക്ഷെ, പറ്റൂ. പ്രാകൃത കമ്മ്യൂണിസവും അടിമ- ഉടമ വ്യവസ്ഥയും പിന്നിട്ട്, ഫ്യൂഡല്‍ വ്യവസ്ഥയ്ക്കും  വ്യാപാര മുതലാളിത്തത്തിനും ഒരേസമയം ബീജം നല്‍കുന്ന ഒരപൂര്‍വകാലഘട്ടത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന   സാമൂഹ്യരൂപം. അവിടെ ഉല്‍പാദനക്കുതിപ്പിനിട നല്‍കുന്ന ഉപാധികള്‍ പ്രകൃത്യാ സജ്ജമാണ്. ഉടമാവകാശം എന്ന പ്രതീതി രൂപപ്പെടാത്ത സാമൂഹ്യമായ ആസൂത്രണവും ഉടമസ്ഥതയുമുള്ള പ്രാരംഭഘടനയാണത്.

ഭൂമിയുടെ കാവലാള്‍ എന്ന ആദര്‍ശതലത്തില്‍ പരമ്പരാഗതമായി ഭൂമിയുടെ അവകാശികളാണ് ഗിരിവര്‍ഗക്കാര്‍, വിശേഷിച്ചും, അതിലൊരു വിഭാഗമായ കാണിക്കാര്‍.
സ്വത്തുടമസ്ഥതയുടേയോ പിന്തുടര്‍ച്ചാവകാശത്തിന്റേയോ അടിസ്ഥാനത്തില്‍ വിനിയോഗിക്കപ്പെടാവുന്ന ഭൂപരമായ നിയമങ്ങളൊന്നും അന്നു കല്പിക്കപ്പെടുന്നില്ല.ഈ പ്രകൃതി മുഴുവന്‍ജീവജാലങ്ങളുടേതുമെന്ന ജൈവികാദര്‍ശത്തിന്റെ മഹനീയത ആ നിലപാടിനുണ്ട്.
'മലമയുടെ കഥ'യെന്ന പ്രാചീനപാട്ടിലെ വരികള്‍ ആ സാമൂഹ്യാദര്‍ശത്തെ പ്രതിഫലിക്കുന്നതാണ് :
''മലനാട്ടുരാജ്യത്തുങ്കല്‍
  ആദിയില്ല, അന്തമില്ല,
  നാലു വേദമില്ല, ചാത്തിരമില്ല,
  ദേവകളില്ല, ഇറിഷികളില്ല,
  ദൈവം പുണ്യവാന്മൊരൊന്നുമില്ല,
  മുപ്പത്താറു കോടി ദേവകളില്ല,
  അറുപത്താറായിരം അസുരകളില്ല,
  കല്ലുംകടവും കുളിയും ജപവുമില്ല,
  മണ്ഡലമില്ല, മനുവില്ല, മന്ത്രികളില്ല,
  മറയോരുമില്ല''
(ചാത്തിരം= ശാസ്ത്രം, ഇറിഷി = ഋഷി, കുളി = തൊട്ടുതീണ്ടിയാലുള്ള കുളി,മറയോര്‍ = വേദപണ്ഡിതര്‍).
ഈ വഹകളൊന്നുമില്ലാതെ സമുദായത്തെ ജൈവോന്മേഷത്തില്‍ നിര്‍ത്തുന്ന ജനകീയസംസ്‌കൃതിയെ
തെളിച്ചുകാട്ടുന്നു ഈ വരികള്‍..

അധികാരരൂപങ്ങളും രൂപാന്തരങ്ങളും അവയില്‍ നിന്നുമനുഭവിച്ചറിഞ്ഞ വിവേചനങ്ങളും മുന്‍നിര്‍ത്തിയാവണം പണ്ടൊരു കാലത്തെപ്പറ്റി അങ്ങനെ പാടുന്നത്.

ഉല്‍പാദനപ്രക്രിയയില്‍ മനുഷ്യന്റെ ഇടപെടലിനു മുമ്പ്, ഉല്‍പാദകശക്തിയായി പ്രകൃതി തന്നെ വര്‍ത്തിക്കുന്ന പ്രാഥമികദശയില്‍ മനുഷ്യന്‍  ഒരുല്‍പന്നവും ഒരുപഭോഗശക്തിയുമായിരുന്നു.
അന്നത്തെ ഉല്‍പാദനമെന്നത് മനുഷ്യനെ ഭാഗഭാക്കാക്കുന്ന പ്രകൃതിയുടെ സ്വാഭാവിക പ്രവര്‍ത്തനമാണ്.
മനുഷ്യനെ പ്രകൃതിയില്‍ നിന്നും വേര്‍തിരിക്കുന്ന അധ്വാനവല്‍ക്കരണത്തിന്റെ കൈകാലിട്ടടിക്കലാണ് അതിന്റെ രീതി.  ഉല്‍പാദനബന്ധമെന്നത് പരിസ്ഥിതിയേയും  മനുഷ്യനേയും നിര്‍വചിക്കുന്ന
സാമൂഹ്യവല്‍ക്കരണത്തിന്റെ ശൈശവദശയും.

ആഹാരമേതെന്ന അന്വേഷണം തൊട്ട് മനുഷ്യന് ആരംഭിക്കേണ്ടി വരുന്നു. അലച്ചിലല്ല തെരച്ചിലാണ് മുന്നേറുന്നത്. അന്വേഷണത്തിലൂടെ കണ്ടെത്തുന്ന ഒരുത്തരം ഭക്ഷണവും മറ്റൊരുത്തരം കൂട്ടായ്മയുമാണ്. പ്രകൃതി വരുതിയിലാകുന്ന ക്രമത്തില്‍ ആവാസമുറക്കുന്നു. ക്രമേണ സ്വന്തംപ്രകൃതിയെ നിര്‍മിച്ചു തുടങ്ങുന്നു. അതിനുള്ള സുപ്രധാനമാര്‍ഗം കൃഷിയാണ്.
മനുഷ്യനെ സംവിധാനം ചെയ്തു കൊണ്ടിരുന്ന പ്രകൃതിക്കുമേല്‍ ഒരു സംവിധായകനായി മനുഷ്യന്‍  മാറിക്കഴിഞ്ഞ ഘട്ടം. അപ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന അഥവാ മിച്ചോല്‍പന്നം നിര്‍മിക്കുകയെന്ന കാഴ്ചപ്പാടിലേക്ക് ആ സമൂഹം മാറുന്നില്ല. ഓരോരുത്തര്‍ക്കും അന്നേയ്ക്കന്ന് ആവശ്യമുള്ളതെന്തോ അതാണ് പരിധി. ഒന്നിനേയും അവര്‍ ലക്ഷ്യമിടുന്നില്ല,ആഹാരത്തേയും.

കാലാവസ്ഥാവ്യതിയാനങ്ങളുടെ സമ്മര്‍ദത്താല്‍ ആഹാരവും പാര്‍പ്പിടവും ഭദ്രമാക്കണമെന്ന കരുതലിലേക്ക് അവര്‍ നയിക്കപ്പെടുന്നു. മിച്ചോല്‍പാദനം, വാണിജ്യ രഹിതമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മികച്ച സാമൂഹ്യ ബന്ധത്തിനും ഇഴ പാകുന്നു. ഗോത്രരൂപീകരണത്തിന്റെ വിവിധ പരിണാമങ്ങളിലൂടെ സമൂഹം കടന്നുപോകുന്നു. അധികാരത്തിന്റെ കേന്ദ്രീകൃതരൂപങ്ങളുടെ ചിട്ടകളും ചട്ടങ്ങളും നിര്‍മിക്കപ്പെടുന്നു.എല്ലാവരിലും നിക്ഷിപ്തമായ അധികാരത്തിന്റെ പ്രാകൃതജനാധിപത്യ രീതിയാണ് പ്രാഥമികദശകളില്‍ പ്രാവര്‍ത്തികമായത്. പ്രകൃതി ആ രീതിയുടെ പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു. പ്രകൃതിയുടെ പ്രതീകമായി പില്‍ക്കാലത്ത് ദൈവങ്ങളവതരിച്ചു. അധികാരത്തിന്റെ ഗോത്രപരമായ ചട്ടവട്ടങ്ങള്‍ കാലക്രമത്തില്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കു വിധേയമായി മാറിമറിഞ്ഞു.

നൂറ്റാണ്ടുകള്‍ പിന്നിടുന്നതിനിടെ ജീവിതത്തിന്റെ സാമ്പത്തികാടിത്തറയ്ക്കുമീതെ സാമൂഹ്യമായ അതിന്റെ മേല്പുരകളുയര്‍ന്നുവന്നു.വാണിജ്യത്തിന്റെ ബാലപാഠങ്ങളെ പാകപ്പെടുത്തിയത് വിദൂരങ്ങളിലുള്ള അപരിചിത വിഭാഗങ്ങളുമായുള്ള വിനിമയത്തിന്റെ തുടര്‍ച്ചകളാണ് .

അതിനെത്തുടര്‍ന്ന് സമ്പാദ്യശീലം, സ്വകാര്യസ്വത്തിന്റെ കാഴ്ചപ്പാട്, കച്ചവട സംസ്‌കാരം, കമ്പോളത്തില്‍ ആധിപത്യം കണ്ടെത്താനുള്ള അധികാര നിര്‍മിതികള്‍, അധികാരപ്രകൃതത്തിന്റെ ജനാധിപത്യരഹിതമായ ശാക്തീകരണങ്ങള്‍,സമ്പത്തു സംരക്ഷിക്കാനുള്ള  ആയുധസങ്കേതങ്ങള്‍, അധികാരസ്ഥാനങ്ങളായ കോട്ടകൊത്തളങ്ങള്‍, കൊട്ടാരങ്ങള്‍, അധികാരവും സമ്പത്തും കയ്യടക്കാനുള്ള യുദ്ധങ്ങള്‍, ഭൂവുടമാവകാശങ്ങള്‍, വിവിധദേശങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും പോരുകളും, സാമ്രാജ്യരൂപീകരണങ്ങള്‍,
ദേശാന്തരവാണിജ്യത്തിന്റെ പടര്‍ച്ചകള്‍ മുതലായ വിവിധ പരിണാമങ്ങളുടെ ഉള്ളടക്കത്താല്‍ സാമൂഹികവ്യവസ്ഥ പ്രാചീന കാലത്തു തന്നെ ഇവിടെ പ്രബലമാണ്.ബി.സി. മൂന്നാം ശതകമാകുമ്പോഴേക്കും ബിംബിസാരന്റെ ആക്രമണത്തെ ചെറുക്കാന്‍ കെല്പുള്ള ശാക്തീകരണത്തിലേക്ക് ഇന്ത്യയുടെ  ദക്ഷിണാപഥം മാറിക്കഴിഞ്ഞിരുന്നല്ലൊ.

സാമൂഹികമായ സുദൃഢീകരണം സമഗ്രത കൈവരിച്ചതിന്റെ മുദ്രകള്‍ സംഘകാലകൃതികളിലും മറ്റും ദൃശ്യമാണ്.ചരിത്രം കടന്നുവന്ന അതിമഹത്തായൊരു സാമൂഹിക പരിപ്രേക്ഷ്യത്തിന്റെ ആഭ്യന്തര ഘടനയിലേക്കും വികാസഘട്ടത്തിലേക്കും ചൂണ്ടുന്നവയാണ് അത്തരം സാഹിത്യസൃഷ്ടിക .സംഘകൃതികളുടെ കാലഗണന  BC 300 നും  AD 200 നുമിടയിലാണെങ്കില്‍, അക്കാലത്തേ ആ സൃഷ്ടികളിലൂടെ പ്രദര്‍ശിതമാകുന്ന സാംസ്‌കാരിക ഉദ്ഗ്രഥനത്തിന്റെ അടയാളങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ജനജീവിതത്തേയും സാമൂഹ്യ നിയമങ്ങളുടെ സവിശേഷ സമീപനങ്ങളേയും കൃത്യമായ സ്ഥല-കാലങ്ങളില്‍ രേഖപ്പെടുത്തുന്ന ഉള്ളടക്കം അവ പുലര്‍ത്തുന്നുണ്ട്. സ്വയംപര്യാപ്തമായ ഒരാവാസവ്യവസ്ഥ അടിമുടി ആസൂത്രണം ചെയ്യപ്പെട്ടതിന്റെ മുഴുവന്‍ പ്രാഗത്ഭ്യവും പ്രതിഫലിക്കുന്നു.

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും സൂക്ഷ്മാംശത്തില്‍ നിര്‍വചിക്കപ്പെട്ട ഐന്തിണൈകളായാണ് (കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല)അന്ന് ആവാസവ്യസ്ഥയെ നിജപ്പെടുത്തിയിരുന്നത്.
അഞ്ചുതിണകള്‍  അഞ്ച് ഉല്‍പാദന വ്യവസ്ഥകളായി പരിഗണിക്കാമെന്ന് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സാമൂഹ്യാധ്വാനത്തിന്റെ സങ്കേതങ്ങളില്‍ ജീവിതത്തിന്റെ തുറകള്‍ സ്ഥിരപ്പെട്ടതിലൂടെ സ്വത്വനിര്‍ണയത്തിന്റെ അടിത്തറയും പാകപ്പെട്ടു. വേര്‍തിരിവിന്റെ ആ വളര്‍ച്ച സാമൂഹ്യവിഭജനങ്ങളായിട്ടാണ് രൂപാന്തരപ്പെട്ടത്. മരുതനിലങ്ങളില്‍ തന്നെ ചെറുഭൂവുടമകളും (ഊരന്മാര്‍) ചെറു കര്‍ഷകരും ( മകിഴ്‌നര്‍ ) കൃഷിത്തൊഴിലാളികളും (ഉഴവര്‍) കച്ചവടക്കാരു(കടൈയര്‍ )മായി ആളുകള്‍ വേര്‍തിരിഞ്ഞു. (കച്ചവട സ്ഥാപനത്തെ 'കട'യെന്നു വിളിച്ചുവന്നത് കടൈയര്‍ എന്ന പദത്തില്‍ നിന്നാണ് ). മീന്‍, ഉപ്പ്, വള, ശംഖ്, സ്വര്‍ണം തുടങ്ങി ഓരോ വ്യാപാര ഉല്‍പന്നത്തിനും ഓരോ ശാഖ രൂപപ്പെട്ടു.

images by A padmanabhan

ഉപ്പ് ശേഖരിക്കുന്നവര്‍ ഉമണര്‍; അത് കുറുക്കുന്നവര്‍ ആളവര്‍. നെയ്തല്‍ നിലങ്ങളിലാണെങ്കില്‍, കടല്‍വിഭവം വില്‍ക്കുന്നവര്‍ ചേര്‍പ്പര്‍, കടലില്‍ താവളമടിച്ചവര്‍ പരവര്‍. മത്സ്യബന്ധനവും കൃഷിയും നുളയര്‍ നയിച്ചു. നിലമുഴുതു കൃഷി ചെയ്തവര്‍ ഉഴവരായി. പാലൈ നിലത്തിലെ അധിവാസം മറവരുടേതാണ്. അധ്വാനത്തിനും തൊഴിലിനുമനുസരിച്ച് സമുദായവിഭജനമോ നിര്‍വചനമോ അന്നത്തെ വിഷയമായിരുന്നില്ല. അക്കാലത്ത്  അവരുടെ  അധ്വാനം ജാതിബോധ്യത്തോടെയല്ല,കര്‍മ വിഭജനമെന്ന മട്ടില്‍ മാത്രം .

ഓരോ തിണയേയും പൂവ്, മരം, പക്ഷി, മൃഗം, നിലം, ജലം, ഭക്ഷണം,  തൊഴില്‍ ,വാദ്യം, രാഗം, ഗ്രാമം, ജനവിഭാഗം, നായകര്‍, ദൈവം, മനുഷ്യവികാരം എന്നിവയുമായി അതിസൂക്ഷ്മം കോര്‍ത്തിണക്കിക്കൊണ്ട്  ആസൂത്രണം നടത്തിയതായി കാണാം. അതിനുതകുന്ന സൗന്ദര്യദര്‍ശനവും സാമൂഹ്യപരമായ സംവിധാനപാടവവും അന്നത്തെ ജനത ശീലിച്ചിരുന്നു. സുദീര്‍ഘമായ പാരമ്പര്യം അവകാശപ്പെടാവുന്ന  കാര്‍ഷികജീവിതസംസ്‌കൃതി അതിനു മുന്നോടിയായി അവരാര്‍ജിച്ചിട്ടുണ്ടാവാം. മരുതനിലങ്ങളില്‍ വിശാലമായ നെല്‍പ്പാടങ്ങളുണ്ടായിരുന്നതിന്റെ സൂചനകള്‍ കാണാം.
ആ നെല്‍പ്പാടങ്ങളെ  സംഘ കൃതികള്‍ അതിപുരാതനമെന്ന് അന്നു വിശേഷിപ്പിക്കണമെങ്കില്‍ അതിന്റെ പഴക്കമെത്രയായിരിക്കും! 'വലിയ തണ്ടു തിക്കിക്കിടക്കുന്ന കതിരുകളുള്ള നെല്ലോടു കൂടിയ പുരാതനദേശം വേണമെന്നുണ്ടെങ്കില്‍ കപ്പം കൂടിയേ തീരൂ ' എന്നാണ് 'പുറനാനൂറി'ലെ പരാമര്‍ശം.

പില്‍ക്കാലത്ത് സ്ഥാപിതമായ ഫ്യൂഡല്‍ നിയമങ്ങളാണ് ഈ നൈസര്‍ഗിക സംവിധാനത്തെ അട്ടിമറിക്കുന്നതും നിലമുടമസ്ഥതയില്‍ കുത്തക സ്ഥാപിക്കുന്നതും. മക്കത്തായ - മരുമക്കത്തായം പോലെയുള്ള ചട്ടവട്ടങ്ങള്‍ രൂപപ്പെടുത്തി സ്വത്ത് പിന്മുറക്കാരിലേക്ക് കൈമാറാനും സ്വകാര്യതലത്തില്‍ സ്ഥായീവല്‍ക്കരിക്കാനും മുതലാളിത്തത്തിന്റേതായ സമ്പൂര്‍ണ സ്വത്തുടമാ സമ്പ്രദായം വികസിപ്പിക്കാനും അതിലൂടെ  വഴിതുറന്നു.

ആവാസത്തിന്റെ അടിത്തറ 'കുടി'യാണ് -കുടുംബത്തിന്റെ കൂട്. കൂട്ടങ്ങളായാണ് അതിജീവനം. ഒറ്റക്കൊറ്റക്ക് ജീവിതമില്ല. ആ ജീവിതത്തിന്റെ നാട്ടുപരിധിയാണ് ഊര് .മുന്നൂറ്  ഊരുകളാണ് പാരിയുടെ പറമ്പുമലയിലുണ്ടായിരുന്നതെന്നു്  കപിലരുടെ കൃതി പരാമര്‍ശിക്കുന്നുണ്ട്.

പ്രാകൃത ജനാധിപത്യ രീതിയിലുള്ള ഗോത്രാധികാര സംവിധാനം പഴക്കമേറുന്നതോടെ പാരമ്പര്യ നിയമങ്ങളും അതു നിര്‍ണയിക്കുന്ന രക്തബന്ധങ്ങളും അധികാരഘടനയെ നയിച്ചു. രക്തവംശത്തിന്റെ തായ് വഴികളിലൂടെ സമ്പത്തിന്റെ സമ്പൂര്‍ണമായ കനാലുകളും തിരിച്ചുവിടുന്ന, സാമൂഹ്യാധിപത്യഘടനയെ തീര്‍ത്തും തകിടംമറിക്കുന്ന പ്രവണതയിലേക്കാണ് പിന്നീടു വളരുന്നത്.

വളര്‍ച്ചയുടെ ഘട്ടത്തില്‍ പല ഗോത്രങ്ങള്‍ ചേര്‍ന്ന കുലങ്ങളാവിര്‍ഭവിച്ചു. കുലത്തലവന്മാരുമുണ്ടായി. കാണിക്കാരുടെ തലവന്‍ 'മൂട്ടുകാണി', മലങ്കുറവരുടേത് 'ഊരാളി', മലപ്പണ്ടാരങ്ങള്‍ക്ക് 'മൂപ്പന്‍' , വേടന്മാര്‍ക്ക്  'സ്ഥാനി' മലപ്പുലയര്‍ക്ക് 'അരയന്‍' മലക്കാരന്മാര്‍ക്ക് 'അയ്യന്‍' ഉരിഡ വര്‍ക്ക് 'യജമാനന്‍ 'മലയരയര്‍ക്ക് 'പേരമ്പര്‍' തച്ചനാടന്മാര്‍ക്ക് 'മൂത്താളി'.....

കാര്‍ഷികവിതാനങ്ങള്‍ വിപുലമാകുന്നതോടെ കര്‍ത്തവ്യനിര്‍വഹണത്തിന്  ഭൂമി വിഭജിച്ച് ഓരോരുത്തരേയും ഏല്പിക്കുന്നു. ചുമതലപ്പെടുത്തലിനപ്പുറം ഒരുടമാവകാശം അതില്‍ നിക്ഷിപ്തല്ല. ദാനം ചെയ്യുന്നതായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. കൊടുക്കുന്നതും സ്വീകരിക്കുന്നതും അത്തരമൊരു പരിദിവ്യതയോടെയാണ്. ഒരു ചൂട്ടിലെ തീ മറ്റൊരു ചൂട്ടിന് പകര്‍ന്നു നല്‍കുന്ന സ്വാഭാവികക്രിയയുടെ മഹത്വമാണതിനുള്ളത്. ഭൂമി പലര്‍ക്കായി ദാനം ചെയ്യുന്ന ഗോത്രരീതിയെ ഇന്നത്തെ ഭൂപരിഷ്‌കരണത്തിന്റെ -അതിലെ സ്വത്തുടമസ്വഭാവമൊഴിവാക്കിയാല്‍ -പ്രാചീനരൂപമായി  കണക്കാക്കാം. അത്തരം ഭൂവിതരണത്തിലൂടെ ഗോത്രഘടന അയഞ്ഞു തുടങ്ങുകയും കൃഷിയുടെ മണ്ഡലം ശക്തിപ്പെടുകയും ചെയ്തു. ആ മുന്നേറ്റം കാര്‍ഷികപുരോഗതിയെ ത്വരിതപ്പെടുത്തിയെങ്കിലുംഭൂമിയുടെ സാമൂഹ്യാസ്തിത്വം മാറി മറിഞ്ഞു.

ഉല്‍പാദനോപാധികള്‍ കാലോചിതമായി നവീകരിക്കപ്പെടാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഉല്‍പാദനം അവരോഹണത്തിന്റെ വഴിത്തിരിവിലെത്തുകയും തത്ഫലമായി
നൈസര്‍ഗികമായ സാമൂഹിക സന്തുലിതാവസ്ഥയില്‍ നിന്ന് ചൂഷണാധിഷ്ഠിതമായ തരം തിരിവിലേക്ക് ജനസമൂഹം ചെന്നുപെടുകയും ചെയ്യും.ഗോത്രസാമൂഹ്യതയ്‌ക്കെതിരെചരിത്രപരമായി മുളപൊട്ടുന്ന കുടുംബസ്വകാര്യതയുടെ വളര്‍ച്ച കൂടി  കണക്കിലെടുത്താല്‍, സമ്പത്തിന്റെ അവകാശവും അതിരുകളും നിര്‍ണയിക്കപ്പെടുന്ന  മത്സരാധിഷ്ഠിതഘട്ടം പ്രത്യക്ഷപ്പെടാനുള്ള സാഹചര്യമാണത്.നേടുന്നവര്‍ ഉടമകളും നഷ്ടപ്പെടുന്നവര്‍ അടിമകളുമായി വിഭജിക്കപ്പെടും. മൈസൂരില്‍ നിന്നും കുടിയേറി കര്‍ഷകപ്രഭുക്കളായി മാറിയവര്‍ വയനാട്ടിലെ ആസ്ട്രലോയിഡ് വിഭാഗക്കാരായ പണിയറെ അടിമകളാക്കി മാറ്റിയത് ഏകദേശം ബി.സി. രണ്ടായിരത്തിനടുത്താണ്.

അടിമകളായവരാണ് അടിയരെന്ന് കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക ' വിവരിക്കുന്നു. വള്ളിയൂര്‍കാവിലെ  ഉത്സവച്ചന്തയില്‍ അടിമവ്യാപാരവും നടന്നതായി ചരിത്രമുണ്ടല്ലൊ. യഥാര്‍ഥ അടിമത്തത്തിന്റെ രീതിയില്‍ നിന്ന് ഒട്ടേറെ വ്യത്യാസമിതി നുണ്ട്. കൃഷിയിടങ്ങളില്‍ കുടില്‍ കെട്ടി പാര്‍ക്കാനുള്ള സ്വാതന്ത്ര്യവും പണിയെടുക്കുന്ന ദിവസങ്ങളില്‍ പണിക്കൂലിയായി നെല്ല് കൂലി കിട്ടുന്നതും അവരെ കാര്‍ഷിക ത്തൊഴിലാളിയുടെ പ്രാഥമികതലത്തിലേക്ക് വളര്‍ത്തുന്നവയാണ്.

ഗോത്രകാലത്തു തന്നെ രൂപപ്പെട്ട അടിമകളുടെ ഒരു ശൃംഖല ഫ്യൂഡല്‍ ഘട്ടത്തില്‍ മാത്രമല്ല മുതലാളിത്ത ശക്തികളുടെ വരവിനു ശേഷവും ഇവിടെ തുടര്‍ന്നതിന്റെ ശക്തമായ സൂചനകള്‍ ചരിത്രത്തിലുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് നിയമം മൂലം അടിമവ്യാപാരം നിരോധിച്ചതിനു ശേഷവും അതിന്റെ പല രീതികള്‍ പ്രത്യക്ഷത്തില്‍ തുടര്‍ന്നു പോന്നു. ഇവിടെ ചന്തകളില്‍ നിന്ന് അടിമകളെ വാങ്ങലല്ല ,ജാതികളെ തന്നെ അടിമകളാക്കിമാറ്റാനുള്ള സൗകര്യമാണുണ്ടായിരുന്നത്.

പ്രതിഫലം നല്‍കുന്നുവെന്ന പൊയ്മുഖത്തോടെയായിരുന്നു ആ ചൂഷണരീതിയുടെ  പില്‍ക്കാലഉള്ളടക്കം. അധ്വാനത്തിന് തക്ക പ്രതിഫലമില്ലാത്ത തൊഴിലടിമകള്‍ ഒരു ഭാഗത്ത് കാര്‍ഷിക പ്രവൃദ്ധിക്കു വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയും മറുഭാഗത്ത്, തങ്ങളുടെ ആവാസത്തിന് അടിത്തറയൊരുക്കുവാന്‍ പോലും ഗതിയില്ലാതെ,കുടിലോ,ഒരു തുണ്ടു നിലമോ, പേരിനു പോലും തികയാതെ ചേരിവല്‍ക്കപ്പെടുകയും ചെയ്തുവെന്നത് മലനാടിന്റെ നാടുവാഴിഘടനയുടെ നഗ്‌നചിത്രത്തില്‍ തെളിഞ്ഞു കാണാം.

വര്‍ണ-ജാതി സമൂഹത്തിന്റെ രൂപത്തിലുള്ള പ്രാചീന അടിമത്തമാണ് ഈ ചൂഷകസമ്പ്രദായത്തെ നൂറ്റാണ്ടുകളിലൂടെ നിലനിര്‍ത്തിയതും. മനുഷ്യശരീരത്തിന്റെ വര്‍ണങ്ങളും ആകാരങ്ങളും പാരിസ്ഥിതികമാണ്.നൂറ്റാണ്ടുകളായുള്ള പാരിസ്ഥിതികസമ്മര്‍ദം വര്‍ണങ്ങളെ ദൃഢപ്പെടുത്തും. അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ നടക്കുന്ന മെലനോജനസിസ് പ്രക്രിയയാണ് വര്‍ണങ്ങള്‍ക്കു പിന്നില്‍.

ഇന്ത്യയിലെ ആദിമനിവാസികള്‍ വംശീയമായിത്തന്നെ ഇരുണ്ട നിറമുള്ളവരല്ലെങ്കിലും വലിയൊരളവുവരെ, സാഹചര്യങ്ങളില്‍ പെട്ട് കറുത്തു പോയവരാണെന്ന' കോളിന്‍സിന്റെ (മിഷണറി എന്റര്‍പ്രൈസസ് ഇന്‍ ദി ഈസ്റ്റ് ) അഭിപ്രായം 1862 ല്‍ റവ: എച്ച്. ബേക്കര്‍ ജൂനിയര്‍ എഴുതിയ മലയരയര്‍ എന്ന ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഉദ്ധരണി: ഞാന്‍ കണ്ട കേരളം - റവ: സാമുവല്‍ മെറ്റീര്‍ )

1777-ല്‍ , ആസ്ട്രിയക്കാരന്‍ വൈദികന്‍ ബര്‍ത്തലോമ്യോ 'ഈസ്റ്റിന്‍ഡീസ് പര്യടന'മെന്ന ഗ്രന്ഥത്തില്‍ മലയാളികളുടെ നിറത്തെപ്പറ്റി പറയുന്നുണ്ട്:
''മലയാളികളുടെ നിറം പൊതുവില്‍ പിംഗളവര്‍ണമാണ്. ചോഴ മണ്ഡലത്തിലുള്ള തമിഴരുടെ നിറത്തേക്കാള്‍ ഏറെ ശോഭയുണ്ട്. കടല്‍ത്തീരത്ത് താമസിക്കുന്ന മുതുവരുടേയും ചായപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന പറയരുടേയും നിറം കറുപ്പാണ്. കടല്‍ക്കാറ്റും വെയിലും കൊണ്ട് പകല്‍ മുഴുവന്‍ പണിയെടുക്കേണ്ടി വന്നതുകൊണ്ടാണ് അവര്‍ കറുത്തിരിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരുടെ നിറം ഇതേക്കാള്‍ മെച്ചപ്പെട്ടത്.ഇവര്‍ വെയിലത്തിറങ്ങി പണിയെടുക്കാതെ വൃക്ഷങ്ങളുടെ ശീതളഛായയില്‍ പരിശുദ്ധമായ വായു ശ്വസിച്ചും ഉത്തമമായ ഭക്ഷണം കഴിച്ചും ജീവിക്കുന്നവരാണ്.''
(ഉദ്ധരണി:സഞ്ചാരികള്‍ കണ്ട കേരളം'- വേലായുധന്‍ പണിക്കശ്ശേരി)

അധ്വാനത്തിന്റെ നിറമാണ് ആദിമലനാടിനും നാട്ടുകാര്‍ക്കും. വര്‍ണ-ജാതികളെ നിര്‍ണയിച്ചതില്‍ അധ്വാനത്തിന്റെ പങ്ക് ചരിത്രപരമാണ്. ഇന്നത്തെ കേരളത്തിന്റെ സ്വദേശികള്‍ - പുലയര്‍, പറയര്‍, ഇരുളര്‍, മുളവര്‍, പണിയര്‍, പളിയര്‍ മുതലായ ആസ്ത്രലോയ്ഡ് നരവംശക്കാരാണ്. അന്തമാന്‍,നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ജനഗണങ്ങളുമായുള്ള ഇവരുടെ  സാമ്യം നരവംശശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉല്‍പാദനചരിത്രമെന്നത് മണ്ണിന്റെ യഥാര്‍ഥസന്തതികളുടെ നാളിതേ വരെയുള്ള പരിപ്രേക്ഷ്യമാണ്.അവര്‍ അവരുടെ ഭൂമിയില്‍ അന്യവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് അഥവാ അവരുടെ അധ്വാനം സാമൂഹ്യഘടനകളുമായി സമരസപ്പെട്ടില്ലെന്നതാണ് അധിനിവേശശക്തികള്‍ക്കൊന്നിനും ആദിമലനാടിന്റെ സിരകളില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്.

വിദേശ അധികാരഘടനയുടെ പിന്തുണയുള്ള കമ്പോളശക്തികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പോലും മലനാടിന്റെ ഉല്‍പാദനരീതികളില്‍ ആഴത്തിലിറങ്ങാന്‍ സാധിച്ചില്ല. പിന്നപ്പിന്നെ അതിനു മുതിരാതെ
അസന്തുലിതമായ സാമൂഹിക ഘടനയെ ഒരു പരിധി വരെ പ്രീതിപ്പെടുത്താനായിരുന്നു അവരുടെ പൊതുവായ തീരുമാനവും. സമുദായഘടന നവീകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അക്കാലത്ത് യൂറോപ്യന്‍ അധികാരികള്‍ക്ക് സ്വന്തം  ചരിത്രപാഠങ്ങളില്‍ നിന്ന് 'വകതിരിവും' ലഭിച്ചിരുന്നതാണ്.തുടര്‍ന്നുണ്ടായ പാഠഭേദങ്ങള്‍ മുതലാളിത്തയുക്തികളായി  വിദേശാധീശകാലത്ത് ഇവിടെ പ്രയോഗിക്കപ്പെട്ടു.അതേപ്പറ്റി 'കേരളം മലയാളികളുടെ മാതൃഭൂമി'യില്‍ ഇ.എം.എസ് വിലയിരുത്തിയത് ഇങ്ങനെയാണ്: ''സാമൂഹ്യജീവിതത്തില്‍ സവര്‍ണര്‍ക്കും സാമ്പത്തിക ജീവിതത്തില്‍ ജന്മികള്‍ക്കും ഭരണകാര്യത്തില്‍ സാമന്തന്മാര്‍ക്കും നായന്മാര്‍ക്കുമുള്ള പ്രാധാന്യം നശിപ്പിക്കുന്നതിനു പകരം അതിനെല്ലാം മീതെ തങ്ങളുടെ സ്വന്തം രാഷ്ട്രീയാധിപത്യം കൂടി സ്ഥാപിക്കുക മാത്രമാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.(പേജ് 146).

ഭൂപരമായ അധികാരങ്ങളുമായി ബന്ധപ്പെട്ട് ജന്മിത്തത്തിന്റെ പ്രാബല്യത്തിനു കീഴിലും കൃഷിക്കാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന നാട്ടുനടപ്പ് മര്യാദകളെ തകിടംമറിക്കാനുദ്ദേശിച്ച് നിയമവല്‍ക്കരിക്കാനാണ് ബ്രിട്ടീഷുകാര്‍ തുനിഞ്ഞത്. അതിലൂടെ കൃഷിക്കാരന്റെ ജന്മാവകാശത്തെ റദ്ദ് ചെയ്യുകയും ഭൂപ്രഭുക്കള്‍ക്കനുകൂലമായി ഭൂമിയുടെ അധികാരം പുനര്‍നിര്‍വചിക്കുകയും ചെയ്തു. കൃഷിഭൂമിയിലെ വിളവില്‍ കാണം, പാട്ടം തുടങ്ങിയ നികുതിപിരിവുകളുടെ പേരില്‍  ഒരോഹരിയില്‍ മാത്രം അവകാശമുണ്ടായിരുന്ന ജന്മി ആ പരിധിയും കടന്ന് കൃഷിഭൂമിയുടെ അധിപനാണെന്ന് സ്ഥാപിച്ചു കൊടുക്കുകയായിരുന്നു പൊതുവെ ബ്രിട്ടീഷ് നിയമാവലികള്‍.

തങ്ങളുടെ ശിങ്കിടികളായി മാറിയ ജന്മിയെ ഭൂമിയുടെ  അനിവാര്യമായ  അവകാശിയാക്കുകയും  കൃത്യമായി നിര്‍വചിക്കപ്പെട്ട രാഷ്ട്രീയ അവകാശികളാക്കി അവരെ മാറ്റിത്തീര്‍ക്കുകയുമായിരുന്നു ബ്രിട്ടീഷ് നയങ്ങളുടെ കാതല്‍. അക്കാലഘട്ടത്തിലെ ജനതക്കുമേല്‍ അടിച്ചേല്പിച്ച ഫ്യൂഡല്‍പ്രഭുക്കളുടെ പരമ്പരാഗതഅവകാശങ്ങളും സംരക്ഷിക്കപ്പെട്ടു. അവരുടെ പ്രാമാണികസംഹിതകള്‍
രൂപപ്പെടുത്തിയ പരിമിതികള്‍ക്കു പുറത്തേക്ക് സമൂഹത്തെ പ്രവര്‍ത്തിപ്പിക്കുവാന്‍ ബ്രിട്ടീഷുകാര്‍ താല്പര്യമെടുത്തില്ല. സാമ്രാജ്യത്ത വികസനത്തിനനുഗുണമായി ഈ ദേശത്തിന്റെ വിപണിയെ വിസ്തൃതമാക്കണമെന്ന ലാഭതന്ത്രം മാത്രമാണ് അവര്‍ സ്വീകരിച്ചത്. ഗോത്രവ്യവസ്ഥയുടെ തകര്‍ച്ചയിലെ  ചൂഷണാവശിഷ്ടങ്ങളില്‍ നിന്നുയര്‍ന്നു വന്ന ഒരു ഫ്യൂഡല്‍ സമൂഹത്തിന്റെ പരിവര്‍ത്തന പരിധിയിലൂടെ മാത്രം മുന്നേറ്റം നിയന്ത്രിക്കപ്പെട്ടു. സാമൂഹിക വ്യവസ്ഥകളുടെ ആരോഹണാവരോഹണങ്ങളിലെവിടേയും വിപ്ലവപരമായ ദൗത്യങ്ങള്‍ പൂര്‍ണമായും സഫലീകരിക്കപ്പെടാത്ത ഒരു ചരിത്ര പാതയാണ് ഈ ദേശത്തിനുള്ളത് .ഈ പരിധിയില്‍ ചരിത്രഘട്ടങ്ങളിലെവിടേയും, നാളിതുവരെ വിപ്ലവം നടന്നില്ലെന്നു ചുരുക്കിപ്പറയാം.

തന്റെ അധ്വാനത്തിന്റെ അനുപാതം കൊണ്ട് സമൂഹത്തിന്റെ ഘടനാശേഷി നിലനിര്‍ത്താന്‍ ഫ്യൂഡല്‍കാലത്തിനു മുമ്പുള്ള ഓരോ മനുഷ്യനും ബാധ്യതപ്പെട്ടിരുന്നു. ഉല്‍പന്നത്തിന്റെ ഒരളവ് സമൂഹത്തിനു  പ്രയോജനപ്പെടുവാനായി അര്‍പ്പിച്ചു. പിന്നീട് ആ പ്രയോജകരുടെ സ്ഥാനത്ത് സമൂഹത്തിനു പകരം നാടുവാഴി വന്നു. അക്കാരണത്താല്‍, സാമൂഹ്യബാധ്യതയില്‍ നിന്ന് ജനത പതിയെ പിന്നോട്ടടിക്കുന്ന സ്ഥിതിയാണ് സംജാതമായത്. ഫലത്തില്‍,പൊതുസമൂഹത്തിന്റെ കര്‍ത്തവ്യബോധത്തെ ഫ്യൂഡലിസം കടപുഴക്കി. മറുവശത്തെത്തുമ്പോള്‍, ഇവിടേക്കു കടന്നുവന്ന വിദേശക്തികളുടെ  വാണിജ്യാസക്തി ഫ്യൂഡല്‍ സാമ്പത്തികസമവാക്യങ്ങളെ തകിടം മറിക്കുകയും ഭൂവുടമാഘടനയ്ക്കു പുറത്ത് മൂലധനം സ്വരൂപിക്കുന്നതിനിടയാക്കുകയും ചെയ്തു. നാടുവാഴിത്തത്തിന്റെ ആഭ്യന്തരക്ഷയത്തിലേക്കാണ് ഇത് വഴിതെളിച്ചത്.മണ്ണും അധ്വാനവും അധ്വാനഫലങ്ങളും ചരക്കുകളായി മാറുന്ന വ്യവസായ മുതലാളിത്തത്തിന്റെ അരങ്ങേറ്റം ശക്തിപ്പെട്ടു.

ഭൂമിയുടെ ഉടമസ്ഥാവകാശപരിണാമ പ്രക്രിയകളുടെ ഈ തുടര്‍ച്ചകള്‍ക്കിടയില്‍, ആരാണ് യഥാര്‍ഥത്തില്‍ ഭൂമിയുടെ അവകാശികളെന്ന അടിസ്ഥാനപ്രശ്‌നം ചരിത്രം ചര്‍ച്ച ചെയ്യാതെ പോയിട്ടുണ്ട്. മലനാടിന്റെ കാര്‍ഷിക ഭൂപടത്തില്‍ തന്നെ അതിന് സവിശേഷമായ ഉത്തരമുണ്ട്. അവകാശമോ അധികാരമോ അപ്രസക്തമാക്കുന്ന ഭൂമിയുടെ സവിശേഷതയാണ് അതിന്റെ ഒരുത്തരം.
കൃഷിയെന്ന പ്രക്രിയയാണ് ഭൂമിയെ മേല്‍വിലാസത്തിലേക്കുയര്‍ത്തുന്നത്.ദൈവങ്ങള്‍ക്ക് സുസ്ഥിരമായ  മേല്‍വിലാസമുണ്ടാക്കിയതും കൃഷിയാണ്.

കൃഷിയിലേക്കു തിരിയുന്ന സാമൂഹികഘട്ടത്തിന്റെ സൃഷ്ടിയാ വണം ശിവന്‍. ശിവനു 'ഭഗന്‍ ' (തകന്‍) എന്നും 'സിതോന്‍ ' (സിതന്‍ - ശുക്രന്‍) എന്നും 'സെയൂസ് അത്രോത്രിയുസ് ' എന്നും ഫിനീഷ്യന്‍ ചരിത്രകാരനായ ഫിലോബിബ്ലിയുസ് പേരിട്ടിട്ടുണ്ട്. ധാന്യം കൃഷി ചെയ്യുവാന്‍ മനുഷ്യരെ ആദ്യം പഠിപ്പിച്ച ദേവന്‍ ഭഗനാണ്.

അതുവരെ ഭൂമിയുടെ വില രൂപപ്പെടുന്നതും പരിഗണനാ വിഷയമാകുന്നതും കാര്‍ഷികാരംഭത്തോടെയാണ്. ഭൂമിയില്‍ വിളയിക്കുന്ന ഉല്‍പന്നങ്ങളാണ് നാടിന്റെ സമ്പദ് വ്യവസ്ഥയെ നിര്‍മിക്കുന്നത്.ആ വ്യവസ്ഥ സമഗ്രമായി സംവിധാനംചെയ്യുന്നതിന് നേതൃത്വം നല്‍കലാണ് ഭരണകൂടത്തിന്റെ അടിസ്ഥാന ധര്‍മം. നാടുവാഴിയോ, ഭൂപ്രഭുവോ രാജ്യാധിപതികളോ ഈ കടമകളെ നയിക്കണം.എന്നാല്‍, ഈ പ്രക്രിയകളുടെ കാര്യക്ഷമതയില്ലായ്മയും ഒരളവോളം പ്രായോഗികമായ അഭാവവുമാണ്  നാളിതുവരെ ചരിത്രത്തില്‍ തുടര്‍ന്നതെന്നു കാണാനും പ്രയാസമില്ല. പകരം ഉല്‍പാദനഫലം വര്‍ഗാധീശത്താല്‍ തട്ടിയെടുക്കുകയും വിവേചനപരമായി ഉപയോഗിക്കുകയും ചെയ്തതിന്റെ ചരിത്രം മുഴച്ചു നില്‍ക്കുന്നുമുണ്ട്.

ചരിത്രത്തിലെ ഈയൊരു ദുരവസ്ഥ മറച്ചു പിടിക്കാന്‍ ' ഔദ്യോഗിക ' ചരിത്രരചനയും പൊതുവെ ശ്രമിച്ചതായി കാണാം. അത്തരം ചരിത്രകാരന്മാരെ സംബന്ധിച്ച് അക്കാലത്ത് രാജാക്കന്മാര്‍ മാത്രമേ ചിത്രത്തിലുള്ളു. പ്രജകള്‍ മുഖങ്ങള്‍ തെളിയാത്ത വെറും കാലാള്‍പ്പട .ജീവിതം മുഴുവനെടുത്തുള്ള അധ്വാന പ്രക്രിയകളിലൂടെ യഥാര്‍ഥ ഉല്‍പാദനം നിറവേറ്റുന്ന ശക്തിയാണ് ആ നിലയില്‍ ചരിത്രത്തിലിടം കിട്ടാത്തവരായത്.ഭൂഫലം സ്വന്തമാക്കുന്നതിലും ഈവര്‍ഗപ്രേരണ ആരംഭകാലം തൊട്ടേ ശക്തമാണ്. ഇവിടെ നമ്മളൊരു പ്രശ്‌നം പരിശോധിച്ചാല്‍ ,ഭൂപ്രഭുവിന്റെ കയ്യിലേക്ക് ഭൂമിയുടെ അധികാരം എങ്ങനെ വന്നുചേര്‍ന്നുവെന്നു നിരീക്ഷിച്ചാല്‍,ആരുടേയും ഭൂവധികാരം ചരിത്രപരമായി റദ്ദ് ചെയ്യപ്പെടുമെന്ന സത്യത്തെ സ്വീകരിക്കേണ്ടി വരും.

പ്രാഥമികമായി മാത്രം, ഓരോ തരിമണ്ണും അതിലെ വിളവും അവിടെ ജനിച്ചവരുടെ അധ്വാനിച്ചവരുടെ  ജന്മാവകാശമാണ്. അവരും ഭൂമിയുടെ അവകാശികളല്ല. എല്ലാവരും ഭൂമിയുടെ മേല്‍നോട്ടക്കാര്‍ മാത്രമാണ്. ഏവരുടേയും അവകാശത്തിനു പുറത്തുള്ള പ്രകൃതിധാതുവാണ് മണ്ണ്; ആകാശം പോലെ തന്നെ.ആ നിലക്ക്, ഒരിടത്തെ മണ്ണുമായി വിദൂര ബന്ധം പോലുമില്ലാത്ത നാടുവാഴിയോ രാജാവോ അതിന്റെ അധികാരികളുടെ  പരിധിയിലേ വരുന്നില്ല. അതിലെ വിളവിന്റെ ഒരോഹരി പൊതുക്ഷേമനിവൃത്തികള്‍ക്കായി ,അതിന്റെ ഉത്തരവാദിത്തമുള്ളവര്‍ക്ക്  സമാഹരിക്കാമെന്നു മാത്രം.
ഈ സ്വാഭാവികനിര്‍വഹണം മറികടന്ന് ഭൂമി തങ്ങളുടെ കാല്‍ക്കീഴിലാണെന്ന നിയമധാര്‍ഷ്ട്യമാണ്  ഭൂവുടമാബന്ധങ്ങളെ എക്കാലവും നിയന്ത്രിച്ചത്, ഇപ്പോഴും  നയിച്ചുകൊണ്ടിരിക്കുന്നതും.

മലനാടിന്റെ കാര്‍ഷികപ്രകൃതിയുടെ ആദിമദശയില്‍, 'കന്നി 'മണ്ണും സമീകൃതമായ കാലാവസ്ഥയും വന്യനൈസര്‍ഗികതയും ഒത്തുചേരുന്ന കൃഷിഭൂമി വന്‍തോതിലുള്ള അധ്വാനശക്തി ആശ്രയിക്കാതെ തന്നെ പുഷ്ടി പ്രാപിക്കും.പോഷകവളത്തിന്റേയോ കീടനാശിനികളുടേയോ സഹായമില്ലാതെ തന്നെ സ്വാഭാവികമായ തഴപ്പ് കൈവരിക്കാന്‍ അക്കാലത്ത് വിളകള്‍ക്കു കഴിഞ്ഞു.
വിളകളുല്‍പാദിപ്പിക്കുന്നവരുടെ ആവശ്യവും കവിഞ്ഞ് ഉല്‍പാദന സമൃദ്ധിയാര്‍ജിച്ചു. സാര്‍വദേശീയ വിപണികളുമായി കണ്ണിചേരാവുന്നിടത്തോളം സമ്പദ് ശേഷിയും അപൂര്‍വതയും കാര്‍ഷികരംഗം കൈവരിച്ചു.പരിമിതമായ കാലയളവില്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ നിറഞ്ഞ് ആഗോളവാണിജ്യ കേന്ദ്രമായി മലനാട് വിലസി.

ഏറെയൊന്നും ദൈര്‍ഘ്യമില്ലാത്ത കേരളതീരത്ത് ഇത്രയേറെ അന്തര്‍ദേശീയ തുറമുഖങ്ങള്‍ രൂപം കൊള്ളണമെങ്കില്‍ അതിനു കാരണം,സാമ്പത്തിക-ഉല്‍പാദന വിതരണവിനിമയങ്ങളുടെ കുതിപ്പു തന്നെ. ലോകത്ത് മറ്റൊരു തീരദേശത്തിനും അവകാശപ്പെടാനാവാത്തവിധം നീണ്ടതാണ് ആ പട്ടിക.
ബൈസാന്തിയോന്‍ ( ഹോനവാര്‍),
മംഗളാദേവീപുരം (മംഗലാപുരം),
നിത്രിയാസ് ( നേത്രാവതി), നീലേശ്വരം,
നാന ഗുന (നാനന്‍കൂല- ഏഴിമല)
മന്ദഗര  (മാടായി ), വളപട്ടണം, നൗറ (നാറാത്ത് / നേത്രാവതിയാണെന്ന് കേസരി .. അകനാനൂറില്‍ നറവ് എന്നാണ് പറയുന്നത്),കണ്ണൂര്‍, അര്‍മോഗര (ധര്‍മടം),  തലശ്ശേരി,
പതാലെ(പന്തലായിനി കൊല്ലം), കാപ്പാട്, കോഴിക്കോട്,
തിണ്ടീസ് (സംഘം കൃതിയിലെ തൊണ്ടിപ്പട്ടണം -കടലുണ്ടി / കൊയിലാണ്ടി / പൊന്നാനിപ്പുഴയുടെ അഴിമുഖം),ബേപ്പൂര്‍, മുസിരിസ് ( കൊടുങ്ങല്ലൂര്‍),
കാലൈക്കരിയാസ് (ചാവക്കാട്),
സുദോസ് തോമസ് (മാലിപ്പുറം) ,
ശെംനേ (ചേന്ദമംഗലം),
ബക്കരെ - ബാരിസ് (പമ്പ നദീമുഖത്ത് ),
പൊര്‍ക്കെ (പുറക്കാട്),
എങ്കോണ്‍ (ഏഴുകോണ്‍, കൊട്ടാരക്കര) ,
നെല്‍ക്കിണ്ട (നിരണത്തിനടുത്ത് നാക്കിട.നെടുങ്കണ്ടമാണെന്ന് എന്‍.എം.നമ്പൂതിരി),
കൊല്ലം,ബലിത (വിഴിഞ്ഞം) ,
കോരൈയൂര്‍ (കുമരകം ),
കൊട്ടിയറ (കോട്ടാര്‍),
ബമ്മല (പൊമ്മല),
കൊമരി (കന്യാകുമാരി).

ഇതില്‍ പലതും തിരക്കേറിയ തുറമുഖങ്ങളാണെന്ന് 'പെരിപ്ലസ് ' കൃതിയില്‍  നിന്നും പ്ലിനിയടക്കമുള്ള സഞ്ചാരികളുടെ  വിവരണങ്ങളില്‍ നിന്നും വ്യക്തമാകും.

ചരിത്രത്തില്‍, ശ്രീകണ്ഠപുരത്തിന്റെ വാണിജ്യ ചക്രവാളങ്ങള്‍ വളരെ വിശാലമായിരുന്നുവെന്നു തന്നെ വിശ്വസിക്കണം.ദേശാതിരുകള്‍ കടന്ന് വിശ്വകമ്പോളങ്ങള്‍ കീഴടക്കിയതിന്റെ കീര്‍ത്തി നിസ്സാരമല്ല. പ്രാചീനഭാരതവും മധ്യേഷ്യയും തമ്മിലുണ്ടായിരുന്ന വാണിജ്യ-സാമ്പത്തിക ബന്ധങ്ങളുടെ സുദീര്‍ഘമായ പാരമ്പര്യത്തെപ്പറ്റി ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ടല്ലൊ.
ഭാരതത്തിന്റെ സുപ്രധാന വാണിജ്യ മുനമ്പായിരുന്നു മലബാര്‍ തീരം. വാണിജ്യപരമായ ക്രയവിക്രയങ്ങളുടെ മര്‍മ സ്ഥാനമായിരുന്നു മലബാര്‍ .
വിദേശങ്ങളുമായുള്ള കച്ചവട ബന്ധം വളരെ സാധാരണമായിരുന്നു. ആദിമ വെങ്കല യുഗത്തിനു മുമ്പെ (3000 BC 1900 BC) സാധാരണ വാണിജ്യ ബന്ധത്തിന്റെ തലത്തിലേക്ക് മലനാടിന്റെ വിദേശ വിനിമയം ശക്തിപ്പെട്ടു. സംഘം കൃതികള്‍, പ്ലിനി - പെരിപ്ലസ് കാരന്‍ - വാര്‍മിങ്ടണ്‍ വിവരങ്ങള്‍ തുടങ്ങി ക്രി.വ. ആദ്യ ശതകങ്ങളെ ആധാരമാക്കുന്ന രേഖകളില്‍ നിന്നു തന്നെ വിദേശ വാണിജ്യത്തിന്റെ വളരെയധികം വികസിച്ച ചിത്രങ്ങള്‍ കിട്ടും.

ഇസ്രയേല്‍, പാലസ്തീന്‍,ഗ്രീസ്, പേര്‍ഷ്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളുമായി ഉടമ്പടി രൂപപ്പെടുത്തിയ സമുദ്രവ്യാപാരം ക്രിസ്തുവിനും ആയിരം വര്‍ഷം മുമ്പെ നടന്നതായി കാണാം -
ഇസ്രയേലിലെ സോളമന്‍ രാജാവ് ( ബി.സി. 1000 ) ഫിനീഷ്യരുടെ നേതൃത്വത്തില്‍ അയച്ച കപ്പല്‍ക്കൂട്ടം പൂര്‍വദേശത്തെ ഓഫിര്‍ തുറമുഖത്തു നിന്നും സുഗന്ധദ്രവ്യങ്ങളും സ്വര്‍ണവും കയറ്റിക്കൊണ്ടുപോയത്. (ഓഫിര്‍ ഇവിടുത്തെ തുറമുഖമാണെന്ന ഈ കൃതിയുടെ അനുമാനം അധ്യായം ഒന്നില്‍ ചര്‍ച്ച ചെയ്തതാണു്.)

വയനാട്ടില്‍ നിന്ന് സ്വര്‍ണാംശമുള്ള കല്ലുകളും മണലും ബേപ്പൂര്‍ തുറമുഖത്തേക്ക് എത്തിച്ചിരുന്നതായി ലോഗന്‍ അടയാളപ്പെടുത്തുന്നു. മറ്റൊരു ലോകത്തുമില്ലാത്ത, മലനാടിന്റെ മാത്രം സവിശേഷതയായ തേക്കും ചന്ദന മരങ്ങളും വിദേശങ്ങളിലേക്ക് B.C. 1000 ല്‍ തന്നെ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. അതിനുമെത്രയോ മുമ്പേ,കേരളത്തിലെ വനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന അപൂര്‍വം തേക്കിന്‍ തടികള്‍   സുമറില്‍ എത്തിയിരുന്നതായി തെളിവുകളുണ്ട്.

റോമന്‍ - അറേബ്യന്‍നാടുകളുമായി ബന്ധപ്പെട്ട് വളരെയധികം അഭിവൃദ്ധി പ്രാപിച്ച വാണിജ്യ ഘടന നിലവിലുണ്ടായിരുന്നതായും നാണയ കൈമാറ്റത്തിലും വിദേശ നാണയ വിനിമയത്തിലും വന്‍പുരോഗതി പ്രാപിച്ചിരുന്നതായും മനസ്സിലാക്കാവുന്നതാണ്. അത്തരമൊരു വാണിജ്യ വികസന പ്രക്രിയ സഫലമാക്കാന്‍വിധം മലനാടിന്റെ പശ്ചാത്തലം വികസനോന്മുഖമായിരുന്നുവെന്നു വേണം വിലയിരുത്താന്‍ .കാര്‍ഷിക സമൃദ്ധിയിലും സാമ്പത്തിക ഘടനയിലും വനസമ്പത്തിന്റെ ഉപഭോഗത്തിലും സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനത്തിലുമെല്ലാം കൈവരിച്ച മുന്‍പന്തി ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നുവെന്നതു തീര്‍ച്ച. ഈയൊരു നില കൈവരിക്കണമെങ്കില്‍, അതിനു തക്ക ശേഷിയാര്‍ജിച്ച ഒരു ജനതയും പുരോഗമിച്ച ഉല്‍പാദനരീതികളും രാഷ്ട്രീയാധികാര വ്യവസ്ഥയും അധ്വാനശേഷിയും സാമൂഹികബോധവും ഇവിടെ അഭിവൃദ്ധിപ്പെട്ടിരുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ വനാന്തരങ്ങളിലവശേഷിച്ച ഗുഹാലിഖിതങ്ങളും ചിത്രലിപികളും അത്തരമൊരു വികാസ ചരിത്രത്തിന്റെ സാംസ്‌കാരിക അടയാളമായി പ്രകാശിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പശ്ചിമഘട്ട നിരകളില്‍ ഗുഹാ ചിത്രങ്ങളും ഭാഷാ ലിപികളും ആലേഖനം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ്  എടയ്ക്കല്‍ ഗുഹ.

 സുഗമമായ ഒരു കടല്‍മാര്‍ഗം കേരളത്തേയും വാണിജ്യ സാമ്രാജ്യങ്ങളേയും കൂടുതലടുപ്പിക്കുകയും ചെയ്തു. പുരോഗതി പ്രാപിച്ച സമുദ്ര വാണിജ്യ പശ്ചാത്തലം പ്രകൃത്യാ അനുഗ്രഹിക്കപ്പെട്ടു.എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ഹിപ്പോലാസ്  കണ്ടെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ്  സഞ്ചാരയുഗത്തിന് കുതിപ്പേറ്റി. അതുവരെ സമുദ്ര യാത്രികര്‍ കാനേയില്‍ നിന്നും അറേബ്യയില്‍ നിന്നും മറ്റും കടല്‍ത്തീരംപറ്റി വളഞ്ഞുചുറ്റിയാണ് ഇന്ത്യയിലെത്തിയിരുന്നത്. മാസങ്ങളും വര്‍ഷങ്ങളും അതിനു വേണ്ടിയെടുക്കേണ്ടി വന്നു. എന്നാല്‍, ഹിപ്പോലാസ്  കാലവര്‍ഷക്കാറ്റിന്റെ ഗതി പിടിച്ച് കിഴക്കന്‍ നാടുകളില്‍ എളുപ്പം എത്തിച്ചേരാമെന്നു കണ്ടെത്തി.' പെരിപ്ലസ് ഓഫ്  എരിത്രിയന്‍ സീ 'യില്‍ ഈ കണ്ടുപിടിത്തത്തിന്റെ പ്രയോജനം പരാമര്‍ശിച്ചത് ഇങ്ങനെയാണ്:
  ''ഈ കണ്ടുപിടിത്തം നടന്ന കാലം തൊട്ട്  'കാനേ 'യില്‍ നിന്നോ ,അതല്ലെങ്കില്‍ 'ലിമുരിക്കെ 'ലക്ഷ്യം വച്ച് 'അരൊമത്ത 'യില്‍ നിന്നോ ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടു പോകുന്ന കച്ചവട സംഘത്തിന് ചുറ്റി വളഞ്ഞ യാത്ര ഒഴിവാക്കാന്‍ കഴിയുന്നു. കാറ്റിന്റെ ഗതിക്കൊപ്പം നേരിട്ടങ്ങു പോയാല്‍ മതി''.

മലനാടിന്റെ തീരം സ്പര്‍ശിക്കുകയെന്നവിദേശവാണിജ്യഏജന്‍സികളുടെ അതിശക്തമായ അഭിനിവേശമാണ്ഇത്തരം ജലമാര്‍ഗങ്ങളുടെ കണ്ടെത്തലിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.

മുസിരിസ് ഉള്‍പ്പെടെ മറ്റുതുറമുഖങ്ങള്‍ അക്കാലത്ത് പുരോഗതി പ്രാപിച്ചിരുന്നില്ലെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിച്ചതാണ്.റോമന്‍ റിപ്പബ്ലിക്കന്‍ കാലത്തേയോ നീറോയുടെ  (ആഇ 5468) കാലംവരേയോ പ്രാബല്യത്തിലുണ്ടായിരുന്ന നാണയങ്ങളൊന്നും  മുസിരിസിന്റെ പശ്ചാത്തലങ്ങളില്‍ നിന്ന് കണ്ടെടുത്തവയില്‍ ഉണ്ടായിരുന്നില്ല.

മലനാട്ടിലെ ആഭ്യന്തര ജലമാര്‍ഗവും വികാസം പ്രാപിച്ചതായിരുന്നു. ജീവിതം ജലത്തിലാണെന്നു വിശേഷിപ്പിക്കേണ്ടിവരുന്ന തരത്തില്‍ജലപാതകളാല്‍ കോര്‍ത്തിണക്കപ്പെട്ട സഞ്ചാരശൃംഖലകളായിരുന്നു അന്നുണ്ടായിരുന്നത്. വാണിജ്യവിനിമയത്തിന്റെ വളര്‍ച്ചയെ സഹായിക്കുംവിധം ,പ്രാചീനകാലം തൊട്ടേ ജലഗതാഗതം വികസിച്ചു വന്നതായി കാണാം. ശ്രീകണ്ഠപുരവും ഇരിക്കൂറും വാണിജ്യ കേന്ദ്രങ്ങളായത് വളപട്ടണം  പുഴയുടെ തടപ്രദേശങ്ങളായതിനാലാണ്. പ്രഥനാ നദിയെന്നും നെയ്താരയെന്നും പെരുവളപ്പുഴയെന്നുമൊക്കെ  പണ്ട് വിളിക്കപ്പെട്ടിരുന്ന ഇന്നത്തെ വളപട്ടണം പുഴയുടെ പ്രധാന ശാഖകളാണ് ശ്രീകണ്ഠപുരം പുഴയും ഇരിക്കൂര്‍ പുഴയും.

പ്രാചീന കാലത്ത് അറബിക്കടല്‍ പശ്ചിമഘട്ട ചെരിവിനടുത്തായിരുന്നുവെന്ന ഭൂശാസ്ത്ര നിരീക്ഷണങ്ങളും കണക്കിലെടുക്കുക.ബ്രഹ്മഗിരി മലനിരകളുമായി ബന്ധപ്പെട്ടുകിടക്കുന്ന കുടകു സാമ്രാജ്യത്തിന്റെ വാണിജ്യ മുനമ്പെന്ന പ്രാമുഖ്യവും ശ്രീകണ്ഠപുരത്തിനും ഇരിക്കൂറിനുമുണ്ട്. AD 1501 ല്‍ പോര്‍ച്ചുഗീസ് നാവിക വ്യൂഹത്തോടൊപ്പമെത്തിയ വ്യാപാര ഉദ്യോഗസ്ഥനും കപ്പല്‍ സഞ്ചാര സാഹിത്യകാരനുമായ ഡ്വാര്‍ത്തെ ബര്‍ബോസ മലബാറുമായി പതിനഞ്ചു വര്‍ഷത്തെ പരിചയത്തിലെഴുതിയ  ഗ്രന്ഥത്തില്‍ [A Description of the Coasts of East Africa and Malabar (1518) ] ഈ പ്രദേശങ്ങളുടെ വാണിജ്യ പ്രാധാന്യം രേഖപ്പെടുത്തുന്നുണ്ട്. ഇരിക്കൂറിനെ ഇയാപറങ്കോ (Eahparanco) എന്നാണ് ഗ്രന്ഥം പരാമര്‍ശിക്കുന്നത്.  വിജയനഗരസാമ്രാജ്യവുമായി വാണിജ്യ ഇടപാടുകള്‍ കൈമാറിയിരുന്ന നഗരമായിരുന്നു ഇരിക്കൂര്‍. ജലഗതാഗതത്തിനനുബന്ധമായി കരമാര്‍ഗവും പില്‍ക്കാലത്ത്, വിശേഷിച്ചും മൈസൂര്‍ സുല്‍ത്താന്മാരുടെ പ്രധാന സഞ്ചാര മാര്‍ഗവും ഇരിക്കൂര്‍ ആയിരുന്നു.

ഈ പ്രദേശത്തിന്റെ ബി.സി. യുഗത്തിലെ വാണിജ്യ ഭൂപടം അതിശയകരമാണ്. ഈ പശ്ചാത്തലങ്ങളില്‍ മാത്രം കണ്ടുവരുന്ന തേക്കിന്‍തടികള്‍ റോമന്‍ കൊട്ടാര നിര്‍മിതിക്കു വേണ്ടി കടത്തിക്കൊണ്ടുപോയി. കുരുമുളകുപയോഗിച്ചുള്ള സുഗന്ധദ്രവ്യങ്ങള്‍ക്ക് യൂറോപ്യന്‍ കൊട്ടാരങ്ങളിലുള്‍പ്പെടെ വന്‍ഡിമാന്‍ഡായിരുന്നു.അന്നേ വികസിതമായ വാണിജ്യ ബന്ധത്തിന്റെ പ്രാചീനവിനിമയ കേന്ദ്രമാണ് ശ്രീകണ്ഠപുരവും ഇരിക്കൂറും.വിശ്വവാണിജ്യഭൂപടത്തിന്റെ പ്രധാന കണ്ണികളാണിവ... Origin and early history of the muslims of Kerala എന്ന ഗ്രന്ഥത്തില്‍ ജെ.ബി.പി മോല്‍, പൂര്‍വേഷ്യന്‍ രാജ്യമായ സുമാത്രയുമായി പോലും ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പ്രമാണങ്ങളുദ്ധരിച്ച് സ്ഥാപിക്കുന്നുണ്ട്.

ദേശാന്തരവാണിജ്യത്തിലേക്ക് പ്രവേശിക്കുംവിധം സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് കൈവരിക്കണമെങ്കില്‍   ദീര്‍ഘകാലത്തെ  വാണിജ്യ പശ്ചാത്തലം ആവശ്യമാണ്. ലോകവാണിജ്യശക്തികളെ ആകര്‍ഷിക്കാനുതകുന്ന സമ്പത്തും പ്രശസ്തിയും നേടിയെടുത്തിരിക്കണം.പ്രകൃതിദത്തമായ നിധിതേടിപ്പുറപ്പെട്ടവരാരെങ്കിലും അവിചാരിതമായി  ഇവിടെ എത്തിപ്പെട്ടതായ ഒരു ചരിത്രമില്ല.
പ്രകൃതിദത്തമായുണ്ടായതും അധ്വാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതുമായ സമ്പത്തിന്റെ പറുദീസയായി ഈ ദേശം മാറിത്തീര്‍ന്നതിന്റെ കീര്‍ത്തി അറിഞ്ഞെത്തിയവരാണ് വിദേശ വാണിജ്യസംഘങ്ങള്‍. ഒപ്പം, വിശ്വവാണിജ്യ ശക്തികളെ ഇവിടുത്തെ വിപണിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ആഭ്യന്തര മത്സരങ്ങള്‍ അരങ്ങേറിയതായി കാണാം.
വാണിജ്യബന്ധമുറപ്പിക്കാന്‍ ഇവിടുത്തെ പ്രതിനിധികള്‍ BC 20-ല്‍ റോമാ ചക്രവര്‍ത്തി അഗസ്റ്റസ് സീസറെ  സന്ദര്‍ശിക്കാന്‍ സിറിയയില്‍ ചെന്ന ഇന്ത്യന്‍ പ്രതിപുരുഷന്മാരെ ദമാസ്‌കസിലെ ഗ്രീക്കു ചരിത്രകാരനായ നിക്കോളോവൂസ് കണ്ടിരുന്നതായി സ്ട്രാബോ രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 96, മുസിരിസിന്റെ കാല്പാടുകള്‍- ഡോണ്‍ ബോസ്‌കോ)

BC 1000 നു മുമ്പ്,പ്രത്യേകിച്ച് വരാഹ മഹാകല്പാദിയില്‍ സംഭവിച്ച പൂന്തിലെ ആദിട്രോയ് നഗരത്തിന്റെ അധ:പതനം മുതല്‍ പുന്തില്‍ നിന്ന് അറബികള്‍ ദക്ഷിണേന്ത്യയിലും കിഴക്കേ ഇന്ത്യയിലും മലയയിലും വാണിജ്യാര്‍ഥം താല്‍ക്കാലിക കുടി പാര്‍പ്പുകള്‍ നടത്തുകയും തങ്ങളുടെ മെഗാലിത്തിക് (വന്‍ശിലാ) പരിഷ്‌കാരം ഈ ദേശങ്ങളില്‍ പകരുകയും ചെയ്തിരുന്നു എന്നുള്ളത് വാസ്തവം തന്നെയാണെന്ന് കേസരി സ്ഥാപിക്കുന്നു. (ചരിത്ര ഗവേഷണങ്ങള്‍, പേജ് 293-വാല്യം രണ്ട് ).പശ്ചിമ മൈസൂര്, നീലഗിരി, കോയമ്പത്തൂര്‍, വയനാട് ജില്ലകളുള്‍പ്പെടുന്ന പ്രാചീന പുന്നാടില്‍ (പുന്ത് നാട്/പുതുനാട് ) ഈ കുടിപാര്‍പ്പുകള്‍ സ്ഥിര കോളണിയായി മാറിയതും അവിടുത്തെ  തോഡവര്‍ഗത്തിന്റെ സാന്നിധ്യവും ഉപോല്‍ബലകമായി കേസരി ചൂണ്ടിക്കാട്ടുന്നു.

കേരളക്കരക്ക് അറേബ്യയുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍പോലും കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭ്യമാണ്. അറബികളുടെ കപ്പല്‍യാത്രക്ക് ക്രി.മു. 5,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലുള്ള ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍നിന്നു തെളിയുന്നു. കേരളത്തിലേക്കുള്ള കച്ചവടമാര്‍ഗം അറബികളുടെ ആധിപത്യത്തിലായിരുന്ന ഘട്ടവുമുണ്ടായിരുന്നു. യമനിലെ ഏദന്‍ തുറമുഖത്തുവച്ചാണ് ഇന്ത്യന്‍ കച്ചവടക്കാരും അറബികളും ചരക്കുകള്‍ കൈമാറിയിരുന്നത്. ഈ കച്ചവടമാര്‍ഗത്തെപ്പറ്റി പൗരാണിക ചരിത്രകാരനായ പ്ലിനി (ക്രി. 23-79) വിവരിക്കുന്നതിങ്ങനെയാണ്: ''ഇന്ത്യയിലേക്ക് കടത്താനുള്ള  ചരക്കുകള്‍ ആദ്യം കോപ്ടസ്സിലെത്തിക്കുന്നു. അവിടെ നിന്നും അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലെത്താന്‍ 12 ദിവസം യാത്ര ചെയ്യണം. മധ്യവേനലാവുന്നതോടെ കപ്പലുകള്‍ ബെര്‍ണിക്കയില്‍നിന്ന് യാത്ര തുടരും. ഓക്കിലെസ്സിലെത്താന്‍ 30 ദിവസം ആവശ്യമാണ്. ഫെലിക്സ് തീരത്തുള്ള കാനെ  അഴിമുഖത്തേക്കും അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ് പിടിക്കാം.''

കേരളത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള പ്രാചീന ശ്മശാന അറകളില്‍ നിന്നു കിട്ടിയ വസ്തുക്കള്‍ അറേബ്യന്‍ ഉപദ്വീപിലെ കല്ലറസ്മാരകങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ളവയുമായി അടുത്ത സാമ്യമുണ്ടെന്ന് 1968-ല്‍ ആള്‍ച്ചിന്‍ ദമ്പതിമാര്‍ സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഉല്‍പന്നങ്ങള്‍ അറബികള്‍ വഴിയാണ് അക്കാലത്ത് യൂറോപ്പില്‍ എത്തിയിരുന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി എത്തുന്ന ചരക്കുകള്‍ യമന്‍, ഹിജാസ് എന്നീ രാജ്യങ്ങളിലൂടെ ഒട്ടകപ്പുറത്ത് സിറിയയിലെ തദ്മുരിലും ഈജിപ്തിലെ അലക്സാണ്ട്രിയയിലും എത്തിക്കും. യൂറോപ്പിലെ കച്ചവടക്കാര്‍ അവിടെനിന്നാണ് ചുക്കും കുരുമുളകും ഏലവും മറ്റും വാങ്ങിയിരുന്നത്. കേരളവും ഗ്രീസും റോമും തമ്മില്‍ നടന്നിരുന്ന വ്യാപാരത്തിന്റെ പ്രധാന കണ്ണി അറേബ്യയിലെ ളഫാര്‍ തുറമുഖമായിരുന്നു. പെരിയാറിലൂടെ സ്വര്‍ണവുമായി കൊടുങ്ങല്ലൂരില്‍ വന്നിരുന്ന യവനരെപ്പറ്റി സംഘകാല തമിഴ് സാഹിത്യ കൃതിയായ അകം 149-ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. യവനര്‍ എന്നറിയപ്പെട്ടിരുന്നത് അറബികളാണെന്നാണ് ദ്രാവിഡ ഭാഷകളെപ്പറ്റി ഗവേഷണം നടത്തിയ ബിഷപ് റോബര്‍ട്ട് കാള്‍ഡ്വെല്ലി(1814-1891)ന്റെ അഭിപ്രായം. ഇസ്ലാമിനു മുമ്പ് അറബികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ പടിഞ്ഞാറന്‍ തീരത്തുടനീളം ഉണ്ടായിരുന്നതായി ഫദ്ലുല്ലാ ഫരീദി ബോംബെ പ്രസിഡന്‍സി ഗസറ്റിയറി(1896)ല്‍ വിവരിച്ചിട്ടുണ്ട്. കാറ്റിന്റെ ഗതി കിഴക്കോട്ട് തിരിയുന്ന , ജൂലായ് - ആഗസ്ത് മാസങ്ങളില്‍ കേരളത്തിലേക്ക് പുറപ്പെട്ട്, മാസങ്ങളോളം കേരളത്തില്‍ താമസിച്ച് ജനുവരിയിലോ ഫെബ്രുവരിയിലോ മടങ്ങിപ്പോവുകയായിരുന്നു പതിവ്.

ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലും സൗദി അറേബ്യയിലും പ്രചാരത്തിലിരുന്ന ലിപിഘടനയിലുള്ള (കുഫിക് അറബി ) ലിഖിതം ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ മഖാം ശിലാഫലകത്തിലും കണ്ടെത്തുകയുണ്ടായി. ഈ ലിഖിതത്തിലെ സൂചന ഹിജ്‌റ 74, റബി - ഉല്‍ ആഖിര്‍ മാസത്തിലേതാണ്.അതായത് അഉ 693. ഈ ലിഖിതത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രാന്വേഷകനായ അബ്ദുള്ള അഞ്ചില്ലത്ത് എഴുതുന്നു:'' മലബാറില്‍ മാലിക് ഇബ്‌നു ദിനാറിന്റേയും സംഘത്തിന്റേയും മതപരിവര്‍ത്തനത്തിനും പള്ളി നിര്‍മാണത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ,തുറമുഖാധിഷ്ഠിതമായ വാണിജ്യകേന്ദ്രങ്ങളില്‍ അറബിക്കച്ചവടക്കാര്‍ എത്തപ്പെടുകയും,ഇവിടത്തെ പ്രാദേശിക സ്ത്രീകളുമായുള്ള'മുഅത്ഥത്ത 'വിവാഹം വഴി ഇന്തോ-അറേബ്യന്‍ ജനത രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. സമുദ്രതീരത്തു നിന്നും വ്യത്യസ്തമായി വളപട്ടണംപുഴയുടെ കൈവഴിയുടെ തീരത്താണ് ഈ ലിഖിതങ്ങളുള്ള കബറുകള്‍ സ്ഥിതി ചെയ്യുന്നത്. അത്രയുമല്ല ,ഈ പ്രദേശത്തു തന്നെയാണ് ജൂതന്മാരുടെ ആദ്യകാല അധിവാസ മേഖലയും സ്ഥിതി ചെയ്തിരുന്നതും ''(പേജ് 45,മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂര്‍വ ചരിത്രം).

ബി.സി.യുഗത്തില്‍ തന്നെ ആരംഭിച്ചതാണ് റോമുമായുള്ള  വ്യാപാരബന്ധം. അതിനും മുമ്പ് മധ്യവര്‍ത്തികളായ  അലക്‌സാണ്ട്രിയയിലെ യവനര്‍, സിറിയയിലെ യഹൂദര്‍ ,ആര്‍മീ നിയയിലെ അറബികള്‍, അക്‌സു മികള്‍, സോമാലികള്‍, പഹ്‌ളവര്‍ മുഖേനയായിരുന്നു വ്യാപാരം.

ദ്രാവിഡ ജനതയുടെ നാവിക പാരമ്പര്യവും അതുമായി ബന്ധപ്പെട്ട ഓടം, വഞ്ചി, തോണി തുടങ്ങിയ പദങ്ങളുടെ പ്രാചീനതയും ബി.സി.യുഗത്തില്‍ തന്നെ കടല്‍വാണിജ്യമായി രൂപാന്തരപ്പെടാനുള്ള കാലയളവും പരിഗണിച്ചാല്‍ ഈ ദേശത്തിന്റെ  അതിപ്രാചീനത ബോധ്യപ്പെടുമെന്ന് 'കേരള സംസ്‌കാരം' എന്ന കൃതിയില്‍ പ്രൊഫ: എസ്.അച്യുതവാരിയര്‍ അഭിപ്രായപ്പെടുന്നു.

ഈജിപ്ത്, ബാബിലോണിയ, ഗ്രീസ്, ചൈന, റോം എന്നീ ദേശങ്ങളുമായുള്ള വ്യാപാരബന്ധം ബി.സി. നാലായിരത്തിനടുത്ത്  നടന്നതായി,  അക്കാലത്ത്  വിനിയോഗത്തിലുണ്ടായിരുന്നതും
ദക്ഷിണേന്ത്യയില്‍  മാത്രം വിളയുന്നതുമായ സുഗന്ധദ്രവ്യങ്ങളുടേയും പട്ടിന്റേയും ഇപ്പറഞ്ഞ വിദേശങ്ങളിലെ വിനിയോഗം വ്യക്തമാക്കുന്നു. പട്ടിന്റെ പേരു തന്നെ ആ ബന്ധത്തിന്റെ സൂചനയാണ്. ബാബിലോണിയന്‍ ഭാഷ 'സിന്‍ഡു'എന്നും കന്നടയില്‍ 'ശിന്‍ഡി'എന്നും തമിഴില്‍ 'ശീന്തി 'യെന്നുമാണല്ലൊ പ്രയോഗം.കാര്‍ത്തേജ് നഗരഗോപുരത്തിന്റെ ചന്ദനത്തടി നമ്മുടെ മലനാട്ടില്‍ നിന്നുള്ളതാണ്.ഇവിടെ നിന്നും കയറിപ്പോയ തേക്കും വീട്ടിയും കരു ന്താളിയും ആനക്കൊമ്പും നൈല്‍ നദീതടത്തിലെ 'സോമാലി ലാന്‍ഡ് ' പരിഷ്‌കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്.

യവനക്കപ്പലുകള്‍ പൊന്നുമായി വരുന്നതും പകരം കുരുമുളകു കൊണ്ടു പോകുന്നതും അകനാ നൂറും പുറനാനൂറും വര്‍ണിക്കുന്നു: ''ഗൃഹങ്ങളില്‍ നിന്നും ഭജാറുകളിലേക്ക് കുരുമുളകു ചാക്കുകള്‍ കൊണ്ടുവരികയും സ്വര്‍ണം പകരം കൊടുത്ത് വ്യാപാരികള്‍ ഇതു കപ്പലില്‍ കയറ്റി കൊണ്ടു പോകുകയും ചെയ്യുന്നു.''
(പുറനാനൂര്‍ -അകം.8)

റോമന്‍ ജനത കുരുമുളകു ഭ്രമക്കാരാകുന്നതിനെപ്പറ്റി  പ്ലിനി ആശങ്കപ്പെടുന്നുണ്ട് :'' കുരുമുളകുപയോഗിക്കല്‍ ഇത്രക്കൊരു ഫാഷനായെന്നതു തികച്ചും ആശ്ചര്യകരമാണ്''

പാശ്ചാത്യര്‍ക്ക് കുരുമുളക് വിലപ്പെട്ട ഫാഷനായിരുന്നു.ഭക്ഷണത്തിന്റെ രൂചികൂട്ടാനും,മാംസം, തേന്‍ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും അവരതിനെ പ്രയോജനപ്പെടുത്തി. കുരുമുളകിന്റെ ഔഷധപ്രാധാന്യവും വിലപ്പെട്ടതാണ്. പുരാതന ഈജിപ്തുകാര്‍ നീളന്‍ കുരുമുളക് മരുന്നായി ഉപയോഗിച്ചിരുന്നത് ജര്‍മനിയിലെ ലീപ് സിഗ് സര്‍വകലാശാല ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ച 3500 വര്‍ഷം പഴക്കമുള്ള എബറുടെ പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മലനാട്ടില്‍ നിന്നു മാത്രം ലഭ്യമായ കുരുമുളകാണത്.

കുരുമുളകിനെ ഒരു ഉപമേയമായി പ്രയോഗിച്ച കവികളുമുണ്ട്.ജാഹിലി കവി ഇംറുഉല്‍ ഖൈസ്, ചിതറിക്കിടന്നിരുന്ന മാന്‍കാഷ്ഠത്തെ  കുരുമുളകിനോടാണ്  ഉപമിക്കുന്നത് .
അല്‍ ഇദ്രിസി (AD 1100-1166) കുരുമുളക് 'മലൈ'നാട്ടിലൊഴികെ  മറ്റൊരിടത്തും കൃഷി ചെയ്തിരുന്നില്ലെന്ന് സൂചിപ്പിക്കുന്നു.സിസിലിയിലെ നോര്‍മന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഇരുപതിലേറെ പണ്ഡിതരെ കൊണ്ട് ലോകമാകെ സഞ്ചരിച്ച് 15 വര്‍ഷം കൊണ്ട് തയ്യാറാക്കിയ ഭൂമിശാസ്ത്ര ഗ്രന്ഥത്തിലാണ് ആ പരാമര്‍ശം.ഭക്ഷ്യസാധനങ്ങള്‍ ഇവിടെ നിന്ന് കയറ്റി അയക്കുന്നതും ഇവിടത്തെ മലകളിലും മലയോരങ്ങളിലും കുരുമുളകു സമൃദ്ധിയായി വളരുന്നതും ഇദ്രിസി പ്രാധാന്യത്തോടെ വിവരിക്കുന്നു.കപ്പലുകളും വഞ്ചികളും നല്ല ഉറപ്പുള്ള മരം കൊണ്ട് പണിയുന്നു. ചില മരുന്നുകള്‍ ചേര്‍ത്ത് ഉരുക്കി പച്ച ഇരുമ്പ് ഉരുക്കാക്കി മാറ്റുന്നതും വാളുകള്‍ പണിയുന്നതുമായ പണിശാലകള്‍  പ്രവര്‍ത്തിച്ചിരുന്നു.

ഗോത്ത് രാജാവായ അലാറിക്AD 410 ല്‍ റോം ആക്രമിച്ചപ്പോള്‍ തലസ്ഥാന നഗരി ആക്രമിക്കാതിരിക്കാന്‍ സന്ധിവ്യവസ്ഥകളനുസരിച്ച് 3000 റാത്തല്‍ കുരുമുളകു കൂടി പ്രതിഫലമായി റോമക്കാരില്‍ നിന്നും ഈടാക്കിയതായി പ്ലിനിയുടെ  രേഖയിലുണ്ട്. ഇത്  ഈ ദേശത്തു നിന്നുള്ള കുരുമുളകു തന്നെയാവണമെന്ന നിബന്ധനയുണ്ടായിരുന്നതില്‍ നിന്നും ആദിമലനാട്ടിലെ കുരുമുളകിന്റെ അന്താരാഷ്ട്രമൂല്യം അളവറ്റതാണെന്നു മനസ്സിലാക്കാം.കേരളത്തിലെ ഏറ്റവും നല്ലയിനം കുരുമുളക് ലഭിച്ചിരുന്ന അങ്ങാടികള്‍ മാഹി മുതല്‍ ഏഴിമല വരെയുള്ള പ്രദേശങ്ങളിലാണ്. ഗ്രീക്കു- റോമന്‍സാമ്രാജ്യങ്ങളേയും  മധ്യ-പശ്ചിമ ഏഷ്യന്‍ വ്യാപാരശക്തികളേയും അത്രത്തോളം ആകര്‍ഷിക്കുന്നതിനുള്ള ചരിത്രപ്രാധാന്യവും പ്രൗഢിയും മലനാടിന് ഉണ്ടായിരുന്നുവെന്നതാണ് അനിഷേധ്യമായ സംഗതി. ഇവിടുത്തെ മലനിരകളില്‍  തഴച്ചു വളര്‍ന്ന കുരുമുളകും കാര്‍ഷികവിളകളും സുഗന്ധവ്യഞ്ജനങ്ങളും വനസമ്പത്തും വിദേശികള്‍ക്ക് അത്രയേറെ പ്രിയമായിരുന്നു.
കുരുമുളകുപയോഗിച്ചുള്ള സുഗന്ധദ്രവ്യങ്ങള്‍ യൂറോപ്യന്‍ രാജകീയകൊട്ടാരങ്ങളിലടക്കം വമ്പിച്ച സ്വീകാര്യത നേടി.

കുരുമുളകിന്റെ വാണിജ്യത്തിലൂടെ സാമ്രാജ്യത്തിനുണ്ടാകുന്ന സമ്പദ് ചോര്‍ച്ചയെപ്പറ്റി റോമാ ചക്രവര്‍ത്തി ടൈബീരിയസ് സൈന്യത്തിനു മുന്നറിയിപ്പു നല്‍കേണ്ടുന്ന ഘട്ടം വരെയെത്തി.
അതിനു വേണ്ടി മാത്രം പ്രതിവര്‍ഷം 550 കോടി സെസ്റ്റേര്‍സ് *¹ കേരളത്തിലേക്കു പ്രവഹിച്ചിരുന്നു. കേരളം മാത്രമായിരുന്നു കുരുമുളകിന്റെ ഉല്‍പാദന ദേശം.ഡച്ചുകാര്‍ പിന്നീട് കേരളത്തില്‍ നിന്നും ജാവയിലേക്ക് കുരുമുളകു കൃഷി വ്യാപിപ്പിച്ചു.

നൂറ്റാണ്ടുകള്‍ക്കു ശേഷവും കുരുമുളക് അമൂല്യനിധിയായി തുടര്‍ന്നു.1736,1737 വര്‍ഷങ്ങളില്‍ സ്റ്റീഫന്‍ലോ ബോംബെ കൗണ്‍സിലിന്റെ CAയും പ്രസിഡണ്ടുമായ ദി ജോണ്‍ ഹോണെസ്‌കറിന് അയച്ച കത്തില്‍ഇരിക്കൂറിലെ ഉസ്സന്‍കുട്ടിയില്‍ നിന്ന് കണ്ടിക്ക് 76 ഉറുപ്പിക പ്രകാരം പതിനഞ്ച് കണ്ടി കുരുമുളക് വാങ്ങിയതായി പറയുന്നു. T.G. E. B (Tellichery Garbled Extra Bold) എന്നത് ഇന്ത്യയിലെ ഏറ്റവും നല്ല കുരുളകിനുള്ള അഗ് മാര്‍ക്ക് ലേബിള്‍ ആയിരുന്നു. ലോകത്ത് ഏറ്റവും വില കൂടിയ ഇനം ഇവിടെയുള്ളതായിരുന്നു.

'കറുത്ത സ്വര്‍ണ' മെന്ന വിശേഷണത്തിനും വിശ്വവാണിജ്യശക്തികളെ വശീകരിച്ച  അതിന്റെ അമൂല്യമായ ആകര്‍ഷണത്തിനുമപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രമടങ്ങുന്ന ധാതുപേടകം കൂടിയാണ് കുരുമുളക്. മലനാടും പുറംലോകവുമായുള്ള വാണിജ്യനയം പ്രാചീനകാലം തൊട്ടേ കുരുമുളകിന്റെ വശ്യതയില്‍ കുടുങ്ങിക്കിടന്നു.അതിന്റെ സുഗന്ധമാസ്മരികതയില്‍ പാശ്ചാത്യസാമ്രാജ്യങ്ങളുടെ അടിതെറ്റി കുഴയുന്നത് പലരും ചിത്രീകരിച്ചിട്ടുണ്ട്.

വനവിഭവങ്ങളും കുരുമുളകും തേക്കും ചന്ദനവുമാണ് ആദിമലനാട്ടില്‍ നിന്നുള്ള  പ്രധാനകയറ്റുമതി. മലഞ്ചരക്ക്, ആനക്കൊമ്പ്, മയില്‍, ഇരുമ്പ്, ഉരുക്കുല്‍പന്നങ്ങള്‍, വിഗ്രഹങ്ങള്‍, പച്ചമരുന്നുകള്‍, ആഭരണങ്ങള്‍, മുത്തുകള്‍, മരതകം,ഗോമേദകം,  വൈഡൂര്യം (Aquamarine Beryl), പുഷ്യരാഗം, ക്വാര്‍ട്‌സ്‌കള്‍ ( വെങ്കല്ല്), അഭ്രം (Feld spar ), കോറുണ്ടം, സുഗന്ധിക്കല്ല് (Ame thySt) ,ഇന്ദ്രനീലക്കല്ല് (Lapis Lazuli) ,സൂര്യകാന്തിക്കല്ല് (Jasper),മാണിക്യം (Garnet), അക്ഷമണികള്‍(Carnelian beads), നഖവര്‍ണി (onyx), അക്കിക്കല്ല്, മരത്തടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പവിഴം എന്നിവയുടെ കലവറ കൂടിയാണ് മലനാടുകള്‍.

വിദേശങ്ങളിലേക്കു മാത്രമല്ല, ഇന്ത്യയുടെ വടക്കന്‍ വിപണികളിലേക്കും വിഭവങ്ങള്‍ കയറ്റിയയക്കപ്പെട്ടു. സിന്ധു നദീമുഖവും കേരളാതീരങ്ങളും തമ്മിലുള്ള വാണിജ്യത്തിന് അതിപുരാതനമായ ബന്ധമുണ്ട്.

തുണി, ഈയം, ചെമ്പ്,കണ്ണാടി പവിഴം,മദ്യം തുടങ്ങിയവയാണ്  ഇറക്കുമതി. വിദേശ നാണയങ്ങളും ഇവിടേക്ക്  ഒഴുകിയെത്തി. മൗര്യസാമ്രാജ്യത്തിലേയും കിഴക്കന്‍ രാജ്യങ്ങളിലേയും ദ്വീപു രാഷ്ട്രങ്ങളിലേയും ഉല്‍പന്നങ്ങളും ഇവിടുത്തെ വിപണികളിലൂടെ മാറിമറിഞ്ഞു.മഗധ, പാടലീപുത്രം തുടങ്ങിയ വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെത്തിയ കച്ചവട സംഘങ്ങളും ജൈന - ബൗദ്ധ പുരോഹിതരും ക്രിസ്തുവര്‍ഷം തുടങ്ങുന്നതിനു മുമ്പു തന്നെ കേരളത്തില്‍  മുദ്രിത നാണയങ്ങളെത്തിച്ചതായി പുരാവസ്തു ഗവേഷകനായ ഡോ:എം.ജി.ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നുണ്ട് :
''സുവര്‍ണ ,കര്‍ഷാപണ എന്നീ പേരുകളില്‍ അറിഞ്ഞു വരുന്ന സ്വര്‍ണനാണയങ്ങളും പുരാണ, ധരണ എന്നീ പേരുകളില്‍ അറിഞ്ഞു വരുന്ന വെള്ളിനാണയങ്ങളും ഇവയില്‍ ഉള്‍പ്പെട്ടിരുന്നു...
വെള്ളിയിലുള്ള മുദ്രിത നാണയങ്ങള്‍ എയ്യാല്‍ (34) പുത്തന്‍ചിറ (272) അങ്കമാലി കടുകശ്ശേരി (783) എലിക്കുളം (184), കരുനാഗപ്പള്ളി (എണ്ണമറിയില്ല) എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നാണയങ്ങളെ പരാമര്‍ശിക്കുമ്പോള്‍ പില്‍ക്കാലത്ത് ഉപയോഗിച്ചിരുന്ന  കാണം, കാശ്, പണം എന്നീ വാക്കുകളുടെ ആവിര്‍ഭാവം തന്നെ കര്‍ഷാപണത്തില്‍ നിന്നാണ് ''
(കേരള ചരിത്രം :അപ്രിയ നിരീക്ഷണങ്ങള്‍ ,പേജ് 26).

കുരുമുളക്, ഉരുക്ക് ആയുധങ്ങള്‍, സഹ്യനിലെ രത്‌നക്കല്ലുകളുടെ ആഭരണങ്ങള്‍, മുത്ത്, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാണ് യവനര്‍ പ്രധാനമായും ലക്ഷ്യമിട്ടത്.ചൈനയിലേയും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേയും ( ജാവ ,സുമാത്ര ലരേ),വടക്കു കിഴക്ക് ഇന്ത്യയിലെ ഗംഗാ- കൃഷ്ണാ - ബ്രഹ്മപുത്രാ തടങ്ങളിലേയും  വിഭവങ്ങളും ഇന്ത്യന്‍ മസ്ലീനും (പതിമ്മൂന്നുതരം ബംഗാള്‍-ഡാക്ക മസ്ലീനുകളില്‍   ജുഹാ എന്ന ഇനം അമൂല്യമായിരുന്നു. ചുരുട്ടിയാല്‍ ഒരു മോതിരത്തില്‍ കൂടി കടത്താവുന്ന നിര്‍മിതി. കാറ്റുകൊണ്ടുണ്ടാക്കിയതും മേഘ സമാനവുമെന്ന്  നീറോയുടെ സമകാലികനായ പെട്രോണിയസ് ഇതിനെക്കുറിച്ചെഴുതി) ദക്ഷിണേന്ത്യന്‍ വിപണികളിലെത്തിക്കുകയും  ഈജിപ്ത്, റോം, ബാബിലോണിയ, പാലസ്തീന്‍, ഗ്രീസ്, അറേബ്യ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവാണിജ്യത്വരയാണ് ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ നിലനിന്നത്.

പാശ്ചാത്യ വാണിജ്യസംഘങ്ങള്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് നേരിട്ടു പോയി കച്ചവടം ചെയ്തിരുന്നില്ല. കാലവര്‍ഷക്കാറ്റിനനുസരിച്ചേ അവര്‍ക്കു വന്നു പോകാനാവുമായിരുന്നുള്ളു. അതിനാല്‍ ദക്ഷിണാപഥം ഈ വാണിജ്യ ശൃംഖലയിലെ  ഇടത്താവളം കൂടിയായിരുന്നു.ജൂണ്‍ ജൂലായ് മാസത്തില്‍ മലബാര്‍ തീരത്തെത്തണം.കൂടിയാല്‍ 6 മാസം, അതിനിടയില്‍ തിരിച്ചു പോകണം.
മൗര്യ കാലത്തിനു മുമ്പേ വാണിജ്യ സമൃദ്ധി നേടിയ കേരളത്തിന്റെ  ചിത്രം ചാണക്യന്റെ അര്‍ഥശാസ്ത്രം വരച്ചുകാട്ടുന്നുണ്ട്. കുരുമുളക്, ചന്ദനം, തേക്ക് തുടങ്ങിയ ഉല്‍പന്നങ്ങളേയും നദികളില്‍ നിന്നു ലഭിക്കുന്ന മുത്തുകളേയും (ചൗര്‍ണേയം, താമ്രപാര്‍ണികം ..) പരാമര്‍ശിക്കുന്നു. മൗര്യ സാമ്രാജ്യവുമായുള്ള വ്യാപാര ശൃംഖലയിലും ഈ ദേശത്തെ ഉള്‍പ്പെടുത്തുന്നുണ്ട്. മൗര്യ കാലഘട്ടത്തിലും അതിനു മുമ്പും പ്രചാരത്തിലിരുന്ന നാണയങ്ങളും  എയ്യാല്‍, ഏഴികുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുകയുണ്ടായി.

ബി.സി. 123 മുതല്‍ ആറാം  നൂറ്റാണ്ടുവരെയുള്ള വിവിധ റോമന്‍ ചക്രവര്‍ത്തിമാര്‍ പുറപ്പെടുവിച്ച  നാണയങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. 1851-ല്‍ അന്നത്തെ കോട്ടയം (മലബാര്‍ ) താലൂക്കില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റോമന്‍ സ്വര്‍ണനാണയ ശേഖരം ലഭിക്കുകയുണ്ടായി. 22 ഇനം പുരാതനറോമന്‍ നാണയങ്ങള്‍  റോബര്‍ട് കാള്‍ഡ്വല്‍ അവയില്‍ കണ്ടെത്തി. റിപ്പബ്ലിക്കന്‍, ഒക്ടേവിയന്‍, ടൈബീരിയസ്, ക്ലാഡിയസ്, നീറോ, അഗസ്റ്റസ് സീസര്‍,അന്റോണിയോ അഗസ്റ്റസ് ,കാലി ഗുല ,ട്രാജന്‍ തുടങ്ങിയ റോമിന്റെ ആദ്യകാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന നാണയങ്ങളില്‍ പലതും അവയിലുണ്ട്.

പുഴയുടെ അടിത്തട്ടിലുള്ള മണ്ണിനടിയില്‍ നിന്നാണ്  ഈ സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയത്. അഞ്ചു ചുമടില്‍ കുറയാത്ത സ്വര്‍ണനാണയങ്ങള്‍ ലഭിച്ചതായും ഭൂരിഭാഗവും നാട്ടുകാര്‍ സ്വന്തമാക്കി ഉരുക്കിയതായും 73 സ്വര്‍ണനാണയങ്ങള്‍ ഉത്രം തിരുനാള്‍ (1847-1860) വിലയ്ക്കു വാങ്ങിയതായും റോബര്‍ട് സെവല്‍  രേഖപ്പെടുത്തിയിട്ടുണ്ട്.കീഴല്ലൂരിലെ സ്വര്‍ണനാണയങ്ങളില്‍ നല്ലൊരു ഭാഗം തിരുവിതാംകൂര്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലനും കൈവശപ്പെടുത്തി.

ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേണലിലും (ലക്കം 20 ) തലശ്ശേരിയില്‍ നിന്ന് 24 മൈല്‍ അകലെയുള്ള കിലാലൂര്‍ എന്ന സ്ഥലത്തു നിന്ന് റോമന്‍ നാണയ ശേഖരം ലഭിച്ചതായാണ് പരാമര്‍ശം.

കോട്ടയം ( മലബാര്‍ ) താലൂക്കില്‍ പഴശ്ശി അംശത്തിലെ കീഴല്ലൂരിനും വേങ്ങാടിനും ഇടയിലായുള്ള  വാണിയന്‍ കടവില്‍ വച്ചാണ്  ഇവ കിട്ടിയതെന്ന് Thurston Edgar (1894)
കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.അഞ്ചരക്കണ്ടിപ്പുഴയാണത്. ഇതിന്റെ സമീപത്താണ് ബ്രിട്ടീഷുകാരുടെ  കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പതോട്ടം സ്ഥിതി ചെയ്തിരുന്നത്.
ഈ നാണയങ്ങള്‍ AD 70 ല്‍ മണ്ണിന്നടിയില്‍ കുഴച്ചിട്ടതാവാനുള്ള സാധ്യതയാണ് റോബര്‍ട് കാള്‍ഡ്വല്‍ അഭിപ്രായപ്പെട്ടത്.

മുസിരിസ് ആയിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരില്‍ നിന്ന് 17 കി.മീ. തെക്കുകിഴക്ക് പട്ടണം എന്ന സ്ഥലത്ത് 2007-ല്‍ ആരംഭിച്ച  ഖനനപദ്ധതിയില്‍ തുറമുഖ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി.റോമന്‍ നാണയങ്ങള്‍, ചേരനാണയം, ഇഷ്ടികകള്‍, ചുവര്‍നിര്‍മിതിയുടെ ശേഷിപ്പുകള്‍,പശ്ചിമേഷ്യയിലെ പലയിടങ്ങളിലേയും  പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ (അറേബ്യന്‍ ടോാര്‍പിഡോ ജാറുകളും പേര്‍ഷ്യയിലെ പാര്‍ത്തിയന്‍, സസ്സാനിയന്‍ബൗളുകളും) തുടങ്ങിയവയും ഖനനത്തിലൂടെ വെളിപ്പെട്ടു. പട്ടണം ഉത്ഖനനത്തില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളില്‍ നല്ലൊരു പങ്ക് കേരളവും മെഡിറ്ററേനിയന്‍ ചെങ്കടല്‍- ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളുമായുള്ള അതിശക്തമായ വ്യാപാരബന്ധത്തേയും സമുദ്രയാന ബന്ധങ്ങളേയുമാണ് സൂചിപ്പിക്കുന്നത്.ബി.സി മൂന്നാം നൂറ്റാണ്ടു മുതല്‍ക്കേയുള്ള തെളിവുകളതിലുണ്ട്.

ക്രി.മു. മൂന്നാം നൂറ്റാണ്ടിലെ ഇറാനിയന്‍ നാണയം കോയമ്പത്തൂരിനടുത്ത് സുലൂരില്‍ ഒരു പ്രാചീനശവകുടീരത്തില്‍ കണ്ടെത്തുകയുണ്ടായി. BC 190 മുതല്‍ AD 180 വരെയുള്ള റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

കുരുമുളകിനായിരുന്നു ഏറ്റവും ഡിമാന്‍ഡ് എന്നതിനാല്‍ അക്കാലത്തെ വിദേശവ്യാപാരം മലബാറില്‍  കേന്ദ്രീകരിച്ചിരിക്കാനാണ് സാധ്യത. അക്കാലത്തെ ഏറ്റവും പ്രധാന തുറമുഖമായി കണക്കാക്കപ്പെടുന്ന മുരിചി (മുസിരിസ്)യില്‍ കുരുമുളകു കുറവായിരുന്നു. അക്കാലത്തെ റോമന്‍ സ്വര്‍ണനാണയങ്ങള്‍ മുരിചിയുടെ പരിസരങ്ങളില്‍ നിന്നും കണ്ടുകിട്ടാതിരുന്നതും അതുകൊണ്ടാവാം.
ഒന്നാം നൂറ്റാണ്ടില്‍ ,പ്ലിനി മുസിരിസില്‍ കപ്പലടുക്കില്ലായിരുന്നുവെന്ന് കുറിക്കുന്നുണ്ട്. (ഹിസ്റ്റോറിയ നാച്ചുറലിസ്: വാള്യം 6, അധ്യായം 26, ആകെ 37 വാള്യങ്ങള്‍ ). ബി.സി. 190 മുതലുള്ള റോമന്‍ ദിനാരികള്‍ (പെരിപ്ലസ് നല്‍ക്കിണ്ടയെന്നു പരാമര്‍ശിച്ച,  എന്‍.എം.നമ്പൂതിരി അനുമാനിക്കുന്ന സ്ഥലമായ,  നെടുങ്കണ്ടത്തു നിന്നു ലഭിച്ച റോമന്‍ ദിനെരിയെസ് ) മറ്റിടങ്ങളില്‍ നിന്നു ലഭിച്ചപ്പോള്‍ മുചിരിയുടെ പരിസരങ്ങളില്‍ ക്രി. പി. 54 മുതലുള്ള  റോമന്‍ നാണയങ്ങള്‍ മാത്രമാണ് കണ്ടത്.

മലബാറില്‍ നിന്ന് കുരുമുളക്, ലങ്കയില്‍ നിന്ന് സില്‍ക്ക്; ഇമ്മട്ടിലായിരുന്നു കയറ്റുമതി വ്യാപാരത്തിന്റെ അന്നത്തെ ഗണ്യമായ നില. ആദ്യഘട്ടത്തിലെ റോമന്‍ വാണിജ്യം ആദിമലനാടുമായി ബന്ധപ്പെട്ടായിരിക്കണം.എ.ഡി. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ റോമന്‍ സ്വര്‍ണനാണയങ്ങള്‍ ശ്രീകണ്ഠപുരത്തിനടുത്തുള്ള നടുവില്‍ പ്രദേശത്തു നിന്നു കണ്ടെടുക്കുകയുണ്ടായി. കീഴല്ലൂരില്‍ നിന്ന് ലഭിച്ച നാണയം പരിഗണിക്കുമ്പോള്‍...റോമക്കാര്‍ക്കു മുമ്പേ യഹൂദരും വന്നതായി കാണാം.

ബാബിലോണിയയിലെ നെബുക്ക് നാസര്‍ ഒന്നാം ജറുസലേം നശിപ്പിച്ച് (BC 587) യഹൂദരെ തടവില്‍ പാര്‍പ്പിച്ച് കപ്പല്‍ തുഴയുന്നതിന്  അടിമകളാക്കിയിരുന്നു. അവര്‍ കേരളത്തിലെത്തിയ സാഹചര്യങ്ങളില്‍ രക്ഷപ്പെട്ട് ഇവിടെ ആശ്രയം കണ്ടെത്തിയിരിക്കാം. രണ്ടാം ജറുസലേം ദേവാലയം നശിപ്പിച്ച തിത്തോസ് (AD70 ല്‍ ) അവിടുത്തെ യഹൂദരെ വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തുകയായിരുന്നു. (കറുത്ത ജൂതന്മാര്‍ എന്നവര്‍ വിളിക്കപ്പെട്ടു ). പില്‍ക്കാലത്ത് സ്‌പെയിന്‍ തുടങ്ങി യൂറോപ്പില്‍ നിന്നും വന്ന യഹൂദരാണ് വെളുത്ത ജൂതന്മാരായി പരിഗണിക്കപ്പെട്ടത്. നാവിക കലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അന്ന്  അറബികള്‍. അതുകൊണ്ടു തന്നെ മറ്റാരേക്കാളും മുമ്പേ ഈജിപ്ത്, റോം, എത്യോപ്യ, അറേബ്യ, സോമാലിയ, ബാബിലോണിയാ, പേര്‍ഷ്യ, സിന്ധ് ,ചൈന എന്നിവിടങ്ങളിലെല്ലാം  അവരെത്തി.

അറബി, റോമന്‍, ചൈനീസ്, ഈജിപ്ഷ്യന്‍, വടക്കേന്ത്യന്‍  നാണയങ്ങള്‍ക്കു പുറമെ പതിനഞ്ചാം നൂറ്റാണ്ട് പിന്നിട്ടതോടെ വിവിധ യൂറോപ്യന്‍ നാണയങ്ങളും മൈസൂര്‍ സുല്‍ത്താന്മാരുടെ ഫറൂഖി നാണയങ്ങളും (കോഴിക്കോട് ഫറൂഖില്‍ നിര്‍മിച്ചത് ) ഇവിടുത്തെ ഇടപാടുകളില്‍ കടന്നുവന്നു. പ്രാചീനകേരളത്തിലെ പല നാടുകളും സ്വന്തമായ നാണയങ്ങള്‍ പുറപ്പെടുവിച്ചതായും കമ്മട്ടങ്ങള്‍ ആരംഭിച്ചതായും കാണാം. തമിഴ് ബ്രാഹ്മി ലിപികളില്‍ 'കുട്ടുവന്‍ കോത'യെന്ന് തന്റെ വെള്ളിനാണയത്തില്‍ രേഖപ്പെടുത്തിയ പ്രവിശ്യാ ഭരണാധികാരി  AD 180 നടുത്ത് മുചിരിയും കുട്ടനാടും ഭരിച്ച ചേരരാജാവാണ്. മാക്കോത എന്ന സ്ഥലനാമം പേറിയ ചേരരാജാക്കന്മാരും ലിഖിത വെള്ളിനാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്.കോലത്തുനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ്
ആനയച്ച്, താരം, ആമാട, വരാഹന്‍ എന്നിവ. ഈ നാണയങ്ങളെപ്പറ്റി  ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, വടക്കന്‍ പാട്ടുകള്‍, കൃഷ്ണഗാഥ ,കേരളോല്‍പത്തി തുടങ്ങിയ കൃതികള്‍ പരാമര്‍ശിക്കുന്നു.

കലിപ്പണം (കാളിപ്പണം ),അച്ച്, ശലാക,  പുത്തന്‍, രാശി തുടങ്ങി അനേകം പേരുകളില്‍ നാണയങ്ങള്‍ പ്രചരിച്ചിരുന്നു. സ്വര്‍ണം, വെള്ളി, ചെമ്പുചക്രങ്ങളെല്ലാം ഇതിനു വേണ്ടി ഉപയോഗിച്ചു.
ആയുധങ്ങളും ആള്‍രൂപങ്ങളും ചാമരം, അങ്കുശം, ഛത്രം, കുംഭം തുടങ്ങിയ ചിഹ്നങ്ങള്‍ അതിന്മേല്‍  പതിച്ചു.നാണയങ്ങള്‍ സ്വന്തം പേരില്‍ ഇറക്കി പൊങ്ങച്ചം കാട്ടുവാന്‍ വീരകേരളവര്‍മമാരെപ്പോലുള്ള രാജാക്കന്മാരും മുതിര്‍ന്നു.

ഉല്‍പന്നങ്ങള്‍ പരദേശികളുമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നിടത്താണ് മലനാടിന്റെ വ്യവഹാര ജീവിതത്തിലേക്ക് നാണയങ്ങള്‍ കടന്നുവരുന്നത്. ആഭ്യന്തര വ്യവഹാരം ബാര്‍ട്ടര്‍ വ്യവസ്ഥയെന്ന് പില്‍ക്കാലത്ത് ആരോപിക്കപ്പെട്ട കൈമാറ്റ രീതിയായിരുന്നു. യഥാര്‍ഥത്തില്‍ ബാര്‍ട്ടര്‍ രീതിയല്ല അതിലുള്ളത്. ഓരോ പ്രദേശത്തിന്റേയും പ്രകൃതിയുടേയും ധാന്യശേഷിയുടേയും കാര്‍ഷിക ജ്ഞാനത്തിന്റേയും വ്യത്യസ്തകള്‍ക്കനുസരിച്ച് ഉല്‍പാദനം നിറവേറ്റും.അതേസമയം എല്ലാവരുടേയും ആവശ്യങ്ങള്‍ക്കനുസൃതമായി അവ അന്യോന്യം കൈമാറും.എല്ലാ സാധനങ്ങളും ഒരിടത്ത് കിട്ടില്ലല്ലൊ. കടല്‍വിഭവങ്ങളും വനവിഭവങ്ങളും പരസ്പരം എത്തിച്ചു കൊടുത്താലേ ആവശ്യങ്ങള്‍ നിറവേറ്റാനാവൂ. ഓരോരുത്തരുമുണ്ടാക്കുന്ന വിളവുകളുടേയും ഓരോരുത്തരുടെ ആവശ്യങ്ങളുടേയും സമീകൃതമായ കൈമാറ്റമാണത്. സാമൂഹികബന്ധത്തിന്റെ നിഷ്‌കളങ്കമായ പരസ്പരാശ്രിതത്വം. ബാര്‍ട്ടര്‍ സമ്പ്രദായത്തിന്റെ സ്വഭാവ രീതിയില്‍ പെടുന്നതുമല്ല ഇത്. വില്‍ക്കലും വാങ്ങലുമെന്ന് ഈ  രീതിയെ വിളിച്ചുകൂടാത്തതാണ്. ഒരു വസ്തു കൊടുത്ത് അതിനു തോല്യം ചാര്‍ത്താനായി മറ്റൊന്നു വാങ്ങലായി പിന്നപ്പിന്നെ ആ  സമ്പ്രദായം ദുഷിക്കുകയായിരുന്നു. പകരത്തിനു പകരം തീര്‍ക്കുകയെന്ന സമീപനം സൗഭ്രാത്രത്തിന്റെ ലക്ഷണമല്ലല്ലൊ. അത്തരത്തില്‍ ദുഷിച്ച വിനിമയബന്ധത്തിന്റെ മധ്യവര്‍ത്തിയായി പിന്നീട് നാണയത്തെ പ്രതിഷ്ഠിച്ചതോടെ സാമൂഹ്യായ്മ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടു. നാണയസമ്പ്രദായം പരിഷ്‌കൃതവും പ്രാരംഭത്തിലെ വിനിമയരീതി (ബാര്‍ട്ടര്‍ സമ്പ്രദായമടക്കം) 'അവികസിത 'വുമെന്ന തലതിരിഞ്ഞ വിശ്വാസത്തില്‍  നമ്മളെത്തിപ്പെട്ടു. 

പില്‍ക്കാലത്ത് വികസിച്ചുവന്ന ചരക്കുവിനിമയയുക്തിയുടെ ഭാഷയാണ് വില്പനയെന്നത് നമ്മളോര്‍ക്കാറില്ല. അത്തരം വില്‍ക്കല്‍ വാങ്ങലിന്റെ ദല്ലാള്‍ സ്ഥാനത്തേക്കാണ്  നാണയങ്ങളും കറന്‍സികളും കടന്നുവന്നത്. ആ മാറ്റത്തെ, സാമൂഹികദൃഢതയുടേയും സഹകരണഭദ്രതയുടേയും  അവരോഹണമായേ  വീക്ഷിക്കാനാവൂ.

വനവിഭവങ്ങളെന്നത് നൈസര്‍ഗികം മാത്രമല്ല, മനുഷ്യാധ്വാനത്തിന്റെ ഫലശ്രുതി കൂടിയാണ്. കാട്ടില്‍ തനിയെ മുളച്ചതല്ല ചന്ദനവും കുരുമുളകും .തലമുറകളുടെ വിയര്‍പ്പിന്റെ ചരിത്രമാണ്  ഓരോ വൃക്ഷത്തിലും വിളയുന്നത്. ചന്ദനത്തോട്ടത്തില്‍ കുരുമുളകു നട്ടു പടര്‍ത്തിയതായി അകനാനൂറ് രണ്ടാം പാട്ടില്‍ കപിലരുടെ വര്‍ണനയിലുണ്ട്:

''പാറക്കുളത്തിലെ വെള്ളത്തിന്‍കൊഴിഞ്ഞു വീണ മധുരമുള്ള വാഴപ്പഴങ്ങളും മലയോരത്തുള്ള പ്ലാവിലെ സ്വാദേറിയ ചക്കയുടെ ചുളകളില്‍ നിന്ന് ഒഴുകിയ ചാറും ചേര്‍ന്നുണ്ടായ മദ്യം ദാഹജലമാണെന്നു കരുതി കുടിച്ച കുരങ്ങ്, കുരുമുളകു വള്ളികള്‍ പടര്‍ന്നിട്ടുള്ള തന്റെ ചന്ദനമരത്തില്‍ കയറാനാകാതെ പൂക്കള്‍ വീണുകിടക്കുന്ന മെത്ത പോലെയുള്ള നിലത്തു കിടന്ന് ഉറങ്ങി''.

ഇവ സ്വാഭാവിക കാട്ടുചെടികളായി ഒരിടത്തു തന്നെ മുളക്കില്ലെന്നും നാണ്യവിളകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ വിളകള്‍ തോട്ടങ്ങളായി ഒരുക്കിയെടുത്തതാണെന്നും ഈ വിവരണത്തില്‍  വ്യക്തമാകുന്നു. മീന്‍ വിറ്റുകിട്ടിയ നെല്‍ക്കൂന മനയേക്കാള്‍ ഉയരത്തില്‍ കാണാമെന്ന വിവരണത്തില്‍ നിന്ന് കാര്‍ഷികസമൃദ്ധിയുടെ ചിത്രമാണ് കിട്ടുന്നത്. ചേരന്‍ ചെങ്കുട്ടുവന്റെ ആസ്ഥാനകവി പരണര്‍ പുറനാനൂറില്‍ വര്‍ണിക്കുന്നു:

''മീന്‍ വിറ്റു വാങ്ങിക്കൂട്ടിയ നെല്‍ക്കൂമ്പാരം മനയെ മറക്കുന്നു. മനയില്‍ കൂട്ടിയിട്ട കറി (കുരുമുളക് )ക്കെട്ടുകള്‍ കരയേയും വഞ്ചികളേയും മറക്കുന്നു. കപ്പലില്‍ നിന്നു പൊന്ന് തോണിയില്‍ കയറ്റുന്നു.''

ആദി ചേരവംശത്തിന്റെ സമ്പദ് സാമ്രാജ്യത്തിന്റെ യഥാര്‍ഥ ഉറവിടം മറയൂരിലെ ചന്ദന മരങ്ങളാണ്. കൂടാതെ ആനയും ആനക്കൊമ്പുകളും ..'പതിറ്റുപത്തി 'ലെ വര്‍ണന:'ചന്ദന മരങ്ങള്‍വഹിച്ചുകൊണ്ടൊഴുകുന്ന കഴുക്കോലെത്താത്ത ആനിയാറില്‍ *2 കുളിക്കുന്ന യുവതികളുടെ കര്‍ണാഭരണങ്ങള്‍ അഴിഞ്ഞുവീണത് നദിയുടെ അടിത്തട്ടില്‍ വ്യക്തമായി കാണാവുന്ന നദീജലം പോലെ നിര്‍മലം''

കരൂരില്‍ ചന്ദനവും മലഞ്ചരക്കും വിറ്റിരുന്ന ചേരഗോത്രം നെല്‍ക്കിണ്ടയില്‍ കുരുമുളകു വ്യാപാരവും നടത്തി.ഇടുക്കി മലനിരകള്‍ക്ക് പടിഞ്ഞാറായി പെരിയാറിനും മണിമലയാറിനും ഇടയ്ക്കുള്ള പ്രദേശമായിരുന്നു പുരാതന കുട്ടനാട് . ചേരന്മാരുടെ തെക്കന്‍ ശാഖ അവിടെ ഭരണം നടത്തിയിരുന്നതായി  ഡോണ്‍ ബോസ്‌കോ 'മുസിരിസിന്റെ കാല്‍പ്പാടുകളിലൂടെ ' എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു(പേജ് 267). ചൈനീസ് പട്ടിന്റെ  ഭാരതത്തിലെ കുത്തക കുറച്ചുകാലം ചേരന്മാര്‍ക്കായിരുന്നു.

പതിനേഴാം  ശതകം വരെസമ്പത്തിന്റെ പ്രാമാണികതയില്‍ലോകത്തിനു മുമ്പില്‍ ഒന്നാമതായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍ ആംഗസ് മാഡ്ഡിസണിന്റെ  പഠനത്തില്‍ (World economy:A millennial perspective) ആഗോള ജി.ഡി.പി.യില്‍ ഭാരതത്തിന്റെ സംഭാവന ഒന്നാം ശതകത്തില്‍ 30 ശതമാനത്തിനും മുകളിലാണ്. ലോകസമ്പത്തിന്റെ മൂന്നിലൊന്നു ഭാഗം. ചൈന 25 ശതമാനത്തിലേറെയും. യൂറോപ്യന്‍ സംഭാവന 12 ശതമാനത്തിനു താഴെ മാത്രം.പതിനേഴാം ശതകത്തിനു ശേഷം മാത്രമാണ് ഇതില്‍ വഴിത്തിരിവുണ്ടാകുന്നത്. യൂറോപ്യന്‍ ശക്തികളും അമേരിക്കയും മുന്നേറിത്തുടങ്ങി. ഇരുപതാം ശതകത്തിലെത്തുമ്പോള്‍  ഇന്ത്യ അഞ്ചു ശതമാനത്തില്‍ താഴെയായി.അമേരിക്ക 22 ശതമാനം.യൂറോപ്പും 20 ശതമാനത്തിനു മുകളിലേക്ക്  കുതിച്ചുയര്‍ന്നു. ഈ കുതിപ്പിന് പിന്നില്‍ ഇന്ത്യയെ കൊള്ളയടിച്ചതാണ് മുഖ്യമായ ഘടകം.

അറബി സഞ്ചാരിയായ ഇബ്‌നു ഖുര്‍ദാദ് ബെ (AD 844-48) ഭക്ഷ്യ സ്വയംപര്യാപ്ത നേടിയ ദേശമായും സുലൈമാന്‍ (AD 851) സമ്പല്‍സമൃദ്ധമായ നാടായും ഈ നാടിനെ  വര്‍ണിക്കുന്നു. AD970 റഷ്യന്‍ സഞ്ചാരിയും പണ്ഡിതനും ഗവേഷകനുമായ അല്‍ ബറൂനി സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ തദ്ദേശനാണയങ്ങളെപ്പറ്റി പറയുന്നുണ്ട് .തേക്ക്, ഈട്ടി, ഇരൂള്‍, ചന്ദനം തുടങ്ങി വിലകൂടിയ മരങ്ങളും കുരുമുളക്, ഏലാദി സുഗന്ധവ്യഞ്ജനങ്ങളും മലബാറിന്റെ പൊതുസ്വത്തായിരുന്നു. ലോകത്തിലെ വ്യാപാരശക്തികളാകെ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നതായും  ചെറുരാജ്യങ്ങളും രാജാക്കന്മാരുമാണ് അന്നിവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം എടുത്തുകാട്ടുന്നു.

1167ൃല്‍ കൊല്ലത്തെത്തിയ സ്പാനിഷ് സഞ്ചാരി റബ്ബി ബഞ്ചമിന്‍ സോളമന്‍ ചക്രവര്‍ത്തിയുടെ വാണിജ്യക്കപ്പലുകള്‍ ആഇ 973 ല്‍ കേരളത്തില്‍ വന്നതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

എ.ഡി.785 നും 805 നുമിടയിലുള്ള സഞ്ചാരികളുടെ വിവരണങ്ങളെ അടിസ്ഥാനമാക്കി സമുദ്ര വിജ്ഞാനീയവിദഗ്ധനായകീയാതാം എന്ന ഭൂമിശാസ്ത്രജ്ഞന്‍ പൂര്‍വദിക്കിലെ ചില കച്ചവട കേന്ദ്രങ്ങളേയും  ദക്ഷിണേന്ത്യന്‍ തീരങ്ങളേയും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന സമുദ്രസഞ്ചാരറൂട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജോണ്‍ ഓഫ് മോന്റി കോര്‍വിനോ (AD 129293, കത്തോലിക്ക
മിഷിനറി) ഭക്ഷണത്തിനാവശ്യമായ ധാന്യങ്ങളെല്ലാം കൃഷി ചെയ്തുണ്ടാക്കുന്നതായും സുഗന്ധവ്യഞ്ജനങ്ങള്‍ ആദായകരമായി ഉല്‍പാദിപ്പിക്കുന്നതായും കാള, പശു, ആട് എന്നിവയെ പരിപാലിക്കുന്നതായും വിവരിക്കുന്നു.

മാര്‍ക്കോപോള AD1271 മുതല്‍ 24 വര്‍ഷത്തെ സഞ്ചാരത്തിനിടയില്‍ മലബാറിലെ കാഴ്ചകളും പകര്‍ത്തിയതാണ്. തടവറയിലിലിരുന്നാണ് ഗ്രന്ഥരചന. സഹതടവുകാരനായ റെസ്റ്റി ഷെല്ലൊ കേട്ടെഴുതുകയായിരുന്നു.മലനാട്ടിലെ വാണിജ്യത്തിന്റെ വളര്‍ച്ചയെത്തിയ മുഖം അതില്‍ പ്രതിപാദിക്കുന്നു. കുരുമുളകും ഇഞ്ചിയും ഇന്ത്യന്‍ കായയും (നാളികേരം?) സമൃദ്ധിയായി ഉണ്ടാകുന്നു. അതിലോലവും മനോഹരവുമായ വസ്ത്രങ്ങള്‍ നെയ്യുന്നു. സമുദ്രവാണിജ്യക്കുതിപ്പിന്റെ സൂചികയായി കടല്‍ക്കൊള്ളയുടെ ആധിക്യവും പ്രകടമാണ്. ''മലിബാര്‍ തീരത്തു നിന്നും നൂറോളം കപ്പലുകള്‍ കൊള്ളയ്ക്കു പോകുന്നുണ്ട്. ഈ കടല്‍ക്കൊള്ളക്കാര്‍ കുടുംബസമേതം കപ്പലില്‍ താമസമാണ്.''

ഫ്രയാര്‍ ഒഡോറിക്  AD 1322- ല്‍ കേരളത്തിലെത്തിയപ്പോള്‍, കുരുമുളകു വിളയുന്ന മലിബാറിലെത്തിയെന്നാണ് റിപ്പോര്‍ട്ടു ചെയ്തത്.ഇവിടെയല്ലാതെ മറ്റൊരിടത്തും കുരുമുളകു ചെടികള്‍ വളരുന്നില്ലെന്നും ഇവിടുത്തെ മലമ്പ്രദേശങ്ങളില്‍ നട്ടുവളര്‍ത്താതെ തന്നെ കുരുമുളക് സമൃദ്ധിയായി വളരുന്നതായും ചൂണ്ടിക്കാട്ടുന്നു. മലനാട്ടിലെ കുരുമുളകു കാട്ടിലൂടെ പതിനെട്ടു ദിവസം സഞ്ചരിച്ച അനുഭവം അദ്ദേഹം വിവരിക്കുന്നു: ''കുന്നുകളും മലകളും നിറഞ്ഞ ഈ കുരുമുളകു കാടുകളില്‍ ധാരാളം നദികളും തടാകങ്ങളുമുണ്ട്. അവയില്‍ കൂറ്റന്‍ ചീങ്കണ്ണികള്‍ സുലഭമാണ്. കാട്ടില്‍ പല ജാതി പാമ്പുകളുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ മൃഗങ്ങള്‍. സിംഹവും കുറവല്ല. വിവിധ വര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ കളകൂജനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായിരിക്കും. കണ്ണിന് കൗതുകം പകരുന്ന പക്ഷികളുണ്ട്. അവയിലൊന്നാണ് മയില്‍. ഇതിന്റെ നൃത്തം പ്രസിദ്ധമാണ് ''.

ഒരു വ്യാപാര സംഘത്തെ നയിച്ചെത്തിയ ചൈനീസ് സഞ്ചാരി വാങ്-താ-യൂങ് (AD 1330 1349) കായംകുളം, കോഴിക്കോട്, ഏഴിമല, ശ്രീകണ്ഠപുരം എന്നിവ സന്ദര്‍ശിച്ച് വിവരിക്കുന്ന കൂട്ടത്തില്‍ ശ്രീകണ്ഠപുരത്തെ പരാമര്‍ശിക്കുന്നതിങ്ങനെയാണ്: '' കോഴിക്കോടിനു വടക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു വ്യാപാര കേന്ദ്രമാണ് ശ്രീകണ്ഠപുരം .ഭൂമി സമനിരപ്പും ഫലഭൂയിഷ്ഠവുമാണെങ്കിലും കൃഷി കുറവാണ്. നെയ്ത്താണ് പ്രധാനതൊഴില്‍. ഇവിടെ നിന്നാണ് ഏറ്റവും അധികം പരുത്തി വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നത്. മേത്തരം തുണികളാണിവ. വളരെ വിശേഷപ്പെട്ടതരം തുണികള്‍ ഇവിടെ നെയ്യുന്നുണ്ട്. ജനങ്ങളുടെ ജീവിത രീതികളും ആചാരാനുഷ്ഠാനങ്ങളും മുമ്പ് വിവരിച്ച സ്ഥലങ്ങളിലെപ്പോലെ തന്നെയാണ്.''

വരച്ചവരയില്‍ നിര്‍ത്തി കാര്യം പറയിക്കുന്ന ഒരേര്‍പ്പാട് ഇവിടെ കണ്ടതായും സഞ്ചാരി വിവരിക്കുന്നുണ്ട്. ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ നിന്നും കടം വാങ്ങി തിരിച്ചു കൊടുത്തില്ലെങ്കില്‍, അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ,കടക്കാരനു ചുറ്റും കുമ്മായം കൊണ്ട് വര വരയ്ക്കും. കടം ഉടന്‍ വീട്ടുകയോ, അതല്ലെങ്കില്‍ ക്ഷമ ചോദിച്ച് നിവാരണമാര്‍ഗം ഉണ്ടാക്കുകയോ ചെയ്താലേ ആ വട്ടത്തില്‍ നിന്ന് പുറത്തു കടക്കാന്‍ പാടുള്ളു. ഈ നിയമം ആരും ലംഘിക്കാറില്ല. ആ വിധം പൂര്‍വികാചാരങ്ങളെ ഇവര്‍ മുറുകെ പിടിക്കുന്നതായും യൂങ് പ്രതിപാദിക്കുന്നുണ്ട്.

പൂര്‍വാചാരങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ ജനങ്ങള്‍ അധ്വാനശീലരായി മാറിയെന്നാണ് അറബിഗ്രന്ഥകാരന്‍ അല്‍മസ് ഊദിയുടെ യാത്രാഗ്രന്ഥം: 'സുവര്‍ണ മേഖലകളും രത്‌നഖനികളും' നിരീക്ഷിക്കുന്നത് (AD 956).

സുപ്രധാന രാജ്യതലസ്ഥാനമെന്ന ശ്രീകണ്ഠപുരത്തിന്റെ പ്രാധാന്യവും കണ്ണൂരിന്റെ വിശ്വപ്രസിദ്ധമായ നെയ്തുപാരമ്പര്യവും ഈ വിവരണത്തില്‍ വ്യക്തമായി കാണാം.

ആദ്യകാലം മുതല്‍ക്കു തന്നെ മലബാറിന് അത്യന്തം പൂര്‍ണമായ ഒരു ഗ്രാമസമ്പ്രദായം ഉണ്ടായിരുന്നുവെന്നും അത് അവസാനം വരെ നിലനിന്നിരുന്നുവെന്നും തോമസ് മണ്‍റോ (ഡിസം: 31,1824)  നിരീക്ഷിച്ചത്,  ഡോ: കെ.കെ.എന്‍.കുറുപ്പ് 'മലബാറിലെ  കാര്‍ഷികബന്ധങ്ങളില്‍ ഒരു പഠനം ' എന്ന കൃതിയില്‍ എടുത്തുകാട്ടുന്നുണ്ട്. ഭൂമി എല്ലായ്‌പോഴും സ്വകാര്യവും വ്യക്തിപരവും ആയിരുന്നതായും  ഭൂമിവിക്രയം സംബന്ധിച്ച് നമുക്കു ലഭിച്ചിട്ടുള്ള ഓരോ പഴയ ആധാരവും (അട്ടിപ്പേര്‍), അല്ലെങ്കില്‍ കൈമാറ്റം സംബന്ധിക്കുന്ന ഓരോ രേഖയും (പട്ടോല) ഒരു സാമൂഹിക വ്യവസ്ഥിതി നിലവിലില്ലായിരുന്നുവെന്നു തെളിയിക്കുന്നതായും മണ്‍റോ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രഖ്യാപിത വ്യവസ്ഥകളിന്മേലല്ലാത്ത ഒരു വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതരം മൂലധനവീക്ഷണത്തിന്റെ അഭിപ്രായമായേ അതെടുക്കാനാവൂ. ഭൂമിയെ ഒരു വ്യവഹാരസ്വത്തായി കാണുന്ന, അവകാശപ്പെടുന്ന, കാഴ്ചപ്പാടിന്റെ പ്രതിഫലനമാണത്.അതിനപ്പുറം ,'അവകാശികളെ 'ന്ന പദവിയെ മാനിക്കാതെ പ്രകൃതിയിലെ അമൂല്യമായ നൈസര്‍ഗിക സമ്പത്തുകളായ വായു,ജലം ,വെളിച്ചം തുടങ്ങിയ പ്രപഞ്ചാദിപ്രമാണങ്ങളില്‍ പെട്ടതാണ് കരഭൂമിയുമെന്ന യാഥാര്‍ഥ്യബോധം ഈ വിശ്വാസത്തിനില്ല. എന്നാല്‍ ,അത്തരത്തിലൊരു യാഥാസ്തുവിന്റെ പ്രാക്തനാപരമായ ബന്ധം പ്രകൃതിയിലെ ഭൗതികോപാധികളായി കണ്ടെത്തിയിരുന്ന മനുഷ്യകുലം ഇവിടെ പാര്‍ത്തിരുന്നുവെന്ന  പ്രാചീനസത്യമുള്ള  ദേശമാണിത്.

ആധുനികകാലത്തെന്ന പോലെ പ്രാചീനയുഗങ്ങളിലും ഉല്‍പാദനത്തിന്റെ അതിജീവനഘട്ടത്തില്‍ നിന്നും അധീശഘടനയിലേക്കുള്ള ഒരു പരിണാമശൃംഖല വര്‍ത്തിക്കുന്നതു കാണാം. കേരളത്തില്‍ മനുഷ്യസമുദായങ്ങളുടെ കുടിയേറ്റം പ്രഥമദശയില്‍ അതിജീവനവുമായി ബന്ധപ്പെട്ടാണ്. ഉല്‍പാദനത്തിലും ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിലുമായി ആ ജീവിതം ഒതുങ്ങുന്നു. വിതരണവും വാണിജ്യവുമാണ് അടുത്ത ഘട്ടം. അത് സാര്‍വത്രിമാക്കാന്‍ വാണിജ്യ ശക്തികളെത്തുന്നു.സംസ്‌കാരത്തിന്റേയും ജീവിതദര്‍ശനങ്ങളുടേയും ചക്രവാളങ്ങള്‍ വികസ്വരമാകുന്ന ക്രമത്തില്‍ മതദര്‍ശനങ്ങളുടെ വരവുണ്ടാകുന്നു. അതിനായി പ്രബോധകസംഘങ്ങളെത്തുന്നു. വിവിധ ആശയസംഹിതകളുടെ വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്നു. ഒന്നും തനതു സംസ്‌കൃതിക്കു പകരമായി മാറുന്നില്ല .പരസ്പരം കൊടുക്കല്‍ വാങ്ങലുകളും സംലയങ്ങളും അതിനപ്പുറം ആധിപത്യങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യാടിത്തറയെ പുതുക്കിപ്പണിയുംവിധം ചരിത്രം സൗകര്യമൊരുക്കിക്കൊടുക്കുന്നില്ല.

ഇവിടെ,ആര്യാധിപത്യം സമഗ്രമായി സ്ഥാപിക്കപ്പെട്ടുവെന്നു പറയാനാവുമോ? സാമൂഹ്യനിയമങ്ങളായും ആചാരങ്ങളായും വര്‍ണ-ജാതി രൂപങ്ങളായും പന്തലിച്ചു കിടന്നിട്ടും ആര്യഭാഷ പോലും ജനകീയ ഭാഷയായി പരിവര്‍ത്തനം ചെയ്യുകയുണ്ടായില്ലെന്നു കാണുക. അതിനും മുമ്പേ നൂറ്റാണ്ടുകള്‍ തലമുറകളുടെ മനോഭാവത്തെ വശീകരിച്ചിട്ടും ജൈന - ബുദ്ധ- ജീവിത മാതൃകകളുടെ അനുഭവവും മറ്റൊന്നായിരുന്നില്ല. പാശ്ചാത്യശക്തികള്‍ അടിമുടി പിടിച്ചുകുലുക്കിയിട്ടും അധികാരത്തിന്റെ ആധുനികരീതികള്‍ ബലപ്രയോഗത്തിലൂടെയും അല്ലാതെയും ചെലുത്തിയിട്ടും  ദേശത്തിന്റെ തനതു ജീവിതാടിത്തറയെ പാടെ ഉച്ചാടനം ചെയ്യാനായിട്ടില്ല. ചില അനുപാതങ്ങളില്‍ നിര്‍ണായമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും. അഞ്ചു നൂറ്റാണ്ടുകള്‍ ആടിത്തിമിര്‍ത്തിട്ടും യൂറോപ്യന്‍ ഭാഷകളൊന്നും ഇവിടെ ജനകീയ ഭാഷകളായി സ്വീകരിക്കപ്പെട്ടില്ല.

ഭരണനിര്‍വഹണങ്ങളുടെ ആദ്യന്ത ചരിത്രവും ഇതേ പ്രകാരമാണ്. മലബാറില്‍ സവര്‍ണമാതൃകയിലുള്ള ഗ്രാമങ്ങള്‍ സമ്പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞോ? ആധുനിക കാലത്ത് രാഷ്ട്രീയപാര്‍ടികളും വ്യാപാര കമ്പനികളും അവയുടെ ശാഖകള്‍ തുറക്കുന്നതു പോലെ അന്ന്  നമ്പൂതിരിഗ്രാമങ്ങള്‍ തുറക്കപ്പെട്ടുവെന്നേ കാണേണ്ടതുള്ളു. നിര്‍മിച്ച 64 ഗ്രാമങ്ങള്‍ അതാത്  പരിധിയിലൊതുങ്ങി.(AD 774 ലെ സിറിയന്‍ പട്ടോലയില്‍ പേരെടുത്തു പറയുന്ന രണ്ട് നമ്പൂതിരി ഗ്രാമങ്ങള്‍ പന്നിയൂരും ചൊവ്വൂരും.അക്കാലത്ത് രണ്ടു സമാന്തര സംഘടിത ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. രണ്ടും വേദ ബ്രാഹ്മണരുടേത്. 64 ഗ്രാമങ്ങളുടെ പ്രതിഷ്ഠയൊക്കെ പരശുരാമ കഥകളില്‍ പെടുത്താനേ പറ്റൂ).

ഗ്രാമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അവരുടെ സാമൂഹ്യസംഘടന  തറകളെ ആധാരമാക്കിയുള്ള 'നായന്മാരു 'ടെ സംവിധാനത്തേക്കാളും'നാടു 'കളെ മാനദണ്ഡമാക്കിയുള്ള 'തീയര്‍' തുടങ്ങിയവരുടെ  ക്രമത്തേക്കാളും  ചേരികളെ ആശ്രയിച്ചുള്ള ആദിമചര്യയെക്കാളും മുമ്പേ ഇവിടെ ക്ഷയിച്ചു. താരതമ്യേന ആയുസ്സു കുറവായിരുന്നു.

അധികാരത്തിന്റെ ശീര്‍ഷനാഡിയില്‍ പിടിച്ചതിനാല്‍ അതിവേഗം സമൂഹത്തിന്റെ മേലാളസ്ഥാനം കയ്യടക്കാന്‍ സവര്‍ണപക്ഷത്തിനു കഴിഞ്ഞുവെന്നതില്‍ തര്‍ക്കമില്ല.അവര്‍ നിര്‍മിച്ചൊരുക്കിയ എല്ലാതരം റിപ്പബ്ലിക്കുകളുടേയും തായ് വേരിളക്കും വിധമുള്ള  പില്‍ക്കാലത്തെ വൈദേശികാധിപത്യത്തിന്റെ  നീക്കത്തിനും സാമൂഹ്യാടിത്തറയെ കീഴ്‌മേല്‍ മറിക്കാനായില്ല. ഹൊബാലിഘടന ഗ്രാമഭരണ സ്ഥാപനമായി കൊണ്ടുവന്നുവെങ്കിലും പിന്നീട് അഴിച്ചു പണിത് അംശം രൂപീകരിക്കേണ്ടി വന്നു. ഗ്രാമതല ആസൂത്രണത്തിനായി 1822-23 കാലത്ത്  ഹൊബാലി സമ്പ്രദായം എടുത്തുകളഞ്ഞ് അംശസംവിധാനം സ്‌പെഷല്‍ കമ്മീഷണര്‍ H. S. ഗ്രെമെ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയെങ്കിലും അതിന്  സമഗ്രത കൈവരിക്കാനായില്ല.

കച്ചവടമൊരുക്കുന്ന സാമൂഹിക ബന്ധങ്ങളുടെ പാകപ്പെട്ട പശ്ചാത്തലത്തിലൂടെ അഥവാ വാണിജ്യപാതയിലൂടെ ആഗമനംചെയ്തവയാണ് പൊതുവെ എല്ലാ മതസംസ്‌കാരങ്ങളും. യഹൂദ,ജൈന - ബുദ്ധ-ബ്രാഹ്മണ, ക്രൈസ്തവ ,മുഹമ്മദീയ, സംസ്‌കാരങ്ങളുടെ സങ്കലനത്തിന് കേരളം സാക്ഷ്യം വഹിച്ചു.

ആഭ്യന്തര കച്ചവടക്കാരായ വണിക്കുകള്‍  ജൈന - ബുദ്ധമതത്തിന്റെ പുറത്തേറി വന്നതാണ്. കാവുകേന്ദ്രങ്ങളിലാണ്  പ്രാചീനവിപണികള്‍ സ്ഥാപിക്കപ്പെട്ടത്. പില്‍ക്കാലത്ത് കാവുകള്‍ക്കടുത്ത് ബുദ്ധമത കേന്ദ്രങ്ങള്‍ തുറന്നതും കാണാം. വില്പന വസ്തുക്കളുമായി വാണിയച്ചെട്ടികള്‍ കാവു കേന്ദ്രങ്ങളിലെത്താറുള്ളത് പതിവാണ്.അങ്ങാടി എന്ന പ്രാകൃതപദം ജൈന-ബുദ്ധ
സ്വാധീനത്തിന്റേതാണ്. എ.ഡി.ഒന്നാം നൂറ്റാണ്ടു തൊട്ടേ ആഭ്യന്തര കച്ചവടക്കാരായ വണിക്കുകള്‍ തമ്പടിച്ചിരുന്ന കൊടുങ്ങല്ലൂര്‍ കാവിനടുത്തു നിന്ന്  'ചമണ' എന്ന് ബ്രാഹ്മിയില്‍ എഴുതിയ മണ്‍ചട്ടിയും ഒരു ബുദ്ധപ്രതിമയും പുരാവസ്തുഗവേഷകര്‍ക്ക് കിട്ടിയതായി പറയപ്പെടുന്നു.

ചെട്ടികളുടെ വ്യാപാരശീലത്തിന്റെ അടയാളങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കാണാം. അറബിക്കടല്‍ മുതല്‍ കിഴക്ക് പശ്ചിമഘട്ടം വരേയും വ്യാപിച്ച കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ തെങ്ങും കുരുമുളകുമാണ് പ്രധാന കൃഷിയെന്ന് ചൈനയില്‍ നിന്നുമെത്തിയ മാഹ്വാന്‍  വിവരിക്കുന്നുണ്ട്: ''മലമ്പ്രദേശങ്ങളില്‍ കുരുമുളക് വ്യാപകമായി കൃഷിചെയ്യുന്നു. ചെട്ടികളാണ് ഇവിടത്തെ വ്യാപാരികള്‍. കൃഷിക്കാരില്‍ നിന്ന് ഇവര്‍ നേരിട്ടാണ് കുരുമുളക് വാങ്ങുന്നത്. ഇതുവഴി വരുന്ന വിദേശകപ്പലുകള്‍ക്ക് ഇവര്‍ ഇത് വില്‍ക്കും. രത്‌നങ്ങളും മൂല്യമേറിയ മറ്റു വസ്തുക്കളുമാണ് വിലയായി സ്വീകരിക്കുന്നത് ''

ബി.സി. നാലാം നൂറ്റാണ്ടില്‍ ഒരു വലിയ വാണിജ്യശക്തിയായി മെഗസ്തനീസ് ചൂണ്ടിക്കാട്ടിയ ആദിമലനാടിന്റെ മഹത്തായ വാണിജ്യവിനിമയത്തിന്റെ പ്രാചീന സിരാകേന്ദ്രമായ ശ്രീകണ്ഠപുരവും
ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള ഒരു ഭരണപദത്തിനു കീഴില്‍ ലോകോത്തര വാണിജ്യകേന്ദ്രമെന്ന പദവിയില്‍ വിരാജിച്ച ഇരിക്കൂറും യൂറോപ്യന്‍ അധിനിവേശ കാലത്തും സമ്പത്ത് കടത്തിക്കൊണ്ടു പോവാനുള്ള കവാടമായിരുന്നു. ആദിമലനാട്ടിലെ പുഴകളുടെ അഴിമുഖങ്ങളിലെല്ലാം പാണ്ടികശാലകള്‍ നിര്‍മിക്കപ്പെട്ടു.

കോട്ടയം രാജാവ്, ഇരുവഴിനാട് നമ്പ്യാന്മാര്‍, രണ്ടത്തറ അച്ചന്മാര്‍ എന്നിവരുടെ കുരുമുളക് സമാഹരിക്കാന്‍ തലശ്ശരിയിലും, ധര്‍മടത്തും സ്ഥാപിച്ച  വ്യാപാരശാലകളിലൂടെയാണ് ഇംഗ്ലീഷുകാര്‍ക്ക് സാധിച്ചത്.അഞ്ചരക്കണ്ടിപ്പുഴയിലൂടെ  വേങ്ങാട് വരെ ചരക്കുതോണികള്‍ വന്നെത്തിയത് ചരിത്ര പരാമര്‍ശങ്ങളിലുണ്ട്. നീലഗിരിയിലെ കുന്തമലയിടുക്കില്‍ നിന്നുള്ള ചോളപ്പുഴയും  കാര്‍കൂര്‍ ചുരത്തില്‍ നിന്നുള്ള സുവര്‍ണ നദിയും സ്വര്‍ണഅയിരുകളുമായാണ് ബേപ്പൂര്‍പുഴയില്‍ കൂടിച്ചേര്‍ന്ന് കടല്‍ത്തീരത്തെത്തിയത്.

വിഭവസമ്പന്നമായ കുടകുനാടുകളിലെ ഉല്‍പന്നങ്ങളും  മൈസൂരിലെ ചന്ദനവനങ്ങളുമെല്ലാം കടത്തിക്കൊണ്ടു പോയ തിരക്കു പിടിച്ച വാണിജ്യ മാര്‍ഗമായിരുന്നു വളപട്ടണം പുഴ. മടിക്കേരിയില്‍ കെട്ടിയുണ്ടാക്കിയ കോട്ടയും മലബാറിന്റെ തീരങ്ങളിലെ കോട്ടകളും ഒരേ വാണിജ്യപഥത്തിന്റെ പ്രതീകങ്ങളാണ്.മൈസൂരില്‍ നിന്നുള്ള ചന്ദനമരങ്ങളുള്‍പ്പെടെ വളപട്ടണം പുഴയിലൂടെയുള്ള ചരക്കുനീക്കത്തിലൂടെയാണ് പടിഞ്ഞാറന്‍ലോകങ്ങളിലെത്തിയത്. വ്യാപാരത്തിനു മാത്രമായല്ല, ഈ സഞ്ചാര മാര്‍ഗങ്ങള്‍ വിനിയോഗിക്കപ്പെട്ടത്.1834-ല്‍ കുടകിനെതിരെ ഉപരോധത്തിന് സേനാ വിഭാഗങ്ങള്‍ മാര്‍ച്ചു ചെയ്തതും ഇരിക്കൂര്‍ വഴിയുള്ള പാതയിലൂടെയായിരുന്നു.

സാര്‍വത്രികമായ വാണിജ്യ സംസ്‌കാരത്തിന്റെ അലയൊലികള്‍ തോറ്റംപാട്ടുകളിലും കാണാം.മരക്കലത്തമ്മത്തോറ്റത്തിന്റെ തുടക്കം വാണിജ്യോദ്ദേശ്യത്തിലുള്ള യാത്രയെ വിവരിച്ചുകൊണ്ടാണ്:

''അരി കറുത്ത നെല്ലും നെറം കെട്ട പൊന്നുമുണ്ട്
എന്റെ ശ്രീശൂലയില്ലത്ത്
അതിനെയൊരിക്കല് വിറ്റ് വിലച്ചു
പോറ്റിപ്പൊലിക്കണം
കപ്പല് വെച്ചിറ്റ് കടലോട് വാണിഭം
ചെയ്യുക വേണമേ''

എന്റെ ശ്രീശൂലയില്ലത്ത് കെട്ടിക്കിടക്കുന്ന നെല്ലും പൊന്നും വിറ്റ വില സ്വരുക്കൂട്ടി വച്ച് കപ്പലുണ്ടാക്കി സമുദ്ര വാണിഭം നടത്തണമെന്നു സാരം. ദേശാതിര്‍ത്തികള്‍ കടന്നുള്ള
വാണിജ്യമാണ്. എട്ടുപട്ടണത്തിലേക്കുള്ള പലതരം ചരക്കും കയറ്റുന്നതായി വിവരിക്കുന്നു.ആദ്യം ശൂര്‍പ്പപട്ടണം (കോലാപ്പൂര്‍) പിന്നെ പുതിയ പട്ടണം (പുതുപട്ടണം - ഹോസ്ദുര്‍ഗ് ) നാഗപട്ടണം, നരയൂധ പട്ടണം, കരിയൂര്‍ പട്ടണം (കാര്‍വാര്‍) തിരിയൂര്‍പട്ടണം (തൃക്കരിപ്പൂര്‍) ആര്യപട്ടണം (ആര്യപ്പെരുമാളിന്റെ പട്ടണം - അളകാപട്ടണം) അവസാനം തിരുവാലത്തൂരെന്ന വലിയ പട്ടണത്തിലേക്കുമായുള്ള വാണിഭ യാത്രയാണ്.

ദൈവക്കപ്പലെന്ന് കാഴ്ചക്കാര്‍ വിശേഷിപ്പിക്കുന്ന  മരക്കലത്തെ  ഒരു വിശ്വലോകമാക്കി പ്രതീകവത്കരിക്കുന്നതു കാണാം.അതിനാവശ്യമായ പ്രതീതി ജനിപ്പിക്കാനുള്ള ചിത്രപ്പണികളാണ് കപ്പലിനു മേല്‍ നടത്തുന്നത്. കപ്പലിന്റെ കിഴക്കുവശത്ത് ഉദയകുല പര്‍വതവും ആദിത്യ ഭഗവാനും തേരും തേരാളിയും, തെക്കുവശം  പാശവും ദണ്ഡും കയ്യിലേന്തി മഹിഷം പുറത്ത് എഴുന്നെള്ളുന്ന  യമധര്‍മ രാജാവിനേയും ശ്രീ കാളകൂട പര്‍വതത്തേയും പാണ്ഡ്യപരദേശിയേയും .(പാണ്ഡിക ശാല - പാണ്ഡ്യാല. അന്നത്തെ ദക്ഷിണഭാഗത്തെ ജനവിഭാഗം പാണ്ഡ്യരാണെന്ന സൂചന.)

പടിഞ്ഞാറുവശത്ത് അസ്തകുലപര്‍വതവും പാല്‍ക്കടലും ചന്ദ്രഭഗവാനും, അനന്തശയനത്തിലുള്ള വിഷ്ണുവും നാഭിയില്‍ താമരയും അരയന്നവും മയിലും കുയിലും  താമരയില്‍ ബ്രഹ്മാവും മഹാലക്ഷ്മിയും ഭൂമിദേവിയും. വടക്ക്  ആദി കൈലാസവേതാളത്തിന്റെ മുതുകില്‍ എട്ടു മുഖവും പതിനാറ് തൃക്കൈകളില്‍ പതിനെട്ടായുധങ്ങളുമായി
ശ്രീഭദ്രകാളിയേയും വരച്ചിടുന്നു. ഇവിടെ  ചിത്രമെഴുത്തെന്നത് വെറും ചിത്രപ്പണിയല്ല, സൃഷ്ടികര്‍മം തന്നെയാണ്.കപ്പലിന് നങ്കൂരവും പായയും പാമരവും തണ്ടാളരും കപ്പിത്താനുമെല്ലാം ചിത്രമെഴുതപ്പെടുന്നതില്‍ വരുന്നുണ്ട്.

മൂഷികവംശത്തിന്റെ രാജമുദ്രയായ അമ്പും വില്ലില്‍ നിന്നും കോലത്തിരിയുടെ മുദ്രകളായ വാളിലേക്കും തോണിയിലേക്കു മെത്തുമ്പോള്‍ 
വെട്ടിപ്പിടുത്തത്തിന്റേയും വാണിജ്യത്തിന്റേതുമായ ഉല്‍പാദനബന്ധങ്ങളിലേക്കുള്ള പരിവര്‍ത്തനം തന്നെയാണ് സംഭവിക്കുന്നത്.

(തുടരും)
 
*1
ദീനാറിന്റെ നാലിലൊന്ന് മൂല്യമുള്ള നാണയമാണ് ഒരു സെസ്റ്റര്‍.
ഒരു പൗണ്ട് കുരുമുളകിന് 15 ദീനാരം.25 ദീനാരങ്ങള്‍ക്ക് തുല്യമാണ് ഒറീയസ് എന്ന ഒരു റോമന്‍ സ്വര്‍ണനാണയം.
*2ആന്‍ പൊരുനൈ-അമരാവതി

Content Highlights : A Padmanabhan Column kerala History Part 6