ശ്രീകണ്ഠപുരത്തിന്റെ പ്രാചീന വിസ്തൃതിയുടെ പശ്ചാത്തലത്തിലേക്കുള്ള ചരിത്രസഞ്ചാരത്തിന് നിലവില്‍ ലഭ്യമായ ചരിത്രപാഠങ്ങളെ കോര്‍ത്തിണക്കേണ്ടതുണ്ട്. കേരളത്തിന്റെ ഭൂപട രൂപീകരണത്തിന്റെ ചരിത്രപരതയെ സൂക്ഷ്മമായി തിരിച്ചറിയുകയും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യുന്നതില്‍ അനേകം ചരിത്രകാരന്മാര്‍ വഴികാട്ടിയിരിക്കുന്നു. തിരു-കൊച്ചിയും  മലബാറും ചേര്‍ത്ത് 1956 നവംബര്‍ ഒന്നിന്‌ കേരള സംസ്ഥാനം ഉടലെടുക്കുന്നതിനു മുമ്പേ കേരളമെന്ന സ്വരൂപത്തിന്റെ അതിരുകള്‍ ഭാഷാപരമായി നിര്‍ണയിക്കപ്പെട്ടുവെന്നു കരുതുന്നത് തെറ്റല്ല. മലയാളികളുടെ ദേശമായി കേരളം  പരിണമിക്കപ്പെടുന്നതിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്നതാണ്. യൂറോപ്യന്‍ ശക്തികളുടെ മേല്‍ക്കോയ്മകള്‍ക്ക് മൂന്നര നൂറ്റാണ്ടുകള്‍ കീഴടങ്ങിയതും അപൂര്‍വമായി ചെറുത്തുനിന്നതും ഈ രൂപാന്തരത്തിലേക്ക് കേരളത്തെ നയിച്ചിട്ടുണ്ട്.അതിനു മുമ്പുള്ള നാലു നൂറ്റാണ്ടുകളില്‍ ഒട്ടേറെ നാട്ടുരാജ്യങ്ങളായി അതിന്റെ ഭൂപടം ചിതറിക്കിടന്നു. 

കുമ്പള, നീലേശ്വരം, കോലത്തുനാട് ,അറയ്ക്കല്‍, കോട്ടയം, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, കുറുമ്പുറൈനാട്, നെടിയിരുപ്പ്, പെരുമ്പടപ്പ്, പുന്നാട്, അള്ളാട്, വടക്കുംകൂര്‍, തെക്കുംകൂര്‍, ഇടപ്പള്ളി, കൊച്ചി, വേമ്പൊലിനാട്, കീഴ്മലൈ നാട്, പൂഞ്ഞാര്‍, അമ്പലപ്പുഴ, പന്തളം, കായംകുളം, ഇളയിടത്തു സ്വരൂപം, നെടുംപുറയൂര്, കൊട്ടാരക്കര, ആറ്റിങ്ങല്‍, കൂപകം, ദേശിങ്ങനാട്, തിരുവിതാംകൂര്‍, വേണാട്, തിരുവിതാംകോട്, വഞ്ചിനാട് എന്നിവയെല്ലാം അവയില്‍ പ്രധാനപ്പെട്ടവയാണ്. അതിനു മുമ്പത്തെ നാലു നൂറ്റാണ്ട്, വേണാടു മുതല്‍ കോഴിക്കോട് വരെ സ്വാധീനത്തിലാക്കിയിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിനു കീഴിലാണെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

എ.ഡി. എട്ടാം നൂറ്റാണ്ടിനോടടുത്ത് വടക്ക് ചന്ദ്രഗിരിപ്പുഴക്കും തെക്ക് പുതുപ്പണത്തിനുമിടയിലുള്ള ബ്രാഹ്‌മണ സങ്കേതങ്ങള്‍ മാത്രമാണ് കേരളമെന്ന ഭൂപരിധിയിലുണ്ടായിരുന്നത്. ശങ്കരാചാര്യര്‍ സപ്തകൊങ്കണങ്ങളായി വേര്‍തിരിച്ചു കാട്ടിയത് വടക്കുനിന്ന് പറ കൊങ്കണം, ഗോ കൊങ്കണം, ആളുവം, മൂഷികം, കേരളം, കൂപകം എന്നീ ക്രമത്തിലാണ്.*6. അതില്‍ ഇന്നത്തെ കേരളത്തില്‍ ഉള്‍പ്പെടുന്നത് മൂഷികത്തിന്റെ തെക്കന്‍ മേഖല, കേരളം, കൂപകം എന്നിവ കൂടി ചേര്‍ന്നതാണ്. 'ആദികേരള'മായ അറേബ്യയിലെ കടാര്‍ ഉപദ്വീപിനെ വാസയോഗ്യമാക്കി അവിടെ സുമേരിയന്‍ 'നമ്പൂതിരി'മാരില്‍ ഒരു വിഭാഗത്തെ സുമേരിയന്‍ രാജാവ് പാര്‍പ്പിച്ചതിന്റെ ആവര്‍ത്തനപ്രമേയമാണ് മഹാഭാരതത്തിലെ 'ദ്രോണപര്‍വ'ത്തിലെ പരശുരാമന്‍ മഴുവെറിഞ്ഞ് (ബ്രഹ്‌മാണ്ഡപുരാണത്തില്‍ ശൂര്‍പ്പം -മുറം - കടലിലെറിഞ്ഞെന്ന്) കേരളത്തെ വീണ്ടെടുത്ത കഥ.

ചിത്രങ്ങള്‍ എ.പത്മനാഭന്‍

തന്റെ സ്ഥലകാലചലനസിദ്ധാന്തത്തിലൂടെ കേസരി എ. ബാലകൃഷ്ണപ്പിള്ള കേരളത്തിന്റെ ദേശാടനത്തെ അഞ്ചു കാലങ്ങളിലായി, അഞ്ച്  സ്ഥാനങ്ങളില്‍ അടയാളപ്പെടുത്തുന്നുണ്ട്.

ഒന്ന്) ചരിത്രാതീതകാലമായ BC 5001-നും BC 1976-നുമിടയില്‍.മിന്നിയര്‍ (മീനര്‍, മത്സ്യര്‍), അതൂരിയര്‍ (അസ്സിറിയര്‍ ), ടുറാനിയര്‍, തുര്‍വസുക്കള്‍, പൗരവര്‍, ഗംഗേയര്‍, കലിംഗര്‍ എന്നീ പേരുകള്‍ വഹിച്ച കേരളീയര്‍  അറേബ്യ, മെസോപ്പൊട്ടേമിയ, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മുറക്കു താമസിച്ചു. മൂലദ്രാവിഡ ഭാഷയായ അസിറിയന്‍ ഭാഷ സംസാരിച്ചു.

രണ്ട്) BC 1976-നും BC 476-നുമിടയില്‍. പഞ്ചാബ് (ദക്ഷിണ പാഞ്ചാല ദേശ കേരളം), സിന്ധ് (സൈന്ധവദേശ കേരളം), രജപുത്താന (മാല ദേശ കേരളം), മഹാരാഷ്ട്രം (അപരാന്തക ദേശ കേരളം), കൊങ്കണം (കൊങ്കണ ദേശ കേരളം)എന്നീ പംക്തികളില്‍ മുറക്കു താമസിച്ചു. ഇവര്‍ കേരളീയര്‍, പാണ്ഡ്യര്‍, ചോഴര്‍, കുന്തളര്‍ (കര്‍ണാടകര്‍, തെലുങ്കര്‍) എന്നീ 4 ശാഖകളായി പിരിഞ്ഞു.

മൂന്ന്) BC 476-നും AD 1024-നുമിടയില്‍. ഗോകര്‍ണത്തിനു തെക്കോട്ടു പ്രവേശിച്ചു. ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം. ഗോവ മുതല്‍ മംഗലാപുരം വരെയാണ് അക്കാലത്ത് ഹൈഹയ- മഹിഷ വംശക്കാരുടെ മൂഷികം.

നാല്)AD 1024-1500 മധ്യകേരളം. ചോള ചക്രവര്‍ത്തി രാജേന്ദ്രന്‍ ഒന്നാമന്‍ കേരളം ആക്രമിച്ച് കീഴ്‌പ്പെടുത്തിയതും കോലത്തുനാട്, ഏറനാട്, കൊടുങ്ങല്ലൂര്‍, കൊച്ചി, വേണാട് എന്നിങ്ങനെ പല ചെറു രാജ്യങ്ങളായി കേരളം ഭാഗിക്കപ്പെട്ടതുമായ കാലഘട്ടം.

അഞ്ച്) AD 1500 മുതല്‍ യൂറോപ്യന്‍ അധിനിവേശകേരളം .(കേസരിയുടെ ചരിത്ര ഗവേഷണങ്ങളില്‍ നിന്ന്).

തിരു-കൊച്ചിയും മലബാറും ചേര്‍ന്ന് 1956 നവംബര്‍ ഒന്നുമുതല്‍ ആധുനികകേരളവും- മലയാളികളുടെ മുഖഭൂമി.

മലനാടു ദേശങ്ങളുടെ മറ്റൊരു നാമവല്‍ക്കരണമാണ് മലൈയാളം. മൂലദ്രാവിഡ വാക്കാണിത്. ഈ ദേശത്ത് പാര്‍ക്കുന്നവരെ മലൈയാളര്‍ എന്നു വിളിക്കുന്നു. കേരളത്തേയും മലയാളത്തേയും തമ്മില്‍ ഭൂമിശാസ്ത്രപരമായി ബന്ധപ്പെടുത്തുന്നതിന് ചരിത്രപരമായ സാധൂകരണമില്ല. കേരളം കടല്‍ത്തീരഭൂതലമാണ്. മലയാളം മറ്റൊരു ഭൂമിയും. മല + ആളം എന്നതാണ് മലയാളം. ജനവാസസ്ഥലത്തെയാണ് ആളം എന്നര്‍ഥമാക്കുന്നത്. മലയ+ ആളം എന്നും വിഗ്രഹിച്ചു കാണുന്നുണ്ട്. അതിന്‍പ്രകാരം മലയ പര്‍വതത്തിന്റെ സ്ഥലമെന്നും വ്യാഖ്യാനിക്കാം.( പൗരാണിക പര്‍വതമാണല്ലൊ മലയപര്‍വതം. ജീമൂത വാഹനന്‍ നാഗങ്ങളെ ഗരുഡനില്‍ നിന്നും രക്ഷിച്ചത് ഇവിടെ വച്ചാണെന്ന് പുരാണ കഥ). മലയാളികള്‍ പാര്‍ക്കുന്ന ഇന്നത്തെ കേരളം 1956 വരെ കേരളമെന്നു ഭൂപരമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല. ഐക്യകേരളമെന്ന പ്രമേയം 1928-ല്‍ എറണാകുളത്ത് നിന്ന് മുഴങ്ങിയിരുന്നുവെങ്കിലും 1949-ലാണ്, സ്വാതന്ത്ര്യാനന്തരം, തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങള്‍ സംയോജിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനം ഉടലെടുക്കുന്നത്. കേരളം പിറക്കുന്നത് 1956 നവംബര്‍ ഒന്നിനും.
   
കേരളമെന്ന ദേശനാമത്തിന് പക്ഷെ പഴക്കമേറെയുണ്ട്. സംസ്‌കൃതകൃതിയായ ഐതരേയാരണ്യകത്തിലും ഇതിഹാസകൃതികളായ രാമായണത്തിലും *7 മഹാഭാരതത്തിലും *8 കാളിദാസന്റെ  രഘുവംശത്തിലും *9 കേരളമെന്ന  പരാമര്‍ശമുണ്ട്. കേരളമെന്ന പ്രതിപാദ്യം എവിടേയും കാണപ്പെടുന്നത് ഇന്നത്തെ കേരളത്തെപ്പറ്റിയാകണമെന്നില്ല. പല കാലത്ത് പലയിടത്ത് കേരളമുണ്ടായിട്ടുണ്ടെന്നാണ് സ്ഥലകാലചലന സിദ്ധാന്തത്തിലൂടെ കേസരി വിശദമാക്കിയത്. കരയും വെള്ളവും രമിച്ചു കഴിയുന്ന അഥവാ വെള്ളത്തില്‍നിന്നു കരേറിയ  ചിലയിടങ്ങള്‍ക്ക് നല്‍കിയ സവിശേഷനാമമാണത്.

'രഘുവംശ'ത്തില്‍  പരാമര്‍ശിക്കുന്നത് ഇന്നത്തെ മഹേശ്വര്‍ ഗ്രാമം (നര്‍മദയുടെ തെക്കേക്കര) സ്ഥിതി ചെയ്യുന്നിടത്തെ മാഹിഷ് മതി നഗരവും അതിനു ചുറ്റുമുള്ള കേരളമെന്ന രാജ്യത്തേയുമാണ്. നര്‍മദയുടെ പേരാണ്  കാളിദാസന്‍ പറയുന്ന മുരചി. കേരളര്‍ ആ ദേശത്തുള്ളവരും. ബി.സി. നാലാം ശതകത്തില്‍ കാത്ത്യായനും ബി.സി. രണ്ടാം ശതകത്തില്‍ പതഞ്ജലിയും കേരളത്തിന്റെ ഭൂമിശാസ്ത്രത്തിലേക്ക് സൂചനകള്‍ നല്‍കുന്നുണ്ട്. കൗടില്യന്റെ അര്‍ഥശാസ്ത്രം മുത്തുകള്‍ നിറഞ്ഞ കേരള നദികളെപ്പറ്റി പ്രതിപാദിക്കുന്നു. ബി.സി. രണ്ടാം ശതകത്തിലെ അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങളിലും ചന്ദ്രഗുപ്ത മൗര്യന്റെ മന്ത്രിസഭയിലുണ്ടായിരുന്ന മെഗസ്തനീസിന്റെ സഞ്ചാരകൃതിയിലും വകഭേദങ്ങളോടെ ഈ നാമത്തിന്റെ സൂചനകളുണ്ട്. അശോകസ്തൂപങ്ങളിലെ ശാസനങ്ങള്‍ പ്രകാരം BC 260-ലാണ് മിഷനറിമാരെ അയച്ചത്. 'മഹാവംശം' രേഖപ്പെടുത്തിയതു പ്രകാരം മിഷിനറിമാര്‍ ശ്രീലങ്കയിലെത്തിയത് BC 255-ലാണ്. 'താമ്പപണ്ണി' എന്ന അശോക ശാസനങ്ങളിലെ രാജ്യസൂചന ശ്രീലങ്കയാണ്. തപ്രോബന്‍ എന്നാണ് 'പ്യൂട്ടിങ്ങര്‍ ടേബിളി'ലെ അടയാളത്തില്‍. 'തപോവന'മെന്നാകാം ധ്വനി.

എ.ഡി. എട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ശങ്കരാചാര്യ കൃതിയായ 'പ്രപഞ്ച ഹൃദയ'ത്തിലും കല്പിത കൃതികളായ 'കേരളോല്‍പത്തി'യിലും ' കേരള മഹാത്മ്യ'ത്തിലും കേരളമെന്നു വ്യക്തമായി നാമകരണം ചെയ്യുന്നുണ്ട്. ബ്രഹ്‌മാണ്ഡപുരാണത്തെ ആശ്രയിച്ചു കൊണ്ട് എ.ഡി. 8-ല്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടതാണ് 'കേരള മാഹാത്മ്യം'. എ.ഡി. 17-ല്‍ 'കേരളോല്‍പത്തി'യും. എന്നാല്‍ ഈ സൂചനകളിലൊന്നുമുള്ളത് ഇന്നത്തെ കേരളമല്ല. നാമപരമായ ബന്ധം പോലും അത്ര സുവ്യക്തമാണെന്നു പറയാനാവില്ല. മെഗസ്തനീസ് ഉള്‍പ്പെടെയുള്ള വിദേശ സഞ്ചാരികളുടെ കേഡപുത്ത, കേര ബെത്രൊ -മട്ടിലുള്ള പരാമര്‍ശങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്നതിനെ പല ചരിത്ര-ഭാഷാശാസ്ത്രകാരന്മാരും തള്ളിക്കളയുന്നുണ്ട്. അശോക ശാസനങ്ങളില്‍ കേരളപുത്ര എന്നു പ്രയോഗിക്കപ്പെട്ടതിനു ശേഷമാണ് പല പുരാതന സാഹിത്യ കൃതികളും 'കേരള'മെന്ന പ്രയോഗം പിന്തുടരുന്നത്.

അതേസമയം അതിനു മുമ്പേ പ്രചാരത്തിലുള്ള വേദസാഹിത്യങ്ങളിലോ, അതിനു ശേഷമുണ്ടായ ചരിത്രബന്ധിത സാഹിത്യ സൃഷ്ടികളായ സംഘം കൃതികളിലോ 'കേരളം' എന്ന പേരു കാണാനില്ല.1251-ലെ ആറ്റൂര്‍ ശാസനങ്ങളിലും പതിന്നാലാം നൂറ്റാണ്ടിലെ ലീലാതിലകത്തിലും കുഞ്ചന്‍ നമ്പ്യാര്‍ കൃതികളിലും ഭാഷയായോ ദേശനാമമായോ 'കേരളം' ഉപയോഗിച്ചതായി കാണുന്നുണ്ടെങ്കിലും പത്താം നൂറ്റാണ്ടു തൊട്ടു വിരചിതമായ മലയാള സാഹിത്യ കൃതികളില്‍, നവോത്ഥാന കാലഘട്ടം വരെ, 'കേരള'മെന്നു സൂചിപ്പിക്കപ്പെടുന്നില്ല. 'കേരള'മെന്നു പ്രതിപാദിക്കപ്പെടുന്നത് പത്തൊന്‍പതാം നൂറ്റാണ്ടു മുതലാണ്. 1956-ല്‍ മാത്രമാണ് ഔദ്യോഗിക രൂപീകരണം നേടുന്നതും.

ചിത്രങ്ങള്‍ എ.പത്മനാഭന്‍

ലിഖിതരേഖകളില്‍ മാത്രമല്ല, വാമൊഴി പാരമ്പര്യത്തിലും 'കേരളം' ഉച്ചരിക്കപ്പെട്ടതിന് തെളിവുകളില്ല. 'പരശുരാമന്‍ മഴുവെറിയുന്നതിനും 'രണ്ടു യുഗങ്ങള്‍ മുമ്പെ അവതരിച്ച വാമനനെ നിഷ്പ്രഭനാക്കിയ മഹാബലിയെ സ്തുതിക്കുന്ന ചൊല്‍പ്പാട്ടുകളിലൊന്നും 'കേരള'മില്ല. ഓണപ്പാട്ടുകള്‍ നാടിനെ പരാമര്‍ശിക്കുന്നത് 'മാവേലി നാട്', 'മലനാട് ' തുടങ്ങിയ പേരുകള്‍ കൊണ്ടാണ്. കേരളമെന്ന പേര് തലമുറകളിലൂടെ വാമൊഴിയായോ വരമൊഴിയായോ ചരിത്രം കൈമാറിയിരുന്നില്ലെന്നു വ്യക്തം.

'കേരള'മെന്ന പേരിന്റെ നിഷ്പത്തി സംബന്ധിച്ച് പല യുക്തികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേര(തേങ്ങ )ത്തിന്റെ നാട് ആയതിനാല്‍ കേരളമായെന്നാണ് ഒരു യുക്തി. സംസ്‌കൃതത്തില്‍ 'നാലി കേര'മെന്നാണ് പറയുന്നത്. ഹിന്ദിയില്‍ 'നാരിയലും'. മലയന്‍ ഭാഷയിലെ ന്യോര്‍ഹലിയില്‍നിന്നാണ് ഈ രൂപാന്തരങ്ങളുണ്ടായത്. 'നാലികേലം' - നാളികേരം - എന്നിങ്ങനെ മാറി വരുന്നു. കേരം എന്നത് സംസ്‌കൃതപദമാണ്. അതുമായി അളം എന്ന ദ്രാവിഡ വാക്ക് കൂട്ടിച്ചേര്‍ത്തതായി വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ചില പണ്ഡിതര്‍ വ്യക്തമാക്കിയത്. പൈശാചിപ്രാകൃതത്തിലാണ് ഈ നാമത്തിന്റെ വേര്. മാത്രമല്ല, തെങ്ങ് മലേഷ്യയില്‍നിന്നു കേരളത്തിലെത്തിയത് ഒന്നാം നൂറ്റാണ്ടിലാണെന്നു സംഘം കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനും മുമ്പേ കേരളമെന്ന നാമ സൂചനയുണ്ടായിട്ടുമുണ്ട്.

പര്‍വതം സമുദ്രവുമായി ചേരുന്ന പ്രദേശമായതിനാല്‍ ചേരളമെന്നു വിളിക്കപ്പെട്ടതായാണ് മറ്റൊരു യുക്തി. ചേര്‍ നിറഞ്ഞ സ്ഥലമാണ് ചേരളമെന്നും ചാരലിന് തമിഴില്‍ ചരിഞ്ഞ എന്ന് അര്‍ഥമുള്ളതിനാല്‍ ചരിഞ്ഞ പ്രദേശമാണ് ചേരളമായതെന്നുമുള്ള അഭിപ്രായങ്ങളും പ്രകടിപ്പിക്കപ്പെട്ടതാണ്. ചേരളമെന്ന വാക്ക് സംസ്‌കൃതീകരിച്ച് 'കേരളം' രൂപപ്പെട്ടുവെന്നാണ് ഒരു നിഗമനം.'ച് ' എന്ന വര്‍ണം 'ക്' വര്‍ണമായി മാറിയതിന് ഉദാഹരണങ്ങളുണ്ടല്ലൊ.  കന്നഡ ഭാഷയുമായുള്ള സമ്പര്‍ക്കം ഇതിന് നിമിത്തമായിട്ടുണ്ട്.

ചെവി കന്നഡ ഭാഷയില്‍ കിവിയാണ്. 'ചേരള' ത്തെ ചേരസാമ്രാജ്യവുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണങ്ങളുമുണ്ട്. ഇങ്ങനെ നിരീക്ഷിക്കുന്നവരൊന്നും തന്നെ സംഘം കൃതികളില്‍ ഈ പരാമര്‍ശമില്ലാത്തതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല. സംഘം കൃതികളുടെ പ്രധാന താല്പര്യം ചേരചരിത്രോപദാനമായിരുന്നിട്ടും ചേരളമെന്നോ കേരളമെന്നോ പരാമര്‍ശങ്ങളേയില്ല. മാത്രമല്ല, 'ചേര'മെന്ന പരാമര്‍ശത്തേക്കാള്‍ എത്രയോ പഴക്കം 'കേര'മെന്ന പ്രയോഗത്തിനുണ്ടെന്നതും കണക്കിലെടുക്കുക. അങ്ങനെയുള്ള 'കേര'മെന്ന പ്രയോഗം പിന്നീട് 'ചേര'മായും അതു വീണ്ടും 'കേര'മായും പരിണമിച്ചുവെന്നൊക്കെ ശഠിക്കുന്നത് യുക്തിരഹിതമാണെന്നാണ് പണ്ഡിതമതം.

ഗ്രീക്കു സഞ്ചാരിയും ഭൂമിശാസ്ത്രജ്ഞനുമായ  മെഗസ്തനീസും മറ്റു ചില സഞ്ചാരികളും  ഇന്നത്തെ കേരളമടങ്ങുന്ന ദക്ഷിണപഥത്തെ ലെമരികെ, ലെമൂറിയ, ലൂമരികെ തുടങ്ങിയ പേരുകളില്‍ പരാമര്‍ശിച്ചിരുന്നു.ചന്ദ്രഗുപ്ത മൗര്യന്റ (312-296 BC) പിന്‍ഗാമി ബിന്ദുസാരന്റെ രാജധാനിയായ പാടലീപുത്രത്തില്‍ ഗ്രീക്കു സ്ഥാനപതിയായി വന്നതാണ്  മെഗസ്തനീസ്. ഇന്ത്യയെപ്പറ്റി  അദ്ദേഹമെഴുതിയ മൂലകൃതി നഷ്ടപ്പെട്ടു പോയിരുന്നു. ചില ഭാഗങ്ങള്‍ ആരിയന്‍ എന്ന ഗ്രീക്കു ചരിത്രകാരന്‍  'ഇന്‍ഡിക്ക ' എന്ന കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഒരു പരാമര്‍ശം ഇങ്ങനെയാണ്: ''ഇന്ത്യയില്‍ 118 വര്‍ഗക്കാരുണ്ട്. ദിയോനീസസ് ഇവിടെ വരുന്നതിനു മുമ്പ് ഇന്ത്യാനിവാസികള്‍ അപരിഷ്‌കൃതരായിരുന്നു. അദ്ദേഹം ഇവിടെ നഗരങ്ങള്‍ പണി കഴിപ്പിക്കുകയും നിയമങ്ങള്‍ നിര്‍മിക്കുകയും കൃഷി സ്ഥാപിക്കുകയും മുമ്പു ഗോപാലന്മാര്‍ ആയിരുന്ന അസംഖ്യം ഇന്ത്യക്കാരെ കര്‍ഷകരാക്കിച്ചമയ്ക്കുകയും ചെയ്തു. ഒരു പുതിയ സാമുദായിക സ്ഥിതി സ്ഥാപിച്ച ശേഷം തന്റെ കൂട്ടുകാരനായ സ്പര്‍ത്തംബസിനെ (പൃഥ്യു) ഒന്നാമത്തെ രാജാവായി വാഴിച്ചു. മരിച്ചപ്പോള്‍ മകന്‍ ബൂദ്യസ് (വേധസ് ) രാജാവായി. തുടര്‍ന്ന് അയാളുടെ പുത്രന്‍ ക്രെദെയുസ് (ക്രതു ) രാജാവായി. രാജപരമ്പരകള്‍ തുടര്‍ന്നു. അവകാശികളില്ലാതെ വന്നാല്‍ യോഗ്യത നോക്കി രാജാവിനെ തെരഞ്ഞെടുക്കും.''

ചിത്രങ്ങള്‍ എ.പത്മനാഭന്‍

അശോക ശാസനങ്ങളില്‍ കാണുന്ന കേരളപുത്ര (കേഡപുത്ത ) ചേരമാന്‍ ആണെന്നു  നിരീക്ഷിക്കുന്നവര്‍ 'ച് 'വര്‍ണം 'ക് '  വര്‍ണമായി ഉച്ചരിക്കപ്പെടുമെന്ന  ന്യായമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അതേ ശാസനത്തില്‍ ചോഡ എന്ന നാമത്തില്‍ 'ച് 'വര്‍ണം  അതേപടി നിലനില്‍ക്കുന്നുണ്ട് !

അശോകശാസനങ്ങളില്‍ കേഡലെപുത്തോ, കേരഡപുത്രോ, കേരളപുത്ര എന്നീ  മൂന്നു വിധത്തിലുള്ള ലിഖിതമുണ്ട്. ഗുജറാത്ത് ഗിര്‍നറിലെ ശാസനങ്ങളില്‍ രണ്ടാമത്തേതില്‍ 'ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവ് കീഴടക്കിയ സര്‍വദേശങ്ങളിലും, അപ്രകാരംതന്നെ അയല്‍രാജ്യക്കാരായ ചോഡ, പിഡ, സത്തിയപുത്തൊ, കേഡലെപുത്ത, താമ്പപണ്ണി, അന്തിയാഖൊ എന്ന യവനരാജാവ്,  ഈ അന്തിയോഖൊയുടെ അയല്‍വാസികളായ മറ്റ് രാജാക്കന്മാര്‍, ഇവരുടെ രാജ്യങ്ങളിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള രണ്ടു തരം ചികിത്സാപദ്ധതി നടപ്പാക്കി'യതിന്റെ സന്ദേശമാണ് രേഖപ്പെടുത്തിയത്. സുവ്യക്തമായ ഭൂമിശാസ്ത്ര ബോധത്തില്‍നിന്നാണ് ഈ ദേശനാമങ്ങള്‍ ഉടലെടുത്തതെന്ന് കരുതാനാവില്ല.

'കേരളപുത്ര' പെരിപ്ലസ് കൃതിയിലും പ്ലിനി *പ്ലത്ഥ, ടോളമി തുടങ്ങിയവരുടെ ഉച്ചാരണങ്ങളിലുമെത്തുമ്പോള്‍ 'കേര ബത്രോ' യെന്നാകുന്നു. പേരുകള്‍ ലാറ്റിന്‍വല്‍ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനം. 'പെരിപ്ലസി'ല്‍ കടലിന്റെ അധിപനായി വിശേഷിപ്പിച്ച എറിത്രോസിനെ പരാമര്‍ശിക്കുന്നുണ്ട്. കറുവപ്പട്ടയെ ആ പുസ്തകം  മലബത്രം എന്നാണുച്ചരിച്ചത്. കേരബത്രോസ് എന്ന പ്രയോഗത്തിലും ആ ശൈലി വര്‍ത്തിക്കുന്നു. പ്ലിനിയും 'പെരിപ്ലസ് 'കൃതിയും ലിമരിക്ക, ദിമിരിക്കെ എന്നിങ്ങനെ രേഖാസൂചന നല്‍കുന്ന ദേശങ്ങള്‍ ഇന്ത്യയുടെ ദക്ഷിണപഥമാണെങ്കില്‍, പ്യൂട്ടിങ്ങര്‍ ടേബിളില്‍ ഗംഗാനദിക്കു വടക്കുള്ള പ്രദേശമടക്കം ദിമിരിക്കെ എന്നടയാളപ്പെടുത്തിയതായി കാണാം.

തെയ്യം തോറ്റത്തിലെ പാരിസ്ഥിതിക സങ്കല്പത്തില്‍ ഭൂമിയെ മൂന്നു മണ്ഡലങ്ങളായി തിരിക്കുന്നുണ്ട്. മലയരികെ ,കടലരികെ, രണ്ടിനുമിട. പില്‍ക്കാലത്ത് ഓരോ ആവാസത്തിലേയും ജനങ്ങള്‍ സാമുദായികമായി ഉരുത്തിരിഞ്ഞു വന്നതു കാണാം. 'തെയ്യം, പ്രകൃതി, സ്ത്രീത്വം' എന്ന കൃതിയില്‍ യു.പി. സന്തോഷ് ഇങ്ങനെ വിശദീകരിക്കുന്നു: ''തീയ്യ സമുദായത്തിന്റെ ആവാസ നിലമായ 'മലയരികെ' അവരുടെ ആരാധനാമൂര്‍ത്തികളായി പുലി ദൈവങ്ങളും പുതിയോതി (പുതിയ ഭഗവതി)യുമാണുള്ളത്. മുക്കുവരുടെ ആവാസനിലമായ 'കടലരികെ' ചീര്‍മ്പ അവരുടെ ആരാധനാമൂര്‍ത്തിയായി നിലകൊള്ളുന്നു. രണ്ടിന്നുമിടയിലുള്ള സ്ഥലം ദാരികന്റേതാണെന്നും തോറ്റത്തില്‍ പറയുന്നു.'' കടല്‍ വഴി വന്ന ശ്രീകുരുംബയാണ് ചീര്‍മ്പയായത്.

'കേരള'മെന്നതിന്റെ നിഷ്പത്തിയെപ്പറ്റി ചരിത്രകാരനായ ഡോ. ആര്‍. ഗോപിനാഥന്‍നടത്തുന്ന നിരീക്ഷണം ഇവ്വിധമാണ്: 'കേരളം എന്നത് പ്രാകൃതത്തിന്റെ പൈശാചി ഭാഷാഭേദമാണ്. പ്രാദേശിക നാമങ്ങളെല്ലാം പ്രാകൃതവല്‍ക്കരിക്കുന്ന ഒരു സമ്പ്രദായം ബി.സി. ആദ്യ ശതകങ്ങളില്‍ ബ്രാഹ്‌മണര്‍ക്കുണ്ടായിരുന്നുവെന്ന് എം.പി.ശങ്കുണ്ണിനായര്‍ ചൂണ്ടിക്കാട്ടുന്നു - അതിന്റെ വിഗ്രഹം കേരള മാഹാത്മ്യവും ശങ്കുണ്ണി നായരും നല്‍കിയിട്ടുള്ളത് കേ+രളം എന്നാണ്. കേ = വെള്ളത്തില്‍, രളം = ആഹ്ലാദിക്കുന്നത് എന്നാണ് അതിന്റെ അര്‍ഥവും വിഗ്രഹവും. കടല്‍ പിന്മാറിയതുമൂലം ഉയര്‍ന്നു വന്ന പ്രദേശങ്ങളെ മുഴുവന്‍ ഈ പദം സൂചിപ്പിക്കുന്നു.'' (കേരളത്തനിമ, പേജ് 74) നമ്പൂതിരി ബ്രാഹ്‌മണരുടെ സങ്കേത പ്രദേശങ്ങള്‍ക്ക് അവര്‍ 'കേരള'മെന്ന പേരാണ് നല്‍കി വന്നിരുന്നത്. 'കേരളോല്‍പത്തി'യിലെ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായതാണ് കേരളമെന്ന ഐതിഹ്യകഥയെ ഇങ്ങനെയൊരു മാനത്തില്‍ കണ്ണി ചേര്‍ക്കാവുന്നതാണ്.

'മലബാര്‍ മാന്വലി'ല്‍ വില്യം ലോഗന്‍ നടത്തിയ പരാമര്‍ശം ശ്രദ്ധിക്കുക: ''മലബാറില്‍ തന്നെ കേരളമെന്ന പേര് പ്രചാരത്തിലുണ്ടായിരുന്നില്ല, നമ്പൂതിരി ബ്രാഹ്‌മണര്‍ തങ്ങളോപ്പം ആ പേര് കൊണ്ടുവന്നു ഇവിടെ ഇറക്കുമതി ചെയ്യുന്നതു വരെ എന്നു കരുതേണ്ടിയിരിക്കുന്നു. അങ്ങനെ ഇറക്കുമതി ചെയ്ത ഒരു പേരില്‍ ബ്രാഹ്‌മണര്‍ ഏറ്റവുമധികം ഇടതിങ്ങിപ്പാര്‍ത്ത പുരാതന ചേര രാജ്യത്തിന്റെ ആ ഭാഗത്തു മാത്രമാക്കി കേരളത്തെ സ്വാഭാവികമായും ഒതുക്കി നിര്‍ത്തി - കേരളോല്‍പത്തി നാലായി വേര്‍തിരിച്ചു പറയുന്ന രാജ്യത്തിന്റെ മധ്യപകുതിയായ മൂന്നാം ഖണ്ഡമാണിത്'. (പേജ് 167, ഒന്നാം ഖണ്ഡിക ) പരശുരാമന്‍ കടലില്‍നിന്നു സൃഷ്ടിച്ച് ബ്രാഹ്‌മണര്‍ക്കു ദാനം ചെയ്ത ഇതേ നാട് മുമ്പ് ജയന്തന്റെ മകന്‍ കേരളന്‍ ഭരിച്ചിരുന്നതായും അതിനാല്‍ കേരളമെന്നു വിളിക്കപ്പെട്ടതായും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഹെര്‍മന്‍ ഗുണ്ടര്‍ട് (കേരളോല്‍പത്തിയും മറ്റും)

''കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാര്‍ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം ക്ഷത്രിയ കുലത്തിങ്കല്‍ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമന്‍ അവതരിച്ചു. എങ്കിലോ പണ്ടു ശ്രീപരശുരാമന്‍ ഇരുപത്തൊന്നു വട്ടം കൂടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാദോഷം പോക്കണം എന്നു കല്പിച്ചു കര്‍മം ചെയ്താവാന്തക്കവണ്ണം ഗോകര്‍ണം പുക്കു, കന്മലയില്‍ ഇരുന്നു വരുണനെ സേവിച്ചു തപസ്സു ചെയ്തു.വാരാണാധിയെ നീക്കം ചെയ്തു. ഭൂമിദേവിയെ വന്ദിച്ചു. നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി.മലയാള ഭൂമിക്ക് രക്ഷ വേണം എന്നു കല്പിച്ചു. 108 ഈശ്വര പ്രതിഷ്ഠ ചെയ്തു.''

പരശുരാമന്റെ പേരു തന്നെയാണ് കേരളനെന്ന് ഐതിഹ്യങ്ങളുടെ വിശ്വവായനയിലൂടെ കേസരി സമര്‍ഥിക്കുന്നതു കാണാം. റോമന്‍കഥയിലെ രണ്ടു യമന്മാരില്‍ മൂത്തവന്‍ മഹിഷനും (സോമ ബ്രഹ്‌മാവ്) ഇളയവന്‍ കേരനും.( കേരന്‍ ഇന്ത്യന്‍ പുരാണത്തില്‍ ശിവനാകുന്നു). പരശുരാമന് പിതാവിന്റെ കേരന്‍ എന്ന പേരില്‍നിന്ന് കേരളന്‍ എന്ന നാമം ലഭിക്കുന്നു. സുമേറിയന്‍ ഭാഷയില്‍ കേര- ലു.  കേരന്റെ ആള്‍ - കേരപുത്രന്‍ എന്നിങ്ങനെ ഈ നാമം രൂപാന്തരപ്പെടുന്നു. മഹേന്ദ്ര പര്‍വതത്തില്‍ കയറി മഴുവെറിഞ്ഞ് കടലില്‍നിന്നു ഗോകര്‍ണംമുതല്‍ കന്യാകുമാരി വരെ വീണ്ടെടുത്തുവെന്നത്  കഥയുടെ നിറം പിടിപ്പിക്കല്‍. ഒരേ ഇതിവൃത്തം ഭാരതഭൂമിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ സംഭവസ്ഥലം ഭാരതത്തിലാകുന്നു. ലോകത്തെവിടെയുമുള്ള പുരാവൃത്തങ്ങള്‍ക്ക് ഏകീകൃത സ്വഭാവമാണെന്നും അതതു ഭാഷകളിലൂടെ അതിനു നാമഭേദങ്ങളുണ്ടാകുന്നുവെന്നാണ് കേസരിയുടെ വാദം.

യയാതിക്ക് ദേവയാനിയില്‍ ജനിച്ച തുര്‍വസു ആദികേരളം സ്ഥാപിച്ചതായും കേസരി നിരീക്ഷിക്കുന്നുണ്ട്. തുര്‍വസുവിന്റെ ആറാം തലമുറക്കു ശേഷം പിറന്ന ദുഷ്യന്തന് ശകുന്തളയില്‍ പിറന്ന ആന്ധ്രന്റെ മക്കളാണ് പാണ്ഡ്യന്‍, ചോളന്‍, കര്‍ണാടന്‍, കേരളന്‍ എന്നിവര്‍. കേരളം സ്ഥാപിച്ചത് ഈ കേരളനാണെന്നും കേസരി വിശദീകരിക്കുന്നു. ചെളിസ്ഥലം വെള്ളം വറ്റിച്ച് മനുഷ്യവാസയോഗ്യമാക്കുന്ന പ്രക്രിയയായി ഈ സംഗതിയെ ചുരുക്കിപ്പറയാം. അങ്ങനെ ആവാസയോഗ്യമാക്കിയ ഒരു ബ്രാഹ്‌മണസങ്കേതം മാത്രമാണ് കേരളമെന്നു കരുതണം. ആദി ചേരസാമ്രാജ്യത്തിന്റെ ഭാഗമായി ഇതു മാറുന്നില്ല. മലനാടിന്റെ ( മലയാള നാട്) ഭാഗവുമാകുന്നില്ല. മലമ്പ്രദേശങ്ങളൊന്നും തന്നെ കേരളമെന്ന സങ്കേതത്തില്‍ ഉള്‍പ്പെടുന്നില്ല. ഒരേസമയം കേരളം, ചേര, ചോള, പാണ്ഡ്യം എന്നീ രാജ്യങ്ങള്‍ നിലവിലിരുന്നതായുള്ള ചില ചരിത്ര പണ്ഡിതന്മാരുടെ നിഗമനം ശ്രദ്ധേയമാണ്.

ചെന്തമിഴിലെ 'തിവാകര നികണ്ടു' വില്‍ ഒരേ കാലത്തെ രാജാക്കന്മാരുടെ / ഒരു പക്ഷെ ദേശീയവിഭാഗങ്ങളുടെ  പേരെണ്ണി വിവരിക്കുന്നതു കാണാം.  ചേരനും കേരളനുമെല്ലാം  ആ പട്ടികയില്‍ കടന്നു വരുന്നുണ്ട്.

''പൂഴിയന്‍ ഉതിയന്‍ കൊങ്കന്‍ പൊ റൈയന്‍,
വാനവന്‍ കൂടുവന്‍ വാനവരമ്പന്‍,
വില്ലവന്‍ കുടനാടന്‍ വഞ്ചിവേന്തന്‍,
കൊല്ലിച്ചിലമ്പന്‍ കോതൈ കേരളന്‍,
ചേരമാന്‍ മലയമാന്‍ കോച്ചേരന്‍ പേയരേ''

ധപൂഴിയന്‍ =പൂഴിദേശക്കാരര്‍

ഉതിയന്‍  =ഉദയദിക്കിലുള്ളവര്‍ - സൂര്യനെ  ഉതു എന്ന് ബാബിലോണിയക്കാര്‍ വിളിച്ചിരുന്നു.

കൊങ്കന്‍ =തേന്‍ തേടുന്നവര്‍ - മധുരയുടെ നാമത്തിനു പിന്നിലിതാണ്. തേനീച്ചക്ക് നീല എന്നും വര്‍വ്വരി എന്നും സംസ്‌കൃതത്തില്‍ പറയും. മഹിഷ് മതി രാജാക്കന്മാര്‍ നീലന്‍ എന്ന ബിരുദം സ്വീകരിച്ചിരുന്നു. തേന്‍ ശേഖരിക്കുന്നവരുടെ ഈജിപ്ഷ്യന്‍ നാമം ബ്യാധി എന്നാണ്. ബ്യാധി-വ്യാധന്‍  -വ്രാത്യന്‍- വേടന്‍ എന്നിങ്ങനെ പദാന്തരങ്ങളുണ്ടായി. വ്രാത്യന്‍ ബ്രഹ്‌മാവിന്റെ പര്യായമാണ്.

പൊറൈയന്‍ = പുറങ്ങളിലുള്ളവര്‍ (മലമേട്ടിലുള്ളവര്‍)

വാനവന്‍ = മുകള്‍വനങ്ങളിലുള്ളവര്‍

കൂടുവന്‍ = മരങ്ങളില്‍ കുടിലുകെട്ടുന്നവര്‍

വാനവരമ്പന്‍ = വാനത്തിനരികിലുള്ളവര്‍

വില്ലവന്‍ = വില്ലിന് ഗ്രീക്കില്‍ തൊക്‌സൊനെന്നു പറയും.തക്ഷന്‍ എന്നത്  ബ്രഹ്‌മാവിന്റെ പര്യായം . എത്യോപ്യക്കാരെ വില്ലവര്‍ എന്നു വിളിച്ചു. തേനിന് അറബിയില്‍ പറയുന്ന അതുബ്ബ് എന്നതില്‍ നിന്നാണ്  'എത്യോപ്യ ' എന്ന പേരുണ്ടായത്.

മലയമാന്‍ =മലയിലെ മനുഷ്യര്‍

'പുന്ത് ' എന്ന പുരാതന ദേശത്തെ  രാജാവായ ഇസ്‌കന്ദര്‍ സുല്‍ കുര്‍നെയിനെ എന്നതിലെ'ഇസ് ' മലയെന്നാണര്‍ഥം. ഇസ്‌കന്ദറെന്നാല്‍ ദിവ്യനായ മല രാജാവ്.

'കേരള മാഹാത്മ്യം' സ്പഷ്ടമാക്കുന്നത് ഈശ്വരന്‍ ദേശത്തിനു നല്‍കുന്ന പേരാണ് കേരളമെന്നത്. കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് പില്‍ക്കാലത്ത് പ്രചരിക്കപ്പെട്ടതിന് ഇങ്ങനെയൊരു പൂര്‍വ പശ്ചാത്തലം നിരിക്ഷിക്കാം. 'കേരളോല്‍പത്തി ' യെ മുന്‍നിര്‍ത്തി ഗുണ്ടര്‍ട്ട് കേരളത്തെ വിശദീകരിക്കുന്നത് പഞ്ച ദ്രാവിഡ പ്രദേശങ്ങളിലൊന്നായിട്ടാണ്. തമിഴ്, കേരളം, തുളു, കന്നഡം, ആന്ധ്ര എന്നിവയാണ് പഞ്ചദ്രാവിഡ പ്രദേശങ്ങള്‍ .ഭാഷാപരമായി ദ്രാവിഡ ദേശങ്ങളെ നിര്‍ണയിക്കുകയാണെങ്കില്‍ സൗരാഷ്ട്രത്തേയും മഹാരാഷ്ട്രത്തേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ബ്രാഹ്‌മണാധിനിവേശത്തിലൂടെ സപ്തകൊങ്കണങ്ങളായി മാറ്റപ്പെട്ട ദേശങ്ങളിലൊന്നാണ് കേരളമെന്ന് ശങ്കരാചാര്യരുടെ രചനയും സാക്ഷ്യപ്പെടുത്തുന്നു. 'പ്രപഞ്ച ഹൃദയ'ത്തില്‍ അദ്ദേഹം പ്രതിപാദിക്കുന്ന സപ്ത കൊങ്കണങ്ങളില്‍ കേരളം, കൂപകം, മൂഷികത്തിന്റെ തെക്കന്‍ ഭാഗം എന്നിവ ചേര്‍ത്താലേ ഇന്നത്തെ കേരളമാകൂ. കേരളമെന്ന പേര് ഇവിടെ 'ഇറക്കുമതി ' ചെയ്യപ്പെടുന്നത് എട്ടാം നൂറ്റാണ്ടിലായിരിക്കാം. ബ്രാഹ്‌മണ ക്ഷേത്രങ്ങളെ സംബന്ധിച്ച സൂചനകള്‍ അതിനു ശേഷമേ ലഭിക്കുന്നുള്ളു. ബി.സി. മൂവായിരത്തിലെ സുമേറിയന്‍ സംസ്‌കൃതിയില്‍, ക്ഷേത്ര നിര്‍മാണവും ക്ഷേത്ര സംസ്‌കാരവും രൂപപ്പെട്ടതിന്റെ അടയാളങ്ങളുണ്ടെങ്കിലും ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചതായുള്ള സൂചനകളില്ല. മറ്റു തരത്തിലുള്ള ആരാധനാ രീതികളായിരുന്നു പാലിക്കപ്പെട്ടിരുന്നത്. കൊറ്റവെ, മുരുകന്‍ തുടങ്ങിയ ദേവശക്തികളെ പ്രകൃതിയിലെ അനുഷ്ഠാന സങ്കേതങ്ങളിലിരുത്തി പൂജിക്കുകയായിരുന്നു. രാജാക്കന്മാരുള്‍പ്പെടെ പിന്തുടര്‍ന്നിരുന്നതും ഇത്തരം ആരാധനാക്രമങ്ങളാണ്. ബ്രാഹ്‌മണരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ കടന്നു വരുന്നതാവട്ടെ, ക്രിസ്തു വർഷം രണ്ടാം നൂറ്റാണ്ടിനു ശേഷമാണ്. അതിനു മുമ്പ് ജൈന ബുദ്ധമത വിഭാഗങ്ങള്‍ അവരുടെ വിശ്വാസ സംവിധാനത്തില്‍, ഗുഹകളെ ആരാധനാലയങ്ങളാക്കി മാറ്റിയെടുക്കുകയാണുണ്ടായത്.

രണ്ടാം നൂറ്റാണ്ടിനു ശേഷം ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിക്കുന്നു. ഈ ഭക്തിധാരകള്‍ പാണ്ഡ്യ - ചോള മേഖലകളിലൂടെ മലനാട്ടിലുമെത്തുന്നു. വിവിധ സംസ്‌കാരങ്ങളുടെ സങ്കലനമുണ്ടാകുന്നു. ആരാധനാ രീതികള്‍ പരസ്പരം സ്വാംശീകരിക്കുന്നു. വിശ്വാസങ്ങളും മതസംഘങ്ങളും മാത്രമല്ല, ആരാധനാ കേന്ദ്രങ്ങള്‍ പോലും പരിവര്‍ത്തനത്തിന് വിധേയമാകുന്നു. ആരാധനാലയങ്ങളുടെ ഈ 'മതം മാറ്റം' സംഘര്‍ഷരഹിതമായും സംഭവിച്ചിട്ടുണ്ട്. ബുദ്ധ-ജൈനമത പള്ളികള്‍ ശൈവ- വൈഷ്ണവ ക്ഷേത്രങ്ങളായി അങ്ങനെ മാറ്റപ്പെട്ടിട്ടുണ്ട്. ബ്രാഹ്‌മണാധിപത്യം രാഷ്ട്രീയാധികാരത്തിലെത്തിയതിനു ശേഷമാണ് വലിയ ക്ഷേത്രങ്ങള്‍ നാട്ടില്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. അതേത്തുടര്‍ന്ന് പ്രകൃതിയാരാധനാപരമായ കാവുകളും തറകളും ഗോത്രവര്‍ഗ പരിധിക്കുള്ളിലേക്ക് പിന്മാറി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പൗരോഹിത്യ വാഴ്ച സമ്പത്ത് സമാഹരിക്കുന്നതിലേക്കും രാഷ്ട്രീയ ശാക്തീകരണം സൃഷ്ടിക്കുന്നതിലേക്കും വളര്‍ന്നു.

ഇന്നത്തെ കേരളത്തെ ചരിത്രപരമായി രൂപപ്പെടുത്തുന്ന  രേഖാഘടനയില്‍  ശ്രീകണ്ഠപുരം ആധാരമായ ഒരു ദേശത്തിന്റെഭൂപരമായും സംസ്‌കൃതിപരമായുമുള്ള കിടപ്പ്ഏതുവിധമാണെന്ന തിരിച്ചറിയല്‍ കേരളചരിത്രത്തെ സംബന്ധിച്ച് സുപ്രധാനമായ പാഠഭേദമാണ്. ആദിമലനാടിന്റെ സംസ്‌കാരപംക്തിയില്‍നിന്ന്  മൂഷികവംശത്തിന്റെ അധികാരസ്വരൂപത്തിലൂടെയും ചേരസാമ്രാജ്യത്തിന്റെ  വാഴ്ചയിലൂടെയും കോലത്തുനാടെന്ന രാജവ്യവസ്ഥയിലൂടെയും കടന്നുവന്ന് സുല്‍ത്താന്‍ ഭരണത്തിനും വൈദേശികമേല്‍ക്കോയ്മക്കും വിധേയമാക്കപ്പെട്ട് ആധുനികകേരളത്തിന്റെ  രൂപീകരണം വരെ നീളുന്ന സഹസ്രാബ്ദങ്ങളുടെ ഇതിവൃത്തം പൂരിപ്പിക്കപ്പെടാനുള്ളതാണ്. ഇന്നു കാണുന്ന ഒരു പട്ടണത്തിന്റെ പേരു മാത്രമായല്ല, ചരിത്രപരവും വിസ്തൃതവുമായ ഒരു ഭൂമികയുടെ കേന്ദ്രമെന്ന നിലയ്ക്കാണ് ശ്രീകണ്ഠപുരം അടയാളപ്പെടേണ്ടത്.

പൗരാണിക വാണിജ്യകേന്ദ്രം, ചേരമാന്‍ പെരുമാള്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ സാമന്ത പ്രഭു ( ചുഴലി രാജവംശം) വിന്റെ സുപ്രധാന താവളം, അതിപ്രശസ്തനായ മൂഷികരാജാവ് ശ്രീകണ്ഠന്റെ ആസ്ഥാനം, ഇസ്ലാമെന്ന വിശ്വമതം ആവിര്‍ഭാവ കാലത്തുതന്നെ നങ്കൂരമിട്ട പുണ്യസ്ഥലം, കേരള - കര്‍ണാടക വാണിജ്യ പാതകളുടെ പ്രാചീനസിരാകേന്ദ്രം, പൗരാണിക നദിയായ പ്രഥനയുടെ പ്രാഥമിക വൃഷ്ടിപ്രദേശം, പ്രാചീന ജലഗതാഗത ആസ്ഥാനം, ഗ്രീക്കു - റോമന്‍ സാമ്രാജ്യങ്ങളുടേയും മധ്യ- പശ്ചിമ ഏഷ്യന്‍ വ്യാപാര ശക്തികളുടേയും ആകര്‍ഷണ കേന്ദ്രം, കുരുമുളകും കാര്‍ഷിക വിളകളും സുഗന്ധവ്യഞ്ജനങ്ങളും വനസമ്പത്തും കൊണ്ട് പ്രാചീനകാലം തൊട്ടേ ലോകത്തെ അമ്പരപ്പിച്ച ഒരു പറുദീസയുടെ കേന്ദ്രസ്ഥാനം തുടങ്ങി മഹാ സവിശേഷതകളാല്‍  പരിചയപ്പെടുത്തുന്ന  ഒരു നാമം .

ശ്രീകണ്ഠപുരമെന്നത്, ഇന്ന് കണ്ണൂര്‍ ജില്ലയിലെ സുപ്രധാനമായ ഒരു പട്ടണവും കേരള സംസ്ഥാനത്ത്, കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കിലെ ഒരു നഗരസഭയുമാണ്.ഈ മേല്‍വിലാസത്തില്‍ ആ നാമം വിവരിക്കുകയെന്നതിനപ്പുറം ഈ ഗ്രന്ഥത്തിന്റെ ഉത്തരവാദിത്തം ഊന്നുന്നത്: ചരിത്ര- ഭൂമി ശാസ്ത്ര- രാഷ്ട്രീയ-വാണിജ്യപരതകളില്‍ പരന്നു കിടക്കുന്ന ഒരു നാമത്തിന്റെ മുഴുവന്‍ പശ്ചാത്തല പ്രവിശ്യകളേയും പരിഗണിച്ചു കൊണ്ടുള്ള അവലോകനത്തിലാണ്. അതിലേക്കായി ആദിമകാലത്തെ ഗോത്ര സാമൂഹ്യ പശ്ചാത്തലം, സംസ്‌കൃതിയുടെ പൈതൃകം, സാമൂഹ്യ പരിണാമത്തിന്റെ ചിഹ്നങ്ങള്‍, അധികാരഘടനകള്‍, മലനാടിന്റെ സംഘകാല പ്രതലങ്ങള്‍, മൂഷിക വംശപാരമ്പര്യം, പെരുമാള്‍ സാമ്രാജ്യത്തിന്റെ വേരുകള്‍, ചുഴലി സാമന്ത പ്രഭുത്വം, കോലത്തിരി രാജ വംശപ്പെരുമകള്‍ ,ചിറയ്ക്കല്‍ കോവിലകാധിപത്യം, കരക്കാട്ടിടം ജന്മി വൃത്താന്തം, ഇരിക്കൂര്‍ ഫര്‍ക്കയുടെ രാഷ്ട്രീയ മേഖല, കുടിയേറ്റ ജനപദങ്ങള്‍, സാമുദായിക രൂപീകരണങ്ങള്‍, കാര്‍ഷിക ഘടനകള്‍, ഉല്‍പാദന ബന്ധങ്ങളുടെ പരിണാമങ്ങള്‍, നാടോടി പാരമ്പര്യങ്ങള്‍, കാവ്യ - കലാരൂപങ്ങള്‍, ഭാഷാ പരിണാമത്തിന്റെ സവിശേഷതകള്‍... തുടങ്ങി വിപുലമായ ഒരു പാഠഭൂമിയിലേക്ക് ശ്രീകണ്ഠപുരത്തെ മാറ്റി വരക്കുകയെന്ന ദൗത്യം നിറവേറ്റപ്പെടേണ്ടതുണ്ട്. ഈവിധം ചരിത്രയുക്തിയും നിരീക്ഷണവും സാധൂകരിക്കുന്ന ഒരു പഠനരീതി അവലംബിക്കണമെന്നാണ് ഈ ചരിത്രാന്വേഷണത്തിന്റെ താല്പര്യം.

പൈതൃകസ്മാരകങ്ങളോരോന്നും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, ചരിത്രം രേഖപ്പെടുത്തേണ്ടുന്നതിന്റെ അടിയന്തിരപ്രാധാന്യം എടുത്തുകാട്ടാനും കൂടിയാണ് ഈ അന്വേഷണം. ഗുഹാചിത്രങ്ങള്‍ വരച്ചിട്ടതിനൊപ്പം സ്വന്തം പേരു കൊത്തിയിടാത്തവര്‍ ആദിമ മനുഷ്യര്‍; അവരുടെ ചിത്രകലയെ വികലമാക്കാന്‍ ആദിമ ലിഖിതങ്ങള്‍ക്കു മീതെ സ്വന്തംപേരു കൊത്തിയിടുന്നവര്‍ ആധുനിക മനുഷ്യര്‍ എന്നൊരു പ്രകാരത്തില്‍ രണ്ടു കൂട്ടരേയും നിര്‍വചിക്കുന്നതില്‍ തെറ്റില്ലെന്നു പറയേണ്ടി വരും,  എടയ്ക്കല്‍ഗുഹയിലും മറ്റും ഇന്നു കാണപ്പെടുന്ന ഗുഹാഭിത്തിയിലെ പ്രാചീനലിപികള്‍ക്കു മേലെ തങ്ങളുടെ പേരുകള്‍ കോറിയിട്ട് വികൃതമാക്കിയ ചില കേളികള്‍ കാണുമ്പോള്‍. നമ്മുടെ പൈതൃകസംരക്ഷണത്തിന്റെ പൊതുകഥയാണ് അതില്‍ അനാവൃതമാകുന്നത്.എടയ്ക്കല്‍ പുരാതന സംസ്‌കൃതിയോട് അവിടുത്തെ അധികൃതരുടെ ഭാഗത്തുനിന്നുള്ള സമീപനം, പ്രത്യേകിച്ചും ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റേയും ടൂറിസംവകുപ്പിന്റേയും സൃഷ്ടിപരമായ  പരിചരണം മികച്ചതായിട്ടും, അതാണ് കഥയെങ്കില്‍, മറ്റിടങ്ങളിലെ സ്ഥിതി എത്ര പരിതാപകരമായിരിക്കും..

എരുവേശ്ശിയിലെ ഒരു ദൃഷ്ടാന്തം മാത്രം നോക്കൂ; പുരാവശിഷ്ടമായ മന്ദനാരുടെ ആസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി ചരിത്രാന്വേഷകയായ ഡോ: ലിസി മാത്യുവിന്റെ ഈ കുറിപ്പ് സൂചന തരുന്നു: ''എരുവേശിയിലെ  മന്ദനാര്‍ .. കേരളത്തിലെ ഏക തീയ രാജവംശം .. മന്ദനാരുടെ കൊട്ടാരം ഇന്ന് ഏറ്റവും ദയനീയാവസ്ഥയിലാണ്.  വലിയപ്രദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍.. അതിനിടയിലൂടെ നിരതെറ്റാതെ വച്ചുപിടിപ്പിച്ചിരിക്കുന്ന റബര്‍ മരങ്ങള്‍..  കിണര്‍ .. അമ്പലം.. കുഴിക്കളരി.. കെട്ടിടത്തെ വിഴുങ്ങിവളരുന്ന  ആല്‍മരം.. റബറിന് വളരാന്‍ വേണ്ടി ആലിന്റേയും തല വെട്ടിയിരിക്കുന്നു. തുരുമ്പിച്ച ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു.

വടക്കന്‍കേരളത്തിന്റേയും  തീയസമുദായത്തിന്റേയും അഭിമാനിക്കാവുന്ന ഇന്നലകളുടെ തിരുശേഷിപ്പാണ്   ഇവിടെ അവഹേളിക്കപ്പെടുന്നത്. നമ്മുടെ ജ്വലിക്കുന്ന ചരിത്രത്തെ  വരുംതലമുറയ്ക്കു വേണ്ടി കാത്തുസൂക്ഷിക്കേണ്ടത് നമ്മളല്ലേ. പോരാട്ടങ്ങളും പ്രതിരോധവും  കോപവും താപവും പ്രണയവും കാരുണ്യവും ഭക്തിയും വീര്യം പകര്‍ന്ന രാജവാഴ്ചയുടെ നാള്‍വഴികളില്‍   നിറംകെട്ടുവീണ കരിയിലകള്‍ക്കരികില്‍ നില്‍ക്കുമ്പോള്‍ എന്റെ തലയും  കുനിഞ്ഞുപോകുന്നു'' സ്ഥാവര രേഖകള്‍ മാത്രമല്ല ജംഗമ തെളിവുകളും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുന്നുകളും കോട്ടകളും നശിപ്പിക്കപ്പെടുന്നു.

ശ്രീകണ്ഠപുരം നഗരസഭയില്‍ കംപ്ലാരിത്തട്ട് എന്നൊരു ഭൂതലമുണ്ട്. ദൃശ്യവൈവിധ്യങ്ങളുടെ അപൂര്‍വ ദേശമായിരുന്നു അത്. ഇന്നെല്ലാം ഓര്‍മയായ് മാറി. വേനലും മഴയും കളിയാടുന്ന മൈതാനക്കാഴ്ചകള്‍ ഇന്നില്ല, കാട്ടുതീ വരച്ച അതിരുകളില്ല, ഋഷിപാതാളത്തില്‍ പൂട്ടിയിട്ട പൗരാണികതയില്ല. നീരുറവയിലൊഴുകിയ കാവ്യരഹസ്യങ്ങളില്ല , കണ്ണെത്താത്ത വിസ്തൃതിയില്‍ വീശിക്കളിച്ച കാറ്റുകളോ, പുല്‍ക്കാടുകള്‍ പടര്‍ന്ന് കൊതിപ്പിച്ച സമതലമോ അപ്രത്യക്ഷമായി. ഭൂപടം വെട്ടിപ്പിടിച്ച ചെങ്കല്‍ഖനനസേന  ഓരോയിഞ്ചും തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്.. നിശബ്ദതയുടെ ചൂളംവിളികളില്ല; യന്ത്രഭീകരതയുടെ പൈശാചിക താളം മാത്രം. ക്രഷറുകള്‍ അലറുകയാണ്. ഒരു വയസ്സന്‍ കാറ്റു പോലും അങ്ങോട്ടു വീശുന്നില്ല. വിസ്മയങ്ങളുടെ ഋതുക്കള്‍ എങ്ങോട്ടോ ഓടിയൊളിച്ചു.
കാണ്‍മാനില്ല കംപ്ലാരിയെ. 1347 ഏക്കറില്‍ പരന്നുകിടന്നിരുന്ന കംപ്ലാരിപ്പാറയെന്ന അത്ഭുത ദേശത്തിന്റെ അടയാളങ്ങളൊന്നും അവശേഷിക്കുന്നില്ല .

അപൂര്‍വ ദേശമായിരുന്നു ഇത്. ഈ ഭൂമി സ്വന്തം സങ്കേതമാക്കാന്‍ വന്‍ഭൂവുടമകള്‍ മത്സരിച്ചിരുന്നു . കരക്കാട്ടിടം നായനാര്‍, കല്യാട്ട് നമ്പ്യാര്‍, ബീവിരകം.... അങ്ങനെ  പന്ത്രണ്ടു ജന്മിമാര്‍ ഈ മണ്ണു പങ്കിട്ടു. വിശാലമായൊരു കുളം നില്‍ക്കുന്ന ഒരേക്കര്‍ കേന്ദ്ര സര്‍ക്കാറും അധീനത്തിലാക്കി. ഇവരെയെല്ലാം വശീകരിച്ച രഹസ്യം ഒന്നു മാത്രം: ഭൂമിയുടേയും ആകാശത്തിന്റേയും സ്വകാര്യ സല്ലാപത്തില്‍ വിടര്‍ന്ന മാസ്മരിക സ്വരൂപമായിരുന്നു ഈ പ്രകൃതി. കംപ്ലാരിയെന്നത് അതിനിഗൂഢസൗന്ദര്യത്തിന്റെ മറുപേരു്.

ഈ സുന്ദരഭൂമിയുടെ വടക്കുകിഴക്കനതിര്‍ത്തിയില്‍ ഒരു ശൈലപ്രകൃതിയുണ്ട്, ആലോറമല. കരിമ്പാറക്കരുത്തില്‍ ശിരസ്സുയര്‍ത്തി, മേഘതോഴനായി നില്‍ക്കുന്നവന്‍. ആരേയും വശീകരിക്കുന്ന പര്‍വത രൂപം.സൗന്ദര്യത്തിന്റെ പ്രഭവകേന്ദ്രമാണ് മലമുകള്‍. ചുറ്റിലും ഇടനാടന്‍ കുന്നുകളുടേയും  പാറപ്പരപ്പുകളുടേയും അതിവിശാലത കാണാം. അതിനു ചുറ്റും നീലമലകളുടെ നിരകള്‍. തെക്കുപടിഞ്ഞാറേ സീമയില്‍ കടലിന്റെ വെള്ളിരേഖ. ആലോറക്കോട്ടയെന്നാണ്  പഴമക്കാര്‍ വിളിച്ചു വന്നത്. അനശ്വരസൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുകള്‍ തികഞ്ഞ ഈ സൗന്ദര്യധാമം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പര്‍വതമേടുകള്‍ പൗരാണിക അവശിഷ്ടങ്ങളുടെ കലവറ മാത്രമല്ല; സ്വയം ഒരു പുരാവസ്തുവാണ്.

സഹസ്രാബ്ദങ്ങള്‍ ശ്രമിച്ചാലും ഒരു പുഴയോ മലയോ കാടോ വയലോ നിര്‍മിക്കാന്‍ നമ്മള്‍ മനുഷ്യര്‍ക്കാവില്ല. ആഗ്‌നേയശിലകളുടെ ഒരു കുന്നു രൂപപ്പെടുന്നത് ഏകദേശം രണ്ടരക്കോടി വര്‍ഷം മുമ്പാരംഭിച്ച ഭൂഖണ്ഡഫലകങ്ങളുടെ ചലനം മൂലം ഉദ്വലനം സംഭവിച്ചിട്ടാണ്. നമ്മുടെ മലനിരകള്‍ പൂര്‍ണ വളര്‍ച്ചയിലെത്തിയിട്ട് ഒന്നേമുക്കാല്‍ കോടി വര്‍ഷം പിന്നിട്ടു.ഇത്തരമൊരു വിസ്മയ സൃഷ്ടിയാണ് നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഉന്മൂലനം ചെയ്യപ്പെടുന്നത്.

എത്രകാലം പുരാവസ്തു സാമഗ്രികള്‍ നിലനില്‍ക്കുമെന്നു പറയാനാവില്ല. അതിനു മുമ്പേ അവയെ ആധാരമാക്കി ചരിത്രാന്വേഷണം നിറവേറ്റേണ്ടതുണ്ട്.ചരിത്രാവശിഷ്ടങ്ങള്‍ നാശോന്മുഖമായി കിടക്കുന്ന മറ്റൊരിടമാണ് വൈതല്‍ മല. 1990-നടുത്ത് വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച പ്രകൃതി. വൈതലിനെ  വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ആഗ്രഹങ്ങളും നീക്കങ്ങളും 1970-കളില്‍ ആരംഭിച്ചിരുന്നു. ഔദ്യോഗിക തലത്തില്‍ ചില പദ്ധതികള്‍ വിഭാവനം ചെയ്യുകയും റിസോര്‍ട്ട്, വാച്ച് ടവര്‍, സുരക്ഷാ ബാല്‍ക്കണി, തുടങ്ങി പരിമിതമായ ചില സംരംഭങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി. കേരള ടൂറിസം വികസന കോര്‍പറേഷന്‍ 2011-ല്‍ പൈതല്‍മല എക്കോ ടൂറിസം പ്രൊജക്ടിന് രൂപം കൊടുത്തുവെങ്കിലും കേരളത്തിന്റെ ദൃശ്യപ്രകൃതിക്കു ലഭിച്ച ഈ വരദാനത്തെ സഞ്ചാരികള്‍ക്കു വേണ്ടി ദൃശ്യവല്‍ക്കരിക്കാനുള്ള പദ്ധതികളൊന്നും പുരോഗമിച്ചില്ല.

ചിത്രങ്ങള്‍ എ.പത്മനാഭന്‍
കണ്ണൂര്‍ ജില്ലയില്‍ നടുവില്‍ - ആലക്കോടു പഞ്ചായത്തുകള്‍ക്കും കര്‍ണാടകത്തിന്റെ കുടക് ജില്ലക്കുമിടയില്‍ സഹ്യാദ്രിനിരകളില്‍ ചിതറിക്കിടക്കുന്ന അതിര്‍ത്തി സ്ഥലികളെയാകെ ദൃശ്യസമ്പന്നമാക്കുന്ന കൂറ്റന്‍ മലകളിലൊന്നാണ് വൈതല്‍. സമുദ്രനിരപ്പില്‍നിന്നു 4600-4800 അടിയോളം ഉയരം ഈ മലയ്ക്കുണ്ട്.

സഹ്യപര്‍വതത്തിന്റെ വിസ്മയ ഛായാപടത്തെ  വന്യനിരകളുടെ  അചഞ്ചലഗരിമയോടെ വരച്ചുകാട്ടുന്ന ചാരുഭംഗി. കാടിന്റെ അനവദ്യഗീതങ്ങളുടെ സ്വര  മാന്ത്രികത അശരീരി രചിക്കുന്ന രഹസ്യലോകം. അനന്തവിഹായസ്സിന്റെ വരമൊഴിയില്‍ വര്‍ണങ്ങളും സ്വപ്നങ്ങളും  തൊട്ടുരുമ്മി ശയിക്കുന്നു.വൈതല്‍മലയുടെ അതിവിസ്തൃതമായ പര്‍വതപ്പകിട്ടു മാത്രമല്ല, മലമുകളിലെ ഉദയാസ്തമനങ്ങളും കാനന രാവിന്റെ കടുംനിറങ്ങളും നിലാവഴകും സഞ്ചാരികളുടെ ദൃശ്യ പ്രതീക്ഷകളെ മാറ്റിവരയ്ക്കാന്‍ പോന്നവയാണ്. സൗന്ദര്യത്തിന്റെ സമ്പൂര്‍ണ ദിക്കുകളും കണ്ണിലൊതുക്കാന്‍ കഴിയുന്ന ദൃശ്യപംക്തി.

മലയുടെ മേല്പരപ്പ് കാടൊഴിഞ്ഞതും വിസ്തൃതമായ പുല്‍മേടുകള്‍ നിറഞ്ഞതുമാണ്. കാട്ടുചോലകള്‍ക്കുള്ളിലേക്കൊഴുകി പോകുന്ന നീരുറവകള്‍ ഒന്നിലേറെയുണ്ട്. മലയുടെ പടിഞ്ഞാറേ അതിരില്‍ അത് ഉറവ വറ്റാത്ത അക്ഷയ ധാരയാണ്.കണ്ണൂര്‍ ജില്ലയിലെ സുപ്രധാനമായ പുഴയുടെ ഉത്ഭവസ്ഥാനമാണത്. പശ്ചിമഘട്ട പര്‍വത നിരകളിലെ വിവിധ ഉറവകളില്‍നിന്നാണ് വളപട്ടണം പുഴയുടെ ഉത്ഭവം. മുന്നൂര്‍ കൊച്ചി, ചാത്തമല, വൈതല്‍, മാവിന്‍തോട്, കാഞ്ഞിരക്കൊല്ലി, മാട്ടറ, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലൂടെ ഒഴുകിത്തുടങ്ങുന്നു. ബ്രഹ്‌മഗിരിക്കുന്നുകളാണ് വളപട്ടണം പുഴയുടെ മറ്റൊരു ഉത്ഭവപംക്തി.

കിഴക്കേ അതിരിന്റെ ചെരിവിലായി കാണുന്ന ഏഴരക്കുണ്ടെന്ന വിസ്മയിപ്പിക്കുന്ന  ജലപാതവും വളപട്ടണം പുഴയിലേക്കാണ് പ്രവഹിക്കുന്നത്. മന്വന്തരങ്ങള്‍ക്കു സാക്ഷിയായ കൂറ്റന്‍ കരിമ്പാറകളും വൈതല്‍മലയില്‍ അവിടവിടെയായുണ്ട് .ഔഷധ ജാലങ്ങള്‍ , സമ്പുഷ്ടമായ ജൈവ ജടകള്‍, പൗരാണിക പ്രതിരൂപങ്ങള്‍ വരച്ചുവച്ച കാടിന്റെ മടിത്തട്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ അടയാളപ്പെടുത്തിയ ആയുസ്സിന്റെ ജ്യാമിതി വൃക്ഷവാര്‍ധക്യങ്ങളില്‍ നിന്നു വായിച്ചെടുക്കാം.

സഹസ്രാബ്ദങ്ങളുടെ ഭൗമ നിര്‍മിതികളായ പര്‍വതങ്ങളും പുഴകളും പാടങ്ങളും സൂക്ഷിച്ചുവച്ച ചരിത്രവിജ്ഞാനം കണ്ടെത്താനുള്ള  സൂക്ഷ്മവായന നിര്‍വഹിക്കുന്നതിന്റെ സുസ്ഥിര രീതിയാണ്  പാരിസ്ഥിതിക കലവറകളെന്ന നിലക്കുള്ള അവയുടെ സംരക്ഷണവും. മനുഷ്യരാശിക്കു മുമ്പിലുള്ള വെല്ലുവിളി കൂടിയാണിത്. ഭൂപരമായ ഒരതിര്‍നിര്‍ണയം ഈ പഠനത്തിന് നിര്‍ണായകമല്ലെങ്കിലും പഠനപ്രദേശത്തിന്റെ  കേന്ദ്രമായ ശ്രീകണ്ഠപുരത്തിന്റെ പരിസരമേഖലയുടെ ഒരു ദൃശ്യം ഇങ്ങനെയാണ്: കൂറ്റന്‍ മലനിരകളും കുന്നുകളും വനങ്ങളും ചെങ്കല്‍പ്പരപ്പുകളും കരിങ്കല്‍ പാളികളും തരിശു പറമ്പുകളും പുല്‍മേടുകളും വയലുകളും തോട്ടങ്ങളും പുഴകളും തോടുകളും കൃഷിപ്പാടങ്ങളുമായി ഇടകലര്‍ന്നു കിടക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള (1246 മീറ്റര്‍) വൈതല്‍മലയും തുരുമ്പിക്കമല,ചാത്തമല, ഉടുമ്പു മല, എയ്യന്‍ മല (എയ്യന്‍ = മുള്ളന്‍പന്നി/എയ് നാര്‍ എന്ന ജനവിഭാഗം ശിലായുഗത്തില്‍), പാത്തന്‍ പാറ, മുഴക്കര, കുന്നത്തൂര്‍, വലിയ അരീക്കമല, കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട് തുടങ്ങിയ പര്‍വതനിരകളും പശ്ചാത്തലത്തിലുണ്ട്. കുന്നത്തൂര്‍, കാഞ്ഞിരക്കൊല്ലി, നിക്ഷിപ്ത വനങ്ങളും കുടിയാന്മല റിസര്‍വ് വനവും വനപരിധിയില്‍ പെടുന്നു. കുന്നുകളുടെ പട്ടികയില്‍ ആലോറക്കോട്ട, കോട്ടമല, നായനാര്‍ മല തുടങ്ങിയവ ഉയര്‍ന്നു നില്‍ക്കുന്നു.

ഭൂവിസ്തൃതിയുടെ 60 ശതമാനവും കൃഷിഭൂമിയായി ഇന്നും പരിപാലിക്കപ്പെടുന്നുണ്ട്. ആഗ്‌നേയ ശിലകളുടെ പാളികളും കരിങ്കല്‍ പാളികളും പലയിടത്തുമുണ്ട്. ശിലാരൂപീകരണത്തിന്റെ പഴക്കം കണക്കിലെടുത്താല്‍ കേരളത്തില്‍ ഏറ്റവുമേറെ കാലം താണ്ടിയത് വയനാടു തൊട്ടു വടക്കോട്ടുള്ള പശ്ചിമഘട്ട പ്രദേശങ്ങളുടെ ഭൗമ ഘടനയാണെന്ന് ഭൂവിജ്ഞാനീയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വയനാട്, കണ്ണൂര്‍, കാസര്‍ക്കോഡ് ജില്ലകളും കര്‍ണാടകയും പങ്കിടുന്ന  അതിര്‍ത്തിമലകളിലെ പാറകളുടെ രൂപവല്‍ക്കരണം അഞ്ച് ദശലക്ഷം വര്‍ഷം മുമ്പ് പൂര്‍ത്തിയായതാവണം.അവയില്‍ ചില മേഖലകളിലേത്  'ധാര്‍വാര്‍  രൂപവല്‍ക്കരണ' മെന്നറിയപ്പെടുന്ന ശിലാഘടനയാണ്.ഈ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന തരത്തില്‍ പെട്ടതാണത്. പരാമര്‍ശിക്കപ്പെടുന്ന  അതിരുകളോ ദേശപംക്തികളോ ചരിത്രാന്വേഷണത്തില്‍ ഒട്ടും പ്രസക്തിയില്ലാത്തതാണെങ്കിലും  ചരിത്രസ്ഥലിയില്‍ അതിബൃഹത്തായതും സുപ്രധാനസവിശേഷതകളുള്ളതുമായ ഇടമാണിത്.


 *6 'സഹ്യാദ്രിഖണ്ഡ'ത്തില്‍    പരാമര്‍ശിക്കുന്നത്:
ഭാര്‍ഗവന്‍ സൃഷ്ടിച്ച ഭൂഭാഗങ്ങള്‍ക്കു സപ്തകൊങ്കണങ്ങള്‍ എന്നും അവ കേരളം, തുളുവം, സൗരാഷ്ട്രം, കൊങ്കണം, കരഹാടം, കര്‍ണാടം, ബര്‍ബരം എന്നിവയെന്നും ഈ ഭൂമിയുടെ ആകെ വിസ്തീര്‍ണം നൂറ് യോജന നീളവും, അഞ്ച് യോജന വീതിയും ആകുന്നുവെന്നുമാണ്.
അതിര്‍ത്തികള്‍ ഇപ്രകാരമാണ് -
'' വൈതരണ്യാദക്ഷിണേതു
സുബ്രഹ്‌മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം
ശൂര്‍പ്പാകാരം വ്യവസ്ഥിതം''

''മലയദ്രോഡഭൂമേസ്തു
സീമാത്വേഹവിനിശ്ചിതാ
പയസ്വിന്യുത്തരന്യാന്തുദക്ഷിണേതുകുമാരികാ
പൂര്‍വ്വസീമാതുഗിരിരാണ്‍മലയഃ
പശ്ചിമേംബുധി'.


*7 സീതാന്വേഷണത്തിനായി തെക്കന്‍ ദിക്കിലേക്കു പുറപ്പെട്ട വാനരന്മാരോട് അവര്‍ സീതയെ അന്വേഷിക്കേണ്ട പ്രദേശങ്ങളെപ്പറ്റി സുഗ്രീവന്‍ ഇപ്രകാരം പറയുന്നതായി വാല്മീകീരാമായണത്തില്‍ കാണുന്നു.
'നദീം ഗോദാവരീം ചൈവ
സര്‍വമേവാഥ പശ്യത
തഥൈവാന്ധ്രാംശ്ച പൗണ്ഡ്രാംശ്ച
ചോളാന്‍ പാണ്ഡ്യാംശ്ച കേരളാന്‍

(നിങ്ങള്‍ ഗോദാവരി നദിയിലും ആന്ധ്രയിലും പുണ്ഡ്രത്തിലും ചോളത്തിലും കേരളത്തിലും ചെന്ന് നോക്കണം.)

*8 ആദിപര്‍വത്തില്‍ ,നന്ദിനിയെ അപഹരിക്കാനെത്തിയ വിശ്വാമിത്രനെ ഉപരോധിക്കാന്‍  നന്ദിനി ശരീരത്തില്‍ നിന്നും സൃഷ്ടിക്കുന്ന പടഗണങ്ങളില്‍ , പല്ലവര്‍, ദ്രാവിഡര്‍, യവനര്‍, ശബരാളര്‍, കിരാതര്‍, പൗണ്ഡ്രര്‍, ബര്‍ബരര്‍, സിംഹളര്‍, ചിബുകന്മാര്‍, പളിന്ദര്‍ ,ചീനന്മാര്‍, ഹൂണര്‍, കേരളര്‍ - എന്നീ  പേരുകള്‍  പരാമര്‍ശിക്കുന്നു.
'സഭാപര്‍വ'ത്തില്‍ ദക്ഷിണ ദിഗ്വിജയത്തിനു പോയ സഹദേവന്‍ 'പാണ്ഡ്യദ്രാവിഡരെയും ചോളകേരളരെയും' ജയിച്ചതായും'വനപര്‍വ'ത്തില്‍ കേരളനെ തോല്പിച്ച് കര്‍ണന്‍ ദിഗ്വിജയം നേടിയതായും വിവരണമുണ്ട് .

*9
രഘുവിന്റെ ദിഗ്വിജയവര്‍ണന
സര്‍ഗം 4-
'ഭയോത്സൃഷ്ടവിഭൂഷാണാം
തേന കേരളയോഷിതാം
അളകേഷു ചമൂരേണു-
ശ്ചൂര്‍ണപ്രതിനിധീകൃതഃ

മുരചീമാരുതോദ് ധൂത-
മഗമത് കൈതകം രജഃ
തദ്യോധവാരവാണാനാ-
മയത്‌ന പടവാസതാം

(പടയോട്ടത്തില്‍ നിന്നുയരുന്ന പൊടി, ഭയംകൊണ്ട് ആഭരണങ്ങള്‍ കൈവെടിഞ്ഞ കേരളസ്ത്രീകളുടെ കുറുനിരകളില്‍ ഗന്ധചൂര്‍ണങ്ങളുടെ സ്ഥാനം വഹിച്ചു. മുരചീനദിയില്‍ നിന്നുള്ള കാറ്റേറ്റ് പ്രസരിച്ച കൈതപ്പൂവിന്റെ പരാഗം പടയാളികളുടെ കുപ്പായങ്ങള്‍ക്ക് അനായാസമായി ലഭിച്ച സുഗന്ധചൂര്‍ണങ്ങളായിത്തീര്‍ന്നു) .

*പ്ലത്ഥ
പ്ലിനി AD 77-ലാണ് 37 വാള്യങ്ങളില്‍ ആദ്യത്തെ 10 എണ്ണത്തിന്റെ കയ്യെഴുത്തുപ്രതി  റോമാ ചക്രവര്‍ത്തി ടൈറ്റസ് ഫ്‌ലേവിയസ് വെസ്പാസിയന് കൈമാറുന്നത്. അതില്‍ ആറാം വാള്യം  അധ്യായം 26-ലാണ് മുസിരിസിലെ രാജാവിന്റെ പേര് CaeIobothras എന്നു പരാമര്‍ശിക്കുന്നത്.

Content Highlights: A Padmanabhan Column kerala History Part 5