ശ്രീകണ്ഠപുരം ആസ്ഥാനമാകുന്ന ഭൂദേശത്തിന്റെ പ്രാചീനമായകിടപ്പ് സമുദ്രത്തോടു ചേർന്നുള്ള പർവതനിരകളിലാണ്.  പശ്ചിമഘട്ട മലനിരകളുടെ ഇരുപുറവും, താഴ്വരകളും,  പടിഞ്ഞാറൻ കടലിൻ്റെ തീരദേശങ്ങളും അതിൻ്റെ ഭാഗമാണ്. ഭൗമപരിണാമങ്ങളിലൂടെ 'സുസ്ഥിര 'മായിത്തീർന്ന ഇന്നത്തെ ഭൂസംവിധാനത്തെ മുൻനിർത്തിയുള്ളതല്ല, മലനിരകളിൽ നിന്നും കണ്ണെത്തുമരികെ  കടലുണ്ടായിരുന്നുവെന്ന പുരാതന ദൃശ്യത്തെ  അടിസ്ഥാനപ്പെടുത്തിയാണ് ആ ഭൂപടം. സഹ്യസാനുക്കളേയും പ്രാചിദിക്കുകളേയും കടൽ -മലൈ നാട് എന്നു വിളിച്ചിരുന്നുവല്ലൊ. കടലും മലയും ചേരുന്ന നാട് എന്നു സാരം. സഹ്യപർവതത്തിൻ്റെ (ഉത്തരാഫ്രിക്കയിലെ അത് ലസ് പർവതം ആദി സഹ്യപർവതമാണ്. അതൽ പർവതത്തിൻ്റെ ഗ്രീക്കുനാമമാണ് അത് ലസ്. ഗ്രീക്കു ഭാഷയിൽ സഹിക്കുന്നവൻ എന്നാണർഥം.പശ്ചിമഘട്ടത്തെ മുൻപ് സുഖെയിൻ പർവതനിരകൾ എന്നു പറഞ്ഞിരുന്നു) താഴ്‌വാരം വരെ പണ്ടു പണ്ട് കടലായിരുന്നുവെന്നും പല കാലങ്ങളിൽ കടലിൽ നിന്നുയർന്നു വന്നതാണ് ഇടനാടും തീരപ്രദേശവുമെന്നും ആധുനിക കാലത്തെ ഭൂഖനനപദ്ധതികളും സമുദ്രശാസ്ത്രപഠനങ്ങളും തെളിയിച്ചു കഴിഞ്ഞതാണ്.

ചരിത്രാവശിഷ്ടങ്ങളെ പഠനവിധേയമാക്കി പ്രമുഖ ഭൂവിജ്ഞാനിയായ ഫിലിപ്പ് ലൈക്ക് രേഖപ്പെടുത്തിയത്: മലബാറിൽ കടൽ പശ്ചിമഘട്ടത്തിന്റെ അടിവാരത്തോളം വ്യാപിച്ചു കിടന്നിരുന്നുവെന്നാണ്. സമുദ്രത്തിന്റെ അടിത്തട്ടിലെ ഭൂ ഫലകങ്ങളുടെ ചരിത്രമന്വേഷിച്ച ചില ഗവേഷണങ്ങൾ ചൂണ്ടുന്നത് ഉരഗങ്ങളും സസ്തനികളും തമ്മിൽ വേർപിരിയുന്ന കാലഘട്ടത്തിൽ ,ഏതാണ്ട് 600 ലക്ഷം വർഷം മുമ്പ് പ്രകൃതിയിൽ സംഭവിച്ച വൻവിനാശത്തിന്റെ ഫലമായി ഭൂമിയുടെ ഭീമഭാഗവും കടൽ വിഴുങ്ങിയെന്ന വസ്തുതയിലേക്കാണ്. ഭൂവൽക്കത്തിൽ സംഭവിക്കുന്ന ഇത്തരം പൊട്ടിത്തെറികൾ ഏറ്റക്കുറച്ചിലുകളോടെ പിന്നേയും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി കര കടലാകുന്നതും കടൽ കരയാകുന്നതുമായ പ്രതിഭാസങ്ങളും തുടർന്നു.ഇന്ത്യാ സമുദ്രത്തിൽ നടന്ന ഭൂക്ഷോഭത്തിൽ ഡക്കാൻ പ്ലേറ്റ് പൊട്ടിപ്പിളർന്നാണ് അറബിക്കടലുണ്ടായത്. ഒരിക്കൽ ആഫ്രോ-ആസ്ത്രേലിയൻ - അറേബ്യൻ തീരങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തോടു ചേർന്നു കിടന്നിരുന്നതായി കരുതണം.
ഉൽപത്തി പുരാണങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളിലും ഗോത്രവർഗകലാവിഷ്കാരങ്ങളിലും പ്രധാന പ്രമേയം പ്രളയവും പ്രകൃതിക്ഷോഭങ്ങളുമാണല്ലൊ. കടലെടുത്തു പോയ 'ദ്വാരക ' യെപ്പറ്റി മഹാഭാരതം പറയുന്നു. സമുദ്രം വിഴുങ്ങിയ അറ്റ്‌ലാന്റാ സംസ്കാരവും ലെമൂറിയ (കുമരിഖണ്ഡം) ,ഗോണ്ട്വാന ഭൂഖണ്ഡങ്ങളും മിത്തുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ബൈബിൾ ഉൽപത്തികഥയടക്കം പുരാണേതിഹാസങ്ങളുടെ പ്രധാന പ്രമേയം പ്രളയമാണ്. ഏഷ്യൻ പുരാണങ്ങളിലെല്ലാം ഒരു പ്രളയകഥ കാണാം. മഹാവിഷ്ണുവിന്റെ മത്സ്യാവതാരകഥയോടും ബൈബിളിലെ നോഹയുടെ പെട്ടക കഥയോടും സാമ്യമുള്ള  ബാബിലോണിയരുടെ ഗിൽഗാമിഷിലെ പ്രളയകഥ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന കൃതിയിൽ പ്രൊഫ: കെ.പാപ്പൂട്ടി
പരാമർശിക്കുന്നു :''ലോകത്തിൽ ഏറ്റവും പുരാതനമായ കഥാഖ്യാനങ്ങളിലൊന്നാണ് ഗിൽഗാമിഷ് എന്നു കരുതപ്പെടുന്നു. നിനവേയിൽ നിന്ന് കിട്ടിയ കളിമൺ ഫലകങ്ങളിൽ 12 ഫലകങ്ങളിലായി ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നു. ഗിൽഗാമിഷ് എന്ന യാത്രികന്റെ യാത്രാനുഭവങ്ങളാണതിലെ ഉള്ളടക്കം. 11-ാം ഫലകത്തിലാണ് പ്രളയകഥ പറയുന്നത്. ഗിൽഗാമിഷ് എന്നയാൾ നിത്യജീവൻ ലഭിക്കുന്നതിനു വേണ്ടി തന്റെ പൂർവികനായ ഉത്-നാപിഷ്ടിമിനെ തേടി ദീർഘവും ആപൽക്കരവുമായ ഒരു യാത്ര ആരംഭിക്കുന്നു. നിത്യജീവന്റെ രഹസ്യം ദൈവങ്ങൾ നൽകിയിട്ടുള്ളത്
ഉത്-നാപിഷ്ടിമിനാണ്. ഒരു ദ്വീപിൽ ചെന്ന് ഗിൽഗാമിഷ് തന്റെ പൂർവികനെ കണ്ടുപിടിക്കുകയും രഹസ്യം ചോദിക്കുകയും ചെയ്യുന്നു. ഉത്-നാപിഷ്ടിം ഗിൽഗാമിഷിനോട് പറയുന്നതാണ് പ്രളയകഥ. ബെൽ (ഭൂമി) ദേവൻ ഭൂമിയിൽ പ്രളയം വരുത്താൻ പോകുന്നു എന്നും ഉത്-നാപിഷ്ടിം സ്വന്തം വീടു പൊളിച്ച് ഒരു കപ്പൽ പണിത് ജീവനുള്ള എല്ലാറ്റിന്റേയും വിത്ത് അതിൽ കയറ്റണമെന്നും പാതാളത്തിന്റെ ദേവനായ ഇയാ ഉപദേശിച്ചു. അയാൾ അപ്രകാരം ചെയ്തു. ഏഴു ദിവസം ഇടമുറിയാതെ മഴ പെയ്തു. മഴ തോർന്നപ്പോൾ കപ്പൽ നിസിർ പർവതത്തിനു മേൽ ഉറച്ചിരുന്നു. പ്രളയസ്ഥിതി മനസ്സിലാക്കാൻ ഉത്-നാപിഷ്ടിം ആദ്യം ഒരു പ്രാവിനേയും പിന്നെ മീവൽപക്ഷിയേയും അയയ്ക്കുന്നു. അത് തിരിച്ചുവന്നില്ല. അതിനു ഭക്ഷണം കണ്ടെത്താൻ കഴിഞ്ഞു എന്നും അതുകൊണ്ട് പ്രളയം കഴിഞ്ഞു എന്നും മനസ്സിലായി ഉത്-നാപിഷ്ടിമും കുടുംബവും പുറത്തിറങ്ങി. കുന്തിരിക്കം പുകച്ചും ബലികളർപ്പിച്ചും ദൈവങ്ങളെ സ്തുതിച്ചു. 'സുഖമാസ്വദിച്ചുകൊണ്ട് ദൈവങ്ങൾ പാറ്റകളെപ്പോലെ ചുറ്റും കൂടി' എന്ന് ‘ഗിൽഗാമിഷ് കഥ' പറയുന്നു. (ദൈവങ്ങൾ എന്നതു മാറ്റി യഹോവ എന്നാക്കിയാൽ ബൈബിൾ കഥയായി) ''.

ഓരോ നാഗരികതയും മനുഷ്യവംശഗാഥകൾ നിർമിച്ചു. ഓരോരോ സംസ്കൃതികൾ ദേശാന്തരങ്ങൾ പിന്നിട്ടു. വിവിധ ജനപദങ്ങൾ അന്യോന്യം ലയിച്ചു.ആദാന പ്രദാനങ്ങളിലൂടെ സങ്കര സംസ്കൃതികളുടെ പരമ്പരകളുണ്ടായി. തനതു സംസ്കാരവും സഹസ്രാബ്ദങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സങ്കര സംസ്കൃതിയും ഏതു ദേശത്തും ഉരുത്തിരിഞ്ഞു. ജനപദങ്ങൾ രൂപീകൃതമാകുന്ന ചരിത്രപ്രതിഭാസത്തിന് നമ്മുടെ ദേശവും വിധേയമാകാതിരിക്കില്ലല്ലൊ. പലായനങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയും മാത്രമേ ഇവിടെ ആവാസങ്ങൾ രൂപപ്പെടാവൂ എന്ന ജൈവനിഷ്ഠയൊന്നും പ്രകൃതിയിലില്ലെങ്കിലും ,
ജനിതകശാസ്ത്രത്തിൻ്റെ വികസിത പഠനഘട്ടങ്ങളായ ജീനോമിക് ആന്ത്രോപ്പോളജിപഠനങ്ങൾ ഹോമോസാപ്പിയനുകളുടെ ആദിമ പിറവി മധ്യആഫ്രിക്കയിലാണെന്നുള്ള നിരീക്ഷണങ്ങളിലെത്തിച്ചേർന്നിട്ടുണ്ട്. ആർക്കിയോ ജിനോമിക്സിൻ്റെ അന്വേഷണസാധ്യതകൾക്കു മുമ്പിൽ ഇന്ത്യൻ ഫോസിൽ ലോകം വേണ്ടത്ര തുറയ്ക്കപ്പെടുകയുണ്ടായില്ലെന്ന സത്യം ശേഷിക്കുന്നുണ്ടെങ്കിലും മനുഷ്യ പ്രോട്ടീനുകളെ വിശകലനം ചെയ്ത് വംശവൃക്ഷം നിർമിക്കാമെന്ന ലൂയ്ഗി ലൂക്ക കാവല്ലിസ്ഫോർസയുടെ ആശയപ്രകാരം ലോകമെമ്പാടുമുള്ള മനുഷ്യവംശങ്ങളുടെ പാറ്റേൺ തയ്യാറാക്കപ്പെട്ടു കഴിഞ്ഞു. ഡേവിസ് റീക്ക് ,അലൻ വിൽസൺ തുടങ്ങിയവർ അത്തരമൊരാശയം സാക്ഷാത്കരിക്കാനുള്ള ജീൻസ് പഠനങ്ങളെ കൂടുതൽ സൂക്ഷ്മമാക്കുകയും ജനിതക മ്യൂട്ടേഷൻ നിരക്കുകൾ വിശകലനം ചെയ്തു കൊണ്ട് ഓരോ തലമുറയുടേയും ഏകദേശ കാലഗണനയും നടത്തി. ജീനോം അക്ഷരമാലയുടെ ക്രമീകരണങ്ങളുടെ അന്തരങ്ങളിൽ നിന്ന് വംശഘടനയുടെ പൊരുളുകൾ പകർത്താവുന്നതാണ്. മൈറ്റോ കോൺട്രിയൽ DNA പഠനാ ന്വേഷണങ്ങളുടെ സാഫല്യത്തിൽ നിന്ന് ആദിമ ഹവ്വയേയും ആദത്തേയും നിർവചിക്കാനും മനുഷ്യാരംഭത്തിൻ്റെ മധ്യആഫ്രിക്കൻ ഉറവിടം രേഖപ്പെടുത്താനും ശാസ്ത്രത്തിനു സാധിച്ചിരിക്കയാണ്.  ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടേയും മൈറ്റോ കോൺഡ്രിയൽ DNA ഏകദേശം 160000 വർഷം മുമ്പ് അവിടെ ജീവിച്ചിരുന്ന ഒരു 'ഹവ്വ'യിൽ നിന്നു് ഉത്ഭവിച്ചതാണെന്ന നിഗമനത്തിൽ ചെന്നു നിൽക്കുകയാണ് പഠനം. Y -ക്രോമസോം പിൻതലമുറകൾക്കു ജീവദാനം നൽകിയ ആദിമ ആദവും തുടങ്ങിയത്  ആഫ്രിക്കയിൽ നിന്നു തന്നെ.കാലപ്പകർച്ചയ്ക്കിടയിൽ ലോകത്തിൻ്റെ മറ്റു ആവാസങ്ങളിലും ഇതിൻ്റെ സങ്കരങ്ങളുണ്ടായി.

ഇന്ത്യയിൽ  നിന്നും ലഭ്യമായ പുരാതന ഫോസിലുകളുടെ അനാലിസിസിൻ്റേയും ആന്ത്രോപ്പോളജിക്കൽ, ആർക്കിയോളജിക്കൽ, ലിംഗിസ്റ്റിക്സ്  പഠനങ്ങളുടേയും സഹായത്താൽ തെളിഞ്ഞുവന്ന അനുമാനങ്ങൾ, ശരിയെങ്കിൽ,   ആഫ്രിക്കയിൽ നിന്ന് മധ്യ-പൂർവേഷ്യ വഴി ഇന്ത്യയിലെത്തിച്ചേർന്നവരാണ് ഇവിടെയുള്ള ആദിമ മനുഷ്യർ. ആ പ്രയാണത്തിനിടയിലുള്ള  ജനമിശ്രണങ്ങളെ സംബന്ധിച്ച അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഏകദേശ ധാരണ പ്രബലപ്പെട്ടു വന്നിട്ടുണ്ട്. അനറ്റോളിയൻ (ഏഷ്യാമൈനർ -ഇന്നത്തെ തുർക്കി)ജനവിഭാഗവും ഇറാൻ്റെ പശ്ചിമദേശത്തുള്ള ആദിവാസികളും കലർന്ന പ്രാചീന ഇടയ വിഭാഗം ആവിർഭവിച്ചതാണ് ഒരു ഘട്ടം. പൂർവദേശങ്ങളിലേക്കുള്ള അവരുടെ  പ്രയാണത്തിനിടെ അവർക്കുമേൽ
സ്വാധീനമുറപ്പിച്ച കാക്കസസ് മേഖലയിൽ നിന്നുള്ള കുടിയേറ്റ ശക്തികളുടെ ഇടപെടലാണ് മറ്റൊരു ഘട്ടം.സൈബീരിയൻ ആദിവാസികളുമായും സ്റ്റെപ്പീസ് ഇടയന്മാരുമായുള്ള മിശ്രണങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങളുമുണ്ടാകുന്നു. ആടുമാടുകളിൽ നിന്ന് കുതിരകളെ മെരുക്കിയെടുക്കുന്നതിലേക്കുള്ള  ഉയർച്ച സ്റ്റെപ്പീസ് സ്വാധീനത്തെ യൂറോപ്യൻ - ഏഷ്യൻ പുൽമേടുകളിലാകെ വ്യാപിപ്പിച്ചു. കാലിസമ്പത്തിൻ്റെ മികവിനാലും കാർഷികസാങ്കേതിക പുരോഗതിയാലും നിയോലിത്തിക് കാർഷിക സംസ്കാരത്തിൽ നിന്നും മുന്നേറ്റമുണ്ടാക്കാൻ ആ വിഭാഗത്തെ സഹായിച്ചു.

അതിരുകൾക്കപ്പുറത്തേക്കു കുതിക്കാനും  മേധാവിത്ത മുറപ്പിക്കാനും കുതിരയും രഥവും സമ്മാനിച്ച ചടുലത സ്റ്റെപ്പീസ് വിഭാഗങ്ങൾക്കു (ആര്യന്മാരായി വിശേഷിപ്പിക്കപ്പെട്ടവർ) മുന്നിൽ വഴി തുറന്നു.
യൂറോപ്യൻ ആദിമകർഷകരെ തുടച്ചു നീക്കി അധിനിവേശം സ്ഥാപിച്ചതിൻ്റെ ഘട്ടം കഴിഞ്ഞ് അവർ പിന്നീട് സിന്ധുനാഗരികതയിലുമെത്തി. അവിടെ ഹാരപ്പൻ ജനത അവരുടെ സുവർണയുഗം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കാർഷികവൃത്തിയിലേക്കു കടക്കും മുമ്പുള്ള ഇറാനിയൻ വംശജരുടേയും ആൻഡമാൻ നായാടിവർഗങ്ങളുടെയും ജനിതക - സാംസ്കാരികമുദ്രകൾ  കൂടിക്കലർന്ന ചരിത്രയുഗമാണത്. ഇൻഡസ് സംസ്കാരത്തിൻ്റെ പതനകാലത്ത് അവിടെയുള്ള സമൂഹം ദക്ഷിണേന്ത്യയിലേക്ക്  കുടിയേറി. ആഫ്രിക്കൻ വംശജനിതകത്തോടു നേരിട്ടു സാജാത്യം പുലർത്തുന്ന ആൻഡമാൻ വംശപരമ്പരകൾ , അതേകാലത്ത്  ദക്ഷിണപഥത്തിലധിവസിക്കുന്നുണ്ട്.
 

sreekandapuram

ഹാരപ്പൻ പതനമാരംഭിക്കുമ്പോൾ അവിടെ നിന്ന് പ്രയാണം ചെയ്ത് ദക്ഷിണേന്ത്യയിൽ വ്യാപിച്ചവരെയാണ് ഗവേഷകർ ASI (Ancestral south India)  എന്ന   ദക്ഷിണേന്ത്യൻ പൂർവികരുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നത്. ആദിമ ഇന്ത്യൻ പൈതൃകവും മധ്യ-പൂർവേഷ്യൻ കാർഷിക പാരമ്പര്യവുമുള്ള, ആര്യസമ്പർക്ക മൊട്ടുമില്ലാത്ത 'ഇൻഡസ് പെരിഫെറി ' എന്നു നാമകരണം ചെയ്യപ്പെട്ട ഈ വിഭാഗം  ഇന്ത്യയൊട്ടാകെ വ്യാപിച്ചു, അവരുടെ ഭാഷകളും ഇന്തോ- യൂറോപ്യൻ ഭാഷകൾക്കു മുമ്പേ ഇവിടെ  പ്രചരിച്ചു. ഇവർ  യാമ്നായ സംസ്കാരത്തിൻ്റെ പാരമ്പര്യമുള്ള സ്റ്റെപ്പീസുമായി  ചേർന്നുണ്ടായ ജനവിഭാഗമാണ് വടക്കേന്ത്യൻ പൂർവികരായി മാറിയവരിൽ മുഖ്യം. അവരാണ്  ANI  ( Ancestral north India) ഗണത്തിലും പെടുന്നത്. ANI, ASI മിശ്രണത്തിലൂടെയാണ് പൊതുവെ ഇന്ത്യയിൽ ഇന്നു കാണുന്ന മനുഷ്യവിന്യാസമുണ്ടായിരിക്കുന്നത്. ദശലക്ഷങ്ങളിലെ സങ്കരാനന്തര ജീവഘടനയെ മുൻനിർത്തി താരതമ്യപ്പെടുത്തുമ്പോൾ ഈ നിഗമനത്തെ ശരിവയ്ക്കുന്നത് തെറ്റാവുകയില്ല. അതേ സമയം അപ്പാടെ തുടച്ചു നീക്കപ്പെട്ടേക്കാവുന്ന യുഗാന്തരവംശങ്ങളുടെ സാധ്യതയെപ്പറ്റി കണിശമായി ഒന്നും നമുക്ക് വിധിക്കാനാവില്ല. പ്രത്യേകിച്ചും ശൈത്യഖണ്ഡങ്ങളിലെന്നപോലെ  പുരാതനഫോസിലുകൾ മറ്റിടങ്ങളിൽ അവശേഷിക്കണമെന്നില്ല. ജനിതകമായ പിന്തുടർച്ചയുടെ  കൊടുക്കൽ വാങ്ങലുകൾക്കപ്പുറം പ്രകൃത്യാ സമാനതകളുടെ  പ്രതിഭാസങ്ങൾ നിറഞ്ഞ ജീൻമാതൃകകൾ  സംബന്ധിച്ച  ആശയങ്ങളോ, നിഗമനങ്ങളെ പാടെ അട്ടിമറിക്കാൻ വിധം ചരിത്രസാമഗ്രികളുടെ പുത്തൻകണ്ടെത്തലുകളോ ഉണ്ടാവുന്നതു വരെ മനുഷ്യവംശത്തിൻ്റെ മധ്യ ആഫ്രിക്കൻ ഉൽപത്തി സിദ്ധാന്തത്തെ ഗൗനിക്കേണ്ടതുണ്ട്. അതേസമയം , കദംബമുകുളന്യായപ്രകാരം (കടമ്പു മരത്തിന്റെ എല്ലാഭാഗത്തും ഒരുമിച്ചാണു മൊട്ടുണ്ടാകുന്നത്.)
മനുഷ്യന്റെ പരിണാമഘട്ടത്തിൻ്റെ  ആദിമക്രിയ നമ്മുടെ ഭൗമ പരിധിയിലും  സംഭവിച്ചിട്ടുണ്ടാകാമെന്ന നിരീക്ഷണങ്ങളെ അപ്പാടെ തള്ളിക്കളയുന്നതും ഉചിതമല്ല. എവിടേയും തനതു പ്രാണഘടനയുടെ ആവിർഭാവമുണ്ടാകാം. മനുഷ്യൻ്റെ കാര്യത്തിൽ മാത്രമല്ല, മറ്റു പ്രാണി കുലങ്ങളുടെ കാര്യത്തിലായാലും പരിണാമപാഠത്തിൻ്റെ പ്രാരംഭവും പിന്തുടർച്ചയും ഏതു വിതാനങ്ങളിലുമാവാം. മനുഷ്യ സമൂഹത്തിൻ്റെ ആഗോളതലത്തിലുള്ള വംശസഞ്ചാരപഥം മറ്റു ജീവികളുടെ കാര്യത്തിൽ സംഗതമാകുന്നതാണോ? വംശങ്ങളുടെ  വളർച്ചയും വികാസവും ദേശപരിണാമങ്ങളും അധികാര രൂപീകരണങ്ങളും തുടർച്ചകളും സംഭവിക്കാം. ജീവൻ്റെ രാശികളുടെ ഉദയവും അസ്തമയവും ഏതു തെളിവിലും അവശേഷിപ്പിക്കാതെ കടന്നു പോയിരിക്കാം.മനുഷ്യപ്പിറവിയുടെ
മധ്യആഫ്രിക്കൻസിദ്ധാന്തത്തിൻ്റെ പരിധിയിൽ നിന്ന് പുറത്തേക്ക് അന്വേഷണം തുറക്കപ്പെട്ടേക്കാം.

ജനിതക വൈവിധ്യപഠനത്തിൽ നിന്ന്,   ഇന്ത്യയുടെ വടക്കും തെക്കും  കൂടിക്കലർന്നതിൻ്റെ രണ്ടായിരം വർഷത്തെ രേഖപ്പെടുത്തുക  മാത്രമല്ല, ദക്ഷിണപഥത്തിലേക്ക് വടക്കേന്ത്യൻ ജനവിഭാഗങ്ങൾ  വന്നെത്തുന്നതിനും നാലായിരം വർഷം മുമ്പേ ദ്രാവിഡഖണ്ഡത്തിൽ ജനവാസമുണ്ടായിരുന്നതായും തെളിയുന്നു. ഇവിടുത്തെ ജനസമൂഹത്തിൻ്റെ അതിപ്രാചീന വേരുകൾ പ്രധാനമായും ഗോത്രബന്ധിതമാണ്. നാഗന്മാർ,കാട്ടുനായ്ക്കർ, ചോലനായ്ക്കർ, മലമ്പണ്ടാരങ്ങൾ, ഊരാളികൾ, കാടർ, വേടർ, കുറുമ്പർ, അരനാടർ, മുടുഗർ, തോടർ, പളിയർ എന്നിങ്ങനെയുള്ള ഗോത്ര വിഭാഗങ്ങളായിരുന്നു ഭാരതത്തിൻ്റെ ആദിമജനത. പല ചരിത്ര ഘട്ടങ്ങളിലായി മധ്യേഷ്യയിൽ നിന്ന് ഇന്ത്യൻ ഭൂഭാഗങ്ങളിലേക്ക് കുടിയേറിയവരാണ് അതിൽ മുഖ്യധാര. ഇവരുടെ കുടിയേറ്റത്തിനു മുമ്പേ ഇവിടെ ആവിർഭവിച്ച് ജീവപരമ്പരകൾക്കു ശേഷം തിരോഭവിച്ച മനുഷ്യവംശങ്ങളുമുണ്ടായിരിക്കാം. ലോകത്തിൻ്റെ പല ഭാഗങ്ങളിലെന്നപോലെ ഇവിടേയും പ്രാങ് - നിഗ്രിറ്റോയിഡ് വംശം ആവിർഭവിക്കാനും രൂപപരിണാമങ്ങൾക്കു വിധേയമാകാനും ഒരു പക്ഷെ തിരോഭവിക്കാനുമുള്ള ജൈവസാധ്യത കണക്കിലെടുക്കാവുന്നതാണ്.അതോടൊപ്പം ഹിമയുഗ കാലഘട്ടത്തിൽ തെക്ക്-പടിഞ്ഞാറൻ ഏഷ്യയിലും കിഴക്കൻ ആഫ്രിക്കയിലും രൂപപ്പെട്ട പ്രോട്ടോ ആസ്ത്രലോയ്ഡ് വംശത്തിൻ്റെ കടന്നുവരവും ഉണ്ടായിട്ടുണ്ട്. വിവിധ സാമൂഹ്യ സംസ്കാരങ്ങളുടെ രൂപീകരണവും വികാസവും മാനവ സംസ്കൃതിയെ മുന്നോട്ടു നയിച്ചു.  ഇവിടുത്തെ ആദിമനിവാസികൾ ഗോണ്ട്വാന എന്ന ഭൂപ്രദേശം കടലെടുത്തപ്പോൾ രക്ഷപ്പെട്ടു പോയ പ്രാങ് - നിഗ്രിറ്റോയ്ഡ് വംശ
ത്തിൻ്റെ പിന്മുറക്കാരാണെന്ന അഭിപ്രായം ചരിത്രകാരന്മാർക്കിടയിൽ ശക്തമാണ്. ഭൂവിജ്ഞാനീയ പഠനങ്ങൾ ചൂണ്ടുന്നത് :ഇന്നത്തെ ആഫ്രിക്കൻ - അറേബ്യൻ -ആസ്ത്രേലിയൻ കരഭാഗങ്ങൾ ഒറ്റ വൻകരയായി കിടന്നിരുന്നുവെന്നാണ്. അങ്ങനെയൊരു പശ്ചാത്തലം പരിഗണിച്ചാൽ, നമ്മുടെ ആദിമജനതയുടെ നിഗ്രിറ്റോ - പ്രോട്ടോ ആസ്ത്രേലിയൻ - മെഡിറ്ററേണിയൻ ബന്ധം നിർണയിച്ചെടുക്കാൻ പ്രയാസമില്ല .

അറ്റ്ലാൻ്റാ ,ലെമൂറിയ *, കുമരികണ്ടം, ഗോണ്ട്വാന എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളിലെ ഭൂഖണ്ഡങ്ങളെപ്പറ്റിയും അവയുടെ തകർച്ചയെപ്പറ്റിയും വിവിധ നാഗരികതകൾ മാറിമാറി വന്നതിനെക്കുറിച്ചും നമ്മുടെ ഐതിഹ്യവും പുരാവൃത്തങ്ങളും നാട്ടു വിജ്ഞാനങ്ങളും പ്രതിപാദിച്ചതായി കാണാം. വിവിധ നരവംശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുക, ഒറ്റ നരവംശം ലോകമെമ്പാടും വ്യാപിക്കുക;ഈ രണ്ടു രീതിയിലുമുള്ള മനുഷ്യ വികാസങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ഇതു രണ്ടും നമ്മുടെ ദേശത്തിനും ബാധകമാണ്. അങ്ങനെയെങ്കിൽ നരവംശോൽപത്തിയുടെ ഉറവിടപ്പട്ടികയിൽ പശ്ചിമഘട്ട മലനിരകളിലെ താവളങ്ങളും പെടും. മഹാശിലായുഗം തൊട്ടേ മനുഷ്യൻ ആവാസമുറപ്പിച്ചതിൻ്റെ പൂർവ അടയാളങ്ങൾ പതിഞ്ഞതാണ് നമ്മുടെ മലമ്പ്രദേശങ്ങൾ .ഇന്ന് ആദിവാസികളായി മലമടക്കുകളിൽ പാർക്കുന്നവരുടെ പൂർവഗാമികളിലൂടെയാണ് മനുഷ്യ പരിണാമത്തിൻ്റെ മുഖ്യധാര നീണ്ടു കിടക്കുന്നതെന്നു വ്യക്തം. ആധുനിക മനുഷ്യൻ്റെ യഥാർഥ പൂർവികരായ ഹോമോസാപ്പിയൻസിൽ നിന്ന് പതിനായിരക്കണക്കിന് വർഷങ്ങളിലൂടെ പരിഷ്കൃതിയുടെ പടിവാതിലിലേക്ക് പണിത ജനിതക പാത മറ്റൊന്നുമല്ല.

വ്യത്യസ്ത സാമൂഹിക പാരമ്പര്യങ്ങളിലൂടെയാണ് ആദിമനിവാസികൾ വികാസം പ്രാപിച്ചു വന്നത്. വേട്ടയാടുന്നവരും നാടോടികളും കാർഷികവൃത്തിയെ അവലംബിക്കുന്നവരുമുൾപ്പെടെ നാനാ ജീവിത ദിശകളിൽ ചരിച്ചവർ . അതനുസരിച്ചുള്ള സാംസ്കാരിക വൈവിധ്യങ്ങളും പ്രകടമാണ്. ദ്രാവിഡരുമായി ശരീര ഘടനാസാദൃശ്യമുള്ള ആദിമവിഭാഗങ്ങളുമുണ്ട്. ദ്രാവിഡരും ആഫ്രിക്കൻ - യൂറേഷ്യൻ ജനതയുമായുള്ള ഭാഷാപരമായ ബന്ധത്തിൽ പര്യവേക്ഷണം നടത്തിയ ആന്ത്രോപ്പോളജിസ്റ്റ് ഡോ: ക്ലൈഡ് വിൻഡേഴ്സ് എത്യോപ്യക്കാർക്ക് ഇന്ത്യക്കാരുമായുള്ള  അടുത്ത ബന്ധത്തെ നിരീക്ഷിക്കുന്നുണ്ട്. എത്യോപ്യക്കാരെ  നാഗ എന്നാണ് വിളിച്ചിരുന്നത്. പുരാതന കാലഘട്ടത്തിലെ ഇന്ത്യയിലെ നാഗവംശത്തിൻ്റെ പ്രാബല്യം കണക്കിലെടുത്താൽ ഈ മൂലഘടന നിഷേധിക്കാനാവില്ല. ഇന്ത്യ, ശ്രീലങ്ക, ബർമ എന്നിവയുടെ ഭൂരിഭാഗവും ഭരിച്ച വലിയ നാവികരായിരുന്നു നാഗ. മധ്യ ആഫ്രിക്കയിലെ കാമറൂണിൽ ഇപ്പോഴും തമിഴ് സംസാരിക്കുന്നവർ ഉണ്ട്.  രണ്ട് എഴുത്തുരീതികളിലുമുള്ള എത്യോപ്യൻ - ദ്രാവിഡ സാദൃശ്യത്തെ വില്യം ജോൺസ് വിശദീകരിക്കുന്നുണ്ട്.

നേപ്പാളിലെ നേവർമാരുമായി കേരളത്തിലെ 'നായർ 'ജനവിഭാഗത്തിനുള്ള സാമ്യതയെപ്പറ്റി വി. ഫെർഗൂസൺ ഇപ്രകാരം പറയുന്നു: “സ്ത്രീകളുടെ ചാരിത്ര്യത്തെപ്പറ്റി പ്രത്യേകമായുള്ള ധാരണകളും അതോടൊന്നിച്ചു ശില്പകർമങ്ങളും അന്യസംഗതികളും വച്ചുനോക്കുമ്പോൾ മലബാറിലെ നായന്മാരും നേപ്പാളത്തിലെ നേവാരന്മാരും തമ്മിൽ ദേശീയമായ ഒരു ഐക്യത കാണുകയും ഇന്ത്യയിൽ വേറെ രണ്ടു ദേശക്കാർ തമ്മിൽ ഇത്ര ചേർച്ച കാണാതിരിക്കയും ചെയ്യുന്നു. പേരുകളുടെ സാമ്യത്തിൽ എന്തെങ്കിലും ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. എന്നാൽ ശില്പകർമങ്ങളിലും ആചാരമര്യാദകളിലും വി‌ശിഷ്യാ ഒരു യോജിപ്പുണ്ടെന്നു ഞാൻ സ്ഥൈര്യമായി വിശ്വസിക്കുന്നു.”

ആദിമലനാടിൻ്റെ ജനിതകപൗരാണികതയിലേക്ക് വെളിച്ചം വീശുന്ന ആർക്കിയോ ജിനോമിക്സ് അന്വേഷണങ്ങൾ  കൃത്യമായി സഫലീകരിക്കാത്തതുകൊണ്ട് വംശവൃക്ഷത്തിൻ്റെ വേരുകൾ സൂക്ഷ്മമായി ഇനിയും വരച്ചെടുക്കാനുണ്ട്. അതേസമയം പുരാതന ഭൗതിക സൂചകങ്ങൾ ചരിത്രാന്വേഷണത്തിൻ്റെ വഴി തുറന്നു തരുന്നുണ്ട്. തെക്കേ ഇന്ത്യയിലെ നിയോലിത്തിക് കാലം ക്രി.മു. 10000 മുതൽ - ക്രി.മു 3500 വരെയാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മലയാറ്റൂരിനും കാലടിക്കുമിടയിലൂടെ ഒഴുകുന്ന  പെരിയാറിൻ്റെ ചെറിയ പോഷകനദിയായ കൊറ്റമംതോടിൽ നിന്ന് കിട്ടിയ കല്ലുളികൾ നവീന ശിലായുഗത്തിൻ്റെ പഴക്കം( 5000 മുതൽ  10000 വരെ) വെളിപ്പെടുത്തുന്നു. വിദൂരദേശങ്ങളുമായുള്ള ബന്ധത്തിനും  അതിപുരാതനമായ പഴക്കമുണ്ട്. ആ ബന്ധത്തിന് 
പിന്നീടുടലെടുത്ത  വാണിജ്യ സ്വഭാവമാണോയെന്നു വ്യക്തമല്ല. വസ്തുക്കൾ പരസ്പരം കൈമാറുന്നതിന് കച്ചവടത്തിൻ്റെ കണക്കു പറച്ചിലുണ്ടാകുന്ന പ്രകൃതത്തിനു മുമ്പെ പ്രാഥമികമായ ബന്ധം സ്ഥാപിക്കുന്നതിൻ്റെ ലക്ഷണങ്ങളേ കാണൂ. സ്വത്തുടമാബോധം കൈവരും മുമ്പുള്ള കാലമാണത്. അത്തരമൊരു പുരാതന കാലത്തിൻ്റെ അടയാളമാണ്  ബാബിലോണിലെ എറിഡുവിൽ നിന്ന് പുരാതത്വ ഗവേഷകർക്ക് ലഭിച്ച തേക്ക് . മറ്റൊരു ലോകത്തു നിന്നും ലഭ്യമല്ലാത്ത, ഈ മലങ്കാടിൻ്റെ മാത്രം സമ്പത്താണ് അക്കാലത്ത് അത്.

sreekandapuram

ശ്രീകണ്ഠപുരം ആധാരമായ ഒരു ഭൂദേശത്തിൻ്റെ പൊതുദൃശ്യം മലനിരകളുടേതാണ്. മലമ്പ്രദേശങ്ങളെന്നാൽ , പാടെ കൊടുംവനങ്ങളെന്ന കാഴ്ചപ്പാടല്ല. വന്യപ്രകൃതി കാലക്രമേണ തെഴുത്തുകൊഴുത്തതാകാം. മുഖച്ഛായ മാറി മാറി വരും. പർവതശിഖരങ്ങൾ പൊതുവെ തെളിഞ്ഞ ഭൂപ്രദേശമായിരിക്കും. അതിപ്രാചീന കാലത്ത് അറബിക്കടൽ സഹ്യനിരകളോടു ചേർന്നുകിടന്നിരുന്നതായി ഭൂപഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ പോലെ വിസ്തൃതമായ തീരദേശമോ ഇടനാടോ അന്നുണ്ടാവില്ല. അതുകൊണ്ടാവാം കേരളത്തിൽ ആദിമനിവാസികളുടെ ആവാസ സങ്കേതങ്ങൾ പൂർണമായും മലമ്പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചത്. വയനാട്, നിലമ്പൂർ, അട്ടപ്പാടി, ഇടുക്കി തുടങ്ങി ആദിവാസികേന്ദ്രിത മേഖലകളെല്ലാം പശ്ചിമഘട്ട പർവതനിരകളോടു പറ്റിച്ചേർന്നു കിടക്കുന്നു. മനുഷ്യവാസത്തിൻ്റെ ആദിമ ഉറവിടം മലമേടുകളാണ്. താഴ് വരകളിലേക്കുള്ള ആഗമനം തുടർകാലത്താണ്. കൂട്ടുചേരലിൻ്റെ വർധനവും അതിനനുസരിച്ചുള്ള ജലത്തിൻ്റെ  ആവശ്യവും അതിലേക്കു നയിക്കുന്നു. പുറമെ നിന്നും കുടിയേറി വരുന്നവർക്കു മുന്നിലും പർവതനിരകളാണ് പാതകൾ. അങ്ങനെ വന്നെത്തുന്നവരുടെ പ്രയാണവും മലമ്പ്രദേശങ്ങളിലെത്തി അവസാനിച്ചു. അതിനു ശേഷം ഭൂമിയില്ല.  ഗോത്രവിഭാഗങ്ങളായ കുറിച്യർ, കുശവർ, അടിയാർ, ചെട്ടികൾ എന്നിവരൊക്കെ അങ്ങനെ മറ്റിടങ്ങളിൽ നിന്നുമെത്തിപ്പെട്ട്  നമ്മുടെ മലമടക്കുകളിൽ തമ്പടിച്ചവരാണ്.

ഈ മലനാടിൻ്റെ  പ്രാചീനആവാസ മേഖലയെക്കുറിച്ച് വസ്തുതാ പഠനങ്ങൾ വളരെയൊന്നും പുരോഗമിച്ചിട്ടില്ലെങ്കിലും പൊതു ചരിത്ര സാഹചര്യങ്ങളിൽ നിന്ന് ചില നിഗമനങ്ങളിലെത്താവുന്നതാണ്:
- മലനാട് ,മലയാളം, മലനാട്ടുരാജ്യം, മലൈനാട്, മലയമനാട് എന്നൊക്കെ നാട്ടുവിജ്ഞാനീയങ്ങളിൽ ഈ ദേശം പരാമർശിക്കപ്പെട്ടിട്ടുണ്ട്. 'കേരള'മെന്ന് ആദികാലത്ത് അടയാളപ്പെട്ടിരുന്ന ദേശത്തിന്റെ പരിധിയോടു പൊരുത്തപ്പെടുന്നതല്ല ഇതിൻ്റെ ദേശഘടന. കുറിച്യരുടെ 'മരമായ പാട്ടി'ലും 'മലമയുടെ കഥ' യെന്ന പുരാതന (പാഠക്കവിത) കാവ്യത്തിലും മരക്കലം തോറ്റംപാട്ടിലും സംഘംകൃതികളിലുമൊക്കെ ഈ നാടിൻ്റെ ഭൂതലദൃശ്യങ്ങൾ വർണിക്കപ്പെടുന്നുണ്ട്.
'' ഭൂമിദേവിയുണ്ട്
  തെക്കു താൻ മടിയും വച്ച്,
  തൃക്കാൽ വടക്കു നീട്ടി,
  വയറുകടലാക്കി,
  മുതുകു മലയാക്കി,
  എടം ചരിഞ്ഞുറയ്ക്കുന്നല്ലൊ
  മലനാട്ടുരാജ്യത്തുങ്കൽ "

ആദിമലനാടിൻ്റെ ഭൗമദൃശ്യം  വ്യക്തമായി ചിത്രീകരിക്കുന്ന വരികളാണിത്. കുണ്ഡോറച്ചാമുണ്ഡിയുടെ തോറ്റത്തിൽ കാണാം:
''ഇനി തുളുനാടുപേക്ഷിച്ചു മലനാട്ടേക്ക്
പോകണമെന്നു കല്പിച്ചു ചാമുണ്ണി ''.
തുളുനാടിൻ്റെ അയൽദേശമായി
മലനാടിനെ അടയാളപ്പെടുത്തുകയാണ്. തുളുനാട്ടിലെ കുണ്ഡോറദേശത്ത് സ്ഥാനീയപ്പെട്ട ദാരികാന്തകിയാണ് കുണ്ഡോറച്ചാമുണ്ഡി. അസുരകാലൻ ദൈവ (അസ്രാളൻ തെയ്യം)
ത്തിൻ്റെ പുരാവൃത്തത്തിൻ്റെ പ്രധാന ഭാഗം ആര്യനാട്ടിൻ്റെ രാജകുമാരിയുടെ ആദിമലനാടിലേക്കുള്ള സമുദ്രയാത്രയാണ്.മരക്കലത്തിൻ്റെ അമരക്കാരനാണ് അസ്രാളൻ . ആര്യനാട്ടിൽ നിന്നും യാത്ര തിരിച്ച പൂങ്കന്നിയും സംഘവും മലനാടിൻ്റെ പടിഞ്ഞാറേ അതിർത്തിയായ ഏഴിമലയാണ് ലക്ഷ്യമിട്ടത്. ആദിമലനാടിൻ്റെ ഏതോ മലനിരകളിൽ ഏഴാമതായി ഏഴിമലയെ എണ്ണുന്നു. ആഴിയിൽ എഴുന്നു നിൽക്കുന്ന മല ഏഴിമല എന്നു നിരീക്ഷിച്ചവരുണ്ട്. ഏതു മലയും നിരപ്പിൽ നിന്ന് എഴുന്നു നിൽക്കുന്നതാണ്. വാസ്കോഡി ഗാമയുടെ നാവികർ, അവർ യാത്ര തിരിക്കും മുമ്പുതന്നെ ഗാമയോട് 'കണ്ണനൂർ രാജാധിപത്യത്തിലെ കടലോരത്തിൽ ഒരു വലിയ മല കാണാ'മെന്നു പറഞ്ഞിരുന്നു. ദെലിയെല്ലി എന്നാണ് തദ്ദേശീയർ വിളിക്കുന്നതെന്നും സഞ്ചാരികൾ പറഞ്ഞു.എലികളുടെ ബാഹുല്യം കൊണ്ടാണ്  'മൗണ്ട് ദെലി' എന്നു വിളിക്കുന്നതെന്നും അവർ കേട്ടിരുന്നത്രെ. സംസ്കൃതഭാഷയുടെ കാലത്ത് സപ്തശൈലമെന്ന പേരു പതിഞ്ഞു. സംഘകൃതികൾ പ്രതിപാദിച്ചത്
ഏഴിൽമലയെന്നാണ്. 'കേരള മാഹാത്മ്യം' ഏഴുമലയെന്ന് പരാമർശിക്കുന്നു. പൂർവ ദ്രാവിഡ ഭാഷയിൽ ഏഴ് എന്ന പ്രയോഗമില്ല. എണ്ണുന്നത് 'എരു '(eru) *⁴ എന്നാണ്. 'എരു' എന്നതിൻ്റെ അടിസ്ഥാനം ഉദിക്കുകയെന്ന ആശയമാണ്. സൂര്യൻ  പ്രതീകമാകുന്നു.ശിവനെന്ന  സങ്കല്പത്തിൻ്റെ പ്രഭവവും അവിടെയാണ്.സപ്തൻ എന്ന പര്യായം ശിവൻ്റേതാണ്. സപ്തശൈലം എന്ന നാമകരണം ശിവനുമായി ബന്ധപ്പെട്ടാണ്.
''ഏഴുമല പുരളിമല കണ്ടു ദൈവം
പുരളിമല ചിത്തിര പീഠം കണ്ടു''
മുത്തപ്പൻ തോറ്റത്തിൽ കുന്നത്തൂർ ആരൂഢ സ്ഥാനത്തു നിന്നും പുരളി മലയിലേക്കുള്ള യാത്ര മാണിപ്പറമ്പ് ,ഓണപ്പറമ്പ് ,പുന്നാട് ,മുരിങ്ങോട്, പടന്നോട്ട്, മുഴക്കുന്ന് എന്നിവിടങ്ങളിലൂടെ ചെന്നെത്തുന്നത് പുരളിമലയിലെ 'ചിത്രവട്ടം' എന്ന സ്ഥലത്താണ്. അതിനിടയിൽ ഏഴിമല പിന്നിടുന്നില്ല . ഇവിടെ ആ പ്രയോഗം ഏഴുമലകളിലൊന്നായ പുരളിമല എന്ന സൂചനയാണ്. ഏഴ് എന്നതൊരെണ്ണമല്ല, ശൈവപ്രഭവമാണ്. ഇതിഹാസങ്ങളെ ഗണിത സൗന്ദര്യത്തോടു ബന്ധിപ്പിക്കുന്ന ഒരു ഭാവാത്മകമായ സംഖ്യയാണ് ഏഴ്. നക്ഷത്ര ലോകത്തെ സപ്തർഷികളെ ആധാരമാക്കിയാണ് ആ സങ്കല്പം.
നക്ഷത്രങ്ങളുൾപ്പെടെ ഏതിനേയും ചൂണ്ടിക്കാട്ടുന്ന മനുഷ്യൻ്റെ ഏഴാംവിരലിൽ നിന്നാവണം യഥാർഥ തുടക്കം. രാമായണം അയോധ്യാകാണ്ഡത്തിൽ ശ്രീരാമനെ കാത്ത് ഭരതൻ അഗ്നിപ്രവേശനത്തിനു മുമ്പ് ഏഴു പ്രദക്ഷിണമാണ് നിശ്ചയിച്ചത്. പയ്യന്നൂർ പവിത്ര മോതിരം ഏഴിനങ്ങളിലായിട്ടാണുണ്ടാക്കുന്നത്. ഏഴി എന്ന തമിഴ് പദം സ്വർണത്തെ സൂചിപ്പിക്കുന്നു. ഏഴിലംപാല തൊട്ട് ഏഴാംകടൽ വരെ ആ ഭാവം പരയ്ക്കുന്നു. പാർസിഐതിഹ്യം ഭൂമിയെ ഏഴു ഭാഗങ്ങളായി തിരിക്കുന്നു. ആധുനിക ഭൂപടവും ഏഴ് വൻകരകളാണ്. പുരാണങ്ങൾ പാതാളത്തെ
ഏഴായി വിഭജിക്കുന്നു. അഗ്നിപുരാണം സപ്തദ്വീപുകൾ ചിത്രീകരിക്കുന്നു. സപ്തകുലപർവതം, ഏഴുകുന്ന്(കിള്ളാനദിക്കരയിൽ - കേരളോൽപത്തി), ഏഴുമലകൾ ( തദ്ദേശവാസികളുടെ വിശ്വാസത്തിൽ ഏഴു മലകളിലൊന്നാണ് വൈതൽമല ) തുടങ്ങിയ പ്രതിപാദ്യങ്ങളും എണ്ണം കൃത്യമായി പാലിക്കണമെന്നില്ല. ആ പ്രമാണം ഭാഷയിൽ ധ്വനിച്ചത്  തിരുവള്ളുവരുടെ തിരുക്കുറളിൽ കാണാം.കുറൾ തമിഴിലെ ഏറ്റവും ചെറിയ വൃത്തത്തിൻ്റെ പേരാണ്. ഓരോ കുറളും ഏഴു പദങ്ങളാണ്. ഏഴിൻ്റെ ഇന്ദ്രജാലം തെക്കൻ കരിയാത്തൻ തോറ്റത്തിൽ നോക്കൂ:
''ഞങ്ങൾക്കൊരു നേരത്തെ ,
കഞ്ഞിയമൃതേത്തിന്  അരി വേണ്ടി ക്കിലോ,
ഏഴാന പേറി വന്നോ രരിയുണ്ടായാലും പോരല്ലോ,
ഞങ്ങൾക്കൊരു നേരത്തെയെണ്ണ തേക്കേണ്ടിക്കിലോ,
ഏഴു പാടത്തിലെ എണ്ണയായാലും പോരല്ലോ,
ഞങ്ങൾക്കൊരു നേരത്തെ അത്തു തേയ്ക്കണമെങ്കിലോ,
ഏഴുമലയിലെ അത്തു താളിയുണ്ടായാലും പോരല്ലോ,
ഞങ്ങൾക്കൊരു നേരത്തെ ഈർമൻ പകരണമെങ്കിലോ,
ഏഴു തെരുവില കൂറയുണ്ടായാലും പോരല്ലോ.''
ദാരികനുമായുള്ള കാളിയുടെയുദ്ധം ഏഴു രാവും ഏഴു പകലുമാണ്.
ഏഴു ദിനങ്ങൾ ചേർന്ന് ഒരു വാരമുണ്ടായി.
ഏഴിൻ്റെ  വിസ്മയിപ്പിക്കുന്ന പരിപ്രേക്ഷ്യത്തിൻ്റെ  അനേകം സാക്ഷ്യങ്ങളുണ്ട്.

മൂഷികവംശാധിപത്യത്തിനു മുമ്പേയുള്ള മലനാടുകളുടെ ദേശയോജനയിലെ മുഖ്യമായ ഒരു പംക്തിയാണ് ആദി മലനാട്.മലകൾ എന്നത് നാടുകളുടെ പര്യായമായി പരാമർശിക്കാവുന്നത്രയും അതിപ്രാചീനമായ   പശ്ചാത്തലം അന്നത്തെ ദേശരൂപങ്ങൾക്കുണ്ട്. കേരളത്തെ മുൻനിർത്തി പരിശോധിച്ചാൽ മലമ്പ്രദേശങ്ങൾ മാത്രമാണ് അന്നത്തെ നാട്. ബാക്കി ഭാഗം സമുദ്രത്തിനടിയിലാണല്ലൊ. കൊല്ലിമല, പറമ്പുമല ,കുതിരമല അതിയമാൻമല, വെങ്കിടമല , കൊങ്ങുമല, ആയിരമല, തുടങ്ങി മലനാടുകളുടെ പട്ടിക നീളും. ചേരസാമ്രാജ്യം, ആയ് രാജ്യം, ഏഴിമല രാജ്യം എന്നിവയുടെ രൂപീകരണവും പാട്ടുകളിൽ പരാമർശിക്കപ്പെടുംവിധമുള്ള  അതിയമാൻ നാട് ,കുതിരമല, കൊല്ലിമല, പറമ്പുമല, മലയമനാട് തുടങ്ങിവയുടെ ഉത്ഭവ ചരിത്രവും വികാസവും വസ്തുനിഷ്ഠമായി അറിയാനുള്ള അന്വേഷണങ്ങൾ അധികമൊന്നും നടന്നിട്ടില്ല. ഏഴിൽമലരാജ്യം പശ്ചിമതീരത്തോടു ചേർന്നു നിൽക്കുന്ന ചെറിയൊരു നാടോ,കൊൻകാനം, തുളുനാട്, വയനാട്, നിലമ്പൂർ, കുടക്, നീലഗിരി,കോയമ്പത്തൂർ വരെ ഉൾക്കൊള്ളാനാവുന്ന വിസ്തൃതമായ മലനാടോ ആവാം.

ഏഴിമലയ്ക്ക് തൊട്ടടുത്തുള്ള കാട്ടുദേശമാണ് കൊൻകാനം. കൊങ്കണമെന്ന് തീരത്തോടടുത്ത  കുന്നിൻ തലങ്ങളെ ഇന്നും വിളിക്കുന്നുണ്ടല്ലൊ.ഗംഗവംശവുമായി ബന്ധപ്പെടുത്തുന്ന കൊങ്ങുകളുടെ കാടുമാവാം കൊങ്കണം. ഗംഗവംശസ്ഥാപകനായ മാധവൻ സ്ഥാനാരോഹണ സമയത്ത് കൊങ്കണി വർമൻ എന്ന ബിരുദം സ്വീകരിച്ചതായി 'കേരളത്തനിമ'യിൽ (പേജ്:414) ഡോ: ആർ.ഗോപിനാഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്.ഗംഗയും കൊങ്ങും പര്യായങ്ങളാണെന്നും മൈസൂർ രാജാക്കന്മാർ കൊങ്ങു രാജാക്കന്മാരാണെന്നും ലോഗനും അഭിപ്രായപ്പെടുന്നു.
(കോയമ്പത്തൂർ ,ഈറോഡ്, സേലം, കരൂർ, നാമയ്ക്കൽ ഉൾപ്പെടുന്ന ദേശമാണ് കൊങ്ങുനാട് ആയി അറിയപ്പെട്ടിരുന്നത് ) ഇന്ത്യയുടെ ദക്ഷിണമേഖല , പ്രത്യേകിച്ചും
തമിഴകത്തിൻ്റെ ഭൂപടം ചേര, ചോള, പാണ്ഡ്യ എന്നീ മൂന്നൂ രാജധാനികൾക്കു കീഴിലാവുന്നതിനു മുമ്പ് പതിമ്മൂന്നു നാടുകളായി  ഭാഗിക്കപ്പെട്ടതായുള്ള  ചരിത്രവിവരണമുണ്ട്.
പാണ്ടി, തെൻപാണ്ടി, കൂട്ടം, കുടം, കർക്കാ, വേൺ, പൂഴി, പൻറി, അരുവാ, അരുവാവടത്തലൈ, ശിതം, മലനാട്, പുനനാട് എന്നിവയാണവ. ഇതിൽ കൂട്ടം (കുഴിപ്രദേശം), കുടം (ചതുരക്കള്ളി), വേൺ (അഥവാ വേൾ = മണ്ണുള്ള നാട്), പൂഴി, കർക്കാ ( കൽപ്രദേശം) എന്നീ അഞ്ചു നാടുകൾ കൂടിച്ചേരുന്നതാണ്  ചേരരാജ്യം.ഇവ യഥാക്രമം കുട്ടനാട് ,കുടനാട്, വേണാട്, പൂഴിനാട്, കർക്കാനാട് എന്നിവയായിരുന്നു.

പുരാതനകാലത്തെ ചേരസാമ്രാജ്യം കോയമ്പത്തൂർ, നീലഗിരി ജില്ലകളും ഇന്നത്തെ കേരളവുമുൾപ്പെടെ  വിസ്തൃതമായ പരിധിയിലേക്ക് പ്രാചീനഭൂമിശാസ്ത്ര അതിരുകൾ വ്യാപിച്ചിരുന്നതായ നിരീക്ഷണം ഒരു വിഭാഗം ചരിത്രകാരന്മാർക്കുണ്ട്. . ചേരസാമ്രാജ്യം, കേരളം, മലയാളം, കൊങ്ങുനാട് എന്നീ രാജ്യങ്ങൾ പ്രത്യേകം പ്രത്യേകം  സുവ്യക്തമായി വേർതിരിഞ്ഞു നിൽക്കുന്ന ഘട്ടത്തെക്കുറിച്ചും ചരിത്രാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 'മലയാള'മെന്ന രാജ്യം മലനാടിൻ്റെ   പാരമ്പര്യ ഘടനയോട് ചേർന്നുനിൽക്കുന്നതാണ്. (മലനാട് എന്നതു പല ദേശങ്ങളെ ധ്വനിപ്പിക്കുന്നതിനാൽ ,
ശ്രീകണ്ഠപുരം ആധാരമാക്കി ഈ കൃതിയിലൂടെ വരച്ചിടാനുദ്ദേശിക്കുന്ന ഭൂദേശത്തെ 'ആദിമലനാട് ' എന്ന  നാമമുദ്ര കൊണ്ട് അടയാളപ്പെടുത്തുകയാണ് .
വിവരണസൗകര്യത്തിനു വേണ്ടി മാത്രം). പുറൈകീഴ് നാട് *⁵,കുറുമ്പ്രനാട് (വയനാടിനു പടിഞ്ഞാറ് ), ചെങ്കണമാനാട് ( കൂർഗ് ജില്ലകിഴക്കൻഭാഗം) എരുമൈയൂര് (കൂർഗ് വടക്കൻ ഭാഗം),
മൽനാട് (പിൽക്കാലത്ത് ബേലൂർ കേന്ദ്രീകരിച്ചുണ്ടായ ഹൊയ്സാല സാമ്രാജ്യത്തിൻ്റെ ഭാഗമായത്), ശിതനാട് ( നീലഗിരി പരിസരം) , ഗംഗാപദം ( കാവേരി തീരത്ത് തലക്കാട് തലസ്ഥാനമായി ക്രിസ്തുവർഷം നാലും അഞ്ചും നൂറ്റാണ്ടുകളിൽ ) പടിഞ്ഞാറ് അറബിക്കടലിനോടു ചേർന്നു കിടക്കുന്ന ഏഴിൽമലയും ചേർന്നുള്ള  ഒരു ഭൂപടത്തിൻ്റെ പ്രാചീനഘടനയിൽ 'ആദിമലനാടി'നെ നിർവചിക്കാമെന്നു കരുതുന്നു. ആ ശൃംഖലയോടു ചേർന്നു നിൽക്കുന്ന മലനിരദേശങ്ങളാണ് അതിയമാൻ നാട് (ധർമപുരിജില്ലയ്ക്കു ചുറ്റും), പറമ്പുമല (ആനമലയും പരിസരവും ) കുതിരമലൈ (ധർമപുരി ജില്ലയ്ക്കുപടിഞ്ഞാറ് ), മലൈനാട് (കുടനാടിനു തെക്കുകിഴക്കുഭാഗം), കൊങ്ങുനാട് ( കർക്കനാടിനു കിഴക്ക് )തുടങ്ങിയവ. ഈ ദേശനാമങ്ങളെല്ലാം ഒരേ കാലഘട്ടത്തിൽ പ്രാബല്യത്തിലുണ്ടായിരുന്നതായി കരുതാനുമാവില്ല. ജനപദങ്ങളുടെ ആഭ്യന്തരവിനിമയങ്ങളുടെ ശൃംഖലയും പരിധിയും കണക്കിലെടുക്കുന്നതാവും ഭൂപരമായ അതിർത്തിയേക്കാൾ യുക്തിഭദ്രം.രാജ്യങ്ങളുടെ അതിർത്തികൾ നിർണയിക്കേണ്ടത് അധികാരശക്തികളുടെ മാത്രം പ്രശ്നമാണ്, ചരിത്രകാരന്മാരുടേതോ ജനങ്ങളുടേതോ വിഷയമല്ല . പക്ഷെ, ഭൂമിശാസ്ത്രപരവും സാമൂഹിക സാംസ്കാരിക ഘടകങ്ങളിലും ഒരേകീകരണം  വരച്ചെടുക്കാവുന്നതാണ്.അത് തീർത്തും ഭൂപരതയെ മാനിക്കണമെന്നില്ല.

ആദിമൂലിയാടൻ തെയ്യത്തിൻ്റെ ഇതിവൃത്തത്തിൽ  മൂലിമല മുത്തപ്പൻ്റേയും ആദിമലക്കന്നി യുടേയും പുത്രൻ  എളവല്ലിച്ചേകോൻ, അഗ്നിഭഗവാൻ്റെ വരം നേടി ആയിരം വർഷം വാഴുന്നതായി വിവരിക്കുന്നുണ്ട്. (പുത്രൻ -സുബ്രഹ്മണ്യൻ, മൂലിമല- കൈലാസം, ആദിമലകന്നി- പാർവതി ,മുത്തപ്പൻ -പരമശിവൻ) ആദിമലനാടിൻ്റെ സാംസ്കാരിക പംക്തിയാണ് ഈ പ്രമേയത്തിൻ്റെ പരിസരം.
കതിവനൂർ വീരൻ തെയ്യത്തിൻ്റെ തോറ്റത്തിലെ 

''ഒരുവട്ടം കുടകരെ മല ഞാൻ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങുംഇരിക്കയുള്ളൂ ഞാൻ
ഇടുപ്പയിലമ്മേ....'' എന്ന വരികളിൽ കാണുന്ന മലനാട് എന്ന പ്രയോഗം  മലകളുള്ള ഒരു നാടിൻ്റെ സാമാന്യവിശേഷണമെന്ന നിലയിൽ ഉച്ചരിക്കപ്പെട്ടതാവാൻ വഴിയില്ല.മലങ്കാട്, ഇടനാട്, തീരദേശം...എന്നൊക്കെ പോലെ. കാഴ്ചയുടെ വിദൂരമായ ഒരടയാളം എന്ന നിലയിൽ ആകർഷിക്കുന്ന ഒരു ദൃശ്യബിംബമായാണ് മല ആ വരികളിൽ ധ്വനിക്കുന്നതെന്നതും ശ്രദ്ധിക്കുക.മറിച്ച്,ദേശഭൂപടത്തിൻ്റെ സ്വന്തംപേരിനെ അതേപടി പരാമർശിക്കാൻ വേണ്ടി തന്നെയാവണം 'മലനാട് ' എന്നുച്ചരിച്ചത്.പൊയ്പ്പോയകാലം ആദിമലനാടിന്റെ ഭാഗമായിരിക്കാനിടയുള്ളതും പിന്നീട് കുടകായി രൂപപ്പെട്ടതുമായ ഒരു ദേശത്തിൻ്റെ ചക്രവാളം വെളിപ്പെടുത്തുന്നുണ്ട് അത്തരം പാട്ടുകൾ.
'ഇത്രനാളും മലനാടാണെടാ മന്ദപ്പാ,
എനിയല്ലൊ കുടകർമലയാകുന്നത് '   
മന്ദപ്പനെ വർണിക്കുന്ന തോറ്റംപാട്ടിലെ ( ഒരു മരക്കലം തോറ്റം) ഈ വരികൾ അത്തരമൊരു രൂപപരിണാമത്തിൻ്റെ നാളുകൾക്കാണ് പ്രാധാന്യം കല്പിക്കുന്നത്.  കുടകിൻ്റേയും മലബാറിൻ്റേയും ആരാധനാ സംസ്കൃതിയെ ഒന്നിപ്പിക്കുന്ന മറ്റൊരു  ദേവതയാണ് കൊങ്കിയമ്മ. വീരാജ്പേട്ടയ്ക്കടുത്തുള്ള കോടാർമലയിലെ വനത്തിനുള്ളിലാണ് കൊങ്കിയമ്മയുടെ കോട്ട. വടക്കൻപാട്ടിലെ ആരോമൽച്ചേകവർ കൊങ്കിയമ്മയുടെ അതിഥിയായി സൽക്കരിക്കപ്പെടാറുണ്ട്. കൊങ്കിയമ്മയെ ഒരുഗ്രമൂർത്തിയായി പ്രതിപാദിക്കുന്ന കന്നഡ ഗാനങ്ങളുമുണ്ട്.
കുടകും മലബാറും തുളുനാടു മടങ്ങുന്ന സാംസ്കാരികദേശത്തിൻ്റെ സമന്വയം ചരിത്രത്തിൻ്റെ പല ദിശകളും വെളിപ്പെടുത്തുന്നുണ്ട്.
ചിലപ്പതികാരത്തിലെ ഒരു  ആഘോഷ വിവരണം നോക്കൂ:
''കുടകക്കൊങ്കരുമാളുവവേന്തരു
ങ്കടൽ ചൂഴിലങ്കൈക്കയവാകു വേന്തനം ''
തുളുനാടിലേയും കുടകിലേയും ക്ഷത്രിയരായ മൂകയസ്വരൂപക്കാരിൽ അഥവാ മത്സ്യരാജവംശക്കാരിൽ പെട്ട ദേശവാഴിയാണ് കുടകക്കൊങ്കർ . മൂഷിക വംശത്തിൻ്റെ പ്രാരംഭകൻ രാമഘടമൂകരുടെ പ്രാചീനപൂർവികർ. ആളുവന്തേരെന്നാൽ   സത്യമംഗലം സാമന്തൻ. ശൃംഗേരിക്കടുത്തുള്ള കൊപ്പം താലൂക്കിലെ  കിഗ്ഗാ ഗ്രാമത്തിലുള്ള ശൃംഗേശ്വര ക്ഷേത്രത്തിൽ ഒരു പ്രാചീന ശിലാലിഖിതം ( കർണാടക ലിഖിതം,AD ഏഴാം നൂറ്റാണ്ട് ) കിള്ളാനദിയെ പരാമർശിക്കുന്നതായി കേസരി എടുത്തുകാട്ടുന്നു: ''സ്വസ്തി ശ്രിമച്ഛിത്ര വാഹന പൊംബുച്ചാളെ കിള്ളം നാഗെണ്ണൻ അധികാരികൾ ആഗെ -
ഇതിൻ്റെ അർഥം ,ചിത്ര വാഹനനെന്ന ആളുവരാജാവ് തലസ്ഥാനമായ മൈസൂരിലുള്ള പൊംബുച്ചയിലും, അദ്ദേഹത്തിൻ്റെ കീഴിൽ കിള്ളാം നദീതീരത്തുകാരനായ നാഗണ്ണൻ കിഗ്ഗാ ഗ്രാമത്തിലെ അധികാരിയായി ഈ ഗ്രാമത്തിലും വാഴുമ്പോൾ എന്നാണ്. ഈ ചിത്ര വാഹനൻ ഗുണ സാഗരൻ എന്ന ആളുവരാജാവിൻ്റെ പിൻഗാമിയും എഡി 680 മുതൽ 697 വരെ നാടുവാണിരുന്ന പശ്ചിമ ചാലൂക്യ ചക്രവർത്തിയായ വിനയാ ദിത്യൻ്റെ സമകാലീനനുമാണെന്ന് മറ്റു ചില പ്രാചീന ലേഖനങ്ങളിൽ നിന്ന് നമുക്കറിയാം.'' (പേജ് 17, കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ -വാല്യം - 1 )

''AD 12 ശതകത്തിൽ ഹൊയ്സാള രാജാവ് വിഷ്ണുവർധൻ പിടിച്ചടക്കിയ സ്ഥലങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഏഴിമലയെ ഏഴും മലയെന്ന നാമത്തിൽ മൈസൂരിലെ ഹുൻസൂറിലുള്ള കർണാടക ശിലാലിഖിതം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. 'തുളു ദേശം ചക്രനൊട്ടം തലവനപുര മുച്ചംഗികോളാലവേളുംമലെവല്ലൂർ കാഞ്ചി' മൈസൂരിലെ കാടികെരെയുള്ള പന്ത്രണ്ടാം ശതാബ്ദത്തിലെ ഒരു ശിലാ ലേഖനത്തിൽ മൂഷിക വംശത്തിൻ്റെ ഒരു ശാഖയും വടക്കൻ കാനറ ജില്ലയെ ഭരിച്ചിരുന്നവരുമായ ഹൈഹയരാജവംശത്തിലെ ഒരു രാജാവായ തേജരായന് ഏഴും സിംഹാസനത്തിൻ്റെ അവകാശി, അതായത് ഏഴിനാഥന്മാരുടെ കുടുംബത്തിൽ എന്ന ബിരുദം നൽകിയിരിക്കുന്നു.'' (കേസരി ,പേജ്18, വാല്യം ഒന്ന്, ചരിത്ര ഗവേഷണങ്ങൾ 2010).
സുപ്രസിദ്ധ ശിവക്ഷേത്രങ്ങളായ പയ്യാവൂരിനും വയത്തൂരിനും കുടകുമായുള്ള  ബന്ധം ഇന്നും തുടരുന്നതാണ്.

വയത്തുർ കാലിയാരുടെ പ്രതിഷ്ഠയുടെ ആദിമൂലസ്ഥാനം കുടകാണ്. ഈ രണ്ട് ഉത്സവച്ചടങ്ങുകളിലെ അനുഷ്ഠാന കർമങ്ങളിൽ കുടകരുടെ അവകാശം നിർണായകമാണ്. അധികാരത്തിൻ്റേയും ദേശത്തിൻ്റേയും ഒരേ പരിധിയിൽ കുടകും ഈ ദേശവും ചരിത്രത്തിൽ ഒന്നു ചേർക്കപ്പെട്ടിരുന്നതിൻ്റെ ദൃഢമായ തെളിവാണിത്. മകരമാസം ഒന്നു മുതൽ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവങ്ങളിൽ  രണ്ടിടത്തും ഊട്ടിനു വേണ്ട അരി സാധനങ്ങൾ കുടകിൽ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു. തെയ്യങ്ങളിൽ സുപ്രധാനികളാണ്, മനുഷ്യരായി ജനിച്ച് മരണാനന്തരം ദൈവികതയിലേക്ക് ഉയർത്തപ്പെട്ടവർ, കതിവന്നൂർ വീരനെപ്പോലുള്ളവർ. അത്തരത്തിലുള്ള വീരകഥാപാത്രങ്ങൾ ആ ദേശത്തിൻ്റെ നെറുകയിൽ നിവർന്നു നിന്നതിലൂടെ അലൗകിക പരിവേഷമാർജിച്ചവരായിരിക്കും. അവരെ ആരാധിക്കുന്നവരുടെ ദേശം ദേശചരിത്രപരമായി  ഒരൊറ്റ ജനപദത്തെ അടയാളപ്പെടുത്തുന്നു. സാമൂഹിക-സാംസ്കാരിക സവിശേഷതകളുടെ സമാനത സസൂക്ഷ്മം ഗ്രഹിച്ചാൽ ആ പൈതൃകം ബോധ്യപ്പെടും. പ്രാചീന ജനതയുടെ ആചാരവിശ്വാസങ്ങളിലും വിശ്വാസാനുഷ്ഠാനങ്ങളിലും മാത്രമുള്ള സമാനത മാത്രമല്ല, സാംസ്കാരികഘോഷങ്ങളിലും ഉത്സവങ്ങളിലും ഒത്തുചേരണമെന്നുള്ള പരമ്പരാഗത വ്യവസ്ഥകളും ചട്ടവട്ടങ്ങളും പരിപാലിക്കപ്പെടുന്നതിലുമുണ്ട് ഈ ഉദ്ഗ്രഥന ശൈലി.
മലപ്പിലവൻ തോറ്റം,
''ഏതൊരെരുതിന വഴി പോണം കുറവന്മാരെ
പുന്നാട്ടെരുതിന് വഴി പോണം കുടകന്മാരെ '' എന്ന തരത്തിൽ വഴി കാട്ടുമ്പോൾ ദേശാതിരുകൾ പ്രസക്ത മേയല്ല. പുള്ളിക്കുറത്തി തോറ്റത്തിൽ കുറത്തിയുടെ പര്യടനപഥം പൂർണമായും ഒരു ദേശഭൂപടമായി അടയാളപ്പെടുന്നു. കുറത്തിയോളം മലനാടു രാജ്യം കണ്ട മറ്റൊരു കഥാപാത്രമുണ്ടാവില്ല.
''അന്ന് കുന്നിൻമകളായിട്ടവതരിച്ചു
പോയിച്ചെന്നാൻ കിഴക്കുദിക്കും
സൂരിയ ദേവൻ മുമ്പിൽ
അഴകിയവരം വാങ്ങി കുറത്തിയമ്മ
തുളുനാട്ടമ്പലം തുളുത്തീയൻ വീട്ടിൽ
കന്നിരാശീങ്കൽ ശേഷിപ്പെട്ടു''.
ആ പ്രയാണത്തിനിടെ
ചിത്രകൂടത്തിൽ പതിമാടം കെട്ടി തങ്ങി. പന്ത്രണ്ടുമലകൾ താണ്ടി, പന്ത്രണ്ടുപൂങ്കാവനങ്ങൾ പിന്നിട്ട്, അയ്യായിരം പട്ടണം കടന്ന്, കാവുകളും ഗ്രാമസ്ഥാനങ്ങളും വീടുകളും മഠങ്ങളും അമ്പലങ്ങളും ഓർമക്കല്ലുകളും കോട്ടകളും കളരികളും രാജമേടകളും കാവേരിയും കങ്കണയും (വളപട്ടണം പുഴ - 'കങ്കണ നദി കടന്നു കയറി പാപ്പിനിശേരിയപ്പൻ്റെ സേവയും ചെന്നു കണ്ടു. ')തിരുനെല്ലിയും വയത്തൂര് കാലിയാരും മങ്കളത്തപ്പനും കടലായി കൃഷ്ണനും ചെറുകുന്ന് അഗ്രശാലാ മാതാവിനേയും അയ്യങ്കുന്ന് ശാസ്താവും  മംഗലാപുരവും തോടുകളും പുഴകളും  കടവുകളും പാലങ്ങളും സമുദ്രവും താണ്ടുന്നു.
മുത്തപ്പൻ ദൈവത്തിൻ്റെ തോറ്റത്തിലെ ഭൂവിവരണങ്ങൾ:
''വാഴ്ക വാഴ്കയെൻ്റെ
മുഴക്കുന്നത്തു പെരുന്തളിയേ
മൈലാടുംപാറയേ
ആയിരക്കൊമ്പൻ കോളിയേ
മുഴക്കവള്ളിക്കോട്ടയേ, കൂവക്കരയായെ
ഏഴു മലയെ, പുരളി മലയെ
വാഴ്ക വാഴ്കെൻ്റെ
പുരളി മല തങ്കയം മുമ്പായി
നാലായിക്കുട്ടിയാനും നാൽ പത്ത് രണ്ടില്ലവും
മാവിലാ കുടക നാട്
രണ്ടില്ലം തായിസൊരൂപവും
പൂറാട്ടുകര നാടുവാഴും നാട്ടിൽ സ്വാമിയും
ഉറപ്പു നില വിശ്വാസം കരുതി
അന്നന്നു ഹരിചന്ദ്രൻ കോട്ടമുമ്പായി കൈയെടുത്തു''

വടക്കേമലബാർ, ദക്ഷിണ കർണാടകയിലെ ചില പ്രദേശങ്ങൾ, വയനാട്, കുടകിലെ ചില ഭാഗങ്ങൾ മുത്തപ്പൻ ആരാധനയുമായി ബന്ധപ്പെട്ട കർമങ്ങളനുഷ്ഠിക്കുന്ന പ്രദേശങ്ങളാണ്. നായാട്ടു ദൈവമായും കാർഷിക ദേവതയായും പൂജിക്കപ്പെടുന്നു. മുത്തപ്പൻ ദൈവത്തിനു നിവേദിക്കുന്ന പുന്നരിച്ചോർ കുടകിൽ ആരും ഭക്ഷിക്കില്ല. പുത്തരിയുത്സവം കുടകിലെ പ്രധാനപ്പെട്ട ആഘോഷമാണ്. കുടകിലെ ചില പുരാതന ഭവനങ്ങളിൽ കുലപരദൈവമായും മുത്തപ്പൻ ആരാധിക്കപ്പെടുന്നു. ''കുടകരുടെ പുത്തരിയുത്സവം ആദ്യത്തെ കതിര് കൊയ്യാനുള്ള മൂഹൂർത്തമേതാണെന്നറിയുന്നതിനായി കുടകരുടെ പ്രാദേശിക ദൈവങ്ങളിൽ പ്രധാനിയായ മഴയുടേയും കൃഷിയുടേയും പുത്തരിയുടേയും ദേവനായ ഇഗ്ഗുത്തപ്പൻ പണ്ട് തളിപ്പറമ്പിലെ ബന്ത്രക്കോലപ്പനെ കാണാൻ വന്നതായി പുത്തരിപ്പാട്ടിൽ പറയുന്നുണ്ട് ''(കുടകു കുറിപ്പുകൾ - എൻ.പ്രഭാകരൻ ) കുടകിൻ്റെ പശ്ചിമഭാഗത്ത് സ്ഥിതി ചെയ്യുന്ന തഡിയൻ്റെ മല 'തളിയൻ്റെ മല'യാണ്. നാടുവാഴിതലസ്ഥാനങ്ങളിലെ വൈഷ്ണവാരാധനാലയങ്ങളെ മലബാറിൽ  തളിക്ഷേത്രങ്ങളെന്നാണ് പറയാറ്. ഈ സാരാംശത്തെയാണ് തഡിയൻ്റെ മലയും സ്വാംശീകരിക്കുന്നത്. കർണാടക, തുളുവ, കുടക്, മലയാളം
എന്നീ ഭാഷാസംസ്കൃതികളെ സംയോജിപ്പിക്കുന്ന കലാരൂപങ്ങളും തോറ്റങ്ങളും ഓരോ പ്രാക്തന രൂപവുമായി ബന്ധപ്പെട്ട 'സമുദായ 'ങ്ങളുടെ (പുലയർ, മലയർ, പരവൻ, കോപ്പാളർ ,വേലൻ,വണ്ണാൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ തുടങ്ങിയവർ )ബന്ധങ്ങളും വിനിമയങ്ങളും ഈ ദേശങ്ങളിൽ, ദേശാതിരുകളില്ലാതെ പ്രകടിതമാവുന്നതു  കാണാം. ''കതിവന്നൂർ വീരൻ്റെ പുരാവൃത്തം, വരവിളി, വാചാല്, അനുഷ്ഠാനം എന്നിവയിൽ നിന്നെല്ലാം പഴയ ജനസമൂഹങ്ങളുടെ കുടകിലേക്കും തിരിച്ചും ഉള്ള ചരപാത നിർമിച്ചെടുക്കാൻ കഴിയും'' (എം.വി.വിഷ്ണു നമ്പൂതിരി ) ഇതിവൃത്തങ്ങളുടെ സഞ്ചാരപഥങ്ങളിൽ നിന്ന് ദേശസംസ്കൃതിയുടെ ഏകാത്മകതയും ഭൂപടവും തെളിഞ്ഞു കിട്ടും. മറ്റേതൊരു പുരാരത്തങ്ങളേക്കാൾ സുപ്രധാനമാണത്. ''ഒരു നാടോടിക്കഥ കടന്നു പോയ കാലദേശങ്ങളെക്കുറിച്ച് അന്വേഷിച്ച് തിട്ടപ്പെടുത്തുന്ന ഫിന്നിഷ് രീതി'' യുടെ പ്രാധാന്യം 'ഭാഷയും ആധുനികോത്തരതയും ' എന്ന കൃതിയിൽ  ജോസഫ്.കെ.ജോബ് വിശദീകരിക്കുന്നുണ്ട്.

ജീവിതരീതികളുടെ പിന്തുടർച്ചകളിലും അതിൻ്റെ മുദ്രകൾ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് സാംസ്കാരികപഠനം നടത്തിയവരുടെ അഭിമതം: ''കുടകുഗ്രാമങ്ങളിലെ സാധാരണ ജനജീവിതത്തിൻ്റെ അകവും പുറവും ,അതിലെ നന്മയും തിന്മയും ,ഹിന്ദുവിൻ്റേതായാലും മുസ്ലീമിൻ്റേതായാലും നാലു ദശകം മുമ്പുള്ള കേരളീയ ജീവിതത്തിൻ്റെ തനിപ്പകർപ്പുപോലെയാണ് പലപ്പോഴും അനുഭവപ്പെട്ടിരുന്നത്. ഒരു മലയാളിക്ക് കുടക് നൽകുന്ന ഏറ്റവും വലിയ അനുഭവം ഗൃഹാതുരതയുടേയാണെന്ന് കുടകു യാത്രകൾക്കിടയിൽ എത്രയോ തവണ തോന്നിപ്പോയിട്ടുണ്ട്.''
(കുടകു കുറിപ്പുകൾ - എൻ.പ്രഭാകരൻ, പേജ് 68, 2008 ). ദൈവങ്ങളുടെ കാര്യത്തിലും ഈ ഗൃഹാതുരത തുടിക്കുന്നു. മൊണ്ണപ്പയെന്ന വൃദ്ധനായൊരു കുടകുകാരൻ്റെ വാക്കുകൾ ഈ കൃതി ഉദ്ധരിച്ചിട്ടുണ്ട്:
''കാവേരിയമ്മ കഴിഞ്ഞാൽ കുടകിലെ എല്ലാ ദൈവങ്ങളും കേരളത്തിൽനിന്ന് വന്ന് കുടകിൽ നിലയെടുത്തവരാണ്. എല്ലാ ദൈവങ്ങളുടെയും അച്ഛൻ വയത്തൂരെ കാലിയാരാണ് ''
പൂർവികാരാധനയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പങ്കുവയ്ക്കുക മാത്രമല്ല വിവാഹം, മരണം തുടങ്ങിയ ജീവിത സന്ധികളിലും മലയാളി സ്പർശം സുവ്യക്തമാണ്.

sreekandapuram

കുടകരുടെ ചാവുപാട്ടിൽ ഈ ദേശത്തെ മാണിക്യമലനാട് എന്നു വിശേഷിപ്പിക്കുന്നു. അയ്യപ്പനെ ആദിവാസി ദൈവമായിട്ടാണ് അവിടെ പരിപാലിച്ചിരുന്നത്. കാട്ടു ജീവിതത്തിൻ്റെ കാര്യത്തിൽ മുത്തപ്പനോടു  അയ്യപ്പൻ സാദൃശ്യം പുലർത്തുന്നു. കാട്ടിലയ്യപ്പ, ബേട്ടക്കാര അയ്യപ്പ, കുന്നയ്യപ്പ, മലെദേവ എന്നിങ്ങനെ പല പേരുകളിൽ അയ്യപ്പൻ അറിയപ്പെട്ടിരുന്നു.
കാവേരിയും രണ്ടു ജനതയേയും പ്രാക്തന തലത്തിൽ അടുപ്പിക്കുന്നുണ്ട് . തുലാസംക്രമത്തിൽ കാവേരിയുടെ തീർഥം പെരളശ്ശേരി, കനകമല, തീർഥാട്ടുമല (കുറ്റ്യാട്ടൂർ) എന്നിവിടങ്ങളിലെത്തിച്ചേരുന്നുവെന്നാണല്ലൊ സങ്കല്പം. കാവേരിയുടെ ഉറവിടമായ തലക്കാവേരിയിലേക്കുള്ള സന്ദർശകർ  ആദ്യം എത്തിച്ചേരുന്നത് ഭാഗമണ്ഡലത്തിലാണ്. അവിടെയാണ് ത്രിവേണീസംഗമം. ഭാഗണ്ഡേശ്വര ക്ഷേത്രത്തിൻ്റെ നിർമിതിയിലും കേരളീയ വാസ്തുകല സമന്വയിക്കുന്നു. മൂഡബദ്രിയിലെ ജൈനക്ഷേത്രത്തിൻ്റെ വാസ്തുശില്പത്തോട് കേരളീയ ക്ഷേത്ര വാസ്തുശില്പത്തിനുള്ള സാദൃശ്യം വ്യക്തമാണ്. നിർമാണത്തിലെ മലയാളികളുടെ ബന്ധം  വിളക്കുതറയിലെ ലിഖിതത്തിലുമുണ്ട്. '' (1)എ.ഡി. 188 - ആണ്ടിൽ നെൽജി ഗ്രാമത്തിലെ മണവാട്ടി തിമ്മയ്യ ഉണ്ടാക്കിയത്. (2) വേണാട്ടെ എരിഞ്ഞോളിയിലെ ചിന്നപ്പയും ചെമ്പോട്ടിയിലെ പറമ്പത്ത് രാമൻ പണിക്കരും കുടി മണോട്ടി ബെലിയപ്പ യുടെ നിർദേശാനുസരണമാണ് ഈ വിളക്കു തൂണ് നിർമിച്ചത് ''
പ്രാചീന കാലം തൊട്ടേയുള്ള അടുത്ത ബന്ധത്തെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നതെന്നു് എൻ.പ്രഭാകരൻ നിരീക്ഷിക്കുന്നു: ''ചരിത്രാതീതകാലം മുതൽക്കേ കുടകരും വടക്കേ മലയാളത്തിലുള്ളവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കുടക് ചരിത്രകാരന്മാർ കരുതുന്നത്. മഹാശിലാസ്മാരകങ്ങളുടെ നിർമാതാക്കൾ കേരളത്തിൽ നിന്ന് പെഗ്ഗള, മാനന്തവാടി ചുരങ്ങൾ വഴി കുടകിലേക്ക് കുടിയേറി എന്നാണ് കുടക് ആർക്കിയോളജിയെക്കുറിച്ച് ഗവേഷണ പഠനങ്ങൾ നടത്തിയിട്ടുള്ള കെ.കെ.സുബയ്യയുടെ നിഗമനം. കേരളത്തിൽ കണ്ടെത്തിയതിനോട് വ്യക്തമായ സാമ്യമുള്ള പഴുതറകളും തൊപ്പിക്കല്ലുകളും കുടകിലുമുണ്ട്. ഇത്തരം പ്രാചീന ശവസംസ്കാരസ്ഥലങ്ങളിൽ നിന്ന് കറുപ്പും ചുവപ്പും പാത്രങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 1600 കാലത്ത് ഹലേരി രാജ വംശത്തിൻ്റെ ഭരണത്തിനു കീഴിൽ വരുന്നതിനു മുമ്പ് ഇന്നത്തെ അതിരുകളോടുകൂടിയ കുടക് നിലവിലുണ്ടായിരുന്നില്ല. വടക്കേ മലബാറിൻ്റേയും ദക്ഷിണ കർണാടകത്തിൻ്റേയും തുടർച്ച പോലെയാണ് അത് കരുതപ്പെട്ടിരുന്നത്.'' (പേജ് 69. കുടകു കുറിപ്പുകൾ ) കേരള മഹാത്മ്യത്തിൽ  സ്വർഗത്തേക്കു പോകാൻ വിമാനം വന്നപ്പോൾ നസംഗൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി ലവണസമുദ്രത്തിന് അക്കരെയുള്ള മക്കം ദേശത്ത് പോയാൽ മോക്ഷം കിട്ടുമെന്ന് ക്രോഡ നായകൻ പറയുന്നു. കൊഡകിന് ( കൂർഗ് ) ക്രോഡ ദേശമെന്നാണ് പൗരാണിക നാമം .

കേരളോൽപത്തിയിലെ പടമല നായരാകാം ക്രോഡ നായകൻ. കൂർഗ് കാനറയിലെ ഹോലിയർ വിഭാഗവുമായി വളരെയടുത്ത സാമ്യം പുലർത്തുന്നവരാണ് 'പുലയർ '. മലനാടിൻ്റെ പൈതൃകകാലത്ത് ഇവരെല്ലാം ഒറ്റജനതയാണെന്ന നിഗമനത്തിലേക്ക് കടക്കുന്നതിനു്  സംശയിക്കേണ്ടതേയില്ല. കാവേരിയെ ഗംഗാനദിയായി കണ്ടു പൂജിക്കുന്ന ഒരു ജനതയുടെ പൊതു ചിത്രം ഇവിടെ തെളിയുന്നു. പിതൃതർപ്പണത്തിനും മറ്റു കർമങ്ങൾക്കും ഒറ്റ ദേശത്തിൻ്റേതായ സമന്വയമാണ്   കാവേരിയെ  സാക്ഷിനിർത്തി അരങ്ങേറാറുള്ളത്. മാതാവിൻ്റെ അസ്ഥി ഒഴുക്കാൻ പോയപ്പോൾ കാവേരി തീരത്ത് ഒരു ചേര രാജാവിന്  യുദ്ധത്തെ നേരിടേണ്ടി വന്നത്  ചിലപ്പതികാരം വിവരിക്കുന്നുണ്ട്. ചരിത്രവും സാംസ്കാരികശേഷിപ്പുകളും  ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ തെളിവുകൾ ആസ്പദമാക്കിയാൽ ശ്രീകണ്ഠപുരവും കുടകും ഒരേ ദേശ വ്യവസ്ഥയുടെ ഭാഗങ്ങളാണെന്ന് തിരിച്ചറിയാനാവും. ഈ രണ്ടു ദേശങ്ങളേയും ആദിമലനാട് എന്ന വിസ്തൃതരാജ്യം ചിറകേറ്റിയിരിക്കാം .
ഇതിൻ്റെ പടിഞ്ഞാറൻ ദൃശ്യത്തിനാണ് മലബാർ എന്ന പേരു കിട്ടിയത്. മലബാർ, കേരൊ ബത്രോസ്, കേഡപുത്ത തുടങ്ങിയ പേരുകളിലോ അതിൻ്റെ നാമാന്തരങ്ങളിലോ വിദേശികളും മലനാട് ,മാവേലി നാട്, മലയമ നാട്, മലയാളം തുടങ്ങിയ പേരുകളിൽ സ്വദേശികളും ഈ ദേശത്തെ രേഖപ്പെടുത്തി. അടുക്കുനാട് എന്നൊരു പേരു കേരളത്തെ സംബന്ധിച്ച് പഴയ രേഖകളിലുണ്ട്. പല നാടുകളുടെ അടുക്ക് എന്നുദ്ദേശിച്ചാവാം. അടുക്കു നാടിൻ്റെ ആകെ നീളം 160 കാതവും.

ഈ ദേശത്തെ ലോഗൻ വരച്ചിട്ടതിങ്ങനെയാണ്: ''വടക്ക് തെക്കൻ കർണാടക ജില്ല, തെക്ക് കൊച്ചി രാജ്യം, കിഴക്ക് കുടക് ,മൈസൂർ, നീല ഗിരി, കോയമ്പത്തൂർ ജില്ലകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നീ അതിരുകളോടെ തീരപ്രദേശത്തൂടെ 150 നാഴിക ദൂരത്തിലുള്ള പ്രദേശമാണ് മലബാർ " ആദിമലനാടിൻ്റെ ശൃംഖലയിൽ പെട്ട അതിയമാൻ നാടിൻ്റെ രേഖാചിത്രം ഡോ: ആർ.ഗോപിനാഥൻ 'കേരളത്തനിമ' എന്ന കൃതിയിൽ വരച്ചുകാട്ടുന്നുണ്ട് : "അശോക ഭരണ കാലത്ത് അതിയ മാൻ നാടും ചേരമാൻ നാടും രണ്ടു സ്വതന്ത്ര രാജ്യങ്ങളായിരുന്നു. അതിയമാൻ നെടുമാൻ അഞ്ചിയാണ് തെന്നിന്ത്യയിൽ കരിമ്പു കൃഷി ആരംഭിച്ചത്. ചേരമാൻ നാട് പശ്ചിമഘട്ട പർവതനിരകളുടെ തെക്കുപടിഞ്ഞാറുഭാഗത്തും അതിയ മാൻ നാട് അതിൻ്റെ വടക്ക് കിഴക്കായിട്ടും കിടന്നിരുന്നു. അതിൽ സൂചിപ്പിച്ചിരിക്കുന്ന രാജ്യം കേരളം അല്ല മലനാടാണെന്നും വ്യക്തമാകുന്നു. ഈ രണ്ടു രാജ്യങ്ങളേയും പരാമർശിക്കുന്നതിനാൽ തകടൂർ യുദ്ധം നടന്നത് ഇക്കാലത്തിനു ശേഷമാണെന്ന് കരുതാം. അക്കാലത്ത് പെരുംചേരൽ ഇരുമ്പൊറൈയാണ് ചേരരാജാവ്. ജുംബായിലെ തമിഴ് ബ്രാഹ്മി ചുവരെഴുത്തിൽ അതിയമാൻ നെടുമാൻ അഞ്ചി സംഭാവന ചെയ്ത
പള്ളി എന്നു കാണുന്നു. അതിയമാൻ വംശ നാമം ,അച്ഛൻ്റെ പേര് നെടുമാൻ, സ്വന്തം പേര് അഞ്ചി. അഞ്ചി മലയമാനിൽ നിന്ന് തിരുക്കോവിലൂർ പിടിച്ചെടുത്തു.കൂടാതെ ഏഴു ചിറ്റരചന്മാരെ തോല്പിച്ച് തൻ്റെ രാജ്യം വിപുലീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ വധിച്ചാണ് ഇരുമ്പൊറൈ അതിയമാൻ നാട് പിടിച്ചെടുത്തത്. ഇത് ബി.സി. രണ്ടാം നൂറ്റാണ്ടിനൊടുവിലാകാനാണ് സാധ്യത''.(പേജ് 85)

ഇരുമ്പൊറൈ എന്നാൽ ഇരും + പൊ റൈ ആണ്. മലയുടെ ഇരുപുറവും അധീശത്വം പുലർത്തിയിരുന്നെന്നു സാരം. സേലം കേന്ദ്രീകരിച്ചാണ് അതിയമാൻ നാടും നിലകൊണ്ടത്.
സംഘകാലത്ത് തിരുക്കോവിലൂർ കേന്ദ്രീകരിച്ച് മലയമാ നാടും ഇടുക്കി പഴനി മലമേഖലകളുൾപ്പെടുന്ന ആനമുടി കേന്ദ്രീകരിച്ച് പറമ്പുമലയും അതിൻ്റെ പടിഞ്ഞാറേ മേഖലയിൽ  കീഴ്മലൈനാടും നിലനിന്നിരുന്നു. ചേരനാട്, അതിയമാനാട്, മലയമാനാട് ,എരുമൈനാട് ,കൊങ്ങുനാട് തുടങ്ങി മലനിരകളുടെ അച്ചുതണ്ടിൽ   ബന്ധിപ്പിക്കാവുന്ന ഒരു രൂപരേഖ
പ്രാചീനദേശഘടനയിൽ പ്രയോഗിക്കാവുന്നതാണ്. ഇവയുടെ അതിർത്തികൾ രാജപഥ കാലത്ത് നിർണയിക്കപ്പെട്ടാലുമില്ലേലും അതിനു മുമ്പ് ജനപദങ്ങളുടെ സ്വതന്ത്രജീവിതവ്യവഹാരം നിലനിന്നിരിക്കണം. അത്തരത്തിൽ ,അതിരുകളെ ആസ്പദമാക്കാതെ,  ഏകോപിതമായ ഒരു ദേശ ഘടനയുടെ  ആവിഷ്കാരമാണ് ഈ കൃതിയുടെ  കേന്ദ്രപ്രതിപാദ്യമായ  'ആദിമലനാടി' ൻ്റേത്.
അത്തരത്തിലൊരു ദേശത്തിൻ്റെ വാണിജ്യവും രാഷ്ട്രീയവുമായ പ്രാധാന്യം പൂരിപ്പിക്കുന്ന സുപ്രധാന ആസ്ഥാനമെന്ന പദവിയാണ് ഈ പഠനം ശ്രീകണ്ഠപുരത്തിനു നൽകുന്നത് .അതിനു തക്ക ചരിത്രപരമായ പ്രസക്തിയും പിൻബലവുമുണ്ട്. ആദിമലനാടെന്ന പ്രാചീനദേശത്തിൻ്റെ സിരാകേന്ദ്രമാ യി ശ്രീകണ്ഠപുരത്തിൻ്റെ ജ്യാമിതി നിർണയിക്കപ്പെട്ടതും അത്തരത്തിലൊരു ഭൂപടം രൂപപ്പെടാനിടയായ  ചരിത്രവ്യവഹാരങ്ങളുമാണ് ഈ കൃതിയുടെ  അന്വേഷണതലം. ശ്രീകണ്ഠപുരം കേന്ദ്രമായി വരച്ചുണ്ടാക്കാവുന്ന 'ആദിമലനാടെ'ന്ന ദേശഖണ്ഡത്തിന്റെ ഭൂതകാലം അതിൻ്റെ പൗരാണികപ്രതലത്തിൽ വായിച്ചെടുക്കുകയെന്ന ദൗത്യം ചരിത്രത്തെ സംബന്ധിച്ച് സുപ്രധാന അടിത്തറയാണ്.
ആദിമലനാടിൻ്റെ എലുക (അതിർത്തി) എന്തായിരിക്കുമെന്ന് കൃത്യമായി വിശദീകരിക്കാൻ മുതിരുന്നില്ല. അതിർത്തിയെന്നത്, പ്രാചീനകാലത്ത് ഒരു വിഷയമല്ലല്ലൊ.
രണ്ടു കുടുംബങ്ങൾ തമ്മിൽ അതിർത്തിയുണ്ടെങ്കിലേ രാജ്യങ്ങൾ തമ്മിലുണ്ടാവൂ. രാജ്യത്തിനു മാത്രമായി ഒരതിർത്തികല്പന നിലനിൽക്കില്ല. കുടുംബസംവിധാനം ചിട്ടപ്പെട്ടിട്ടില്ലാത്ത ഒരു ചരിത്ര ഘടനയുടെ  രൂപത്തെ കണിശമായി ഭാവന ചെയ്തു കൊണ്ടു മാത്രമേ നമുക്ക് അക്കാലത്തെ ജനപദങ്ങളുടെ അടിത്തറയെ വരച്ചെടുക്കാനാവൂ . രാജ്യങ്ങളുടെ അതിർത്തി നിർണയിക്കുകയെന്നത്  രാജാധിപത്യരീതിയാണ്. ഭരണനിർവഹണവുമായി ബന്ധപ്പെട്ടതും പ്രതാപത്തിൻ്റെ അളവുകോലിനു വിധേയമായതും ഛത്രാധിപത്യത്തിൻ്റെ ആസക്തിയുമായി ഇണങ്ങുന്നതുമായ സാമൂഹ്യ പതനമാണത്. അധികാരത്തിൻ്റെ പരിധിയും അവകാശങ്ങളും രൂപീകൃതമാവും മുമ്പ് അത്തരമൊരു ഭൂപടനിർമിതിക്കു സ്വാഭാവികമായും പ്രസക്തിയില്ല. പർവതങ്ങളോ പുഴകളോ മാനവപ്രയാണത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കുകയും സുസ്ഥിരപ്പെടുത്തുകയും ചെയ്തു വന്നിട്ടുണ്ടാകാം. ആദിമലനാട് ആ നിലയിൽ സഹ്യപർവത സാനുക്കളുടെ പരിസരഭൂമികയുടെ ദൃശ്യം അടയാളപ്പെടുത്തുന്നുണ്ട്. മലനിരകളുടെ പംക്തികളിൽ ആദിമ ഗോത്രസഞ്ചയമായി അധിവസിച്ച ഒരു കാലഘട്ടത്തിൽ നിന്നും മലയുടെ ചുറ്റുപാടുമുള്ള ഗോത്രഗണങ്ങളുടെ കൂടിച്ചേരലുകൾ വികാസം പ്രാപിച്ച് രാജ്യമായി വളരാം.അത്തരം രാജ്യങ്ങളുടെ ചേരൽ പ്രക്രിയയിലൂടെ യായിരിക്കുമല്ലൊ ചേരസാമ്രാജ്യം ആവിർഭവിച്ചിരിക്കുക.സഹ്യപർവതത്തിൻ്റെ ദക്ഷിണഖണ്ഡവും പരിസരവും പിന്നീട് ചേരസാമ്രാജ്യത്തിൻ്റെ ഭാഗമായി ഇമ്മട്ടിൽ മാറിയിട്ടുണ്ട്.

ദക്ഷിണാപഥത്തെയാകെ തമിഴകം എന്നു വിളിക്കുന്നതോ പരക്കെ പഴംതമിഴ് ആണെന്നു ധരിക്കുന്നതോ ശരിയല്ല. ഭാഷയുടെ  ആത്മാവിൻ്റെ  ഇന്നത്തെ വൈവിധ്യം തന്നെയാണ് ഒരടിസ്ഥാനം.
മറ്റൊന്ന് ദേശത്തിൻ്റെ ആകാരത്തിനും അത്തരമൊരേകീകരണം അസംഭവ്യമാണ്. ചേരവേന്തന്മാരെ വാഴ്ത്താനായി  മാത്രമെഴുതിയ പതിറ്റുപ്പത്ത് രണ്ടാം ഭാഗം ആമുഖ (പതികം )ത്തിൽ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും സ്വന്തം സാമ്രാജ്യത്തിലെന്നും വാനം അതിരാക്കിയവനെന്നും മറ്റും സ്തുതിക്കുന്നുവെങ്കിലും
''അമൈവർലരുവിയിമയം വിർപൊറിത് തമിഴ് കടൽവേലിത്തമിഴകം വിളങ്കത് ''എന്നെഴുതിയതിൽ നിന്ന്  തമിഴകം എന്താണെന്ന് വ്യക്തമാവുന്നു. 'അനേകം നദികൾ ഉത്ഭവിക്കുന്ന ഹിമാലയത്തിൽ വില്ലടയാളം വരച്ചവനും തമിഴ് കടൽ അതിരായിട്ടുള്ള തമിഴകം ഭരിച്ചവനുമാണ് ഇമയ വരമ്പൻ ' എന്നർഥം. രണ്ടാം ചേരവേന്തൻ  ഇമയ വരമ്പൻ നെടുംചേരലാതനെയാണ് സ്തുതിക്കുന്നത്.
തമിഴ്കടൽ എന്ന പ്രയോഗത്തിലെ  തമിഴ് എന്ന പ്രത്യേകധ്വനിയുടെ ഊന്നൽ  കിഴക്കൻ കടലാണ്. തെക്കും പടിഞ്ഞാറും വടക്കും അതിരുകൾക്കു പുറത്തായി തമിഴകത്തിൽ പെടാത്ത ദക്ഷിണാ പഥമുണ്ടെന്നു വ്യക്തം.

എഡി 629 ൽ ഹുയാൻ സാങ്ങ് 'മലകൂട'ത്തെ പരാമർശിച്ചതും ഇങ്ങനെയാണ്: ''ദ്രാവിഡ ദേശത്തിൻ്റെ പടിഞ്ഞാറ് സമുദ്രതീരത്ത് മലകൂടമെന്ന നാടുണ്ട്. മുത്തും പവിഴവും ആ നാട്ടിൽ അളവില്ലാതുണ്ട് ''
ദ്രാവിഡദേശങ്ങളുടെ ഭാഗമായിട്ടല്ല, വേറിട്ട ഒരടയാളപ്പെടുത്തൽ വ്യക്തമാണ്. സാമൂഹ്യാഭിവൃദ്ധി പ്രാപിച്ചതും ഏകീകൃതമായതുമായ ഒരു ജനപദം വസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഈ ദേശത്തിൻ്റെ ചരിത്രപരിസരങ്ങളിൽ നിന്ന് തിരിച്ചറിയാവുന്നതാണ്.    പ്രാങ് - കളിമൺ നവീനശിലായുഗ ഘട്ടത്തിൽ ഏകദേശം BC 8000 നു മുമ്പേ, എടയ്ക്കൽ ഗുഹയിൽ നിർമിക്കപ്പെട്ട ശിലാശില്പങ്ങൾ, പുരാതന കാലം തൊട്ടേയുള്ള വ്യാപാരകേന്ദ്രം, BC ഘട്ടത്തിലെ ഗ്രീക്ക് - വ്യാപാര ബന്ധം, വിശ്വവാണിജ്യ ശക്തികളെ ആകർഷിച്ചിരുന്ന കുരുമുളകിന്റേയും സുഗന്ധവ്യഞ്ജനങ്ങളുടേയും കാർഷികോൽപാദന സങ്കേതം, പ്രാചീന കാലം മുതൽ കാർഷി കാഭിവൃദ്ധി കൈവരിച്ച മേഖല, പഴക്കം ചെന്ന ജലഗതാഗത ഭൂപടം, അറബി ലോകവുമായുള്ള പുരാതന സമ്പർക്കം, കേരളത്തിലെ ആദ്യ മുസ്ലീം പള്ളികളിലൊന്ന് സ്ഥാപിക്കപ്പെട്ടത്... തുടങ്ങി ഒട്ടനവധി ചരിത്രപരമായ അടരുകളെ കൂട്ടിയോജിപ്പിച്ചാൽ ആ വികാസഗതി വ്യക്തമാകും..
ബി.സി.യുഗത്തിലേ പരിഷ്കാരം സിദ്ധിച്ച ഒരു നാടിനെക്കുറിച്ച് 'കേരളം മലയാളികളുടെ മാതൃഭൂമി'യിൽ  ഇ.എം.എസ്: ''5000 കൊല്ലം മുമ്പുതന്നെ കേരള മുണ്ടായിരുന്നു.ഇവിടുത്തെ ഉൽപന്നങ്ങൾ ബാബിലോണിയയിലേക്കും മറ്റും കയറ്റി അയച്ചിരുന്നു. ഇന്നും കേരളത്തിൻ്റെ പ്രത്യേകതയായ തേക്കും മറ്റും വൻതോതിൽ അന്യനാടുകളിലേക്കു കയറ്റിയയക്കത്തക്കവണ്ണം കൃഷിയും കച്ചവടവും അക്കാലത്ത് അഭിവൃദ്ധിപ്പെട്ടിരുന്നു. അതായത് ബ്രാഹ്മണർ കേരളത്തിൽ വരുന്ന തിന് 2500 കൊല്ലങ്ങൾക്കുമുമ്പ് (ക്രിസ്തുവിനു മുമ്പുള്ള മൂന്നു - നാലു നൂറ്റാണ്ടുകളിലാണ് ബ്രാഹ്മണർ ഇവിടെ വന്നതെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിരിക്കുന്നു) കൃഷിയും കച്ചവടവും നടത്തത്തക്ക പരിഷ്കാരം സിദ്ധിച്ച ഒരു ജനവിഭാഗം അധിവസിക്കുന്ന ഒരു രാജ്യമായിരുന്നു കേരളം'' (പേജ് 56)
പലതരം സാംസ്കാരികാധിനിവേശത്തിലൂടെ കടന്നു പോയിട്ടും , ബാഹ്യതലത്തിൽ പരിവർത്തന വിധേയമായതല്ലാതെ ഈ ദേശസ്കാരത്തിൻ്റെ മൗലികമായ ഉറവ ചരിത്രത്തിലാദ്യന്തം തുടർന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് ചരിത്രാന്വേഷകർക്കു മുമ്പിൽ തെളിയുന്നത്. ഭാഷയിലും സാമൂഹ്യാചാരങ്ങളിലും വ്യക്തി ഘടനയിലും തനിമയാർന്ന സാംസ്കാരിക സ്വരൂപത്തിൻ്റെ സുദൃഢത കാണാം.

ബ്രഹ്മഗിരിയിലെ  ഉൽഖനനത്തേയും മലബാറിലെ പുരാവസ്തു ശേഖരങ്ങളേയും അടിസ്ഥാനപ്പെടുത്തി പി.കെ.ബാലകൃഷ്ണൻ പ്രസ്താവിച്ചതു നോക്കൂ : ''1882 ൽ റോബർട് സെവൽ തയ്യാറാക്കിയ 'ദക്ഷിണേന്ത്യൻ ആർക്കിയോളജിക്കൽ സർവെ റിപ്പോർട്ടി'ൽ മലബാറിനെ സംബന്ധിക്കുന്ന പുരാവസ്തു ലിസ്റ്റിൽ 2163 ഡോൾ മെനുകളും ( കൊടും പഴുതറകൾ) 3377 മെ നീറുകളും ( നെടും ശിലകൾ) 571കല്ലറകളും സ്ഥല വിവരത്തോടെ ചേർത്തിരിക്കുന്നതു കാണാം. ഇവയെല്ലാം തന്നെ മുഴുവനേ ഭൂനിരപ്പിനു മുകളിൽ നിൽക്കുന്ന പരുവത്തിലോ ,ഭൂനിരപ്പിനു മുകളിൽ പ്രധാന ഭാഗങ്ങൾ തള്ളി നിൽക്കുന്ന പരുവത്തിലോ കാണപ്പെട്ടവയാണ്'' (ജാതി വ്യവസ്ഥയുംകേരളവും ,224) പേജ് 225 ൽ അദ്ദേഹം തുടരുന്നു: " ശരാശരി 16 അടി താഴെയാണ് അവിടെ പ്രാകൃതിക ഭൂനിരപ്പു 
കാണപ്പെട്ടത്.അതിൽ നിന്നും 9 അടി ഉയരം വരെ പരുക്കനായ ഒരു 'ചാർക്കോളിതിക് 'സംസ്കൃതിയുടെ അവശിഷ്ടങ്ങളാണ്. അതിനും മുകളിൽ ഏതാണ്ട് നാലടി ഉയരം വരെ മൗര്യ കാലഘട്ടത്തിൽ അവിടെ നിലനിന്നിരുന്ന ആയസ യുഗ - മഹാ ശിലാ മിശ്ര സംസ്കൃതി വ്യാപിച്ചു നിൽക്കുന്നു.മേലേക്കിടമൺപാത്രങ്ങളും ഇരുമ്പുപകരണങ്ങളുമെല്ലാം ഈ രണ്ടാമത്തെ തലത്തിലേതാണ്. അതിനു മേലെ ശരാശരി മൂന്നടി ഉയരത്തിൽ വരെ നിലവിലുള്ള ഭൂ നിരപ്പിനു കുറെ താഴെയായി ശാത വാഹനരുടെ കാലമായ 'ആന്ധ്ര സംസ്കൃതി ' യുടെ തലമാണ്.എ.ഡി.ഒന്നാം നൂറ്റാണ്ടിൻ്റെ അവസാന പാദത്തിലും ഈ 'ആന്ധ്ര സംസ്കൃതി ' ദക്ഷിണേന്ത്യയിൽ പ്രവൃദ്ധമായിരുന്നു എന്നു സുസ്ഥാപിത ചരിത്ര സത്യത്തെ ആസ്പദമാക്കിയാണ് അവിടം മുതൽ കീഴോട്ടുള്ള തലങ്ങളുടെ കാലം നിർണയിക്കപ്പെട്ടത് എന്നും ആ പര്യവേക്ഷണറിപ്പോർട്ടു മുഖേന കാണാം. സമകാലിക ഭൂനിരപ്പിൽ നിന്നും 16-17 അടി വരെ ആഴത്തിൽ നടന്ന ഖനന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ മൂന്നു വ്യത്യസ്ത സംസ്കൃതികളുടെ (Culters) അനാവരണം. ഭൂനിരപ്പിനു മുകളിൽ കാണപ്പെട്ടവയായ കേരളത്തിലെ മഹാശാലാസ്മാരകങ്ങളെക്കുറിച്ച് സ്വീകരിക്കേണ്ടി വരുന്ന അനിവാര്യമായ നിഗമനത്തിലേക്ക് ബ്രഹ്മഗിരിയിലെ നാനാ ഖനനതലങ്ങൾ വിരൽ ചൂണ്ടുന്നു. താരതമ്യേന കൂടുതൽ പ്രാകൃതമായിരുന്ന കേരളീയ മഹാ ശിലാസംസ്കൃതി, ആഭ്യന്തര ചൈതന്യം കൊണ്ടോ, ബാഹ്യശക്തികളുടെ സന്നിവേശം കൊണ്ടോ വളരുകയോ വ്യത്യാസപ്പെടുകയോ ചെയ്തില്ലെന്നു നാം വിശ്വസിക്കേണ്ടി വരുന്നു''

പ്രാചീന ശിലായുഗം - സൂക്ഷ്മ ശിലായുധ യുഗം -നവീന ശിലായുഗം എന്ന വേർതിരിവ് എല്ലാ ഗോത്രപരിധിയിലും ഒരേ കാലയളവിലല്ല വികസിക്കുന്നത്; ഓരോ പ്രാദേശിക യൂണിറ്റു പരിധിയിലും വ്യത്യസ്ത പ്രകാരങ്ങളുണ്ടാവാം.അതെല്ലാം ചേർത്തു വായിക്കുന്നിടത്താണ്  ചരിത്രാനുഭവത്തിൻ്റെ സമഗ്രത പ്രാപിക്കുക . ശിലായുഗപഠനത്തിന് ഭേദപ്പെട്ട തെളിവുകൾ ഇനിയും ലഭിക്കാത്തതു കൊണ്ട് അത്തരമൊരു യുഗപരിണാമത്തെ തള്ളിക്കളയാനാവില്ല. കാരണം അത്തരം പരിണാമങ്ങളിലൂടെ മാത്രം രൂപപ്പെടാവുന്ന മനുഷ്യസമുദായം ഇന്നുണ്ട്. അതുകൊണ്ട് ഇതിന് അത്തരം ആദിചരിത്രവുമുണ്ടാവും. പൗരാണിക ആദിമ ഗ്രൂപ്പുകൾ മറ്റിടങ്ങളിൽ നിന്ന് കടന്നു വന്നതായാലും ഇവിടുത്തെ സമൂഹം രൂപപ്പെട്ടത് ഇവിടത്തന്നെയാണ്. സമൂഹത്തെ കെട്ടിയിറക്കാനാവില്ല.
ചേരവംശത്തിനു സമാനമായി അനേകം നാട്ടുവംശങ്ങൾ ചുറ്റിലുമുണ്ട്. വാണിജ്യ മത്സരത്തിൽ മുൻകൈ നേടിയതിനാൽ ചരിത്രം ചേരരുടേതായി. മറ്റുവംശങ്ങളുടെ പൂർവിക തലമുറകളും സമാനമായ കാലഘട്ടത്തിലൂടെ കടന്നു വന്നിട്ടുള്ളവരാണ്.എല്ലാ വംശജനതകളുടേയും പ്രസക്തി ചരിത്രവായനയിൽ തുല്യമാണ്. ഓരോ പ്രകൃതിയിലുമുണ്ടാവും അതാത് പൂർവപാരമ്പര്യം. ഉൽപാദനപ്രക്രിയകളുടേയും കാർഷിക വിളകളുടേയും വൃദ്ധി, മനുഷ്യനേക്കാൾ ഉപരി ഇവ പ്രകൃതിയേയും കാലാവസ്ഥയേയും ആസ്പദമാക്കിയാണെന്നതിനാൽ,  എല്ലായിടത്തും ഏറക്കുറെ
ഒരേ ക്രമത്തിലായിരിക്കും.

ബി.സി. 300 നോടടുത്ത് കാർഷിക കൂട്ടായ്മകൾ വ്യാപകമായി ഉണ്ടായിരുന്നതിൻ്റെ പുരാതത്വ സാക്ഷ്യങ്ങൾ  നിളാതീരത്തെ ശവമാട വിന്യാസങ്ങളിൽ നിന്നു് കണ്ടെത്താമെങ്കിൽ മറ്റു ദേശങ്ങളിലും ഗോത്രാനന്തര കാർഷികവൃത്തി വ്യാപിച്ചിട്ടുണ്ടാവണം. ഭൂഗർഭ കല്ലറകളും മുനിയറകളും മറയൂർ, വയനാട് തുടങ്ങിയ ചിലയിടങ്ങളിൽ കണ്ടെത്തിയത് അത് അവിടെ മാത്രം അപൂർവമായതിനാലാവണമെന്നില്ല. ഉറപ്പുള്ള സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ അവ  അവശേഷിച്ചുവെന്നതിൻ്റെ അപൂർവതയാണത്. ആവാസ ഘടനയെ പ്രാഥമികമായി നിർണയിക്കുന്നത് ജനനമാണ്.തുടർന്നുള്ള വളർച്ചയുടെ ആദ്യപടവുകൾ ഒരു ഗാർഹികശീലം കൈവരിക്കുന്നു. പിന്നീടുള്ളവർ ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും ഒരിടത്ത് സ്ഥിതപ്പെടുന്നു. ഒരു കുടുംബത്തിൻ്റെ സ്വാഭാവികപ്രകൃതി മറ്റൊന്നുമായി ചേരുന്നിടത്താണ് സാമൂഹ്യബന്ധത്തിൻ്റെ  ആരംഭം. ആവാസസ്ഥലം വിസ്തൃതി പ്രാപിക്കുന്നതിനനുസരിച്ച് അതൊരു കൂട്ടായ്മയുടെ പ്രകൃതമാർജിക്കുന്നു.
വേട്ടയാടലും കാർഷികവൃത്തിയും ആ കൂട്ടായ്മയെ കുതിപ്പിൻ്റെ ഓരോ തലങ്ങളിലേക്കുയർത്തുന്നു. ആയുധങ്ങൾ നവീകരിക്കപ്പെടുന്നു. ശിലയിൽ നിന്ന് ലോഹങ്ങളിലേക്കും മറ്റു ഭൗതിക പരിണാമങ്ങളിലേക്കും ബൗദ്ധികസാങ്കേതികതകളിലേക്കും നയിക്കപ്പെടുന്നു. ഉൽപന്നങ്ങളുടെ വിതരണം ദേശാതിരുകൾ  മറികടക്കുന്നു. ഇത്തരത്തിൽ സാമൂഹ്യമായ ഒരൊത്തുചേരലാണ് കാവുകൾ . കാവുകൾ കേന്ദ്രീകരിച്ച് അധ്വാന പ്രക്രിയകൾ ശക്തിപ്പെടുന്നു. കൃഷി ഏകീകരിക്കപ്പെടുന്നു. അതിൻ്റെ സംരക്ഷണത്തിന് പ്രകൃതിശക്തികളെ ആശ്രയിക്കുന്നു. തൊഴിലുകൾ  'അഭിരുചി'ക്കും ശേഷിക്കുമനുസരിച്ച് വിഭജിക്കപ്പെടുന്നു. ആ തൊഴിൽ വിഭജനത്തിന് മറ്റു ഭേദങ്ങളില്ല. ഒരേ നാടകത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളെന്ന വ്യത്യാസം മാത്രം. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെപ്പോലെ ഒരേ 'സ്കൂളി' ലെ പങ്കാളികളാണ്. ചരിത്രകാരനായ എൻ.എം.നമ്പൂതിരി  'ചരിത്ര ഗവേഷണത്തിൻ്റെ വേറിട്ട വഴികൾ' എന്ന പ്രബന്ധത്തിൽ
ചൂണ്ടിക്കാട്ടിയത്: ''ഈ കൂട്ടങ്ങളിൽ നിന്ന് തൊഴിൽക്കാർ വേർതിരിയുന്നത് തൊഴിൽ പരമായ അറിവിലൂടെയാണ്. ബ്രാഹ്മണരാണ് കൃഷിയും മറ്റും പഠിപ്പിച്ചത് എന്നാണ് വാദം. ബുദ്ധ-ജൈനമതക്കാരാണ് കച്ചവടത്തിനോടൊപ്പം കൃഷിയും ഈ നാട്ടുകാരെ പഠിപ്പിച്ചത് എന്നാണ് രണ്ടാമത്തെ വാദം.രണ്ടായാലും ആവശ്യാധിഷ്ഠിതമായ ഒരു ആന്തരവികാസം അംഗീകരിക്കുന്നില്ല. എങ്കിലും കേരളീയമായ ഭൂപരിതോവസ്ഥയും വിഭവ ലഭ്യതയും തമിഴകത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അതിനനുസരിച്ച ആന്തരിക വികാസമാണ് നടക്കുന്നത്. അതു കൊണ്ട് അധിവാസ രൂപീകരണത്തിൽ കേന്ദ്രീകൃത വില്ലേജിൽ നിന്ന് വികേന്ദ്രീകൃത വില്ലേജ് കേരളാവസ്ഥയിൽ ഉണ്ടാവുകയാണ് 'ഉണ്ടാക്കുക 'യല്ല''.

ഗോത്രസംസ്കൃതികളുടെ അവശേഷിക്കുന്ന അനേകം തുരുത്തുകളിലേക്ക് ചരിത്രാന്വേഷണം കടന്നു ചെല്ലുകയാണെങ്കിൽ കാവുകളും ക്ഷേത്രങ്ങളും അവയുടെ ഐതിഹ്യങ്ങളിലൂന്നി വെളിപ്പെടുത്തുന്ന ചരിത്രാംശങ്ങൾ ധാരാളം നിരീക്ഷിച്ചറിയാം. മിത്തിക്കൽ കഥാപാത്രങ്ങളായ മുത്തപ്പനും പാടിക്കുറ്റിയമ്മയും ചോന്നമ്മയും കതിവന്നൂർവീരനും ഇതൾവിടർത്തുന്ന ഇതിവൃത്തശാഖകളേയും കുന്നത്തൂർ പാടി, പയ്യാവൂർ, വയത്തൂർ തുടങ്ങി കാവേരി തീരത്തെ തീർഥാടന കേന്ദ്രമായ ഭാഗണ്ഡേശ്വര ക്ഷേത്രം  വരെ ഉൾപ്പെടുന്ന ക്ഷേത്രസങ്കേതങ്ങളേയും എടയ്ക്കൽ ഗുഹ തുടങ്ങി അതിപുരാതന ശിലാകലകളേയും ചരിത്രത്തിന്റെ അടിവേരുകളുമായി സംയോജിപ്പിക്കുന്ന 'മെരിസ്റ്റമികകല 'കളെ തിരിച്ചറിയാനാവേണ്ടതുണ്ട്. പ്രാചീനചരിത്രം അതിന്റെ സംഭവങ്ങളേയും പരിണതരീതികളേയും മ്യൂസിയം ചെയ്തിരിക്കുന്നത് ഗുഹകളിലാണ്. ആവാസകേന്ദ്രമെന്ന അടിസ്ഥാനത്തിലല്ല,     സാമൂഹികസങ്കേതമെന്ന നിലയിൽ വേണം ഗുഹകളെ തിരിച്ചറിയാൻ. പ്രാചീന മനുഷ്യന്റെ മുന്നിൽ ചുമരുകൾക്കകത്ത് കഴിയുംവിധം വീടെന്ന സങ്കല്പം അന്ന് ആവിർഭവിക്കാനിടയില്ല. തങ്ങൾക്കു കൈവന്നതിൽ അമൂല്യമെന്നു കരുതിയ വസ്തുക്കളും കണ്ടുപിടുത്തങ്ങളും കലാചാതുര്യങ്ങളും സൂക്ഷിക്കാനും അലങ്കരിക്കാനുമുള്ള സുരക്ഷിതമായ ഒരു ഗാലറിയായി ഗുഹയെ അവർ പരിഗണിച്ചിരിക്കണം. അതിന്റെ അവശേഷിപ്പുകളാണ് പിൽക്കാലത്ത് വെളിപ്പെട്ട ഗുഹാ ലിഖിതങ്ങളും ചിത്രങ്ങളും.
മുപ്പത്തയ്യായിരംവർഷംമുമ്പെ കോറിയിടപ്പെട്ട സ്പെയിനിലെ അല്‍ത്താമീറ ഗുഹാ ലിഖിതങ്ങളും ഫ്രാന്‍സിലെ ലാസ്കോ ഗുഹാചിത്രങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു. അതിനും മുമ്പെ ക്രോമാഗ്നൺ മനുഷ്യന്റെ ഫോസിൽ കണ്ടെത്തിയ ഗുഹാഭിത്തികളിലും കാലസൂചകങ്ങൾ തിട്ടമില്ലാത്ത വരകൾ കോറിയതുണ്ട്. അന്നത്തെ മനുഷ്യൻ അവരെ അടയാളപ്പെടുത്താനോ, അവരുടെ രൂപം, ദേശം, കാലം തുടങ്ങിയവ രേഖപ്പെടുത്താനോ തുനിഞ്ഞിട്ടില്ലെന്നതിന്റെ പൊരുളിൽ നിന്ന്  വര അവർക്ക് കലയല്ല, ജീവിതമാണ് എന്നതിന്റെ കൃത്യമായ സാക്ഷ്യപ്പെടുത്തൽ തിരിച്ചറിയാം.
~ ~ ~ ~
*
''ആദികാലത്തു ദക്ഷിണഭാരതവും ഉത്തരഭാരതവും തമ്മില്‍ ഒരു സമുദ്രത്താല്‍ വേര്‍തിരിക്കപ്പെട്ടിരുന്നു എന്നും ദക്ഷിണഭാരതം സുമാത്രാദ്വീപു മുതല്‍ ആഫ്രിക്കവരെ വ്യാപിച്ചിരുന്ന ഒരു വലിയ ഭൂഖണ്ഡത്തില്‍ അന്തര്‍ഭവിച്ചിരുന്നു എന്നും ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ അനുമാനിക്കുന്നു. സത്യവ്രതമനുവിന്റെ കാലത്തു ഏറിയ ഭാഗവും കടല്‍ കേറിപ്പോയ ഈ ഭൂഖണ്ഡത്തിനു ലെമ്യൂറിയാ എന്നാണ് അവര്‍ പേര്‍ കല്പിച്ചിരിക്കുന്നത് '' ( ഉള്ളൂർ - സാഹിത്യ ചരിത്രം - ഭാഗം ഒന്ന് -ദ്രാവിഡം അധ്യായം).

*⁴
സംഖ്യ    പൂർവദ്രാവിഡം      ആശയം
   1         oru             ഒറ്റ, ഒരിടം
   2         iru              മറ്റൊരിടത്തേക്കു
                                 നിരക്കുക.
   3         muC          മുന്നിൽ
   4         na:l             നല്ലത്, നാനാതരം
   5         cayN          കൈ
   6         caru           സുലഭം,നിറവ്
   7         eru             ഉദയം
   8         ettu            എണ്ണുക
   9          tol             പ്രാചീനം,
                                 തൊട്ടുമുൻപ്
  10        Pat-tu       പകുയ്ക്കൽ
[കടപ്പാട്: ജീന.എ.വി, ഔലു സർവകലാശാല (ഫിൻലൻഡ്), ഗുണ്ടർട്, റോബർട് കാൾഡ്വെൽ, ആന്ദ്രോനോവ് എന്നിവരുടെ ആശയങ്ങൾ ].

*⁵
പതിന്നാലാം ശതകം വരെ വയനാട്, കോട്ടയം, ഗൂഡല്ലൂർ താലൂക്കുകൾ പുറൈക്കീഴ്നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുറുമ്പുറൈ നാടിനെപ്പറ്റിയും പുറൈക്കീഴ്നാടിനെപ്പറ്റിയും ഭാസ്കര രവിവർമയുടെ തിരുനെല്ലി ശാസനത്തിൽ പറയുന്നുണ്ട്. മധ്യകാല മണിപ്രവാള കൃതിയായ (കൊല്ലവർഷം 450 നടുത്തുണ്ടായ കൃതിയെന്ന്  ഇളംകുളം) ഉണ്ണിയച്ചീചരിതത്താർ തിരുനെല്ലിയെക്കുറിച്ചുവർണിക്കുന്നു.
വേലിയമ്പം താഴെക്കാവിൽ നിന്നു ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പുശാസനവും സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ ശിലാശാസനവും വയനാടിൻ്റെ പ്രാചീനതയിലേക്ക് വഴി തുറക്കുന്നു.