രിത്രത്തിൽ  ശ്രീകണ്ഠപുരത്തിന്റെ പ്രാമാണിക പദവി നമ്മളിനിയും  തിരിച്ചറിയുകയോ  അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല. ബി.സി.യുഗം തൊട്ടേ ലോകവാണിജ്യശക്തികളെ വശത്താക്കിയ പ്രാചീനനഗരമായും  പ്രകൃതിസമ്പത്തിൻ്റെ പ്രാചീന കലവറയായും ലോകമാർക്കറ്റ് കീഴടക്കാൻ കഴിയുംവിധം ഉൽപാദനവളർച്ച പുരാതന കാലത്ത് തന്നെ സ്വായത്തമാക്കിയ ദേശമായും
ശ്രീകണ്ഠപുരത്തിൻ്റെ പ്രാധാന്യം ഏറെ പ്രോജ്ജ്വലമാണ്. പല ചരിത്രകൃതികളും പരാമർശിക്കും വിധം ഗോകർണം തൊട്ട് കന്യാകുമാരി വരെയുള്ള പ്രാചീനകേരളവും തമിഴ്നാട്ടിലെ  സഹ്യതാഴ് വരകളുമടക്കം സാമ്രാജ്യമാക്കിയ ചേരവംശത്തിൻ്റെ, (മൂഷികവംശ*¹മെന്ന പേരിൽ) ഒരു ഘട്ടത്തിലെ ആസ്ഥാനമെന്ന മഹോന്നത പദവിയായിരുന്നു ശ്രീകണ്ഠപുരത്തിന്.

പ്രവാചകന്റെ ജീവിതകാലത്തു തന്നെ ഇസ്ലാംമതദർശനത്തിന് ഇന്ത്യയിൽ പ്രചാരണം കുറിച്ചു കൊണ്ട് ലോക ശ്രദ്ധ കൈവരിച്ച കേന്ദ്രമെന്ന നിലയ്ക്കുള്ള ചരിത്രപ്രാധാന്യവും മഹത്തരമാണ്.
ഇസ്ലാം മതപ്രബോധക സംഘത്തിൻ്റെ  രേഖകളിൽ ശ്രീകണ്ഠപുരത്തിൻ്റെ പേര് 'ചിരി കണ്ടിടം', 'ശിരവുപട്ടണം' എന്നൊക്കെയാണ്   . 'ചിരി കണ്ടിട 'മെന്നത് ശ്രീകണ്ഠപുരമെന്നതിൻ്റെ ഉച്ചാരണ വ്യതിയാനമാവാം. ഒരാസ്ഥാനപട്ടണത്തിൻ്റെ ഗരിമ ശ്രീകണ്ഠപുരമെന്ന നാമത്തിൽ ധ്വനിക്കുന്നുണ്ട്. വിളിപ്പേരിൽ അത് 'ശ്രീപട്ടണ'മായി  സങ്കോചിക്കാം. ഉച്ചാരണഭേദത്തിലൂടെ  'ശിരവുപട്ടണ' മായും മാറാം. 'കേരളോൽപത്തി' യും രേഖപ്പെടുത്തിയത് 'ശിരവു പട്ടണ'മെന്നാണ്.

ശ്രീപട്ടണം -സിറിപട്ടണം -ശിരവുപട്ടണം -ചിരി കണ്ടിടം - ശ്രീകണ്ഠപുരം  എന്നിങ്ങനെ വിവിധ തരക്കാരുടെ ഉച്ചാരണങ്ങളിൽ സ്ഥലനാമം മാറിവരുന്നത് സ്വാഭാവികം മാത്രം.റോളൻഡ്സന്റെsreekandapuram ഗ്രന്ഥത്തിൽ 'സറഫട്ടൻ 'എന്നും 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന കൃതിയിൽ 'ജാർഫട്ടൻ' എന്നുമാണുള്ളത്. കുന്നുകളും വയലുകളും പരിസരങ്ങളെ  മനോഹാരിയാക്കുന്ന 'ശ്രീപട്ടണം' തന്നെയാണ് വിദേശീയനാവിലൂടെ'ജർ ഫത്തൻ' എന്നായി മാറിയത്. എട്ടാം ശതകത്തിലെ അറബി സഞ്ചാരി ഇബ്നു ഖുർദ് ദാബേ 'ബാ ബത്തൻ ' എന്നാണ് രേഖപ്പെടുത്തിയത്.ഭൗമ ശാസ്ത്രജ്ഞനായ
അൽ ഇദ്രിസി ഉച്ചരിച്ചത് 'ജിർ ബാർട്ടൺ' എന്നാണ് :" ഫണ്ടരിണ ( പന്തലായനി എന്ന സ്ഥലം)യിൽ നിന്നു ഒരു ചെറിയ നദിയുടെ കരയിലുള്ളതും ധാരാളം ജനങ്ങൾ പാർക്കുന്നതുമായ ജിർ ബാർട്ടണി' ലേക്കു അഞ്ചു ദിവസത്തെ യാത്രയുണ്ട്. നെല്ലും ധാന്യവും കൃഷി ചെയ്യുന്ന ഫലഭൂയിഷ്ഠമായ മണ്ണാണിത്... അയലത്തുള്ള മലകളിൽ കുരുമുളക് സമൃദ്ധമായി വളരുന്നു "

പന്തലായനി, ശ്രീകണ്ഠപുരം, മാലിദ്വീപ് എന്നിവിടങ്ങളിലല്ലാതെ മറ്റെവിടെയും കുരുമുളകു വള്ളി കണ്ടിട്ടില്ലെന്നും ഇദ്രിസി പ്രസ്താവിക്കുന്നുണ്ട്.ബി.സി.യുഗ ത്തിൽ തന്നെ റോമൻ , പേർഷ്യൻ കച്ചവടക്കാരെ ഈ ദേശം വളരെയധികം ആകർഷിച്ചിരുന്നതായി കാണാം.

സഞ്ചാരിയും ടാഞ്ചിയേഴ്സ് (മൊറോക്കോ ) വാസിയുമായ ഷേഖ് ഇബ്നു ബത്തൂത്ത (AD 1342-47) മലബാറിനെപ്പറ്റിയുള്ള യാത്രാവിവരണങ്ങളിൽ ജാർ കണ്ഠൻ, ജാർഫട്ടൻ എന്നിങ്ങനെ  പരാമർശിച്ചു:
" തുടർന്ന് ഞങ്ങൾ ചെന്നെത്തിയ നഗരം ജാർ കണ്ഠൻ ആയിരുന്നു. ഈ തീരങ്ങളിലെ ഏറ്റവും വലിയ രാജാക്കന്മാരിൽ ഒരാളാണ് ഇവിടുത്തെ രാജാവ്.'ബദ് ഖന്നനി'ലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. രാജാവ് ഒരു അവിശ്വാസിയാണ്. ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹത്തിന്റെ മുത്തച്ഛൻ പണികഴിപ്പിച്ചതായിരുന്നു നഗരത്തിൽ കാണുന്ന പള്ളിയും ഇപ്പുറത്തെ വലിയ ചിറയും"

'ബദാം ഫട്ടാൻ 'എന്ന പരാമർശവും  ആ വിവരണത്തിലുണ്ട്. വളപട്ടണത്തെയാണ് സൂചിപ്പിക്കുന്നത്.പള്ളിയും, ചിറയ്ക്കൽ ചിറയുമൊക്കെയാണ് വിവരണത്തിലുള്ളത്. ബല്യപട്ടണം, ബലിയപട്ടം,വളഭ പട്ടണം, വല്ലഭപത്തനം, വളർപട്ടണം.. പല വിധത്തിൽ ഈ നാമം ഉച്ചരിക്കപ്പെട്ടിട്ടുണ്ട്. ജൂതവ്യവഹാരത്തിൻ്റെ വഴിത്തിരിവു കുറിക്കുന്ന കെയ്റോ ഗനീസാരേഖകളി( 10-13 നൂറ്റാണ്ടുകൾ )ലെത്തുമ്പോൾ  'വളപട്ടണ'മെന്നു തന്നെ പ്രയോഗിക്കപ്പെട്ടു.

സറഫട്ടൻ, ജാർഫട്ടൻ, ജിർ ബാർട്ടൺ ,ജാർകണ്ഠൻ എന്നൊക്കെയുള്ള സമാനസൂചനകൾ  ശ്രീകണ്ഠപുരത്തെ അഥവാ ശ്രീപട്ടണത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. കാസ്പിയൻ തീരത്ത് ചില പേർഷ്യൻ സ്ഥലനാമങ്ങൾ ' ജിർ 'എന്നു തുടങ്ങുന്നതായി കാണാം.(ഉദാ: ജിർ ബാഗ്, ജിർ ഗവാബർ ). ഇബ്നു ബത്തൂത്തയുടെ  മറ്റൊരു സന്ദർശനവും ശ്രീകണ്ഠപുരത്തെ ലക്ഷ്യമിടുകയുണ്ടായി .ആ യാത്രയെപ്പറ്റി അദ്ദേഹം ഇങ്ങനെയാണ്  എഴുതിയത്:

''ഞങ്ങൾ പിന്നീട് ചെന്നെത്തിയത് കറുത്ത കുരുമുളകിൻ്റെ നാടായ മലബാർ എന്ന രാജ്യത്തിലാണ്. സിന്തബൂർ ( സിദ്ധാപുരം-കുടക് ) നിന്ന് കാവ് ലം ( കൊല്ലം) വരെ അതിൻ്റെ ദൈർഘ്യം താണ്ടാൻ രണ്ടു മാസമെടുക്കും''

വേലായുധൻ പണിക്കശ്ശേരി പരിഭാഷപ്പെടുത്തിയ ഇബ്നു ബത്തൂത്തയുടെ കൃതിയിൽ മൂന്നു ഘട്ടങ്ങളിലെ യാത്രാനുഭവങ്ങളാണ്  വിവരിക്കുന്നത്.1325 ലും 1342 ലും 1344 ലും.കേരളം സന്ദർശിച്ച അറബി സഞ്ചാരി സുലൈമാൻ AD 851 ൽ എഴുതി പൂർത്തീകരിച്ചതും AD 916 ൽ അബു സെയ്ദ് പരിഷ്കരിച്ച് 'സിൽസലാത്തുൽ തവാരിഖ് ' എന്ന പേരിൽ പ്രസിദ്ധീകരിച്ചതുമായ ഗ്രന്ഥത്തെ, ബത്തൂത്ത തൻ്റെ യാത്രക്ക് ( ഒരു പക്ഷെ തൻ്റെ ഗ്രന്ഥരചനയ്ക്കും ) ആസ്പദമാക്കിയതായി സൂചന തരുന്നുണ്ട്.ഹിജറ 756, ദുൽഹജ് 3 നാണ്  ബത്തൂത്തയുടെ ഗ്രന്ഥം പൂർത്തിയാവുന്നത്.1342 ഡിസമ്പർ 29 ഞായറാഴ്ച ഏഴിമലയിലെത്തിയ അദ്ദേഹം ഡിസം 30 ന് ശ്രീകണ്ഠപുരവും 31 ന് വളപട്ടണം, ധർമടം എന്നിവിടങ്ങളും സന്ദർശിച്ചു.രണ്ടാം വട്ടം ശ്രീകണ്ഠപുരത്തെത്തുന്നത് 1344ജനവരി 5നാണ്.

sreekandapuram
ഫോട്ടോ| എ. പത്മനാഭൻ

വിശ്വസഞ്ചാരികളെ ആകർഷിക്കും വിധം  ശ്രീകണ്ഠപുരം പ്രാചീന ലോകത്തിൻ്റെ  ശ്രദ്ധാകേന്ദ്രമായ തെങ്ങനെയെന്ന അന്വേഷണമാണ് ഈ കൃതിയുടെ മുഖ്യമായ ഒരുദ്ദേശ്യം.ശ്രീകണ്ഠപുരം പ്രാചീന മലനാടിൻ്റെ അതിപ്രധാനമായ ആസ്ഥാനകേന്ദ്രമാണ്. ആ പ്രാധാന്യം ഒരു പട്ടണത്തിൻ്റേതു മാത്രമായ പ്രത്യേകതകളിലൂടെ കൈവന്ന പദവിയല്ല. ഈ നഗരം ഒരു കവാടമാണ്. ചരിത്രാതീതകാലത്തിലേക്ക് മെഗാലിത്തിക് സംസ്കാരത്തിൻ്റെ സ്മാരകങ്ങൾ അവശേഷിപ്പിക്കുന്ന അതിപുരാതന സാമൂഹിക ലോകം തുറന്നുകാട്ടുന്ന കവാടമാണിത്.
ശ്രീകണ്ഠപുരം സിരാകേന്ദ്രമായി വർത്തിച്ച വിസ്തൃതമായൊരു ദേശത്തിൻ്റെ പരിധിയിലാണ് ആദിമ പേർഷ്യൻ സംസ്കൃതിയോളം കാലപ്പഴക്കം അവകാശപ്പെടാവുന്ന എടയ്ക്കൽ ഗുഹാചിത്രങ്ങൾ കണ്ടെത്തിയത്. ഒരു ഗുഹയിൽ മാത്രമായി ആ സംസ്കൃതി പതുങ്ങിയിരിക്കില്ലല്ലൊ. ചുറ്റുമുള്ള ദേശസ്ഥലികളിലെല്ലാം പരന്നുകിടക്കുന്ന സംസ്കാരത്തിൻ്റെ പ്രതിനിധാനം മാത്രമേ  എടയ്ക്കൽ ഭിത്തികളിലും  തെളിയുള്ളു.

വിശ്വവാണിജ്യ ശക്തികളെ വിസ്മയിപ്പിച്ച പ്രകൃതിവിഭവങ്ങളുടേയും പുരാതനഉൽപാദ വ്യവസ്ഥയിൽ വിളയിച്ചെടുത്ത അധ്വാനഫലങ്ങളുടേയും സമ്മിശ്രമായ  കലവറയിലേക്ക് തുറന്നു കിടക്കുന്ന  കവാടം കൂടിയാണ് ശ്രീകണ്ഠപുരം.

മലനിരകൾക്കിടയിൽ വിളഞ്ഞ സമ്പത്തിൻ്റേയും പ്രകൃതിയുടെ വരദാനമായ നൈസർഗിക ധാതുക്കളുടേയും വനവിഭവങ്ങളുടേയും ഒരത്ഭുത ലോകമായിരുന്നു മലനാട് .അതിൻ്റെ വശ്യശക്തിയാലാണ് സഹസ്രാബ്ദങ്ങൾക്കു മുമ്പേ പുറം ലോകം ഇവിടേക്കു പാഞ്ഞുവന്നത്. മലനാടുകളുടെ ഭൗമസമ്പത്തും കാർഷികസംസ്കൃതിയും കൂടിച്ചേരുന്ന സുപ്രധാന സങ്കേതമെന്ന നിലക്ക് വിശ്വകമ്പോള ശക്തികളുടെ ദൃഷ്ടി ഈ ദേശത്തിനു മേൽ പ്രാചീനകാലം തൊട്ടേ പതിഞ്ഞതായി കാണാം.   വിദേശവ്യാപാരലോകത്തിന്റെ സഞ്ചാര സാധ്യതകളെ ആകർഷിച്ചടുപ്പിച്ച ചരിത്രത്തിലെ ഒരു ലൈറ്റ് ഹൗസ് എന്ന വിശേഷണം ഈ ദേശത്തിനർഹമാണ്. അതുകൊണ്ടുതന്നെ സാമൂഹിക പരിണാമഘട്ടത്തിൽ വളരെ വിസ്തൃതമായൊരു രാജവ്യവസ്ഥ സംജാതമായപ്പോൾ അതിൻ്റെ രാജധാനിയായും ശ്രീകണ്ഠപുരം പ്രൗഢി കൈവരിച്ചു.  ദശശതകത്തിലേറെ ചരിത്രത്തിൽ വിരാജിച്ച  മൂഷികമെന്ന രാജ്യത്തിൻ്റെ തലസ്ഥാനനഗരിയായിരുന്നു ശ്രീകണ്ഠപുരം. മൂഷികരാജ്യത്തിൻ്റെ രാജധാനികളായി ഏഴിമല , വളപട്ടണം, കരിപ്പത്ത്, പെരിഞ്ചെല്ലൂർ, പന്തലായിനികൊല്ലം, രാമന്തളി എന്നിവയടക്കം ഏഴിടങ്ങൾ ചരിത്രം അടയാളപ്പെടുത്തുന്നുണ്ടെങ്കിലും സുസ്ഥിരമായ രാജസ്ഥാനം ശ്രീകണ്ഠപുരമായിരിക്കാനാണ് ഏറെ സാധ്യത. അതിനൊരുകാരണം, രാജധാനികൾ മാറ്റിക്കൊണ്ടിരിക്കുകയെന്നത് ഒട്ടും ലഘുവായ സംഗതിയല്ല. വളരെ അപൂർവമായേ അത് സംഭവിക്കൂ.
സുശക്തമായ രാജാക്കന്മാർ അതിനൊട്ടു  മുതിരാറുമില്ല.

അതേക്കാൾ പ്രധാന കാരണം, പ്രാചീനകേരളത്തിൻ്റെ ആദിമഭൂമിക മലനാടുകളാണ് എന്നതാണ്. ദേശത്തിൻ്റെ ആസ്ഥാനവും പർവത സാമീപ്യങ്ങളിലായിരിക്കും . ഇടനാടുകളും തീരപ്രദേശങ്ങളും
കാലാന്തരേണ പിന്നീട്  ഉയർന്നു വരുന്നതാണ് . ഗോത്രസംസ്കൃതിയുടെ  പശ്ചാത്തലം കൂടി പരിഗണിച്ചാൽ അധികാരധ്രുവങ്ങൾ പ്രതിഷ്ഠ നേടുന്നതും മലനാടുകളിലാണ്. ഉൽപാദനത്തിൻ്റേയും വിഭവ സമാഹരണത്തിൻ്റേയും കടിഞ്ഞാൺ പിടിക്കുന്ന ഇന്ദ്രപ്രസ്ഥവും സ്വാഭാവികമായി മലയോരങ്ങളിൽ തന്നെയായിരിക്കും. രാജ്യത്തിൻ്റെ പരിധിക്കു പുറത്തേക്ക് വാണിജ്യശൃംഖല വ്യാപിക്കുകയും അതിനു പാകത്തിൽ സമുദ്രമേഖല തുറക്കപ്പെടുകയും തുറമുഖങ്ങൾ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രകാരത്തിലാണ് രാജാധികാരത്തിൻ്റെ ആസ്ഥാനം തീരങ്ങളിലേക്ക് മാറുന്നത്.
അപ്പോഴും സുരക്ഷിതത്വം കണക്കിലെടുത്ത് മുഖ്യമായ  തലസ്ഥാനം ദേശത്തിൻ്റെ ഉൾഭാഗത്തായിരിക്കും.

ഇന്ത്യയുടെ ദക്ഷിണാപഥത്തിൽ അനേകം ദേശാധിപന്മാർ വാണിരുന്ന   പ്രാചീനകാലത്ത് അവരുടെ ആസ്ഥാനങ്ങൾ പൊതുവെ തീരപ്രദേശങ്ങളിലായിരുന്നില്ല. ഉൾപ്രദേശത്തെ സുരക്ഷിത സങ്കേതങ്ങളിലായിരുന്നു. അതേ സമയം വാണിജ്യ സൗകര്യത്തിനു വേണ്ടി തീരപ്രദേശങ്ങളിൽ അവരോരോരുത്തരും തുറമുഖങ്ങൾ സ്ഥാപിച്ചതായി കാണാം. പുഴകളാണ് പുരാതനപാതകൾ. വലിയ പുഴമുഖങ്ങളിലാണ് വൻ തുറമുഖങ്ങൾ രൂപപ്പെടുന്നതും.

ഓരോ രാജാവും സ്വന്തമാക്കുന്ന വാണിജ്യത്താവളങ്ങളെന്ന പ്രാധാന്യമാണ് പിന്നീട്  തുറമുഖങ്ങൾക്കു കൈവരുന്നത്. പലയിടത്തും രാജാവിന് തുറമുഖങ്ങളിന്മേലുള്ള അധികാരമേ കാണൂ. അന്നത്തെ പ്രമുഖ തുറമുഖ നഗരങ്ങളോരോന്നും അതാതു രാജ്യപരിധിയിലാണെന്നു പൂർണമായും വിശ്വസിക്കാൻ പാകത്തിലല്ല ഭൂപരമായ കിടപ്പ്.

'പെരിപ്ലസ് 'കൃതിയിൽ കേരളാ തീരത്തെ നഗരങ്ങൾ എടുത്തുകാട്ടുമ്പോൾ അടുത്തടുത്ത തുറമുഖങ്ങൾ വ്യത്യസ്ത രാജാക്കന്മാരുടേതാണെന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്നതും അവകാശികളായ രാജാക്കന്മാർ ഉൾദേശങ്ങളിലാണെന്ന് എടുത്തു പറയുന്നതും ഇതുകൊണ്ടാവണം.

''The kings of both these market-towns live in the interior '' ( പെരി പ്ലസ് ഓഫ് എറിത്രിയൻ സീ). മുസിരിസ് , നെൽക്കിണ്ട എന്നീ തുറമുഖ നഗരങ്ങളെക്കുറിച്ചാണ്  പരാമർശം. തുറമുഖത്തിൻ്റെ മേൽനോട്ടത്തിനു മാത്രമായി രാജകുടുംബാംഗങ്ങളിൽ പ്രമുഖർ തന്നെ തുറമുഖത്ത് തമ്പടിച്ചിരുന്നതായും  കാണാം. അതിനുതക്ക  വാണിജ്യപ്രാധാന്യം അക്കാലത്ത്  തുറമുഖങ്ങൾ കൈവരിച്ചിരുന്നു.

വഞ്ചിമുത്തൂർ (മറയൂരിനടുത്ത് ) എന്ന ഗ്രാമം ആസ്ഥാനമായി വാണിരുന്ന ആദിചേരന്മാർ നറവ് തുറമുഖം വരുതിയിലാക്കിയ സമയത്ത്  ആടുകൊട്പാട്ടുചേരലാതനാ
യിരുന്നു  അതിൻ്റെ സംരക്ഷകനെന്ന് സംഘകൃതി 'പതിറ്റുപ്പത്തി'ൽ പരാമർശമുണ്ട്. വേന്തനായ (ചക്രവർത്തി ) ചെങ്കുട്ടുവൻ്റെ സഹോദരനാണിയാൾ. എഴുപത്തിയഞ്ചാം വയസ്സിൽ   ഇദ്ദേഹവും വേന്തനാകുന്നുണ്ട്.അതേ തുടർന്ന് ഭരണം നിർവഹിക്കാൻ മൂലഗ്രാമത്തിൽ തിരിച്ചെത്തേണ്ടതാണ്. പക്ഷെ, അദ്ദേഹത്തിൻ്റെ ആസ്ഥാന കവയിത്രി തന്നെ അപ്പോൾ എതിര് നിന്നതായി 'പതിറ്റുപ്പത്തി 'ൽ സൂചനയുണ്ട്.  ദുർഘടമായ മലകൾ കടന്ന് നീണ്ട ദൂരം താണ്ടി മൂലഗ്രാമത്തിലെത്തിച്ചേരൽ വയോധികനായ ഇദ്ദേഹത്തിന് ക്ലേശകരമായിരിക്കുമെന്നതിനാലാണ് അവരെതിർത്തത്.

വാണിജ്യഭൂപടമായും  സഞ്ചാരസഹായിയായും  തയ്യാറാക്കപ്പെട്ട ചാർട് ആണ് 'പെരിപ്ലസ് ഓഫ് എറിത്രിയൻ സീ'. ഇന്നത്തെ ചെങ്കടലും അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലുമൊക്കെ ചേർന്ന സമുദ്രഖണ്ഡത്തെ  പ്രാചീന ഗ്രീക്കു ചരിത്രകാരന്മാർ വിളിച്ചിരുന്ന പേരാണ് 'എറിത്രിയൻ സീ'. 1993 വരെ എത്യോപ്യ (അബിസീനിയ)യുടെ ഭാഗമായിരുന്ന
ഒരു  രാജ്യവുമുണ്ട് അതേ പേരിൽ. എറിത്രിയ രാജ്യത്തിൻ്റെ സബ് റീജിയനായ കേരൻ (Keren) പേരുകൊണ്ട്  കേരളത്തോടു അടുത്ത സാദൃശ്യം പുലർത്തുന്നു.

ഒന്നാം നൂറ്റാണ്ടിലെ വാണിജ്യബന്ധങ്ങളെയും സാംസ്കാരിക വിനിമയങ്ങളെയും പരാമർശവിധേയമാക്കുന്ന ഈ  യാത്രാഗ്രന്ഥത്തിൽ സഞ്ചാരപാതയിലെ കച്ചവടകേന്ദ്രങ്ങളേയും  തുറമുഖങ്ങളേയും  66 ഖണ്ഡികകളിലായി വിവരിക്കുന്നുണ്ട്.  ഈ കൃതിയുടെ കർത്താവാരാണെന്ന് വ്യക്തമല്ല. പൗരാണിക റോമിലെ പണ്ഡിതനായ Tiberius Claudius Balbillus ൻ്റെ കാലത്ത്   AD59-62 നുമിടയിൽ
ഇത് രചിക്കപ്പെട്ടുവെന്നാണ് Wilfred Harvey Schoff (1874–1932, Secretary of the Commercial Museum, Philadelphia.) ൻ്റെ നിഗമനം. ഗ്രീക്കിൽ നിന്നു തർജമ ചെയ്ത് ചരിത്രപരമായ സൂക്ഷ്മവ്യാഖ്യാനം കൂട്ടിച്ചേർത്ത്   കൃതി 1912ൽ പ്രസിദ്ധപ്പെടുത്തിയത് ഇദ്ദേഹമാണ്.

'പെരിപ്ലസി'ന്റെ സമയത്ത് പുരാതനവും സംഘടിതവുമായ ഒരു സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന നിരീക്ഷണം ആ കൃതിയുടെ അനുബന്ധത്തിൽ കാണാം. ഏറ്റവും കൂടുതൽ കൃഷിചെയ്തതും വ്യാവസായികമായി  സക്രിയമായതും പ്രകൃതിവിഭവങ്ങളിലും ഉൽപാദനത്തിലും സമ്പന്നമായതും സാമൂഹികസംഘാടനത്തിൽ മുന്നിട്ടു നിന്നതുമായ ഒരു  ദേശത്തിൻ്റെ ചിത്രമാണ്  വരച്ചിടപ്പെട്ടത്.(Page 195 ). ഈ ദേശവുമായുള്ള റോമൻവാണിജ്യബന്ധം ബി.സി.യുഗാന്ത്യത്തിലേ  ദൃഢപ്പെട്ടുവെന്നതിൻ്റെ അടയാളങ്ങൾ 'പെരിപ്ലസി'ലുണ്ട്. റോമാക്കാരുടെ പ്രധാനവാണിജ്യ സങ്കേതമായി മുസിരിസ് പരിണമിച്ചിരുന്നതായും റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ മുസിരിസിൽ സ്ഥാപിച്ചതായും
അദ്ദേഹത്തിൻ്റെ 'ടെട്രാ ബിബ്ലോസ് ക്വാഡ്രിപാർടിറ്റം' എന്ന കൃതിയിൽ ടോളമിയും (AD90- 168)വിവരിക്കുന്നു. അഗസ്റ്റസിൻ്റെ ദേവാലയമെന്ന നിരീക്ഷണം എത്രത്തോളം സംശയരഹിതമാണെന്നു പരിശോധിക്കേണ്ടതുണ്ട്. 'പ്യൂട്ടിങ്ങർ ടേബിളിൽ ' (Tabula Peutingeriana ) മുസിരിസിനടുത്തായി ടെമ്പിൾ അഗസ്ത്യ എന്നു വ്യക്തമായി രേഖപ്പെടുത്തിയതായി കാണാം.
പ്രാചീന കാലത്ത് ഇന്ത്യയുടെ  ദക്ഷിണപഥമാകെ ആത്മീയപ്രകാശം പരത്തിയ ഋഷിവര്യൻ അഗസ്ത്യമുനിയുടെ പേരിനെ  ഈ ആരാധനാലയവുമായി ചേർത്തു കാണാതിരിക്കുന്നതെന്തിന് ?

'പ്യൂട്ടിങ്ങർ ടേബിൾ'  തയ്യാറാക്കപ്പെട്ടത് പിന്നീടാണെങ്കിലും അതിന് ആധാരമായത് റോമൻ ചക്രവർത്തി സീസർ അഗസ്റ്റസിൻ്റെ  മിത്രവും യുദ്ധകാര്യ വിദഗ്ധനും പിന്നീട് ജാമാതാവുമായ മാർക്കസ് വിപ്സേനിയസ് അഗ്രിപ്പയുടെ നിർദേശപ്രകാരം നിർമിക്കപ്പെട്ട  'ടാബുല ഐറ്റിനെറേറിയ ' ആണ്. അഗസ്റ്റസിൻ്റെ സ്മാരകമായി ഒരു  ദേവാലയ സ്വഭാവത്തിലുള്ള മന്ദിരം റോമിൽ പോലുമുയരാൻ അന്ന് തരമില്ലല്ലൊ. പതിനാറാം നൂറ്റാണ്ടിലെ ജർമൻ ഹ്യുമാനിസ്റ്റ് Konrad peutinger ൻ്റെ പേരിൽ നിന്നാണ് ഭൂപടത്തിൻ്റെ  പേരുണ്ടാകുന്നത്. ടേബിളിൽ മുസിരിസിനോടു ബന്ധപ്പെടുത്തി
വലിയ കായൽ (Lacus Major - എന്നു ലിഖിതം)  വരച്ചിട്ടതു കാണാം. മുസിരിസ് നഗരം കായൽക്കരയിലാകണം. കായൽമുഖം കൂടുതൽ തുറക്കപ്പെട്ട് പിന്നീട് തുറമുഖമായി  വികസിച്ചിരിക്കാം.

നമ്മുടെ ദേശത്തെപ്പറ്റിയുള്ള സൂചനകൾ തരുന്ന ആദ്യത്തെ വിദേശമൊഴി മെഗസ്തനീസിൻ്റേതാണ്;അദ്ദേഹത്തിൻ്റെ ഇൻഡിക്ക എന്ന കൃതിയിലൂടെ;ബി.സി. 302 ൽ.

''......അവരുടെ മറ്റൊരു നഗരം ഏറെ വിശിഷ്ടമാണ് - അഞ്ച് നദികൾ സംഗമിക്കുന്ന  തീരദേശം ഉൾപ്പെടുന്ന ഓട്ടോമെല വ്യാപാരത്തിന്റെ ഉത്തമമായ ഒരു സങ്കേതമാണ്.  1,600 ആനകളും 1,50,000 കാലാൾപ്പടയും 5,000 കുതിരപ്പടയുമുള്ള രാജാവാണ് വാഴുന്നത് . 'ചാർമെ'യിലെ   ദരിദ്രനായ രാജാവിന് അറുപത് ആനകളേ ഉള്ളു, അദ്ദേഹത്തിന്റെ ശക്തിയും പ്രാധാന്യമർഹിക്കുന്നതാണ്. അടുത്തതായി വരുന്നത് 'പാണ്ഡെ'.ഇന്ത്യയിൽ സ്ത്രീകൾ ഭരിക്കുന്ന  ഏകരാജവംശമാണ് '' (ഇംഗ്ലീഷ് Text *² , Page 344 -മുസിരിസിൻ്റെ കാല്പാടുകളിലൂടെ - ഡോൺ ബോസ്കോ  )

'ഓട്ടോമെല'യെന്ന പരാമർശം ഏഴിമലയെ സൂചിപ്പിക്കുന്നതാണെങ്കിൽ  അഞ്ചു നദികൾ സംഗമിക്കുന്ന തീരദേശമെന്നത് ഉത്തരമലബാറുൾപ്പെടുന്ന ആദിമല നാടും അതിനുശേഷമുള്ള 'ചാർമെ' ചേരരാജ്യവും പിന്നെ 'പാണ്ഡെ' പാണ്ഡ്യവുമാണ് മെഗസ്തനീസിൻ്റെ സൂചനയിലുള്ളത്. പാണ്ഡ്യം സ്ത്രീകൾ ഭരിക്കുന്ന ഏക രാജ്യമാണെന്ന പ്ലിനിയുടെ പരാമർശവുമുണ്ട്:
''പെൺവാഴ്ചയുള്ള ഇന്ത്യയിലെ ഏക രാജ്യം പാണ്ഡ്യമാകുന്നു. ഏകപുത്രി മാത്രമുണ്ടായിരുന്ന ഹെർക്കുലിസ് (ഹെരാ ക്ലിസ്) അവളെ അത്യധികം സ്നേഹിച്ചിരുന്നു. തന്നിമിത്തം അവളെ അദ്ദേഹം ഒരു രാജ്യത്തിൻ്റെ നാടുവാഴുന്ന റാണിയായി സ്ഥാപിച്ചു.ഈ റാണിയുടെ സന്തതികൾ മുന്നൂറു നഗരങ്ങളും ഒന്നര ലക്ഷം കാലാൾപ്പടയും 500 യുദ്ധ ഗജങ്ങളുമുള്ള ഒരു രാജ്യം ഭരിച്ചു.''
ഈ പാണ്ഡ്യരാജ്യം ജലം നദിക്കു ചുറ്റുമുള്ള പ്രദേശമാണെന്നാണ് കേസരി കണ്ടെത്തിയത്. പാണ്ഡ്യ - ചോഴ-ചേര- കർണാടക രാജ്യങ്ങൾക്കു മുമ്പ് ഇവരെല്ലാം ചേർന്ന ചരിത്രാതീതമായ ഒരു പാണ്ഡ്യമുണ്ടായിരുന്നു അവിടെ .

BC രണ്ടിൽ ഒരു ഗ്രീക്കു നാവികൻ (സിസിക്കസിലെ യുഡോക്സസ്) ഒരിന്ത്യക്കാരൻ്റെ സഹായത്തോടെ രണ്ടു തവണ നേർക്കടൽമാർഗം കേരള തീരത്തെത്തുകയുണ്ടായെന്നത് അക്കാലത്തേ വികസിച്ചു കഴിഞ്ഞ വാണിജ്യബന്ധത്തിൻ്റെ സൂചനയാണ്. സ്ട്രാബോ (AD 24) യുടെ  രേഖകളെ  ആധാരമാക്കി എഡ്വേർഡ് ഗിബ്ബൺ' Decline & Fall of the Roman Empire' എന്ന കൃതിയിൽ  രേഖപ്പെടുത്തിയത് ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ തുറമുഖമായ 'മിയോസ്  ഹോർമിസിൽ ' നിന്ന് 120 ഓളം കപ്പലുകൾ പ്രതിവർഷം ഇന്ത്യൻ തീരങ്ങളിലേക്ക് പുറപ്പെടുന്നതായാണ്.

AD 77 ൽ  'ഹിസ്റ്റോറിയ നാച്ചുറൽസ് ' എന്ന 37 വാള്യങ്ങളുള്ള ഗ്രന്ഥത്തിലൂടെ ഇറ്റലിക്കാരനായ പ്ലിനി  നമ്മുടെ  മലനാടുമായി റോമിനുള്ള  വ്യാപാര ബന്ധത്തിൻ്റെ കഥയും അതിനുമുമ്പേ  അലക്സാണ്ഡ്രിയയിലെ യവനർ, ആർമീനിയയിലെ അറബികൾ,  സിറിയയിലെ യഹൂദർ ,സോമാലികൾ, പഹ്ലവർ, അക്സുമികൾ എന്നിവർക്ക്  ഈ ദേശവുമായുള്ള സമ്പർക്കങ്ങളും
പരാമർശിക്കുന്നു.

ടോളമിയുടെ കൃതിയിലെത്തുമ്പോൾ (AD 150 ) 'മൂസോപ്പള്ളി ' രാജവംശവും 'നാനാഗുന ' നദിയും പ്രത്യക്ഷപ്പെടുന്നു. മൂഷികവംശവും നന്നൻ എന്ന രാജനാമവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് അവയെന്നാണ്  ചില ചരിത്രകാരന്മാരുടെ അഭിപ്രായം. നന്നനെന്നതു  നാരായണനെന്നതു ലോപിച്ചതാവാം.എ ഡി. അഞ്ചാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഇന്ത്യയും സിലോണും  ബുദ്ധഭിക്ഷുവായ  ഫാഹിയാൻ സന്ദർശിക്കുകയുണ്ടായി. സിലോൺ കേന്ദ്രീകരിച്ച വിദേശക്കച്ചവടത്തിൻ്റെ പ്രധാന പങ്കാളി  മലനാട് ആണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

ഗ്രീക്കുസഞ്ചാരി കോസ്മസ് ഇൻഡികോപ്ലൂസ്റ്റസിൻ്റെ കാലം തൊട്ട് (AD 550) 'മലൈ' എന്നാണ് നമ്മുടെ  ദേശമറിയപ്പെട്ടിരുന്നത്.പന്ത്രണ്ടാം നൂറ്റാണ്ടുവരെ ആ പേരിൻ്റെ വിവിധ ഉച്ചാരണങ്ങൾ രേഖപ്പെടുത്തിക്കാണുന്നു. ഈജിപ്തിലെ വ്യാപാരിയും പിന്നീട് പുരോഹിതനു (Hermit) മായ കോസ് മസ് കുരുമുളകിൻ്റെ നാടായി മലൈയെ വിശേഷിപ്പിക്കുന്നു. തെങ്ങുകൃഷിയെപ്പറ്റിയുള്ള  പരാമർശങ്ങളും   'ഭാരതീയ ക്രിസ്തുമത വിവരങ്ങൾ ' എന്ന അദ്ദേഹത്തിൻ്റെ കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാരതത്തിലെ ആറ്  മഹാവിപണികളൊന്നാണ് 'മലൈ '. ഇവിടുത്തെ അഞ്ചുകേന്ദ്രങ്ങൾ വഴി കുരുമുളക് പശ്ചിമനാടുകളിലേക്ക്  കയറ്റിവിടുന്നതായും അദ്ദേഹം വിവരിക്കുന്നു. സാലൊപട്ടണം (പന്തലായിനി കൊല്ലം), നാലൊ പട്ടണം (ധർമടം), പർത്തി( ഇത് 'പ്രഥനാ ' നദിയുടെ അഴിമുഖം-വളപട്ടണമാണെന്നാണ് ഈ കൃതി അനുമാനിക്കുന്നത് ), പുതുപട്ടണം (ഹോസ്ദുർഗ് ), മംഗരുത് (മംഗലാപുരം) എന്നിവയാണവ.

എഡി 629 ൽ സന്ദർശിച്ച ഹുയാൻ സാങ്ങ് 'മലകൂട'ത്തിലെ ജീവിതത്തെപ്പറ്റി  പരാമർശിക്കുമ്പോൾ മുത്തും പവിഴവും അളവില്ലാതുണ്ടെന്നു വർണിക്കുന്നുണ്ട്. അക്കാലത്ത് ബുദ്ധമതം ഇവിടെ   ക്ഷയോന്മുഖമായ  സ്ഥിതിയിലെത്തി നിൽക്കുകയാണത്രെ. എഡി 671 ൽ സന്ദർശിച്ച   ഇ-റ്റ്സിങ് എന്ന സഞ്ചാരി ഇവിടെ സംസ്കൃത ഭാഷാപഠനം നടക്കുന്ന സംഗതിയും ചൂണ്ടിക്കാട്ടുന്നു.

AD 844-48 ഇബ്നു ഖുർദാദ് ബെ ( അറബി സഞ്ചാരി) 'രാജ്യങ്ങളും മാർഗങ്ങളും' എന്ന കൃതിയിൽ കുരുമുളകും മുളയും സമൃദ്ധിയായി വളരുന്ന 'മലി'യെന്ന നാടിൻ്റെ  ചിത്രമാണ് അവതരിപ്പിക്കുന്നത്.സമ്പൽസമൃദ്ധിയെപ്പറ്റി അറബി സഞ്ചാരികളിൽ ആദ്യ സന്ദർശകനായ സുലൈമാനും പുകഴ്ത്തുന്നുണ്ട്.പേർഷ്യ - ഭാരതം -ചൈന എന്നിവയെ കണ്ണിചേർക്കുന്ന വികസിച്ച വാണിജ്യ- ഗതാഗത ബന്ധത്തിൻ്റെ വ്യക്തമായ വിവരണം AD 851 ൽ എഴുതിത്തീർന്ന  അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിലുണ്ട്. AD970 റഷ്യൻ സഞ്ചാരിയും പണ്ഡിതനും ഗവേഷകനുമായ
അൽ ബറൂണി 'മലിബാർ ' എന്നാണുച്ചരിച്ചത്. അൽബറൂണിയുടെ കണക്കിൽ മലിബാറിൻ്റെ നീളം 300 ഫർസവ് (500 കി.മീ.) ആണ് .

സിസിലിയിലെ നോർമൻ രാജാവ് റോജർ രണ്ടാമൻ ലോക ഭൂമി ശാസ്ത്രം രചിക്കാൻ മധ്യകാലയുഗത്തിലെ ഏറ്റവും മികച്ച ഭൂമിശാസ്ത്രജ്ഞനെന്ന നിലയിൽ  പ്രശസ്തനായ  അൽ ഇദ്രിസി (AD 1100-1166) യെയാണ് ചുമതലപ്പെടുത്തിയത്. വടക്കേ ആഫ്രിക്കയിലെ സെൻ്റയിലാണ് ഇദ്രിസി ജനിച്ചത്. 20 ലേറെ പണ്ഡിതരെ വിവിധ ദേശങ്ങളിലയച്ച് വിവരങ്ങൾ ശേഖരിച്ച് 15 വർഷം കൊണ്ട്  'കിത്താബ്നു സ്സഹത്തുൽ മുസ്ത്താഖ് ഫി ഇഖ്ത്താഖിൽ  അഫാഖ് 'എന്ന  കൃതി അദ്ദേഹം പൂർത്തിയാക്കി.  AD900 നും 1150 നുമിടയിലുള്ള ചരിത്രവിവരങ്ങളാണ് ഉള്ളടക്കം . 'മലൈ' നാട്ടിലെ പന്തലായിനി, ശ്രീകണ്ഠപുരം, തൃക്കാക്കര ,കൊടുങ്ങല്ലൂർ എന്നീ കേന്ദ്രങ്ങളെ വളരെ പ്രാധാന്യത്തോടെ അതിൽ  പരാമർശിക്കുന്നു:

''ജനങ്ങൾ തിങ്ങി താമസിക്കുന്ന നദീമുഖപട്ടണമാണ് ശ്രീകണ്ഠപുരം .നെല്ലും മറ്റു ധാന്യങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ശ്രീലങ്കയിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നു. അവിടത്തെ മലകളിലും മലയോരങ്ങളിലും കുരുമുളകു സമൃദ്ധിയായി വളരുന്നുണ്ട്.'' തലസ്ഥാന നഗരിയെന്ന പ്രാമുഖ്യത്തോടെയാണ് ശ്രീകണ്ഠപുരത്തെ പരിഗണിച്ചത്. മറ്റൊരു തലസ്ഥാന നഗരിയെന്ന സൂചനയോടെ ശ്രീകണ്ഠപുരത്തിനും കൊടുങ്ങല്ലൂരിനു (സിൻജി)മിടയിലെ ദൂരം രണ്ടു ദിവസമാണെന്നും പ്രസ്താവിക്കുന്നു. തഞ്ചാവൂരിലെ ഒരു മഹാക്ഷേത്രത്തിലുള്ള പുരാതനശിലാരേഖയിൽ
'മലൈനാട് ' എന്ന ലിഖിതം കാണാം.

അറബി സമുദ്ര സഞ്ചാരികളും കപ്പലോട്ടക്കാരും  മലേബാർ, മലീബാർ, മണി ബാർ എന്നിങ്ങനെയും യൂറോപ്യൻ സഞ്ചാരികൾ മെലിബാർ, മലാബ്രിയ, മിനി ബാർ, മിലിബാർ എന്നിങ്ങനെയും തരാതരം ഉച്ചരിച്ചു. മല ദ്രാവിഡപദവും ബാർ അറബി പദവുമാണ്. 'ബാ' എന്നാൽ വാസസ്ഥലമെന്നാണ് സെമിറ്റിക് ഭാഷകളിൽ അർഥം. സമുദ്രത്തിൽ തീരത്തോടടുക്കുന്ന സന്ദർശകർക്ക്
മലകളുടെ വാസസ്ഥാനമായി ഈ ദേശം ദൃശ്യമായി. അരമായ ഭാഷയിൽ ബാർ എന്നാൽ  പുത്രനും ബാത് എന്നാൽ മകളുമാണ്. പേർഷ്യൻ ഭാഷയിൽ നാട് എന്നാണർഥം.മലവാരമെന്ന തദ്ദേശീയപദം ഉച്ചാരണത്തിൽ മലബാർ ആയതാണെന്ന നിരീക്ഷണമാണ് ചട്ടമ്പിസ്വാമികൾക്ക് . 'തമിഴകവും ദ്രാവിഡ മാഹാത്മ്യവും' എന്ന കൃതിയിൽ അദ്ദേഹം പ്രസ്താവിക്കുന്നു :
''മലവാരം, സായിപ്പന്മാർക്കു മലബാരം, മലബാർ എന്നായിത്തീർന്നു. മലവാരം എന്നാൽ മലമ്പ്രദേശം അല്ലെങ്കിൽ മലയരിക് എന്നാണല്ലോ അർഥം വരുന്നത് ''.

ദക്ഷിണേഷ്യയിലെ മുസ്ലീം രാജ വംശങ്ങളുടെ പൊതുനാമമായി   മഅ'ബർ സ്വീകരിക്കപ്പെട്ടതായി കാണുന്നതിനെ മലബാറുമായി ബന്ധപ്പെടുത്താറുണ്ട്. പൂർവപിതാക്കൾ പാണ്ടി (മഅ'ബർ )യിൽ നിന്നു വന്നതിനാലാണ് ആ പ്രയോഗമെന്നും കടൽ, വെള്ളം എന്നീ അർഥങ്ങളാണ് മഅ'ബർ എന്ന വാക്കിനെന്നും അതു സംബന്ധിച്ച് വിലയിരുത്തിയവരുണ്ട്.
റഷ്യൻ സഞ്ചാരിയായ അൽ ബറൂണി 'മലിബറി'ൻ്റെ തെക്കൻ അതിർത്തിയായി കാണിക്കുന്ന കൊല്ലത്തിനു ശേഷമുള്ള ദേശം മഅ'ബർ രാജ്യമാണെന്നാണ് പ്രസ്താവിച്ചത്.

വെനീസുകാരനായ മാർക്കോപോള 1271 മുതൽ 1295 വരെ ലോകസഞ്ചാരം നടത്തി എഴുതിയ കൃതികൾ വിശ്വസഞ്ചാര സാഹിത്യത്തിലെ എണ്ണപ്പെട്ടവയാണ്.
'മലിബാറി'ന് സ്വന്തമായൊരു ഭാഷയുണ്ടെന്നും ആരുടെയും സാമന്ത രാജ്യമല്ലെന്നും സ്വന്തമായ രാജ വ്യവസ്ഥയുണ്ടെന്നും മാർക്കോ പോള റിപ്പോർടു ചെയ്യുന്നുണ്ട്.

പതിന്നാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇവിടെ സന്ദർശിച്ച അബുൽ ഫിദ (1273-1331) കുറിച്ചതിങ്ങനെയാണ്: ''മംഗലാപുരം മലബാറിലെ വലിയ പട്ടണങ്ങളിലൊന്നാണ്. ഹിന്ദുവാണ് ഇവിടുത്തെ രാജാവ്. ഇവിടെ നിന്ന് മൂന്നു ദിവസത്തെ വഴിയുണ്ട് റാസ ഹേലി (ഏഴിമല)യിലേക്ക്. ഹേലി മുനമ്പ് സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന ഒരു ശൈല പ്രദേശമായതിനാൽ കപ്പൽയാത്രക്കാർക്ക് വളരെ അകലെ നിന്നു തന്നെ കാണാം'' മംഗലാപുരം മാത്രമല്ല, തെക്കൻ കാനറയുൾപ്പെടെ മലബാറിൻ്റെ ഭാഗമാണ് ഇബ്നു ബത്തൂത്തയുടെ വിവരണങ്ങളിൽ .

sreekandapuram
ഫോട്ടോ| എ.പത്മനാഭൻ

സസ്യ ശ്യാമളവും വൃക്ഷ നിബിഡവുമായ ദേശക്കാഴ്ചയാണ് 'മനുഷ്യവർഗത്തിൻ്റെ സംക്ഷിപ്ത ചരിത്രം ' എന്ന കൃതിയിൽ അബുൽ ഫിദ വരച്ചിടുന്നത്.: ''ഭൂരിഭാഗം സ്ഥലങ്ങളും ഘോര കാനനങ്ങളും മലകളും നദികളും അപഹരിച്ചിരിക്കുന്നു. മണ്ണ് ഫലഭൂയിഷ്ഠമാണ്. ഫലവൃക്ഷങ്ങളും കായ്കനികളും നിറഞ്ഞു നിൽക്കുന്നു.''

ചൈനയിൽ നിന്നെത്തിയ വ്യാപാര സംഘത്തലവൻ  വാങ് - താ-യൂൻ(AD 1330- 1349) കേരളത്തിൽ നാല് കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കായംകുളം, കോഴിക്കോട്, ഏഴിമല ,ശ്രീകണ്ഠപുരം .
ശ്രീകണ്ഠപുരത്തെയും ശ്രീകണ്ഠപുരം ആസ്ഥാനമായ നാടിനെയും പരാമർശിച്ച്‌ ഇങ്ങനെ എഴുതി : ''കോഴിക്കോടിനു വടക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു വ്യാപാര കേന്ദ്രമാണ് ശ്രീകണ്ഠപുരം .
ഭൂമി സമനിരപ്പും ഫലഭൂയിഷ്ഠവുമാണെങ്കിലും കൃഷി കുറവാണ്. നെയ്ത്താണ് പ്രധാന തൊഴിൽ . ഇവിടെ നിന്നാണ് ഏറ്റവും അധികം പരുത്തി വസ്ത്രങ്ങൾ അയക്കുന്നത്. മേത്തരം തുണികളാണിവ. വളരെ
വിശേഷപ്പെട്ട തരം തുണികൾ ഇവിടെ നെയ്യുന്നുണ്ട്. ജനങ്ങളുടെ ജീവിത രീതികളും ആചാരാനുഷ്ഠാനങ്ങളും മുമ്പ് വിവരിച്ച സ്ഥലങ്ങളിലെപ്പോലെ തന്നെയാണ് '' (ഉദ്ധരിച്ചത്: സഞ്ചാരികൾകണ്ട കേരളം -വേലായുധൻ പണിക്കശ്ശേരി)

AD 1400 ൽ രചിച്ച  ഉണ്ണിയാടിചരിതം' മലൈ നാടതിലും മനോഹര 'മെന്നു പാടി. ബഞ്ചമിൻ (1159-60) ,റഷീദ് -ഉദ്-ദീൻ (1247-81) ,അൽകാസ് വിനി (1263- 75) ,ഫ്രയർ ഒ ഡോറിക് (1286- 94),
ജോൺ ആഫ് മോണ്ടി കോർവിനോ (AD 1292-93) , ഫ്രയർ ജോർഡനസ് (1320) ,മാഹ്വാൻ (AD 1425നടുത്ത്),അബ്ദുൾ റസാഖ് (1442),നിക്കോളോ കോണ്ടി (1444),അത്താനാസിയസ് നികിതിൻ (1468),
പീറോ ഡി കോവിൽഹോ (1488), ബർബോസ (1500-16), ഫെറിയ വൈസൂസ ( 1649), ഡി പൈവ (1687),ജയിംസ് ഫോർബഡ (1772-73),ബർത്തലോമ്യ (1777), തുടങ്ങി ഒട്ടേറെ സഞ്ചാരികൾ ഈ ദേശത്തിൻ്റെ വിഭിന്ന ചിത്രങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

1801 ൽ സ്ഥിതിഗതി പഠിക്കാൻ വെല്ലസ്ലി പ്രഭു നിയോഗിച്ച ഡോ: ഫ്രാൻസിസ് ബുക്കാനിൻ്റെ കൃതി: 'മദ്രാസിൽ നിന്നും മൈസൂർ-മലബാർ - കാനറ വഴിയുള്ള വിശദമായ യാത്രാവിവരണം നൽകുന്നു.

വിദേശികളുടെ സഞ്ചാരവിവരണങ്ങളെ അക്ഷരംപടി ആധികാരികമായി സ്വീകരിക്കുന്നതിൽ പന്തികേടുണ്ട്. പലരുടെ കാര്യത്തിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ദൃക്സാക്ഷി വിവരണത്തിൻ്റേതായ ഭാവസാകല്യത വേണ്ടത്ര കാണാനില്ല. ചില ഗ്രന്ഥങ്ങൾക്ക് പരിഭാഷകളിലൂടെ മാറി മാറി വന്നതിൻ്റെ ന്യൂനതയുണ്ട്. സഞ്ചാരി ഓർമയിൽ നിന്നു പകർത്തിയ കൃതികളാണ് ചിലത്. പൂർവ യാത്രികരുടെ ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ചതുമുണ്ട്. നൂറ്റാണ്ടുകൾക്കു ശേഷം കണ്ടെടുത്ത് എഡിറ്റ് ചെയ്യപ്പെട്ടു കിട്ടുന്നതാണ് ചില കൃതികൾ.. എല്ലാറ്റിനുമുപരി ഒരു സഞ്ചാരി ഓട്ടപ്രദക്ഷിണത്തിനിടെ അറിയുന്നതും കേൾക്കുന്നതും മാത്രം അടിസ്ഥാനപ്പെടുത്തി ഒരു ദേശത്തെ ചിത്രീകരിക്കുന്നത് ഇന്നെന്ന പോലെ അന്നും സമഗ്രതയും വാസ്തവികതയും തികഞ്ഞതാകണമെന്നില്ല. ഒരു ദേശത്ത് ജനിച്ചു ജീവിച്ചവർക്കു തന്നെ ആ ദേശത്തിൻ്റെ ദൃശ്യം എത്രത്തോളം ദർശിക്കാനാവുന്നു?അപ്പോൾ പിന്നെ ഒരു സന്ദർശകൻ്റെ നില പറയാനുണ്ടോ !

സഞ്ചാരകൃതികളുടെ ആധികാരികതയെ സംശയത്തിൽ നിർത്തുന്ന ചെറിയൊരുദാഹരണം പരിശോധിക്കാം. പ്രാചീനലോകത്തിനാകെ ലഹരിയും അമൂല്യമായ നിധിയുമായിരുന്നല്ലൊ ഇവിടുത്തെ കുരുമുളക്. കുരുമുളകുപുരാണമെഴുതാൻ  ആവേശം കാണിച്ച ചില സഞ്ചാരികളുടെ വിവരണം ശ്രദ്ധിക്കൂ...

കോസ് മോസ് (AD 550):
''....പടർന്നു കയറുന്ന വള്ളി. ഓരോ കുലയുടെ കടക്കലും ഈരണ്ട് ഇലകൾ കാണും. അവയുടെ നിറം കറുത്ത പച്ച .കുലകളെ കടുത്ത വെയിലിൽ നിന്നും മഴയിൽ നിന്നും ഇവ മറച്ചു പിടിക്കുന്നു''

ഇബ്നു ബുർദാദ് ബെ (AD 844-48):
'' കുരുമുളകു പടർന്നു കയറുന്ന ഒരു സസ്യമാണ്.ഇതിന് കുലകളുണ്ട്. ഇലകൾ മഴ നനയാതെ നോക്കുന്നു. പറിച്ചെടുത്ത് ഉണക്കും''

റബ്ബി ബഞ്ചമിൻ (AD 1167) :
''മരത്തിൽ പടർന്നു കയറുന്ന വള്ളി. പച്ച നിറം. ഉണക്കിയാൽ ഉറപ്പും കറുപ്പും വരുന്നു''

ജോൺ ഓഫ് മോൻ്റി കോർവിനോ (AD 1293):
''മരത്തിൽ പടർന്നു കയറുന്ന വള്ളിയിലാണ് കുരുമുളകുണ്ടാകുന്നത് ''

ഫ്രയാർ ഒ ഡെറിക് (AD1322):
'' കരുത്തുള്ള കുലയിൽ ധാരാളം മണികൾ . പറിച്ചെടുത്ത് വെയിലത്ത് ഉണക്കുന്നു. നിറം പച്ച.ഉണങ്ങിയാൽ കറുപ്പ് .''

ഫ്രയർ ജോർഡാനസ് (AD 1321) :
''മരത്തിൽ പടർന്നു കയറുന്ന വള്ളി. നിറം പച്ച .വെയിലത്ത് ഉണക്കിയാണ് കുരുമുളകു മണികൾ കറുക്കുന്നത്. തീയിൽ വറുത്തിട്ടാണെന്ന ധാരണ ശരിയല്ല''

ഇബ്നു ബത്തൂത്ത (AD 1341) :
''വള്ളികളിൽ കായ്ക്കുന്നു. വെയിലത്ത് ഉണക്കുന്നു. നമ്മൾ പറയാറുള്ളതുപോലെ തീയിൽ വറുത്തിട്ടല്ല കുരുമുളക് കറുക്കുന്നത്. കാലിക്കത്തിൽ വച്ച് കുരുമുളക് അളക്കുന്നത് കണ്ടു''

ജോൺ ഡി മാറിഗ് നൊല്ലി (AD 1347) :
'' കുരുമുളകു മണികൾ തക്കതായ മൂപ്പെത്തിയാൽ പറിച്ച് വെയിലത്തിട്ട് ഉണക്കുന്നു. അപ്പോഴാണ് അതിൻ്റെ നിറം കറുക്കുന്നത്. നാം ധരിച്ചിട്ടുള്ളതുപോലെ വറുത്തിട്ടല്ല കുരുമുളകു മണികൾ കറുക്കുന്നത്. ഇത് ഞാൻ നേരിൽ കാണുകയുണ്ടായി. ''

ഹീറോയിനിമോ  ഡി  സാന്താ സ്റ്റെഫാനോ (AD 1499) :
''കുലകളിൽ നിന്ന് അടർത്തിയെടുക്കുമ്പോൾ കുരുമുളകു മണിയുടെ നിറം പച്ചയാണ്. പഴുക്കുമ്പോൾ ചുവപ്പും. അവ വറുത്തിട്ടാണ് കറുക്കുന്നതെന്ന നമ്മുടെ ധാരണ ശരിയല്ല. വറുത്തിട്ടല്ല, വെയിലത്തിട്ട് ഉണക്കുമ്പോഴാണ് പച്ചനിറം  മാറി കറുപ്പാകുന്നതും പുറത്ത് ചുളിവുകൾ വീഴ്ത്തുന്നതും.''

ഈ വിവരണങ്ങളിൽ കാണുന്ന കൗതുകകരമായ സംഗതി -
മിക്കവരും നേരിൽ കണ്ട മട്ടിലാണ് വിവരിക്കുന്നത്. എങ്കിലും ,വാക്കിലും വാചകത്തിലും ഘടനാസാദൃശ്യം കാണാം.ഇതിനർഥം കേട്ടറിവും വായിച്ചറിവുമുണ്ടാക്കിയ മുൻ വിധികളോടെ സ്വന്തം നിരീക്ഷണമെന്ന നിലക്ക്  ഇവരിൽ പലരും ഏതു ചരിത്ര സംഭവവും ഇങ്ങനെ  രേഖപ്പെടുത്തിയിട്ടുണ്ടാവാമെന്നതാണ് . പല വിദേശസഞ്ചാരികളുടെയും മലബാർയാത്രകളുടെ വിവരണം നിരീക്ഷിച്ചാൽ , തങ്ങളുടെ  പൗരസ്ത്യ സഞ്ചാരത്തിൻ്റെ ആധികാരികത ബോധ്യപ്പെടുത്താൻ കുരുമുളക് കണ്ടതായി വിവരിച്ചാൽ മാത്രം മതിയെന്ന ഒരു വിശ്വാസം അവരൊക്കെ  പുലർത്തുന്നതായി തോന്നും..
അതേസമയം അവരെഴുതിയ ചരിത്രരേഖകളുടെ ആധികാരികതയും സൂക്ഷ്മതയും സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ടെന്നു ബോധ്യപ്പെടാനും കുരുമുളകു സംബന്ധിച്ച വിവരണം മാനദണ്ഡമാക്കാവുന്നതാണ്. ആദിശതകങ്ങൾ തൊട്ടേയുള്ള നമ്മുടെ നാടിൻ്റെ അജ്ഞാതചരിത്രമേഖലകൾ അനാവൃതമാക്കാൻ ചരിത്രകാരന്മാർ മുഖ്യമായും ആശ്രയിച്ച ഉപാധികൾ വിദേശ സഞ്ചാരികളുടെ വിവരണങ്ങളാണ് എന്നുകൂടി ഓർക്കുക.

ചരിത്ര സംബന്ധമായ  നിഗമനങ്ങളിലെത്താൻ ചരിത്ര കാവ്യങ്ങളെ ആശ്രയിക്കുമ്പോഴും ഇത്തരം പരിമിതികളുണ്ട്. ചരിത്രത്തിന്റെ ഉപദാനങ്ങളായി സാഹിത്യകൃതികളെ സ്വീകരിക്കുമ്പോഴും അവയിൽ പരാമർശിതമായ വസ്തുനിഷ്ഠ വിവരണങ്ങളെ നിറം പിടിപ്പിച്ച കെട്ടുകഥകളിൽ നിന്നും ഇഴപിരിച്ചെടുത്തേ പറ്റൂ.

ശ്രീകണ്ഠപുരത്തിന്റെ ഇതിവൃത്തമറിയാൻ നമുക്ക് സ്വീകരിക്കാവുന്ന സാഹിത്യ സൃഷ്ടികളിൽ പ്രധാനമാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച അതുലനെന്ന കൊട്ടാരംകവിയുടെ  'മൂഷിക വംശ'മെന്ന ചരിത്രകാവ്യം.സംഘകൃതികളെ മുൻനിർത്തിയാണ്തമിഴകത്തിൻ്റെ  കാലവുംചരിത്രവും നിർണയിക്കാൻ  ചരിത്രപണ്ഡിതന്മാർ ഏറെ അധ്വാനിച്ചത് .അതിൻ്റെ ഭാഗം പറ്റി കേരളത്തിൻ്റെ ചരിത്രവും വലിയൊരളവിൽ ചിട്ടപ്പെടുത്തി.'ഇറൈയനാർ അകപ്പൊരുളി'നെ നിരീക്ഷിച്ചു കൊണ്ട് കേസരി നടത്തിയ കാല നിർണയം  ഒന്നാം സംഘകാലം 498-636 AD, രണ്ടിൻ്റേത് 636- 737, മൂന്നിൻ്റേത് 737-817 എന്ന മട്ടിലാണ്. ബി.സി. ഒന്നാം നൂറ്റാണ്ടു മുതൽ എ ഡി. മൂന്നാം നൂറ്റാണ്ടുവരെ ആദിചേരസാമ്രാജ്യത്തെ പ്രതിഷ്ഠിച്ച പഠനങ്ങളുമുണ്ട്.

ഈ ചരിത്രസാഹചര്യങ്ങളിൽ നിന്ന് ശ്രീകണ്ഠപുരത്തെ ആധാരമാക്കിയുള്ള ഒരു രാഷ്ട്രീയ - സാമൂഹിക ഘടനയുടെ പരിപ്രേക്ഷ്യം വായിച്ചെടുക്കാനുള്ള ശ്രമത്തിനാണ് ഈ ഗ്രന്ഥരചനയിലൂടെ തുടക്കമിടുന്നത്. യഥാർഥത്തിൽ ശ്രീകണ്ഠപുരത്തിന്റെ ദേശപ്പെരുമ ചരിത്രത്തിൽ സുവർണ ലിപികളാലെഴുതപ്പെട്ടതാണ്. ആദ്യ ശതകങ്ങൾ തൊട്ടേ വിദേശികളുടെ സഞ്ചാര ഭൂപടത്തിലുൾപ്പെടെ സ്ഥാനമുദ്രണം ചെയ്യപ്പെട്ട ദേശം. ഈ ചരിത്ര മഹിമയെ ബൃഹത്തായ പഠനങ്ങളിലൂടെ, ഭാഷാശാസ്ത്ര- നരവംശശാസ്ത്രപഠനങ്ങളിലൂടെ, പുരാവസ്തു സാമഗ്രികളെയും ഖനനരത്തങ്ങളെയും അവലംബിച്ചു കൊണ്ടുള്ള ഗവേഷണങ്ങളിലൂടെ പൂർണമാക്കണം.ശ്രീകണ്ഠപുരത്തിന്റെ നാമധേയത്തെ ചരിത്ര സിംഹാസനത്തിൻ്റേതായ യഥാർഥ പദവിയിൽ അടയാളപ്പെടുത്തണം.

(തുടരും)