രിത്രം രേഖപ്പെടുത്തുന്നതിന്റെ അഥവാ അതിന്റെ ഭാഗമായി സംഭവങ്ങളെ അടയാളപ്പെടുത്തുന്നതിന്റെ പ്രതിസന്ധികളില്‍ മൗലികമായത് ചരിത്രത്തിന് കേവലമായ ഒരു രൂപമില്ലെന്നതു തന്നെയാണ്.

ഇന്നിന്റെ  ചരിത്രത്തെ  ഇന്നുതന്നെ യഥാതഥംഅടയാളപ്പെടുത്താനാവുമോ? അതിനുതുനിയുമ്പോളറിയാം ആ പ്രക്രിയയുടെ സങ്കീര്‍ണത.ചരിത്ര രചയിതാവിന്റെ വീക്ഷണ സ്ഥാനത്തിനും വീക്ഷണരീതിക്കു മനുസരിച്ച് ഓരോ സംഭവത്തിന്റേയും ചിത്രം വ്യത്യസ്തമായിരിക്കും.ഓരോരോ  വീക്ഷണങ്ങള്‍ക്കനുയോജ്യമായ വാസ്തവിക ഘടന സംഭവങ്ങള്‍ക്കുണ്ട്. അതിന്നതീതമായ കേവലതയോ സത്യത്തിന്റെ സൂക്ഷ്മ ചിത്രമോ സംഭവങ്ങള്‍ക്കില്ല.

വീക്ഷകന്റെ വ്യാഖ്യാന താല്പര്യങ്ങള്‍ക്ക് മീതെയായി ഒരു ചരിത്രം നിലനില്‍ക്കുന്നുണ്ടോയെന്നത് യഥാര്‍ഥത്തില്‍ ഒരു ദാര്‍ശനിക പ്രശ്‌നമാണ്. ചരിത്രത്തിലുടനീളം ഈ  പ്രശ്‌നം സജീവവുമാണ്.യഥാര്‍ഥത്തില്‍ ഏതാണ് ശരിയായ ചരിത്രമെന്നു നിര്‍ണയിക്കുന്ന ഒരിക്കലും പൂര്‍ത്തീകരിക്കാത്ത അന്വേഷണ രീതി മാത്രമാണ് ചരിത്രം .നിരന്തരം ജൈവവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഒന്നിന്റെ പിന്നാലെയുള്ള സഞ്ചാരക്രിയ മാത്രമാണത്.

നിലനില്‍ക്കുന്ന ലോകസാഹചര്യങ്ങള്‍ പകര്‍ത്തുന്നതിനേക്കാള്‍ ദുഷ്‌കരമാണ് കടന്നു പോയ ലോകത്തെ നിരീക്ഷിക്കല്‍. ഇന്നത്തെ ചരിത്രകാരന്മാര്‍ക്കു  ഇന്നിനെ സൂക്ഷ്മമായി പകര്‍ത്തുന്നതിനേക്കാള്‍ ദുഷ്‌കരമാണ്  ഇന്നലയെ രേഖപ്പെടുത്താന്‍. ആ  കാലത്തെ രേഖപ്പെടുത്താന്‍ ഇന്നത്തെ ചരിത്രകാരന്മാര്‍ക്ക് കഴിയുന്നത്ര പോലും അന്നത്തെ ചരിത്രകാരന്മാര്‍ക്കാവില്ല. ചരിത്രാന്വേഷണത്തിന്റെ വിവിധ ശാസ്ത്രീയരീതികള്‍ ഒട്ടൊക്കെ പുരോഗമിച്ചതിന്റെ പ്രാവീണ്യവും ആനുകൂല്യവും ഇന്നത്തെ ചരിത്രകാര്‍ക്കുണ്ടല്ലൊ.

മറ്റൊന്ന്,
ചരിത്രാന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന സംഗതികളിലൊന്ന് സാമ്പ്രദായികമായി നിര്‍ണയിക്കപ്പെട്ട ചരിത്രസാമഗ്രികളാണ്. ഔദ്യോഗികാംഗീകാരങ്ങളായും പാഠപുസ്തകങ്ങളായും അക്കാദമിക അകമ്പടിയോടെ പ്രതിഷ്ഠിക്കപ്പെട്ട ചരിത്രരചനകളും നിര്‍ദിഷ്ട അന്വേഷണരീതികളും വ്യവസ്ഥാപിത സങ്കേതങ്ങളായി അവലംബിക്കേണ്ടി വരുന്നു. അവയുടെ പൊതുവായ പാഠശീലങ്ങളിങ്ങനെയൊക്കെയായിരിക്കാം: രാജഭരണ വര്‍ഷങ്ങളുടെ അനുക്രമണിക, അധികാര ശാസനങ്ങളടങ്ങുന്ന ശിലാഫലകങ്ങള്‍, മേലാള മഹത്വമുദ്രകള്‍, കൊട്ടാരസ്തുതി കീര്‍ത്തനങ്ങള്‍, അധീശഹിതപ്രകാരം പുനരുല്‍പാദിപ്പിക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍, സഞ്ചാരികളായും വ്യാപാരികളായും വന്നെത്തിയ വിദേശികളുടെ വിവരണങ്ങള്‍...

ഈ വക വസ്തുക്കളില്‍ ചരിത്രം ധ്വനിക്കുന്നുണ്ടാവും. പക്ഷെ, ചരിത്രപരമായ ഈ ദേശത്തിന്റെ യഥാര്‍ഥ അവകാശികളൊന്നും ഈ ലിസ്റ്റില്‍ കാണപ്പെടില്ല. ശരിയായ അവകാശികളുടെ സത്യസന്ധമായ  ജീവിതഭൂപടത്തില്‍ നിന്നു മാത്രമേ സമഗ്രവും സൂക്ഷ്മവുമായ ചരിത്രം പകര്‍ത്താനാവൂ. ചരിത്രാന്വേഷണത്തിന്റെ പരിധി ഇന്ദ്രപ്രസ്ഥങ്ങളിലോ, കോട്ടകൊത്തളങ്ങളിലോ അധികാര ശാസനങ്ങളിലോ പരിമിതപ്പെട്ടു നില്‍ക്കുന്നതല്ല. ഏതുകാലത്തും ചരിത്രത്തിന്റെ സഞ്ചാരചക്രവാളം പ്രത്യക്ഷ ദൃശ്യങ്ങള്‍ക്കു പുറത്താണ്.

അതുവരച്ചെടുക്കുന്നതിന് അക്കാദമിക് നടപ്പു രീതികള്‍ മാത്രം മതിയാവില്ല. വ്യവസ്ഥാപിത അടയാളങ്ങളില്‍ നിന്നു ഭൂതകാലത്തെ വിമോചിപ്പിക്കാനുള്ള ജനകീയ പദ്ധതികള്‍ രൂപപ്പെടേണ്ടതുണ്ട്.
ഇതിഹാസങ്ങള്‍ രചിക്കേണ്ടത് രാമന്റെ പേരിലല്ല, രാമരാജ്യത്തിന്റേയും പ്രജകളുടെയും മേല്‍വിലാസത്തിലാണ്. ഓരോ ജീവല്‍പ്രകൃതിയും ഉദിച്ചസ്തമിക്കുന്ന സഞ്ചാരമുദ്രകള്‍ പകര്‍ത്തണം. ഒരു രാജാവ് സമം ഒരു പ്രജ എന്ന അടിസ്ഥാന സമവാക്യത്തില്‍ അണുവിട തെറ്റാതെ വേണം രചനാസ്വാതന്ത്ര്യം പുലര്‍ത്താന്‍. ഒരു ദേശത്തിന്റെ സാമൂഹ്യസ്വത്വമാണ് ചരിത്രരചനയില്‍ പ്രതിഫലിക്കേണ്ടത്. പകരം ഏതെങ്കിലും വ്യക്തിയുടെ നിറം പിടിപ്പിച്ച ഛായാചിത്രപ്രദര്‍ശനമല്ല.
  
ഇതിനു ബദലായി, പുരാവസ്തു ശാസ്ത്രം, ഭൂവിജ്ഞാനീയം, ജ്യോതിശാസ്ത്രം,നാട്ടുവിജ്ഞാനീയം, പുരാവൃത്തങ്ങള്‍, നരവംശശാസ്ത്രം, സമുദ്ര വിജ്ഞാനീയം, ഉത്ഖനനം, ധാതു വിജ്ഞാനീയം, മിത്തോളജി, ഗുഹാചിത്ര പഠനം, എപ്പി ഗ്രാഫിക് പഠനങ്ങള്‍, ഭാഷാശാസ്ത്ര വിശകലനം തുടങ്ങി ചരിത്രത്തെ സമഗ്രമായി വെളിപ്പെടുത്തിത്തരുന്ന രീതികളിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രീയ സംവിധാനങ്ങളുണ്ട്.കലാസാഹിത്യാദി ആവിഷ്‌കാരങ്ങളിലെ സംബന്ധങ്ങളെയും കാലപരതയെയും നിര്‍ധാരണം ചെയ്ത് ചരിത്രത്തിന്റെ രൂപാന്തരങ്ങള്‍ തിരിച്ചറിയുന്നതും സുപ്രധാന രീതിയാണ്.

''നമുക്കാവശ്യമായ ചരിത്രം പ്രാചീന മനുഷ്യന്‍ മണ്ണില്‍തന്നെ നിക്ഷേപിച്ചുപോയി എന്നു കരുതുന്നതില്‍ ശാസ്ത്രീയതയില്ല.അവര്‍ മിഥോളജി
എന്ന കഥകളിലും ഭാഷയിലും കണക്കിലും നിക്ഷേപിച്ചിരിക്കുന്നതും ചരിത്രം തന്നെയാണ്.'' (പ്രൊഫ:എം.എന്‍.വിജയന്‍)

മനുഷ്യന്‍ സാമൂഹ്യ രൂപാന്തരത്തിനിടയില്‍ അടയാളപ്പെടുത്തിയ കലയും സാഹിത്യവും സമ്പദ്‌വിനിമയങ്ങളും ഉല്‍പാദന വിതരണ ബന്ധങ്ങളും, സാമൂഹ്യ-സാംസ്‌കാരിക സൂചികകളും, പുരാവൃത്തങ്ങളും വിശ്വാസാചാരങ്ങളും സസൂക്ഷ്മം വായിക്കേണ്ടതുണ്ട്. പകരം പ്രാചീന ഗോത്രപൈതൃകം, നാട്ടു വിജ്ഞാനീയം തുടങ്ങി അങ്ങേയറ്റം  അടിവേരുള്ള ചരിത്രധാരകളെ മാറ്റിനിര്‍ത്തി നേടിയ ഉള്ളടക്കമേ നമ്മുടെ വ്യവസ്ഥാപിതചരിത്രബോധത്തിനുള്ളു. ഓരോ പ്രാദേശിക പംക്തിയിലും ചരിത്രമുറങ്ങുന്നുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിച്ച് ദേശചരിത്രം ദേശാധിപതികളുടെ അപദാനങ്ങളായി എഴുതി മറിച്ചു.
ഇന്ദ്രപ്രസ്ഥത്തോടൊട്ടി നില്‍ക്കുന്ന കൃതികളെ ചുറ്റിപ്പറ്റിയാണ്  ചരിത്രവായന ഏറിയ ഭാഗവും നിറവേറ്റിക്കാണുന്നത്.

ലോകത്ത് ആദ്യന്തം രാജവ്യവസ്ഥയാണെന്ന ചിന്താഗതി പിടിപെട്ട  ചരിത്രകാരന്മാരുടെ നിര നീണ്ടതാണ് .രാജകുലത്തിന്റെ ജാതകവേരുകളും പേരുംപോരും  പൊലിപ്പിച്ചെഴുതുന്നവര്‍ മറ്റൊരു കുലത്തിന്റേയും നാമോല്‍പത്തിയോ പ്രജാവൃത്തികളോ അന്വേഷിക്കാന്‍ മെനക്കെടാറില്ല. ചരിത്രമെഴുതുന്ന ശീലം തന്നെ  മലയാളിയുടെ പാരമ്പര്യത്തില്‍ പൊതുവെ കുറവാണ്. എഴുതപ്പെട്ടതായി ശേഷിക്കുന്ന കൃതികള്‍ മുഴുവനും 'മൂഷിക വംശകാവ്യ 'വും സംഘകാവ്യങ്ങളുമുള്‍പ്പെടെ  ചരിത്രരചനകളല്ലതാനും.

ഇത്തരം കൃതികളെ ആസ്പദമാക്കി ഇരുപതിലേറെ ശതകങ്ങളിലൂടെ ഒന്നോ രണ്ടോ രാജകുടുംബങ്ങളുടെ തായ് വഴികളായി, മക്കത്തായത്തിലൂടെയും മരുമക്കത്തിലൂടെയും രക്തപരമ്പരകളായി, കേരളത്തെ സുചഞ്ചലമായി നയിച്ചതായുള്ള  മഹാചരിതം ചിട്ടപ്പെടുത്തിയെടുത്തുവെന്ന കണക്കുകൂട്ടലിലാണ് വലിയ കൂട്ടം ചരിത്രകാരന്മാര്‍ - വിശേഷിച്ചും ഔദ്യോഗിക ചരിത്രാന്വേഷണ പദ്ധതികള്‍.
രാജകുടുംബത്തിന്റെ കണ്ണികള്‍ എവിടെ കൂട്ടിയോജിപ്പിക്കാന്‍ കഴിയാതെ വന്നോ,അവിടെ ചരിത്രം കനത്ത ഇരുട്ടിലാണെന്ന കണ്ടെത്തലും നടത്തിയിട്ടുണ്ട്. രാജവംശത്തിന് വന്ധ്യത ബാധിച്ചാല്‍ ചരിത്രം നിശ്ചലമാകുമെന്ന ഒരവസ്ഥ!
'ഇരുളടഞ്ഞ അധ്യായ 'ത്തിലും സാമൂഹ്യ ഉല്‍പാദന തുടര്‍ച്ചകള്‍ക്ക് ഏതെങ്കിലും തരത്തില്‍  സ്തംഭനമുണ്ടായതായി എവിടെയും രേഖപ്പെടുത്തിയതായി അറിവില്ല. അക്കഥ അനുസ്യൂതം മുന്നോട്ടു നീങ്ങിയിട്ടുണ്ടെങ്കില്‍ ആ ചരിത്രം രേഖപ്പെടുത്താതെ പോകുന്നു.
''ചരിത്രത്തിന്റെ പൂര്‍വകാലഘട്ടങ്ങളില്‍ ഏതാണ്ടെല്ലായിടത്തും നാം ദര്‍ശിക്കുന്നത് വിവിധ ഭരണക്രമങ്ങളുടെ സങ്കീര്‍ണവിന്യാസങ്ങളും സാമൂഹ്യപദവി നിര്‍ണയിക്കുന്നതിനുള്ള ബഹുതല ശ്രേണി വല്‍ക്കരണങ്ങളുമാണ്.'' ( കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ )

ബഹുതല ശ്രേണിവല്‍ക്കരണത്തെ സമഗ്രമായി ആവിഷ്‌കരിക്കാന്‍ ചരിത്രപദ്ധതികള്‍ മടിച്ചു നിന്നതായി കാണാതിരിക്കാനാവില്ല. നിലവിലുള്ള ചരിത്രാന്വേഷണപദ്ധതികളാവട്ടെ, സിലബസ്സുവല്‍ക്കരിച്ച
ചരിത്ര പ്രമാണങ്ങള്‍ക്ക് ഊനംതട്ടാത്ത വിധം പരിധി കടക്കാതിരിക്കാന്‍ കരുതലെടുക്കുന്നുമുണ്ട്.

ഏറ്റവും അവസാനമായി മധുരയ്ക്കടുത്തുള്ള കീഴാടി, അരീക്കമേട് ഖനനദൗത്യത്തിലും ഈ സമീപനം കാണാം.ആദ്യഘട്ട പുരാവസ്തു ഗവേഷകരെ സ്ഥലം മാറ്റിയതില്‍ തന്നെ ഗവേഷണത്തെ നിയന്ത്രിക്കാനുള്ള നീക്കം വ്യക്തമായിരുന്നു. 4.5 മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തിയെന്നു  പുറത്തു പറഞ്ഞെങ്കിലും 2 മീറ്റര്‍ ആഴത്തില്‍ നിന്നു ലഭിച്ച പുരാവസ്തുക്കളേ  കാലനിര്‍ണ്ണയത്തിനു അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് അയച്ചുള്ളു.അവ BCE 300നോടടുത്ത കാലത്തെ പുരാവസ്തുക്കളാണെന്നായിരുന്നു ഫലം വന്നത്. ആ ഫലം നിലവിലുള്ള പൊതു പരിപ്രേക്ഷ്യവുമായി
പൊരുത്തപ്പെടുന്നതായതിനാല്‍ തല്പരകക്ഷികള്‍ക്ക് പ്രയാസമില്ല .

അതേസമയം ഖനന പര്യവേഷണത്തില്‍ സത്യസന്ധത പുലര്‍ത്താതിരിക്കുന്നുവെന്ന അഭിപ്രായം  ചരിത്രകാരനായ ഡോ: രാജ് വേദം രേഖപ്പെടുത്തുന്നു:
''ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 4.5 മീറ്റര്‍ ആഴത്തിലുള്ള ഖനനമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുകളിലത്തെ പാളി 2017-ലേതാണെങ്കില്‍, 2 മീറ്റര്‍ താഴെയുള്ള പാളിയുടെ കാലം 2200 വര്‍ഷമാണ്. അതിനാല്‍, ഓരോ മീറ്റര്‍ ആഴവും രേഖീയമാനകം പ്രകാരം 1100 വര്‍ഷങ്ങള്‍ക്ക് തുല്യമായിരിക്കണം. ഇതിന്റെ അര്‍ഥമെന്തെന്നാല്‍ 4.5 മീറ്റര്‍ ആഴമെന്നത് ഇന്നത്തേക്കാളും ഏകദേശം 5000 വര്‍ഷം മുമ്പാണ് എന്നാണ്. എന്നുവച്ചാല്‍ BCE3000 ''.

അരിക്കമേട്  'പെരിപ്ലസി'ല്‍ പരാമര്‍ശിക്കപ്പെട്ട വ്യാപാര തുറമുഖമാണ്. നേര്‍ത്ത മസ്ലിന്‍ തുണിയും സ്ഫടിക മുത്തുകളും വ്യാപാരം ചെയ്തിരുന്നു. ചൈന, ജപ്പാന്‍, കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലൊക്കെ കണ്ടെത്തിയിട്ടുള്ള സ്ഫടിക മുത്തുകള്‍ അരീക്കമേടിന്റെ കെമിക്കല്‍നൈപുണ്യം പതിഞ്ഞതാണ്. ദക്ഷിണേന്ത്യന്‍ നാഗരികത  BCE 500ല്‍ കൂടുതല്‍ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട്, കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം ഖനനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നത്.

ചക്രവര്‍ത്തിശാസനങ്ങളെ ആധാരമാക്കി ഇന്ത്യയുടെ പ്രാചീനകാലമന്വേഷിക്കുന്നതും കേരളോല്‍പത്തി, കേരള മാഹാത്മ്യം, മൂഷികവംശകാവ്യം, ഉദയവര്‍മചരിതം, സംഘകൃതികളില്‍ ഒട്ടുമിക്കവ ,കേരള ക്രൈസ്തവ ഐതിഹ്യം തുഫത്തുല്‍ മുജാഹിദ്ദീന്‍ തുടങ്ങി ഔദ്യോഗികസദസ്സുകളില്‍ വിളഞ്ഞ രചനകളെ അടിസ്ഥാനപ്പെടുത്തി കേരളചരിത്രം വായിച്ചെടുക്കുന്നതിന്റേയും
പരിമിതികള്‍ പുരാവസ്തു പഠനങ്ങള്‍ പുറത്തു കൊണ്ടു വരുന്നുണ്ട്. പ്രാചീനഭാഷയുടെ അടയാളങ്ങള്‍ അതതു കാലത്തെ സാഹിത്യ ഭാഷയിലും ശാസനങ്ങളിലെ ലിഖിതങ്ങളിലും പ്രതിഫലിക്കുമെങ്കിലും അത്തരം മാധ്യമങ്ങളുടെ സമകാലികമായ സ്വഭാവവുമായി താരതമ്യം ചെയ്താല്‍, അവ സാമൂഹിക വ്യവഹാരത്തെ സൂക്ഷ്മമായി പ്രതിഫലിക്കുന്നതായി ഉറപ്പിക്കാന്‍ വയ്യ. പൂര്‍വികര്‍ പുസ്തകത്തെ അതിവിശിഷ്ടമായി കണ്ടിരുന്നുവെന്നത് ശരി തന്നെ. താളിയോല ഗ്രന്ഥങ്ങളുടെ അലക് സ്വര്‍ണത്തകിട്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹപത്രങ്ങളില്‍ അതിവിശിഷ്ടമായി രേഖപ്പെടുത്തുവാനുള്ള പ്രവണത അതിന്റെ തെളിവാണ്.

A Padmanabhan
എ.പത്മനാഭന്‍

അതേസമയം സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെ പരിമിതിക്കുള്ളില്‍ യാഥാര്‍ഥ്യം മൂടപ്പെട്ടു. അയഥാര്‍ഥമായ സ്തുതിഗാഥകള്‍ അവശേഷിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന ഗ്രന്ഥം
'കേരളോല്‍പത്തി 'അഞ്ചാം നൂറ്റാണ്ടിനേയും പതിനാറാം നൂറ്റാണ്ടിനേയും ഒറ്റനോട്ടത്തിന്റെ വട്ടത്തില്‍ നിര്‍ത്തുന്ന അതിസാഹസമാണ്.'മൂഷികവംശകാവ്യം ' പതിനൊന്നിലേറെ നൂറ്റാണ്ടുകളെ ഒരിടത്തിരുന്നു വായിച്ചെടുക്കുന്നു. ഇത്തരമൊരു ദിവ്യവേലയുടെ യുക്തിയെന്തെന്ന് ആരും വിശദീകരിച്ചു കണ്ടില്ല.

'രീഹ് ലത്തുല്‍ മുലുക്ക് ' എന്ന അറബിഗ്രന്ഥം പ്രതിപാദിച്ച ഒരു സംഗതി മാലിഖ് ബ്‌നു ദിനാറിനും സംഘത്തിനും പെരുമാള്‍ രാജാവ് മാര്‍ഗനിര്‍ദേശം നല്‍കുന്ന കാലഘട്ടത്തെപ്പറ്റിയുള്ളതാണ്: AD713നടുത്ത്.
മാടായിപ്പള്ളിയിലെ ലിഖിതത്തിലെ തീയതിയുമായി ഇത് പൊരുത്തപ്പെടുന്നില്ല.

ആറാം നൂറ്റാണ്ടിലെ രാജാവു കണ്ട സ്വപ്നവും പതിനാറാം ശതാബ്ദത്തില്‍  വിജയനഗരം വാണ അനേഗുണ്ഡി കൃഷ്ണരായരുടെ യുദ്ധവും ഒരേ കണ്ണില്‍ ഇപ്പറഞ്ഞ കൃതികളില്‍ പകര്‍ത്തുവാന്‍ മാത്രം ദിവ്യമായ ചക്ഷുസ് ഉണ്ടായിരുന്നെന്നാണോ ? അനേഗുണ്ഡി കൃഷ്ണരായരുടെ കാലവും കഴിഞ്ഞ് ഒരു നൂറ്റാണ്ടിനു ശേഷമാണ്  'കേരളോല്‍പത്തി 'രചിക്കുന്നതെന്നതിന്റെ അടയാളങ്ങള്‍ കൃതിയില്‍ തന്നെയുണ്ട്.ഒരു പക്ഷെ കൂട്ടിച്ചേര്‍ക്കലുകളാവാം. നൂറ്റാണ്ടുകളുടെ സംഭവ വിവരണം ഒരു കൃതി  സൂക്ഷ്മമായി പറയുന്നുവെങ്കില്‍, അതിന്നാധാരമായ രേഖകളും രചയിതാക്കള്‍ അതാത് കൃതികളില്‍ തന്നെ വ്യക്തമാക്കുമായിരുന്നു.അതില്ലാത്തതിനാല്‍ ഭാവനാപരമായ പാകപ്പെടുത്തല്‍ ധാരാളമുണ്ടാവാം.

''യഥാര്‍ഥത്തില്‍ വിദൂര ഭൂതകാലത്തേക്ക് വെളിച്ചംവീശുന്ന അനേകം ചരിത്രസാമഗ്രികള്‍ ഇതിനകം പ്രസിദ്ധം ചെയ്തു കഴിഞ്ഞു. മുഖ്യമായും പുരാവസ്തു ലക്ഷ്യങ്ങളും ലിഖിതങ്ങളുമായിരുന്നു ഇവ. കൂടാതെ പ്രാചീനചരിത്രനിര്‍മിതിക്ക് സഹായകമായ പഴന്തമിഴ് പാട്ടുകളും തൊട്ടു പില്‍ക്കാലത്തെ തമിഴ് ഭക്തപ്പാട്ടുകളും അന്നേക്ക് പ്രസാധനം ചെയ്തു കഴിഞ്ഞു'' (കേരള ചരിത്രം -എം.ആര്‍.രാഘവവാരിയര്‍, രാജന്‍ ഗുരിക്കള്‍ ) എന്ന മട്ടില്‍ ചരിത്രകാരന്മാര്‍ മുന്നേറുമ്പോഴും പുരാവസ്തുക്കളേയും രേഖപ്പെടുത്തപ്പെട്ട ചരിത്രത്തേയും സാഹിത്യ കൃതികളേയും കെട്ടുകഥകളേയും മുന്‍നിര്‍ത്തി ചരിത്രം നിര്‍മിക്കാനൊരുങ്ങിയാല്‍, അബദ്ധങ്ങള്‍ പറ്റാമെന്നു തന്നെ കാണണം. വരമൊഴികളിലെ കൃത്രിമത്വം തള്ളിക്കളയാന്‍ പറ്റാത്തതാണ്. അതേക്കാള്‍  നിഷ്‌കളങ്കത അലിഞ്ഞു ചേര്‍ന്നവയാണ് വാമൊഴികള്‍ .അവ പക്ഷെ,ചരിത്രം എവിടെയും സൂക്ഷിക്കാറുമില്ല. പുരാവസ്തുക്കളായി ഇന്ന് പരിഗണിക്കപ്പെടുന്ന ഒട്ടുമുക്കാലും വസ്തുശേഖരങ്ങള്‍ , കോട്ടകളോ, ആരാധനാലയങ്ങളോ, കൊട്ടാരം സാഹിത്യങ്ങളോ ശാസനങ്ങളോ, ആവട്ടെ അവയെല്ലാം ക്ഷണഭംഗുരമല്ലാത്ത നിര്‍മിതികളാണ്. മാത്രമല്ല,അവയുടെ അധികാരം സമ്പന്ന കരങ്ങളിലുമായിരിക്കും. അധീശ കേന്ദ്രങ്ങളില്‍ നിന്നുമകറ്റപ്പെട്ടവരുടെ, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ, പുരാസാമഗ്രികള്‍ പൊതുവെ വിരളമായിരിക്കും.

ലിഖിതങ്ങളെ ഒട്ടും ഇളക്കമില്ലാത്ത ആധാരങ്ങളായി കണക്കിലെടുത്തു കൂട. അക്കാലത്തെ 'വ്യാകരണ സര്‍വകലാശാല 'കളില്‍ നിന്നും കുറ തീര്‍ത്തൊരുക്കുന്നതൊന്നുമല്ലല്ലൊ ഫലകങ്ങള്‍ .പല തവണ പുതുക്കപ്പെട്ടിരിക്കാം.

കാര്‍ബണ്‍ ഡേറ്റിംഗിലൂടെ  ശിലകത്തിന്റെ കാലം കണക്കാക്കിയാലും എഴുത്തുകളില്‍ വരുത്തുന്ന  മാറ്റങ്ങള്‍, പഴക്കമേറിയാല്‍ സൂക്ഷ്മമായി തിരിച്ചറിയണമെന്നില്ല. ലിപിശാസ്ത്രത്തിന്റെ വായനാശേഷിക്കും വളരെ പരിമിതികളുണ്ടെന്ന് ഇന്നും പൂര്‍ണമായി തിരിച്ചറിയാനാവാത്ത ഹാരപ്പ ലിപികള്‍ ബോധ്യപ്പെടുത്തുന്നു. ചിത്രം പകര്‍ത്തുന്നതു പോലെ ഒരു ശില്പതൊഴിലാളിക്ക് അക്ഷര ലിപികളും അപ്പടി പകര്‍ത്താവുന്നതേയുള്ളു.ഇത്തരം അടയാളങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നു കാണുക.ചില ലിഖിതങ്ങളെ അന്ധമായി പിന്തുടരുന്നതു  ശരിയല്ല, ചില സാഹിത്യ കൃതികളേയും.

ഇവിടെ നമ്മള്‍ പരിഗണിക്കേണ്ടുന്ന ഒരു സംഗതി, ലിഖിതമോ, സാഹിത്യ കൃതിയോ അന്ന് തയ്യാറാക്കുമ്പോള്‍, എല്ലാ കാലത്തേക്കും വേണ്ടി സത്യസന്ധമായ കാലം രേഖപ്പെടുത്തുകയാണെന്ന ചരിത്രബോധത്തോടെയല്ല ചെയ്യുന്നത്.ഇന്നും സംഗതിയില്‍ വ്യത്യാസമൊന്നുമില്ലല്ലൊ. ലിഖിതങ്ങളിലും ഗ്രന്ഥങ്ങളിലും ഇന്നിനെ രേഖപ്പെടുത്തി വയ്ക്കുന്നത് യഥാര്‍ഥ രൂപത്തിലാണോ?
ചരിത്രകാരന്മാര്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടെയും ചരിത്ര രചനയെ സമീപിച്ചേക്കാം.

പ്രാചീന ഗോത്ര ജനത വനഗുഹകളില്‍ കോറിയിട്ട ചിത്രങ്ങളേയും ലിഖിതങ്ങളേയും ഇന്നത്തെ നമ്മുടെ ഭാഷാജ്ഞാനം കൊണ്ട് അറിയാനുള്ള ശ്രമങ്ങള്‍ മുന്നേറുന്നുണ്ട്. അക്കാലത്തെ ചിഹ്നമാല നമുക്ക് വായിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും അക്കാലഘട്ടത്തില്‍ സാമൂഹിക വിനിമയത്തിനുള്ള ഭാഷ നിര്‍മിക്കപ്പെട്ടിരുന്നുവെന്നും ആ ഭാഷ കലയും സാഹിത്യവും ജീവിതവുമായി സംയോജിക്കുകയും ചെയ്തിരുന്നെന്ന സത്യമാണ് നാം മനസ്സിലാക്കേണ്ടത്.

ജീവിതത്തേയും തൊഴിലിനേയും അധ്വാനത്തേയും കലയേയും പരസ്പരം വേര്‍തിരിച്ചിരുന്ന നിര്‍ണയോപാധികളൊന്നും മനുഷ്യന്റെ പ്രാചീനതയ്ക്കില്ല. എന്നാല്‍, കലയെ സ്വതന്ത്രമാക്കി നിലനിര്‍ത്താവുന്ന സംസ്‌കൃതിയിലേക്ക് കാലാനുസൃതം വളരുകയും ചെയ്തു. തങ്ങള്‍ വഹിക്കുന്നത് ജീവിതമാണെന്ന് അറിഞ്ഞു കൊണ്ടല്ല അവര്‍ ജീവിച്ചിരുന്നത്.പ്രയോഗിക്കുന്നത് കലയാണ് എന്ന ബോധ്യത്തിലുമല്ല കല ഉപയോഗിച്ചിരുന്നത്. ആത്യന്തികമായി ജീവിതവും കലയും തനതു ദര്‍ശനങ്ങളായി ഉരുത്തിരിഞ്ഞു. പ്രാകൃത ജനതയുടെ ജനാധിപത്യ ഘടന ,പ്രകൃതിയോടുള്ള ചൂഷണരഹിത സമീപനം, അധികാര സ്ഥാപനങ്ങളുടെ അസാന്നിധ്യം, അധ്വാനത്തേയും സമ്പത്തിനേയും സാമൂഹികമായി നിര്‍വചിക്കല്‍, അതിരുകളില്ലാത്ത അതിജീവനം..തുടങ്ങിയ സവിശേഷതകളിലാണ് പ്രാചീനത നിലകൊണ്ടിരുന്നത്.

അധികാരസങ്കേതങ്ങളിലെ രാഷ്ട്രീയ കൈമാറ്റങ്ങളുടെ വിവരപ്പട്ടിക മാത്രമായി ചരിത്രത്തെ കുടുക്കിയിടുന്ന സമ്പ്രദായം മാറി വരുന്നുണ്ട്. രാജതലമുറകളെ മാത്രം കണ്ടെഴുതിയാല്‍ കാലമേറ്റെടുക്കില്ലെന്ന് ചരിത്രകാരന്മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രാജാവിന്റെ പേരിലല്ല, കാലഘട്ടം അറിയപ്പെടേണ്ടതെന്നും സിംഹാസനങ്ങള്‍ക്കു ചുറ്റുമല്ല ഭൂതകാലം ചികയേണ്ടതെന്നുമുള്ള പാഠബോധമാണ് ഇപ്പോള്‍ ചരിത്രാന്വേഷണത്തില്‍ ഇടപെടുന്നത്.നമ്മുടെ ദേശത്തിന്റെ പ്രാചീനതയിലേക്ക് കണ്ണോടിക്കുമ്പോള്‍, ബ്രാഹ്മണാധീശ സംഭാവനകള്‍ മാത്രം പകര്‍ത്തി വച്ചാല്‍ മതിയാവില്ല, ഒപ്പം ആദി ചേരന്മാരേയും, ബുദ്ധ ജൈനമത സാമൂഹ്യ സംഭാവനകളേയും സാമൂഹിക ജീവിതത്തിലെ ഗോത്രവര്‍ഗഘടനകളെയും ചേരന്മാരുടെ പിന്‍ഗാമികളായെത്തിയ ചിറ്റരചന്മാരെയും കുറുനില മന്നന്മാരെയും പകര്‍ത്തണം.
ചരിത്ര നിര്‍മാതാക്കളായ അധ്വാനത്തിന്റെ സകല ശക്തിധാരകളേയും ആശ്രയിക്കണം. രേഖപ്പെടുത്താതെ പോയതോ അവഗണിക്കപ്പെട്ടതോ ആയ നിശബ്ദമുദ്രകളും ചരിത്രത്തിന്റെ അടിത്തട്ടിലുണ്ട്. അവയും വെളിച്ചപ്പെടണം.

ഏതു ദേശത്തും പരിണമിച്ചുണ്ടാകാവുന്ന ആദികോശങ്ങളുടെ സാധ്യതകള്‍ നമ്മള്‍ കണക്കിലെടുക്കണം. അവയുടെ ഉറവിടങ്ങളെ തേടുന്ന ശാസ്ത്രീയ രീതികള്‍  വികസിക്കേണ്ടതുണ്ട്.

സംഭവങ്ങളുടെ സാമൂഹിക വ്യാകരണം മനസ്സിലാക്കുന്നിടത്ത്, നമുക്ക് നാളിതുവരെയുള്ള ചരിത്രാവബോധം റദ്ദ് ചെയ്യേണ്ടി വരും. അധികാരത്തിന്റെ അച്ചുതണ്ടിലല്ല ചരിത്രവ്യൂഹത്തിന്റെ ചുറ്റിക്കറങ്ങല്‍.
നേതൃത്വമില്ലാതെ മുന്നേറിയ പ്രവാഹങ്ങളുടെ കണക്കെടുപ്പുകള്‍ അസംഖ്യമാണെന്നു കാണാം. അധികാരമെന്ന ഔപചാരികപഥങ്ങളിലൂടെ നയിക്കപ്പെട്ടതിന്റെ ലിഖിത വൃത്താന്തംകൊണ്ട് മറച്ചു പിടിക്കാനാവാത്ത വിധം വിശാലമായ സൂര്യവെളിച്ചം ചരിത്രത്തിനുണ്ട്. ജനകീയ ശക്തിയുടെ തലത്തില്‍ നിന്ന് ചരിത്രത്തെ ചിത്രീകരിക്കണം. ഒരു നേതാവല്ല ജനശക്തി.ഈ ശക്തിയുടെ മുഖനിരയില്‍ കയറിപ്പറ്റിയ ഒരു വിദൂഷകന്റെ റോള്‍ മാത്രമേ ചിലപ്പോള്‍   'നേതാവി'നു കാണൂ..അതിനാല്‍ ചരിത്രം എഴുതിത്തുടങ്ങേണ്ടത് അധികാരത്തിന്റെ പരിസരത്തു നിന്നുമല്ല.

ലക്ഷംപേരുടെ റാലി ചരിത്രത്തിലിടം പിടിക്കുമ്പോള്‍ അതില്‍ അണിനിരന്ന ഏതൊരു വ്യക്തിയും ആ വാര്‍ത്തയുടെ അവകാശിയാണ്. പക്ഷെ, തൊട്ടുപിന്നാലെ ആ സംഭവം വാര്‍ത്തീകരിക്കുമ്പോള്‍ അവകാശികള്‍ പാടെ രേഖയിലില്ലാതാകുന്നു. ആ റാലിയുടെ സാഫല്യത്തിനു പിന്നില്‍ നടന്ന എണ്ണമറ്റ പ്രയത്‌നങ്ങളോ പതിനായിരങ്ങളുടെ രാഷ്ട്രീയ സന്നദ്ധതകളോ ഒന്നും തീണ്ടാത്ത,
ഒരതിഥിയായി മാത്രം വന്നെത്തുന്ന ഏതോ ഒരു നേതാവിന്റെ വേദിയിലെ മുഖവും വരണ്ട പ്രസ്താവനയും മാത്രമേ അതു സംബന്ധിച്ച വാര്‍ത്തകളില്‍  നിറയാറുള്ളു.  അതിനു ഘോഷം ചാര്‍ത്താന്‍  മാത്രമായി ജനസഹസ്രങ്ങളുടെ ദൃശ്യം പശ്ചാത്തലത്തില്‍  നിരത്തിയേക്കാം. ചരിത്രത്തില്‍ അവശേഷിക്കുന്ന കഥാപാത്രം ഒന്നു മാത്രം -   രാജാവ് അഥവാ നായകന്‍.
അധികം ഭേദഗതികളില്ലാതെ ഇപ്പോഴും തുടരുകയാണ് ഈ ചരിത്രനിര്‍മാണ രീതി.

ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണെന്ന അടിസ്ഥാന പ്രമാണത്തെ ജനകീയതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കാട്ടുന്ന ഉദാസീനത മാത്രമല്ല, അധികാരപ്രമത്തതയെ സ്ഥായിയായി രേഖപ്പെടുത്താനുള്ള യാഥാസ്ഥിതിക മേധാവിത്തത്തിന്റെ തുടര്‍പ്രവണതകളും ഇതില്‍ വര്‍ത്തിക്കുന്നു.സിംഹാസനങ്ങള്‍ മാറുന്നതിനനുസരിച്ച് ചരിത്രവും മാറ്റിയെഴുതുന്നു.
അന്നേവരെയുള്ള ചരിത്രത്തെ പൂര്‍ണമായും ചാമ്പലാക്കുന്നു. പുതിയ അധികാരിയെ സ്തുതിക്കുന്ന വ്യാജ ചരിത്ര നിര്‍മിതികളുണ്ടാകുന്നു. കേരളത്തില്‍ ഒന്നരനൂറ്റാണ്ട് ആധിപത്യത്തിലിരുന്ന പോര്‍ട്ടുഗീസുകാരെ 1663 ല്‍ കൊച്ചിയുദ്ധത്തിലൂടെ കീഴ്‌പ്പെടുത്തിയ ഡച്ചുകാര്‍ ആദ്യം ചെയ്തത് അന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമായിരുന്ന കൊച്ചിയിലെ ജെസ്യൂട്ട് പുസ്തകശാലക്ക്  തീ കൊളുത്തുകയായിരുന്നു. ചരിത്രത്തിന്റെ മ്യൂസിയം പോലെ സംരക്ഷിക്കപ്പെട്ടിരുന്ന ഗ്രന്ഥശാലയായിരുന്നു അത്. യൂറോപ്പില്‍ നിന്നും കൊണ്ടുവന്ന അനേകം ഗ്രന്ഥങ്ങള്‍ക്കു പുറമെ അറബി, പേര്‍ഷ്യന്‍, ചൈനീസ്, ഹിബ്രു, ചാല്‍ഡിയന്‍, ഇന്ത്യന്‍ ഗ്രന്ഥങ്ങളും ഒട്ടനേകം കയ്യെഴുത്തു കൃതികളുമടങ്ങുന്ന പുസ്തക ലോകമാണ് ഡച്ച് ജനറല്‍ വാന്‍ ഹൂണ്‍സന്റെ  നേതൃത്വത്തില്‍ നശിപ്പിക്കപ്പെട്ടത്.ജെസ്യൂട്ട് പാതിരിമാര്‍ അബിസീനിയയില്‍ ഉണ്ടായിരുന്ന കാലത്ത് അവിടുത്തെ എല്ലാ പുസ്തകങ്ങളും പകര്‍ത്തി കൊച്ചിയിലേക്ക് അയച്ചിരുന്നു. ഫ്രഞ്ചുകാരനായ ടാവണിയര്‍ 'ഭാരതത്തിലെ യാത്രകള്‍ ' എന്ന ഗ്രന്ഥത്തിലെഴുതി: ''വിലപ്പെട്ട ഗ്രന്ഥങ്ങളുടെ താളുകള്‍ വലിച്ചു കീറി പട്ടാളക്കാരും നാവികരും പുകയില പൊതിഞ്ഞ് വലിക്കുന്ന മര്‍മഭേദകമായ കാഴ്ച കാണാനുള്ള ദൗര്‍ഭാഗ്യം എനിക്കുണ്ടായി' .
ഒരു ഭാഗത്ത് ചരിത്രസാമഗ്രികള്‍ അധികാരത്തിന്റെ ഒത്താശയോടെ നശിപ്പിക്കുമ്പോള്‍ തന്നെ, ചരിത്രത്തിന്റെ സത്യാത്മകത പക്ഷെ, എവിടെയും രേഖപ്പെടുത്തി വയ്ക്കാനാവാത്തതിനാല്‍, സിംഹാസനങ്ങളറിയാതെ, അലിഖിത മാതൃകകളിലൂടെ  സമാന്തരമായി കാലത്തെ അതിജീവിച്ചു പോരുകയും ചെയ്തു.പഴംപാട്ടുകളും പുരാവൃത്തങ്ങളും  ചില ഉദാഹരണങ്ങള്‍.. ഇങ്ങനെ രൂപപ്പെട്ടതും ജനപദങ്ങള്‍ വായ് മൊഴിയായി തലമുറകളിലേക്ക് കൈമാറി സംരക്ഷിക്കപ്പെട്ടതുമായ ചരിത്രസംഹിതകള്‍ സമാന്തരമായുണ്ട്. അതു കണ്ടെത്തി വായിക്കണം.

ഒട്ടുമിക്ക ചരിത്രവിവരണങ്ങളും കേട്ടാല്‍ തോന്നുക,മനുഷ്യന്‍ ജാതി തിരിഞ്ഞാണ് ചരിത്രമുണ്ടാക്കിയതെന്നാവാം. അത്രമേല്‍ മത-ജാതി- ഉപജാതി അതിരു തിരിച്ചാണ് ചരിത്ര നിരീക്ഷണം.
വംശ -ജാതി ഗണങ്ങളില്ലെങ്കില്‍ ചരിത്രമില്ലെന്ന പ്രതീതി നിര്‍മിച്ചിരിക്കുകയാണ് ഒരു കൂട്ടം ചരിത്രകാരന്മാരും. മറ്റൊരു വിഭാഗമാവട്ടെ, രാജാക്കന്മാരോ ഇന്ദ്രപ്രസ്ഥങ്ങളോ ഉണ്ടായിരുന്നില്ലേല്‍ ചരിത്രത്തിന്റെ നില പരുങ്ങലിലായിരിക്കുമെന്ന വിശ്വാസത്തിലാണ് എഴുതി നിറച്ചിട്ടുള്ളത്. സാമ്പത്തികാടിത്തറയും മേല്പുരയും നിരീക്ഷിച്ച് ചരിത്രത്തെ നിര്‍ണയിക്കുന്ന  ഉല്‍പാദന പ്രക്രിയയെ മാനദണ്ഡമാക്കുന്നവരില്‍ ചിലര്‍ക്കും  ചരിത്രാപഗ്രഥനം നടത്തുന്നിടത്ത്  തലതിരിയുന്നു. മനുഷ്യന്‍ വംശീയമായോ ജാതീയമായോ, മതപരമായോ, ദേശീയമായോ വേര്‍തിരിഞ്ഞു നില്‍ക്കാതെ സാമൂഹിക പരിണാമശക്തികളായി യഥാര്‍ഥത്തില്‍ വര്‍ത്തിച്ചിട്ടില്ലേ ?

വര്‍ത്തിച്ചുവെന്നു മാത്രമല്ല,വാസ്തവത്തില്‍ സംഭവങ്ങളുടെ അച്ചുതണ്ട് തന്നെ അങ്ങനെയാണ്.ജീവിതവല്‍ക്കരണത്തിന്റെ പ്രാചീനത തൊട്ടേ ആദിമലനാടിന്റെ ചരിത്രം അതിന്റെ സുശക്തമായ സാക്ഷ്യവുമാണ് .

ജാതി എന്ന ആശയം മാത്രമല്ല, ജാതി എന്ന വാക്കുപോലും ദ്രാവിഡമല്ലെന്ന് ലോഗന്‍ ചൂണ്ടിക്കാട്ടുന്നു (പേജ് 97). വംശാതീതവും ജാതി-മതാതീതവും
ദേശാതീതവുമായ കൂടിച്ചേരലിന്റെ കഥയാണ് അതിന്റെ മൗലികത .വംശത്തിനും, ജാതിക്കും ദേശീയതക്കുമുപരി വര്‍ഗവിഭജനങ്ങളുടെ നിയമം പോലും സൂക്ഷ്മമായി കണ്ടെത്താന്‍ കഴിയാത്ത വിധം അധ്വാനത്തിന്റെ സാര്‍വത്രികത ഏറക്കുറെ നടപ്പിലായിട്ടുണ്ട്. വിയര്‍പ്പൊഴുക്കുന്നവരും വിളകൊയ്യുന്നവരും സംഭരിക്കുന്നവരും വാണിജ്യം ചെയ്യുന്നവരും വ്യത്യസ്ത അധ്വാനതലങ്ങളില്‍ നിന്നു കൊണ്ട് സമ്പദ് വ്യവസ്ഥ പൂരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണത്. ഇന്നും സമ്പദ് വ്യവസ്ഥയുടെ കാതല്‍ അതു തന്നെയല്ലെ? ചൂഷണപരമായ ഉപരിതലപ്രക്രിയകള്‍ മാറ്റി നിര്‍ത്തിയാല്‍ സാമൂഹ്യവ്യവസ്ഥയുടെ  പ്രകൃതം തെളിഞ്ഞു വരും.

ചരിത്രപരിണാമത്തിന്റെ അച്ചുതണ്ടും വേര്‍തിരിക്കാനാവാത്ത ജീവകുലത്തിന്റെ ,വൈരുധ്യങ്ങളായോ, സംഘര്‍ഷങ്ങളായോ നമ്മള്‍ വായിച്ചെടുക്കുന്ന മുഴുവന്‍ പ്രകൃതി ശേഷിയുടേയും ആകത്തുകയാണ്. ആ നിലയില്‍ നിരീക്ഷിക്കാന്‍ തുനിഞ്ഞാല്‍ ക്ലിപ്തമായ സമഗ്രവീക്ഷണം കിട്ടും.തൊഴില്‍പരമായ വിഭജനങ്ങളെ ജാതീയപ്രക്രിയയായി നിര്‍വചിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്തുവെന്നത് ശരി.
ചരിത്രമൊട്ടാകെ അതിന്റെ അടരുകള്‍ പടര്‍ന്നു കിടക്കുന്നുമുണ്ട്. പക്ഷെ, അത് ചരിത്രത്തിന്റെ മൗലിക മോ ഘടനാപരമോ ആയ രൂപമല്ല. വര്‍ഗപരമായ സ്വത്വത്തിനും നില്‍ക്കക്കള്ളിയില്ലാത്ത വിധം സാമൂഹ്യവല്‍ക്കരണത്തിന്റെ സങ്കീര്‍ണ ചിത്രീകരണം അതില്‍ പതിഞ്ഞു കിടപ്പുണ്ട്. ജൈവികമായ ഈ ഏകതാനതയെ നൂറ്റാണ്ടുകളിലൂടെ മറച്ചുപിടിക്കാന്‍ വര്‍ണ-ജാതി പ്രമേയം കൊണ്ടു സാധിച്ചു.അതിനുവേണ്ടി, ജാതി-ഉപജാതി- അവാന്തരവിഭജനങ്ങളുടെ ഉള്‍പ്പിരിവുകളിലേക്ക് ജനജീവിതസംഹിതകളെ വിഭജിച്ചു നിര്‍ത്തി പൊതു പരിപ്രേക്ഷ്യത്തെ അജ്ഞാതമാക്കി.

ഓരോരാള്‍ക്കും സമുദായത്തിന്റേയും അതാത് ആചാര്യ വ്യവസ്ഥകളുടേയും തടവറയൊരുക്കിക്കൊടുത്തു. അപ്പോഴും അവരുടെ അതിജീവനം സാമൂഹ്യമായ പൊതു അടിത്തറയിലാണ് ;അതാണ് വസ്തുത. അവരുടെ പ്രാചീന വേരുകളുടെ സ്ഥായീഭാവം, എക്കാലവും, എത്ര ചിന്നിച്ചിതറിയ അവാന്തരവിഭാഗങ്ങളായി മാറിയാലും ഒന്നു തന്നെയാണ്. ആധുനിക കാലത്തു തന്നെ അധ്യാപകരായും കച്ചവടക്കാരായും കൃഷിക്കാരായും തലമുറകളായി ജീവിക്കുന്നവരെ അവരവരുടെ അധ്വാനരീതി പുലര്‍ത്തുന്നവരെ ചേര്‍ത്ത് ഓരോരോ ജാതി ഹില്‍ഡുകളെ പ്രഖ്യാപിക്കുന്നില്ല. ഏതു കാലത്തും അങ്ങനെയൊരു നിയമം സാമൂഹ്യാന്തര്‍ഘടനക്കുണ്ട്.

വ്യക്തിപരമ്പരകളിലൂടെ (കുടുംബ പാരമ്പര്യം എന്നു പോലും വിശേഷിപ്പിക്കുന്നത് അസ്ഥാനത്താണ്) കഴിവും കഴിവിനൊത്ത സമാനതരത്തിലുള്ള തൊഴിലും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവാം.
ദീര്‍ഘകാലത്തെ പ്രക്രിയയിലൂടെ അത് ജാതീയഗണമായി പ്രത്യക്ഷത്തില്‍ വിഷയീഭവിച്ചിരിക്കാം. പക്ഷെ, അത് സമൂഹത്തിന്റെ സമഗ്ര ഘടനയായി വര്‍ത്തിക്കുന്നേയില്ല.

 യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ശരീരഘടന ചലിക്കുന്നത് ജാതി-മത-വിഭാഗീയമാനദണ്ഡങ്ങളിലല്ല. അധ്വാനാധിഷ്ഠിത മാനങ്ങളിലാണ്. നിത്യജീവിതവ്യാപാരത്തിന്റെ ശേഷക്രിയകള്‍ മാത്രമായാണ് മതദര്‍ശനങ്ങളുടെ നില്പ്. ചരിത്രത്തില്‍ അന്നും ഇന്നും അക്കാര്യത്തില്‍ അന്തരമുണ്ടാകാന്‍ തരമില്ല.നമ്മുടെ ദിനചര്യകളിലേക്കു ശ്രദ്ധിച്ചാലും :
രാവിലെ ഉണര്‍ന്നാല്‍ സമയം നോക്കുന്നു- ക്ലോക്കിലേക്ക്, കലണ്ടറിലേക്ക്, മുറിക്കു പുറത്തെ സൂര്യസാന്നിധ്യത്തിലേക്ക് .. ആ നോട്ടം മതരീതികളിലൊന്നുമല്ല, സാധാരണ മനുഷ്യസഹജമായ രീതി.
മിക്കവരും അങ്ങനെയായിരിക്കും. പ്രഭാതകൃത്യങ്ങള്‍ നിറവേറ്റുന്നു - മതപരമായ കര്‍മങ്ങളായല്ല.

ഒരുപക്ഷെ, ചിലര്‍ ,അധികം പേരുണ്ടാവില്ല അത്തരക്കാര്‍, വിളക്കു കൊളുത്തുകയോ നാമം ചൊല്ലുകയോ നിസ്‌കരിക്കുകയോ കുരിശ് വരക്കുകയോ കീര്‍ത്തനം ചൊല്ലുകയോ സൂര്യനമസ്‌കാരം നടത്തുകയോ ചെയ്യുന്നുണ്ടാവാം. അതൊക്കെ പ്രാര്‍ഥനാശീലത്തിന്റെ ഭാഗമായി പഠിച്ചുവച്ച ചടങ്ങുകളാണ്. അവയൊന്നും ഇന്നയിന്ന  മതവിശ്വാസിയാണെന്ന ദൃഢബോധത്തിന്റെ സൃഷ്ടിയല്ല. മനസ്സിനെ ശാന്തതയിലും വിശുദ്ധിയിലും ചേര്‍ത്തു നിര്‍ത്താന്‍ ചിലരനുഷ്ഠിക്കുന്ന ലളിതമായ ആചാരങ്ങള്‍ മാത്രം. ഏതാനും നിമിഷങ്ങള്‍ മാത്രമേ ആ ഏര്‍പ്പാടിന്  നീക്കിവയ്ക്കുന്നുണ്ടാവൂ.

ഇനിയങ്ങോട്ട് തുടരുന്ന ദിനചര്യകള്‍ ശ്രദ്ധിക്കൂ..
പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നു, കഴിക്കുന്നു, ഏതെങ്കിലും മതക്കാരനാണെന്ന മട്ടിലല്ല. കുളിക്കുന്നു, വേഷം ധരിക്കുന്നു, അതൊന്നും മതചിന്ത വഹിച്ചുകൊണ്ടല്ല. ചിലര്‍ വീട്ടില്‍ തന്നെ ബാക്കി സമയം മറ്റുവേലകളില്‍ വ്യാപൃതരാവുന്നു. ഭൂരിപക്ഷവും പുറത്തേക്കിറങ്ങുന്നു; അതൊന്നും മതപരമായ കല്പനകള്‍ക്കനുസരിച്ചല്ല. ജീവിതത്തെ അടക്കിപ്പിടിക്കാന്‍ വേണ്ടി.. പല വഴികളിലൂടെ നീങ്ങുന്നു. വഴികളെല്ലാം പൊതുവഴികളാണ്, ഓരോ മതക്കാരനും ഓരോ വഴിയില്ല. വാഹനത്തില്‍ കയറുന്നു, വാഹനം മതപരമല്ല, സീറ്റുകളിലിരിക്കുന്നു, മതപരമായ സംവരണമില്ല.( ഇതെല്ലാം കണ്ടേക്കാവുന്ന അപൂര്‍വം  ഇടങ്ങള്‍  ഉണ്ടാവാം!)

കണ്ടക്ടര്‍ കാശു ചോദിക്കുന്നു, മതം ചോദിക്കുന്നില്ല. നമ്മള്‍ കറന്‍സി കൊടുക്കുന്നു. ഓരോ മതത്തിനും ഓരോ കറന്‍സിയില്ല. ഓഫീസിലെത്തുന്നു, സ്‌കൂളിലെത്തുന്നു, ആശുപത്രിയിലെത്തുന്നു, തൊഴിലിടങ്ങളിലെത്തുന്നു, ജോലി ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു, വിശ്രമിക്കുന്നു...അവിടങ്ങളൊന്നും മതപരമായ സങ്കേതങ്ങളല്ല. ഭക്ഷണശാലകളില്‍ മതവിഭജനമില്ല, ഏവരുടെയും വിശപ്പിന്റെ ഭാഷ ഒന്നാണ്.ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിങ്ങളുടെ മതം ആരും തിരക്കുന്നില്ല, പണം മാത്രമേ വേണ്ടൂ..

അന്യോന്യം ആളുകളെ കണ്ടുമുട്ടുന്നു, കുശലം ചോദിക്കുന്നു, പരിചയപ്പെടുന്നു, കൂട്ടായ്മകള്‍ കയറിയിറങ്ങുന്നു , വിനോദങ്ങളിലേര്‍പ്പെടുന്നു. നമ്മള്‍ ഏതെങ്കിലും മതവിലാസമുള്ളവനെന്ന വീര്യത്തിലല്ല അതൊക്കെ നിറവേറ്റുന്നത്. തിരിച്ച് വീട്ടിലെത്തുന്നു, കുടുംബാംഗങ്ങളോട് ഇടപഴകുന്നു, ആഹ്ലാദം പങ്കിടുന്നു, വിശപ്പടക്കുന്നു, വിശ്രമിക്കുന്നു, ഉറങ്ങുന്നു, ഓരോരുത്തരുടെ സൗകര്യം അനുവദിക്കും പോലെ. ദിനചര്യകള്‍ അവസാനിക്കുന്നു...

മിക്കവരുടെയും ദൈനംദിന ജീവിതം ഈ പ്രകൃതത്തിലല്ലെ മുന്നേറുന്നത്. എത്ര മതഭക്തനായാലും മറ്റുള്ളവരോട്  സ്വാഭാവികമായി ഇടപെടുന്നതോ വ്യവഹാരങ്ങളിലേര്‍പ്പെടുന്നതോ, ഭാഷയുച്ചരിക്കുന്നതു പോലുമോ താന്‍ ഏതെങ്കിലും മതക്കാരനാണെന്ന ജാഗ്രത്തായ ചിന്തയോടെയല്ല. നിത്യജീവിതത്തിന്റെ വ്യവഹാരങ്ങളില്‍ അങ്ങനെയൊരു വിചാരം സദാ ഉണര്‍ന്നിരിക്കുന്നേയില്ല.
ജീവിതവിനിമയമെന്നത്  അതു മാത്രമാണ്. സാമൂഹിക ജീവിതത്തിന്റെ  അടിസ്ഥാനനിയമം പ്രകൃതിപരമാണ്, മതപരമല്ല...

അവരവരുടെ  വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥിക്കാന്‍ ദേവാലയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനോ, ആരാധനാനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിനോ മതപരമായ വിഭജനം പാലിക്കുന്നുണ്ടാവാം.. അതിലെവിടെയും വിദ്വേഷപരതയില്ല. പൊതുവെ നമ്മുടെ നാട്ടുകാര്‍  വിവാഹം തുടങ്ങിയ കര്‍മങ്ങളിലും മറ്റും  ജാതി,മത മേല്‍വിലാസം അന്വേഷിക്കുന്നതു കാണാം..(അതെന്തിനെന്ന് യുക്തിപരമായി ആരും നിര്‍വചിച്ചിട്ടില്ല). ഈവക ചില സംഗതികള്‍ ഒഴിവാക്കിയാല്‍ നമ്മുടെ നിത്യജീവിത പ്രക്രിയകള്‍ ഏറക്കുറെ മതേതരമാണ്.

എല്ലാവരും കാറ്റും വെയിലും തണലും കൊള്ളുന്നു, മഴ നനയുന്നു.. ഋതുക്കള്‍ മാറിമറയുന്നതു കാണുന്നു; പ്രാണികുലങ്ങള്‍ പരസ്പരം മിന്നി മറയുന്നു. ഒന്നും മതവിവേചനത്തിന്റെ ചിഹ്നങ്ങള്‍ കാഴ്ചവയ്ക്കുന്നില്ല.ജീവിതപ്രക്രിയയില്‍ എവിടെയാണ് മതമെന്നു ചിന്തിച്ചാല്‍ ഉത്തരമുണ്ടാവില്ല. അതേ സമയം, സമാന്തരമായ ഒരന്വേഷണത്തില്‍, മനുഷ്യജീവിതത്തെ അടിമുടി, ആത്മീയശൂന്യതയായും അരക്ഷിതവ്യവസ്ഥയായും പ്രകൃതി ഭയമായും വിശ്വാസാന്ധതകളായും മതം വരിഞ്ഞുമുറുക്കുന്നതു കാണാം.അധികാരപ്രകൃതത്തിലും മൂലധന സ്വഭാവത്തിലും മതം അടക്കി ഭരിക്കുന്നു.

രണ്ടു വ്യക്തികളില്‍ നിന്ന്, അവരെ ഏതുഗണത്തില്‍ പെടുത്തിയാലും, ഉടലെടുക്കുന്ന സന്തതികള്‍ മൂന്നാമതൊരു വ്യക്തിയാണ്. വ്യക്തികള്‍ക്കു പകരം ഗ്രൂപ്പുകളോ, സമുദായങ്ങളോ, മതങ്ങളോ  ഗോത്രങ്ങളോ രാഷ്ട്രീയ കക്ഷികളോ ആവട്ടെ സങ്കരത്തിലേര്‍പ്പെട്ടാല്‍ രൂപംകൊള്ളുന്നത് പുതിയൊരു രൂപമാണ്. അതുകൊണ്ട് ഗണചരിത്രം അതാതിടത്ത് അവസാനിക്കുന്നു. സാമൂഹ്യചരിത്രത്തിനേ തുടര്‍ച്ചകളുള്ളു.

Content highlights : A Padmanabhan Column kerala History part 2