കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയുടെ അപൂര്‍വ പുസ്തകവിഭാഗത്തില്‍, ബ്രൗണ്‍ പേപ്പര്‍ കൊണ്ട് അലക്ഷ്യവും വിലക്ഷണവുമായി പൊതിഞ്ഞു ചണനൂല്‍ കൊണ്ടു കെട്ടിവെച്ച ആ പുസ്തകത്തിനു മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വമാണു നിന്നത്. 'മനുഷ്യപദ്‌മേഷു രവിസ്വരൂപം, പ്രണൗമി തുഞ്ചത്തെഴുമാര്യപാദ' മെന്നു മനസ്സില്‍ പറഞ്ഞു. ഒന്നരനൂറ്റാണ്ടു പഴക്കമുള്ള ഒരു പുസ്തകമായിരുന്നു ആ പൊതിക്കുള്ളില്‍- തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് ആദ്യമായി അച്ചടിച്ചതിന്റെ അവശേഷിക്കുന്ന ഒരേയൊരു പ്രതി. മലയാളത്തിന്റെ ഹൃദയം ബംഗാളി അങ്ങനെ അശ്രദ്ധമായി പൊതിഞ്ഞു വച്ചിരിക്കുന്നതില്‍ ഖേദം തോന്നി. 'ഖേദിയായ് കേതുമേ' എന്ന എഴുത്തച്ഛന്റെ വാക്യവുമോര്‍ത്തു. 1862-ല്‍ തിരുവനന്തപുരത്തും മഞ്ചേരിയിലുമായി അച്ചടിച്ച ആ പുസ്തകത്തിന്റെ മറ്റേതെങ്കിലും പ്രതി ശേഷിക്കുന്നതായി തെളിവില്ലാത്തതുകൊണ്ട് അത് ആ കടലാസുപൊതിക്കുള്ളില്‍ ദേശീയ ഗ്രന്ഥാലയത്തിന്റെ അപൂര്‍വ്വപുസ്തകമുറിയില്‍ വിശ്രമിക്കട്ടെ.

നാഷണല്‍ ലൈബ്രറിയുടെ അപൂര്‍വ്വപുസ്തകശേഖരത്തിലേക്കു കടക്കുക എളുപ്പമല്ല. ക്യാമറക്കുവിലക്കുണ്ട്. കോപ്പിയെടുക്കലും വിലക്കപ്പെട്ടിട്ടുണ്ട്. ലൈബ്രറിയുടെ റഫറന്‍സ് വിഭാഗം മേധാവിയായ പത്തനംതിട്ടക്കാരന്‍ ഡോ.കെ.കെ.കൊച്ചുകോശിയുടെ സഹായം കൊണ്ടാണ് അങ്ങോട്ടേയ്ക്കു പ്രവേശനം തരപ്പെട്ടത്. അവിടെ ഞാന്‍ തേടിയ പുസ്തകങ്ങളിലെ ചൂഢാമണിയായിരുന്നു എഴുത്തച്ഛന്റെ മഹാഭാരതത്തിന്റെ ആദ്യപതിപ്പ്. പൊതിയഴിച്ചു തുറന്നുവച്ച ആ പവിത്രപുസ്തകത്തില്‍ വലങ്കൈകൊണ്ടു സ്​പര്‍ശിച്ചു. കാട്ടിലേക്കു പോയ ശ്രീരാമന്റെയും സീതയുടെയും കാലടിപ്പാടുകള്‍ പൊടി മണ്ണില്‍ തെളിഞ്ഞുകണ്ട ഭരതന്‍ പറഞ്ഞ വാക്കുകളാണ് ആ നിമിഷത്തിന്റെ സത്യവാങ്മൂലം:

'ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ
മുന്നം മയാകൃതം പുണ്യപൂരം പരം'

'ഞാന്‍ ഇന്നു ധന്യനായി, ഞാന്‍ ഇന്നു ധന്യനായി, മുമ്പു ഞാന്‍ ചെയ്ത പുണ്യം കാരണം അല്ലാതെ മറ്റെന്താണ്?

കേരളത്തില്‍ മലയാള പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തുടങ്ങി നാല്പതുവര്‍ഷത്തോളമായിട്ടേ ആധുനികമലയാളം സൃഷ്ടിച്ച തുഞ്ചത്തെഴുത്തച്ഛനെ അച്ചടിയിലേക്കു കൊണ്ടുവരാന്‍ ആരെങ്കിലും ഓര്‍മ്മിച്ചുള്ളൂ. ഓര്‍ത്തതാകട്ടെ മലയാളികളുമായിരുന്നില്ല. ഒരു തമിഴനാണ് അതുതോന്നിയത്. ആ തമിഴനോട് ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാര്‍ എന്ന ആ മുന്‍സിഫിനോടും അദ്ദേഹത്തിന്റെ മകന്‍ അരുണാചലം മുതലിയാരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് മലയാളികള്‍ക്ക്. പക്ഷേ അവരെ ഇന്ന് ആരറിയുന്നു. പുസ്തകചരിത്രത്തിലെ കൃതഘ്‌നതയുടെയും മറവിയുടെയും അധ്യായത്തില്‍ മറ്റുപലപേരുകള്‍ക്കുമൊപ്പം അവരുടേതും മറഞ്ഞുകിടക്കുന്നു.

എന്തുകൊണ്ടായിരിക്കാം കേരളത്തില്‍ ആദ്യമലയാളപുസ്തകം അച്ചടിച്ചുകഴിഞ്ഞ് 38 വര്‍ഷത്തിനുശേഷം മാത്രം എഴുത്തച്ഛന്‍ അച്ചടിക്കപ്പെട്ടത്. അച്ചടിയെ തോല്പിച്ച വായനയുടെ നൂലായിരുന്നു തുഞ്ചത്തെഴുത്തച്ഛന്‍. അല്ലെങ്കില്‍ ഒരു പാലം. വടക്കുതൊട്ട് തെക്കുവരെ പലനാടായി പല ഭാഷയായി പല ജാതിയായി പല രുചിയായിക്കിടന്ന മലയാളിയെ കോര്‍ത്തിണക്കിയ നൂല്. കരയെ നെടുകേമുറിച്ച് അനേകം ദ്വീപുകളാക്കിയ നദികളാലും തോടുകളാലും മുറിവേറ്റ കേരളത്തെ പാലങ്ങളില്ലാത്ത കാലത്ത് എഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ടുകളുടെ പാലം കൊണ്ടു കൂട്ടിയിണക്കി ഒറ്റക്കരയാക്കി (സ്​പാനിഷ് കവി ഫെദറീകോ ഗാര്‍സിയാ ലോര്‍ക്കയുടെ 'ജലം കൊണ്ടുമുറിവേറ്റവന്‍' എന്ന കല്പന കേരളത്തിനും ചേരും). അക്കരയും ഇക്കരയും എഴുത്തച്ഛന്‍ ഇന്നു നാം എഴുതുന്ന ഗ്രന്ഥാക്ഷരത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അച്ചടിയുടെ ആര്‍ഭാടം നിലവില്‍വരുന്നതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ താളിയോലകളില്‍ പകര്‍ത്തിയെഴുതി കേരളം മുഴുവന്‍ എഴുത്തച്ഛന്റെ രാമായണവും മഹാഭാരതവും വായിച്ചു. കാവ്യം സുഗേയമായി. എഴുത്തച്ഛന്‍ വാക്കിന്റെ നൂലും പാലവുമല്ലാതെ മറ്റെന്താണ്? എന്നിട്ടും ഒരു തമിഴ്‌നാട്ടുകാരന്‍ വേണ്ടി വന്നു എഴുത്തിന്റെ അച്ഛനെ എഴുത്തോലയില്‍ നിന്നു കടലാസിലേക്കു മോചിപ്പിക്കാന്‍.

കാളഹസ്തിയപ്പ മുതലിയാരും അദ്ദേഹം കോഴിക്കോട്ടു സ്ഥാപിച്ച വിദ്യാവിലാസം എന്ന അച്ചടിശാലയും അങ്ങനെ നമ്മുടെ പ്രസാധനചരിത്രത്തിലെ ഏറ്റവും അവിച്ഛിന്നമായ പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. വിദ്യാവിലാസം മണ്‍മറഞ്ഞുപോയെങ്കിലും അന്നു തൊട്ടിന്നോളവും തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ അച്ചടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇത്രയും വിറ്റഴിഞ്ഞ ഒരെഴുത്തുകാരനുമില്ല മലയാളത്തില്‍. സൗജന്യമായി വിതരണം ചെയ്തല്ല എഴുത്തച്ഛന്‍ എല്ലാവീട്ടിലുമെത്തിയത്. കിട്ടുന്നതിലോരോഹരി കൊടുത്താണ് വര്‍ഗഭേദമില്ലാതെ മലയാളി എഴുത്തച്ഛന്‍ പാട്ടുകള്‍ വാങ്ങിയത്. കാളഹസ്തിയപ്പനു സ്തുതി.

കാളഹസ്തിയപ്പ മുതലിയാരുടെയോ മകന്‍ അരുണാചലം മുതലിയാരുടെയോ ജീവചരിത്രവിവരണങ്ങള്‍ തേടിപ്പോയാല്‍ നിരാശപ്പെടാനേ കഴിയൂ. കേരള സാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുളളതിങ്ങനെ: '1036-ല്‍ കോഴിക്കോട് കാളഹസ്തിയപ്പ മുതലിയാര്‍ എന്ന ഒരു വിദേശീയനായ മഹാശയന്‍ സ്ഥാപിച്ച മുദ്രാലയമാണ് വിദ്യാവിലാസം. അദ്ദേഹം അക്കാലത്ത് അവിടെ മുന്‍സിഫായിരുന്നു. ഭാഷാപോഷണത്തിലും മതപ്രചാരണത്തിലും ഉത്സുകനായിരുന്ന അദ്ദേഹം തമിഴ്‌നാട്ടിലെന്നപോലെ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സ്വമതഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് ഒരു മുദ്രാലയം ഇല്ലാതിരുന്ന ശോച്യാവസ്ഥ പരിഹരിക്കണമെന്നുറച്ച് അതിലേക്കുവേണ്ടി വിദ്യാവിലാസം സ്ഥാപിക്കുകയും അവിടെനിന്നു തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ മുതലായ മഹാകവികളുടെ വാങ്മയങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു. ആ പുസ്തകങ്ങളുടെ വില വളരെ അധികമായിരുന്നു. ഭാരതത്തിന് അഞ്ചും ഭാഗവതത്തിന് പത്തും ഉറുപ്പികകൊടുത്താണ് ആ പുസ്തകങ്ങള്‍ അന്ന് അവിടെനിന്നു വാങ്ങേണ്ടിയിരുന്നത് എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ആശ്ചര്യം തോന്നുന്നു.' വിദ്യാവിലാസം സ്ഥാപിച്ചത് ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുള്ള കൊല്ലവര്‍ഷം (1036) അനുസരിച്ച് 1861 ആണ്.

കാളഹസ്തിയപ്പ മുതലിയാര്‍ വിദ്യാവിലാസം തുടങ്ങിയത് കോഴിക്കോട്ടല്ലെന്നാണ് 'മഹാഭാരതം' തെളിയിക്കുന്നത്. പുസ്തകത്തിന്റെ കവര്‍പേജില്‍ 'വിദ്യാവിലാസം അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചത്, മഞ്ചേരി 1862 ഒക്ടോബര്‍ മാസം ' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിക്കാരന്റെ പേര് യശായ എന്നാണെന്നും പുസ്തകവില നാലര രൂപയാണെന്നും കൂടി അവിടെയുണ്ട് (ഈ നാലര ഉറുപ്പികയെയാണ് ഉള്ളൂര്‍ അഞ്ചുരൂപയെന്ന് എഴുതിയത്). മാത്രമല്ല പുസ്തകാന്ത്യത്തില്‍ മറ്റൊരുകാര്യം കൂടി പറയുന്നുണ്ട്: 'അറുപത്തെട്ടുവരെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ കേരള വിലാസം അച്ചുകൂടത്തില്‍ അച്ചടിച്ച'താണ്. ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന വിശിഷ്ടഗ്രന്ഥമെഴുതിയ കെ.എം.ഗോവി ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യാവിലാസത്തിന്റെ മഹാഭാരതത്തെ 'മഞ്ചേരി മഹാഭാരത'മെന്നു വിളിക്കുന്നു. 1864 നു ശേഷമാണ് കാളഹസ്തിയപ്പ മുതലിയാര്‍ കോഴിക്കോട്ട് വിദ്യാവിലാസം സ്ഥാപിച്ചതെന്നും അദ്ദേഹം വാദിക്കുന്നു. ഗോവിയുടെ ഊഹം ഇവ്വിധമാണ്: 'കാളഹസ്തിയപ്പനും അരുണാചലവും ആദ്യം ഏര്‍പ്പെട്ടത് പുസ്തകപ്രസാധന വ്യാപാരത്തിലാണ്. കേരളീയര്‍ക്കു പ്രിയങ്കകരനായ എഴുത്തച്ഛന്റെ കൃതികള്‍ അച്ചടിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ഗ്രഹിച്ചു. അച്ചടിക്കാന്‍ അന്നു നിലവിലുള്ള 'മിഷനേതര' അച്ചുക്കൂടത്തെ സമീപിച്ചു. കൂടുതല്‍ കാര്യക്ഷമമായി വ്യാപാരം സംഘടിപ്പിക്കാന്‍ സ്വന്തം അച്ചുക്കൂടം വേണമെന്നു കണ്ടപ്പോള്‍ വിദ്യാവിലാസം സ്ഥാപിച്ചു.' വിദ്യാവിലാസത്തിന്റെ സ്ഥാപനവര്‍ഷം 1862 ആയിരിക്കുമെന്ന് ഗോവി ഊഹിക്കുന്നു.

എഴുത്തച്ഛനെ അച്ചടിയിലേക്കു പ്രവേശിപ്പിച്ച ആ മഹാഭാരതത്തിലേക്കു വരട്ടെ. ഈരടി മുറിക്കാതെ ഗദ്യം പോലെ നിരത്തിയച്ചടിച്ച ആ മഹാഭാരതം അക്ഷരഭംഗികൊണ്ടു മുന്‍പന്തിയിലാണ്. വട്ടവടിവിന്റെ ചാരുത. വിരാമചിഹ്നങ്ങള്‍ കൂടാതെ നീണ്ടുപോകുന്ന വരികള്‍ എവിടെ മുറിക്കണമെന്ന് ഇന്നത്തെ വായനക്കാര്‍ക്കു മനസ്സിലാകില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ വാനക്കാര്‍ക്ക് അതു ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാന്‍ വഴിയില്ല. താളിയോലയിലെഴുതിയ കാവ്യങ്ങളിലും അതായിരുന്നു രീതി. ഒരുപേജില്‍ 39-40 വരികളുള്ള മഹാഭാരതത്തിന്റെ ഒടുവില്‍ ശുദ്ധിപത്രവുമുണ്ട്. ശുദ്ധപത്രമെന്നാണ് അച്ചടിച്ചിട്ടുള്ളത്. മലയാളത്തിലെ പുസ്തകപ്രസാധനചരിത്രം തന്നെ തിരുത്തിയെഴുതുകയായിരുന്നു മഹാഭാരതത്തിലൂടെയും 'രാമായണ'(1863)ത്തിലൂടെയും കാളഹസ്തിയപ്പനും മകന്‍ അരുണാചലവും. മലയാളത്തിലെ 'ഓള്‍ടൈം ബെസ്റ്റ് സെല്ലറു'കള്‍ക്കാണ് അവര്‍ അച്ചുനിരത്തിയത്. ഇന്നും അതുതുടരുന്നു. പുത്തന്‍ മുദ്രണവിദ്യകളിലൂടെ.

വിദ്യാവിലാസം എന്ന അച്ചുക്കൂടത്തിന്റെ പ്രാധാന്യം അവിടെ അവസാനിക്കുന്നില്ല. മലയാളത്തിലെ രണ്ടാമത്തെ യഥാര്‍ത്ഥ വര്‍ത്തമാനപ്പത്രമായ 'കേരളപത്രിക'(1884) വിദ്യാവിലാസത്തിലാണ് അച്ചടിച്ചത്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ കുലപതിമാരിലൊരാളായ ചെങ്കളത്തുവലിയ കുഞ്ഞിരാമമേനോന്‍ (1858-1936) കോഴിക്കോട് ആരംഭിച്ച 'കേരളപത്രിക' ദീര്‍ഘകാലം നിലനിന്ന പത്രമാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ആദ്യരൂപമായിരുന്ന ബി.ജി.എം.ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കുഞ്ഞിരാമമേനോന്‍ 'കേരളപത്രിക' തുടങ്ങുമ്പോള്‍ സഹായത്തിനുണ്ടായിരുന്നത് ആ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ടി.ജി.വര്‍ഗീസ്, അധ്യാപകരായ ടി.എം.അപ്പുനെടുങ്ങാടി (കുന്ദലതയുടെ കര്‍ത്താവും ഇന്നു നിലവിലില്ലാത്ത നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും) മൂളിയില്‍ രാമന്‍, വട്ടമ്പൊയില്‍ ചാത്തുക്കുട്ടി വൈദ്യന്‍, കണ്ണമ്പറ കൃഷ്ണനുണ്ണി നായര്‍ തുടങ്ങിയവരായിരുന്നു. 1903 വരെ വിദ്യാവിലാസത്തിലായിരുന്നു 'കേരളപത്രിക'യുടെ അച്ചടി.

നാഷണല്‍ ലൈബ്രറിയില്‍ വിശ്രമിക്കുന്ന ആ പുസ്തകത്തില്‍ കൈപ്പടം ചേര്‍ത്തുനിന്നപ്പോള്‍ ഒന്നരനൂറ്റാണ്ടിനുപിന്നിലുള്ള കടലാസിലൂടെയും അക്ഷരങ്ങളിലൂടെ ഉള്ളിലേക്കു പടര്‍ന്നത് എഴുത്തച്ഛന്റെ വഴികള്‍ മാത്രമായിരുന്നില്ല കാളഹസ്തിയപ്പ മുതലിയാര്‍ തെളിച്ച ആദ്യകാല മുദ്രണത്തിന്റെ ക്ലേശപാതകളുമായിരുന്നു. ആ പുസ്തകം അതേ അച്ചുവടിവില്‍ എന്നെങ്കിലും മലയാളത്തിലേക്കു വരുമോ, തുഞ്ചത്താചാര്യനു മലയാളം നല്‍കുന്ന ശ്രദ്ധാഞ്ജലിയുടെ രൂപത്തിലെങ്കിലും ?