'വണ്ടി ഓടിക്കുന്നയാള്‍ക്ക് മുന്നിലുംപിന്നിലും കണ്ണുവേണം, കഥയെഴുതുന്നയാള്‍ക്കും!' വി സുരേഷ്‌കുമാര്‍


അവന്‍ പറയുന്ന എല്ലാ കഥകളിലും പുഴയില്‍ നിന്നും ഇടയ്ക്കിടെ തുള്ളിപ്പിടയ്ക്കുന്ന മീനുകള്‍ പോലെ പെണ്ണുങ്ങള്‍ കയറി വരും... മീന്‍ പിടിക്കുന്നവനെയും കഥ എഴുതുന്നവനെയും അദൃശ്യയായ ഒരു പെണ്‍കുട്ടി മോഹിപ്പിക്കുന്നുണ്ടായിരുന്നു. 'എന്നിട്ട് ഞാന്‍ അവളുടെ കുളിമുറിയുടെ....'

വി. സുരേഷ്‌കുമാർ

റൈറ്റേഴ്‌സ് ഡയറിയില്‍ കഥാകൃത്ത് വി സുരേഷ്‌കുമാര്‍ എഴുതുന്നു.

ജീവിതത്തിലെ എല്ലാ വേഗങ്ങളില്‍ നിന്നും ഒരു പത്തുവര്‍ഷം പിറകിലായി ഓടുന്ന വണ്ടി ആയാണ് ഞാന്‍ എന്നെ വിലയിരുത്തുന്നത്. എഴുത്തില്‍ നഷ്ടപ്പെട്ടുപോയ പത്തു വര്‍ഷങ്ങള്‍ എന്റെ ഓര്‍മ്മകള്‍ ഡിലീറ്റ് ആയ പത്തു വര്‍ഷങ്ങളാണ്. നഷ്ടപ്പെട്ടുപോയ ആ വര്‍ഷങ്ങളെ ഇനി ഏതെങ്കിലും തരത്തില്‍ തിരികെ പിടിക്കുക എന്നത് ഒരിക്കലും സാധ്യമാകാത്ത ഒന്നാണ്...അതുകൊണ്ട് തന്നെ ഓര്‍മ്മകള്‍ ഇല്ലാത്ത ആ കാലത്തിനും മുന്നേയുള്ളതാണ് ഇപ്പോഴത്തെ എന്റെ ജീവിതകാലം.

ചെറുപ്പം മുതലേ ഏതിലെങ്കിലും ഒന്നാമന്‍ ആകുക എന്നത് ഏതെങ്കിലും തരത്തില്‍ മികച്ച ഒന്നായിട്ടു എനിക്ക് തോന്നിയിട്ടുമില്ലായിരുന്നു. ഒന്നാമന്‍ എന്നത് വിജയിച്ച ഒരാള്‍ എന്നതിനേക്കാള്‍ വല്ലാതെ ഒറ്റയ്ക്കായി പോകുന്ന ഒരാള്‍ കൂടി ആണ്. പരീക്ഷയിലായാലും മത്സരത്തിലായാലും ഒന്നാമനെ കാണുമ്പോള്‍ അയാളെക്കാള്‍ വീര്‍പ്പുമുട്ടല്‍ എനിക്ക് ഉണ്ടാകാറുണ്ട്...അയാള്‍ തോറ്റുപോകല്ലേ എന്നതാണ് എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന.

രണ്ടാം സ്ഥാനക്കാരനോ മൂന്നാം സ്ഥാനംക്കാരനോ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകുന്നുമില്ല. എന്നോ തോറ്റുപോയ, എണ്ണമില്ലാത്ത ആളുകള്‍ക്കിടയിലേക്ക് അവര്‍ക്ക് ചേരാം. ബാക്കി മുഴുവന്‍പേരും അവരുടെ ആളായി രണ്ടാം സ്ഥാനക്കാരനെയും, മൂന്നാം സ്ഥാനക്കാരെനെയും ചേര്‍ത്തു പിടിക്കും, ആശ്വസിപ്പിക്കും, ആത്മ വിശ്വാസം നല്‍കും...

തോറ്റവര്‍ക്കൊക്കെ പറയാന്‍ അനേകം കഥകള്‍ ഉണ്ടാകും വിജയിച്ചവനെക്കാള്‍ വലിയ ജീവിതവും! ഈ ഭൂമിയില്‍ കാലുകള്‍ അമര്‍ത്തി നമ്മള്‍ സ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ ഇടയ്ക്കിടെ തോറ്റവര്‍ ആകുന്നതാണ് ഏറ്റവും നല്ലത് എന്നു ചെറുപ്പം മുതലേ എനിക്ക് ബോധ്യപ്പെട്ടിരുന്നു...

വി. സുരേഷ്‌കുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം">
വി. സുരേഷ്‌കുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

എഴുത്ത് എന്നത് മത്സരം ഇല്ലാത്ത വിജയികളെയും പരാജിതരെയും ആര്‍ക്കും പൂര്‍ണമായും നിശ്ചയിക്കാന്‍ പറ്റാത്ത ഒരു കല കൂടി ആകുന്നു. എഴുത്തില്‍ ജീവിതം ഉണ്ടെങ്കില്‍ ആ എഴുത്തിനായി നൂറുവര്‍ഷങ്ങള്‍ക്കപ്പുറം പോലും ഒരാള്‍ കാത്തിരിക്കുന്നുണ്ടാകും. ഒരര്‍ത്ഥത്തില്‍ എല്ലാ എഴുത്തുകളും തോറ്റവര്‍ തോറ്റവര്‍ക്ക് വേണ്ടി എഴുതിക്കൂട്ടുന്ന ഗാഥകള്‍ ആണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസം ആയി ഞാന്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു. 'നിന്റെ ബാച്ചില്‍ ഇനി നീ മാത്രമേ ഉള്ളൂ ടെസ്റ്റ് വിജയിക്കാന്‍...' മാഷ് ഓര്‍മിപ്പിച്ചു. എനിക്ക് വേണ്ടി മാഷ് ഞായറാഴ്ച്ച രാവുകളില്‍ തിരക്കില്ലാത്ത റോഡുകളിലേക്ക് പോയി. അങ്ങനെ ഞങ്ങള്‍ ഒരു പുലര്‍ച്ചെ എന്റെ വീടിന് അടുത്തുള്ള വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കിലെത്തി. പുഴയ്ക്ക് സാമാന്തരമായി തലങ്ങനെയും വിലങ്ങനെയും പുഴയുടെ പുതിയ കൈവഴികള്‍ പോലെ മിനുസമാര്‍ന്ന റോഡുകള്‍. സ്‌കൂട്ടര്‍ ലൈസന്‍സ് ലഭിക്കാന്‍ 8 പോലെ ശ്രമകരം ആണ് കാറിനുള്ള H വരപ്പിക്കുക എന്നതാണ് രണ്ടിന്റെയും അടിസ്ഥാനം.
ഒരേ സമയം മുന്നിലേക്കും പിന്നിലേക്കും വണ്ടി ഓടിക്കാനുള്ള കഴിവ്, അതെ സമയം നാലു വശങ്ങളിലേക്കും നോക്കുകയും വേണം...ഒരിടത്തും തട്ടാനും മുട്ടാനും പാടില്ല!

വണ്ടി ഓടിക്കുമ്പോള്‍ മാഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് റോഡ് ആണ്. ചോര കൊണ്ടാണ് കളി! പുതിയ ചിത്രങ്ങള്‍ വരയ്ക്കാനും വരച്ച ചിത്രങ്ങള്‍ മായിക്കാനും എപ്പോഴും എവിടുന്നും റോഡില്‍ വണ്ടികള്‍ക്ക് കയറാം.. ഇവിടെ പിന്നെയൊരു എഡിറ്റിങ്ങോ, മായ്ച്ചുവരയോ ഇല്ല! അപ്പോഴത്തെ നിലയില്‍ ഒന്ന് കണ്ണു ചിമ്മുകയോ, ശ്രദ്ധ മാറുകയോ ചെയ്താല്‍ നിമിഷങ്ങള്‍ കൊണ്ട് ഞാനും നീയും കാറും വെറും ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് മാത്രമായി മാറും! വണ്ടി ഓടിക്കുന്നയാള്‍ക്ക് എപ്പോഴും മുന്നിലും പിന്നിലും കണ്ണുവേണം.

ഇങ്ങനെയൊക്കെ മാഷ് പറഞ്ഞപ്പോള്‍ ഓരോ കഥകളും ഇതുപോലെയാണല്ലോ എന്ന് എനിക്കോര്‍മ്മ വന്നു. ഒരു മനുഷ്യന്‍ തന്റെയും തനിക്ക് പരിചയമുള്ളവരുടെയും ജീവിതത്തിലൂടെ മുന്നിലേക്കും, പിന്നിലേക്കും സഞ്ചരിക്കുന്ന എട്ട് എടുപ്പുകള്‍! പഴയ വെറും പുഴ മാത്രം ഉള്ള വെള്ളിക്കീല്‍, പാര്‍ക്കും റോഡും ഉള്ള പുതിയ വെള്ളിക്കീല്‍. പഴയ ഞാന്‍ ജീവിക്കുന്ന നാട്‌.പുതിയ ഞാനുള്ള ഇന്നത്തെ നാട് എല്ലാം എത്ര വേഗത്തിലാണ് മാറി മറിഞ്ഞത്... ഒരു മനുഷ്യന്റെ കയ്യിലുള്ള റിവേഴ്സ് ഗിയര്‍ ആണ് അവന്റെ ഓര്‍മ്മകള്‍... ഓര്‍മ്മകള്‍ ഉള്ള മനുഷ്യന് എങ്ങോട്ട് വേണം എങ്കിലും എപ്പോള്‍ വേണമെങ്കിലും പോകാം. പഴയ വെള്ളിക്കീല്‍ പുഴയും പുഴയുടെ ചുറ്റുമുള്ള കൈപ്പാടും പ്രകൃതിയും നിറഞ്ഞ ഞാനെഴുതിയ കഥകള്‍ എനിക്കോര്‍മ്മ വരുന്നു.

തീവണ്ടി, അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന വിധം എന്നീ പഴയ കഥകളും. പുതിയ സമാഹാരത്തിലെ പുലിക്കളിയും കൈപ്പാടും പുഴക്കരയില്‍ നിന്നും നോക്കിയാല്‍ കാണുന്ന എന്റെ നാട്ടിലെ പഴയ കാടും കാട്ടുമരങ്ങളും നിറഞ്ഞ കുന്നുകളുടെ ചന്ദനവും. ഒരാള്‍ അയാള്‍ ആയിരിക്കുക തന്നെ അയാള്‍ മാത്രം അല്ലല്ലോ....?

ഞാന്‍ ഞാന്‍ മാത്രമല്ലാത്ത ഞാന്‍ എന്നു എന്‍ പ്രഭാകരന്‍ മാഷ് ആത്മകഥ പറഞ്ഞത് എത്ര സത്യമാണ്. കഴിഞ്ഞു പോയതും, കണ്ടു കൊണ്ടിരിക്കുന്നതും, കാണാന്‍ തുടങ്ങുന്നതുമായ സംഭവങ്ങളും, വ്യക്തികളും, ദേശങ്ങളും കൂടി ചേര്‍ന്നതാണ് ഈ ഞാന്‍ ഇതിലൂടെയൊക്കെ ഞാന്‍ മുന്നിലേക്കും, പിറകിലേക്കും വശങ്ങളിലേക്കും നടത്തിയ വെറും എട്ട് എടുപ്പുകള്‍ ആണ് എന്റെ കഥകള്‍. പ്രിയപ്പെട്ട വരെ എന്റെ ഓര്‍മകളിലെ വെള്ളിക്കീലും ഇപ്പോഴത്തെ വെള്ളിക്കീലും തമ്മില്‍ പ്രീമിയര്‍ പദ്മിനിയും ബിഎംഡബ്ലിയുവും തമ്മിലുള്ള മാറ്റം ഉണ്ട്. അന്ന് ഈ റോഡ് മുട്ടോളം താഴുന്ന ചളി നിറഞ്ഞ കൈപ്പാട് ആണ്. പുഴയില്‍ നിന്നും കരവരെ ഘോരവനം പോലെ കണ്ടല്‍ക്കാടുകള്‍. പുഴയില്‍ നിറയെ മീന്‍ ആണെങ്കില്‍ കരയില്‍ അനേകം പക്ഷികള്‍,കുറുക്കന്‍, നീര്‍നായ, ഞണ്ട്, കീരി, പാമ്പ്... ഇന്നത്തേക്കാളും ഇരുട്ട് നിറഞ്ഞ അന്നത്തെ രാത്രികളില്‍ ഞാനും എന്റെ ഉറ്റ ചെങ്ങാതിയും മീനും ഞണ്ടും പിടിക്കാന്‍ വലിയ ടോര്‍ച്ചും വലയുമായി പോകും.

എട്ടു ബാറ്ററി നിറച്ച നീളന്‍ ടോര്‍ച്ച് വഴിയിലും, പുഴയിലും അടിച്ചു കൊടുക്കുന്ന പണിയായിരിന്നു എനിക്ക്... പുഴയിലെ മീനിനെയും ഞണ്ടുകളെക്കാളും അവന്‍ പറയുന്ന കഥകള്‍ കേള്‍ക്കുകയാണ് എന്റെ ഏറ്റവും ഇഷ്ടം... അവന്‍ പറയുന്ന എല്ലാ കഥകളിലും പുഴയില്‍ നിന്നും ഇടയ്ക്കിടെ തുള്ളിപ്പിടയ്ക്കുന്ന മീനുകള്‍ പോലെ പെണ്ണുങ്ങള്‍ കയറി വരും... മീന്‍ പിടിക്കുന്നവനെയും കഥ എഴുതുന്നവനെയും അദൃശ്യയായ ഒരു പെണ്‍കുട്ടി മോഹിപ്പിക്കുന്നുണ്ടായിരുന്നു. 'എന്നിട്ട് ഞാന്‍ അവളുടെ കുളിമുറിയുടെ....'

അവന്‍ അത്രയും പറഞ്ഞപ്പോഴേക്കും കണ്ണപുരത്തു നിന്നും ഒരു തീവണ്ടി അത്യുച്ചതില്‍ ഞങ്ങളുടെ പുഴയ്ക്കും കൈപ്പാടിനും മീതെ കടന്നു പോയി പുഴ ഇളകി, പക്ഷികള്‍ കൂട്ടത്തോടെ പറന്നു...നീര്‍നായകളും മറ്റും മറ്റും ജീവനും കൊണ്ടു നാലുഭാഗത്തേക്കും ഓടി.. ഇനി ഇന്ന് ഇവിടെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല അവന്‍ പറഞ്ഞു.

എല്ലാവരും സ്വപ്നലോകങ്ങളില്‍ നിന്നും അവരവരുടെ യാഥാര്‍ഥ്യങ്ങളിലേക്ക് എത്തിയിരിക്കും... മനുഷ്യര്‍ മാത്രമല്ല പക്ഷികളും, മൃഗങ്ങളും, മീനുകളും ചില നേരങ്ങളില്‍ കാല്പനികര്‍ ആകും കൂടുതലും ഇങ്ങനെയുള്ള നിലാവുള്ള രാത്രികളില്‍... നിലാവെളിച്ചത്തില്‍ സ്വപ്നം കണ്ടിരിക്കുന്ന മീനുകളെയും ഞണ്ടുകളെയും ആണ് നമുക്ക് എളുപ്പത്തില്‍ വലയില്‍ ആക്കാന്‍ കഴിയുന്നത്....!ആ തീവണ്ടി എല്ലാം നശിപ്പിച്ചു.അവന്‍ നിരാശയോടെ പറഞ്ഞു നിര്‍ത്തി. കഥകളും അങ്ങനെയാകുന്നു.

സ്വപ്നം കണ്ടിരിക്കുന്ന ഒരു മനുഷ്യനെ വേറെയാരോ ഭൂമിയില്‍ നിന്നും പിടിച്ചുകൊണ്ടു പോകുമ്പോഴാണ് കഥകള്‍ ഉണ്ടാകുന്നത്... എഴുത്തിന്റെ ഈ മൂന്നാം പതിപ്പില്‍ (കഥകളുടെ മൂന്നാം സമാഹാരം ) എത്തുമ്പോള്‍ എന്റെ തന്നെ ആത്മകഥാംശങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ബാല്യം, ദേശം, മനുഷ്യര്‍ അവരില്‍ നിന്നും അനുഭവിച്ച നല്ലതും മോശവുമായ ഓര്‍മ്മകള്‍ വിനോദ സഞ്ചാരകേന്ദ്രം ആയ വെള്ളിക്കീല്‍, ടര്‍ഫ് ഗ്രൗണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും നിറയുന്ന പരണൂലിലെ കുന്നുകള്‍..

മനുഷ്യര്‍ വിശ്രമമില്ലാതെ പണിയെടുത്തു ലോകത്തെ കൂടുതല്‍ കൂടുതല്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ആറു ദിവസമായിരുന്നു ദൈവം ഭൂമിയെ സൃഷ്ടിക്കാന്‍ എടുത്ത ആകെ ദിനങ്ങള്‍. ആറാം ദിനം ദൈവം ആണിനെയും, പെണ്ണിനേയും ഉണ്ടാക്കി. ഇതുവരെയും ഉണ്ടാക്കിയതില്‍ ഏറ്റവും പൂര്‍ണതയുള്ളതും മനോഹരമായതും അതായിരുന്നു. ഏതൊരു മികച്ച സൃഷ്ടികള്‍ക്കും ശേഷം ഉണ്ടാകുന്ന കടുത്ത ക്ഷീണം തോന്നിയ ദൈവം ഏഴാം ദിവസം സമാധാനത്തോടെ വിശ്രമം എടുത്തു. എട്ടാം ദിനം കണ്ണു തുറന്നപ്പോള്‍ ദൈവം അമ്പരന്നു പോയിരിക്കും. ആണും, പെണ്ണും ഒരുമിച്ചു ചേര്‍ന്നതോടെ ഇതുവരെയും കാണാത്ത അത്ഭുതങ്ങള്‍ ഭൂമിയില്‍ നടക്കുന്നു... അവര്‍ നിരന്തരം ജോലി ചെയ്യുന്നു കഥകള്‍ പറയുന്നു, കവിതകള്‍ പാടുന്നു. ശേഷം കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു ഒരുമിച്ച് കിടക്കുന്നു. ദൈവം കണ്ണടച്ചു. വായനക്കാരായ പ്രിയപ്പെട്ട സ്ത്രീപുരുഷന്മാരെ, എല്ലാ ജോലിയും കഴിഞ്ഞു നിങ്ങള്‍ വിശ്രമിക്കുമ്പോള്‍ നിങ്ങളുടെ തൊട്ടരികില്‍ എന്റെ ഈ പുസ്തകം ഉണ്ടാവുകയും നിങ്ങളെയത് വായിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യുന്ന ആ ഒരു അത്ഭുതപ്രവര്‍ത്തി! അതുമാത്രമാണ് എന്റെ ജീവിതത്തില്‍ എനിക്കും എന്റെ കഥകള്‍ക്കും കിട്ടാനുള്ള ഏറ്റവും വലിയ അനുഗ്രഹം.

ഒരു കഥയുടെ പതിപ്പ് (സമാഹാരം) ഇറങ്ങുമ്പോള്‍ വായനക്കാരിലേക്കുള്ള എഴുത്തുകാരന്റെ അപേക്ഷയോ അല്ലെങ്കില്‍ പതിപ്പിക്കലോ ആണ് എഴുത്തുകാരന്‍ നടത്തുന്നത് ഇതാ നിങ്ങള്‍ അറിയാത്ത മറ്റൊരു ഞാന്‍ ഓര്‍മകളില്‍ നിന്നും ഓര്‍മകളിലേക്ക് തട്ടാതെ മുട്ടാതെ ഒരു യാത്ര നടത്തിയിരിക്കുന്നു. ഇനി ആ എന്നെ നിങ്ങളുടെ കൂടി ഓര്‍മകളില്‍ നിലനിര്‍ത്തണം. നൂറു കണക്കിന് പുസ്തകങ്ങള്‍ നിറഞ്ഞ പുസ്തകശാല എന്ന അത്ഭുതതോട്ടത്തില്‍ നിന്നും നിങ്ങള്‍ എന്റെ ഈ കഥകളുടെ കൈപ്പാട് കണ്ടെടുക്കുന്നതാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം...

Content Highlights: V. Sureshkumar, Kaippadu, EMSsinte prasamgangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented