ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂറിന്റെ ചരിത്രം വിശദമായി പഠിച്ച ശേഷമാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതിനായി കോടതി ആശ്രയിച്ചത് മലയാളിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്‌റ്റേറ്റ് സെക്രട്ടറിയുമായിരുന്ന വി.പി മേനോന്‍ രചിച്ച പുസ്തകം. 

വി.പി. മേനോന്‍ എഴുതിയ 'സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ദി ഇന്ത്യന്‍ സ്റ്റേറ്റ്സ്' എന്ന പുസ്തകമാണ്. പുസ്തകത്തിലെ 'തിരുവിതാംകൂര്‍- കൊച്ചി' എന്ന അധ്യായമാണ് സുപ്രീംകോടതി വിധിയില്‍ ഉദ്ധരിച്ചിരിക്കുന്നത്. രാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിധിയില്‍ പുസ്തകത്തിന്റെ ഭാഗമങ്ങള്‍ വിശദമായിതന്നെ പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍. വിഭിന്നമായ ഭരണവ്യവസ്ഥകളാല്‍ വൈചിത്ര്യപൂര്‍ണ്ണമായിരുന്നു സ്വാതന്ത്ര്യപൂര്‍വ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്‌കാരത്തനിമകളിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികള്‍ കൂടാതെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചെടുക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.

ഈ അനുഭവങ്ങളാണ് മേനോന്‍ ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. നാട്ടുരാജ്യങ്ങളുമായുള്ള ഉടമ്പടിയില്‍ (കവനന്റ്) ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ഒപ്പുവെച്ചത് വി.പി. മേനോനാണെന്ന കാര്യവും ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ പുസ്തകം എഴുതുന്നതെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ വി.പി മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 26 അധ്യായങ്ങളുള്ള പുസ്തകത്തില്‍ അന്നത്തെ പ്രധാനപ്പെട്ട നാട്ടുരാജ്യങ്ങളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളും തുടര്‍നടപടികളും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. പതിനാലാമത്തെ ഭാഗമായ ട്രാവന്‍കൂര്‍-കൊച്ചിന്‍ എന്ന ഭാഗത്താണ് തിരുവിതാംകൂറിന്റെയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും വിശദാംശങ്ങള്‍ പരാമര്‍ശിക്കുന്നത്.

Content Highlights: Supreme Court judgement on Padmanabhaswamy temple case VP Menon Book