തൊഴില്‍തേടി അലയുന്നതിനു പകരം സ്വന്തമായി തൊഴിലവസരം ഒരുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. എന്നാല്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് പലപ്പോഴും വിലങ്ങുതടിയായി മാറുന്നത് മൂലധനമാണ്. വലിയ പലിശയ്ക്ക് പണം കടമെടുത്ത് പലരും പ്രതിസന്ധിയില്‍ പെടുന്നു.

അതേസമയം, ആറ് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുകയോ പദ്ധതിച്ചെലവിന്റെ 35 ശതമാനം വരെ സബ്സിഡി കിട്ടുകയോ വായ്പ എടുക്കാത്ത സംരംഭത്തിന് 40 ശതമാനം വരെ സബ്സിഡി ലഭിക്കുകയോ ചെയ്താല്‍ ഒട്ടേറെപ്പേര്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങും. മാത്രമല്ല, നിലവിലുള്ള ഒട്ടേറെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍ വഴിയും ഏജന്‍സികള്‍ വഴിയും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനായി ഉപകാരപ്രദമായ ഒട്ടേറെ വായ്പാ പദ്ധതികളും സബ്സിഡികളും കൈത്താങ്ങ് സഹായങ്ങളുമൊക്കെ ലഭ്യമാക്കുന്നുണ്ട്. അവയെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന പുസ്തകമാണ് പ്രമുഖ സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ടി.എസ്. ചന്ദ്രന്‍ എഴുതി 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ചിരിക്കുന്ന 'സ്വയംതൊഴില്‍: സര്‍ക്കാര്‍ സഹായപദ്ധതികള്‍'.

book
പുസ്തകം വാങ്ങാം

ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സബ്സിഡി മുതല്‍ നോര്‍ക്കയുടെ സംരംഭവായ്പ വരെയുള്ള മുപ്പതിലേറെ പദ്ധതികളാണ് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. ഓരോ പദ്ധതിയിലെയും ആനുകൂല്യങ്ങള്‍, യോഗ്യത, അപേക്ഷയ്ക്കായുള്ള നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളുമുണ്ട്.

മാന്ദ്യത്തെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, സ്വയംതൊഴില്‍ രംഗത്തേക്ക് ചുവടുവയ്ക്കാന്‍ പ്രചോദനം നല്‍കും ടി.എസ്. ചന്ദ്രന്റെ ഈ പുസ്തകം.

Content Highlights: startup government funding Malayalam Book deatails TS Chandran