പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാര്‍ക്ക് ശരത്ചന്ദ്ര ചാറ്റര്‍ജിയുടേത്. മനുഷ്യബന്ധങ്ങളുടെ ദുരൂഹമായ സംഘര്‍ഷങ്ങളെ പിന്തുടരുന്നവയാണ് ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ രചനകള്‍. നന്മയും തിന്മയും ഗ്രാമവും നഗരവും തമ്മിലുള്ള സൂക്ഷ്മസംഘര്‍ഷങ്ങളും ഈ കഥകളുടെ ആന്തരികാംശങ്ങളാണ്. ബംഗാളി സാഹിത്യത്തിലെ വലിയൊരു കാലപ്പകര്‍ച്ചയെയാണ് ഈ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്. 

ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ഏറ്റവും ജനപ്രീതി നേടിയ ബംഗാളിനോവലിന്റെ പരിഭാഷയാണ് ചന്ദ്രനാഥന്‍. ഈ നോവലില്‍ ചന്ദ്രനാഥന്റെയും സരയുവിന്റെയും പ്രണയകഥയാണ് പ്രമേയം. ബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ച് ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകള്‍ തകര്‍ത്ത് ആ കമിതാക്കള്‍ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റര്‍ജി. നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇദ്ദേഹം ബംഗാളിലെ ഭഗല്‍പൂരില് 1876 നവംബര്‍ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റര്‍ജിയാണ്.

നിത്യജീവിതദുഃഖങ്ങള്‍ വിശാലമായ ക്യാന്‍വാസില്‍ ആവിഷ്‌കരിച്ചപ്പോള്‍ ശരത്ചന്ദ്രന്‍ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബര്‍മ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയില്‍ കണ്ട വ്യക്തിത്വങ്ങളില്‍ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കഥാപാത്രങ്ങളായി.

പുസ്തകം വാങ്ങാം

Content Highlights: sarat chandra chattopadhyay novel malayalam translation