'എന്നാല്‍, രാത്രി ഏറെ ചെല്ലുന്നതുവരെ അവര്‍ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാന്‍ തുടങ്ങി. വിഭവങ്ങള്‍ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞു കിടന്ന് മയങ്ങി. എസ്‌തേര്‍ മാത്രം അവളുടെ ഇരിപ്പിടത്തില്‍ നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂര്‍ണമാവുകയും ചെയ്തു.
എല്ലാ ശബ്ദങ്ങളും നിലച്ചു.'
-എസ്‌തേര്‍
വര്‍ത്തമാനകാല ജീവിതത്തിന്റെ നെഞ്ചിടിപ്പില്‍ ആത്മ നൊമ്പരത്തോടെ നോക്കികാണുന്ന എഴുത്തുകാരിയാണ് സാറാ ജോസഫ്. ആട്ടിയകറ്റപ്പെട്ട കീഴ് ജാതിക്കാരോടും, സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സ്ത്രീകളോടുമാണ് അവര്‍ക്ക് കാരുണ്യം. ഇതിനു കാരണക്കാരായ അധീശക്തികള്‍ക്കെതിരെയാണ് എഴുത്തുകാരി ദിശാബോധമുളള സര്‍ഗാത്മക രചനകളിലൂടെ കലാപം നടത്തുന്നത്. പുരുഷ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രവുമായി സാറാജോസഫ് നിരന്തരം കലഹിക്കുന്നു. പുരുഷമോധാവിത്വ സമൂഹത്തോടും മതമേധാവിത്വത്തോടും മാനവികതയുടെ സംരക്ഷണത്തിനായി അവര്‍ നിരന്തരം പോരാടുന്നു.

ബൈബിള്‍ പഴയനിയമത്തിലെ നായിക എസ്തേറിന്റെ എഴുതപ്പെട്ട ജീവിതത്തെ പുനര്‍വായിക്കുന്ന നോവലാണ് എസ്‌തേര്‍. മാതൃഭൂമി ഡോട്ട്‌കോമില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ മികച്ച വായന പ്രശംസ നേടിയ നോവലിന്റെ പുസ്തക രൂപം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ മാതൃഭൂമി ബുക്‌സ് വായനക്കാരിലേക്ക് എത്തിക്കുന്നു.
സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Sarah Joseph New Malayalam Novel Esther Mathrubhumi Books