റഷ്യയുടെ ചരിത്രപുരുഷന്‍ മിഖായേല്‍ ഗോര്‍ബച്ചേവിനെതിരായ വധശ്രമം തടഞ്ഞുവെന്ന് ബ്രിട്ടീഷ് സൈനികനായിരുന്ന ടോം ഷോര്‍. റെഡ് ആര്‍മി ഫാക്ഷനിലെ 'ബേഡര്‍ മെയിന്‍ഹോഫ്' എന്ന സംഘമാണ് 1989-ല്‍ ഗോര്‍ബച്ചേവിന വധിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 'പില്‍ഗ്രിം സ്‌പൈ' എന്ന പുതിയ പുസ്തകത്തിലാണ് ടോമിന്റെ വെളിപ്പെടുത്തല്‍.

1989-ല്‍ ആണ് ബ്രിട്ടന്റെ ചാരസംഘടനയായ എസ്.എ.എസിലെ സൈനികനായിരുന്ന ടോമിനെ കിഴക്കന്‍ ജര്‍മനിയിലേക്ക് അയച്ചത്. സോവിയറ്റ് മിലിട്ടറി ഓപ്പറേഷന്‍സിനെ കുറിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിക്കാനാണ് യുണൈറ്റഡ് കിങ്ഡം സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ രഹസ്യാന്വേഷണ വിഭാഗമായ 'സ്‌പെഷ്യല്‍ എയര്‍ സര്‍വീസ്' ടോമിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍, മിലിട്ടറി നീക്കങ്ങളെ കുറിച്ച് ടോമിന് അധികമൊന്നും അറിയാനായില്ല. പക്ഷേ, ലോകംതന്നെ ഞെട്ടിയേക്കാവുന്ന വലിയൊരു വാര്‍ത്തയ്ക്ക് ടോം കാരണമായി. 29 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആ വലിയ വാര്‍ത്ത ടോം പുറത്തുവിട്ടത്.

കിഴക്കന്‍ ജര്‍മനി രൂപവത്കരണത്തിന്റെ 40-ാം വാര്‍ഷികാഘോഷ ചടങ്ങിനിടെയായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. സോവിയറ്റ് യൂണിയന്‍ എന്ന ഒരു വന്‍ രാഷ്ട്രസമൂഹത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയതിലൂടെ ചരിത്ര പുരുഷനായിത്തീര്‍ന്ന മിഖായേല്‍ സര്‍ഗയേവിച്ച് ഗോര്‍ബച്ചേവിനെ മൂന്നുപേരടങ്ങിയ കൊലയാളി സംഘമാണ് ആക്രമിക്കാനെത്തിയത്. എന്നാല്‍, സൈനികനായിരുന്ന ടോം ഷോറെ അപകടം മണത്തു. ബെര്‍ലിനില്‍ വെച്ച് അദ്ദേഹം രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തി. കൊലയാളി സംഘത്തിന്റെ തലവനെ ഗ്രനേഡ് ആക്രമണത്തിലൂടെയും കീഴടക്കി. വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിക്കവെയാണ് ടോമും സംഘവും ഗ്രനേഡ് എറിഞ്ഞ് സംഘത്തലവനെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. ഇക്കാര്യം 'പില്‍ഗ്രിം സ്‌പൈ'യിലൂടെയാണ് ലോകം അറിയേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ, 'ഭാര്യയോടു പോലും പറയാതിരുന്ന രഹസ്യം' എന്ന മുഖവുരയോടെയാണ് ഗോര്‍ബച്ചേവിനെതിരായ വധശ്രമം ടോം പരസ്യമാക്കിയത്. 'ഹോഡര്‍ & സ്റ്റോട്ടണ്‍' ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.