തിരിഞ്ഞൊന്നു നടക്കണം, ഓര്‍മകള്‍ പോകുന്ന വഴിയേ. അവിടെ ചിലപ്പോള്‍ ഇലകളടര്‍ന്ന മരങ്ങളുണ്ടാവും. ഒരുപാട് വളവുകളും തിരിവുകളുമുള്ള പുതിയ വഴികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. നരച്ചുപോയെന്ന് കരുതിയ നിമിഷങ്ങള്‍ക്കുപോലും ചിലപ്പോള്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകും. നിങ്ങള്‍ വരുമെന്നു കരുതി മാത്രം കാത്തിരിക്കുന്ന ഓര്‍മകളുമുണ്ടാകും. ഓര്‍മകളില്‍വെച്ച് ഏറ്റവും കനം കൂടിയവ ഏതാണ്? ഏത് ഓര്‍മയുടെ ചുഴികള്‍ക്കുള്ളിലിരുന്നാണ് നിങ്ങളുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നത്? ഒട്ടും സംശയിക്കേണ്ട, അവിടേക്കൊന്നു പാഞ്ഞുപോകേണ്ടതുണ്ട് നിങ്ങള്‍....
രണ്ടു ശരീരങ്ങളെങ്കിലും ഒന്നിനെക്കാള്‍ ഒന്നായി ജീവിച്ച രണ്ടു പെണ്‍കുട്ടികള്‍ നേരിട്ട അനുഭവങ്ങളുടെ തീപ്പൊള്ളലാണ് പിഗ്മെന്റ്. ഉദാത്ത നായികാസങ്കല്പത്തിന്റെ വര്‍ണക്കളങ്ങള്‍ സ്വന്തം ഉടലുകളാല്‍ മായ്ചുകളഞ്ഞവര്‍. മാനുഷികമായ എല്ലാ പോരായ്മകളുമുള്ള സാധാരണ ക്കാരാവാന്‍ ശ്രമിച്ചുശ്രമിച്ച് പരാജിതരായവര്‍. മത-സാമ്പത്തിക-അധികാര ശക്തികളുടെ താത്പര്യങ്ങളെ മുന്‍നിര്‍ത്തി ജീവിതം സൃഷ്ടിച്ചെടുക്കുവാന്‍ ആഗ്രഹിച്ചെങ്കിലും അതിലൊന്നും ഉള്‍പ്പെടാനാവാതെ അരികുപറ്റിപ്പോയവര്‍. ഒരേ ഹൃദയരക്തമായി ഒഴുകിയിരുന്ന അവരുടെ വഴിപിരിയല്‍ നിമിഷംമുതല്‍ പിഗ്മെന്റിലെ നിറങ്ങളെല്ലാം കടുത്തതായി മാറുന്നു. അതോടെ സദാചാര നാട്യങ്ങളെയെല്ലാം കടപുഴക്കി നീങ്ങുന്ന നിറങ്ങളുടെ കുത്തൊഴുക്കായി നോവല്‍ സ്വയം മാറുന്നു.
ഷബ്‌ന മറിയത്തിന്റെ ആദ്യ നോവല്‍
പുസ്തകത്തെ കുറിച്ച് എഴുത്തുകാരിയുടെ വാക്കുകള്‍
പിഗ്മെന്റിനെ കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ പറയുക ' Scattered Images ' എന്നായിരിക്കും. ഒരു പനിക്കോളിന്റെ ഉഷ്ണത്തിലും ശൂന്യതയില്യം മാത്രം തുടങ്ങാവുന്ന, അതിന്റെ പാരമ്യതയില്‍ മുഷിഞ്ഞ വിയര്‍പ്പില്‍ മാത്രം നിര്‍ത്താവുന്ന ചില എഴുത്തുകളുണ്ടല്ലോ നമ്മുടെയെല്ലാം ജീവിതത്തില്‍. എനിക്കിത് അത്തരമൊരു എഴുത്താണ്.

മണ്ണിന്റെ, നിറങ്ങളുടെ, രണ്ട് പെണ്ണുങ്ങളുടെ കഥയാണിത്. മനുഷ്യരും മരച്ചില്ലകളും പൂക്കളും കയങ്ങളും തുടങ്ങി നിറങ്ങളുടെയും രേഖകളുടെയും വ്യത്യസ്ത ക്രമങ്ങള്‍. കൂടാതെ തീ കാഞ്ഞ മണ്‍കട്ടകളുടെ മണമുണ്ട്, മകരക്കൊയ്ത്തുണ്ട്, കളിമേളങ്ങള്‍ക്കിടയിലെ ഒളിത്താവളങ്ങളുണ്ട്. സര്‍വോപരി രണ്ട് പാവം നായികമാരുണ്ട്. രണ്ടെന്ന് തോന്നുമെങ്കിലും ഒന്നിനേക്കാള്‍ ഒന്നായവര്‍
എട്ട് വര്‍ഷം മുമ്പുണ്ടായ ഒരാന്തല്‍...
പുറത്തേക്ക് പരക്കുന്നതിന് മുമ്പ് ഇതെന്റെ മനസ്സിലും ആത്മാവിലും പരന്ന് നിറഞ്ഞിരുന്നു..
Content Highlights: Pigment Malayalam Novel By Shabna Mariyam