'ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാന്‍ പ്രസിദ്ധനാവും, അല്ലെങ്കില്‍ കുപ്രസിദ്ധന്‍'.

ദി പിക്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേ, എ വുമന്‍ ഓഫ് നോ ഇംപോര്‍ട്ടന്‍സ്, സലോമി, ഹാപ്പി പ്രിന്‍സ്, ദ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏണസ്റ്റ് എന്നീ കൃതികളെഴുതി പ്രശസ്തനായിരുന്ന കാലത്താണ് ഓസ്‌കാര്‍ വൈല്‍ഡിനെ ജയില്‍ശിക്ഷയിലേക്ക് നയിച്ച സംഭവങ്ങളുണ്ടാകുന്നത്. രണ്ടുവര്‍ഷത്തെ കഠിന തടവിനിടയില്‍ ജയില്‍ക്കടലാസുകളില്‍ കുറിച്ചിട്ട കുമ്പസാരക്കുറിപ്പുകളാണ് ഈ പുസ്തകം. സമൂഹത്തിന്റെ അപമാനങ്ങള്‍ ഏറ്റുവാങ്ങിയാണ് മരിച്ചതെങ്കിലും ലൈംഗികവും കലാപരവുമായ സ്വാതന്ത്ര്യവാദത്തിന്റെ രക്തസാക്ഷിയായി വിശ്വസാഹിത്യത്തില്‍ എന്നും വൈല്‍ഡ് വാഴ്ത്തപ്പെടുന്നു.

ജയിലില്‍വെച്ച് ഓസ്‌കാര്‍ വൈല്‍ഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരമാണ് ഈ പുസ്തകം. ശരത്കുമാര്‍ ജി.എല്‍ ആണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌കാര്‍ വൈല്‍ഡിന്റെ ജയില്‍ ജീവിതം

ഡബ്‌ളിനിലെ ട്രിനിറ്റി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്തുതന്നെ കവിതകളെഴുതി സെലിബ്രിറ്റിയായി മാറിയ ഓസ്‌കര്‍ വൈല്‍ഡ് പിന്നീട് ഓക്‌സ്ഫഡില്‍ തന്റെ പഠനം തുടരുകയും 1890 കളുടെ തുടക്കത്തില്‍ ലണ്ടനില്‍ ഏറ്റവും പ്രശസ്തരായ നാടകകൃത്തുക്കളില്‍ ഒരാളായി മാറുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ഏറെ പ്രശസ്തമാക്കിയ നാടകങ്ങളിലൊന്നായിരുന്നു ദ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിംഗ് ഏണസ്റ്റ്. ദ പിക്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേ എന്ന പ്രശസ്തമായ നോവലും അദ്ദേഹത്തിന്റെതാണ്.

കലയിലെയും സാഹിത്യത്തിലെയും സൗന്ദര്യങ്ങളെ വിശകലനം ചെയ്യുന്ന പ്രസ്ഥാനമായ ഈസ്തറ്റിക് മൂവ്‌മെന്‍ഡ് വൈല്‍ഡിന്റെ കൂടി സംഭാവനയാണ്. അക്കാലത്തെ വിക്ടോറിയന്‍ ഫാഷനായ വര്‍ണാഭമായ വെല്‍വെറ്റ് വസ്ത്രങ്ങളും നീണ്ടമുടിയുമൊക്കെ അദ്ദേഹത്തിന്റെ ചാരുതയായിരുന്നു.

സ്വവര്‍ഗാനുരാഗിയായ വൈല്‍ഡ് അക്കാര്യം വളരെ രഹസ്യമായി ആയിരുന്നു സൂക്ഷിച്ചിരുന്നത്. സ്വവര്‍ഗരതി വിക്ടോറിയന്‍ ഇംഗ്‌ളണ്ട് പാപമായി കണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിന് ഒരു ബ്രിട്ടീഷ് യുവപ്രഭുവുമായി ഉണ്ടായിരുന്ന രഹസ്യബന്ധം നാട്ടില്‍ പാട്ടാവുന്നത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്നു വൈല്‍ഡ്. 1891-ലാണ് തന്റെ പതിനാറ് വയസിനിളപ്പമുള്ള ആല്‍ഫ്രഡ് ഡഗ്‌ളാസ് പ്രഭുവുമായി ബന്ധത്തിലാവുന്നത്. യുവകവിയും ധനികനുമായിരുന്ന ഡഗ്‌ളാസുമായുള്ള ബന്ധം കണ്ടുപിടിച്ചത് ക്വീന്‍സ്ബറിയുടെ അധിപനായിരുന്ന യുവകവിയുടെ പിതാവ് തന്നെയായിരുന്നു. സ്വവര്‍ഗരതി ഒരു ക്രമിനല്‍ കുറ്റമായി 1960 വരെ ബ്രിട്ടനില്‍ നിലനിന്നിരുന്നതിനാല്‍ വൈല്‍ഡ് ഒരു കുറ്റവാളിയായി മാറി. വൈല്‍ഡിന്റെ ലൈംഗികതയെക്കുറിച്ചറിയാവുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഫ്രാന്‍സിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഫ്രഞ്ച് വിപ്‌ളവത്തിന് ശേഷം ഫ്രാന്‍സില്‍ സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയിരുന്നു. മര്‍ക്കേസിന്റെ നടപടിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ വൈല്‍ഡും തീരുമാനിച്ചു.

ഇംഗ്‌ളണ്ടിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടന്നത്. വൈല്‍ഡിനെ സംബന്ധിച്ചിടത്തോളം വിചാരണ വളരെ മോശമായിരുന്നു. ക്വീന്‍സ്ബറിയുടെ അധിപന്‍ ആരോപിച്ച ഹോമോസെക്ഷ്വാലിറ്റിയെ നിഷേധിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അത് കൊണ്ടുതന്നെ മാനനഷ്ടത്തിന് സ്‌കോപ്പില്ലാതായി. പ്രഭുവിന്റെ വാദത്തെ സാധൂകരിക്കാനായി പന്ത്രണ്ട് യുവാക്കളെയാണ് കോടതി വിസ്തരിച്ചത്. വൈല്‍ഡിന്റെ വിവാദ നോവലായ ദ പിക്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേയുടെ പ്രമേയത്തെയും കോടതി ചോദ്യം ചെയ്തു. ആല്‍ഫ്രഡ് പ്രഭുവിന്റെ സ്വവര്‍ഗരതിചോദന ഉണര്‍ത്തുന്നതിനായി ആ നോവലിനെ വൈല്‍ഡ് ദുരുപയോഗം ചെയ്തു എന്നാണ് കോടതി കണ്ടെത്തിയത്. പ്രസ്തുതനോവലില്‍ വൃദ്ധനായ ചിത്രകാരന്‍ ഒരു യുവാവിന്റെ അതിമനോഹരമായ ചിത്രം വരച്ച് അയാളെ തന്നോടാകര്‍ഷിപ്പിക്കുന്ന ഒരു വിവരണമുണ്ടായിരുന്നു. തെളിവായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് നോവലിലെ ഈ ഭാഗവും!

വൈല്‍ഡിന്റെ വാദത്തില്‍ കളങ്കമുണ്ടെന്ന് കണ്ടെത്തിയ കോടതി മതിയായ തെളിവുകളോടെ അദ്ദേഹത്തെ അസാന്മാര്‍ഗിക ജീവിത്തതിന് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികബന്ധം 1885-ലെ ബ്രിട്ടന്‍ ക്രിമിനല്‍ നിയമഭേദഗതിപ്രകാരം ഗ്രോസ് ഇന്‍ഡീസന്‍സിയായി പ്രഖ്യാപിച്ചിരുന്നു(സ്ത്രീകള്‍ക്കിത് ബാധകമല്ലായിരുന്നു!)

Oscar Wilde
പുസ്തകം വാങ്ങാം

1895 മെയ് ഇരുപത്തിയഞ്ചിന് വൈല്‍ഡ് തടവിലാക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ അവസാനത്തെ മൂന്നുവര്‍ഷമുമ്പ് അദ്ദേഹം ഫ്രാന്‍സിലേക്ക് പലായനം ചെയ്തു. റീഡിംഗ് ഗയോളിലെ ഗീതങ്ങള്‍(The Balald in Reading Gaol) എന്ന അവസാന കൃതിയുടെ പ്രമേയം ആദ്ദേഹത്തിന്റെ ജയിലനുഭവങ്ങളായിരുന്നു. 1900 നവംബര്‍ മുപ്പതിനാണ് തന്റെ നാല്പത്തിയാറാം വയസ്സില്‍ ഓസ്‌കര്‍ വൈല്‍ഡ് അന്തരിക്കുന്നത്. മൃതദേഹം സംസ്‌കരിച്ചത് ഇംഗ്‌ളണ്ടിനേക്കാള്‍ മുന്നേ ലൈംഗികതയെ നിര്‍വചിച്ച ഫ്രാന്‍സില്‍ത്തന്നെയായിരുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Oscar Wilde Imprisonment and Sentencing