നിക്കോസ് കസാന്‍ദ്‌സാകീസിന്റെ 'ബുദ്ധന്‍' എന്ന ക്ലാസിക്ക് കൃതിയുടെ മലയാള വിവര്‍ത്തനം. ഈ കൃതിയ്ക്കുമുമ്പ് വിരക്തി പൂണ്ട പൗരസ്ത്യദേശവും ഈശ്വര ചിന്ത നിറംപിടിപ്പിച്ച പാശ്ചാത്യദേശവും മറ്റൊരു കൃതിയിലും ഇത്തരത്തില്‍ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ലഹരി ലോകത്തെയാകമാനം ചുറ്റിയുള്ളതാണ്, അത് ചിലപ്പോഴൊക്കെ തീക്ഷ്ണവും സംയമിതവും ആയിരുന്നു, മറ്റു ചിലപ്പോള്‍ സമര്‍പ്പിതവും സമ്പൂര്‍ണ്ണമായി ലയിച്ചുകൊണ്ടുള്ളതുമായിരുന്നു. 

താപസരും ഏകാന്തവാസികളും, സ്പാര്‍ട്ടന്‍ അച്ചടക്കവും, ഉയര്‍ന്ന വിഷമാനുഭവങ്ങളും അദ്ദേഹത്ത ആകര്‍ഷിച്ചുവെങ്കിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ച വിവേചനബുദ്ധി ആത്യന്തികമായി ഇവയില്‍നിന്നും വിട്ടുനില്‍ക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'ബുദ്ധന്‍' എന്ന കൃതിയില്‍ സംഭവിക്കുന്ന ഈ സാമീപ്യം ട്രാജഡിയോടും ആത്മീയതയോടും കസാന്‍ദ് സാകീസിനുണ്ടായിരുന്ന അസാധാരണമായ ആഭിമുഖ്യം ഒന്നുകൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ലോകക്ലാസിക്കുകളില്‍ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു.

നിക്കോസ് കസാന്‍ദ്‌സാകീസ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരന്‍. കവി, നോവലിസ്റ്റ്, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1883 ഫിബ്രവരി 18ന് ക്രീറ്റ് ദ്വീപിലെ ഹെറാക്ലിയോനില്‍ ജനിച്ചു. നോവലുകള്‍, കവിതകള്‍, പദ്യനാടകങ്ങള്‍, യാത്രാവിവരണങ്ങള്‍, തത്ത്വചിന്താധിഷ്ഠിതമായ രചനകള്‍ തുടങ്ങി ഇരുപതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലുകളില്‍ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെട്ടു, സോര്‍ബാ ദ ഗ്രീക്ക് എന്നിവ ചലച്ചിത്രങ്ങളായി. ആത്മാവും ശരീരവും തമ്മിലുള്ള നിതാന്ത പോരാട്ടത്തിന്റെ കഥ പറയുന്ന നോവലാണ് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം. ധീരനും പരുക്കന്‍ പ്രകൃതക്കാരനുമായിരുന്നു സക്കീസിന്റെ പിതാവ് കേപ്റ്റന്‍ മൈക്കിള്‍. പുരോഹിതരെ വെറുത്തിരുന്ന അദ്ദേഹം ആദരണീയനായൊരു വ്യക്തിയായിരുന്നു. 'പുണ്യവതിയായ സ്ത്രീ' എന്നാണ് സ്വന്തം മാതാവിനെ സാക്കീസ് തന്റെ ആത്മകഥാപരമായ `Report to Greco' വില്‍ വിശേഷിപ്പിക്കുന്നത്. നേക്സോസിലും ക്രീറ്റിലുമായി പ്രാഥമികവിദ്യാഭ്യാസം. ഏതന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം. അഞ്ച് ആധുനിക ഭാഷകളില്‍ പാണ്ഡിത്യം. കൂടാതെ ലാറ്റിനും ആധുനികവും പ്രാചീനവുമായ ഗ്രീക്കുഭാഷയും സാക്കീസിനു വശമായിരുന്നു. പല കാലഘട്ടങ്ങളിലായി പലസ്തീന്‍, ഈജിപ്ത്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. രണ്ടു വര്‍ഷക്കാലം സോവിയറ്റു റഷ്യയില്‍ ചെലവഴിച്ചു. 

ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ക്ഷണം നെഹ്റുവില്‍ നിന്നുണ്ടായെങ്കിലും വേണ്ടെന്നുവെച്ചു. 1919ല്‍ സാമൂഹികക്ഷേമവകുപ്പില്‍ ഡയറക്ടര്‍ ജനറലായി നിയമിതനായി. ജര്‍മ്മനിയും ഇറ്റലിയും ഗ്രീസില്‍ അധിനിവേശിച്ച കാലത്ത് ഏജീനാ ദ്വീപില്‍ സക്കീസ് പട്ടിണിയില്‍ കഴിഞ്ഞിട്ടുണ്ട്. '46ല്‍ കുറച്ചുകാലം അദ്ദേഹം ദേശീയ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. '47ല്‍ ക്ലാസ്സിക്കുകളുടെ പരിഭാഷാ ഡയറക്ടറായി യുനെസ്‌കോവില്‍ നിയമിതനായെങ്കിലും, സാഹിത്യ രചനയ്ക്കുവേണ്ടി ഒരു വര്‍ഷത്തിനുശേഷം ആ ജോലി ഉപേക്ഷിച്ചു. പിന്നീട് ഗ്രീസിലെ പ്രാചീനനഗരമായ ആന്റിബെസില്‍ (Antibes) വാസമുറപ്പിച്ചു. 1911ല്‍ ആദ്യവിവാഹം. ഭാര്യ ഗലേറ്റിയ (Galatea Alexiou), വിവാഹബന്ധം വേര്‍പെടുത്തി 1945ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ ഹെലന്‍(Helen Samiou). സക്കീസിന് കുട്ടികളില്ലായിരുന്നു. അവസാനകാലത്ത് സാക്കീസിന് രക്താര്‍ബുദം പിടിപെട്ടു.('53 മുതല്‍ അതു പ്രകടമായി). തന്റെ ചൈനാ സന്ദര്‍ശനമവസാനിപ്പിച്ച് ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കവേ, കാന്റണില്‍ വെച്ചു നല്‍കപ്പെട്ട സ്മോള്‍ പോക്സ് ഇന്‍ജെക്ഷനെ തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷന്‍ ഗുരുതരമായി. കോപ്പന്‍ഹാമിലുള്ള ആശുപത്രിയിലും തുടര്‍ന്ന് ജര്‍മ്മനിയിലെ ഫ്രൈബര്‍ഗ്ഗിലുള്ള യൂനിവേഴ്സിറ്റി ക്ലിനിക്കിലും പ്രവേശിപ്പിച്ചു. എങ്കിലും ആ കുത്തിവെപ്പ് മരണഹേതുവായി.

kazantzakis
പുസ്തകം വാങ്ങാം

സാക്കീസിന്റെ അവസാനകാലദിനങ്ങള്‍ ഹൃദയാഹ്ലാദപരമാക്കിയ ഒരു സന്ദര്‍ശനമുണ്ടായി ഷൈ്വറ്റ്സര്‍ ആയിരുന്നു ആ സന്ദര്‍ശകന്‍. സാക്കീസ് അത്യധികം ആദരിച്ചിരുന്ന വ്യക്തി. തന്നെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിച്ച ആല്‍ബെര്‍ട്ട് ഷൈ്വറ്റ്സര്‍. (തുടര്‍ച്ചയായി നോബല്‍ സമ്മാനത്തിന് സക്കീസിന്റെ പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. '52ല്‍ അതദ്ദേഹത്തിന് നഷ്ടപ്പെട്ടത് കേവലം ഒരൊറ്റ വോട്ടിനായിരുന്നു.) 1957 ഒക്ടോബര്‍ 26ന് ജര്‍മ്മനിയിലെ ഫ്രൈബര്‍ഗ്ഗില്‍ അന്തരിച്ചു. മൃതദേഹം ജന്മനാടായ ഹെറാക്ലിയോനില്‍ ദേശീയവിലാപാചാരത്തോടെ സംസ്‌കരിച്ചു. സക്കീസിന്റെ കല്ലറയില്‍ കൊത്തിവെച്ചിരിക്കുന്നതിങ്ങനെ:'ഒന്നിനെയും ഞാന്‍ പ്രതീക്ഷിച്ചതില്ല, ഒന്നിനെയും ഞാന്‍ ഭയപ്പെട്ടതുമില്ല, ഞാന്‍ സ്വതന്ത്രനാകുന്നു."

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Nikos Kazantzakis Book Buddha Malayalam translation