മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജിസ ജോസിന്റെ മുദ്രിത എന്ന നോവലിനെ കുറിച്ച് എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
'ജിസ ടീച്ചറല്ലേ ?'
'അതെ. നിങ്ങള്‍ ?'
'ജിസാ ജോസ് ?'
'അതാണ് മുഴുവന്‍ പേര്.'
'എഴുത്തുകാരിയുമാണല്ലേ?'
'എഴുതാറുണ്ട്.'
'ഡിറ്റക്ടിവ് നോവലും?'
'ഈയ്യിടെ ആദ്യ നോവലുമെഴുതി. ഡിറ്റക്ടിവ് നോവലാണോ എന്നറിയില്ല.'
'ആരാണ് നിങ്ങള്‍? പോലിസുകാരി?'
'നിങ്ങളിലെ ഡിറ്റക്ടിവത് തിരിച്ചറിഞ്ഞു, അല്ലേ? പോലിസുകാരി തന്നെ. വൈകാതെ നിങ്ങളുടെ സഹപ്രവര്‍ത്തകയായെത്തിയേക്കും.'
'കോളേജുകളില്‍ പോലിസ് വേക്കന്‍സിയില്ലല്ലോ.'
ഹ ഹ ഹ
'പക്ഷെ ഔട്ട്‌പോസ്റ്റ് വേണ്ടി വരാറുണ്ടല്ലോ ചിലപ്പോള്‍.'
'ഞാന്‍ അസി.പ്രൊഫസര്‍മാരുടെ പി.എസ്.സി ലിസ്റ്റിലുണ്ട്. നിങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ തന്നെ വൈകാതെ എത്തിയേക്കും.'
'വേക്കന്‍സി അന്വേഷിക്കാന്‍ വന്നതാണല്ലേ ?'
'അല്ലല്ലോ. ഒരു മിസിങ് കേസന്വേഷിച്ചു വന്നതാണ്. നിങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ അവസരം
ഉണ്ടാക്കാതിരുന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം.'
'എന്തിന്, നോവലെഴുതിയതിനോ?'
'അത് വായനക്കാര്‍ തീരുമാനിച്ചോളും, വൈകാതെ.'
'എനിക്കറിയേണ്ടത് മുദ്രിതയെ, ആ ഹാന്റികാപ്പ്ഡ് മധ്യവയസ്‌കയെ നിങ്ങളെന്ത് ചെയ്‌തെന്നാണ്. കൊന്നുകളഞ്ഞോ അതോ എവിടേലും ഒളിപ്പിച്ചിരിക്കയാണോ ?'
'അതെന്റെ കഥാപാത്രമാണ് .
നോവലിലെ നായിക.'
'ഇല്ലാത്ത ഒരു ടൂര്‍ ഓപ്പറേറ്റിങ് കമ്പനി, നടക്കാനിടയില്ലാത്ത ഒരു യാത്ര. പത്ത് സ്ത്രീകള്‍ മാത്രമുള്ളത്. അതും ടൂറിസ്റ്റുകള്‍ക്ക് ഒട്ടും താല്പര്യമുണ്ടാവാനിടയില്ലാത്ത ഒറീസയിലെ കുഗ്രാമങ്ങളിലേക്ക്. പത്താമത്തെയാള്‍ എവ്‌ടെ?'
'പത്തുപേരും ചരിത്രത്തിനു പുറത്തുള്ള സാധാരണ സ്ത്രീകള്‍. സ്വയം നഷ്ടപ്പെട്ടവര്‍. ആരും തിരഞ്ഞെത്താനില്ലാത്തവര്‍.'
'ഒമ്പത് പേരും ഓക്കെ. അവരുടെ സ്വന്തം ജീവിതത്തിലെ ഗാഢമായ സ്വയം വിനിമയങ്ങള്‍ ഒരെഴുത്തുകാരിക്കു മാത്രം സാധ്യമാവുന്ന വിധം നിങ്ങള്‍ പറഞ്ഞ് ഫലിപ്പിച്ചിരിക്കുന്നു. നന്ദി .
ടൂര്‍ ഓപ്പറേറ്ററുടെ ഡയറിയിലൂടെ, അന്വേഷണ ഉദ്യോഗസ്ഥ തയ്യാറാക്കുന്ന കുറിപ്പുകളിലൂടെ...'
'നിങ്ങള്‍ക്കെന്താണറിയേണ്ടത് ?'
'ആ ടൂറിന്റെ സംഘാടകയെ നിങ്ങള്‍ എവിടെ കൊണ്ടൊളിപ്പിച്ചിരിക്കുന്നു? ഞങ്ങള്‍ക്കീ ഫയല്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.'
'മറ്റുള്ളവരുടെ അനുഭവങ്ങള്‍ എത്ര കിട്ടിയാലും പോര, ഇനീം ഇനീം എന്നാഗ്രഹിക്കുന്ന ഒരാള്‍ എന്നിലുണ്ട്. അവളെ ഞാന്‍ പരമാവധി ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു മാത്രം. പക്ഷെ ...'
'നിങ്ങള്‍ക്കു പറ്റിയ പണിയല്ല അധ്യാപികയുടേത്.'
'ജോലികള്‍ നമുക്ക് പരസ്പരം
വെച്ചു മാറിയാലോ?''
'ഹ ഹ ഹ ...'
മാതൃഭൂമിയാണ് നോവലിന്റെ പ്രസാധകര്‍. 2021 ലെ ഗൗരവമുള്ള ആദ്യ വായനക്ക് നന്ദി.
നോവല്‍ അവസാനിക്കുന്നതിങ്ങനെ: ചെറിയൊരു കുട്ടി ഉച്ചനേരത്ത് കത്തിച്ച വിളക്കുമായി വഴിയിലൂടെ നടക്കുന്നതു കണ്ട് ഒരു പണ്ഡിതന്‍ വിളിച്ചു ചോദിച്ചു: എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത്? ഉടനെ കുട്ടി വിളക്ക് ഊതിക്കെടുത്തിയിട്ട് ചോദിച്ചു: ഇപ്പോള്‍ എവിടെക്കാണ് വെളിച്ചം പോയത്?
പണ്ഡിതന് ഉത്തരം മുട്ടി.
Content Highlights: Mudritha Malayalam Novel By Jisa Jose