മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്റെ കൃതികള്‍. മലയാളി അതിന് മുന്‍പ് ശീലിച്ചിട്ടില്ലാത്ത അപൂര്‍വമായ വായനാനുഭവമായിരുന്നു ആ കൃതികള്‍ സമ്മാനിച്ചത്. മയ്യഴിയിലെ ദാസനും ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ രമേശനും അല്‍ഫോന്‍സച്ചനും ഡല്‍ഹിയിലെ അരവിന്ദനുമെല്ലാം വ്യാപകമായ അര്‍ത്ഥ തലങ്ങളാല്‍ വായിക്കപ്പെട്ടവും വശീകരിക്കപ്പെട്ടവയുമാണ്. അതുതന്നെയാണ് മുകുന്ദനെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളാക്കി മാറ്റുന്നതും.

റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം വലുതാണ്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് മുകുന്ദന്‍ ശ്രദ്ധേയനായത്. ഒപ്പം അസ്തിത്വവാദപരമായ ആഖ്യാനശൈലി മലയാളിക്ക് മുന്‍പരിചയമില്ലാത്ത വായനാനുഭവം നല്‍കി.

1942 സെപ്തംബര്‍ 10 ന് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മാഹി(മയ്യഴി)യിലാണ് മുകുന്ദന്റെ ജനനം. 1961 ല്‍ ആദ്യ കഥ പുറത്തുവന്നു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലാണ് മുകുന്ദന്റെ ഏറ്റവും ശ്രദ്ധയമായ രചനയായി അറിയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ആദിത്യനും രാധയും മറ്റുചിലരും, ആവിലായിലെ സൂര്യോദയം, ആകാശത്തിന് ചുവട്ടില്‍, കിളിവന്നു വിളിച്ചപ്പോള്‍, ഒരു ദളിത് യുവതിയുടെ കദനകഥ, ഈ ലോകം ഇതിലൊരു മനുഷ്യന്‍, സീത, കേശവന്റെ വിലാപങ്ങള്‍, നൃത്തം, പ്രവാസം തുടങ്ങിവയാണ് നോവലുകള്‍. വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, അഞ്ചര വയസ്സുള്ള കുട്ടി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, തേവിടിശ്ശിക്കിളി, കള്ളനും പോലീസും, കണ്ണാടിയുടെ കാഴ്ച്ച, മുകുന്ദന്റെ കാഴ്ച്ച, റഷ്യ, പാവാടയും ബിക്കിനിയും, നഗരവും സ്ത്രീയും, എന്റെ രാവും പകലും തുടങ്ങി നിരവധി കഥകള്‍ മുകുന്ദന്റേതായി വ്യാപകമായി വായിക്കപ്പെട്ടവയാണ്. എന്താണ് ആധുനികത എന്ന പഠനസമാഹാരവും അദ്ദേഹം എഴുതി.

അമേരിക്കയിലെ മിഷിഗന്‍ യൂണിവേഴ്സിറ്റി പ്രസ് ദ് ട്രെയിന്‍ ദാറ്റ് ഹാഡ് വിങ്സ് ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്ന ശീര്‍ഷകത്തില്‍ കഥകളുടെ ഒരു ആന്തോളജി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ വികൃതികള്‍ സിനിമയായി. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സ്റ്റേറ്റ് അവാര്‍ഡ് ഈ ചിത്രത്തിനു ലഭിച്ചു. മലയാളത്തിനകത്തും പുറത്തുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ എം. മുകുന്ദനെ തേടിയെത്തി.
എം മുകുന്ദന്റെ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം
Content Highlights: M Mukundan Books special offer Mathrubhumi Books