'1928ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്റെ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേ അധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. 

മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതു വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.' ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന് പുസ്തകത്തെക്കുറിച്ച് അതിന്റെ ആമുഖത്തില്‍ ജവഹര്‍ലാല്‍ നെഹ്റു കുറിച്ച വരികളാണിവ. 

ഇന്ദിരാ ഗാന്ധി മസ്സൂറിയില്‍ താമസിക്കുമ്പോള്‍ നെഹ്‌റു അയച്ച കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകമാക്കപ്പെട്ടത്. അച്ഛന്‍ മകളുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് എഴുതിയ കത്തുകളായിരുന്നില്ല അവ. പകരം,  ഈ കത്തുകളില്‍ തന്റെ മകള്‍ ലോകത്തെ അറിഞ്ഞ് വളരാനുള്ളതെല്ലാം അദ്ദേഹം കുറിച്ചിരുന്നു. ഭൂമിയുടെ ഉത്ഭവം, മനുഷ്യന്റെ പരിണാമം, പ്രകൃതിയുടെ വൈവിധ്യം, ആദ്യമുണ്ടായ ജീവികള്‍, മൃഗങ്ങളുടെയും മനുഷ്യരുടെ ആവിര്‍ഭാവം, മനുഷ്യരിലെ വിവിധ വര്‍ഗങ്ങള്‍, ഭാഷകള്‍, ചരിത്രം, സംസ്‌കാരം, മതം, ആര്യന്‍മാരുടെ കുടിയേറ്റം, രാമായണവും മഹാഭാരതവും എന്നിങ്ങനെ എല്ലാം മകള്‍ക്കായി അദ്ദേഹം ലളിതമായി എഴുതി.

nehru
പുസ്തകം വാങ്ങാം

വൈവിധ വിഷയങ്ങളിലേയ്ക്ക് തുറന്നിട്ട ജാലകങ്ങളാണ് ഇതിലെ ഓരോ കത്തുകളും. നെഹ്റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് അറിയുവാന്‍ ഈ കത്തുകള്‍ നമ്മെ സഹായിക്കും. ഈ കത്തുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരും. പത്തുവയസുകാരിയായ മകള്‍ക്ക് അച്ഛനെഴുതിയ ഈ കത്തുകള്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രകാശം ചൊരിയുന്ന വഴിവിളക്കുകളാണ്. പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് അമ്പാടി ഇക്കാവമ്മയാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: letters from a father to his daughter  by Jawaharlal Nehru