കോടിക്കണക്കിനു ഡോളര്‍ മുടക്കി പരസ്യം ചെയ്താല്‍ കിട്ടുന്നതിലും വലിയ പേരാണു രവീന്ദ്രനാഥ ടാഗോറിന്റെ കാബൂളിവാല എന്ന കഥയിലൂടെ അഫ്ഗാനിസ്ഥാനു ലഭിച്ചതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗനി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. കാബൂളില്‍ നിന്നുള്ള ഒരു കച്ചവടക്കാരനെ ഇന്ത്യന്‍ ഹൃദയങ്ങളില്‍ പ്രതിഷ്ടിക്കുകയായിരുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ചെറു കൃതി. രവീന്ദ്രനാഥ ടാഗോറിന്റെ അപൂര്‍വ്വ സുന്ദരമായ രചനകളില്‍ ഒന്നാണ് കാബൂളിവാല.

നാട്ടിലുണ്ടായ കടം വീട്ടുന്നതിനായി ഇന്ത്യയില്‍ കച്ചവടത്തിനെത്തുന്ന ഒരു അഫ്ഗാന്‍കാരനും മിനി എന്ന കൊച്ചുപെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കാബൂളിവാലയിലൂടെ ടാഗോര്‍ പറയുന്നത്. കാബൂളിവാലാ... കാബൂളിവാലാ...എന്ന മിനിയുടെ വിളികേട്ടാണ് തലയില്‍ കെട്ടും ചുമലില്‍ ഒരു ചാക്കും അഴുക്കുപിടിച്ച വസ്ത്രങ്ങളുമായി അയാള്‍ മിനിയുടെ വീട്ടിലേയ്ക്കും ജീവിതത്തിലേക്കും കടന്നു വന്നത്. അയാള്‍ അടുത്തെത്തിയപ്പോള്‍ അവള്‍ പേടിച്ച് അച്ഛന് പിന്നില്‍ ഒളിച്ചെങ്കിലും അവര്‍ തമ്മില്‍ പിന്നീടും പലവട്ടം കണ്ടുമുട്ടി. ഉറ്റ സുഹൃത്തുക്കളായി. 

പിന്നീടൊരിക്കല്‍ ഒരാളെ കുത്തിയ കുറ്റത്തിന് പോലീസ് അയാളെ അറസ്റ്റ് ചെയ്തു. വലികൂടിയ രാംപുരി ഷാള്‍ കടമായി നല്‍കുകയും പിന്നീട് പണം ചോദിച്ചപ്പോള്‍ നല്‍കാത്തതുമാണ് കാബൂളിവാലയെ പ്രകോപിപ്പിച്ചത്. അമ്മായി അച്ഛന്റെ വീട്ടിലേയ്ക്ക് പോകുകയാണോ എന്ന മിനിയുടെ ചോദ്യത്തിന് 'അതേ മോളേ, ഞാനങ്ങോട്ടു തന്നെയാണിപ്പോള്‍' പോകുന്നത് എന്ന് മറുപടി പറഞ്ഞ് പോയ കാബൂളിവാല മെല്ലെ മെല്ലെ അവരുടെ ഓര്‍മയില്‍ നിന്ന് മറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാള്‍ മിനിയെ കാണാന്‍ വീണ്ടുമെത്തുന്നത്. 

കാബൂളിവാല എന്ന ചെറിയ കഥ ടാഗോറിന്റെ ദര്‍ശനങ്ങളുടെ കൂടി കഥയാണ്. സ്നേഹത്തിനും സൗഹൃദത്തിനും പ്രായത്തിന്റെയോ ദേശത്തിന്റെയോ വ്യത്യാസങ്ങളുടെ അതിര്‍വരമ്പുകളില്ലെന്ന് അദ്ദേഹം കാട്ടിത്തരുന്നു. ഒപ്പം വ്യാപാരമെന്നത് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളപ്പെടുത്തല്‍കൂടിയാണെന്നും  സ്ഥാപിക്കുകയാണ് ടാഗോര്‍ കാബൂളിവാലയിലൂടെ.  

ഉദാത്തമായ മാനവികതയുടെയും സ്നേഹവും പ്രതിഫലിപ്പിക്കുന്ന ഈ കഥ ടാഗോറിന്റെ രചനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. തനൂജ എസ്. ഭട്ടതിരിയാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കബിതാ മുഖോപാധ്യായയുടെതാണ് പുസ്തകത്തിലെ വരകള്‍.

ടാഗോര്‍ കൃതികള്‍ വാങ്ങാം

Content Highlighgts: Kabuliwala by Rabindranath Tagore