ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അര്‍ഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളില്‍ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത.

പാരിസ്ഥിതികഭവിഷ്യത്തുകളും സര്‍വനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാന്‍ ലാളിത്യമാര്‍ന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം. നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം.

കെ ജയകുമാര്‍

പ്രശസ്ത ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ 6-ന് തിരുവനന്തപുരത്ത് ജനനം. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1978-ല്‍ ഐ.എ.എസ്. നേടി.

കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,  കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരളസംസ്ഥാനചീഫ് സെക്രട്ടറി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ നിര്‍വഹിച്ചു.

വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു. 80-ലധികം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ചിത്രകാരന്‍ കൂടിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: K Jayakumar New Malayalam Book Mathrubhumi Books