മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജിസ ജോസിന്റെ മുദ്രിത എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരി പ്രിയ എ.എസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

'ജിസയുടെ മുദ്രിത വായിച്ചു താഴെ വച്ചതേയുള്ളു.
വേറെ വേറെ കഥകള്‍ പറയുന്ന കുറേ സ്ത്രീകള്‍ ഒറ്റക്കഥയായിത്തീരുന്നു.
തകര്‍ന്നടിഞ്ഞു വീണ പെണ്‍ കഥകളുടെ ഒരു വീട്. ചോര്‍ന്നൊലിക്കുന്ന ഒരു പുരുഷനുമുണ്ടിതില്‍. അങ്ങനെയാണല്ലോ ലോകം. കിളിക്കണ്ണിനെയും കിളിയെയും ചില്ലയെയും പച്ചപ്പിനെയും കാണുന്ന എഴുത്ത്. അതുകൊണ്ടാണല്ലോ അനിരുദ്ധനെ കൂടി കണ്ടത്.

അയാള്‍ക്കു താങ്ങാവശ്യമുണ്ടെന്നു അയാളെ കാണാതെ തന്നെ വായിച്ചെടുക്കുന്ന ഒരുവള്‍, മുദ്രിത. ഒമ്പത് സ്ത്രീകള്‍ക്കുള്ളിലൂടെ ഇരുട്ടും പായലും നീക്കി വെളിച്ചവും നനവും ഈര്‍പ്പവുമായി വരുന്ന ഒരുവള്‍, മുദ്രിത. കാണാതെ പരിചയപ്പെട്ടവരുടെ മനസ്സിലൊക്കെയും ആനന്ദത്തിന്റെ മുദ്ര കളവശേഷിപ്പിച്ചു പോകുന്നവളാണവള്‍. അതൊക്കെയും തന്നില്‍ത്തന്നെ അടയാളപ്പെടുത്തിയവള്‍ കൂടിയാണവള്‍. ചലനത്തെ ശരീരത്തിന്റെ പരിമിതഭൂമികയില്‍ നിന്ന് തീരാക്കൊതികളുടെ ആ കാശത്തിനുമപ്പുറത്തേക്ക് പറത്തി വിട്ടവളും അവള്‍ തന്നെ. 
അവളാവാന്‍ ശരിയ്ക്കും ജിസാ, കൊതി തോന്നുന്നു'

മറ്റുള്ളവരുടെ വാക്കുകളല്ല ഞാന്‍ എന്നു ജിസ ഉറപ്പിച്ചു പറയുന്നതിന്റെ തെളിവായി കാണുന്നു ഞാന്‍ മുദ്രിതയെ. ജഹനാര എന്ന ജിസയുടെ വീട്ടു പേര്, എഫ് ബിയില്‍ ജിസ എഴുതിക്കണ്ടിട്ടുള്ള പാലക്കാടന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്, ആ ജീവിതത്തിലെ കടലും കോളേജും ഇങ്ങനെ നിത്യ പരിചയത്തിലെ പലതിനെ ചേര്‍ത്തുരുക്കിയതിന്റെ മണം നോവലിലൊട്ടാകെ. ഒരു പരിധി വരെ നോവലിലെ ലയത്തിനു കാരണവും അതു തന്നെ. തുടക്കത്തിലെ ഹാസ്യം അവസാനം വരെയാവാമായിരുന്നു. അനിരുദ്ധന്റ നോട്ടുപുസ്തകങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറുതായൊന്നു പതറിയെങ്കിലും പിന്നെ എഴുത്ത് നേര്‍വഴിയിലായി മുറുകി വന്നു.

സ്‌നേഹം ജിസ,
ഇനിയുമെഴുതുന്നതിന് കാത്തിരിക്കുന്നു

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Jisa Jose Malayalam novel Mudritha Priya AS