"ഹെലികോപ്റ്ററിലെ ഫൈറ്റ് ജയന്‍ മനസ്സില്‍ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീന്‍ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേല്‍ കൈയടി കിട്ടുന്നതിലൊരു കാപട്യമുണ്ട്. സാഹസികതയോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജീവിക്കുന്നു എന്ന തോന്നല്‍ വരിക. ജയന്‍ കിടക്കയില്‍നിന്നും എണീറ്റു. അഭിനയിക്കാനുള്ള രംഗങ്ങള്‍ അയാളെ ഉത്സാഹഭരിതനാക്കി..."

ലയാള മനസുകളില്‍ പൗരുഷത്തിന്റെ പ്രതീകമായി പകരം വയ്ക്കാന്‍ ഒരു അപരനില്ലാതെ ജയന്‍ ഇന്നും ജീവിക്കുന്നു. മലയാളസിനിമയില്‍ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചുയര്‍ന്ന് സാഹസികതയുടെ ഉയരങ്ങളില്‍ വീണുപൊലിഞ്ഞ നക്ഷത്രം. 1974ല്‍ ശാപമോക്ഷത്തില്‍ തുടങ്ങി എണ്‍പതില്‍ കോളിളക്കത്തില്‍ അവസാനിച്ച അഭിനയവും ജീവിതവും. കേവലം ആറ് വര്‍ഷം കൊണ്ട് ഒരു തമിഴ് ചിത്രം ഉള്‍പ്പടെ 116 സിനികളിലൂടെ തിയ്യറ്ററുകള്‍ ഇളക്കിമറിച്ച ജയന്‍ എന്ന നടന്‍ ഇന്നും ഒരു വിസ്മയമായി തുടരുന്നു. മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലെ അബാലവൃദ്ധം ജനങ്ങളുടെയും ഹൃദയതാരകമായി നിറഞ്ഞുനിന്ന, ഒടുവില്‍ സിനിമയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ജയന്റെ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ഫിക്ഷനും ചേര്‍ന്ന ചിത്രീകരണമാണ് ഈ പുസ്തകം.

ബെല്‍ബോട്ടം പാന്‍സിട്ട്, ജാവാബൈക്കില്‍ കയറി യാതൊരു തിടുക്കവുമില്ലാതെ വട്ടം ചുറ്റിക്കൊണ്ടിരുന്ന എഴുപതുകളുടെ അന്ത്യത്തില്‍ മലയാളസിനിമാലോകത്തുണ്ടായ ജയന്‍തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുള്‍നാടന്‍ ഗ്രാമജീവിതത്തിന്റെ ചിത്രീകരണം. ജയനോടുമാത്രം പറയാന്‍ വെച്ച ഒരുഗ്രന്‍ രഹസ്യവുമായലയുന്ന ജയന്റെ കടുകടുത്ത ഒരാരാധകനും പൂര്‍വമാതൃകകളില്ലാത്ത മറ്റനേകം കഥാപാത്രങ്ങളും പലപല വഴികളിലൂടെ കഥയിലേക്കെത്തിച്ചേര്‍ന്ന് ഗൃഹാതുരത നിറഞ്ഞൊരു വിസ്മയലോകം സൃഷ്ടിക്കുന്നു. 

book
പുസ്തകം വാങ്ങാം

ഒപ്പം, അടിയന്തരാവസ്ഥയെ പൊരുതിത്തോല്പിക്കാന്‍ ആയുധങ്ങള്‍ക്കു പകരം വാള്‍പോസ്റ്ററുകളും മൈദപ്പശയുമായി ഒളിയിടങ്ങളില്‍ പതിയിരിക്കുന്ന വിപ്ലവകാരികളുടെ നിഗൂഢനീക്കങ്ങള്‍ കഥയ്ക്ക് പുതിയൊരു രാഷ്ടീയമാനം നല്കുന്നു. ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേര്‍ന്ന് ഒരപൂര്‍വ രചന. എസ്. ആര്‍. ലാലിന്റെ ഏറ്റവും പുതിയ നോവല്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Jayan life story novel Mathrubhumi Books