പ്പാനിലെ ഓക്കിനാവാ ദ്വീപിലെ ഒഗിമി എന്ന സ്ഥലത്തെ 24 ശതമാനം ആളുകളും ശതായുസ്സുകളാണ്. കാരണമെന്തെന്നല്ലേ? ആരോഗ്യദായകമായ ഭക്ഷണം, ലളിതമായ ജീവിതശൈലി, ചിട്ടയായ വ്യായാമം, ധാരാളം പച്ച ഇലച്ചായ, ഹവായിലെപോലെ സമശീതോഷ്ണ കാലാവസ്ഥ... ഇതിനെല്ലാം പുറമേ അവരുടെ 'ഇക്കിഗായ്' ആണ് അന്നാട്ടുകാരെ ആഹ്ലാദചിത്തരും ദീര്‍ഘായുസ്സുള്ളവരുമാക്കി മാറ്റുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ സര്‍വവും നഷ്ടമായ ഒഗിമിയാണ് ഇപ്പോളേറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള ആളുകളുടെ ആവാസകേന്ദ്രം എന്നതാണതിശയം.

'ഇക്കിഗായ്' എന്താണെന്നറിയാന്‍ എഴുത്തുകാര്‍ ആ പട്ടണത്തിലെ ആളുകളെക്കുറിച്ച് നടത്തിയ ഗവേഷണഫലങ്ങള്‍ ഈ കൊറോണക്കാലത്തിന് ഏറ്റവും ഉപകാരപ്രദമായിരിക്കും. വയോജനങ്ങള്‍ പൊതുവേ അസന്തുഷ്ടരും അനാരോഗ്യം ഉള്ളവരും ആയിരിക്കുമെന്നാണ് ധാരണ. എന്നാല്‍, മനസ്സ് സന്തുഷ്ടമാണെങ്കില്‍ ശരീരം യുവത്വം നിലനിര്‍ത്തുമെന്നാണവരുടെ കണ്ടെത്തല്‍. എപ്പോഴും മനസ്സിനെ ഉത്തേജിപ്പിക്കുക, വാര്‍ധക്യം നമ്മെ വിട്ടൊഴിയും. മനസ്സിന് ചെറുപ്പമെങ്കില്‍ ആരോഗ്യകാര്യങ്ങളിലും ഭക്ഷണശീലങ്ങളിലും ഒരാള്‍ക്ക് ശ്രദ്ധയുണ്ടാകും. വ്യായാമവും പരമപ്രധാനം. ആരോഗ്യകരമായ ജീവിതശൈലി നമ്മെ ഊര്‍ജസ്വലരാക്കും. വ്യായാമങ്ങളിലേര്‍പ്പെടുമ്പോള്‍ ദുഷ്ചിന്തകള്‍ മാഞ്ഞുപോകും. തലച്ചോറിനെ എപ്പോഴും ക്രിയാത്മകമാക്കുക. ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക. അതെന്തുമാവാം. കഴിയുന്നത്ര മനുഷ്യരുമായി കൂടിക്കഴിയുക. ആമയെപ്പോലെ തല ഉള്ളിലേക്ക് വലിക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ഭാഗഭാക്കാവുക. അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കുക. മാനസികസമ്മര്‍ദങ്ങള്‍ കാരണം നാം മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തി മത്സരത്തിന് പോകുന്നതാണ്. 'ജീവിക്കുക, ജീവിക്കാനനുവദിക്കുക' എന്നതാണ് ഒക്കിനാവ ദ്വീപ്വാസികളുടെ നയം.

മനസ്സിനെ ചെറുപ്പമാക്കി വെക്കാന്‍ 'ഇക്കിഗായ്' നല്‍കുന്നത് രണ്ട് മന്ത്രങ്ങളാണ്. ഒന്ന് -സൃഷ്ടിപരമായ സമീപനം (positive attitude). സ്വന്തം വികാരങ്ങളെ അറിയാനും നിയന്ത്രിക്കാനും ഉള്ള കഴിവ്. രണ്ട് -സമചിത്തത (stoic attitude). ഏതു തിക്താനുഭവവും സഹിക്കാനുള്ള കഴിവ്. ഈ രണ്ടു ഗുണങ്ങളുമുള്ള ഒരാള്‍ എത്രകാലം വേണമെങ്കിലും ജീവിക്കും. എപ്പോഴും കര്‍മനിരതരായിരിക്കുക. 'ഇക്കിഗാ'യാണ് എന്നും രാവിലെ കിടക്കയില്‍നിന്ന് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അവരുടെ വിശ്വാസം. ജീവിതാനുഭവങ്ങള്‍ അവരെ വിവേകശാലികളാക്കി മാറ്റുന്നു. ഒഗിമിയിലെ ആളുകള്‍ വയസ്സാവുന്തോറും മനോധൈര്യമുള്ളവരായി വരുകയാണ്. അവരുടെ ബന്ധുബലം കൂടിവരുന്നു. സുഹൃത്തുക്കളേറുന്നു. അവര്‍ക്കൊന്നിനും വ്യഗ്രതയില്ല. ഏതു ദുരനുഭവവും സഹിക്കാന്‍ തയ്യാറുള്ളതുകൊണ്ട് ഒന്നിനെക്കുറിച്ചും വേവലാതിയില്ല. അവര്‍ എപ്പോഴും കര്‍മനിരതരായിരിക്കുന്നു. പച്ചക്കറികളും പഴങ്ങളും കൃഷിചെയ്ത് ഉണ്ടാക്കിക്കഴിക്കുന്നു. സ്വന്തം പാരമ്പര്യത്തെക്കുറിച്ചും പ്രാദേശിക രീതികളെക്കുറിച്ചും അഭിമാനം കൊള്ളുന്നു.

സ്ഥിരോത്സാഹികളായ ഇക്കൂട്ടര്‍ ഏതു ചെറിയ ജോലിയിലും ആനന്ദം കണ്ടെത്തുന്നു. രാവിലെ അലസമായി ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിയിരിക്കുന്നതോ, പത്രം വായിക്കുന്നതോ അല്ല ഹോബി. ജിമ്മില്‍ പോകുന്നതോ, ദിവസം രണ്ടുമണിക്കൂര്‍ ഓടുന്നതോ അല്ല വ്യായാമമുറ. അവര്‍ കുറെ നടക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. രാവിലെ എഴുന്നേറ്റാല്‍ തോട്ടത്തില്‍പ്പോയി കള പറിച്ചെന്നിരിക്കും. അല്ലെങ്കില്‍ പഴങ്ങള്‍ ശേഖരിക്കാന്‍ പോകും. കൂട്ടത്തില്‍ അയല്‍പ്പക്കത്തെ കൂട്ടുകാരുണ്ടായേക്കാം. ചുരുക്കിപ്പറഞ്ഞാല്‍, അവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓരോ ചെറിയ പ്രവൃത്തിയില്‍ മുഴുകും. വീട്ടിനകത്തും പുറത്തും എന്തെങ്കിലും പണി കാണും.

യോഗപോലുള്ള ഒരു വ്യായാമക്രമം 'റേഡിയോടേസേ' അവിടെ ഏറെ പ്രചാരത്തിലുണ്ട്. പണ്ട് റേഡിയോയിലാണ് നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ടെലിവിഷനിലാണെന്ന് മാത്രം. നിത്യേന ഗ്രൂപ്പായിട്ടാണ് ഇത് ചെയ്യുന്നത്. വീട്ടിലോ സ്‌കൂളിലോ ഓഫീസുകളിലോ പൊതുസ്ഥാപനങ്ങളിലോ എന്നുവേണ്ട നഴ്‌സിങ് ഹോമുകളില്‍പ്പോലും ഈ അഭ്യാസം നടത്തും. 30 ശതമാനം ജപ്പാന്‍കാരും ഒഗിമിയില്‍ നിത്യവും രാവിലെ ഈ വ്യായാമമുറ ഇപ്പോഴും അനുഷ്ഠിക്കുന്നുണ്ടത്രേ. സംഘം ചേര്‍ന്നുള്ള ഈ വ്യായാമമുറ ഇവരില്‍ കൂടുതല്‍ പ്രസരിപ്പും സന്തോഷവും സാഹോദര്യഭാവവും ഉദ്ദീപിപ്പിക്കുന്നു.

'ഇക്കിഗായ്' ഉള്ളവരെല്ലാംതന്നെ ജീവിതത്തില്‍ എന്തെങ്കിലും താത്പര്യങ്ങളുള്ളവരായിരിക്കും. എത്ര പ്രതിബന്ധങ്ങള്‍ വന്നാലും അവര്‍ വിട്ടുകൊടുക്കില്ല. ജീവിതത്തില്‍ പ്രതിബന്ധങ്ങളുണ്ടാകുമെന്ന കാര്യം അവര്‍ക്കുറപ്പാണ്. അത് നേരിടാന്‍ അവര്‍ തയ്യാറുമാണ്. സ്ഥിതിഗത്വം (Resilience) കരസ്ഥമാക്കിയതുകൊണ്ട് എന്തപകടമുണ്ടായാലും മാനസികമായി പൂര്‍വസ്ഥിതി വീണ്ടെടുക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. സര്‍വഥാ വിഷമഘട്ടങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തര്‍. നമ്മുടെ ആഗ്രഹങ്ങള്‍ക്കും ആനന്ദത്തിനും കടിഞ്ഞാണിടാന്‍ സ്വയം പരിശീലിക്കണം. എത്ര ദാരുണമായ ആപത്തുവന്നാലും അക്ഷോഭ്യരായിരിക്കുന്നവര്‍ക്ക് ഒന്നും പ്രശ്‌നമല്ല.

റോമിലെ ഏറ്റവും സമ്പന്നനായിരുന്ന സെനെക്ക എന്നും ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദുര്‍വിധികളും മനസ്സില്‍ കാണുമായിരുന്നു. മാത്രമല്ല, ചിലത് പരീക്ഷിക്കുകയും ചെയ്യുമായിരുന്നു. ഉദാഹരണമായി ഒരാഴ്ച അദ്ദേഹം തന്റെ പരിചാരകരാരുമില്ലാതെ വിശിഷ്ടഭോജ്യങ്ങളും ഒരു ആഡംബരവുമില്ലാതെ കഴിഞ്ഞുനോക്കി. ഒരു പ്രയാസവുമില്ല. സമചിത്തതാവാദത്തിന്റെ വേറൊരു തത്ത്വം നമുക്ക് നിയന്ത്രിക്കാനാവുന്ന കാര്യങ്ങളേ നാം കണക്കിലെടുക്കാവൂ എന്നതാണ്. അനിയന്ത്രിതമായ കാര്യങ്ങളെ വെറുതേ വിടുക. അവയെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതെന്തിന്? വര്‍ത്തമാനകാലത്ത് ജീവിക്കുക എന്നതാണ് വേറൊരു പ്രധാന കാര്യം. നമ്മുടെ നിയന്ത്രണത്തിലുള്ള സമയം 'ഇന്ന്' മാത്രമാണ്. ഇന്നലെ മരിച്ചു, നാളെ ജനിച്ചിട്ടുമില്ല. ബുദ്ധമതത്തിന്റെയും പൊരുളതാണ്.

Ikigai
പുസ്തകം വാങ്ങാം

ജപ്പാന്‍കാരുടെ കാഴ്ചപ്പാടില്‍ ജീവിതം ക്ഷണഭംഗുരമാണെന്നിരിക്കേ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് വേവലാതിപ്പെടാതെ ഓരോ നിമിഷവും കാര്യമാത്രപ്രസക്തമായി ജീവിക്കുക. അതിനാണ് നമ്മുടെ 'ഇക്കിഗായെ' കണ്ടെത്തി, അതിനെ പിന്തുടരണമെന്ന് പറയുന്നത്.

ഇക്കിഗായ് മലയാളം പരിഭാഷ വാങ്ങാം

Content Highlights: Ikigai: The Japanese Secret to a Long and Happy Life Malayalam translation