'Every day, think as you wake up, today I am fortunate to be alive, I have a precious human life, I am not going to waste it. I am going to use all my energies to develop myself, to expand my heart out to others; to achieve enlightenment for the benefit of all beings. I am going to have kind thoughts towards others, I am not going to get angry or think badly about others. I am going to benefit others as much as I can.'
Dalai Lama

ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റന്‍ ബുദ്ധവംശജര്‍ക്ക് ആത്മീയമായും, ലൗകികമായും നേതൃത്വം നല്‍കുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. പതിനാലാമത് ദലൈലാമയാണ് ടെന്‍സിന്‍ ഗ്യാറ്റ്‌സോ. മുഴുവന്‍ പേര് ജെറ്റ്‌സന്‍ ജാംഫെല്‍ ങവാങ് ലൊബ്‌സാങ് യെഷി ടെന്‍സിന്‍ ഗ്യാറ്റ്‌സോ. 

ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവര്‍ ചൈനയുമായി ഉരസലിലായിരുന്നു. എ.ഡി. 821-ല്‍ ടിബറ്റും ചൈനയുമായി ഒരു സന്ധി നിലവില്‍ വന്നു. ഈ സന്ധിയിലെ നിര്‍ദ്ദേശങ്ങള്‍ ലാസയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നായി ഇതിനെ അംഗീകരിക്കപ്പെടുന്നു. മുന്‍പേതന്നെ ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1912ല്‍ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവന്‍ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടര്‍ന്നു. ടെന്‍സിന്‍ ഗ്യാറ്റ്‌സോ അധികാരമേല്‍ക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാല്‍ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.

വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്റ്റ്‌സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്‌സോയുടെ ജനനം. ടിബറ്റന്‍ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു രണ്ട് വയസുകാരനായ ഗ്യാറ്റ്‌സിന്‍ പതിമൂന്നാം ദലൈലാമയുടെ പുനര്‍ജന്മമാണെന്ന് തിരിച്ചറിഞ്ഞത്. 1940 ഫെബ്രുവരി 22-ന് അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. 

കമ്യൂണിസ്റ്റ് രാജ്യമായതിനു തൊട്ടുപിന്നാലെ 1949-ല്‍ ചൈന ടിബറ്റ് ആക്രമിച്ചു. ടെന്‍സിന്‍ ഗ്യാറ്റ്‌സോ അപ്പോഴും ദലൈലാമയുടെ പൂര്‍ണ്ണചുമതലയേറ്റെടുത്തിരുന്നില്ല. 1959 മാര്‍ച്ച് 17-ന് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തില്‍ കൊട്ടാരത്തിന് പുറത്തുകടന്ന് ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങി. ചൈന ഈ നീക്കം വളരെ താമസിച്ചാണറിയുന്നത്. അവര്‍ ദലൈലാമയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. മക് മോഹന്‍ രേഖ മുറിച്ചുകടന്ന് മൂന്നാഴ്ച്ചകള്‍ക്കുശേഷം മാര്‍ച്ച് 31-ന് അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. മസ്സൂരിയില്‍ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചു. 

ദലൈലാമ പിന്നീട് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ടിബറ്റന്‍ ഗ്രാമം സ്ഥാപിക്കുകയും തുടര്‍ന്ന് അവിടം അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. നിലവില്‍ ടിബറ്റന്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധര്‍മ്മശാല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. 1989ല്‍ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു, വലിയ ചരിത്രവും ദര്‍ശനവുമുള്ള ഒരു രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ഇല്ലാതാക്കുകയാണ് സാംസ്‌കാരിക വിപ്ലവത്തിലൂടെ ടിബറ്റിനോട് ചൈന ചെയ്തത്. ഇന്ന് സ്വന്തം രാജ്യത്ത് ടിബറ്റന്‍ ജനത അഭയാര്‍ഥികളെപ്പോലെ ജീവിക്കുന്നു. 

Dalai lama
പുസ്തകം വാങ്ങാം

ബുദ്ധമതത്തിന്റെ ആത്മീയാചാര്യനും തിബത്തിന്റെ രാഷ്ട്രീയ നേതാവും സമാധാന നോബല്‍ സമ്മാന ജേതാവുമായ ദലൈ ലാമയുടെ അസാധാരണമായ ആത്മകഥയാണ് FREEDOM IN EXILE. മാന്ത്രികതയും നിഗൂഢതകളും പുനര്‍ജന്മവിശ്വാസങ്ങളും നിറഞ്ഞ തിബത്തന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ 'നിന്നാണ് ഈ ആത്മകഥനം തുടങ്ങുന്നത്. ചൈനീസ് അധിനിവേശം, ചെറുത്തുനില്‍പ്, ഇന്ത്യയിലേക്കുള്ള രഹസ്യ പലായനം, അഭയാര്‍ത്ഥി ജീവിതം എന്നിങ്ങനെ വ്യത്യസ്ത അടരുകളിലുടെ അനുഭവ വിവരണം വികസിക്കുന്നു. തിബത്തന്‍ ജീവിതവും ബുദ്ധമത വിശ്വാസങ്ങളും അനാവരണം ചെയ്യുന്ന ആ അതുല്യ രചന പകരംവെക്കാനില്ലാത്ത വായനാനുഭവമായിരിക്കും വായനക്കാര്‍ക്ക് സ്മ്മാനിക്കുക. ആര്‍.കെ.ബിജുരാജാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റപ്പെടുത്തിയത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Freedom in Exile Book by 14th Dalai Lama Malayalam