രിത്രമുറഞ്ഞുകിടക്കുന്ന കോട്ടകള്‍, കൊട്ടാരങ്ങള്‍, സ്മൃതികുടീരങ്ങള്‍, സ്‌കോട്ടിഷ് സാഹിത്യത്തിലെ മഹാപ്രതിഭകളുടെ ഭവനങ്ങള്‍, പുസ്തകശാലകള്‍, മ്യൂസിയങ്ങള്‍, തെരുവുകള്‍, ഉദ്യാനങ്ങള്‍, പള്ളികള്‍, സെമിത്തരികള്‍, ബാറുകള്‍, മദ്യനിര്‍മാണശാലകള്‍... സ്‌കോട്ട്‌ലന്‍ഡിന്റെ വര്‍ത്തമാനഭൂമികയിലൂടെയും ജീവിതത്തിലൂടെയുമുള്ള എഴുത്തുകാരന്റെ സഞ്ചാരം. ഒപ്പം, സ്‌കോട്ടിഷ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആഴങ്ങളിലൂടെയുള്ള അന്വേഷണവും... സി.വി. ബാലകൃഷ്ണന്റ സ്‌കോട്ട്‌ലന്‍ഡ് യാത്രാപുസ്തകം

വീടിരുന്ന സ്ഥാനത്തിനു മുന്നിലായി ഷെര്‍ലക് ഹോംസിന്റെ ഒരു പ്രതിമയുണ്ട്, എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കാലപ്പഴക്കമേറിയ പ്രതിമകള്‍ കാണാവുന്ന എഡിന്‍ബറയിലൂടെ അനശ്വരത്വം പ്രാപിച്ച ഒരു സാങ്കല്പികനായകന്റെ പ്രതിമയും തേടി നടക്കുകയെന്നത് കൗതുകകരമായ ഒരനുഭവമായി. എന്നെ ഒരു കണക്കിനു മുന്നോട്ടു നയിച്ചത് ഹോംസിന്റെ തന്നെ വാക്കുകളാണ്.

'I only saw it because
I was looking for it'

'നോവലിസ്റ്റിന്റെ യാത്രാഖ്യാനമാണിത്. വസ്തുനിഷ്ഠമായ വിവരണ കലയ്ക്കിടയില്‍ ഏകാന്തമായ ചില വിചാരവേളകളില്‍ നോവലിസ്റ്റ് പൊടുന്നനേ പ്രത്യക്ഷപ്പെടുന്നതു കാണാം. 'നന്മതിന്മകള്‍ കെട്ടുപിണഞ്ഞ ദുരൂഹമായ ഒരു മനസ്സുപോലെ മധുശാല'യെന്നും 'ദൈവത്തിന് ഏറ്റവും വേണ്ടപ്പെട്ട രണ്ടുപേരെപ്പോലെ അവര്‍ ബാഗ്‌പൈപ്പുകള്‍ വായിച്ചു'വെന്നും എഴുതുമ്പോള്‍ യാത്രികനൊപ്പം നോവലിസ്റ്റും നടക്കുന്നതു കാണാം. തലച്ചോറിലും വിരലറ്റങ്ങളിലും മഷിപ്പാടുകളുള്ള ആ ഭാവനാസഞ്ചാരിയാണ് കാവ്യാത്മകതയും ചടുലതയും ഒപ്പം സരളതയും പ്രകടിപ്പിക്കുന്ന ഭാഷയും ആഖ്യാനരീതിയും സ്‌കോട്ടിഷ് ദിനരാത്രങ്ങളില്‍ സൃഷ്ടിക്കുന്നത്'- പി.കെ. രാജശേഖരന്‍

സി.വി. ബാലകൃഷ്ണന്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്.കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ കാലിക്കടവില്‍ താമസം. വേറിട്ട രചനാപാടവം കൊണ്ട് മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ സി.വി.ബാലകൃഷ്ണന്റെ എഴുത്തിന്റെ 50-ാം വര്‍ഷമാണിത്. നോവലുകള്‍, കഥകള്‍, നോവലെറ്റുകള്‍, ലേഖനങ്ങള്‍, ചലച്ചിത്രപഠനം, വിവര്‍ത്തനം, തിരക്കഥ, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ എന്നിങ്ങനെ തൂലിക ചലിപ്പിച്ച മേഖലകളിലൊക്കെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പതിനെട്ട് വയസിനു മുന്‍പെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. 1979 ഡിസംബറില്‍ കല്‍ക്കട്ടയിലെത്തി. കല്‍ക്കട്ടയിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ചാണ് ബാലകൃഷ്ണന്‍ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ എഴുതുവാനാരംഭിച്ചത്. ആയുസ്സിന്റെ പുസ്തകം മലയാളനോവല്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരചനകളിലൊന്നാണ്.

Content Highlights: CV Balakrishnan New Malayalam travelogue