നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരനാണ് ആന്റണ്‍ ചെക്കോവ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഏകാങ്കങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. 

''അരങ്ങില്‍ ഇവ ആടിത്തിമിര്‍ക്കാം. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം. ഏകാന്തതയുടെ അനുഗൃഹീതനിമിഷങ്ങളില്‍ ഒരു തുള്ളിക്കണ്ണുനീര് വീഴ്ത്താം. അതിനാല്‍ ഈ ഭാഷാന്തരം അരങ്ങിനു വേണ്ടിയുള്ളതാണ്. നടീനടന്മാര്‍ക്കുള്ളതാണ്. ആ ഒരു കണ്ണിലൂടെയാണ് ചെക്കോവിയന്‍ ഭാഷയ്ക്ക് സമവാക്യം കണ്ടെത്തിയത്.'' - എന്നാണ് പരിഭാഷകനായ മധുമാസ്റ്റര്‍ പുസത്കത്തെക്കുറിച്ച് പറഞ്ഞത്. 

ഒരാള്‍ കുടുംബജീവിതത്തില്‍ അനുഭവിക്കുന്ന ശൂന്യത ആത്മഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ദി ഈവിള്‍സ് ഓഫ് റ്റുബാക്കോ, അസഭ്യവും അതിവിചിത്രവുമെന്ന് വിശേഷിപ്പിച്ച് സെന്‍സര്‍മാര്‍ പ്രദര്‍ശനം നിഷേധിച്ച ഏറെ പ്രസിദ്ധമായ ദി ബെയര്‍, തരംതാണതും വിരസവുമെന്ന് ചെക്കോവിന് സ്വയം തോന്നിയെങ്കിലും പ്രേക്ഷകരുടെ നിര്‍ത്താത്ത പൊട്ടിച്ചിരിയാല്‍ നാടകശാലകളെ കുലുക്കിമറിച്ച ദി, പ്രൊപോസല്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്.

അന്നത്തെ റഷ്യന്‍ സാമൂഹികാചാരങ്ങളില്‍ നിലനിന്നിരുന്ന മൂല്യരാഹിത്യങ്ങളെ നിശിതമായി പരിഹസിക്കുന്ന ദി വെഡ്ഡിങ്, ഒരു ബാങ്കിന്റെ വാര്‍ഷികാഘോഷവേളയില്‍ നടക്കുന്ന ബഹളങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന ദി സെലിബ്രേഷന്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ ഏകാങ്കങ്ങളും പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. 

ചെക്കോവിന്റെ ഏകാങ്കങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Chekhovinte Ekankangal, Drama collection of  Russian playwright and short-story writer Anton Chekkov