'ഒരു മനുഷ്യക്കുട്ടിക്കു ചെന്നായിക്കളുടെയിടയില്‍ സ്ഥാനമില്ല. അവനെ എനിക്കു വിട്ടുതരൂ.' ഷേര്‍ഖാന്‍ ആവര്‍ത്തിച്ചു.
'അവനെ ഞങ്ങള്‍ എന്തായാലും വിട്ടുതരില്ല. അവനു പകരം മരിക്കാന്‍ ഞാനൊരുക്കമാണ്. ഒരു തെറ്റും ചെയ്യാത്ത നമ്മുടെ സ്വന്തം സഹോദരനെ വിട്ടുകൊടുക്കാന്‍ ഞാനൊരുക്കമല്ല.' അകേലന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. 
'പക്ഷേ അവനൊരു മനുഷ്യനാണ്.' 
'ഞങ്ങളുടെ ഈഴം കഴിഞ്ഞു. നീയാണിനി എന്തെങ്കിലും ചെയ്യേണ്ടത്.' ബഘേരന്‍ മൗഗ്‌ളിയോട് പിറുപിറുത്തു. 
'ഞാന്‍ മരണം വരെ നിങ്ങളുടെ കൂടെ കഴിയുമായിരുന്നു. പക്ഷേ നിങ്ങള്‍ എന്നെ വഞ്ചിച്ചിരിക്കുന്നു. നിങ്ങള്‍ പേടിച്ചു വിറയ്ക്കുന്ന ചുകന്ന പൂ എന്റെ കൈയിലുണ്ട്.' 
തന്റെ കൈയിലുണ്ടായിരുന്ന തീക്കൊള്ളികളെടുത്ത് മൗഗ്‌ളി ആഞ്ഞു വീശി. ചെന്നായ്ക്കള്‍ ഭയപ്പെട്ട് നാലുപാടും ഓടാന്‍ തുടങ്ങി.

ജംഗിള്‍ബുക്ക് എന്ന ലോകപ്രശസ്ത ബാലസാഹിത്യത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരാധനയ്ക്ക് പാത്രമാവുക, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹമാവുക, ഇന്ത്യയില്‍ ജനിക്കുകയും ഇംഗ്‌ളണ്ടില്‍ സ്ഥിരതാമസമാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 'കിം' എന്ന വിശ്വപ്രസിദ്ധനോവലിന് പ്രമേയമായി ഇന്ത്യയെത്തന്നെ തിരഞ്ഞെടുക്കുക...റഡ്‌യാര്‍ഡ് കിപ്‌ളിങ് എന്ന അസാധാരണ മനുഷ്യന്റെ ബുദ്ധിയുടെയും ചിന്തയുടെയും ഏറിയപങ്കും ചെലവഴിച്ചത് ബാലസാഹിത്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. കാട്ടിലെ കഥകള്‍ പറഞ്ഞ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ മൗഗ്‌ളിയിലൂടെ അവതരിപ്പിച്ച ജംഗിള്‍ബുക്കിന്റെ പുനരാഖ്യാനമാണ് കെ. കുഞ്ഞികൃഷ്ണന്‍ കാട്ടിലെ കഥകള്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Kaattile Kadhakal
പുസ്തകം വാങ്ങാം


 
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍, വായനയുടെ പ്രാരംഭഘട്ടങ്ങളില്‍ ഏതൊരു കുട്ടിയും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഇടം പിടിച്ചവയാണ് റഡ്‌യാര്‍ഡ് കിപ്‌ളിങ്ങിന്റെ ബാലകൃതികള്‍. വെങ്കിയുടെ ചിത്രീകരണത്തോടൊപ്പം പുറത്തിറക്കിയിരിക്കുന്ന കാട്ടിലെ കഥകള്‍ മാതൃഭൂമി ബുക്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. മാതൃഭൂമി മിന്നാമിന്നി ചില്‍ഡ്രന്‍സ് ക്‌ളാസിക് സീരിസിലെ ഒരു പുസ്തകമായിട്ടാണ് കാട്ടിലെ കഥകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൗഗ്ലിയുടെ കഥ, ഒരു പ്രതികാരത്തിന്റെ കഥ,സന്ന്യാസി, രിക്കിടിക്കി, ആനക്കാരന്‍, സൈന്യത്തിലെ മൃഗങ്ങള്‍, കടല്‍ നായ്ക്കളുടെ കഥ, ധ്രുവപ്രദേശങ്ങളിലെ മനുഷ്യര്‍ തുടങ്ങിയ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.എം. ടി വാസുദേവന്‍ നായരുടേതാണ് അവതാരിക. അഞ്ചാം പതിപ്പ് പിന്നിട്ട കാട്ടിലെ കഥകള്‍ കുട്ടികളുടെ വായനാക്ഷമതയ്ക്കുതകുന്നതും ലളിതമായ പദങ്ങളാല്‍ സമ്പന്നവുമാണ്.

Content Highlights:Rudyard Kipling's Jungle Book Translated by K. Kunhikrishnan as Kaattile Kadhakal published by Mathrubhumi Minnaminni