രണ്ടാം ലോകയുദ്ധകാലത്ത് ലോകത്ത് അരങ്ങേറിയ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി ജോര്‍ജ് ഓര്‍വെല്‍ തയ്യാറാക്കിയ നോവലാണ് അനിമല്‍ ഫാം. 1945 ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിലാണിത് പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ജനാധിപത്യത്തില്‍നിന്ന് ഏകപക്ഷീയ രാഷ്ട്രീയനേതാവ് ഉണ്ടാകുകയെന്ന് നമുക്ക് ചൂണ്ടിക്കാണിക്കുന്നതാണ് ഈ നോവല്‍. ഏതുകാലത്തും സമകാലിക നോവലായി അനിമല്‍ ഫാം നിലനില്‍ക്കും.

മനുഷ്യവര്‍ഗത്തിന്റെ ചൂഷണങ്ങളില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകം സ്വപ്നംകാണുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ കഥയാണ് നോവല്‍ ചര്‍ച്ചചെയ്യുന്നത്.

മദ്യപനായ ജോണ്‍സിന്റെ മാനര്‍ ഫാമിലാണ് സംഭവം. ഇവിടെയുള്ള വയോധികനായ മേജര്‍ എന്ന പന്നിയാണ് സ്വാതന്ത്ര്യം സ്വപ്നംകാണുന്നത്. ഇത് ബാക്കിയുള്ള മൃഗങ്ങളുമായി പങ്കുവെക്കാന്‍ പന്നി ഒരു യോഗംവിളിച്ചു. ഇന്നോ, നാളെയോ, ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറമോ നടക്കാനിരിക്കുന്ന ആ അനിവാര്യ വിപ്ലവത്തിനു തയ്യാറെടുക്കാനാഹ്വാനം ചെയ്യുകയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു വിപ്ലവഗാനം മേജര്‍ മറ്റുള്ളവരെ പഠിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് ഫാമിലുള്ള സ്നോബോള്‍, നെപ്പോളിയന്‍ എന്നീ രണ്ടു ചെറിയ പന്നികള്‍ മേജറുടെ സ്വപ്നത്തിനായി പോരാടുകയും മൃഗങ്ങളെല്ലാം ചേര്‍ന്ന് ജോണ്‍സനെ തുരത്തുകയും മാനര്‍ ഫാമിനെ അനിമല്‍ ഫാം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 'എല്ലാ മൃഗങ്ങളും തുല്യരാണ് എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 'നാലുകാലുകള്‍ നല്ലത്, രണ്ടുകാലുകള്‍ മോശം' എന്നൊരു ആപ്തവാക്യവും ഉണ്ടാക്കി. മൃഗങ്ങളെല്ലാം ഫാമിന്റെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്യുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.

ഫാമില്‍ വൈദ്യുതിയുണ്ടാക്കാന്‍ ഒരു കാറ്റാടിയന്ത്രം എന്ന ആശയം സ്നോബോള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ നെപ്പോളിയന്‍ അതിനെ എതിര്‍ക്കുകയും നെപ്പോളിയന്റെ വളര്‍ത്തുപട്ടികള്‍ സ്നോബോളിനെ ആക്രമിച്ച് ഓടിക്കുകയും ചെയ്തു. സ്നോബോളിന്റെ അസാന്നിധ്യത്തില്‍ നെപ്പോളിയന്‍ ഫാമിലെ നേതാവായി.

പതിയെ നെപ്പോളിയന്‍ അമിതാധികാര പ്രയോഗം തുടങ്ങി. പന്നികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വന്നു. നേരത്തേയുണ്ടായിരുന്ന ഏഴു കല്പനകളും ഇവര്‍ തിരുത്തിയെഴുതി. 'ഒരു മൃഗം മറ്റൊരു മൃഗത്തെ കൊല്ലരുത്' എന്നത് 'ഒരു മൃഗം മറ്റൊരു മൃഗത്തെ കാരണമില്ലാതെ കൊല്ലരുതെന്നും' മറ്റും മാറ്റി. നെപ്പോളിയന്‍ തീര്‍ത്തുമൊരു ഏകപക്ഷീയ നേതാവായി മാറി. നെപ്പോളിയന്‍ മനുഷ്യരുമായി വ്യാപാരബന്ധം ആരംഭിച്ചു. പന്നികള്‍ രണ്ടുകാലില്‍ നടക്കാനും ചാട്ടവാര്‍ ഉപയോഗിക്കാനും വസ്ത്രംധരിക്കാനും തുടങ്ങി. 'എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ അവരില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യരാണ്' എന്നതു മാത്രമാക്കി ഏഴ് കല്പനകള്‍ മാറ്റി. തൊഴിലാളികള്‍ക്കെതിരേയുള്ള സമരത്തില്‍ മനുഷ്യരോടൊപ്പം നില്‍ക്കാമെന്ന് നെപ്പോളിയന്‍ വാക്കുകൊടുക്കുന്നു. അനിമല്‍ ഫാമിലെ വിപ്ലവം പഴങ്കഥയാവുകയും അതിനെ വീണ്ടും മാനര്‍ ഫാം എന്നു മാറ്റുകയുംചെയ്തു. പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി തിരിച്ചറിയാനാവാത്ത സാദൃശ്യം അപ്പോഴാണ് മറ്റു മൃഗങ്ങള്‍ തിരിച്ചറിയുന്നത്.

നേതാവ് പറയുന്നതെല്ലാം വിശ്വസിക്കുന്ന അവരെ അടിമകളാക്കുന്ന തരത്തില്‍ നിയമങ്ങള്‍പോലും മാറ്റിയെഴുതുന്നത് തിരിച്ചറിയാന്‍ സാധിക്കാതെ നില്‍ക്കുന്ന ഒരു ജനതയെയാണ് ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്.

Content Highlights: Animal Farm Book by George Orwell