കരയാത്ത ഗൗരി, തളരാത്ത ഗൗരി/ കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി.../ 
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം, പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു...

കെ.ആര്‍.ഗൗരിയെ അഭിവാദ്യം ചെയ്തുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയ കവിതയിലെ ഈ ആദ്യവരികള്‍ കെ.ആര്‍.ഗൗരിയമ്മക്ക് മലയാളി നല്‍കിയ നിര്‍വചനമാണ്. സ്ത്രീയെന്നാല്‍ ഇപ്രകാരം ആകണമെന്ന സമൂഹത്തിന്റെ വാര്‍പ്പ് മാതൃകകളെ വെല്ലുവിളിച്ച പെണ്‍ ബോധ്യമാണ് ഗൗരിയമ്മ. ആണ്‍കോയ്മ അനുവദിച്ച പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കാന്‍ പോലും ധൈര്യമില്ലാതിരുന്ന കാലത്ത് ജനിച്ചു. ആ കാലത്തെ ആവോളം വെല്ലുവിളിച്ചു. തെറ്റെന്ന് ഉറക്കെ പറഞ്ഞു. 

നെറിവറ്റ ലോകവും കനിവറ്റ കാലവും ചേര്‍ന്ന് പലപ്പോഴും കരയിപ്പിച്ചു കേരളത്തിന്റെ ഈ മഹാബിംബത്തെ. എന്നിട്ടും ജീവിതത്തിന്റെ ഓരോ ദശാസന്ധിയിലും തളരാതെ ശരിക്കൊപ്പം പോരാളിയായി പൊരുതി നിന്നു. ജീവിതത്തിനും രാഷ്ട്രീയത്തിനും രണ്ടിടങ്ങള്‍ ഇല്ലാത്ത മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അവര്‍. കെ.ആര്‍.ഗൗരി എന്ന കമ്മ്യൂണിസ്റ്റില്‍ നിന്ന് മുഴുവന്‍ മലയാളിയുടെയും ഗൗരിയമ്മയിലേക്കുള്ള യാത്രയായിരുന്നു അവരുടെ ജീവിതം. 

കേരളീയ രാഷ്ട്രീയത്തിലെ എക്കാലത്തേയും തിളങ്ങുന്ന നക്ഷത്രങ്ങളിലൊരാളാണ് അവര്‍. അവരുടെ ആത്മകഥയുടെ ആദ്യഭാഗമാണ്  'കെ.ആര്‍.ഗൗരിയമ്മ: ആത്മകഥ'. ജീവിതം സമരമാര്‍ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ തീക്കനലുകള്‍ പുസ്തകത്തില്‍ വായിച്ചെടുക്കാം. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന് പറയുന്ന അനുഭവത്തിന്റെ പൊള്ളലാണ് പുസ്തകം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Aathmakatha K. R Gowriyamma, K. R. Gowri Amma 's autobiography