'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' - മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ആടുജീവിതം പുസ്തകത്തിന്റെ ചട്ടയിലെ വാക്യങ്ങളാണിത്. ഇതിനെ അര്‍ഥവത്താക്കുന്നതാണ് ഈ പുസ്തകവും. മനുഷ്യത്വം വറ്റിവരണ്ടു പോയ, കെട്ടുകഥകളാണെന്നു തോന്നിപ്പോകുന്ന അതി ദയനീയമായ ജീവിതകഥയാണ് ആടുജീവിതത്തിലൂടെ ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

നല്ല ജോലിയിലും പുതിയ ജീവിതവും സ്വപ്നംകണ്ട് നാട്ടില്‍നിന്ന് സൗദ്യയിലേക്ക് എത്തിയവരാണ് നജീബും സുഹൃത്ത് ഹക്കീമും. സുഹൃത്തിന്റെ ബന്ധുവഴിയാണ് വിസ തരപ്പെടുത്തിയത്. റിയാദ് വിമാനത്താവളത്തിലെത്തിയ ഇരുവരും അവരുടെ മുതലാളിയാണെന്ന് തെറ്റിദ്ധരിച്ച് അവിടെക്കണ്ട മറ്റൊരു അറബിയുടെ കൂടെ പോകുകയായിരുന്നു. അറബിയോടൊപ്പം ഇവര്‍ എത്തിപ്പെടുന്ന മസറയിലും പിന്നീടങ്ങോട്ടുള്ള ജീവിതവുമാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.

തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചായിരുന്നു നജീബിന്റെ ജീവിതം. തീര്‍ത്തും വിശ്രമമില്ലാത്ത ജീവിതം. കൂടെ അര്‍ബാബിന്റെ (മുതലാളി) മര്‍ദനവും മസറയിലെ എല്ലാ ജോലികളും ചെയ്തത് നജീബായിരുന്നു. നജീബ് അവിടെ എത്തിയപ്പോള്‍ ഒരു പണിക്കാരനുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ക്കകംതന്നെ അദ്ദേഹത്തെ കാണാതായിരുന്നു. കുളിക്കാനോ കിടക്കാനോ പോലും അവിടെ സൗകര്യങ്ങളുണ്ടായിരുന്നില്ല. ചുരുങ്ങിയ ഭക്ഷണം മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. മുടിയും താടിയും വെട്ടാതെയും കുളിക്കാതെയും ഭക്ഷണമില്ലാതെയും നജീബ് മറ്റൊരു രൂപം കൈക്കൊണ്ടിരുന്നു. ആടുകളും ഒട്ടകങ്ങളും മാത്രമായിരുന്നു നജീബിന് അവിടെ കൂട്ട്. അവിടെയുണ്ടായിരുന്ന ആടുകള്‍ക്ക് തന്റെ ബന്ധുക്കളുടെ പേരു നല്‍കി അവരുമായി സംവദിച്ചാണ് നജീബ് സമയം തള്ളിനീക്കിയിരുന്നത്.

നജീബിനൊപ്പമെത്തിയ ഹക്കീമും സമാനാവസ്ഥയില്‍ മറ്റൊരു മസറയിലായിരുന്നു. ഹക്കീമിന് പുറമേ ഇബ്രാഹിം ഖാദരി എന്നൊരു ജോലിക്കാരനെക്കൂടി അര്‍ബാബ് അവിടേക്ക് എത്തിച്ചിരുന്നു. മൂവരും അവിടെനിന്ന് രക്ഷപ്പെടാന്‍ അതിയായി ആഗ്രഹിച്ചു. ഇവരുടെ മുതലാളിമാരില്‍ ഒരാളുടെ മകളുടെ വിവാഹംദിവസം മൂവരും അവിടെനിന്ന് രക്ഷപ്പെട്ടോടി. എന്നാല്‍, ദിവസങ്ങള്‍ പലായനം ചെയ്തിട്ടും ഇവര്‍ക്ക് മരുഭൂമിയില്‍ നിന്ന് പുറത്തെത്താനോ ആരെയെങ്കിലും കാണാനോ സാധിച്ചില്ല. ഇതിനിടെ വെള്ളംകിട്ടാതെ ഹക്കീം മരുഭൂമിയില്‍ മരിച്ചു. നജീബും ഇബ്രാഹിമും വീണ്ടും മുന്നോട്ടുപോയി. ഇടയ്ക്കുവെച്ച് ഇബ്രാഹീമിനെയും കാണാതായി. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തിച്ചേരുകയും അവിടെനിന്ന് അയാളെ ഒരു അറബി കാറില്‍ കയറ്റി റിയാദിലെത്തിച്ചു. അവിടെനിന്ന് നജീബ് ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ ആരോഗ്യം തിരിച്ചുനേടി. തുടര്‍ന്ന് അവിടത്തെ പോലീസില്‍ പിടി നല്‍കി ഇന്ത്യന്‍ എംബസി വഴി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നജീബിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ആടുജീവിതം രചിച്ചിട്ടുള്ളത്.

ആടുജീവിതത്തിന് 2009-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാള നോവലിനുള്ള പുരസ്‌കാരവും 2015-ലെ പദ്മപ്രഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Aadujeevitham Malayalam novel by Benyamin