ന്തോഷ് ആവത്താന്‍ വല്ലങ്കിയ്ക്കു ശേഷം കേരളത്തിന്റേതല്ലാത്ത പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു വിഷയതലത്തില്‍ നിന്നുകൊണ്ട് പുതിയൊരാഖ്യായിക തീര്‍ത്തിരിക്കുന്നു. 2017 ഒക്ടോബര്‍ പതിമൂന്നു മുതല്‍  ഇരുപത്തിമൂന്നുവരെ സോചി നഗരത്തില്‍ നടന്ന പത്തൊമ്പതാമത് ഡബ്ല്യു.എഫ്.വൈ.എസിനെ സംബന്ധിച്ചുള്ള പപാഡിമിട്രിയോയുടെ ആമുഖലേഖനത്തിന്റെ ഉള്‍വെളിച്ചമാണ് അദ്ദേഹത്തെ ഈ നോവലിലേക്ക് നയിച്ചത്.

ലോകം മുഴുവന്‍ ദൃശ്യമാകുന്ന ഫാസിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ മുദ്രകള്‍ ബഹുജനജീവിതത്തില്‍ അലയടിക്കുമ്പോഴാണ് പഴയ കമ്മ്യൂണിസ്റ്റ് കാലത്തിന്റെ തിരുശേഷിപ്പുകളിലേക്ക് സന്തോഷ് ആവത്താന്‍ വായനക്കാരെ ക്ഷണിക്കുന്നത്. കേരളത്തില്‍ നിന്നും ഐബി വര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരന്‍ ഡബ്യു.എഫ് വൈ എസ് ഫെസ്റ്റിവെല്ലില്‍ എത്തുകയാണ്. സാഷാ വെറോഷ്‌ക എന്ന റഷ്യന്‍ യുവതിയെ പരിചയപ്പെടുന്ന വിപ്ലവഛായയുള്ള സായാഹ്നങ്ങള്‍ പ്രണയത്തിന്റെ തീക്ഷ്ണതയിലേക്ക് അവരെ നയിക്കുന്നു. വ്യക്തിബന്ധങ്ങള്‍ പോലെ ഏറെ വൈകാരികമാണ് സോവിയറ്റ് റഷ്യയുടെ തിരിച്ചുവരവ്‌സാഷയ്ക്ക്. കേട്ടതും വായിച്ചതുമായ കഥകളുടെ പശ്ചാത്തലത്തില്‍ നടത്തിയ ആത്മസഞ്ചാരങ്ങള്‍ ഐബി വര്‍ഗ്ഗീസിനെ നയിച്ചത് ഈ വിപ്ലവപാതകളിലൂടെയാണ്.നോവല്‍ പശ്ചാത്തലത്തില്‍ ചരിത്രം അത്രയ്ക്കധികംവളച്ചൊടിച്ചില്ല എന്നത് നോവലിന്റെ എടുത്തുപറയേണ്ട സവിശേഷത തന്നെ. 

മറ്റൊരു രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മത ഈ നോവലിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഗോതമ്പുവയലുകളും മനുഷ്യരും ഗ്രാമങ്ങളിലെ ജനജീവിതവുമെല്ലാം ഇഴചേര്‍ന്നൊരുക്കുന്ന ഫലസമൃദ്ധി നോവലിന് ജീവനേകുന്നു. ഓരോ പൗരാണിക-ചരിത്രസന്ദര്‍ഭങ്ങളും അദ്ധ്യായങ്ങള്‍ക്ക് പ്രവേശകമാകുമ്പോള്‍, ഏച്ചുകെട്ടലുകളില്ലാതെ അനുസ്യുതമുള്ള ഒഴുക്ക് വരുത്തുന്നതില്‍ നോവലിസ്റ്റ് ബദ്ധശ്രദ്ധനായിരുന്നു. കഥാഗതിയുടെ വളര്‍ച്ച  സ്വാഭാവിക പരിണതിയുണ്ടാക്കുന്ന രീതിയില്‍  കഥാപാത്രങ്ങളും പ്രവര്‍ത്തനങ്ങളും സന്തോഷ് ആവത്താന്റെ കയ്യില്‍ ഭദ്രം. ജനത, ഭാഷ, സംസ്‌കാരം, പാരമ്പര്യം ഇവയെല്ലാം പഴയ സോവിയറ്റ് ജനതയുടെ ഊര്‍ജ്ജസ്രോതസ്സുകളായിത്തീര്‍ന്നിരുന്നതിലെ ഉത്സാഹം നോവലിന് മറ്റൊരു ഭാവങ്ങള്‍ സൃഷ്ടിക്കുന്നു.

yujin botkin
പുസ്തകം വാങ്ങാം

സാഷയെ കാണാനും സമ്മേളനത്തില്‍ പങ്കെടുക്കാനുമെത്തിയ ഐബി വര്‍ഗ്ഗീസ് സാഷയുടെ മുത്തശ്ശനായ യൂജിന്‍ ബാട്കിന്റെ ഹൃദയത്തിലൂടെയാണ് റഷ്യ കാണുന്നത്. അതിനാല്‍ തന്നെ ഐബിയുടെ കാഴ്ചയില്‍ ഒരു സംസ്‌കാരത്തിന്റെ ഉറവുകളുടെ പ്രഭവകേന്ദ്രമാണ് വെളിപ്പെടുന്നത്. 

സാഷയുടെ പ്രണയം തീവ്രവും ആര്‍ദ്രവുമാണ്. നോവലിന്റെ ആദ്യഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചരിത്രവും റഷ്യന്‍ നാടോടി പാരമ്പര്യവുമെല്ലാം വിവരണങ്ങളുമായി  വിശദീകരിക്കുമ്പോള്‍ രണ്ടാം പകുതിയിലെത്തുമ്പോഴേക്കും മറ്റൊരു ഭാവതലത്തിലൂടെ നോവല്‍ വളരുന്നു. സാഷയുടെ 112 കാരനായ യൂജിന്‍ ബോട്കിന്‍ എന്ന മുത്തശ്ശന്റെ പ്രൗഢഗംഭീരമായ ജീവിതവൃത്താന്തം  റഷ്യയുടെ തന്നെ ചരിത്രമാണ്. ഇന്ത്യന്‍ കമ്മ്യൂണിസത്തെ കുറിച്ചുള്ള എഴുത്തുകാരന്റെ  കാഴ്ചപ്പാടുകള്‍ ഐബി വര്‍ഗ്ഗീസും മുത്തശ്ശനും സാഷയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ  അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ കമ്മ്യൂണിസത്തിന് പലയിടത്തും സംഭവിച്ച പരാജയങ്ങളും അതിന്റെ  കാരണങ്ങളും ഐബിയുടെ വാചകങ്ങളില്‍ ഉയരുന്നുണ്ട്. സാഷയുടെ ചിരിയിലൂടെ പരിഹാസത്തിന്റെ നേര്‍ത്ത മുഴക്കങ്ങള്‍ കേള്‍പ്പിക്കുന്നതുപോലും ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ വിമര്‍ശനങ്ങളായി രേഖപ്പെടുത്തുന്നു. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തങ്ങള്‍ പല നേതൃവ്യക്തിത്വങ്ങളിലും കെട്ടിവയ്ക്കുന്നതിന്റെ സത്യവും  അസത്യവും യൂജിന്‍ മുത്തച്ഛന്റെ കഥകളിലൂടെ അനാവൃതമാക്കുന്നു.

യൂജിന്‍ ബോട്കിന്റെ പ്രാണവായുതന്നെ സോവിയറ്റ് റഷ്യയുടെ വിപ്ലവതീവ്ര പശ്ചാത്തലമാണ്. ഒരു നൂറ്റാണ്ടുകൊണ്ട്  കണ്ടും കേട്ടും പഴകിയ അനുഭവത്തിന്റെ തീഷ്ണയില്‍ നിന്നാണയാള്‍ സംസാരിക്കുന്നത്. ഐബിയുടെ ഹൃദയത്തേയും ജീവിതത്തേയും ഒരുപോലെ ആവേശിക്കുകയാണ് ആ മുത്തശ്ശനും പേരക്കുട്ടിയും. സാഷയുടെ വളര്‍ത്തമ്മയായി കൂടെയുള്ള പോളിനയുടേയും ലോണിന്റേയും ജീവിതകഥ നോവലിന് മറ്റൊരു മാനം നല്‍കുന്നു. 

ലോണ്‍ പോളിനയോട് പറഞ്ഞ കഥയിലെ മറിയ റാമോണെന്ന രാജ്ഞിയുടെ ജീവിതം അവതരിപ്പിക്കുന്നത് നോവലിന്റെ സുഖദമായ ഒഴുക്കില്‍ ഒട്ടും ഏച്ചുകെട്ടലില്ലാതെ  ചേര്‍ന്നുനില്‍ക്കുന്നു. ചരിത്രവും  കഥകളും ഇണക്കിച്ചേര്‍ത്തുകൊണ്ട് വിപ്ലവത്തിന്റെ  തീക്കാറ്റിലൂടെ കടന്നുപോയ റഷ്യയുടെ ഭൂതകാലം വായനക്കാരന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പുതിയ കാലഘട്ടത്തില്‍ കമ്മ്യൂണിസത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട് എഴുത്തുകാരന്‍.

യൂജിന്റെ പ്രിയങ്കരിയായ വേനാബ്രൗണിന്റെ പ്രണയം പരസ്പരം ഒന്നിക്കാനാകാതെ പോയ നിമിഷങ്ങളിലും ജിവിതാന്ത്യം വരെ കാത്തിരുന്ന തീവ്രബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. യൂജിന്റെയും വേനയുടേയും പ്രണയം തന്നെയാണ് ഐബിയുടേയും സാഷയുടേയും ജീവിതത്തില്‍ പ്രതിഫലിക്കുന്നത്. വേനയുടെ കഥയറിയാതെയുള്ള സാഷയുടെ വളര്‍ച്ച ഒടുവില്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ ഗതിമാറിയൊഴുകുന്ന സാഷയുടെ ജീവിതം വളരെ ഭദ്രമായി ചിത്രീകരിക്കുന്നുണ്ട് സന്തോഷ് ആവത്താന്‍. 

പൊളീന ഐബിയോട് പറയുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്. ''ഐബി... പ്രണയവും ജീവിതവും രാഷ്ട്രീയവും വെവ്വേറെ തലങ്ങളില്‍ നാം കാണേണ്ടതുണ്ട്, പ്രണയിക്കുന്നവര്‍ ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാവണമെന്നില്ല. ജീവിതത്തില്‍ ഒരുമിച്ചുള്ളവര്‍ പ്രണയിക്കണമെന്നും ഇല്ല. രാഷ്ട്രീയത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും തീഷ്ണവികാരങ്ങള്‍ നമ്മളില്‍ അലിഞ്ഞുചേരുമ്പോഴും ജീവിതമാകുന്ന സമാന്തരരേഖകളെ നാം മറന്നുകൂടാ... അങ്ങനെ മറന്ന് ജീവിതം മുന്നോട്ടുപോയ വ്യക്തിയാണ് ഞാന്‍. അതിലേറെ സങ്കടം പ്രണയത്തിന്റെ മൂര്‍ത്തീഭാവമായി ഞാന്‍ കണ്ട വേന ബ്രൗണിന്റെ ശിഷ്യയ്ക്ക്, ജീവിതത്തില്‍ അടിതെറ്റിയത് എവിടെയെന്നറിയില്ല''. പൊളീനയുടെ ഈ വാചകത്തില്‍ ജീവിതവും രാഷ്ട്രീയവും എങ്ങനെ വേര്‍പ്പെടുത്തണമെന്നവള്‍ പറയാതെ പറയുന്നുണ്ട്. അത് ഐബിയോടുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു. എന്നാല്‍ സാഷയ്ക്കും ഐബിയ്ക്കും സംഭവിച്ചത് ഇതേ ആവര്‍ത്തനങ്ങള്‍ തന്നെ. അവരറിയാതെ അവരുടെ ജീവിതം മറ്റാരോ തീരുമാനിക്കുകയായിരുന്നു. റഷ്യന്‍ പോലീസിന്റെ വലയില്‍ സാഷയും, സാഷയിലേക്ക് എത്താനാകാതെ ഐബിയും നിസ്സഹായരാകുന്നു. അപ്പോഴും പോളിനയും ലോണും അവര്‍ക്കുവേണ്ടിയും ദേശത്തിന്റെ തിരിച്ചുവരവിനുവേണ്ടിയും കാത്തിരിപ്പ് തുടരുന്നു.

സോവിയറ്റ് റഷ്യയുടെ ചരിത്രവും വര്‍ത്തമാനവും ചികയുന്ന ഈ നോവല്‍ കമ്മ്യൂണിസ്റ്റ് ഭാവിയുടെ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള എത്തിനോട്ടമാണ്. തിരുത്തലുകളും ഓര്‍മ്മപ്പെടുത്തലുമായി പുതിയ പ്രത്യയശാസ്ത്രങ്ങളുടെ വരവേല്പുകള്‍ സാധ്യമാക്കേണ്ടതിന്റെ ആവശ്യവും അടിവരയിടുന്നുണ്ട്. പ്രണയത്തിന്റെ  ഗന്ധം ചാലിച്ച് ഒതുക്കിയപ്പോള്‍ നോവലിന് ഭംഗിയും ഒതുക്കവും നല്‍കാന്‍ സന്തോഷ് ആവത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

Content highlights : yujin botkinte noottipanthrandu varshangal book review