ലയാള നോവല്‍സാഹിത്യത്തില്‍ എക്കാലവും ഉജ്ജ്വലമായി നില നില്‍ക്കുന്ന ചില നോവലുകളുണ്ട്. ചില ദേശങ്ങളുടെ ആത്മാവും ശരീരവും ഉള്‍ച്ചേര്‍ന്നു നിന്ന ഈ കൃതികളൊക്കെയും മലയാളിക്ക് പ്രിയപ്പെട്ടതായത് അവ പ്രസരിപ്പിച്ച ഗ്രാമ്യ ചാരുതയുടെ സുഖവായന കൊണ്ടു കൂടിയാണ്. ഒരു ദേശത്തിന്റെ കഥ, രണ്ടിടങ്ങഴി, ഖസാക്കിന്റെ ഇതിഹാസം, സ്മാരകശിലകള്‍, തട്ടകം തുടങ്ങിയവ ഉദാഹരണം. ദേശചരിത്രത്തിന്റെ ഭൂമികയില്‍ ചുവടുറപ്പിച്ചു നിന്നു കൊണ്ട് ഗ്രാമ്യ ജനതയുടെ വൈവിധ്യമാര്‍ന്ന ജീവിതാവസ്ഥകളെ സര്‍ഗ്ഗാത്മകമായ പ്രതലത്തില്‍ പ്രദര്‍ശിപ്പിച്ച ഈ കൃതികള്‍ക്കെല്ലാം അനേകം പിന്തുടര്‍ച്ചകളുമുണ്ടായിട്ടുണ്ട്. വായനക്കാര്‍ക്ക് മടുക്കാത്ത വിധം ആകര്‍ഷകമായ ഒരു നറേറ്റീവ് ടെക്‌നിക് ഇവയ്‌ക്കൊക്കെയും ഉണ്ടായിരുന്നു എന്നതാവാം ഇത്തരം കൃതികള്‍ക്ക് നല്ല ഒരു വായനാസമൂഹത്തെ സ്വന്തമായി കിട്ടിയതിന് കാരണം എന്ന് എനിക്ക് തോന്നുന്നു. അങ്ങനെയെങ്കില്‍ അത്തരത്തിലുള്ള ഒരു വായനയിലേക്ക് ചേര്‍ത്തുവെക്കാവുന്ന കൃതിയാണ് യാസര്‍ അറഫാത്തിന്റെ പ്രഥമ നോവലായ 'മുതാര്‍ കുന്നിലെ മുസല്ലകള്‍'. 

രാമനാട്ടുകരയ്ക്കും ഫറോക്കിനുമടുത്ത് കിടക്കുന്ന പഴങ്കോട്ട എന്ന നോവലിസ്റ്റിന്റെ സാങ്കല്‍പ്പിക ദേശത്തിന്റെ ഭൂതവര്‍ത്തമാനങ്ങളെ ഭാരതത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്കുള്ള ചരിത്ര സംഭവങ്ങളുമായി കണ്ണി ചേര്‍ത്ത് അല്പം ഹാസ്യത്തിന്റെ മേമ്പൊടി വിതറി സരസമായി പറയാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. പഴങ്കോട്ട ലോപിച്ച് 'പ' എന്നു മാത്രമായി ചുരുങ്ങുന്നതിലൂടെ ദേശത്തിന് കൃത്യമായ ഒരു സ്ഥല വ്യാഖ്യാനം നിരാകരിക്കപ്പെടുന്നത് നോവലിസ്റ്റിന്റെ രചനാതന്ത്രമാവാം. എങ്കില്‍ പോലും നിശ്ചിത ദേശത്തിന്റെ ഭാഷയിലും കഥാപാത്രവല്‍ക്കരണത്തിലും നോവലിസ്റ്റ് ക്യത്രിമത്വം കാണിക്കുന്നില്ല താനും. നേരത്തെ എടുത്തു പറഞ്ഞ നോവലുകളിലും മറ്റും വന്ന ദേശാഖ്യാനം പോലെ ഏത് കേരളീയ ഗ്രാമത്തിലും കണ്ടേക്കാവുന്ന പ്രാതിനിധ്യ സ്വഭാവമുള്ള നിരവധി കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമാണ് ഈ നോവലും. കമറു മാപ്പിളയും തെയ്യുമ്മയും കണ്ണപ്പന്‍ കോമരവും യൂസ്ലസ് ദിവാകരനും തങ്കന്‍ മുച്ചിയും ആലിപ്പാപ്പുവും കിറുക്കന്‍ ദിയോവൂസും എട്ടര നായരും മുട്ട്യാപ്ലയും ഒളവെട്ടൂരെളാപ്പയും തുരിപ്പും കാത്തിമദാമ്മയും പള്ളാപ്പുവും ബദറും കാദിറും സദ്ദാമും കുറുക്കനപ്പുവും ചന്ദ്രചൂഡന്‍ സഖാവുമൊക്കെയടങ്ങുന്ന ഒരു വിശാലമായ കഥാപാത്ര ശൃംഖല തന്നെ സൃഷ്ടിച്ച് 'പ' എന്ന ദേശത്തിന്റെ ഭൂപടം വരക്കുന്ന നോവലിസ്റ്റ് ചിരിച്ചു കൊണ്ട് കഥ പറയുന്ന ചാക്യാരുടെ വേഷത്തിലാണ്  സൂത്രധാര വേഷം കെട്ടുന്നന്നതെങ്കിലും എല്ലായ്‌പ്പോഴും അതങ്ങനെത്തന്നെ  നിലനിര്‍ത്താതെ ഇടയ്ക്ക് പൊള്ളുന്ന ചില ജീവിത യാഥാര്‍ത്ഥൃങ്ങളെ കഥയിലേക്ക് വലിച്ചിട്ട് വായനക്കാരെ വല്ലാതെ സംഘര്‍ഷത്തിലാക്കുന്നുമുണ്ട്. ബോംബെ കലാപത്തിന്റെ ചോരപ്പുഴയില്‍ നീന്തേണ്ടി വരുന്ന ബദറിന്റെ ദുര്യോഗങ്ങളെ അക്കമിട്ടു നിരത്തുമ്പോള്‍ വായനക്കാരന്റെ മുഖത്തെ സകല പുഞ്ചിരിയും മായ്ക്കത്തക്കവിധത്തില്‍ ആഖ്യാനം രൂക്ഷമാവുന്നത് കാണാം.

പുതുകാലത്തിന്റെ ദാര്‍ശനികമായ ഏതെങ്കിലും സമസ്യകളെ നിര്‍ധാരണം ചെയ്യാനോ നോവലിന്റെ പുതു ശബ്ദത്തെ പ്രതിനിധീകരിക്കാനോ ഒന്നും ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലാത്ത ഒരു നോവലാണ് ഇത്. നിശ്ചിതമായ ഒരു ഗ്രാമ്യ ദേശത്തിന്റെ കഥ ലളിതമായും സരസമായും പറയുക എന്നത് മാത്രമേ ഒരു പക്ഷെ, നോവലിസ്റ്റ് ഉദ്ദേശിച്ചു കാണുകയുള്ളു. ആദ്യത്തെ കുറച്ചു ഭാഗങ്ങള്‍ വായിക്കുമ്പോള്‍ നമുക്കങ്ങനെത്തന്നെയാണ് തോന്നുക. എന്നാല്‍ കഥ പുരോഗമിക്കെ നോവലിസ്റ്റിന്റെ കൈയടക്കത്തേയും ഭേദിച്ച് ജീവിതത്തിന്റെ നൈരന്തര്യങ്ങളെയും സങ്കീര്‍ണ്ണതകളെയും ഗൗരവമായി ആഖ്യാനം ചെയ്യുന്ന, മനുഷ്യജീവിതത്തിന്റെ സാഫല്യങ്ങളെയും വ്യര്‍ത്ഥതയെയും ഒരേ സമയം പ്രമേയവല്‍ക്കരിക്കുന്ന, ലൗകിക നേട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയെ അടയാളപ്പെടുത്തുന്ന ഒരു ദാര്‍ശനിക മുഖം നോവലിന് കൈവരുന്നതും കാണാം.

ഒളവെട്ടൂരെളാപ്പയുടെ 'ഇസ്തിദിക്കാറുസ്സഫര്‍ 'അഥവാ 'പ്രയാണത്തിന്റെ സ്മരണകള്‍' എന്ന ഓര്‍മ്മ ഗ്രന്ഥത്തിന്റെ താളുകളിലാണ് നോവല്‍ ഭൂമികയും കഥാപാത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. അവധൂത സ്വഭാവമുള്ള ഈ കഥാപാത്രമാണ് നോവലിന്റെ കേന്ദ്രത്തെ നിര്‍ണയിക്കുന്നതും. അതിനപ്പുറം തലയെടുപ്പുള്ള ഒരു നായക കഥാപാത്രത്തെ കേന്ദ്രമാക്കി കഥ പറയാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുമില്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും അവര്‍ പ്രത്യക്ഷപ്പെടുന്ന അദ്ധ്യായങ്ങളില്‍ അവരുടേതായ ഒരു നായകസ്ഥാനമുണ്ട് താനും.

ലളിത വായനയ്ക്ക് വഴങ്ങും എന്നതാണ് ഈ നോവലിന്റെ ഏറ്റവും ഗുണപരമായ വശം എന്ന് എനിക്ക് തോന്നുന്നു. അത്രമാത്രം വായനക്ഷമമായ ഒരു ആഖ്യാന കൗശലം ഈ നോവലിസ്റ്റിനുണ്ട്. അതു കൊണ്ട് വായന ഒരു ശിക്ഷയായി മാറുന്നില്ല. വായിച്ചു കഴിഞ്ഞാലും ഉള്ളില്‍ നിന്ന് കഥാപാത്രങ്ങള്‍ ഇറങ്ങിപ്പോവുന്നുമില്ല. കഥയ്ക്കും മേലെ വളരുന്ന വ്യക്തിത്വം അവയില്‍ പലതിനുമുണ്ട് എന്നതിനാല്‍ പ്രത്യേകിച്ചും.

നോവല്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Yasar Arafath Malayalam Novel Book Review, Mathrubhumi Books