അവതാരികയില്‍ എം.എ.ബേബി നിരീക്ഷിച്ചതുപോലെ പേരുകൊണ്ടുതന്നെ 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഫ്രഡറിക്കോ ഗാര്‍സ്യാ ലോര്‍ക്കയുടെ പ്രയോഗത്തെ ഓര്‍മിപ്പിക്കുന്ന ഈ നോവല്‍ 'മലയാളനാടിനെ വിഴുങ്ങിയ പ്രളയത്തിന്റെ വന്യഭാവം ഒരു ചിത്രകാരിയുടെ സൂക്ഷ്മതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു-ഷൈന എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജലനയനി' എന്ന നോവലിന് എഴുത്തുകാരന്‍ എന്‍. ശശിധരന്‍ എഴുതിയ പഠനക്കുറിപ്പ് വായിക്കാം.  

ഒരെഴുത്തുകാരനെ/എഴുത്തുകാരിയെ രൂപപ്പെടുത്തുന്ന ജനിതകഘടകങ്ങള്‍ എന്തൊക്കെയാവും എന്ന് പലപ്പോഴും വെറുതേ ആലോചിച്ചുപോവാറുണ്ട്. കൃത്യമായ ഒരുത്തരം ലഭിക്കില്ല എന്ന അറിവോടെത്തന്നെയാണ് ഈ ആലോചന പിറക്കുന്നത്. എഴുത്തുകാരും മറ്റു മനുഷ്യരും തമ്മില്‍ ജൈവികമായ അന്തരങ്ങള്‍ ഒന്നുമില്ലെന്നിരിക്കേ, ഒരാളുടെ സര്‍ഗാത്മകതയുടെ ഉറവിടങ്ങള്‍ എന്തൊക്കെയാവും എന്ന് അന്വേഷിക്കുക സ്വാഭാവികമാണ്. എഴുത്ത് എന്ന പ്രവൃത്തി ചെയ്യുന്ന മനുഷ്യനും ചെയ്യാത്ത മനുഷ്യനും തമ്മിലുള്ള വിയോജിപ്പുകളിലെവിടെയോ ആണ് ഈ പ്രഭവത്തിന്റെ വേരുകള്‍ തിരയേണ്ടത് എന്നു തോന്നുന്നു. അതീത ബാല്യത്തിന്റെ ഓര്‍മകളില്‍നിന്നും അനുഭവങ്ങളില്‍നിന്നും രൂപപ്പെട്ട്, വളരുംതോറും വികസ്വരമാവുന്ന സ്വത്വത്തിന്റെ മുറിവുകളും ആധികളുമാണ് എഴുത്തുകാരുടെ സര്‍ഗാത്മകതയുടെ അടിസ്ഥാനഭൂമിക. കൊടിയ ഏകാന്തതയും ആത്മനിന്ദയുമാണ് ഇതിന്റെ വൈയക്തികഫലങ്ങള്‍. 

ലോകപ്രശസ്ത കവിയും നൊബേല്‍ ജേതാവുമായ വിന്‍സെന്റേ അലക്സാന്ദ്രേ, ഈ ഏകാന്തതയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:'ഈ ഏകാന്തത ആര്‍ത്തനാദം പുറപ്പെടുവിക്കുന്ന ഒന്നാണ്. എങ്കിലും വ്യസനത്താല്‍ പ്രകാശം പരത്തുന്നത്.' എഴുത്തുകാരുടെ സര്‍ഗാത്മകതയുടെ അടരുകള്‍ തിരയേണ്ടത് അവിടെയാണ്. എഴുതുന്ന ആള്‍ സ്ത്രീ ആയിരിക്കുമ്പോള്‍ സര്‍ഗാത്മകതയുടെ ഘടനകള്‍ കുറെക്കൂടി സങ്കീര്‍ണമാവുന്നു. സ്ത്രീ എന്ന നിലയില്‍ കുടുംബത്തിനകത്തും പുറത്തും അവള്‍ നേരിടുന്ന ആണ്‍കോയ്മയുടെ അധികാരഘടനകള്‍ക്ക് അകത്ത് നിന്നുകൊണ്ടു മാത്രമേ എഴുത്തുകാരിയായ സ്ത്രീക്ക് തന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കാനാവൂ. 

സാമ്പത്തികവും സാമൂഹികവും ലൈംഗികവും സത്താപരവുമായ അപമാനമാണ് അവളുടെ വിധി. ഈ അപമാനത്തെ നേരിട്ടുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും മാത്രമേ അവള്‍ക്ക് സര്‍ഗാത്മകതയുടെ പഥങ്ങളില്‍ യാത്ര ചെയ്യാനാവൂ. മലയാളത്തിലെ എല്ലാ എഴുത്തുകാരികളും എല്ലാ കാലത്തും ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്. ഇവിടെയാണ് കേരളീയരുടെ പുകള്‍പെറ്റ സാംസ്‌കാരികബോധത്തെപ്പറ്റി നാം ലജ്ജിച്ചുപോവുക. സ്ത്രീപക്ഷചിന്തകള്‍ക്ക് വലിയ അംഗീകാരം ലഭിക്കുകയും അവ പാഠപുസ്തകങ്ങളില്‍ പാഠ്യവിഷയമായിത്തീരുകയും ചെയ്ത ഒരു സംസ്ഥാനമാണ് നമ്മുടേത്. 

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാര്‍പ്പണം നടത്താന്‍ സന്നദ്ധരായ എത്രയോ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. എങ്കിലും വെര്‍ജീനിയാ വൂള്‍ഫ് ആഗ്രഹിച്ചതുപോലെ, എഴുതാന്‍ 'സ്വന്തമായി ഒരു മുറി' പോയിട്ട് 'ഒരടുക്കളച്ചേതി'(അടുക്കളയോടു ചേര്‍ന്നുള്ള വീതികുറഞ്ഞ വരാന്ത) പോലും നമ്മുടെ എഴുത്തുകാരികള്‍ക്ക് സ്വന്തമാക്കാനാവുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാഗ്രഹിക്കുന്ന, 'വിമോചിത' എന്ന് സ്വയം സങ്കല്പിക്കുന്ന സ്ത്രീകള്‍ക്കുപോലും കുടുംബത്തിനകത്ത് സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കായി പുരുഷന്റെ ഔദാര്യം യാചിക്കേണ്ടിവരുന്നു.

ഷൈനയുടെ ജലനയനി എന്ന നോവല്‍ വായിച്ചുതീര്‍ത്തപ്പോഴാണ് ഇങ്ങനെയൊക്കെ ആലോചിച്ചുപോയത്. ഒരെഴുത്തുകാരി സ്വന്തം സ്വത്വത്തിനും സമൂഹത്തിനുമിടയില്‍ അനുഭവിക്കേണ്ടിവരുന്ന പിടച്ചിലുകളുടെയും കുതറലുകളുടെയും സാക്ഷ്യപത്രമാണ് ഈ നോവല്‍. പ്രമേയാഖ്യാനത്തിനും പരിചരണത്തിനും അപ്പുറത്ത്, ചില കൃതികള്‍ എഴുത്തുകാരന്‍/എഴുത്തുകാരി രചനാവേളയില്‍ അനുഭവിച്ച സംഘര്‍ഷങ്ങളെയും വ്യസനങ്ങളെയും സാക്ഷ്യപ്പെടുത്താറുണ്ട്. ഷൈനയെ സംബന്ധിച്ച് അത് പൂര്‍ണതയെക്കുറിച്ചുള്ള സാക്ഷാത്ക്കരിക്കപ്പെടാത്ത സങ്കല്പവും എഴുത്തിലൂടെ മറികടക്കാന്‍ ആഗ്രഹിക്കുന്ന ആത്മനിന്ദയുടെ തീരാശാപവുമാണെന്ന് ജലനയനി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

shynaജലനയനി ഷൈനയുടെ അഞ്ചാമത്തെ നോവലാണ്. ഇവയില്‍ മൂന്നെണ്ണം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. രണ്ടാമത്തെ നോവലായ ആവിലാക്കരയിലെ പെണ്‍വൃത്താന്തങ്ങള്‍ ഒരു സ്ത്രീപക്ഷരചനയായിരുന്നു. സ്ത്രീപക്ഷരചനകള്‍ക്ക് മലയാളത്തില്‍ പൊതുവേ കണ്ടുവരുന്ന പ്രകടനപരതയും 'ജാര്‍ഗണുക'ളും ഇല്ലാത്ത ഒരു സ്വതന്ത്രലോകം സൃഷ്ടിക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞു. പരിചിതാനുഭവങ്ങളെയും അപരിചിതാനുഭവങ്ങളെയും നോവലിന്റെ ഘടനയില്‍ നിബന്ധിക്കുമ്പോള്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളെ അതിജിവിക്കാന്‍ ആഖ്യാനത്തിനു കഴിഞ്ഞില്ല എന്ന ഒരു പരിമിതിയേ ആ നോവലിനുണ്ടായിരുന്നുള്ളൂ. എങ്കിലും എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കാന്‍പോന്ന ആര്‍ജവം അതിന്റെ സവിശേഷതയായിരുന്നു.
2018-ല്‍ പ്രഥമ സന്തോഷ് ജോഗി പുരസ്‌കാരം നേടിയ ചരരാശി പല നിലയ്ക്കും പൂര്‍ണതയുള്ള നോവലായിരുന്നു. അധഃസ്ഥിതരുടെ കോളനിയായ 'പൈപ്പിന്‍കുന്ന്' എന്ന ദേശത്ത് പുരോഗതിയുടെ പേരിലുള്ള നാഗരികതയുടെ കടന്നുകയറ്റം എങ്ങനെ ജനവിരുദ്ധവും ചരിത്രവിരുദ്ധവുമായിത്തീരുന്നു എന്നാണ് ചരരാശിയില്‍ നാം വായിക്കുക. 

ഒരുവശത്ത് പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന കൈയേറ്റങ്ങളുടെ അവസാനിക്കാത്ത ആവര്‍ത്തനങ്ങള്‍, മറുവശത്ത് ചരിത്രത്തെയും സംസ്‌കൃതിയെയും നോക്കുകുത്തികളാക്കി നിര്‍ത്തുന്ന മനുഷ്യന്റെ ലാഭേച്ഛയുടെയും സ്വാര്‍ഥതയുടെയും അഴിഞ്ഞാട്ടങ്ങള്‍; അതിനുമപ്പുറം പ്രകൃതി- സ്ത്രീ എന്ന അദ്വൈതത്തെ മുറുകെപ്പിടിക്കുന്ന കാമനകളുടെ അപൂര്‍വതകള്‍: അങ്ങനെ ചരരാശിയുടെ ഭൂമിക വളര്‍ന്നുകൊണ്ടിരിക്കുന്നു.

2018-ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ജലനയനി. അവതാരികയില്‍ എം.എ.ബേബി നിരീക്ഷിച്ചതുപോലെ പേരുകൊണ്ടുതന്നെ 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഫ്രഡറിക്കോ ഗാര്‍സ്യാ ലോര്‍ക്കയുടെ പ്രയോഗത്തെ ഓര്‍മിപ്പിക്കുന്ന ഈ നോവല്‍ 'മലയാളനാടിനെ വിഴുങ്ങിയ പ്രളയത്തിന്റെ വന്യഭാവം ഒരു ചിത്രകാരിയുടെ സൂക്ഷ്മതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യവും സംഘര്‍ഷവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.' 

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വസ്തുതാപരമായ കൃത്യതയോടെ കലാത്മകമായി ഒരു നോവല്‍ എഴുതാനുള്ള എല്ലാ മുന്നൊരുക്കവും ഷൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ, ആവിലാക്കരയിലെ പെണ്‍വൃത്താന്തങ്ങളും ചരരാശിയും വായിച്ച ഒരാളെന്ന നിലയില്‍ ജലനയനി എന്നെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ആ അദ്ഭുതം വായനക്കാരുമായി പങ്കിടുവാന്‍ മാത്രമാണ് ഇങ്ങനെയൊരു ആമുഖം ഞാന്‍ കുറിക്കുന്നത്. നോവലിന്റെ പ്രമേയപരമായ ബഹുത്വത്തെക്കുറിച്ചോ പാത്രസൃഷ്ടിയുടെ മികവിനെക്കുറിച്ചോ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശ്യമില്ല. ഒരെഴുത്തുകാരി എന്ന നിലയില്‍ ഈ നോവലില്‍ ഷൈന സാക്ഷ്യപ്പെടുത്തുന്ന സര്‍ഗാത്മകമായ ഈടുവെപ്പുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ സാധ്യമല്ല.

എണ്ണമറ്റ മനുഷ്യര്‍ക്കൊപ്പം കാടും മലയും വയലും പുഴയും അവയുടെ ആവാസവ്യവസ്ഥയ്ക്കകത്ത് ജൈവികതയുടെ അടയാളങ്ങളായി നിലനില്ക്കുന്ന ചെറുതും വലുതുമായ ജീവികളും ജലനയനിയുടെ സര്‍ഗാത്മകതയെ പ്രഫുല്ലവും വികസ്വരവുമാക്കുന്നു. ഏതോ ഗിരിനിരകളില്‍നിന്ന് ഉദ്ഭവിച്ച് അനേകം ചെറുചാലുകളായി കുത്തിയൊഴുകി, കൈവഴികള്‍ ഒന്നുചേര്‍ന്ന് മഹാപ്രവാഹമായി, കടന്നുപോകുന്ന തീരങ്ങളിലെല്ലാം വന്യമായ പ്രതികരണങ്ങളുതിര്‍ത്ത് പ്രകൃതിയെയും മനുഷ്യരെയും വെല്ലുവിളിച്ച് മുന്നേറുന്ന ഒരു മഹാപ്രവാഹമാണ് ഈ സര്‍ഗാത്മകത. 

ഷൈന എന്ന എഴുത്തുകാരിക്ക് ഭാഷ, കഥ പറയുവാനുള്ള ഉപാധിയല്ല. മനുഷ്യപ്രകൃതിയെയും ഭൂപ്രകൃതിയെയും സമന്വയിച്ച് ഒന്നാക്കുന്ന അദ്വൈതഭാവമാണ്. 'കുന്നുകള്‍ പറയുന്നു' എന്ന അധ്യായം ആരംഭിക്കുന്നത് നോക്കൂ:'ആകാശത്തെ തൊട്ട് തപം ചെയ്തു നില്ക്കുന്ന ശിലാശൈലങ്ങള്‍ മൗനത്തിന്റെ കാവല്‍ക്കാരനെപ്പോലെ മഹാകാരംപൂണ്ട് നിശ്ചലതയിലമര്‍ന്നിരിക്കുമ്പോള്‍ തന്റെ കൊച്ചുജീവിതത്തെക്കുറിച്ച് ആലോചിച്ച്, താഴേ പാറവെട്ടിയുണ്ടാക്കിയ പാതയുടെ ഓരത്തുള്ള കല്ലിന്മേല്‍ ഇരിക്കുകയായിരുന്നു രാജന്‍.

കണ്ടുകണ്ടങ്ങിരിക്കവേ ഏകാന്തനായ വലിയൊരു മനുഷ്യനായി മല അവന്റെ മുന്നില്‍ വെളിപ്പെടുംപോലെ. ശാന്തനായ അവന്‍ സ്വച്ഛമായ ഭൂമിയെയും ആകാശത്തെയും മരങ്ങളെയും പറ്റി ചിന്തിച്ചു.അവന്റെ ഉള്ളിലിപ്പോള്‍ കീഴടങ്ങിയാലും കീഴടങ്ങാത്ത ഒരജയ്യതയായി ഭൂമി വന്നു നിറഞ്ഞു. വെളിവാക്കപ്പെടുന്നതും, അതേസമയം ഗൂഢവുമായ ഒരു താളക്രമം ഉള്ളിലൊളിപ്പിച്ചാണ് ഭൂമിയിലെ ഓരോന്നിന്റെയും നിലനില്പെന്ന് അവന്‍ തന്നോടായി പറഞ്ഞു.'

അതേ, 'വെളിവാക്കപ്പെടുന്നതും അതേസമയം ഗൂഢവുമായ ഒരു താളക്രമം.' അതാണ് ജലനയനിയുടെ ഫലശ്രുതി. ഇതിലും നന്നായി നോവലിന്റെ സര്‍ഗാത്മകലാവണ്യത്തെ നിര്‍വചിക്കുക പ്രയാസമാണ്.
പ്രകൃതിയെ മനുഷ്യവികാരങ്ങളുടെ വാഗ്രൂപങ്ങളാക്കുക വഴി സകല പ്രകൃതിപ്രതിഭാസങ്ങളിലും മനുഷ്യചേതനയുടെ വ്യത്യസ്ത ഭാവങ്ങള്‍ കണ്ടെത്താനും അവയെ സ്ത്രൈണതയുടെ ഭാഗമാക്കി മാറ്റാനുമുള്ള നോവലിസ്റ്റിന്റെ കഴിവ് ജലനയനിയിലുടനീളം പ്രകടമാണ്. അണക്കെട്ടിലെ സമാധിസ്ഥമായ ജലം അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് നോക്കുക:
'കൈത്തലമുയര്‍ത്തി, കാല്‍ത്തള കിലുക്കി, കാല്‍വണ്ണകള്‍ പുറത്തേക്കിട്ട് തന്റെ ഞൊറിക്കുത്തഴിച്ചവള്‍ ഉടുപുടവകള്‍ നീര്‍ത്തിയിട്ട് ഒഴുകിത്തുടങ്ങി. പിന്നെ അതൊരു പൊട്ടിപ്പുറപ്പെടലായിരുന്നു. 

തുടക്കത്തില്‍ ചെറുതായൊന്നു പുറത്തേക്കൊഴുകിത്തുടങ്ങിയ ജലത്തിന്, തന്നെ തടഞ്ഞുകെട്ടി തന്റെ ജലഘോഷങ്ങള്‍ക്ക് അതിരുകളിട്ട മനുഷ്യരെക്കാണെ, ഉള്ളില്‍ തീ പാറി. കണ്ണുകള്‍ ചുവന്നു. കോപംകൊണ്ട് കവിളുകള്‍ വലിഞ്ഞുമുറുകി. അവള്‍ രക്തംപോലെ ജലം ഒഴുക്കിത്തുടങ്ങി. അലക്കൈകള്‍ ഉയര്‍ത്തി ഇരുകരകളിലും തടംതല്ലി വെല്ലുവിളിപോലെ അവള്‍ മുഖമുയര്‍ത്തി. തന്നിലേക്കൊഴുകും ജലത്തെ വീണ്ടും ആവാഹിച്ച് അവള്‍ ചുരുങ്ങിപ്പോയ ഉദരപേശികള്‍ വലിച്ചിട്ട് തന്റെ ബൃഹദാകാരം അനന്തതപോലെ പടര്‍ത്താന്‍ തുടങ്ങി.'

ജലത്തെ മാത്രമല്ല, സകല പ്രകൃതിസാന്നിധ്യങ്ങളെയും ഇങ്ങനെ സ്ത്രൈണഭാവുകത്വത്തിന്റെ ഭാഗമാക്കുന്ന ആഘോഷം ജലനയനിയില്‍ എമ്പാടുമുണ്ട്. ചിലപ്പോള്‍ അവള്‍, 'മുല പറിച്ച് വലിച്ചെറിയുന്ന' കടമ്മനിട്ടയുടെ 'കുറത്തി'യെപ്പോലെ രൗദ്രഭാവം കൈക്കൊള്ളുന്നു; മറ്റുചിലപ്പോള്‍ ഏകാകിനിയും അശരണയുമായി തേങ്ങുന്നു; സ്നേഹവും സാന്ത്വനവും അഭയവും നല്കുന്ന അമ്മയെപ്പോലെ മുല ചുരത്തുന്നു; മിത്തുകളുടെയും ആദിമമായ ഗോത്രസ്മൃതികളുടെയും തായ്വേരുകള്‍ തേടുന്നു. നോവലിലെ എണ്ണമറ്റ സ്ത്രീകഥാപാത്രങ്ങളെല്ലാം പല വിതാനങ്ങളില്‍ അടയാളപ്പെടുത്തുന്ന പെണ്‍മയുടെ ലോകം മലയാളനോവലില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു ചുവടുവെപ്പാണ്.

ജലനയനിയുടെ പ്രമേയഘടനയും ആഖ്യാനഭാഷയും തമ്മില്‍, മുന്‍പേ പറഞ്ഞ അദ്വൈതദര്‍ശനത്തിന്റെ ഇഴയടുപ്പമുണ്ട്. നോവലും ഭാഷയും വേറിട്ടുനില്ക്കാതെ വൈകാരികസന്ധികളെ സമന്വയിപ്പിച്ച് മുന്നേറുന്ന പരിചരണമാണ് നോവലിസ്റ്റ് വിജയകരമായി പരീക്ഷിച്ചുകാണുന്നത്. വാക്കുകള്‍ തന്തിവാദ്യങ്ങള്‍പോലെ പ്രചണ്ഡമായും പുല്ലാങ്കുഴല്‍പോലെ വിഷാദഭരിതമായും പെരുമ്പറകള്‍പോലെ ഗര്‍ജനമായും മാറിമാറി ശ്രുതിമീട്ടുന്ന അനുഭവമാണ് നോവല്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നത്. ചിലയിടത്ത് വര്‍ണങ്ങളുടെയും രൂപങ്ങളുടെയും വിന്യാസംകൊണ്ട്, ജലച്ചായാചിത്രങ്ങള്‍പോലെ, നമ്മെ വിസ്മയിപ്പിക്കും. 

പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ ഗോപാലന്‍ എല്‍സിയുടെ മൃതദേഹം കണ്ടെത്തുന്നത് ഒരുദാഹരണം മാത്രം:'ജലച്ചെടിയുടെ വേരുകള്‍പോലെ കക്ഷത്തിലെ രോമക്കാടുകള്‍ക്കിടയിലൂടെ കുഞ്ഞുമീനുകള്‍ ചലിച്ചുകൊണ്ടിരുന്നു. അവ ഇടയ്ക്കിടെ അവളുടെ വക്ഷോജങ്ങളെ അലങ്കരിച്ചുനിന്ന പായലുകള്‍ക്കിടയിലൂടെ നീന്തിത്തുടിച്ച്, തുറന്നുവെച്ച അവളുടെ വായയ്ക്കുള്ളിലും കണ്ണുകളിലും ചെന്നുനിന്നു. ചില നിമിഷങ്ങളില്‍ അവ നിശ്ചലതയില്‍ അമര്‍ന്നു. ഏതെല്ലാമോ ജീവികള്‍ തിന്നുതീര്‍ത്ത വിരലുകളുടെ അഗ്രങ്ങള്‍ തേഞ്ഞും അരിച്ചും വിറങ്ങലിച്ചും കാണപ്പെട്ടു.' 
വാക്കുകള്‍, ചേക്കേറുന്ന പറവകളെപ്പോലെ വിശ്രാന്തിയുണര്‍ത്തുന്ന കാഴ്ചയും പലയിടത്തായി കാണാം.

പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേയുള്ള ഒരു ചൂണ്ടുവിരലാണ് ജലനയനി. '...മനുഷ്യന്‍ നന്മ മാത്രമല്ല നട്ടുവെച്ചത്, ആപത്തുകളും നട്ടുവെച്ചു. ആവശ്യമുള്ളത് മാത്രമല്ല അവന്‍ എടുത്തത്. അധികവും അരുതാത്തതും എടുത്തു' എന്ന് നോവലിസ്റ്റുതന്നെ സാക്ഷ്യപ്പെടുത്തുന്നു. ആ നിലയ്ക്ക് നോവലിന് പ്രതിരോധത്തിന്റെതായ ഒരു രാഷ്ട്രീയമൂല്യമുണ്ട്. ജൈവികവും പാരിസ്ഥിതികവുമായ ഒരു രാഷ്ട്രീയമാണ് നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രളയത്തിനുശേഷം ലോകമൊട്ടുക്കുമുള്ള ജനങ്ങള്‍ ഇപ്പോള്‍ മറ്റൊരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 'കോവിഡ്-19' എന്ന ഈ ദുരന്തത്തെയും മറ്റൊരു തലത്തില്‍ ജലനയനി അഭിസംബോധന ചെയ്യുന്നുണ്ട്.

ജലനയനി മലയാളനോവലില്‍ പുതിയ തുറസ്സുകള്‍ സൃഷ്ടിക്കുമെന്നും വരുംനാളുകളില്‍ ഇതിലും മികച്ച നോവലുകളുമായി ഷൈന എന്ന എഴുത്തുകാരി നമ്മെ വീണ്ടും വിസ്മയിപ്പിക്കുമെന്നും എനിക്കുറപ്പുണ്ട്.

Content Highlights: Writer n Sasidharan reviews the novel jalanayani Written by Shyna