സചിന്‍ദേവ് ബര്‍മന്‍, ഖയ്യാം, എന്‍. ദത്ത, രോഷന്‍, മദന്‍ മോഹന്‍, രവി, ജയ്ദേവ് തുടങ്ങിയ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് അവിസ്മരണീയ ഗാനങ്ങള്‍ സൃഷ്ടിച്ചവന്‍ സാഹിര്‍ ലുധിയാന്‍വിയെക്കുറിച്ച് കെപി എ സമദ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാഹിര്‍: അക്ഷരങ്ങളുടെ ആഭിചാരകന്‍' എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി.
ജോലി തേടി ബോംബെയിലെത്തുമ്പോള്‍ കേരളത്തിലെ ആകാശവാണിയെ പിരിയുന്നതാണ് ഏറ്റവും സങ്കടമുണ്ടാക്കിയതെന്ന് ഇതിനു മുമ്പ് പലവട്ടം എഴുതിയിട്ടുണ്ട്. കേരളത്തിലെ നിലയങ്ങളൊന്നും അവിടെ കിട്ടില്ല. ടിവിയൊന്നും അത്രയ്ക്കു പ്രചാരത്തിലായിരുന്നുമില്ല. അന്ന് ആശ്വാസമായത് ആകാശവാണിയുടെ വിവിധ് ഭാരതിയാണ്. രാവിലെ വിളിച്ചുണര്‍ത്തുന്നതും രാത്രി പത്തരയ്ക്ക് ശുഭരാത്രി പറഞ്ഞ് ഉറക്കുന്നതും വിവിധ് ഭാരതി തന്നെ.
ആ ദിനചര്യയ്ക്കിടയ്ക്കാണ് ഹിന്ദി സിനിമാപ്പാട്ടുകള്‍ ജീവിതമായത്. എഴുപതുകളുടെ മദ്ധ്യകാലത്ത് എന്നെ എതിരേറ്റത് 'കോറാ കാഗസി' ലെ 'മേരാ ജീവന്‍ കോറാ കാഗസ്, കോറാ ഹി രെഹ് ഗയാ' എന്ന കിഷോര്‍പ്പാട്ടാണ്. ഇന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സങ്കടവും സന്തോഷവും എന്നെ പൊതിയാന്‍ തുടങ്ങും. കേള്‍ക്കണമെന്നും വേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന പാട്ട്.
ഹിന്ദി നേരാംവണ്ണം അറിയില്ല. ഉര്‍ദു തീരെയും അറിയില്ല. എന്നിട്ടും ഹിന്ദി സിനിമാപ്പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. വിവിധ് ഭാരതിയിലൂടെ ജീവിച്ച ഞാന്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിരുന്ന പേരാണ് സാഹിര്‍ ലുധിയാന്‍വി.
ഹസ്രത് ജയ്പുരി, ഇന്ദീവര്‍, ശകീല്‍ ബതായുനി, ശൈലേന്ദ്ര, മജ്രൂഹ് സുല്‍ത്താന്‍പുരി, ജാനിസര്‍ അഖ്തര്‍, കൈഫി ആസ്മി, ആനന്ദ് ബക്ഷി, രാജേന്ദ്രകിഷന്‍, ഗുല്‍സാര്‍ എന്നിങ്ങനെ നിരവധി പാട്ടെഴുത്തുകാരുണ്ടായിരുന്നുവെങ്കിലും സാഹിര്‍ ലുധിയാന്‍വി എന്ന പേരില്‍ത്തന്നെ ഒരു സംഗീതമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ആ പേര് എന്നെ അത്രയധികം ആകര്‍ഷിച്ചതുകൊണ്ടാണ് കെ.പി.എ. സമദ് എഴുതിയ 'സാഹിര്‍ അക്ഷരങ്ങളുടെ ആഭിചാരകന്‍' എന്ന പുസ്തകം വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.
കുട്ടിക്കാലത്തേ കേട്ട ഹിന്ദി പാട്ടുകളിലൊന്നാണ് ''സര്‍ ജോ തേരാ ചക്രായേ, യാ ദില്‍ ഡൂബാ ജായേ, ആവോ പ്യാരേ പാസ് ഹമാരേ കാഹേ ഘബ്രായ്''. അതിലെ 'കാഹേ ഘബ്രായ്' എന്ന വരി 'ആകെത്തകരാറായ്' എന്നാണ് ഞാന്‍ ധരിച്ചുവെച്ചിരുന്നത്.
'ചൗഥ്വിന്‍ കാ ചാന്ദ് ഹോ', 'കഭീ കഭീ മേരെ ദില്‍ മേ', 'സിന്ദഗി ഭര്‍ നഹീ ഭൂലേഗി', 'നീലേ ഗഗന്‍ കീ തലേ', 'മന്‍രേ തൂ കാഹെ ന ധീര്‍ ധരേ', 'അയ് മേരി സൊഹ്റജബീന്‍', 'അല്ലാഹ് തേരോ നാം', 'തൂ ഹിന്ദു ബനേഗാ ന മുസല്‍മാന്‍ ബനേഗാ', 'ഠണ്ഡീ ഹവായേ ലഹ്രാ കേ ആയേ', 'ജാനേ ക്യാ തൂ നേ കഹി', 'ദോ ബൂന്ദേം സാവന്‍ കീ', 'പര്‍ബതോം കെ പേഡോം പര്‍', 'രിം ഝിം രിം ഝിം മേഘാ ബര്‍സേ', 'ജൊ വാദാ കിയാ വോ നിഭാനാ പഡേഗാ', 'ജോ ബാത് തുഝ് മേ ഹെ', 'രാത് ഭി ഹെ കുഛ് ഭീഗി ഭീഗി', 'കോന്‍ ആയാ കി നിഗാഹോം മെ ചമക് ജാ ഉഠീ', 'ലാഗാ ചുന്‍രി മേ ദാഗ്', 'മേ സിന്ദഗീ കാ സാഥ് നിഭാതാ കേ ചലാ ഗയാ', 'തേരാ പ്യാര്‍ കാ ആസ്റാ ചാഹ്താ ഹും', 'ജായേ തോ ജായേ കഹാം''...ഇങ്ങനെ ബോംബെ വാസക്കാലം എന്റെ മനസ്സില്‍ ഈണത്തിന്റെ വിത്തു പാകിയ ഈ പാട്ടുകളെല്ലാം സാഹിര്‍ ലുധിയാന്‍വി എഴുതിയതാണെന്ന് ഈ പുസ്തകം വായിച്ചപ്പോഴാണ് അറിയുന്നത്!

ആരായിരുന്നു സാഹിര്‍ ലുധിയാന്‍വി? സചിന്‍ദേവ് ബര്‍മന്‍, ഖയ്യാം, എന്‍. ദത്ത, രോഷന്‍, മദന്‍ മോഹന്‍, രവി, ജയ്ദേവ് എന്നിങ്ങനെ വിവിധ സംഗീതസംവിധായകരോടു ചേര്‍ന്ന് നിരവധി നിരവധി ജനപ്രീതി നേടിയ ഗാനങ്ങള്‍ സൃഷ്ടിച്ചവന്‍, ചലച്ചിത്രരംഗത്ത് പാട്ടെഴുത്തുകാര്‍ക്കുള്ള വിലയ്ക്കു വേണ്ടി പോരാടിയവന്‍ (സാഹിറിന്റെ നിരന്തരമായ പോരാട്ടങ്ങള്‍ക്കു ശേഷമാണ് ആകാശവാണി പാട്ടെഴുത്തുകാരുടെ പേരുകള്‍ അനൗണ്‍സ് ചെയ്യാന്‍ തുടങ്ങിയത്), വരികളാണ് ഈണത്തിനു മുകളില്‍ എന്ന തന്റെ നിലപാട് അംഗീകരിക്കാത്തതുകൊണ്ട് സച്ചിന്‍ദേവ് ബര്‍മ്മനെയും ജയദേവിനെയും പിണക്കിയവന്‍, 'ലത പാടാതെ ഹിറ്റാവുകയില്ലെങ്കില്‍ ഞാന്‍ പാട്ടെഴുത്തു നിര്‍ത്തി മുറുക്കാന്‍ കട തുടങ്ങും' എന്ന് പ്രഖ്യാപിച്ച് ആ സമയത്ത് കയ്യിലുണ്ടായിരുന്ന പതിനൊന്ന് പടങ്ങളില്‍ ഒമ്പതും നഷ്ടപ്പെടുത്തിയവന്‍ (രണ്ടു വര്‍ഷം കഴിഞ്ഞ് ലത പിണക്കം ഉപേക്ഷിച്ച് തിരിച്ചുവന്നു), ഉര്‍ദുവിലും ശുദ്ധഹിന്ദിയിലും ഒരു പോലെ മനോഹരഗാനങ്ങള്‍ എഴുതിയവന്‍ (പടങ്ങള്‍ പലതും പരാജയപ്പെട്ടപ്പോഴും പാട്ടുകള്‍ പ്രിയങ്ങളായി)... വിശേഷണങ്ങള്‍ ഏറെയുണ്ട്.
അവിവാഹിതനായിരുന്നു. പക്ഷേ അമൃതാപ്രീതവും സുധാ മല്‍ഹോത്രയുമടക്കം നിരവധി പേരുമായി പ്രണയബന്ധങ്ങളുണ്ടായിരുന്നു. മകനു വേണ്ടി മാത്രം ജീവിച്ച സര്‍ദാര്‍ ബേഗത്തിനു വേണ്ടി മാത്രം ജീവിച്ച മകനായിരുന്നു.
ഇടതുപക്ഷ ആശയങ്ങള്‍ക്കൊപ്പമായിരുന്നു. പാട്ടുകളിലും അവ നിറഞ്ഞുനിന്നിരുന്നു. സാഹിര്‍ എന്നത് തൂലികാനാമമായിരുന്നു. ആഭിചാരകന്‍ എന്നാണ് അര്‍ത്ഥം. ശരിക്കുള്ള പേര് അബ്ദുള്‍ ഹയി. ഹയി എന്നാല്‍ അനശ്വരന്‍ എന്നാണര്‍ത്ഥം. പക്ഷേ അത് അച്ഛന്‍ ഫസല്‍ മുഹമ്മദ് അതേ പേരുള്ള അയല്‍ക്കാരനെ തെറി വിളിക്കാന്‍ ഉപയോഗിക്കാനിട്ടതായിരുന്നു.
എഴുതാനാണെങ്കില്‍ എത്രയോ ബാക്കിയുണ്ട്.
'സാഹിര്‍ അക്ഷരങ്ങളുടെ ആഭിചാരകന്‍' എന്ന ഈ പുസ്തകം വായിക്കാന്‍ ഞാന്‍ ഏറെ ദിവസങ്ങളെടുത്തു. ഉര്‍ദു ഭാഷ വശമില്ലാത്ത ഞാന്‍ വരികളും അതിനുള്ള പരിഭാഷയും ഒരുപോലെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. പോരാത്തതിന് ഓരോ പാട്ടും യൂട്യൂബില്‍ തേടിയെടുത്ത് വരികളോടൊപ്പം കേട്ടു.
സഫലമായ ഒരു വായനയായിരുന്നു അത്. ഈ പുസ്തകം കുറച്ചുകാലം കൂടി എന്റെ നെഞ്ചോടൊപ്പമുണ്ടാവും. ഇതെഴുതിയ കെ പി എ സമദിന്റെ എഴുത്തുജീവിതവും സഫലമായിരിക്കുന്നു.
Content Highlights: Writer Ashtamoorthi reviews Sahir Aksharangalude Abhicharakan by KPA Samad Mathrubhumi Books