നിതാദിനങ്ങളില്‍പ്പോലും ഓര്‍മ്മിക്കപ്പെടാത്ത ചില പെണ്ണുങ്ങളുണ്ട്. ജീവിക്കുന്ന ലോകത്തിന്റെ ഏതൊക്കെയോ സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ നരകയാതനകളുടെ ഇരുണ്ട അകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവര്‍, പുറത്തൊരു ജീവിതം അസാധ്യമായപ്പോള്‍ അകത്തേക്കുള്ള വഴി സ്വയം തിരഞ്ഞെടുത്തവര്‍, അകാരണമായി അകത്തായിപ്പോയവര്‍. അവരെ ആരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാവുമോ, അവര്‍ക്ക് ആരെങ്കിലും കത്തെഴുതുന്നുണ്ടാവുമോ, അവരെക്കാണാനും അവരോടൊപ്പം ജീവിക്കാനും, അവരെ ചേര്‍ത്തുപിടിച്ചു കരയാനും ആശ്വസിപ്പിക്കാനും തിരുത്താനും അവര്‍ക്കു കരുത്തേകാനും, വേണ്ടി മാത്രം ജീവിക്കുന്ന ആരെങ്കിലും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവുമോ?എനിക്കറിയില്ല. എങ്കിലും അകത്തെ പെണ്ണുങ്ങളെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്; ജയിലെന്ന മതിലിനകത്തെ അവരുടെ ജീവിതത്തെക്കുറിച്ച്. അവരുടെ ജീവിതത്തെ അത്രത്തോളം തന്നെ തീവ്രവും തീക്ഷ്ണവുമായി ആവിഷ്‌ക്കരിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ച്    

നന്ദിനി ഓസ (Nandini Oza) യുടെ Whither Justice: Stories of Women in Prison എന്ന ആ പുസ്തകമാവട്ടെ എന്നെ സംബന്ധിച്ച് ഒരു പ്രേരണാശക്തികൂടിയായിരുന്നു. ആണായിരിക്കുന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന ബോധ്യത്തിലേക്ക്, ആണത്തത്തിന്റെ നിസാരതയെ സംബന്ധിച്ച തിരിച്ചറിവിലേക്ക് എന്നെ നയിച്ചതില്‍ ചില വലിയ മനുഷ്യരോളം തന്നെ പങ്ക് ആ പുസ്തകത്തിനും പുസ്തകത്തിലെ പെണ്ണുങ്ങള്‍ക്കുമുണ്ട്. പി വി ഷാജികുമാര്‍ തന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല എന്ന പുസ്തകത്തില്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയ ഒരു അബ്ദുള്ളയെക്കുറിച്ചു പറയുന്നുണ്ട്. ഒരു മനുഷ്യന്റെ കാലുകള്‍ വെട്ടിയെടുത്തതിനെ നിസാരമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന അബ്ദുള്ളയെ നവീകരിച്ചത് ഒരു പുസ്തകമാണ്. ഷാജികുമാറിന്റെ കയ്യില്‍ നിന്നും, വെറുതെ മറിച്ചു നോക്കാന്‍ വേണ്ടി, അയാള്‍ പിടിച്ചു വാങ്ങിയ പുസ്തകം. വായിച്ചാല്‍, എത്ര ഇരുണ്ടുപോയ ജീവിതത്തെയും വെളിച്ചത്തിന്റെ കടലില്‍ മുങ്ങിമരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം- ബഷീറിന്റെ മതിലുകള്‍. പിന്നീട് ഷാജികുമാര്‍ അബ്ദുള്ളയെ കണ്ടുമുട്ടുന്നത് ഒരു പുസ്തകക്കച്ചവടക്കാരന്റെ വേഷത്തിലാണ്.

ഞാനോര്‍ത്തു, അബ്ദുള്ളയെപ്പെലെ എത്രയോ മനുഷ്യരെ, മനുഷ്യരായിരിക്കാന്‍ പോലും അയോഗ്യമായിരുന്ന, നീതിരാഹിത്യത്താല്‍ ചുറ്റപ്പെട്ട, അവരുടെ ജീവിതത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒരു പുസ്തകം കാരണമായിത്തീര്‍ന്നിട്ടുണ്ടാവും. ഷരീഫ് ഇക്ക (ആര്‍ടിസ്റ്റ് ഷെരീഫ്) എന്നോടൊരു ജോര്‍ജിയെക്കുറിച്ചു (മറ്റൊരു പേര്) പറഞ്ഞിട്ടുണ്ട്. ജയിലിലായിരുന്നു; കൊലപാതകക്കുറ്റമാണ്. സാധാരണവും സ്വസ്ഥവുമായ ഒരു ജീവിതത്തിനിടക്ക് അങ്ങനെയൊന്ന് സംഭവിച്ചു പോയതാണ്. അല്ലാത്തപക്ഷം ഒരു മനുഷ്യനെപ്പോലും കൊല്ലാന്‍ അയാള്‍ക്കാവുമായിരുന്നില്ല. തന്റെ ജീവിതത്തെ തകിടംമറിച്ചു കളഞ്ഞ ഒരാള്‍കൂടി ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്, അയാളെക്കൂടി കൊല്ലണം എന്ന ലക്ഷ്യവുമായാണ് ജോര്‍ജി ജയിലില്‍ കഴിഞ്ഞിരുന്നത്. പക മനുഷ്യരെ മനുഷ്യരല്ലാതാക്കിത്തീര്‍ക്കും. പക്ഷേ അശുഭകരമായി ഒന്നും സംഭവിച്ചില്ല. അയാള്‍ ഒരു പുസ്തകം വായിച്ചു; ഏതോ ഒരു പുസ്തകം. അത് അയാളെ പുസ്തകങ്ങളുടെ വഴിയിലെത്തിച്ചു. അത് നീതിയുടെ വഴി തന്നെയാണ്. വായിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന പ്രഭാഷണം സുനില്‍ മാഷ് (സുനില്‍ പി ഇളയിടം) അവസാനിപ്പിക്കുന്നത് ബസവണ്ണയുടെ ഒരു കവിതയിലാണ്. 'ഉറച്ചു നിന്നവര്‍ ഒലിച്ചുപോയി ചലിച്ചിരുന്നവര്‍ പിടിച്ചുനിന്നു.' വായിക്കുന്നവര്‍. വായിച്ചുകൊണ്ടിരിക്കുന്നവര്‍ ഒലിച്ചുപോവില്ല, കാരണം അവര്‍ ചലിച്ചുകൊണ്ടിരിക്കുന്നവരാണ്.

എല്ലാ മനുഷ്യരുടെ ജീവിതത്തിലും, അതുപോലെ ഒരു പുസ്തകമുണ്ടാവും, അല്ലെങ്കില്‍ ചില പുസ്തകങ്ങള്‍. നിങ്ങളെ ചലിപ്പിക്കുന്ന ചിലത്. അത് ചിലപ്പോള്‍ ഒരിക്കല്‍പ്പോലും മികച്ച പുസ്തകമായി വിലയിരുത്തപ്പെട്ടിട്ടില്ലാത്ത ഒന്നാവാം. മറ്റുള്ളവര്‍ ഏറെയൊന്നും വായിച്ചിട്ടില്ലാത്ത ഒന്നാവാം.കുറഞ്ഞ ഇടങ്ങളില്‍ മാത്രമാവും അതിന്റെ കോപ്പികള്‍ അവശേഷിക്കുന്നത്, ചിലപ്പോള്‍ നിങ്ങള്‍ക്ക് പോലും അത് പ്രിയപ്പെട്ട പുസ്തകമായിരിക്കില്ല. പക്ഷേ ജീവിതത്തിലെ വെളിച്ചത്തോട് കടപ്പാടുള്ളിടത്തോളം നിങ്ങള്‍ ആ പുസ്തകത്തെ മറക്കില്ല. അബ്ദുള്ളക്ക് മതിലുകള്‍ പോലെ. അങ്ങനെയൊരു പുസ്തകമാണ് എനിക്ക് WhitherJustice. വേദനയോടെയും കരഞ്ഞുകൊണ്ടും ഞാന്‍ ആ പുസ്തകം വായിച്ചു തീര്‍ത്ത ഒരു ദിവസമുണ്ട്. എനിക്കുറപ്പുണ്ട്, അന്നുമുതല്‍ ഞാന്‍ മറ്റൊരു മനുഷ്യനായിക്കഴിഞ്ഞിരുന്നു. ജനാധിപത്യവിരുദ്ധതയുടെ നീതിരാഹിത്യത്തിന്റെ ഏതൊക്കെയോ മനുഷ്യാവസ്ഥകള്‍ എന്നില്‍ നിന്നു ചോര്‍ന്നു പോയിക്കഴിഞ്ഞിരുന്നു.

പെണ്ണുങ്ങളുടെ പുസ്തകമാണത്. ഡിസര്‍ട്ടേഷന്റെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുന്ന കാലത്തും, നര്‍മദാ ബചാവോ ആന്തോളന്‍ ആക്റ്റിവിസ്റ്റായി തടവുജീവിതം നയിച്ച കാലത്തും നന്ദിനി ഓസ കണ്ടുമുട്ടിയ പെണ്ണുങ്ങളുടെയും അവരെയെന്ന പോലെ വായനക്കാരെയും വേട്ടയാടിയേക്കുമെന്നുറപ്പുള്ള അവരുടെ ഭൂതായ്മകളുടെയും പുസ്തകം. പലപ്പോഴും കാത്തിരിക്കാനും, കത്തെഴുതാനും ആരും ഭൂമിയില്‍ അവശേഷിക്കാത്തവരുടെ, വിലാസങ്ങളില്ലാത്ത ജീവിതത്തിന്റെ പുസ്തകം. ആരൊക്കെയോ തങ്ങളെ കാണാന്‍ വേണ്ടി പുറത്തു കാത്തുനില്‍ക്കുമ്പോഴും, ജയിലിന്റെ ഇരുണ്ട അകങ്ങളിലേക്ക് സ്വയം വലിച്ചെറിഞ്ഞവരുടെ പുസ്തകം.

ആരാണ് ഈ 'അവര്‍'? പോലീസ് റെക്കോഡുകള്‍ പ്രകാരം അവര്‍ ചെയ്ത കുറ്റകൃത്യമെന്താണ്? അവരെ ജയിലിലേക്കെത്തിച്ച, അതുമല്ലെങ്കില്‍ അവരെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യം എന്താണ്? ജയിലിനകത്ത് അവരെ കാത്തിരിക്കുന്നത് എന്താണ് ? കുറ്റവാളികളെന്നു മുദ്രകുത്തപ്പെട്ട അവരെ നവീകരിക്കാന്‍ ജയിലുകള്‍ക്കാവുമോ?. ഈ ചോദ്യങ്ങളില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. പക്ഷെ കല്ലിച്ചു കിടക്കുന്ന ഉത്തരങ്ങളിലേക്കല്ല, കനല്‍വഴികള്‍ താണ്ടിയ ചില ജീവിതങ്ങളിലേക്കാണ് അവ നമ്മെ കൊണ്ടുപോവുന്നത്. 

വെള്ളപ്പൊക്കം തടവിലാക്കിയ ഒരു പെണ്ണ് മുതല്‍ ചിലര്‍

രണ്ട് പ്രളയങ്ങള്‍ കടന്ന് വന്നവരാണ് നമ്മള്‍, അതിന്റെ എല്ലാ ദുരിതങ്ങളെയും വേദനകളെയും കടന്ന് വന്നവര്‍. എന്നിട്ടും  വെള്ളപ്പൊക്കം കാരണം ജയിലിലായ ഒരാളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ടോ? 

'എനിക്കൊരു കത്തെഴുതി തരണം' അതായിരുന്നു നന്ദിനി ഓസയോട് റെവ്‌ലിയുടെ ആവശ്യം. ഒന്നാമത്തെ ദിവസം, ഒരു വാക്ക് പോലും ഉച്ചരിക്കാന്‍് കഴിയാതെ റെവ്‌ലി ഇരുന്നു. രണ്ടാമത്തെ ദിവസം, റെവ്ലി പറഞ്ഞത് മുഴുവന്‍ പേപ്പറിലേക്ക് പകര്‍ത്തിയ ശേഷം ഓസ പോസ്റ്റ് ചെയ്യേണ്ട വിലാസം ചോദിച്ചു. 

'റാനിയ ലഷ്‌കരിയ, പ്ലാറ്റ്ഫോം നമ്പര്‍ 4, ധര്‍മപുരി റെയില്‍വേ സ്റ്റേഷന്‍.'

ആ വിലാസം അവള്‍ ജീവിച്ച ജീവിതത്തെ മുഴുവന്‍ ഉള്‍വഹിക്കുന്നുണ്ടായിരുന്നു. രേവതിപ്പുഴയുടെ തീരത്തെ അവളുടെ വീട്, പുഴയെ അമ്മയായി കണ്ട് ജീവിച്ച അവളുടെ ഗ്രാമം, മീന്‍ പിടിച്ചും, ആടിനെ വളര്‍ത്തിയും സ്വസ്ഥമായി ജീവിച്ച അവരുടെ ജീവിതം, അവരെ സുരക്ഷിതമായി പരിപാലിച്ച അവരുടെ കാട്... തൊട്ടടുത്ത ഗ്രാമത്തില്‍, സഹോദരന്‍ തില്യയോടൊപ്പം കഴിഞ്ഞിരുന്ന റാനിയയെയാണ് അവള്‍ വിവാഹം കഴിച്ചത്.  തന്റെ നാടിന്റെ ജീവിതം തകിടം മറിഞ്ഞു പോവുന്നത് വരെ, അവര്‍ സ്വസ്ഥരായിരുന്നു. എല്ലാ ഇല്ലായ്മകളിലും അവര്‍ സംതൃപ്തരായി ജീവിച്ചിരുന്നു. പെട്ടെന്നൊരു ദിവസം, നാട്ടിലും ചന്തയിലുമെല്ലാം ഒരു വാര്‍ത്ത പടര്‍ന്നു പിടിച്ചു, രേവതിപ്പുഴക്ക് കുറുകെ ഒരു ഡാം ഉയരാന്‍ പോകുന്നു. മറ്റൊരു ദിവസം ആ വാര്‍ത്ത യാഥാര്‍ഥ്യമായി. അവരുടെ മരങ്ങളും, മലകളും, കാടും എല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങി. അടുത്ത മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായി. അവര്‍ കുടിയിറക്കപ്പെട്ടു. ആ കുടിയിറക്കലിന്റെ ഒടുവില്‍ അവള്‍ എത്തിച്ചേര്‍ന്നത്, ഈ ജയിലിലാണ്. നഗരജീവിതത്തിന്റെ അപരിചിതത്വം അവരെ ഒറ്റപ്പെട്ട മനുഷ്യരാക്കി, പട്ടിണിയിലാക്കി, വീടില്ലാത്തവരാക്കി, അവരുടെ മകനെ രോഗിയാക്കി... പുഴ മുറിച്ചുകടക്കാന്‍ കഴിയുമായിരുന്ന ആ മനുഷ്യര്‍ക്ക് എത്ര കാലം കഴിഞ്ഞിട്ടും, ആ അപരിചിതദേശത്തിന്റെ സങ്കീര്‍ണ്ണതകളെ മുറിച്ചു കടക്കാനായില്ല. 

' ഞാന്‍ ആ തൊഴില്‍ ചെയ്തു തുടങ്ങിയപ്പോള്‍ മാത്രമാണ് ഞങ്ങളുടെ വീട് കരകയറി തുടങ്ങിയത്. ഗര്‍ഭിണിയുടെ വേഷം കെട്ടി, തീവണ്ടിയില്‍ ഭിക്ഷ യാചിക്കണം. വയറിനുള്ളില്‍ വച്ച് ചരസ് കടത്തണം. അതായിരുന്നു തൊഴില്‍. പിടിക്കപ്പെടില്ലെന്നും, പിടിക്കപ്പെട്ടാല്‍ തന്നെ രക്ഷപ്പെടുത്തുമെന്നും ഞങ്ങളുടെ കോണ്‍ട്രാക്ടര്‍ ഉറപ്പ്  തന്നിരുന്നു. തെറ്റായ ഒരു തൊഴിലും ചെയ്യില്ലെന്നും, ജീവിതത്തിന്റെ എല്ലാ ദുരിതപര്‍വങ്ങളിലും, ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. പക്ഷെ മകനെ കൈവിട്ടു പോവുമെന്ന് തോന്നിപ്പോയ ഒരു ദിവസം'.

റെവ്‌ലീയുടെ  മാത്രമല്ല, പുസ്തകത്തിലെ എല്ലാവരുടെയും കഥ അത് തന്നെയാണ്. ജീവിതം അവസാനിച്ചു പോവുമെന്ന് തോന്നിയ ഏതോ ഒരു ദിവസം... ആ ദിവസത്തിന്റെ വേദനയില്‍, പകയില്‍ അവരെല്ലാം അവിടെ എത്തിച്ചേരുകയായിരുന്നു.   

ജയിലില്‍ എത്തിയതിന്റെ കാരണമെന്തെന്ന് ആര്‍ക്കും വ്യക്തമല്ലാത്ത,  എപ്പോഴും ജയിലിലെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന, അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്ന ദയാലിയുടെ കഥ നിങ്ങള്‍ക്കവിടെ വായിക്കാം. ഓരോ തവണ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുപോവുമ്പോഴും ഇനി ദയാലി ഇവിടേക്ക് മടങ്ങിവരില്ലെന്ന് ഉദ്യോഗസ്ഥരും സഹതടവുകാരുമുള്‍പ്പെടെ എല്ലാവരും കരുതുന്നു; അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. പക്ഷെ, ദയാലി അവിടേക്ക് തന്നെ മടങ്ങിയെത്തുന്നു.

Nandini Oza
നന്ദിനി ഓസ

ഒരു നിമിഷത്തിന്റെ ക്രൂരമായ സമ്മര്‍ദ്ദത്തിലാണ്, രഹന കൊലപാതകിയായത്. പതിനഞ്ച് വയസ്സു മുതലുള്ള തന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ ഭര്‍ത്താവിനോടായിരുന്നു രഹനക്ക് പക. പക്ഷെ പക ചിലപ്പോള്‍ മനുഷ്യരെ വിചിത്രമായ വഴികളിലൂടെയും നടത്തിച്ചെന്ന് വരും. തനിക്കേറ്റവും പകയുണ്ടായിരുന്ന ഭര്‍ത്താവിനെയല്ല, തന്നെ ജീവന് തുല്യം തുല്യം സ്‌നേഹിച്ചിരുന്ന ഭര്‍ത്താവിന്റെ ഉമ്മയെ ആണ്. ജീവിതത്തിന്റെ വഴികള്‍ എത്ര സങ്കീര്‍ണ്ണമാണല്ലേ!

രാവിലെയും വൈകിട്ടും ബെല്ലടിക്കുന്നു. അതിനിടയില്‍ ഓരോരുത്തരും തെറ്റിക്കപ്പെട്ടുകൂടാത്ത പതിവുകള്‍ ആവര്‍ത്തിക്കുന്നു. ഇടക്ക് വന്നേക്കാവുന്ന അതിഥികളെയും കത്തുകളും കാത്തിരിക്കുന്നു. (അഞ്ചും ആറും വര്‍ഷക്കാലത്തിലേറെയായി, അത് പോലും സംഭവിക്കാത്തവര്‍ നമ്മുടെ ജയികളിലുണ്ട്). അതിഥികള്‍ വന്ന അറിയിപ്പുണ്ടാവുമ്പോള്‍, അത് തങ്ങളുടെ പ്രിയപ്പെട്ടവരാരോ ആവാം എന്ന് കരുതി, ഓടുന്നു. അതല്ലെന്ന് തിരിച്ചറിയുന്ന നിമിഷം നിരാശയോടെ മടങ്ങുന്നു. 

അതിനപ്പുറം മറ്റൊന്നും നമ്മുടെ  ജയിലുകളില്‍ സംഭവിക്കുന്നില്ല. പക്ഷെ ഈ ഭൂമിയില്‍ മറ്റെന്തിനേക്കാളും നമ്മളെ അസ്വസ്ഥമാക്കാന്‍ ശേഷിയുള്ള കഥകള്‍ അവിടെയുണ്ട്; മറ്റെന്തിനേക്കാളും നമ്മളെ നവീകരിക്കാന്‍ പ്രാപ്തിയുള്ള ജീവിതങ്ങളും.

Content Highlights: Whither Justice: Stories of Women in Prison Book Review