ജുംപ ലാഹിരിയുടെ പുതിയ നോവലായ 'Whereabouts' വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനെന്നോടു തന്നെ ചോദിച്ച ഒരു ചോദ്യമുണ്ട്. ഇഷ്ടപ്പെട്ടുവോ? സത്യത്തില്‍ അതൊരു കുഴയ്ക്കുന്ന ചോദ്യമായിരുന്നു. മണിക്കൂറുകള്‍ ചെലവഴിച്ച് വായിച്ച ഒരു നോവലിനെപ്പറ്റി ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ പോവുകയാണോ എന്നൊരു സന്ദേഹത്തിലേക്കാണ് ആ സ്വയം ചോദ്യം ചെയ്യല്‍ തള്ളി വിട്ടിരിക്കുന്നത്. എന്റെ തന്നെ പുതിയൊരു അഭിരുചിതലത്തെ ഞാന്‍ തിരിച്ചറിയുകയായിരുന്നു. പ്രത്യേകിച്ച് ഒരു വികാരത്തിനും സാധ്യത ഒരുക്കാതെ കടന്നു പോയ 157 പേജുകള്‍. അതേസമയം, വായനയ്ക്കിടയില്‍ ഒരിടത്തും മുഷിപ്പു തോന്നിപ്പിക്കുകയോ വായന തുടരണോ എന്ന സംശയത്തിനിട നല്‍കുകയോ ചെയ്യാത്ത ഒരു നോവല്‍ കൂടിയാണ് വേര്‍എബൗട്ട്‌സ്. 

എന്താണ് ഈ നോവലിന്റെ ഇതിവൃത്തം? എടുത്തു പറയാവുന്ന ഒന്നും തന്നെയില്ല. മധ്യവയസ്‌കയായ ഒരു സ്ത്രീയുടെ ദൈനംദിന ജീവിതത്തില്‍നിന്നുള്ള അതിസാധാരണമായ കുറെ ചിത്രങ്ങള്‍ 46 അധ്യായങ്ങളിലായി കോറിയിട്ടിരിക്കുന്നു.

ആഴത്തിലുള്ള ജീവിതമില്ലെന്നു തന്നെ പറയാം. നോവലിന് പ്രമേയമാക്കാവുന്ന ഒരു കഥാതന്തു പോലും ഇതിലില്ല. പേരില്ലാത്ത ഒരു മുഖ്യകഥാപാത്രമല്ലാതെ, എടുത്തു പറയാവുന്ന മറ്റു കഥാപാത്രങ്ങളും ഇല്ല. പേരെടുത്ത് പറയാത്ത ഒരു നഗരത്തില്‍ ആ സ്ത്രീക്ക് കടന്നുപോവേണ്ടി വന്ന  കുറെ ദിവസങ്ങളെ അവര്‍ ഓര്‍മ്മിച്ചു പറയുന്നതുപോലെയാന്ന് നോവല്‍ പുരോഗമിക്കുന്നത്. 

ഡയറിക്കുറിപ്പായല്ല എഴുതിയിരിക്കുന്നതെങ്കിലും അത്തരമൊരു സ്വഭാവമാണ് ഒരോ അധ്യായത്തിനുമുള്ളത്. ലോകത്തിലെ ഏതു പ്രധാന നഗരത്തിനും ചേരുന്ന ഒരന്തരീക്ഷം നോവലിലെ ഭൂമിശാസ്ത്രത്തിനുണ്ട്. അത്തരമൊരു നഗരത്തില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട  മധ്യവര്‍ഗ്ഗ സ്ത്രീയെ തന്നെയാണ് ഇതിലെ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നതും. 

Whereaboutsഅതുകൊണ്ടുതന്നെ ഒട്ടും അപരിചിതത്വം നമുക്കനുഭവപ്പെടുന്നുമില്ല. വിലക്കുകളില്ലാത്ത ഒരു പാശ്ചാത്യ മധ്യവര്‍ഗ്ഗ സംസ്‌കാരത്തിന്റെ ചിത്രണം മാത്രമെ നോവലിലുള്ളൂ. അമ്പരിപ്പിക്കുന്നതോ എടുത്തു പറയാവുന്നതോ ആയ ഒരു സംഭവവും ഇതിലില്ല. തികച്ചും റിയലിസ്റ്റിക്കായ ചിത്രീകരണം. ഒരു തരത്തിലുമുള്ള സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നോവലിസ്റ്റ് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇത് പ്രദാനം ചെയ്യുന്ന കലാസൗന്ദര്യം പുതിയൊരനുഭൂതി വായനക്കാരനിലുളവാക്കുന്നു. വിപുലമായ വര്‍ണ്ണനകളില്ല. ഭാഷയില്‍ ഒരു വിധ ആര്‍ഭാടവുമില്ല. വളരെ ചെറിയ വാക്യങ്ങളിലൂടെ നിങ്ങുന്ന പതിവുകാര്യങ്ങളുടെ  ആഖ്യാനം. അതിലൂടെ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന് എന്തോ ഒരു മാസ്മരികാകര്‍ഷണം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. 

നഗരത്തെരുവിലൂടെയുള്ള ഒരു നടത്തം, ഒരു ബുക്ക് സ്റ്റോര്‍ സന്ദര്‍ശനം, നീന്തല്‍ക്കുളത്തിലെ സമയം ചിലവഴിക്കല്‍, ഒരു മ്യൂസിയം സന്ദര്‍ശനം, കോഫിബാറിലെ ഒരു സായാഹ്നം, അമ്മയെ കാണാന്‍ പോകല്‍, ഒരവധിക്കാലം ചിലവഴിക്കല്‍... ഇങ്ങനെ പോവുന്നു നോവലിലെ അധ്യായങ്ങള്‍. ഓരോന്നിനും കൗതുകം സൃഷ്ടിക്കുന്ന തുടക്കമുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക: 

' Now and then on the streets of my neighborhood I bump into a man I might have been involved with, maybe shared a life with. He always looks happy to see me. He lives with a friend of mine, and they have two children...' അയാളൊടൊപ്പം അടിയുടുപ്പുകള്‍ വില്ക്കുന്ന ഒരു കടയില്‍ പോയ അനുഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് On the Street എന്ന അധ്യായം തുടങ്ങുന്നത്. അവര്‍ തമ്മിലുള്ള ചില കൂടിക്കാഴ്ചകള്‍ വിവരിക്കുകയാണ് ഈ അധ്യായത്തില്‍. എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചു പോകുന്ന ഒരനുഭവക്കുറിപ്പ്. അവസാനിക്കുന്നതു കാണുക. 'We say goodbye, separate. Then we, too, become two shadows projected onto the wall: a routine spectale, imposible to capture. ' 

'In My Head' എന്ന ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്. ' Solitude: it's become my trade. As it requires a certain discipline, it's condition l try to perfect. And yet it plagues me , it weighs on me in spite of my knowing it so well.' അമ്മയോടും അച്ഛനോടുമൊത്തുള്ള ചില ഓര്‍മ്മകള്‍ എടുത്തെഴുതിക്കൊണ്ട് ഒറ്റപ്പെടലിന്റെ അര്‍ത്ഥം തിരിച്ചറിയുകയാണ് കഥാപാത്രം. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രം സജീവമായി ഈ കൃതിയില്‍ നിഴലിക്കുന്നുണ്ട്. അമ്മ മറ്റൊരിടത്ത് ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അവരെ കാണാന്‍ പോകുന്ന ഒരധ്യായമുണ്ട്. അച്ഛന്‍ മുമ്പെങ്ങോ മരിച്ചു പോയിട്ടുണ്ട്. ആ ദാമ്പത്യം അത്രയൊന്നും സുഖകരമായിരുന്നില്ലെന്ന് സൂചിപ്പിക്കുന്നുമുണ്ട്. അച്ഛന്റെ ശവക്കല്ലറയില്‍ ചെന്നതിനെപ്പറ്റിയുള്ള അധ്യായത്തില്‍  അവരെഴുതുന്നു. ' How can I think even after your death, to eliminate the distance between you and my mother, the woman with whom you chose, inexplicably, to share a life and have a child ? '  

ഈ എഴുത്തിലൂടെ സൃഷ്ടിക്കുന്ന അനുഭവതലം വേറിട്ട ഒന്നാണ്. അത് കഥാപാത്രം കടന്നുപോവുന്ന ബാഹ്യപ്രകൃതിയില്‍നിന്ന് ഉണ്ടാവുന്നതല്ല. നോവലിസ്റ്റ് വാക്കുകള്‍ കൊണ്ട് വരച്ചുകാട്ടുന്ന കഥാപാത്രത്തിന്റെ മനസ്സും അവരുടെ ചുറ്റുപാടും ചേര്‍ന്ന് രൂപപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ആ സ്ത്രീയുടെ 'വിഷ'നെയാണ്  ആവിഷ്‌ക്കരിക്കുന്നത്. വളരെ സമചിത്തതയോടെ ജീവിതത്തെ നേരിടുന്ന ഒരാളാണ് ഇതിലെ സ്ത്രീ. അവരുടെ ഒറ്റപ്പെടല്‍ അവരുടെ സ്വാതന്ത്ര്യം കൂടിയാണ്. അതിനെ അവര്‍ ഒരു പ്രതിസന്ധിയായല്ല ഉള്‍ക്കൊള്ളുന്നത്. 

അതൊരു സ്വാഭാവിക തിരഞ്ഞെടുപ്പാണ്. ഒരു വേള ജുംപ  ലാഹിരിയുടെ മുന്‍കാല കൃതികളിലെ സ്ത്രീ കഥാപാത്രങ്ങളിലും ഇതേ സ്വഭാവം കണ്ടെത്താവുന്നതാണ്. ഈ കഥാപാത്രം ഒരു അസ്തിത്വവേദന അനുഭവിക്കുന്നുണ്ട്. എന്നാലത് പ്രത്യക്ഷമായി രേഖപ്പെടുത്തുന്നുമില്ല. ബോധപൂര്‍വ്വം കഥാകൃത്ത് അതിനെ നിഗൂഢമാക്കി വെക്കുന്നതാവും. കാരണം അതൊരു വ്യക്തിയുടെ അസ്തിത്വ വേദനയല്ല; ഒരു സമൂഹത്തിന്റെ പൊതു സ്വഭാവമായി ഉരുത്തിരിഞ്ഞ് നിലകൊള്ളുന്ന ഒന്നാണ്. സാധാരണത്വം നിര്‍മ്മിക്കുന്ന ഒരുതരം ശൂന്യത മാത്രമാണത്. അതാണ് ഈ നോവലിന്റെ പ്രമേയം എന്നാണ് ഞാന്‍ കരുതുന്നത്. 

ആ പ്രമേയത്തെ അടയാളപ്പെടുത്താന്‍ നിര്‍മ്മിച്ച സന്ദര്‍ഭങ്ങള്‍ മാത്രമാണ് ഇതിലെ കഥകള്‍. അതിനാലാണ് ഇഷ്ടമായോ എന്ന എന്നിലെ വായനക്കാരന്റെ ചോദ്യം അപ്രസക്തമാവുന്നത്. ഇത് ഇഷ്ടമാവലിന്റെ കലാവിഷ്‌കാരമല്ല. ഇത് തിരിച്ചറിവിന്റെ ആവിഷ്‌കാരമാണ്. മനുഷ്യജീവിതത്തില്‍ എവിടുന്നോ വന്നു നിറയുന്ന ആന്തരിക മടുപ്പിനെയാണ് ഈ കൃതി ചിത്രീകരിക്കുന്നത്. എന്തൊരു വൈദഗ്ധ്യത്തോടെയാണ് ഈ മടുപ്പ് വായനയിലെ മടുപ്പാവാതെ നോവലിസ്റ്റ് നില നിര്‍ത്തുന്നത് എന്നത്  ഏറെ അത്ഭുതത്തോടെയാണ് അനുഭവിച്ചറിഞ്ഞത്. ആധുനിക ജീവിതത്തിന്റെ വരള്‍ച്ചയെ അടുത്തറിയുവാനുള്ള അവസരമായാണ് ഈ കൃതിയെ ഞാന്‍ വായിച്ചെടുക്കുന്നത്.  

ജീവിതമെന്ന ചുറ്റിത്തിരിയലുകള്‍ക്കിടയിലൂടെ പുതിയ കാലത്തിന്റെ വേദനകളെ കണ്ടെത്തുകയാണ് നോവലിസ്റ്റ്. വളരെ സ്വസ്ഥമെന്ന് തോന്നിപ്പിക്കുന്ന ജീവിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെയാണ് നമ്മള്‍ കണ്ടുമുട്ടുന്നത്. അവ നിഴലും വെളിച്ചവുമെന്ന പോല്‍ നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നു. വിചിത്രമായ ആ ഒറ്റപ്പെടലിന്റെ അപരിചിതത്വം കാണിച്ചു തരികയാണ് നോവലിസ്റ്റ്. 

അതിനായി സൃഷ്ടിക്കപ്പെട്ട ഒരാഖ്യാനരീതിയും ഭാഷയും ഈ രചനയെ വേറിട്ടതാക്കുന്നു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു തരം മടുപ്പാണ് ഈ രചനയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. അതൊരു ഇടര്‍ച്ചയില്ലാത്ത താളമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. അതാണ് ഈ നോവലിന്റെ സൗന്ദര്യം.  ജീവിതയാത്രയില്‍ വഴി നഷ്ടം വന്ന ഒരു സ്ത്രീയുടെ മനസ്സുമായി  ജുംപ ലാഹിരി വായനക്കാരെ ചേര്‍ത്തു നിര്‍ത്തുന്നു. നോവലെന്ന കലാവിഷ്‌ക്കാരത്തിന്റെ  പുതിയൊരു മുഖച്ഛായ കൂടി അവര്‍ ഇതിലൂടെ തുറന്നിടുന്നു. 

ജുംപ ലാഹിരി എന്ന എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മക ജീവിതത്തിലെ പുതിയൊരു പരീക്ഷണം കൂടിയാണ് ഈ നോവല്‍. ഇവരിത് ആദ്യമെഴുതിയത് ഇറ്റാലിയന്‍ ഭാഷയിലാണ്. അതിനെ അവര്‍ തന്നെ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റി എന്ന പ്രത്യേകത കൂടി ഈ നോവലിനുണ്ട്. ഇന്ത്യക്കാരുടെ മകളായി ലണ്ടനില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ വളര്‍ന്ന് ഇപ്പോള്‍ റോമില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരിയാണ് ജുംപ ലാഹിരി. 

മാതൃഭാഷ ബംഗാളിയാണെങ്കിലും അവര്‍ക്കതില്‍ വലിയ പ്രാവീണ്യമില്ല. ആദ്യ രചനകളൊക്കെ ഇംഗ്ലീഷിലാണ് എഴുതിയത്. അമേരിക്കയിലെ പ്രധാന സാഹിത്യ പുരസ്‌കാരമായ പുലിറ്റ്‌സര്‍ സമ്മാനം 2012-ല്‍ 'ഇന്റര്‍പ്രിട്ടര്‍ ഓഫ് മലഡീസ്' എന്ന ആദ്യ കഥാസമാഹാരത്തിലൂടെ ഇവര്‍ കരസ്ഥമാക്കിയിരുന്നു. ദി നെയിംസേക്, അണ്‍ അക്കസ്റ്റംഡ് എര്‍ത്ത്, ദി ലോ ലാന്‍ഡ് എന്നിവയാണ് ഇംഗ്ലിഷിലെഴുതിയ മറ്റു പ്രധാന കൃതികള്‍. ഇരുപതു വര്‍ഷത്തോളമായി അവര്‍ ഇറ്റാലിയന്‍ ഭാഷയുമായി 'പ്രണയത്തി'ലാണെന്നു തന്നെപറയാം.

ഈ ഭാഷാപ്രണയം പത്തുവര്‍ഷം മുമ്പ് അവരെ ഇറ്റലിയിലെത്തിച്ചു. താമസം റോമിലേക്കു മാറ്റി. ഇറ്റലിയില്‍ താമസമാക്കിയതിനു ശേഷം പല ഇറ്റാലിയന്‍  ഗ്രന്ഥങ്ങളും അവര്‍ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. ഇറ്റലിയിലെ പ്രസിദ്ധരായ എഴുത്തുകാരുടെ നാല്പതു ചെറുകഥകള്‍ തിരഞ്ഞെടുത്ത് വിശദമായ ആമുഖ പഠനത്തോടെ അവര്‍ തയ്യാറാക്കിയ സമാഹാരമാണ് 2019 -ല്‍ പ്രസിദ്ധീകരിച്ച The Penguin Book of Italian Short Stories. 

പുതിയകാല ഇറ്റാലിയന്‍ എഴുത്തുകാരനായ ഡൊമനികോ സ്റ്റാര്‍നണിന്റെ (Domenico Starnone) Lacci എന്ന ഇറ്റാലിയന്‍  നോവല്‍ Ties എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് 2017-ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2018-ലാണ് Dove mi trovo എന്ന നോവല്‍ ഇറ്റാലിയന്‍ ഭാഷയില്‍ അവരെഴുതുന്നത്. ഇറ്റാലിയന്‍ ഭാഷയിലെഴുതുന്ന ലാഹിരിയുടെ ആദ്യ നോവല്‍. അതിന്റെ അവര്‍ തന്നെ നിര്‍വ്വഹിച്ച ഇംഗ്ലീഷ് പരിഭാഷയാണ് Whereabouts. ഇനിയങ്ങോട്ട് ഇറ്റാലിയന്‍ ഭാഷയിലാണ് എഴുതുക എന്ന നിലപാടിലാണ് ഈ ഇന്ത്യനെഴുത്തുകാരി.

Content Highlights: Walking through the uncertainties of  life, review of Whereabouts, novel by Jhumpa Lahiri