ണ്ണില്‍ കുത്തി കയറുന്ന പെണ്ണനുഭവങ്ങളാണ്‌ വി.എന്‍ പ്രദീപിന്റെ 'ഇരുകാലിയുടെ അന്വേഷണ'ത്തെ വ്യത്യസ്തമാക്കുന്നത്. ആത്മാവില്‍ പ്രഹരം ഏല്‍പ്പിക്കുന്ന പെണ്ണുടലുകളാണ്‌ കഥകളില്‍. ഒന്നിനോടും അന്ധമായ വിധേയത്വം പ്രകടിപ്പിക്കാത്ത കഥാപാത്രങ്ങള്‍. വിജയിച്ചവരാണ് അവരിലധികവും. ദുര്‍ബല ശരീരികള്‍ അല്ല അവര്‍. പെണ്ണിന്റെ ലിംഗപരമായ പ്രത്യയശാസ്ത്രങ്ങള്‍ അഴിച്ചു വയ്ക്കുന്ന കഥാപാത്രങ്ങളും കെട്ടഴിഞ്ഞു വീണ് അലിഞ്ഞവസാനിക്കുന്ന സ്ത്രീകളുമുണ്ട്. അതിജീവനത്തിന്റെ ഭാഗമായ സ്വാതന്ത്ര്യ പ്രഖ്യാപനവും കഥകളിലുണ്ട്. ചില സ്ത്രീകളില്‍ പുരുഷ സ്വഭാവവും കാണാം. ആത്മഹത്യ ചെയ്തവരും, പഴയ പിഴച്ചുപോയവരും, കരിമ്പിന്‍ നീര് പോലെ അടുപ്പില്‍ തിളച്ച് ശര്‍ക്കര ആയി മാറിയ രതിയും, പ്രദീപ് തന്നെ പറഞ്ഞിരിക്കുന്നതുപോലെ ഫോക്കസ് ഔട്ട് ആയ നിഴല്‍ രൂപങ്ങളും ഇവിടെയുണ്ട്. പണത്തിനോ പദവിക്കോ ഒന്നിനും വേണ്ടി മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടാത്ത സ്ത്രീകളാണ് കഥകളില്‍. സ്ത്രീപുരുഷബന്ധങ്ങള്‍, അവയുടെ ഇടങ്ങള്‍, അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത സ്വാതന്ത്ര്യബോധം, ഉടമസ്ഥാവകാശം സ്ഥാപിക്കാത്ത ആണിന്റെ പൂരകത്വം.

കഥകള്‍ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടല്‍ നടത്തണമെന്നൊന്നുമുള്ള വിധികള്‍ ഒന്നും പ്രദീപിന് ഇല്ല. അയാള്‍ സ്വപ്നം കാണുന്ന ഗാന്ധിജിക്ക് എല്ലാ പല്ലുകളും ഉണ്ട്. നിശിതമായ നിരീക്ഷണവും ജാഗ്രതയും പുലര്‍ത്തുന്ന കഥയാണ് 'സ്മാരകങ്ങള്‍'. സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ് സ്മാരകങ്ങള്‍ എന്ന കഥ. സിനിമയോടുള്ള, ക്യാമറയോടുള്ള ഇഷ്ടം കഥകളിലെല്ലാം കാണാം. ഒരു ചിത്ര ഭാഷ എല്ലാ കഥകളിലും ഉണ്ട്. 'മനോഹര ചരിതം ആട്ട (ജീവിത)ക്കഥ അവസാനിക്കുന്നിടത്ത് മനോഹരന്റെ ഉന്മാദ കാടുകളില്‍ ചെണ്ടയുടെ ആരോഹണ അവരോഹണങ്ങള്‍കൊട്ടി ആടുമ്പോള്‍ ക്ലാസിക് സിനിമയുടെ ഏതോ ഒരു രംഗം പോലെ. പെരുവഴിയിലേക്ക് മാറി നടക്കുന്ന കഥാപാത്രങ്ങളാണ് കഥകളുടെ ജീവന്‍. ഇരുകാലിയുടെ അന്വേഷണം ജന്തു വാസനകളുടെ ലോകമാണ്. 'ചരിത്രത്തിലില്ലാത്ത യക്ഷി'യില്‍ ഒരു കാലം മലര്‍ന്നു കിടക്കുന്നു. ചരിത്രം ഒച്ചയില്‍ ചിരിക്കുന്നുണ്ട് അവിടെ. ചെറുത്തുനില്‍പ്പിനും സഹനത്തിനും ഇടയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇവിടെയുണ്ട്. വിഭജിക്കപ്പെട്ട ദേശത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന കഥയാണ് ഇത്. അന്ത്യത്തില്‍ അതിഭാവുകത്വം ഉണ്ടെങ്കില്‍ കൂടിയും എന്തോ  ഒരു ഇഷ്ടം ആ കഥയെ നമ്മോട് ചേര്‍ത്തു നിര്‍ത്തുന്നു. ഗതികിട്ടാത്ത ആത്മാക്കള്‍ വാഴുന്ന നനഞ്ഞ മണ്ണിന്റെ ഇടം. 'എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട് മരണത്തിന് അറ്റം വരെ പോയിട്ട് തിരിച്ചു വരുന്ന കഥ. ചിലര്‍ തിരിച്ചു വരൂല'. ചരിത്രം ലളിതമായി സംവദിക്കുന്നത്  ഈ കഥയില്‍ കാണാം. നിരന്തരമായ പീഡാനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ചരിത്രമാകാന്‍ ശ്രമിക്കുന്ന സ്ത്രീത്വം ഇവിടെയുണ്ട്. അവരുടെ സമരവഴികളും വ്യത്യസ്തമാണ്. ചരിത്രത്തിന്റെ ദിശ മാറ്റിയ ഉമയമ്മ മഹാറാണിയും മറ്റും  ഇവരില്‍ ചിലര്‍ മാത്രം.

ഒരു തരത്തിലുള്ള സൂചനകളും തരാതെ കഥ കൊണ്ടുപോയി അവസാനിപ്പിക്കുന്ന മാജിക് ശ്രദ്ധേയം. 'മുല്ലപ്പൂ ചൂടിയ നായികമാര്‍' എന്ന കഥ ഒരു ശരാശരി കഥ മാത്രം. 'രാവോളം രാധ'യില്‍ അഗാധമായ ഒരു വാഗ്ദാനം സൂക്ഷിക്കുന്ന രാധയെയാണ് പ്രാണസ്വരൂപനായ കൃഷ്ണനേക്കാള്‍ കഥാകാരന് ഇഷ്ടം. പുരുഷന്മാരേക്കാള്‍ വെല്ലുവിളി നേരിടുന്ന സ്ത്രീകളാണ് ചിലര്‍. മറ്റു കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥയാണ് 'ആന്റിബയോട്ടിക്'. പക്ഷേ അവിടെയും ഫെമിനിസ്റ്റ് സൂത്രവാക്യങ്ങള്‍ ഉണ്ട്. കഥപറച്ചിലിന്റെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട് ഇതില്‍. 1991നു ശേഷം ലോകത്തിന്റെ പൊളിറ്റിക്കല്‍ ഭൂപടത്തില്‍ വന്ധ്യം ആയിപ്പോയ റഷ്യയുടെ ചരിത്രം പറയാതെ പറയുകയാണ് 'ഫ്‌ലോറന്റീന ഗ്രൂഷ' യില്‍. മൊണാസ്ട്രിയില്‍ നിന്ന് മ്യൂസിയത്തിലേക്കും പിന്നെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലേക്കും മാറ്റപ്പെടുന്ന  വോള്‍ഗയുടെ തീരത്തെ കെട്ടിടം പൊളിറ്റിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്റെ ചരിത്രം തന്നെയാണ് പറയുന്നത്. ഫ്‌ലോറന്റീന ഗ്രൂഷ തുളസീധരനെ പഠിപ്പിച്ചത് റഷ്യയുടെ പ്രണയ ഭൂപടമാണ്. സോവിയറ്റ് യൂണിയന്‍ മാഗസിന്‍ കീറി ബുക്ക് പൊതിയാന്‍ തുടങ്ങിയ കാലം മുതല്‍ മാക്‌സിം ഗോര്‍ക്കി വരെയുള്ള കാലം നമ്മുടേത് കൂടിയാണല്ലോ.' ഇത് വിപ്ലവങ്ങള്‍ ജനിച്ച ഭൂമിയാണ്. ഉറക്കം തൂങ്ങുന്ന സ്വപ്നഭൂമി അല്ല' എന്ന കഥാകാരന്‍ പറയുന്നുണ്ട്. കഥാകാരന് റഷ്യയോടുള്ള സ്വകാര്യ ഇഷ്ടം, പ്രണയം പ്രകടം. ഈ കഥയില്‍ ഒരു കാവ്യാത്മക പ്രണയത്തിന്റെ ശേഷിപ്പുകള്‍ ഉണ്ട്. വര്‍ച്വല്‍ റിയാലിറ്റി യുടെ സങ്കേതം ഉപയോഗിച്ച് രചിക്കപ്പെട്ട കഥ എന്ന നിലയില്‍ ഒരു വായന കൂടി  ഈ കഥ അര്‍ഹിക്കുന്നു.

vn pradeep
വി.എന്‍.പ്രദീപ്

പണത്തിനോ പദവിക്കോ വേണ്ടി മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടാത്ത സ്ത്രീകളാണ് കഥകളില്‍. സ്ത്രീപുരുഷബന്ധങ്ങള്‍ അവയുടെ ഇടങ്ങള്‍ അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത സ്വാതന്ത്ര്യബോധം, ഉടമസ്ഥാവകാശം സ്ഥാപിക്കാത്ത ആണിന്റെ പൂരകത്വം ശ്രദ്ധേയം. നെയ്യാറിന്റെ കരയില്‍ എവിടെയോ നടന്നു മറഞ്ഞനിഴല്‍ക്കാലമാണ് ഇരുകാലിയുടെ അന്വേഷണം. നനഞ്ഞ ഭിത്തിയിലൂടെ അള്ളിപ്പിടിച്ചു കയറുന്ന കഥാപാത്രങ്ങളെ അവിടെത്തന്നെ നിര്‍ത്തിയിട്ട് കഥാകാരന്‍ കടന്നു കളയുന്നു. ചരിത്രം അടിഞ്ഞു കിടക്കുന്ന ഒരു ചുവരില്‍ എഴുതിയുംമാച്ചും വീണ്ടും തെളിച്ചെഴുതിയും ചില കഥകള്‍. കഥയുടെ വനവാസകാലം കഴിഞ്ഞെത്തിയ കഥാകാരനെ കാത്തിരുന്നത് കൈനിറയെ കഥകള്‍. കഥകള്‍ അവസാനിക്കുന്നിടം ശ്രദ്ധിക്കുക 'പുലരും മുമ്പ് എത്തണം' 'ധ്രുവത്തിലേക്ക് വണ്ടി പാഞ്ഞു ' 'നിലാവ് കണ്ട വഴിയിലൂടെ അയാള്‍ നടന്നു' ട്രെയിനുകള്‍ 'വിപരീതദിശയില്‍ കൂടെ കടന്നു പോയി ' 'ഇടുങ്ങിയ വഴിയിലൂടെ ജീവിതത്തിലേക്ക് ' ഇവയിലെല്ലാം യാത്ര ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ബിംബമാണ്. എവിടെയും കുടുങ്ങി പോകാതെ യാത്ര തുടരുന്ന കഥാപാത്രങ്ങള്‍. കാലത്തിന്റെ നെഞ്ചില്‍ കിടന്ന് തിളച്ചുമറിയുന്ന തെക്കന്‍ നാട്ടു മലയാളം ഉള്ളിലൂറിയിറങ്ങി കൈകോര്‍ത്തുപിടിച്ച് നമ്മെ നടത്തുന്നു. നനഞ്ഞ ഭിത്തിയിലൂടെ അള്ളിപ്പിടിച്ച് കയറുന്ന കഥാപാത്രങ്ങളെ കഥയുടെ അവസാനങ്ങളില്‍ അവിടെത്തന്നെ നിര്‍ത്തിയിട്ട് കഥാകാരന്‍ കടന്നു കളയുന്നു. ചരിത്രം അടിഞ്ഞു കിടക്കുന്ന ഒരു മനസ്സുണ്ട് കഥകളുടെ എല്ലാം പിന്നില്‍. കുടുങ്ങി പോകാതെ യാത്രതുടരുന്ന കഥാപാത്രങ്ങള്‍. 

Content Highlights: VN Pradeep, Book review