സ്വാമി വിവേകാനന്ദനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമായി രചിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ ഒട്ടേറെയാണ്. ആ മഹിതജീവിതം പഠനവിധേയമാക്കാന്‍ എഴുത്തുകാര്‍ പ്രേരിതരാവുന്നതില്‍ അദ്ഭുതമില്ല. ലഭ്യമായ ഏതു പുസ്തകത്തെക്കാളും ആഴവും വ്യാപ്തിയുമാര്‍ന്നതാണ് എം.പി. വീരേന്ദ്രകുമാറിന്റെ 'വിവേകാനന്ദന്‍, സന്ന്യാസിയും മനുഷ്യനും' എന്ന ബൃഹദ്കൃതി. അവിശ്വസനീയമായ സമഗ്രതയും അസാധാരണമായ അന്വേഷണവ്യഗ്രതയും പ്രസാദാത്മകമായ ഭാഷയും ആശയഗഹനതയും വ്യക്തതയും വിശദാംശങ്ങളിലുള്ള ശ്രദ്ധയും സര്‍വോപരി എഴുത്തുകാരന്റെ സമര്‍പ്പണഭാവവും ഈ കൃതിയെ അതിവിശിഷ്ടവും വ്യത്യസ്തവുമാക്കുന്നു.

മദ്രാസിലെ വിവേകാനന്ദകോളേജില്‍ ഫിലോസഫി എം.എ. പഠിക്കാന്‍ ചേര്‍ന്ന കാലംമുതല്‍ സ്വാമിജി, ജീവിതത്തിലെ സജീവസാന്നിധ്യമായി ഈ ഗ്രന്ഥകാരനൊപ്പമുണ്ട്. പിന്നീട് വിവേകാനന്ദ പഠനങ്ങളിലേക്ക് ഗൗരവമായി മടങ്ങിവരുന്നത് വിദ്യാവാചസ്പതി പനോളിയുമായുള്ള സമ്പര്‍ക്കത്തിലാണ്. ''ഞാനടക്കമുള്ള അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും ആ കുറിയ മഹാമനുഷ്യന്‍ ഇന്നും ആത്മാവിലെ പ്രകാശജ്ജ്വാലയാണ്' എന്ന് ആമുഖക്കുറിപ്പില്‍ കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുന്നു.

വിവേകാനന്ദദര്‍ശനങ്ങളില്‍ അറിവുനേടാന്‍ ദശകങ്ങളായി യത്‌നിക്കുകയാണെന്ന് ഗ്രന്ഥകാരന്‍ വിനയപൂര്‍വം എഴുതുന്നു. 'ഭാരതീയ സംസ്‌കാരത്തിനും ആധ്യാത്മിക പാരമ്പര്യത്തിനും നവോത്ഥാനത്തിനും ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനും പുത്തനുണര്‍വ് പകര്‍ന്നു നല്‍കിയ സ്വാമി വിവേകാനന്ദന്റെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള അവലോകനമാണ് ഈ കൃതി എന്ന് തന്റെ രചനോദ്ദേശ്യം ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകാശപ്പരപ്പും ആഴിയാഴവുമുള്ള ആ ജീവിതത്തോടും വ്യക്തിത്വത്തോടുമുള്ള അഗാധമായ ആദരവ് ഈ കൃതിയുടെ ഹൃദയകുടീരത്തില്‍ പ്രകാശംചൊരിയുന്നു.

Swami Vivekananda
സ്വാമി വിവേകാനനന്ദന്‍ ഉപയോഗിച്ചിരുന്ന തലപ്പാവ്. ഫോട്ടോ: മധുരാജ് 

എണ്ണൂറുപേജുകളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ആശയലോകമാണ് ഈ പുസ്തകം തുറന്നിടുന്നത്. സ്വാമിജിയുടെ സുതാര്യവും ദീപ്തവുമായ ജീവിതത്തിന്റെ ഓരോഘട്ടവും അപൂര്‍വവിശദാംശങ്ങളോടെ 105 അധ്യായങ്ങളില്‍ സംക്ഷേപിച്ചിരിക്കുന്നു. നരേന്ദ്രനില്‍നിന്ന് വിവേകാനന്ദനിലേക്കുള്ള പരിണാമം സംഘര്‍ഷരഹിതമോ അനായാസമോ ആയിരുന്നില്ല. ആ പരിണാമത്തിന്റെയും തുടര്‍ന്നുള്ള കര്‍മകാണ്ഡത്തിന്റെയും അപൂര്‍വ ചിത്രങ്ങള്‍കൊണ്ട് അതീവധന്യമാണ് ഈ പുസ്തകം. ഇത്രയേറെ വസ്തുതകള്‍ ഈ ഗ്രന്ഥകാരന്‍ എങ്ങനെ കണ്ടെത്തിയെന്ന് വായനക്കാര്‍ വിസ്മയിക്കാതിരിക്കുകയില്ല. 

വിവേകാനന്ദന്‍ എന്ന ഗായകന്‍, കവി, സന്ന്യാസി, പ്രഭാഷകന്‍, യാത്രികന്‍, മനുഷ്യന്‍ എന്നിവരെയെല്ലാം ഗ്രന്ഥകാരന്‍ സവിസ്തരം പരിചയപ്പെടുത്തുന്നുണ്ട്. ഓരോ മനുഷ്യനിലെയും ദിവ്യത്വത്തെ ഉദ്ദീപിപ്പിക്കലാണ് യഥാര്‍ഥ ആത്മീയതയെന്ന് വിളംബരംചെയ്ത സ്വാമിജിയുടെ ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും വ്യക്തിത്വത്തിന്റെയും ബഹുലസൗന്ദര്യം ഈ പുസ്തകത്താളുകളില്‍ ഒളിവിതറുന്നു. ഗ്രന്ഥകര്‍ത്താവിന്റെ ദീര്‍ഘതപസ്യയുടെ അനുഗൃഹീതമായ ഫലശ്രുതിയാണ് ഈ രചന. സ്വാമിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച അനുഭൂതിയുടെ പരിമളം വായനക്കാര്‍ക്ക് അനുഭവിക്കാനാവുന്നു. വിവേകാനന്ദന്റെ ബാഹ്യസഞ്ചാരത്തെയും ആന്തരികസഞ്ചാരത്തെയും ഒരേ ശ്രദ്ധയോടെ ഗ്രന്ഥകാരന്‍ അനുധാവനം ചെയ്യുന്നു.

സ്വാമിജിയുടെ ജീവിതത്തിലെ സംഭവങ്ങളൊന്നുംതന്നെ പരസ്പരവിരുദ്ധമല്ലെന്നും അവ പരസ്പരപൂരകങ്ങളാണെന്നും വായനക്കാര്‍ക്ക് ബോധ്യപ്പെടുന്നു.  ആര്‍ദ്രഹൃദയമുള്ള ഒരു സാധാരണമനുഷ്യനും ഇന്ദ്രിയാതീതമായ വിശുദ്ധി കാത്തുസൂക്ഷിച്ച ഒരു സന്ന്യാസിവര്യനുമായി ജീവിക്കാന്‍ സ്വാമിജിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭക്തിയോഗത്തിന്റെയും ജ്ഞാനയോഗത്തിന്റെയും കര്‍മയോഗത്തിന്റെയും ദൃഷ്ടികോണിലൂടെ സ്വാമിജിയുടെ ജീവിതവും ചിന്തയും പ്രവൃത്തിയും ആത്മസമര്‍പ്പണവും ഇത്ര ചേതോഹരമായി ആലേഖനംചെയ്യാന്‍ സാധിക്കുന്നത് ഈ ഗ്രന്ഥകാരനില്‍ ജ്ഞാനകര്‍മ മാര്‍ഗങ്ങളുടെ സമന്വയം പൂര്‍ണമായിരിക്കുന്നതുകൊണ്ടുകൂടിയാണ്.

Swami Vivekananda
പരിവ്രാജകയാത്രയില്‍ ഉപയോഗിച്ചിരുന്ന
കമണ്ഡലുവും ഊന്നുവടിയും. ഫോട്ടോ: മധുരാജ് 

മറ്റ് സന്ന്യാസിമാരില്‍നിന്ന് സ്വാമി വിവേകാനന്ദന്‍ എങ്ങനെ, എന്തുകൊണ്ട് വ്യത്യസ്തനായിരിക്കുന്നു? ഒരു നൂറ്റാണ്ടിനിപ്പുറവും ആ ചിന്തകള്‍ എന്തുകൊണ്ട് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഈ കൃതിയില്‍നിന്ന് ഉദ്ഗമിക്കുന്നുണ്ട്. സങ്കുചിതത്വത്തെയും സ്വാര്‍ഥതയെയും തിടമ്പേറ്റുന്ന നമ്മുടെ വര്‍ത്തമാനകാല വിലക്ഷണതകളില്‍ വിവേകാനന്ദചിന്തകള്‍ അവയുടെ ധിഷണാപരമായ ഔജ്ജ്വല്യംകൊണ്ടും വൈകാരികമായ സാന്ദ്രതകൊണ്ടും എങ്ങനെ ഇരുട്ടിനെ പ്രതിരോധിക്കുന്നുവെന്നും വിശുദ്ധിയെ അവരോധിക്കുന്നുവെന്നും ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു. 'കാലാന്തരത്തില്‍ ഭാരതീയസംസ്‌കൃതി അപചയിക്കാന്‍ തുടങ്ങിയതിനുകാരണം ആത്മീയതയെ യാഥാസ്ഥിതികാശയങ്ങള്‍ കൈയടക്കിയതാണെ'ന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം എത്ര പ്രസക്തം!

സ്വാമി വിവേകാനന്ദനെ തന്റെമാത്രം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതല്ല ഈ പുസ്തകത്തിന്റെ  സമീപനം. അദ്ദേഹത്തിന്റെ സമകാലികരിലൂടെ, പിന്മുറക്കാരിലൂടെ, അദ്ദേഹത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ട വ്യക്തികളിലൂടെയെല്ലാം വിഭിന്നവീക്ഷണങ്ങളിലൂടെ ആ അസാമാന്യവ്യക്തിത്വത്തെ വായനക്കാരന്‍ കാണുന്നു. ഇത്ര ബൃഹത്തായ ഒരു രചന അര്‍ഹിക്കുന്ന വസ്തുനിഷ്ഠതയും വൈവിധ്യസമൃദ്ധിയും അങ്ങനെ ഈ പുസ്തകം അനായാസം കൈവരിച്ചിരിക്കുന്നു. അനായാസം എന്ന വിശേഷണം വായനക്കാരന്റെ കാഴ്ചപ്പാടില്‍നിന്നുമാത്രം. എഴുത്തുകാരന്‍ നടത്തിയിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം അനായാസതയല്ല. അത് തപസ്യയാണ്. ആ തപസ്യയുടെ ചൈതന്യം ഈ താളുകളെ സവിശേഷമായ ആശയങ്ങള്‍കൊണ്ടും നൂതനമായ വസ്തുതകള്‍കൊണ്ടും നിര്‍ഭരമാക്കിയിരിക്കുന്നു. അവയെല്ലാം ചേര്‍ന്ന് സമ്മാനിക്കുന്ന സമഗ്രതകൊണ്ട് വേറിട്ട അനുഭവമായി മാറുന്നു ഈ പുസ്തകം.

വിവേകാനന്ദന്‍- സന്ന്യാസിയും മനുഷ്യനും ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാവസായികാഭിവൃദ്ധിയുടെയും ഭൗതികസുഖങ്ങളുടെയും പിടിയിലമര്‍ന്നുകൊണ്ടിരുന്ന പാശ്ചാത്യലോകം ഇതിനെല്ലാം ഹേതുവായ ശാസ്ത്രബോധത്തില്‍ അഭിമാനിക്കുകയും ഒട്ടഹങ്കരിക്കാന്‍ തുടങ്ങുകയും ചെയ്തുതുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലാണല്ലോ സ്വാമിജി അമേരിക്കയിലെത്തിയതും ചരിത്രത്തിന്റെ ഭാഗമായി മാറിയ ഷിക്കാഗോ പ്രസംഗവും തുടര്‍ന്നുള്ള പ്രഭാഷണങ്ങളുമെല്ലാം നിര്‍വഹിച്ചതും. ഇന്ത്യയില്‍ നിന്നെത്തിയ ഒരു സാധാരണസന്ന്യാസിക്ക്  ഈ അവസ്ഥയിലെത്തിനിന്ന അമേരിക്കന്‍ മനസ്സിനെ കീഴടക്കുക  അസാധ്യം. അവിടെയാണ്  ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും സ്വാമിജി അധൃഷ്യമായ ആയുധങ്ങളാക്കി മാറ്റിയത്.

Swami Vivekananda
ഫ്‌ളാസ്‌കും പുകവലി പൈപ്പും. ഫോട്ടോ: മധുരാജ് 

സന്ന്യാസമെന്നാല്‍ ശാസ്ത്രവിരുദ്ധമല്ലെന്ന് അമേരിക്കന്‍ പ്രബുദ്ധതയെ ബോധ്യപ്പെടുത്താന്‍ സ്വാമി വിവേകാനന്ദന് സാധിച്ചു. പ്രഭാഷണങ്ങളിലൂടെ, വിശിഷ്യാ രാജയോഗം വ്യാഖ്യാനങ്ങളിലൂടെ ആത്മീയതയുടെ ശാസ്ത്രീയതയും യുക്തിയും വിശദീകരിക്കാന്‍ വിവേകാനന്ദനെപ്പോലെ മറ്റൊരാള്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്വാമിജിയില്‍ ഒരേസമയം സന്ന്യാസിയും ശാസ്ത്രജ്ഞനും യോഗിയും സമന്വയിക്കുന്ന  കാഴ്ച ഗ്രന്ഥകാരന്‍ അതിവിദഗ്ധമായി വരച്ചിടുന്നു. 'കപടഭക്തനായിരിക്കുന്നതിനെക്കാള്‍ നാസ്തികനായിരിക്കുന്നതാണ് നല്ലത്' എന്ന് പ്രഖ്യാപിക്കുന്ന വിവേകാനന്ദന്‍ അമേരിക്കന്‍ മനസ്സ് മാത്രമല്ല, ഭാരതത്തിന്റെ യുവത്വത്തെയും കീഴടക്കിയതില്‍ അദ്ഭുതമില്ല. ശാസ്ത്ര-സാങ്കേതിക പുരോഗതികൊണ്ടുമാത്രം മനുഷ്യജീവിതം അര്‍ഥപൂര്‍ണമാകുന്നില്ലെന്നും മതനിരപേക്ഷമായ ആത്മീയതയുടെ മൂല്യമെന്തെന്നും നിരന്തരം ഓര്‍മപ്പെടുത്തേണ്ട ഈ കാലത്ത്, രാജയോഗത്തെ ശാസ്ത്രമായി വ്യാഖ്യാനിച്ച സ്വാമി വിവേകാനന്ദന് ഇപ്പോഴും മങ്ങാത്ത സൂര്യശോഭയാണല്ലോ.

Swami Vivekananda
ഷൂസ്. ഫോട്ടോ: മധുരാജ് 

സ്വാമിജിയുടെ പ്രഭാഷണങ്ങളിലൂടെയും ജീവിതസന്ദര്‍ഭങ്ങളിലൂടെയും യാത്രകളിലൂടെയും പരിചയശൃംഖലയിലൂടെയും ഈ പുസ്തകം വായനക്കാരെ അനുനയിക്കുന്നു. ഭാരതാംബയുടെ നൊമ്പരമറിഞ്ഞ സ്വാമിജി സ്വന്തം അമ്മയോട് താന്‍ നീതി പുലര്‍ത്തിയില്ലെന്ന് പരിതപിക്കുന്നത് കാണുന്നു. ഇതുവരെയറിയാത്ത ചെറുതും വലുതുമായ സംഭവങ്ങളിലൂടെ വിവേകാനന്ദനെന്ന സന്ന്യാസിയെ മനുഷ്യനായും മനുഷ്യനെ സന്ന്യാസിയായും നാം ഈ കൃതിയിലൂടെ നേരില്‍ക്കാണുന്നു. ഈ ഗ്രന്ഥരചനയ്ക്കുവേണ്ടി എഴുത്തുകാരന്‍ നടത്തിയത് വിപുലമായ ഗവേഷണങ്ങളും യാത്രകളും കൂടിക്കാഴ്ചകളുമാണ്. അതിനെല്ലാം വേണ്ടിവന്ന അധ്വാനവും നിശ്ചയദാര്‍ഢ്യവും വിസ്മയാവഹമെന്നുതന്നെ പറയണം. മുപ്പത്തിയൊമ്പത് സംവത്സരങ്ങള്‍മാത്രം നീണ്ടുനിന്ന വിദ്യുല്ലതാസമാനമായ വിവേകാനന്ദജ്യോതിസ്സിനെക്കുറിച്ച് ഈ ഗംഭീരരചന  അനുവാചകരില്‍ അവശേഷിപ്പിക്കുന്നത് അഭിമാനത്തിന്റെയും ആദരത്തിന്റെയും നിത്യമുദ്ര.

ഗഹനമായ ആശയങ്ങളെ തെളിമയോടെയും ഒഴുക്കോടെയും ആവിഷ്‌കരിക്കാനുള്ള വീരേന്ദ്രകുമാറിന്റെ ശൈലി സുവിദിതമാണ്. എന്നാല്‍, പ്രചോദനസാന്ദ്രതകൊണ്ടും ആഖ്യാനത്തികവുകൊണ്ടും തന്റെതന്നെ പ്രകൃഷ്ടവും പുരസ്‌കൃതവുമായ മറ്റു പുസ്തകങ്ങളുടെയെല്ലാം മുകളിലാണ് ഈ  കൃതിയുടെ സ്ഥാനം. ആശയങ്ങളുടെ  ധവളകാന്തികൊണ്ടും ആവിഷ്‌കാരത്തിന്റെ അനന്യസുഷമകൊണ്ടും താരതമ്യങ്ങള്‍ക്ക് വഴങ്ങാത്ത ഈ കൃതി ഗിരിസമാനമായി അംബരചുംബിയായി നിലകൊള്ളുന്നു. വീരേന്ദ്രകുമാറിന്റെ 'വിവേകാനന്ദന്‍ സന്ന്യാസിയും മനുഷ്യനും' എന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളത്തിന്റെ അഭിമാനവും.

Content Highlights: Vivekanandan sannyasiyum manushyanum, M.P.Veerendrakumar,  Book Reviews, Swami Vivekananda